Saturday, October 03, 2009

പഴശ്ശിരാജയുടെ നാട്ടില്‍...



ടുവില്‍ 'പഴശ്ശിരാജ' ഗാന്ധിജയന്തി ദിനത്തിലും വെള്ളിത്തിരയില്‍ എത്തിയില്ല.കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി നിര്‍മ്മാണപ്രവൃത്തികള്‍ നടന്നു കൊണ്ടിരിക്കുന്ന ഇരുപത്തിയേഴ് കോടിയിലധികം രൂപ മുതല്‍ മുടക്കി വിവിധ ഭാഷകളില്‍ ഒരുക്കുന്ന ഈ വമ്പന്‍ ചലച്ചിത്രം കാണാന്‍ ഇനിയും കാത്തിരിക്കേണ്ടിവരും.





ബ്രിട്ടീഷ്‌ സാമ്രാജ്യത്തിനെതിരെ പോരാടിയ കേരളത്തിലെ ആദ്യ നാട്ടുരാജാക്കന്മാരില്‍ ഒരാളായായ കേരള വര്‍മ്മ പഴശ്ശിരാജയുടെ ചരിത്രം പറയുന്ന 'പഴശ്ശിരാജ'യുടെ ചിത്രീകരണ സമയത്ത്‌ നേരിട്ട തടസ്സങ്ങളും,സംഭവിച്ച  അപകടങ്ങളും മാധ്യമങ്ങള്‍ ഒന്നൊന്നായി റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ നിര്‍ഭാഗ്യം ഈ സംരഭത്തെ വിടാതെ പിന്തുടരുന്നു എന്ന് പലരും വിധിയെഴുതി.റിലീസിങ്ങും നീണ്ടു നീണ്ടു പോകുമ്പൊള്‍ തമാശയാണെങ്കിലും ചിലരെങ്കിലും പറഞ്ഞു തുടങ്ങി..."ഇനി ഇത് കണ്ടാല്‍ വല്ല നിര്‍ഭാഗ്യവും വരുമോ"

കേരളത്തിനു വടക്ക് പഴശ്ശിരാജാവിന്റെ നാട്ടിലെ ജനങ്ങളും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്,കേട്ടറിഞ്ഞ രാജാവിന്റെ ചരിത്രം,നാടിന്റെ ചരിത്രം വെള്ളിത്തിരയില്‍ കാണാന്‍.കാത്തിരിപ്പ്‌ അവര്‍ക്ക് ഒരു പുത്തരിയല്ല.പതിറ്റാണ്ടുകള്‍ക്ക് മുമ്പേ  'പഴശ്ശി' ക്കായി കാത്തിരിപ്പ് തുടങ്ങിയതാണ്‌.ഒരു പക്ഷേ കോലത്തു നാട്ടിലെ ജനങ്ങള്‍ക്ക് 'പഴശ്ശി' എന്ന് കേട്ടാല്‍,പഴശ്ശിരാജാവിനെക്കാളും  ആദ്യം ഓര്‍മ്മ വരുന്നത് അതാണ്‌.

ത്തര മലബാറിലെ കൃഷിയിടങ്ങളില്‍ ജലസമൃദ്ധിയിലൂടെ പൊന്ന് വിളയിക്കാന്‍ ലക്ഷ്യമിട്ട്,കോടികള്‍ തന്നെ മുതല്‍ മുടക്കി 1959 ല്‍ നിര്‍മ്മാണം ആരംഭിച്ച് 1979 ജനുവരി ഒന്നിന് മൊറാര്‍ജി ദേശായി തുടക്കമിട്ട 'പഴശ്ശി ജലസേചന പദ്ധതി'..!കണ്ണൂര്‍ നഗരത്തില്‍ നിന്നും 37 കിലോമീറ്റര്‍ അകലെ മട്ടന്നൂരിനടുത്ത് വെളിയമ്പ്രയില്‍ വളപട്ടണം പുഴയുടെ കൈവഴിയായ കുയിലൂര്‍ പുഴയ്ക്കു കുറുകെ അണക്കെട്ട് നിര്‍മ്മിച്ച് തുടങ്ങിയ പദ്ധതി ഇനിയും അതിന്റെ ലക്‌ഷ്യം കണ്ടിട്ടില്ല.നാട് നീളെ കനാലുകള്‍ ഇന്നും വേഴാമ്പലുകളെ പോലെ ദാഹിച്ചു കാത്തിരിക്കുന്നു,ഒരിറ്റ് വെള്ളത്തിനായി.


                                                                  പഴശ്ശി അണക്കെട്ട് 
'ജലസേചനം'  താറുമാറായെങ്കിലും 'പഴശ്ശി പദ്ധതി' പിന്നീട് ടൂറിസം പദ്ധതിയായി മാറി.അണക്കെട്ടിനു മുകളില്‍ നിന്നുള്ള കാഴ്ചകള്‍ കാണാനും ഉദ്യാനത്തില്‍ ഉലാത്താനും എന്നും തിരക്കായിരുന്നു.ഉത്തരമലബാറിലെ വൃന്ദാവനം എന്ന് പോലും ഉദ്യാനം അറിയപ്പെട്ടു.കല്യാണക്കാസറ്റുകളിലെ ക്ലൈമാക്സ്  ഇനമായ പെണ്ണും ചെക്കനും മരം  ചുറ്റി ഓടുന്ന  ഔട്ട്‌ ഡോര്‍ ഷൂട്ടിങ്ങിന്റെ പ്രധാന ലൊക്കേഷനായിരുന്നു പഴശ്ശി അണക്കെട്ട് പരിസരം.ദൈവത്തിന്റെ സ്വന്തം നാട്ടിലെ മറ്റേതു സ്ഥലത്തെപ്പോലെ ,കാലത്തിന്റെ കുത്തൊഴുക്കില്‍ പഴശ്ശി ഉദ്യാനവും അണക്കെട്ട് പരിസരവും കാടുകയറുകയും സാമൂഹ്യ വിരുദ്ധര്‍ താവളമാക്കുകയും ചെയ്തു.നാട്ടുകാര്‍ പോലും അങ്ങോട്ട്‌ തിരിഞ്ഞു നോക്കാതെയായി.'പഴശ്ശി പ്രൊജക്റ്റ്‌ 'എന്ന് ബോര്‍ഡും വെച്ച് കണ്ണൂര്‍ ബസ്സ് സ്റ്റാന്‍ഡില്‍ നിന്നും സര്‍വീസ്‌ നടത്തിയിരുന്ന ബസ്സുകളും ഇല്ലാതായി.




കുറേ വര്‍ഷങ്ങള്‍ നീണ്ടു നിന്ന ഒറ്റപ്പെടലില്‍  നിന്നും ഈ അടുത്താണ് പഴശ്ശി പദ്ധതി ഉയര്‍ത്തെഴുന്നേറ്റത്.ജലസേചനം ഫലപ്രദമായില്ലെങ്കിലും കണ്ണൂര്‍ ജില്ലയിലും പരിസര പ്രദേശങ്ങളിലും കുടിവെള്ളം എത്തിക്കാനുള്ള കുടിവെള്ള സംഭരണിയായി അണക്കെട്ടിന്റെ സംഭരണി മാറിക്കഴിഞ്ഞു. ജപ്പാന്‍ കുടിവെള്ള പദ്ധതിയടക്കം 440 കോടി രൂപയുടെ പദ്ധതികളാണ്  ഒരുങ്ങുന്നത്. മുഖം മിനുക്കലിന്റെ ഭാഗമായി  ഒരു കോടി രൂപ ചിലവഴിച്ചു ഉദ്യാനവും പാര്‍ക്കും മാസങ്ങള്‍ക്കു മുമ്പാണ് നവീകരിച്ചത്‌.നടവഴികളില്‍ ടൈലുകള്‍ പാകുകയും സ്റ്റേജും മറ്റും  നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും കാര്യങ്ങള്‍ പഴയ പടിക്കു തന്നെയാണ് നീങ്ങുന്നത്‌.ഡോര്‍മെറ്ററിയും,ഇന്‍ഫര്‍മേഷന്‍ സെന്ററും,മൂത്രപ്പുരയും,കാന്റീനും ഒന്നും ഉത്ഘാടനത്തിനു ശേഷം തുറക്കുന്നില്ല എന്ന് പരാതി ഉയര്‍ന്നു കഴിഞ്ഞു. അങ്ങോട്ടേക്കുള്ള റോഡാണെങ്കില്‍ തകര്‍ന്നിട്ടു വര്‍ഷങ്ങളായി.

കുടിവെള്ള പദ്ധതികള്‍ തകൃതിയായി ആസൂത്രണം ചെയ്യുന്നുണ്ടെങ്കിലും കുടിവെള്ളക്ഷാമം രൂക്ഷമാകുന്ന വേനല്‍ക്കാലത്ത് സംഭരണിയിലെ  ജലവിതാനം താഴുന്നതും പ്രശ്നമായിട്ടുണ്ട്.ഷട്ടറുകളുടെ ചോര്‍ച്ച,മണല്‍ വാരല്‍ ,കൈയേറ്റം,തുരുത്ത് നശീകരണം,മാലിന്യ നിക്ഷേപം എന്നിവ സംഭരണിക്ക്  മരണ മണി മുഴക്കുകയാണ്.കൈത്തോടുകളും പ്രധാന ജലസ്രോതസ്സുകളായ ആറളം,ബാവലി തുടങ്ങിയ പുഴകളും നീര്‍ച്ചാലുകളായി മാറി. കുടിവെള്ള പദ്ധതികള്‍ക്കായി നിര്‍മ്മിക്കുന്ന കിണറുകളില്‍ നിന്നും നീക്കം ചെയുന്ന മണ്ണ് സംഭരണിയില്‍ തന്നെ തള്ളുന്നതും പ്രതികൂലമായി തീര്‍ന്നിട്ടുണ്ട്.


ഴശ്ശി പദ്ധതി പ്രദേശത്തു നിന്നും പത്തു കിലോമീറ്റര്‍ ചുറ്റളവില്‍ തന്നെയാണ് കോട്ടയം രാജവംശത്തില്‍  പ്പെട്ട പഴശ്ശിരാജാവിന്റെ ജന്മ സ്ഥലവും കോവിലകവും മറ്റും.യുദ്ധ കാലത്തു തന്നെ തകര്‍ന്ന കുടുംബ ക്ഷേത്രങ്ങളുടെയും കോവിലകത്തിന്റെയും അവശേഷിക്കുന്ന ഭാഗങ്ങള്‍  ജീര്‍ണാവസ്ഥയിലാണ് .പുരളി മലയിലെ ഹരിശ്ചന്ദ്രക്കോട്ടയിലെ,പഴശ്ശിരാജാവ്  ആരാധിച്ചിരുന്ന മഹാദേവ ക്ഷേത്രം ഈയിടെ സാമൂഹ്യ വിരുദ്ധര്‍ തകര്‍ത്തിരുന്നു. പഴശ്ശിയുടെ യുദ്ധഭൂമിയായിരുന്ന സമീപ പ്രദേശമായ കണ്ണവം വനത്തിലും പരിസര ങ്ങളിലും  ചരിത്രമുറങ്ങുന്ന ഒരുപാട്  ഇടങ്ങളുണ്ട്.കണ്ണവം പെരുവയലിലെ പടക്കളം,കുറിച്യപ്പട ബ്രിട്ടീഷുകാരെ അമ്പെയ്തു തുരത്തിയ പടമടക്കിപ്പാറ,പുരാതന ക്ഷേത്രാവശിഷ്ടങ്ങള്‍,കണ്ണവത്തു നമ്പ്യാരെ തൂക്കിലേറ്റിയ സ്ഥലം, പഴശ്ശി രാജാവിന്റെ പടത്തലവനായ കൈതേരി അമ്പുവിന്റെ വീട്‌, ഇടം ക്ഷേത്രം, മാനന്തേരിസത്രം തുടങ്ങി നിരവധി സ്ഥലങ്ങള്‍..പഴശ്ശിരാജാവ്  അന്ത്യവിശ്രമം കൊള്ളുന്ന,വയനാട് ജില്ലയിലെ  മാനന്തവാടിയില്‍ ഇന്ന് പഴശ്ശി സ്മാരകം ഉണ്ടെങ്കിലും ജന്മനാട്ടില്‍ ഒരു സ്മൃതി മണ്ഡപം നിര്‍മ്മിക്കണമെന്ന ആവശ്യവും കുറേ നാളായുണ്ട്.കാടു പിടിച്ച്  കിടക്കാന്‍ കോടികള്‍ ചിലവിട്ട്  ഒരു സ്മാരകത്തിന് പകരം ചരിത്രത്തിന്റെ ശേഷിപ്പുകള്‍ തച്ചുടക്കാതെ സംരക്ഷിച്ചാല്‍ അതു തന്നെ വരും തലമുറയ്ക്ക് പഠിക്കാനുള്ള ഒരു സ്മാരകമായിരിക്കും.

ഴശ്ശിരാജ'യിലെ ദൃശ്യങ്ങള്‍ ടി വി യില്‍ കണ്ട്  കുട്ടികള്‍ ഇപ്പോള്‍ ചോദിക്കാന്‍ തുടങ്ങിയിട്ടുണ്ട്.."ഈ രാജാവ് തിരുവിതാംകൂര്‍ ഭരിച്ചിരുന്ന ആളായിരുന്നോ?" എന്ന്.കേരളസിംഹം എന്നറിയപ്പെട്ടിരുന്ന നാട്ടു രാജാവ് ആരാണെന്ന് ഒരു പക്ഷേ അവരുടെ സാമൂഹ്യപാഠം പുസ്തകത്തില്‍ ഇല്ലായിരിക്കാം.നമ്മുടെ പുതിയ തലമുറയും, ഭാരതത്തിലും പുറത്തും ഉള്ളവവരും പഴശ്ശിരാജാവിനെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാനും അതുവഴി പഴശ്ശി പടനയിച്ച വഴികള്‍ തേടി വരാനും 'പഴശ്ശിരാജ'എന്ന ചിത്രം ഒരു നിമിത്തമാകുമെന്ന് കരുതാം. മനോഹരങ്ങളായ കാഴ്ചകളും ചരിത്രവും കൈ കോര്‍ക്കുന്ന പഴശ്ശിനാട്ടിലെ പ്രകൃതിയും ഒളി മങ്ങാതെ ഉണ്ടാകും എന്നും പ്രത്യാശിക്കാം.

അപ്ഡേറ്റ്:5.10.2009
യാദൃശ്ചികം എന്ന് തന്നെ പറയട്ടെ ഇന്നത്തെ മാതൃഭൂമി കണ്ണൂര്‍ എഡിഷനില്‍ സംരക്ഷിക്കപ്പെടാതെ നശിക്കുന്ന പഴശ്ശി സ്മാരകങ്ങളെക്കുറിച്ച് വിശദമായ ഒരു വാര്‍ത്ത വന്നിരിക്കുന്നു.വാര്‍ത്ത പ്രകാരമുള്ള കൂടുതല്‍ വിവരങ്ങള്‍ ഇപ്രകാരമാണ്:കണ്ണൂര്‍,വയനാട് ജില്ലകളിലായി മുഴക്കുന്ന്,പുരളിമല, കണ്ണവം,ആറളം,പേരിയ,തലപ്പുഴ,മാനന്തവാടി,പനമരം,പുല്‍പ്പള്ളി,താമരശ്ശേരി,
കമ്പളക്കാട്,തെണ്ടര്‍നാട്,കതിരൂര്‍ കുങ്കിച്ചിറ തുടങ്ങി അമ്പതിലധികം സ്ഥലങ്ങളില്‍ പഴശ്ശിയുദ്ധ സ്മാരകങ്ങള്‍ ഉണ്ട്.ഇതില്‍  മാനന്തവാടിയിലെ ശവകുടീരം ഒഴിച്ച് ബാക്കിയെല്ലാം നശിച്ചു കൊണ്ടിരിക്കുന്നു.പഴശ്ശിരാജാവിന്റെ  പഴശ്ശിയിലുള്ള ജന്മഗൃഹം ഇടിച്ചു നിരത്തിയാണ് ബ്രിട്ടീഷ്‌ പട്ടാളം തലശ്ശേരി-കുടക് പാത നിര്‍മ്മിച്ചത്.അവശേഷിച്ചത് കിണറും കുളവും മാത്രമായിരുന്നു.സ്മാരക സംരക്ഷ ണത്തിന്റെ പേരില്‍ കിണര്‍ മൂടി അധികൃതര്‍ ഗ്രൌണ്ട് നിര്‍മ്മിച്ചു.ശേഷിച്ച കുളത്തിനു മുകളില്‍ തൂണുകള്‍ നിര്‍മിച്ചതോടെ ( പോസ്റ്റിലെ ചിത്രത്തില്‍ കാണാം) അതും നശിച്ചു.മുഴക്കുന്നിലെ മൃദംഗശൈലേശ്വരി  ക്ഷേത്രത്തിനു സമീപത്തെ കോവിലകത്തിന്റെ അവശിഷ്ടങ്ങള്‍ പലരും കടത്തിക്കൊണ്ടു പോയി.കോട്ടയം രാജവംശത്തിന്റെ  പുരളിമലയിലെ കോട്ടയായിരുന്ന ഹരിശ്ചന്ദ്രക്കോട്ട പൂര്‍ണമായും നശിച്ചു കഴിഞ്ഞു.കോട്ടയുടെ ഭാഗമായുള്ള കല്ലുകള്‍ വ്യാജവാറ്റുകാര്‍ അടുപ്പ് നിര്‍മ്മിക്കാന്‍ കൊണ്ടുപോയി.കോട്ടയിലെ ശിവക്ഷേത്രത്തിലെ ശിവലിംഗം കഴിഞ്ഞയാഴ്ച സാമൂഹ്യവിരുദ്ധര്‍ പിഴുതെടുത്ത്‌ നശിപ്പിച്ചിരുന്നു.അനാഥ മായിക്കിടക്കുന്ന പുരാവസ്തുക്കളും മറ്റും ചരിത്രാന്വേഷികള്‍ ശേഖരിച്ചു സൂക്ഷിച്ചു വയ്ക്കുകയാണ് ഇപ്പോള്‍.
(പുരാവസ്തുക്കളും ഹരിശ്ചന്ദ്രക്കോട്ടയിലെ നാമാവശേഷമായിക്കൊണ്ടിരിക്കുന്ന കുളവുമാണ്  വാര്‍ത്തയുടെ ഭാഗമായുള്ള ചിത്രത്തില്‍..)


വിവരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും കടപ്പാട്:ഗൂഗിള്‍,ഫ്ലിക്കര്‍,വിക്കിപീഡിയ,മാതൃഭൂമി.  

9 comments:

ആദര്‍ശ് | Adarsh said...

പഴശ്ശിരാജയുടെ നാട്ടിലെ വിശേഷങ്ങള്‍..

ഞാന്‍ ആചാര്യന്‍ said...

മനോഹരമായിരിക്കുന്നു... ചരിത്രം ത്രസിക്കുന്ന വഴികള്‍ !!!!

SunilKumar Elamkulam Muthukurussi said...

What is the relation between this Pazhassi Raja, and the famous Kathakali peot Kottayam Thampuran. I believe both are same.

Regards,
-S-

Unknown said...

കുട്ടികൾ ചോദിച്ച ചോദ്യങ്ങൾക്ക് പഴശ്ശിരാജ സിനിമ തന്നെ ഉത്തരം കൊടുത്തുകൊള്ളും ആദർശ്ശേ

Anil cheleri kumaran said...

നന്നായിട്ടുണ്ട്.

Sureshkumar Punjhayil said...

Athimanoharam... Ini filiminayi kathirikkunnu..!

Ashamsakal...!

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:എന്തായാലും സ്കാന്‍ ചെയ്യുന്നു ഒന്നു വായിക്കാന്‍ തക്കവണ്ണം സ്കാന്‍ ചെയ്തൂടെ?

Senu Eapen Thomas, Poovathoor said...

27 കോടി മുടക്കി ഗോകുലം ഗോപാലന്‍ സിനിമാ പിടിച്ചു. ഇനി കാത്തിരുന്നു കാണാം..ഉത്തരങ്ങള്‍ കിട്ടുമോയെന്ന്....

മമ്മൂട്ടി ഫാനാണല്ലെ? ഇക്കായുടെ സിനിമാ ഇറങ്ങാന്‍ താമസ്സിച്ചതിന്റെ ആത്മ രോഷം കണ്ടത്‌ കൊണ്ട്‌ അറിയാതെ ചോദിച്ചതാ..

സസ്നേഹം,
സെനു, പഴമ്പുരാണംസ്‌

ആദര്‍ശ് | Adarsh said...

@ ആചാര്യന്‍,
നന്ദി.

@-സു‍-|Sunil ,
കോട്ടയത്തു തമ്പുരാനെക്കുറിച്ച് എനിക്ക് കൂടുതല്‍ അറിയില്ല.അദ്ദേഹം പഴശ്ശിക്കോവിലകത്തെ വീരവര്‍മ്മ എന്ന തമ്പുരാനായിരുന്നു എന്ന് കേട്ടിട്ടുണ്ട്.എന്നാല്‍ പഴശ്ശി രാജാവും ആട്ടക്കഥകള്‍ എഴുതിയിട്ടുണ്ടെന്നു കേള്‍ക്കുന്നു.കോട്ടയത്തു തമ്പുരാനെക്കുറിച്ചുള്ള ഐതിഹ്യകഥ മണി വാതു ക്കോടത്തിന്റെ
ഈ പോസ്റ്റില്‍ വായിക്കാം.

@അനൂപ്‌ കോതനല്ലൂര്‍,
അങ്ങനെ പ്രതീക്ഷിക്കാം.


@കുമാരന്‍,SureshkumarPunjhayil
നന്ദി

@കുട്ടിച്ചാത്തന്‍
വളരെ നാളുകള്‍ക്ക് ശേഷം ഇവിടെ കണ്ടതില്‍ സന്തോഷം..
വാര്‍ത്തയുടെ ചിത്രം സ്കാന്‍ ചെയ്തതല്ല.മൊബൈലില്‍ പകര്‍ത്തിയതാണ്.വ്യക്തമല്ലാത്തതു കൊണ്ടാണ് ഉള്ളടക്കം ചുരുക്കിയെഴുതിയത്.വിശദമായി ഇവിടെ വായിക്കാം.

@ Senu Eapen Thomas,
ഫാനും അല്ല, ടി വിയും അല്ല..എന്നാ ചലച്ചിത്രവും ചരിത്രവും പണ്ടേ വീക്ക്നസ് ആണ് താനും.