Showing posts with label പലവക. Show all posts
Showing posts with label പലവക. Show all posts

Friday, August 09, 2013

പെയ്തു തോരുന്ന സൌഹൃദങ്ങൾ ....


തിവ് പോലെ വൈകുന്നേരത്തെ ചായകുടിയുടെ കൂടെയുള്ള   ഫേസ് ബുക്കിലൂടെയുള്ള കറക്കം..ലോകത്ത് എന്ത് നടക്കുന്നു എന്ന് പെട്ടന്ന് അറിയാനുള്ള ഒരു കുറുക്കുവഴി യാത്ര..
എന്നത്തേയും പോലെ ഇന്നുമുണ്ട് ,നവദമ്പതികളുടെ വർണമനോഹര ചിത്രങ്ങൾ,ഓരോരുത്തരായി കുഴിയിൽചാടി കൊണ്ടിരിക്കുന്നതിന്റെ സന്തോഷം  പങ്കുവെക്കാനായി "കന്ഗ്രാട്സ് "ടൈപ്പ്  ചെയ്യാൻ തുടങ്ങിയപ്പോഴാണ് അത് ശ്രദ്ധിച്ചത്."ശെടാ ഇത് അവനല്ലേ ?"

നാലഞ്ച് വർഷങ്ങൾക്ക്  മുമ്പുള്ള പയ്യാമ്പലം കടപ്പുറം..അലസവും വിരസവുമായ സായാഹ്നങ്ങൾ..മണലുപോലെ മനസ്സ് കുഴഞ്ഞു മറിഞ്ഞു ,പരന്നു കിടന്നിരുന്ന നാളുകൾ..ഒരു പക്ഷെ അന്നത്തെ ഏക ആശ്വാസം കടൽത്തിര നോക്കിയുള്ള പകൽ കിനാവുകൾ ആയിരുന്നു.സുന്ദരമായ ഭാവിയെക്കുറിച്ചുള്ള അതിസുന്ദര മായ സ്വപ്നങ്ങൾ.ആ സ്വപ്നങ്ങൾ പരസ്പരം പങ്കുവെക്കലായിരുന്നു ഞങ്ങളുടെ പ്രധാന ഹോബി..!പൂഴിപ്പരപ്പിൽ കൈകൾ ചേർത്തുപിടിച്ചു തോളുരുമ്മി നടക്കുന്ന യുവ മിഥുനങ്ങളെ കാണുമ്പോൾ  ഞങ്ങളുടെ ചർച്ച എന്നും വഴിമാറും,"നീ എന്നടാ ഇങ്ങനെ ഒരാളെയും കൊണ്ട് വരുന്നത് ?". "ഞാനതിനു ഈ പന്ന കടപ്പുറത്തൊന്നും എന്റെ പെണ്ണിനെ കൊണ്ടുവരില്ല..ഞങ്ങൾ മലെഷ്യയിലെയൊ മാലിദിവിസിലെയോ ഏതെങ്കിലും ബീച്ചിൽ കാണും ഈ സമയത്ത് .ഇങ്ങനെ സൂര്യൻ അസ്തമിക്കാൻ പോകുന്ന നേരത്ത്.."
"അവന്റെ ഒരു മലേഷ്യ ..ആദ്യം ഏത് പെണ്ണാണെന്ന് തീരുമാനിക്ക് ..

അവൻ മനസ്സിൽ മാത്രം കൊണ്ടുനടന്ന "വണ്‍വെ "പ്രണയനായിക ,അവൻ കതകിനു മറവിൽ നിന്ന് ഉമ്മ കൊടുത്ത ബാല്യകാലസഖി ,കമ്പ്യൂട്ടർ സെന്ററിൽ അവനായി മാത്രം വരുന്ന പേരറിയാത്ത വെളുത്ത കുട്ടി, തുടങ്ങിയ അനവധി കുട്ടികളിൽ ഏതെങ്കിലും ഒരാളെ കെട്ടുമെന്ന് വീമ്പിളക്കി നടന്നവനും ഭാവി ഭാര്യയും ,ഒരു ടാഗ്  പൊസ്റ്റായി കണ്‍മുമ്പിൽ..പോസ്റ്റ്‌ കണ്ടവർ കണ്ടവർ ഫോണ്‍ ചെയ്തു തിരക്കി "എടാ ,നിന്റെ ഫ്രണ്ടല്ലേ? എന്നായിരുന്നു ?കല്യാണം കഴിഞ്ഞോ ?അതോ എൻഗേജുമെന്റൊ?"
എനിക്ക് ഒരു ഉത്തരം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
"അറിയില്ലെടാ ....."

എന്നാൽ വിശേഷം നേരത്തെ അറിഞ്ഞവരും  ഉണ്ടായിരുന്നു ,ഞാനൊഴികെ ..സകല സമയത്തും ഒരുമിച്ചു മാത്രം കണ്ടിരുന്ന രണ്ടു  സുഹൃത്തുക്കളുടെ വർത്തമാനകാലം പലർക്കും വിശ്വസിക്കാൻ പറ്റിയില്ല,എനിക്കും.കാലത്തിന്റെ അനിവാര്യമായ ഏതോ ഒരു വഴിത്തിരിവിൽ രണ്ടു വഴികളിൽ ആയെങ്കിലും,വല്ലപ്പോഴുമുള്ള ഫോണ്‍ കുശലങ്ങൾ ഉണ്ടായിരുന്നു.പതിയെ പതിയെ അതും ഇല്ലതായി.ഒരു പക്ഷെ ഏറെ നാളുകള്ക്ക് ശേഷം സമയം ഉണ്ടാക്കി വിളിക്കുമ്പോൾ "തിരിക്കിലടാ ","ഫുഡ്‌ കഴിക്കയാ ","പിന്നെ വിളക്കൂ "എന്നിങ്ങനെയുള്ള മറുപടികളിൽ മനസ്സ് ഉടക്കിയത് കൊണ്ടാകാം,എന്റെ കുശലാന്വേഷണവും നിന്നു.ചില സൗഹൃദങ്ങൾ അങ്ങനെയാണ്.ആർത്തലച്ചു  വരും,പക്ഷെ പെട്ടന്ന് പെയ്തു തോരും..ഒരു മരം പോലും പെയ്യാതെ..

വംശ നാശ ഭീഷണി നേരിടുന്ന സൌഹൃദത്തിന്റ,  "സ്പീഷിസുകൾ "നിരവധിയാണ് .ലോകത്ത് പൊതുവെ കാണപ്പെടുന്ന ആഗോളതാപനവും, തിരക്കും ,സ്വാർത്ഥതയും,കുശുമ്പും,പൊങ്ങച്ചവും  ഒക്കെ തന്നെ ഈ വംശനാശങ്ങൾക്ക് കാരണം.

സ്വന്തം വീടിനെക്കാൾ അയല്പക്കത്തെ വീടുകളിലെ മുക്കും മൂലയും ഹൃദിസ്ഥമാക്കിയിരുന്നു.ഓണവും വിഷുവും,ഉത്സവും എല്ലാം അവിടങ്ങളിൽ ആയിരുന്നു.ഒരു ചക്ക കിട്ടിയാൽ ,പാതി  കൊടുക്കും,അപ്പം ചുട്ടാൽ ,പായസം വെച്ചാൽ ആദ്യം അവരായിരുന്നു രുചി നോക്കിയിരുന്നത്.അയൽ പക്കത്തെ ഉപ്പും ചോറും തിന്നു വളർന്നവർ എത്ര പേർ ?

അടുത്ത വീട്ടിൽ ആരാണെന്ന് അറിയണമെങ്കിൽ ,ബർത്ത് ഡേ പാർട്ടിക്ക് 'ഇൻവിറ്റെഷൻ 'കിട്ടണം.അല്ലെങ്കിൽ "കറന്റ് "പോകണം ,അവിടെ "കറന്റ് "ഉണ്ടോ എന്ന് വിളിച്ചു ചോദിക്കുമ്പോൾ അറിയാം .അല്ലെങ്കിൽ  "കേബിൾ "കട്ടാകണാം "കേബിൾ "ഉണ്ടോ എന്ന്  വിളിച്ചു ചോദിക്കുമ്പോൾ അറിയാം.

രേ പാർട്ടിയാണെങ്കിൽ ,പീടിക തിണ്ണയിൽ ഒരുമിച്ചു ഇരിക്കാം,ഒരേ ജാതിയാണെങ്കിൽ സമുദായ കൂട്ടായ്മയിൽ കാണാം,ഒരേ യുവജന സംഘടനയാണെങ്കിൽ ക്ളബ്ബുണ്ടാക്കി ഫുട്ബോളോ ക്രിക്കറ്റോ കളിക്കാം. ഒരേ 'സ്റ്റാറ്റസ്' ഉള്ളവരാണെങ്കിൽ രാവിലെയും വൈകുന്നേരവും ഒരുമിച്ചു നടക്കാനിറങ്ങാം .വായനശാല ,സ്കൂൾ ,കോളേജ് ,മൈതാനം തുടങ്ങിയ പൊതു ഇടങ്ങൾ ഓരോ വിഭാഗങ്ങൾക്ക് ഓരോന്ന്.അവിടെ കൂട്ട് കൂടാൻ ആ വിഭാഗത്തിൽ പെട്ടതാണെങ്കിൽ എളുപ്പം.

സൌഹൃദങ്ങളുടെ ഖനിയായ കലാലയങ്ങൾ, ഖനനം ചെയ്യുന്ന രീതി മാറിയിരിക്കുന്നു."എന്ത് പ്രയോജനം?"എന്ന ചോദ്യം സ്വയം ചോദിച്ചു കൊണ്ടാണ് ഓരോ ഖനനവും.നാല് കാശുള്ളവനും ,നാല് മൊബൈൽ ഉള്ളവനും കിട്ടും ,മങ്ങാത്ത സൌഹൃദം ."ഹായ് " പറഞ്ഞ് "ബായ് "യിൽ അവസാനിക്കുന്ന സൌഹൃദം അധ്യയനത്തിന്റെ അന്ത്യത്തോടെ എന്നെന്നേക്കുമായി അവസാനിക്കുന്നു.

മുഖം മൂടി അണിഞ്ഞ സൌഹൃദ സ്പീഷിസിനെ ജോലി ഇടങ്ങളിൽ ആണ് കൂടുത്തൽ കാണുക."വെരി ഗുഡ് മോണിംഗ് ","സീ യു ടുമാറോ ",ഹവ് എ നൈസ് ഡേ " എന്നൊക്കെ എന്നും പറയുന്ന ഈ സ്പീഷിസ് പുറമേ ചിരിക്കുമെങ്കിലും ,സൂക്ഷിക്കേണ്ട വിഭാഗമാണ്‌...ഒരു പ്രശ്നം വന്നാൽ അറിയാം എത്ര പേർക്ക് മുഖം മൂടി ഇല്ലെന്ന് ?

ഭിനവ സൌഹൃദ സ്പീഷിസ് ആയ "ഓണ്‍ലൈൻ  സ്പീഷിസിൽ പൊതുവെ കണ്ടു വരുന്ന ഒരു സ്വഭാവം ഉണ്ട്.ജീവിതത്തിൽ ഏകാന്തതയും ,വിരഹവും കൂട്ടാകുമ്പോൾ "നോക്ക് കുത്തിയായി"നിർത്തിയ "ഓണ്‍ലൈൻ പച്ച" ,വെളിച്ചങ്ങൾ സൌഹൃദ വെളിച്ചങ്ങളായി മാറ്റി കടന്നുവരും.കലാന്തരങ്ങൾക്ക് ശേഷം പലരും  ഇങ്ങനെ പച്ച വെളിച്ചം തെളിച്ചു വരുന്നതായി കാണാം .കാര്യ സാധ്യം എന്തെങ്കിലും ഉണ്ടാകും ,അല്ലെങ്കിൽ "ബോറടി " മാറുമ്പോൾ പച്ച വെളിച്ചം വീണ്ടും നോക്ക് കുത്തിയാകും .പച്ച കണ്ടു മഞ്ഞളിച്ചവർ ഇളിഭ്യരാകും! ചാറ്റ് ബോക്സിൽ  തോരാതെ സംസാരിക്കുന്ന  ഊഷ്മള സൌഹൃദ മാതൃകകൾ,"ഞാൻ അങ്ങോട്ട്‌ ഒരാവശ്യത്തിന് വരുന്നുണ്ട് ..അവിടെ കാണില്ലേ ?സഹായത്തിന് ?മൊബൈലിൽ വിളിച്ചാൽ കിട്ടില്ലേ ?"എന്ന്  ചാറ്റ് ബോക്സിൽ ടൈപ്പ് ചെയ്തു കണ്ടാൽ ,ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ പച്ച വെളിച്ചം അണച്ച് സ്ഥലം വിടുന്നതും കാണാം.!

വംശനാശം വരുത്താതെ സൌഹൃദം കാത്തു സൂക്ഷിക്കാൻ പറ്റുന്നവർ വില്ലാളി വീരന്മാർ തന്നെ,യഥാർത്ഥ സൌഹൃദം തിരിച്ചറിയാൻ പറ്റുന്നത് അതിലേറെ കഴിവുള്ളവർക്ക് പറ്റുന്ന കാര്യവും.ഒരു തീവണ്ടി യാത്രയിൽ ,അല്ലെങ്കിൽ  ഒരു വിമാന യാത്രയിൽ ..അപരിചിതമായ ഒരു നഗരത്തിൽ അല്ലെങ്കിൽ സഹായം കൊതിക്കുന്ന ഒരു വേളയിൽ ,ചിരിക്കുന്ന മുഖവുമായി വരുന്നവരിൽ ഉണ്ടാകാം ,ഒരു നല്ല സുഹൃത്ത് .പെയ്തു തോരാത്ത ഒരു മഴക്കാലം അത് ചിലപ്പോൾ തന്നേക്കാം...










Wednesday, November 11, 2009

ബ്ലോഗനയില്‍ വെള്ളരിക്കാപ്പട്ടണം..



വെള്ളരിക്കാപ്പട്ടണത്തിലെ "മറഞ്ഞു പോകുന്ന തനി നാടന്‍ വേഷങ്ങള്‍" എന്ന പോസ്റ്റ്‌ മാതൃഭൂമി ആഴ്ചപ്പതിപ്പ് ഈ ആഴ്ചയിലെ ബ്ലോഗനയിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നു.ഈ വിവരം അറിയിക്കാന്‍  ഇങ്ങനെയൊരു പോസ്റ്റിടുന്നത് അല്പം പൊങ്ങച്ചമല്ലേ എന്ന് എനിക്കു തന്നെ സംശയം ഉണ്ട്.എന്നാലും... വെറുതെ കുത്തിക്കുറിച്ച അക്ഷരങ്ങള്‍ക്ക്, ജീവിതത്തില്‍ ആദ്യമായി അച്ചടി മഷി പുരളുമ്പോള്‍ ചെറിയൊരു സന്തോഷം...അതിന് നിമിത്തമായത് ഈ ബൂലോകത്ത് എത്തിയതും...ഇതുവരെ, ഈ നിമിഷം വരെ ഈ കൊച്ചു പട്ടണത്തില്‍ എത്തിയ എല്ലാവര്‍ക്കും,എല്ലാ ബൂലോകര്‍ക്കും,ഒപ്പം മാതൃഭൂമിക്കും സ്നേഹം നിറഞ്ഞ നന്ദി..












































































Monday, October 12, 2009

എങ്ങനെ കൂടുതല്‍ പണം സമ്പാദിക്കാം?

ങ്ങനെ കൂടുതല്‍ പണം സമ്പാദിക്കാം?പലരെയും അലട്ടിക്കൊണ്ടിരിക്കുന്ന ഒരു ചോദ്യമാണത്.ഉപ്പു തൊട്ട് കര്‍പ്പൂരം വരെയുള്ള സാധനങ്ങളുടെ വില റോക്കറ്റ് പോലെ കുതിച്ചുയരുമ്പോള്‍ ആ ചോദ്യത്തിന് കൂടുതല്‍ പ്രസക്തിയേറുന്നു.  'എണ്ണിച്ചുട്ട  അപ്പം പോലെ' കിട്ടുന്ന ശമ്പളം തികയാതെ വരുമ്പോള്‍ പലരും പുതുവഴികള്‍  തേടുന്നു..സാമ്പത്തിക മാന്ദ്യം അരങ്ങു തകര്‍ക്കുമ്പോള്‍  കുറുക്കുവഴികളിലൂടെ  പണക്കാരായവരെയും വഴിയില്‍ കാലിടറി വീണ് പാപ്പാരായവരെയും ഇന്ന് നാട്ടിന്‍പുറങ്ങളില്‍ ധാരാളം കാണാം.സുഗുണന്‍ മാഷും അത്തരത്തില്‍ ഒരാളാണ്.വളരെപ്പെട്ടന്ന് കോടീശ്വരനായ സുഗുണന്‍ മാഷിന്റെ കഥയാണ് 'പണം വാരാനുള്ള അവസരങ്ങള്‍' എന്ന പോസ്റ്റായത്.


നിങ്ങള്‍ക്കും പണക്കാരനാകണ്ടേ? സുഗുണന്‍ മാഷിന്റെ അനുഭവകഥ ഇവിടെ വായിക്കാം.




Saturday, October 03, 2009

പഴശ്ശിരാജയുടെ നാട്ടില്‍...



ടുവില്‍ 'പഴശ്ശിരാജ' ഗാന്ധിജയന്തി ദിനത്തിലും വെള്ളിത്തിരയില്‍ എത്തിയില്ല.കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി നിര്‍മ്മാണപ്രവൃത്തികള്‍ നടന്നു കൊണ്ടിരിക്കുന്ന ഇരുപത്തിയേഴ് കോടിയിലധികം രൂപ മുതല്‍ മുടക്കി വിവിധ ഭാഷകളില്‍ ഒരുക്കുന്ന ഈ വമ്പന്‍ ചലച്ചിത്രം കാണാന്‍ ഇനിയും കാത്തിരിക്കേണ്ടിവരും.





ബ്രിട്ടീഷ്‌ സാമ്രാജ്യത്തിനെതിരെ പോരാടിയ കേരളത്തിലെ ആദ്യ നാട്ടുരാജാക്കന്മാരില്‍ ഒരാളായായ കേരള വര്‍മ്മ പഴശ്ശിരാജയുടെ ചരിത്രം പറയുന്ന 'പഴശ്ശിരാജ'യുടെ ചിത്രീകരണ സമയത്ത്‌ നേരിട്ട തടസ്സങ്ങളും,സംഭവിച്ച  അപകടങ്ങളും മാധ്യമങ്ങള്‍ ഒന്നൊന്നായി റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ നിര്‍ഭാഗ്യം ഈ സംരഭത്തെ വിടാതെ പിന്തുടരുന്നു എന്ന് പലരും വിധിയെഴുതി.റിലീസിങ്ങും നീണ്ടു നീണ്ടു പോകുമ്പൊള്‍ തമാശയാണെങ്കിലും ചിലരെങ്കിലും പറഞ്ഞു തുടങ്ങി..."ഇനി ഇത് കണ്ടാല്‍ വല്ല നിര്‍ഭാഗ്യവും വരുമോ"

കേരളത്തിനു വടക്ക് പഴശ്ശിരാജാവിന്റെ നാട്ടിലെ ജനങ്ങളും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്,കേട്ടറിഞ്ഞ രാജാവിന്റെ ചരിത്രം,നാടിന്റെ ചരിത്രം വെള്ളിത്തിരയില്‍ കാണാന്‍.കാത്തിരിപ്പ്‌ അവര്‍ക്ക് ഒരു പുത്തരിയല്ല.പതിറ്റാണ്ടുകള്‍ക്ക് മുമ്പേ  'പഴശ്ശി' ക്കായി കാത്തിരിപ്പ് തുടങ്ങിയതാണ്‌.ഒരു പക്ഷേ കോലത്തു നാട്ടിലെ ജനങ്ങള്‍ക്ക് 'പഴശ്ശി' എന്ന് കേട്ടാല്‍,പഴശ്ശിരാജാവിനെക്കാളും  ആദ്യം ഓര്‍മ്മ വരുന്നത് അതാണ്‌.

ത്തര മലബാറിലെ കൃഷിയിടങ്ങളില്‍ ജലസമൃദ്ധിയിലൂടെ പൊന്ന് വിളയിക്കാന്‍ ലക്ഷ്യമിട്ട്,കോടികള്‍ തന്നെ മുതല്‍ മുടക്കി 1959 ല്‍ നിര്‍മ്മാണം ആരംഭിച്ച് 1979 ജനുവരി ഒന്നിന് മൊറാര്‍ജി ദേശായി തുടക്കമിട്ട 'പഴശ്ശി ജലസേചന പദ്ധതി'..!കണ്ണൂര്‍ നഗരത്തില്‍ നിന്നും 37 കിലോമീറ്റര്‍ അകലെ മട്ടന്നൂരിനടുത്ത് വെളിയമ്പ്രയില്‍ വളപട്ടണം പുഴയുടെ കൈവഴിയായ കുയിലൂര്‍ പുഴയ്ക്കു കുറുകെ അണക്കെട്ട് നിര്‍മ്മിച്ച് തുടങ്ങിയ പദ്ധതി ഇനിയും അതിന്റെ ലക്‌ഷ്യം കണ്ടിട്ടില്ല.നാട് നീളെ കനാലുകള്‍ ഇന്നും വേഴാമ്പലുകളെ പോലെ ദാഹിച്ചു കാത്തിരിക്കുന്നു,ഒരിറ്റ് വെള്ളത്തിനായി.


                                                                  പഴശ്ശി അണക്കെട്ട് 
'ജലസേചനം'  താറുമാറായെങ്കിലും 'പഴശ്ശി പദ്ധതി' പിന്നീട് ടൂറിസം പദ്ധതിയായി മാറി.അണക്കെട്ടിനു മുകളില്‍ നിന്നുള്ള കാഴ്ചകള്‍ കാണാനും ഉദ്യാനത്തില്‍ ഉലാത്താനും എന്നും തിരക്കായിരുന്നു.ഉത്തരമലബാറിലെ വൃന്ദാവനം എന്ന് പോലും ഉദ്യാനം അറിയപ്പെട്ടു.കല്യാണക്കാസറ്റുകളിലെ ക്ലൈമാക്സ്  ഇനമായ പെണ്ണും ചെക്കനും മരം  ചുറ്റി ഓടുന്ന  ഔട്ട്‌ ഡോര്‍ ഷൂട്ടിങ്ങിന്റെ പ്രധാന ലൊക്കേഷനായിരുന്നു പഴശ്ശി അണക്കെട്ട് പരിസരം.ദൈവത്തിന്റെ സ്വന്തം നാട്ടിലെ മറ്റേതു സ്ഥലത്തെപ്പോലെ ,കാലത്തിന്റെ കുത്തൊഴുക്കില്‍ പഴശ്ശി ഉദ്യാനവും അണക്കെട്ട് പരിസരവും കാടുകയറുകയും സാമൂഹ്യ വിരുദ്ധര്‍ താവളമാക്കുകയും ചെയ്തു.നാട്ടുകാര്‍ പോലും അങ്ങോട്ട്‌ തിരിഞ്ഞു നോക്കാതെയായി.'പഴശ്ശി പ്രൊജക്റ്റ്‌ 'എന്ന് ബോര്‍ഡും വെച്ച് കണ്ണൂര്‍ ബസ്സ് സ്റ്റാന്‍ഡില്‍ നിന്നും സര്‍വീസ്‌ നടത്തിയിരുന്ന ബസ്സുകളും ഇല്ലാതായി.




കുറേ വര്‍ഷങ്ങള്‍ നീണ്ടു നിന്ന ഒറ്റപ്പെടലില്‍  നിന്നും ഈ അടുത്താണ് പഴശ്ശി പദ്ധതി ഉയര്‍ത്തെഴുന്നേറ്റത്.ജലസേചനം ഫലപ്രദമായില്ലെങ്കിലും കണ്ണൂര്‍ ജില്ലയിലും പരിസര പ്രദേശങ്ങളിലും കുടിവെള്ളം എത്തിക്കാനുള്ള കുടിവെള്ള സംഭരണിയായി അണക്കെട്ടിന്റെ സംഭരണി മാറിക്കഴിഞ്ഞു. ജപ്പാന്‍ കുടിവെള്ള പദ്ധതിയടക്കം 440 കോടി രൂപയുടെ പദ്ധതികളാണ്  ഒരുങ്ങുന്നത്. മുഖം മിനുക്കലിന്റെ ഭാഗമായി  ഒരു കോടി രൂപ ചിലവഴിച്ചു ഉദ്യാനവും പാര്‍ക്കും മാസങ്ങള്‍ക്കു മുമ്പാണ് നവീകരിച്ചത്‌.നടവഴികളില്‍ ടൈലുകള്‍ പാകുകയും സ്റ്റേജും മറ്റും  നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും കാര്യങ്ങള്‍ പഴയ പടിക്കു തന്നെയാണ് നീങ്ങുന്നത്‌.ഡോര്‍മെറ്ററിയും,ഇന്‍ഫര്‍മേഷന്‍ സെന്ററും,മൂത്രപ്പുരയും,കാന്റീനും ഒന്നും ഉത്ഘാടനത്തിനു ശേഷം തുറക്കുന്നില്ല എന്ന് പരാതി ഉയര്‍ന്നു കഴിഞ്ഞു. അങ്ങോട്ടേക്കുള്ള റോഡാണെങ്കില്‍ തകര്‍ന്നിട്ടു വര്‍ഷങ്ങളായി.

കുടിവെള്ള പദ്ധതികള്‍ തകൃതിയായി ആസൂത്രണം ചെയ്യുന്നുണ്ടെങ്കിലും കുടിവെള്ളക്ഷാമം രൂക്ഷമാകുന്ന വേനല്‍ക്കാലത്ത് സംഭരണിയിലെ  ജലവിതാനം താഴുന്നതും പ്രശ്നമായിട്ടുണ്ട്.ഷട്ടറുകളുടെ ചോര്‍ച്ച,മണല്‍ വാരല്‍ ,കൈയേറ്റം,തുരുത്ത് നശീകരണം,മാലിന്യ നിക്ഷേപം എന്നിവ സംഭരണിക്ക്  മരണ മണി മുഴക്കുകയാണ്.കൈത്തോടുകളും പ്രധാന ജലസ്രോതസ്സുകളായ ആറളം,ബാവലി തുടങ്ങിയ പുഴകളും നീര്‍ച്ചാലുകളായി മാറി. കുടിവെള്ള പദ്ധതികള്‍ക്കായി നിര്‍മ്മിക്കുന്ന കിണറുകളില്‍ നിന്നും നീക്കം ചെയുന്ന മണ്ണ് സംഭരണിയില്‍ തന്നെ തള്ളുന്നതും പ്രതികൂലമായി തീര്‍ന്നിട്ടുണ്ട്.


ഴശ്ശി പദ്ധതി പ്രദേശത്തു നിന്നും പത്തു കിലോമീറ്റര്‍ ചുറ്റളവില്‍ തന്നെയാണ് കോട്ടയം രാജവംശത്തില്‍  പ്പെട്ട പഴശ്ശിരാജാവിന്റെ ജന്മ സ്ഥലവും കോവിലകവും മറ്റും.യുദ്ധ കാലത്തു തന്നെ തകര്‍ന്ന കുടുംബ ക്ഷേത്രങ്ങളുടെയും കോവിലകത്തിന്റെയും അവശേഷിക്കുന്ന ഭാഗങ്ങള്‍  ജീര്‍ണാവസ്ഥയിലാണ് .പുരളി മലയിലെ ഹരിശ്ചന്ദ്രക്കോട്ടയിലെ,പഴശ്ശിരാജാവ്  ആരാധിച്ചിരുന്ന മഹാദേവ ക്ഷേത്രം ഈയിടെ സാമൂഹ്യ വിരുദ്ധര്‍ തകര്‍ത്തിരുന്നു. പഴശ്ശിയുടെ യുദ്ധഭൂമിയായിരുന്ന സമീപ പ്രദേശമായ കണ്ണവം വനത്തിലും പരിസര ങ്ങളിലും  ചരിത്രമുറങ്ങുന്ന ഒരുപാട്  ഇടങ്ങളുണ്ട്.കണ്ണവം പെരുവയലിലെ പടക്കളം,കുറിച്യപ്പട ബ്രിട്ടീഷുകാരെ അമ്പെയ്തു തുരത്തിയ പടമടക്കിപ്പാറ,പുരാതന ക്ഷേത്രാവശിഷ്ടങ്ങള്‍,കണ്ണവത്തു നമ്പ്യാരെ തൂക്കിലേറ്റിയ സ്ഥലം, പഴശ്ശി രാജാവിന്റെ പടത്തലവനായ കൈതേരി അമ്പുവിന്റെ വീട്‌, ഇടം ക്ഷേത്രം, മാനന്തേരിസത്രം തുടങ്ങി നിരവധി സ്ഥലങ്ങള്‍..പഴശ്ശിരാജാവ്  അന്ത്യവിശ്രമം കൊള്ളുന്ന,വയനാട് ജില്ലയിലെ  മാനന്തവാടിയില്‍ ഇന്ന് പഴശ്ശി സ്മാരകം ഉണ്ടെങ്കിലും ജന്മനാട്ടില്‍ ഒരു സ്മൃതി മണ്ഡപം നിര്‍മ്മിക്കണമെന്ന ആവശ്യവും കുറേ നാളായുണ്ട്.കാടു പിടിച്ച്  കിടക്കാന്‍ കോടികള്‍ ചിലവിട്ട്  ഒരു സ്മാരകത്തിന് പകരം ചരിത്രത്തിന്റെ ശേഷിപ്പുകള്‍ തച്ചുടക്കാതെ സംരക്ഷിച്ചാല്‍ അതു തന്നെ വരും തലമുറയ്ക്ക് പഠിക്കാനുള്ള ഒരു സ്മാരകമായിരിക്കും.

ഴശ്ശിരാജ'യിലെ ദൃശ്യങ്ങള്‍ ടി വി യില്‍ കണ്ട്  കുട്ടികള്‍ ഇപ്പോള്‍ ചോദിക്കാന്‍ തുടങ്ങിയിട്ടുണ്ട്.."ഈ രാജാവ് തിരുവിതാംകൂര്‍ ഭരിച്ചിരുന്ന ആളായിരുന്നോ?" എന്ന്.കേരളസിംഹം എന്നറിയപ്പെട്ടിരുന്ന നാട്ടു രാജാവ് ആരാണെന്ന് ഒരു പക്ഷേ അവരുടെ സാമൂഹ്യപാഠം പുസ്തകത്തില്‍ ഇല്ലായിരിക്കാം.നമ്മുടെ പുതിയ തലമുറയും, ഭാരതത്തിലും പുറത്തും ഉള്ളവവരും പഴശ്ശിരാജാവിനെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാനും അതുവഴി പഴശ്ശി പടനയിച്ച വഴികള്‍ തേടി വരാനും 'പഴശ്ശിരാജ'എന്ന ചിത്രം ഒരു നിമിത്തമാകുമെന്ന് കരുതാം. മനോഹരങ്ങളായ കാഴ്ചകളും ചരിത്രവും കൈ കോര്‍ക്കുന്ന പഴശ്ശിനാട്ടിലെ പ്രകൃതിയും ഒളി മങ്ങാതെ ഉണ്ടാകും എന്നും പ്രത്യാശിക്കാം.

അപ്ഡേറ്റ്:5.10.2009
യാദൃശ്ചികം എന്ന് തന്നെ പറയട്ടെ ഇന്നത്തെ മാതൃഭൂമി കണ്ണൂര്‍ എഡിഷനില്‍ സംരക്ഷിക്കപ്പെടാതെ നശിക്കുന്ന പഴശ്ശി സ്മാരകങ്ങളെക്കുറിച്ച് വിശദമായ ഒരു വാര്‍ത്ത വന്നിരിക്കുന്നു.വാര്‍ത്ത പ്രകാരമുള്ള കൂടുതല്‍ വിവരങ്ങള്‍ ഇപ്രകാരമാണ്:കണ്ണൂര്‍,വയനാട് ജില്ലകളിലായി മുഴക്കുന്ന്,പുരളിമല, കണ്ണവം,ആറളം,പേരിയ,തലപ്പുഴ,മാനന്തവാടി,പനമരം,പുല്‍പ്പള്ളി,താമരശ്ശേരി,
കമ്പളക്കാട്,തെണ്ടര്‍നാട്,കതിരൂര്‍ കുങ്കിച്ചിറ തുടങ്ങി അമ്പതിലധികം സ്ഥലങ്ങളില്‍ പഴശ്ശിയുദ്ധ സ്മാരകങ്ങള്‍ ഉണ്ട്.ഇതില്‍  മാനന്തവാടിയിലെ ശവകുടീരം ഒഴിച്ച് ബാക്കിയെല്ലാം നശിച്ചു കൊണ്ടിരിക്കുന്നു.പഴശ്ശിരാജാവിന്റെ  പഴശ്ശിയിലുള്ള ജന്മഗൃഹം ഇടിച്ചു നിരത്തിയാണ് ബ്രിട്ടീഷ്‌ പട്ടാളം തലശ്ശേരി-കുടക് പാത നിര്‍മ്മിച്ചത്.അവശേഷിച്ചത് കിണറും കുളവും മാത്രമായിരുന്നു.സ്മാരക സംരക്ഷ ണത്തിന്റെ പേരില്‍ കിണര്‍ മൂടി അധികൃതര്‍ ഗ്രൌണ്ട് നിര്‍മ്മിച്ചു.ശേഷിച്ച കുളത്തിനു മുകളില്‍ തൂണുകള്‍ നിര്‍മിച്ചതോടെ ( പോസ്റ്റിലെ ചിത്രത്തില്‍ കാണാം) അതും നശിച്ചു.മുഴക്കുന്നിലെ മൃദംഗശൈലേശ്വരി  ക്ഷേത്രത്തിനു സമീപത്തെ കോവിലകത്തിന്റെ അവശിഷ്ടങ്ങള്‍ പലരും കടത്തിക്കൊണ്ടു പോയി.കോട്ടയം രാജവംശത്തിന്റെ  പുരളിമലയിലെ കോട്ടയായിരുന്ന ഹരിശ്ചന്ദ്രക്കോട്ട പൂര്‍ണമായും നശിച്ചു കഴിഞ്ഞു.കോട്ടയുടെ ഭാഗമായുള്ള കല്ലുകള്‍ വ്യാജവാറ്റുകാര്‍ അടുപ്പ് നിര്‍മ്മിക്കാന്‍ കൊണ്ടുപോയി.കോട്ടയിലെ ശിവക്ഷേത്രത്തിലെ ശിവലിംഗം കഴിഞ്ഞയാഴ്ച സാമൂഹ്യവിരുദ്ധര്‍ പിഴുതെടുത്ത്‌ നശിപ്പിച്ചിരുന്നു.അനാഥ മായിക്കിടക്കുന്ന പുരാവസ്തുക്കളും മറ്റും ചരിത്രാന്വേഷികള്‍ ശേഖരിച്ചു സൂക്ഷിച്ചു വയ്ക്കുകയാണ് ഇപ്പോള്‍.
(പുരാവസ്തുക്കളും ഹരിശ്ചന്ദ്രക്കോട്ടയിലെ നാമാവശേഷമായിക്കൊണ്ടിരിക്കുന്ന കുളവുമാണ്  വാര്‍ത്തയുടെ ഭാഗമായുള്ള ചിത്രത്തില്‍..)


വിവരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും കടപ്പാട്:ഗൂഗിള്‍,ഫ്ലിക്കര്‍,വിക്കിപീഡിയ,മാതൃഭൂമി.  

Friday, September 18, 2009

ഇന്ന് നവരാത്രി ആരംഭം,ചില ഓര്‍മ്മകള്‍...

രസ്വതീ കടാക്ഷത്തിനായി കുരുന്നുകള്‍ ഇന്ന് മുതല്‍ പത്തു ദിവസം നവരാത്രി വ്രതത്തില്‍..
ക്ഷേത്രങ്ങളും കോവിലുകളും നവരാത്രി ആഘോഷങ്ങള്‍ക്കായി ഒരുങ്ങിക്കഴിഞ്ഞു.തെക്കന്‍ കേരളത്തില്‍ ബൊമ്മക്കൊലുവും മറ്റും ഒരുക്കി നവരാത്രിയെ വരവേല്‍ക്കുമ്പോള്‍ ഇങ്ങ് വടക്കന്‍ കേരളത്തില്‍ പ്രത്യേകിച്ച് കോലത്തുനാട്ടില്‍ 'രണ്ടാം ദസറ' എന്നറിയപ്പെടുന്ന പത്തുനാള്‍ നീണ്ടു നില്‍ക്കുന്ന ഗംഭീര ആഘോഷങ്ങളാണ്. ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകളും ,ദീപാലങ്കാരവും, സംഗീതാര്‍ച്ചനയും.. ഇനി ഒമ്പത് രാത്രികള്‍ ഉത്സവമയം. നഗരത്തില്‍ തിക്കും തിരക്കും...ഒപ്പം ചന്ദനത്തിരിയുടെ മണവും...


ല്ലാ ആഘോഷങ്ങളിലും എന്ന പോലെ നവരാത്രിയും കുട്ടികളുടെ ഉത്സവം തന്നെ..ഒരു പക്ഷേ ഓണത്തേക്കാളും ഏറെ ഇഷ്ടപ്പെട്ടിരുന്നത് നവരാത്രിയായിരുന്നു.ബാല്യത്തിലെ ആ നവരാത്രിയും,'രണ്ടാം ദസറ'ക്കാഴ്ച്ചകളും...ഇവിടെ..

ല്ലാവര്‍ക്കും നവരാത്രി ആശംസകള്‍..!

Sunday, September 13, 2009

"ഓര്‍മ്മകള്‍ മേയുന്ന ഇടങ്ങള്‍ "

ചേരന്റെ 'ഓട്ടോഗ്രാഫ്' കണ്ടതു മുതലുള്ള ഒരു ആഗ്രഹമായിരുന്നു,കുട്ടിക്കാലത്ത്‌ നടന്ന വഴികളിലൂടെ വീണ്ടും ഒന്ന് നടക്കുക,പഴയ സ്കൂളില്‍ ഒന്ന് പോയി വരിക,പഴയ കൂട്ടുകാരെ കാണുക,ആ വഴികളുടെ,കാഴ്ചകളുടെ ചിത്രങ്ങള്‍ എടുക്കുക എന്നൊക്കെ.അങ്ങനെയാണ് ഹരിശ്രീ എഴുതി ,സ്ലേറ്റും സ്ലേറ്റ് പെന്‍സിലുമായി ആദ്യം ഇരുന്ന ഒന്നാം ക്ലാസ്സ്‌ തേടി പോയത്‌.
ആ യാത്രയില്‍ കണ്ടത്‌ പല കാഴ്ചകളായിരുന്നു. പലതും തീരെ പ്രതീക്ഷിക്കാത്തത്.മനസ്സിലുള്ള ഓര്‍മ്മകളല്ലാതെ ഇനി പുതിയ ഒരു ചിത്രവും എടുക്കണ്ട എന്ന് അതോടെ തീരുമാനിച്ചു.

'എന്ത്കൊണ്ട്‌ ഇങ്ങനെ ?'എന്ന് ചിന്തിച്ചു വിഷമിച്ചു വീട്ടില്‍ എത്തിയപ്പോള്‍,സ്വീകരണ മുറിയില്‍ കുറച്ചു വിരുന്നുകാര്‍.അക്കൂട്ടത്തില്‍ എല്‍.കെ ജിയിലും,ഒന്നാം ക്ലാസ്സിലും പഠിക്കുന്ന രണ്ടു കൊച്ചു കുട്ടികളും.ചായയ്ക്കൊപ്പം ബിസ്കറ്റും, ചോക്ലറ്റും,പഴങ്ങളുമൊക്കെ മേശപ്പുറത്ത് വച്ചിട്ടുണ്ടെങ്കിലും,കുട്ടികള്‍ ഒന്നും എടുത്ത്‌ കഴിക്കാതെ പ്രാര്‍ത്ഥനയിലാണ്.എന്തൊക്കെയോ പിറു പിറുക്കുന്നു.ചൊല്ലുന്നു...!!!അവരുടെ അമ്മയോട് കാര്യം അന്വേഷിച്ചപ്പോഴാണ് അറിയുന്നത് ഭക്ഷണത്തിനു മുമ്പ്‌ ഇങ്ങനെ പ്രാര്‍ത്ഥിക്കണമെന്ന് അവരുടെ സ്കൂളില്‍ പഠിപ്പിക്കുന്നുണ്ടത്രേ..മാത്രമല്ല ആ സ്കൂളില്‍ ഒറ്റ മതക്കാര്‍ മാത്രമേ പഠിക്കുന്നുള്ളൂ പോലും ..


"ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റങ്ങള്‍" എന്ന പോസ്റ്റ്‌ അങ്ങനെയാണ് ഉണ്ടാവുന്നത്.. ഒരു നൊസ്ടാല്‍ജിയന്‍ പൈങ്കിളിക്കഥ...
പഴയ ഒന്നാം ക്ലാസ്സും തേടി ,ആ വഴികളിലൂടെ ഒന്ന് നടക്കാം...
ദാ ഇതുവഴി പോകാം..

Sunday, September 06, 2009

ഓണം കഴിഞ്ഞും പൂവിടുമോ?

കഴിഞ്ഞ ഓണത്തിനായിരുന്നു ,പിരിക്കുട്ടി എന്ന ബ്ലോഗ്ഗര്‍ അത്തം മുതല്‍ തിരുവോണം വരെ പത്തു ദിവസം ബ്ലോഗില്‍ പൂവിട്ടത്.തിരുവോണം കഴിഞ്ഞ് അവിടെയെത്തിയ ഞാന്‍, ഞങ്ങളുടെ നാട്ടിലൊക്കെ ഓണം കഴിഞ്ഞും പൂവിടും എന്ന് പറഞ്ഞപ്പോള്‍ ,പിരിക്കുട്ടി ചോദിച്ചു ,അതേതു നാടാ?( ഏത്‌ പട്ടിക്കാടാ എന്നാണ് ഉദ്ദേശിച്ചത് ..)അങ്ങനെ വെറുതെ വിട്ടാല്‍ പറ്റില്ലല്ലോ.. സ്വന്തം നാട്ടിലെ വിശേഷങ്ങള്‍ എഴുതാന്‍ ഒരു പുതിയ ബ്ലോഗു തന്നെ തുടങ്ങി.
'കോലത്തുനാട്, എന്ന ആ ബ്ലോഗിലെ ആദ്യ പോസ്റ്റ്‌ ഓണം കഴിഞ്ഞും മുറ്റത്ത്‌ പൂക്കളം തീര്‍ക്കുന്ന കോലത്തുനാട്ടുകാരെക്കുറിച്ചായിരുന്നു.
ആദ്യ പോസ്റ്റില്‍ കമന്റിടാനും പിരി തന്നെ ആദ്യം എത്തി.പിന്നീട് വന്ന ടിന്റു,സതീഷ്‌ ഹരിപ്പാട്,നിരക്ഷരന്‍,ഉപാസന ,സ്മിത ആദര്‍ശ്‌ എന്നിവര്‍ക്ക് അതൊരു പുതിയ സംഭവ മായിരുന്നു.പൊടിയാടിക്കാരന്‍ സെനു അച്ചായന് പക്ഷേ പൂക്കളം കണ്ടിട്ട് റീത്തായിട്ടാണ് തോന്നിയത് ..!
സംഭവം എന്തായാലും ,'കോലത്തുനാട്' ഇന്ന് 'വെള്ളരിക്കാപ്പട്ടണ'മായി മാറി.അല്ലറ ചില്ലറ പോസ്റ്റു കളുമായി തട്ടി മുട്ടി പോകുന്നു.ഓണം കഴിഞ്ഞും പൂവിടുന്ന ആ സംഭവം തന്നെ ആകട്ടെ ചായിപ്പിലെയും ആദ്യ പോസ്റ്റ്‌. ഇതാ കണ്ടോളൂ ....ഓണംകഴിഞ്ഞിട്ടും ഇട്ട പൂക്കളം ...