Friday, October 23, 2009

വീണ്ടും ചില വീ(വോ)ട്ടു വിശേഷങ്ങള്‍...

തലക്കഷ്‌ണം: ഈ കഥയും കഥാ പാശ്ച്ചാത്തലവും തികച്ചും സാങ്കല്പികം മാത്രം.അവയ്ക്ക് മറ്റേതെങ്കിലും  സംഭവങ്ങളുമായി സാദൃശ്യം  തോന്നുന്നുണ്ടെങ്കില്‍ തികച്ചും യാദൃശ്ചികം മാത്രം.



"നിങ്ങളിങ്ങ് ഇറങ്ങുന്നുണ്ടാ..."
"എന്ത് ന്നാ...ഇവള് വാതില് തല്ലിപ്പൊളിക്ക്വല്ലോ..മനുഷ്യനെ കുളിക്കാനും സമ്മതിക്കൂലെ... "
"നിങ്ങളാ ലുങ്കി നേരാംമണ്ണം എടുത്തുടുത്തിറ്റ്  ഇങ്ങോട്ടിറങ്ങിയെ.. കുട്ട്യളെ കുളിപ്പിക്കാനായി സുമ നിക്കാന്തൊടങ്ങീറ്റ് കൊറേ സമയായി..."
"വന്ന് വന്ന് സ്വന്തം വീട്ടിലും കുളിക്കാന്‍ ക്യൂ നിക്കേണ്ട അവസ്ഥയായി.എട്ടരക്ക് സ്പെഷ്യല്‍ ക്ലാസ്സ്‌ വെച്ചതാ..ഇന്നിനി പത്തുമണി കഴിഞ്ഞാലും പോവാന്‍  പറ്റ്വോ...അതെങ്ങനയാ ...പെട്ടിയും കെടക്കയും എടുത്തിട്ട് വന്നിരിക്കുകയല്ലേ...അമ്മാവനും എളേമ്മയും മൂത്തമ്മയും...നാശങ്ങള്‍..നിന്റെയീ സ്വന്തക്കാര് കാരണം  പുറത്തിറങ്ങാന്‍ പറ്റാണ്ടായി..."
"ഒച്ച കൊറക്ക്‌...സുഗുണേട്ടാ..അവര് കേള്‍ക്കും..ഏഴാം തീയതി കഴിഞ്ഞാ അവരങ്ങ് പോകില്ലേ..?അതുവരെ ക്ഷമി..."


" അമ്മേ ...പൊറത്ത് കുറേ അണ്ണാച്ചികള്‍ വന്നിട്ടുണ്ട്..അമ്മയെ അന്വേഷിക്കുന്നു.."
"അതാരാപ്പാ എന്നെ അന്വേഷിക്കാന്‍ ..?"
"നമസ്കാര്‍ മാതാശ്രീ ..കൃപയാ ഏക് ചമച്ച് ചീനി ദീജിയേ..തോടാ നമക്ക്‌ ഭീ...."
"ഓഹോ ...ഹിന്ദിക്കാരാണല്ലേ..യഹാം കോയീ നഹീ ....."
"എടീ.... വീട് നോക്കി വെക്കുന്ന വല്ല കള്ളന്മാരും ആയിരിക്കും..എന്താ കാര്യമെന്ന് ചോദിച്ചിട്ട് വിട്ടാ മതി.."
"ആപ്പ്‌ കോന്‍ കോന്‍ ഹേ?....ബോലോ ...?" "ഹം ജബല്‍ബാദ് നഗര്‍ വാലാ..ടൈല്‍ കാ കാം കര്‍ണേ വാലാ...യഹാം ആക്കര്‍ ഛെ മഹീനേ ഹുവാ.. കുമാരേട്ടന്‍ കി ദൂക്കാന്‍ കി ഊപ്പര്‍ രഹ് തെ ഹൈം...സാത്‌ നവംബര്‍ കെ ബാദ് ഗാവ് ലൌട്ടേംഗേ...ആജ്‌ ഉസ്‌ ദൂക്കാന്‍ ബന്ദ്‌ ഹേ...ഇസ് ലിയെ ചായ്‌ ഓര്‍ ഓം ലെറ്റ്‌ കേലിയെ തോടാ ചീനി...തോടാ നമക്ക് ...പ്ലീസ്..മാതാശ്രീ..."
"ഓഹോ അതാണ്‌ കാര്യം ...ഇപ്പൊ കൊണ്ടുത്തരാം കേട്ടോ .. "


"ബിന്ദൂ ..പത്തു മണി ആകാറായി...ഞാനിറങ്ങുന്നു..വൈകുന്നേരം കൊറച്ചു ലേയ്റ്റാകും..ടീച്ചര്‍ വിളിച്ചിരുന്നു..ആ ഹോപ്പ് വരെ ഒന്ന് പോകണം..നീ ഇന്ന് സ്കൂളില്‍ പോകുന്നില്ലേ?"
"ഇത്രയും ആള്‍ക്കാര്‍ക്ക് ചോറും കറിയും വെച്ച്‌, കുട്ട്യളെ സ്കൂളിലും അയച്ച്‌ രാവിലെ എങ്ങനെ ഇറങ്ങാനാ?ഞാന്‍ രണ്ടാഴ്ച്ച ലീവെടുത്തു."

ഗേറ്റ് തുറന്നു റോഡിലേക്ക് ഇറങ്ങിയതും ഒരു വെള്ള ടാറ്റാ സുമോ ചീറിപ്പാഞ്ഞു വന്നു നിര്‍ത്തി. അതില്‍ നിന്നും പാന്റും കോട്ടും ഇട്ട രണ്ടു മൂന്നു പേര്‍ ഇറങ്ങി. 
"ഏയ് മിസ്റ്റര്‍ ഈ വളപ്പിലെ വീട്ടില്‍ സുഗുണന്‍ ആരാ ?"
"ഞാന്‍ തന്നെയാ സുഗുണന്‍ ....എന്താ പ്രശ്നം?" 
"നിങ്ങളുടെ വീട്ടില്‍ എത്ര പേര്‍ താമസിക്കുന്നുണ്ട് ?"
"ഞാനും ഭാര്യയും മക്കളും ഞങ്ങള്‍ എല്ലാരും കൂടി പത്തു പന്ത്രണ്ടു പേര്‍..."
"എത്ര കാലമായി വീട് വെച്ചിട്ട് ...?"
"വീട്ടില്‍ കൂടീട്ടു പത്തു പന്ത്രണ്ടു കൊല്ലായി.."
"ഹാ ..ശരി...ഈ ഗോമതി ക്വാട്ടേഴ്സ് എവിടെയാ?"
"ഗോമതിയോ...അങ്ങനെ ഒരാള്‍ ഈ പരിസരത്തൊന്നും ഇല്ലല്ലോ..."
"ദാ..മേലേ വീട്ടില്‍ കരുണാകരന്‍,ദാമോദരന്‍...കെട്ടിട നമ്പര്‍ 78...." 
" മേലേ വീട്ടില്‍..ആ..പാല് കാരി ജാനുവേച്ചി മേലേ വീട്ടിലെ അല്ലേ...? ആ അവിടെ അന്വേഷിച്ചു നോക്ക് .."
"എന്നാ നിങ്ങളും വാ...വീട് കാണിച്ചു തന്നിട്ട് പോകാം.." 
"സാര്‍..ഞാനൊരു അധ്യാപകനാണ്..ബെല്ലടിക്കാന്‍ സമയമായി.." 
"ഇതും പ്രധാനപ്പെട്ട കാര്യമാ ..നിങ്ങളെ വണ്ടിയില്‍ കൊണ്ട് വിടാം..വാ കേറ്..."


ങ്ങനെ ജാനുവേച്ചിയുടെ വീട്ടിലേക്കു പറന്നു.. 
"നിങ്ങളാണോ മേലേ വീട്ടില്‍ ജാനകി ?" 
"അതേ സാറേ..."
"കരുണാകരനെ വിളിക്കൂ..ആളില്ലേ ഇവിടെ ?"
"അയ്യോ..സാറേ...ഓറെനി വിളി കേക്കൂല സാറേ..എന്നെയും എന്റെ മക്കളെയും ഇട്ടേച്ചു പോയതല്ലേ..ഞാനീ കഷ്ടപ്പെടുന്നത് കാണുന്നില്ലേ സാറേ....
ആ..ഓറെ ദൈവം നേരത്തെ വിളിച്ചു..നേരത്തെ പോയി..."
"ഓഹോ...അത് ശരി...ഈ ഗോമതി ക്വാട്ടേഴ്സ് എവിടെയാ?ആരാ ഗോമതി ...?" 
"ഗോമതി .......ഓള്...എന്റെ പശുവാണ് സാറേ ഗോമതി.."
"അപ്പൊ ഈ 78 ആം നമ്പര്‍ കെട്ടിടമോ.." 
"78 ഓ...അത് ആലയും മോട്ടോറും എല്ലാം ഉള്ള കൂടയുടെ നമ്പറാണെന്ന് തോന്നുന്നു.."
"ഓഹോ..ഈ ദാമോദരനും സുരേശനും ഒക്കെ അവിടെയാണോ താമസിക്കുന്നത്...." 
"അതേ.. അതേ..സൊസൈറ്റി ദാമോദരനും സഹായി സുരേശനും കഴിഞ്ഞ ആറു മാസമായി ഇവിടെയാ താമസം. അല്ലാതെ പിന്നെ പുലര്‍ച്ചെ നാലു മണിക്ക് എഴുന്നേറ്റു ഈ പശൂനേം നാട്ടിലെ മറ്റു പശുക്കളെയും കറക്കാന്‍ പറ്റുമോ..?" ഉത്തരം പറഞ്ഞത്,ഭാസ്കരേട്ടന്‍.അപ്പോഴേക്കും ഭാസ്കരേട്ടനും,ബൈജുവും,പ്രീതയും രമയും എല്ലാവരും എത്തിയിരുന്നു..
"ശുദ്ധ തട്ടിപ്പ്..കല്ല്‌ വെച്ച നുണ ...എട്ടു മൈല് അപ്പുറം അപ്പറത്തെ പഞ്ചായാത്തിലാണ് സൊസൈറ്റി ദാമുവിന്റെ വീട്..." ഭാസ്കരേട്ടന് മറുപടി കൊടുക്കാന്‍ ലക്ഷ്മണേട്ടനും സംഘവും എത്തിക്കഴിഞ്ഞു.ഇനി കേള്‍ക്കാം പൊരിഞ്ഞ പോര്...
"ഈ ഗോമതീനെ നിങ്ങളെന്താ മറന്നു പോയതാ...?"
"എടോ..മയ്യത്തായ ബീപാത്തൂനെ ജീവിപ്പിച്ചവരല്ലേ നിങ്ങള്‍...നുണ കണ്ടു പിടിക്കാന്‍ വന്നിരിക്കുന്നു..."
"അപ്പൊ വിരല് മായിക്കാന്‍ അത്ഭുത മഷിത്തണ്ട് ആരാ കണ്ടു പിടിച്ചത്...? പെട്ടി എടുത്തു കിണറ്റില്‍ ഇടുന്നത് പിന്നെ ഞങ്ങളായിരിക്കും.മനുഷ്യനെ പുറത്തിറങ്ങാന്‍ സമ്മതിക്വോ നിങ്ങള്‍..?അത് പറാ.. "
"കൂടുതലൊന്നും പറയണ്ടാ..പ്രതീക്ഷകള്‍ പലതും തെറ്റിയപ്പോള്‍ വന്നിരിക്കുന്നു...കള്ളപ്രരണവുമായി..ആളെ കൊല്ലിക്കാന്‍ നടക്കുന്നവര്.."
ക്രമസമാധാനം പ്രശ്നമാകും എന്ന് കണ്ടപ്പോള്‍ ഞാന്‍ ഇടപെട്ടു..
"സാറന്മാരെ ഞാന്‍ ...പോകട്ടെ..അടുത്ത പിരീഡിനു മുമ്പ്‌ സ്കൂളി‌ല്‍ എത്തണം.. "
" ങ് ഹാ..നിങ്ങള്‍ പോയ്ക്കോ..."
" ടോ... സുഗുണന്‍ മാഷേ ..നാട്ടുകാരനായിട്ടു നിങ്ങള് പോല്ലന്നേ..." 
നാട്ടുകാര്‍ തടഞ്ഞു  നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും കുതറി രക്ഷപ്പെട്ടു.പക്ഷേ പ്രീത പുറകില്‍ തന്നെ ഉണ്ടായിരുന്നു..
"മാഷേ ആടെ നിന്നാട്ടെ..മാഷക്ക് കോമളം ഫാക്ടറി ഗസ്റ്റ് ഹൌസ് അറിയോ?"
"ഇല്ലേ .എനിക്കൊരു ഹൌസും അറിയില്ലേ..."
"എന്നാ അവിടെ നിക്ക്..ഞാന്‍ പറഞ്ഞു തരാം...നമ്മള് കോമളം അച്ചാറും,പരിമളം സോപ്പും,നെയ്യപ്പോം,കൊഴലപ്പോം എല്ലാം ഉണ്ടാക്കുന്നെ വീടില്ലേ?..കഴിഞ്ഞ മഴയത്ത് ഇടിഞ്ഞു വീണ ശാന്തേച്ചീന്റെ വീട്..അതാണ്‌ കേട്ടോ.. ഗസ്റ്റ് ഹൌസ്..എനി ആരെങ്കിലും ചോദിച്ചാ അറീലാന്നു പറയരുത്‌... ആടെ അഞ്ചാറു പെണ്ണുങ്ങള് താമസിക്കുന്നും ഇണ്ട് കെട്ടാ.."


ങ്ങനെ ഉച്ചവരെ ലീവും ആയി.ഹെഡ്‌മാഷിന്റെ 'കലമ്പും' കേട്ടു. വൈകുന്നേരം സ്കൂളും വിട്ട് നേരെ  ഹോപ്പിലേക്ക്.പലപ്പോഴും ഈ പ്രശ്നങ്ങളില്‍ നിന്നൊക്കെ ആശ്വാസം കിട്ടുന്നത് അവിടെയുള്ളവരെ കാണുമ്പോഴാണ്..നിറങ്ങളും,ശബ്ദങ്ങളും,വാക്കുകളും,സ്വപ്നങ്ങളും ...എന്തിന്..ഉറ്റവരും ഉടയവരും ഇല്ലാത്ത ചിലര്‍.
"ബോട്ട് ..ബോട്ട്...ചുമ്മാതെ കളയരുത് അമ്മിണീ...ബോട്ട് .."
"ടീച്ചറെ ഇവര് സന്തോഷത്തിലാണല്ലോ...എന്താ കാര്യം?"
"ഇരിക്കൂ സുഗുണാ...മൂന്നാല് കൂട്ടര് വന്നിരുന്നു..ഒരാഴ്ചയായി ഫോട്ടോ എടുക്കലും മറ്റുമായി ബഹളമായിരുന്നു. ഏഴാം തീയതി ടൌണില്‍ കൊണ്ട് പോകും എന്നാണ് പറഞ്ഞിരിക്കുന്നത്..ഇവരെ ഇപ്പോഴെങ്കിലും ചിലര്‍ക്ക് വേണമല്ലോ അത് തന്നെ നല്ല കാര്യം...പിന്നെ സുഗുണനെ വിളിച്ചത് അക്ഷരം മറന്നു പോയവര്‍ക്കൊക്കെ ഒന്ന് പറഞ്ഞു കൊടുക്കാനാ...സുഗുണന്‍ പറഞ്ഞാ ചിലരെങ്കിലും കേള്‍ക്കുമല്ലോ.." 
"മാഷേ....ബോട്ട് അയക്കാന്‍ മൊബൈല് വേണ്ടെ മാഷേ...." 
"വേണ്ട ..വേണ്ട..അത് ടീവീല് അല്ലേ.."
 
ടങ്ങുമ്പോള്‍ സന്ധ്യയായി.കുരുവികള്‍ കൂടു വെച്ച സ്ട്രീറ്റ് ലൈറ്റുകള്‍ ഒന്നും മിന്നുന്നില്ല.നീട്ടി വലിച്ചങ്ങ് നടന്നു..ഗേറ്റിനു മുമ്പിലുണ്ട് കുറച്ച് 'ചെത്ത് പിള്ളേര്'ബൈക്കില്‍ കിടന്നു കറങ്ങുന്നു..പെണ്‍കുട്ടികള്‍ ഉള്ള വീടാ..ഇവന്മാര്‍ക്ക് അസമയത്തു എന്താണാവോ പരിപാടി?
"ചേട്ടായീ..ഈപ്പറയണ പള്ളിക്കൂടം എവിട്യാ.."
"എന്താ കാര്യം ?" 
"അതേ..അണ്ണാ..ഇവന്‍ വയസ്സറയിച്ചത് ഇപ്പോഴാണേ.. എന്നാപ്പിന്നെ ഇന്നാട്ടില്‍ ത്തന്നെ ആവാന്നു വെച്ചു.കന്നിയേ... ഏഴാം തീയതി...അതാ പള്ളിക്കൂടത്തിലാ..ഞങ്ങളാറ് മാസായിട്ട് ഇവിടെ ഹോസ്റ്റലിലാണേ..ഞങ്ങള് കന്നിക്കാര്‍ക്കും സീനിയര്‍ അണ്ണന്മാര്‍ക്കും എല്ലാം അവിടാ..." 
"വിട്ടോ..വിട്ടോ ..വണ്ടി നേരെ വിട്ടോ.. പള്ളിക്കൂടം കാണും...."

ഏഴാം തീയതി ..ഏഴാം തീയതി ....അന്ന് ഇവിടെ എന്തൊക്കെ നടക്കും ആവോ... ഗേറ്റ് അടച്ച്,പൈപ്പിന്റെ ചുവട്ടില്‍ നിന്ന് കാല്‍ കഴുകി ,വീട്ടിലേക്കു കയറി. അമ്മയും കുട്ടികളും അപ്പോഴേക്കും നാമജപം തുടങ്ങിയിരുന്നു.  
"ദൈവമേ കൈതൊഴാം കേള്‍ക്കുമാറാകണം.... 
പാവമാം ഞങ്ങളെ കാക്കുമാറാകണം......"














6 comments:

ആദര്‍ശ് | Adarsh said...

വീണ്ടും ചില വീട്ടു വിശേഷങ്ങള്‍ അഥവാ വോട്ടു വിശേഷങ്ങള്‍......

Anonymous said...

ഏഴാം തേതി കയിഞ്ഞുകിട്ടിയാലേ ഇനി എന്തെങ്കിലും പറയാന്‍ പറ്റൂ

Unknown said...

വായിച്ചിരുന്നു ആദര്‍ശ്..നമ്മുടെ കണ്ണൂര്‍ ഇങ്ങനെയൊക്കെ ആണല്ലൊ അല്ലേ :)

Sureshkumar Punjhayil said...

Kannoorum keralavum, koodathe kurachu manushyarum..!

Manoharam, Ashamsakal...!!!

Senu Eapen Thomas, Poovathoor said...

ഇലക്ഷന്‍ ഒന്ന് കഴിഞ്ഞോട്ടെ.. എല്ലാം ശരിയാകുന്നുണ്ട്‌. പിന്നെ ഏഴാം തീയതി വോട്ട്‌ ചെയ്യാന്‍ എത്തുന്നവരുടെ ഫോട്ടം പിടിക്കും.. ഈ കണ്ണൂര്‍ക്കാര്‍ക്കെന്താ കൊമ്പുണ്ടോ???

ഞാന്‍ മലയാളിയല്ല്ല. ഒരു മാവിലാക്കാരനാണെ.

ഇലക്ഷന്‍ കഴിഞ്ഞും കാണണെ..

ആശംസകളോടെ
സെനു, പഴമ്പുരാണംസ്‌

ആദര്‍ശ് | Adarsh said...

@ Anonymous,
അതെയതെ....:))

@ കെ.പി.സുകുമാരന്‍,
ആണോ മാഷേ...?:)

@ Sureshkumar Punjhayil,
നന്ദി...

@ Senu Eapen Thomas, Poovathoor ,
അച്ചായോ.. എന്തോ...മലയാളിയല്ലെന്നോ ...?
കൊമ്പുണ്ടോ വാലുണ്ടോ എന്നൊക്കെ കാത്തിരുന്നു കാണാം...ഹാ..:)

അഭിപ്രായങ്ങള്‍ അറിയിച്ചവര്‍ക്കും മിണ്ടാതെ പോയവര്‍ക്കും നന്ദി...