ഓര്‍മ്മകളെ തിരയുമ്പോള്‍ മുന്നില്‍ തെളിയുന്നത് ആ ഇടവഴിയാണ്.ജാതിയുടെയും ഉപ്പിലയുടെയും മാവിന്റെയും ഉണങ്ങിയ ചപ്പുകള്‍ വീണു കിടക്കുന്ന'എട'.. പാതിരാത്രിയില്‍ പെയ്ത മഴയുടെ കൂടെ വന്ന കാറ്റത്ത് തുരു തുരാ വീണ 'പന്‍സാര മാങ്ങ ' പെറുക്കാന്‍ ,അരിപ്പൂ കാട്ടില്‍ നിന്നും വഴിതെറ്റി പാറിവരുന്ന അപ്പൂപ്പന്‍ താടിയെ പിടിക്കാന്‍ ,'അ, ആ ,ഇ ,ഈ 'എഴുതിപ്പഠിക്കാന്‍ വാങ്ങിച്ചു തന്ന സ്ലേറ്റില്‍ വരിച്ചിടുന്ന 'കോയിയെ' മായ്ക്കാനായി മഷിത്തണ്ട് പറിക്കാന്‍.. അങ്ങനെ എല്ലാത്തിനും ഓടുന്നത് എടേലേക്കാണ് .
കുറ്റിക്കരേലേക്കുള്ള കണ്ടി എടേന്നാണ് .കണ്ടി കടക്കുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ,കള്ളിമുള്‍ച്ചെടിയുടെ കുഞ്ഞു മുള്ളുകള്‍ "എങ്ങോട്ടാ? " എന്ന് ചോദിച്ചു കൊണ്ട് നുള്ളിയേക്കാം .കണ്ടി കടന്നാല്‍ അപ്പുറത്ത് ആത്ത മരത്തിന്റെ ചുവട്ടില്‍ അലക്ക് കല്ലാണ്.
"ഹൊയ് ..ഹൊയ് .. "എന്ന് ഒച്ചയുണ്ടാക്കി ,പല്ലു തേക്കുന്ന ബ്രഷും വായില്‍ തിരുകി ,നടു വളച്ച് ദാമോരേട്ടന്‍ രാവിലെത്തന്നെ അലക്കുന്നുണ്ടാകും .അലക്ക് കല്ല് മൊത്തം സോപ്പിന്റെ പതയില്‍ കുളിച്ച് നില്‍ക്കുകയായിരിക്കും .
ആ കാഴ്ച കണ്ടാല്‍ ,ദാമോരേട്ടന്‍ സ്വര്‍ഗത്തിലെ അലക്കുകാരനാണെന്നു തോന്നും.എന്നെ കണ്ടാല്‍ തല പൊക്കി ഒന്നു നോക്കും.എന്നിട്ട് വീണ്ടും ശക്തിയില്‍ അലക്കു തുടരും.
"എന്തിന്നാ ഇങ്ങനെ തിരുമ്പുന്നെ?"എന്ന് മനസ്സില്‍ ചോദിച്ച് കൌതുകത്തോടെ ഞാന്‍ നോക്കി നില്‍ക്കും. തച്ച് തച്ച് അവസാനം ,വെള്ളത്തില്‍ മുക്കി ഒരു കുടയലുണ്ട് ;"ഫ് ഫൂ ... "അപ്പോഴാണ് കാണുക ,സുനിയേട്ടന്‍ വയലില് പറത്തുന്ന പട്ടം പോലെ വാലൊക്കെ ഉള്ള ഒരു തുണി ..!
"ഇതെന്നാ ദാമോരേട്ടാ?"
മറുപടി ഉണ്ടാകില്ല .കണ്ണുരുട്ടി നോക്കിപ്പേടിപ്പിക്കും.പിന്നെ ചില ചോദ്യങ്ങളാണ് ...
"ഹും ..അച്ഛന്‍ ആപ്പീസില്‍ പോയാടാ?"
"ഉം ..രാവിലത്തന്നെ പോയി "
"ടീച്ചറ് സ്കൂളില് പോയിക്കാണും അല്ലെ ?അല്ലാണ്ട് നീ ഈ കണ്ടിക്കിപ്പറം കടക്കില്ലല്ലോ?"
"ഉം.."
"ഈന്റെ മിന്തില് നിക്കണ്ടാ ..മേത്ത് സോപ്പ് തെറിക്കും ..അങ്ങോട്ട് മാറി നിക്ക് ..അല്ലെങ്കില്.. അടുക്കളേ പോയിട്ട് സത്യേച്ചീനോട് എനിക്ക് കുളിക്കാന്‍ കൊറച്ച് വെള്ളം ചൂടാക്കാന്‍ പറ.."
മണ്ണ് കൊണ്ടുള്ള കട്ടയുടെ ചുമര് ..പുക കൊണ്ട് കറുത്ത ഓടും പട്ടികയും ..ചാണകം തേച്ച അടുക്കളയുടെ ഇരുട്ടുള്ള മൂലയില്‍ പലയിട്ടിരുന്നു ചിമ്മിണിക്കൂടിന്റെ വെളിച്ചത്തില്‍ സത്യേച്ചി ദോശ ചുടുകയായിരിക്കും .
"സത്യേച്ചീ ..ദാമോരേട്ടന് കുളിക്കാന്‍ വെള്ളം ചൂടാക്കാന്‍ പറഞ്ഞു."
"ഓ..ഈ ഏട്ടന്‍ എന്നും കുളിച്ചില്ലേ?..ഇനി ചൂടു വെള്ളത്തില്‍ കുളിച്ചാലേ ഉറക്കം വരൂ ...നൈറ്റും കഴിഞ്ഞു ആറ് ആറരക്ക് വന്നതാ ..നട്ടുച്ച വരെ കെടന്നുറങ്ങി ..ഇപ്പൊ ഒരു തിരുമ്പല്...കുളിയും ജപവും കഴിഞ്ഞു വരുമ്പേക്ക് ചായ തണുത്ത് ഐസ് ആകും ..ഞാന്തന്നെ ഓലേം കത്തിച്ചു പിന്നേം ചൂടാക്കണം ."
ദോശക്കല്ല് വച്ച അടുപ്പിന്റെ അടുത്ത് വലിയ അടുപ്പില്‍ ,കലത്തില്‍ ചോറിനു വെള്ളം വച്ചിട്ടുണ്ട് .അടുപ്പ് കത്തുന്നതേ ഇല്ല .ഊതി ഊതി സത്യേച്ചി വിയര്‍ത്തു കുളിച്ചു .സാരിത്തുമ്പ് കൊണ്ട് മുഖം തുടച്ച് എന്നെ ഒന്നു നോക്കി .
"നീ ചായ കുടിച്ചാ?അമ്മ പോവുംന്നേനു മുമ്പ് എന്ത്ന്നാ ആക്കി തന്നെ?"
"ചെറു പയര് കഞ്ഞി .."
"നീ ആ പ്ലേറ്റിങ്ങ് എട്ത്താ .."
കുറ്റിക്കരേല് എല്ലാരും കിണ്ണത്തിലാണ് ദോശയും ചോറും എല്ലാം തിന്നുന്നത് .കഴുകി തുടച്ച് വൃത്തിയാക്കി വച്ച ആകെ ഒരു സ്റ്റീല്‍ പ്ലേറ്റുണ്ട് .ചട്ടുകം കൊണ്ട് കല്ലിലെ ദോശ ഇളക്കിയെടുത്ത് ആ പ്ലേറ്റിലിട്ട് ,സത്യേച്ചി എന്റെ നേരെ നീട്ടി .
"എനിക്ക് വേണ്ട.. അമ്മ കലമ്പും .."
"അമ്മേനോടൊന്നും പറയണ്ട..നീ തിന്നെടാ.."
പഴയ ഹോര്‍ലിക്സിന്റെ കുപ്പിയില്‍ നിന്നും ചമന്തിപ്പൊടി ഒരു കോപ്പയില്‍ തട്ടി ,വെളിച്ചെണ്ണയില്‍ താളിച്ച് പ്ലേറ്റിലേക്ക് ഒഴിച്ച് തന്നു."ഇതും കൂട്ടി തിന്നു നോക്ക് " ...
"സത്യേച്ചീ എരിയിന്ന്...സമ്മന്തി എരിയിന്ന്..."എന്റെ കണ്ണുകളില്‍ നിന്നും വെള്ളം ചാടി .പച്ചമുളകും കറിവേപ്പിലയും ചേര്‍ത്ത് ചുടുന്ന രുചികരമായ അരിദോശയിലെ പച്ചമുളക് ഞാന്‍ അറിയാതെ കടിച്ചു പോയി.കൂടെ 'സമ്മന്തിയുടെ 'എരിവും.
"ഇന്നാ പന്‍സാര വായിലിട്.."
എരിയിന്ന് എരിയിന്ന് എന്ന് പറഞ്ഞു കരയുന്ന എന്നെ ചിരിപ്പിക്കാന്‍ സത്യേച്ചി നല്ല പാടുപെട്ടു.
"സത്യേ..വെള്ളം ചൂടാക്കിയോ ..."അടുക്കളപ്പുറത്തു നിന്ന് ദാമോരേട്ടന്‍ വിളിച്ചു കൂവുന്നു.
"മിറ്റത്ത് ചപ്പ് കത്തിച്ചിട്ട് ,വെള്ളൊന്നും ചൂടാക്കീട്ടില്ല ..ചോറിനു അരിയിട്ടിനില്ല ..വേണങ്കില് അടുപ്പത്ത്ന്ന് മുക്കിത്തരാം"
ഇരുമ്പു തൊട്ടിയില് ചൂടുവെള്ളവും തൂക്കി പ്പിടിച്ച് ദാമോരേട്ടന്‍ കുളിമുറിയിലേക്ക് പോകുമ്പോഴേക്ക് ,ചോറ് വെക്കാന്‍ വെള്ളമെടുക്കാന്‍ വേണ്ടി സത്യേച്ചി കിണറ്റിന്‍ കരയിലേക്ക് ...പിറകെ ഞാനും ..അടുക്കളച്ചേതിയില്‍ നിന്ന് മുറ്റത്തേക്ക് പാനിയും എടുത്ത് ഇറങ്ങുമ്പോള്‍ സത്യേച്ചിയുടെ കരിപുരണ്ട കാലുകളില്‍ നിന്നും പാദസരങ്ങള്‍ കിലുങ്ങിച്ചിരിച്ചു.
"ഈ ദാമോരേട്ടനെന്താ കല്യാണം കഴിക്കാത്തെ?"
എന്റെ മനസ്സിലെ ആ ചോദ്യം കേട്ടിട്ടായിരിക്കണം പാദസരങ്ങള്‍ പിന്നെയും ചിരിച്ചു .
"ഈ സത്യേച്ചീന്റെ കാലിലെ പാദ്സരത്തിന്റെ ഒച്ച കേക്കാന്‍ നല്ല രസമാണ്."
ചിതല് പിടിച്ച മരത്തിന്റെ തൂണില്‍ തൂക്കിയിട്ട ,കീ കീ എന്ന് കരയുന്ന ,കപ്പി... ആള്‍ മറയില്ലാത്ത കിണറിനു ചുറ്റും കുറ്റിക്കാടാണ് .കിണറുണ്ടെന്നു അറിയാന്‍ ചുറ്റും ഉരുളന്‍ കല്ലുകള്‍ പെറുക്കി വച്ചിട്ടുണ്ട്.
"ആള്‍മാറ ഇല്ലാത്ത കെണറാണ് ..ദൂരോട്ട് മാറി നിക്ക് ..."
സത്യേച്ചി പറയുന്നതൊന്നും കേള്‍ക്കാതെ ഞാന്‍ അടുത്തേക്ക് പോയി .കിണറിന്റെ ഉള്ളില്‍ എന്താണെന്ന് അറിയണമല്ലോ .എത്തി നോക്കുന്നതിനു ഇടയില്‍ എന്റെ കാല്‍ തട്ടി ഒരു ഉരുളന്‍ കല്ല് 'പ്ടൂം' എന്ന് പറഞ്ഞു കിണറ്റിലേക്ക് വീണു . തൊട്ടി കിണറ്റിലേക്ക് ഇട്ട് ,പേടിച്ച് വിറച്ച് സത്യേച്ചി ഓടി വന്നു ."പറഞ്ഞാ കേക്കില്ല അല്ലെ?"
"എനിക്ക് ഉള്ള് കാണണം .."
എന്റെ ചുമലില്‍ പിടിച്ച് പൊക്കി സത്യേച്ചി കിണറു കാണിച്ചു തന്നു .കുറേ ആഴം ഉണ്ട് .കൂടാതെ ഉള്ളില്‍ നിറയെ കാടാണ് .താഴോട്ട് പാറക്കുള്ളില്‍ പാമ്പിന്റെ മാളം ഉണ്ടെന്ന് സത്യേച്ചി പറഞ്ഞു കേട്ടിട്ടുണ്ട്.
അടിച്ചൂറ്റി വെച്ച് കഞ്ഞിക്കലത്തില്‍ ചോറ് വാര്‍ത്തപ്പോഴേക്കും,നേരം ഒരുപാടായിരുന്നു. അപ്പോഴേക്കും പ്രമോദേട്ടന്‍ അടുക്കളയിലേക്ക് ഓടിക്കയറി വന്നു ."സത്യളേമ്മേ ചോറ് കൊണ്ടാ ...വിശക്ക്ന്നു .."
"എന്താടാ ഇന്ന് ഉച്ചക്ക് സ്കൂളില്‍ കഞ്ഞി ഇല്ലേ?"
"ഇന്ന് ഉച്ചവരെയെ ഉസ്കൂള് ഉള്ളൂ .കടലായി അമ്പലത്തില് കൊടികേറ്റം അല്ലേ .."
"എന്നിട്ട് കുട്ടപ്പനും പ്രിയയും ഓട്ത്തൂ? "
"അവര് ചെറേന്റടുത്ത് ആനേനെ നോക്കി നിക്കുന്ന്ണ്ട്.. മൂന്ന് ആനയിണ്ട് ..പിന്നെ പുതിയ കാവില് നടക്കിരുത്തിയ ആ കുട്ടിയാനയും ഇണ്ട് "
"പ്രമോദേട്ടാ നമ്മക്ക് കുട്ടി ആനേനെ കാണാന്‍ പോവാ.."
എന്റെ ആഗ്രഹം ഞാന്‍ അപ്പോള്‍ തന്നെ പ്രകടിപ്പിച്ചു.വിശന്നു ഓടി വന്ന പ്രമോദേട്ടന്‍ എന്നെ അപ്പോഴാണ് അടുക്കളയില്‍ കാണുന്നത്. "ങ് ഹാ ..'ശിങ്കിടി 'ഈടെ ഇണ്ടായിരുന്നോ?നമ്മക്ക് വൈന്നേരം പോകാടാ ...കൊടി കേറ്റുമ്പം വെടിക്കെട്ട് ഇണ്ട്.."
പ്രമോദേട്ടനും മറ്റുപലര്‍ക്കും ഞാന്‍ സത്യേച്ചിയുടെ ശിങ്കിടിയാണ് . ഏത് നേരവും ഞാന്‍ സത്യേച്ചിയുടെ വാലില്‍ തൂങ്ങി നടക്കുകയാണെന്നാണ് അവര്‍ പറയുന്നത് .എന്നാല്‍ അച്ചമ്മയ്ക്ക് ,അതായത് സത്യേച്ചിയുടെ അമ്മയ്ക്ക് ഞാന്‍ 'കുഞ്ഞിം മോനാണ് '.
"കുഞ്ഞിം മോനേ ,ഇങ്ങ് വാ...അച്ചമ്മ ചോദിക്കട്ടെ " എന്ന് പറഞ്ഞാണ് അച്ചമ്മ അടുത്തേക്ക് വിളിക്കുക . അടുത്തേക്ക് ചെന്നാല്‍ ചിലപ്പോള്‍ ഒന്നും മിണ്ടില്ല.പടിഞ്ഞിറ്റേല് പഴയ ഒരു കട്ടിലിന്മേല്‍ 'നാരായണ നാരായണ ' എന്ന് ജപിച്ചു കൊണ്ട് കാലും നീട്ടി അച്ചമ്മ അങ്ങനെ ഇരിക്കും .
"സത്യഭാമേ ആ ചെക്കനാടെ ഇണ്ടെങ്കില്‍ ഒന്നിങ്ങോട്ട് പറഞ്ഞ് വിട്..ചോറ് തിന്നിട്ടു പോവാമ്പറാ" എന്ന് വല്യമ്മ വീട്ടില്‍ നിന്നു ഉച്ചത്തില്‍ വിളിച്ചു കൂവും .
"നിന്നെ ,വെല്ലിമ്മ വിളിക്കുന്നാടാ..പോയി ചോറ് തിന്നിട്ടു വാ " എന്ന് സത്യേച്ചി ഉടന്‍ തന്നെ ആജ്ഞാപിക്കും.കണ്ടിയുടെ അടുത്ത് എത്തും വരെ ഞാനും വിളിച്ചു കൂവും ,
"പ്രമോദേട്ടന്‍ ആനേനെ കാണാന്‍ പോവുമ്പോ പറയണേ സത്യേച്ചീ ".
(തുടരും.. )
വര : ഞാന്‍ തന്നെ.
ഒരു നാട്ടുകാരനെ കണ്ടുമുട്ടിയതില്‍ അതിയായ സന്തോഷം - ആദ്യായിട്ടാ ഇവിടെ - ആദ്യം ശ്രദ്ധയില്‍പ്പെട്ടത് ചിത്രങ്ങളായിരുന്നു - സന്തീഷിന്റെ വരയാണോ? നന്നായിരിക്കുന്നു ചിത്രവും കഥയും - സത്യേച്ചിയുടെ വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുന്നു - ഇനിയും കാണാം.
കലക്കി കടുക് വറത്തു. ഇവിടെ ഹിറ്റുകള്‍ ഉണ്ടാകട്ടെ...സത്യേച്ചിയുടെ വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുന്നു....
സസ്നേഹം,
പഴമ്പുരാണംസ്.
:)
തുടക്കം കേമം ..അടുത്തത് ഉടനെയുണ്ടാവൂമല്ലോ
സത്യയേയും ശിങ്കിടിയേയും ഏറെ ഇഷ്ടായി.
ആശംസകള്‍!
വരികളിലുടനീളം നാട്ടിടവഴികളിലെ
ഈറന്‍ ഗന്ധം....
ചിത്രങ്ങള്‍ പോലെ മനോഹരമായ ആഖ്യാനവും...
ആശംസകള്‍...
ആശംസകള്‍.
അഭിനന്ദനാാാാാാസ്..:)
മാടായി മാഷേ :പരിചയപ്പെട്ടതില്‍ എനിക്കും സന്തോഷം .പിന്നെ കോലത്തുനാട് സന്ദര്‍ശിക്കുമല്ലോ? വര എന്റേത് തന്നെയാ കേട്ടോ ..
സ്മിത ചേച്ചി :നന്ദി ചേച്ചി ..
കാന്താരി ചേച്ചി :പടം സ്വയം വരച്ചതാ .. തിരക്കഥ വായിച്ചതിനു നന്ദി .
സെനുവേട്ടാ: ഞാനൊരു പാവമാണേ...ഒരു എളിയ കലാകാരന്‍ ...അച്ചായന്റെ പ്രോത്സാഹനം ഇനിയും ഉണ്ടാകണം .നന്ദി ..
ലക്ഷ്മി ചേച്ചി :നന്ദി ട്ടോ ..
ശ്രീ ഭായ് :പോസ്റ്റ് വായിച്ചതിനു നന്ദി .
മാണിക്യം ചേച്ചി: അടുത്തത് കുറച്ച് വൈകും ..അല്പം തിരക്കിലാണ് .ക്ഷമിക്കുമല്ലോ ..
കഥ വായിച്ചതിനു നന്ദി .
രഞ്ജിത്ത് ഭായ് :ആശംസകള്‍ക്ക് നന്ദി .ഇനിയും വരണം .
പ്രിയ :നന്ദി കേട്ടോ .
അനില്‍ ഭായ് :ഓര്‍മ്മയില്‍ തെളിഞ്ഞത് അതുപോലെ എഴുതിയതാ...വായിച്ചതിനു നന്ദി .
പ്രയാസി :അഭിനന്ദങ്ങള്‍ക്ക് നന്ദി ..
മുസാഫിര്‍ :ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞതിനു നന്ദി .
പിരി :കൂടുതല്‍ കിലുക്കം, കിലുകിലുക്കം ഉടന്‍ ...വന്നതില്‍ സന്തോഷം .
പാദസരത്തിന്റെ കിലുക്കം കേട്ട് വന്ന എല്ലാവര്ക്കും ഒരിക്കല്‍ക്കൂടി നന്ദി ..എല്ലാവരും വീണ്ടും വരണം.
സസ്നേഹം ,
ആദര്‍ശ് ,
കോലത്തുനാട് .
....
പക്ഷെ, എന്നിട്ടാണൊ, ഞാന്‍ അത്ഭുതപ്പെടാറുണ്ട്, കേരളഹഹഹ-യില്‍ ഞാന്‍ വരച്ച ക്യാരിക്കേച്ചറുകളില്‍ മികച്ചവയില്‍ ഒന്നെന്ന് ഞാന്‍ കരുതുന്ന താങ്കളുടെ പടം ഒരിക്കലെങ്കിലും സ്വന്തം ബ്ലോഗ്ഗുകളിലൊന്നില്‍പ്പോലും ഇടാഞ്ഞത് !
എന്റെ അത്ഭുതം കൂടിയിരിക്കുന്നു..
തിരക്കഥ വായിച്ചതിനും ..വരകളെക്കുറിച്ച് പറഞ്ഞതിനും ഒരുപാട് നന്ദി .ഇനിയും വരണം (ആ ആദര്‍ശ് അല്ല ഈ ആദര്‍ശ് എന്നറിഞ്ഞ് വരാതിരിക്കരുത് .)
റഹ്മാന്‍ ഭായ് ,സന്ദര്‍ശനത്തിനു നന്ദി ...ഇനിയും വരണം
ഹഹഹഹഹഹ......
തിരക്കഥ ബോധിച്ചു, വരയും...
ആശംസകള്‍....
അടുത്തത് പോരട്ടെ.
ആശംസകള്‍.
നന്മകള്‍ നേരുന്നു
ലതി ചേച്ചി ,
ഒറ്റയാന്‍ ,
അപര്‍ണ,
sv,
പാദസരത്തിന്റെ കിലുക്കും കേള്‍ക്കാനെത്തിയ എല്ലാവര്ക്കും ഒരുപാട് നന്ദി .ഇനിയും വരണേ...
എനിക്കധികം പരിചയമില്ലാത്ത സംസാര ശൈലി..
പക്ഷെ നാട്ടിന്‍പുറത്തെ നിഷ്കളങ്കമായ സംസാരം അതെ മാതിരി വരച്ചു കാട്ടാന്‍ കഴിഞ്ഞിരിക്കുന്നു... വീണ്ടും തുടരട്ടെ..
ദീപക് രാജ്
നന്ദന്‍/നന്ദപര്‍വ്വം
കോള്ളാം കെട്ടോ