Saturday, June 27, 2020

കൊറോണക്കാലത്ത്‌ ഒരു ഷോർട്ട് ഫിലിം ഉണ്ടാക്കിയ കഥ !


ബുദാബിയിലെ അത്യാവശ്യം തിരക്കുള്ള ഒരു ഗവൺമെന്റ്  ആശുപത്രി..2020 ന്റെ തുടക്കത്തിൽ സാധാരണ ചികിത്സാ വിഭാഗങ്ങളെല്ലാം നിർത്തലാക്കി പകർച്ചവ്യാധി ചികിത്സകള്ക്കു മാത്രമായി നവീകരണം നടത്താൻ തീരുമാനിക്കുന്നു .അത് മുൻകൂട്ടി കണ്ടിട്ടെന്ന പോലെ ദാ വരുന്നു,കൊറോണ ..! നവീകരണ പ്രവർത്തനങ്ങൾ പിന്നെ യുദ്ധകാലാടിസ്ഥാനത്തിൽ ആയിരുന്നു .എല്ലാ വാർഡുകളും ഒന്നൊന്നായി അടക്കുന്നു,രോഗികളെ മറ്റു ആശുപത്രികളിലേക്ക് മാറ്റുന്നു ,ഇടിക്കുന്നു ,പൊളിക്കുന്നു ആകെ ബഹളം .ഇതിനിടയിൽ ലോകത്തു എല്ലായിടത്തും എന്ന പോലെ U.A .E യിലും കോവിഡ് രോഗികളുടെ എണ്ണം കൂടി .രാജ്യത്തിൻറെ പല ഭാഗങ്ങളിലും ഫീൽഡ് ആശുപത്രികൾ തുറന്നു ..അവയുടെ പ്രവർത്തനങ്ങളും ഇതേ ആശുപത്രിയുടെ മേൽനോട്ടത്തിൽ..ചുരുക്കി പറഞ്ഞാൽ ആശുപത്രിയിലെ എല്ലാ ജീവനക്കാർക്കും നല്ല പണി കിട്ടി ..കൂട്ടത്തിൽ ഞങ്ങൾ ബയോമെഡിക്കൽ എഞ്ചിനീയർമാർക്കും ..

ഒരു ഫീൽഡ് ആശുപത്രി സഞ്ജീകരണത്തിനിടയിൽ 


പുതിയ മെഡിക്കൽ ഉപകരണങ്ങളുടെ സഞ്ജീകരണങ്ങൾ ,പഴയവയുടെ പ്രവർത്തന പരിശോധന ,ഐസൊലേഷൻ വാർഡ്  സഞ്ജീകരണം ,ഒപ്പം കോവിഡ് വാർഡുകളിലെ ഉപകരണങ്ങൾക്ക് എന്തെങ്കിലും തകരാറുകൾ പറ്റിയാൽ മറ്റു മുൻനിര പോരാളികളെപ്പോലെ സുരക്ഷാവസ്ത്രങ്ങൾ ധരിച്ചു അവരോടൊപ്പം വാർഡിലും..ആദ്യമാദ്യം ചെറിയ വിഷമവും പേടിയും ഉണ്ടായെങ്കിലും ഈ സമയത്തു നമ്മൾ നമ്മളാൽ കഴിയുന്നത് ചെയ്യുക ,എന്നൊരു ബോധ്യം  വന്നു .അതൊരു സേവനമാണ് ,നമ്മുടെ കർത്തവ്യമാണ് എന്ന ചിന്തയായി..മാർച്ച് ...ഏപ്രിൽ...മെയ്... മാസങ്ങൾ കടന്നു  പോയി. ഇതിനിടയിൽ എല്ലാ രണ്ടാഴ്ച കൂടുമ്പോഴും നമ്മൾക്ക് കോവിഡ് പരിശോധന നടക്കുന്നുണ്ട് .ടെസ്റ്റിന് സാമ്പിൾ എടുത്തു റിസൾട്ട് മൊബൈലിൽ വരുന്നത് വരെ ഒരു മരവിപ്പാണ് .ഒന്നും ഉണ്ടാകില്ല എന്ന് ഉറപ്പുണ്ടെങ്കിലും ഒരു ഉത്കണ്ഠ. ശാരീരികവും മാനസികവുമായി പരീക്ഷണങ്ങളുടെ ദിവസങ്ങൾ .ചിലപ്പോൾ ജോലിസമയം രാത്രിവരെ നീളും ,പതിവുള്ള വാരാന്ത്യ അവധികൾ ഇല്ലാതായി.സഹായത്തിനായി പുതിയ ആൾക്കാരും നിയമിക്കപ്പെട്ടു. നാട്ടിലുള്ള കുടുംബാംഗങ്ങളോട് ഇവിടുത്തെ കാര്യങ്ങൾ ഒന്നും അധികം പറയാതെ ,പേടിക്കാനില്ല എല്ലാം നല്ല രീതിയിൽ പോകുന്നു എന്ന് പറഞ്ഞു സമാധാനിപ്പിക്കും.

നാട്ടിൽ ഇതിനിടയിൽ ലോക്ക് ഡൌൺ കാലം എന്നൊരു കാലം രൂപപ്പെട്ടിരുന്നു .ഇടയ്ക്കു വീണു കിട്ടുന്ന സമയങ്ങളിൽ ഇന്റർനെറ്റിലും ടിവിയിലും കാണുന്നത് നാട്ടിലെ ലോക്ക് ഡൌൺ കലാപ്രകടനങ്ങൾ ആണ് . ഭീതിപ്പെടുത്തുന്ന കോവിഡ് രോഗികളുടെ കണക്ക് വിവരണങ്ങളെക്കാൾ അതൊരു ആശ്വാസമായിരുന്നു .അങ്ങനെയിരിക്കെ പെരുന്നാൾ അവധി ദിനങ്ങൾ വന്നെത്തി.ആളും ആരവങ്ങളും സമൂഹ നോമ്പുതുറയൊന്നും ഇല്ലാത്ത ഗൾഫിലെ ആദ്യ പെരുന്നാൾ.രണ്ടുദിവസം അടുപ്പിച്ചു മിക്കവാറും അവധി കിട്ടും;റൂമിൽ തന്നെ ഇരിക്കേണ്ടിയും വരും ,ആശുപത്രിയിൽ നിന്ന് വിളി ഒന്നും വന്നില്ലേൽ ...

ങ്ങനെ അവധിദിനത്തിന്റെ തലേ ദിവസം ..നമുക്കും എന്തെങ്കിലും ചെയ്താലോ എന്ന് ഒരു ആലോചന ..
"നമുക്കൊരു ഷോർട് ഫിലിം ചെയ്താലോ ?" 

എഡിറ്റിംഗ് ക്രേസ് ഉള്ള ജിതിൻ ആണ് ആ വിഷയം എടുത്തിട്ടത് .

ജിതിൻ (ജിതിൻ  വർഗീസ് തോമസ് )
"അഡോബ് പ്രീമിയർ പ്രൊ കിട്ടിയിട്ടുണ്ട് ..കൂട്ടത്തിൽ എനിക്ക് പഠിക്കുകേം ചെയ്യാം "

"എന്റെ കുറച്ചു പഴയ അൽ  ഐൻ ജീവിത അനുഭവങ്ങൾ ഉണ്ട് ..നല്ല കോമഡിയാ "  എന്ന് കുമാർ  ഭായ്.

കോമഡി വർക്ക് ഔട്ട് ആകാൻ ബുദ്ധിമുട്ടാണ് .വേറെ കഥയൊന്നും പെട്ടന്ന് നടക്കില്ല .ഒടുവിൽ കൊറോണ തന്നെയായി വിഷയം.കൈ കഴുകുന്നതും മാസ്ക് ഇടുന്നതും എല്ലാം കുറേ പേർ ചെയ്തു കഴിഞ്ഞു ,പുതിയത് വല്ലതും വേണം.ജിതിന്റെ  കൂട്ടുകാരന്റെ ഒരനുഭവം നേരത്തെ പറഞ്ഞിരുന്നു .

"രോഗം മാറിവരുന്ന സഹമുറിയനെ മറ്റുള്ളവർ പുറത്താക്കുന്നു "

ദിലീപിന്റെ ഭാവന ഉണർന്നു !

അങ്ങനെ ആ രണ്ടു ആശയങ്ങളും ഉൾക്കൊണ്ട് ഒരു കഥ രൂപപ്പെടുത്തണം.നായകനായി സംഗീത് മതി എന്ന് എല്ലാവരും പറഞ്ഞെങ്കിലും "കൊന്നാലും ഞാൻ അഭിനയിക്കൂല "എന്ന് സംഗീത്. (നേരത്തെ "നിനക്ക് ഭാവം വരുമോ എന്ന് നോക്കട്ടെ "എന്ന് പറഞ്ഞു അവന്റെ കുറച്ചു ഭാവങ്ങൾ മൊബൈലിൽ ഷൂട്ട് ചെയ്തിരുന്നു .സ്ക്രീൻ ടെസ്റ്റിൽ അവൻ വിജയിച്ച കാര്യം നമ്മൾക്കല്ലേ അറിയൂ )മൊബൈലിൽ തന്നെ മലയാളം ടൈപ്പി ,രാത്രി പന്ത്രണ്ടു മണി ആയപ്പോഴേക്കും സ്ക്രിപ്റ്റ് റെഡി ! വട്ടവട വിനോദയാത്ര പോയത് മൊബൈലിൽ ഷൂട്ട് ചെയ്തു സ്വന്തം യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്ത ആളാണ് ജിതിൻ .ആ ധൈര്യം ഉണ്ട് .പിറ്റേന്ന് രാവിലെ തന്നെ സാംസങ് s 9 പ്ലസ് മൊബൈലും ഗിമ്പലും റെഡിആയി.

സംഗീത് (സംഗീത് സുരേഷ് )
സംഗീത് (സംഗീത് സുരേഷ് )
"ആദർശ് ബ്രോ  രോഗിയാകണം അല്ലേൽ വേറെ ആളെ വിളിക്കണം "എന്ന് സംഗീത് .
അത് സമ്മതിപ്പിച്ചു കൊടുത്തില്ല,സംഗീതിനെകൊണ്ടു അഭിനയിപ്പിച്ചേ അടങ്ങൂ എന്ന് നമ്മളും. നമ്മുടെ കമ്പനി വില്ല തന്നെ ലൊക്കേഷൻ ആയി .നായകൻ  റൂമിലേക്ക് നടന്നു വരുന്ന രംഗങ്ങൾ ആദ്യം ഷൂട്ട് ചെയ്തു.ക്യാമറ ആംഗിളുകൾ എങ്ങനെ വരണം എന്ന് "ക്യാമറമാൻ "ജിതിന് നല്ല ബോധ്യം ഉണ്ടായിരുന്നു.ഷൂ റാക്കും  സാനിറ്റൈസറും ഒക്കെയായി  അല്ലറ ചില്ലറ ആർട്ട് പണികൾ .മിനുട്ടുകൾക്കുളിൽ ആദ്യ ഭാഗം പൂർത്തിയാക്കി.അടുത്ത രംഗത്തിൽ സംഭാഷണങ്ങൾ ഉണ്ട് .റൂം മേറ്റ്സ് ആയി ഞാനും ദിലീപും  തട്ടിൽ കയറി.ഒരു സ്കൂൾ നാടകത്തിലോ (പ്ലസ് ടു വിനു സംഭാഷണം ഇല്ലാത്ത "കപ്യാർ " ആയി പള്ളീൽ അച്ചന്റെ കൂടെ നടന്നത് ഒഴിച്ച്  ) സ്കിറ്റിലോ പങ്കെടുക്കാത്ത നമ്മൾക്കുണ്ടോ അഭിനയം വരുന്നു ?

"എന്റെ പേരൊന്നും വിളിക്കേണ്ട ,പേര് വിളിച്ചാൽ ഞാൻ അഭിനയിക്കില്ല " എന്ന് ദിലീപ് .

കഥാപാത്രത്തിന്റെ പേര് മാറ്റിയപ്പോൾ എന്റെ പേര് തന്നെ മതി എന്നായി ആവശ്യം .തിരക്കഥാ ചർച്ചയൊന്നും നടക്കാത്തതിനാൽ എഴുതിയ സംഭാഷണങ്ങൾ പലതും പിന്നെ മാറി.അല്ലേലും അതൊക്കെ എഴുതാൻ നല്ല എളുപ്പമാണ് ,പറഞ്ഞു നോക്കിയാലല്ലേ അറിയൂ 😌.അവസാനം ആദ്യ ഷെഡ്യൂൾ അങ്ങനെ "പാക്ക് അപ്പ്" ചെയ്തു .

ദിലീപ് (ദിലീപ് കുമാർ )

ദ് അല്ലേ ?മുജീബ് ഭായിയും കൂട്ടരും സ്പെഷ്യൽ ബിരിയാണി ഉണ്ടാക്കുന്നുണ്ട് .അങ്ങനെയെങ്കിൽ കുറച്ചു ഫ്ലാഷ്ബാക്ക് രംഗങ്ങൾ അതിനിടയിൽ ഷൂട്ട് ചെയ്യാം.ഉച്ചയ്ക്ക് ബിരിയാണി തിന്നു തീരുമ്പോഴേക്കും കുറച്ചു രംഗങ്ങൾ ചിത്രീകരിച്ചു.നായകൻ മടങ്ങി പോകുന്ന രംഗങ്ങൾ പിന്നെ ചിത്രീകരിക്കപ്പെട്ടു.കുറച്ചു ഹിന്ദി സംഭാഷണങ്ങൾ ഉണ്ട് .മുഖത്തെ ഭാവങ്ങളും ഹിന്ദിയും ഒരുമിച്ചു വരുന്നില്ല .

"ഹും..ഹേ  ഹൂം ..."സംഗീത് ആകെ പ്രശ്നത്തിലായി.ഒടുവിൽ ക്യാമറ പുറകിലേക്ക് മാറി.സംഭാഷണങ്ങൾ ഡബ്ബിങ്ങിൽ ശരിയാക്കാം എന്നായി.

വീണ്ടും ചിത്രീകരണം റൂമിലേക്ക് ..മൂന്നാമൊതൊരാൾ കൂടി വേണം,ഫ്ലാഷ് ബാക്കിൽ തന്റെ അഭിനയശേഷി പുറത്തെടുത്ത ഫഹദ് രംഗത്തിൽ എത്തി.സംഭവം അതോടെ "നാച്വറൽ " ആയി.ഇതുവരെ പേരില്ലാതിരുന്ന നായകന് ഈ രംഗത്തിലാണ് പേരിട്ടത് .ജിതിൻ രംഗത്ത് ഇല്ലാത്തതുകൊണ്ട് അവന്റെ പേര് തന്നെ നായകന് കൊടുത്തു "ജിത്തു! "

കൃഷ്ണേട്ടനായി കുമാർ ഭായിയെ തന്നെ മനസ്സിൽ കണ്ടിരുന്നു .പുറത്തെ വെയിൽ വെളിച്ചം മങ്ങിയതിനാൽ ചിത്രീകരണം അടുത്ത ദിവസത്തേക്ക് മാറ്റി .നായകന്റെ മടക്കയാത്ര രംഗങ്ങൾ പ്രതീക്ഷിച്ച പോലെ വന്നില്ല ,അത് വീണ്ടും എടുക്കണം.രണ്ടാം ദിവസം അങ്ങനെ അതിൽ തുടങ്ങി,ഒപ്പം കൃഷ്ണേട്ടന്റെ രംഗപ്രവേശവും.മീശയും താടിയും ഒക്കെ കറുപ്പിച്ചു സുന്ദരക്കുട്ടപ്പനായി കുമാർ ഭായ് ഒരുങ്ങി.സ്ലോ മോഷൻ രംഗങ്ങൾ കുമാർ ഭായ് അഭിനയിച്ചു തകർത്തു.നല്ല "ഫ്രെയിംസ് "കിട്ടിയ സന്തോഷത്തിൽ ജിതിനും ..
കുമാർ ഭായ് (കൃഷ്ണകുമാർ )

നി ക്ലൈമാക്സ് രംഗങ്ങൾ മാത്രം ബാക്കി .അന്ന് പിരിയുന്നതിനു മുമ്പ് ജിതിനോട് ചോദിച്ചു 

 "നമുക്ക് ഒരു ട്വിസ്റ്റ് കൊണ്ടുവന്നാലോ ?' 

"ഒരു "എൻഡ്  പഞ്ച് " ഉണ്ടാകും...."പറഞ്ഞു വന്നപ്പോൾ അവനും അത് ഇഷ്ടമായി . അതോട് കൂടി ഷോർട്ട് ഫിലിമിന്റെ പേരും ഉറപ്പിച്ചു .."ബി പോസിറ്റീവ് ....!"വേറെ ആരോടും ട്വിസ്റ്റിന്റെ   കാര്യം പറഞ്ഞില്ല.

അവധി ദിവസങ്ങൾ തീരാൻ പോകുന്നു , ഈദ് ഒരു ദിവസം നീണ്ടതിനാൽ ഒരു ദിവസം കൂടി കിട്ടി.ചിത്രീകരണം ഇതോട് കൂടി തീർക്കണം .കൃഷ്ണേട്ടന്റെ നീണ്ട സംഭാഷണ ഭാഗങ്ങൾ ആണ് ഇനി.റൂമിനു പുറത്തുള്ള രംഗങ്ങൾ ഒന്ന് കൂടി എടുത്തശേഷം അതിലേക്കു കടന്നു.ഉച്ചയുറക്കത്തിന്റെ ആലസ്യം കഴിഞ്ഞു ഫഹദും ദിലീപും എത്തി.എല്ലാവരും ഒരുമിച്ചിരുന്നു ആലോചനകൾ ഒന്നും ഇല്ലാതിരുന്നതിനാൽ (അതിനു സമയവും ഉണ്ടായിരുന്നില്ല ) പിന്നെയും തിരുത്തലുകൾ.ഒടുവിൽ നീണ്ടൻ സംഭാഷണങ്ങൾ ആറ്റിക്കുറുക്കി.എല്ലാം ഒറ്റ ടേക്കിൽ തീർന്നു .

ഇനി നായകന്റെ കുറച്ചു ദുഃഖ രംഗങ്ങൾ ഉണ്ട് ."ലൊക്കേഷൻ ബാത്റൂം  ആയാൽ സംഗതി പെട്ടന്ന് തീരും."അങ്ങനെ ചായഗ്രാഹകനും നായകനും കുളിമുറിയിലേക്ക് .

" എനിക്ക് മുഴുവൻ ഇമോഷൻ പുറത്തെടുക്കാൻ പറ്റിയില്ല ,സംവിധായകനും കൂടി  കുളിമുറിയിൽ ഉണ്ടായിരുന്നെങ്കിൽ അഭിപ്രായം പറഞ്ഞേനെ "(അങ്ങനെ ഒരു സ്ഥാനപ്പേരേ ഉള്ളൂ എന്ന് നമ്മൾക്കല്ലേ അറിയൂ 😜)സംഗീതിനു സംശയം.

നായകൻ തിരിച്ചു പോകുന്ന റൂമിലെ  കുറച്ചു രംഗങ്ങൾ കഴിഞ്ഞു പിന്നെ ട്വിസ്റ്റിന്റെ ചിത്രീകരണം .സംഭവം അറിഞ്ഞപ്പോൾ ഫഹദിന് ഇഷ്ടപ്പെട്ടു .സംഭവം കുഴപ്പമില്ല എന്ന് അപ്പോൾ ബോധ്യം ആയി .മൊബൈലിൽ സന്ദേശം വരുമ്പോൾ എന്റെ മുഖത്തു "ഒരു ഞെട്ടലും "വരുന്നില്ല .ജിതിൻ പല ആംഗിളിലും ക്ഷമയോടെ കിട്ടുന്നതെല്ലാം എടുത്തു .ഷൂട്ടിങ്ങിന് അതോടെ "പായ്ക്ക് അപ്പ് "വിളിച്ചു .

ഫഹദ് (ഫഹദ് .പി.കെ )

വധി കഴിഞ്ഞതോടെ വീണ്ടും ജോലി തിരക്കിലേക്ക്.. പലർക്കും ജോലി പല ഷിഫ്റ്റുകളിൽ ആണ് . ഡബ്ബിങ്ങും എഡിറ്റിംഗും അതിനിടയിൽ തീർക്കണം.'മനക്കോട്ട' (യൂട്യൂബ് ചാനൽ )കണ്ടു പഠിച്ച അടവുകളെല്ലാം ജിതിൻ പുറത്തെടുത്തു . മൊബൈലിൽ തന്നെ സംഭാഷണങ്ങൾ റെക്കോർഡ് ചെയ്തു ,ഇടയ്ക്കു കിളികൾ ഒക്കെ കൂടെ സംസാരിച്ചെങ്കിലും സംഭവം നന്നായി.ഹിന്ദി സംഭാഷണങ്ങളുടെ ആധികാരികത ഉറപ്പാക്കാൻ ഒരു ഹിന്ദിക്കാരന്റെ തന്നെ സഹായം തേടിയിരുന്നു .ജിതിൻ തന്നെ ഹിന്ദിക്കാരനായി ഡബ്ബ് ചെയ്തു .രാത്രിവരെയുള്ള ജോലിയും കഴിഞ്ഞു പുലർച്ചെ വരെയാണ് ജിതിന്റെ എഡിറ്റിംഗ് പണികൾ .പശ്ചാത്തല സംഗീതം സ്വന്തമായി ഉണ്ടാക്കാൻ യാതൊരു വഴിയും ഇല്ലാത്തതിനാൽ കോപ്പി റൈറ്റ് ഇല്ലാത്ത സംഗീതം ഇന്റർനെറ്റിൽ നിന്ന് തന്നെ പരതി എടുത്തു .വാതിൽ മുട്ടുക ,തുറക്കുക തുടങ്ങിയ ശബ്ദങ്ങൾ നേരിട്ട് തന്നെ റെക്കോർഡ് ചെയ്തു .രണ്ടാഴ്ച നീണ്ട എഡിറ്റിംഗ് പണികളിൽ ജിതിന്റെ ക്ഷമയാണ് താരം..അതൊന്നു കാരണം കൊണ്ട് മാത്രമാണ് ഇത് ഇങ്ങനെ സംഭവിച്ചതും. (പണ്ട് എഡിറ്റിംഗ് പഠിക്കാൻ വേണ്ടി പ്രീമിയർ പ്രൊ ഇൻസ്റ്റാൾ ചെയ്തു ,പിന്നെ വട്ടായി ആ വഴിക്കു പോകാത്തവനാണ് ഞാൻ 😆) 

കദേശം ഒരു രൂപം ആയപ്പോൾ മൊത്തത്തിൽ കുഴപ്പമില്ല എന്ന് തോന്നി. സുഹൃത്തുക്കൾക്ക് മാത്രം അയച്ചുകൊടുക്കാനേ പറ്റൂ ,എന്ന് കരുതിയ വീഡിയോ യൂട്യൂബിൽ ഇടാനുള്ള ഒരു ആത്മവിശ്വാസം വന്നു.പൊതുസമൂഹത്തിനു മുന്നിൽ അവതരിപ്പിക്കുമ്പോൾ,പറഞ്ഞു വെച്ച കാര്യങ്ങൾ കുറച്ചു കൂടി നന്നാക്കാം എന്ന് തോന്നിയെങ്കിലും വീണ്ടും ഒരു ചിത്രീകരണത്തിന് സാഹചര്യം ഉണ്ടായിരുന്നില്ല.

കൂടുതൽ പേരിലേക്ക് വീഡിയോ എത്താനായി ഇംഗ്ലീഷിൽ "സബ് ടൈറ്റിൽ " കൂടി ചേർക്കാൻ തീരുമാനിച്ചു.യൂട്യൂബിൽ ഇടാൻ thumbnail ചിത്രം വേണം;അഥവാ ഒരു പോസ്റ്റർ .എല്ലാവരുടെയും ഫോട്ടോ എടുത്തുവെങ്കിലും ഫോട്ടോഷോപ്പിൽ മാസ്കിങ് അങ്ങ് നടക്കുന്നില്ല,ഒടുവിൽ നാട്ടിൽ അളിയന്റെ സ്റ്റുഡിയോ സുഹൃത്തിന് ഫോട്ടോകൾ അയച്ചുകൊടുത്തു,"തലകൾ " എല്ലാം സെറ്റ് ചെയ്തു തന്നു .ബാക്കി ഡിസൈനിങ് "ഫോട്ടോസ്‌കേപ്പിൽ "ഇവിടെ നടത്തി.രണ്ടു പോസ്റ്ററുകൾ അങ്ങനെ റെഡിയാക്കി വെച്ചു.

"സബ്‌ടൈറ്റിൽ","എൻഡ് ടൈറ്റിൽ" ,"ക്രെഡിറ്റ്സ്" ....അവസാന രണ്ടു ദിവസങ്ങളിൽ ജിതിൻ ഉറങ്ങാൻ പോകുന്നത്‌ പുലർച്ചെ മൂന്ന് മണി ആകുമ്പോഴാണ്.ഉറക്കം വരുന്നത് വരെ സംഗീതും,ഫഹദും  ഞാനും കൂട്ടിരിക്കും.

"ഫൈനൽ പ്രോഡക്റ്റ് "കണ്ടപ്പോൾ ആരും "അയ്യേ "എന്ന് പറയില്ല എന്നൊരു വിശ്വാസം ഉണ്ടായെങ്കിലും പുറത്തു ഒരാളെ ഒന്ന് കാണിച്ചാലോ ആലോചന  വന്നു.അഥവാ നെഗറ്റീവ് അഭിപ്രായങ്ങൾ വന്നാലോ ? അങ്ങനെ ആ ആലോചന ഉപേക്ഷിച്ചു.

"വെള്ളിയാഴ്ച വൈകുന്നേരം അപ്‌ലോഡ് ചെയ്യാം ,അതിനു തലേദിവസം പോസ്റ്റർ ഫേസ്‍ബുക്കിൽ ഇട്ടാൽ മതി "

പോസ്റ്റർ വന്നപ്പോൾ പലർക്കും അതിശയം ആയിരുന്നു.ഇവന്മാര് എന്താണ് കാണിക്കാൻ പോകുന്നത് എന്ന സംസാരം...

 "ഇനിയിപ്പോൾ 'ഒടിയൻ 'പോലെ ,കഞ്ഞി എടുക്കട്ടേ ? എന്ന് ഡയലോഗ് വരുമോ ?" 

ചിലരുടെയെങ്കിലും പ്രതീക്ഷകൾക്കൊപ്പം എത്തുമോ എന്ന പേടി ബാക്കിവെച്ചുകൊണ്ടു പറഞ്ഞപോലെ തന്നെ  വീഡിയോ അപ്‌ലോഡ് ചെയ്തു.

"സംഭവം ...അടിപൊളി...ഞാനിപ്പോൾ തന്നെ ഷെയർ ചെയ്യാം .."

അങ്ങോട്ട്  ഒന്നും അറിയിക്കാതെ  തന്നെ ഞങ്ങളുടെ ആശുപത്രിയിലെ മേലധികാരിയുടെ ഫോൺ വിളി ഇങ്ങോട്ടു വന്നു.

അതോടെ ഉറപ്പിച്ചു "വല്യ മോശം  ആയിട്ടില്ല ..!"ശ്വാസം നേരെ വീണു .



                            ചിത്രീകരണത്തിനിടയിലെ ചില രസകരമായ നിമിഷങ്ങൾ ....

തിനുമാത്രം നീട്ടിവലിച്ചു എഴുതിക്കൂട്ടാൻ ഈ ഷോർട്ട്  ഫിലിം എന്ത് തേങ്ങയാണ് ?ലോകത്തു ആരും  ഇതുവരെ  ഷോർട് ഫിലിം എടുത്തിട്ടില്ലേ ?എന്ന് പലർക്കും ഇത് വായിക്കുമ്പോൾ തോന്നിയേക്കാം.

പണ്ട് ഏഴാം ക്ലാസിൽ കൈയെഴുത്തു മാസികയ്ക്കു ചിത്രം വരയ്ക്കുമ്പോൾ ഉണ്ടാക്കിയ സ്വന്തം കമ്പനിയാണ് "ദർശ് മൾട്ടീമീഡിയ 😂!"വർഷങ്ങൾക്കിപ്പുറം ഇപ്പോഴാണ് നാലാൾ കാൺകെ അതൊന്നു എഴുതി വന്നത്. "ഒരു ഷോർട്ട് ഫിലിമിൽ ആണ് "ബേസിൽ ജോസഫ് "എല്ലാം തുടങ്ങിയത് "എന്ന് പറഞ്ഞു കൊണ്ട് സ്വപ്നം കണ്ടു നടക്കുന്ന ആളാണ് ജിതിൻ..! കാക്കയ്ക് തൻകുഞ്ഞു പൊൻകുഞ്ഞു തന്നെ എന്നല്ലേ ? 😃

വര്ഷങ്ങളായി ഷോർട്ട് ഫിലിം എന്ന സ്വപ്നം കണ്ടുനടക്കുന്നവർ വിളിച്ചു,സന്ദേശങ്ങൾ അയച്ചു,ചിലർ പുതിയ 'സ്ക്രിപ്റ്റു'കൾ അയച്ചു തന്നു,മറ്റുചിലർ നമുക്ക് പറ്റിയ പിഴവുകൾ ചൂണ്ടിക്കാണിച്ചു.ഇനിയും ചെയ്യണമെന്ന് കുറെ പേർ പറഞ്ഞു ..എല്ലാവർക്കും ഞങ്ങളുടെ സ്നേഹം💗 നിറഞ്ഞ നന്ദി.... 🙏

"ആദ്യപരിശ്രമം ആണെന്ന് കണ്ടാൽ പറയില്ല","ഒറിജിനാലിറ്റി ഉണ്ട്","മോശമായില്ല " എന്നൊക്കെ വെറും ഭംഗിവാക്കുകൾ അല്ല എന്ന് മനസ്സിൽ ഉറപ്പിച്ചു കൊണ്ട് അടുത്ത സ്വപ്നത്തിന്റെ പിറകെ...പൗളോ കൊയ്‌ലോ  പറഞ്ഞ പോലെ ....

"When you want something; all the universe conspires in helping you to achieve it".


ഷോർട്ട്  ഫിലിം ഇതുവരെ കാണാത്തവർക്ക്👉ഇവിടെ കാണാം.