Friday, January 11, 2013

സര്‍വ്വസുഗന്ധങ്ങള്‍ ...!


വേദിയില്‍ പ്രവാസികളുടെ കലാപരിപാടികളും വാചകമേളയും തകര്‍ത്തു നടക്കുമ്പോഴും  കൊച്ചു കുറുമ്പന്‍മാരുടെയും കുറുമ്പികളുടെയും ശ്രദ്ധ ഹാളില്‍ തൂക്കിയിട്ടിരിക്കുന്ന ബലൂണുകളില്‍ ആയിരുന്നു.കസേരകളില്‍ കയറിനിന്ന് അവര്‍ ബലൂണുകള്‍ എത്തിപ്പിടിച്ച്‌ പൊട്ടിക്കുന്നുണ്ടായിരുന്നു.അങ്ങനെയാണ് ഒരു ബലൂണ്‍ കഷണം എന്റെ കൈയിലെത്തിയത്.അത് ചവറ്റു കുട്ടയില്‍ കളയുന്നതിനു മുമ്പ് ചെറിയൊരു കൌതുകം തോന്നി.ബലൂണ്‍ കഷണം ചെറിയ ബോള്‍ പോലെയാക്കി കൈവെള്ളയില്‍ ഉരസിയാല്‍ സുഖമുള്ള ഒരു സംഗീതം കേള്‍ക്കുന്ന കൌതുകം.

പക്ഷെ പെട്ടന്നാണ് വേറൊരു കൌതുകം സംഭവിച്ചത്.ആ ബലൂണ്‍ കഷണത്തിന്റെ മണം മൂക്കിലേക്ക് ഇരച്ചു കയറിയതും കഥകളില്‍ കേട്ട' ടൈം മെഷീന്‍ 'പോലെ സ്ഥല കാലങ്ങള്‍ പിറകോട്ടു പാഞ്ഞു. വീണ്ടും വീണ്ടും മണക്കുമ്പോഴും കാലം പിറകോട്ടു പോയിക്കൊണ്ടിരുന്നു.ഒടുവില്‍  ചെന്നെത്തിയത് അമ്പലപ്പറമ്പിലാണ്.ആപ്പിള്‍ ബലൂണും കുരങ്ങന്‍ ബലൂണും കൂടി നില്‍ക്കുന്ന ഉത്സവ ചന്ത.അവിടെ നിന്നും നേരെ അരിപ്പൊടിയും മഞ്ഞള്‍ പ്രസാദവും മണക്കുന്ന തെയ്യപ്പറമ്പിലേക്ക്.ബലൂണ്‍ തട്ടിക്കളിച്ചു ഓടി നടന്ന തെയ്യപ്പറമ്പ്.. കാറ്റ് പോയ ബലൂണിനും പൊട്ടിയ ബലൂണിനും ഓരോ മണമാണ്.ഉത്സവ ചന്തയിലെ ഓരോന്നിനും ഓരോ മണമാണ്.'കാപ്സിനും 'അത് പൊട്ടിക്കുന്ന തോക്കിനും ഒരു മണം .മുട്ടപ്പൊരിക്ക് ഒരു മണം. .കരിമ്പിനും 'ബത്തക്ക 'കൂട്ടത്തിനും മറ്റൊരു മണം.കുരുത്തോലയും വിളക്കുകളും ജനത്തിരക്കും നിറഞ്ഞ പറമ്പിനു മൊത്തത്തില്‍ വേറൊരു മണം.

ഹോ...!!അതികഠിനമായ അത്തറിന്റെ മണവുമായി ഒരറബി ടാക്സിയില്‍ കയറിയപ്പോഴാണ് ഞാന്‍ ഉത്സവ പറമ്പില്‍ നിന്ന് മടങ്ങിയത്.ചില മണങ്ങള്‍ അഥവാ ഗന്ധങ്ങള്‍ അങ്ങനെയാണ്.സുഗന്ധമായാലും ദുര്‍ഗന്ധമായാലും നൊസ്റ്റാള്‍ജിയ മൊത്തമായും ചില്ലറയായും കൊണ്ടുവരും.പിന്നെ കുറെ സമയം ഭൂതകാലം അയവിറക്കി വേറൊരു ലോകത്ത് കറങ്ങി നടക്കാം..അതൊരു സുഖം തന്നെയാണ്.ഒരു തരം ലഹരി പോലെ.പലപ്പോഴും തോന്നിയിട്ടുണ്ട്,ഓര്‍മ്മയും ഗന്ധവും നല്ല കൂട്ടുകാരാണെന്ന്.പല ഓര്‍മ്മകളും ചെന്നെത്തുന്നത് ഏതെങ്കിലും ഗന്ധത്തിലായിരിക്കും.അല്ലെങ്കില്‍ ഏതെങ്കിലും ഒരു ഗന്ധം മതി ഓര്‍മ്മകള്‍ ഒന്നൊന്നായി പെയ്തിറങ്ങി വരാന്‍........

മ്മിഞ്ഞപ്പാലിന്റെ രുചി ഓര്‍മ്മയിലെങ്കിലും 'അമ്മ'യുടെ മണം മൂക്കിന്‍ തുമ്പിലുണ്ട്.അന്നും ഇന്നും അമ്മയ്ക്ക് ഒരേ മണം തന്നെ.അമ്മമ്മ മുണ്ടും വേഷ്ടിയില്‍ കുഴമ്പു പുരണ്ട ഒരു മണമായി മനസ്സിലുണ്ട്. കാടും റോസ് നിറത്തിലുള്ള സിറപ്പിന്റെയും കൊതുക് കടിച്ചുള്ള തടിപ്പ് മാറാന്‍ പുരട്ടിത്തന്നിരുന്നഏതോ ഒരു  റോസ്  മരുന്നിന്റെയും ഗന്ധം,പൌഡര്‍ 'ഡബ്ബ'യില്‍ നിന്നും സ്പോഞ്ച് കൊണ്ട് മുഖത്തു തേച്ചു തന്നിരുന്ന പൌഡറിന്റെ മണം,'കതുകച്ചാറി'ല്‍ നനഞ്ഞ തലയിണയുടെ മണം,'കോപ്പ'യില്‍ കലക്കി തന്നിരുന്ന സെര്‍ലാക്കിന്റെയും ഫാരെക്സിന്റെയും മണം ഇതൊക്കെയാണ് എന്റെ പിച്ച വെച്ച കാലത്തിന്റെ ഓര്‍മ്മമണങ്ങള്‍ ..ഒരു പക്ഷെ ആദ്യമായി കാണുന്നതെല്ലാം ,വായയില്‍ വച്ചു തന്നതുള്‍പ്പടെ ആദ്യം മണത്തു നോക്കിയാതുകൊണ്ടാകാം, അല്ലെങ്കില്‍ മണത്തിനു രുചിയുമായും ഓര്‍മ്മയുമായുള്ള  നിഗൂഢ ബന്ധം കൊണ്ടാവാം ഓര്‍മ്മ മണമാകുന്നത്.


ന്നും രാവിലെ തോര്‍ത്തു മുണ്ടുടുത്ത് പച്ച വെളിച്ചെണ്ണ തേച്ചു നില്‍ക്കുന്ന അച്ഛന് പച്ച വെളിച്ചെണ്ണയുടെ മണമാണ്.വല്യമ്മയ്ക്ക് ഇന്നും ചൂട് കട്ടന്‍ 
കാപ്പിയില്‍ നെയ്യ്  ഉഴിക്കുമ്പോളുള്ള  ചൂട് മണമാണ് .ബാല്യത്തിന്റെ ബാലാരിഷ്ടതകളില്‍ ,മണ്ണില്‍ കളിക്കുമ്പോള്‍  മാത്രം കാലില്‍ വരുന്ന "പുണ്ണി"ന്റെ ഗന്ധവും അതിനു മറു മരുന്നായി ഔണ്‍സ് ഗ്ലാസ്സില്‍ അളന്നു തന്നിരുന്ന ബാലന്‍ വൈദ്യരുടെ മധുരമുള്ള അരിഷ്ടത്തിന്റെ ഗന്ധവും 'മൂക്ക് പൊത്തിയിട്ട് ഇറക്കിക്കോ 'എന്ന് പറഞ്ഞു തന്നിരുന്ന കഷായത്തിന്റെ കയ്പ്പുള്ള ഗന്ധവും ഓര്‍മ്മയായുണ്ട്.കുട്ടി  കുസൃതികള്‍ക്ക് പകരമായി കൈമുട്ടിലും കാല്‍മുട്ടിലും 'തോല് പെരങ്ങി 'ചോര പൊടിയുമ്പോളുളള മണവും,പെട്ടന്ന് ഉണങ്ങാനായി 'തുപ്പല്‍ 'പുരട്ടുമ്പോളുള്ള മണവും വേറെ വേറെയാണ് .ജലദോഷവും പനിയും പിടിച്ച് മൂടിപ്പുതച്ചുറങ്ങുമ്പോള്‍ മൂക്കിനു ചുറ്റും എന്തോ ഒരു വൃത്തി കെട്ട  മണമാണ്.ഉപ്പിലിട്ട മാങ്ങയും കൂട്ടി അമ്മ  ചൂട് കഞ്ഞി സ്പൂണില്‍ വായയില്‍ വച്ചു  തരുമ്പോളാണ് അത് പോകുന്നത്.പനിക്കാലത്തെ ഉറക്കത്തിനാണെങ്കില്‍  മൂക്കിലേക്ക് വലിച്ചു കേറ്റിയ 'വിക്സി'ന്റെ മണമാണ്.

ചിരട്ട പാത്രത്തില്‍ വിളമ്പി വെച്ച ചരല്‍ മണ്ണ് ചോറിനും ചെമ്പരത്തി താളി വെളിച്ചെണ്ണ ചാലിച്ച താളില കറിയുടേയും കൊതിയൂറുന്ന മണത്തിനു കൂട്ടായി കളിക്കൂട്ടുകാരിയുടെ 'പെറ്റി ക്കൊട്ടി'ന്റെ മണവും ഉണ്ടായിരുന്നു.അവളുടെ 'മേക്ക് അപ്പ്‌ കിറ്റി'ലെ ശിങ്കാര്‍ എന്ന കടും ചുവപ്പ് ചാന്തിന്റെ സുഗന്ധത്തിനു ചേരാതിരുന്നത് തലയിലെ പേനിന്റെയും ഈരിന്റെയും നാറ്റമായിരുന്നു.സന്ധ്യക്ക്‌ കഷ്ടപ്പെട്ട് പറിച്ചു കൊടുക്കന്ന മുല്ല മൊട്ടിന്റെ മണമല്ല,പിറ്റേന്ന് അവളുടെ മുടി കുടുങ്ങിക്കിടക്കുന്ന മുല്ലപ്പൂവിന്.. ഉറുമ്പ്‌ കടിച്ചാല്‍ ,ചുവന്നു വന്ന ഭാഗത്ത്‌ അവള്‍ തുളസിയില ഞെരടി തേച്ചു തരും.തടിപ്പ് പോയാലും തുളസിയുടെ മണം അവിടെ തന്നെ ഉണ്ടാകും .മ്മയുടെ പുതിയ വാവയെ കാണാനാണ് ആദ്യമായി ആശുപത്രിയില്‍ പോയത്.ആശുപത്രികള്‍ക്ക് ഇന്നും ആ  പേടിപ്പിക്കുന്ന മണം തന്നെ.കുഞ്ഞു വാവയ്ക്ക് കണ്മഷിയുടെ മണമാണെങ്കിലും അപ്പിയ്യിട്ടാലും ഇച്ചി വീത്തിയാലും ആ വെള്ളത്തുണിക്ക് വേറൊരു മണമാണ്.

ഴ പെയ്തു തോര്‍ന്ന രാവിലെ സ്കൂളിലെ ബഞ്ചിനും ഡസ്കിനും ബ്ലാക്ക് ബോര്‍ഡിനും നനഞ്ഞ 
ചോക്കിന്റെ മണമാണ്.അന്ന് ഉച്ചയ്ക്ക് ഉച്ചക്കഞ്ഞിക്കും ചെയുപയര്‍ കറിക്കും ആവി പറക്കുന്ന രുചിമണമാണ്.മെയ് രണ്ടിന് കിട്ടുന്ന പുതിയ ടെക്സ്റ്റ്‌ ബുക്കുകളും നോട്ട് ബുക്കുകളും കിട്ടിയാല്‍ ആദ്യം നടുപ്പേജാണ് തുറക്കുന്നത്,മണത്തു നോക്കാന്‍ ...അതെ നടുപ്പേജിലാണ് സിന്തോളിന്റെ കടലാസ് കവര്‍ വയ്ക്കുന്നത്.ചില സുന്ദരിമാര്‍ പൌഡര്‍ സൂക്ഷിച്ചു വെയ്ക്കുന്നതും ആ പേജില്‍ തന്നെ. 

ഴുത്ത് പഴുത്ത് നിലത്ത് അടിയുന്ന പഴം ചക്കയുടെ മണം ചെറിയ കാറ്റ് അടിക്കുമ്പോള്‍ പറമ്പ് മുഴുവന്‍ ഓടിക്കളിക്കും .കശുമാങ്ങയുടെ സുഗന്ധം തട്ടാതെ  രാവിലെ കുന്നിന്‍ പുറത്ത് നടക്കാന്‍ പറ്റില്ലായിരുന്നു .വെയിലത്ത്‌ ഉണങ്ങുന്നതു  വരെ കശുവണ്ടിയുടെ കറ മണം പൊറുക്കിക്കൂട്ടിയിടത്ത് കാത്തിരിക്കും.ചേന പൂത്തതായിരിക്കും എന്നു പറഞ്ഞാലും പ്രകൃതിയിലെ ഏറ്റവും  വൃത്തികെട്ട മണം തരുന്ന ചേനപ്പൂവിനെ പറമ്പിലെങ്ങും പരതിയാല്‍ കാണാറില്ല.രാത്രിയില്‍ ആഞ്ഞടിച്ച  കാറ്റില്‍ വീണു കിടക്കുന്ന 
പഞ്ചസാര മാങ്ങകളുടെ മധുര മണം കല്ലെറിഞ്ഞു വീഴ്ത്തുന്ന പച്ച മാങ്ങയുടെ'ചെന'മണം കവച്ചു വെയ്ക്കും.സവാള,കാരറ്റ്,വെണ്ട,മുരിങ്ങ,വഴുതന,തക്കാളി കൂടെ വെളുത്തുള്ളി, പച്ചമുളക് പിന്നെ ഇഞ്ചി ഇവ മുറിച്ചിട്ട് എവിടെ കൂട്ടിയിട്ടു കണ്ടാലും ('എക്സിബിഷന്‍ 'നഗരികളിലെ പ്രധാന വില്പന വസ്തുവായ' പച്ചക്കറി കട്ടര്‍ 'സ്റ്റാളിലും)ആ കൂട്ടമണം ഒന്ന് ഉള്ളിലേക്ക് ആവാഹിച്ചാല്‍ മതി,സദ്യ ഉണ്ട പ്രതീതിയാണ് അല്ലെങ്കില്‍ കല്യാണ പിറ്റേന്ന് കലവറയില്‍ നില്‍ക്കുന്ന പ്രതീതി.!!


ഴിമണങ്ങളുടെ യാത്ര ഇലഞ്ഞിപൂക്കള്‍ വീണുകിടക്കുന്ന കുറ്റിക്കരയിലേക്കുള്ള ഇടവഴിയില്‍ നിന്ന് തുടങ്ങുന്നു.എന്നും സ്കൂളിലേക്കുള്ള യാത്രയില്‍ ആദ്യം റബ്ബര്‍ ഫാക്ടറിയുടെ ചീഞ്ഞ ഫോം ഷീറ്റുകള്‍ ,പിന്നെ തുണിക്കമ്പിനിക്ക് മുമ്പിലെ ,ചായം മുക്കിയ വെള്ളംപോകുന്ന ഓട, സഹദേവേട്ടന്റെ പീടികക്ക് മുമ്പിലെ ബീഡി 'തെരപ്പ് -ചാപ്പ',മൊയ്തൂക്ക മീന്‍ കൊട്ടയിലെ വെള്ളം ഒഴിക്കുന്ന കാട്ടുമുക്ക്,തുടങ്ങി ഒരുപാട് കാഴ്ചകള്‍ ...

ച്ഛന്റെ കൈ പിടിച്ചു പോയ സ്ഥലങ്ങള്‍ അടയാളപ്പെടുത്തിയിരിക്കുന്നത് ഗന്ധങ്ങളുടെ മാപ്പിലാണ്.അന്ത്രുമാന്റെ പീടികക്ക് അരിച്ചാക്കു മണമാണ്.പഞ്ചായത്ത് കിണറിനു ചുറ്റും ലൈഫ് ബോയ്‌ സോപ്പിന്റെ മണം,റേഷന്‍ പീടികക്ക് മണ്ണണ്ണ മണം,ജാനകി ഹോട്ടലിലെ കണ്ണാടി കൂട്ടിനു ബോണ്ടയുടേയും പഴം പൊരിയുടെയും മെഴുക്കു മണം,ബാര്‍ബര്‍ ഷോപ്പിലെ സ്പ്രേ മണം,കര്‍പ്പൂരം കത്തിക്കുന്ന മാരിയമ്മന്‍ കോവിലിനു പുറകിലൂടെ പോയാല്‍ കാണുന്ന മീന്‍ മാര്‍ക്കറ്റിന്റെ മണം.. അങ്ങനെ മണമുള്ള യാത്രകള്‍ ..

സ്സില്‍ ഇരുന്നു കൊണ്ട് മണത്ത സ്ഥലങ്ങള്‍ നിരവധി.പടന്നപ്പാലത്ത് എത്തിയാല്‍ ,ആ കറുത്ത തോടു കാണുമ്പോഴേ മൂക്ക് പൊത്തും .പള്ളിക്കുളം ജംഗ്ഷനില്‍എത്തിയാല്‍ സ്വാമി സമാധിയിലെ ചന്ദനത്തിരി  മണമാണ്.കാണിക്ക കൊടുത്ത് ക്ലീനര്‍ ഒരു ചന്ദനതിരിയെയും ബസ്സില്‍ കൈ പിടിച്ചു കയറ്റും,ചിലപ്പോള്‍ നഗരസഭയുടെ ഔദ്യോഗിക വാഹനം ഓവര്‍ടേക്ക് ചയ്തു പോകും,അതൊരു ഒന്നൊന്നര മണമാണ്..!കൊപ്ര കമ്പനിയുടെ മുന്നില്‍ എത്തിയാല്‍ നല്ല തേങ്ങ വറുക്കുന്ന ഗന്ധം, വളപട്ടണം പാലം എത്തിയാല്‍ നല്ല ചെളിയുടെ ,കണ്ടല്‍ക്കാടിന്റെ ഗന്ധക്കാറ്റ്..അതില്‍ നാട്ടുകാരുടെ ഭാഷയില്‍ പറഞ്ഞാല്‍  'കോഴി വേസ്റ്റി'ന്‍റെ ഗന്ധവും അലിഞ്ഞു ചേര്‍ന്നിട്ടുണ്ടാകും.

തീവണ്ടി യാത്ര എന്നാല്‍ മലബാര്‍ /പരശുറാം  എക്സ്പ്രെസ്സിലെ ജനറല്‍ കമ്പാര്‍ട്ട്മെന്റിലെ ടോയ്ലെറ്റ് മണമാണ്.ചിലപ്പോള്‍ തോന്നും തീവണ്ടികള്‍ക്കെല്ലാം ആ  മണമാണെന്ന്.കഷ്ടപ്പെട്ട് സഹിച്ചു മണത്ത മണങ്ങളില്‍ ആദ്യം ഈ തീവണ്ടി മണവും വരും.എങ്ങനെയെങ്കിലും 'ഇറങ്ങേണ്ട സ്റ്റേഷന്‍ എത്തിയാല്‍ മതിയേ' എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ടുള്ള യാത്രകള്‍ .എട്ടു മുതല്‍ പത്തു വരെ  തൊട്ടടുത്ത്‌ ഇരുന്നു പഠിച്ച കൂടുകാരന്റെ ,'ടിഫ്ഫിന്‍  ബോക്സ്‌ 'തുറക്കുമ്പോള്‍  വന്നിരുന്ന മണം  സഹിക്കാന്‍ പറ്റാത്ത മണങ്ങളില്‍ രണ്ടാമത്.. എന്നും കടലക്കറിയും ചോറും തൈരും,മീന്‍ പൊരിച്ചതും,പപ്പടവും,മുട്ട ബുള്‍സൈയും കുത്തി നിറച്ചു കൊണ്ടുവരുന്ന ആ ബോക്സ്‌  തുറന്ന ഉടനെ  നനഞ്ഞ  പപ്പടമെടുത്തു,സ്നേഹത്തോടെ ചോദിക്കും "വേണാടാ ?" തിരിച്ചു എനിക്കും സ്നേഹം ഉണ്ടായിരുന്നതിനാല്‍ "വേണ്ടെടാ .."എന്നു പറയും. ആ സ്നേഹം ഒന്ന് കൊണ്ട് മാത്രമാണ് മൂന്നു കൊല്ലവും അവന്റെ അടുത്തിരുന്നു ചോറ് തിന്നത്.

ണ്ണ് തട്ടാതിരിക്കാന്‍ ഉണക്കു മുളകും കടുകും പിന്നെ എന്തൊക്കെയോ  കൈയ്യിലെടുത്തു  ഉഴിഞ്ഞ ശേഷം അമ്മ അടുപ്പിലിടും .പിന്നെ ഒരു കടുത്ത മണമാണ് .തുമ്മല്‍ വരുത്തുന്ന മണം.കുട്ടിക്കാലത്ത് ഒരുപാട് സഹിച്ചിട്ടുണ്ട് ആ മണം.ദിവസവും കുളിച്ചാലും വസ്ത്രം മാറിയാലും ഒരു പ്രത്യേക ഗന്ധം ( വയറ്റില്‍ നിന്നോ ,അതോ ദേഹത്ത് നിന്നോ വന്നിരുന്ന )പരത്തി നടന്നിരുന്ന ഒരുത്തനെ ക്ലാസ്സ്‌ റൂമില്‍ മാത്രമല്ല ഹോസ്റ്റല്‍ റൂമിലും സഹിക്കേണ്ടി വന്നത് മറ്റൊരു കഥ.ഒരു 'ലിഫ്റ്റും'തന്ന് രണ്ടു മണിക്കൂര്‍ നേരത്തെ യാത്രയില്‍ രണ്ടു മണിക്കൂറും സംസാരിച്ചു കൊണ്ട്  കാറോടിച്ച ഒരു ഫിലിപ്പീനി സുഹൃത്ത് വായ തുറക്കുമ്പോഴെല്ലാം ഞാന്‍ മൂക്കും പൊത്തി , ഉറക്കം നടിച്ചു കിടക്കുമായിരുന്നു.അധികമായാല്‍ ഏതു ഗന്ധവും ദുര്‍ഗന്ധമാകും എന്ന് പറഞ്ഞ പോലെയാണ് മറ്റു ചിലര്‍ ..ഹോസ്റ്റല്‍ ആശ്രമത്തില്‍ രാസ്നാദി പൊടി തലയില്‍ വാരിയിട്ടു നടക്കുന്ന 'രാസ്നാദി സ്വാമിജി'എന്നൊരുത്തന്‍ ,ലോകത്തുള്ള മുഴുവന്‍ അത്തറും പെര്‍ഫ്യൂമും പുരട്ടി നടക്കുന്ന 'മണവാളന്‍',ദിവസവും രണ്ടുനേരംദ്രവ്യങ്ങള്‍ പുകച്ച് പൂജ ചെയുന്ന "പൂജാരി "എന്നിവര്‍ അവരില്‍ ചിലര്‍ മാത്രം. 

 ത്ര ദുര്‍ഗന്ധമായാലും അത് ചിലപ്പോള്‍ ചിലര്‍ക്ക്  സുഗന്ധമായി മാറും .'അമ്മാ. ടാങ്ക് വൃത്തിയാക്കാനുണ്ടോ?'എന്നും ചോദിച്ചു വീട്ടില്‍ വരുന്ന തമിഴനും ,വലിച്ചു വലിച്ചു പുകയില്‍ മറഞ്ഞു നടക്കുന്ന അച്ചായനും,പന്നിയുടെ നെയ്യ് ഉരുക്കുന്ന റോസി ചേച്ചിയും ആ സുഗന്ധം ഇഷ്ടപ്പെടുന്നവരാണ്.എന്നും രാവിലെ "കച്ചറ "പെറുക്കാന്‍ വരുന്ന പച്ച കുപ്പായക്കാരനും അങ്ങനെ തന്നെ.

ളവു തിരിഞ്ഞപ്പോള്‍ വലിയ 'കച്ചറ ഡബ്ബ'യുടെ മണം.അത് കഴിഞ്ഞു ഗ്രില്‍ ചിക്കന്റെയും..ഫ്ലാറ്റ് എത്തിക്കഴിഞ്ഞു.ടാക്സിക്ക് കാശു കൊടുത്ത്, ബാക്കി പേഴ്സില്‍ ഇടുന്നതിനു മുമ്പ്"നോട്ട് "മണത്തു നോക്കി.റിയാല്‍ ആയാലും ,ദിര്‍ഹം ആയാലും ,രൂപ ആയാലും നോട്ടുകള്‍ക്ക് ഒരേ മണമാണെന്നാണ് തോന്നുന്നത്...

സ്റ്റ് ഫ്ലോറില്‍ ന്യൂ ഇയര്‍ ആഘോഷം തകര്‍ക്കുകയാണ്.ഉച്ചത്തില്‍ ആര്‍പ്പു വിളികള്‍ കേള്‍ക്കാം.ലിഫ്റ്റില്‍ കയറുന്നതിന് മുമ്പ് ആഘോഷക്കാരുടെ വാതില്‍ മെല്ലെ തുറന്നു നോക്കി..നല്ല 'വാളി'ന്റെ മണം..!!ഇതേ മണമാണ് പണ്ട്  കോളേജില്‍  ആര്‍ട്സ് ഫെസ്റ്റിവലിന്  ആലക്കോട്കാരന്‍  അച്ചായന്‍ ക്ലാസ് റൂമില്‍ സൃഷ്ടിച്ചത്.ലോകത്തുള്ള സ്പ്രേ മുഴുവന്‍ അടിച്ചിട്ടും രക്ഷയില്ലാതിരുന്നതിന്നാല്‍  അന്ന് അച്ചായനെയും ആ മുറിയെയും പൂട്ടിയിടുകയായിരുന്നു.മണങ്ങള്‍ വീണ്ടും ഓര്‍മ്മകളെ കൊണ്ടുവരികയാണ്.ഓര്‍മ്മകള്‍ മണങ്ങളെയും....!
13 comments:

ആദര്‍ശ് | Adarsh said...

സര്‍വ്വസുഗന്ധങ്ങളുമായി ചായിപ്പ് വീണ്ടും തുറക്കുന്നു...
അനുഗ്രഹിക്കുക..ആശീര്‍വദിക്കുക..
പുതുവത്സരാശംസകളോടെ..
സസ്നേഹം,
ആദര്‍ശ്

മുല്ല said...

നല്ല മണം..

മാണിക്യം said...

'വെള്ളരിക്കാപ്പട്ടണം' കാണാതെ ആയപ്പോള്‍ ഒരു വല്ലാത്ത വിമ്മിട്ടം തോന്നിയിരുന്നു.

ഇന്നലെ ചായിപ്പില്‍ ഒരു പോസ്റ്റ് എന്ന വിവരം.:)
മണമുള്ള ഓര്‍മ്മകള്‍ക്ക് നന്ദി . പതിവ്‌ പോലെ മനസ്സില്‍ തട്ടുന്ന രചന.

ഏതൊക്കെയോ സുഗന്ധങ്ങള്‍ എന്നെയും എവിടെ ഒക്കെയോ കൊണ്ടെത്തിച്ചു ..... ഇനി മുടക്കമില്ലാതെ "ചായ്പ്പില്‍" വിഭവങ്ങള്‍ നിറയുമെന്ന്‍ കരുതട്ടെ!!

പുതുവത്സരാശംസകള്‍!!

നവരുചിയന്‍ said...

..........,

... ^ ^ ::----------

Divya said...

Grt Post

ആദര്‍ശ് | Adarsh said...

നന്ദി മുല്ല ചേച്ചി..

നന്ദി മാണിക്യം ചേച്ചി ,പഴയ പരിചയക്കാരുടെ കൂട്ടത്തില്‍ നിന്നും ചേച്ചി ചായിപ്പില്‍ ആദ്യം എത്തിയതില്‍ സന്തോഷം.:)തീര്‍ച്ചയായും ചായിപ്പില്‍ വിഭവങ്ങള്‍ നിറക്കാന്‍ ശ്രമിക്കാം.

നന്ദി നവരുചിയന്‍,ദിവ്യ...

ജന്മസുകൃതം said...

മണങ്ങള്‍ വീണ്ടും ഓര്‍മ്മകളെ കൊണ്ടുവരികയാണ്.
നല്ല മണം....ഇഷ്ടപ്പെട്ടു.
ആശംസകള്‍!!

ആദര്‍ശ് | Adarsh said...

നന്ദി ,ജന്മസുകൃതം ...:)

മുക്കുവന്‍ said...

this is my first trip here!

excellent writing.. keep going.

cheers

ആദര്‍ശ് | Adarsh said...

നന്ദി ,മുക്കുവൻ ..:)

sooryajith pazhaya valappil said...

ആശംസകൾ

karthika said...

nannayittundu.....vayanakare...orupadu...pinnottu valichukondupokunnu.....manju poyithudangiya ormakal... maranju thudangiya chithrangal.....

ഫൈസല്‍ ബാബു said...

ചായിപ്പ് പലപ്പോഴും വായനയില്‍ പുതുമ സമ്മാനിക്കുന്നു. ഒരു ചെറിയ ത്രെഡില്‍ നിന്നും മനോഹരമായ ചില ചിന്തകള്‍ കൊള്ളാം.