Monday, July 20, 2009

"ഈ പേയ്പ്പറിനെന്തു പറ്റി?"


നേരം വെളുക്കുന്നതിന് മുമ്പേ തന്നെ എഴുന്നേറ്റ് പല്ല് പോലും തേക്കാതെ അയല്പക്കത്തെ വീടിന്റെ ഗേറ്റിനു മുമ്പില്‍ സൈക്കിളിന്റെ മണിയടിയൊച്ചയും കാതോര്‍ത്തു നില്‍ക്കുമായിരുന്നു.ഗേറ്റിനു മുകളിലൂടെ മുറ്റത്തേക്ക് വലിച്ചെറിയുന്ന "പെയ്പ്പറ്"(നമ്മള് കണ്ണൂരുകാര്‍ക്ക് വര്‍ത്തമാന

പത്രം പേയ്പ്പറാണ്) വീട്ടുകാര്‍ എഴുന്നേല്ക്കുന്നതിനു മുമ്പ് വായിച്ചു തീര്‍ക്കുകയാണ് ഉദ്ദേശം.വീടിനടുത്ത് പേപ്പര്‍ വരുത്തിയിരുന്നത് അച്ചാച്ചന്‍ എന്ന് ഞാന്‍ വിളിച്ചിരുന്ന റിട്ട.ഹെഡ് മാസ്റ്റര്‍ കൃഷ്ണന്‍ മാസ്റ്ററുടെ ആ വീട്ടില്‍ മാത്രമായിരുന്നു.ഇനി അഥവാ അച്ചാച്ചന്‍ നേരത്തെ എഴുന്നേറ്റാല്‍ തന്നെ ഒന്നാമത്തെ പേജ് എടുത്തിട്ട് "ഇന്നാ വായിച്ചോ"എന്ന് പറഞ്ഞു ബാക്കി പേജുകള്‍എനിക്ക് തരും .അന്നൊക്കെ "പെയ്പ്പറ് "എന്നാല്‍ അച്ചാച്ചന്റെ വീട്ടില്‍ വരുത്തിയിരുന്ന മാതൃഭൂമിയായിരുന്നു.രാത്രി ഓഫീസില്‍ നിന്നും വരുമ്പോള്‍ അച്ഛന്‍ കൊണ്ടു വന്നിരുന്ന സുദിനം ,സ്ഫോടനം തുടങ്ങിയ സായാഹ്ന പത്രങ്ങളല്ലാതെ മറ്റൊരു പത്രവും ഞാന്‍ കണ്ടിട്ടുമില്ലായിരുന്നു.ക്ഷേ പിന്നീട് അല്പ്പം ബുദ്ധിയും വിവരവും ഒക്കെ വന്ന് പുറത്തേക്കൊക്കെ ഇറങ്ങി തുടങ്ങിയപ്പോള്‍ മലയാള നാട്ടില്‍ മാതൃഭൂമി മാത്രമല്ല "പേയ്പ്പറാ"യി ഉള്ളത് എന്ന് മനസ്സിലായി.എങ്കിലും കുട്ടിക്കാലത്തെ ആ ശീലം ഒരു ശീലമായിത്തന്നെ തുടര്‍ന്നു. കാലം മാറുന്നതിനു അനുസരിച്ച് മറ്റു പല പത്രങ്ങളും കോലം മാറ്റിത്തടങ്ങിയപ്പോഴാണ് മാതൃഭൂമിയും മാറുന്നുണ്ടോ എന്ന് ശ്രദ്ധിച്ച് തുടങ്ങിയത്.'ചെവികള്‍ ' മുറിച്ച് ഒട്ടുമിക്ക പത്രങ്ങളും സുന്ദരക്കുട്ടപ്പന്മാരായപ്പോള്‍ കറുപ്പും വെളുപ്പും മാത്രം നിറഞ്ഞ പത്രത്താളുകള്‍ക്ക് ആദ്യമായി നിറങ്ങള്‍ നല്കിയ മാതൃഭൂമി മാത്രം ചെവിപ്പരസ്യങ്ങള്‍ മുറിച്ചില്ല.ലേ ഔട്ടിലും ഡിസൈനിലും ചില പത്രങ്ങളെങ്കിലും മുന്നേറിയപ്പോള്‍ ,എന്ത് ഭംഗിയുണ്ടായാലെന്താ? പേജ് മുഴുവന്‍ പരസ്യം പതിച്ചാല്‍ പത്രം ആകുമോ? ഉള്ളടക്കത്തിലല്ലേ കാര്യം എന്ന് ആശ്വസിച്ചു. എങ്കിലും അനിവാര്യമായ ചില മോടികൂട്ടലൊക്കെ മാതൃഭൂമി ഇടയ്ക്കിടെ നടത്തുന്നും ഉണ്ടായിരുന്നു.
കേരളത്തിലെ എല്ലാ പത്രങ്ങളുടെയും എല്ലാ എഡിഷനിലെയും കോപ്പികള്‍ വായിക്കാനുള്ള ഒരു അവസരമാണ് പരശുറാം എക്സ്പ്രസ്സ് പോലുള്ള ട്രെയിനിലൂടെയുള്ള യാത്രകള്‍. അടുത്തിരിക്കുന്ന സഹയാത്രികരില്‍ നിന്നും പത്രങ്ങള്‍ ചോദിച്ചു വാങ്ങി വായിക്കുന്ന ഒരു ഹോബി എനിക്കും ഉണ്ടായിരുന്നു. അങ്ങനെ ഒരു യാത്രക്കിടെ എറണാകുളത്ത് വെച്ച് കൊച്ചി എഡിഷന്‍ മാതൃഭൂമി കിട്ടി.മറിച്ചു നോക്കിയപ്പോള് ആശ്ചര്യപ്പെട്ടു.കെട്ടിലും മട്ടിലും ഒരു മാറ്റം..കൂടെ ഒരു സപ്പ്ളിമെന്റും ഉണ്ട്.."അല്ലപ്പാ ...നമ്മളെ നാട്ടിലൊന്നും ഈ സപ്പ്ളിമെന്റ്റ് കാണറില്ലലോ.."

ഷോര്ണൂര് എത്തിയപ്പോള്‍ പാലക്കാട് എഡിഷനും മലപ്പുറം എഡിഷനും കൈയ്യില്‍ കിട്ടി.രണ്ടിലും പ്രാദേശിക വാര്ത്തകളും ചിത്രങ്ങളും ഒക്കെ ബഹുവര്‍ണ്ണങ്ങളില്‍ ..കൂടുതല്‍ പജുകള്‍ ,പലതരം പംക്തികള്‍ ,പരമ്പരകള്‍..!കോഴിക്കോടെത്തിയപ്പോള്‍ അവിടെയും ഉണ്ട് ബഹുവര്‍ണ സപ്പ്ളിമെന്റും ചില മാറ്റങ്ങളും."അല്ല എനി നമ്മളെ നാട്ടില് വേറെ വല്ല മാതൃഭൂമിയാണോ?അവിടെയേം ഇവിടെയേം പെയ്പ്പറിന്റെ പൈസ ഒന്നാണല്ലോ.."എന്ന് ശങ്കിച്ചു നില്ക്കുമ്പോഴാണ് അടുത്തിരുന്ന ഒരാള്‍ സംഗതിയുടെ ഗുട്ടന്സ് പറഞ്ഞത്.കൊച്ചിയും കോഴിക്കോടും പോലുള്ള വന് നഗരങ്ങളില് മറ്റൊരു പത്രം ഇത് പോലെ സപ്പ്ളിമെന്റ്റ് ഇറക്കുന്നുണ്ട്,അതുകൊണ്ട് മാതൃഭൂമിയും..പിന്നെ പാലക്കാടും മലപ്പുറവും പോലുള്ള പുതിയ എഡിഷനുകളില്‍ വരിക്കാരെ ആകര്‍ഷിക്കാന്‍ ചില പൊടിക്കൈകള്‍ നടത്തുന്നതാണത്രേ.ന്തായാലും ഇന്നത്തെക്കാലത്ത് അല്പ്പം കച്ചവട തന്ത്രം ഒന്നും പയറ്റാതെ നിലനില്ക്കാന്‍ പറ്റില്ലല്ലോ...നമ്മളെ പ്പോലുള്ള അള്ളിനാട്ടുകാര്ക്ക് പഴയ മാതൃഭൂമി തന്നെ മതി എന്നും പറഞ്ഞു നെടുവീര്‍പ്പോടെ ഇരിക്കുമ്പോഴാണ് അടുത്ത കഥ ആരംഭിക്കുന്നത്.രാവിലെ വന്നു കൊണ്ടിരുന്ന പത്രം കോളത്തോട് കോളം ചുരുങ്ങാന്‍ തുടങ്ങി.തിങ്കളാഴ്ചതോറും വന്നു കൊണ്ടിരുന്ന ധനകാര്യം ടാബ്ലോയ്ഡ് ഒരു പേജിലൊതുങ്ങി.മലയാള ദിനപ്പത്രങ്ങളില്‍ ര്‍മ്മത്തിന് പുതിയ മാനം നല്കിയ നര്‍മ്മഭൂമി, വാരാന്തപ്പതിപ്പിലെ അരപ്പേജിലൊതുങ്ങി.വാരാന്തപതിപ്പിന്റെ കാര്യമാണെങ്കില്‍ കൂടുതല്‍ കഷ്ടമായി.മുമ്പൊക്കെ വരാന്തപ്പതിപ്പ് കിട്ടിയാല്‍ ഞായറാഴ്ച മുഴുവനിരുന്ന് വായിക്കാനുള്ളത് ഉണ്ടായിരുന്നു. പല പ്രശസ്തരുടെയും ആത്മ കഥകളും നോവലുകളും കഥകളും ഒക്കെ വന്നിരുന്ന പതിപ്പില്‍ ഇപ്പോള്‍ പേരിനു ചില ലേഖനങ്ങള്‍ മാത്രം.താരാപഥം എന്ന പേരില്‍ മുമ്പ് സിനിമക്കായി ഒരു പേജ് നീക്കി വച്ചിരുന്നതില്‍ ഇപ്പോള്‍ അരപ്പേജില്‍ ഒന്നിടവിട്ട ആഴ്ചകളില്‍ ചലച്ചിത്ര വിശേഷവും ചാനല്‍ വിശേഷവും.അതില്‍ തന്നെ ചാനല്‍ വിശേഷത്തിന്റെ കൂടെ വന്നിരുന്ന പിന്നമ്പുറത്തെ ഇപ്പോള്‍ കാണാനുമില്ല.അമ്മൂമ്മമാരുടെ പ്രിയപ്പെട്ട പംക്തിയായ നക്ഷത്രഫലം ഒറ്റക്കൊളത്തില്‍ നീട്ടിക്കൊള്ളിക്കുന്നു. ഇനി പത്രത്തിനുള്ളിലേക്ക് കടന്നാല്‍

എഡിറ്റോറിയല്‍ പേജില്‍ 'ഗീതാദര്‍ശനം'ചുരുങ്ങി തീരാറായി.അതേ പേജില്‍
വന്നു കൊണ്ടിരുന്ന പല പ്രതിവാര പംക്തികളും വിശകലനങ്ങളുംകാണാതായി .ആഴ്ച്ച തോറും മുടങ്ങാതെ ചിരിപ്പിച്ചു കൊണ്ടിരുന്ന ഇന്ദ്രന്റെ വിശേഷാല്‍
പ്രതി വല്ലപ്പോഴുമായി.തൊട്ടടുത്ത പേജില്‍ ഇടക്കാലത്ത് പ്രത്യക്ഷപ്പെട്ട സാമൂഹിക വിമര്‍ശന പംക്തി 'സ്വകാര്യം' അപ്രത്യക്ഷമായി.ഐ ടി പംക്തി 'നെറ്റ് വര്‍ക്ക്‌ 'കാണാനില്ല .വിദേശത്തെയും സ്വദേശത്തെയും തൊഴിലവസരങ്ങള്‍ പരിചയപ്പെടുത്തിയിരുന്ന പേജിനെയും കാണാനില്ല. വിദേശ വാര്‍ത്തള്‍ പേരിനു മാത്രമായി.ഇനിയും എത്രയോ ചുരുങ്ങലുകള്‍..നി പരസ്യം കൂടിയത് കൊണ്ടാണോ ഈ ചുരുങ്ങല്‍ എന്ന് ചോദിച്ചാല്‍ അതും മറ്റു പത്രങ്ങളെ അപേക്ഷിച്ച് കുറവേ ഉള്ളൂ.മാത്രുഭുമിക്ക് വേണ്ടി പരസ്യങ്ങള്‍ തയ്യാറാക്കുന്ന കമ്പനികള്‍ അവാര്‍ഡുകള്‍ വരിക്കൂട്ടുന്നുന്ടെന്കിലും 'ക്ലാസ്സിഫൈഡ്സ്'കൂടുന്നുമില്ല. അതിനിടെ പരസ്യതന്ത്രത്തിന്റെ ഭാഗമായി 'കുട്ടി .കോം'പരിഷ്കരിച്ച് 'വിദ്യ 'എന്നാക്കി മാറ്റിയിട്ടുണ്ട് വര്ഷങ്ങള്ക്കു മുമ്പ് പ്രോഫിറ്റ് കാര്ഡ് എന്ന പേരില് ഒരു പദ്ധതി തുടങ്ങിയി രുന്നെന്കിലും ഇപ്പോള്‍ യാതൊരു വിവരവും ഇല്ല.ഇനി ഈ സങ്കടമൊക്കെ പത്രാധിപരുമായി പങ്കുവെക്കാം എന്ന് കരുതിയാല്‍ വായനക്കാരുടെ ദിവസങ്ങള്‍ നീണ്ടു നിന്ന പല ചര്‍ച്ചള്‍ക്കും വേദിയായിരുന്ന 'ആക്ഷേപങ്ങളും അഭിപ്രായങ്ങളും'എന്ന പംക്തിയും രണ്ടു വരി അഭിപ്രായങ്ങളുമായി നന്നേ ശോഷിച്ചു.ആഴ്ച്ച്ചപതിപ്പിലും ആരോഗ്യമാസികയിലും ഗൃഹലക്ഷ്മിയിലും ഒക്കെ കാലത്തിനൊത്ത മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുന്ന മാതൃഭൂമി ,ദിനപത്രം കാണുന്നില്ലേ?
ലേ ദിവസം വാര്‍ത്താ ചാനലിലെ ഒരു മണിക്കൂര്‍ വാര്‍ത്തയിലും ചര്‍ച്ച കളിലും കണ്ടതും കേട്ടതും ആയ കാര്യങ്ങളല്ലാതെ മറ്റൊന്നും മലയാളി ഇന്ന് പ്രഭാതത്തില്‍ എത്തുന്ന പത്രത്തില്‍ കാണുന്നില്ല.മാതൃഭൂമിയിലെ ത്തന്നെ രാജന്‍ പൊതുവാളിന്റെ കാലത്തൊക്കെ ഉണ്ടായിരുന്നതു പോലുള്ള ഫോട്ടോ ജേര്‍ണലിസവും,അന്വേഷണാത്മക പത്രപ്രവര്‍ത്തനവും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. പത്രങ്ങള്‍ എഴുതുന്നത് കള്ളമാണെന്ന് ചിലര്‍ മുറവിളി കൂട്ടുന്നു.മറ്റു സാധങ്ങള്‍ക്കെന്ന പോലെ തന്നെ പത്രങ്ങളുടെ വില നിലവാരം കൂടിക്കൂടി 5 രൂപ കടക്കാറായി.മാന്ദ്യത്തിന്റെ ഇക്കാലത്ത് അച്ചടി മാധ്യമങ്ങളും പ്രതിസന്ധി നേരിടുന്നു എന്നതും ശരി തന്നെ .എങ്കിലും ഒരു മടിയും കൂടാതെ കുട്ടിക്കാലത്തേ ശീലിച്ചു പോയ പത്രവും കാത്ത് പൂമുഖപ്പടിയില്‍ നില്‍ക്കുന്ന മലയാളി വീണ്ടും പറ്റിക്കപ്പെടുകയല്ലേ?

12 comments:

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: മാതൃഭൂമിയല്ലാതെ മറ്റൊരു പത്രവും അതിനടുത്ത് വയ്ക്കാന്‍ പറ്റില്ലാന്ന് കരുതിയിരുന്നു ഒരു കാലത്ത്. ബാംഗ്ലൂര്‍ എഡിഷന്‍ കാണും വരെ. കണ്ണൂര്‍ എഡിഷന്‍ പിന്നെയും എത്ര ഭേദം. ബാംഗ്ലൂരില്‍ വന്നകാലത്ത് ടൈംസ് ആയിരുന്നെങ്കിലും സ്വന്തമായി പത്രം വാങ്ങാന്‍ തുടങ്ങിയപ്പോള്‍ മാതൃഭൂമിയിലേക്ക് പോയി, ദിവസങ്ങള്‍ കൊണ്ട് ചാത്തന്‍ മനോരമയിലേക്ക് മാറി. എഡിഷന്‍ മാറുമ്പോള്‍ ഒരു പത്രം സായാഹ്ന പത്രത്തിന്റെ നിലവാരത്തിലെത്തുമോ!!! ബാംഗ്ലൂരില്‍ ചാത്തന്‍ മനോരമയുടെ വക്താവാണ് എന്നിട്ടും നാട്ടില്‍ തിരിച്ചും

മാണിക്യം said...


പത്രം

മലയാളിയുടെ ഭക്ഷണത്തേക്കാള്‍ പ്രാധനമാണല്ലൊ..
"ഹോ! കാലത്തെ പത്രം വന്നില്ല,വന്നിട്ട് വേണം ഒന്നു കക്കുസില്‍ പോകന്‍.." എന്നു പറയുന്ന അയല്‍വാസി തോമച്ചേട്ടനുണ്ടായിരുന്നു...

ആദര്‍ശ് പറയുന്നത് എനിക്ക് നന്നായി മനസ്സിലാവും ഇവിടെ മലയാളം ദിനപത്രമില്ല ശരിക്കും കരച്ചില്‍ വന്നിട്ടുണ്ട് ആദ്യമൊക്കെ ഇവിടെ കിട്ടുന്ന ഇംഗ്ലീഷ് പത്രം ഒരു മാതിരി ചോക്ലെറ്റ് കേയ്ക്ക് പോലെ....
എന്നും വായിച്ചാല്‍ ചെകിടിക്കും.നമ്മുടെ ശീലമനുസരിച്ച് തൊള്ളി എരീം പുളീം ഒക്കെ വേണ്ടെ വാര്‍ത്തക്ക്?ഇത് ങേഃ ഹേഃ അതില്ല.
പിന്നെ എന്തിനാവായിക്കുന്നേ?
അങ്ങനെ ആണു ഓണ്‍ ലൈന്‍ പത്രം കിട്ടി തുടങ്ങുന്നത്.

മാതൃഭൂമി,മനോരമ,ദേശാഭിമാനി,ദീപിക, കൌമുദി,ഈ പത്രം അങ്ങനെ ഒരു അറ്റം മുതലൊരു പിടി പിടിച്ചാല്‍ ഏതണ്ടാവും..

എന്നാലും ആ പ്ത്രം കൈ കൊണ്ട് പിടിച്ച് തിണ്ണക്കിരുന്നു വായിക്കുന്ന ആ സുഖം അല്ലങ്കില്‍ ട്രെയിനിലും ബസ്സിലും ഇരുന്ന് വായിക്കുന്ന ആ രസം അത് ഒരു അപാര ഫീലിങ്ങാ.......

ഈ തലമുറ കഴിഞ്ഞാല്‍ എത്ര പത്ര പാരയണക്കാരുണ്ടാവും?

ന്യൂസ് അപ് ഡെറ്റ്,പത്രത്തിന്റെ ശവകല്ലറക്കുള്ള ചുടുകട്ടയായിട്ട്,എസ് എം എസ് ആയി
വന്നു കൊണ്ടിരിക്കുവല്ലേ?

നല്ല പോസ്റ്റ് ആദര്‍ശ്..

ഈ വിഷയം പലരുടെയും മനസ്സിലുണ്ടെങ്കിലും, പറയാന്‍ മറന്നത് പറഞ്ഞതിനു അഭിനന്ദനം

ആശംസകളോടേ മാണിക്യം.

Sureshkumar Punjhayil said...

Mathrubhumi enteyum oru dourballyamanu... Kuttikkalathe aadyam vayicha pathramayathu kondakam... Enthokke illenkilum athu nirthanum thonnunnilla...!

Manoharamaya post, Ashamsakal...!!!

അബ്‌കാരി said...

നാലാം ക്ലാസ്സില്‍ പഠിക്കുമ്പോ മാഷ്‌ പറഞ്ഞു നാളെ മുതല്‍ ഓരോരുത്തര്‍ ആയി അന്നത്തെ പ്രധാന വാര്‍ത്ത എഴുതി കൊണ്ട് വന്നു അസംബ്ലീല്‍ വായിക്കണം എന്ന്.. ഇന്ന് വരെ പത്രം കണ്ടിട്ടില്ലാത്ത ഞാന്‍ ഞെട്ടി.. വീട്ടില്‍ ബഹളം ആയി. അത് വഴി പോയ മനോരമക്കാരനെ അമ്മ വിളിച്ചു ഒരു പത്രം നല്ല സ്റ്റൈലില്‍ അയാള്‍ എറിഞ്ഞു തന്നു . അന്ന് മുതല്‍ ഞാനും മനോരമ ദിനപത്രത്തിന്‍റെ വായനക്കാരന്‍ ആയി. പിന്നീട് മനോരമ മാറി മാതൃഭൂമി ആയി. ഇപ്പോള്‍ ഗള്‍ഫില്‍ ഇതൊക്കെ കിട്ടുമെന്കിലും ഓണ്‍ലൈന്‍ വായന തന്നെ എനിക്ക് ആശ്രയം .
നല്ല പോസ്റ്റ്‌

the man to walk with said...

ishtaayi vellarikka pattanathinu ashamsakal

കുമാരന്‍ | kumaran said...

നല്ല വിലയിരുത്തല്.. ഇഷ്ടപ്പെട്ടു.

ആദര്‍ശ്║Adarsh said...

ചാത്തന്‍...
എഡിഷന്‍ മാറുന്നത്തിന് അനുസരിച്ച് പ്രാദേശികമായ വാര്‍ത്തകളിലും, ചിത്രങ്ങളിലും ഒക്കെ വ്യത്യാസം വരുന്നത് സ്വാഭാവികം..എന്നാല്‍ പേജുകളുടെ എണ്ണത്തിലും ഉള്ളടക്കത്തിലും പ്രകടമായ മാറ്റം വരുത്തുന്നത്
വരിക്കാരെ രണ്ടു തരക്കാരായി കാണലല്ലേ? മാതൃഭൂമി ശീലിച്ചത് കൊണ്ട് അതിനെക്കുറിച്ച് പറഞ്ഞുവെന്ന് മാത്രം.മിക്ക പത്രങ്ങള്‍ക്കും ഈ പരിപാടി ഉണ്ട്.ഒരു കാലത്ത് മനോരമയുടെ അക്ഷരങ്ങള്‍ പലര്‍ക്കും കണ്ണില്‍ പിടിക്കില്ലയിരുന്നു.ഇന്നവര്‍ ഫോണ്ടും ഡിസൈനും ഒക്കെ മാറ്റി ഏറെ മുന്നേറിക്കഴിഞ്ഞു.

മാണിക്യം ചേച്ചി..
പുതിയ തലമുറയില്‍ പത്രവായനക്കാര്‍ ധാരാളം ഉണ്ട്. ഓരോ വീട്ടിലും ഓരോ എഞ്ചിനീയറിംഗ് കുട്ടിയുള്ള ഇക്കാലത്ത് പഥ്യം ഇംഗ്ലീഷ് പത്രങ്ങളോടാണ്.ഹിന്ദുവും എക്സ്പ്രസ്സും ഒക്കെ നാട്ടിന്‍പുറങ്ങളില്‍ സര്‍വേ നടത്തി ആള്‍ക്കാരെ ചേര്‍ത്തുകൊണ്ടിരിക്കയാണ്.പിന്നെ എസ് എം എസ് ന്യൂസ്‌ അപഡേറ്റ്കള്‍ കുറച്ചൊക്കെ മധ്യാഹ്ന ,സായാഹ്ന പത്രങ്ങളെ ബാധിച്ചിട്ടുണ്ടെന്ന് തോന്നുന്നു.

സുരേഷ് കുമാര്‍ ,അബ്കാരി ,the man,കുമാരന്‍....എല്ലാവര്ക്കും നന്ദി ..

കുട്ടിച്ചാത്തന്‍ said...

"എഡിഷന്‍ മാറുന്നത്തിന് അനുസരിച്ച് പ്രാദേശികമായ വാര്‍ത്തകളിലും, ചിത്രങ്ങളിലും ഒക്കെ വ്യത്യാസം വരുന്നത് സ്വാഭാവികം." -- ഛായ് അതു മാത്രമോ ഒരു സാധനം പൊതിയാന്‍ പോലും കൊള്ളൂല അതിനു വേണ്ട ന്യൂസ്പ്രിന്റ് പോലും പച്ചക്കറിക്കടേന്ന് ചീഞ്ഞ തക്കാളി വാങ്ങിക്കൊണ്ടു പോകുന്നവരെക്കണക്കാ വാങ്ങുന്നതെന്ന് തോന്നിപ്പോയി.

നരിക്കുന്നൻ said...

പത്രമില്ലാത്ത പ്രഭാതം ഇല്ലായിരുന്നു.. ഇന്നും പേപ്പർ ഇല്ലങ്കിലും ഓഫീസിലെത്തിയാൽ ആദ്യം ചെയ്യുന്നത് പ്രധാനപ്പെട്ട വാർത്താ സൈറ്റുകൾ തുറന്ന് വായിക്കുക എന്നത് തന്നെ.

വിശദമായ ഈ വിലയിരുത്തൽ ഇഷ്ടമായി.

കൊട്ടോട്ടിക്കാരന്‍... said...

ഇവിടെ “പെയ്പപറ്” വരുത്താത്തതുകൊണ്ട് ഒരു പരാതിയുമില്ല ! നെറ്റിലാവുമ്പൊ എല്ലാ പേപ്പറും വായിയ്ക്കാമല്ലോ...
വിശദമായ വിശകലനം നന്നായി.

OAB said...

ഏത് നെറ്റുണ്ടെങ്കിലും, രാവിലെ കോലായിൽ കാല്മ്മെ കാൽ കേറ്റി വച്ച് കട്ടൻ ചായയും മൊത്തി കുടിച്ചുള്ള (നാട്ടിൽ)ആ വായനയുടെ സുഖം!
അതൊരു വല്ലാത്ത അനുഭവം തന്നെയാ...

ആദര്‍ശ്║Adarsh said...

@ ചാത്തന്‍ ,
ചില പത്രങ്ങളുടെ കടലാസ് അങ്ങനെ തന്നെയാ ...ആകെ കറുത്ത മഷിയൊക്കെ പടര്‍ന്ന്...ഒന്ന് നനഞാല്‍ അലിഞ്ഞു പോകുന്ന തരം..എന്താ ചെയ്യുക?ഏങ്ങനെയായാലും വരിക്കാരന്‍ വായിച്ചോളും എന്നാണ് അവരുടെ കണക്കു കൂട്ടല്‍ ..നമ്മുടെ 'ശീലം'മുതലെടുക്കുന്നു...!

@ നരിക്കുന്നന്‍ ,
നന്ദി ..വീണ്ടും വന്നതില്‍..
ഇന്നിപ്പോള്‍ പത്രങ്ങളുടെയും ,ന്യൂസ്‌ ചാനലുകളുടെയും ഒക്കെ ധാരാളം സൈറ്റുകള്‍ ഉണ്ടല്ലോ..
വിദേശ മലയാളികള്‍ക്ക് അതൊരു അനുഗ്രഹം തന്നെ..

@കൊട്ടോടിക്കാരന്‍,
സ്വാഗതം ,കൊട്ടോടിക്കാരാ ഈ പട്ടണത്തിലേക്ക് ..
നെറ്റില് വായിക്കാം ...എന്നാലും പേജുകള്‍ മറിച്ച്, രാവിലെ പത്രം വായിക്കുന്ന ആ സുഖം ഒന്ന് വേറെയാ ..

@OAB,
സ്വാഗതം പട്ടണത്തിലേക്ക് ..
ആ പത്ര വായന കൂടി' വംശ നാശം' നേരിടുന്നു എന്നാണ് നീരീക്ഷകര്‍ പറയുന്നത്..