Tuesday, September 22, 2009

പണം വാരാനുള്ള അവസരങ്ങള്‍..."എണീച്ചേ..നിങ്ങളെ ഫോണ്‍ ബെല്ലടിക്കുന്നാ.."
"ഇതാരാ ഈ നട്ടപ്പാതിരക്ക്...ശല്യം..."
"ഹലോ...സുഗുണന്‍ മാഷല്ലേ..ഹലോ.."
"അല്ല...ബാരക്ക് ഒബാമയാ..എന്റെ മൊബൈലില് വിളിച്ചിട്ട് ഞാനല്ലേന്ന്..."
"എടാ സുഗൂ..ഞാനാടാ രമേശന്‍...കള്ളിക്കണ്ടീലേ...എടാ നാളെ നിനക്ക് ലീവല്ലേ..വൈകുന്നേരം  മൂന്ന് മണിക്ക് ഹോട്ടല്‍ റോയല്‍ പാലസില്‍ ഒരു പാര്‍ട്ടി വെച്ചിട്ടുണ്ട്..നീ എന്തായാലും വരണം..."
"ആ വരാം... വരാം.."...നാശം മനുഷ്യനെ മെനക്കെടുത്താന്‍...

"ആരാ വിളിച്ചത്..."
"ഏതോ ഒരു രമേശന്‍..."
" ഏത് രമേശന്‍...."
" ആ..?ഞാന്‍ കാള്‍ കട്ട് ചെയ്തു..ഫോണ്‍ സ്വിച്ച് ഓഫും ആക്കി.. നീ ഉറങ്ങാന്‍ നോക്കുന്നുണ്ടോ ബിന്ദൂ..."

"അച്ഛാ...ഒരാള് കാറില് വന്നിട്ടാ...."
"ആരാ മോളേ?..."
"ഒരു തടിയനാ..."

"ഹലോ... സുഗുണന്‍... "
"നമസ്കാരം..എനിക്ക് ആളെ മനസ്സിലായില്ല..."
"ഞാന്‍ ഇന്നലെ വിളിച്ചിരുന്നു...കള്ളിക്കണ്ടീലെ രമേശന്‍....നമ്മള് പത്തു വരെ ഒരു ബെഞ്ചിലിരുന്നു പഠിച്ചതല്ലേടാ...."
"ആ...മനസ്സിലായി...പത്തില് തോറ്റിട്ട് നാട് വിട്ട...കൊള്ളി രമേശന്‍...! നീയായിരുന്നോ ഇന്നലെ നട്ടപ്പാതിരക്ക് വിളിച്ചത്... നീയങ്ങ് തടിച്ചു കൊഴുത്തല്ലോ.."
"കഥയൊക്കെ നമുക്ക്‌ പിന്നെ വിശദമായിപ്പറയാം..നീ വണ്ടീക്കേര്..ഈ ലുങ്കിയൊക്കെ മാറ്റി,ഒരു ഷര്‍ട്ടും പാന്റും എടുത്തിട്ടിറ്റ് വന്നേ..പാര്‍ട്ടിക്ക് സമയമായി"

അങ്ങനെ ഒരു സുപ്രഭാതത്തില്‍ പൊട്ടി മുളച്ച രമേശന്റെ നിര്‍ബന്ധത്തിന് വഴങ്ങി ഹോട്ടല്‍ റോയല്‍ പാലസിലേക്ക്...ചീറിപ്പായുന്ന കാറില്‍ വെച്ച്, എന്ത് വകയാടാ പാര്‍ട്ടി എന്ന് ചോദിച്ചപ്പോള്‍ അവന്‍ ഒരു നോട്ടീസ് എടുത്തു തന്നു."സാമ്പത്തിക മാന്ദ്യം നേരിടാന്‍ പുതുവഴികള്‍..സെമിനാറും ചര്‍ച്ചയും..ഹോട്ടല്‍ റോയല്‍ പാലസ് ഓഡിറ്റോറിയം."
"ഇതാണോ നിന്റെ പാര്‍ട്ടി?"
"നിനക്ക് എന്തായാലും ഉപകാരമുള്ള പരിപാടിയാണ്..കഴിഞ്ഞിട്ട് നമ്മക്ക് സംസാരിക്കാം.."

തിവിശാലമായ ഹാളില്‍ ജനസാഗരം..റിയാലിറ്റി ഷോയെ വെല്ലുന്ന സ്റ്റേജില്‍ അതാ വരുന്നു..കൊട്ടും സൂട്ടും ഇട്ട് രമേശന്‍..!" ഗുഡീവിനിംഗ് എവെരി ബഡി..ഐ ആം രമേശന്‍ കള്ളിക്കണ്ടി..ലേഡീസ്. ആന്‍ഡ്‌ ജെന്റില്‍മാന്‍...പത്തു കൊല്ലം മുമ്പ്‌ പത്തു ഉറുപ്പിക  കയ്യിലുണ്ടായിരുന്നെങ്കില്‍ ഒരു ദിവസം മൊത്തം ഹോട്ടലില്‍ നിന്ന് ശാപ്പാടടിക്കാമായിരുന്നു.ഇന്ന് അതാണോ സ്ഥിതി? പത്തിന്റെ സ്ഥാനത്ത് നൂറു പോലും തികയില്ല.രണ്ടു കൊല്ലം കഴിയുമ്പോഴേക്കും  നൂറിനു പകരം ആയിരം.പൈസക്ക്‌ വിലയില്ലാതായിരിക്കുന്നു.ഈ മാന്ദ്യത്തിനിടയിലും എന്നെ ഈ നിലയില്‍ എത്തിച്ചത്..ഐ മീന്‍...കാറും ബംഗ്ലാവും ഫ്ലാറ്റും തന്നത് ...'മില്യണേഴ്സ്‌  ഇന്റര്‍നാഷണല്‍'..."
പറഞ്ഞു തീരലും പുരുഷാരത്തിന്റെ വമ്പന്‍ കൈയ്യടി...പിന്നീടങ്ങോട്ട് ഉത്സവമായിരുന്നു. 'മില്യണേഴ്സ്‌  ഇന്റര്‍നാഷണല്‍' വഴി ഓട്,പിച്ചള,വെള്ളി,സ്വര്‍ണം,പ്ലാറ്റിനം,ഡയമണ്ട് കോടീശ്വരന്‍മാരായ ആക്രിക്കാരന്‍, തെങ്ങ് കയറ്റുകാരന്‍,പിച്ചക്കാരന്‍  തുടങ്ങി ഒരു വന്‍നിര അവരുടെ അനുഭവങ്ങള്‍ വിവരിച്ചു.ചിലര്‍ തങ്ങള്‍ എങ്ങനെ പണം വാരി എന്ന് ചാര്‍ട്ടുകളുടെയും പ്രൊജെക്ടറുകളുടെയും സഹായത്താല്‍ വിവരിച്ചു.

"എടാ സുഗൂ ..എങ്ങനെയുണ്ട്? എല്ലാം മനസ്സിലായോ?" എല്ലാം കഴിഞ്ഞപ്പോള്‍ രമേശന്റെ ചോദ്യം.
"മില്യണേഴ്സ്‌  ഇന്റര്‍നാഷണല്‍ എന്ന് പറയുമ്പോള്‍ സുവിശേഷത്തിനു മുട്ടിപ്പാടുന്നത് പോലെ   ആര്‍ത്തു വിളിച്ചു കൈയ്യടിക്കണം എന്നല്ലാതെ ഒരു ചുക്കും മനസ്സിലായില്ല."എനിക്ക് മനസ്സിലാവാനായി ആറക്കശമ്പള ജോലി ഉപേക്ഷിച്ച് 'മില്യണറാ'യ ഒരുത്തന്‍ സ്റ്റേജില്‍ വിവരിച്ചത് തന്നെ രമേശന്‍ ആവര്‍ത്തിച്ചു.

"ഇലക്ട്രിക്‌ ചീനച്ചട്ടി തൊട്ട് ലാപ്‌ടോപ്‌ വരെയുള്ള പ്രൊഡക്ടുകളില്‍ ഏതെങ്കിലും വാങ്ങി മില്യണേഴ്സില്‍ ചേരുക.ദാ ഇത് നീ..( 'ട്രീ ഡയഗ്രം' വരച്ച്‌ തുടര്‍ന്നുള്ള വിശദീകരണം..)നിന്റെ റൈറ്റ് സൈഡിലും ലെഫ്റ്റ് സൈഡിലും നീ ഓരോ ആളുകളെക്കൂടി ചേര്‍ക്കുന്നു.അപ്പോള്‍ നിനക്ക് കിട്ടുന്നു കമ്പനി വക ബോണസ്‌...രണ്ടായിരം..പിന്നെ അവര്‍ വേറെ ആളുകളെ ചേര്‍ക്കുന്നു..അവരും വേറെ ആളുകളെ ചേര്‍ക്കുന്നു..അങ്ങനെയങ്ങനെ... അങ്ങനെ ഒരാഴ്ച്ചക്കുള്ളില്‍ നിനക്ക്‌ വരുമാനം ഒന്നര ലക്ഷം..!പോരാത്തതിന് മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ കമ്പനി വക ഒരു 'സാന്‍ട്രോ സ്വിംഗ്' ഫ്രീ..
എന്റെ സുഗുണാ,ഈ അവസരം കളഞ്ഞു കുളിക്കരുത്‌ ... ഇന്നത്തെക്കാലത്ത് വെറും അധ്യാപകരായ നിനക്കും നിന്റെ ഭാര്യക്കും എന്ത് ശമ്പളമാ ഉള്ളത്..ഒരു പത്തുകൊല്ലം കഴിഞ്ഞാലുള്ള സ്ഥിതി ആലോചിച്ചു നോക്കിയേ...ഒരു പെണ്‍ കൊച്ചല്ലേ വളര്‍ന്നു വരുന്നത്...?"

മേശന്റെ 'ബ്രെയിന്‍ വാഷി'ങ്ങില്‍ ഞാന്‍ വീഴാതിരുന്നാലേ അത്ഭുതമുള്ളൂ.സാധനങ്ങള്‍ക്കൊക്കെ ഇപ്പോള്‍ എന്താ വില..?പിന്നെ ഈ സംഭവത്തില്‍ തട്ടിപ്പൊന്നും ഉണ്ടാകാനും വഴിയില്ല.ഓരോ 'ട്രാന്‍സ്ആക്ഷനും' കമ്പനി വെബ്‌സൈറ്റിലും,നമ്മുടെ സ്വന്തം മൊബൈലിലും വന്നു കൊണ്ടേയിരിക്കും.പോരാത്തതിന് നാട്ടുകാര് മൊത്തം 'മില്യണേഴ്സ്‌' അല്ലേ ?
അടുത്ത ദിവസം തന്നെ 9999  രൂപ മുടക്കി ചീനച്ചട്ടി വീട്ടിലെത്തിച്ചു."കറന്റ് ബില്‍ കൂടിക്കൂടി വരുമ്പോള്‍ ഇതെന്തിനാ ഈ കുന്ത്രാണ്ടം..?"എന്ന് ബിന്ദു ആവലാതിപ്പെട്ടെങ്കിലും അത് വെറും ചീനച്ചട്ടിയല്ല പൊന്‍മുട്ടയിടുന്ന ചട്ടിയാണെന്ന കാര്യവും ബിസിനസ് വശങ്ങളും സവിസ്തരം പഠിപ്പിച്ചു കൊടുത്തതോടെ അവള്‍ക്കും സന്തോഷമായി.

ക്ഷങ്ങളും,കാറും സ്വപ്നം കണ്ട് ദിവസങ്ങള്‍ തള്ളി നീക്കവേ ഒരു ദിവസം അത്താഴം കഴിച്ചു കൊണ്ടിരിക്കേ ഒരു സംഭവമുണ്ടായി.
"ഇതെന്നാ ബിന്ദൂ,..സാമ്പാറിന് ഒരു കരിഞ്ഞ മണം?ആ ഇലക്ട്രിക്‌ ചീനച്ചട്ടിയിലാണോ ഉണ്ടാക്കിയത്?"
"അതിന്... നിങ്ങളെ ആ താറാവ് ,അടുപ്പത്ത് വെച്ച അന്ന് തന്നെ ഫ്യൂസായില്ലേ?"
" ഇതാ കുറേ കല്ലും... നീ റേഷനരി കൊണ്ടാണോ സാമ്പാറുണ്ടാക്കുന്നത്?"
"ഓ അതാണോ കാര്യം?അത് കുറച്ചു 'നാനോ കല്ല്‌ 'ഇട്ടതാ.."
"എന്തോന്ന്?"

ചോറ് തിന്ന് കൈ കഴുകിയ ശേഷം ബിന്ദു അകത്തു പോയി കുറച്ചു സാധന സാമഗ്രികളുമായി തിരിച്ചു വന്നു.
"ഇതാണ് അത്യാധുനിക നാനോ ടെക്നോളജിയാല്‍ തയ്യാറാക്കിയ,ഇറക്കുമതി ചെയ്ത നാനോ കല്ലുകള്‍..ഇവ കുടിക്കുന്ന വെള്ളത്തിലോ,കറിയിലോ ഇട്ട് വേവിച്ചാല്‍ ഒരു രോഗവും വരില്ല..ഈ കാര്‍ഡ് കണ്ടോ..(താലിക്കു പകരം അവളുടെ കഴുത്തില്‍ ഒരു വിസിറ്റിംഗ് കാര്‍ഡ്‌ ചരടില്‍ തൂക്കിയിട്ടിരിക്കുന്നു..)ഇതാണ് നാനോ കാര്‍ഡ്..തടിയും കുറയും,പ്രഷര്‍,ഷുഗര്‍ തുടങ്ങി ഒരു അസുഖവും ഉണ്ടാവില്ല."

"എടീ മന്ദബുന്ദീ...ഇതിനൊക്കെ ശാസ്ത്രീയമായ അടിത്തറ വല്ലതും ഉണ്ടോ?"

"ഫലം അറിയാന്‍ രണ്ടു മിനുറ്റ് മുതല്‍ രണ്ടു മാസം വരെയെടുക്കും...ഇനി തട്ടിപ്പാണെങ്കില്‍ ഒരു കുന്തവുമില്ല..അഞ്ചാറു ആളെക്കൂടി ഞങ്ങളുടെ കമ്പനിയില്‍ ചേര്‍ത്താല്‍ മുടക്കിയ പൈസ കിട്ടും..
നിങ്ങളെ ചീനച്ചട്ടി പോലെയല്ല..ബെന്‍സ്‌ കാറാ കിട്ടാന്‍ പോകുന്നത്..സ്കൂളില് എല്ലാ മാഷമ്മാരും ചേര്‍ന്നു..ഞാനും ചേര്‍ന്നു..പി.എഫില്‍ നിന്ന് എടുത്തു കൊടുത്താ മതിയല്ലോ..."

സംഭവത്തോടെ കാര്യങ്ങളുടെ കിടപ്പും ഇരിപ്പുവശവും എനിക്ക് മനസ്സിലായി. നാലു കുട്ടികളെ നാലക്ഷരം പഠിപ്പിക്കുന്ന ഇത്രയും പഠിപ്പും വിവരവും ഉള്ള ഞങ്ങള്‍ക്ക് പറ്റിയ അമളി ആരും അറിയണ്ട എന്ന് കരുതി ബിന്ദുവിനോട് കയര്‍ത്തില്ല.മകന്റെ വീട്ടില്‍ വിശ്രമ ജീവിതം നയിക്കുന്ന വൃദ്ധരായ മാതാപിതാക്കളും അറിയേണ്ട എന്നും കരുതി.

ങ്ങനെയിരിക്കെ ഒരു ദിവസം രാവിലെ സ്കൂളിലേക്ക് പോകാന്‍ ഇറങ്ങവേ,അച്ഛന്‍ കുറച്ചു കടലാസ് കെട്ടുമായി വന്നു.
" എടാ സ്ഥലത്തിന്റെ കുറച്ചു രേഖയാ..നീ ആ വെബ്‌ സൈറ്റില്‍ ഒന്ന് നോക്കണം..മുളകിനൊക്കെ എന്ത് വില കിട്ടി എന്ന് അറിയാമല്ലോ..."

"അച്ഛനെവിടയാ മുളക് പാടം..?അതും വെബ്സൈറ്റില്‍....?"

ഞാന്‍ കടലാസില്‍ നോക്കി. 'അപ്പീസ്‌ (അഗ്രികള്‍ച്ചറല്‍ പ്രൊപ്പര്‍ട്ടി ഇന്‍കം ഏനിംഗ് സര്‍വീസസ്)പ്രൈവറ്റ് ലിമിറ്റഡ്..ഹെഡ് ഓഫീസ്‌, രാജസ്ഥാന്‍'.

വൈകുന്നേരം ഞാന്‍ വരുന്നതും കാത്ത് അച്ഛന്‍ ഏറേത്ത് തന്നെയുണ്ടായിരുന്നു..
"എന്തായെടാ..?"
"എന്താവാന്‍ ..?വെള്ളപ്പൊക്കത്തില്‍ മുളക് മൊത്തം ഒലിച്ചു പോയി...അച്ഛന് വേറെ പണിയൊന്നും ഉണ്ടായിരുന്നില്ലേ? ഈടെ ഈ മുറ്റത്ത്‌ ഏക്കറു കണക്കിന് വയല് തരിശായി ഇട്ടിട്ട്,ഉള്ള പൈസയും കളഞ്ഞ് കര്‍ണാടകത്തിലും,രാജസ്ഥാനിലും,കണ്ട പട്ടിക്കാട്ടിലും ഓരോ 'സ്ക്വയര്‍ ഫീറ്റ്‌ ' സ്ഥലം വാങ്ങാന്‍ ..."

"എടാ..ആ ആക്സിഡന്റായി മരിച്ച പാപ്പച്ചന്റെ മോന്‍ വന്നു പറഞ്ഞപ്പോ..പേയ്പ്പറിലും,പണപ്പെട്ടി മാസികയിലും എല്ലാം വന്ന വാര്‍ത്തയൊക്കെ ഓന്‍ കാണിച്ചിരുന്നു.നമ്മളെ ഭാസ്കരനും, വിജയനും എല്ലാം പൈസ കൊടുത്തിട്ടും ഉണ്ട്..പിന്നെ ഓനെ എങ്ങനെയാ വിശ്വസിക്കാതിരിക്കുക."

ബഹളം കേട്ടിട്ട് അകത്തു നിന്നും അച്ചുവും മിന്നുവും ഓടി വന്നു..
"വിശ്വാസം...അതല്ലേ എല്ലാം അച്ചാച്ചാ....."

"പ്പോ ...അവിടുന്ന്....മൂത്തവര് വര്‍ത്താനം പറയുന്നതിനിടക്ക് ഓരോന്നും പറഞ്ഞു വരും..ഏത് നേരവും ടീ വീന്റെ മുന്നിലിരുന്നോ..അസത്ത് .."
എന്റെ ദേഷ്യം മൊത്തം ഞാന്‍  അച്ചുവിന്റെ ചന്തിക്കിട്ട് തീര്‍ത്തു.
Friday, September 18, 2009

ഇന്ന് നവരാത്രി ആരംഭം,ചില ഓര്‍മ്മകള്‍...

രസ്വതീ കടാക്ഷത്തിനായി കുരുന്നുകള്‍ ഇന്ന് മുതല്‍ പത്തു ദിവസം നവരാത്രി വ്രതത്തില്‍..
ക്ഷേത്രങ്ങളും കോവിലുകളും നവരാത്രി ആഘോഷങ്ങള്‍ക്കായി ഒരുങ്ങിക്കഴിഞ്ഞു.തെക്കന്‍ കേരളത്തില്‍ ബൊമ്മക്കൊലുവും മറ്റും ഒരുക്കി നവരാത്രിയെ വരവേല്‍ക്കുമ്പോള്‍ ഇങ്ങ് വടക്കന്‍ കേരളത്തില്‍ പ്രത്യേകിച്ച് കോലത്തുനാട്ടില്‍ 'രണ്ടാം ദസറ' എന്നറിയപ്പെടുന്ന പത്തുനാള്‍ നീണ്ടു നില്‍ക്കുന്ന ഗംഭീര ആഘോഷങ്ങളാണ്. ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകളും ,ദീപാലങ്കാരവും, സംഗീതാര്‍ച്ചനയും.. ഇനി ഒമ്പത് രാത്രികള്‍ ഉത്സവമയം. നഗരത്തില്‍ തിക്കും തിരക്കും...ഒപ്പം ചന്ദനത്തിരിയുടെ മണവും...


ല്ലാ ആഘോഷങ്ങളിലും എന്ന പോലെ നവരാത്രിയും കുട്ടികളുടെ ഉത്സവം തന്നെ..ഒരു പക്ഷേ ഓണത്തേക്കാളും ഏറെ ഇഷ്ടപ്പെട്ടിരുന്നത് നവരാത്രിയായിരുന്നു.ബാല്യത്തിലെ ആ നവരാത്രിയും,'രണ്ടാം ദസറ'ക്കാഴ്ച്ചകളും...ഇവിടെ..

ല്ലാവര്‍ക്കും നവരാത്രി ആശംസകള്‍..!

Sunday, September 13, 2009

"ഓര്‍മ്മകള്‍ മേയുന്ന ഇടങ്ങള്‍ "

ചേരന്റെ 'ഓട്ടോഗ്രാഫ്' കണ്ടതു മുതലുള്ള ഒരു ആഗ്രഹമായിരുന്നു,കുട്ടിക്കാലത്ത്‌ നടന്ന വഴികളിലൂടെ വീണ്ടും ഒന്ന് നടക്കുക,പഴയ സ്കൂളില്‍ ഒന്ന് പോയി വരിക,പഴയ കൂട്ടുകാരെ കാണുക,ആ വഴികളുടെ,കാഴ്ചകളുടെ ചിത്രങ്ങള്‍ എടുക്കുക എന്നൊക്കെ.അങ്ങനെയാണ് ഹരിശ്രീ എഴുതി ,സ്ലേറ്റും സ്ലേറ്റ് പെന്‍സിലുമായി ആദ്യം ഇരുന്ന ഒന്നാം ക്ലാസ്സ്‌ തേടി പോയത്‌.
ആ യാത്രയില്‍ കണ്ടത്‌ പല കാഴ്ചകളായിരുന്നു. പലതും തീരെ പ്രതീക്ഷിക്കാത്തത്.മനസ്സിലുള്ള ഓര്‍മ്മകളല്ലാതെ ഇനി പുതിയ ഒരു ചിത്രവും എടുക്കണ്ട എന്ന് അതോടെ തീരുമാനിച്ചു.

'എന്ത്കൊണ്ട്‌ ഇങ്ങനെ ?'എന്ന് ചിന്തിച്ചു വിഷമിച്ചു വീട്ടില്‍ എത്തിയപ്പോള്‍,സ്വീകരണ മുറിയില്‍ കുറച്ചു വിരുന്നുകാര്‍.അക്കൂട്ടത്തില്‍ എല്‍.കെ ജിയിലും,ഒന്നാം ക്ലാസ്സിലും പഠിക്കുന്ന രണ്ടു കൊച്ചു കുട്ടികളും.ചായയ്ക്കൊപ്പം ബിസ്കറ്റും, ചോക്ലറ്റും,പഴങ്ങളുമൊക്കെ മേശപ്പുറത്ത് വച്ചിട്ടുണ്ടെങ്കിലും,കുട്ടികള്‍ ഒന്നും എടുത്ത്‌ കഴിക്കാതെ പ്രാര്‍ത്ഥനയിലാണ്.എന്തൊക്കെയോ പിറു പിറുക്കുന്നു.ചൊല്ലുന്നു...!!!അവരുടെ അമ്മയോട് കാര്യം അന്വേഷിച്ചപ്പോഴാണ് അറിയുന്നത് ഭക്ഷണത്തിനു മുമ്പ്‌ ഇങ്ങനെ പ്രാര്‍ത്ഥിക്കണമെന്ന് അവരുടെ സ്കൂളില്‍ പഠിപ്പിക്കുന്നുണ്ടത്രേ..മാത്രമല്ല ആ സ്കൂളില്‍ ഒറ്റ മതക്കാര്‍ മാത്രമേ പഠിക്കുന്നുള്ളൂ പോലും ..


"ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റങ്ങള്‍" എന്ന പോസ്റ്റ്‌ അങ്ങനെയാണ് ഉണ്ടാവുന്നത്.. ഒരു നൊസ്ടാല്‍ജിയന്‍ പൈങ്കിളിക്കഥ...
പഴയ ഒന്നാം ക്ലാസ്സും തേടി ,ആ വഴികളിലൂടെ ഒന്ന് നടക്കാം...
ദാ ഇതുവഴി പോകാം..

Friday, September 11, 2009

9/11.. ഒരു വാര്‍ഷികം.....

'സപ്തംബര്‍ പതിനൊന്ന്' എന്ന ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത എന്താണെന്ന് അറിയുമോ?

അമേരിക്കന്‍ പോലീസ് മാലോകരുടെ തുണിയുരിഞ്ഞു പരിശോധന ആരംഭിച്ച ദിവസം..
അല്ല...

ഗോപികമാരുടെ തുണിയുരിഞ്ഞ കള്ളകൃഷ്ണന്റെ ജന്മനാള്‍...
അല്ല..

എത്യോപ്യന്‍ പുതുവര്‍ഷം...

അല്ലേ..അല്ല ..

എന്നാല്‍ പിന്നെ റിയല്‍ എസ്റ്റേറ്റുകാരുടെ പുത്തന്‍ കണ്ടുപിടുത്തമായ
'അഷ്ടപഞ്ചമി' ആയിരിക്കും..

സ്ഥലം വിറ്റഴിക്കാനും,ഫ്ലാറ്റ് വിറ്റഴിക്കാനും,'നല്ല ദിവസമായ' അഷ്ടപഞ്ചമി....?

അതും അല്ല...

പിന്നെന്ത് കോപ്പാടോ?

ചൂടാവല്ലടോ...തോറ്റെങ്കില്‍ ഞാന്‍ പറഞ്ഞു തരാം..

കൊല്ലവര്‍ഷം 2008.. ഒരു സപ്തംബര്‍ മാസം,പതിനൊന്നാം തീയ്യതി..സായം സന്ധ്യാ നേരം.... സൂര്യന്‍ അസ്തമിക്കാന്‍ നിമിഷങ്ങള്‍ മാത്രം..ആ സമയത്താണ്...
വിശാലമായ ഈ ബൂലോകത്ത്...

"ഓര്‍മ്മകളുടെ.....അനുഭവങ്ങളുടെ ...ജീവിതത്തിന്റെ ...തിരക്കഥ.."
എന്ന നാലു വാക്കുമായി ഞാനെത്തിയത്.

ചുരുക്കിപ്പറഞാല്‍ ബൂലോകത്ത് എത്തിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം.......!

ങ്ങനെ എത്തി എന്ന് ചോദിച്ചാല്‍, അതിനു പിന്നില്‍ വലിയൊരു കഥയൊന്നുമില്ല. ഡോസിനെയുംവിന്‍ഡോസിനെയും മൌസിനെയും കീബോര്‍ഡിനെയുമൊക്കെപരിചയപ്പെടുന്നത് എട്ടാം ക്ലാസ്സില്‍..അന്ന് ഇന്റര്‍നെറ്റ് എന്നാല്‍ 'വലിയൊരു വല'യാണ്.ആദ്യമായ്‌ വലയില്‍ കയറുന്നത്, എന്‍ട്രന്‍സ്‌ പരീക്ഷയ്ക്ക് അപേക്ഷിക്കാന്‍ ഈ മെയില്‍ ഐ ഡി ഉണ്ടാക്കാന്‍. പിന്നെ വര്‍ഷങ്ങള്‍ക്കു ശേഷം സെമിനാറിന്റെയും,പ്രൊജക്ടിന്റെയും 'കണ്ക്ളൂഷന്‍' എടുക്കാന്‍..ഓര്‍ക്കുട്ട് എന്ന സംഭവത്തെക്കുറിച്ചറിച്ചറിയുന്നത്‌ മാതൃഭൂമി വാരാന്തപതിപ്പിലൂടെ..അങ്ങനെ ഏതോ ഒരു ആനുകാലികത്തില്‍ നിന്നോ,പത്രത്തില്‍ നിന്നോ ആണ് ഈ വലയ്ക്കുള്ളില്‍ ബൂലോകം എന്നൊരു ലോകം ഉണ്ടെന്നു അറിയുന്നത്.

ജൂലായില്‍ ബ്ലോഗ്‌സ്പോട്ടില്‍ അക്കൗണ്ട്‌ തുടങ്ങിയെങ്കിലും ഒരു വരിയെഴുതിയത് സപ്തംബറില്‍...
'malayalam blogs'എന്ന് ഗൂഗിളില്‍ പരതിയപ്പോള്‍ ആദ്യം കണ്ടത് seeyesന്റെ malayalam blogs എന്ന ബ്ലോഗ്‌. അവിടെ നിന്നും ആദിത്യന്‍,വാക്കാരിമിഷ്ടാ,സഹയാത്രികന്‍,റാല്‍മിനോവ്‌ തുടങ്ങിയവരുടെ സഹായത്താളുകളിലേക്ക് ..ഒടുവില്‍ അപ്പുവേട്ടന്റെ ആദ്യാക്ഷരിയിലേക്ക്. അവിടെ നിന്നും ലുട്ടു,പേര് പേരക്ക തുടങ്ങിയവരുടെ വിദ്യകളിലേക്ക്.എന്നെ ഒരു ബ്ലോഗറാക്കിയതിന് നന്ദി പറയാനുള്ളത് ഇവര്‍ക്ക് എല്ലാവര്‍ക്കുമാണ്‌,പ്രത്യേകിച്ച് ആദ്യാക്ഷരിക്ക്.

ലരും ചെയ്യുന്നത് പോലെ ഒരു ബ്ലോഗ്‌ തുടങ്ങുന്നതിനു മുമ്പ്,ബൂലോകത്തെ മറ്റു ബ്ലോഗുകള്‍ ഒന്നും വായിച്ചു നോക്കിയില്ല.ആരൊക്കെയാണ് 'പുലി ബ്ലോഗര്‍'മാര്‍ എന്നും അറിഞ്ഞിരുന്നില്ല.സ്വന്തം പേരില്‍ തന്നെ ആദ്യ പോസ്റ്റ്‌ പോസ്റ്റിയപ്പോഴാണ് അറിയുന്നത്,ആ പേരില്‍ പ്രശസ്തനായ വേറൊരു ബ്ലോഗര്‍ ഉണ്ടെന്ന്.സ്വന്തം പേരായത്‌ കൊണ്ട് മാറ്റിയില്ലെങ്കിലും അക്കിടികള്‍ ഇപ്പോഴും പറ്റുന്നു.പല പ്രശസ്തരും വന്നുകമന്റിയപ്പോഴും അവരൊക്കെ ആരാണെന്ന് അറിഞ്ഞിരുന്നില്ല.


തിരക്കഥഎന്ന ബ്ലോഗിലെ ആ ഒറ്റവരി പോസ്റ്റിനു ശേഷം,
എഴുതാനായി ഒന്നും ഉണ്ടായിരുന്നില്ല.അങ്ങനെയാണ് കലാലയത്തിലെ ക്ലാസ്‌റൂം തമാശകളും കാര്‍ട്ടൂണുകളുമായി 'അടിപൊളി ഡെയ്സ്' എന്ന വേറൊരു ബ്ലോഗ്‌
തുടങ്ങിയത്.കാര്‍ട്ടൂണുകള്‍ മൊത്തം പോസ്റ്റാക്കുന്നതിലെ സാങ്കേതികത്വത്തില്‍ കുരുങ്ങി അത് തട്ടിന്‍ പുറത്തായി. പിരിക്കുട്ടിയുടെ പൂക്കളം തീര്‍ക്കല്‍ കാരണം 'വെറുതെ ഒരു ബ്ലോഗ്‌ 'ആയി തുടങ്ങിയമൂന്നാം ബ്ലോഗ്‌ 'കോലത്തുനാടായി' അവതരിച്ചു.പിന്നീടങ്ങോട്ട് തിരക്കഥയിലും കോലത്തുനാട്ടിലുമായി അഞ്ചാറുപോസ്റ്റുകള്‍.കണ്ണൂരാന്റെ 'കേളിപാത്രം' എന്ന പോസ്റ്റ്‌ വായിച്ചതിന്റെ 'ഹാങ്ങ്‌ ഓവര്‍' ആയിരുന്നു 'കില്ങ്ങ്ന്നപാദ്സരം' എന്ന നീണ്ടകഥതുടങ്ങാന്‍ കാരണം.മൂന്ന് ഭാഗങ്ങള്‍ എങ്ങനെയൊക്കെയോ എഴുതി.

ടക്കാലത്ത്‌ ആരോടും പറയാതെ ബൂലോകത്ത് നിന്നും മുങ്ങി.അതിനിടയില്‍ പാദസരവും വെള്ളത്തിലായി. വീണ്ടും പൊങ്ങിയത് 'വെള്ളരിക്കാപ്പട്ടണ'വുമായി. ഈയിടെ പുതിയൊരു ചായിപ്പും തുറന്നു..സമയം അല്ലാതെ വേറെ മുതല്‍മുടക്കൊന്നും ഇല്ലല്ലോ..മൂന്നു ബ്ലോഗുകളും ഞാനും...കുറച്ച് എന്തൊക്കെയോ കുത്തിവരക്കും എന്നല്ലാതെ ഒരു ഡയറി പോലും എഴുതിയിട്ടില്ലാത്ത,പത്ര വായനയല്ലാതെ വേറൊരു വായനാശീലവും ഇല്ലാത്ത,ഞാന്‍ എന്തൊക്കെയോ എഴുതിക്കൂട്ടുന്നു.. തട്ടി..മുട്ടി മാസത്തില്‍ ഒരു പോസ്റ്റെങ്കിലും ഇട്ട്‌ അങ്ങനെയങ്ങ് പോകുന്നു.

നി പറയാനുള്ളത് കൃതജ്ഞതയാണ്.ആദ്യകാലങ്ങളില്‍ സഹായ സഹകരണങ്ങള്‍ നല്‍കിയ,പ്രോത്സാഹിപ്പിച്ച,കമന്റിട്ട,മുങ്ങിയപ്പോള്‍ അന്വേഷിച്ച,സ്ഥിരമായി പോസ്റ്റുകള്‍ വായിക്കുന്ന,സഹിക്കുന്ന..ഏല്ലാവര്‍ക്കും ഒരായിരം നന്ദി..കൂടാതെ എല്ലാ ബൂലോക അഗ്രികള്‍ക്കും,പത്രങ്ങള്‍ക്കും, മാഗസിനുകള്‍ക്കും എല്ലാം പ്രത്യേക നന്ദി.ഇനിയും പ്രോത്സാഹിപ്പിക്കുക,അഭിപ്രായങ്ങള്‍.. ഒപ്പം വിമര്‍ശനങ്ങളും,ഉപദേശങ്ങളും എല്ലാം അറിയിക്കുക.

സസ്നേഹം,
ആദര്‍ശ്‌

Sunday, September 06, 2009

ഓണം കഴിഞ്ഞും പൂവിടുമോ?

കഴിഞ്ഞ ഓണത്തിനായിരുന്നു ,പിരിക്കുട്ടി എന്ന ബ്ലോഗ്ഗര്‍ അത്തം മുതല്‍ തിരുവോണം വരെ പത്തു ദിവസം ബ്ലോഗില്‍ പൂവിട്ടത്.തിരുവോണം കഴിഞ്ഞ് അവിടെയെത്തിയ ഞാന്‍, ഞങ്ങളുടെ നാട്ടിലൊക്കെ ഓണം കഴിഞ്ഞും പൂവിടും എന്ന് പറഞ്ഞപ്പോള്‍ ,പിരിക്കുട്ടി ചോദിച്ചു ,അതേതു നാടാ?( ഏത്‌ പട്ടിക്കാടാ എന്നാണ് ഉദ്ദേശിച്ചത് ..)അങ്ങനെ വെറുതെ വിട്ടാല്‍ പറ്റില്ലല്ലോ.. സ്വന്തം നാട്ടിലെ വിശേഷങ്ങള്‍ എഴുതാന്‍ ഒരു പുതിയ ബ്ലോഗു തന്നെ തുടങ്ങി.
'കോലത്തുനാട്, എന്ന ആ ബ്ലോഗിലെ ആദ്യ പോസ്റ്റ്‌ ഓണം കഴിഞ്ഞും മുറ്റത്ത്‌ പൂക്കളം തീര്‍ക്കുന്ന കോലത്തുനാട്ടുകാരെക്കുറിച്ചായിരുന്നു.
ആദ്യ പോസ്റ്റില്‍ കമന്റിടാനും പിരി തന്നെ ആദ്യം എത്തി.പിന്നീട് വന്ന ടിന്റു,സതീഷ്‌ ഹരിപ്പാട്,നിരക്ഷരന്‍,ഉപാസന ,സ്മിത ആദര്‍ശ്‌ എന്നിവര്‍ക്ക് അതൊരു പുതിയ സംഭവ മായിരുന്നു.പൊടിയാടിക്കാരന്‍ സെനു അച്ചായന് പക്ഷേ പൂക്കളം കണ്ടിട്ട് റീത്തായിട്ടാണ് തോന്നിയത് ..!
സംഭവം എന്തായാലും ,'കോലത്തുനാട്' ഇന്ന് 'വെള്ളരിക്കാപ്പട്ടണ'മായി മാറി.അല്ലറ ചില്ലറ പോസ്റ്റു കളുമായി തട്ടി മുട്ടി പോകുന്നു.ഓണം കഴിഞ്ഞും പൂവിടുന്ന ആ സംഭവം തന്നെ ആകട്ടെ ചായിപ്പിലെയും ആദ്യ പോസ്റ്റ്‌. ഇതാ കണ്ടോളൂ ....ഓണംകഴിഞ്ഞിട്ടും ഇട്ട പൂക്കളം ...

Wednesday, September 02, 2009

ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റങ്ങള്‍....

മുത്താശ്ശിക്കുന്നിലേക്കുള്ള ഈ വഴി ഇപ്പോള്‍ കുറേ മാറിയിട്ടുണ്ട്.മഴ ചെറുതായി പെയ്യുന്നുണ്ടെങ്കിലും ചവിട്ടിത്തെറുപ്പിച്ച് ഒച്ചയുണ്ടാക്കാനോ,എഴുത്തച്ഛന്‍ പ്രാണിയുടെ എഴുത്തു കാണാനോ,കടലാസ് തോണി ഒഴുക്കാനോ അവിടവിടെയായി ചെളിക്കുളങ്ങള്‍ കാണുന്നില്ല.പരവതാനി പോലെ നീണ്ടു നിവര്‍ന്നു കിടക്കുന്ന ടാര്‍ റോഡില്‍ ചീറിപ്പായുന്ന വാഹനങ്ങളില്‍ നിന്നും തൂവുന്ന എണ്ണയില്‍ വിരിയുന്ന മഴവില്‍ രൂപങ്ങള്‍ മാത്രം.'പരസ്യം പതിക്കരുത്'എന്നെഴുതിയിരിക്കുന്ന ഈ മതിലുകളുടെ സ്ഥാനത്തായിരുന്നു മഷിച്ചപ്പും,പാമ്പിന്റെ ഉപ്പിളിയും ഇടയ്ക്കിടയ്ക്ക് തടിയന്‍ കീരികളും പ്രത്യക്ഷപ്പെട്ടിരുന്ന 'കെള'. മതിലുകള്‍ക്കപ്പുറത്ത് കുഞ്ഞു കുഞ്ഞു 'വില്ലകള്‍'ഉയര്‍ന്നു വരുന്ന ആ സ്ഥലത്തായിരുന്നു ,പണ്ട് ഞങ്ങള്‍ അണ്ടി ക്കള്ളന്മാരുടെ വിഹാര കേന്ദ്രമായിരുന്ന,അണ്ടിക്കാട്.മിക്കവാറും വിഷുവിനു 'ചടക്കം' വാങ്ങാനുള്ള ചില്ലറപ്പൈസ മുഴുവന്‍ അവിടുന്നായിരുന്നു.

ഴ പോയെങ്കിലും വഴിവക്കിലെ ഈ 'അലസി'യുടെ ചുവട്ടില്‍ നിന്നാല്‍ വീണ്ടും പെയ്യും.ഇതിപ്പോള്‍ കാറ്റുണ്ടായിട്ടും ഒറ്റത്തുള്ളി ഇല്ലല്ലോ..എങ്ങനെ പെയ്യാനാ? മുകളിലോട്ട് നോക്കിയപ്പോഴല്ലേ കാണുന്നത്..നാട്ടിലുള്ള മൊത്തം കമ്പ്യൂട്ടര്‍ സെന്ററുകളുടെയും പാരലല്‍ കോളേജുകളുടെയും ഫ്ലക്സ് ബോര്‍ഡുകളും..അവയെ താങ്ങി നിര്‍ത്തുന്ന കുറേ ഉണങ്ങിയ കൊമ്പുകളും...

ടാറിട്ടത് കൊണ്ടായിരിക്കും പണ്ട് ഓടിക്കയറിയിരുന്ന ആ കയറ്റം അത്രയുമില്ല.കയറ്റം കഴിഞ്ഞുള്ള ഈ വളവിലായിരുന്നു കിട്ടേട്ടന്റെ പെട്ടി പീടികയുംസഹദേവേട്ടന്റെ അനാദിപ്പീടികയും.ഉപ്പിലിട്ട നെല്ലിക്കയും മാങ്ങയും , ഉപ്പും മുളകും പെരക്കിയ നാരങ്ങയും കൈതച്ചക്കയും 'ബിണ്ടി' മുട്ടായിയും ഒക്കെയായിരുന്നു കിട്ടേട്ടന്റെ സ്പെഷ്യലുകള്‍. കുറച്ച് ഉപ്പ്‌ അധികം ചോദിച്ചാല്‍ കിട്ടേട്ടന്‍ തരില്ല.നീളന്‍ കുട കിട്ടേട്ടനു നേരെ ചൂണ്ടി "കിട്ടേട്ടന്‍ തോക്കെടു ത്താല്‍ ഠോ..ഠോ..ഠോ" എന്ന് പറഞ്ഞു കൂവലായിരുന്നു അതിനുള്ള പ്രതികാരം."പോടാ കഴുതകളെ ...."എന്ന് അലറിക്കൊണ്ട്‌ ഒരു മുട്ടന്‍ വടിയുമെടുത്ത് കിട്ടേട്ടന്‍ പിന്നെ നമ്മുടെ പിറകേ ഓടിക്കോളും.അരിയും മറ്റു സാധനങ്ങളും എല്ലാം ഉണ്ടെങ്കിലും ,ഒരു 'പായ് 'വരയുള്ള പെയ്പ്പറും വരയില്ലാത്ത പെയ്പ്പറും,നോട്ട് ബുക്കിന്റെ മുകളില്‍ ഒട്ടിക്കാന്‍ 'ലേബലും 'റബ്ബറിന്റെ ബോളും എല്ലാം വാങ്ങാനുള്ള ഏക ആശ്രയം സഹദേവേട്ടന്റെ പീടികയായിരുന്നു.കിട്ടേട്ടന്റെ പെട്ടിപ്പീടികയുടെ പൊടി പോലും ഇപ്പോള്‍ ഇവിടെയില്ല.സഹദേവേട്ടന്റെ പീടികയും അതിന്റെ അപ്പുറത്തെ ബീഡിക്കമ്പിനിയും പൊളിച്ചിട്ടാണ് ഈ കാണുന്ന രണ്ടു നിലയുള്ള ഷോപ്പിംഗ്‌ കംപ്ലെക്സ്‌ ഉണ്ടാക്കിയത്.താഴത്തെ നിലയില്‍ മൊബൈല്‍ സെന്ററും സി .ഡി ഷോപ്പും.മുകളില്‍ ലേഡീസ് 'ടെയിലറിംഗ് & ടെക്സ്റ്റയില്‍സും' പിന്നെ അക്ഷയ കേന്ദ്രവും.

കുന്നിന്റെ മുകളില്‍ എത്തിയിട്ടും ആ തണുത്ത കാറ്റിന്റെ സുഖം കിട്ടാത്തത് പോലെ.മുന്നിലാണെങ്കില്‍ മൂന്നാല് വഴികളും.'ഇത് പൊതു വഴിയല്ല 'എന്നെഴുതിയ വലിയ ഗേറ്റിന് അപ്പുറത്ത് രണ്ടു വലിയ ബില്‍ഡിങ്ങുകള്‍. കണ്ടിട്ട് വാടകയ്ക്ക് കൊടുക്കുന്ന ക്വാട്ടേഴ്സുകളാണെന്നു തോന്നുന്നു. മണ്ണിട്ട്‌ ഉയര്‍ത്തി ചുറ്റും മുള്ള് വേലി കെട്ടിത്തിരിച്ച,ഉഴുതു മറിച്ച സ്ഥലത്തേക്കാണ് വേറൊരു വഴി.
ഇത് മുത്താശ്ശിക്കുന്നല്ലേ? വിശാലമായി മൈതാനം പോലെ പരന്നു കിടന്നിരുന്ന ആ സ്ഥലമാണോ ഇത്? ചെറിയ ചെറിയ പാറക്കൂട്ടങ്ങള്‍ക്കിടയില്‍ പൊന്തിവന്നിരുന്ന മിനുമിനുത്ത ഉണങ്ങിയ വെള്ളപ്പുല്ല് കണ്ടാല്‍ ഏതോ ഒരു പല്ലില്ലാത്ത മുത്തശ്ശിയുടെ നരച്ച മുടി പോലെ തോന്നുമായിരുന്നു.അരിപ്പൂക്കാട്ടില്‍ ഓണത്തിന് പൊരിഞ്ഞ അടിയായിരിക്കും.ചുവപ്പും മഞ്ഞയും അരിപ്പൂ ഇവിടെ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എള്ളുമ്പൂവും,പെകോടയും,കാക്കപ്പൂവും എല്ലാം പറിച്ചു കഴിയുമ്പോഴേക്കും ആന മേഞ്ഞ കരിമ്പിന്‍ കാട് പോലെയായിരിക്കും ഇവിടെ മൊത്തം.ഇന്നിപ്പോള്‍ കക്ക് കളിക്കാന്‍ കളം വരഞ്ഞത് പോലെ കുന്നു മൊത്തം ഇടിച്ചു നിരത്തി,നാലു പാടും മതിലുകള്‍ കെട്ടിയിരിക്കുന്നു.

ഴ വെള്ളം ഒലിച്ചു പോകുന്ന,തോട് പോലുള്ള ഒരു ചാലു മാത്രമാണ് വഴിയായുള്ളത്.വാ ..അതിലെ നേരെ നടക്കാം.കാല് ചിലപ്പോള്‍ പൂണ്ടു പോകും.മൊത്തം ചെളിയാണ്.മെല്ലെ മെല്ലെനടന്ന് എത്തിയത് തുരുമ്പ്‌ പിടിച്ച ഒരു കൊടി മരത്തിനു മുമ്പില്‍..അതിന്റെ പിറകില്‍ ഓടിട്ട ഒരു പഴയകെട്ടിടം. സിമന്റ് തേക്കാത്ത ചെങ്കല്‍ ചുമരില്‍ തൂക്കിയിട്ടിരിക്കുന്ന ഒരു തകര ബോര്‍ഡില്‍ മഞ്ഞയില്‍ കറുപ്പ് നിറത്തില്‍ എഴുതിയിരിക്കുന്നു."മുത്താശ്ശിക്കുന്ന് എല്‍.പി.സ്കൂള്‍".

പെട്ടന്ന് മഴ പാറിയത് കൊണ്ടാണ് സ്കൂളിന് ഉള്ളിലേക്ക് കയറിയത്. 'ചാറല്‍' അടിച്ച് ബെഞ്ചും ഡസ്കും,ബോര്‍ഡും നനഞ്ഞിരിക്കുന്നു.വലിയ മഴ വന്നാല്‍ ഇപ്പോഴും 'ലോങ്ങ്‌ ബെല്ല'ടിച്ചു വിടുമായിരിക്കും.തീവണ്ടിയുടെ ടയര്‍ പോലുള്ള ബെല്ലും മുട്ടിയും തൂണിനടുത്ത്‌ തൂങ്ങുന്നുണ്ട്.പൊട്ടിപ്പൊളിഞ്ഞ സിമന്റ് തറയില്‍ ബീഡിക്കുറ്റികളും പാന്‍ മസാല പായ്ക്കറ്റുകളും...മേശപ്പുറത്തു പ്രാവിന്റെ കാഷ്ടം മനോഹരമായി കിടക്കുന്നുണ്ട്.'അടിച്ചു വാരല്‍ ഡ്യൂട്ടി 'ഉള്ളവര്‍ക്ക് പണിയായത്‌ തന്നെ.ജനലിന്റെ ഈ ദ്രവിച്ച മര അഴികല്‍ക്കിടയിലൂടെ 'ഉള്ള്' കാണാന്‍ ഒരു ശ്രമം നടത്തി നോക്കാം.അകത്ത് ഇരുട്ടാണെങ്കിലും ചുമരില്‍ കുറേ ചാര്‍ട്ടുകളും മറ്റും തൂക്കിയത്‌ കാണുന്നുണ്ട് .അടുത്തടുത്ത് തട്ടികള്‍ ഇട്ട് വേര്‍തിരിച്ച ക്ലാസ്സുകളൊന്നും കാണുന്നില്ല .ദൂരെ ദൂരെ മേശയ്ക്ക് ചുറ്റും മൂന്നാലു ബെഞ്ചുകള്‍ വട്ടത്തില്‍ ഇട്ടിരിക്കുന്നു.അങ്ങേയറ്റത്ത് ഉയരമുള്ള ബെഞ്ചുകള്‍ അടുപ്പിച്ച് സ്റ്റേജു പോലെ നിരത്തിയിട്ടുണ്ട്.ഇന്നലെ 'സാഹിത്യ സമാജം' നടന്നിട്ടുണ്ടാവും.


കൊടിമരത്തിന് ചുറ്റും അസെംബ്ലി കൂടാന്‍ കുറച്ചു സ്ഥലമുണ്ടെന്നല്ലാതെ പണ്ട് ഒടിക്കളിച്ച മൈതാനമൊന്നും ഇല്ല.അതുകൊണ്ട് പുറകിലോട്ടൊക്കെ ഒന്ന് നടന്നിട്ട് വരാം...ആഹാ..സ്കൂളില്‍ എനിക്ക് ഏറ്റവും ഇഷ്ടമല്ലാത്ത സ്ഥലം 'ഓവ് ചാല്‍-മൂത്രപ്പുര',കക്കൂസുകളായി മാറിയിട്ടുണ്ടല്ലോ..വെറുതെയല്ല എഴുതി വെച്ചിട്ട് കാണുന്നില്ലേ?
"പി.ടി.എ ഫണ്ട് -2000-01 വക.."
അഞ്ചാം ക്ലാസ്സിനു പുറകില്‍ കെട്ടിയുണ്ടാക്കിയ തിണ്ണയില്‍ തന്നെയാണ് കഞ്ഞിപ്പുര. ദേവലോകം പോലെ ക്ലാസ്സിലേക്ക് പുക അലയടിച്ചു വന്നിരുന്നെങ്കിലും ആദ്യം കഞ്ഞി കിട്ടിയിരുന്നത് അഞ്ചാം ക്ലാസ്സുകാര്‍ക്കയിരുന്നു. സ്റ്റാഫ്‌ റൂമിന് നേരെ പുറകിലുള്ള ഈ പാറപ്പുറത്തായിരിക്കും അറ്റ്‌ലസും ഗ്ലോബും എല്ലാം എടുത്ത്‌ നന്ദിനി ടീച്ചറുടെ സാമൂഹ്യപാഠം ക്ലാസ്സ്‌.ഇവിടെ നിന്ന് നോക്കിയാല്‍ അങ്ങ് താഴെ വയലും അതിന്റെ അപ്പുറം...ആ മൊബൈല്‍ ടവറിന്റെ അപ്പുറം ചെറിയ പുഴയും എല്ലാം കാണും.വെള്ളിയാഴ്ച ഉച്ചയ്ക്ക് കുപ്പിയും വാട്ടര്‍ ബോട്ടിലും എടുത്ത് വയലിലോട്ടു പോകലാണ് പ്രധാന പണി. രണ്ടരയ്ക്ക് മുമ്പ്‌ മടങ്ങുമ്പോള്‍ കുപ്പിയില്‍ മുശുവും കണ്ണിക്കുറിയനും,കയ്യില്‍ കുറേ ആമ്പലും എല്ലാം കാണും.

ഫീസ്‌ റൂമിന്റെ ജനല്‍ തുറന്നിട്ടിട്ടുണ്ടല്ലോ..ഇതൊന്നും പൂട്ടാതെയാണോ പോകുന്നത് ...
"ആരാ അത് ?"

അയ്യോ ..അകത്ത് ആളുണ്ട് ..ശനിയാഴ്ച ആയതുകൊണ്ട് ആരും ഉണ്ടാകില്ല എന്നാണ് കരുതിയത്‌ ..

കത്ത് ചന്ദ്രിക ടീച്ചറാണ്.ടീച്ചറായിരിക്കും ഇപ്പൊ ഹെഡ് ടീച്ചര്‍.
"ഉസ്കൂള് ഒന്ന് കാണാന്‍ വന്നതാ.."

"ഇവിടെ പഠിച്ചതാണോ?"

"വാര്‍ഷികോത്സവത്തിന്‌ ആംഗ്യപ്പാട്ട് മുഴുവനും പാടാതെ കരഞ്ഞ്‌ ഇറങ്ങി വന്ന ഒരു കുട്ടിക്ക് ടീച്ചറ് കളര്‍ പെന്‍സില്‍ ...."

"ആ ..ഇപ്പൊ ഓര്‍മ്മ വന്നു ...എനിക്കെന്തിനാ കളര്‍ പെന്സില്... എനിക്ക് സ്ലേറ്റ് പെന്സില് മതി എന്ന് പറഞ്ഞ്‌ നിലവിളിച്ച കുട്ടി...ഇങ്ങനെ തടിയും വണ്ണവും മീശയും ഒക്കെ വെച്ചാ എങ്ങനെ മനസ്സിലാവാനാ?...."

"എന്നിട്ട് ഉസ്കൂളൊക്കെ കണ്ടോ...?"

"ആ ..ഒരു മാറ്റവുമില്ല...പഴയ പോലെ തന്നെ..പിന്നെ ടീച്ചറെ അഞ്ച് -ബി യൊന്നും ഇപ്പൊ ഇല്ലേ?"

"ബിയും ഇല്ല സീയുമില്ല...ആകെ പത്തു നാല്‍പ്പതു കുട്ട്യളുണ്ട്.ഒന്നാം ക്ലാസ്സിലിരുത്താന്‍ ആ ക്വാട്ടേഴ്സിലെ തമിഴന്‍മാരുടെ മൂന്നു പിള്ളറെ കിട്ടിയത് തന്നെ ഭാഗ്യം...മാനേജര് സ്കൂളും കൂടി 'ഗ്രാന്‍ഡ്‌ ടെക്സി'ന്‌ വിറ്റു എന്ന് അദാലത്തിനു മന്ത്രിയെ കാണാന്‍ പോകുന്നതിനു മുമ്പാണ് അറഞ്ഞത്‌.പൂട്ടിപ്പോവാതെ നിന്നാല്‍ നമ്മള് മൂന്നാല് പെണ്ണുങ്ങളുടെ കുടുംബം കുറച്ചു കാലം കൂടി പട്ടിണിയില്ലാതെ കഴിയും."

ല്ല.. ടീച്ചറ് പറഞ്ഞ ഈ 'ഗ്രാന്‍ഡ്‌ ടെക്സ് ' ഏതാ? പണ്ട് ബോര്‍ഡ്‌ മായിക്കാന്‍ 'പൊടേക്കര' വാങ്ങാന്‍ ഇടയ്ക്കിടയ്ക്ക് ക്ലാസ്സില്‍ നിന്നും പോയിരുന്ന ഒരു നെയ്ത്തുശാല ഉണ്ടായിരുന്നു.അവരിന്ന് വലിയ എക്സ്‌പോര്‍ട്ടിംഗ് കമ്പിനി ആയെന്ന് കേട്ടിരുന്നു.സ്കൂള്‍ പൂട്ടിപ്പോയാല്‍ ഗോഡൌണ്‍ ആക്കാമല്ലോ ...


നൊസ്ടാല്‍ജിയന്‍ പൈങ്കിളിക്കഥ ഇതു വരെ ....ഇനി അല്പം കാര്യങ്ങള്‍ ....

തു പോലുള്ള സ്മാരകങ്ങള്‍ എങ്ങനെയുണ്ടാവുന്നു? കുട്ടികള്‍ ഇടയ്ക്ക് വെച്ച് പഠനം നിര്‍ത്തി പോകുന്നു എന്നാണ് വിദഗ്ദാഭിപ്രായം.നിര്‍ത്തി പോകാന്‍ ഒന്നാം ക്ലാസ്സില്‍ കുട്ടികള്‍ ചേരണ്ടേ?
പണ്ടൊക്കെയാണെങ്കില്‍ ചെറിയ കുട്ടികളെ നോക്കാന്‍ വീട്ടില്‍ അമ്മൂമ്മമാരും ചെറിയമ്മമാരുമൊക്കെ ഉണ്ടായിരുന്നു.ചോറും കറിയും വെച്ച് കളിച്ചു നടക്കുന്ന കുട്ടികളെ അഞ്ചാം വയസ്സില്‍ അരിയിലെഴുതിച്ച് ഒന്നാം ക്ലാസ്സില്‍ കൊണ്ടിരുത്തും.അണു കുടുംബങ്ങള്‍ പെരുകിയപ്പോള്‍ കുട്ടികളെ നോക്കാന്‍ സമയമില്ലാതെയായി.അവിടെയാണ് 'അംഗണ്‍ വാടികള്‍' പ്രചാരത്തിലായത്.രാവിലെ അവിടെ കൊണ്ടുചെന്നാക്കിയാല്‍ മതി.പാലും പൊടിയും ഒക്കെ കൊടുത്ത്‌ 'ആയ' കുട്ടിയെ നോക്കിക്കൊള്ളും.ഒന്നാം ക്ലാസില്‍ ചേര്‍ക്കാനായാല്‍ തൊട്ടടുത്തുള്ള സ്കൂളില്‍ ചേര്‍ക്കും.അല്പം കൂടി സാമ്പത്തിക
സ്ഥിതിയുള്ളവര്‍ക്ക് കുഞ്ഞു കുഞ്ഞു നഴ്സറികളും ഉണ്ടായിരുന്നു.
ഇന്നിപ്പോള്‍ അതാണോ സ്ഥിതി?മക്കളോട് സ്നേഹം ഉള്ള ഒരമ്മമാരും കുഞ്ഞിനെ അംഗണ്‍ വാടിയില്‍ അയക്കില്ല.ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ഒരു കുടുസുമുറിയും കുറേ പൊടിക്കുട്ടികളും..തിന്നലും കുടിക്കലും തൂറലും എല്ലാം അതില്‍ തന്നെ.പോരാത്തതിന് ഗര്‍ഭിണികളുടെ പരിശോധനയുംമരുന്ന് കൊടുക്കലും.അല്പം 'സ്റ്റാറ്റസ്' ഉള്ളവരാരും മക്കളെ അങ്ങോട്ടയക്കില്ല.അങ്ങനെയാണ് കാശ്‌ കടംവാങ്ങിയിട്ടാണെങ്കിലും കൂലിപ്പണിക്കാര് പോലും ഓമനകളെ ഓട്ടോറിക്ഷയില്‍ കുത്തിക്കയറ്റി
എല്‍ .കേ. ജീലോട്ട് അയക്കുന്നത്.ഇനി ഒന്നാം ക്ലാസ്സില്‍ മാറ്റി ചേര്‍ക്കാമെന്നു കരുതിയാല്‍ പാര്‍ക്കും, പാവകളെയും ഒക്കെ കണ്ടു സുഖം പിടിച്ച കുട്ടി അവിടെ ഇരിക്കുകയുമില്ല .ഇന്നത്തെ ലോകത്തു ജീവിക്കാന്‍ അല്‍പ സ്വല്‍പ്പം'കമ്യൂണിക്കേഷന്‍ 'ചെറുപ്പത്തില്‍ തന്നെ മക്കള് പഠിച്ചോട്ടേയെന്ന് മാതാപിതാക്കളും കരുതും.

ന്റര്‍നാഷണല്‍ സ്കൂളിന്റെ ഏസി ക്വാളിസ്‌ വണ്ടി ഏത് കാട്ടുമുക്കില്‍ പോലും എത്തും.കുട്ടികളെ ഭദ്രമായി പ്രീ-സ്കൂളില്‍ കൊണ്ടു വിടും ,തിരിച്ചു വീട്ടു പടിക്കല്‍ എത്തിക്കും. എഞ്ചിനീയറിംഗ് , എം . ബി .ബി എസ്, എം. ബി.എ ഏത് വരെ വേണമെങ്കിലും പഠിക്കാനുള്ള സൗകര്യം ഒറ്റ മതില്‍ക്കെട്ടിനുള്ളില്‍ ഉണ്ട്.അത് മാത്രവുമല്ല,ഓരോ മതക്കാര്‍ക്കും ,ജാതിക്കാര്‍ക്കും സ്വന്തം സ്വന്തം വിദ്യാലയങ്ങള്‍.ഭക്ഷണത്തിനു മുമ്പുള്ള പ്രാര്‍ത്ഥനയും,ഉറങ്ങാന്‍ പോകുന്നതിനു മുമ്പുള്ള പ്രാര്‍ത്ഥനയും,ധ്യാനവും,ശ്ലോകവും എല്ലാം പഠിപ്പിക്കും.

ത്രയൊക്കെ സൌകര്യം ലഭിക്കുമ്പോള്‍ ആരെങ്കിലും മക്കളെ പട്ടിക്കാട്ടിലെ പൊട്ടസ്കൂളില്‍ അയക്കുമോ?കാലം മാറിയിട്ടും കോലം മാറാത്ത ,ഒരു മഴ വന്നാല്‍ ബോര്‍ഡ്‌ കാണാത്ത ,അടിസ്ഥാന സൌകര്യങ്ങള്‍ ഉണ്ടാക്കാതെ നേരം നേരം പുസ്തകവും ,പഠന രീതിയും മാറ്റുന്ന മലയാലം മീഡിയങ്ങള്‍.... സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ അലഞ്ഞു തിരിയുന്ന കന്നു കാലികളും മനുഷ്യരും കയറിക്കിടക്കുമ്പോള്‍ ആദായമില്ലാത്ത സിനിമാ ടാക്കീസ് പൊളിച്ചു വില്‍ക്കുന്നത് പോലെ മാനേജര്‍മാര് സ്കൂളുകളും വില്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു.വിദ്യാഭ്യാസ ബിസ്സിനസ്സ്കാര്‍ ചിലതൊക്കെ കൂട്ടത്തോടെ വിലക്കെടുത്ത്‌ ട്രസ്റ്റുണ്ടാക്കി പച്ചപിടിപ്പിക്കാന്‍ ശ്രമിച്ചതായിരുന്നു.'ആദിവാസിക്കടത്ത്' വിവാദം കാരണം അതും പാളി .
ചോര്‍ന്നൊലിക്കുന്ന മുറിയില്‍ കമ്പ്യൂട്ടറും പ്രൊജെക്റ്ററും വാങ്ങി വെച്ചും എസ് എസ് എല്‍ സി ക്ക് വിജയ ശതമാനം കൂട്ടിയും ക്ലസ്റ്റര്‍ മീറ്റിങ്ങുകള്‍ നടത്തിയും സര്‍ക്കാറുകള്‍ വിദ്യാഭ്യാസത്തെ പുരോഗതിയിലേക്ക് നയിക്കുന്നു.ടാറ്റയുടെയും ബിര്‍ളയുടെയും,zee യുടെയും ഒക്കെ വന്‍കിട പ്രീ-സ്കൂളുകളും, ബോര്‍ഡിങ്ങുകളുമൊക്കെയേ ഇനി വ്യാപകമാകാനുള്ളൂ.

ഒരു 'ക്ലാസ്സ്‌മേറ്റ്സ്‌ ' ഇറങ്ങിയപ്പോള്‍ മുതല്‍ കോളേജുകളില്‍ 'അലുമിനി മീറ്റു'കളുടെ തിരക്കാണ്.പഴയ പള്ളിക്കൂടത്തെപ്പറ്റി ഇനി ഒരു സിനിമ ഇറങ്ങി,ആരെങ്കിലും അങ്ങോട്ട്‌ അന്വേഷിച്ചു ചെല്ലുമ്പോഴേക്കും,അറവുമാടുകളെപ്പോലെ അന്ത്യ ദിനവും കാത്തിരിക്കുന്ന ഈ സ്മാരകങ്ങള്‍ ഉണ്ടാകുമോ ?പഴയ നാലാം ക്ലാസ്സിലെ മലയാളം പദ്യത്തിലെ വരികള്‍ പോലെ ...

"തിങ്കളും താരങ്ങളും തൂവെള്ളി കതിര്‍ ചിന്നും
തുങ്കമാം വാനിന്‍ ചോട്ടിലാണെന്റെ വിദ്യാലയം .........."