Tuesday, October 27, 2009

മറഞ്ഞു പോകുന്ന തനി നാടന്‍ വേഷങ്ങള്‍....



ടുവില്‍ അടൂര്‍ ഭവാനിയും ഓര്‍മ്മയായി. കര്‍ക്കശക്കാരിയായ  അമ്മയായും,അയല്‍പ്പക്കത്തെ കുശുമ്പിത്തള്ളയായും,ലഹളക്കാരിയായ  അമ്മായി അമ്മയായും, എപ്പോഴും പിറു പിറുത്തുകൊണ്ടിരിക്കുന്ന  വാശിക്കാരിയായ  അമ്മൂമ്മയായുമൊക്കെ  കുറേക്കാലം അവര്‍  മലയാളത്തിന്റെ വെള്ളിത്തിരയില്‍ ജീവിച്ചിരുന്നു.ഒരിക്കലും അവരുടെ ഭാവ ചലനങ്ങളോ പെരുമാറ്റങ്ങളോ അവര്‍ അഭിനയിക്കുകയാണ് എന്ന് തോന്നിപ്പിച്ചിരുന്നില്ല.പലപ്പോഴും അവരെ തിരശ്ശീലയില്‍ കണ്ടാല്‍ ചീത്ത വിളിക്കാനോ, 'ഓ നാശം വന്നോ...'എന്ന് പറയാനോ തോന്നിയിരുന്നു.ചിലരൊക്കെ രാമായണത്തിലെ മന്ഥരയോടാണ് അവരെ താരതമ്യം ചെയ്തത്.അത്രയും മികച്ച രീതിയില്‍ തനിക്കു കിട്ടിയ ഓരോ വേഷത്തോടും അവര്‍ നീതി പുലര്‍ത്തിയിരുന്നു.അടൂര്‍ ഭവാനിയോടൊപ്പം അത്തരം വേഷങ്ങളും ഓര്‍മ്മയാകുന്നു എന്നതാണ് വേറൊരു കാര്യം.ഒരു പക്ഷേ  അവരുടെ മരണത്തിനു മുമ്പേ,  അവര്‍ അസുഖ ബാധിത ആകുന്നതിനു മുമ്പേ തന്നെ അത്തരം  തനി നാടന്‍ വേഷങ്ങള്‍ മലയാള സിനിമയില്‍ ഓര്‍മ്മയായിക്കഴിഞ്ഞിരുന്നു.


മ്മളുടെ വീട്ടിലെ,തറവാട്ടിലെ ഒരാളെപ്പോലെ,നാട്ടിന്‍ പുറത്തെ ഇടവഴിയില്‍ ഉച്ചത്തില്‍ വര്‍ത്തമാനം പറഞ്ഞു നടന്നു പോകുന്ന,ചായപ്പീടികയില്‍ ഇരുന്ന് സൊറ പറയുന്ന,അയല്‍പക്കക്കാരോട് വഴക്ക് കൂടുന്ന,  നാട്ടിലെ ഏതു പ്രശ്നത്തിലും ഇടപെടുന്ന,ആള്‍ക്കാരെ തമ്മില്‍ തല്ലിക്കുന്ന,അങ്ങനെ പല വിശേഷണങ്ങളോടും കൂടിയ ഒരു കൂട്ടം കഥാപാത്രങ്ങള്‍ പണ്ട് നമ്മള്‍ക്കുണ്ടായിരുന്നു.ശങ്കരാടി,ഒടുവില്‍ ഉണ്ണികൃഷ്ണന്‍,കുതിരവട്ടം പപ്പു,കരമന ജനാര്‍ദ്ദനന്‍ നായര്‍,അടൂര്‍ ഭവാനി,അടൂര്‍ പങ്കജം,മീന,ഫിലോമിന,മാവേലിക്കര പൊന്നമ്മ,കുട്ട്യേടത്തി വിലാസിനി  എന്നിവരൊക്കെ ജീവന്‍ നല്‍കിയ പച്ച മനുഷ്യനെ  മണക്കുന്ന ഒരുപാട് കഥാപാത്രങ്ങള്‍.. ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത  ഒരു പാട് അഭിനയ മുഹൂര്‍ത്തങ്ങളും..




                                        




ഭിനയത്തില്‍ മാത്രമായിരുന്നില്ല,വേഷത്തിലും,രൂപത്തിലും അതിലുപരി ശബ്ദത്തിലും,സംഭാഷണത്തിലും മറ്റുള്ളവരില്‍ നിന്നും വേറിട്ട ഒരു ശൈലി ഇത്തരം നടീ നടന്മാര്‍ക്ക് ഉണ്ടായിരുന്നു.സൌന്ദര്യവും ആകാരവും ഒന്നും അവര്‍ക്ക് പ്രശ്നമായിരുന്നില്ല.കുഞ്ഞാണ്ടി, ആലം മൂടന്‍,കൃഷ്ണന്‍ കുട്ടി നായര്‍,'വാത്സല്യ'ത്തില്‍ അമ്മാവനായ അബൂബക്കര്‍,എം.എസ്.തൃപ്പൂണ്ണിത്തറ തുടങ്ങിയവരുടെ വേഷങ്ങള്‍ ഒരേ സമയം നമ്മളെ ചിരിപ്പിച്ചതും കരയിപ്പിച്ചതുമാണ്.കഥയും തിരക്കഥയും എഴുതി  അനുയോജ്യമായ അഭിനേതാക്കളെ  തിരഞ്ഞെടുക്കുന്നതിനു പകരം അഭിനേതാക്കള്‍ക്ക് വേണ്ടി കഥ എഴുതാന്‍ തുടങ്ങിയതോടെ പലരും വഴിയാധാരമായി.കൈയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്നു പറഞ്ഞത് പോലെ ചിലര്‍ പിടിച്ചു നിന്നു. അവര്‍ക്ക് വേണ്ടി മാത്രം ചില വേഷങ്ങളും സൃഷ്ടിക്കപ്പെട്ടു.സിനിമ  ഗ്രാമാന്തരീക്ഷത്തില്‍ നിന്നും അകന്നതോടെ ഇത്തരം വേഷങ്ങള്‍ക്ക്  പ്രസക്തിയേ ഇല്ലാതായി.
ഇനി അഥവാ ഗ്രാമം ഒരു ഘടകം ആണെങ്കില്‍പ്പോലും അതു മിക്കവാറും പൊള്ളാച്ചിയോ,തെങ്കാശിയോ പോലെ ഏതെങ്കിലും ഒരു സാങ്കല്പിക അതിര്‍ത്തി ഗ്രാമമായിരിക്കും. പക്ഷേ അവിടെയും മേല്‍ക്കൈ കോപ്രായങ്ങള്‍ കാട്ടിക്കൂട്ടുന്ന ചില സാങ്കല്പിക കോമാളി കഥാപാത്രങ്ങള്‍ക്കാണ്.


പാതിവഴിയില്‍ അഭിനയം നിര്‍ത്തി പലരും കാല യവനികയ്ക്കുള്ളില്‍ മറഞ്ഞു കഴിഞ്ഞു.അവരില്‍ പലര്‍ക്കും അവസാന കാലത്ത്‌ കൊതി തീരും വരെ അഭിനയിക്കാന്‍ വേഷങ്ങള്‍ ഉണ്ടായിരുന്നില്ല. പറവൂര്‍ ഭരതന്‍,പൂജപ്പുര രവി,ആറന്മുള പൊന്നമ്മ,ടി.ആര്‍.ഓമന, 'ഈ പുഴയും കടന്ന്' മുത്തശ്ശി   ലക്ഷ്മി കൃഷ്ണ മൂര്‍ത്തി,കോഴിക്കോട് ശാന്താദേവി, ശാന്താകുമാരി,കാലടി ഓമന,തൊടുപുഴ വാസന്തി,ഫയല്‍വാന്‍ എന്‍.എല്‍.ബാലകൃഷ്ണന്‍,പല്ലില്ലാതെ ചിരിപ്പിക്കുന്ന  K.T.S.പടന്നയില്‍,തുടങ്ങിയവരൊക്കെ സിനിമയില്‍ കണ്ടിട്ട് കാലങ്ങളായി.ഇപ്പോള്‍ രംഗത്തുള്ളവരില്‍ തന്നെ മാമുക്കോയ,മാള അരവിന്ദന്‍ ,കൊച്ചു പ്രേമന്‍,കുഞ്ചന്‍, 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും'എന്ന ചിത്രത്തില്‍ മണിയുടെ അമ്മയായി അഭിനയിച്ച മീന ഗണേഷ്‌,ശ്രീലത നമ്പൂതിരി,കുളപ്പുള്ളി ലീല തുടങ്ങിയവര്‍ക്കൊക്കെ അവരവരുടെ മികവ് പ്രകടിപ്പിക്കാന്‍ പറ്റുന്ന വേഷങ്ങള്‍ ലഭിക്കുന്നുണ്ടോ എന്നു പോലും സംശയമാണ്.


ത്തരം വേഷങ്ങള്‍ ചെയ്യാന്‍ അഭിനേതാക്കള്‍ ഇല്ലാത്തത് കൊണ്ടാണ് തങ്ങള്‍ കഥാപാത്രങ്ങളെ സൃഷ്ടിക്കാത്തതെന്നാണ് തിരക്കഥാകൃത്തുക്കളും സംവിധായകരും പറയുന്നത്.ഒരു അഭിനേതാവ് ചെയ്യുന്നത്  പോലെ മറ്റൊരാള്‍ക്ക് ചെയ്യാന്‍ പറ്റില്ല എന്നത് സത്യമാണ്.അദ്ദേഹത്തിന്റെ മരണ ശേഷം ആ വിടവ്  നികത്താനാകാതെ  നിലനില്‍ക്കുകയും ചെയ്യും.പക്ഷേ കേരളം മുഴുവനും നഗരമായി മാറിയിട്ടില്ലല്ലോ..നന്മകളാല്‍ സമൃദ്ധമായ നാട്ടിന്‍പുറങ്ങളും നാട്ടുകാരും ഇപ്പോഴുമുണ്ട്.മറ്റു പല ഭാഷകളിലും ഗ്രാമങ്ങളിലേക്കും ജീവിതത്തിലേക്കും സിനിമ മടങ്ങുമ്പോള്‍ ഇവിടെ നേരെ തിരിച്ചാണ് കാര്യങ്ങള്‍. ഈയിടെ സത്യന്‍ അന്തിക്കാട്‌ 'ഭാഗ്യദേവത'യില്‍ ചെമ്പില്‍ അശോകനയെയും 'പൂവാലി'യായി ലക്ഷമി പ്രിയയെയും കണ്ടെത്തിയത് 'അരനാഴിക നേരം 'എന്ന സീരിയലില്‍ നിന്നായിരുന്നു.രണ്ടു പേരുടെയും പ്രകടനം പ്രശംസ പിടിച്ചു പറ്റുകയും ചെയ്തു.  അതുപോലെ ധാരാളം പുതിയ മുഖങ്ങള്‍ പുറത്തുണ്ടെങ്കിലും ആരും അറിയുന്നില്ല,കണ്ടെത്തുന്നില്ല.മുമ്പ്‌  നാടക വേദികളുടെ അനുഭവ  പരിചയത്തോടെയാണ് പലരും രംഗത്തെത്തിയതെങ്കില്‍,അഭിനേതാക്കളെ പരുവപ്പെടുത്തിയെടുക്കുന്ന നല്ല നാടകങ്ങളോ,കലാ മൂല്യമുള്ള സീരിയലുകളോ ഇന്ന് കാണുന്നുമില്ല.നൂറു ശതമാനം കുടുംബ ചിത്രം,മണ്ണിന്റെ മണമുള്ള ചിത്രം എന്നൊക്കെ പറഞ്ഞു വരുന്ന ചിത്രങ്ങളില്‍ കാണുന്ന കാഴ്ചകള്‍ രസകരമാണ്. 'straighten' ചെയ്ത മുടിയിലും,കണ്‍ പോളകളിലും,ചുണ്ടിലും,നഖങ്ങളിലും,ചായം പൂശി ഇസ്തിരിയിട്ട പുത്തന്‍ വസ്ത്രങ്ങളണിഞ്ഞു ചെറ്റക്കുടിലില്‍ ചോറും കറിയും പാചകം ചെയ്യുന്ന അമ്മമാരും,ലിപ്സ്റ്റിക്ക് പൂശി കണ്ണെഴുതി,കോടി ലുങ്കിയും തൂവെള്ള ബനിയനും ധരിച്ച് മണ്ണ് കിളക്കുന്ന കൃഷിക്കാരനും ഒപ്പം അമാനുഷികമായ സംഭാഷണങ്ങളും എല്ലാം അവയില്‍ ചിലത് മാത്രം.


ചില മക്കളുണ്ട്..അല്പം പ്രായമായി മുടി നരച്ച അച്ഛനമ്മമ്മാരെ കൂടെ കൊണ്ട് നടക്കുന്നത് കുറച്ചിലായി കരുതുന്നവര്‍.അത് പോലെ മലയാള സിനിമ ഈ തനി നാടന്‍ വേഷങ്ങളെ കൈവിടുമ്പോള്‍ ഓര്‍ക്കുക, പഴയ പല ചിത്രങ്ങളും പ്രേക്ഷകരുടെ മനസ്സില്‍ ഇന്നും ജീവിക്കുന്നത് നായകന്‍റെയോ നായികയുടെയോ മിന്നുന്ന പ്രകടനം കൊണ്ട് മാത്രമല്ല,തങ്ങളില്‍ ഒരാളാണെന്ന് അവര്‍ കരുതുന്ന ഒരു കൂട്ടം പച്ച മനുഷ്യരുടെ സാന്നിധ്യം കൊണ്ടുകൂടിയാണ്.


10 comments:

ആദര്‍ശ് | Adarsh said...

...പഴയ പല ചിത്രങ്ങളും പ്രേക്ഷകരുടെ മനസ്സില്‍ ഇന്നും ജീവിക്കുന്നത് നായകന്‍റെയോ നായികയുടെയോ മിന്നുന്ന പ്രകടനം കൊണ്ട് മാത്രമല്ല,തങ്ങളില്‍ ഒരാളാണെന്ന് അവര്‍ കരുതുന്ന ഒരു കൂട്ടം പച്ച മനുഷ്യരുടെ സാന്നിധ്യം കൊണ്ടുകൂടിയാണ്...

അനില്‍@ബ്ലോഗ് // anil said...

നല്ല കുറിപ്പ്, ആദര്‍ശേ.
തലേന്ന് കൈരളി വീ ചാനലില്‍ അടൂര്‍ ഭവാനി അഭിയയിച്ച ഒരു ചിത്രമായിരുന്നു. സാധാരണ മനുഷ്യരുടെ പച്ചയായ അഭിനയം കണ്ട് പഠിക്ക് മോളെ എന്ന് പറഞ്ഞ് എന്റ് മോളെ ഞാന്‍ പിടിച്ചിരുത്തി സിനിമ കാണിച്ചു.
എന്നും കാണാനിഷ്ടമുള്ള കഥാപാത്രങ്ങളാ‍ണ് അവര്‍ അവതിപ്പിച്ചത്.

Unknown said...

നന്നായി എഴുതിയിട്ടുണ്ട് ആദര്‍ശ്...നമ്മുടെ അയല്പക്കത്തൊക്കെ എന്നും കാണുന്ന ഏടത്തിമാരെ പോലെ ആയിരുന്നു അവര്‍.. അഭിനയിക്കുകയാണെന്ന് ഒരിക്കലും തോന്നിയിരുന്നില്ല..

hi said...

വളരെ നല്ല കാലികപ്രസക്തമായ പോസ്റ്റ്

Sureshkumar Punjhayil said...

Aa ammakku adaranjalikal...!!!

ശ്രീ said...

നല്ലൊരു പോസ്റ്റ്.

നാടന്‍ ശൈലിയിലുള്ള സിനിമകള്‍ അപ്രത്യക്ഷമായിക്കൊണ്ടിരിയ്ക്കുന്ന ഈ കാലത്ത് ഇനി ഇതേ പോലെയുള്ള നടീനടന്മാര്‍ക്ക് എവിടെ സ്ഥാനം?

ബിനോയ്//HariNav said...

നല്ല കുറിപ്പ് ആദര്‍ശ് :)

Senu Eapen Thomas, Poovathoor said...

അടൂര്‍ ഭവാനിയെ നേരില്‍ കണ്ടപ്പോള്‍ അറിയാതെ ചെവി പൊത്തിയിട്ടുണ്ട്‌.

നല്ല ഒട്ടെറെ കഥാപാത്രങ്ങളെ അവര്‍ അവതരിപ്പിച്ചു. മാത്രവുമല്ല.. ആദര്‍ശ്‌ പറഞ്ഞത്‌ പോലെ അവരൊക്കെ നമ്മള്‍ക്ക്‌ വളരെ അടുത്തറിയാവുന്ന കഥാപാത്രങ്ങളുമായിരുന്നു.

ശവസംസ്ക്കാര ചടങ്ങില്‍ ഈ വലിയ കലാകാരിയെ അമ്മ ആദരിക്കാതെ റീത്ത്‌ വെച്ച്‌ ഓടി പോയത്‌ ഒട്ടും ശരിയായില്ല താനും...

നല്ല എഴുത്ത്‌. ആ വലിയ കലാകാരിക്കു വേണ്ടി ബ്ലോഗില്‍ അല്‍പം പേജ്‌ മാറ്റാന്‍ തോന്നിയ ആ വലിയ മനസ്സിനു മുന്‍പില്‍ സലാം.

സെനു, പഴമ്പുരാണംസ്‌.

ആദര്‍ശ് | Adarsh said...

@ അനിൽ@ബ്ലൊഗ്,
ചാനലുകളില്‍ പഴയ സിനിമകള്‍ വരുന്നത് കൊണ്ട് അവരെയൊക്കെ ഓര്‍ക്കാനും ഒന്നുകൂടി കാണാനും കഴിയുന്നു..സന്ദര്‍ശനത്തിനു നന്ദി അനിലേട്ടാ..

@ കെ.പി.സുകുമാരന്‍ (K.P.S.),
അതേ മാഷേ,അയല്‍പക്കത്തെ ഒരു അച്ചമ്മയെപ്പോലെ തോന്നിയിരിന്നു...
നന്ദി..

@ അബ്‌കാരി,Sureshkumar Punjhayil,
നന്ദി..

@ ശ്രീ,
ശൈലി മാറിയാലും മനുഷ്യബന്ധങ്ങളുടെ കഥകള്‍ തന്നെയാണ് സിനിമകള്‍ ഇപ്പോഴും പറയുന്നത്,പക്ഷേ നമുക്ക് അടുത്തറിയാവുന്ന,ഉള്ളില്‍ തട്ടന്ന കഥാപാത്രങ്ങള്‍ കാണുന്നില്ല..എല്ലാം കൃത്രിമത്വം നിറഞ്ഞ കോമാളി രൂപങ്ങള്‍ മാത്രം..
സന്ദര്‍ശനത്തിനു നന്ദി..

@ ബിനോയ്//HariNav ,
നന്ദി..

@ Senu Eapen Thomas,
ഉച്ചത്തിലുള്ള ആ സംഭാഷണ രീതിയും പെരുമാറ്റവും ഒക്കെയായിരുന്നു,അവരുടെ പ്രത്യേകത.
ഇന്ന് പലര്‍ക്കും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകളുടെ ഒരേ ശബ്ദമാണ്‌..
നന്ദി അച്ചായാ....

ഞാന്‍ ആചാര്യന്‍ said...

ഇപ്പൊഴെ ഇതു കണ്ടുള്ളൂ... വയലും പോക്കുവെയിലും നാട്ടുവഴിയും പുഴയുടെ മീതെയുള്ള ഒറ്റവരിപ്പാലവും കാറ്റും, അതിനിടയില്‍ നിന്ന് അഭിനയിക്കാതെ ജീവിച്ച് കാണിച്ച ഈ മനുഷ്യരുടെ സിനിമകള്‍ ഇനി ഒരു കാലത്ത് പുരാരേഖകളാവും..ഇപ്പോള്‍ നമ്മള്‍ കാണുന്നത് സിംഗപ്പൂരിലെയും ദുബയിലെയും പൊള്ളാച്ചിയിലെയും ന്യൂസിലന്‍റിലെയുമൊക്കെ പാട്ട് രംഗങ്ങളല്ലെ..അവിടെയെവിടെയാ നമ്മടെ നാടന്‍ കാറ്റ്..