Thursday, July 30, 2020

കോവിഡിന്റെ അരവർഷം !

2020നെ കോവിഡ് -19 എന്ന മാരക വൈറസ് കാർന്നു തിന്നാൻ തുടങ്ങിയിട്ടു ജൂലായ് 30ന്  അരവർഷം പിന്നിട്ടിരിക്കുന്നു .കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ ഇന്ത്യയിലെ  ആദ്യത്തെ കോവിഡ് രോഗബാധ,കേരളത്തിൽ റിപ്പോർട്ട് ചെയ്‌തിട്ടു ജൂലായ്‌ 30 ന് ആറു മാസം തികഞ്ഞു .ലോകം മുഴുവൻ പ്രശംസിച്ച 'കേരള മോഡലിൽ 'നിന്നും ,"ഭയം വേണ്ട ,ജാഗ്രത മതി "എന്ന ആപ്ത വാക്യത്തിൽ നിന്നും "ഭയം വേണം , ജാഗ്രതയോടൊപ്പം "എന്ന അവസ്ഥയിലേക്കാണ് ഇപ്പോൾ കേരളം പോകുന്നുന്നത്.



ഒരു പ്രവാസിയായ്‌ ‌ ,U.A.E യിലെ ഒരു അബുദാബി ഗവണ്മെന്റ് ആശുപത്രിയിൽ ബയോമെഡിക്കൽ എഞ്ചിനീയർ ആയി ജോലി ചെയ്യുന്ന എനിക്ക് ഈ കഴിഞ്ഞ അരവർഷം ,മറ്റ് എല്ലാവരെയും പോലെ തന്നെ ആശങ്കകൾ നിറഞ്ഞതായിരുന്നു.U.A.Eയിലും 2020 ജനുവരി 29 ന് ആണ് ആദ്യത്തെ രോഗബാധ സ്ഥിതീകരിക്കുന്നത്. ഗൾഫ് മേഖലയിൽ റിപ്പോർട്ട്  ചെയ്ത ആദ്യത്തെ കോവിഡ് രോഗബാധയും ഇവിടെ ആയിരുന്നു.കൂടുതൽ ചൈനക്കാർ ഇങ്ങോട്ടും എമറാത്തികൾ അങ്ങോട്ടും ജോലി -വിദ്യാഭ്യാസ -കച്ചവട -വിനോദയാത്ര സംബന്ധമായി വന്നു പോയികൊണ്ടിരുന്ന രാജ്യമാണ് ഇത്. അതുകൊണ്ടു തന്നെ ഇവിടെ രോഗം വേഗം പടർന്നു പിടിക്കുമെന്നു ഉറപ്പിച്ചിരുന്നു.
മറ്റു രീതിയിലുള്ള നവീകരണ പ്രവർത്തനങ്ങൾ തുടങ്ങാനിരുന്ന ഞങ്ങളുടെ ആശുപത്രി, ഇത് മുൻകൂട്ടി കണ്ടു ഒരു കോവിഡ് ആശുപത്രിയായി മാറ്റാനുള്ള നിർമാണ പ്രവർത്തനങ്ങളുമായി പിന്നീട് അങ്ങോട്ട് മുന്നോട്ടു പോയി.ഫെബ്രുവരി അവസാനം ആയപ്പോഴേക്കും ഇവിടെ കേസുകളുടെ എണ്ണം 19 ആയി.ചൈനയിൽ കേസുകൾ കൂടുന്നതിനിടയിൽ അവിടെ നിന്നും മാർച്ച് ആദ്യവാരം വിവിധ രാജ്യക്കാരായ 215 ൽ അധികം ആൾക്കാരെ U.A.E അബുദാബിയിൽ എത്തിച്ചു,ക്വാറന്റൈനിൽ പാർപ്പിച്ചു.അന്ന് അവർക്കായി ബയോമെഡിക്കൽ ഉപകരണങ്ങളും , ചികിത്സാ സൗകര്യങ്ങളും ,താമസ സൗകര്യങ്ങളും ഒരുക്കിയതിനു ശേഷം രാജ്യത്തു അങ്ങിങ്ങായി കോവിഡ് ചികത്സാ സൗകര്യങ്ങൾ മുൻകൂട്ടി ഒരുക്കാൻ തുടങ്ങി. സ്‌കൂളുകളും കോളേജുകളും മാർച്ച് ആദ്യവാരം കഴിഞ്ഞു അടച്ചു.മാർച്ച്‌ അവസാന ആഴ്ച ദേശീയ അണു നശീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി രാത്രികാല കർഫ്യു നിലവിൽ വന്നു. ഏപ്രിൽ ആയതോടെ നൂറിലധികം കേസുകൾ റിപ്പോർട്ട് ചെയ്യാൻ തുടങ്ങി.അതോടെ ഞങ്ങളുടെ ആശുപത്രിയിലും മറ്റു  കോവിഡ് സ്പെഷ്യൽ ആശുപത്രികളിലും രോഗികൾ നിറയാൻ തുടങ്ങി.ടി.വിയിലും   സോഷ്യൽ മീഡിയയിലും മാത്രം കണ്ടും കേട്ടുമിരുന്ന "കൊറോണ വൈറസ് "അങ്ങനെ തൊട്ടരികിൽ എത്തി.

ഇതേ സമയം കേരളത്തിൽ ദിവസേന കുറച്ചു കേസുകൾ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടു.1000ൽ അധികം കേസുകൾ ഇന്ത്യയിൽ വന്നതോടെ രാജ്യവ്യാപക ലോക്ക്ഡൗണും നിലവിൽ വന്നു.നിപ്പയെ അതിജീവിച്ച ആത്മ വിശ്വാസവും ആർജവം ഉള്ള ഒരു സർക്കാരും ഉള്ള കേരളത്തെ കൊറോണയ്ക്കു ഒന്നും ചെയ്യാൻ പറ്റില്ല എന്ന ആശ്വാസമായിരുന്നു മനസ്സിൽ.

നിയമം മൂലം നിര്ബന്ധമാക്കുന്നതിനു മുമ്പേ തന്നെ ഇവിടെ ഞങ്ങൾ മാസ്കും അണുനാശിനിയും ശീലമാക്കിയിരുന്നു.ഓഫീസിൽ "സാമൂഹിക അകലം"നിലവിൽ വന്നതോടെ ജോലി പല ഷിഫ്റ്റുകളിലായി മാറി.പുതിയ ബയോമെഡിക്കൽ എഞ്ചിനീയർമാരോട് കൂടി ഞങ്ങളുടെ ടീം വിപുലമാക്കി .മേലുദ്യോഗസ്ഥർ പലരും "Work from Home "ആയി. .ആശുപത്രി ആയതു കൊണ്ട് തന്നെ ഞങ്ങൾക്ക്  അണുബാധ നിയന്ത്രണത്തിനുള്ള പരിശീലനം കിട്ടിയിരുന്നു. PPE  കിറ്റുകൾ എങ്ങനെ ധരിക്കണം , എങ്ങനെ ഒഴിവാക്കണം തുടങ്ങി രോഗ പ്രതിരോധശക്തി എങ്ങനെ വർദ്ധിപ്പിക്കണം ,ഉറക്കം,മാനസിക ആരോഗ്യം തുടങ്ങിയവ എത്രത്തോളും പ്രാധാന്യം ഉള്ളതാണ് എന്നൊക്കെ ഞങ്ങളെ മനസ്സിലാക്കിപ്പിച്ചിരുന്നു.

ജീവിത രീതി തന്നെ ഇതോടെ മാറുകയായിരുന്നു.കൈ കൊണ്ട് മൂക്കിലും മുഖത്തും തൊടുന്നത് തികച്ചും ഒഴിവാക്കി .'ഹാൻഡ് സാനിറ്റൈസർ 'എന്നും പോക്കറ്റിൽ കാണും.എല്ലാ സ്പർശനങ്ങൾക്ക് ശേഷവും കൈകൾ അണുനശീകരിക്കാൻ തുടങ്ങി.മുഴുവൻ സമയവും മാസ്ക് ധരിക്കുന്നതു കാരണം തൊണ്ട വരളാൻ തുടങ്ങിയതോടെ ഇഞ്ചിയോ,ജീരകമോ ഇട്ടു തിളപ്പിച്ച ചൂടുവെള്ളം ശീലമായി.ഇടയ്ക്കു വരാറുള്ള ജലദോഷത്തെ അകറ്റി നിർത്താനും,രോഗപ്രതിരോധശേഷി കൂട്ടാനുമായി ആശുപത്രിയിലെ ഡോക്ടറുടെ നിർദേശപ്രകാരം വിറ്റാമിൻ സി ഗുളിക കഴിക്കാൻ തുടങ്ങി.ദിവസവും ആശുപത്രിയിലേക്കുള്ള യാത്ര കഴിഞ്ഞാൽ പിന്നെ പുറത്തിറങ്ങുന്നത് ആഴ്ചയിൽ ഒരു ദിവസം സാധനങ്ങൾ വാങ്ങാൻ മാത്രമായി.പുറത്തുപോയി വന്നാൽ മൊബൈൽ ഉൾപ്പടെ ഉള്ള സാധനസാമഗ്രികൾ അണുവിമുക്തമാക്കി ഉടൻ തന്നെ കുളി പാസാക്കും.നാരങ്ങ ഉൾപ്പെടെ അത്യാവശ്യം പഴ വർഗ്ഗങ്ങൾ ആഹാരത്തിൽ ഉൾപെടുത്തി.

ഇത്രയൊക്കെയാണെങ്കിലും ഉള്ളിൽ നല്ല പേടിയുണ്ടായിരുന്നു.ലേബർ ക്യാമ്പുകളിൽ രോഗവ്യാപനം വന്നതോടെ ആശുപത്രികൾ ഇവിടെ തികയാതെ വന്നു.ഹോട്ടൽ മുറികളും നിറഞ്ഞപ്പോൾ ഫീൽഡ് ആശുപത്രികൾ യുദ്ധകാലാടിസ്ഥാനത്തിൽ താത്കാലികമായി നിർമ്മിച്ചു.ഉപകരണങ്ങൾ പലതിന്റെയും പ്രവർത്തനങ്ങൾ ഉറപ്പുവരുത്താനും,തിരക്കിട്ടു വാങ്ങിയ പുതിയ ഉപകരണങ്ങൾ സജ്ജീകരിക്കാനും,അതിനിടയിൽ കോവിഡ് രോഗികൾക്കു ഉപയോഗിച്ച ഉപകരണങ്ങൾക്കു എന്തെങ്കിലും തകരാറുകൾ പറ്റിയാൽ PPE ധരിച്ചു, ജാഗ്രതയോടെ അത് പരിഹരിക്കാനും ഞങ്ങൾക്ക് ഓടി നടക്കേണ്ടി വന്നു.അതിനിടയിൽ ആശുപത്രിയിലെ ജോലിക്കാർക്കും രോഗബാധ കാണാൻ തുടങ്ങി.ഏപ്രിൽ രണ്ടാം വാരത്തിൽ ആദ്യ കോവിഡ് ടെസ്റ്റ് ചെയ്തു.റിസൾട്ട് വരുന്നത് വരെ അനുഭവിച്ച ഉത്കണ്ഠ ഇപ്പോഴും ഓർക്കാൻ വയ്യ.അന്ന് തുടങ്ങിയ മാസത്തിലെ രണ്ടു ടെസ്റ്റുകൾ ഇപ്പോഴും തുടരുന്നു.

ഐസൊലേഷൻ ക്യാമ്പുകളിലെ ചില വാർത്തകളും ,പരിചയം ഉള്ള ചില നേഴ്സ്മാർ ഗുരുതരമായി രോഗബാധിതരായ വിവരങ്ങളും മനസ്സിന്റെ പേടി ഇരട്ടിപ്പിച്ചു.കോവിഡ് കാരണമുള്ള മരണങ്ങളും ഇവിടെ കൂടാൻ തുടങ്ങി.വീട്ടിലേക്കു ഫോൺ ചെയ്യുമ്പോൾ ' ഇവിടെ പേടിക്കാനൊന്നും 'ഇല്ല  എന്ന് പറഞ്ഞു വിശ്വസിപ്പിച്ചു.അവർ അവിടെ നാട്ടിൽ സുരക്ഷിതർ അല്ലേ എന്ന് ആശ്വസിച്ചു.എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാം,ടെസ്റ്റ് ചെയ്യുന്ന ദിവസങ്ങൾക്ക് മുമ്പ് ഐസൊലേഷൻ ക്യാമ്പിൽ പോകാനായുള്ള ബാഗും വസ്തുക്കളും വരെ ഒരുക്കിവെച്ചിട്ടുണ്ട്.മാസ്കിനും ഗ്ലോവ്സിനും ക്ഷാമം ഉണ്ടാകുമോ എന്ന് കരുതി വലിയ വില കൊടുത്തു അതും വാങ്ങി വെച്ചു.ഇന്ത്യയിലേക്ക് വിമാന സർവീസ് ആരംഭിച്ചാൽ മിക്കവാറും ഓടിപ്പോകേണ്ടി വരും എന്നും ആലോചിച്ചിരുന്നു.

മുന്നണി പോരാളികൾ 

മെയ് മാസത്തോടെ കേസുകളുടെ എണ്ണം ദിവസേന 500 കടന്നു.അങ്ങനെയിരിക്കെ ഒരു ഫീൽഡ് ഹോസ്പിറ്റലിന്റെ സജ്ജീകരണത്തിൽ ഒരു ദിവസം മുഴുവൻ പങ്കെടുക്കേണ്ടിവന്നു,നല്ല ശാരീരിക അദ്ധ്വാനം.വേറൊരു ദിവസം കോവിഡ് ബാധിച്ച ഒരു കൂട്ടുകാരന് രാത്രി വൈകിയും ഞങ്ങളുടെ ആശുപത്രി വഴി സഹായം ചെയ്തു കൊടുക്കാൻ പറ്റി.ഈ രണ്ടു സംഭവങ്ങളോട് കൂടി മനസ്സിന് അല്പം ബലം കിട്ടി. ജോലി തരുന്ന നാടിനുവേണ്ടി എന്തെങ്കിലും ചെയ്യേണ്ടേ ?സ്വന്തം കുടുംബവും കുട്ടികളെയും ഉപേക്ഷിച്ചു മാസങ്ങളായി പുറത്തു താമസിച്ചു കോവിഡ് രോഗികളെ പരിചരിക്കുന്ന നഴ്സ്മാർ , ഡോക്ടർമാർ തുടങ്ങി തുച്ഛമായ ശമ്പളത്തിന് ഇവിടെ വന്നു രോഗത്തിന്റെ വ്യാപ്തി പോലും അറിയാതെ ദിവസവും തന്റെ സൂപ്പർ വൈസർ തരുന്ന PPE യും ധരിച്ചു രോഗികളുടെ മുറിയും പരിസരവും ശുചിയാക്കുന്ന ശുചീകരണതൊഴിലാളി വരെ തന്റെ കർത്തവ്യം ഭംഗിയായി ചെയ്യുന്നു.

ഒരു ഫീൽഡ് ആശുപത്രി സജ്ജീകരണം 


യാതൊരു ബഹളങ്ങളും ഇല്ലാതെ ഇക്കൊല്ലത്തെ റമദാൻ കടന്നു പോയി.ജൂൺ , ജൂലായ് മാസങ്ങളോടെ ഇവിടെയുള്ള രോഗികളുടെ എണ്ണത്തിൽ കുറവും രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവും ഉണ്ടായിരിക്കുന്നു.രാജ്യത്തെങ്ങും കോവിഡ് സ്ക്രീനിംഗ്‌ സെന്ററുകൾ തുറന്നു .രോഗ ബാധിത മേഖലകളിൽ, എല്ലാ വീടുകളും കയറിയിറങ്ങി PCR ടെസ്റ്റുകൾ നടത്തി കഴിഞ്ഞു. എല്ലാ ഫീൽഡ് ആശുപത്രികളും സ്പെഷ്യൽ ആശുപത്രികളും അടച്ചു.ഞങ്ങളുടെ  ആശുപത്രിയിലും രോഗികൾ നന്നേ കുറഞ്ഞു.പതിയെ ജനജീവിതം സാധാരണ നിലയിലേക്ക് വരുന്നു.പക്ഷെ നിയമങ്ങളിലും നിയന്ത്രണങ്ങളിലും വലിയ മാറ്റങ്ങൾ ഇല്ല.എല്ലാം അവസാനിച്ചു എന്ന് കരുതി സന്തോഷിക്കുന്നും ഇല്ല , അടുത്ത ഒരു വ്യാപനഘട്ടം എപ്പൊഴും വരാം, അതിനായി തയ്യാറായിരിക്കുന്നു,ഒപ്പം കോവിഡ് വാക്സിന്റെ പരീക്ഷണങ്ങൾ നടക്കുകയും ചെയ്യുന്നുണ്ട് .


ഒരു കോവിഡ് സ്ക്രീനിംഗ് സെന്റർ (ചിത്രം :ഖലീജ് ടൈംസ്) 


ഇപ്പോൾ നാട്ടിലെ കാര്യങ്ങൾ ഓർത്തിട്ടാണ് പേടി.പണ്ട് ഇവിടെ റിപ്പോർട്ട്‌ ചെയ്തപോലെ 500 ൽ അധികം കേസുകൾ കേരളത്തിൽ ദിവസേന വരുന്നു.ഇവിടെ നാട്ടിലെക്കാളും കുറച്ചധികം ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്,ഭീമമായ പിഴയുള്ള നിയമങ്ങൾ ഉണ്ട് ,എന്നാലും ഈ അഞ്ചാറു മാസം കോവിഡ് രോഗികൾ ഉള്ള ആശുപത്രി വാർഡുകളിൽ , അവർക്കു സമീപം ജോലി ചെയ്തിട്ട് ,(കേരളത്തിലെ പ്രോട്ടോകോൾ പോലെ നോക്കുകയാണെങ്കിൽ  നിരവധി തവണ ക്വാറന്റൈനിലും ഐസൊലേഷനിലും പോകേണ്ട സാഹചര്യത്തിൽ ) ഇതുവരെ ഞാനുൾപ്പടെയുള്ള കുറേ പേർ പിടിച്ചു നിന്നത്‌,"ശരിയായി മാസ്ക് ധരിക്കുക ,കൈകൾ കഴുകി ശുചിയായി സൂക്ഷിക്കുക "ഇതൊന്നു കൊണ്ട് മാത്രമാണ് .

കേന്ദ്രത്തിലും സംസ്ഥാനത്തും ഭരിക്കുന്നതും ,പ്രതിപക്ഷത്തും ഇരിക്കുന്നതുമായ പാർട്ടികൾ "പറഞ്ഞത് കൊണ്ട് ചെയ്യില്ല ","പറഞ്ഞില്ലേൽ ചെയ്യും " എന്ന് പറഞ്ഞു നടക്കാതെ അവനവൻ വിചാരിക്കണം..കൈ കഴുകുക, മാസ്ക് ധരിക്കുക,സാമൂഹിക അകലം പാലിക്കുക! ആവശ്യമില്ലെങ്കിൽ പുറത്തു ഇറങ്ങാതെ ഇരിക്കുക.ശ്വാസം മുട്ടൽ ,അലർജി, മറ്റു അസുഖങ്ങൾ ഉള്ളവർ അവയ്ക്കുള്ള ചികിത്സകൾ ചെയ്തു ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുക.ഓരോ നിമിഷത്തിലും ശ്രദ്ധാലുവാകണം.ലക്ഷണങ്ങൾ ഇല്ലാത്തവരിലും കോവിഡ് ഉണ്ടായെന്നു വരാം,ടെസ്റ്റുകളുടെ എണ്ണം കൂടുന്നത് വരെയെങ്കിലും ചുറ്റുമുള്ള ആരിൽ നിന്നും രോഗബാധ വരാം എന്ന് കരുതി ജാഗ്രതയോടെ ജീവിക്കുക.ലോകത്തിൽ നിന്ന് അവസാനത്തെ രോഗിയും കോവിഡ് മുക്തനാകാൻ ഇനിയും വർഷങ്ങൾ എടുത്തേക്കാം , വാക്സിൻ വിജയകരമായി ഉത്പാദിപ്പിക്കാനും,കോവിഡിന്റെ രഹസ്യങ്ങൾ പഠിക്കാനും അത്രയും വര്ഷങ്ങൾ തന്നെയെടുക്കും.

നാട്ടിലേക്കു ഇനിയെന്നു സമാധാനത്തോട് കൂടി പോകാൻ പറ്റുമെന്നോ,മുട്ടിലിഴയാൻ നോക്കുന്ന എന്റെ കുഞ്ഞു മോളെ,അവൾ ആദ്യമായി 'അച്ഛാ ' എന്ന് വിളിക്കുമ്പോൾ അതു കേട്ട് കൊഞ്ചിക്കുന്നതു എപ്പോഴാണ് എന്നും ഒരു പിടിയുമില്ല.കോവിഡിന്റെ യാത്ര തുടങ്ങിയിട്ടേ ഉള്ളൂ..കൂടെ നമ്മൾ ഓടേണ്ടി വരും,ചിലപ്പോൾ നമ്മൾ മുന്നിലെത്തും..എത്തുക തന്നെ ചെയ്യും !


1 comments:

Unknown said...

well written Adarsh. Hope everything will become ok and soon you can meet your little princess.. <3