Saturday, April 30, 2016

അകലങ്ങളിലെ ഇന്ത്യ ..!!!


രോ അവധിക്കാലത്തിനു മുമ്പും ഒരു സാധാരണ പ്രവാസിയെ പോലെ പലയാത്രകളും "പ്ലാൻ"ചെയ്യാറുണ്ടെങ്കിലും ഒന്നും നടക്കാറില്ലായിരുന്നു.പതിവുപോലെ ഇത്തവണയും പ്ലാനിംഗ് തകൃതിയായ്നടന്നു .ഞാനും നിഖിലും അക്നിമും അടക്കം പ്രവാസികൾ മൂന്ന് ,പിന്നെ നാട്ടുവാസികൾ ശ്രീജിത്തും അനൂപും.എല്ലാവരെയും ഒരുമിച്ചു ഇനി കിട്ടാൻ സാധ്യത ഇല്ലാത്തതിനാൽ ഇപ്രാവശ്യം എന്തായാലും "ടൂർ "പോകണം എന്നു തന്നെ ടെലിമെട്രി ,വാട്സാപ് മെട്രി  തുടങ്ങിയവ നടത്തി തീരുമാനിച്ചു .
"പോകുന്നെങ്കിൽ കേരളത്തിനു പൊറത്ത് പൊണം " 
ആവശ്യം ഒറ്റക്കെട്ടായിരുന്നു. കേരളത്തിലെ നാലു ചെറുപ്പക്കാർ ഒത്തുകൂടി ടൂർ  ആലോചിച്ചാൽ ആദ്യം മനസ്സിൽ വരുന്ന സ്ഥലം .."ഗോവ !!!"
"അത് തന്നെ ഫിക്സ് ചെയ്തു കളയാം "
കണ്ണൂരിൽ നിന്ന് കാറിൽ പോവുകയാണെങ്കിൽ ,കിലോമീറ്ററുകൾ കുറേ  ഉണ്ട്..എങ്കിലും പോകാം.

ങ്ങനെ ഗോവൻ സ്വപ്നങ്ങളുമായ് നാട്ടിൽ വിമാനമിറങ്ങി.രണ്ടു ദിവസത്തിനുള്ളിൽ ഗോവൻ ടൂർ!!വീട്ടുകാരും നാട്ടുകാരും എന്ത് വിചാരിച്ചാലും പോയേ പറ്റൂ.പക്ഷേ കൂട്ടത്തിൽ പെണ്ണ് കെട്ടി പെട്ടു പോയ അക്നിമിന് മധുവിധു ദിനങ്ങൾ കുറഞ്ഞു പോകുമോ എന്നൊരു ചിന്ത.അതോ ഇനി പെണ്ണുമ്പിള്ള "ഞാനില്ലാതെ നിങ്ങൾ പോണ്ട "എന്ന് പറഞ്ഞോ എന്തോ ?
"എടാ സൌദിയിലേക്ക് തിരിച്ചുപോകാൻ ഒരാഴ്ച പോലും ഇല്ല.ഞാൻ വരണോ ?"
ഗോവൻ ടൂറിനായ് (അതോ മധു വിധുവിനോ ?)അവധി നീട്ടിയതാണ് .അങ്ങനെ യാത്രയിലെ ഒരംഗം കുറഞ്ഞു .ഒരു നല്ല ഡ്രൈവറും പോയി.

 പ്ലാൻ ചെയ്ത  യാത്രാരംഭ ദിവസം അങ്ങനെ തെറ്റി.വേറൊരു ദിവസത്തിനായി  പിന്നെ തിരക്കിട്ട ചർച്ചകൾ ..ഇതിനിടയിൽ നാട്ടുവാസികൾക്ക് ജോലി തിരക്കും കൂടി.അങ്ങനെ യാത്ര ഏതെങ്കിലും ശനി ,ഞായർ ദിവസം ആക്കാൻ തത്വത്തിൽ തീരുമാനം ആയി.
ഒടുവിൽ കാത്തിരുന്ന ദിവസം എത്തി.പക്ഷേ കഥയിൽ വീണ്ടും ട്വിസ്റ്റ്‌ !നിയുക്ത സാരഥി ശ്രീജിത്തിന് ഒരു വൈക്ല്യഭ്യം.
".കാറുമെടുത്ത് ഗോവയിൽ പോകുവാ എന്ന് എങ്ങനെ വീട്ടിൽ  പറയും?പ്രശ്നമാ ..അതുകൊണ്ട് മൂകാംബികയിൽ  പോകുന്നേ എന്നെ പറയാവൂ !"
"അങ്ങനെ മൂകാംബികയിൽ പോകുന്നു എന്ന്  കള്ളത്രം പറയണ്ട ,മൂകാംബികയിൽ പോയി,അതുവഴി ഗോവയിൽ പോകാം .."

ങ്ങനെ മൂകാംബിക ദേവിയെ മനസ്സിൽ വിചാരിച്ച്  യാത്ര ആരംഭിച്ചു .വെള്ളിയാഴ്ച രാത്രിയിൽ ആരംഭം.അർദ്ധരാത്രിക്കും പുലർച്ചയ്ക്കും ഇടയിലുള്ള ശുഭ മുഹൂർത്തത്തിൽ മൂകാംബികയിൽ എത്തി .എപ്പോഴും  താമസിക്കാറുള്ള അമ്മ ലോഡ്ജിൽ ഒരല്പം വിശ്രമം ,കുളികഴിഞ്ഞു അമ്പലത്തിൽ പ്രാർത്ഥിച്ചു ,പിന്നെ ടൂറുകളുടെ അത്യാവശ്യ  ഘടകം "ഫോട്ടോഗ്രാഫി ..".
വീട്ടുകാർ പറഞ്ഞു ഏല്പിച്ച വഴിപാടുകൾ കഴിച്ചു ,പഞ്ചാമൃതവും ലഡ്ഡുവും വാങ്ങി തിരികെ ലോഡ്ജിലേക്ക് .എപ്പോഴും സംഭവിക്കുന്നതാണ് ,മൂകാംബിക ദർശനം കഴിഞ്ഞാൽ എന്തെങ്കിലും വെളിപാട് ഉണ്ടാകും ,കലാകാരന്മാർ വീണ്ടും വീണ്ടും അവിടെ പോകുന്നത് അതുകൊണ്ട് തന്നെയാണ് .ഇപ്രാവശ്യം നമ്മൾ നാലുപേർക്കും ഒരുമിച്ചാണ് വെളിപാട് ഉണ്ടായത്.

"എടാ ഗോവയിൽ പോണോ ?എന്തിനാടാ ഈ ചൂടത്ത് ?അല്ലേലും ആടെ എന്ത് ന്നാ ഉള്ളേ ?"
"നമ്മക്ക് വേറെ എങ്ങോട്ടെങ്കിലും പോയാലോ ?"
"വേറെ അടുത്തു ഏതാ സ്ഥലം?"
"ഹംപിക്ക് വിട്ടാലോ ? എനിക്ക് പണ്ട് പോയിട്ട് കണ്ടു മതിയായില്ല "ശ്രീജിത്ത്‌ മുമ്പ് പോയിട്ടുള്ള സ്ഥലമാണ് .

കിലോമീറ്ററുകൾ ,വഴികൾ ,ഉടൻ തന്നെ ഗൂഗിൾ ചെയ്തു ..ദൂരം കുറച്ചുണ്ട് ..എന്നാലും ..പോയേക്കാം ..പിന്നെ എല്ലാം പെട്ടന്നായിരുന്നു .ജി പി എസ്സിൽ ട്രിപ്പ്‌ സെറ്റ് ചെയ്തു .കൊല്ലൂർ -ഷിമോഗ റോഡ്‌ വഴി ,ഹരിഹർ,  ഹോസ്പെട്ട് ...പിന്നെ ഹംപി !

കൊല്ലൂർ കഴിഞ്ഞു ചുരം കയറി കാനന ഭംഗിയിലൂടെ മനോഹര യാത്ര അങ്ങനെ ആരംഭിച്ചു.കുടജാദ്രിയിലേക്ക് പോകുന്ന കാനന പാതകളിലൂടെ  കാർ കുതിച്ചു പാഞ്ഞു .താഴെ നീണ്ട കൊക്കകൾ ,വലിയ വലിയ മരങ്ങൾ.കൊല്ലൂരിന്റെ അതിർത്തിയും വനാന്തരങ്ങളും കഴിഞ്ഞ് കർണാടകയിലെ ഉൾനാടൻ ഗ്രാമങ്ങളിലൂടെ ആയി യാത്ര.മൊബൈലിലെ  ഓഫ്‌ ലൈൻ ജി പി എസ് അപ്ലിക്കേഷൻ ആണ് വഴികാട്ടി.വിശാലമമായ സംസ്ഥാന ഹൈവേയുടെ ഇരുവശവും കണ്ടാൽ പ്രിയദർശൻ സിനിമയിലെ ഗ്രാമങ്ങൾ പോലെയുണ്ട് .ഉഴുതു മറിച്ചിട്ട വയലുകളിൽ പണ്ട് സാമൂഹ്യ പാഠത്തിൽ പഠിച്ച എക്കൽ മണ്ണോ പശിമരാശി മണ്ണോ ആണ് .ഉണങ്ങിയ ചോളപ്പാടങ്ങൾ ആണ് എങ്ങും .വിളവെടുപ്പ് കഴിഞ്ഞു എന്ന് തോന്നുന്നു .ഉണങ്ങിയ ചോള ച്ചെടികൾ കൂനയായി കൂടിയിരിക്കുന്നു .കുറേ പോയപ്പോൾ തുറസ്സായ ഒരു റോഡ്‌ എത്തി .ഇരുവശത്തുനിന്നും ആൽമരങ്ങൾ റോഡിലേക്ക് ഇടയ്ക്കിടെ എത്തി നോക്കുന്നു.പാശ്ചാത്തലത്തിൽ ഇല കൊഴിക്കാൻ പോകുന്ന മരങ്ങൾ !ഫോട്ടോ എടുക്കാൻ പറ്റിയ സ്ഥലം ! അങ്ങനെ അവിടെ ഇറങ്ങി ...വിവിധ ആംഗിളുകളിൽ ഫോട്ടോകൾ  ചറ.. പറാ ക്ലിക്കി.

ഗ്രാമങ്ങൾക്ക് നടുവിലൂടെ ......

യാത്ര വീണ്ടും തുടർന്നു .ഇഷ്ടിക ചൂളകളായിരുന്നു അടുത്ത കാഴ്ച ,ഉയരത്തിൽ കെട്ടിപ്പൊക്കിയ ചൂളകൾ .റോഡിനു ഇരുവശവും ചെറിയ ചെറിയ അരുവികളും ജലാശയങ്ങളും കാണാമായിരുന്നു. 
ഇഷ്ടിക ചൂളകൾ ....

കാർ ഷിമോഗ ജില്ലയിലെത്തി.പെട്ടന്ന് വലതു വശത്ത്  ഒരു പഴയ കോട്ട കണ്ണിൽ പെട്ടു ,വണ്ടി റിവേഴ്സ് എടുത്തു കോട്ടയിൽ കയറി .കണ്ടാൽ നമ്മുടെ ബേക്കൽ കോട്ടയുടെ അതേ ഛായ.പക്ഷേ പുനരുദ്ധാരണം നടന്നു കൊണ്ടിരിക്കുന്നു.നമ്മൾ സാഗർ -ഹോസ് നഗർ റോഡിൽ നാഗര എന്ന സ്ഥലത്തെ ബിടാന്നുർ കോട്ടയിലാണ് .നൂറ്റാണ്ടുകൾക്കു മുമ്പ് കേലടി രാജാക്കന്മാർ പണിതു ശിവപ്പ നായക് പുതുക്കിപ്പണിത കോട്ട .വൈകുന്നേരത്തിനു മുമ്പ് ലക്ഷ്യ സ്ഥാനത്ത് എത്തേണ്ടത് കൊണ്ട് വിശാലമായ കോട്ടയിൽ അധിക സമയം ചിലവഴിച്ചില്ല .അല്പം ഫോട്ടോകൾ അവിടുന്നും ക്ലിക്കി .
ബിടാന്നൂർ കോട്ടയുടെ ഒരു വശം....

യാത്ര വീണ്ടും ഗ്രാമാന്തരങ്ങളിലൂടെ തുടർന്നു .റോഡിലും വയലുകളിലും പറമ്പുകളിലും എല്ലാം പശുക്കളാണ്.ചെറിയ മോട്ടോർ സൈക്കിളിലും കാളവണ്ടികളിലും ആണ് ആൾക്കാരുടെ സഞ്ചാരം.സമയം ഉച്ചയേ ആയിട്ടുള്ളൂ എങ്കിലും സ്കൂൾ കഴിഞ്ഞു രണ്ടു കുട്ടികൾ കാളവണ്ടിയിൽ മടങ്ങി പോകുന്നു .അച്ഛനായിരിക്കാം കൂടെ .ഫോട്ടോ എടുക്കാൻ നോക്കിയപ്പോൾ രണ്ടുപേരും മുഖം കുനിച്ചു .
"ഫോട്ടോ എടുക്കരുത് ചേട്ടാ ...."
റെയിൽവേ ഗേറ്റുകളും ലെവൽ ക്രോസ്സുകളും ഇടയ്ക്കിടെ ഉണ്ട്.ചെറിയ പാലങ്ങളും ,കുഞ്ഞു നദികളും മനോഹര കാഴ്ചകൾ ആയിരുന്നു.പെട്ടന്ന് റോഡ്‌ ബ്ലോക്കായി .നാഷണൽ പെർമിറ്റ്‌ ലോറികളും ,ആൾക്കാരെ കുത്തി നിറച്ച വലിയ ഓട്ടോറിക്ഷകളും എല്ലാം നിര നിരയായി നിരന്നു .പിന്നെ അല്ലേ കാര്യം പിടികിട്ടിയത് ,നൂറുകണക്കിന് ആടുകളുമായി ആട്ടിടയന്മാർ .ഇടുങ്ങിയ പാലത്തിലൂടെ കടന്നു വരികയാണ് .അതൊരു ഒന്നൊന്നര കാഴ്ചതന്നെ ആയിരുന്നു .നിറയെ പൊടി പാറ്റി ആട്ടിൻ പറ്റങ്ങൾ ..മെല്ലെ മെല്ലെ കാർ പിന്നെയും നീങ്ങി .

ആട്ടിന്‍പറ്റം....

സാരഥി ശ്രീജിത്ത്‌ 'ഫുൾ ഫോമിൽ 'ആണ് .ജി പി എസിൽ ചേച്ചി 'ലെഫ്റ്റ്.... റൈറ്റ് 'എന്ന് പറയുന്നതും മാത്രമല്ല ഇടയ്ക്ക് പെട്ടന്നു റൂട്ട് മാറ്റി നമ്മളെ പറ്റിക്കുകയും ചെയ്യുന്നുണ്ട്. ഒരു  വളവു കഴിഞ്ഞപ്പോൾ ഒരു വലിയ ക്ഷേത്ര ഗോപുരമായിരുന്നു അടുത്ത കാഴ്ച.ഒരു സിദ്ധിവിനായക ക്ഷേത്രം,നിറയെ നിറങ്ങൾ പൂശിയ ശില്പങ്ങളാൽ നിറഞ്ഞ ഗോപുരം.
ആട്ടിടയനും ചങ്ങാതിമാരും ....
രു കുന്നിറങ്ങിയതും അത്ഭുത കാഴ്ചയാണ് കണ്മുമ്പിൽ ! ടി വി യിലും സിനിമയിലും മാത്രം കണ്ടിട്ടുള്ള സൂര്യകാന്തിപ്പാടം ഒരാൾ പൊക്കത്തിൽ ,നല്ല ഭാരമുള്ള സൂര്യകാന്തി അങ്ങനെ വിരിഞ്ഞു നില്ക്കുകയാണ് .കണ്ണെത്താത്ത ദൂരം വരെ സൂര്യകാന്തികൾ .ദൂരെ മലയിൽ കാറ്റാടികൾ കറങ്ങിക്കൊണ്ടിരിക്കുന്നു.പൊരി വെയിലാ ണെങ്കിലും ഫോട്ടോ എടുക്കാതിരിക്കുന്നത്‌ എങ്ങനെ ?
സൂര്യകാന്തിയിൽ വന്നിരുന്ന തേനീച്ചയെ പോലും വെറുതെ വിട്ടില്ല .എടുത്തു ഫോട്ടോകൾ ധാരാളം .

കണ്ണെത്താദൂരം സൂര്യകാന്തികള്‍ ....

കാഴ്ചകൾ കണ്ടു കണ്ടു ഉച്ച ഭക്ഷണത്തിന്റെ കാര്യം പോലും മറന്നു പോയി."ഡാ ബത്തക്ക!" (തണ്ണി മത്തൻ )എന്ന് നിഖിൽ പറഞ്ഞപ്പോൾ ബത്തക്ക വിൽക്കാൻ വച്ചിട്ടുണ്ട് എന്നാണ് കരുതിയത്‌ ,പക്ഷെ കണ്ടത് പരന്നു കിടക്കുന്ന ബത്തക്ക പാടമാണ് .നാവിലെ കൊതി തീരും മുമ്പ് ഒരു പഴക്കട റോഡ്‌ സൈഡിൽ വന്നെത്തി .നിറയെ ബത്തക്കയും കൈതച്ചക്കയും  കപ്പക്ക( പപ്പായ)യും കൂട്ടിയിരിക്കുന്നു .പത്തു രൂപയ്ക്ക് ഒരു ചെറിയ പ്ലേറ്റിൽ ,വാഴയിലയിൽ ബത്തക്കയുടെ ചെറിയ കഷണങ്ങള്‍ ഉപ്പും മുളകും വിതറിയത് വാങ്ങി .പിന്നെ കൈതച്ചക്ക ,കപ്പക്ക എല്ലാം രുചിച്ചു ,വയറും നിറഞ്ഞു.ദൂരെ ഒരു ഗ്രാമത്തില്‍ നിന്നും ഈ പഴങ്ങള്‍ വില്‍ക്കാനായി ഹൈവേയില്‍ തമ്പടിച്ചിരിക്കുകയാണ് പഴക്കട ഉടമസ്ഥന്‍ .രാത്രിയും പകലും ഈ താല്‍കാലിക പന്തലില്‍ തന്നെ താമസം .
വെയില്‍ മെല്ലെ താണുകൊണ്ടിരുന്നു.തികച്ചും പാവങ്ങളായ കര്‍ഷകരുടെ ഇടയിലൂടെയാണ് നമ്മുടെ കാർ  പോയിക്കൊണ്ടിരിക്കുന്നത്.നമ്മൾ ബെല്ലാരി ജില്ലയിൽ പ്രവേശിച്ചിരുന്നു. ചെറിയ ചെറിയ വീടുകളാണ് റോഡിനു ഇരു വശവും.നാലഞ്ച് വീടുകള്‍ക്ക് ഇടയില്‍ കുത്തനെയുള്ള സിലിണ്ടര്‍ കുടിവെള്ള സംഭരണികള്‍ ഉണ്ട്.വീടുകള്‍ക്കും വീട്ടുമുറ്റങ്ങള്‍ക്കും എല്ലാം വരണ്ട മണ്ണിന്റെ നിറവും മണവുമാണ്.പക്ഷേ വയലുകളില്‍ നിറയെ പച്ചപ്പും.ചില വരണ്ട വയലുകളിലാവട്ടെ ,സ്ത്രീകള്‍ കൂടിയിരുന്നു ഉണക്ക മുളകുകള്‍ കൂട്ടിയിട്ടു ഉണക്കുന്നുണ്ട്.മറ്റുചില വയലുകളില്‍ പച്ചമുളകും ,തക്കാളിയും.വരണ്ട മലനിരകള്‍ ഒമാനിലെ മലനിരകളെ ഓര്‍മിപ്പിച്ചു .ഈ മലകളും ഒരു കാലത്ത് കടലിനു അടിയില്‍ ആയിരുന്നിരിക്കാം.ഇടയ്ക്കിടെ കാണുന്ന ജലാശയങ്ങളിൽ പോത്തും കുട്ടികളും മുതിർന്നവരും ഒരുമിച്ചു കുളിക്കുന്നു ,തുണി അലക്കുന്നു,കളിക്കുന്നു.
ജലാശയങ്ങൾ ......
ഗ്രാമങ്ങള്‍ കഴിഞ്ഞാല്‍ ഇടയ്ക്കിടെ ചെറിയ ചെറിയ പട്ടണങ്ങള്‍ കാണാം.അവിടേക്കുള്ള റോഡില്‍ അറ്റകുറ്റപണികള്‍ നടക്കുകയാണ് .ഹൈവേയുടെ ഭാഗമായുള്ള റോഡില്‍ കോണ്ക്രീറ്റ് സ്ലാബുകള്‍ നിരത്തുകയാണ് .ആ ജോലിക്കും സദ്ദേശ വാസികള്‍ തന്നെയാണ് .വാര്‍ത്തുവെച്ച സ്ലാബുകളില്‍ വെള്ളം നനയ്ക്കാനായി ഉണങ്ങിയ അടയ്ക്കയുടെയും തേങ്ങയുടെയും തൊണ്ട് ചാക്കില്‍ കൊണ്ടുവന്നു വിരിക്കുകയാണ് .റോഡില്‍ പത്തിനടുത്ത് ആളുകള്‍ കയറുന്ന ഓട്ടോറിക്ഷയാണ് താരം.നമ്മുടെ നാട്ടില്‍ ചന്തയില്‍ പോലും ഇപ്പോള്‍ കാണാതായ കാളവണ്ടികള്‍ തട്ടിയിട്ട് നടക്കാന്‍ പറ്റാത്ത അവസ്ഥയാണ് ഇവിടെ .കാളകള്‍ നമ്മുടെ നാട്ടിലെ പോലെ ചാവാലികള്‍ അല്ല്ല ,നല്ല ഉശിരന്‍ കാളക്കൂറ്റന്മാര്‍ ..

ദ്യമായിട്ട് കേരളത്തിന്‌ പുറത്തു ഇതുപോലുള്ള ഗ്രാമങ്ങളിലൂടെ ,അഥവാ ചെറു പട്ടണങ്ങളിലൂടെ പോയതുകൊണ്ടാവാം ,വളരെ നല്ല ഒരു അനുഭവമായിരുന്നു.നമ്മള്‍ കേരളീയര്‍ എത്ര ഭാഗ്യവാന്മാരാണ് എന്ന് തോന്നിപ്പിച്ചു ചില കാഴ്ചകള്‍ .വിലപേശി വാങ്ങുന്ന പച്ചക്കറികളും പഴങ്ങളും എങ്ങനെയാണ് നമ്മുടെ പീടികകള്‍ വരെ എത്തുന്നത്‌ എന്ന് കണ്ടു .അതിനു പിന്നിലുള്ള അദ്ധ്വാനവും,കഷ്ടപ്പാടും.ടെക്നോളജികള്‍ എത്തിയിട്ടുണ്ടെങ്കിലും ഇപ്പോഴും പച്ചമനുഷ്യരായി തന്നെ ജീവിക്കുന്നവര്‍.

വൈകുന്നേരത്തോടെ ലക്ഷ്യസ്ഥാനമായ ഹോസപെട്ടില്‍ എത്തി.ഇന്ന് അവിടെ മുറിയെടുത്തു താമസിക്കണം .ഹംപിയില്‍ നല്ല താമസ സ്ഥലങ്ങള്‍ ഇല്ല .രാത്രിക്ക് മുന്‍പുള്ള സമയത്തിനുള്ളില്‍ തുംഗഭദ്ര അണക്കെട്ടും പൂന്തോട്ടവും കാണാനാണ് പ്ലാന്‍ .എല്ലാം അതുപോലെ നടന്നു .പിറ്റേന്നു രാവിലെ തന്നെ  കുളിച്ചൊരുങ്ങി ഹംപിയിലേക്കുള്ള യാത്ര തുടങ്ങി .ഹോസ്പെട്ടില്‍ നിന്നും വളരെ കുറച്ചു ദൂരമേ ഉള്ളൂ ഹംപിയിലേക്ക്.നൂറായിരം കഥകള്‍ ഉറങ്ങുന്ന ഒരു ചരിത്ര നഗരം തന്നെയായിരുന്നു ഹംപി .ബാഹുബലി സിനിമയിലൊക്കെ വി. എഫ്. എക്സ് നഗരങ്ങളും കൊട്ടാരങ്ങളും കാണുമ്പോഴൊക്കെ നമ്മുടെ രാജ്യത്ത് ഇങ്ങനെയുള്ളവയൊക്കെ ഉണ്ടായിരുന്നോ എന്ന് സംശയിച്ചിരുന്നതൊക്കെ നേരിട്ട് കണ്ടപ്പോള്‍ വിശ്വസിക്കേണ്ടി വന്നു .(ഹംപിയിലെ കാഴ്ചകൾ എത്ര പറഞ്ഞാലും തീരില്ല ,ആ കഥകൾ പിന്നെ ഒരിക്കൽ വിശദമായി പറയാം )


ഹംപിയിലെ വിറ്റാല ക്ഷേത്രം.
നാളെ തിങ്കളാഴ്ച ,അനൂപിന് ജോലിക്ക് പോയേ പറ്റൂ ,യാത്ര അതുകൊണ്ട് അവസാനിപ്പിച്ചേ തീരൂ.ഹംപിയെ കണ്ടു കൊതി തീർന്നില്ല ,ഹനുമാന്റെ ജന്മസ്ഥലം എന്ന് പറയപ്പെടുന്ന അഞ്ജനാദ്രി മല കയറണം എന്നുണ്ടായിരുന്നു.സമയം സന്ധ്യയായി.മനസ്സില്ലാ മനസ്സോടെ മടക്കയാത്ര ആരംഭിച്ചു .നാളെ രാവിലെ എട്ടു മണിക്ക് കാസർഗോഡ്‌ എത്തണം .ദൂരം കുറഞ്ഞ വഴി വീണ്ടും ജി,പി.എസിൽ പരതി .ജി .പി എസ് ചേച്ചി ഏറ്റവും ദൂരം കുറഞ്ഞ വഴി എന്ന് പറഞ്ഞു കാണിച്ചത് വന്ന വഴി അല്ലായിരുന്നു .രാത്രി ഭക്ഷണം നേരത്തെ കഴിച്ചതുകൊണ്ട് സാരഥി , കാർ ഫുൾ സ്പീഡിലാണ് വിടുന്നത് .ഇടയ്ക്ക് വച്ച് മുംബൈയിലേക്കുള്ള എക്സ്പ്രസ്സ്‌ റോഡിലേക്ക് കയറിപ്പോയെങ്കിലും കഷ്ടിച്ച് രക്ഷപ്പെട്ടു പുറത്തെത്തി.ഗൾഫിൽ മാത്രമല്ല നമ്മുടെ രാജ്യത്തും 140 സ്പീഡിൽ പോകാൻ പറ്റുന്ന റോഡ്‌ ഉണ്ടെന്നു മനസ്സിലായി.

കാറിൽ ഇന്ധനം നിറച്ചു,വീണ്ടും യാത്ര തുടർന്നു.ജി .പി എസ് ചേച്ചി ഞങ്ങളെ വീണ്ടും വഴി തെറ്റിച്ചു തെറിച്ചു ഉപദേശം തന്നുകൊണ്ടിരുന്നു. കറങ്ങി തിരിഞ്ഞു വീണ്ടും ഞങ്ങൾ ഹരിഹർ -ഷിമോഗ റൂട്ടിൽ തന്നെ എത്തി .ഇന്നലെ പകൽ വെളിച്ചത്തിൽ കണ്ട അതേ വഴികളിലൂടെ വീണ്ടും ഒരു യാത്ര .ഹോ ..ആ മനോഹര സ്ഥലങ്ങളി ലൂടെ വീണ്ടും ഒരു യാത്ര !അതിനു ഭാഗ്യം ചെയ്തിരിക്കുന്നു!
പകൽ വെയിലിൽ തെളിഞ്ഞു കണ്ട റോഡിലൂടെ രാത്രിയാത്ര,സംസ്ഥാന ഹൈവേ ആണെങ്കിലും റോഡിലൊന്നും വഴിവിളക്കുകൾ ഇല്ല .രാത്രി ഒമ്പത് മണിയോട് അടുത്തിരിക്കുന്നു .വീടുകളും ഉറങ്ങിയിരിക്കുന്നു .
"ഡാ ..നാളെ കോപ്പി ചെയ്യാൻ ടൈമില്ല ..ഫോട്ടോസ് വൈ ഫൈ വഴി അയച്ചുതാടാ .."സാരഥി ശ്രീജിത്തിന്റെ ആവശ്യം നിഖിൽ നിരസിച്ചില്ല .തന്റെ പുത്തൻ s .l .r  ന്റെ വൈ ഫൈ ഓപ്ഷൻ ഓണാക്കി,ശ്രീജിത്തിന്റെ മൊബൈലുമായി പെയർ ചെയ്യാൻ തുടങ്ങിയ നിഖിലിന്റെ ഒരനക്കവും ഇല്ല.പിൻ സീറ്റിലേക്ക് നോക്കിയപ്പോൾ നാളെ ജോലിക്ക് പോകേണ്ട അനൂപ്‌ കൂർക്കം വലിച്ചു ഉറങ്ങുന്നു.നിഖിൽ "പ്ലിംഗനായി" വായ് പൊളിച്ചു ഇരിക്കുന്നു.
 "എടാ എന്ത് പറ്റി ? പെയർ ആകുന്നില്ലേ ?"
എന്റെ ചോദ്യത്തിന് അവൻ നല്കിയ ഉത്തരം എന്റെയും ശ്രീജിത്തിനെയും മാനസികമായി പിടിച്ചുലച്ചു .ഞങ്ങൾ ആകെ തകർന്നു പോയി .ഉത്തരം ഇതായിരുന്നു."ഡാ വൈ ഫൈ ഇനാബിൾ  ആക്കാൻ ചോദിച്ചതാണെന്ന് കരുതി ഞാൻ "do you  want to format s .d card ?"ക്ളിക്കിപ്പോയി ..എല്ലാ ഫോട്ടോയും പോയെടാ ..."

അവൻ പറ്റിക്കാൻ പറഞ്ഞതാണെന്ന് കരുതി ക്യാമറ വാങ്ങി നോക്കിയെങ്കിലും നിരാശ ആയിരുന്നു ഫലം.എല്ലാം പോയിരിക്കുന്നു.പാതി ഉറക്കത്തിൽ ചെയ്ത അവിവേകം ..ഫേസ് ബുക്കിലും ഇന്സ്ടഗ്രാമിലും ഒക്കെ പൊസ്റ്റാൻ വെച്ച ഫോട്ടോകൾ ,പ്രൊഫൈൽ പിക്ച്ചറുകൾ ,കവർ ഫോട്ടോകൾ ...എല്ലാം പോയില്ലേ ...ശ്രീജിത്തിനു വിഷമം അടക്കാനായില്ല.പെട്ടന്നു കാർ ഒന്ന് പാളി .റോഡിന്റെ അരികെ  ഇരുന്ന ഒരാളെ തട്ടി തട്ടിയില്ല എന്ന രീതിയിൽ കാർ ... കാറിന്റെ ലൈറ്റിന്റെ വെളിച്ചത്തിൽ കണ്ടു ...ഒരാൾ ചാടി എഴുന്നേറ്റു ഓടുന്നു.
"ഈ രാത്രി ഇവനൊക്കെ എന്ത് ചെയ്യുകാ ..ശല്യം .."
ശ്രീജിത്തിനു ദേഷ്യം അടക്കാനായില്ല .
"ഡാ ശ്രീജിത്തെ കാർഡിൽ നിന്നും ഡാറ്റ റിക്കവർ ചെയ്യാൻ പറ്റുമോ എന്ന് നോക്കാം ..ഭാഗ്യം ഉണ്ടെങ്കിൽ കിട്ടും .."
ഞാൻ പറഞ്ഞതും ശ്രീജിത്ത്‌ ഫോണെടുത്തു ഒരു സ്റ്റുഡിയോ സുഹൃത്തിനെ വിളിച്ചു ."ഫോൺ എ ഫ്രണ്ട് ..!"ലൈഫ് കിട്ടി ..
"സോഫ്റ്റ്‌വെയർ ഉണ്ട്.ഭാഗ്യമുണ്ടെങ്കിൽ കിട്ടും..കാർഡ്‌ ഇപ്പൊ തന്നെ ഊറി വെച്ചോ ..ഓവർ റൈറ്റ് ആക്കാതെ .."ശ്രീജിത്തിനു ആശ്വാസമായി ..എനിക്കും.

വീണ്ടും സന്തോഷത്തോടെ കാർ ചീറിപ്പാഞ്ഞു.കുറച്ചു ദൂരം പിന്നിട്ടപ്പോൾ വേറൊരുത്തനും റോഡിലോട്ടു കയറി സിഗരട്ട് വലിച്ചിരിക്കുന്നു .
"ഡാ ഇവനൊന്നും വേറെ സ്ഥലം കിട്ടീലെ ?"

"ഡാ ശ്രീജിത്തേ ,അയാൾ സിഗരറ്റ് വലിക്കാൻ ഇരിക്കുവല്ല ...തൂറാൻ ഇരിക്കുവാ !"

"പോടാ റോഡിലല്ലേ തൂറുവാ .."ശ്രീജിത്തിനു ഞാൻ പറഞ്ഞത് വിശ്വാസമായില്ല .കുറച്ചു ദൂരം പോയപ്പോൾ വീണ്ടും ചിലർ റോഡിൽ ഇരിക്കുന്നത് കണ്ടു .ഇക്കുറി ശ്രീജിത്ത്‌ കാറിന്റെ സ്പീഡ് കുറച്ചു .ലൈറ്റ് വൈഡ് ആക്കി.
"ശരിക്കും കണ്ടു ...!"ഉടുതുണിയും പൊക്കി പിടിച്ചു ഒരി കൈയ്യിൽ സിഗരറ്റും മറ്റേ കയ്യിൽ ഒരു മഗ് വെള്ളവുമായി സുഹൃത്തുക്കൾ അടുത്തടുത്തു വെളിക്കിരിക്കുന്നു .എത്ര മനോഹരമായ കാഴ്ച !വല്ല നാടോടികളും ആയിരിക്കും എന്ന ഞങ്ങളുടെ ചിന്ത അസ്ഥാനത്തായിരുന്നു.അത് ആ ഹൈവേയിലെ,റോഡിലെ,ഗ്രാമങ്ങളിലെ ഒരു സ്ഥിരം കാഴ്ചയായിരുന്നു.ഒരു ദൈനംദിന ശീലം.പണ്ട് നമ്മൾ അപ്പുറത്തെ വീട്ടിൽ ഒമ്പതരക്ക് 'ജയ് ഹനുമാൻ 'കാണാൻ പോയിരുന്നത് പോലെ രാത്രി ഒമ്പത് മണി കഴിഞ്ഞാൽ അവിടുത്തെ ഒരു പതിവ്.പുരുഷന്മാർ മാത്രമല്ല ,അടുത്ത ഒരു വളവു കഴിഞ്ഞപ്പോൾ സ്ത്രീകളും സാരിയും പൊക്കി ഇരിക്കുന്നു .ധൈര്യമുള്ള വനിതകൾ !!കവലകളിൽ 'വെളിക്കിരിക്കാൻ' വെള്ളം പാനിയിലും കുപ്പിയിലും ഉന്തുവണ്ടിയില്‍ കൊണ്ടുപോയി വിതരണം ചെയ്യുന്നുണ്ട് .നാട്ടുവർത്തമാനം ഒക്കെ പറഞ്ഞു അവർ അങ്ങനെ ഇരുട്ടിൽ ഇരിക്കുകയാണ് .റോഡിലൂടെ വാഹനങ്ങൾ ഇടയ്ക്കിടെ പോകുന്നുണ്ടെങ്കിലും ,വെളിച്ചം പരക്കുന്നുണ്ടെങ്കിലും ഒരു കൂസലുമില്ല .ഈയിടെ ആരോ ഫേസ്ബുക്കിൽ  പറമ്പിൽ വെളിക്കിരിക്കുന്നതിന്റെ ഗൃഹാതുര ഓർമ്മകൾ പങ്കുവെച്ചത് ഓർത്തുപോയി.നല്ല രസമായിരിക്കും ഈ വെളിക്കിരിക്കൽ .എന്തായാലും നാണമില്ലാതെ അടുത്തു അടുത്തു ഇരിക്കുന്നല്ലോ !ഇവിടൊന്നും സദാചാര പോലീസ് ഇല്ലായിരിക്കും.

കദേശം പത്തുമണിവരെ ഈ കാഴ്ച കണ്ടു കൊണ്ടേയിരുന്നു .ഇന്നലെ പകൽ കണ്ട മനോഹര ഗ്രാമങ്ങളുടെ വേറൊരു മുഖം .അവിടെയൊക്കെ കക്കൂസോ ,വെള്ളമോ ഇല്ലാഞ്ഞിട്ടല്ല ,ഈ കാഴ്ചകൾ എന്ന് ഉറപ്പാണ്‌.അഥവാ കക്കൂസ് ഇല്ലെങ്കിൽ വീടുകൾക്ക് പുറകിലെ സ്ഥലങ്ങളിലേക്ക് പോകാതെ ഇവർ ഹൈവേ റോഡ് തന്നെ തിരഞ്ഞെടുക്കാൻ കാരണം എന്താകാം ?" നാളെ രാവിലെ ഈ റോഡിന്റെ ഇരുവശങ്ങളും എങ്ങനെ ആയിരിക്കും ?ഇന്നലെ പകൽ റോഡരികിൽ  സംശയിക്കത്തക്ക രീതിയിൽ ഒന്നും കണ്ടിരുന്നില്ല .അപ്പോൾ  മനുഷ്യവിസർജ്യങ്ങൾ അവർ തന്നെ മാറ്റുന്നുണ്ടാകാം.
"എത്ര മനോഹരമായ കാഴ്ച !!"
"ചിന്തിക്കൂ ..ശൗചാലയം പണിയൂ "എന്ന് വിദ്യാബലാൻ ടി.വിയിൽ പറഞ്ഞു കൊണ്ടേയിരിക്കുന്നതിന്റെ ഗുട്ടൻസ് ഇപ്പോഴല്ലേ പിടികിട്ടിയത് .ചിന്തിക്കാൻ  കഴിയാത്തവർ നമ്മുടെ രാജ്യത്തു ഇപ്പോഴും ഉണ്ട്.ഈ നാട്ടിലും എം എൽ എ യും ,എം പി യും ഒക്കെ ഉണ്ടാകും.അവരൊക്കെ എന്തു ചെയ്യുന്നു ആവോ ?സ്വന്തം വീട്ടിലും വീട്ടിനടുത്തും കക്കൂസും ,ജല സ്രോതസ്സും ഉണ്ടായിട്ടും ഈ ജനങ്ങൾ പൊതു റോഡ്‌ കക്കൂസ് ആക്കുന്നതിൽ,നേരത്തെ തുടർന്നു വരുന്ന ഒരു ശീലമാണ് ഈ പ്രവൃത്തി എന്ന് കരുതേണ്ടിയിരിക്കുന്നു .കുട്ടികളും മുതിർന്നവരും ,സ്ത്രീകളും പുരുഷന്മാരും  എല്ലാം ഒരുമിച്ചു നാണം മറന്നു ,കഥ പറഞ്ഞു "ഓപ്പൺ എയറിൽ "കാര്യം സാധിക്കുന്നതിന്റെ സാംഗത്യം കേരളത്തിലെ സദാചാര  ഭീഷണി വർത്തമാനകാലത്തിന്റെ മുമ്പിൽ ഒരു നല്ല കാര്യം ആണെങ്കിലും ശുചിത്വവും ആരോഗ്യവും പരിഗണിക്കുമ്പോൾ തീർത്തും തെറ്റായ ഒരു കാര്യമാണ്.

പണ്ട് ചെറുപ്പത്തിൽ ഒന്ന് രണ്ടു പ്രാവശ്യം മുറ്റത്ത്‌ അപ്പിയിട്ടിട്ടുണ്ടെങ്കിലും പിന്നീടങ്ങോട്ട് കക്കൂസിൽ തന്നെ ആയിരുന്നു,അമ്മ ചിലപ്പോൾ പുറത്തു കാവൽ നിൽക്കും .ഇന്ന് 'കിഡ്സ്‌ ടോയ്ലെറ്റുകൾ 'സർവ സാധാരണം,ശീലങ്ങൾ നമ്മൾ ചെറുപ്പത്തിലേ പഠിപ്പിക്കുന്നു.ഹംപിയിലെ പുരാതന അവശിഷ്ടങ്ങളിൽ പോലും പുരാതന കക്കൂസുകളുടെ ശേഷിപ്പുകൾ ഉണ്ട്.വെറുതെ ടി.വിയിലും പത്രങ്ങളിലും പരസ്യം നല്കാതെ ജനങ്ങളിലേക്ക് നേരിട്ടിറങ്ങി ബോധവത്കരണം നടത്തേണ്ടിയിരിക്കുന്നു.അകലങ്ങളിലെ ഇന്ത്യയിലെ ജനങ്ങൾ ഇപ്പോഴും അകലെയാണ്.
ജലസ്രോതസ്സുകളിൽ നിന്നും നിശ്ചിത അകലത്തിൽ,വൃത്തിയുള്ള കക്കൂസുകളും സെപ്റ്റിക് ടാങ്കുകളും നിർമിച്ചു കൊടുത്താൽ പോരാ,അവ ഉപയോഗിക്കാനുള്ള വിവേകവും പറഞ്ഞു കൊടുക്കേണ്ടിയിരിക്കുന്നു.

യാത്ര കഴിഞ്ഞു തിരിച്ചെത്തി ഈ കാര്യം വേറൊരു കൂട്ടുകാരനോടു പറഞ്ഞപ്പോൾ അവൻ പറഞ്ഞകാര്യം അതിലും രസമാണ് .നമ്മുടെ കേരളത്തിൽ ഇതൊന്നും നടക്കുന്നില്ല എന്ന് പറയാൻ പറ്റില്ല ,കാരണം അതിനു തെളിവ് അവന്റെ വീട് തന്നെയാണ് .കടപ്പുറത്തിനു അടുത്തുള്ള  അവന്റെ വീട്ടില് വർഷങ്ങൾക്കു മുൻപേ കക്കൂസ് ഉണ്ടെങ്കിലും അവനും വീട്ടുകാരും ഇപ്പോഴും കാര്യം സാധിക്കുന്നത്‌ കടപ്പുറത്തെ പാറക്കുപിറകിലും ,കടലിലും ആണ്.പക്ഷേ  രാത്രിയിൽ ഒറ്റയ്ക്ക് ഒറ്റയ്ക്ക് ആണെന്ന് മാത്രം.അതേ കടൽ തീരത്താണ് "എന്ജോയ്‌ "ചെയ്യാൻ വിനോദ സഞ്ചാരികൾ വരുന്നതും.പുകവലിക്കുന്നത് പോലെ മദ്യപിക്കുന്നത് പോലെ ഒരു ദുശ്ശീലം.. അത് കടപ്പുറം മലിനമാക്കുന്നു,കടൽ മലിനമാക്കുന്നു,പുഴകൾ,പറമ്പുകൾ ,നമ്മുടെ പരിസരങ്ങൾ ഒപ്പം മനസ്സും മലിനമാക്കുന്നു .


(എഴുതി...എഴുതി പോസ്റ്റ്‌ അല്പം നീണ്ടു പോയതിൽ ക്ഷമിക്കുക....
അഭിപ്രായങ്ങളും നിർദേശങ്ങളും താഴെ കമ്മന്റായി പങ്കുവെക്കുക..)

Saturday, April 02, 2016

"കില്ങ്ങ്ന്ന പാദ്സരം" -ആറ്


ല്ല തിക്കും തിരക്കും...നിറയെ ആളുകൾ വട്ടമിട്ടു നിൽക്കുന്നു.
നടുവിൽ നിന്ന് പുക ഉയരുന്നുണ്ട്.കുറേ ആളുകൾ മടഞ്ഞ ഓലയും ,ബക്കറ്റിൽ വെള്ളവുമായി ഓടുന്നുണ്ട് .

"എന്താ വെല്ലിമ്മേ?ആടെ ?"

"ഉച്ചിട്ടേന്റെ മേലെരിയാ.."

"സത്യേച്ചി എന്നെ എടുക്ക്വോ ..എനക്ക് കാണണം .."

"ഇനി കണ്ടിറ്റ്ലാന്ന് വേണ്ട "

സത്യേച്ചി എന്നെ എടുത്തു പൊക്കി .ഒരു വലിയ കൂമ്പാരമായി കനൽ കൂട്ടിവെച്ചിരിക്കുന്നു.അതു അങ്ങനെ ചുവന്നു തുടുക്കുകയാണ്,പുകയും ഉയരുന്നുണ്ട്.കുറേ പേർ മടഞ്ഞ ഓല കൊണ്ട് വീശി ചൂട് തണുപ്പിക്കുന്നുണ്ട്.വീശുമ്പോൾ ചുവന്ന കനൽ 'മിന്നുളി 'പോലെ,'മേലോട്ട് 'പാറി പോകുന്നുണ്ട്."കൈ കടയുന്നു ,ഇനി തായെ നിന്നെ .."

സത്യേച്ചി എന്നെ താഴെ ഇറക്കി. 

"സത്യഭാമേ ചെക്കന്റെ കൈ പിടിച്ചോ കെട്ടോ,ഉച്ചിട്ട തീയിൽ തുള്ളാറായി,ആള്ക്കാര് ഉന്തും തള്ളും ഉണ്ടാക്കും .."

ഞാൻ ആൾക്കാരെ മെല്ലെ ഉന്തി ഉന്തി മുന്നിലേക്ക്‌ പോയി,സത്യേച്ചിയെ പിടിച്ചു വലിച്ചു കൊണ്ടുപോയി,മുന്നിൽ എത്തിച്ചു.
 നല്ല ചൂട് ..പുകയും ...

"ഈ കത്തുന്ന തീയില് തുള്ള്വോ സത്യേച്ചി ?പൊള്ളൂലെ ?"


പിറകിൽ നിന്ന് തള്ളുന്നത് കണ്ടു സത്യേച്ചി എന്റെ കൈ മുറുകെ പിടിച്ചു.

 "കില് ...കിലും" എന്ന് ഒച്ച കേട്ട് നോക്കിയപ്പോൾ അടിമുടി കുരുത്തോല കൊണ്ട് കുപ്പായമിട്ട ഒരു തെയ്യം ഓടി വരുന്നു.തലയിൽ കോളാമ്പി കമഴ്ത്തി വെച്ച പോലെ ചുവന്ന തൊപ്പിയുണ്ട്.അതിനു ചുറ്റും കുരുത്തോല തൂക്കിയിട്ടിരിക്കുന്നു,മുഖം കുരുത്തോല കൊണ്ട് മറച്ചിരിക്കുന്നു.കയ്യിൽ 'വെളിച്ചെണ്ണ കുത്ത് കിണ്ണം 'ഉണ്ട് .

അയ്യേ അമ്മിഞ്ഞ കാണിച്ചാ നടക്കുന്നേ !ചോന്ന അമ്മിഞ്ഞ !എനിക്ക് ചിരി വന്നു .

"എന്നാ ഇന്നലെ കണ്ട ഉച്ചിട്ട ഇങ്ങനല്ലല്ലോ ?"

"ഇത് ഉച്ചിട്ടേന്റെ തെയ്യമാടാ .."


ച്ചിട്ട തെയ്യം മേലേരിയെ വലം വെച്ച് നേരെ വീട്ടിലെ പടിഞ്ഞിറ്റക്ക് മുമ്പിൽ പോയി,പിന്നെ നടു മുറിക്കു മുമ്പിൽ 'മണങ്ങി 'നമസ്കരിച്ചു .അമ്മമ്മമാർ ചുവന്ന തൊപ്പിക്കു മുകളിൽ അരിയെറിഞ്ഞു .പിന്നെ നേരെ ഓടി 'കോട്ട'ത്തിന്റെ മുമ്പിലെ പീഠത്തിൽ ഇരുന്നു തോറ്റം ചൊല്ലാൻ തുടങ്ങി.എല്ലാരും മേലേരിക്ക് ചുറ്റും കാത്തു നിൽക്കുകയാണ്.

"വെല്ലിമ്മേ എന്താ തീയില് തുള്ളാത്തെ ?"
"വിഷ്ണു മൂർത്തി  കീയെണ്ടേ?"വിഷ്ണു മൂർത്തി കീഞ്ഞാലെ ഉച്ചിട്ട തീയില് തുള്ളൂ .."


പ്പാത്തി പരത്തുന്ന കോലു പോലത്തെ ഒരു സാധനം കൈയ്യിൽ എടുത്തു ,കറുത്ത "അച്ചാച്ചൻ "മീശ വെച്ച ഒരു തെയ്യം തീയ്യിൽ തുള്ളാൻ പോകുന്നു .മേലേരിക്കു ചുറ്റും നിൽക്കുന്ന എല്ലാരും കൂക്കി വിളിക്കുന്നുണ്ട് .ആ തെയ്യം കനലിൽ കാല് വെക്കാൻ പോയി ,പേടിച്ചു തിരിച്ചോടി.കൂക്കിവിളിച്ചു കളിയാക്കിയവരെയൊക്കെ ചപ്പാത്തിക്കോലുകൊണ്ട് അടിക്കാൻ നോക്കുന്നു തെയ്യം!

"വെല്ലിമ്മേ ഇതേതാ തെയ്യം ?"

"ഇതല്ലേ പൂതം !"

"അയ്യേ ..ഈ പേടിത്തൂറിയാണോ പൂതം ?"

വെറുതെ ഈ പേടിത്തൂറി പൂതത്തിനെ പേടിച്ചു !ഈ തെയ്യത്തിനു തീയില് തുള്ളാൻ കയ്യൂലാ "


ചെണ്ടയുടെ ഒച്ച കൂടി വന്നു ,ഉച്ചിട്ടയെപ്പോലെ തന്നെ കുരുത്തോല മേത്തു മുഴുവൻ കെട്ടി വേറെ ഒരു തെയ്യം  ഓടി വരുന്നു.നീണ്ട നഖങ്ങളുള്ള കൈ നീട്ടി വെച്ച് ,'കൊന്ത്രം' പല്ല് നീട്ടി,ചുവപ്പിൽ കറുപ്പ് കണ്ണെഴുതി ഒരു പേടിപ്പിക്കുന്ന രൂപം!

"വിഷ്ണു മൂർത്തി കീഞ്ഞു സത്യേ "

"അപ്പൊ കാർത്യേച്ചി നരസിംഹ മൂർത്തിയാ ഈ തെയ്യം അല്ലേ ?..ഇന്നലെ വെള്ളാട്ടം തോറ്റം ചെല്ലുമ്പൊ പ്രഹ്ലാദന്റെ കഥയൊക്കെ പറഞ്ഞപോലെ  തോന്നിയിരുന്നു ."

"എന്താ വെല്ലിമ്മേ കഥ ?"

"കഥയൊക്കെ സത്യേച്ചീനോട്  നീ പിന്നെ ചോയിച്ചാ മതി"

"നീ ഇപ്പം തമ്പാച്ചീനെ കാണെടാ ..കഥയൊക്കെ പിന്നെ പറഞ്ഞു തരാം "


വിഷ്ണു മൂർത്തിയും ഭൂതവും മേലേരിക്കു ചുറ്റും വലം വെച്ച്  ഒരു ഭാഗത്ത്‌ മാറി നിന്നു .പെട്ടന്ന് ഉച്ചത്തിൽ അലറിക്കൊണ്ട്  ഉച്ചിട്ട ഓടി വന്നു. കനൽ വീശി വീശി വിയർത്ത് തോർത്തു മുണ്ട് അരക്കു കെട്ടി കുറെ പേർ വലിയ "മട്ടലു "മായി നിൽക്കുന്നുണ്ട് .പെട്ടന്ന് ഉച്ചിട്ട കനലിൽ ഇരുന്നതും ,അവർ മട്ടൽ അടിയിൽ വച്ചു  കൊടുത്തതും ഒരുമിച്ചായിരുന്നു .
ഉച്ചിട്ട തമ്പാച്ചി തീക്കട്ട കനലിൽ നിന്നും എഴുന്നെക്കുന്നേ ഇല്ല ..കുരുത്തോല കരിഞ്ഞു പുക വരാൻ തുടങ്ങി.

"വെല്ലിമ്മേ തമ്പാച്ചിക്ക് പൊള്ളൂലെ ?"

"പത്തു നാപ്പതു ദിവസം വ്രതം എടുത്തിട്ടാ തമ്പാച്ചി കെട്ടുന്നേ ...അങ്ങനൊന്നും പൊള്ളൂലാ "

ആൾക്കാർ തമ്പാച്ചിയെ പിടിച്ചു വലിച്ചു എഴുന്നേല്പ്പിച്ചു .വീണ്ടും "മേലേരി ക്ക് വട്ടത്തിൽ ഓടി വേറൊരു ഭാഗത്ത്‌ ഇരുന്നു.കിണ്ണം മുട്ടി ക്കൊണ്ട് എന്തൊക്കെയോ അലറുന്നുമുണ്ട്.

"കുരുത്തോല നല്ലോണം കരിയുന്നാ സത്യേച്ചി "

ഉച്ചിട്ട എഴുന്നേറ്റപ്പോൾ പിറകിൽ മൊത്തം കരിഞ്ഞു !

"അയ്യേ അടീൽ തമ്പാച്ചി പാവാട ഉടിത്തിന്..."
പിന്നെയും രണ്ടു മൂന്ന് പ്രാവശ്യം ഉച്ചിട്ട തമ്പാച്ചി മേലെരിയിൽ ഇരുന്നു നില വിളിച്ചു.

കിലും കിലും എന്ന് ഒച്ചയുണ്ടാക്കി ഉച്ചിട്ട തമ്പാച്ചി പിന്നെ കോട്ടത്തിനു മുമ്പിലേക്ക് പോയി.

"തമ്പാച്ചി ക്ക് വല്യ  പാദ് സരാ അല്ലേ സത്യേച്ചീ ?'

"അത് പാദ്സരം അല്ലെടാ ,ചെലംമ്പാ.."


കോട്ടത്തിന് ചുറ്റും ,വീട്ടിനു ചുറ്റും എല്ലാം ആൾക്കാരുടെ തിരക്ക് കൂടി വന്നു.ചെണ്ടയുടെ ഒച്ച കൂടി വരുന്നുണ്ട്.ചെമ്പകത്തിന്റെ കൊമ്പിന് മുട്ടുന്ന അത്രയും വലിപ്പമുള്ള വലിയ ഒരു സാധനം രണ്ടു മൂന്നു ആൾക്കാർ ചേർന്ന് വീട്ടിന്റെ മുറ്റത്തേക്ക് കൊണ്ട് പോകുന്നുണ്ട്.

"എന്തിന്നാ വെല്ലിമ്മേ അത് ?"

"പരദേവതേന്റെ മുടിയാ .."

"മുടി മോളിലോട്ടാണോ ?ഇത്രേം വല്യ മുടി?"


വിളക്ക് കത്തിച്ചു വെച്ച,വാളും പരിചയും എല്ലാം വെച്ചിട്ടുള്ള  പടിഞ്ഞിറ്റ മുറിക്കു മുമ്പിൽ ,മുറ്റത്ത്‌  പീഠത്തിൽ ഒരു തെയ്യം ഇരിക്കുന്നുണ്ട്.വലിയ മുടി കൊണ്ടുവന്നു ആ തെയ്യത്തിന്റെ പിറകിൽ വച്ചു.ചെണ്ടയുടെ ഒച്ച കൂടിവന്നു .തെയ്യം  പീഠത്തിൽ നിന്നും എഴുന്നേറ്റു  നിന്നു .എല്ലാവരും ചേർന്ന് "വലിയ മുടി "തെയ്യത്തിന്റെ ദേഹത്ത് കെട്ടിവച്ചു .ഒരു കണ്ണാടിയിൽ തെയ്യം മുഖം നോക്കുന്നുണ്ട് .

"ഇത്രേം വല്യ മുടി കെട്ടീട്ട് തെയ്യം എങ്ങനാ നടക്കുന്നെ വെല്ലിമ്മേ ?"

"അവരൊക്കെ വ്രതം എടുത്തു തുള്ളുന്നവരാടാ ..ഒന്നും പറ്റൂല "രദേവത തെയ്യം ആ വലിയ മുടിയും കെട്ടി മുറ്റത്ത്‌ അങ്ങോട്ടും ഇങ്ങോട്ടും നടന്നു,കൂടെ വിഷ്ണു മൂർത്തിയും.ഉച്ചിട്ട തമ്പാച്ചി ഓടി വന്നു ഏറേകത്ത് ചമ്രം പടിഞ്ഞിരുന്നു.കുറെ പെണ്ണുങ്ങള് ഉച്ചിട്ട തമ്പാച്ചിന്റെ ചുവന്ന തൊപ്പിയിൽ വെള്ള മുണ്ടും ചുവന്ന തുണിയും  ചുറ്റുന്നുണ്ട് .

" എന്തിനാ വെല്ലിമ്മേ തമ്പാച്ചിക്ക് മുണ്ടും തുണീം?"

"നല്ല കുഞ്ഞി വാവ ഉണ്ടായിട്ട് അമ്മമാര് നേരുന്നതാ .... ഉച്ചിട്ടക്ക് പൊടവ കൊടുക്കൽ ...നീയൊക്കെ അങ്ങനല്ലേ ഉണ്ടായേ ?നിന്റെ അമ്മ കൊടുത്തതാ ഉച്ചിട്ടേന്റെ കയ്യിലെ ആ രണ്ടു കുത്തു കിണ്ണവും .."

"അപ്പൊ ഞാൻ അങ്ങനെയാ ഉണ്ടായേ ?"സത്യേച്ചീം  കുഞ്ഞിവാവ ഉണ്ടായാൽ പൊടവ കൊടുക്ക്വോ?"

"ആദ്യം സത്യേച്ചീന്റെ കല്യാണം കഴിയെട്ടെടാ ..ഓരോ ചോദ്യം ..."വെല്ലിമ്മ എന്റെ നേരെ നോക്കി കണ്ണുരുട്ടി .

"അവൻ ചോയിക്കട്ടെ കാർത്യേച്ചീ..അപ്പൊ നമ്മക്ക് ഒപ്പരം വന്നിറ്റ് പൊടവ കൊടുക്കാം കേട്ടാ ..."സത്യേച്ചി എന്റെ താടിക്കു പിടിച്ചു കൊണ്ടു ചിരിച്ചു .


"മാതാ പിതാ ഗുരു മൂർത്തി ..പൈതങ്ങളുടെ മാതാവ് എവിടെ ?പിതാവോ ?"
സത്യേച്ചി എന്നെയും 'തട്ടി'ക്കൊണ്ടാണ് പരദേവത യുടെ കുറി വാങ്ങാൻ പോയത് .

"വന്നിറ്റില്ല ..."സത്യേച്ചി പേടിച്ചു ഉത്തരം പറഞ്ഞു .

"പൈതങ്ങളെ കൊടുത്തു ...എല്ലാം ആയപ്പോൾ എന്നെ മറന്നു അല്ലേ ?ഒരു മാതാവിനെ പ്പോലെ നീ കൂടെ ഇല്ലേ ?അത് മതി ..അടിച്ചു തളിയും അന്തിത്തിരിയും ഇല്ലേ ....എന്നെയും വിചാരിച്ചാ മതി ..നിറപന്തലിൽ കയറണ്ടേ ..നിനക്കും മാതാവ് ആവണ്ടേ ??"

സത്യേച്ചി ഒന്നും പറഞ്ഞില്ല .തെയ്യം വീണ്ടും ഉച്ചത്തിൽ ചോദിച്ചു "വേണ്ടേ ???"

സത്യേച്ചി ആ.. എന്ന് തലയാട്ടി .

"വേണം .."മഞ്ഞ കുറി എന്റെ തലയിൽ ഇട്ടുകൊണ്ട്‌ പരദേവത എന്റെ തലയിൽ തൊട്ടു അനുഗ്രഹിച്ചു .കുറച്ചു കുറി സത്യേച്ചി യുടെ കൈയ്യിലും കൊടുത്തു,തെയ്യം തലയിൽ തൊട്ടപ്പോൾ എനിക്ക് പേടിച്ചു കരച്ചിൽ വന്നു.നോക്കുമ്പോൾ സത്യേച്ചിയും കരയുന്നു!

"രണ്ടാളും തെയ്യത്തിനു പൈസ കൊടുത്തോ?ഞാൻ ചില്ലറ കിട്വോ എന്ന് നോക്കാൻ പോയതാ."
വെല്ലിമ്മ പേഴ്സിൽ നിന്നും ചില്ലറ  പൈസ എടുത്തു സത്യേച്ചി ക്ക് നേരെ നീട്ടി .

"കൊടുത്തു കാർത്ത്യേച്ചീ .."സാരിയുടെ മുന്താണി കൊണ്ട് സത്യേച്ചി മുഖം തുടച്ചു.


"വെല്ലിമ്മേ വെശക്കുന്നു ..ചോറ് തിന്നാനായോ?"
"അതെന്താ ഇപ്പൊ ഏടേം ഇല്ലാത്ത ഒരു വിശപ്പ്‌ ?വാരണ കയ്യട്ടെ ..എന്നിട്ട് ജാനകി വെല്ലിമ്മേന്‍റെ അടുത്ത്ന്ന് ചോറ് തിന്നാം .."

"വാരണയോ..എനിക്കു ചോറ് വേണം ..
"
"മിണ്ടാണ്ട് നിന്നാ അവിലും മലരും തരാം. ..വാരണ കഴിയട്ടെ .."

"ഏട്തൂ വാരണ ?"

"കിട്ടന്‍ വെല്ലിച്ചന്‍ ആടെ ഇലയും വട്ടളവും എല്ലാം എടുത്ത് വെക്ക്ന്ന കാണ്ന്നില്ലേ?"

മുറ്റത്ത്‌ കിണറിന്റെ മൂലയില്‍ വാഴപ്പോളയില്‍ കുന്തം കുത്തിവെച്ചു തിരികൊളുത്തി വെച്ചിട്ടുണ്ട്.വഴയിലകള്‍ കൂട്ടിയിട്ട് അതില്‍ മലരും അവിലും കൂമ്പാരമായി വച്ചിരിക്കുന്നു .വലിയ വട്ടളത്തില്‍ എന്തോ കലക്കി വെച്ചിട്ടുണ്ട് .ആ വെള്ളത്തില്‍ പൂവും തുളസിയും എല്ലാം ഇട്ടിട്ടുണ്ട് .തേങ്ങ പൊട്ടിച്ചു വെച്ചിട്ടുണ്ട്.പഴവും വെല്ലവും എല്ലാം വേറെ ഒരു ഇലയില്‍ വെച്ചിട്ടുണ്ട്.

വിഷ്ണുമൂര്‍ത്തിയും പരദേവതയും ഉച്ചിട്ടയും എല്ലാം അതിനടുത്ത് വന്ന് നിന്നു.കിട്ടന്‍ വെല്ലിച്ചനും കുറേ ആളുകളും ചുറ്റുമുണ്ട് .വിഷ്ണു മൂര്‍ത്തി മലര് കൈകൊണ്ടു നാലുപാടും പാറ്റി.പരദേവത വട്ടളത്തിന് ചുറ്റും വലംവെച്ചു ഒച്ചയാക്കി .പെട്ടന്ന് വട്ടളത്തില്‍ കൈ തൊട്ടതും കിട്ടന്‍ വെല്ലിച്ചനും ആളുകളും ചേര്‍ന്ന് വട്ടളം കമഴ്ത്തി .എന്തൊക്കെയോ ചായം കലര്‍ന്ന വെള്ളം മുറ്റത്ത്‌ നിറച്ചും പരന്നു.

"അങ്ങനെ  ഇക്കൊല്ലത്തെ വാരണയും  കുരുതിയും കഴിഞ്ഞു ..."വെല്ലിമ്മ തൊഴുതു നിന്നു .

കുറച്ചു സമയം കഴിഞ്ഞപ്പോള്‍ പരദേവത പിന്നെയും പടിഞ്ഞിറ്റക്ക് മുമ്പില്‍ പോയി പീഠത്തില്‍ ഇരുന്നു .ചെണ്ടയുടെ ഒച്ച കൂടി കൂടി വന്നു.ആള്‍ക്കാരെല്ലാം കൂടി ആ വലിയ മുടി അഴിച്ചു കൊണ്ടുപോയി .പിന്നെ തലയിലെ ചെറിയ കിരീടവും അഴിച്ചു .

"അയ്യേ ! വെല്ലിമ്മേ ആ തെയ്യത്തിനു നമ്മളെപ്പോലത്തെ മുടി !"

"മുടി അഴിച്ചാ പിന്നെ നമ്മളെപ്പോലെ ആളെന്നെയാ "

തലയില്‍ ചുവന്ന തുണിയും ചുറ്റി പരദേവത തെയ്യം "ച്ചിലും ..ച്ചിലും "എന്ന് ഒച്ചയാക്കി തെയ്യം കെട്ടുന്ന ഓലപ്പുരയിലേക്ക് ഓടി .

കോട്ടത്തിന്റെ മുമ്പില്‍ വെച്ചു ആദ്യം ഉച്ചിട്ടയും  പിന്നെ വിഷ്ണുമൂര്‍ത്തിയും കിരീടം അഴിച്ചു ഓലപ്പുരയിലേക്ക് ഓടി .ഭൂതം തെയ്യത്തിനെ അപ്പോഴൊന്നും കാണാനില്ലായിരുന്നു .കിട്ടന്‍ വെല്ലിച്ചന്‍ ഓരോ ആള്‍ക്കും ഇലയില്‍ അവിലും മലരും കൊടുത്തു.


"വാ..സത്യേ ..ചെക്കന് ചോറും കൊടുത്തിട്ട് നമ്മക്ക് മൂന്നേ കാലിന്റെ 'വികാസി'നു പോകാം ..അയിനു പോയാല്‍  പന്നേരിമുക്കിലിറങ്ങി നടന്നാ മതി ."

"എനിക്കു ചോറ് വേണ്ട .."

"ഓ ..കൊറച്ചു മലര് തിന്നപ്പോ ചോറ് വേണ്ടാണ്ടായോ?"

"ഒരു പിടിയെങ്കിലും തിന്നില്ലേ ജാനകിയേച്ചി എന്നാ വിചാരിക്ക്വാ?"


"ആ ബാക്കി വെച്ചതും കൂടി തിന്നാല്‍ വ്വൈന്നേരം വേറെ തെയ്യത്തിനു പോകാം "

"വൈന്നേരം പൂതം തെയ്യം ഉണ്ടാവ്വോ ?"

"ആ പൂതം വൈന്നേരം വരും ..."

വയറു നിറഞ്ഞെങ്കിലും പൂതത്തെ കാണാന്‍ വേണ്ടി ബാക്കി ചോറ് മുഴുവന്‍ തിന്നു.കൈ കഴുകി വായില്‍ വെള്ളം നിറച്ചു വളപ്പിലേക്ക് ചീറ്റി !"ത്ഫൂ ...."

"ദാമോരേട്ടനെ കണ്ടു പഠിച്ചതാണോ ഈ ദുശ്ശീലം ?"

"വെയിലത്ത്‌ ഇങ്ങനെ ചീറ്റിയാ മഴവില്ല് കാണും എന്നാ പ്രമോദ് ഏട്ടന്‍ പറയുന്നേ .."

"ഓ പ്രമോദാ ആള് അല്ലേ..?  അങ്ങെത്തെട്ടെ... അവനു ഞാന്‍ വച്ചിട്ടുണ്ട് .."

സത്യേച്ചി പ്ലേറ്റുകള്‍ കഴുകി കൈ കൊണ്ട് വെള്ളം ആറ്റിക്കളഞ്ഞു ചാരിവെച്ചു.


"കാര്‍ത്തി എളേമ്മേ ..ചോറ് തിന്നോ ?"

"അല്ലാ ..മിനിയോ ?നീ ഈടെ ഇണ്ടായിരുന്നോ?"

"ഞാന്‍ ഇന്ന് രാവിലെ വന്നതാ..എന്ത്‌ പറയാനാ..  എന്റെ കാതിലേന്റെ ഞ്ഞേറ്റം കാണാണ്ടായി..ഉച്ചിട്ട തീ തുള്ളുന്നെന്റെ ആടെയൊക്കെ പോയതാ ..ഏടെപ്പോയമ്മോ?"

"നീ വണ്ടിക്കാ വന്നേ ?വണ്ടീന്ന് എറങ്ങിയപ്പം ഇണ്ടായിരുന്നോ ?"

"ഞാന്‍ ഇപ്പാ കണ്ടത് എളെമ്മേ..ഈടെ മൊത്തം നോക്കി ..ആ പോയത് പോട്ടെ .."
"ഓട്തു നിന്റെ മോന്‍?"
"ഓന്‍ ആടെയാറ്റം കളിക്ക്ന്ന്ണ്ട്...ഞാന്‍ ഇവക്ക് ചോറ് കൊടുക്കാന്‍ വന്നതാ ...."

"സത്യേ ഇത് മിനി ..ശ്രീ ഏച്ചീന്റെ മോളാ..ബംഗ്ലൂരാ ....പിന്നെ ഈ മോള് സുഷമേന്റെയാ ..ഇവക്കൊരു ആണാ..ഈ ചെക്കനെക്കാട്ടും ഏളെത്...ഇവള് ഇവന്റെ മൂത്തയാ..സുഷമ ഇവളെ ജനുവരിയിൽ പെറ്റു ..അതുകഴിഞ്ഞ ജൂലായിലാ ഇവൻ .."

"മോളേ..ഇതെന്താ കൈയും ചുരുട്ടി പിടിച്ചു നടക്കുന്നെ ?"

സത്യേച്ചി ആ പാവാടയിട്ട ഏച്ചിക്കുട്ടിയോട് ചോദിച്ചു .

"ഷംനേ നിന്നോടാ ചോദിക്കുന്നേ?"മിനിയേച്ചി ആ കുട്ടിയുടെ ചുമലില്‍ തട്ടി .
ഏച്ചിക്കുട്ടി ഒന്നും മിണ്ടിയില്ല.

"എളേമ്മേ ..ഞാനും ഇവളും കൂടിയാ ..ഈടെ മൊത്തം പരതിയെ...അപ്പുറത്തെ പൊടി മണ്ണിന്റെ ഉള്ളുന്ന്‍ എന്തോ തെളങ്ങ്ന്നെ കണ്ട് നോക്കിയപ്പോ ..ഒരു പാദ്സരം!!അതും കൈയ്യില്‍ പിടിച്ചോണ്ട് നടപ്പാ ..അങ്ങനത്തെ ഓക്കും വേണം എന്ന് പറഞ്ഞിട്ട് ..ഇതേ പോലെ ആരെയെങ്കിലുടെയും കാല്മ്മുന്ന് പോയതാരിക്കും .."

" ഇങ്ങു വന്നേ ..നോക്കട്ടെ .."

വെല്ലിമ്മ ഷംനേച്ചിയുടെ  വലത്തെ കൈ പിടിച്ചു നിവര്‍ത്തി ..

"സത്യേ ..നോക്യേ ..നിന്റെ പാദ്സരം ഇങ്ങനത്തെയാണോ ?"

അപ്പോഴേക്കും ഞാനാ പാദ്സരം തട്ടിപ്പറിച്ചു നോക്കി ."ഇത് സത്യേച്ചീന്റെയാ !!"

"ഒരു മണി കുറവുണ്ട് ..ഇത് പോയിന്നാ ഞാന്‍ വിചാരിച്ചേ ..."
സത്യേച്ചി പെട്ടന്ന് വിയര്‍ത്തു.സാരിയുടെ മുന്താണി കൊണ്ട് വിയര്‍പ്പു തുടച്ചു ,ആ പാദ്സരം ഷംനേച്ചിക്ക്  തന്നെ കൊടുത്തു .

"ഇവക്കെന്തിനാ ഇത് ..കളിക്കാനോ..?"
മിനിയേച്ചി ദേഷ്യപ്പെട്ടു പാദ്സരം സത്യേച്ചിക്ക് തന്നെ തിരിച്ചു കൊടുത്തു .

"ഞാന്‍ അപ്പഴേ പറഞ്ഞില്ലേ ...സത്യേ... പരദേവതയെ വിചാരിച്ചാ മതീന്ന് "വെല്ലിമ്മക്ക് സന്തോഷമായി .

"എന്റെ കാതിലയുടെ കാര്യം പരദേവത വെറുതേ അല്ലാ...മറന്നേ .."
മിനിയേച്ചി നെടുവീര്‍പ്പെട്ടു.

"വീട്ടിലോട്ടു പോയിട്ട് പോകാം കാര്‍ത്തി എളേമ്മേ..സത്യക്ക്‌ നിങ്ങളെ നാടൊക്കെ കാണിച്ചു കൊടുക്ക് .."

"നാടൊക്കെ പിന്നെ കാണിക്കാം ..ഇനി അതിരകത്തു പോയിട്ട് വേണം ഇവന്റെ അമ്മേന്റെ വായിന്ന് കേക്കാന്‍ ...മൂന്നേ കാലിന്റെ ബസ്സ് കിട്ടുമോ എന്തോ ?..ഇപ്പൊ തന്നെ രണ്ടരയായി ..നടന്നു ആടെ എത്തണ്ടേ ?"

"എന്നാ പിന്നെ ചെക്കനെ കൂട്ടി പിന്നെ വാ .."
മിനിയേച്ചിയുടെ ക്ഷണനം ഞാൻ അപ്പോഴേ സ്വീകരിച്ചെങ്കിലും വെല്ലിമ്മ ഞങ്ങളെയും കൂട്ടി നേരെ ബസ് സ്റ്റോപ്പിലേക്ക് നടന്നു."രാമചന്ദ്രന്‍ ഡോക്ടറുടെ ആസ്പത്രി ആയോ?അത് കഴിഞ്ഞു അടുത്ത സ്റ്റോപ്പ്‌ .."വെല്ലിമ്മ ബസ്സിലിരുന്നു ബേജാറാകുന്നു.
"എനിക്കറിയാം കാര്‍ത്യേച്ചി ..അങ്ങോട്ട്‌ പോയപ്പം അപ്പുറത്തെ വഴി പോയോണ്ടല്ലേ.."


"സത്യേ വഴി തെറ്റിപ്പോയ കാര്യം നീ ആരോടും പറയല്ലേ...എടാ ചെക്കാ നിന്നോടും കൂടിയാ..അമ്മയോട് പറഞ്ഞേക്കല്ലേ ..  "ബസ്സിറങ്ങി നടക്കുമ്പോള്‍ വെല്ലിമ്മ പറഞ്ഞു കൊണ്ടേയിരുന്നു .

"വൈന്നേരം പൂതം തെയ്യത്തിനെ കാണാന്‍ പോണം എന്ന് പറഞ്ഞിട്ട് ?"

"പൂതം ഇനി അടുത്ത കൊല്ലം ....നീ അങ്ങോട്ട്‌ നടക്ക്..."


"ഓ തെയ്യോം തെറയും ഓക്കെ നടത്തി വെല്ലിമ്മേം മോനും വന്നോ ?ഞാന്‍ വിചാരിച്ച് ആടെത്തന്നെ കൂടീന്ന് ..എന്തെ വരാന്‍ തോന്നിയെ ?"

"അമ്മേ ഉച്ചിട്ടക്ക് കുത്ത് കിണ്ണം കൊടുത്തിട്ടാ ഞാന്‍ ഉണ്ടായേ ?അമ്മ പൊടവ കൊടുത്തിട്ടുണ്ടോ ?ഉച്ചിട്ട തെയ്യത്തിനു ?"

"ഓ ആ വിവരം ഏടുന്നാ കിട്ടിയേ ? ഉള്ള നേര്‍ച്ചയും പാര്ച്ചയും എല്ലാം ചെയ്തിട്ടാ നിന്നെയൊക്കെ തീര്‍ത്തെ..ഇനിയും കൊടുത്തു തീര്‍ന്നിട്ടില്ല നേര്‍ച്ചയൊന്നും ..എന്താ കൊടുക്കുന്നോ?"

"എന്ത് ചോയിച്ചാലും ഈ അമ്മക്ക് ദേഷ്യം വരും...തെയ്യത്തിനു പോയിറ്റ് എന്ത് രസായിരുന്നു ?"


"നീയെന്തെടാ ട്രൌസറും കുപ്പായൊന്നും മാറ്റാണ്ട് ഇങ്ങോട്ട് ഓടി വന്നിന്?"
വിയര്‍ത്തു കുളിച്ചു ,കിണറ്റില്‍ നിന്നും വെള്ളം വലിക്കുകയാണ്‌ സത്യേച്ചി .

"അയിന് സത്യേച്ചീം സാരി മാറ്റീലല്ലോ ?"

"ഇത് അലക്കാനുള്ളതല്ലേ..പഴയ സാരി .."

"ഈ പാനീല് എല്ലാം എന്തിനാ വെള്ളം സത്യേച്ചീ?"

"സത്യഭാമ ഇല്ലാത്തോണ്ട് കുറേ പേര് രണ്ടു ദിവസായി കുളിച്ചിറ്റ്..വെള്ളം ചൂടാക്കി കൊടുക്കട്ടെ ..."
സാരി  മടിയിലേക്ക്‌ കേറ്റിക്കുത്തി സത്യേച്ചി വളപ്പിലെ അടുപ്പില്‍ തീ കൂട്ടി.
വല്ലാത്തില്‍ നിന്നും കുറച്ചു ഉണങ്ങിയ ചപ്പ് അടുപ്പിലേക്ക് ഇട്ടു .

"ചപ്പും തീര്‍ന്നു ...കൊറച്ചു ചപ്പ് അടിച്ചു കൂട്ടിയാല്‍  എന്താ ?അതെങ്ങനാ ?സത്യഭാമക്കല്ലേ നടു
ഉള്ളൂ .."

ഒരു "കത്തിയാള്‍"എടുത്തു ഓല ചെത്തി മടലെടുത്ത് അടുപ്പിലേക്ക് ഇട്ടു സത്യേച്ചി .

"പച്ച മടലാന്ന് തോന്നുന്നു..ഏടെകത്താനാ?"
ചെമ്പിന്റെ അടിയില്‍ തീ കൂടി വന്നു.

"സത്യേച്ചി മേലേരി പോലെയായി ...!"

"മം..കത്തട്ടെ..."

"നീ ആ ചിരട്ട ഇങ്ങു എടുത്തേ "

"ഇന്നാ ...."അടുപ്പ് കല്ലിനു അപ്പുറം കമിഴ്ന്നു കിടന്ന ഒരു ചിരട്ട ഞാന്‍ സത്യേച്ചി ക്ക് കൊടുത്തു.

"ഇത് ..ഇതില് കെടക്കട്ടെ .."സോപ്പു ങ്കായ് പിഴിഞ്ഞ വെള്ളത്തില്‍ രണ്ടു പാദസരവും ഇട്ടുവെച്ചു,സത്യേച്ചി .

"സ്വര്‍ണവും വെള്ളിയുമായിട്ട് ആകെ
 ഉള്ളതാ .."

"അപ്പൊ കയിത്തിലെ മാലയോ ?"

"അത് റോള്‍ഡ് ഗോള്‍ഡ്‌ ആണെടാ ... തെയ്യത്തിനു  പോകുമ്പോ  ഇട്ടതല്ലേ ...എനിക്കെവിടുന്നാ സ്വര്‍ണമാല ?"

"റോള്‍ഡ് ഗോള്‍ഡ്‌ന്ന് പറഞ്ഞാ ..?"

"സ്വര്‍ണം അല്ലാ ..മുക്ക് ...."

"മുക്കോ..?"

"ആ... കഴുത്തില് കൊറേ നേരം ഇട്ടാ ചൊറിയും.അതാണ്‌ മുക്ക് ..."

'എന്റെ അരേല് കെട്ടിയത് സ്വര്‍ണം തന്നെയാ ...അത് ചൊറിയുന്നൊന്നും ഇല്ല ..'ഞാൻ ട്രൌസറിന് അടിയിലൂടെ അരയിലിട്ടതു  തൊട്ടുനോക്കി .


"വെളക്ക് വെക്കാറായ് ..ഞാൻ കുളിക്കട്ടെ .."ചിരട്ട അമ്മിത്തിണ്ണയിൽ വെച്ച് സത്യേച്ചി മുടി അഴിച്ചിട്ടു വെളിച്ചെണ്ണ പുരട്ടി .

"വന്ന്  കേരീലാ ...കുറ്റിക്കര  തെണ്ടാൻ പോയോ ?

"അമ്മയുടെ ഒച്ച കുറ്റിക്കര വരെ കേൾക്കാമായിരുന്നു .അവിടെക്കിടന്ന ഒരു ഓല 'വാള് 'പോലെ പിടിച്ചു ഞാൻ ഓടി ,വീട്ടിലേക്ക് ..

"ഹും ...ഹ്രീ ..പൈതങ്ങളെ കലമ്പുന്നോ ..."

എന്റെ ഓട്ടത്തിന് ശക്തി കൂട്ടിയത് അമ്മയോടുള്ള പേടിയേക്കാൾ തെയ്യത്തിന്റെ ആവേശമായിരുന്നു.ഓടുമ്പോൾ ചെണ്ടയുടെ ഒച്ചയും എന്റെ ചെവിയിൽ കേട്ട് കൊണ്ടേ ഇരുന്നു.കണ്ടിയും പടിയും എല്ലാം  തുള്ളിക്കേറി.കാലിൽ വലിയ ചിലമ്പ് കുലുങ്ങുന്ന പോലെ ..

പാദസര കിലുക്കം തുടരും ....

ഇതുവരെ കിലുക്കം കേൾക്കാത്തവർക്കായ് ....

"കില്ങ്ങ്ന്ന പാദ്സരം"-ഒന്ന്
  "കില്ങ്ങ്ന്ന പാദ്സരം"-രണ്ട് "
"കില്ങ്ങ്ന്ന പാദ്സരം"-മൂന്ന് 
"കില്ങ്ങ്ന്ന പാദ്സരം"-നാല് "
"കില്ങ്ങ്ന്ന പാദ്സരം"-അഞ്ച്