Friday, August 09, 2013

പെയ്തു തോരുന്ന സൌഹൃദങ്ങൾ ....


തിവ് പോലെ വൈകുന്നേരത്തെ ചായകുടിയുടെ കൂടെയുള്ള   ഫേസ് ബുക്കിലൂടെയുള്ള കറക്കം..ലോകത്ത് എന്ത് നടക്കുന്നു എന്ന് പെട്ടന്ന് അറിയാനുള്ള ഒരു കുറുക്കുവഴി യാത്ര..
എന്നത്തേയും പോലെ ഇന്നുമുണ്ട് ,നവദമ്പതികളുടെ വർണമനോഹര ചിത്രങ്ങൾ,ഓരോരുത്തരായി കുഴിയിൽചാടി കൊണ്ടിരിക്കുന്നതിന്റെ സന്തോഷം  പങ്കുവെക്കാനായി "കന്ഗ്രാട്സ് "ടൈപ്പ്  ചെയ്യാൻ തുടങ്ങിയപ്പോഴാണ് അത് ശ്രദ്ധിച്ചത്."ശെടാ ഇത് അവനല്ലേ ?"

നാലഞ്ച് വർഷങ്ങൾക്ക്  മുമ്പുള്ള പയ്യാമ്പലം കടപ്പുറം..അലസവും വിരസവുമായ സായാഹ്നങ്ങൾ..മണലുപോലെ മനസ്സ് കുഴഞ്ഞു മറിഞ്ഞു ,പരന്നു കിടന്നിരുന്ന നാളുകൾ..ഒരു പക്ഷെ അന്നത്തെ ഏക ആശ്വാസം കടൽത്തിര നോക്കിയുള്ള പകൽ കിനാവുകൾ ആയിരുന്നു.സുന്ദരമായ ഭാവിയെക്കുറിച്ചുള്ള അതിസുന്ദര മായ സ്വപ്നങ്ങൾ.ആ സ്വപ്നങ്ങൾ പരസ്പരം പങ്കുവെക്കലായിരുന്നു ഞങ്ങളുടെ പ്രധാന ഹോബി..!പൂഴിപ്പരപ്പിൽ കൈകൾ ചേർത്തുപിടിച്ചു തോളുരുമ്മി നടക്കുന്ന യുവ മിഥുനങ്ങളെ കാണുമ്പോൾ  ഞങ്ങളുടെ ചർച്ച എന്നും വഴിമാറും,"നീ എന്നടാ ഇങ്ങനെ ഒരാളെയും കൊണ്ട് വരുന്നത് ?". "ഞാനതിനു ഈ പന്ന കടപ്പുറത്തൊന്നും എന്റെ പെണ്ണിനെ കൊണ്ടുവരില്ല..ഞങ്ങൾ മലെഷ്യയിലെയൊ മാലിദിവിസിലെയോ ഏതെങ്കിലും ബീച്ചിൽ കാണും ഈ സമയത്ത് .ഇങ്ങനെ സൂര്യൻ അസ്തമിക്കാൻ പോകുന്ന നേരത്ത്.."
"അവന്റെ ഒരു മലേഷ്യ ..ആദ്യം ഏത് പെണ്ണാണെന്ന് തീരുമാനിക്ക് ..

അവൻ മനസ്സിൽ മാത്രം കൊണ്ടുനടന്ന "വണ്‍വെ "പ്രണയനായിക ,അവൻ കതകിനു മറവിൽ നിന്ന് ഉമ്മ കൊടുത്ത ബാല്യകാലസഖി ,കമ്പ്യൂട്ടർ സെന്ററിൽ അവനായി മാത്രം വരുന്ന പേരറിയാത്ത വെളുത്ത കുട്ടി, തുടങ്ങിയ അനവധി കുട്ടികളിൽ ഏതെങ്കിലും ഒരാളെ കെട്ടുമെന്ന് വീമ്പിളക്കി നടന്നവനും ഭാവി ഭാര്യയും ,ഒരു ടാഗ്  പൊസ്റ്റായി കണ്‍മുമ്പിൽ..പോസ്റ്റ്‌ കണ്ടവർ കണ്ടവർ ഫോണ്‍ ചെയ്തു തിരക്കി "എടാ ,നിന്റെ ഫ്രണ്ടല്ലേ? എന്നായിരുന്നു ?കല്യാണം കഴിഞ്ഞോ ?അതോ എൻഗേജുമെന്റൊ?"
എനിക്ക് ഒരു ഉത്തരം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
"അറിയില്ലെടാ ....."

എന്നാൽ വിശേഷം നേരത്തെ അറിഞ്ഞവരും  ഉണ്ടായിരുന്നു ,ഞാനൊഴികെ ..സകല സമയത്തും ഒരുമിച്ചു മാത്രം കണ്ടിരുന്ന രണ്ടു  സുഹൃത്തുക്കളുടെ വർത്തമാനകാലം പലർക്കും വിശ്വസിക്കാൻ പറ്റിയില്ല,എനിക്കും.കാലത്തിന്റെ അനിവാര്യമായ ഏതോ ഒരു വഴിത്തിരിവിൽ രണ്ടു വഴികളിൽ ആയെങ്കിലും,വല്ലപ്പോഴുമുള്ള ഫോണ്‍ കുശലങ്ങൾ ഉണ്ടായിരുന്നു.പതിയെ പതിയെ അതും ഇല്ലതായി.ഒരു പക്ഷെ ഏറെ നാളുകള്ക്ക് ശേഷം സമയം ഉണ്ടാക്കി വിളിക്കുമ്പോൾ "തിരിക്കിലടാ ","ഫുഡ്‌ കഴിക്കയാ ","പിന്നെ വിളക്കൂ "എന്നിങ്ങനെയുള്ള മറുപടികളിൽ മനസ്സ് ഉടക്കിയത് കൊണ്ടാകാം,എന്റെ കുശലാന്വേഷണവും നിന്നു.ചില സൗഹൃദങ്ങൾ അങ്ങനെയാണ്.ആർത്തലച്ചു  വരും,പക്ഷെ പെട്ടന്ന് പെയ്തു തോരും..ഒരു മരം പോലും പെയ്യാതെ..

വംശ നാശ ഭീഷണി നേരിടുന്ന സൌഹൃദത്തിന്റ,  "സ്പീഷിസുകൾ "നിരവധിയാണ് .ലോകത്ത് പൊതുവെ കാണപ്പെടുന്ന ആഗോളതാപനവും, തിരക്കും ,സ്വാർത്ഥതയും,കുശുമ്പും,പൊങ്ങച്ചവും  ഒക്കെ തന്നെ ഈ വംശനാശങ്ങൾക്ക് കാരണം.

സ്വന്തം വീടിനെക്കാൾ അയല്പക്കത്തെ വീടുകളിലെ മുക്കും മൂലയും ഹൃദിസ്ഥമാക്കിയിരുന്നു.ഓണവും വിഷുവും,ഉത്സവും എല്ലാം അവിടങ്ങളിൽ ആയിരുന്നു.ഒരു ചക്ക കിട്ടിയാൽ ,പാതി  കൊടുക്കും,അപ്പം ചുട്ടാൽ ,പായസം വെച്ചാൽ ആദ്യം അവരായിരുന്നു രുചി നോക്കിയിരുന്നത്.അയൽ പക്കത്തെ ഉപ്പും ചോറും തിന്നു വളർന്നവർ എത്ര പേർ ?

അടുത്ത വീട്ടിൽ ആരാണെന്ന് അറിയണമെങ്കിൽ ,ബർത്ത് ഡേ പാർട്ടിക്ക് 'ഇൻവിറ്റെഷൻ 'കിട്ടണം.അല്ലെങ്കിൽ "കറന്റ് "പോകണം ,അവിടെ "കറന്റ് "ഉണ്ടോ എന്ന് വിളിച്ചു ചോദിക്കുമ്പോൾ അറിയാം .അല്ലെങ്കിൽ  "കേബിൾ "കട്ടാകണാം "കേബിൾ "ഉണ്ടോ എന്ന്  വിളിച്ചു ചോദിക്കുമ്പോൾ അറിയാം.

രേ പാർട്ടിയാണെങ്കിൽ ,പീടിക തിണ്ണയിൽ ഒരുമിച്ചു ഇരിക്കാം,ഒരേ ജാതിയാണെങ്കിൽ സമുദായ കൂട്ടായ്മയിൽ കാണാം,ഒരേ യുവജന സംഘടനയാണെങ്കിൽ ക്ളബ്ബുണ്ടാക്കി ഫുട്ബോളോ ക്രിക്കറ്റോ കളിക്കാം. ഒരേ 'സ്റ്റാറ്റസ്' ഉള്ളവരാണെങ്കിൽ രാവിലെയും വൈകുന്നേരവും ഒരുമിച്ചു നടക്കാനിറങ്ങാം .വായനശാല ,സ്കൂൾ ,കോളേജ് ,മൈതാനം തുടങ്ങിയ പൊതു ഇടങ്ങൾ ഓരോ വിഭാഗങ്ങൾക്ക് ഓരോന്ന്.അവിടെ കൂട്ട് കൂടാൻ ആ വിഭാഗത്തിൽ പെട്ടതാണെങ്കിൽ എളുപ്പം.

സൌഹൃദങ്ങളുടെ ഖനിയായ കലാലയങ്ങൾ, ഖനനം ചെയ്യുന്ന രീതി മാറിയിരിക്കുന്നു."എന്ത് പ്രയോജനം?"എന്ന ചോദ്യം സ്വയം ചോദിച്ചു കൊണ്ടാണ് ഓരോ ഖനനവും.നാല് കാശുള്ളവനും ,നാല് മൊബൈൽ ഉള്ളവനും കിട്ടും ,മങ്ങാത്ത സൌഹൃദം ."ഹായ് " പറഞ്ഞ് "ബായ് "യിൽ അവസാനിക്കുന്ന സൌഹൃദം അധ്യയനത്തിന്റെ അന്ത്യത്തോടെ എന്നെന്നേക്കുമായി അവസാനിക്കുന്നു.

മുഖം മൂടി അണിഞ്ഞ സൌഹൃദ സ്പീഷിസിനെ ജോലി ഇടങ്ങളിൽ ആണ് കൂടുത്തൽ കാണുക."വെരി ഗുഡ് മോണിംഗ് ","സീ യു ടുമാറോ ",ഹവ് എ നൈസ് ഡേ " എന്നൊക്കെ എന്നും പറയുന്ന ഈ സ്പീഷിസ് പുറമേ ചിരിക്കുമെങ്കിലും ,സൂക്ഷിക്കേണ്ട വിഭാഗമാണ്‌...ഒരു പ്രശ്നം വന്നാൽ അറിയാം എത്ര പേർക്ക് മുഖം മൂടി ഇല്ലെന്ന് ?

ഭിനവ സൌഹൃദ സ്പീഷിസ് ആയ "ഓണ്‍ലൈൻ  സ്പീഷിസിൽ പൊതുവെ കണ്ടു വരുന്ന ഒരു സ്വഭാവം ഉണ്ട്.ജീവിതത്തിൽ ഏകാന്തതയും ,വിരഹവും കൂട്ടാകുമ്പോൾ "നോക്ക് കുത്തിയായി"നിർത്തിയ "ഓണ്‍ലൈൻ പച്ച" ,വെളിച്ചങ്ങൾ സൌഹൃദ വെളിച്ചങ്ങളായി മാറ്റി കടന്നുവരും.കലാന്തരങ്ങൾക്ക് ശേഷം പലരും  ഇങ്ങനെ പച്ച വെളിച്ചം തെളിച്ചു വരുന്നതായി കാണാം .കാര്യ സാധ്യം എന്തെങ്കിലും ഉണ്ടാകും ,അല്ലെങ്കിൽ "ബോറടി " മാറുമ്പോൾ പച്ച വെളിച്ചം വീണ്ടും നോക്ക് കുത്തിയാകും .പച്ച കണ്ടു മഞ്ഞളിച്ചവർ ഇളിഭ്യരാകും! ചാറ്റ് ബോക്സിൽ  തോരാതെ സംസാരിക്കുന്ന  ഊഷ്മള സൌഹൃദ മാതൃകകൾ,"ഞാൻ അങ്ങോട്ട്‌ ഒരാവശ്യത്തിന് വരുന്നുണ്ട് ..അവിടെ കാണില്ലേ ?സഹായത്തിന് ?മൊബൈലിൽ വിളിച്ചാൽ കിട്ടില്ലേ ?"എന്ന്  ചാറ്റ് ബോക്സിൽ ടൈപ്പ് ചെയ്തു കണ്ടാൽ ,ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ പച്ച വെളിച്ചം അണച്ച് സ്ഥലം വിടുന്നതും കാണാം.!

വംശനാശം വരുത്താതെ സൌഹൃദം കാത്തു സൂക്ഷിക്കാൻ പറ്റുന്നവർ വില്ലാളി വീരന്മാർ തന്നെ,യഥാർത്ഥ സൌഹൃദം തിരിച്ചറിയാൻ പറ്റുന്നത് അതിലേറെ കഴിവുള്ളവർക്ക് പറ്റുന്ന കാര്യവും.ഒരു തീവണ്ടി യാത്രയിൽ ,അല്ലെങ്കിൽ  ഒരു വിമാന യാത്രയിൽ ..അപരിചിതമായ ഒരു നഗരത്തിൽ അല്ലെങ്കിൽ സഹായം കൊതിക്കുന്ന ഒരു വേളയിൽ ,ചിരിക്കുന്ന മുഖവുമായി വരുന്നവരിൽ ഉണ്ടാകാം ,ഒരു നല്ല സുഹൃത്ത് .പെയ്തു തോരാത്ത ഒരു മഴക്കാലം അത് ചിലപ്പോൾ തന്നേക്കാം...