Thursday, July 30, 2020

കോവിഡിന്റെ അരവർഷം !

2020നെ കോവിഡ് -19 എന്ന മാരക വൈറസ് കാർന്നു തിന്നാൻ തുടങ്ങിയിട്ടു ജൂലായ് 30ന്  അരവർഷം പിന്നിട്ടിരിക്കുന്നു .കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ ഇന്ത്യയിലെ  ആദ്യത്തെ കോവിഡ് രോഗബാധ,കേരളത്തിൽ റിപ്പോർട്ട് ചെയ്‌തിട്ടു ജൂലായ്‌ 30 ന് ആറു മാസം തികഞ്ഞു .ലോകം മുഴുവൻ പ്രശംസിച്ച 'കേരള മോഡലിൽ 'നിന്നും ,"ഭയം വേണ്ട ,ജാഗ്രത മതി "എന്ന ആപ്ത വാക്യത്തിൽ നിന്നും "ഭയം വേണം , ജാഗ്രതയോടൊപ്പം "എന്ന അവസ്ഥയിലേക്കാണ് ഇപ്പോൾ കേരളം പോകുന്നുന്നത്.



ഒരു പ്രവാസിയായ്‌ ‌ ,U.A.E യിലെ ഒരു അബുദാബി ഗവണ്മെന്റ് ആശുപത്രിയിൽ ബയോമെഡിക്കൽ എഞ്ചിനീയർ ആയി ജോലി ചെയ്യുന്ന എനിക്ക് ഈ കഴിഞ്ഞ അരവർഷം ,മറ്റ് എല്ലാവരെയും പോലെ തന്നെ ആശങ്കകൾ നിറഞ്ഞതായിരുന്നു.U.A.Eയിലും 2020 ജനുവരി 29 ന് ആണ് ആദ്യത്തെ രോഗബാധ സ്ഥിതീകരിക്കുന്നത്. ഗൾഫ് മേഖലയിൽ റിപ്പോർട്ട്  ചെയ്ത ആദ്യത്തെ കോവിഡ് രോഗബാധയും ഇവിടെ ആയിരുന്നു.കൂടുതൽ ചൈനക്കാർ ഇങ്ങോട്ടും എമറാത്തികൾ അങ്ങോട്ടും ജോലി -വിദ്യാഭ്യാസ -കച്ചവട -വിനോദയാത്ര സംബന്ധമായി വന്നു പോയികൊണ്ടിരുന്ന രാജ്യമാണ് ഇത്. അതുകൊണ്ടു തന്നെ ഇവിടെ രോഗം വേഗം പടർന്നു പിടിക്കുമെന്നു ഉറപ്പിച്ചിരുന്നു.
മറ്റു രീതിയിലുള്ള നവീകരണ പ്രവർത്തനങ്ങൾ തുടങ്ങാനിരുന്ന ഞങ്ങളുടെ ആശുപത്രി, ഇത് മുൻകൂട്ടി കണ്ടു ഒരു കോവിഡ് ആശുപത്രിയായി മാറ്റാനുള്ള നിർമാണ പ്രവർത്തനങ്ങളുമായി പിന്നീട് അങ്ങോട്ട് മുന്നോട്ടു പോയി.ഫെബ്രുവരി അവസാനം ആയപ്പോഴേക്കും ഇവിടെ കേസുകളുടെ എണ്ണം 19 ആയി.ചൈനയിൽ കേസുകൾ കൂടുന്നതിനിടയിൽ അവിടെ നിന്നും മാർച്ച് ആദ്യവാരം വിവിധ രാജ്യക്കാരായ 215 ൽ അധികം ആൾക്കാരെ U.A.E അബുദാബിയിൽ എത്തിച്ചു,ക്വാറന്റൈനിൽ പാർപ്പിച്ചു.അന്ന് അവർക്കായി ബയോമെഡിക്കൽ ഉപകരണങ്ങളും , ചികിത്സാ സൗകര്യങ്ങളും ,താമസ സൗകര്യങ്ങളും ഒരുക്കിയതിനു ശേഷം രാജ്യത്തു അങ്ങിങ്ങായി കോവിഡ് ചികത്സാ സൗകര്യങ്ങൾ മുൻകൂട്ടി ഒരുക്കാൻ തുടങ്ങി. സ്‌കൂളുകളും കോളേജുകളും മാർച്ച് ആദ്യവാരം കഴിഞ്ഞു അടച്ചു.മാർച്ച്‌ അവസാന ആഴ്ച ദേശീയ അണു നശീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി രാത്രികാല കർഫ്യു നിലവിൽ വന്നു. ഏപ്രിൽ ആയതോടെ നൂറിലധികം കേസുകൾ റിപ്പോർട്ട് ചെയ്യാൻ തുടങ്ങി.അതോടെ ഞങ്ങളുടെ ആശുപത്രിയിലും മറ്റു  കോവിഡ് സ്പെഷ്യൽ ആശുപത്രികളിലും രോഗികൾ നിറയാൻ തുടങ്ങി.ടി.വിയിലും   സോഷ്യൽ മീഡിയയിലും മാത്രം കണ്ടും കേട്ടുമിരുന്ന "കൊറോണ വൈറസ് "അങ്ങനെ തൊട്ടരികിൽ എത്തി.

ഇതേ സമയം കേരളത്തിൽ ദിവസേന കുറച്ചു കേസുകൾ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടു.1000ൽ അധികം കേസുകൾ ഇന്ത്യയിൽ വന്നതോടെ രാജ്യവ്യാപക ലോക്ക്ഡൗണും നിലവിൽ വന്നു.നിപ്പയെ അതിജീവിച്ച ആത്മ വിശ്വാസവും ആർജവം ഉള്ള ഒരു സർക്കാരും ഉള്ള കേരളത്തെ കൊറോണയ്ക്കു ഒന്നും ചെയ്യാൻ പറ്റില്ല എന്ന ആശ്വാസമായിരുന്നു മനസ്സിൽ.

നിയമം മൂലം നിര്ബന്ധമാക്കുന്നതിനു മുമ്പേ തന്നെ ഇവിടെ ഞങ്ങൾ മാസ്കും അണുനാശിനിയും ശീലമാക്കിയിരുന്നു.ഓഫീസിൽ "സാമൂഹിക അകലം"നിലവിൽ വന്നതോടെ ജോലി പല ഷിഫ്റ്റുകളിലായി മാറി.പുതിയ ബയോമെഡിക്കൽ എഞ്ചിനീയർമാരോട് കൂടി ഞങ്ങളുടെ ടീം വിപുലമാക്കി .മേലുദ്യോഗസ്ഥർ പലരും "Work from Home "ആയി. .ആശുപത്രി ആയതു കൊണ്ട് തന്നെ ഞങ്ങൾക്ക്  അണുബാധ നിയന്ത്രണത്തിനുള്ള പരിശീലനം കിട്ടിയിരുന്നു. PPE  കിറ്റുകൾ എങ്ങനെ ധരിക്കണം , എങ്ങനെ ഒഴിവാക്കണം തുടങ്ങി രോഗ പ്രതിരോധശക്തി എങ്ങനെ വർദ്ധിപ്പിക്കണം ,ഉറക്കം,മാനസിക ആരോഗ്യം തുടങ്ങിയവ എത്രത്തോളും പ്രാധാന്യം ഉള്ളതാണ് എന്നൊക്കെ ഞങ്ങളെ മനസ്സിലാക്കിപ്പിച്ചിരുന്നു.

ജീവിത രീതി തന്നെ ഇതോടെ മാറുകയായിരുന്നു.കൈ കൊണ്ട് മൂക്കിലും മുഖത്തും തൊടുന്നത് തികച്ചും ഒഴിവാക്കി .'ഹാൻഡ് സാനിറ്റൈസർ 'എന്നും പോക്കറ്റിൽ കാണും.എല്ലാ സ്പർശനങ്ങൾക്ക് ശേഷവും കൈകൾ അണുനശീകരിക്കാൻ തുടങ്ങി.മുഴുവൻ സമയവും മാസ്ക് ധരിക്കുന്നതു കാരണം തൊണ്ട വരളാൻ തുടങ്ങിയതോടെ ഇഞ്ചിയോ,ജീരകമോ ഇട്ടു തിളപ്പിച്ച ചൂടുവെള്ളം ശീലമായി.ഇടയ്ക്കു വരാറുള്ള ജലദോഷത്തെ അകറ്റി നിർത്താനും,രോഗപ്രതിരോധശേഷി കൂട്ടാനുമായി ആശുപത്രിയിലെ ഡോക്ടറുടെ നിർദേശപ്രകാരം വിറ്റാമിൻ സി ഗുളിക കഴിക്കാൻ തുടങ്ങി.ദിവസവും ആശുപത്രിയിലേക്കുള്ള യാത്ര കഴിഞ്ഞാൽ പിന്നെ പുറത്തിറങ്ങുന്നത് ആഴ്ചയിൽ ഒരു ദിവസം സാധനങ്ങൾ വാങ്ങാൻ മാത്രമായി.പുറത്തുപോയി വന്നാൽ മൊബൈൽ ഉൾപ്പടെ ഉള്ള സാധനസാമഗ്രികൾ അണുവിമുക്തമാക്കി ഉടൻ തന്നെ കുളി പാസാക്കും.നാരങ്ങ ഉൾപ്പെടെ അത്യാവശ്യം പഴ വർഗ്ഗങ്ങൾ ആഹാരത്തിൽ ഉൾപെടുത്തി.

ഇത്രയൊക്കെയാണെങ്കിലും ഉള്ളിൽ നല്ല പേടിയുണ്ടായിരുന്നു.ലേബർ ക്യാമ്പുകളിൽ രോഗവ്യാപനം വന്നതോടെ ആശുപത്രികൾ ഇവിടെ തികയാതെ വന്നു.ഹോട്ടൽ മുറികളും നിറഞ്ഞപ്പോൾ ഫീൽഡ് ആശുപത്രികൾ യുദ്ധകാലാടിസ്ഥാനത്തിൽ താത്കാലികമായി നിർമ്മിച്ചു.ഉപകരണങ്ങൾ പലതിന്റെയും പ്രവർത്തനങ്ങൾ ഉറപ്പുവരുത്താനും,തിരക്കിട്ടു വാങ്ങിയ പുതിയ ഉപകരണങ്ങൾ സജ്ജീകരിക്കാനും,അതിനിടയിൽ കോവിഡ് രോഗികൾക്കു ഉപയോഗിച്ച ഉപകരണങ്ങൾക്കു എന്തെങ്കിലും തകരാറുകൾ പറ്റിയാൽ PPE ധരിച്ചു, ജാഗ്രതയോടെ അത് പരിഹരിക്കാനും ഞങ്ങൾക്ക് ഓടി നടക്കേണ്ടി വന്നു.അതിനിടയിൽ ആശുപത്രിയിലെ ജോലിക്കാർക്കും രോഗബാധ കാണാൻ തുടങ്ങി.ഏപ്രിൽ രണ്ടാം വാരത്തിൽ ആദ്യ കോവിഡ് ടെസ്റ്റ് ചെയ്തു.റിസൾട്ട് വരുന്നത് വരെ അനുഭവിച്ച ഉത്കണ്ഠ ഇപ്പോഴും ഓർക്കാൻ വയ്യ.അന്ന് തുടങ്ങിയ മാസത്തിലെ രണ്ടു ടെസ്റ്റുകൾ ഇപ്പോഴും തുടരുന്നു.

ഐസൊലേഷൻ ക്യാമ്പുകളിലെ ചില വാർത്തകളും ,പരിചയം ഉള്ള ചില നേഴ്സ്മാർ ഗുരുതരമായി രോഗബാധിതരായ വിവരങ്ങളും മനസ്സിന്റെ പേടി ഇരട്ടിപ്പിച്ചു.കോവിഡ് കാരണമുള്ള മരണങ്ങളും ഇവിടെ കൂടാൻ തുടങ്ങി.വീട്ടിലേക്കു ഫോൺ ചെയ്യുമ്പോൾ ' ഇവിടെ പേടിക്കാനൊന്നും 'ഇല്ല  എന്ന് പറഞ്ഞു വിശ്വസിപ്പിച്ചു.അവർ അവിടെ നാട്ടിൽ സുരക്ഷിതർ അല്ലേ എന്ന് ആശ്വസിച്ചു.എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാം,ടെസ്റ്റ് ചെയ്യുന്ന ദിവസങ്ങൾക്ക് മുമ്പ് ഐസൊലേഷൻ ക്യാമ്പിൽ പോകാനായുള്ള ബാഗും വസ്തുക്കളും വരെ ഒരുക്കിവെച്ചിട്ടുണ്ട്.മാസ്കിനും ഗ്ലോവ്സിനും ക്ഷാമം ഉണ്ടാകുമോ എന്ന് കരുതി വലിയ വില കൊടുത്തു അതും വാങ്ങി വെച്ചു.ഇന്ത്യയിലേക്ക് വിമാന സർവീസ് ആരംഭിച്ചാൽ മിക്കവാറും ഓടിപ്പോകേണ്ടി വരും എന്നും ആലോചിച്ചിരുന്നു.

മുന്നണി പോരാളികൾ 

മെയ് മാസത്തോടെ കേസുകളുടെ എണ്ണം ദിവസേന 500 കടന്നു.അങ്ങനെയിരിക്കെ ഒരു ഫീൽഡ് ഹോസ്പിറ്റലിന്റെ സജ്ജീകരണത്തിൽ ഒരു ദിവസം മുഴുവൻ പങ്കെടുക്കേണ്ടിവന്നു,നല്ല ശാരീരിക അദ്ധ്വാനം.വേറൊരു ദിവസം കോവിഡ് ബാധിച്ച ഒരു കൂട്ടുകാരന് രാത്രി വൈകിയും ഞങ്ങളുടെ ആശുപത്രി വഴി സഹായം ചെയ്തു കൊടുക്കാൻ പറ്റി.ഈ രണ്ടു സംഭവങ്ങളോട് കൂടി മനസ്സിന് അല്പം ബലം കിട്ടി. ജോലി തരുന്ന നാടിനുവേണ്ടി എന്തെങ്കിലും ചെയ്യേണ്ടേ ?സ്വന്തം കുടുംബവും കുട്ടികളെയും ഉപേക്ഷിച്ചു മാസങ്ങളായി പുറത്തു താമസിച്ചു കോവിഡ് രോഗികളെ പരിചരിക്കുന്ന നഴ്സ്മാർ , ഡോക്ടർമാർ തുടങ്ങി തുച്ഛമായ ശമ്പളത്തിന് ഇവിടെ വന്നു രോഗത്തിന്റെ വ്യാപ്തി പോലും അറിയാതെ ദിവസവും തന്റെ സൂപ്പർ വൈസർ തരുന്ന PPE യും ധരിച്ചു രോഗികളുടെ മുറിയും പരിസരവും ശുചിയാക്കുന്ന ശുചീകരണതൊഴിലാളി വരെ തന്റെ കർത്തവ്യം ഭംഗിയായി ചെയ്യുന്നു.

ഒരു ഫീൽഡ് ആശുപത്രി സജ്ജീകരണം 


യാതൊരു ബഹളങ്ങളും ഇല്ലാതെ ഇക്കൊല്ലത്തെ റമദാൻ കടന്നു പോയി.ജൂൺ , ജൂലായ് മാസങ്ങളോടെ ഇവിടെയുള്ള രോഗികളുടെ എണ്ണത്തിൽ കുറവും രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവും ഉണ്ടായിരിക്കുന്നു.രാജ്യത്തെങ്ങും കോവിഡ് സ്ക്രീനിംഗ്‌ സെന്ററുകൾ തുറന്നു .രോഗ ബാധിത മേഖലകളിൽ, എല്ലാ വീടുകളും കയറിയിറങ്ങി PCR ടെസ്റ്റുകൾ നടത്തി കഴിഞ്ഞു. എല്ലാ ഫീൽഡ് ആശുപത്രികളും സ്പെഷ്യൽ ആശുപത്രികളും അടച്ചു.ഞങ്ങളുടെ  ആശുപത്രിയിലും രോഗികൾ നന്നേ കുറഞ്ഞു.പതിയെ ജനജീവിതം സാധാരണ നിലയിലേക്ക് വരുന്നു.പക്ഷെ നിയമങ്ങളിലും നിയന്ത്രണങ്ങളിലും വലിയ മാറ്റങ്ങൾ ഇല്ല.എല്ലാം അവസാനിച്ചു എന്ന് കരുതി സന്തോഷിക്കുന്നും ഇല്ല , അടുത്ത ഒരു വ്യാപനഘട്ടം എപ്പൊഴും വരാം, അതിനായി തയ്യാറായിരിക്കുന്നു,ഒപ്പം കോവിഡ് വാക്സിന്റെ പരീക്ഷണങ്ങൾ നടക്കുകയും ചെയ്യുന്നുണ്ട് .


ഒരു കോവിഡ് സ്ക്രീനിംഗ് സെന്റർ (ചിത്രം :ഖലീജ് ടൈംസ്) 


ഇപ്പോൾ നാട്ടിലെ കാര്യങ്ങൾ ഓർത്തിട്ടാണ് പേടി.പണ്ട് ഇവിടെ റിപ്പോർട്ട്‌ ചെയ്തപോലെ 500 ൽ അധികം കേസുകൾ കേരളത്തിൽ ദിവസേന വരുന്നു.ഇവിടെ നാട്ടിലെക്കാളും കുറച്ചധികം ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്,ഭീമമായ പിഴയുള്ള നിയമങ്ങൾ ഉണ്ട് ,എന്നാലും ഈ അഞ്ചാറു മാസം കോവിഡ് രോഗികൾ ഉള്ള ആശുപത്രി വാർഡുകളിൽ , അവർക്കു സമീപം ജോലി ചെയ്തിട്ട് ,(കേരളത്തിലെ പ്രോട്ടോകോൾ പോലെ നോക്കുകയാണെങ്കിൽ  നിരവധി തവണ ക്വാറന്റൈനിലും ഐസൊലേഷനിലും പോകേണ്ട സാഹചര്യത്തിൽ ) ഇതുവരെ ഞാനുൾപ്പടെയുള്ള കുറേ പേർ പിടിച്ചു നിന്നത്‌,"ശരിയായി മാസ്ക് ധരിക്കുക ,കൈകൾ കഴുകി ശുചിയായി സൂക്ഷിക്കുക "ഇതൊന്നു കൊണ്ട് മാത്രമാണ് .

കേന്ദ്രത്തിലും സംസ്ഥാനത്തും ഭരിക്കുന്നതും ,പ്രതിപക്ഷത്തും ഇരിക്കുന്നതുമായ പാർട്ടികൾ "പറഞ്ഞത് കൊണ്ട് ചെയ്യില്ല ","പറഞ്ഞില്ലേൽ ചെയ്യും " എന്ന് പറഞ്ഞു നടക്കാതെ അവനവൻ വിചാരിക്കണം..കൈ കഴുകുക, മാസ്ക് ധരിക്കുക,സാമൂഹിക അകലം പാലിക്കുക! ആവശ്യമില്ലെങ്കിൽ പുറത്തു ഇറങ്ങാതെ ഇരിക്കുക.ശ്വാസം മുട്ടൽ ,അലർജി, മറ്റു അസുഖങ്ങൾ ഉള്ളവർ അവയ്ക്കുള്ള ചികിത്സകൾ ചെയ്തു ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുക.ഓരോ നിമിഷത്തിലും ശ്രദ്ധാലുവാകണം.ലക്ഷണങ്ങൾ ഇല്ലാത്തവരിലും കോവിഡ് ഉണ്ടായെന്നു വരാം,ടെസ്റ്റുകളുടെ എണ്ണം കൂടുന്നത് വരെയെങ്കിലും ചുറ്റുമുള്ള ആരിൽ നിന്നും രോഗബാധ വരാം എന്ന് കരുതി ജാഗ്രതയോടെ ജീവിക്കുക.ലോകത്തിൽ നിന്ന് അവസാനത്തെ രോഗിയും കോവിഡ് മുക്തനാകാൻ ഇനിയും വർഷങ്ങൾ എടുത്തേക്കാം , വാക്സിൻ വിജയകരമായി ഉത്പാദിപ്പിക്കാനും,കോവിഡിന്റെ രഹസ്യങ്ങൾ പഠിക്കാനും അത്രയും വര്ഷങ്ങൾ തന്നെയെടുക്കും.

നാട്ടിലേക്കു ഇനിയെന്നു സമാധാനത്തോട് കൂടി പോകാൻ പറ്റുമെന്നോ,മുട്ടിലിഴയാൻ നോക്കുന്ന എന്റെ കുഞ്ഞു മോളെ,അവൾ ആദ്യമായി 'അച്ഛാ ' എന്ന് വിളിക്കുമ്പോൾ അതു കേട്ട് കൊഞ്ചിക്കുന്നതു എപ്പോഴാണ് എന്നും ഒരു പിടിയുമില്ല.കോവിഡിന്റെ യാത്ര തുടങ്ങിയിട്ടേ ഉള്ളൂ..കൂടെ നമ്മൾ ഓടേണ്ടി വരും,ചിലപ്പോൾ നമ്മൾ മുന്നിലെത്തും..എത്തുക തന്നെ ചെയ്യും !


Sunday, July 26, 2020

പിറന്നാളോർമ്മകൾ...🌼

തിവുപോലെ ഈ വർഷവും മൂന്ന്'പിറന്നാളുകൾ'ഉണ്ട്. സ്‌കൂളിൽ ചേർക്കുമ്പോൾ ഒരു അധ്യയന വർഷം നഷ്ടപ്പെടുത്താതിരിക്കാനായി അമ്മ മെയ് 31 ജന്മദിനമാക്കി.അതാണ് ആദ്യ പിറന്നാൾ ദിനം.ഔദ്യോഗിക രേഖകളിൽ ഇപ്പോഴും അതാണ് ജന്മദിനം.പിന്നെ വരുന്നത് യദാർത്ഥ ഇംഗ്ലീഷ് ജനന തീയതി,ജൂലായ്‌ 26..അന്ന് രണ്ടാം പിറന്നാൾ.കർക്കിടകത്തിലെ' വിശാഖം 'ആണ് ജന്മ നക്ഷത്രം ,മിക്കവാറും ജൂലായ്‌ 26 കഴിഞ്ഞിട്ടാകും ആ ദിവസം .ഈ വർഷം ജൂലായ്‌ 29ന് ആണ്‌ 'വിശാഖം' നാൾ വരുന്നത് .അപ്പോൾ അന്നാണ് മൂന്നാം പിറന്നാൾ.ചില വർഷങ്ങളിൽ കർക്കിടകത്തിൽ രണ്ട് 'വിശാഖം 'വരാറുണ്ട്.അപ്പോൾ നാല് പിറന്നാൾ ആകും!

                                            

കോളേജിൽ എത്തുന്നത് വരെ 'നക്ഷത്രം 'വരുന്ന ദിവസമാണ് പിറന്നാളായി കരുതിയിരുന്നതും ചെറുതായെങ്കിലും ആഘോഷിച്ചിരുന്നതും.
കുട്ടിക്കാലം ബാലാരിഷ്ടതകൾ നിറഞ്ഞതായതിനാൽ വലിയ പിറന്നാൾ ആഘോഷ ഓർമ്മകൾ ഒന്നുമില്ല.രാവിലെ തന്നെ കുളിപ്പിച്ചു കുട്ടപ്പനാക്കി 'കടലായി 'അമ്പലത്തിൽ കൊണ്ടു പോകും,അമ്മ.ചിലപ്പോൾ ഏതെങ്കിലും പുതിയ കുപ്പായം അമ്മ വാങ്ങിയിട്ടുണ്ടാകും,അല്ലെങ്കിൽ ഉള്ളതിൽ ഒരു നല്ല കുപ്പായം ഇടും .അല്ലെങ്കിലും പിറന്നാളിന് പുതിയ കുപ്പായം വേണം എന്നൊന്നും അന്ന് ബോധ്യം ഉണ്ടായിരുന്നില്ല ,അങ്ങനെ പഠിപ്പിച്ചിട്ടും ഇല്ല. സാധാരണ അമ്പലത്തിൽ പോകുന്നതിൽ നിന്നും വ്യത്യസ്‍തമായി അന്ന് ഭണ്ഠാരത്തിൽ 'പൈസ 'ഇടാൻ കുറച്ചധികം ചില്ലറ പൈസ അമ്മ എന്റെ കയ്യിൽ തരും.പുഷ്‌പാഞ്ജലിയുടെ കൂടെ പണപ്പായസവും പാൽപ്പായസവും കഴിപ്പിക്കും.'നമ്പൂരി'ക്ക്  അന്ന് എന്നെ കൊണ്ട് ദക്ഷിണ കൊടുപ്പിക്കും.
"കടലായി കൃഷ്ണന്റെ മോനല്ലേ ..നന്നായി വരട്ടെ .."എന്ന് നമ്പൂരി അനുഗ്രഹിക്കും.
"ആദ്യത്തെ ഒന്ന് പോയിപ്പോയതിനു ശേഷം,കാനത്തൂരും കടലായിയും ഒരുപാട് കരഞ്ഞിട്ടാ നിന്റെ കുഞ്ഞിക്കാല് കാണാൻ ഭാഗ്യം ഉണ്ടായത് .." എന്ന് പറഞ്ഞു അമ്മ ഞാൻ ഉണ്ടായ കഥ പറയാൻ തുടങ്ങും.

പായസം എടുത്തു തരുന്ന ഒരു അമ്മമ്മയുണ്ട് ,അവർക്കും കുറച്ചു പൈസ എന്നെക്കൊണ്ട് കൊടുപ്പിക്കും അമ്മ.
"മോൻ ഇപ്പോ,നല്ലോണം മിണ്ടുകേം പറയെം എല്ലാം ചെയ്യുന്നുണ്ടല്ലോ..ഇല്ലെങ്കില് അന്നത്തെ പോലെ നമ്പൂരിയോട് പറഞ്ഞിട്ട് നെയ്യും പൻസാരയും മന്ത്രിച്ചു കൊടുത്താ മതി .."
അമ്മയുടെ സ്‌കൂളിലെ ഒരു മാഷിന്റെ ബന്ധുവാണ് ആ  അമ്മമ്മ.മുഖത്തെ വലിയ ഒരു മറുക് കാരണം എനിക്കെന്തോ അവരെ ചെറിയ പേടി ആയിരുന്നു.
കടലായിയിൽ നിന്നും നേരെ ശിവേശ്വരത്തു പോകും,അവിടുന്നു വയസ്സായ ഒരു അച്ഛാച്ചൻ നമ്പൂരി തരുന്ന ഭസ്മവും തൊട്ടു വീണ്ടും കടലായി അമ്പലത്തിൽ വന്നു പ്രദിക്ഷിണം വച്ച് മടങ്ങും.കുളം കാണണം എന്ന് പറഞ്ഞാൽ ചിലപ്പോൾ കാണിച്ചു തരും.നേരെ വയലിലൂടെയുള്ള റോഡിലൂടെ നടന്നു വീട്ടിലേക്ക്. 

വീട്ടിൽ ചെന്ന് ,പടിഞ്ഞിറ്റയിൽ വിളക്ക് വെച്ച്  പലകയിൽ പായസവും പ്രസാദവും കുറച്ചു നേരം വെക്കും. ചിലപ്പോൾ 'കാസേറിൽ 'വെച്ച അരി നുരിച്ചു എന്റെ കീശയിൽ ചില്ലറ പൈസ വച്ച് തരും.അച്ഛനോട് അരി നുരിയ്ക്കാൻ പറഞ്ഞാലോ,അമ്പലത്തിൽ വരാൻ പറഞ്ഞാലോ വരാറില്ല.
"അമ്മയും മോനും പോയാ മതി "എന്ന് പറയും .
അങ്ങനെ അരി നുരിച്ചു കഴിഞ്ഞാലേ എനിക്ക് പായസം കഴിക്കാൻ പറ്റൂ.അമ്മയും വെല്ലിമ്മയും തലയിൽ അരിയിടും . 'ഇലപ്പാറലി'ൽ പായസം എടുത്തു കയ്യിൽ തരും.താഴെ ഒരു അനിയത്തി വരുന്നത് വരെ ആ പായസം മുഴുവനും എനിക്കുള്ളത് ആയിരുന്നു.എന്താണെന്ന് അറിയില്ല, അമ്പലത്തിലെ ആ 'വെല്ല 'പായസത്തിനുള്ള രുചി വേറെ ഒരു പായസത്തിനുമില്ല.



കടലായ്‌ ശ്രീകൃഷ്ണ ക്ഷേത്രം ,ചിറക്കൽ ,കണ്ണൂർ 

അമ്മ ടീച്ചർ ആയതുകൊണ്ട് , മിക്കവാറും അമ്മയ്ക്ക് സ്‌കൂൾ ഉള്ള ദിവസം ആയിരിക്കും എന്റെ പിറന്നാൾ. രാവിലെ അമ്പലത്തിൽ പോയി വന്നാൽ അപ്പോൾ തന്നെ അമ്മ സ്‌കൂളിൽ പോകും.അതുകൊണ്ടു തന്നെ ഉച്ചയ്ക്ക് സദ്യയോ മറ്റു വിഭവങ്ങളോ ഒന്നും ഉണ്ടാകില്ല.ഉച്ചയ്ക്ക് വെല്ലിമ്മ ചിലപ്പോൾ എന്റെ സ്ഥിരം പ്ലേറ്റ് മാറ്റി ഇലയിൽ ചോറ് വിളമ്പും.അത്രമാത്രം.പ്രദീപേട്ടന്റെ പീടികയിൽ നിന്നും അമ്മ 'ലാക്ടോ കിംഗ് 'മുട്ടായി കുറേ പാക്കറ്റ് വാങ്ങും,അന്ന് രാവിലെ അസംബ്ലിയിൽ എല്ലാ കുട്ടികൾക്കും എന്റെ പേരിൽ മുട്ടായി കൊടുക്കും .ഉച്ചയ്ക്ക് ഉച്ചക്കഞ്ഞിയുടെ കൂടെ പായസവും ഉണ്ടാക്കി കൊടുക്കും.വൈകുന്നേരം വരുമ്പോൾ അമ്മയുടെ ചൊറ്റു പാത്രത്തിൽ ഉച്ചയ്ക്ക് ഉണ്ടാക്കിയ പായസത്തിന്റെ ബാക്കിയും , കുറച്ചു ലാക്ടോ കിംഗ്‌ മുട്ടായ്‌ കടലാസിൽ പൊതിഞ്ഞതും ഉണ്ടാകും.പിന്നീട് അതെ സ്‌കൂളിൽ ഞാൻ അഞ്ചാം ക്ലാസ്സ്‌ വരെ പഠിച്ചപ്പോഴും എല്ലാ പിറന്നാളിനും ഈ മധുര വിതരണം തുടർന്നിരുന്നു.പിറന്നാൾ ദിവസം രാത്രി ഓഫീസിൽ നിന്നും വരുമ്പോൾ അച്ഛൻ ചിലപ്പോൾ ഒരു പൊതി കൊണ്ട് വരും. അത് കയ്യിൽ തരില്ല , ഞാൻ കാണുന്ന എവിടെങ്കിലും കൊണ്ട് വെക്കും.എന്നെക്കാൾ വലിയ ട്രൗസറും ബനിയനും ആയിരിക്കും ആ പൊതിക്കുള്ളിൽ മിക്കവാറും.

പാരീസ് ലാക്ടോ കിംഗ് 'മുട്ടായി '

നേരത്തെ പറഞ്ഞ പോലെ ടീച്ചറുടെ മോൻ ആയതു കൊണ്ട് എന്റെ പിറന്നാളിന് മാത്രമേ സ്‌കൂളിൽ മുഴുവൻ കുട്ടികൾക്കും മുട്ടായിയും പായസ വിതരണവും ഉണ്ടായിരുന്നുള്ളൂ.അമ്പലത്തിൽ നിന്നുള്ള ചന്ദനക്കുറിയും തൊട്ടു കുറച്ചു അധികം മുട്ടായി കീശയിൽ ഇട്ടു അങ്ങനെ നടക്കും. ഏറ്റവും അടുത്ത ചങ്ങായിമാർക്ക് ഉള്ളതാണ് കീശയിലെ മുട്ടായി.സ്‌കൂൾ മാറി യു.പി സ്‌കൂളിൽ എത്തിയപ്പോൾ ഈ മധുരവിതരണമൊക്കെ നിന്നു.ഹൈസ്‌കൂൾ വരെയും അത് തുടർന്നു.അമ്പലത്തിൽ പോകുന്നതൊക്കെ പിന്നെ നിർബന്ധം അല്ലാതായി.എങ്കിലും അമ്മ എങ്ങനെയെങ്കിലും വഴിപാട് കഴിപ്പിക്കും, അല്ലെങ്കിൽ വേറൊരു ദിവസത്തേക്ക് 'കടം 'പറയും.

പ്ലസ് ടുവിനു എത്തിയപ്പോഴാണ് 'ഒറിജിനൽ ' "ഡേറ്റ് ഓഫ് ബർത്ത് "നെ പറ്റി ചിന്തിക്കുന്നത്.ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ച കുറെ കുട്ടികൾ ക്ലാസിൽ ഉണ്ടായിരുന്നു.ബർത്ത് ഡേയ്ക്ക് അവർ പരസ്പരം ഗിഫ്റ് കൈമാറിയിരുന്നു.
അന്ന് ഗിഫ്റ് കിട്ടാൻ കുറെ ആഗ്രഹിച്ചിരുന്നെങ്കിലും തരാൻ ആരും ഉണ്ടായിരുന്നില്ല ! അതിനു ശ്രമിച്ചും ഇല്ല.
പോളിയിലും ഗിഫ്റ്റുകൾ കൈമാറുന്നത് കണ്ടു നിൽക്കാനേ കഴിഞ്ഞുള്ളൂ.ബർത്ത് ഡേയ്ക്കു "ചെലവ് " ചെയ്യേണ്ടി വരുന്നതിനാൽ പലപ്പോഴും 'ഡേറ്റ് ' രഹസ്യമാക്കി വെച്ചു.

കോളേജിൽ ഹോസ്റ്റലിൽ താമസിച്ചു പഠിച്ചപ്പോഴാണ്  പിറന്നാൾ "ആഘോഷങ്ങൾ "തുടങ്ങിയത്.നമ്മൾ മറന്നാലും റൂം മേറ്റ്സ് തീയതി മറക്കില്ല." ഡാ ഒരു കാര്യം പറയട്ടെ ", ദാ പുറത്തൊരു കാര്യം കാണിച്ചു തരാം " എന്നൊക്കെ പറഞ്ഞു ഉറക്കത്തിനിടയിൽ റൂമിനു പുറത്തേക്കു വിളിച്ചു കൊണ്ട് പോകും.പിന്നെ തലയിൽ ചീഞ്ഞ മുട്ട പൊട്ടുന്നത് നമ്മൾ പോലും അറിയില്ല ! ആഴ്ചകൾക്കു മുമ്പേ "മുട്ടയടി വിദഗ്ധന്മാർ "മണ്ണിൽ കുഴിച്ചിട്ടു 
തയ്യാറാക്കിയ മുട്ടകൾക്കു നല്ല നാറ്റം ആയിരിക്കും.കൂടെ അടുക്കള മാലിന്യവും മീൻ മുള്ളും എല്ലാം കൊണ്ട് കുളിപ്പിക്കും.നമ്മൾ വെറുതെ വിടുമോ ? മുട്ട എറിഞ്ഞവനെ ഓടിച്ചിട്ടു പിടിച്ചു കെട്ടിപ്പിടിക്കും.പിന്നെ അവിടെ മുട്ടയേറ്‌ ഉത്സവം ആയിരിക്കും. രാത്രി പന്ത്രണ്ടു തൊട്ടു പുലർച്ചെ വരെ അത് തുടരും. എല്ലാം കഴിഞ്ഞു കുളിമുറിയിൽ നിന്ന് കുളിച്ചു ഇറങ്ങുമ്പോൾ വീണ്ടും " കച്ചറ" കൾ കൊണ്ട് അഭിഷേകം കിട്ടും.അങ്ങനെ രണ്ടു മൂന്നു കുളി കഴിഞ്ഞു ഉറങ്ങാമെന്നു കരുതി പോയാൽ തലയിണയിലും കിടക്കയിലും മീനെണ്ണ ഗുളിക പൊട്ടിച്ചു ഒഴിച്ചിട്ടുണ്ടാകും.അതിന്റെ 'സുഗന്ധം' കാരണം പിന്നെ ഉറക്കം ആ വഴിക്കു വരില്ല.

പ്രവാസിയായി മസ്കറ്റിൽ എത്തിയപ്പോഴാണ് വീണ്ടും എല്ലാ പിറന്നാളിനും അമ്പലത്തിൽ പോകാൻ തുടങ്ങിയത്.മസ്കറ്റ് ശിവക്ഷേത്രത്തിൽ ഹനുമാന് വടമാല കഴിപ്പിച്ചിട്ടു എല്ലാവർക്കും കൊടുക്കും.എല്ലാ ദിവസവും മറ്റുള്ളവർ തരുന്ന വട കഴിച്ചിട്ട് പോയിരുന്ന ഞാൻ, പിറന്നാൾ ദിവസം ഗമയോടെ എല്ലാവർക്കും വട വിതരണം ചെയ്യുന്നത് നല്ല ഒരു അനുഭവമായിരുന്നു.ദാർസൈത്തിലെ കൃഷ്ണന്റെ അമ്പലത്തിലും അന്ന് തന്നെ പോകും.ജോലി കഴിഞ്ഞു വന്നു പായസ പരീക്ഷണം നടത്തും.പാലട സ്പെഷ്യൽ ഉണ്ടാക്കാൻ അങ്ങനെയാണ് പഠിച്ചത്.ലുലുവിലോ സ്നോ വൈറ്റിലോ പോയി നേരത്തെ തന്നെ സ്വയം പിറന്നാൾ കോടി എടുക്കും.അല്ലാതെ വെറെ ആരാണ് എടുത്തു തരാൻ ഉള്ളത് ?

മസ്കറ്റ് ശിവക്ഷേത്രം 


വടമാല വഴിപാട് 


അബുദാബിയിൽ എത്തിയപ്പോൾ ആദ്യത്തെ രണ്ടു വർഷം ഓഫീസിലെ ഫിലിപ്പീനികാരി കോ ഓർഡിനേറ്റർ 'ഫഹാറ'എല്ലാവരുടെയും "സി.വി" യിലെ ജനന തീയതി ഡയറിയിൽ കുറിച്ച് വെച്ച് "കെ.എഫ്‌.സി" പാർട്ടി ചോദിച്ചു വാങ്ങിയിരുന്നു. "ആദർശ് ഐ വിൽ ഓർഡർ"എന്ന് അവൾ വിളിച്ചു പറയും.ഓഫിസിൽ അക്കാലത്തു മാസത്തിൽ ഒരു പാർട്ടിയെങ്കിലും ഇങ്ങനെ കാണും.ആദ്യമൊക്കെ പായസം ഉണ്ടാക്കി എല്ലാവർക്കും കൊടുക്കുമായിരുന്നു.

എന്റെ പിറന്നാളിന് ആദ്യമായി വേറൊരാൾ കേക്ക് വാങ്ങി മുറിക്കുന്നത് ദുബായിയിൽ ' നിഖിലിന്റെ ' റൂമിൽ വെച്ചാണ്. അവന്റെയും മറ്റു റൂം മേറ്റ്സ്ന്റെയും എല്ലാം പിറന്നാളുകൾക്കും ഞങ്ങൾ കേക്ക് മുറിച്ചിരുന്നു.കേക്ക് മുറി കഴിഞ്ഞു 'സൽക്കാര'യിലോ 'തറവാടി'ലോ പോയി നല്ല ഭക്ഷണവും അത് കഴിഞ്ഞു ഒരു സിനിമയും..ചിലപ്പോൾ റൂമിലെ പ്രോജെക്ടറിൽ അല്ലെങ്കിൽ നേരെ 'വോക്‌സി'ൽ  പോകും.അത് കഴിഞ്ഞു റൂമിലേക്ക്‌ രാത്രി തിരിച്ചു നടന്നു വരും..അങ്ങനെ വർത്തമാനം ഒക്കെ പറഞ്ഞു പറഞ്ഞ്‌..നിഖിൽ  നങ്ങളെ വിട്ടുപോയതിനു ശേഷം എല്ലാം ഓർമ്മകൾ ആയി മാറി.ദുബായിലെ റൂമും ,ഞങ്ങളുടെ dxb  ഗാങ്ങും എല്ലാം...

കല്യാണത്തിന് ശേഷം അഞ്ജുവാണ് കേക്ക് മുറി വീണ്ടും തുടങ്ങിയത്. ചെറുതാണെങ്കിലും എന്തെങ്കിലും "സർപ്രൈസ് ഗിഫ്റ് "പിറന്നാളിന് കൊടുക്കണം എന്നാണ് അവളുടെ പോളിസി.സത്യം പറഞ്ഞാൽ ഒരു "ബർത്ത് ഡേ ഗിഫ്റ് " സ്നേഹത്തോടെ ആദ്യമായി കിട്ടുന്നത് അവളിൽ നിന്നാണ്.ഞങ്ങൾക്കിടയിൽ മധുരമായി 'ദിവ' വന്നിട്ട് എന്റെ ആദ്യ പിറന്നാൾ ആണ് ഇന്ന്.ഇനി അവളുടെ പിറന്നാളുകളാണ് ആഘോഷിക്കേണ്ടത്‌.കൊറോണ  കാരണം കേക്ക് മുറിയും സർപ്രൈസ് ഗിഫ്റ്റും ഇപ്രാവശ്യം ഇല്ല.ഞാനിവിടെ അബുദാബിയിലും അവർ നാട്ടിലും." മിസ്സ്‌ യൂ " എന്ന് അങ്ങോട്ടും ഇങ്ങോട്ടും വാട്സാപ്പിൽ കുറെ ടൈപ്പ് ചെയ്തു പഴയ കേക്ക് മുറികൾ ഓർത്തു കിടന്നു .വീട്ടിൽ ഇന്നലെ വിളിച്ചപ്പോൾ, "നാളെയല്ലേ  ഡെയ്റ്റ് ...നാളിന്റെ അന്ന് അമ്പലത്തിൽ പോകാനൊന്നും ഇപ്പോ കഴിയില്ല ,ഈട  വെളക്ക്‌ വെച്ച് പ്രാർത്ഥിക്കാം "എന്ന് അമ്മ.

മൂന്നാം പിറന്നാൾ അഥവാ പക്ക പിറന്നാൾ മൂന്നു ദിവസം കഴിഞ്ഞാണ് , 29 നു ബുധനാഴ്ച . ആണ്ടു പിറന്നാൾ ബുധനാഴ്ച വന്നാൽ വിദ്യാലാഭമാണ് ഫലം. ആ പഴയ എൽ.പി സ്‌കൂൾ കുട്ടിയായി , ഇങ്ങനെ പിറന്നാൾ ഓർമ്മകൾ അയവിറക്കി 'ലാക്ടോ കിംഗ് 'ന്റെ മധുരം നുണയാം ..മുട്ടായി തിന്നു കഴിഞ്ഞു മുട്ടായി കടലാസു കൊണ്ട് പാവയെയും ഉണ്ടാക്കാം ....




Saturday, July 11, 2020

“Love 💞Lake “ലേക്ക് ഒരു യാത്ര ...

കോവിഡിന്റെ ആശങ്കകൾ ഇവിടെ ഇങ്ങു അബുദാബിയിൽ കുറഞ്ഞു തുടങ്ങിയിട്ടുണ്ട്.ദിവസേനയുള്ള രോഗികളുടെ എണ്ണത്തിൽ കുറവും രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ കൂടുതലും ഉണ്ട്.എങ്കിലും അബുദാബി എമറേറ്റിലേയ്ക്കുള്ള യാത്രാ നിയന്ത്രണം ഇപ്പോഴുമുണ്ട് . മറ്റു എമറേറ്റുകളിൽ നിന്നും ഇങ്ങോട്ടു വരണമെങ്കിൽ  48 മണിക്കൂറിനുള്ളിലെ കോവിഡ് നെഗറ്റീവ് റിസൾട്ട് കാണിക്കണം.അബുദാബിയിലുള്ളവർക്കു  പുറത്തേക്കു പോകണമെങ്കിൽ  ഇവിടെ ടെസ്റ്റ് ചെയ്തു റിസൾട്ട് വന്ന ശേഷമുള്ള 48 മണിക്കൂറിനുള്ളിൽ പോയി മടങ്ങിവരാം.പൊതുവെയുള്ള മാസ്ക് ധരിക്കുക , സാമൂഹിക അകലം പാലിക്കുക തുടങ്ങിയ നിയന്ത്രണങ്ങൾ അതുപോലെ തുടരുന്നുണ്ട്.

വിടെയെങ്കിലും പുറത്തുപോയാലോ എന്ന് ജിതിൻ കുറച്ചു ദിവസമായി പറയുന്നുണ്ട്. അല്ലെങ്കിലും എത്ര മാസമായി ഒന്ന്  പുറത്തു പോയിട്ട് ? ജോലിസ്ഥലമായ ആശുപത്രി , പിന്നെ ...റൂം അതല്ലാതെ വേറെ ഒരു ലോകമില്ല.വല്ലപ്പോഴും അടുക്കള സാധനങ്ങൾ വാങ്ങാൻ സൂപ്പർ മാർക്കറ്റിൽ പോകുന്നത് ഒഴിച്ച്.ജിതിൻ പുതിയ ക്യാമറയൊക്കെ വാങ്ങിയിട്ട് ബാഗിൽ തന്നെ ഇരിപ്പാണ്, അതിനെയും ഒന്ന് പുറം ലോകം കാണിക്കണം.അതാണ് പ്രധാന ഉദ്ദേശം ..

വെള്ളിയാഴ്ച ഉച്ചയൂണുകഴിച്ചുകൊണ്ടിരിക്കുമ്പോൾ ദാ വരുന്നു, ജിതിൻ .. ക്യാമറയും എടുത്തു റെഡിയായി!

" വാ  .. പോകാം .."
" എങ്ങോട്ട്‌ ? "
"ഖുദ്ര ലേയ്ക്ക് ക്ലോസ്ഡ് ആണ് , ലവ് ലേയ്ക്ക് ഓപ്പൺ ആണെന്ന് ആരൊക്കെയോ ഗൂഗിൾ മാപ്പിൽ കമന്റ് ഇട്ടിട്ടുണ്ട്”

"ദുബായിയോ ? റിസ്ക് അല്ലെ ? എന്റെ ടെസ്റ്റ് റിസൾട്ട് ബുധനാഴ്ച രാത്രിയാണ് വന്നേ ..രാത്രി 9.54നു മുമ്പ് വരാൻ പറ്റിയില്ലെങ്കിൽ അവിടെ പെട്ട് പോകും .."

" റിസൾട്ട് വന്ന് 48 മണിക്കൂർ വരെ സമയമുണ്ട് "

അബുദാബി മീഡിയ ഓഫീസിന്റെ വാർത്താക്കുറിപ്പ് ജിതിൻ കാണിച്ചു തന്നു. എന്തായാലും പോയി നോക്കാം , പെട്ടന്നു തന്നെ മാസ്കും , ഗ്ലൗവ്സും , സാനിറ്റൈസറും എല്ലാം എടുത്തു റെഡിയായി,കൂടെ എന്റെ ക്യമറയും.പുറം ലോകം കണ്ടിട്ട് എത്രയായി ? കോവിഡിനെ പേടിച്ചു എത്ര കാലം ഇങ്ങനെ ഇരിക്കും ? മാസ്ക്  വെച്ചാണെങ്കിലും ശുദ്ധ വായു കുറച്ചു ശ്വസിക്കാം , മനസ്സ് ഒന്ന് തണുക്കും.പോകാൻ തീരുമാനിക്കാൻ  അതൊന്നു മാത്രമായിരുന്നു കാരണം.

ങ്ങനെ ഞങ്ങൾ യാത്ര ആരംഭിച്ചു . ഞങ്ങൾ എന്ന് പറഞ്ഞാൽ ജിതിനും  ഞാനും പിന്നെ സംഗീതും .ഒരു കാറിൽ മൂന്ന് പേർക്ക് മാത്രമേ പോകാൻ പറ്റൂ.ഞങ്ങൾ മൂന്നു പേരും ഇറങ്ങിയപ്പോൾ വീണ്ടും ഷോർട്ട്‌ ഫിലിം വല്ലതും പിടിക്കാനാണോ ഉദ്ദേശം എന്ന് ചിലർ സംശയം ചോദിച്ചു . 
" ഹാ , സമയമുണ്ടെങ്കിൽ പിടിക്കാം .. എന്താ  അല്ലെ ?"

സാരഥി ജിതിൻ,സഞ്ചാരികളുടെ ഉറ്റമിത്രം ഗൂഗിൾ മാപ്പിനെയൊക്കെ സെറ്റ് ആക്കി ഡ്രൈവിംഗ്  തുടങ്ങി.ഒന്നര മണിക്കൂറിനുള്ളിൽ ലക്ഷ്യസ്ഥാനത്തു എത്തിക്കും എന്ന് പറഞ്ഞുള്ള ഒരു വഴി .അൽ ബാഹിയയില്നിന്നും ശൈഖ് മക്തൂം ബിൻ റാഷിദ് റോഡിലൂടെ  അൽ സംഹ - ഗാംദൗത്  അടുത്തുകൂടെയുള്ള ഒരു വഴി.ഇടയ്ക്കു ഖലീഫ ഇൻഡസ്ട്രിയൽ സിറ്റി പെട്രോൾ സ്റ്റേഷനിൽ നിർത്തി ഇന്ധനം നിറച്ചു. ഒപ്പം ഞങ്ങൾക്കുള്ള ഇന്ധനങ്ങളായ ഒരു കുപ്പി വെള്ളം ,കുറച്ചു ജ്യൂസ് , പിന്നെ  കൊറിക്കാൻ നട്സും.ലവ് ലെയ്ക്കിനുള്ളിൽ ഷോപ്പുകൾ ഒന്നും ഇല്ല.


“മാപ്പ് “പറഞ്ഞ പോലെ എക്സിറ് എടുത്തു ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം റോഡ് ലക്ഷ്യമാക്കി പോവുകയാണ്. വലതു ഭാഗത്തു ഒരു കാട് !എന്തോ ഒരു "ഫോറെസ്റ് "എന്ന് പേരൊക്കെ വെച്ചിട്ടുണ്ട് .
"അപ്പോൾ , ഇവര് നമ്മുടെ നാട്ടിലെ ഫോറെസ്റ് കണ്ടാൽ എന്ത് പറയും ?"എന്ന് ജിതിൻ.
പുച്ഛിച്ചതിനു ഫലമുണ്ടായി,അടുത്ത റൌണ്ട് എബൌട്ട് പൂട്ടിയിരിക്കുന്നു ! 

ദുബായിലേക്കുള്ള വഴി അടച്ചിരിക്കുകയാണ്.നിയന്ത്രണങ്ങൾ ഉള്ളത് കൊണ്ട് ചിലപ്പോൾ ഒരു വഴി മാത്രമേ തുറന്നിട്ടുണ്ടാകൂ.

"മാപ്പ് ചതിച്ചാശാനേ ..."

"ഫോറസ്റ്റിനെ "പ്രദിക്ഷണം വെച്ച് വീണ്ടും ശൈഖ് മക്തൂം ബിൻ റാഷിദ് റോഡിലേക്ക്.

"ഹും ..ഈ ഫോറസ്റ്റിനു നമ്മളെ കാണണം എന്നുള്ള യോഗം കാണും .."

ആ വഴിയിലൊന്നും ഒരു പൂച്ച കുഞ്ഞു പോലുമില്ല .
ദൂരെ മരുഭൂമിക്കുള്ളിൽ ചെറിയ ചെറിയ കൂരകൾ ഉണ്ട് ,ഇടയ്ക്കു ചില ആട്ടിൻ ഫാമുകളും .
"ഏസി പോലും ഇല്ലാതെ കുറെ പേർ ഇവിടെ താമസിക്കുന്നുണ്ടാകും ,അവരാണ് ശരിക്കും പ്രവാസികൾ .."
ജിതിൻ ഫിലോസഫിക്കാരനായി .

"അതെ ,അതാണ് ആട് ജീവിതങ്ങൾ..."

"ആദ്യമേ മടക്കം ആണ് ,ഇനി അവിടെ ചെല്ലുമ്പോൾ ലവ് ലെയ്ക്കും ക്ലോസ് ആണേൽ ...."

"അങ്ങനെയാണേൽ ഗൂഗിൾ മാപ്പിൽ "ഓപ്പൺ ആണ് "എന്ന് എഴുതിയവനെ അതിന്റെ താഴെ പച്ച തെറി വിളിക്കാം .."

രണ്ടും കല്പിച്ചു വണ്ടി നേരായ വഴിയിലൂടെ ദുബായിലേക്ക് .
സാധാരണ വെള്ളിയാഴ്ചകളിൽ തിരക്കുണ്ടാവാറുള്ള എക്സ്പ്രസ് വേ കാലി..വണ്ടികൾ തീരെ കുറവ് .പോലീസ് ചെക്കിങിന് റെഡിയാവാൻ വേണ്ടി ,കോവിഡ് റിസൾട്ട് ഉള്ള "അൽ ഹൊസ്ൻ "ആപ് ഡൗൺലോഡ്‌ ചെയ്തു വെച്ചിരുന്നു.അഥവാ എന്റെ മൊബൈൽ "ഓഫ് "ആയിപ്പോയാൽ ഒരു രക്ഷയ്ക്ക് "റിസൾട്ട് സ്ക്രീൻ ഷോട്ട് "ജിതിന്റെ മൊബൈലിലേക്ക് അയച്ചും വെച്ചു .
ഭാഗ്യത്തിന് ബോർഡറിൽ, അങ്ങൊട്ടു പൊകുമ്പോൾ ചെക്കിങ് ഇല്ല .ഇങ്ങൊട്ടുള്ള വാഹനങ്ങൾ ഇടതു ഭാഗത്ത് അബുദാബി പോലീസ് ‌ പരിശോധിക്കുന്നുണ്ട്‌.

"ഹാവൂ ,സമാധാനമായി ..ഇനി രാത്രി 9.54നു മുമ്പ് ഈ ബോർഡറിൽ തിരിച്ചെത്തിയില്ലെങ്കിൽ ,കോവിഡ് ടെസ്റ്റും ചെയ്തു,ദുബായിൽ ഹോട്ടൽ റൂം എടുത്തു ,റിസൾട്ട് വരുന്ന വരെ അവിടെ കൂടാം."
 "പക്ഷെ ഫ്രീ ആയിട്ടു എവിടേലും ടെസ്റ്റ് ചെയ്യാൻ പറ്റുമോ ?"
"നമ്മുടെ ബയോമെഡിക്കൽ സഹോദരങ്ങൾ ആരേലും കാണില്ലേ ..സഹായിക്കാൻ ."

ആ ആത്മ വിശ്വാസത്തിൽ നമ്മൾ ദുബായിൽ കാലുകുത്തി.അല്ല ടയറു കുത്തി! ☺️ 
ജബെൽ അലി - എക്സ്പോ റോഡ് വഴി നേരെ, എമിറേറ്റ്സ് റോഡ് E611 ലേക്ക്.യാതൊരു ഒരു ബഹളവും ഇല്ലാത്ത ദുബായ് ..ആറു മാസങ്ങൾക്കു ശേഷമാണ് ഇങ്ങോട്ടേക്ക് ..പണ്ട് മിക്കവാറും മാസത്തിൽ ഒരു തവണയെങ്കിലും പോയിരുന്നതാണ് .എക്സ്പോ 2020 ഇനി 2021 ആകുമായിരിക്കും .റോഡിന്റെ വലതു വശത്തു എക്സ്പോയുടെ ഓഫീസ്‌  സമുച്ചയങ്ങളും കെട്ടിടങ്ങളും..പുതിയ മെട്രോ ലൈൻ മുകളിലൂടെ പോകുന്നു .ഒരു പക്ഷെ ദുബായ് തിരക്കിട്ടു ഓടി നടക്കേണ്ടിയിരുന്ന ഒരു സമയമായിരുന്നു ഇപ്പോൾ, ഓർത്തപ്പോൾ സങ്കടം തോന്നി.മാസങ്ങൾക്ക് ശേഷം കഴിഞ്ഞ ചൊവ്വാഴ്ചയാണ് വിനോദ സഞ്ചാരികളെ ദുബായ് വീണ്ടും സ്വാഗതം ചെയ്തു തുടങ്ങിയത്. 
എക്സിറ് 35 എടുത്തു നേരെ ഖുദ്റയിലേക്ക്.റോഡിൻറെ ഇടതു വശത്തു കിലോമീറ്ററുകൾ നീണ്ടുകിടക്കുന്ന സൈക്ലിംഗ് ട്രാക്ക് കാണാം.ഇടയ്ക്കു ചിലർ സൈക്കിളിൽ പായുന്നുണ്ട് .ഏകദേശം 20 കിലോമീറ്ററുകൾ കഴിഞ്ഞു ഒരു "കുതിര റൗണ്ട്‌ എബൌട്ട് "ൽ എത്തി.വലതു വശത്തു ഒരു "ലാസ്റ്റ്‌ എക്സിറ്" (സ്ട്രീറ്റ് ഫുഡ് കോർട്ട് )കാണാം,കൂടെ സൈക്ലിസ്റ്റുകൾക്കായ് സൈക്കിൾ റിപ്പയർ ഷോപ്പും .ജിതിന് "ശങ്ക "തീർക്കണം.നേരെ എക്സിറ്റിൽ വണ്ടി പാർക്ക് ചെയ്തു.ശങ്ക തീർത്തു ചുറ്റും ഒന്നു നടന്നു കണ്ടു. സംഗീത്‌ കാറിൽ നിന്നു ചെയ്തതിന്റെ തുടർച്ചയായ്‌ മൊബൈലിൽ കുറച്ചു വീഡിയൊ എടുത്തു.എക്സിറ്റിൽ നിന്നും ഖുദ്ര ഫ്ലമിങ്ഗൊ പാർക്കിലേക്കുള്ള വഴി അടച്ചിരിക്കുന്നു.

" എനി ലവ്‌ ലെയ്ക്കും പൂട്ടിക്കാണുമോ?"

ചുറ്റും കുറച്ചു യൂറോപ്യൻ സൈക്ലിസ്റ്റുകൾ മാത്രം.ദൂരെ മാറി നിന്നു ഫോൺ ചെയ്തു കൊണ്ടിരുന്ന ഒരു ഹിന്ദിക്കാരനോട് ചോദിച്ചു .

"മെ ഇദർ ലോക്ക് ഡൌൺ കെ ബാദ്‌ അഭി ആയാ..മാലൂം നഹി .."
അപ്പൊ "നോ ഐഡിയ .."😌

രണ്ടും കല്പിച്ചു വീണ്ടും വണ്ടി മുന്നോട്ട്.അല്പം മുന്നോട്ടു പോയപ്പോൾ കുറച്ചു വണ്ടികൾ മുന്നിൽ പോകുന്നുണ്ട് .അടുത്ത റൌണ്ട് എബൌട്ട് "ലെഫ്റ്റ് "എടുത്തു."ദേ ലവ്‌ ലെയ്ക്‌ "ബോർഡ് !വണ്ടി നേരെ മുന്നോട്ട് ...
"ക്ലോസ്‌ അല്ല ! ആണെങ്കിൽ ഇവിടെ ബ്ലോക്ക്‌ ചെയ്യുമല്ലോ .."
ജിതിനു സമാധാനമായി.

ലവ്‌ ലെയ്ക്കിലേക്ക് ഇത് രണ്ടാത്തെ യാത്രയാണ്.കഴിഞ്ഞ വർഷം മാർച്ചിൽ ആയിരുന്നു ആദ്യത്തേത്.അന്നു നല്ല പാതി അഞ്ജുവും സുഹൃത്തിന്റെ കുടുംബവും ഉണ്ടായിരുന്നു.വർഷങ്ങൾക്കിപ്പുറം എല്ലാം മാറിയിരിക്കുന്നു.ആ യാത്രയ്ക്കു ശേഷം ഞങ്ങളെ തേടി വന്ന സന്തോഷം , ഞങ്ങളുടെ കുഞ്ഞുമോൾ " ദിവ" യും അഞ്ജുവും ഇപ്പോൾ നാട്ടിൽ..


തിരക്കില്ലാത്ത റോഡുകൾക്കിരുവശവും ചെടികൾ കാട് പോലെ വളർന്നിരിക്കുന്നു.ഏകദേശം രണ്ടു മണിക്കൂറിനുള്ളിൽ 175 കിലോമീറ്ററിൽ അധികം ദൂരം സഞ്ചരിച്ചു നമ്മൾ ലവ് ലെയ്ക്കിനടുത്തു എത്തിയിരിക്കുന്നു.സമയം അഞ്ചു മണി കഴിഞ്ഞു .കൊച്ചു കൊച്ചു തടാകങ്ങൾക്കിടയിലൂടെ ലവ് ലെയ്ക്കിലേക്ക്.



അത്യാവശ്യം ഓഫ് റോഡ് ആണ് ഇനി.പക്ഷെ "ഫോർ വീൽ ഡ്രൈവ് "ന്റെ ആവശ്യം ഒന്നും ഇല്ല .വണ്ടി പൂഴി മണ്ണിൽ താഴ്ന്നു പോകുമോ എന്ന് ജിതിന് ചെറിയ സംശയം ഉണ്ടായിരുന്നു.പൂഴി മണ്ണ് വശങ്ങളിൽ മാത്രമേ ഉളളൂ.റോഡിനു നല്ല  ഉറപ്പുണ്ട് .



കാശത്തു നിന്നു നോക്കിയാൽ രണ്ട് "ലവ്‌ "ആകൃതിയിൽ ചേർന്നിരിക്കുന്ന, അൽ മർമ്മൂം മരുഭൂമിയിൽ കൃത്രിമമായി ദുബായ് പണികഴിപ്പിച്ച തടാകമാണ്  "ലവ് ലെയ്ക്‌ ".2018 നവംബറിൽ ആണ് ഇതു പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തത് .പ്രവേശനം തികച്ചും സൗജന്യമാണ് .150 ഓളം സ്പീഷിസ് പക്ഷികളും ,ധാരാളം മത്സ്യങ്ങളും ,മരങ്ങളും ,പൂച്ചെടികളും ഈ തടാകത്തിനു ചുറ്റും കാണാൻ പറ്റും.മനോഹരമായ ഒരു സിന്തറ്റിക് നടപ്പാതയും , ഫോട്ടോകൾ എടുക്കാൻ നിരവധി "ഫോട്ടോ പോയിന്റ് " കളും തയ്യാറാക്കി വെച്ചിട്ടുണ്ട്.





പുറത്തു പാർക്കിങ്ങിൽ വണ്ടി പാർക്ക് ചെയ്തു, കുറച്ചു വെള്ളവും ജ്യൂസും കുടിച്ചു ഞങ്ങൾ ഉള്ളിലേക്ക് നടന്നു. 
പഴയ പോലെ ഇല്ലെങ്കിലും ആളുകൾ ഉണ്ട്. കുടുംബങ്ങൾ മാസ്ക് ധരിച്ചും അകലം പാലിച്ചും നടക്കുന്നു.ദുബായ്‌ മുനിസിപ്പലിറ്റിയുടെ കോവിഡ്‌ നിർദേശങ്ങൾ ബോർഡിൽ പ്രദർശിപ്പിച്ചിട്ടുണ്ട് .കൂട്ടം കൂടലും പൊതുസ്ഥലത്ത് തുപ്പലും പാടില്ല.പക്ഷികൾക്കും മീനുകൾക്കും ഭക്ഷണം കൊടുക്കരുത് ,ബാർബിക്യു സ്റ്റാൻഡുകളിൽ അല്ലാതെ നിലത്തു തീയിടരുത് തുടങ്ങിയ സാധാരണ നിർദേശങ്ങളും ഉണ്ട്.

ദുബായ് മുനിസിപ്പാലിറ്റിയുടെ നിർദേശങ്ങൾ .




ഗിമ്പലും മൊബൈലും എടുത്തു ജിതിൻ ഷൂട്ടിംഗ് തുടങ്ങി. ഞാൻ എന്റെ നിക്കോൺ ക്യാമറയിലും.
" കല്യാണം ഒക്കെ കഴിഞ്ഞു നടക്കാൻ വരാൻ പറ്റിയ സ്ഥലം " എന്ന് സംഗീത്‌ "😄



ഒരു പറ്റം താറാവ് കൂട്ടങ്ങൾ വരിവരിയായി " പോസ് " ചെയ്തു തന്നു .ഷൂ അഴിച്ചു കയ്യിലെടുത്തു വെള്ളത്തിലൂടെ നടന്നു അടുത്ത കരയിലേക്ക്.കുറേ കാലത്തിനു ശേഷം തണുത്ത ഒഴുക്ക് വെള്ളത്തിൽ കാലുകൾ നനഞ്ഞു. 
" നീന്തി തുടിക്കാൻ തോന്നുന്നു " എന്ന് വീണ്ടും സംഗീത്‌ !



മത്സ്യങ്ങളുടെ പേര് വിവരങ്ങൾ 

കരയ്ക്കപ്പുറം ഒരു വ്യൂ പോയിന്റിൽ ധാരാളം മീനുകൾ കൂട്ടത്തോടെ എത്തുന്നുണ്ട് .ഷോവ , കോയി , ഹാജിറോ തുടങ്ങിയ ജാപ്പനീസ് -ചൈനീസ് അലങ്കാര മത്സ്യങ്ങൾ ആണ്. കുറച്ചു ചെറിയ കൂട്ടികൾ അവയോട് സംസാരിച്ചു നില്പുണ്ട്.



കുന്നിൻ മുകളിൽ UAE യുടെ വലിയ കൊടി മരവും വ്യൂ പോയിന്റും ഉണ്ട്.അവിടെ നിന്നാൽ തടാകം ചുറ്റിലും കാണാം.
ഒരു മലയാളി കുടുംബം "ഫോട്ടോ എടുത്തു തരുമോ "എന്ന് ചോദിച്ചു .തിരിച്ചു അവർ ഞങ്ങളുടെ ഫോട്ടോയും എടുത്തു.
സാധാരണ യാത്രക്കിടെ ഇങ്ങനെ പലരും ചോദിക്കുമെങ്കിലും ഇത്തവണ മൊബൈൽ - ക്യാമറകൾ  കൈമാറുന്നതിന് മുമ്പും ശേഷവും നല്ലവണ്ണം കൈകളും സ്പർശിക്കാൻ ഇടയുള്ള സ്ഥലങ്ങളും സാനിറ്റൈസർ ഇട്ട് കഴുകി.




 
സൂര്യാസ്തമയത്തിനു സമയം ആകാറായി.അതിനു കാത്തു നിന്നാൽ സ്ട്രീറ്റ് ലൈറ്റ് ഇല്ലാത്ത തടാകങ്ങൾക്കിടയിലൂടെ തിരിച്ചു പോകാൻ ബുദ്ധിമുട്ടാണ്. കൂടാതെ,ജിതിന് വീണ്ടും " ശങ്ക " വന്നു. ആവശ്യത്തിന് വിഡിയോയും ചിത്രങ്ങളും ആയിരിക്കുന്നു . നടക്കാനാണെങ്കിൽ ഒരു പാട് ഉണ്ട്.ബോർഡറിൽ സമയത്തു എത്തിയില്ലെങ്കിൽ ഞാൻ പെടും. ജിതിന്റെയും സംഗീതിന്റെയും റിസൾട്ടിന് ഒരു ദിവസം കൂടി സാധുത ഉണ്ട് .



പാർക്കിങ് നു  അടുത്തു ടോയ്ലറ്റ് ഉണ്ട് .ശങ്ക തീർത്തു ഇറങ്ങുമ്പോഴേക്കും ആകാശം ചുവന്നു. അസ്തമയ സൂര്യനെ പകർത്തി നോക്കിയപ്പോഴാണ് അത് ശ്രദ്ധിച്ചത് .ഫോട്ടോകളിൽ ഒരു കറുത്ത പാട് . ലെൻസ് തുടച്ചും മാറ്റിയും നോക്കി ,ഒരു രക്ഷയും ഇല്ല . നോക്കിയപ്പോൾ മുമ്പ് എടുത്ത എല്ലാ ഫോട്ടോയിലും ഉണ്ട്. സെൻസറിൽ എന്തോ പറ്റിയിട്ടുണ്ട്.സാരമില്ല , റൂമിൽ ചെന്ന് നോക്കാമെന്നു സമാധാനിച്ചു .വാങ്ങിച്ചു വെച്ച നട്സും ബാക്കി ജ്യൂസും കഴിച്ചു മടക്കയാത്ര ആരംഭിച്ചു.കാറിന്റെ ഗ്ലാസ്സിലൂടെ പുറത്തേക്കു നോക്കിയാൽ അസ്തമയ സൂര്യനെ കാണാം.അത് വിട്ടു കളയരുത്,കാറിലിരുന്ന് തന്നെ വീഡിയോ എടുത്തു ഒപ്പം കുറച്ചു ഫോട്ടോകളും..





കാറിൽ ഹിറ്റ് എഫ് എമ്മിലെ പുതിയ ട്രാക്കുകൾ ..ശാന്തമായ ദുബായ് നഗരവീഥികളിലൂടെ രാത്രിയാത്ര.മുന്നിൽ കുറച്ചു അധികം വണ്ടികൾ ഉണ്ട്.ബോർഡറിൽ തിരക്കുണ്ടാകുമോ എന്തോ ? റിസൾട്ട് വന്നിട്ട് രണ്ടു ദിവസമായി എന്ന് പറഞ്ഞു ഇനി എന്നെ ദുബായിൽ പിടിച്ചിടുമോ ? അല്പം ആശങ്ക ഇല്ലാതില്ല.



 എട്ടുമണിക്ക് മുമ്പ് നമ്മൾ അബുദാബി അതിർത്തിയിൽ എത്തി. വണ്ടികളെ എല്ലാ ട്രാക്കിലും തടഞ്ഞു നിർത്തിയിരിക്കുന്നു.പോലീസ് അടുത്തെത്തി എല്ലാവരോടും റിസൾട്ട് ചോദിക്കുന്നുണ്ട്.ഒടിവിൽ ഞങ്ങളുടെ  ഊഴവും എത്തി.ജിതിനും സംഗീതും റിസൾട്ടും എമറേറ്റ്‌സ് ഐ ഡിയും കാണിച്ചു കൊടുത്തു.സർവ്വ  ദൈവങ്ങളെയും വിളിച്ചു അൽ ഹൊസ്ൻ ആപ്പിലെ റിസൾട്ട് ഞാൻ കാണിച്ചു

"ഓക്കേ നെഗറ്റീവ് ... എമറേറ്റ്‌സ് ഐ ഡി?"
അതും കൊടുത്തു .
"താങ്ക്യൂ "എന്ന് പോലീസ് .

ഞാനല്ലേ നന്ദി പറയേണ്ടത് ?🤔😄

അങ്ങനെ കോവിഡ്  ഭീതിയുള്ള കാലം കഴിഞ്ഞുള്ള ആദ്യ ദുബായ് യാത്ര ക്ളൈമാക്സിലേക്ക് ..ഇനി രാത്രി കഴിക്കാൻ എന്തെങ്കിലും പാർസൽ വാങ്ങണം.ഇന്നെടുത്ത വീഡിയോകൾ എല്ലാം ചേർത്ത് ജിതിന് ഒരു  വ്ലോഗ്  ആക്കാം ,എനിക്ക് ബ്ലോഗ് പോസ്റ്റ് എഴുതാൻ ഒരു "ടോപിക് "കിട്ടി!

റേഡിയോയിൽ പുതിയ ഗാനം  ...

“ 🎼 അൽ ഹംദുലില്ലാഹ് .....അൽ ഹംദുലില്ലാഹ് ,
ഓതുന്നു... പ്രാണൻ ....🎼
ഈ ജന്മസൂനം ...നീ  തന്ന ദാനം ..."
അതേ,ദൈവത്തിനു നന്ദി..🙏🏻ആശങ്കകളിൽ നിന്നും അസുഖങ്ങളിൽ നിന്നും ഞങ്ങളെ ഇതുവരെ സംരക്ഷിച്ചതിന്..ഇനിയുള്ള യാത്രകൾ കൂടുതൽ ശ്രദ്ധയോടെ ,കരുതലോടെ ...



ഈ യാത്രയുടെ ദൃശ്യങ്ങൾ ചേർത്ത് ജിതിൻ തയ്യാറാക്കിയ കുഞ്ഞു വീഡിയോ താഴെ കാണാം ..🎬


 
ചിത്രങ്ങൾ : ഞാൻ പകർത്തിയത് തന്നെ 😜 
ലെയ്ക്കിന്റെ ആകാശ കാഴ്ച ഗൂഗിളിൽ നിന്നുമാണ് .

Friday, July 03, 2020

സൂഫിയും സുജാതയും...


OTT ( Over The Top ) പ്ലാറ്റ്ഫോർമിൽ റിലീസ് ചെയ്യാൻ പോകുന്ന ആദ്യ മലയാള സിനിമ എന്ന വാർത്തയിലൂടെയാണ് " സൂഫിയും സുജാതയും " എന്ന സിനിമയെക്കുറിച്ചു കേൾക്കുന്നത് .ജൂലായ്‌ 3 ന് ആമസോൺ ( അതായത് ഇന്നലെ രാത്രി 12 മണി കഴിഞ്ഞു ) പ്രൈമിൽ റിലീസ് ചെയ്തതിനു ശേഷവും സൂഫിയും സുജാതയും ടൈം ലൈനിൽ ഉണ്ട് .കോവിഡ് കാലത്തു മലയാളത്തിൽ റിലീസുകൾ ഇല്ലാതിരുന്നതു പോലെ തന്നെ ഈയിടെയായി ഓൺലൈനിൽ ഒന്നും സിനിമകൾ കണ്ടിരുന്നില്ല , അതിനുള്ള സമയവും ഇല്ലായിരുന്നു,മാനസികാവസ്ഥയും.രോഗപ്രതിരോധശേഷിക്കു ഉറക്കം ആണ് ആവശ്യം എന്നുള്ളതിനാൽ രാത്രി ഉറക്കമൊഴിഞ്ഞും അധികം ഇരിക്കാറില്ല .


അവധി ദിനമായ വെള്ളിയാഴ്ചയിലെ ഉച്ചയൂണ് കഴിഞ്ഞുള്ള പതിവ് മയക്കത്തിലേക്ക് പോകാൻ ഒരുങ്ങുമ്പോഴാണ് വീണ്ടും ഫേസ്ബുക് ടൈം ലൈനിൽ  "സൂഫിയും സുജാതയും ".. !എന്നാൽ ഒന്ന് കണ്ടു കളയാം എന്ന് തോന്നി .
നേരത്തെ പുറത്തിറിങ്ങിയിരുന്ന ഗാനങ്ങളിലെ ( ട്രെയിലർ കണ്ടിരുന്നില്ല )അതേ ദൃശ്യ ചാരുത തുടക്കം മുതലേ ഉണ്ടായിരുന്നു .കാസർകോട് പോലെ കർണാടകയുമായി അതിർത്തി പങ്കിടുന്ന ഒരു ഗ്രാമം പോലെ ( ഇടയ്ക്കു രാവിലെ കോലം ഇടുന്നതും കണ്ടു .. ഇനി പാലക്കാട് പരിസരം ആണോ ?)തോന്നിച്ചു,കഥാ പരിസരം .പുഴ കടന്നുള്ള വഴിയും,പടവുകളും,ജിന്നു പളളിയും,മുല്ലാ ബസാറും എല്ലാം  മനോഹരം! ഈയിടെയായി സിനിമ കാണുമ്പോൾ  സൂക്ഷ്മ നിരീക്ഷണം ആണ് എന്റെ ഒരു 'ഹോബി '.അങ്ങനെയുള്ള നിരീക്ഷണത്തിൽ പള്ളിയും ബസാറിന്റെ ചില ഭാഗങ്ങളും സുജാതയുടെ വീടിന്റെ പടിപ്പുരയും ,വിമാനത്തിന്റെ ഉൾവശം ഒക്കെ 'സെറ്റ് 'ഇട്ടതാണ് എന്ന് വേഗം തിരിച്ചറിയാൻ സാധിക്കുന്നുണ്ട് .മലയാളിത്തമുള്ള അച്ഛനമ്മമാർക്ക് ഉണ്ടായ സുജാതയിൽ മലയാളിത്തം അല്പം കുറവായിരുന്നു. കേൾവി ഉണ്ടെങ്കിലും സംസാരശേഷി ഇല്ലാത്ത, ഉൾനാടൻ ഗ്രാമത്തിൽ വളർന്ന സുജാത എങ്ങനെ  കഥക് പഠിച്ചു എന്നൊന്നും എവിടെയും പറയുന്നില്ല .കുട്ടികൾക്ക് ക്‌ളാസ് എടുക്കുന്നു എന്ന് പറയുന്നുണ്ടെങ്കിലും അത്തരം രംഗങ്ങൾ കണ്ടുമില്ല .

ഒരു നിഗൂഢതയുമായി വന്ന സൂഫി ,ആ ബാങ്ക് വിളിയിലെ മാസ്മരികത തീരും മുമ്പേ , സുബഹ് നമസ്കാരത്തിന്റെ ഇടയിൽ , സുജാതയുടെ ഉറക്കം ഞെട്ടിയ പോലെ പ്രേക്ഷർക്കും ഒരു ഞെട്ടൽ തരുന്നു .കഥ  ഇനി ആരു പറയും എന്ന് ആലോചിക്കുമ്പോൾ കുഴി കുഴിക്കാൻ വന്ന കുമാരൻ ആ കഥ പറഞ്ഞു തുടങ്ങുന്നു .

ബാങ്ക്  വിളിയുടെ സംഗീതം സുജാതയുടെ ചുവടുകളുമായി ലയിച്ചു ചേരുമ്പോൾ ,വീട്ടിൽ നിന്നും അവൾ ഇടയ്ക്കിടെ ഓടിയെത്തുന്ന ജിന്നു പള്ളി പരിസരങ്ങൾ മറ്റൊരു
മാന്ത്രിക ലോകം പോലെ തോന്നി.കണ്ണുകളിലൂടെയും,ആംഗ്യങ്ങളിലൂടെയും പ്രണയം സംസാരിച്ച സുജാതയും ഒറ്റവിലരിൽ വായുവിൽ നൃത്തം ചെയ്യുന്ന സൂഫിയും ,അവരുടെ വളപ്പൊട്ടുകളും ,വരകളും,എഴുത്തുകളും ഒപ്പം സംഗീതവും ഒരു കവിത പോലെ കാഴ്ചയ്ക്കു കുളിർമ തരുന്നുണ്ട് .

എല്ലാ സ്വാതന്ത്ര്യത്തോടെയും കൂടി നാട്ടിലും പള്ളിയിലും എല്ലാം കറങ്ങി നടന്നിരുന്ന ഒരു ഇരുപത്തിരണ്ടുകാരിക്ക് പ്രണയം വന്നപ്പോൾ ജിഹാദ് ആണെന്ന് സ്വന്തം അച്ഛൻ തന്നെ പറഞ്ഞത് എന്തോ അത്ര ചേർന്ന് പോയില്ല .

ഒടുവിൽ സുജാതയെ കൂട്ടി വരുന്ന രാജീവിനെ സംശയത്തോടെ ആദ്യമേ കണ്ടിരുന്നതിനാൽ കുഴിയിലേക്ക് മണ്ണിടുന്നതിനു എന്തിനാണ് ഇത്ര പ്രാധാന്യം കൊടുത്തു കാണിച്ചത് എന്ന് അപ്പോഴേ ചിന്തിച്ചിരുന്നു .പിന്നീട് പേഴ്‌സ് കാണാതെ പോയി എന്ന് പറഞ്ഞപ്പോഴേ 'മണ്ണിട്ട 'രംഗത്തിന്റെ ഉദ്ദേശം പിടികിട്ടി .അങ്ങനെ പ്രതീക്ഷിച്ച പോലെ അവസാനരംഗങ്ങൾ ..

സുജാതയുടെ സൂഫിയായും വർഷങ്ങൾക്കു ശേഷം ഉസ്താദിന്റെ ശിഷ്യനായി വരുന്ന സൂഫിയായും ദേവ്മോഹൻ പുതിയ ഒരു കാഴ്ച ആയിരുന്നു .ഒരു ഉള്ളുറപ്പ് ആ കഥാപാത്രത്തിന് ഇല്ലെങ്കിലും തന്റെ ഒരു സൂഫി സാന്നിധ്യം ദേവ് തരുന്നുണ്ട് .ഓടിച്ചാടി , പറന്നു നടക്കുന്ന സുജാതയായി അദിതി റാവു ഹൈദിരി നിറയുന്നുണ്ട്.സുജാതയുടെ വേദന മുഖത്തുണ്ടെങ്കിലും വർഷങ്ങൾക്കിപ്പുറം ഒരു കുട്ടിയുടെ അമ്മയായ സുജാതയിൽ പ്രകടമായ ഒരു മാറ്റവും കാണുന്നില്ല .രാജീവായി വന്ന ജയസൂര്യയെ നേരത്തെ പറഞ്ഞ പോലെ സംശയത്തോടെ ആണ് കണ്ടത് .എന്താണ് അയാളുടെ ഉദ്ദേശം എന്നത് അവസാനം വരെ സംശയിച്ചിരുന്നു .മണികണ്ഠൻ പട്ടാമ്പിയുടെ 'കുമാരൻ ',സിദിഖിന്റെ അച്ഛൻ (നെഞ്ചത്തടിക്കുന്ന രംഗവും ഉസ്താദുമായി 'ജിഹാദ് 'സംസാരിക്കുന്ന രംഗവും എന്തോ നാടകീയമായി തോന്നി ),ഹരീഷ് കണാരന്റെ ടാക്സി ഡ്രൈവർ ,സ്വാമി ശൂന്യയുടെ 'ഉസ്താദ്' ,കലാരഞ്ജിനിയുടെ 'അമ്മ '(എല്ലാ സിനിമയിലും എന്ന പോലെ കലാരഞ്ജിനിയുടെ ശബ്ദമാണ് ശ്രദ്‌ധിച്ചത്‌ ,പക്ഷെ ഇതിൽ സീമ ജി നായരുടെ ശബ്ദം പോലെ തോന്നി ), വത്സല മേനോന്റെ 'അമ്മൂമ്മ 'എല്ലാവരും മനസ്സിലുണ്ട്‌ .


നാറാണിപുഴ ഷാനവാസ് എഴുതി സംവിധാനം ചെയ്ത ഈ ചിത്രം ഇപ്പോഴത്തെ റിയലിസ്റ്റിക് ചിത്രങ്ങളുടെ ബഹളത്തിൽ കവിത പോലെ ആസ്വദിക്കാൻ പറ്റിയ ഒരു ചെറുചിത്രമാണ് .അനു മൂത്തേടത്തിന്റെ ഛായാഗ്രഹണവും എം ജയചന്ദ്രന്റെ സംഗീതവും ആ കവിതയിൽ നമ്മളെ ലയിപ്പിക്കും .മലയാള സിനിമാ ചരിത്രത്തിൽ പേര് ചേർക്കാൻ,ഈ കോവിഡ് കാലത്തു വിജയ് ബാബുവിനും സാധിച്ചു .തീയറ്ററിലെ ഇരുണ്ട വെളിച്ചത്തിൽ,വലിയ സ്‌ക്രീനിൽ കാണാൻ നല്ലതായിരുന്നേനെ ,പക്ഷെ കൊറോണക്കൊപ്പം നമ്മൾക്ക് ജീവിച്ചല്ലേ പറ്റൂ .ഉസ്താദ് പറഞ്ഞ പോലെ “ഉറങ്ങുക, പടച്ചവൻ കൂടെയുണ്ടാകും ..അതാണ് ശ്വാസം ..!”

ചിത്രങ്ങൾ : ഗൂഗിളിൽ നിന്നും എടുത്തതാണ് .
വായിച്ചവർ താഴെ കമന്റ് ബോക്സിൽ അഭിപ്രായങ്ങൾ സംഭാവനയായി ഇട്ടിട്ടു പോകുക !😆