Sunday, July 26, 2020

പിറന്നാളോർമ്മകൾ...🌼

തിവുപോലെ ഈ വർഷവും മൂന്ന്'പിറന്നാളുകൾ'ഉണ്ട്. സ്‌കൂളിൽ ചേർക്കുമ്പോൾ ഒരു അധ്യയന വർഷം നഷ്ടപ്പെടുത്താതിരിക്കാനായി അമ്മ മെയ് 31 ജന്മദിനമാക്കി.അതാണ് ആദ്യ പിറന്നാൾ ദിനം.ഔദ്യോഗിക രേഖകളിൽ ഇപ്പോഴും അതാണ് ജന്മദിനം.പിന്നെ വരുന്നത് യദാർത്ഥ ഇംഗ്ലീഷ് ജനന തീയതി,ജൂലായ്‌ 26..അന്ന് രണ്ടാം പിറന്നാൾ.കർക്കിടകത്തിലെ' വിശാഖം 'ആണ് ജന്മ നക്ഷത്രം ,മിക്കവാറും ജൂലായ്‌ 26 കഴിഞ്ഞിട്ടാകും ആ ദിവസം .ഈ വർഷം ജൂലായ്‌ 29ന് ആണ്‌ 'വിശാഖം' നാൾ വരുന്നത് .അപ്പോൾ അന്നാണ് മൂന്നാം പിറന്നാൾ.ചില വർഷങ്ങളിൽ കർക്കിടകത്തിൽ രണ്ട് 'വിശാഖം 'വരാറുണ്ട്.അപ്പോൾ നാല് പിറന്നാൾ ആകും!

                                            

കോളേജിൽ എത്തുന്നത് വരെ 'നക്ഷത്രം 'വരുന്ന ദിവസമാണ് പിറന്നാളായി കരുതിയിരുന്നതും ചെറുതായെങ്കിലും ആഘോഷിച്ചിരുന്നതും.
കുട്ടിക്കാലം ബാലാരിഷ്ടതകൾ നിറഞ്ഞതായതിനാൽ വലിയ പിറന്നാൾ ആഘോഷ ഓർമ്മകൾ ഒന്നുമില്ല.രാവിലെ തന്നെ കുളിപ്പിച്ചു കുട്ടപ്പനാക്കി 'കടലായി 'അമ്പലത്തിൽ കൊണ്ടു പോകും,അമ്മ.ചിലപ്പോൾ ഏതെങ്കിലും പുതിയ കുപ്പായം അമ്മ വാങ്ങിയിട്ടുണ്ടാകും,അല്ലെങ്കിൽ ഉള്ളതിൽ ഒരു നല്ല കുപ്പായം ഇടും .അല്ലെങ്കിലും പിറന്നാളിന് പുതിയ കുപ്പായം വേണം എന്നൊന്നും അന്ന് ബോധ്യം ഉണ്ടായിരുന്നില്ല ,അങ്ങനെ പഠിപ്പിച്ചിട്ടും ഇല്ല. സാധാരണ അമ്പലത്തിൽ പോകുന്നതിൽ നിന്നും വ്യത്യസ്‍തമായി അന്ന് ഭണ്ഠാരത്തിൽ 'പൈസ 'ഇടാൻ കുറച്ചധികം ചില്ലറ പൈസ അമ്മ എന്റെ കയ്യിൽ തരും.പുഷ്‌പാഞ്ജലിയുടെ കൂടെ പണപ്പായസവും പാൽപ്പായസവും കഴിപ്പിക്കും.'നമ്പൂരി'ക്ക്  അന്ന് എന്നെ കൊണ്ട് ദക്ഷിണ കൊടുപ്പിക്കും.
"കടലായി കൃഷ്ണന്റെ മോനല്ലേ ..നന്നായി വരട്ടെ .."എന്ന് നമ്പൂരി അനുഗ്രഹിക്കും.
"ആദ്യത്തെ ഒന്ന് പോയിപ്പോയതിനു ശേഷം,കാനത്തൂരും കടലായിയും ഒരുപാട് കരഞ്ഞിട്ടാ നിന്റെ കുഞ്ഞിക്കാല് കാണാൻ ഭാഗ്യം ഉണ്ടായത് .." എന്ന് പറഞ്ഞു അമ്മ ഞാൻ ഉണ്ടായ കഥ പറയാൻ തുടങ്ങും.

പായസം എടുത്തു തരുന്ന ഒരു അമ്മമ്മയുണ്ട് ,അവർക്കും കുറച്ചു പൈസ എന്നെക്കൊണ്ട് കൊടുപ്പിക്കും അമ്മ.
"മോൻ ഇപ്പോ,നല്ലോണം മിണ്ടുകേം പറയെം എല്ലാം ചെയ്യുന്നുണ്ടല്ലോ..ഇല്ലെങ്കില് അന്നത്തെ പോലെ നമ്പൂരിയോട് പറഞ്ഞിട്ട് നെയ്യും പൻസാരയും മന്ത്രിച്ചു കൊടുത്താ മതി .."
അമ്മയുടെ സ്‌കൂളിലെ ഒരു മാഷിന്റെ ബന്ധുവാണ് ആ  അമ്മമ്മ.മുഖത്തെ വലിയ ഒരു മറുക് കാരണം എനിക്കെന്തോ അവരെ ചെറിയ പേടി ആയിരുന്നു.
കടലായിയിൽ നിന്നും നേരെ ശിവേശ്വരത്തു പോകും,അവിടുന്നു വയസ്സായ ഒരു അച്ഛാച്ചൻ നമ്പൂരി തരുന്ന ഭസ്മവും തൊട്ടു വീണ്ടും കടലായി അമ്പലത്തിൽ വന്നു പ്രദിക്ഷിണം വച്ച് മടങ്ങും.കുളം കാണണം എന്ന് പറഞ്ഞാൽ ചിലപ്പോൾ കാണിച്ചു തരും.നേരെ വയലിലൂടെയുള്ള റോഡിലൂടെ നടന്നു വീട്ടിലേക്ക്. 

വീട്ടിൽ ചെന്ന് ,പടിഞ്ഞിറ്റയിൽ വിളക്ക് വെച്ച്  പലകയിൽ പായസവും പ്രസാദവും കുറച്ചു നേരം വെക്കും. ചിലപ്പോൾ 'കാസേറിൽ 'വെച്ച അരി നുരിച്ചു എന്റെ കീശയിൽ ചില്ലറ പൈസ വച്ച് തരും.അച്ഛനോട് അരി നുരിയ്ക്കാൻ പറഞ്ഞാലോ,അമ്പലത്തിൽ വരാൻ പറഞ്ഞാലോ വരാറില്ല.
"അമ്മയും മോനും പോയാ മതി "എന്ന് പറയും .
അങ്ങനെ അരി നുരിച്ചു കഴിഞ്ഞാലേ എനിക്ക് പായസം കഴിക്കാൻ പറ്റൂ.അമ്മയും വെല്ലിമ്മയും തലയിൽ അരിയിടും . 'ഇലപ്പാറലി'ൽ പായസം എടുത്തു കയ്യിൽ തരും.താഴെ ഒരു അനിയത്തി വരുന്നത് വരെ ആ പായസം മുഴുവനും എനിക്കുള്ളത് ആയിരുന്നു.എന്താണെന്ന് അറിയില്ല, അമ്പലത്തിലെ ആ 'വെല്ല 'പായസത്തിനുള്ള രുചി വേറെ ഒരു പായസത്തിനുമില്ല.



കടലായ്‌ ശ്രീകൃഷ്ണ ക്ഷേത്രം ,ചിറക്കൽ ,കണ്ണൂർ 

അമ്മ ടീച്ചർ ആയതുകൊണ്ട് , മിക്കവാറും അമ്മയ്ക്ക് സ്‌കൂൾ ഉള്ള ദിവസം ആയിരിക്കും എന്റെ പിറന്നാൾ. രാവിലെ അമ്പലത്തിൽ പോയി വന്നാൽ അപ്പോൾ തന്നെ അമ്മ സ്‌കൂളിൽ പോകും.അതുകൊണ്ടു തന്നെ ഉച്ചയ്ക്ക് സദ്യയോ മറ്റു വിഭവങ്ങളോ ഒന്നും ഉണ്ടാകില്ല.ഉച്ചയ്ക്ക് വെല്ലിമ്മ ചിലപ്പോൾ എന്റെ സ്ഥിരം പ്ലേറ്റ് മാറ്റി ഇലയിൽ ചോറ് വിളമ്പും.അത്രമാത്രം.പ്രദീപേട്ടന്റെ പീടികയിൽ നിന്നും അമ്മ 'ലാക്ടോ കിംഗ് 'മുട്ടായി കുറേ പാക്കറ്റ് വാങ്ങും,അന്ന് രാവിലെ അസംബ്ലിയിൽ എല്ലാ കുട്ടികൾക്കും എന്റെ പേരിൽ മുട്ടായി കൊടുക്കും .ഉച്ചയ്ക്ക് ഉച്ചക്കഞ്ഞിയുടെ കൂടെ പായസവും ഉണ്ടാക്കി കൊടുക്കും.വൈകുന്നേരം വരുമ്പോൾ അമ്മയുടെ ചൊറ്റു പാത്രത്തിൽ ഉച്ചയ്ക്ക് ഉണ്ടാക്കിയ പായസത്തിന്റെ ബാക്കിയും , കുറച്ചു ലാക്ടോ കിംഗ്‌ മുട്ടായ്‌ കടലാസിൽ പൊതിഞ്ഞതും ഉണ്ടാകും.പിന്നീട് അതെ സ്‌കൂളിൽ ഞാൻ അഞ്ചാം ക്ലാസ്സ്‌ വരെ പഠിച്ചപ്പോഴും എല്ലാ പിറന്നാളിനും ഈ മധുര വിതരണം തുടർന്നിരുന്നു.പിറന്നാൾ ദിവസം രാത്രി ഓഫീസിൽ നിന്നും വരുമ്പോൾ അച്ഛൻ ചിലപ്പോൾ ഒരു പൊതി കൊണ്ട് വരും. അത് കയ്യിൽ തരില്ല , ഞാൻ കാണുന്ന എവിടെങ്കിലും കൊണ്ട് വെക്കും.എന്നെക്കാൾ വലിയ ട്രൗസറും ബനിയനും ആയിരിക്കും ആ പൊതിക്കുള്ളിൽ മിക്കവാറും.

പാരീസ് ലാക്ടോ കിംഗ് 'മുട്ടായി '

നേരത്തെ പറഞ്ഞ പോലെ ടീച്ചറുടെ മോൻ ആയതു കൊണ്ട് എന്റെ പിറന്നാളിന് മാത്രമേ സ്‌കൂളിൽ മുഴുവൻ കുട്ടികൾക്കും മുട്ടായിയും പായസ വിതരണവും ഉണ്ടായിരുന്നുള്ളൂ.അമ്പലത്തിൽ നിന്നുള്ള ചന്ദനക്കുറിയും തൊട്ടു കുറച്ചു അധികം മുട്ടായി കീശയിൽ ഇട്ടു അങ്ങനെ നടക്കും. ഏറ്റവും അടുത്ത ചങ്ങായിമാർക്ക് ഉള്ളതാണ് കീശയിലെ മുട്ടായി.സ്‌കൂൾ മാറി യു.പി സ്‌കൂളിൽ എത്തിയപ്പോൾ ഈ മധുരവിതരണമൊക്കെ നിന്നു.ഹൈസ്‌കൂൾ വരെയും അത് തുടർന്നു.അമ്പലത്തിൽ പോകുന്നതൊക്കെ പിന്നെ നിർബന്ധം അല്ലാതായി.എങ്കിലും അമ്മ എങ്ങനെയെങ്കിലും വഴിപാട് കഴിപ്പിക്കും, അല്ലെങ്കിൽ വേറൊരു ദിവസത്തേക്ക് 'കടം 'പറയും.

പ്ലസ് ടുവിനു എത്തിയപ്പോഴാണ് 'ഒറിജിനൽ ' "ഡേറ്റ് ഓഫ് ബർത്ത് "നെ പറ്റി ചിന്തിക്കുന്നത്.ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ച കുറെ കുട്ടികൾ ക്ലാസിൽ ഉണ്ടായിരുന്നു.ബർത്ത് ഡേയ്ക്ക് അവർ പരസ്പരം ഗിഫ്റ് കൈമാറിയിരുന്നു.
അന്ന് ഗിഫ്റ് കിട്ടാൻ കുറെ ആഗ്രഹിച്ചിരുന്നെങ്കിലും തരാൻ ആരും ഉണ്ടായിരുന്നില്ല ! അതിനു ശ്രമിച്ചും ഇല്ല.
പോളിയിലും ഗിഫ്റ്റുകൾ കൈമാറുന്നത് കണ്ടു നിൽക്കാനേ കഴിഞ്ഞുള്ളൂ.ബർത്ത് ഡേയ്ക്കു "ചെലവ് " ചെയ്യേണ്ടി വരുന്നതിനാൽ പലപ്പോഴും 'ഡേറ്റ് ' രഹസ്യമാക്കി വെച്ചു.

കോളേജിൽ ഹോസ്റ്റലിൽ താമസിച്ചു പഠിച്ചപ്പോഴാണ്  പിറന്നാൾ "ആഘോഷങ്ങൾ "തുടങ്ങിയത്.നമ്മൾ മറന്നാലും റൂം മേറ്റ്സ് തീയതി മറക്കില്ല." ഡാ ഒരു കാര്യം പറയട്ടെ ", ദാ പുറത്തൊരു കാര്യം കാണിച്ചു തരാം " എന്നൊക്കെ പറഞ്ഞു ഉറക്കത്തിനിടയിൽ റൂമിനു പുറത്തേക്കു വിളിച്ചു കൊണ്ട് പോകും.പിന്നെ തലയിൽ ചീഞ്ഞ മുട്ട പൊട്ടുന്നത് നമ്മൾ പോലും അറിയില്ല ! ആഴ്ചകൾക്കു മുമ്പേ "മുട്ടയടി വിദഗ്ധന്മാർ "മണ്ണിൽ കുഴിച്ചിട്ടു 
തയ്യാറാക്കിയ മുട്ടകൾക്കു നല്ല നാറ്റം ആയിരിക്കും.കൂടെ അടുക്കള മാലിന്യവും മീൻ മുള്ളും എല്ലാം കൊണ്ട് കുളിപ്പിക്കും.നമ്മൾ വെറുതെ വിടുമോ ? മുട്ട എറിഞ്ഞവനെ ഓടിച്ചിട്ടു പിടിച്ചു കെട്ടിപ്പിടിക്കും.പിന്നെ അവിടെ മുട്ടയേറ്‌ ഉത്സവം ആയിരിക്കും. രാത്രി പന്ത്രണ്ടു തൊട്ടു പുലർച്ചെ വരെ അത് തുടരും. എല്ലാം കഴിഞ്ഞു കുളിമുറിയിൽ നിന്ന് കുളിച്ചു ഇറങ്ങുമ്പോൾ വീണ്ടും " കച്ചറ" കൾ കൊണ്ട് അഭിഷേകം കിട്ടും.അങ്ങനെ രണ്ടു മൂന്നു കുളി കഴിഞ്ഞു ഉറങ്ങാമെന്നു കരുതി പോയാൽ തലയിണയിലും കിടക്കയിലും മീനെണ്ണ ഗുളിക പൊട്ടിച്ചു ഒഴിച്ചിട്ടുണ്ടാകും.അതിന്റെ 'സുഗന്ധം' കാരണം പിന്നെ ഉറക്കം ആ വഴിക്കു വരില്ല.

പ്രവാസിയായി മസ്കറ്റിൽ എത്തിയപ്പോഴാണ് വീണ്ടും എല്ലാ പിറന്നാളിനും അമ്പലത്തിൽ പോകാൻ തുടങ്ങിയത്.മസ്കറ്റ് ശിവക്ഷേത്രത്തിൽ ഹനുമാന് വടമാല കഴിപ്പിച്ചിട്ടു എല്ലാവർക്കും കൊടുക്കും.എല്ലാ ദിവസവും മറ്റുള്ളവർ തരുന്ന വട കഴിച്ചിട്ട് പോയിരുന്ന ഞാൻ, പിറന്നാൾ ദിവസം ഗമയോടെ എല്ലാവർക്കും വട വിതരണം ചെയ്യുന്നത് നല്ല ഒരു അനുഭവമായിരുന്നു.ദാർസൈത്തിലെ കൃഷ്ണന്റെ അമ്പലത്തിലും അന്ന് തന്നെ പോകും.ജോലി കഴിഞ്ഞു വന്നു പായസ പരീക്ഷണം നടത്തും.പാലട സ്പെഷ്യൽ ഉണ്ടാക്കാൻ അങ്ങനെയാണ് പഠിച്ചത്.ലുലുവിലോ സ്നോ വൈറ്റിലോ പോയി നേരത്തെ തന്നെ സ്വയം പിറന്നാൾ കോടി എടുക്കും.അല്ലാതെ വെറെ ആരാണ് എടുത്തു തരാൻ ഉള്ളത് ?

മസ്കറ്റ് ശിവക്ഷേത്രം 


വടമാല വഴിപാട് 


അബുദാബിയിൽ എത്തിയപ്പോൾ ആദ്യത്തെ രണ്ടു വർഷം ഓഫീസിലെ ഫിലിപ്പീനികാരി കോ ഓർഡിനേറ്റർ 'ഫഹാറ'എല്ലാവരുടെയും "സി.വി" യിലെ ജനന തീയതി ഡയറിയിൽ കുറിച്ച് വെച്ച് "കെ.എഫ്‌.സി" പാർട്ടി ചോദിച്ചു വാങ്ങിയിരുന്നു. "ആദർശ് ഐ വിൽ ഓർഡർ"എന്ന് അവൾ വിളിച്ചു പറയും.ഓഫിസിൽ അക്കാലത്തു മാസത്തിൽ ഒരു പാർട്ടിയെങ്കിലും ഇങ്ങനെ കാണും.ആദ്യമൊക്കെ പായസം ഉണ്ടാക്കി എല്ലാവർക്കും കൊടുക്കുമായിരുന്നു.

എന്റെ പിറന്നാളിന് ആദ്യമായി വേറൊരാൾ കേക്ക് വാങ്ങി മുറിക്കുന്നത് ദുബായിയിൽ ' നിഖിലിന്റെ ' റൂമിൽ വെച്ചാണ്. അവന്റെയും മറ്റു റൂം മേറ്റ്സ്ന്റെയും എല്ലാം പിറന്നാളുകൾക്കും ഞങ്ങൾ കേക്ക് മുറിച്ചിരുന്നു.കേക്ക് മുറി കഴിഞ്ഞു 'സൽക്കാര'യിലോ 'തറവാടി'ലോ പോയി നല്ല ഭക്ഷണവും അത് കഴിഞ്ഞു ഒരു സിനിമയും..ചിലപ്പോൾ റൂമിലെ പ്രോജെക്ടറിൽ അല്ലെങ്കിൽ നേരെ 'വോക്‌സി'ൽ  പോകും.അത് കഴിഞ്ഞു റൂമിലേക്ക്‌ രാത്രി തിരിച്ചു നടന്നു വരും..അങ്ങനെ വർത്തമാനം ഒക്കെ പറഞ്ഞു പറഞ്ഞ്‌..നിഖിൽ  നങ്ങളെ വിട്ടുപോയതിനു ശേഷം എല്ലാം ഓർമ്മകൾ ആയി മാറി.ദുബായിലെ റൂമും ,ഞങ്ങളുടെ dxb  ഗാങ്ങും എല്ലാം...

കല്യാണത്തിന് ശേഷം അഞ്ജുവാണ് കേക്ക് മുറി വീണ്ടും തുടങ്ങിയത്. ചെറുതാണെങ്കിലും എന്തെങ്കിലും "സർപ്രൈസ് ഗിഫ്റ് "പിറന്നാളിന് കൊടുക്കണം എന്നാണ് അവളുടെ പോളിസി.സത്യം പറഞ്ഞാൽ ഒരു "ബർത്ത് ഡേ ഗിഫ്റ് " സ്നേഹത്തോടെ ആദ്യമായി കിട്ടുന്നത് അവളിൽ നിന്നാണ്.ഞങ്ങൾക്കിടയിൽ മധുരമായി 'ദിവ' വന്നിട്ട് എന്റെ ആദ്യ പിറന്നാൾ ആണ് ഇന്ന്.ഇനി അവളുടെ പിറന്നാളുകളാണ് ആഘോഷിക്കേണ്ടത്‌.കൊറോണ  കാരണം കേക്ക് മുറിയും സർപ്രൈസ് ഗിഫ്റ്റും ഇപ്രാവശ്യം ഇല്ല.ഞാനിവിടെ അബുദാബിയിലും അവർ നാട്ടിലും." മിസ്സ്‌ യൂ " എന്ന് അങ്ങോട്ടും ഇങ്ങോട്ടും വാട്സാപ്പിൽ കുറെ ടൈപ്പ് ചെയ്തു പഴയ കേക്ക് മുറികൾ ഓർത്തു കിടന്നു .വീട്ടിൽ ഇന്നലെ വിളിച്ചപ്പോൾ, "നാളെയല്ലേ  ഡെയ്റ്റ് ...നാളിന്റെ അന്ന് അമ്പലത്തിൽ പോകാനൊന്നും ഇപ്പോ കഴിയില്ല ,ഈട  വെളക്ക്‌ വെച്ച് പ്രാർത്ഥിക്കാം "എന്ന് അമ്മ.

മൂന്നാം പിറന്നാൾ അഥവാ പക്ക പിറന്നാൾ മൂന്നു ദിവസം കഴിഞ്ഞാണ് , 29 നു ബുധനാഴ്ച . ആണ്ടു പിറന്നാൾ ബുധനാഴ്ച വന്നാൽ വിദ്യാലാഭമാണ് ഫലം. ആ പഴയ എൽ.പി സ്‌കൂൾ കുട്ടിയായി , ഇങ്ങനെ പിറന്നാൾ ഓർമ്മകൾ അയവിറക്കി 'ലാക്ടോ കിംഗ് 'ന്റെ മധുരം നുണയാം ..മുട്ടായി തിന്നു കഴിഞ്ഞു മുട്ടായി കടലാസു കൊണ്ട് പാവയെയും ഉണ്ടാക്കാം ....




5 comments:

Manikandan said...

പിറന്നാൾ ഓർമ്മകൾ അധികവും മധുരമുള്ളതായതിനാൽ അത് മുഴുവനും വായിച്ചു. ഇടയ്ക്ക് കല്ലുകടിയായി തോന്നിയത് ഹോസ്റ്റലിലെ പിറന്നാൾ ആഘോഷം മാത്രമാണ്. നല്ലൊരു ദിവസം എന്തിനാണ് ഇങ്ങനെ നശിപ്പിക്കുന്നതെന്ന് തോന്നി. ഇപ്പോഴത്തെ കുട്ടികളും പിറന്നാളിന്റെ പേരിലുള്ള ഇത്തരം പീഡനങ്ങളെ പറ്റി പറയാറുണ്ട്.

എനിക്കും ഇതുപോലെ മൂന്ന് ജന്മദിനങ്ങൾ ഉണ്ട്. അമ്മ ടീച്ചർ ആയതുകൊണ്ടും ഞാൻ നെഴ്സറിയിൽ പോകാൻ കൂട്ടാക്കാതിരുന്നതുകൊണ്ടും എന്ന് നേരത്തെ സ്ക്കൂളിൽ ചേർത്തു. അമ്മ പഠിപ്പിച്ചിരുന്ന സ്ക്കൂളിൽ തന്നെ. അങ്ങനെ എന്റെ ഔദ്യോഗിക ജന്മദിനം യദാർത്ഥജന്മദിനത്തിൽ നിന്നും വ്യത്യസ്തമായി മാറി. പക്ഷെ എല്ലാക്കാലത്തും ആഘോഷിച്ചിരുന്നത് പിറന്നാൾ ആണ് (ജന്മനക്ഷത്രം). കുട്ടിക്കാലത്ത് അമ്മൂമ്മയാണ് എല്ലാവരുടേയും പിറന്നാൾ നോക്കിവച്ചിരുന്നതും വഴിപാടുകൾ കഴിച്ചിരുന്നതും. എല്ലാവരേയും അമ്മൂമ്മ ഓർമ്മിപ്പിക്കുകയും ചെയ്യും. പിറന്നാൾ അവധിദിവസങ്ങളിൽ വരാറില്ലല്ലൊ. അതിനാൽ എല്ലാ പിറന്നാളിനും സദ്യ ഉണ്ടാവില്ല. പക്ഷെ പായസം അമ്മയോ അമ്മൂമ്മയോ ആരെങ്കിലും ഉണ്ടാക്കിത്തരാറുണ്ട്. എന്റെ കുട്ടിക്കാലത്ത് ഒന്നുകിൽ പാല്പായസം (അരിപ്പായസം) അല്ലെങ്കിൽ സേമിയപ്പായസം. അവധി ദിവസം ആണെങ്കിൽ പരിപ്പ് പായസം പ്രതീക്ഷിക്കാം. അതുണ്ടാക്കലും അല്പം മെനക്കേട് തന്നെ ആണല്ലൊ.

ആദർശിന്റെ പിറന്നാൾ ഓർമ്മകൾ എന്റെ പിറന്നാളോർമ്മകളിലേയ്ക്കും വഴിവച്ചു. ആദർശിനു പിറന്നാൾ ആശംസകൾ.

j!Ks said...

പിറന്നാൾ ദിവസം നല്ല ഒരു എഴുത്തു. ഒരുപാടു സന്തോഷം തോന്നുന്ന ഓർമ്മകൾ ആണ് ഇവിടെ കുറിച്ചത് എന്ന് തോന്നുന്നു. കുറച്ചെങ്കിലും ബുദ്ധിമുട്ടായി തോന്നിയത് ഹോസ്റ്റൽ പിറന്നാൾ ആഘോഷം ആണ്. കഷ്ടം ആണ് ഒരു നല്ല ദിവസം ഇങ്ങനെ കുളം ആക്കുന്നത്. പറഞ്ഞു കേട്ടിട്ടുള്ളതല്ലാതെ ഇതുവരെ അങ്ങനെ അനുഭവിക്കേണ്ടി വന്നിട്ടില്ല.

അമ്പലവും, ഓഫീസിലെ ഫിലിപ്പിനോയും ഒക്കെ നന്നായി അറിയാവുന്നുണ്ട് അതിനു അഭിപ്രായം പറയുന്നില്ല 😁

ഒരായിരം ജന്മദിനങ്ങൾ സന്തോഷത്തോടെയും സൗഹൃദത്തോടെയും ആഘോഷിക്കാൻ ഈശ്വരൻ ഇടവരുത്തട്ടെ. ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ. 🎉🎂

ഇനിയും നല്ല എഴുത്തുകൾ പ്രതീക്ഷിക്കുന്നു.

Hitha Anil said...

valare nannyirunnu.....vaayichirunnupoyi.........

cochinads said...

ഇഷ്ടമായി . എഴുത്തു തുടരുക.

ആദര്‍ശ് | Adarsh said...

@ Manikandan
ആദ്യം തന്നെ ,ചായിപ്പിലേക്ക് വന്നതിൽ വളരെ സന്തോഷം മണിയേട്ടാ ,ആശംസകൾക്ക് സ്നേഹം നിറഞ്ഞ നന്ദി !
മെയ് 31 ജന്മദിനം ആയിട്ടുള്ള കുറേ പേർ കുറേ പേര് ഉണ്ട് ,അതിൽ മിക്കവരും അധ്യാപകരുടെ മക്കളായിരിക്കും :)
ഹോസ്റ്റലിലെ ആഘോഷം അന്ന് കുറച്ചു ബുദ്ധിമുട്ട്‌ ആയിരുന്നെങ്കിലും ഇന്ന് ഓർക്കുമ്പോൾ രസകരമായ ഒരു സംഭവം ആയാണ് മനസ്സിൽ ഉള്ളത് .കായികമായ ഒരു മല്പിടുത്തവും അന്ന് ഇല്ലയിരുന്നു ,കൂടാതെ കർക്കശമായ ഹോസ്റ്റൽ ജീവിതത്തിൽ ഞങ്ങൾക്ക് മൗനാനുവാദം കിട്ടിയിരുന്ന ആകെ ഒരു അലമ്പൻ പരിപാടി അതായിരുന്നു.പരിപ്പ് പായസം ഞങ്ങൾക്ക് കുട്ടിക്കാലത്തു ഓണത്തിന് മാത്രമേ കിട്ടൂ അല്ലെങ്കിൽ ഏതെങ്കിലും കല്യാണം കൂടണം :)
ഇവിടെ വന്നതിനും ,അഭിപ്രായങ്ങൾ പങ്കുവെച്ചതിനും ഒരിക്കൽ കൂടി നന്ദി !!

@jiks
പഴയ ഓർമ്മകൾ ഇങ്ങനെ കുറിച്ചു വെക്കാൻ ഒരു ഇഷ്ടം ..അതാണ് ഇവിടെ എഴുതുന്നത് .നേരത്ത പറഞ്ഞ പോലെ ഹോസ്റ്റൽ പരിപാടി പലയിടത്തും അടിയും റാഗിങ്ങും ഒക്കെ ആയി മാറിയത് കേട്ടിട്ടുണ്ട് .ഞങ്ങളുടെ ഇടയിൽ ഒരേ ബാച്ചിൽ ഉള്ളവർ തമ്മിൽ സ്നേഹത്തോടെയുള്ള ഒരു കലാപരിപാടി ആയിരുന്നു .പിറന്നാൾ ആശംസകൾക്ക് ഒരിക്കൽ കൂടി നന്ദി !ഒപ്പം ഈ പതിവ് സന്ദർശനത്തിനും !
@ Hitha Anil
വളരെ നന്ദി ,ചായിപ്പിൽ വന്നതിന് !
@ Cochinads
വേണു സാർ , സാറിന്റെ തിരക്കു പിടിച്ച ജോലികൾക്കിടയിൽ ഇവിടെ വന്നു വായിച്ചതിനു സ്നേഹം നിറഞ്ഞ നന്ദി .ഒപ്പം എഴുത്തു ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിലും സന്തോഷം , തീർച്ചയായും എഴുത്തു തുടരാം ..സാറിന്റെ എഴുത്തുകൾ ഒക്കെയാണ് എനിക്കൊക്കെ പ്രചോദനം ..