Wednesday, December 02, 2020

മലമുകളിലെ കട്ടൻ ചായയും അൽ ഐൻ കാട്ടിലെ ചീറ്റപ്പുലിയും !

 കോവിഡ് കാലത്തെ യാത്രകൾ പലപ്പോഴും മുഖത്ത് നിന്നും മാസ്ക് മാറ്റുമ്പോളുള്ള ആശ്വാസം പോലെയാണ് .ഇടയ്ക്ക് ഒന്ന് പുറത്തിറങ്ങി ശുദ്ധ  വായു ശ്വസിച്ചാൽ ഒരു ആശ്വാസം !നിയന്ത്രണങ്ങളിൽ നിന്നും കെട്ടു പാടുകളിൽ നിന്നും ഒരു മോചനം ! അബുദാബിയിൽ നിന്ന് മറ്റു എമിറേറ്റുകളിൽ പോയി വരാൻ നല്ല നിയന്ത്രണങ്ങൾ ഉണ്ട് .അങ്ങനെയാണ് അബുദാബിയ്ക്കുള്ളിൽ  തന്നെയുള്ള അൽ ഐനിൽ പോയാലോ എന്ന ചിന്ത വരുന്നത്.അതിലുപരി നല്ല തണുപ്പത്ത്  മലമുകളിൽ പോയി ഒരു കട്ടൻ ചായ കുടിക്കണം ,"അതിന്റെ ടേസ്റ്റ് ഒന്ന് വേറെ തന്നെയാണ് സാറേ !"എന്ന ജിതിന്റെ ആഗ്രഹം,അതാണ് ഈ യാത്രയുടെ പ്രചോദനം.അബുദാബിയിലെ വലിയ മല നിരയായ ജബൽ ഹഫീതിന്റെ മുകളിൽ പോയി തന്നെ കട്ടൻ ചായ കുടിക്കാൻ തീരുമാനിച്ചു.

ണ്ട് തെയ്യം കാണാൻ ഉറക്കമൊഴിയുന്നതു പോലെ വ്യഴാഴ്ച രാത്രി പന്ത്രണ്ടുമണിക്കു ചെറിയ മയക്കം മയങ്ങി പുലർച്ചെ രണ്ടുമണിക്ക് എഴുന്നേറ്റു കുളിച്ചു റെഡിയായി.പ്രധാനപരിപാടിയായ കട്ടൻ ചായ ഉണ്ടാക്കി,"ദിലീപി"ന്റെ ചൂട് കുറെ സമയം നിൽക്കുന്ന ഫ്ലാസ്കിൽ ഒഴിച്ചെടുത്തു ."കടി"യ്ക്ക് നല്ല ഉള്ളി പക്കാവട തലേന്ന് തന്നെ ഉണ്ടാക്കി പായ്ക്ക് ചെയ്തു വെച്ചിരുന്നു.അതും ഒന്ന് ചൂടാക്കി എടുത്തു.

മൂന്ന് മണിക്ക് മുമ്പേ തന്നെ ഇറങ്ങി.സാരഥി ജിതിൻ ,സംഗീത് പിന്നെ ഞാനും.അൽ  ബാഹിയ …ഷഹാമ…ബനിയാസ് …അൽ ഐൻ റോഡ് ..കാറ് അങ്ങനെ നീങ്ങി തുടങ്ങി .യു എ യിൽ വന്നിട്ട് ആദ്യമായാണ് ഇത്ര രാവിലെ ഒരു യാത്ര തുടങ്ങുന്നത് .റോഡിൽ ഒന്നും ആരുമില്ല .കാലിയായ റോഡിലൂടെ കാർ നേരെ മുന്നോട്ട് ..

ഇടയ്ക്കു ഇന്ധനം നിറക്കാൻ പമ്പിൽ കയറി.ശങ്ക തീർക്കാൻ ശുചി മുറി നോക്കിയപ്പോൾ "Under Maintenance " ബോർഡ് .കൊറോണ എഫ്ഫക്റ്റ് !തത്കാലം ശങ്കയെ മറന്നു.

"ബാല ഗോപാലനെ ...എണ്ണ തേപ്പിക്കുമ്പോൾ പാടെടീ..."ഉറക്കത്തിനോട് പോയി പണി നോക്കാൻ പറഞ്ഞിരിക്കുമ്പോഴാണ് ഹിറ്റ് എഫ് എം റേഡിയോയിൽ നിന്നും നല്ല താരാട്ടു പാടി കുളിപ്പിച്ചുറക്കാൻ നോക്കുന്നത്.സംഗീത് പുറകിൽ ഇരുന്നു കണ്ണടച്ചു എന്നുള്ളത് വേറൊരു സത്യം.ഇടയ്ക്കു വഴിയിൽ "വല്ല കഫ്ത്തീരിയയും തുറന്നിരുന്നെങ്കിൽ ഒരു  സാദാ ചായ കുടിക്കാമായിരുന്നു "എന്ന് ജിതിൻ ..

"അപ്പോൾ,ഫ്ലാസ്കിലെ കട്ടൻ ചായ കുടിച്ചൂടെ ?'

"അത് മല കയറിയിട്ട് കുടിക്കാനുള്ളതാണ് !"

"ഉത്തരവ് പോലെ ..."

വഴിയിൽ ഒന്നും ഒരു പട്ടിക്കുഞ്ഞും ഒരു കടയും തുറന്നിരുന്നില്ല . ഗൂഗിൾ അമ്മച്ചി പറയുന്നതും കേട്ട്  നമ്മൾ അങ്ങനെ അൽ ഐനിൽ എത്തി.പിന്നെ  ജബൽ ഹഫീത്തിലേക്കുള്ള വഴിയിലേക്ക് .ദൂരെ നിന്ന് ചുരത്തിലെ ലൈറ്റുകൾ കാണാം .ചുരം കയറുന്നതിനു മുമ്പ് ഒരു കഫേ കണ്ടു.

ആദ്യം അന്വേഷിച്ചത് ,വാഷ് റൂം ഉണ്ടോ എന്നാണ് ."ദാ രണ്ടു ബിൽഡിങ് അപ്പുറത്തു "എന്ന് ഹിന്ദിക്കാരൻ മുതലാളി.നേരെ വെച്ച് പിടിച്ചു .നല്ല അടിപൊളി പൊതു ശൗചാലയം,അൽ ഐൻ മുനിസിപ്പാലിറ്റിയുടെ കരവിരുത് കണ്ടു ശങ്ക തീർത്തു.തിരിച്ചിറങ്ങുമ്പോൾ കുറെ ബൈക്ക് റൈഡേഴ്‌സ് കഫെയുടെ മുന്നിൽ ഉണ്ട് .അവരും മല കയറാൻ  വന്നവരാണ് ."സാദാ ചായ "യും കേക്കും കഴിച്ചു (വിശന്നു വലഞ്ഞ സംഗീത് ചോദിച്ചു വാങ്ങിയത് )വീണ്ടും യാത്ര തുടർന്നു .

വ്ലോഗ് എടുക്കണം,ഷൂട്ട് ചെയ്യണം  എന്നൊക്കെ പറഞ്ഞു ജിതിൻ ഐഫോൺ എന്റെ കയ്യിൽ തന്നിരുന്നുക്യാമറ,"ടൈം ലാപ്‌സി"ൽ ഇട്ട്  അങ്ങനെ മല കയറാൻ തുടങ്ങി .സമയം അഞ്ചര കഴിഞ്ഞിരുന്നു .രാവിലെ തന്നെ ഒരു പണിയും ഇല്ലാതെ നടക്കാൻ ഇറങ്ങിയവരും , സൈക്കിളിൽ ജബൽ ഹഫീത് കയറുന്നവരും എല്ലാം റോഡിനു ഇരു വശവും ഉണ്ട് .മല വെട്ടി ഉണ്ടാക്കിയ റോഡ് ആയതിനാൽ ഓരോ നിലയിലും ഓരോ വ്യൂ പോയിന്റ് ഉണ്ട്.ഒരു വ്യൂ പോയിന്റിൽ ഞങ്ങൾ വണ്ടി നിർത്തി താഴെയുള്ള അൽ ഐൻ പട്ടണത്തിന്റെ കാഴ്ച ആസ്വദിച്ചു .നേരത്തെ കുടിച്ച "സാദാ ചായ "അപ്പോഴാണ് പണി തരുമോ എന്ന് "ആ ...ശങ്ക "തോന്നിയത് .കട്ടൻ ചായ കുടിച്ചാൽ ശരിയാകുമെന്ന് സംഗീത് ഉപദേശിച്ചെങ്കിലും ജിതിൻ സമ്മതിച്ചില്ല .

"കട്ടൻ ചായ മുകളിൽ കയറിയിട്ടാണ് കുടിക്കേണ്ടത് !"


വ്യൂ പോയിന്റിൽ നിന്നുള്ള കാഴ്ച 

കദേശം ആറു മണിക്ക് ജബൽ ഹഫീത് മല മുകളിൽ എത്തി.മലയാളികൾ അടക്കം കുറെ പേർ അപ്പോഴേക്കും മുകളിൽ എത്തിയിരുന്നു .കാർ പാർക്ക് ചെയ്തു പുറത്തിറങ്ങി .മുകളിൽ ഒരു റെസ്റ്റോറന്റ് ഉണ്ടെങ്കിലും അത് തുറന്നിട്ടില്ല ."ആ ..ശങ്ക"യുണ്ടോ എന്നൊരു ശങ്ക എന്നെ അലട്ടിക്കൊണ്ടിരുന്നു.അത്യാവശ്യം നല്ല തണുപ്പ് ഉണ്ട് .

സൂര്യൻ ഉദിച്ചു തുടങ്ങിയിട്ടുണ്ട് .മുകളിലേക്കുള്ള ഒറ്റവരി  ട്രക്കിങ് വഴി അടച്ചിട്ടാണ് ഉള്ളത് .വീണ്ടും കൊറോണ എഫ്ഫക്റ്റ് ! തൊട്ടടുത്തുള്ള കുന്നു മറങ്ങിയത് കാരണം ഉദയസൂര്യനെ നല്ല പോലെ കാണാൻ പറ്റിയില്ല.മേഘാവൃതമായ ആകാശത്തു ചുവപ്പു പരന്നു വരുന്നത് കാണാം.ഒരു വശത്തു ഒമാനും ഒരു വശത്തു യു .എ യിയും ..കുഞ്ഞു കുഞ്ഞു കെട്ടിടങ്ങൾ ...പരന്ന മരുഭൂമികൾ ..1249 മീറ്റർ ഉയരമുള്ള ഈ മല നിര അബുദാബിയിലെ ഏറ്റവും ഉയരം ഉള്ളതും യു എ യിലെ രണ്ടാമത്തേതും ആണ് .11.7 km  നീളമുള്ളതും 21 വളവുകൾ ഉള്ളതുമായ റോഡ് ലോകത്തിലെ മികച്ച ഡ്രൈവിംഗ് റോഡുകളിൽ ഇടം നേടിയ ഒന്നാണ് .അങ്ങോട്ടുള്ള റോഡ് രണ്ടുവരിയും തിരിച്ചുള്ള റോഡ് ഒറ്റവരിയും ആണ് .ജബൽ ഹഫീത് പരിസരത്തു ധാരാളം ടൂറിസ്റ്റ് സ്പോട്ടുകൾ ഉണ്ട്.ജബൽ ഹഫീത് ഡെസ്സേർട്ട് പാർക്ക് ഈയിടെ വീണ്ടും തുറന്നിരുന്നു .പുരാതന കാലത്തെ ശവകുടീരങ്ങളും ഫോസ്സിലുകളും എല്ലാം അവിടെ കാണം .പലതും 5000 വർഷങ്ങൾ പഴയതാണ് എന്നാണ് പറയുന്നത്.ഗ്രീൻ മുബസ്സാറാഹ് എന്ന് വിളിക്കുന്ന ഒരു ചൂട് ജല അരുവിയും ജബൽ ഹഫീത് താഴ്‌വരയിൽ ഉണ്ട്.

ഉദയാകാശം 

    
"ജെബേൽ ഹഫീത് ടോപ് "

                                 
ജിതിനും സംഗീതും  
മെല്ലെ വെളിച്ചം വന്നു തുടങ്ങി.കാത്തിരുന്ന പരിപാടി "കട്ടൻ ചായ "കുടിക്കൽ നമ്മൾ തുടങ്ങി .ഫ്ലാസ്‌കും ഉള്ളിവടയും കാറിന്റെ ബോണറ്റിൽ എടുത്തുവെച്ചു .ഗ്ലാസ്സുകളിൽ ചൂട് ചായ ഒഴിച്ച് ചിയേർസ് പറഞ്ഞു !.അവിടുത്തെ തണുപ്പിൽ നിമിഷ നേരം കൊണ്ട് ചായ തണുത്തു .ജിതിൻ പറഞ്ഞതിലും കാര്യമുണ്ട് .പണ്ട് മോഹൻ ലാൽ പറഞ്ഞ പോലെ ഉയരം കൂടും തോറും ചായയുടെ രുചി കൂടും ..ചുറ്റും തണുപ്പ് ഉണ്ടെങ്കിൽ വബഹുകേമം !

മലമുകളിലെ കട്ടൻ ചായയും ഉള്ളി പക്കാവടയും !


ഉള്ളി വട കഴിക്കുന്നതിനിടയിൽ ഒരു കണ്ടൻ  പൂച്ച അതുവഴി വന്നു .സംഗീത് ഒരു കഷണം കൊടുത്തെങ്കിലും അവൻ കഴിച്ചില്ല.പിന്നെ അതിനെ ഇണയ്ക്കാനായി അവന്റെ ശ്രമം."ഹായ് ..അർജുൻ !...ഇവിടെ വരൂ.."സംഗീത് അതിന്റെ  പുറകെ പോയി .പൂച്ചയ്ക്ക് ആരെങ്കിലും അർജുൻ എന്ന് പേരിടുമോ? ആവൊ ?

"ഹായ് അർജുൻ ! "...കണ്ടൻ പൂച്ചയും സംഗീതും 

എന്തായാലും കട്ടൻ ചായ ഉള്ളിൽ ചെന്നപ്പോൾ "ആ ...ശങ്ക "അകന്നു പോയി.കുറച്ചു സമയം കൂടി ജിതിൻ വ്ലോഗിനുള്ള ദൃശ്യങ്ങൾ പകർത്തി .അപ്പോഴേക്കും പാട്ടും ബഹളവുമൊക്കെയായി നേരത്തെ കണ്ട ബൈക്ക് റൈഡേഴ്‌സ് എത്തി.

മയം എട്ടു മണി ആകാറായി .എവിടുന്നെങ്കിലും പ്രഭാത കൃത്യങ്ങൾ കഴിച്ചു,പ്രഭാത ഭക്ഷണവും കഴിച്ചു അടുത്ത ലക്ഷ്യമായ "അൽ ഐൻ മൃഗ ശാല "യിലേക്ക് പോകണം .നമ്മുടെ കണ്ടൻ പൂച്ച കാറിന്റെ അടിയിൽ ചൂട് കൊള്ളൂന്നുണ്ടായിരുന്നു .അവനെ ഓടിച്ചു വണ്ടി മുന്നോട്ടു എടുത്തു .

"ഫ്രണ്ട്‌സ് "

ങ്ങനെ ഞങ്ങൾ മല ഇറങ്ങി.പിറകെ ബൈക്ക് റൈഡേഴ്സും ഉണ്ടായിരുന്നു.ചുരം ഇറങ്ങുന്ന വഴിയിൽ ഹോട്ടൽ കാണാം.മറ്റൊരു ഭാഗത്തു റഡാർ സ്റ്റേഷനും റെസ്റ്റോറന്റും ഉണ്ട്."റേസ് "എന്ന ബോളിവുഡ് സിനിമയുടെ ക്ലൈമാക്സിലെ ചില ചേസിംഗ് രംഗങ്ങൾ ഈ റോഡിലാണ് ചിത്രീകരിച്ചത്.

  

ഹോട്ടൽ

താഴെ നേരത്തെ പോയ 'അടിപൊളി ശൗചാലയ"ത്തിൽ നിന്ന് കാര്യങ്ങൾ സാധിച്ചു.നല്ല മലയാളി പ്രാതൽ കിട്ടുന്ന റെസ്റ്റോറന്റുകൾ ഉണ്ടോ എന്ന് ജിതിൻ "ഡിറ്റോ ബ്രോ"യെ വിളിച്ചു ചോദിച്ചു .മഖാം ഏരിയയിൽ കുറച്ചു നല്ല ഷോപ്പുകൾ ഉണ്ടെന്നുള്ള വിവരം കിട്ടി.

"ബീഫും പൊറോട്ടയും "കിട്ടില്ലേ എന്ന് സംഗീത് ..

"രാവിലെ തന്നെ നല്ല പുട്ടോ അപ്പമോ മറ്റോ കഴിക്കാൻ കിട്ടണേ.."എന്ന് ജിതിൻ പ്രാർത്ഥിച്ചു .


                                  



ല്പസമയത്തിനു ശേഷം 'ഡിറ്റോ ബ്രോ' താമസിക്കുന്ന മഖാം ഏരിയയിൽ ഞങ്ങളെത്തി.അൽ ഐനിലെ ചെറിയ ഒരു ടൌൺ ഏരിയ.ധാരാളം ബഖാലകളും മറ്റു കടകളും ഉണ്ട്.അടുത്തു ഒരു ഹെൽത്ത് സെന്ററും.അവസാനം ഒരു മലയാളി ഷോപ്പിൽ കയറി .സംഗീതിനു ബീഫും കിട്ടി,ജിതിനും എനിക്കും പുട്ടും കടലയും.വയറു നിറയെ തന്നെ കഴിച്ചു.അബുദാബിയിലെ പോലെ വലിയ വിലയും ഇല്ല . എന്തായാലും അൽ ഐനിലെ കാട് മുഴുവൻ അരിച്ചു പെറുക്കേണ്ടതല്ലേ..!ഗൂഗിൾ അമ്മച്ചിയോട് വീണ്ടും ചോദിച്ചു "അൽ ഐൻ സൂ ..ചീറ്റ പുലിയെ കാണാൻ നേരെ മൃഗ ശാലയിലേക്ക് ..


(തുടരും )ചീറ്റപ്പുലിയുടെ കഥ അടുത്ത ഭാഗത്തിൽ ....! 

ജിതിൻ തയ്യാറാക്കിയ വ്ലോഗ് കാണാൻ ,ദാ ..ഇതുവഴി പോകാം ..







4 comments:

j!Ks said...


തികച്ചും റിയലിസ്റ്റിക്കായ എഴുത്തു. ഒരുപാട് ഇഷ്ടമായി... ഇനി എന്നാണ് നമ്മൾ ഒരുമിച്ചു ഒരു യാത്ര പോകുന്നത്? :-) ഇനി അടുത്ത ചീറ്റപ്പുലി വാർത്തകൾ കാണാനായി കാത്തിരിക്കുന്നു...

© Mubi said...

" കോവിഡ് കാലത്തെ യാത്രകൾ പലപ്പോഴും മുഖത്ത് നിന്നും മാസ്ക് മാറ്റുമ്പോളുള്ള ആശ്വാസം പോലെയാണ്" ഇതേ അനുഭവമാണ് വായനയും സമ്മാനിച്ചത്. സ്നേഹം... :)

ആദര്‍ശ് | Adarsh said...

@ Jiks,
ജിക്കൂ ,സന്ദർശനത്തിന് നന്ദി ! ഈ കോവിഡ് കാലം കഴിഞ്ഞാൽ തീർച്ചയായും യാത്ര പോകണം .

@Mubi

മുബി ചേച്ചി , ചായിപ്പിൽ വീണ്ടും വന്നതിൽ സന്തോഷം ! അഭിപ്രായം പങ്കുവെച്ചതിനു നന്ദി !

isr said...

നല്ല ഭാഷാശുദ്ധി ഇനിയും എഴുതുക.