Tuesday, January 13, 2009

"മത്സരമല്ലിത് ....ഉത്സവം...!"

" നമസ്കാരം ..കോലത്തുനാട്ടില്‍ നടക്കുന്ന കൊലോത്സവ വാര്‍ത്തകളുമായി പ്രത്യേക വാര്‍ത്താ ബുള്ളറ്റിനിലേക്ക് സ്വാഗതം..കൊലോല്ത്സവ നഗരിയില്‍ തയ്യാറാക്കിയ പ്രത്യേക സ്റ്റുഡിയോയില്‍ ഞങ്ങളുടെ പ്രതിനിധി കത്തിമോള്‍ ഉണ്ട്..കത്തി മോളിലേക്ക് ....."

"കൊലേഷ് ..ഇവിടം ഉത്സവ ലഹരിയിലാണ്..വിപുലവും അതിഗംഭീരവുമായ ചടങ്ങുകളോടെയാണ് ഈ വര്‍ഷത്തെ കൊലോത്സവം കോലത്തുനാട്ടില്‍ ആരംഭിച്ചത്.കുടിപ്പകയുടെയും അങ്കക്കലിയുടെയും പോരാട്ടവീര്യം ഉറങ്ങുന്ന ഈ മണ്ണില്‍ ഇനി കൊലാ പ്രകടനങ്ങളുടെ നാളുകള്‍..പതിവിനു വിപരീതമായി വെട്ടിക്കുത്തോത്സവം ,ബോംബേറുത്സവം, ഹര്‍ത്താലോത്സവം എന്നിവ ഇത്തവണ ഒരുമിച്ചാണ് നടത്തുന്നത്. ചില മത്സര ഇനങ്ങള്‍ നിര്‍ത്തലാക്കുകയും പുതിയവ കൂട്ടിച്ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്.സമാധാനചര്‍ച്ചാ നാടകത്തില്‍ ഇനി മുതല്‍ മികച്ച നടനും നടിക്കും പുരസ്ക്കാരം നല്കും .ഏറ്റവും നല്ല പ്രതിഷേധ പ്രകടനത്തിന് റോളിംഗ് ട്രോഫി ഏര്‍പ്പെടുത്തിയിട്ടുമുണ്ട് .ഓരോ ടീമിനും അന്യനാട്ടില്‍ നിന്നും വാടകയ്ക്ക് കൊണ്ടു വരാവുന്ന മത്സരാര്‍ത്ഥികളുടെ എണ്ണം കൂട്ടിയിട്ടുണ്ട് ."

"കത്തിമോള്‍ അവിടെ പ്രശസ്തര്‍ ആരെങ്കിലും എത്തിയിട്ടുണ്ടോ?ഉണ്ടെങ്കില്‍ ഒരഭിമുഖം നടത്താമായിരുന്നു.."

" കൊലേഷ് ...ഇതുവരെ ആരും എത്തിയിട്ടില്ല ..സമാപന ശാന്തിയാത്രയില്‍ ഇക്കൊല്ലവും സിനിമ താരങ്ങളെ പങ്കെടുപ്പിക്കാന്‍ സംഘാടകര്‍ ശ്രമിക്കുന്നുണ്ട്."


"മത്സരാര്‍ത്ഥികള്‍ക്ക് എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടോ കത്തി മോളെ?"


"മത്സരാര്‍ത്ഥികളുടെ ദുരിതം കുറയ്ക്കാനായി എല്ലാ ഇനങ്ങളും പകല്‍ വരെ നീളാതെ രാത്രി തന്നെ നടത്താനാണ് തീരുമാനം.മത്സരത്തിനായി തങ്ങള്‍ തയ്യാറായെന്ന് എല്ലാ പ്രാദേശിക ,ദേശിയ ,അന്തര്‍ദേശീയ മത്സരാര്‍ത്ഥികളും അറിയിച്ചിട്ടുണ്ട്.എന്നാല്‍ ഈയിടെ നടന്ന 'തീവ്രവാദി ഫെസ്റിവല്‍' കൊലോല്ത്സവത്തിന്റെ മാറ്റ് കുറയ്ക്കുമോ എന്ന് പലര്‍ക്കും ശങ്കയുണ്ട്.

"അവിടെ മത്സരങ്ങള്‍ തുടങ്ങിയോ ?എന്തൊക്കെയാണ് ഏറ്റവും പുതിയ വിവരങ്ങള്‍..?"


"ഇപ്പോള്‍ വേദി ഒന്നില്‍ ഹര്‍ത്താല്‍ മത്സരം നടന്നുകൊണ്ടിരിക്കയാണ്..എല്ലാവരും ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നുണ്ട് എന്ന് വിധി കര്‍ത്താവില്‍ ഒരാളായ പൊതുജനം കഴുത സാര്‍ പറഞ്ഞു. രാവിലെ നടന്ന കൊലക്കളി മത്സരത്തില്‍ എല്ലാവര്ക്കും എ ഗ്രേഡ് ഉണ്ട്. മരിച്ച് മത്സരിക്കുന്ന മികച്ച മത്സരാര്‍ത്ഥികള്‍ക്ക് ഇത്തവണ പ്രൈസ് മണി സഹായധനം ഏര്‍പ്പെടുത്തിയിട്ടുണ്ട് .


" കൊലോല്ത്സവ നഗരിയില്‍ നിന്നും ഇപ്പോള്‍ ഇത്രമാത്രം ...കാമറമാന്‍ മൂകസാക്ഷിക്കൊപ്പം കത്തിമോള്‍ ,കലികാല വിഷന്‍...തിരിച്ച് സ്റ്റുഡിയോയിലേക്ക് ..."

ങ്ങനെയൊരു വാര്‍ത്താവതരണവുമായി , ഇങ്ങനെയൊരു ചാനല്‍ വൈകാതെ വന്നാല്‍ അത്ഭുതപ്പെടാനില്ല.അത്രയ്ക്ക് ഗുരുതരമാണ് അവസ്ഥ .വിശ്വാസം വരുന്നില്ലെന്കില്‍ ഇതാ ചില തത്സമയ ദൃശ്യങ്ങള്‍ ..


മത്സരാര്‍ത്ഥികള്‍ക്കുവേണ്ടി ജീവന്‍ ബലി നല്കിയ ചിന്നു എന്ന നായ.കൂട്ടിലെ ഭക്ഷണപ്പാത്രത്തില്‍ തളം കെട്ടിനില്‍ക്കുന്ന ബലിച്ചോര !


ശരീരത്തില്‍ നിന്നു വേര്‍പെട്ട നിലയില്‍ മനുഷ്യന്റെ തലയും വെട്ടിമാറ്റപ്പെട്ട നിലയില്‍ തൂങ്ങുന്ന കൈപ്പത്തിയും അടക്കം എന്തെല്ലാം ഭീകര ദൃശ്യങ്ങള്‍ കണ്ടിരിക്കുന്നു അല്ലെ? പിന്നെയാണോ ഈ നായ... എന്നാവും ചിന്ത അല്ലേ?

ചിന്നുവിനെപ്പോലെ രാഷ്ട്രീയക്കാരന്റെ വീട്ടില്‍ ജീവിച്ചു പോയി എന്ന ഒറ്റ കുറ്റത്തിന് ജീവന്‍ ബലി നല്‍കേണ്ടി വന്ന എത്ര നായകള്‍ ...ആലകളില്‍ കഴുത്തറക്കപ്പെട്ട എത്ര പശുക്കള്‍..ശ്വാസം മുട്ടി മരിച്ച എത്ര പ്രാവുകള്‍...മനുഷ്യനെ കൊന്നു മടുത്ത കാട്ടാളന്മാര്‍ ഇപ്പോള്‍ മിണ്ടാപ്രാണികള്‍ക്ക് നേരെയാണ് വാളോങ്ങുന്നത് . കല്ലേറും ,ബോംബേറും,തീവെപ്പും ഒക്കെ ഇപ്പോള്‍ ഉത്സവത്തിനു വെടിക്കെട്ട് നടത്തുന്ന ആവേശത്തിലാണ് നാട് മുഴുവന്‍ നടത്തുന്നത്.അന്യ നാട്ടുകാര്‍ പറയും "ഓ കണ്ണൂരൊക്കെ അങ്ങനാ .."പക്ഷേ എല്ലാവരും കരുതുന്നത് പോലെ കോലത്തുനാട്ടുകാര്‍ മുഴുവന്‍ കാട്ടാളന്മാരൊന്നും അല്ല.കുടിപ്പകയുടെ മനസ്സുമായി ചിലര്‍ നാടിനെ ചോരക്കളമാക്കുകയാണ്. കണക്കു തീര്‍ക്കുമെന്നും തിരിച്ചടിക്കാന്‍ മടിക്കില്ല എന്നും പറഞ്ഞ് നേതാക്കന്മാരും ...കലിയിളകിയ അണികളും...ഇതിനിടയില്‍ പാവം ജനങ്ങളും ...പുതുവര്‍ഷം പിറന്ന് ഒരാഴ്ചക്കുള്ളില്‍ രണ്ട് ഹര്‍ത്താലാണ് നടന്നത്.പണ്ടൊക്കെ നാളെ ഹര്‍ത്താലാണെന്ന് തലേന്ന്‍ എങ്കിലും അറിയുമായിരുന്നു.ഇന്നിപ്പോള്‍ രാവിലെ പുറത്തിറങ്ങിയാല്‍ "സര്‍പ്രൈസ് ഹര്‍ത്താല്‍ " കണ്ട് അന്തം വിടും ..വിജനമായ റോഡും പൂട്ടിയ കടകളും കണ്ട് വീട്ടിലേക്ക് തിരിച്ചു വരാം ...


വീടാക്രമണം പോലുള്ള ചീള് പരിപാടികള്‍ക്ക് ജില്ലയില്‍ നിന്നു തന്നെയാണ് മുഖം മൂടികള്‍ എത്തുന്നത്.ഏത് പഞ്ചായത്തിലാണോ അക്രമം നടത്തേണ്ടത് ആ പഞ്ചായത്തിനു കിലോമീറ്ററുകള്‍ അകലെയുള്ള പഞ്ചായത്തില്‍ നിന്നും ടെമ്പോ വാനുകളില്‍ മുഖംമൂടികളെ കയറ്റി അയക്കും .മനുഷ്യരെയും മൃഗങ്ങളെയും മറ്റും കൊല്ലാന്‍ കേരളത്തിന് അകത്തു നിന്നും പുറത്ത് നിന്നും ഇറക്കുമതി ചെയ്ത വാടക ഗുണ്ടകളുടെ സഹായവും ..!'പരസ്പരം കൊന്നുതീര്‍ക്കട്ടെ ' എന്ന് പോലീസും കുടുംബ വഴക്കാണെന്ന് സര്‍ക്കാരും പറയുമ്പോള്‍ വിഡ്ഢികളാകുന്നത് , സാധാരണ ജനങ്ങള്‍..

ത്സരാര്‍ത്ഥികള്‍ക്ക് എല്ലാവിധ ഒത്താശയും ചെയ്തു കൊടുക്കുന്ന ഗുരുക്കന്മാരും രക്ഷിതാക്കളുമായ നേതാക്കന്മാര്‍ മത്സര ശേഷം ഓരോ വേദിയിലും കയറിയിറങ്ങും .നാട്ടുകാരെ പറ്റിക്കാന്‍,കരഞ്ഞു നിലവിളിക്കുന്ന അമ്മ -പെങ്ങമാരുടെ കൂടെ നിന്നു കെട്ടി പ്പിടിച്ച് ഫോട്ടോയ്ക്ക് പോസും ചെയ്യും . പിന്നീടങ്ങോട്ട് അവര്‍ക്കും അണികള്‍ക്കും ചാകരയാണ് ..മത്സര വേദിയില്‍ നിന്നു ഉയര്‍ന്നു വരുന്ന ധീര രക്തസാക്ഷികളും ബലിദാനികളുമായ താരങ്ങള്‍..ആണ്ടു തോറും അനുസ്മരണ സമ്മേളനങ്ങള്‍..കുടുംബ സഹായ പിരിവുകള്‍ ...സ്മാരകങ്ങള്‍...
സമാധാന ചര്‍ച്ചകളില്‍ ,ആദ്യം തുടങ്ങിയത് അവരാണ് ..ഇവരാണ് എന്ന് പറഞ്ഞ് വാക്കേറ്റം നടത്തി കരാറുകള്‍ ഒപ്പിടുന്നു....സമാധാന യാത്രകള്‍ നടത്തി പരസ്പരം കുറ്റം പറഞ്ഞ് അടുത്ത അങ്കത്തിന് വിത്തുകള്‍ പാകുന്നു.. ഉള്ളിന്റെ ഉള്ളില്‍ ഇരു വശത്തും എണ്ണം തികക്കാനുള്ള പക മാത്രം...


"പലസ്തീനിലെ കൂട്ടക്കുരുതി അവസാനിപ്പിക്കുക ,ഇസ്രായേല്‍ പലസ്തീനില്‍ നിന്ന് പിന്മാറുക " തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് റാലികളും ,സായാഹ്നധര്‍ണകളും നടത്തുന്ന തിരക്കിലാണ് എല്ലാ നേതാക്കളും അണികളും ഇപ്പോള്‍..രാഷ്ട്രീയ കക്ഷികള്‍ എന്ന നിലയില്‍ അന്താരാഷ്ട്ര പ്രശ്നങ്ങളില്‍ പ്രതികരിക്കേണ്ടത് തന്നെ..എങ്കിലും ഗാസയിലെ അക്രമത്തില്‍ പ്രതിഷേധിച്ച് റാലികള്‍ നടത്തുന്നവരും , നാട് നീളെ അതി മനോഹരങ്ങളായ പോസ്റ്റര്‍ ഒട്ടിച്ച് ഇസ്രായേലിനോട് മടങ്ങി പ്പോകാന്‍ പറയുന്നവരും ,തീവ്രവാദികള്‍ക്കെതിരെ സംഗമങ്ങളും ക്ലാസ്സുകളും നടത്തുന്നവരും ,വീര ജവാന്‍മാര്‍ക്ക് ഫ്ലക്സ് ബോര്‍ഡ് തൂക്കി അഭിവാദ്യം അര്‍പ്പിക്കുന്നവരൊക്കെ സ്വന്തം നാട്ടില്‍ നടക്കുന്നത് കാണുന്നില്ലേ? ഇവിടെ നടക്കുന്നത് കൂട്ടക്കുരുതി അല്ലേ? ഓ ...മറന്നു പോയി ..ഇത് ആണ്ടു തോറും നടത്തുന്ന മത്സരമല്ലാത്ത ഉത്സവമല്ലേ .....

Thursday, January 01, 2009

നാട്ടില് മൊത്തം പാട്ടായി ...

"സംസ്കൃത വാര്‍ത്താഹ സുയന്താ ... പ്രവാചക ബല ദേവാനന്ദസാഗരാ ...."ഇത്രയും കേള്‍ക്കുമ്പോഴേക്കും പായയില്‍ നിന്നു ചാടി എഴുന്നേറ്റ് ഞാന്‍ റേഡിയോ ഓഫാക്കിയിരിക്കും.രാവിലെ ഉറക്കമുണരുന്നത് തന്നെ അച്ഛന്റെ ആ പഴയ റേഡിയോ (കട്ടപ്പെട്ടി എന്ന് അമ്മ വിളിക്കുന്ന)യില്‍ നിന്നുള്ള പ്രിന്‍സ് മൈദയുടെയും ഫാക്ടും ഫോസിന്റെയും ഉജാലയുടെയും പരസ്യങ്ങള്‍ കേട്ടിട്ടാണ് .പരസ്യങ്ങള്‍ മൊത്തം കഴിഞ്ഞ് "ക്രീം..."എന്നൊരു ശബ്ദം .ആറേ മുക്കാലിന് പ്രാദേശിക വാര്‍ത്ത‍..കോഴിക്കോട് റിലേ..അതും കേട്ട് പായയിലങ്ങനെ കിടക്കും.വാര്‍ത്ത‍ കഴിഞ്ഞു വീണ്ടും ഒരു "ക്രീം...."ശബ്ദവും ..സംസ്കൃത വാര്‍ത്താഹ എന്ന് തുടങ്ങുന്നതും ഒരുമിച്ചായിരിക്കും .എന്താണെന്ന് അറിയില്ല അത് കേള്‍ക്കുന്നത് എനിക്ക് ഒരുതരം അലര്‍ജിയായിരുന്നു.

തിരാവിലെ ഓരോ വീടും ഉണര്‍ന്നെന്നു അറിയുന്നത് റേഡിയോ ശബ്ദത്തിലൂടെ ആയിരുന്നു.അന്നൊക്കെ ടേപ്പ് റെക്കോര്‍ഡര്‍ ഗള്‍ഫുകാരുടെ വീടുകളിലല്ലാതെ അത്ര സാധാരണമായിരുന്നില്ല.അതുകൊണ്ട് തന്നെ സിനിമാഗാനങ്ങള്‍ കേള്‍ക്കാന്‍ ആകാശവാണി തന്നെയായിരുന്നു ആശ്രയം .ഉച്ചയ്ക്ക് ചോറ് തിന്നാന്‍ സ്കൂളില്‍ നിന്നും വീട്ടിലേക്ക് വരുമ്പോഴും തിരിച്ച് പോകുമ്പോഴും റോഡിനിരുവശത്തു നിന്നുമുള്ള വീടുകളില്‍ നിന്നും ചലച്ചിത്രഗാനങ്ങള്‍ ഉച്ചത്തില്‍ കേള്‍ക്കുമായിരുന്നു.പ്രാദേശിക വാര്‍ത്തയും ,വയലും വീടും കഴിഞ്ഞാല്‍ ചലച്ചിത്രഗാനങ്ങള്‍ക്കായിരുന്നു കൂടുതല്‍ ശ്രോതാക്കള്‍.രാത്രിയില്‍ ചീവീടുകളുടെ ശബ്ദങ്ങള്‍ക്കിടയിലും അയല്‍പക്കത്തെ വീടുകളില്‍ നിന്നും പതിഞ്ഞ ശബ്ദത്തില്‍ റേഡിയോ നാടകങ്ങളും സംഗീത കച്ചേരികളും കേള്‍ക്കാമായിരുന്നു. അതും കേട്ടുകൊണ്ട് അങ്ങനെ ഉറങ്ങാന്‍...നല്ല രസമായിരുന്നു....

'ത്തിക്കുത്ത് ടൂര്‍ണമെന്റ് 'നടക്കുമ്പോള്‍ ഭയചകിതനായി 'ഗോള്‍ 'നിലവാരം അറിയാനും ,ദുഃഖം നിറഞ്ഞ ആഹ്ളാദത്തോടെ "കണ്ണൂര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും ജില്ലാ കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു " എന്ന് കേള്‍ക്കാനും ആകാംക്ഷയോടെ പ്രാദേശികവാര്‍ത്ത‍ക്കായി കാത്തിരിക്കലായിരുന്നു പണി.ചാനലുകളില്‍ ഫോണ്‍ -ഇന്‍ പരിപാടികള്‍ അരങ്ങു തകര്‍ത്തു തുടങ്ങിയപ്പോള്‍ ആകാശവാണിയും തുടങ്ങി.."ഹലോ പ്രിയഗീതം .."ആദ്യമൊക്കെ നേരത്തെ റെക്കോര്‍ഡ് ചെയ്ത് പിന്നീട് പ്രക്ഷേപണം ചെയ്യുകയായിരുന്നു.പതിയെ പതിയെ 'തല്‍സമയം 'ആയി പ്രക്ഷേപണം .

"ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടര്‍ സെന്റര്‍ ഹലോ പ്രിയഗീതം... ആരാണ്?"

"ഹലോ ..എനിക്കൊരു പാട്ടു വേണമായിരുന്നു...നീര്‍മിഴിപ്പീലിയില്‍ '...."പാട്ടു തരാം..അതിന് മുമ്പ് ആരാ വിളിക്കുന്നത് എന്ന് പറയൂ ..."

"മുള്ളേരിയയില്‍ നിന്നു സതീശനാണ് . ആകാശവാണിയുടെ ഒരു സ്ഥിരം ശ്രോതാവാണ് ..രാവിലെ തൊട്ട് രാത്രി വരെ റേഡിയോ കേള്‍ക്കുന്ന ഒരാളാണ് ."

"സതീശന്‍ ജോലിക്കൊന്നും പോകാറില്ലേ ? മുഴുവന്‍ സമയവും റേഡിയോ കേട്ട് ഇരിപ്പാണോ ?മടിയനാണല്ലേ ?"

" പണിക്കൊന്നും പോകാറില്ല ....ഞാനൊരു വികലാംഗനാണ് .. ജന്മനാ അല്പം കാഴ്ചക്കുറവുമുണ്ട് ..ഇങ്ങനെ റേഡിയോ കേട്ടിരിക്കും.."

"ആ അത് ശരി ..വിളിച്ചതില്‍ സന്തോഷം കെട്ടോ..എന്നാ നമുക്ക് പാട്ടു കേള്‍ക്കാം ..അല്ലേ.."
"അയ്യോ വെക്കല്ലേ ..എന്റെ ഏച്ചിക്കൊന്നു കൊടുക്കട്ടേ.."

"അലോ..വാസന്തിയേച്ചിയല്ലേ?ശോഭയാണേ...സതീശന്റെ ഏച്ചി...നമ്മള്‍ എത്ര നാളായീന്നറിയാ ട്രൈ ചെയ്ന്ന് .. ഇത് തൊടങ്ങിയ്യപ്പം തൊട്ടേ ഫോണെടുത്ത് കുത്താന്‍ തൊടങ്ങിയതാ ..ഇപ്പാ ഒന്നു കിട്ടിയത്..പിന്നെ ഈ പാട്ട് അച്ഛന്‍ നാരാണന്‍ ,അമ്മ കല്യാണി ഏച്ചി വനജ ,അനിയന്മാര് രമേശന്‍ ,സതീശന്‍ ..പിന്നെ അമ്മാവന്‍ കണ്ണന്‍ ,അമ്മാവന്റെ മോള് അനില...പിന്നെ അപ്പുറത്തെ വീട്ടിലെ ആശ..ഓള് കിട്ടിയാല് പേരു പറയണമെന്ന് പറഞ്ഞിരുന്നു... പിന്നെ കുടുംബശ്രീലെ ..."

"ശോഭേ... ഈ പാട്ട് ശോഭേനെ അറിയുന്ന എല്ലാവര്ക്കും,വീട്ടുകാര്‍ക്കും,നാട്ടുകാര്‍ക്കും എല്ലാവര്‍ക്കുമായി ഡെഡിക്കേറ്റ് ചെയ്യാം കേട്ടോ..എന്നാ ശരി ..പാട്ടു കേട്ടോളൂ..."

ശോഭേച്ചിയെ പോലെ ഞാനും ഒരുപാട് ട്രൈ ചെയ്തതാ ..സ്വന്തം ശബ്ദം റേഡിയോയിലൂടെ കേള്‍ക്കാന്‍ കൊതിക്കുന്ന അനവധിപേരില്‍ ഒരാളായി ..പക്ഷേ കേട്ടത് "ഈ ഭാഗത്തേക്കുള്ള എല്ലാ ലൈനുകളും തിരക്കിലാണ് " എന്ന ഫോണിനുള്ളില്‍ നിന്നുള്ള കിളിമൊഴി.സ്വന്തം ലൈനിന് ഒരു പാട്ടു ഡെഡിക്കേറ്റ് ചെയ്യാന്‍ പറ്റില്ല എന്ന് വച്ചാല്‍..?അങ്ങനെയിരിക്കെയാണ് കോഴിക്കോട് നിന്നും ആകാശവാണിയുടെ 'വിവിധ് ഭാരതി 'എന്ന എഫ് . എം റേഡിയോ നിലയം അടിപൊളി പരിപാടികളുമായി രംഗത്തെത്തി എന്ന് കേട്ടത്.റേഡിയോ ആന്റിനയില്‍ നീളമുള്ള ഒരു വയറിന്റെ ഒരറ്റം ഘടിപ്പിച്ച് അതിന്റെ മറ്റേ അറ്റം കല്ല്‌ കെട്ടി തെങ്ങിന്റെ ഓലയില്‍ കെട്ടി തൂക്കിയതോടെ സിഗ്നലുകള്‍ ലഭിച്ചു തുടങ്ങി ..പക്ഷേ വീണ്ടും ട്രൈ ചെയ്യല്‍ മാത്രം മിച്ചം.


ടുവിലതാ സന്തോഷ വാര്‍ത്ത..! കണ്ണൂരില്‍ സ്വകാര്യ എഫ് .എം റേഡിയോ നിലയങ്ങള്‍ വരുന്നു..എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു..!ഒന്നല്ല..രണ്ടല്ല ..നാലു പുതിയ സ്റ്റേഷനുകള്‍...മലയാള മനോരമയുടെ radio mango 91.9, മാതൃഭൂമിയുടെ club f.m 94.3 എന്നിവ ആദ്യം എത്തി .ഏഷ്യാനെറ്റിന്റെ best f.m 95 ,സണ്‍ നെറ്റ്വര്‍ക്കിന്റെ s f.m 93.5എന്നിവ തൊട്ടു പിറകെയും..2008 പിറന്നത് ഈ എഫ് .എം നിലയങ്ങളുടെ ആഘോഷങ്ങളോടെ ആയിരുന്നു.. നാടെങ്ങും കൂറ്റന്‍ ഫ്ലക്സ് ബോര്‍ഡുകളും തോരണങ്ങളും നിരന്നു.. റോഡ് ഷോയും ,കലാപരിപാടികളും ,മാജിക്കും ,മത്സരങ്ങളും അരങ്ങേറി..സമ്മാനങ്ങള്‍ വാരി വിതറി അവര്‍ ജനങ്ങളെ കൈയിലെടുത്തു.. അതുവരെ ശീലിച്ചു വന്ന റേഡിയോ ആസ്വാദനത്തില്‍ വന്ന മാറ്റം കോലത്തു നാട്ടുകാര്‍ പെട്ടന്ന് തന്നെ ഉള്‍ക്കൊണ്ടു..ദിവസങ്ങള്‍ക്കകം പുതിയ റേഡിയോ നിലയങ്ങള്‍ ജനഹൃദയങ്ങള്‍ കീഴടക്കി .s.m.s മത്സരങ്ങളായിരുന്നു എഫ് .എമ്മുകാരുടെ തുറുപ്പു ചീട്ട്‌. "അസൂയക്കും '-------- 'നും മരുന്നില്ല .ഓപ്ഷന്‍ a)ജലദോഷം b)കഷണ്ടി c)ചുമ "ടൈപ്പ് ചോദ്യങ്ങള്‍ മനോഹരങ്ങളായ 'ഗുഡി ബാഗുകള്‍ 'സ്വന്തമാക്കാനുള്ള ഓപ്ഷനുകളായി മാറി .24 മണിക്കൂറും പാട്ടുകള്‍..തമാശകള്‍..സമ്മാനങ്ങള്‍ ..അടുക്കളയിലും ,ഓഫീസുകളിലും,വാഹന ങ്ങളിലും ,കടകളിലും റേഡിയോ മയം.റേഡിയോ അലര്‍ജിയായിരുന്ന യുവാക്കള്‍ മൊബൈലില്‍ f m ട്യൂണ്‍ ചെയ്തു തുടങ്ങി..ജോക്കികളെ വിളിച്ചു സൊള്ളാന്‍ കൊച്ചു കുട്ടികള്‍ മുതല്‍ അപ്പൂപ്പന്‍മാര്‍ വരെ മത്സരിച്ചു..പക്ഷേ ഞാന്‍ വീണ്ടും തോറ്റു.വിളിച്ചിട്ടും വിളിച്ചിട്ടും ഒരൊറ്റ ജോക്കി പോലും ഫോണെടുത്തില്ല. ഒരൊറ്റ മെസ്സേജും വായിച്ചില്ല..എങ്കിലും എന്റെ മത്സരം തുടര്‍ന്നു കൊണ്ടേ ഇരുന്നു..


രിപാടികളില്‍ വൈവിധ്യം നിലനിര്‍ത്താന്‍ എഫ് .എം നിലയങ്ങളും മത്സരിക്കുകയായിരുന്നു...ശ്രോതാക്കളെ മുഴുവന്‍ പരസ്പരം കൂട്ടുകാരാക്കി,ക്ളോസ് കൂട്ടുകാരന്‍ club f.m 'ക്ലബ്ബ് മേറ്റ്സ് 'എന്ന പരിപാടിയിലൂടെ..'ലവ് ബൈറ്റ്സി'ലെ രാകേഷിന്റെയും ലച്ചുവിന്റെയും ശബ്ദം കേള്‍ക്കാതെ പലരും ഉറങ്ങാതെയായി ..

'നാട്ടിലെ താരം 'എന്ന റേഡിയോ റിയാലിറ്റി ഷോയിലൂടെ radio mango നാട്ടിലെങ്ങും ഹിറ്റായി .. സവാദും സ്നിജയും 'രസപ്പീടികയില്‍' തല്ലു കൂടുന്നത് കേട്ടു സന്തോഷിച്ചവര്‍ ധാരാളം ...

ഗള്‍ഫ് നാട്ടില്‍ റേഡിയോ സ്റേഷന്‍ നടത്തി വിജയം വരിച്ച ആത്മവിശ്വാസവുമായി വന്ന ഏഷ്യനെറ്റിന്റെ best f.m കുടുംബ ശ്രോതാക്കളെ മുഴുവന്‍ കൈയിലെടുത്തു കഴിഞ്ഞു ..ശ്രീകണ്ഠന്‍നായരടക്കം ഏഷ്യാനെറ്റിലെ അവതാരകര്‍ മുഴുവന്‍ ,ശബ്ദവുമായി അണിയറയിലുണ്ട്..

ഇന്ത്യയില്‍ തന്നെ ഏറ്റവും അധികം എഫ് .എം നിലയങ്ങള്‍ സ്വന്തമായുള്ള സണ്‍ നെറ്റ് വര്‍ക്കിന്റെ s f. m കാമ്പസുകളില്‍ തരംഗമാണ്..രാത്രിയില്‍ 'ഹൃദയ സ്വരങ്ങളില്‍ 'വിളിച്ച് നാട്ടിന്റെ കൂട്ടുകാരനോട് വേദനകള്‍ പങ്കുവെക്കാത്തവര്‍ ചുരുക്കം..

വിനോദ പരിപാടികളില്‍ മാത്രം ഒതുങ്ങാതെ നാട്ടിലെ പൊതുവായ പ്രശ്നങ്ങള്‍ പരിഹരിക്കാനും,ബോധവത്കരണങ്ങള്‍ ,ചികിത്സാക്യാമ്പുകള്‍ എന്നിവ നടത്താനും ഈ എഫ് .എം നിലയങ്ങള്‍ രംഗത്തുണ്ട്. നാട്ടിലെങ്ങും പായസം വിതരണം ചെയ്താണ് കഴിഞ്ഞ ദിവസം club.f.m ഒന്നാം പിറന്നാള്‍ ആഘോഷിച്ചത് ....എന്തായാലും 2008 ലെ കോലത്തുനാട്ടിലെ താരം ഈ എഫ് .എം നിലയങ്ങള്‍ തന്നെയാണ്. കേരളത്തില്‍ ആകാശവാണിക്ക് ഏറ്റവും അധികം പരസ്യ വരുമാനം നേടിക്കൊടുത്തിരുന്ന കണ്ണൂര്‍ നിലയം ഈ f. m .സുനാമിയില്‍ ചെറുതായി ഒന്നു കുലുങ്ങി. സ്ഥിതി മെച്ചപ്പെടുത്താന്‍ 'പ്രിയ ഗീതം 'ആഴ്ചയില്‍ എല്ലാദിവസവും പ്രക്ഷേപണം തുടങ്ങി എന്ന് മാത്രമല്ല ,ശ്രോതാക്കളെ അങ്ങോട്ട് വിളിക്കാനും തുടങ്ങി ..കൂടെ s. m.s പരിപാടികളും ആരംഭിച്ചിട്ടുണ്ട്....വര്‍ഷങ്ങളായി വിളിച്ചിട്ടും കിട്ടാത്ത ശ്രോതാവാണെന്ന് പറഞ്ഞു ആകാശവാണീലേക്ക് ഒരു കത്തെഴുതാം..അവരിങ്ങോട്ട് വിളിക്കുമായിരിക്കും .ഇക്കൊല്ലമെങ്കിലും എന്റെ ശബ്ദം റേഡിയോയില്‍ വരും..!!