Saturday, April 30, 2016

അകലങ്ങളിലെ ഇന്ത്യ ..!!!


രോ അവധിക്കാലത്തിനു മുമ്പും ഒരു സാധാരണ പ്രവാസിയെ പോലെ പലയാത്രകളും "പ്ലാൻ"ചെയ്യാറുണ്ടെങ്കിലും ഒന്നും നടക്കാറില്ലായിരുന്നു.പതിവുപോലെ ഇത്തവണയും പ്ലാനിംഗ് തകൃതിയായ്നടന്നു .ഞാനും നിഖിലും അക്നിമും അടക്കം പ്രവാസികൾ മൂന്ന് ,പിന്നെ നാട്ടുവാസികൾ ശ്രീജിത്തും അനൂപും.എല്ലാവരെയും ഒരുമിച്ചു ഇനി കിട്ടാൻ സാധ്യത ഇല്ലാത്തതിനാൽ ഇപ്രാവശ്യം എന്തായാലും "ടൂർ "പോകണം എന്നു തന്നെ ടെലിമെട്രി ,വാട്സാപ് മെട്രി  തുടങ്ങിയവ നടത്തി തീരുമാനിച്ചു .
"പോകുന്നെങ്കിൽ കേരളത്തിനു പൊറത്ത് പൊണം " 
ആവശ്യം ഒറ്റക്കെട്ടായിരുന്നു. കേരളത്തിലെ നാലു ചെറുപ്പക്കാർ ഒത്തുകൂടി ടൂർ  ആലോചിച്ചാൽ ആദ്യം മനസ്സിൽ വരുന്ന സ്ഥലം .."ഗോവ !!!"
"അത് തന്നെ ഫിക്സ് ചെയ്തു കളയാം "
കണ്ണൂരിൽ നിന്ന് കാറിൽ പോവുകയാണെങ്കിൽ ,കിലോമീറ്ററുകൾ കുറേ  ഉണ്ട്..എങ്കിലും പോകാം.

ങ്ങനെ ഗോവൻ സ്വപ്നങ്ങളുമായ് നാട്ടിൽ വിമാനമിറങ്ങി.രണ്ടു ദിവസത്തിനുള്ളിൽ ഗോവൻ ടൂർ!!വീട്ടുകാരും നാട്ടുകാരും എന്ത് വിചാരിച്ചാലും പോയേ പറ്റൂ.പക്ഷേ കൂട്ടത്തിൽ പെണ്ണ് കെട്ടി പെട്ടു പോയ അക്നിമിന് മധുവിധു ദിനങ്ങൾ കുറഞ്ഞു പോകുമോ എന്നൊരു ചിന്ത.അതോ ഇനി പെണ്ണുമ്പിള്ള "ഞാനില്ലാതെ നിങ്ങൾ പോണ്ട "എന്ന് പറഞ്ഞോ എന്തോ ?
"എടാ സൌദിയിലേക്ക് തിരിച്ചുപോകാൻ ഒരാഴ്ച പോലും ഇല്ല.ഞാൻ വരണോ ?"
ഗോവൻ ടൂറിനായ് (അതോ മധു വിധുവിനോ ?)അവധി നീട്ടിയതാണ് .അങ്ങനെ യാത്രയിലെ ഒരംഗം കുറഞ്ഞു .ഒരു നല്ല ഡ്രൈവറും പോയി.

 പ്ലാൻ ചെയ്ത  യാത്രാരംഭ ദിവസം അങ്ങനെ തെറ്റി.വേറൊരു ദിവസത്തിനായി  പിന്നെ തിരക്കിട്ട ചർച്ചകൾ ..ഇതിനിടയിൽ നാട്ടുവാസികൾക്ക് ജോലി തിരക്കും കൂടി.അങ്ങനെ യാത്ര ഏതെങ്കിലും ശനി ,ഞായർ ദിവസം ആക്കാൻ തത്വത്തിൽ തീരുമാനം ആയി.
ഒടുവിൽ കാത്തിരുന്ന ദിവസം എത്തി.പക്ഷേ കഥയിൽ വീണ്ടും ട്വിസ്റ്റ്‌ !നിയുക്ത സാരഥി ശ്രീജിത്തിന് ഒരു വൈക്ല്യഭ്യം.
".കാറുമെടുത്ത് ഗോവയിൽ പോകുവാ എന്ന് എങ്ങനെ വീട്ടിൽ  പറയും?പ്രശ്നമാ ..അതുകൊണ്ട് മൂകാംബികയിൽ  പോകുന്നേ എന്നെ പറയാവൂ !"
"അങ്ങനെ മൂകാംബികയിൽ പോകുന്നു എന്ന്  കള്ളത്രം പറയണ്ട ,മൂകാംബികയിൽ പോയി,അതുവഴി ഗോവയിൽ പോകാം .."

ങ്ങനെ മൂകാംബിക ദേവിയെ മനസ്സിൽ വിചാരിച്ച്  യാത്ര ആരംഭിച്ചു .വെള്ളിയാഴ്ച രാത്രിയിൽ ആരംഭം.അർദ്ധരാത്രിക്കും പുലർച്ചയ്ക്കും ഇടയിലുള്ള ശുഭ മുഹൂർത്തത്തിൽ മൂകാംബികയിൽ എത്തി .എപ്പോഴും  താമസിക്കാറുള്ള അമ്മ ലോഡ്ജിൽ ഒരല്പം വിശ്രമം ,കുളികഴിഞ്ഞു അമ്പലത്തിൽ പ്രാർത്ഥിച്ചു ,പിന്നെ ടൂറുകളുടെ അത്യാവശ്യ  ഘടകം "ഫോട്ടോഗ്രാഫി ..".
വീട്ടുകാർ പറഞ്ഞു ഏല്പിച്ച വഴിപാടുകൾ കഴിച്ചു ,പഞ്ചാമൃതവും ലഡ്ഡുവും വാങ്ങി തിരികെ ലോഡ്ജിലേക്ക് .എപ്പോഴും സംഭവിക്കുന്നതാണ് ,മൂകാംബിക ദർശനം കഴിഞ്ഞാൽ എന്തെങ്കിലും വെളിപാട് ഉണ്ടാകും ,കലാകാരന്മാർ വീണ്ടും വീണ്ടും അവിടെ പോകുന്നത് അതുകൊണ്ട് തന്നെയാണ് .ഇപ്രാവശ്യം നമ്മൾ നാലുപേർക്കും ഒരുമിച്ചാണ് വെളിപാട് ഉണ്ടായത്.

"എടാ ഗോവയിൽ പോണോ ?എന്തിനാടാ ഈ ചൂടത്ത് ?അല്ലേലും ആടെ എന്ത് ന്നാ ഉള്ളേ ?"
"നമ്മക്ക് വേറെ എങ്ങോട്ടെങ്കിലും പോയാലോ ?"
"വേറെ അടുത്തു ഏതാ സ്ഥലം?"
"ഹംപിക്ക് വിട്ടാലോ ? എനിക്ക് പണ്ട് പോയിട്ട് കണ്ടു മതിയായില്ല "ശ്രീജിത്ത്‌ മുമ്പ് പോയിട്ടുള്ള സ്ഥലമാണ് .

കിലോമീറ്ററുകൾ ,വഴികൾ ,ഉടൻ തന്നെ ഗൂഗിൾ ചെയ്തു ..ദൂരം കുറച്ചുണ്ട് ..എന്നാലും ..പോയേക്കാം ..പിന്നെ എല്ലാം പെട്ടന്നായിരുന്നു .ജി പി എസ്സിൽ ട്രിപ്പ്‌ സെറ്റ് ചെയ്തു .കൊല്ലൂർ -ഷിമോഗ റോഡ്‌ വഴി ,ഹരിഹർ,  ഹോസ്പെട്ട് ...പിന്നെ ഹംപി !

കൊല്ലൂർ കഴിഞ്ഞു ചുരം കയറി കാനന ഭംഗിയിലൂടെ മനോഹര യാത്ര അങ്ങനെ ആരംഭിച്ചു.കുടജാദ്രിയിലേക്ക് പോകുന്ന കാനന പാതകളിലൂടെ  കാർ കുതിച്ചു പാഞ്ഞു .താഴെ നീണ്ട കൊക്കകൾ ,വലിയ വലിയ മരങ്ങൾ.കൊല്ലൂരിന്റെ അതിർത്തിയും വനാന്തരങ്ങളും കഴിഞ്ഞ് കർണാടകയിലെ ഉൾനാടൻ ഗ്രാമങ്ങളിലൂടെ ആയി യാത്ര.മൊബൈലിലെ  ഓഫ്‌ ലൈൻ ജി പി എസ് അപ്ലിക്കേഷൻ ആണ് വഴികാട്ടി.വിശാലമമായ സംസ്ഥാന ഹൈവേയുടെ ഇരുവശവും കണ്ടാൽ പ്രിയദർശൻ സിനിമയിലെ ഗ്രാമങ്ങൾ പോലെയുണ്ട് .ഉഴുതു മറിച്ചിട്ട വയലുകളിൽ പണ്ട് സാമൂഹ്യ പാഠത്തിൽ പഠിച്ച എക്കൽ മണ്ണോ പശിമരാശി മണ്ണോ ആണ് .ഉണങ്ങിയ ചോളപ്പാടങ്ങൾ ആണ് എങ്ങും .വിളവെടുപ്പ് കഴിഞ്ഞു എന്ന് തോന്നുന്നു .ഉണങ്ങിയ ചോള ച്ചെടികൾ കൂനയായി കൂടിയിരിക്കുന്നു .കുറേ പോയപ്പോൾ തുറസ്സായ ഒരു റോഡ്‌ എത്തി .ഇരുവശത്തുനിന്നും ആൽമരങ്ങൾ റോഡിലേക്ക് ഇടയ്ക്കിടെ എത്തി നോക്കുന്നു.പാശ്ചാത്തലത്തിൽ ഇല കൊഴിക്കാൻ പോകുന്ന മരങ്ങൾ !ഫോട്ടോ എടുക്കാൻ പറ്റിയ സ്ഥലം ! അങ്ങനെ അവിടെ ഇറങ്ങി ...വിവിധ ആംഗിളുകളിൽ ഫോട്ടോകൾ  ചറ.. പറാ ക്ലിക്കി.

ഗ്രാമങ്ങൾക്ക് നടുവിലൂടെ ......

യാത്ര വീണ്ടും തുടർന്നു .ഇഷ്ടിക ചൂളകളായിരുന്നു അടുത്ത കാഴ്ച ,ഉയരത്തിൽ കെട്ടിപ്പൊക്കിയ ചൂളകൾ .റോഡിനു ഇരുവശവും ചെറിയ ചെറിയ അരുവികളും ജലാശയങ്ങളും കാണാമായിരുന്നു. 
ഇഷ്ടിക ചൂളകൾ ....

കാർ ഷിമോഗ ജില്ലയിലെത്തി.പെട്ടന്ന് വലതു വശത്ത്  ഒരു പഴയ കോട്ട കണ്ണിൽ പെട്ടു ,വണ്ടി റിവേഴ്സ് എടുത്തു കോട്ടയിൽ കയറി .കണ്ടാൽ നമ്മുടെ ബേക്കൽ കോട്ടയുടെ അതേ ഛായ.പക്ഷേ പുനരുദ്ധാരണം നടന്നു കൊണ്ടിരിക്കുന്നു.നമ്മൾ സാഗർ -ഹോസ് നഗർ റോഡിൽ നാഗര എന്ന സ്ഥലത്തെ ബിടാന്നുർ കോട്ടയിലാണ് .നൂറ്റാണ്ടുകൾക്കു മുമ്പ് കേലടി രാജാക്കന്മാർ പണിതു ശിവപ്പ നായക് പുതുക്കിപ്പണിത കോട്ട .വൈകുന്നേരത്തിനു മുമ്പ് ലക്ഷ്യ സ്ഥാനത്ത് എത്തേണ്ടത് കൊണ്ട് വിശാലമായ കോട്ടയിൽ അധിക സമയം ചിലവഴിച്ചില്ല .അല്പം ഫോട്ടോകൾ അവിടുന്നും ക്ലിക്കി .
ബിടാന്നൂർ കോട്ടയുടെ ഒരു വശം....

യാത്ര വീണ്ടും ഗ്രാമാന്തരങ്ങളിലൂടെ തുടർന്നു .റോഡിലും വയലുകളിലും പറമ്പുകളിലും എല്ലാം പശുക്കളാണ്.ചെറിയ മോട്ടോർ സൈക്കിളിലും കാളവണ്ടികളിലും ആണ് ആൾക്കാരുടെ സഞ്ചാരം.സമയം ഉച്ചയേ ആയിട്ടുള്ളൂ എങ്കിലും സ്കൂൾ കഴിഞ്ഞു രണ്ടു കുട്ടികൾ കാളവണ്ടിയിൽ മടങ്ങി പോകുന്നു .അച്ഛനായിരിക്കാം കൂടെ .ഫോട്ടോ എടുക്കാൻ നോക്കിയപ്പോൾ രണ്ടുപേരും മുഖം കുനിച്ചു .
"ഫോട്ടോ എടുക്കരുത് ചേട്ടാ ...."
റെയിൽവേ ഗേറ്റുകളും ലെവൽ ക്രോസ്സുകളും ഇടയ്ക്കിടെ ഉണ്ട്.ചെറിയ പാലങ്ങളും ,കുഞ്ഞു നദികളും മനോഹര കാഴ്ചകൾ ആയിരുന്നു.പെട്ടന്ന് റോഡ്‌ ബ്ലോക്കായി .നാഷണൽ പെർമിറ്റ്‌ ലോറികളും ,ആൾക്കാരെ കുത്തി നിറച്ച വലിയ ഓട്ടോറിക്ഷകളും എല്ലാം നിര നിരയായി നിരന്നു .പിന്നെ അല്ലേ കാര്യം പിടികിട്ടിയത് ,നൂറുകണക്കിന് ആടുകളുമായി ആട്ടിടയന്മാർ .ഇടുങ്ങിയ പാലത്തിലൂടെ കടന്നു വരികയാണ് .അതൊരു ഒന്നൊന്നര കാഴ്ചതന്നെ ആയിരുന്നു .നിറയെ പൊടി പാറ്റി ആട്ടിൻ പറ്റങ്ങൾ ..മെല്ലെ മെല്ലെ കാർ പിന്നെയും നീങ്ങി .

ആട്ടിന്‍പറ്റം....

സാരഥി ശ്രീജിത്ത്‌ 'ഫുൾ ഫോമിൽ 'ആണ് .ജി പി എസിൽ ചേച്ചി 'ലെഫ്റ്റ്.... റൈറ്റ് 'എന്ന് പറയുന്നതും മാത്രമല്ല ഇടയ്ക്ക് പെട്ടന്നു റൂട്ട് മാറ്റി നമ്മളെ പറ്റിക്കുകയും ചെയ്യുന്നുണ്ട്. ഒരു  വളവു കഴിഞ്ഞപ്പോൾ ഒരു വലിയ ക്ഷേത്ര ഗോപുരമായിരുന്നു അടുത്ത കാഴ്ച.ഒരു സിദ്ധിവിനായക ക്ഷേത്രം,നിറയെ നിറങ്ങൾ പൂശിയ ശില്പങ്ങളാൽ നിറഞ്ഞ ഗോപുരം.
ആട്ടിടയനും ചങ്ങാതിമാരും ....
രു കുന്നിറങ്ങിയതും അത്ഭുത കാഴ്ചയാണ് കണ്മുമ്പിൽ ! ടി വി യിലും സിനിമയിലും മാത്രം കണ്ടിട്ടുള്ള സൂര്യകാന്തിപ്പാടം ഒരാൾ പൊക്കത്തിൽ ,നല്ല ഭാരമുള്ള സൂര്യകാന്തി അങ്ങനെ വിരിഞ്ഞു നില്ക്കുകയാണ് .കണ്ണെത്താത്ത ദൂരം വരെ സൂര്യകാന്തികൾ .ദൂരെ മലയിൽ കാറ്റാടികൾ കറങ്ങിക്കൊണ്ടിരിക്കുന്നു.പൊരി വെയിലാ ണെങ്കിലും ഫോട്ടോ എടുക്കാതിരിക്കുന്നത്‌ എങ്ങനെ ?
സൂര്യകാന്തിയിൽ വന്നിരുന്ന തേനീച്ചയെ പോലും വെറുതെ വിട്ടില്ല .എടുത്തു ഫോട്ടോകൾ ധാരാളം .

കണ്ണെത്താദൂരം സൂര്യകാന്തികള്‍ ....

കാഴ്ചകൾ കണ്ടു കണ്ടു ഉച്ച ഭക്ഷണത്തിന്റെ കാര്യം പോലും മറന്നു പോയി."ഡാ ബത്തക്ക!" (തണ്ണി മത്തൻ )എന്ന് നിഖിൽ പറഞ്ഞപ്പോൾ ബത്തക്ക വിൽക്കാൻ വച്ചിട്ടുണ്ട് എന്നാണ് കരുതിയത്‌ ,പക്ഷെ കണ്ടത് പരന്നു കിടക്കുന്ന ബത്തക്ക പാടമാണ് .നാവിലെ കൊതി തീരും മുമ്പ് ഒരു പഴക്കട റോഡ്‌ സൈഡിൽ വന്നെത്തി .നിറയെ ബത്തക്കയും കൈതച്ചക്കയും  കപ്പക്ക( പപ്പായ)യും കൂട്ടിയിരിക്കുന്നു .പത്തു രൂപയ്ക്ക് ഒരു ചെറിയ പ്ലേറ്റിൽ ,വാഴയിലയിൽ ബത്തക്കയുടെ ചെറിയ കഷണങ്ങള്‍ ഉപ്പും മുളകും വിതറിയത് വാങ്ങി .പിന്നെ കൈതച്ചക്ക ,കപ്പക്ക എല്ലാം രുചിച്ചു ,വയറും നിറഞ്ഞു.ദൂരെ ഒരു ഗ്രാമത്തില്‍ നിന്നും ഈ പഴങ്ങള്‍ വില്‍ക്കാനായി ഹൈവേയില്‍ തമ്പടിച്ചിരിക്കുകയാണ് പഴക്കട ഉടമസ്ഥന്‍ .രാത്രിയും പകലും ഈ താല്‍കാലിക പന്തലില്‍ തന്നെ താമസം .
വെയില്‍ മെല്ലെ താണുകൊണ്ടിരുന്നു.തികച്ചും പാവങ്ങളായ കര്‍ഷകരുടെ ഇടയിലൂടെയാണ് നമ്മുടെ കാർ  പോയിക്കൊണ്ടിരിക്കുന്നത്.നമ്മൾ ബെല്ലാരി ജില്ലയിൽ പ്രവേശിച്ചിരുന്നു. ചെറിയ ചെറിയ വീടുകളാണ് റോഡിനു ഇരു വശവും.നാലഞ്ച് വീടുകള്‍ക്ക് ഇടയില്‍ കുത്തനെയുള്ള സിലിണ്ടര്‍ കുടിവെള്ള സംഭരണികള്‍ ഉണ്ട്.വീടുകള്‍ക്കും വീട്ടുമുറ്റങ്ങള്‍ക്കും എല്ലാം വരണ്ട മണ്ണിന്റെ നിറവും മണവുമാണ്.പക്ഷേ വയലുകളില്‍ നിറയെ പച്ചപ്പും.ചില വരണ്ട വയലുകളിലാവട്ടെ ,സ്ത്രീകള്‍ കൂടിയിരുന്നു ഉണക്ക മുളകുകള്‍ കൂട്ടിയിട്ടു ഉണക്കുന്നുണ്ട്.മറ്റുചില വയലുകളില്‍ പച്ചമുളകും ,തക്കാളിയും.വരണ്ട മലനിരകള്‍ ഒമാനിലെ മലനിരകളെ ഓര്‍മിപ്പിച്ചു .ഈ മലകളും ഒരു കാലത്ത് കടലിനു അടിയില്‍ ആയിരുന്നിരിക്കാം.ഇടയ്ക്കിടെ കാണുന്ന ജലാശയങ്ങളിൽ പോത്തും കുട്ടികളും മുതിർന്നവരും ഒരുമിച്ചു കുളിക്കുന്നു ,തുണി അലക്കുന്നു,കളിക്കുന്നു.
ജലാശയങ്ങൾ ......
ഗ്രാമങ്ങള്‍ കഴിഞ്ഞാല്‍ ഇടയ്ക്കിടെ ചെറിയ ചെറിയ പട്ടണങ്ങള്‍ കാണാം.അവിടേക്കുള്ള റോഡില്‍ അറ്റകുറ്റപണികള്‍ നടക്കുകയാണ് .ഹൈവേയുടെ ഭാഗമായുള്ള റോഡില്‍ കോണ്ക്രീറ്റ് സ്ലാബുകള്‍ നിരത്തുകയാണ് .ആ ജോലിക്കും സദ്ദേശ വാസികള്‍ തന്നെയാണ് .വാര്‍ത്തുവെച്ച സ്ലാബുകളില്‍ വെള്ളം നനയ്ക്കാനായി ഉണങ്ങിയ അടയ്ക്കയുടെയും തേങ്ങയുടെയും തൊണ്ട് ചാക്കില്‍ കൊണ്ടുവന്നു വിരിക്കുകയാണ് .റോഡില്‍ പത്തിനടുത്ത് ആളുകള്‍ കയറുന്ന ഓട്ടോറിക്ഷയാണ് താരം.നമ്മുടെ നാട്ടില്‍ ചന്തയില്‍ പോലും ഇപ്പോള്‍ കാണാതായ കാളവണ്ടികള്‍ തട്ടിയിട്ട് നടക്കാന്‍ പറ്റാത്ത അവസ്ഥയാണ് ഇവിടെ .കാളകള്‍ നമ്മുടെ നാട്ടിലെ പോലെ ചാവാലികള്‍ അല്ല്ല ,നല്ല ഉശിരന്‍ കാളക്കൂറ്റന്മാര്‍ ..

ദ്യമായിട്ട് കേരളത്തിന്‌ പുറത്തു ഇതുപോലുള്ള ഗ്രാമങ്ങളിലൂടെ ,അഥവാ ചെറു പട്ടണങ്ങളിലൂടെ പോയതുകൊണ്ടാവാം ,വളരെ നല്ല ഒരു അനുഭവമായിരുന്നു.നമ്മള്‍ കേരളീയര്‍ എത്ര ഭാഗ്യവാന്മാരാണ് എന്ന് തോന്നിപ്പിച്ചു ചില കാഴ്ചകള്‍ .വിലപേശി വാങ്ങുന്ന പച്ചക്കറികളും പഴങ്ങളും എങ്ങനെയാണ് നമ്മുടെ പീടികകള്‍ വരെ എത്തുന്നത്‌ എന്ന് കണ്ടു .അതിനു പിന്നിലുള്ള അദ്ധ്വാനവും,കഷ്ടപ്പാടും.ടെക്നോളജികള്‍ എത്തിയിട്ടുണ്ടെങ്കിലും ഇപ്പോഴും പച്ചമനുഷ്യരായി തന്നെ ജീവിക്കുന്നവര്‍.

വൈകുന്നേരത്തോടെ ലക്ഷ്യസ്ഥാനമായ ഹോസപെട്ടില്‍ എത്തി.ഇന്ന് അവിടെ മുറിയെടുത്തു താമസിക്കണം .ഹംപിയില്‍ നല്ല താമസ സ്ഥലങ്ങള്‍ ഇല്ല .രാത്രിക്ക് മുന്‍പുള്ള സമയത്തിനുള്ളില്‍ തുംഗഭദ്ര അണക്കെട്ടും പൂന്തോട്ടവും കാണാനാണ് പ്ലാന്‍ .എല്ലാം അതുപോലെ നടന്നു .പിറ്റേന്നു രാവിലെ തന്നെ  കുളിച്ചൊരുങ്ങി ഹംപിയിലേക്കുള്ള യാത്ര തുടങ്ങി .ഹോസ്പെട്ടില്‍ നിന്നും വളരെ കുറച്ചു ദൂരമേ ഉള്ളൂ ഹംപിയിലേക്ക്.നൂറായിരം കഥകള്‍ ഉറങ്ങുന്ന ഒരു ചരിത്ര നഗരം തന്നെയായിരുന്നു ഹംപി .ബാഹുബലി സിനിമയിലൊക്കെ വി. എഫ്. എക്സ് നഗരങ്ങളും കൊട്ടാരങ്ങളും കാണുമ്പോഴൊക്കെ നമ്മുടെ രാജ്യത്ത് ഇങ്ങനെയുള്ളവയൊക്കെ ഉണ്ടായിരുന്നോ എന്ന് സംശയിച്ചിരുന്നതൊക്കെ നേരിട്ട് കണ്ടപ്പോള്‍ വിശ്വസിക്കേണ്ടി വന്നു .(ഹംപിയിലെ കാഴ്ചകൾ എത്ര പറഞ്ഞാലും തീരില്ല ,ആ കഥകൾ പിന്നെ ഒരിക്കൽ വിശദമായി പറയാം )


ഹംപിയിലെ വിറ്റാല ക്ഷേത്രം.
നാളെ തിങ്കളാഴ്ച ,അനൂപിന് ജോലിക്ക് പോയേ പറ്റൂ ,യാത്ര അതുകൊണ്ട് അവസാനിപ്പിച്ചേ തീരൂ.ഹംപിയെ കണ്ടു കൊതി തീർന്നില്ല ,ഹനുമാന്റെ ജന്മസ്ഥലം എന്ന് പറയപ്പെടുന്ന അഞ്ജനാദ്രി മല കയറണം എന്നുണ്ടായിരുന്നു.സമയം സന്ധ്യയായി.മനസ്സില്ലാ മനസ്സോടെ മടക്കയാത്ര ആരംഭിച്ചു .നാളെ രാവിലെ എട്ടു മണിക്ക് കാസർഗോഡ്‌ എത്തണം .ദൂരം കുറഞ്ഞ വഴി വീണ്ടും ജി,പി.എസിൽ പരതി .ജി .പി എസ് ചേച്ചി ഏറ്റവും ദൂരം കുറഞ്ഞ വഴി എന്ന് പറഞ്ഞു കാണിച്ചത് വന്ന വഴി അല്ലായിരുന്നു .രാത്രി ഭക്ഷണം നേരത്തെ കഴിച്ചതുകൊണ്ട് സാരഥി , കാർ ഫുൾ സ്പീഡിലാണ് വിടുന്നത് .ഇടയ്ക്ക് വച്ച് മുംബൈയിലേക്കുള്ള എക്സ്പ്രസ്സ്‌ റോഡിലേക്ക് കയറിപ്പോയെങ്കിലും കഷ്ടിച്ച് രക്ഷപ്പെട്ടു പുറത്തെത്തി.ഗൾഫിൽ മാത്രമല്ല നമ്മുടെ രാജ്യത്തും 140 സ്പീഡിൽ പോകാൻ പറ്റുന്ന റോഡ്‌ ഉണ്ടെന്നു മനസ്സിലായി.

കാറിൽ ഇന്ധനം നിറച്ചു,വീണ്ടും യാത്ര തുടർന്നു.ജി .പി എസ് ചേച്ചി ഞങ്ങളെ വീണ്ടും വഴി തെറ്റിച്ചു തെറിച്ചു ഉപദേശം തന്നുകൊണ്ടിരുന്നു. കറങ്ങി തിരിഞ്ഞു വീണ്ടും ഞങ്ങൾ ഹരിഹർ -ഷിമോഗ റൂട്ടിൽ തന്നെ എത്തി .ഇന്നലെ പകൽ വെളിച്ചത്തിൽ കണ്ട അതേ വഴികളിലൂടെ വീണ്ടും ഒരു യാത്ര .ഹോ ..ആ മനോഹര സ്ഥലങ്ങളി ലൂടെ വീണ്ടും ഒരു യാത്ര !അതിനു ഭാഗ്യം ചെയ്തിരിക്കുന്നു!
പകൽ വെയിലിൽ തെളിഞ്ഞു കണ്ട റോഡിലൂടെ രാത്രിയാത്ര,സംസ്ഥാന ഹൈവേ ആണെങ്കിലും റോഡിലൊന്നും വഴിവിളക്കുകൾ ഇല്ല .രാത്രി ഒമ്പത് മണിയോട് അടുത്തിരിക്കുന്നു .വീടുകളും ഉറങ്ങിയിരിക്കുന്നു .
"ഡാ ..നാളെ കോപ്പി ചെയ്യാൻ ടൈമില്ല ..ഫോട്ടോസ് വൈ ഫൈ വഴി അയച്ചുതാടാ .."സാരഥി ശ്രീജിത്തിന്റെ ആവശ്യം നിഖിൽ നിരസിച്ചില്ല .തന്റെ പുത്തൻ s .l .r  ന്റെ വൈ ഫൈ ഓപ്ഷൻ ഓണാക്കി,ശ്രീജിത്തിന്റെ മൊബൈലുമായി പെയർ ചെയ്യാൻ തുടങ്ങിയ നിഖിലിന്റെ ഒരനക്കവും ഇല്ല.പിൻ സീറ്റിലേക്ക് നോക്കിയപ്പോൾ നാളെ ജോലിക്ക് പോകേണ്ട അനൂപ്‌ കൂർക്കം വലിച്ചു ഉറങ്ങുന്നു.നിഖിൽ "പ്ലിംഗനായി" വായ് പൊളിച്ചു ഇരിക്കുന്നു.
 "എടാ എന്ത് പറ്റി ? പെയർ ആകുന്നില്ലേ ?"
എന്റെ ചോദ്യത്തിന് അവൻ നല്കിയ ഉത്തരം എന്റെയും ശ്രീജിത്തിനെയും മാനസികമായി പിടിച്ചുലച്ചു .ഞങ്ങൾ ആകെ തകർന്നു പോയി .ഉത്തരം ഇതായിരുന്നു."ഡാ വൈ ഫൈ ഇനാബിൾ  ആക്കാൻ ചോദിച്ചതാണെന്ന് കരുതി ഞാൻ "do you  want to format s .d card ?"ക്ളിക്കിപ്പോയി ..എല്ലാ ഫോട്ടോയും പോയെടാ ..."

അവൻ പറ്റിക്കാൻ പറഞ്ഞതാണെന്ന് കരുതി ക്യാമറ വാങ്ങി നോക്കിയെങ്കിലും നിരാശ ആയിരുന്നു ഫലം.എല്ലാം പോയിരിക്കുന്നു.പാതി ഉറക്കത്തിൽ ചെയ്ത അവിവേകം ..ഫേസ് ബുക്കിലും ഇന്സ്ടഗ്രാമിലും ഒക്കെ പൊസ്റ്റാൻ വെച്ച ഫോട്ടോകൾ ,പ്രൊഫൈൽ പിക്ച്ചറുകൾ ,കവർ ഫോട്ടോകൾ ...എല്ലാം പോയില്ലേ ...ശ്രീജിത്തിനു വിഷമം അടക്കാനായില്ല.പെട്ടന്നു കാർ ഒന്ന് പാളി .റോഡിന്റെ അരികെ  ഇരുന്ന ഒരാളെ തട്ടി തട്ടിയില്ല എന്ന രീതിയിൽ കാർ ... കാറിന്റെ ലൈറ്റിന്റെ വെളിച്ചത്തിൽ കണ്ടു ...ഒരാൾ ചാടി എഴുന്നേറ്റു ഓടുന്നു.
"ഈ രാത്രി ഇവനൊക്കെ എന്ത് ചെയ്യുകാ ..ശല്യം .."
ശ്രീജിത്തിനു ദേഷ്യം അടക്കാനായില്ല .
"ഡാ ശ്രീജിത്തെ കാർഡിൽ നിന്നും ഡാറ്റ റിക്കവർ ചെയ്യാൻ പറ്റുമോ എന്ന് നോക്കാം ..ഭാഗ്യം ഉണ്ടെങ്കിൽ കിട്ടും .."
ഞാൻ പറഞ്ഞതും ശ്രീജിത്ത്‌ ഫോണെടുത്തു ഒരു സ്റ്റുഡിയോ സുഹൃത്തിനെ വിളിച്ചു ."ഫോൺ എ ഫ്രണ്ട് ..!"ലൈഫ് കിട്ടി ..
"സോഫ്റ്റ്‌വെയർ ഉണ്ട്.ഭാഗ്യമുണ്ടെങ്കിൽ കിട്ടും..കാർഡ്‌ ഇപ്പൊ തന്നെ ഊറി വെച്ചോ ..ഓവർ റൈറ്റ് ആക്കാതെ .."ശ്രീജിത്തിനു ആശ്വാസമായി ..എനിക്കും.

വീണ്ടും സന്തോഷത്തോടെ കാർ ചീറിപ്പാഞ്ഞു.കുറച്ചു ദൂരം പിന്നിട്ടപ്പോൾ വേറൊരുത്തനും റോഡിലോട്ടു കയറി സിഗരട്ട് വലിച്ചിരിക്കുന്നു .
"ഡാ ഇവനൊന്നും വേറെ സ്ഥലം കിട്ടീലെ ?"

"ഡാ ശ്രീജിത്തേ ,അയാൾ സിഗരറ്റ് വലിക്കാൻ ഇരിക്കുവല്ല ...തൂറാൻ ഇരിക്കുവാ !"

"പോടാ റോഡിലല്ലേ തൂറുവാ .."ശ്രീജിത്തിനു ഞാൻ പറഞ്ഞത് വിശ്വാസമായില്ല .കുറച്ചു ദൂരം പോയപ്പോൾ വീണ്ടും ചിലർ റോഡിൽ ഇരിക്കുന്നത് കണ്ടു .ഇക്കുറി ശ്രീജിത്ത്‌ കാറിന്റെ സ്പീഡ് കുറച്ചു .ലൈറ്റ് വൈഡ് ആക്കി.
"ശരിക്കും കണ്ടു ...!"ഉടുതുണിയും പൊക്കി പിടിച്ചു ഒരി കൈയ്യിൽ സിഗരറ്റും മറ്റേ കയ്യിൽ ഒരു മഗ് വെള്ളവുമായി സുഹൃത്തുക്കൾ അടുത്തടുത്തു വെളിക്കിരിക്കുന്നു .എത്ര മനോഹരമായ കാഴ്ച !വല്ല നാടോടികളും ആയിരിക്കും എന്ന ഞങ്ങളുടെ ചിന്ത അസ്ഥാനത്തായിരുന്നു.അത് ആ ഹൈവേയിലെ,റോഡിലെ,ഗ്രാമങ്ങളിലെ ഒരു സ്ഥിരം കാഴ്ചയായിരുന്നു.ഒരു ദൈനംദിന ശീലം.പണ്ട് നമ്മൾ അപ്പുറത്തെ വീട്ടിൽ ഒമ്പതരക്ക് 'ജയ് ഹനുമാൻ 'കാണാൻ പോയിരുന്നത് പോലെ രാത്രി ഒമ്പത് മണി കഴിഞ്ഞാൽ അവിടുത്തെ ഒരു പതിവ്.പുരുഷന്മാർ മാത്രമല്ല ,അടുത്ത ഒരു വളവു കഴിഞ്ഞപ്പോൾ സ്ത്രീകളും സാരിയും പൊക്കി ഇരിക്കുന്നു .ധൈര്യമുള്ള വനിതകൾ !!കവലകളിൽ 'വെളിക്കിരിക്കാൻ' വെള്ളം പാനിയിലും കുപ്പിയിലും ഉന്തുവണ്ടിയില്‍ കൊണ്ടുപോയി വിതരണം ചെയ്യുന്നുണ്ട് .നാട്ടുവർത്തമാനം ഒക്കെ പറഞ്ഞു അവർ അങ്ങനെ ഇരുട്ടിൽ ഇരിക്കുകയാണ് .റോഡിലൂടെ വാഹനങ്ങൾ ഇടയ്ക്കിടെ പോകുന്നുണ്ടെങ്കിലും ,വെളിച്ചം പരക്കുന്നുണ്ടെങ്കിലും ഒരു കൂസലുമില്ല .ഈയിടെ ആരോ ഫേസ്ബുക്കിൽ  പറമ്പിൽ വെളിക്കിരിക്കുന്നതിന്റെ ഗൃഹാതുര ഓർമ്മകൾ പങ്കുവെച്ചത് ഓർത്തുപോയി.നല്ല രസമായിരിക്കും ഈ വെളിക്കിരിക്കൽ .എന്തായാലും നാണമില്ലാതെ അടുത്തു അടുത്തു ഇരിക്കുന്നല്ലോ !ഇവിടൊന്നും സദാചാര പോലീസ് ഇല്ലായിരിക്കും.

കദേശം പത്തുമണിവരെ ഈ കാഴ്ച കണ്ടു കൊണ്ടേയിരുന്നു .ഇന്നലെ പകൽ കണ്ട മനോഹര ഗ്രാമങ്ങളുടെ വേറൊരു മുഖം .അവിടെയൊക്കെ കക്കൂസോ ,വെള്ളമോ ഇല്ലാഞ്ഞിട്ടല്ല ,ഈ കാഴ്ചകൾ എന്ന് ഉറപ്പാണ്‌.അഥവാ കക്കൂസ് ഇല്ലെങ്കിൽ വീടുകൾക്ക് പുറകിലെ സ്ഥലങ്ങളിലേക്ക് പോകാതെ ഇവർ ഹൈവേ റോഡ് തന്നെ തിരഞ്ഞെടുക്കാൻ കാരണം എന്താകാം ?" നാളെ രാവിലെ ഈ റോഡിന്റെ ഇരുവശങ്ങളും എങ്ങനെ ആയിരിക്കും ?ഇന്നലെ പകൽ റോഡരികിൽ  സംശയിക്കത്തക്ക രീതിയിൽ ഒന്നും കണ്ടിരുന്നില്ല .അപ്പോൾ  മനുഷ്യവിസർജ്യങ്ങൾ അവർ തന്നെ മാറ്റുന്നുണ്ടാകാം.
"എത്ര മനോഹരമായ കാഴ്ച !!"
"ചിന്തിക്കൂ ..ശൗചാലയം പണിയൂ "എന്ന് വിദ്യാബലാൻ ടി.വിയിൽ പറഞ്ഞു കൊണ്ടേയിരിക്കുന്നതിന്റെ ഗുട്ടൻസ് ഇപ്പോഴല്ലേ പിടികിട്ടിയത് .ചിന്തിക്കാൻ  കഴിയാത്തവർ നമ്മുടെ രാജ്യത്തു ഇപ്പോഴും ഉണ്ട്.ഈ നാട്ടിലും എം എൽ എ യും ,എം പി യും ഒക്കെ ഉണ്ടാകും.അവരൊക്കെ എന്തു ചെയ്യുന്നു ആവോ ?സ്വന്തം വീട്ടിലും വീട്ടിനടുത്തും കക്കൂസും ,ജല സ്രോതസ്സും ഉണ്ടായിട്ടും ഈ ജനങ്ങൾ പൊതു റോഡ്‌ കക്കൂസ് ആക്കുന്നതിൽ,നേരത്തെ തുടർന്നു വരുന്ന ഒരു ശീലമാണ് ഈ പ്രവൃത്തി എന്ന് കരുതേണ്ടിയിരിക്കുന്നു .കുട്ടികളും മുതിർന്നവരും ,സ്ത്രീകളും പുരുഷന്മാരും  എല്ലാം ഒരുമിച്ചു നാണം മറന്നു ,കഥ പറഞ്ഞു "ഓപ്പൺ എയറിൽ "കാര്യം സാധിക്കുന്നതിന്റെ സാംഗത്യം കേരളത്തിലെ സദാചാര  ഭീഷണി വർത്തമാനകാലത്തിന്റെ മുമ്പിൽ ഒരു നല്ല കാര്യം ആണെങ്കിലും ശുചിത്വവും ആരോഗ്യവും പരിഗണിക്കുമ്പോൾ തീർത്തും തെറ്റായ ഒരു കാര്യമാണ്.

പണ്ട് ചെറുപ്പത്തിൽ ഒന്ന് രണ്ടു പ്രാവശ്യം മുറ്റത്ത്‌ അപ്പിയിട്ടിട്ടുണ്ടെങ്കിലും പിന്നീടങ്ങോട്ട് കക്കൂസിൽ തന്നെ ആയിരുന്നു,അമ്മ ചിലപ്പോൾ പുറത്തു കാവൽ നിൽക്കും .ഇന്ന് 'കിഡ്സ്‌ ടോയ്ലെറ്റുകൾ 'സർവ സാധാരണം,ശീലങ്ങൾ നമ്മൾ ചെറുപ്പത്തിലേ പഠിപ്പിക്കുന്നു.ഹംപിയിലെ പുരാതന അവശിഷ്ടങ്ങളിൽ പോലും പുരാതന കക്കൂസുകളുടെ ശേഷിപ്പുകൾ ഉണ്ട്.വെറുതെ ടി.വിയിലും പത്രങ്ങളിലും പരസ്യം നല്കാതെ ജനങ്ങളിലേക്ക് നേരിട്ടിറങ്ങി ബോധവത്കരണം നടത്തേണ്ടിയിരിക്കുന്നു.അകലങ്ങളിലെ ഇന്ത്യയിലെ ജനങ്ങൾ ഇപ്പോഴും അകലെയാണ്.
ജലസ്രോതസ്സുകളിൽ നിന്നും നിശ്ചിത അകലത്തിൽ,വൃത്തിയുള്ള കക്കൂസുകളും സെപ്റ്റിക് ടാങ്കുകളും നിർമിച്ചു കൊടുത്താൽ പോരാ,അവ ഉപയോഗിക്കാനുള്ള വിവേകവും പറഞ്ഞു കൊടുക്കേണ്ടിയിരിക്കുന്നു.

യാത്ര കഴിഞ്ഞു തിരിച്ചെത്തി ഈ കാര്യം വേറൊരു കൂട്ടുകാരനോടു പറഞ്ഞപ്പോൾ അവൻ പറഞ്ഞകാര്യം അതിലും രസമാണ് .നമ്മുടെ കേരളത്തിൽ ഇതൊന്നും നടക്കുന്നില്ല എന്ന് പറയാൻ പറ്റില്ല ,കാരണം അതിനു തെളിവ് അവന്റെ വീട് തന്നെയാണ് .കടപ്പുറത്തിനു അടുത്തുള്ള  അവന്റെ വീട്ടില് വർഷങ്ങൾക്കു മുൻപേ കക്കൂസ് ഉണ്ടെങ്കിലും അവനും വീട്ടുകാരും ഇപ്പോഴും കാര്യം സാധിക്കുന്നത്‌ കടപ്പുറത്തെ പാറക്കുപിറകിലും ,കടലിലും ആണ്.പക്ഷേ  രാത്രിയിൽ ഒറ്റയ്ക്ക് ഒറ്റയ്ക്ക് ആണെന്ന് മാത്രം.അതേ കടൽ തീരത്താണ് "എന്ജോയ്‌ "ചെയ്യാൻ വിനോദ സഞ്ചാരികൾ വരുന്നതും.പുകവലിക്കുന്നത് പോലെ മദ്യപിക്കുന്നത് പോലെ ഒരു ദുശ്ശീലം.. അത് കടപ്പുറം മലിനമാക്കുന്നു,കടൽ മലിനമാക്കുന്നു,പുഴകൾ,പറമ്പുകൾ ,നമ്മുടെ പരിസരങ്ങൾ ഒപ്പം മനസ്സും മലിനമാക്കുന്നു .


(എഴുതി...എഴുതി പോസ്റ്റ്‌ അല്പം നീണ്ടു പോയതിൽ ക്ഷമിക്കുക....
അഭിപ്രായങ്ങളും നിർദേശങ്ങളും താഴെ കമ്മന്റായി പങ്കുവെക്കുക..)

11 comments:

© Mubi said...

ചായിപ്പില്‍ ഇപ്രാവശ്യം ഹംപി യാത്രയാണല്ലോ... നിങ്ങള്ക്ക് നഷ്ടപ്പെട്ട ഫോട്ടോസ് തിരികെ കിട്ടിയോ? വിവരണം കൊള്ളാട്ടോ, അടുത്ത പ്രാവശ്യം നാട്ടില്‍ വരുമ്പോള്‍ പോകണം..

അന്നൂസ് said...

ഇഷ്ടമായി. അവസാനം വളരെ പ്രസക്തമായ ഒരു വിഷയത്തില്‍ എത്തി നിന്നു. വിവരിക്കപ്പെടും എന്ന് കരുതിയ ഹംപിയെ ഒഴിവാക്കിയത് നിരാശ പടര്ത്തി എന്നറിയിക്കട്ടെ. ലാളിത്യം തുളുമ്പുന്ന എഴുത്തിനു ആശംസകള്‍.

ആദര്‍ശ് | Adarsh said...

@ Mubi :
ചായിപ്പില്‍ വീണ്ടും കണ്ടതില്‍ സന്തോഷം Mubi,നഷ്ടപ്പെട്ട ഫോട്ടോകളില്‍ ഭൂരിഭാഗവും "റിക്കവര്‍ "ചെയ്തു.പക്ഷെ ചിലത് നഷ്ടപ്പെട്ടു.Image quality പഴയതു പോലെ കിട്ടിയുമില്ല.

@ അന്നൂസ്:

ചായിപ്പില്‍ വന്നതില്‍ സന്തോഷം അന്നൂസ് ഭായ്,ഹംപിയെക്കുറിച്ച് എഴുതാന്‍ ഒരുപാടുണ്ട്.പോസ്റ്റ്‌ വീണ്ടും നീണ്ടു പോകും എന്നതിനാല്‍ ഒഴിവാക്കിയതാണ്.ഹംപി കാഴ്ചകള്‍ ഉടന്‍ തന്നെ വേറൊരു പോസ്റ്റായി ഇടാം.വീണ്ടും ചായിപ്പില്‍ വരണം ..:)

ajith said...

ഇൻക്രെഡിബിൾ ഇൻഡ്യ. ശരിക്കും
പണ്ട് ആന്ധ്രയിൽ ജോലി ചെയ്തിരുന്ന സമയത്ത് വർത്തമാനം പറഞ്ഞ് അടുത്തടുത്തിരുന്ന് മലവിസർജനം ചെയ്യുന്നവരെ കണ്ട് അത്ഭുതപ്പെട്ടു. അത് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും തുടരുന്നു എന്നറിഞ്ഞ് അതിലേറെ അത്ഭുതം

സുധി അറയ്ക്കൽ said...

പാലത്തിൽ നിരന്ന ആട്ടിൻ പറ്റത്തിന്റെ ചിത്രങ്ങൾ പ്രതീക്ഷിച്ചു.

നല്ല ഒഴുക്കുള്ള അനായാസ വിവരണം.

ആദര്‍ശ് | Adarsh said...

@ ajith :

ഇപ്പോഴും തുടരുന്നു ,അജിത്തേട്ടാ..ചായിപ്പില്‍ മുടങ്ങാതെ കാണുന്നതില്‍ വളരെ സന്തോഷം ..:)

@ സുധി അറയ്ക്കൽ:
പാലത്തില്‍ നിന്നുള്ള ദൃശ്യം കിട്ടിയില്ല,പാലത്തിനു ശേഷമുള്ള ചിത്രം ചേര്‍ത്തിട്ടുണ്ട്.പിന്നെ എന്റെ ഒരു രേഖാചിത്രം ഉണ്ടായിരുന്നു,കണ്ടില്ലേ :) ;) ചായിപ്പിലെ ഈ പതിവ് സന്ദര്‍ശത്തിന് പ്രത്യേക നന്ദി സുധി ഭായ് ..


ശിഹാബ് മദാരി said...

സംസാര രീതി മാറ്റി ചുരുക്കി എഴുതൂ -

Pheonix said...

ഇവിടെ ആദ്യമാണ്. ഇഷ്ടപ്പെട്ടു എഴുത്ത്.

j!Ks said...

വീണ്ടും ഒരു സിമ്പിൾ ആയ വിവരണം... ഒരുപാട് ആഗ്രഹങ്ങൾ ഉള്ള സ്ഥലങ്ങള നേരിട്ട് കണ്ടത് പോലെ ഒരു ഫീൽ.. ഫോർമാറ്റ്‌ ആയി പോയ memory കാർഡ്‌ recover ആയി എന്ന് പ്രതീക്ഷിക്കുന്നു... ആ മനോഹരമായ ചിത്രങ്ങള്ൾക്ക് വേണ്ടി കാത്തിരിക്കുന്നു....

ഒരു ചെറിയ നിരാശ ഉള്ളത് ഹംപിയുടെ വിവരണം കുറച്ചു ചെറുതായി പോയോ എന്ന് ഒരു സംശയം.. ;) എന്തായാലും മനോഹരമായ മറ്റൊരു subject ഉടൻ പ്രതീക്ഷിക്കുന്നു.. :)

Very Happy to have a creative friend like you :) Stay blessed :)

ആദര്‍ശ് | Adarsh said...


@ശിഹാബ്:
സന്ദർശനത്തിനും അഭിപ്രായത്തിനും നന്ദി ..

@ Pheonix Bird :

ചായിപ്പിൽ പറന്നു വന്നതിൽ സന്തോഷം വീണ്ടും വരണേ ...:)

@ j!Ks :

ജിക്കൂ ,ചായിപ്പിലെ ഈ സ്ഥിരം സന്ദർശത്തിനു നന്ദി ..ഹംപി വേറൊരു പോസ്റ്റാക്കാൻ മാറ്റി വെച്ചതാണ് ,അത്രയ്ക്ക് ഉണ്ട് പറയാൻ.ഫോർമാറ്റ്‌ ആയി പ്പോയ മുഴുവൻ ചിത്രങ്ങളും കിട്ടിയില്ല ,"റിക്കവർ ചിത്രങ്ങൾ "ഹംപി പോസ്റ്റിൽ ഇടുന്നതായിരിക്കും :)

Anju said...

Nannayittund... Hampiye kurichulla vivaranam udan thanne pratheeshikkunnu..