Tuesday, April 14, 2009

തിരഞ്ഞെടുപ്പ് ഫെസ്റ്റിവല്‍

"നിങ്ങളെന്താ മനുഷ്യാ ....ഉറക്കത്ത് തലയണ വലിച്ചെറിയുന്നത്?"
"അയ്യോ....ഇത് കസേരയല്ലേ...?തലയണ ആയിരുന്നോ ..ഛേ..!"

വെളുപ്പാന്‍ കാലത്ത് തന്നെ ഭാര്യയുടെ മുമ്പില്‍ നാണം കെട്ടു...എല്ലാം ഈ ചാനലുകാര് കാരണമാ..ഇടിപ്പട,അങ്കപ്പോര്,അടിക്കളം എന്നൊക്കെ പേരുമിട്ടു തമ്മില്‍ തല്ല് കാണിക്കും ..മനുഷ്യനെ മെനക്കെടുത്താന്‍ ....എന്നെ പറഞ്ഞാ മതി..സീമന്ത പുത്രി,അമ്മയുടെ മോള്..തുടങ്ങിയവരില്‍ നിന്ന് രക്ഷ നേടാനാണ് അവളുടെ കൈയ്യില്‍ നിന്നും റിമോട്ട് പിടിച്ചു വാങ്ങി ന്യൂസ് ചാനലുകളെ അഭയം പ്രാപിച്ചത് ...ഇതിനെക്കാള്‍ ഭേദം അതാ...


ല്ലു തേച്ചുകൊണ്ട് പത്രം ഒന്ന് വെറുതെ മറിച്ചു നോക്കിയതാ ..ദേ കിടക്കുന്നു..'ഇടതു ഭരണം കേരളം മുടിച്ചു-വലതന്‍ ","വലതന്റെ കേന്ദ്ര ഭരണം കേരളം മുടിച്ചു-ഇടതന്‍" ഉഗ്രന്‍ തലക്കെട്ടുകള്‍...!
മുറ്റത്തേക്ക്‌ നീട്ടി തുപ്പാന്‍ തുടങ്ങിയ്യപ്പോഴുണ്ട് പടിഞ്ഞാറെക്കണ്ടീലെ കുടുംബശ്രീ പ്രീതയും പാല്‍ക്കാരി ജാനുവും ഗേറ്റ് കടന്നു വരുന്നു..

"സുഗുണന്‍ മാഷെ ...നമസ്കാരം ... "

"നമസ്കാരം ..എന്താ രാവിലെത്തന്നെ...?"

"വിഷുവല്ലേ മഷേ...ഗ്രീറ്റിങ്ങ് കാര്‍ഡ് തരാന്‍ വന്നതാ..."
പ്രീത ഒരു കവര്‍ എന്റെ നേരെ നീട്ടി .
"ഗ്രീറ്റിങ്ങ് കാര്‍ഡോ ..എനിക്കോ...നമ്മള് കുറേ ക്കൊല്ലായില്ലേ കാണുന്ന് പ്രീതേ..പിന്നെ ഇപ്പൊ എന്താ ഒരു..."

സ്നേഹത്തോടെ അത് വാങ്ങി ,ആശംസകള്‍ നേര്‍ന്ന് അവരെ യാത്രയാക്കിയ ശേഷം ആരും കാണാതെ കവര്‍ പൊട്ടിക്കാന്‍ നോക്കിയതും ബിന്ദു അത് പിടിച്ചു വാങ്ങി.

"അവളുടെ ഒരു ഗ്രീറ്റിങ്ങ്സ്...എന്റെ ഭര്‍ത്താവിനെയെ കിട്ടിയുള്ളോ...കത്ത് കൊടുക്കാന്‍...അശ്രീകരം..."

ഒരു ഭൂകമ്പം നടക്കുമെന്ന് ഞാന്‍ കരുതിയെങ്കിലും ഒന്നും നടന്നില്ല. കവര്‍ പൊട്ടിച്ച് ഗ്രീറ്റിങ്ങ് കാര്‍ഡും വായിച്ച് പുലിയെ പോലെ വന്ന ബിന്ദു എലിയെ പോലെ അടുക്കളയിലേക്കു പോയി.എന്ത് പറ്റി?
അവള്‍ നിലത്തു കളഞ്ഞിട്ടു പോയ കാര്‍ഡ് ഞാന്‍ എടുത്തു നോക്കി.

"വിഷു ആശംസകളോടെ സ്വന്തം സ്ഥാനാര്‍ഥി...!"

എന്നാലും പ്രീതേ ..എന്ന് പറഞ്ഞതെ ഉള്ളൂ.... ഗേറ്റ് കടന്നു അടുത്ത പാര്‍ട്ടി എത്തി.

"അല്ല ലക്ഷ്മണെട്ടനോ?ഗ്രീറ്റിങ്ങ് കാര്‍ഡ് ആയിരിക്കും അല്ലേ...?"

ഉത്തരം പറഞ്ഞത് അന്‍സാറാണ്.

"ആ കുയുംബസ്രീക്കാര് വന്നിരുന്ന് അല്ലേ?അവളുമാര് പോലച്ചക്കന്നെ ഊര് തെണ്ട്ന്നത് ഞമ്മള് കണ്ടിന്...അതാ ഇപ്പം തന്നെ ഇറങ്ങിയത്‌...ഇന്നാ മസേ നമ്മളെ സ്ഥാനാര്‍ഥിയിടെ ഗീട്ടിങ്ങ്സ്..."

ലക്ഷമ്ണേട്ടന്‍ സഞ്ചിയില്‍ നിന്ന് ഒരു നോട്ടീസ് പുറത്തെടുത്ത് മോന്റെ കയ്യില്‍ കൊടുത്തു.

"അതെന്താ ലക്ഷ്മണേട്ടാ ...ഇന്നലെ തന്നെ അഞ്ചാറ് നോട്ടീസ് കൊണ്ട്ത്തന്നിരുന്നല്ലോ...?"

"ഇത് ഇന്നലെ രാത്രി അടിച്ചതാ...ഒരുത്തന്‍ ഇന്നലെ ടൌണില്‍ വന്ന് പ്രാസംഗിച്ചിരുന്നു...അതിന്റെ മറുപടിയാ.."

"അച്ഛാ ..ഇതെനിക്ക് എരോപ്ലൈന് ഇണ്ടാക്കാന്‍ വേണം ...."

അച്ചു ആ നോട്ടീസും എടുത്ത് പറമ്പിലേക്ക് ഓടി .


കുറേക്കാലത്തിനു ശേഷമാണ് ബിന്ദുവിനെയും മക്കളെയും കൂട്ടി ടൌണില്‍ പോകുന്നത്. വിഷുവൊക്കെ അല്ലെ..കോടിയൊക്കെ വാങ്ങുകയാണ് ഉദ്ദേശം.കഷ്ടകാലമെന്നു പറയട്ടെ മുക്കാല്‍ മണിക്കൂറാണ് ബസ് ട്രാഫിക്ക് ജാമില്‍ കുടുങ്ങിയത്. ഏതോ ഒരു കേന്ദ്ര നേതാവ് വരുന്നുണ്ടത്രേ..ഓടിക്കിതച്ചു വിഷു-എക്സിബിഷന്‍ നഗരിയില്‍ എത്തിയപ്പോഴുണ്ട് തൃശൂര്‍ പൂരത്തിന്റെ തിരക്ക്..നേതാവിന്റെ പ്രസംഗ നഗരിയില്‍ അതിന്റെ നാലിലൊന്ന് ആളില്ല.

എങ്കിലും നേതാവിന്റെ പാര്‍ട്ടി തന്നെ ജയിക്കും എന്നതില്‍ സംശയം ഇല്ല.ഓരോ ഷോപ്പിങ്ങ് സെന്ററിനും അടുത്ത് സ്ഥാനാര്‍ഥിയുടെ ചിരിക്കുന്ന മുഖവുമായി കൂറ്റന്‍ ഫ്ലക്സ് ബോര്‍ഡുകള്‍ ഉയര്‍ത്തി വച്ചിട്ടുണ്ടല്ലോ...

"അച്ഛാ വിഷുവിനും ഘോഷയാത്ര ഉണ്ടോ?"

മിന്നു ചോദിച്ചപ്പോഴാണ് റോഡിലേക്ക് ശ്രദ്ധിച്ചത്..ബാന്‍ഡ് മേളം ,കരകാട്ടം ,കാവടിയാട്ടം ,മുത്തുക്കുടകള്‍,ശിങ്കാരിമേളം എന്തൊക്കെയാണ്...?

"ഘോഷയാത്രയൊന്നും അല്ല മോളേ.. ഇവന്റ് മാനേജ്മെന്റ്കാര് സ്ഥാനാര്‍ഥിക്കുവേണ്ടി നടത്തുന്ന പ്രചരണമാ..."


"അതെന്താ അച്ഛാ ഇവന്റ് മാനേജ്മെന്റ്?"


മോളുടെ സംശയം തീര്‍ത്തു കൊടുക്കാന്‍ ഒരുങ്ങുമ്പോഴാണ് വീടിനടുത്തെ സതീശന്‍ റോഡിനു അപ്പുറത്തു നിന്നും ഓടിവന്നത്.
"മാഷേ ..പെട്ടന്ന് നാട് പിടിച്ചോ..നമ്മളെ അങ്ങോട്ട്‌ ബസ്സൊന്നും ഓടുന്നില്ല..ഏതോ ഒരു സ്ഥാനാര്‍ഥിയെ വഴിയില്‍ തടെഞ്ഞെന്നോ..ബോംബ് എറിഞ്ഞെന്നോ ഒക്കെ കേട്ടു.."

"മക്കളേ കോടി ,ഓണത്തിന് വാങ്ങാം കേട്ടോ.."എന്നും പറഞ്ഞു കൊണ്ട് ഭാഗ്യത്തിന് കിട്ടിയ ഒരു ഓട്ടോയില്‍ നാട് പിടിച്ചു.

ഓട്ടോക്കാരന് ജീവനില്‍ കൊതി ഉള്ളതിനാല്‍ പകുതി വഴിക്ക് ഞങ്ങളെ ഇറക്കി വിടുകയും ഞങ്ങള്‍ റോഡ് അരികിലെ മതിലുകളില്‍ ഒട്ടിച്ചിരിക്കുന്ന പോസ്ററുകള്‍ വായിച്ചു ആസ്വദിച്ച് വീട്ടിലേക്ക് സവാരി ചെയ്യുകയും ചെയ്തു.


വിഷുവോ കുളമായി ...മനസ്സ് കുളമാക്കാതെ ഒരു പാട്ടെങ്കിലും കേള്‍ക്കാമെന്ന് കരുതി റേഡിയോ ഓണാക്കി എഫ് എം ട്യൂണ്‍ ചെയ്തു , ഏറേത്തെ ചാരു കസേരയില്‍ അങ്ങനെ ഇരുന്നു .ഒരു പാട്ട് കഴിഞ്ഞതും..ദാ വരുന്നു.."ഞാന്‍ സ്ഥാനാര്‍ഥി ..നിങ്ങളെ കാണാന്‍ കഴിയാത്തതില്‍ വിഷമമുണ്ട്...എന്റെ ചിഹ്നം ...."
നാശം..മനുഷ്യനെ സ്വസ്ഥമായി പാട്ട് കേള്‍ക്കാനും സമ്മതിക്കില്ല...

"അച്ഛാ ..അച്ഛന്റെ മൊബൈല് കുറേ നേരമായി കീ ..കീ .. ന്നു അടിച്ചു കൊണ്ടിരിക്കയാ.."

"മെസ്സേജ് വന്നതായിരിക്കും മോളേ...അച്ഛന്റെ സ്കൂളിലെ മാഷന്‍മാര് ആശംസകള് അയക്കുന്നതായിരിക്കും.."

മോളുടെ കൈയ്യില്‍ നിന്നും മൊബൈല് വാങ്ങി നോക്കിയപ്പോള്‍ ഞെട്ടി ..."നോ സ്പേസ് ഫോര്‍ മെസ്സേജസ്.. മെമ്മറി ഫുള്‍ !ഇതാരാണപ്പാ എനിക്ക് ഇത്രേം മെസ്സേജ് അയക്കാന്‍...?നോക്കിയപ്പോഴല്ലേ കാര്യം പിടികിട്ടിയത്..

"ഡിയര്‍ സുഗുണന്‍ ..വോട്ട് ഫോര്‍ ഔവര്‍ കേണ്ടിഡേറ്റ് ...." മണ്ണാങ്കട്ട..ഇവന്‍മാര്‍ക്ക് എന്റെ നമ്പര്‍ എവിടുന്നു കിട്ടി ...?മെമ്മറി കാര്‍ഡ് നിറക്കാന്‍ ഓരോന്ന് ഇറങ്ങിക്കോളും ...

പെട്ടന്നാണ് വേറൊരു കാര്‍ഡിന്റെ ഓര്‍മ്മ വന്നത്. ഐഡന്റിറ്റി കാര്‍ഡ്..!കഴിഞ്ഞ തവണ വോട്ട് ചെയ്യാന്‍ പോയപ്പോള്‍ എടുത്തതാണ്.ഇപ്പോള്‍ ഏതു ഷെല്‍ഫില്‍ കിടക്കുന്നുവെന്ന് ആര്‍ക്കറിയാം? ബിന്ദുവിനാണെങ്കില്‍ യാതൊരു ശ്രദ്ധയും ഇല്ലാത്തതാണ്.

"ബിന്ദൂ...ആ ഇലക്‌ഷന്‍ ഐഡന്റിറ്റി കാര്‍ഡ് ഇങ്ങ് എടുത്തേ.."

"ഞാനാ കുന്ത്രാണ്ടം തന്നെയാ ഇവിടെക്കിടന്ന് പരതുന്നത്.."

അല്‍പ സമയത്തിന് ശേഷം അവള്‍ പുറത്തേക്ക് വന്നു

"ഇതാ നിങ്ങളുടെ കാര്‍ഡ് ...കാണുമ്പോള്‍ തന്നെ പേടിയാവുന്നു..."

ഞാനാ കാര്‍ഡിലോട്ടു നോക്കി ഒന്ന് നെടുവീര്‍പ്പെട്ടു.നീണ്ട അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും പോളിംഗ് ബൂത്തിലേക്ക് .ഹോ ....ഓര്‍ക്കുമ്പോള്‍ കുളിര് കോരുന്നു..!ജനാധിപത്യത്തിന്റെ കാവലാളായി ഞാനും എന്റെ ഒരു വോട്ടും...ഹോ..

"നിങ്ങള്‍ കുളിര് കോരി ഇരുന്നോ..ഞാന്‍ ഇപ്പോഴേ പറഞ്ഞില്ലാന്നു വേണ്ട ..നേരത്തെ കാലത്തേ പോയില്ലെങ്കില് വേറെ വല്ലവനും കുളിര് കോരി പോകും.ചിലപ്പോ ബൂത്തെന്നെ കാണില്ല.കഴിഞ്ഞ പ്രാവശ്യത്തെപ്പോലെ നാണം കെടാന്‍ എന്നെ കിട്ടില്ല "

ബിന്ദുവിന്റെ ഉപദേശം കേട്ടിട്ട് മുറ്റത്ത്‌ കളിച്ചു കൊണ്ടിരുന്ന അച്ചു ഉറക്കെ ചോദിച്ചു .

"ഈ ചിരിക്കുന്ന മാമന് വോട്ട് ചെയ്യണ്ട ഫോര്‍മാറ്റ് എന്താ അമ്മേ.. ?"

"അച്ഛന്‍ പറഞ്ഞു തരാം മോനെ ഉത്തരം ...പൊതുജനം സ്പേസ് കഴത...!"

14 comments:

ആദര്‍ശ് ║ Adarsh said...

അപ്പൊ.... ഹാപ്പി തിരഞ്ഞെടുപ്പ് !!!!

ആചാര്യന്‍... said...

ഹഹഹഹ.... രസമുണ്ട് മാഷെ

സുല്‍ |Sul said...

കൊളാഷ് കൊള്ളാം ആദര്‍ശ് :)
-സുല്‍

പാവപ്പെട്ടവന്‍ said...

എങ്കിലും നേതാവിന്റെ പാര്‍ട്ടി തന്നെ ജയിക്കും എന്നതില്‍ സംശയം ഇല്ല അപ്പൊ ഉറപ്പിച്ചല്ലോ ??

മാണിക്യം said...

ആദര്‍‌ശ്‌
നന്നായി എഴുതിയിരിക്കുന്നു
ഇതൊക്കെ പറഞ്ഞലും എന്തുമാഘോഷമാക്കനുള്ള
നമ്മുടെ ഒരു കഴിവ്!
അതിന്റെ തെളിവാണീ തിരഞ്ഞേടുപ്പുത്സവവും....
ബാന്‍ഡ്മേളം ,കരകാട്ടം ,കാവടിയാട്ടം,
മുത്തുക്കുടകള്‍,ശിങ്കാരിമേളം എന്തൊക്കെയാണ്...?
ഇത്ര സജ്ജിവമായ തിരഞ്ഞേടുപ്പ് മഹാമഹം നമ്മുടെ മാത്രം നാടിനു സ്വന്തം!

നരിക്കുന്നൻ said...

ഇത്സവം കൊടിയിറങ്ങി.
എങ്ങും കണക്കെടുപ്പിന്റെ തിരക്ക്. കൂട്ടിയും, കിഴിച്ചും, ഗണിച്ചും, ഗുണിച്ചും ഭൂരിപക്ഷത്തിനായി കണക്കെടുപ്പിന്റെ നാളുകൾ. മാഷിന്റെ വോട്ടുകളും വിജയിക്കുന്ന സ്ഥാനാർത്ഥിയുടെ പെട്ടിയിൽ ഭദ്രമെന്ന് വിശ്വസിക്കാം.

നല്ല എഴുത്ത്. രസിപ്പിച്ചു, ചിന്തിപ്പിച്ചു.

Sureshkumar Punjhayil said...

Nannayirikkunnu... Ashamsakal...!!!

ഷമ്മി :) said...

കൊള്ളാം:)

എം.എസ്. രാജ്‌ said...

നേര്‍ക്കാഴ്ച!

ഇഷ്ടമായി! [വൈകിപ്പോയെങ്കിലും]

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:“അച്ഛാ ..ഇതെനിക്ക് എരോപ്ലൈന് ഇണ്ടാക്കാന്‍ വേണം ”-- ശ്ശെ അപ്പോള്‍ ഇതുവരെ അതുകൊണ്ട് എയ്‌റോ‍പ്ലെയിന്‍ ഉണ്ടാക്കിനോക്കിയിട്ടില്ല അല്ലേ? അതിനെക്കൊണ്ട് എയ്‌റോപ്ലെയിന്‍ ഉണ്ടാക്കാനും കൊള്ളൂല

Rubin Geo Varghese said...

thakarthu mashe,,thakarathu,, :)

ശ്രീ said...

:)

അങ്കിള്‍ said...

:)

hAnLLaLaTh said...

കൊള്ളാം... നന്നായിട്ടുണ്ട്...