Friday, August 21, 2009

ഋതുക്കാഴ്ചകള്‍


തുക്കള്‍ മാറുമ്പോള്‍ കൂടെ നമ്മളും മാറുന്നുണ്ടോ?ചുറ്റുമുള്ളവര്‍ മാറിയാലും ചിലര്‍ അതൊന്നും അറിയാതെ പഴയ ഓര്‍മ്മകളും അതില്‍ നിന്നും പടുത്തുയര്‍ത്തിയ സ്വപ്നങ്ങളുമായി പഴയ കാലത്ത് തന്നെ ജീവിക്കും.കാലത്തിനും ഒരുപടി മുമ്പേ മാറുന്നവരും ഉണ്ട്.മറ്റു ചിലര്‍ക്കാകട്ടെ മാറ്റത്തിന്റെ കുത്തൊഴുക്കില്‍ നിസ്സാഹയരായി നോക്കി നില്ക്കാനേ കഴിയൂ.

ഋതുക്കള്‍ മാറിയപ്പോള്‍ അതിനൊപ്പം മാറിയ,സൗഹൃദത്തിന്റെ കാഴ്ചയുമായി എത്തിയ 'ഋതു'വിന്റെ വൈകിട്ടത്തെ ഷോയ്ക്കായി സാഗരയെന്ന കുട്ടി തീയറ്ററില്‍ ഇരിക്കുമ്പോള്‍ ചുറ്റും ഉണ്ടായിരുന്നത് പത്തിരുപതു പേര്‍‍. എല്ലാം ചെറുപ്പക്കാര്‍.കുടുംബങ്ങളോ സ്ത്രീകളോ അക്കൂട്ടത്തില്‍ ഉണ്ടായിരുന്നില്ല.

ഏസിയുടെ തണുപ്പറിയാന്‍ കുറച്ചു സമയം എടുത്തത് പോലെ ശരത്‌ വര്‍മ്മയോടും,സണ്ണി ഇമ്മട്ടിയോടും,വര്‍ഷയോടും അടുക്കാന്‍ കുറച്ചു സമയമെടുത്തു.അത്രയും സമയം സത്യം പറഞ്ഞാല്‍ വിശാലമായ സ്ക്രീനിലെ മനോഹരങ്ങളായ കാഴ്ചകള്‍ കണ്ടിരിക്കുകയായിരുന്നു. തടാകവും,പുല്‍മേടുകളും,ടെക്നോസിറ്റിയും എല്ലാം മനസ്സിന് കുളിര്‍മ നല്‍കുന്ന ദൃശ്യങ്ങളായിരുന്നു.ഇമ്പമാര്‍ന്ന പാശാത്തല ശബ്ദങ്ങളും ,സംഗീതവും ഒപ്പം ഈ കാഴ്ചകളും ചേരുമ്പോള്‍ 'സുഖം പകരുന്ന പുതുമ'എന്ന പരസ്യ വാചകം ശരിയാവുന്നുണ്ട്.

കാറിന്റെ മുന്‍ ഗ്ലാസില്‍ വീഴുന്ന മഴവെള്ളത്തിന്റെ ,പഴയ ഡയറിത്താളിന്റെ,തടാകത്തിലെ തണുത്ത വെള്ളത്തിന്റെ,കംപ്യൂ ‍ട്ടര്‍ സ്ക്രീനിന്റെ,മൊബൈല്‍ ഫോണിന്റെ അങ്ങനെ പലതിന്റെയും തൊട്ടടുത്തു നിന്നുള്ള കാഴ്ച ഓരോ ഫ്രെയിമിലും നിറയുമ്പോള്‍ ചെറിയ വിസ്മയവും ഉള്ളില്‍ നിറയും.

ഇടയ്ക്കെപ്പോഴോ കഥാപാത്രങ്ങളുടെ അടുത്ത് എത്തിയെങ്കിലും പിന്നണിയിലെ സംഗീതം പെട്ടന്ന് നിലച്ചപ്പോള്‍ തിരികെ വന്നു.വര്‍ഷങ്ങള്‍ക്കു ശേഷം വീട്ടിലെത്തിയ ശരത് അച്ഛന് പുസ്തകം സമ്മാനിച്ചപ്പോള്‍ ,'ചമന്തി ഇടട്ടെ' എന്ന് അമ്മ ചോദിച്ചപ്പോള്‍ ഒക്കെ പുറകില്‍ നിന്നും പലരും പിറുപിറുക്കുന്നുണ്ടായിരുന്നു.മൂന്നു കൂട്ടുകാരുടെയും തമാശകള്‍ കണ്ടപ്പോള്‍,പ്രത്യേകിച്ചും മെഡിക്കല്‍ സ്റ്റോറില്‍ ചെന്ന് വര്‍ഷ ചോദിച്ച ചോദ്യം കേട്ടപ്പോള്‍ തീയറ്ററില്‍ ആദ്യമായി ചിരിപൊട്ടി.

കൂട്ടുകാരനും കൂട്ടുകാരിക്കും സംഭവിച്ച മാറ്റത്തില്‍ ശരത് ഞെട്ടുമ്പോള്‍ ,എന്തോ അത് അത്ര വലിയ വേദനയായി തോന്നിയില്ല.ഒരു പക്ഷേ അവരുടെ കഴിഞ്ഞ കാലം ,ആ പഴയ സൗഹൃദം അത്രയ്ക്കങ്ങോട്ട് ഉള്ളില്‍ കയറാത്തത് കൊണ്ടാവാം. ഏറ്റവും വലിയ ഓഫര്‍ കിട്ടി എന്ന് പറഞ്ഞു സെറീന തുള്ളിച്ചാടിയപ്പോള്‍ ഒന്നും പ്രതികരിക്കാതെ നിന്ന ബാലുവിന് എല്ലാവരും കൈയടി കൊടുത്തപ്പോള്‍ എന്റെ കൈകളും അതില്‍ ചേര്‍ന്നു.

എഴുത്ത്‌ കൈവെടിയരുത്‌ എന്ന് വീണ്ടും വീണ്ടും പറയുന്ന അച്ഛന്‍ ,'ഓര്‍മ്മ അപകടമാണ്..സൂക്ഷിച്ചു കൈകാര്യം ചെയ്യണം' എന്ന് പറഞ്ഞ് തലയില്‍ തലോടി ഉപദേശിക്കുന്ന ചേട്ടന്‍ ,'എന്റെ പെര ദാ ..ഇവിടെയായിരുന്നു'എന്ന് വിതുമ്പുന്ന 'പ്രാഞ്ചി'അങ്ങനെ ചിലര്‍ തിരശ്ശീലയില്‍ മിന്നി മറിഞ്ഞിട്ടും കണ്ണിനു മുന്നില്‍ വീണ്ടും എത്തി.

നഷ്ടപെട്ട ഓര്‍മ്മകളും,പ്രണയവും ,സ്വപ്നങ്ങളും എല്ലാം ശരത് പുസ്തകമാക്കി വര്‍ഷയ്ക്കും സണ്ണിക്കും സമര്‍പ്പിക്കുമ്പോള്‍ 'ഋതു' അവിടെ തീരുന്നു.കടവിലെ വഞ്ചിക്കാരന്‍ കൂട്ടുകാരൊക്കെ എവിടെ? എന്ന് ചോദിക്കുമ്പോള്‍ ചിലപ്പോള്‍ നമ്മളോടു തന്നെ ചോദിച്ചു പോകും ..ആ പഴയ കൂട്ടുകാരൊക്കെ എവിടെ?

വളരെ രഹസ്യമായി നിര്‍മ്മിക്കുകയും ,പെട്ടന്നൊരു ദിവസം പരസ്യമാക്കുകയും ചെയ്ത 'ഋതു 'വിന്റെ വിശേഷങ്ങളും,ശ്യാമപ്രസാദും,മമ്മൂട്ടിയുടെ പ്ലേ ഹൌസും ഒക്കെയായിരുന്നു കഴിഞ്ഞ ഒരു മാസക്കാലം അച്ചടി ദൃശ്യ മാധ്യമങ്ങളിലെ വിനോദ വിഭാഗത്തില്‍ നിറഞ്ഞു നിന്നത്. അതുകൊണ്ട് തന്നെയായിരിക്കാം പലരും ശ്യാമപ്രസാദില്‍ നിന്ന് ഒരു ക്ലാസ്സിക്‌ പ്രതീക്ഷിച്ചത്.ശബ്ദ-സംഗീത പാശ്ചാത്താലം ഇല്ലാതെ ഇടക്കൊക്കെ വരുന്ന നീണ്ടസംഭാഷണങ്ങളും,അതില്‍ തന്നെ ചില 'മുറി'- ഇംഗ്ലീഷുകളും സാധാരണ പ്രേക്ഷകരെ അലോസരപ്പെടുത്തിയേക്കാം.ചില രംഗങ്ങളുടെ കൂട്ടി ചേര്‍ക്കല്‍ ഒരു ഒഴുക്കില്‍ അങ്ങനെ ആസ്വദിക്കാന്‍ പറ്റാത്തത് പോലെയും കാണാം.എങ്കിലും മനം കവരുന്ന ദൃശ്യങ്ങളും,'കുക്കു.. ക്കൂ ..കുക്കു.. ക്കൂ തീവണ്ടി 'എന്ന് പാടിപ്പിക്കുന്ന സംഗീതവും,ഒരു പറ്റം പുതിയ മുഖങ്ങളും ,അവരുടെ പുതിയ ശബ്ദങ്ങളും നിരാശപ്പെടുത്തില്ല .ഉടന്‍ തന്നെ തെലുങ്കിലേക്കും ഹിന്ദിയിലേക്കും മൊഴി മാറ്റുന്ന 'ഋതു'
ഇംഗ്ലീഷില്‍ കേട്ടാലായിരിക്കും അതിനേക്കാള്‍ ഭംഗി എന്ന് തോന്നുന്നു.


വാല്‍ക്കഷ്ണം:ലൈറ്റ് തെളിഞ്ഞപ്പോള്‍ ഉടന്‍ തന്നെ പുറത്തേക്ക് ഇറങ്ങാതെ എല്ലാവരും അഭിനേതാക്കളുടെ പേരൊക്കെ വായിച്ചു.'നിഷാന്‍ as ശരത് വര്‍മ്മ'..."ഇവന്‍ സൂപ്പറായിന് കെട്ടാ... പ്രിഥ്വിരാജിനും,ജയസൂര്യക്കും,കുഞ്ചാക്കോ ബോബനും ഒക്കെ.. പണി കിട്ടും.." എന്ന് ചിലരും,"കമ്പ്യൂട്ടര്‍ ഒക്കെ പഠിച്ചാ മതിയാരുന്നു ...ബാംഗ്ലൂരൊക്കെ നല്ല സെറ്റ്- അപ്പാടാ "എന്ന് ചില വിദ്വാന്‍മാരും അഭിപ്രായം പാസ്സാക്കുന്നത് കേട്ടു.

Sunday, August 09, 2009

പകര്‍ച്ചപ്പനി വിശേഷങ്ങള്‍

"ത് പനിയല്ല ..മഹാവ്യാധിയാണ് ...എന്റെയൊക്കെ കുട്ടിക്കാലത്ത്‌ പനി എന്ന് പറഞ്ഞാല്‍ ...ഹോ ഓര്‍ക്കുമ്പോള്‍ നാവില്‍ വെള്ളമൂറുന്നു..ചൂട് പൊടിയരിക്കഞ്ഞിയും ഉപ്പിലിട്ട മാങ്ങയും ,ചമന്തിയും അമ്മ പ്ലാവില കുമ്പിളില്‍ കോരിത്തരും ..മൂടിപ്പുതച്ചു കിടന്നുറങ്ങാം..പനി മാറിയാല്‍ അമ്മയുടെ വക വിശദമായ കുളിപ്പിക്കല്‍...ഇന്നോ..കഞ്ഞി പോയിട്ട് പച്ച വെള്ളം പോലും കുടിക്കാന്‍ കഴിയുന്നില്ല.നമ്മുടെ കുട്ടികള്‍ക്ക് പനി അനുഭവങ്ങള്‍ നഷ്ടമാകുന്നു.."
പകര്‍ച്ചപ്പനിയുടെ വിശേഷങ്ങളുമായി ഒരു പോസ്റ്റ്‌ ഇട്ടിരുന്നു .ദാ ഇവിടെ

Sunday, August 02, 2009

പനിയുടെ വികൃതികള്‍!


ങ്ങനെ മലബാറിലും പകര്‍ച്ചപ്പനി വന്നെത്തി .മലയോര മേഖലയില്‍ കഴിഞ്ഞ ഏപ്രിലില്‍ പൊട്ടിപ്പുറപ്പെട്ടു എന്നു പറയപ്പെടുന്ന പനി ഇപ്പോഴും സൂപ്പര്‍ മെഗാ ഹിറ്റായി തകര്‍ത്തോടുകയാണ്.
വര്‍ഷങ്ങള്‍ക്കു മുമ്പ്‌ 'പകര്‍ച്ചപ്പനി,ചിക്കുന്‍ ഗുനിയ 'എന്നൊക്കെ പത്രങ്ങളില്‍ വായിച്ച്‌"ഹി...ഹി..ചിക്കനോ ?മട്ടനില്ലേ?"എന്നൊക്കെ പറഞ്ഞു ചിരിച്ചവര്‍ ഇപ്പോള്‍ നിലവിളിക്കാന്‍ പോലും കഴിയാതെ ഉഴലുകയാണ്.ചിക്കുന്‍ ഗുനിയ, പന്നിപ്പനി,ഡെങ്കിപ്പനി,എലിപ്പനി, പക്ഷിപ്പനി,മലമ്പനി,വൈറല്‍ പനി, തക്കാളിപ്പനി തുടങ്ങിയ പനികളില്‍ തങ്ങളുടേത് ഏതാണ്‌ എന്നറിയാതെയും എന്ത് ചികിത്സ ചെയ്യണം എന്നും അറിയാതെ ജനം നട്ടം തിരിയുകയാണ്.
ലര്‍ക്കും ഈ പറയുന്നത് പോലെ ചൂടന്‍ പനിയൊന്നും ഇല്ല.രാത്രി ചിലപ്പോള്‍ ദേഹത്ത് ചെറിയ ചൂട് പോലെ തോന്നും രാവിലെ ഉറക്കം എഴുന്നേറ്റു കണ്ണാടി നോക്കിയാല്‍ ഞെട്ടും! മുഖമൊക്കെ തടിച്ചു വീര്‍ത്ത്‌,ശരീരം വീപ്പക്കുറ്റിപോലെ കാണാം ,അല്ലെങ്കില്‍ ചുവന്നു തുടുത്ത്‌ ചമ്പങ്ങയെ പ്പോലെയോ,തക്കാളി പോലെയോ കാണും ,അതുമല്ലെങ്കില്‍ മുടിയില്‍ മഞ്ഞു വീണത്‌ പോലെ താരന്‍ പ്രത്യക്ഷ പ്പെട്ടത് കാണാം .ചിലര്‍ക്ക് വസൂരി പോലെ പോലെ കലകള്‍ കാണാം.മറ്റു ചിലര്‍ക്ക് വായയില്‍ പുണ്ണ് പഴുത്ത്‌ നില്‍ക്കുന്നത് കാണാം.ഭാഗ്യമുള്ളവര്‍ക്ക് ഇതൊന്നും കാണില്ല,രാവിലത്തെ ചായകുടി കഴിഞ്ഞാല്‍ നോണ്‍ സ്റ്റോപ്പ്‌ ചര്‍ദ്ദി തുടങ്ങിക്കോളും .അതിനെക്കാള്‍ ഭാഗ്യം ഉള്ളവര്‍ക്ക് നിന്നനില്‍പ്പില്‍ ബോധം മറയും .പിന്നെ ഒന്നും അറിയേണ്ടതില്ലല്ലോ.
നി ഒരു രണ്ടാഴ്ച കഴിഞ്ഞ് ക്ഷീണവും വേദനയും ഒക്കെ മാറി ഒന്ന് കുളിച്ചു കളയാം,എന്ന് കരുതിയാല്‍ കുഴഞ്ഞത് തന്നെ!വെള്ളം ദേഹത്ത് വീണാല്‍ ഉടന്‍ തുടങ്ങും ചൊറിച്ചലും വേദനയും ...പിന്നെ വീണ്ടും പനിയുടെ ദിനങ്ങള്‍..പനിയുടെ ഈ അനന്തരഫലങ്ങള്‍ കാരണം ഒന്നും ചെയ്യാന്‍ കഴിയാതെ വലയുകയാണ് ജനങ്ങള്‍ .
ഒരു അമ്മൂമ്മ പറയുന്നത് കേള്‍ക്കുക.

"എന്റെ മോനെ..ഈ പണ്ടാര പനീനെക്കൊണ്ട് ഒരടി നടക്കാന്‍ കയിന്നില്ല .ഈ കൈ കണ്ടോ?..വിരല് നിവര്‍ത്താന്‍ പോലും കയുന്നില്ല മീന്‍ മുറിക്കാനോ,

ചോറ് വാര്‍ക്കാനോ ഒന്നും കയിന്നില്ല .നമ്മക്ക് ഹോട്ടലിന്നെങ്കിലും ചോറ്വാങ്ങാം..ഈടെ രണ്ടു പൈ(പശു ) ഉള്ളതല്ലേ ..ആയിറ്റിങ്ങള്‍ക്ക് പുല്ലു ചെത്താനോ ഒന്ന് മാറ്റിക്കെട്ടാനോ ,എന്തിന്.. ഒന്ന് കറക്കാന്‍ പോലും കയ്യിന്നില്ല മോനേ..." -കൌസല്യ(വീട്ടമ്മ)


നി എങ്ങനെ ഈ പനി വന്നു?ചിലര്‍ പറയുന്നു കൊതുക് പരത്തുന്നു എന്ന് .വൈറസ്‌ ആയതുകൊണ്ട് വായുവിലൂടെ എന്ന് മറ്റു ചിലര്‍.എന്തായാലും പരിസര മലിനീകരണം പനിയെ വിളിച്ചു വരുത്തിയെന്നു പലരും സമ്മതിക്കുന്നു.പക്ഷേ ചില ഭിന്നസ്വരങ്ങളും ഉയരുന്നുണ്ട്.
ഇതാ അത്തരത്തില്‍ ഒരു സ്വരം ..

"ഞ്ചായത്തുകള്‍ ചീഞ്ഞു നാറുന്നു എന്നാണ് പറയുന്നത്..ഞാന്‍ ഒരിക്കലും സമ്മതിക്കില്ല.തൊഴിലുറപ്പ് പദ്ധതി എന്നും പറഞ്ഞ് ഉള്ള കാടും ഓടയും ചപ്പും ചവറും മഴയ്ക്ക് മുമ്പേ വൃത്തിയാക്കിയത് നമ്മള് പെണ്ണുങ്ങളാ.പനി വരും എന്ന് ഇവര്‍ റിപ്പോര്‍ട്ട് ചെയ്തതിനു പോലും..എന്നിട്ട് എവിടെയായിരുന്നു?പണ്ടൊക്കെ ഒരു കക്കൂസ് ടാങ്ക് പൊട്ടിയാലോ ..കിണറ്റില് കാക്ക മീനിന്റെ മുള്ള് കൊത്തിക്കൊണ്ട് ഇട്ടാലോ,ഒരു തീപ്പെട്ടി കൂടില്‍ ബ്ലീച്ചുമായി,'ഹെല്‍ത്ത്‌ ..ഹെല്‍ത്ത്‌'

എന്ന് പറഞ്ഞ് അപ്പൊ വരും ..മന്ത് വരുന്നു എന്ന് പറഞ്ഞ്, പണ്ട്.. കഴിഞ്ഞ നൂറ്റാണ്ടില്‍ ഒരു കൊതുകിനു മരുന്നടിക്കല്‍ ഉണ്ടായിരുന്നു..പിന്നെ ആ കുന്ത്രാണ്ടം ഏതോ ഒരു സിനിമയില്‍ കോമഡി സീനില്‍ കണ്ടതല്ലാതെ ജീവനോടെ കണ്ടിട്ടില്ല "- പ്രീതാ കുമാരി (കുടുംബശ്രീ പ്രവര്‍ത്തക)അതിനിടെ പനിയുടെ പിന്നിലുള്ള കറുത്ത കരങ്ങളെക്കുറിച്ച് പലര്‍ക്കും പലരെയും സംശയം ഉണ്ട് .രാഷ്ട്രീയ നിരീക്ഷകന്‍ ഉല്പ്പലാക്ഷ ശാസ്ത്രി പറയുന്നത് കേള്‍ക്കുക.


"പനിയെത്തുടര്‍ന്നു കുത്തക കമ്പിനികളുടെ 300 കോടിയിലധികം രൂപയുടെ മരുന്നുകളാണ് വിറ്റഴിച്ചത് .ഇതിനു പിന്നില്‍ അമേരിക്ക പോലുള്ള സാമ്രാജിത്യ ശക്തികള്‍ പ്രവൃത്തിക്കുന്നുണ്ട്.ഇന്ന് പനി പരത്തി മരുന്ന് വിറ്റഴിക്കുന്ന അവര്‍ നാളെ വാക്സിന്‍ ഉണ്ടാക്കി നമ്മുടെ മേലില്‍ തന്നെ പരീക്ഷിക്കും.."

കേണല്‍ കേളു നായര്‍ ഉറച്ചു വിശ്വസിക്കുന്നത്, ഈ മഹാമാരിക്കു പിറകില്‍ ഭീകര ,തീവ്രവാദ സംഘ ങ്ങള്‍ ആണെന്നാണ് ."മുമ്പ്‌ ആന്ത്രാക്സ് പൊടികള്‍ ജൈവായുധമായി ഉപയോഗിച്ച അവര്‍ പല മാരക വൈറസുകളെയും നുഴഞ്ഞു കയറ്റുന്നുണ്ട്.യുവാക്കളുടെയും കുട്ടികളെയും അങ്ങനെ

വളര്‍ന്നു വരുന്ന തലമുറയേയും തളര്‍ത്തുകയാണ് ഉദ്ദേശം. "
നി വന്നതോടെ ചാകരയായത്‌ ആശുപത്രിക്കാര്‍ക്കാണ്.ഗവണ്‍മെന്റ് ആശുപത്രികളുടെ മുന്നില്‍ ക്യൂ നിന്ന് ബോധം കേടുന്നവരെ നേരെ സ്വകാര്യ ആശുപത്രികളിലേക്ക് കൊണ്ട് പോകും .പിന്നെ 'ഇന്‍ജെക്ഷന്‍,ഗ്ലൂക്കോസ് ,'ഇ സീ ജി ',എക്സ് റെ ',ബ്ലഡ്‌ ടെസ്റ്റ്‌ 'അങ്ങനെ അനവധി കടമ്പകള്‍ .നഴ്സിങ്ങിന് പഠിക്കുന്ന കുട്ടികള്‍ക്ക് ഇപ്പോള്‍ പ്രാക്ടിക്കല്‍ മാത്രമേ ഉള്ളു .എല്ലാവരും സൂചിവെച്ചും ,ഇ സീ ജി എടുത്തും പഠിക്കുന്നു.നഗരങ്ങളിലെ ആശുപത്രികളില്‍ മുറി കിട്ടാനേ ഇല്ല.
ഇതാ ഒരു അനുഭവകഥ: "മ്മക്ക്‌ പെനി വന്നിറ്റ് കുറെ മസായി.അപ്പളെ ഈ മുറിയിലാ...ഒരാഴ്ച മുമ്പ് ബുക്ക്‌ ചെയ്തത് കൊണ്ടാണ് ഞമ്മന്റെ മോള് ഖദീജക്ക് അപ്പറം മുറി കിട്ടിയത്.ഒളെ കുട്ടിയോളെ

വാര്‍ഡില് നിലത്ത് കെടത്തണ്ട എന്ന് കെരുതി എ സീ മുറീല് ആക്കി .ജസീലയും കെട്ടിയോനും ദാ അബിടെ ആ മുറീലാ..വാപ്പക്ക് പനീന്റെ കൂടെ ശ്വാസം മുട്ടല് കൂടിയത് കാരണം ഐ സീ യൂവിലാ ,എളേ ചെക്കന് ചര്‍ദ്ദി തൊടങ്ങീറ്റ് ഇണ്ട്.ഓന് മുറി ഒപ്പിക്കാന്‍ ,മോള്ന്ന് വിളിപ്പിക്കാന്‍ പറഞ്ഞിട്ടുണ്ട്, നാസരോട് .." -ആയിശുമ്മ (റൂം നമ്പര്‍ 348 ,മോഡേണ്‍ ആശുപത്രി ).


പനി കാരണം നാട്ടില്‍ പുറത്തിറങ്ങി നടക്കാന്‍ പോലും കഴിയുന്നില്ല.കടകള്‍ അടച്ചിട്ടിരിക്കുന്നു.ഒരൊറ്റ പണിക്കും ഒരാളെയും കിട്ടാനില്ല .അര്‍ദ്ധരാത്രി ബോധം കെട്ട് ആശുപത്രിയില്‍ പോകാന്‍ ഓട്ടോറിക്ഷ വിളിച്ചാല്‍ ഓട്ടോക്കാരനും പനി പിടിച്ചു കിടപ്പിലായിരിക്കും. ആശുപത്രിയില്‍ രോഗിയുടെ കൂടെ നില്‍ക്കാനോ,ശുശ്രൂഷിക്കാനോ ബന്ധുക്കള്‍ പോലും തയ്യാറാവുന്നില്ല.
ങ്ങനെ മൊത്തം ഒരു സംഭവമായ പനിയുടെ പേരില്‍ നാട്ടുകാര്‍ സംഘടിച്ചതില്‍ യാതൊരു പുത്തരിയും ഇല്ല.ഓരോ താലൂക്കിലും ഓള്‍ കേരള പനി രോഗി അസോസിയേഷന്‍ യൂണിറ്റുകള്‍ ഉടന്‍ നിലവില്‍ വരും.ട്രെന്‍ഡ് മുതലെടുത്തു കൊണ്ട് പല സമുദായങ്ങളും ,സമിതികളും ആശ്വാസം പാഴ്സലായി നല്‍കുന്നുണ്ട്.ആലോപ്പതിക്കാരും ,ഹോമിയോക്കാരും ,ആയുര്‍വേദക്കാരും പനി ഉടന്‍ മാറ്റാന്‍ ഞങള്‍ക്ക് കഴിയും എന്നും പറഞ്ഞു തല്ലു കൂടുന്നു.കര്‍ക്കിടിക കഞ്ഞിയും ചികിത്സയും പനി കാരണം ചിലവാകാതെ വന്ന ആയുര്‍വേദ കച്ചവടക്കാര്‍ 'പനിയുടെ നീരും വേദനയും മാറ്റിക്കൊടുക്കപ്പെടും','രണ്ടു ദിവസം കൊണ്ട് പനി മറ്റും പനി- കിറ്റ് ഇവിടെ കിട്ടും 'എന്നൊക്കെ ബോര്‍ഡ്‌ തൂക്കിയിട്ടുണ്ട്.കമ്മ്യൂണിസ്റ്റു പച്ചയാണ് മറ്റൊരു താരം !വേദനയും നീരും മാറ്റുന്ന ഈ ദിവ്യ ഔഷധിക്ക് കിലോയ്ക്ക് 80 രൂപയാണ്‌ വില .കെട്ടിന് 20 രൂപ .ശീമക്കൊന്നയില ,കണിക്കൊന്നയില,തുളസിയില, പേരയില,പുളിയില,വേപ്പിലതുടങ്ങിയ പച്ച മരുന്നുകളും വിപണിയില്‍യില്‍ ലഭ്യം .അതിനിടെ പനി കാരണമല്ല, സൂപ്പര്‍ സ്റ്റാറിന്റെ റിയാലിറ്റി ഷോ കാരണമാണ് തീയറ്ററില്‍ ആള്‍ക്കാര്‍ വരാത്തത് എന്ന് സിനിമാക്കാരും പനി കാരണമാണ് സ്കൂളില്‍ കുട്ടികള്‍ ഇല്ലാത്തത് എന്ന് അടച്ചു പൂട്ടാന്‍ പോകുന്ന സ്കൂളുകാരും പ്രമേയം പാസ്സാക്കിയിട്ടുണ്ട്.


ടുത്ത ദിവസം തന്നെ നഗരങ്ങളില്‍ പനി മഹോത്സവം നടക്കുന്നുണ്ട് .പനി ഒരു ആഘോഷമാക്കുകയാണ് ഉദ്ദേശം .പനിപ്പാട്ട്,പനി ഡാന്‍സ്‌,പനി നാടകം ഇവ നടക്കും. അതിനെക്കുറിച്ച് പ്രശസ്ത സാംസ്കാരിക പ്രവര്‍ത്തകന്‍ കിട്ടുകുമാര്‍ കുറ്റിക്കാട് ഇങ്ങനെ പറയുന്നു.


"ത് പനിയല്ല ..മഹാവ്യാധിയാണ് ...എന്റെയൊക്കെ കുട്ടിക്കാലത്ത്‌ പനി എന്ന് പറഞ്ഞാല്‍ ...ഹോ ഓര്‍ക്കുമ്പോള്‍ നാവില്‍ വെള്ളമൂറുന്നു..ചൂട് പൊടിയരിക്കഞ്ഞിയും ഉപ്പിലിട്ട മാങ്ങയും ,ചമന്തിയും അമ്മ പ്ലാവില കുമ്പിളില്‍ കോരിത്തരും ..മൂടിപ്പുതച്ചു കിടന്നുറങ്ങാം..പനി മാറിയാല്‍ അമ്മയുടെ വക വിശദമായ കുളിപ്പിക്കല്‍...ഇന്നോ..കഞ്ഞി പോയിട്ട് പച്ച വെള്ളം പോലും കുടിക്കാന്‍ കഴിയുന്നില്ല.നമ്മുടെ കുട്ടികള്‍ക്ക് പനി അനുഭവങ്ങള്‍ നഷ്ടമാകുന്നു..പനി മഹോത്സവം അത് പരിഹരിക്കും .."

കോട്ടയം,പത്തനംതിട്ട ,ആലപ്പുഴ ,കോഴിക്കോട് ,കണ്ണൂര്‍ ..പനി പടരുകയാണ് .അടുത്ത വര്‍ഷവും ഇതേ സമയത്ത്‌ നെട്ടോട്ടം ഓടാം .കാടു പിടിച്ച്, ചോര്‍ന്നൊലിക്കുന്ന ഡിസ്പെന്സറികളിലും ആരോഗ്യ കേന്ദ്രങ്ങളിലും കാത്തുകിടക്കാം.പുതിയ തരം കൊതുകുകളെയും കൊതുക് തിരികളേയും പരിചയപ്പെടാം ,മരണങ്ങളുടെ കണക്കെടുക്കാം ,പനി സമരങ്ങള്‍ നടത്താം ,പനി മഹോത്സവങ്ങള്‍ ആചരിക്കാം.ജയ് ...ജയ് പനി....!