Tuesday, January 13, 2009

"മത്സരമല്ലിത് ....ഉത്സവം...!"

" നമസ്കാരം ..കോലത്തുനാട്ടില്‍ നടക്കുന്ന കൊലോത്സവ വാര്‍ത്തകളുമായി പ്രത്യേക വാര്‍ത്താ ബുള്ളറ്റിനിലേക്ക് സ്വാഗതം..കൊലോല്ത്സവ നഗരിയില്‍ തയ്യാറാക്കിയ പ്രത്യേക സ്റ്റുഡിയോയില്‍ ഞങ്ങളുടെ പ്രതിനിധി കത്തിമോള്‍ ഉണ്ട്..കത്തി മോളിലേക്ക് ....."

"കൊലേഷ് ..ഇവിടം ഉത്സവ ലഹരിയിലാണ്..വിപുലവും അതിഗംഭീരവുമായ ചടങ്ങുകളോടെയാണ് ഈ വര്‍ഷത്തെ കൊലോത്സവം കോലത്തുനാട്ടില്‍ ആരംഭിച്ചത്.കുടിപ്പകയുടെയും അങ്കക്കലിയുടെയും പോരാട്ടവീര്യം ഉറങ്ങുന്ന ഈ മണ്ണില്‍ ഇനി കൊലാ പ്രകടനങ്ങളുടെ നാളുകള്‍..പതിവിനു വിപരീതമായി വെട്ടിക്കുത്തോത്സവം ,ബോംബേറുത്സവം, ഹര്‍ത്താലോത്സവം എന്നിവ ഇത്തവണ ഒരുമിച്ചാണ് നടത്തുന്നത്. ചില മത്സര ഇനങ്ങള്‍ നിര്‍ത്തലാക്കുകയും പുതിയവ കൂട്ടിച്ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്.സമാധാനചര്‍ച്ചാ നാടകത്തില്‍ ഇനി മുതല്‍ മികച്ച നടനും നടിക്കും പുരസ്ക്കാരം നല്കും .ഏറ്റവും നല്ല പ്രതിഷേധ പ്രകടനത്തിന് റോളിംഗ് ട്രോഫി ഏര്‍പ്പെടുത്തിയിട്ടുമുണ്ട് .ഓരോ ടീമിനും അന്യനാട്ടില്‍ നിന്നും വാടകയ്ക്ക് കൊണ്ടു വരാവുന്ന മത്സരാര്‍ത്ഥികളുടെ എണ്ണം കൂട്ടിയിട്ടുണ്ട് ."

"കത്തിമോള്‍ അവിടെ പ്രശസ്തര്‍ ആരെങ്കിലും എത്തിയിട്ടുണ്ടോ?ഉണ്ടെങ്കില്‍ ഒരഭിമുഖം നടത്താമായിരുന്നു.."

" കൊലേഷ് ...ഇതുവരെ ആരും എത്തിയിട്ടില്ല ..സമാപന ശാന്തിയാത്രയില്‍ ഇക്കൊല്ലവും സിനിമ താരങ്ങളെ പങ്കെടുപ്പിക്കാന്‍ സംഘാടകര്‍ ശ്രമിക്കുന്നുണ്ട്."


"മത്സരാര്‍ത്ഥികള്‍ക്ക് എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടോ കത്തി മോളെ?"


"മത്സരാര്‍ത്ഥികളുടെ ദുരിതം കുറയ്ക്കാനായി എല്ലാ ഇനങ്ങളും പകല്‍ വരെ നീളാതെ രാത്രി തന്നെ നടത്താനാണ് തീരുമാനം.മത്സരത്തിനായി തങ്ങള്‍ തയ്യാറായെന്ന് എല്ലാ പ്രാദേശിക ,ദേശിയ ,അന്തര്‍ദേശീയ മത്സരാര്‍ത്ഥികളും അറിയിച്ചിട്ടുണ്ട്.എന്നാല്‍ ഈയിടെ നടന്ന 'തീവ്രവാദി ഫെസ്റിവല്‍' കൊലോല്ത്സവത്തിന്റെ മാറ്റ് കുറയ്ക്കുമോ എന്ന് പലര്‍ക്കും ശങ്കയുണ്ട്.

"അവിടെ മത്സരങ്ങള്‍ തുടങ്ങിയോ ?എന്തൊക്കെയാണ് ഏറ്റവും പുതിയ വിവരങ്ങള്‍..?"


"ഇപ്പോള്‍ വേദി ഒന്നില്‍ ഹര്‍ത്താല്‍ മത്സരം നടന്നുകൊണ്ടിരിക്കയാണ്..എല്ലാവരും ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നുണ്ട് എന്ന് വിധി കര്‍ത്താവില്‍ ഒരാളായ പൊതുജനം കഴുത സാര്‍ പറഞ്ഞു. രാവിലെ നടന്ന കൊലക്കളി മത്സരത്തില്‍ എല്ലാവര്ക്കും എ ഗ്രേഡ് ഉണ്ട്. മരിച്ച് മത്സരിക്കുന്ന മികച്ച മത്സരാര്‍ത്ഥികള്‍ക്ക് ഇത്തവണ പ്രൈസ് മണി സഹായധനം ഏര്‍പ്പെടുത്തിയിട്ടുണ്ട് .


" കൊലോല്ത്സവ നഗരിയില്‍ നിന്നും ഇപ്പോള്‍ ഇത്രമാത്രം ...കാമറമാന്‍ മൂകസാക്ഷിക്കൊപ്പം കത്തിമോള്‍ ,കലികാല വിഷന്‍...തിരിച്ച് സ്റ്റുഡിയോയിലേക്ക് ..."

ങ്ങനെയൊരു വാര്‍ത്താവതരണവുമായി , ഇങ്ങനെയൊരു ചാനല്‍ വൈകാതെ വന്നാല്‍ അത്ഭുതപ്പെടാനില്ല.അത്രയ്ക്ക് ഗുരുതരമാണ് അവസ്ഥ .വിശ്വാസം വരുന്നില്ലെന്കില്‍ ഇതാ ചില തത്സമയ ദൃശ്യങ്ങള്‍ ..


മത്സരാര്‍ത്ഥികള്‍ക്കുവേണ്ടി ജീവന്‍ ബലി നല്കിയ ചിന്നു എന്ന നായ.കൂട്ടിലെ ഭക്ഷണപ്പാത്രത്തില്‍ തളം കെട്ടിനില്‍ക്കുന്ന ബലിച്ചോര !


ശരീരത്തില്‍ നിന്നു വേര്‍പെട്ട നിലയില്‍ മനുഷ്യന്റെ തലയും വെട്ടിമാറ്റപ്പെട്ട നിലയില്‍ തൂങ്ങുന്ന കൈപ്പത്തിയും അടക്കം എന്തെല്ലാം ഭീകര ദൃശ്യങ്ങള്‍ കണ്ടിരിക്കുന്നു അല്ലെ? പിന്നെയാണോ ഈ നായ... എന്നാവും ചിന്ത അല്ലേ?

ചിന്നുവിനെപ്പോലെ രാഷ്ട്രീയക്കാരന്റെ വീട്ടില്‍ ജീവിച്ചു പോയി എന്ന ഒറ്റ കുറ്റത്തിന് ജീവന്‍ ബലി നല്‍കേണ്ടി വന്ന എത്ര നായകള്‍ ...ആലകളില്‍ കഴുത്തറക്കപ്പെട്ട എത്ര പശുക്കള്‍..ശ്വാസം മുട്ടി മരിച്ച എത്ര പ്രാവുകള്‍...മനുഷ്യനെ കൊന്നു മടുത്ത കാട്ടാളന്മാര്‍ ഇപ്പോള്‍ മിണ്ടാപ്രാണികള്‍ക്ക് നേരെയാണ് വാളോങ്ങുന്നത് . കല്ലേറും ,ബോംബേറും,തീവെപ്പും ഒക്കെ ഇപ്പോള്‍ ഉത്സവത്തിനു വെടിക്കെട്ട് നടത്തുന്ന ആവേശത്തിലാണ് നാട് മുഴുവന്‍ നടത്തുന്നത്.അന്യ നാട്ടുകാര്‍ പറയും "ഓ കണ്ണൂരൊക്കെ അങ്ങനാ .."പക്ഷേ എല്ലാവരും കരുതുന്നത് പോലെ കോലത്തുനാട്ടുകാര്‍ മുഴുവന്‍ കാട്ടാളന്മാരൊന്നും അല്ല.കുടിപ്പകയുടെ മനസ്സുമായി ചിലര്‍ നാടിനെ ചോരക്കളമാക്കുകയാണ്. കണക്കു തീര്‍ക്കുമെന്നും തിരിച്ചടിക്കാന്‍ മടിക്കില്ല എന്നും പറഞ്ഞ് നേതാക്കന്മാരും ...കലിയിളകിയ അണികളും...ഇതിനിടയില്‍ പാവം ജനങ്ങളും ...പുതുവര്‍ഷം പിറന്ന് ഒരാഴ്ചക്കുള്ളില്‍ രണ്ട് ഹര്‍ത്താലാണ് നടന്നത്.പണ്ടൊക്കെ നാളെ ഹര്‍ത്താലാണെന്ന് തലേന്ന്‍ എങ്കിലും അറിയുമായിരുന്നു.ഇന്നിപ്പോള്‍ രാവിലെ പുറത്തിറങ്ങിയാല്‍ "സര്‍പ്രൈസ് ഹര്‍ത്താല്‍ " കണ്ട് അന്തം വിടും ..വിജനമായ റോഡും പൂട്ടിയ കടകളും കണ്ട് വീട്ടിലേക്ക് തിരിച്ചു വരാം ...


വീടാക്രമണം പോലുള്ള ചീള് പരിപാടികള്‍ക്ക് ജില്ലയില്‍ നിന്നു തന്നെയാണ് മുഖം മൂടികള്‍ എത്തുന്നത്.ഏത് പഞ്ചായത്തിലാണോ അക്രമം നടത്തേണ്ടത് ആ പഞ്ചായത്തിനു കിലോമീറ്ററുകള്‍ അകലെയുള്ള പഞ്ചായത്തില്‍ നിന്നും ടെമ്പോ വാനുകളില്‍ മുഖംമൂടികളെ കയറ്റി അയക്കും .മനുഷ്യരെയും മൃഗങ്ങളെയും മറ്റും കൊല്ലാന്‍ കേരളത്തിന് അകത്തു നിന്നും പുറത്ത് നിന്നും ഇറക്കുമതി ചെയ്ത വാടക ഗുണ്ടകളുടെ സഹായവും ..!'പരസ്പരം കൊന്നുതീര്‍ക്കട്ടെ ' എന്ന് പോലീസും കുടുംബ വഴക്കാണെന്ന് സര്‍ക്കാരും പറയുമ്പോള്‍ വിഡ്ഢികളാകുന്നത് , സാധാരണ ജനങ്ങള്‍..

ത്സരാര്‍ത്ഥികള്‍ക്ക് എല്ലാവിധ ഒത്താശയും ചെയ്തു കൊടുക്കുന്ന ഗുരുക്കന്മാരും രക്ഷിതാക്കളുമായ നേതാക്കന്മാര്‍ മത്സര ശേഷം ഓരോ വേദിയിലും കയറിയിറങ്ങും .നാട്ടുകാരെ പറ്റിക്കാന്‍,കരഞ്ഞു നിലവിളിക്കുന്ന അമ്മ -പെങ്ങമാരുടെ കൂടെ നിന്നു കെട്ടി പ്പിടിച്ച് ഫോട്ടോയ്ക്ക് പോസും ചെയ്യും . പിന്നീടങ്ങോട്ട് അവര്‍ക്കും അണികള്‍ക്കും ചാകരയാണ് ..മത്സര വേദിയില്‍ നിന്നു ഉയര്‍ന്നു വരുന്ന ധീര രക്തസാക്ഷികളും ബലിദാനികളുമായ താരങ്ങള്‍..ആണ്ടു തോറും അനുസ്മരണ സമ്മേളനങ്ങള്‍..കുടുംബ സഹായ പിരിവുകള്‍ ...സ്മാരകങ്ങള്‍...
സമാധാന ചര്‍ച്ചകളില്‍ ,ആദ്യം തുടങ്ങിയത് അവരാണ് ..ഇവരാണ് എന്ന് പറഞ്ഞ് വാക്കേറ്റം നടത്തി കരാറുകള്‍ ഒപ്പിടുന്നു....സമാധാന യാത്രകള്‍ നടത്തി പരസ്പരം കുറ്റം പറഞ്ഞ് അടുത്ത അങ്കത്തിന് വിത്തുകള്‍ പാകുന്നു.. ഉള്ളിന്റെ ഉള്ളില്‍ ഇരു വശത്തും എണ്ണം തികക്കാനുള്ള പക മാത്രം...


"പലസ്തീനിലെ കൂട്ടക്കുരുതി അവസാനിപ്പിക്കുക ,ഇസ്രായേല്‍ പലസ്തീനില്‍ നിന്ന് പിന്മാറുക " തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് റാലികളും ,സായാഹ്നധര്‍ണകളും നടത്തുന്ന തിരക്കിലാണ് എല്ലാ നേതാക്കളും അണികളും ഇപ്പോള്‍..രാഷ്ട്രീയ കക്ഷികള്‍ എന്ന നിലയില്‍ അന്താരാഷ്ട്ര പ്രശ്നങ്ങളില്‍ പ്രതികരിക്കേണ്ടത് തന്നെ..എങ്കിലും ഗാസയിലെ അക്രമത്തില്‍ പ്രതിഷേധിച്ച് റാലികള്‍ നടത്തുന്നവരും , നാട് നീളെ അതി മനോഹരങ്ങളായ പോസ്റ്റര്‍ ഒട്ടിച്ച് ഇസ്രായേലിനോട് മടങ്ങി പ്പോകാന്‍ പറയുന്നവരും ,തീവ്രവാദികള്‍ക്കെതിരെ സംഗമങ്ങളും ക്ലാസ്സുകളും നടത്തുന്നവരും ,വീര ജവാന്‍മാര്‍ക്ക് ഫ്ലക്സ് ബോര്‍ഡ് തൂക്കി അഭിവാദ്യം അര്‍പ്പിക്കുന്നവരൊക്കെ സ്വന്തം നാട്ടില്‍ നടക്കുന്നത് കാണുന്നില്ലേ? ഇവിടെ നടക്കുന്നത് കൂട്ടക്കുരുതി അല്ലേ? ഓ ...മറന്നു പോയി ..ഇത് ആണ്ടു തോറും നടത്തുന്ന മത്സരമല്ലാത്ത ഉത്സവമല്ലേ .....

17 comments:

ആദര്‍ശ് said...

സ്വന്തം നാടിനെപ്പറ്റി ഇങ്ങനെയും എഴുതേണ്ടി വന്ന ഗതികേടോടെ ,
ഒരു കോലത്തുനാട്ടുകാരന്‍ ....

Areekkodan | അരീക്കോടന്‍ said...

Timely middlepiece....Congrats

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:“നാളെ ഹര്‍ത്താലാണെന്ന് തലേന്ന്‍ എങ്കിലും അറിയുമായിരുന്നുവ്” -- ഇപ്പോള്‍ രാത്രി ജീപ്പില്‍ മൈക്ക് കെട്ടി വിളിച്ച് പറയാറില്ലേ?

കാപ്പിലാന്‍ said...

കലികാലോല്സവം ആടി തകര്‍ക്കുകയാണ് :) .
ഹര്‍ത്താലും ബന്ദും ഇല്ലാതെ നമുക്കെന്ത് ആഘോഷം ?
ഇതൊക്കെയല്ലേ ഒരുത്സാഹം :)

ആചാര്യന്‍... said...

റിസഷനില്‍ നിന്ന് കര കയറേണ്ട കമ്പനികള്‍ കേരളത്തില്‍ - കഴിഞ്ഞ വര്‍ഷം 127-ഓ മറ്റോ ദിവസം ഹര്‍ത്താലുണ്ടാരുന്നു - കുപ്പി/കോഴി/സിനിമാ സീഡി വ്യവസായത്തില്‍ ഇന്‍ വെസ്റ്റ് ചെയ്യേണ്ടതാണ്...

Senu Eapen Thomas, Poovathoor said...

ആദര്‍ശെ...ഇതു വരെ ആദര്‍ശ്‌ എഴുതിയതില്‍ വെച്ച്‌ ഏറ്റവും നല്ല സാധനം. ആദ്യ ഞാന്‍ കരുതി അക്ഷരത്തെറ്റായിരിക്കുമെന്ന്.. കൊലോല്‍ത്സവമെന്നത്‌. പിന്നെ കാര്യത്തോടെ അടുത്തപോഴല്ലെ...ഗംഭീരം...നമ്മുടെ രാഷ്ട്രീയ ഭീഷ്മാചാര്യന്മാര്‍ ഇത്‌ കാണട്ടെ. തമ്മില്‍ തല്ലി എന്നും ചാകുന്നതും ഈ പാവം കഴുതകള്‍ തന്നെ. സിന്താബാദ്‌ വിളിക്കുന്നതും കഴുതകള്‍. ഹര്‍ത്താല്‍, ബന്ദ്‌ നടത്തുന്നതും കഴുതകള്‍. പിന്നെയും വോട്ട്‌ ചെയ്ത്‌ തിരോന്തോരത്തെയ്ക്കും, ന്യു ദില്ലിയില്ലേക്കും അയയ്ക്കുന്നതും കഴുതകള്‍.

കാലത്തിനൊത്ത പോസ്റ്റ്‌... അഭിനന്ദനങ്ങള്‍... ഇതിന്റെ ഒരു കോപ്പി എല്ലാ പാര്‍ട്ടികാര്‍ക്കും അയയ്ച്ചു കൊടുക്ക്‌.....

ഇനിയും കോലത്ത്‌ നാട്ടില്‍ കൊലോല്‍ത്സവം ഉണ്ടാകാതിരിക്കട്ടെ.

സസ്നേഹം,
സെനു, പഴമ്പുരാണംസ്‌

Sureshkumar Punjhayil said...

really wonderful.. I love it. Best wishes.

ബൈജു സുല്‍ത്താന്‍ said...

തലവാചകം: ഇതു ലാലേട്ടന്റെ പരസ്യ വാചകമല്ലേ..

--അക്രമങ്ങള്‍ അവസാനിക്കുന്നില്ല. ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക്..
നല്ല നാളെക്കുള്ള കാത്തിരിപ്പ് വെറുതെയാവുകയാണ്‌...

ശിവ said...

കലികാല വിഷന്‍....പുതിയൊരു സാധ്യത.....

ഏകാന്തതാരം said...

നന്നായിരിക്കുന്നു ട്ടോ... ആകുലതകള്‍ ഞാനും പങ്കിടുന്നു..

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

നമ്മുടെ നാട് ഇങ്ങനെയൊക്കെ തന്നെ ആദര്‍ശ്.. പലസ്തീന്‍,ഇറാക്ക്,ക്യൂബ പോലെയുള്ള രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് വേദനിക്കുമ്പോള്‍ നമുക്കും വേദനിക്കും..അവര്‍ കരയുമ്പോള്‍ നമ്മളും കരയും...അവര്‍ക്ക് വിശക്കുമ്പോള്‍ നമുക്കും വിശക്കും.. അകലങ്ങളിലാണ് ഇപ്പോള്‍ ബന്ധങ്ങള്‍,അടുക്കും‌തോറും പകയും ശത്രുതയും കൂടുന്നു... കൊലോത്സവങ്ങള്‍ക്കും ഹര്‍ത്താലാഘോഷങ്ങള്‍ക്കും ശോഭനമായ ഭാവിയാണ് നാട്ടില്‍ ... നേതാക്കന്മാര്‍ക്കും അവരുടെ മക്കള്‍ക്കും വേണ്ടി നമുക്ക് ഈ ആഘോഷങ്ങളില്‍ അഹമഹമികയാ പങ്ക് ചേരാം...

എം.എസ്. രാജ്‌ said...

ഒരു നാട്ടുകാരന്റെ വേദന വായിച്ചെടുക്കാം, ഈ പോസ്റ്റില്‍ നിന്നും..

സമാധാനം പുലരട്ടെ എന്ന്‍ നാം ആശിക്കുമ്പോഴും വെറിയുടെ വിത്തുകള്‍ മനസ്സില്‍ പാകി മുതലെടുക്കുന്ന രാഷ്ട്രീയാസുരന്മാര്‍ക്ക് ആരാണു ശിക്ഷ നല്‍കുക?

മാണിക്യം said...

"മത്സരമല്ലിത് ..ഉത്സവം.!"
നല്ല അവതരണം ..
ചിത്രങ്ങള്‍[വരച്ചവ] നന്നായിരിക്കുന്നു,
ആക്ഷേപഹാസ്യമായിട്ടാണവതരണം
ഒരുപക്ഷെ ഇതില്‍ നിന്ന് വിചിത്രമല്ലേ യാഥാര്‍ത്യം?
ശരിയാണ് ‘ശരീരത്തില്‍ നിന്നു വേര്‍പെട്ട നിലയില്‍ മനുഷ്യന്റെ തലയും വെട്ടിമാറ്റപ്പെട്ട നിലയില്‍ തൂങ്ങുന്ന കൈപ്പത്തിയും’ കണ്ട് കണ്ട് മനുഷ്യന് മൃദുല വികാരമെന്ന് ഒന്നില്ലാതായി രക്തം കണ്ട് അറപ്പു തീര്‍ന്നു എന്ന് പറയും!

പിന്നെ ‘കത്തിമോള്‍’ ഇത്തരം അവതാരികമാരെ പറ്റി പറയാതിരിക്കുവാ ഭേതം!
‘വീട് നന്നാക്കീട്ട് നാട് നന്നാക്കാന്‍‌ ‍പോകു’- എന്ന് പണ്ട് പറച്ചിലുണ്ടാരുന്നു.. "World is flat" എന്ന് പറഞ്ഞു പറഞ്ഞ് ഇപ്പോ വീട്ട് കര്യോം നമ്മുടെ നാട്ടുകാര്യോം അല്ല :
പ്രധാനപ്രശ്നം പാലസ്തീനാ, അത്യധ്വാനം ആ നിലയില് നമ്മുടെ നാട്ടിലും കൂട്ടകുരുതി കൊണ്ട് എത്തിക്കാനാണ് എന്ന് തോന്നി പോകും!

ആദര്‍ശ് അഭിനന്ദനം !!

ശ്രീ said...

ഒന്നും പറയാനില്ല, ആദര്‍ശ്!

ദീപക് രാജ്|Deepak Raj said...

ഇതാണോ ഇത്രയും നാളും കൊണ്ടു നേടിയെടുത്ത വളര്‍ച്ച എന്ന് തോന്നിപോകുന്നു.

ആദര്‍ശ് said...

അരീക്കോടന്‍ മാഷ് ,
കുട്ടിച്ചാത്തന്‍ ,
കാപ്പിലാന്‍ ,
ആചാര്യന്‍ ,
സെനു അച്ചായന്‍ ,
സുരേഷ് ഭായ് ,
ബൈജു സുല്‍ത്താന്‍ ,
ശിവ ,
ഏകാന്തതാരം ,
സുകുമാരന്‍ മാഷ് ,
എം .എസ് .രാജ് ,
മാണിക്യം ,
ശ്രീ ,
ദീപക് രാജ് ...

പ്രതികരിക്കാനെത്തിയ എല്ലാവര്ക്കും ,അഭിനന്ദിച്ചവര്‍ക്കും ,എല്ലാവര്ക്കും നന്ദി ..
പിന്നെ ,തലവാചകം...:ഇക്കഴിഞ്ഞ 'കേരള സ്കൂള്‍ കലോത്സവ'ത്തിന്റെ ആപ്ത വാക്യവും ഇതു തന്നെ ആയിരുന്നു..
എന്തൊക്കെ ആയാലും ഉത്സവം തുടരുന്നു..കൂടുതല്‍ മേളക്കൊഴുപ്പോടെ..

പിരിക്കുട്ടി said...

hmmmmmmmmmmmmmm
enthu parayaanaa
kodungallurum ippol ingane okke aayi....
akrama raashtreeyam avasannippikkan nammlaekkondaakumo?