Saturday, December 19, 2020

അൽ ഐൻ കാട്ടിലെ ചീറ്റപ്പുലിയും യുവ ഹിപ്പോ മിഥുനങ്ങളും !

ഈ യാത്രയിൽ  ആദ്യമായ് വന്നവർ ഇതുവഴി പോയി തിരിച്ചു വരിക!

ങ്ങനെ ഞങ്ങൾ അൽ ഐൻ മൃഗ ശാലയിലേക്ക് പ്രവേശിച്ചു .രാവിലെ തന്നെ മൃഗങ്ങൾ ഒക്കെ എഴുന്നേറ്റോ ആവോ ? അൽ ഐൻ സൂ എന്ന് ബോർഡ് കണ്ട വഴിയിലൂടെ ഉള്ളിലേക്ക് .ചുറ്റും പച്ചപ്പ്‌ നിറഞ്ഞ കാടാണ്.ചെറു കിളികളുടെയും ചീവിടുപോലുള്ള  ജീവികളുടെയും ശബ്ദങ്ങൾ കേൾക്കാം ..

1968  ൽ U.A.E യുടെ പിതാവ് ഷെയ്ഖ് സായിദ് പണി കഴിപ്പിച്ച ഈ മൃഗശാല 4 കിലോമീറ്റർ ആണ് നീണ്ടു കിടക്കുന്നത്.200 തരം സ്പീഷിസിൽ ആയി 4000 ൽ അധികം ജീവികൾ ഇവിടെ ഉണ്ട് .വംശനാശം നേരിടുന്ന അറേബ്യൻ കലമാൻ ,മണൽ പൂച്ച ,ബ്രൗൺ ക്യാപ്പുച്ചിൻ എന്ന കുരങ്ങ് തുടങ്ങി നിരവധി ജീവികളെ പ്രത്യേകം ഇവിടെ പരിപാലിച്ചു സംരക്ഷിച്ചു വരുന്നുണ്ട്.


ഫയൽ ചിത്രം, AL AIN ZOO വെബ്‌സൈറ്റിൽ നിന്നും 


മു
ന്നിൽ ഒരു സെക്യൂരിറ്റി പോസ്റ്റ് .ഈ കാട്ടിൽ എവിടെയാണ്  പാർക്കിംഗ് എന്ന് ചോദിക്കാനായി വണ്ടി നിർത്തി .സെക്യൂരിറ്റി അടുത്തേക്ക് വന്നു .ഇൻഫ്രാറെഡ് തെർമോമീറ്ററിൽ എല്ലാവരുടെയും താപനില അളന്നു.ഒരു കുഴപ്പവും ഇല്ല."യു കാൻ  ഗോ സ്‌ട്രൈറ്റ് ഫോർ പാർക്കിംഗ് "എന്ന് ഉത്തരം കിട്ടി.കോൺക്രീറ്റ് ചെയ്ത ചെറിയ റോഡിലൂടെ മുന്നോട്ട്.കുറെ ദൂരം പോയിട്ടും ഒന്നും കണ്ടില്ല ."പുലിയുണ്ട് ","മാനുണ്ട് സൂക്ഷിക്കുക" എന്ന ബോർഡുകൾ ഇരു വശത്തും കാണുന്നും ഉണ്ട് .വഴി മാറിപ്പോയോ എന്ന് സംശയിച്ചപ്പോൾ അകലെ ഒരു ബോർഡ് കണ്ടു ."പാർക്കിംഗ് ".സമാധാനമായി.മുന്നോട്ടു പോയപ്പോൾ വലിയ പാർക്കിങ് ഗ്രൗണ്ട് കണ്ടു .ആകെ ഒരു കാർ മാത്രം പാർക്ക് ചെയ്തിട്ടുണ്ട് .


കാർ പാർക്ക് ചെയ്തു ,പ്രധാന കവാടത്തിലേക്ക് അല്പം മുന്നോട്ടു നടക്കണം.ടിക്കറ്റ് കൗണ്ടറിൽ ഒന്നോ രണ്ടോ പേർ മാത്രമേ ഉള്ളൂ .31.50 ദിർഹം ആണ് മുതിർന്നവർക്ക് സാധാരണ ടിക്കറ്റ് നിരക്ക് .കുട്ടികൾക്ക് 10.50 ദിർഹവും.ഫാമിലി പാസ്സ് ,വാർഷിക പാസ്സ് തുടങ്ങി പല തരം ടിക്കറ്റുകളും ലഭ്യമാണ്. SUV യിൽ മൃഗങ്ങളുടെ ആവാസ സ്ഥലങ്ങളിൽ കൂടിയുള്ള " അൽ ഐൻ സഫാരി " എന്ന പ്രത്യേക പാക്കേജും ഉണ്ട്.കോവിഡ് കാരണം സഫാരി തത്കാലം നടത്തുന്നില്ല എന്ന് തോന്നുന്നു .


ടിക്കറ്റും റൂട്ട് മാപ്പും ....

ടിക്കറ്റിന്റെ കൂടെ ZOO വിന്റെ ഒരു റൂട്ട് മാപ്പും തരും.സാധാരണ ടിക്കറ്റിൽ ZOO വിൽ കൂടിയുള്ള ട്രെയിനിൽ യാത്ര സൗജന്യമാണ്,ഒപ്പം വൈകുന്നേരത്തെ "Bird ഷോ"യും കാണാം.മാപ്പും നോക്കിക്കൊണ്ടു ഞങ്ങൾ അകത്തേക്കു നടന്നു.


സ്പ്രിങ്‌ബോക്  
കലമാൻ കൂട്ടം 

ട്രെയിനിൽ (റെയിൽ പാളം ഒന്നുമില്ല ,കുട്ടികളുടെ കളിവണ്ടി പോലെ നീളത്തിൽ സീറ്റുകൾ കൂട്ടിയിണക്കിയ ഒരു വണ്ടി )പോകാതെ നടക്കാൻ  തന്നെ തീരുമാനിച്ചു .ആദ്യം കണ്ടത് സ്പ്രിങ്‌ബോക് എന്ന ഒരു തരം കലമാൻ.കൂട്ടം കൂട്ടമായി കുറേപേർ ഉണ്ട്.ജിതിൻ "ഗമ്പൽ" എടുത്തു മൊബൈൽ ക്യാമറ ഒക്കെ "സെറ്റ് അപ്പ്" ചെയ്തു,വ്ലോഗിനായുള്ള ദൃശ്യങ്ങൾ പകർത്താൻ തുടങ്ങി.നടപ്പാതയുടെ വശങ്ങളിൽ ഒക്കെ പല രാജ്യങ്ങളിൽ നിന്നുള്ള ചെടികളും ഔഷധ സസ്യങ്ങളും വെച്ചു പിടിപ്പിച്ചിട്ടുണ്ട് .കറ്റാർ വാഴയുടെ ഒരു നിര തന്നെ ഉണ്ട്.


"ആക്ഷൻ !" ജിതിൻ വ്ലോഗിന്റെ തിരക്കിൽ 


തൊ
ട്ടടുത്തു തന്നെ ചീറ്റപ്പുലിയുടെ താവളം ആണ്.മൃഗങ്ങളെ എല്ലാം തുറന്നു വിട്ടിരിക്കുകയാണ് .നടപ്പാതയിലേക്കു കടക്കാതിരിക്കാൻ വലിയ കിടങ്ങും കമ്പി വേലി കെട്ടിയ  ചെറിയ മതിലും ഉണ്ട് .കാട്ടിലേക്ക് നോക്കി അങ്ങനെ നിൽക്കുമ്പോൾ തന്നെ ഒരു ചീറ്റ ആശാൻ ഓടി വന്നു .കുറെ നേരം നമ്മളെ തുറിച്ചു നോക്കി നിന്നു.കിട്ടിയ അവസരത്തിൽ ഫോട്ടോ എടുത്തു.

ചീറ്റ ...

ഫോട്ടോ ഷൂട്ട് കഴിഞ്ഞപ്പോൾ  ആശാൻ വീണ്ടും പച്ചപ്പിലേക്ക് മറിഞ്ഞു . മുന്നോട്ടു നടന്ന ഞങ്ങളെ  അടുത്തു പരിസരം വൃത്തിയാക്കിക്കൊണ്ടിരുന്ന ഒരു ചേട്ടൻ തിരികെ വിളിച്ചു ."ചീറ്റ തിരുമ്പി വന്തിരിക്ക് !" അതെ ആശാൻ പാറപ്പുറത്തു നല്ല സ്റ്റൈലായി ഇരിപ്പുണ്ട്.സൗത്ത് ആഫ്രിക്കൻ ചീറ്റയാണ് ഇവിടെ ഉള്ളത്.ലോകത്തിലെ തന്നെ വേഗം കൂടിയ മൃഗങ്ങൾ !

ദുഷ്ടന്മാരും ശകുനികളുമായ  സ്പോട്ടെഡ്  ഹയേന  എന്ന പുള്ളി കഴുതപ്പുലികളാണ് ചീറ്റയുടെ അയൽവാസി .ലയൺ കിംഗ് കാർട്ടൂൺ കണ്ടതിൽ പിന്നെ ഇവന്മാരെ എനിക്ക് കണ്ടുകൂട.ഏറ്റവും ദയാരഹിതമായി വേട്ടയാടുന്ന മൃഗങ്ങൾ ആണ്  കഴുതപ്പുലികൾ .ഇവയും ആഫ്രിക്കയിൽ നിന്നു വന്നവരാണ്.


സ്പോട്ടെഡ്  ഹയേന

രാവിലത്തെ ചെറു വെയിലിൽ നടന്നു അങ്ങനെ പോകുമ്പോൾ ആണ് അടുത്തൊരു വള്ളിക്കുടിൽ കാണുന്നത്.അല്പ സമയം ഉള്ളിൽ കയറി കാറ്റു കൊണ്ടു .അടുത്തു തന്നെ ചെറിയ അരുവിയും ഉണ്ട്.ചീങ്കണ്ണി ഉണ്ടെന്നു ബോർഡ് ഉണ്ടെങ്കിലും കണ്ടില്ല .അടിത്തട്ടിൽ വല്ലതും ആയിരിക്കും.പരിസര പ്രദേശത്താണ് വെർവെറ്റ്‌  കുരങ്ങന്മാരുടെ വീട് .കയറും ടയറും കൊണ്ട് അവയ്ക്കു കളിക്കാൻ നല്ല പ്ലേ സ്കൂൾ ഒക്കെ ഉണ്ടാക്കി കൊടുത്തിട്ടുണ്ട് .

ഹിപ്പോ "ജുവാവ് "!

ഓന്ത് ,അരണ ,പെരുമ്പാമ്പ് തുടങ്ങി കുറച്ചു ജീവികൾ അടുത്തുള്ള കണ്ണാടി കൂട്ടിൽ ഉണ്ട്.ഉരഗങ്ങളുടെ വേറൊരു പ്രത്യേക സ്ഥലം ഉണ്ടാക്കി കൊണ്ടിരിക്കുകയാണ് എന്ന് മാപ്പിൽ കൊടുത്തിട്ടുണ്ട്. ഒരു വശത്തു കൂടി ഒഴുകുന്ന അരുവിയുടെ  ഉത്ഭവ സ്ഥാനം ഒരു വലിയ കുളമാണ് .അവിടെയാണ് നമ്മുടെ ഹിപ്പോപൊട്ടാമസ് ദമ്പതികൾ 'സൺ ബാത്ത് 'നടത്തി കൊണ്ടിരിക്കുന്നത് .വെയിലത്ത് ഉലാത്തികഴിഞ്ഞപ്പോൾ രണ്ടുപേരും വെള്ളത്തിലേക്ക് ഊഴ്ന്നു ഇറങ്ങി .കുളത്തിന്റെ ഒരു വശം ഗ്ലാസ്സ് ഭിത്തിയാണ് .ആ വശത്തു നിന്നാൽ "അണ്ടർ വാട്ടർ "കാഴ്ചകൾ കാണാം .ഹിപ്പോ മിഥുനങ്ങൾ നാണിപ്പിക്കുന്ന സ്നേഹ പ്രകടനങ്ങൾ നടത്തുകയാണ് .ഉമ്മ വെയ്ക്കലാണ് പ്രധാന വിനോദം !വെള്ളത്തിൽ നീന്തി തുടിച്ചു അവ അങ്ങനെ അർമ്മാദിക്കുകയാണ് ..

അർമ്മാദം ..ആമോദം ...!

ബാൻഡേഡ്‌ മൊൻഗൂസ് എന്ന കീരി കൂട്ടം അടുത്ത പറമ്പിൽ ഹാപ്പിയായ് ഓടിക്കളിക്കുന്നുണ്ട് .മണ്ണ് മാന്തുക ,മാളത്തിൽ ഒളിക്കുക അതാണ് അവരുടെ ഹോബി !

ന്തപ്പന തോട്ടങ്ങളിൽ പരമ്പരാഗതമായി ജലസേചനത്തിനു ഉപയോഗിക്കുന്ന 'ഫലാജ് 'എന്ന ജലസേചന മാർഗത്തിന്റെ ഒരു മാതൃക ഈ മൃഗശാലയിൽ പണി കഴിപ്പിച്ചിട്ടുണ്ട്.ലോക പ്രശസ്തിയാർജ്ജിച്ച പലതരം ഈന്തപ്പന മരങ്ങളും അവിടെ വെച്ചു പിടിപ്പിച്ചിട്ടുണ്ട് .നല്ല പുൽത്തകിടിയും ,ചെറു നാരകങ്ങളും,ചെറിയ മാവും ,സപ്പോട്ട മരങ്ങളും നിറഞ്ഞ അവിടെ അല്പ സമയം നിലത്തിരുന്നു .കുറച്ചു സമയം നാട്ടിൽ എത്തിയ പോലെ...


ഫലാജ് 


മയം പതിനൊന്നു മണി കഴിഞ്ഞു .ഏറ്റവും പാവത്താന്മാരും ശുദ്ധാത്മാക്കളുമായ മീർകാറ്റുകൾ അടുത്ത മതിലിനു അപ്പുറത്തു ഇരിപ്പുണ്ട്.കുത്തിരുന്ന്  തപസ്സു ചെയ്യുന്നവരാണ് മീർകാറ്റുകൾ.ചിലപ്പോൾ ധ്യാനിക്കും, ചിലപ്പോൾ ഉറക്കം തൂങ്ങും .അതാണ് അവരുടെ കലാപരിപാടി.ഒരുത്തനെ മെല്ലെ നോക്കി.നമ്മളെ തന്നെ നോക്കി കുറെ സമയം അങ്ങനെ നിൽക്കും .പിന്നെ ഓടിപ്പോകും!

മീർകാറ്റുകൾ

രു ജ്യൂസ് വാങ്ങി കുടിച്ചു ഞങ്ങൾ മാപ്പു നോക്കി അടുത്ത ലക്ഷ്യത്തിലേക്കു നടന്നു ."ഷെയ്ഖ് സയ്ദ് ഡെസ്സേർട് ലേർണിംഗ് സെന്റർ "..പ്രത്യേക രീതിയിൽ പണി കഴിപ്പിച്ചിട്ടുള്ള ഒരു ബിൽഡിങ് .ഗൾഫ് മേഖലയിലെ പ്രധാനമായും യു.എ ഇ യിലെ ആവാസ വ്യവസ്ഥയും അവയുടെ ചരിത്രപരവും ജീവ ശാസ്ത്രപരവുമായ പല പ്രദർശനങ്ങളും മാതൃകകളും അവിടെ ഒരുക്കിയിട്ടുണ്ട്.ചെറിയൊരു സയൻസ് പാർക്ക് ! 

ഷെയ്ഖ് സയ്ദ് ഡെസ്സേർട് ലേർണിംഗ് സെന്റർ 


ദിവസവുംശാസ്ത്ര  സിനിമ പ്രദർശനം ഉള്ള തിയ്യറ്റർ കോവിഡ്  കാരണം തുറന്നിട്ടില്ല .മൂന്ന് നിലകൾ ഉള്ള സെന്റർ മുഴുവൻ കറങ്ങി നടന്നു എല്ലാം കണ്ടു .ആഫ്രിക്കൻ ആനയുടെ അസ്ഥികൂടവും, കൊമ്പും ,5000 വർഷങ്ങൾ പഴകിയ പല ഫോസ്സിലുകളൂം ഈ ലേർണിംഗ് സെന്ററിൽ ഉണ്ട്.വികലാംഗർക്കും ഭിന്നശേഷിക്കാർക്കും അധികം പരസഹായം ഇല്ലാതെ ഈ മൂന്നു നിലകളിലും പെട്ടന്ന് എത്താൻ പറ്റുന്ന രീതിയിൽ ആണ് ബിൽഡിംഗ് പണി കഴിപ്പിച്ചിട്ടുള്ളത് .അവിടെ നിന്നും ഇറങ്ങാൻ പോകുന്നതിനിടയിൽ "ഡിറ്റോ ബ്രോ " വിളിച്ചു .

"എവിടാണ് ? സൂവിൽ ആണോ?"

"അതെ ..ഇതിന്റെ ഉള്ളിൽ തന്നെ ഉണ്ട് " സംഗീത് മറുപടി പറഞ്ഞു .

ഡിറ്റോ ബ്രോയും ഭാര്യയും ഇങ്ങോട്ടു വരുന്നുണ്ട് .ഞങ്ങൾ മാപ്പു നോക്കി അടുത്ത സ്ഥലത്തേക്ക് നീങ്ങി "ബിഗ് ക്യാറ്റ് ഒയാസിസ്‌ " ...പൂച്ച വർഗ്ഗത്തിൽ  ഉള്ളവരുടെ കൊട്ടാരത്തിലേക്ക് ...

പൂച്ചക്കൊട്ടാരത്തിൽ ജ്വാഗറിനെയാണ് ആദ്യം കണ്ടത് .അമേരിക്കൻ കാടുകളിൽ നിന്നും എത്തിയ ജ്വാഗർ ...പുള്ളിപ്പുലിക്കും കടുവക്കും ഇടയിലുള്ള ഒരു ഒന്നൊന്നര ഇനം !

അമ്മ സിംഹം ....

കൊട്ടാരത്തിലെ രാജാവും കുടുംബവും ഉച്ച ഭക്ഷണത്തിന്റെ തിരക്കിൽ ആയിരുന്നു,അമ്മ സിംഹം കുട്ടികൾക്ക് ഇറച്ചി പങ്കിട്ടു കൊടുക്കുക്കയാണ്.പെണ്ണുങ്ങളാണ് വേട്ടയാടി ഭക്ഷണം കൊണ്ട് വരിക.ആണുങ്ങൾ ആദ്യം കഴിക്കും,പിന്നെ കുട്ടികൾ ,അവസാനം പെൺ സിംഹങ്ങൾ .വെളുത്ത സടയുള്ള വെള്ള സിംഹമാണ് ഇവരുടെ അയൽക്കാരൻ .അദ്ദേഹം അലമുറയിട്ടു ഒച്ച  ഉണ്ടാക്കുന്നുണ്ട് .ഒരു പക്ഷേ ഉച്ച ഭക്ഷണം വൈകിയതിന്റെ ദേഷ്യം ആവാം .

അപ്പോഴേക്കും ഡിറ്റോ ബ്രോയും ഭാര്യയും എത്തി .ബിഗ് ക്യാറ്റ് ഒയാസിസിൽ വെച്ച് ഞങ്ങൾ കണ്ടുമുട്ടി .പത്രക്കാരെ പോലെ ഒരു കുഞ്ഞൻ വീഡിയോ ക്യാമറയുമൊക്കെ ആയാണ് ഡിറ്റോ ബ്രോ എത്തിയത് .അൽ ഐൻ മൃഗ ശാലയിലേക്കുള്ള അവരുടെ നാലാമത്തെയോ അഞ്ചാമത്തെയോ സന്ദർശനം ആണ് ഇത് .ഞങ്ങളുടെ നടത്തം പതിയെ ആയി .ചുറ്റും അലസി ,അതിരാണി ,അരിപ്പൂ തുടങ്ങിയ നാടൻ കേരള പൂക്കൾ ..ചിലതൊക്കെ ഞാൻ ക്യാമറയിൽ പകർത്തി.


നാടൻ  വസന്തം !


നുഷ്യന്റെ DNA യുമായി 98 % സാമ്യം പുലർത്തുന്ന ചിമ്പാൻസികളെയാണ് പിന്നെ അടുത്തു കണ്ടത് .ഒരാണും രണ്ടു പെണ്ണും.വിശന്നു വലഞ്ഞു ഇരിക്കുകയാണ് മൂവരും.ഭക്ഷണം കൊണ്ടു വരുന്ന സ്ഥലത്തേക്ക് പെൺ ചിമ്പാൻസി ഇടയ്ക്കിടെ പോയി നോക്കുന്നുണ്ട് ."ഇല്ല ..വരുന്നില്ല " എന്ന് ആൺ ചിമ്പാൻസിയോട് പരിഭവം പറയുന്നുണ്ട് .തലയിൽ തലോടി അവൻ അവളെ ആശ്വസിപ്പിക്കുന്നു .ഒരു നിമിഷം ആലോചിച്ചു "അവരും മനുഷ്യരെ പോലെ തന്നെയല്ലേ ?ആഫ്രിക്കയിലെ ഏതോ കാട്ടിൽ നിന്നും ഇവിടെ എത്തിയിരിക്കുന്നു .വിശക്കുമ്പോൾ ഭക്ഷണത്തിനായി കാത്തിരിക്കണം.ഇഷ്ടാനുസരണം ഓടിച്ചാടി നടക്കാൻ വലിയ കാടില്ല.ജീവിതം മുഴുവൻ ആ കിടങ്ങിനുള്ളിൽ..

"സാരമില്ല ..ഭക്ഷണം വരും.." ചിമ്പാൻസികൾ 

ഗഡാസ്കർ കാടുകളിൽ നിന്നുള്ള ലെമൂറും ചില ഏഷ്യൻ കുട്ടിക്കുരങ്ങൻ മാരും ചെറു കൂട്ടുകൾക്കുള്ളിൽ ഓടിക്കളിക്കുന്നുണ്ട് .സമയം ഉച്ച കഴിഞ്ഞു.അല്പം ഇടയ്ക്കൊന്നു ഇരുന്നു വിശ്രമിച്ചു .ജിതിൻ 'ശങ്ക ' തീർക്കാനായി വാഷ് റൂമിലേക്കും.

രന്നു കിടക്കുന്ന മരുഭൂമിയിൽ ജിറാഫുകളും സീബ്രകളും  കാണ്ടാമൃഗങ്ങളും.കൂട്ടിനു മാനുകളും ,പക്ഷികളും സഹാറയിൽ നിന്നാണ് ജിറാഫുകൾ .45cm നീളമുള്ള നാവും ,അഞ്ചര മീറ്റർ വരെ ഉയരം വെക്കുന്ന ഏറ്റവും ഉയരം കൂടിയ സസ്തനി.ഏറ്റവും കുറഞ്ഞ സമയം മാത്രമേ ഉറങ്ങൂ എന്നതാണ് മറ്റൊരു കൗതുകം..വെറും പത്തു മിനുട്ടു മുതൽ രണ്ടു മണിക്കൂർ വരെ മാത്രം! അൽ ഐൻ സഫാരി ഉണ്ടെങ്കിൽ ജിറാഫിനെ തീറ്റിക്കാനുള്ള സൗകര്യം ഉണ്ട്.



മാപ്പിലുള്ള അടുത്ത പ്രദേശം പക്ഷികളുടെ കേന്ദ്രമാണ് .പലതരം ഫ്ലെമിംഗോകൾ ,മയിലുകൾ ,എമു ,ഒട്ടക പക്ഷികൾ ,താറാവുകൾ,അരയന്നങ്ങൾ തുടങ്ങി പക്ഷികളുടെ ഒരു വലിയ ലോകം തന്നെ ഉണ്ട്.പെൻഗിൻ ബീച്ച് അടങ്ങിയ മുഴുവൻ ശീതികരിച്ച പക്ഷികളുടെ ഒരു പാർക്കും മൃഗശാലക്കുള്ളിൽ ഉണ്ട്.കോവിഡ് കാരണം അവിടേക്കു ഇപ്പോൾ പ്രവേശനം ഇല്ല .

അരയന്നവും ഫ്ലെമിംഗോകളും .....


പക്ഷികളുടെ തടാകത്തിനു അരികെ മുതലകളും ആമകളും ഉണ്ട്.ഇടയ്ക്കു ഒരു വയസ്സൻ ആമ ഇരുമ്പ് കൂട് തകർക്കാൻ ശ്രമിക്കുന്നത് കാണാമായിരുന്നു.അത്തരം ഭീമൻ ആമയ്ക്ക് 250 കിലോ വരെ തൂക്കം ഉണ്ടാകും. 

മുതലകൾ എല്ലാം മയക്കത്തിൽ ആണ് ,പഞ്ച പാവങ്ങളായി മലർന്നു കിടക്കുന്നുണ്ട് .നൈൽ മുതലകൾ ആണ് ഇവിടെ കൂടുതലും.



കുറുനരികൾ ,അറേബ്യൻ ഓറിക്‌സ് ,പലതരം മാനുകൾ,മണൽ പൂച്ചകൾ ,നീർ നായകൾ,വെള്ളക്കടുവകൾ ,ചെന്നായ്ക്കൾ തുടങ്ങി കുറെ പേർ പിന്നെയും ഉണ്ട്.


ഗൊറില്ല  പാർക്ക് ,ആനത്താവളം,കൊയാലാ പാർക്ക്, തുടങ്ങി ധാരാളം നവീകരണങ്ങൾ "അൽ ഐൻ സൂ"വിൽ നടക്കുന്നുണ്ട്.സമയം രണ്ടു കഴിഞ്ഞു.നടന്നു കാണാനാണെങ്കിൽ ഇനിയും കുറെ ഉണ്ട്.ഇന്ന് തന്നെ ഉച്ചഭക്ഷണത്തിനു ശേഷം അബുദാബിയിലേക്കു മടങ്ങണം.ഡിറ്റോ ബ്രോ വീട്ടിൽ താമസിച്ചു നാളെ പോകാം എന്നൊക്കെ പറഞ്ഞെങ്കിലും സ്നേഹപൂർവ്വം നിരസിച്ചു.

കൂകിപ്പായും തീവണ്ടി .....


ട്രെ
യിൻ സ്റ്റോപ്പിൽ വെച്ച് എല്ലാവരും  ട്രെയിനിൽ കയറി.യാത്ര ആരംഭിക്കാൻ ഇനിയും കുറച്ചു സമയം കൂടി ഉണ്ട്.ചെറിയ സെൽഫി ക്ലിക്കുകൾ ..ഈ യാത്രയുടെ ഓർമ്മയ്ക്കായ്....

ട്രെയിനിൽ സാമൂഹിക അകലം പാലിച്ചാണ് ആളുകളെ ഇരുത്തുന്നത്.രാവിലെ ഒമ്പതു മണിക്ക് ആരും ഇല്ലാതിരുന്ന മൃഗശാലയിൽ ഉച്ചയായപ്പോഴേക്കും നല്ല തിരക്കായിരുന്നു.നടന്ന വഴികളിലൂടെ ട്രെയിൻ വീണ്ടും സഞ്ചരിച്ചു.എല്ലാം ഒരു "റീകാപ് "പോലെ വീണ്ടും കണ്ടു.അവസാന സ്റ്റോപ്പിൽ ഇറങ്ങി.സുവനീർ ഷോപ്പിലൂടെ പുറത്തേക്ക് ..പാർക്കിങ്ങിൽ വെച്ച് ഡിറ്റോ ബ്രോയോടും ചേച്ചിയോടും "ബൈ" പറഞ്ഞു.ഞങ്ങൾ നേരെ അബുദാബിയിലേക്ക് .വലിയ ഉച്ചഭക്ഷണം കഴിച്ചാൽ ഡ്രൈവ് ചെയ്യുമ്പോൾ ഉറക്കം വരും.വഴിയിൽ നിന്ന് എവിടെങ്കിലും ലഘു ഭക്ഷണം കഴിക്കണം.പിന്നെ ഷഹാമ എത്തി അവിടുന്നു നല്ല രീതിയിൽ കഴിക്കാം എന്ന് തീരുമാനിച്ചു.പക്ഷെ അൽ ഐനിൽ നിന്ന് തന്നെ ലഘു ഭക്ഷണം കഴിച്ചു ."പൊറോട്ട സാൻഡ് വിച്ചും .ചിക്കൻ റോളും "ഒക്കെ പക്ഷെ "ഹെവി"ആയിപ്പോയി എന്ന് മാത്രം..!


ങ്ങനെ ഒരു നല്ല യാത്ര ഇവിടെ അവസാനിക്കുകയാണ് .ഓരോ യാത്രയും ഓരോ ഓർമ്മകൾ ആണ്.ഈ യാത്രയിൽ മല മുകളിൽ നിന്ന് കട്ടൻ ചായ കുടിച്ചതും ,'അർജുൻ' പൂച്ചയെ കണ്ടതും ,അൽ ഐൻ മൃഗശാലയിലെ ചീറ്റപ്പുലിയും ഹിപ്പോകളുടെ ശൃംഗാരവും ഒപ്പം കുറെ മിണ്ടാപ്രാണികളുടെ മുഖങ്ങളും ആണ് മനസ്സിൽ .. മറ്റൊരു യാത്ര പോകും വരെ ഓർത്തിരിക്കാൻ കുറെ നല്ല നിമിഷങ്ങൾ ...!


"ചായിപ്പ് " ഇനി മുതൽ യൂട്യുബിലും! 
ദാ ഇതുവഴി പോകാം ...

Please Subscribe ...!
 & Stay Tuned ...!!


Wednesday, December 02, 2020

മലമുകളിലെ കട്ടൻ ചായയും അൽ ഐൻ കാട്ടിലെ ചീറ്റപ്പുലിയും !

 കോവിഡ് കാലത്തെ യാത്രകൾ പലപ്പോഴും മുഖത്ത് നിന്നും മാസ്ക് മാറ്റുമ്പോളുള്ള ആശ്വാസം പോലെയാണ് .ഇടയ്ക്ക് ഒന്ന് പുറത്തിറങ്ങി ശുദ്ധ  വായു ശ്വസിച്ചാൽ ഒരു ആശ്വാസം !നിയന്ത്രണങ്ങളിൽ നിന്നും കെട്ടു പാടുകളിൽ നിന്നും ഒരു മോചനം ! അബുദാബിയിൽ നിന്ന് മറ്റു എമിറേറ്റുകളിൽ പോയി വരാൻ നല്ല നിയന്ത്രണങ്ങൾ ഉണ്ട് .അങ്ങനെയാണ് അബുദാബിയ്ക്കുള്ളിൽ  തന്നെയുള്ള അൽ ഐനിൽ പോയാലോ എന്ന ചിന്ത വരുന്നത്.അതിലുപരി നല്ല തണുപ്പത്ത്  മലമുകളിൽ പോയി ഒരു കട്ടൻ ചായ കുടിക്കണം ,"അതിന്റെ ടേസ്റ്റ് ഒന്ന് വേറെ തന്നെയാണ് സാറേ !"എന്ന ജിതിന്റെ ആഗ്രഹം,അതാണ് ഈ യാത്രയുടെ പ്രചോദനം.അബുദാബിയിലെ വലിയ മല നിരയായ ജബൽ ഹഫീതിന്റെ മുകളിൽ പോയി തന്നെ കട്ടൻ ചായ കുടിക്കാൻ തീരുമാനിച്ചു.

ണ്ട് തെയ്യം കാണാൻ ഉറക്കമൊഴിയുന്നതു പോലെ വ്യഴാഴ്ച രാത്രി പന്ത്രണ്ടുമണിക്കു ചെറിയ മയക്കം മയങ്ങി പുലർച്ചെ രണ്ടുമണിക്ക് എഴുന്നേറ്റു കുളിച്ചു റെഡിയായി.പ്രധാനപരിപാടിയായ കട്ടൻ ചായ ഉണ്ടാക്കി,"ദിലീപി"ന്റെ ചൂട് കുറെ സമയം നിൽക്കുന്ന ഫ്ലാസ്കിൽ ഒഴിച്ചെടുത്തു ."കടി"യ്ക്ക് നല്ല ഉള്ളി പക്കാവട തലേന്ന് തന്നെ ഉണ്ടാക്കി പായ്ക്ക് ചെയ്തു വെച്ചിരുന്നു.അതും ഒന്ന് ചൂടാക്കി എടുത്തു.

മൂന്ന് മണിക്ക് മുമ്പേ തന്നെ ഇറങ്ങി.സാരഥി ജിതിൻ ,സംഗീത് പിന്നെ ഞാനും.അൽ  ബാഹിയ …ഷഹാമ…ബനിയാസ് …അൽ ഐൻ റോഡ് ..കാറ് അങ്ങനെ നീങ്ങി തുടങ്ങി .യു എ യിൽ വന്നിട്ട് ആദ്യമായാണ് ഇത്ര രാവിലെ ഒരു യാത്ര തുടങ്ങുന്നത് .റോഡിൽ ഒന്നും ആരുമില്ല .കാലിയായ റോഡിലൂടെ കാർ നേരെ മുന്നോട്ട് ..

ഇടയ്ക്കു ഇന്ധനം നിറക്കാൻ പമ്പിൽ കയറി.ശങ്ക തീർക്കാൻ ശുചി മുറി നോക്കിയപ്പോൾ "Under Maintenance " ബോർഡ് .കൊറോണ എഫ്ഫക്റ്റ് !തത്കാലം ശങ്കയെ മറന്നു.

"ബാല ഗോപാലനെ ...എണ്ണ തേപ്പിക്കുമ്പോൾ പാടെടീ..."ഉറക്കത്തിനോട് പോയി പണി നോക്കാൻ പറഞ്ഞിരിക്കുമ്പോഴാണ് ഹിറ്റ് എഫ് എം റേഡിയോയിൽ നിന്നും നല്ല താരാട്ടു പാടി കുളിപ്പിച്ചുറക്കാൻ നോക്കുന്നത്.സംഗീത് പുറകിൽ ഇരുന്നു കണ്ണടച്ചു എന്നുള്ളത് വേറൊരു സത്യം.ഇടയ്ക്കു വഴിയിൽ "വല്ല കഫ്ത്തീരിയയും തുറന്നിരുന്നെങ്കിൽ ഒരു  സാദാ ചായ കുടിക്കാമായിരുന്നു "എന്ന് ജിതിൻ ..

"അപ്പോൾ,ഫ്ലാസ്കിലെ കട്ടൻ ചായ കുടിച്ചൂടെ ?'

"അത് മല കയറിയിട്ട് കുടിക്കാനുള്ളതാണ് !"

"ഉത്തരവ് പോലെ ..."

വഴിയിൽ ഒന്നും ഒരു പട്ടിക്കുഞ്ഞും ഒരു കടയും തുറന്നിരുന്നില്ല . ഗൂഗിൾ അമ്മച്ചി പറയുന്നതും കേട്ട്  നമ്മൾ അങ്ങനെ അൽ ഐനിൽ എത്തി.പിന്നെ  ജബൽ ഹഫീത്തിലേക്കുള്ള വഴിയിലേക്ക് .ദൂരെ നിന്ന് ചുരത്തിലെ ലൈറ്റുകൾ കാണാം .ചുരം കയറുന്നതിനു മുമ്പ് ഒരു കഫേ കണ്ടു.

ആദ്യം അന്വേഷിച്ചത് ,വാഷ് റൂം ഉണ്ടോ എന്നാണ് ."ദാ രണ്ടു ബിൽഡിങ് അപ്പുറത്തു "എന്ന് ഹിന്ദിക്കാരൻ മുതലാളി.നേരെ വെച്ച് പിടിച്ചു .നല്ല അടിപൊളി പൊതു ശൗചാലയം,അൽ ഐൻ മുനിസിപ്പാലിറ്റിയുടെ കരവിരുത് കണ്ടു ശങ്ക തീർത്തു.തിരിച്ചിറങ്ങുമ്പോൾ കുറെ ബൈക്ക് റൈഡേഴ്‌സ് കഫെയുടെ മുന്നിൽ ഉണ്ട് .അവരും മല കയറാൻ  വന്നവരാണ് ."സാദാ ചായ "യും കേക്കും കഴിച്ചു (വിശന്നു വലഞ്ഞ സംഗീത് ചോദിച്ചു വാങ്ങിയത് )വീണ്ടും യാത്ര തുടർന്നു .

വ്ലോഗ് എടുക്കണം,ഷൂട്ട് ചെയ്യണം  എന്നൊക്കെ പറഞ്ഞു ജിതിൻ ഐഫോൺ എന്റെ കയ്യിൽ തന്നിരുന്നുക്യാമറ,"ടൈം ലാപ്‌സി"ൽ ഇട്ട്  അങ്ങനെ മല കയറാൻ തുടങ്ങി .സമയം അഞ്ചര കഴിഞ്ഞിരുന്നു .രാവിലെ തന്നെ ഒരു പണിയും ഇല്ലാതെ നടക്കാൻ ഇറങ്ങിയവരും , സൈക്കിളിൽ ജബൽ ഹഫീത് കയറുന്നവരും എല്ലാം റോഡിനു ഇരു വശവും ഉണ്ട് .മല വെട്ടി ഉണ്ടാക്കിയ റോഡ് ആയതിനാൽ ഓരോ നിലയിലും ഓരോ വ്യൂ പോയിന്റ് ഉണ്ട്.ഒരു വ്യൂ പോയിന്റിൽ ഞങ്ങൾ വണ്ടി നിർത്തി താഴെയുള്ള അൽ ഐൻ പട്ടണത്തിന്റെ കാഴ്ച ആസ്വദിച്ചു .നേരത്തെ കുടിച്ച "സാദാ ചായ "അപ്പോഴാണ് പണി തരുമോ എന്ന് "ആ ...ശങ്ക "തോന്നിയത് .കട്ടൻ ചായ കുടിച്ചാൽ ശരിയാകുമെന്ന് സംഗീത് ഉപദേശിച്ചെങ്കിലും ജിതിൻ സമ്മതിച്ചില്ല .

"കട്ടൻ ചായ മുകളിൽ കയറിയിട്ടാണ് കുടിക്കേണ്ടത് !"


വ്യൂ പോയിന്റിൽ നിന്നുള്ള കാഴ്ച 

കദേശം ആറു മണിക്ക് ജബൽ ഹഫീത് മല മുകളിൽ എത്തി.മലയാളികൾ അടക്കം കുറെ പേർ അപ്പോഴേക്കും മുകളിൽ എത്തിയിരുന്നു .കാർ പാർക്ക് ചെയ്തു പുറത്തിറങ്ങി .മുകളിൽ ഒരു റെസ്റ്റോറന്റ് ഉണ്ടെങ്കിലും അത് തുറന്നിട്ടില്ല ."ആ ..ശങ്ക"യുണ്ടോ എന്നൊരു ശങ്ക എന്നെ അലട്ടിക്കൊണ്ടിരുന്നു.അത്യാവശ്യം നല്ല തണുപ്പ് ഉണ്ട് .

സൂര്യൻ ഉദിച്ചു തുടങ്ങിയിട്ടുണ്ട് .മുകളിലേക്കുള്ള ഒറ്റവരി  ട്രക്കിങ് വഴി അടച്ചിട്ടാണ് ഉള്ളത് .വീണ്ടും കൊറോണ എഫ്ഫക്റ്റ് ! തൊട്ടടുത്തുള്ള കുന്നു മറങ്ങിയത് കാരണം ഉദയസൂര്യനെ നല്ല പോലെ കാണാൻ പറ്റിയില്ല.മേഘാവൃതമായ ആകാശത്തു ചുവപ്പു പരന്നു വരുന്നത് കാണാം.ഒരു വശത്തു ഒമാനും ഒരു വശത്തു യു .എ യിയും ..കുഞ്ഞു കുഞ്ഞു കെട്ടിടങ്ങൾ ...പരന്ന മരുഭൂമികൾ ..1249 മീറ്റർ ഉയരമുള്ള ഈ മല നിര അബുദാബിയിലെ ഏറ്റവും ഉയരം ഉള്ളതും യു എ യിലെ രണ്ടാമത്തേതും ആണ് .11.7 km  നീളമുള്ളതും 21 വളവുകൾ ഉള്ളതുമായ റോഡ് ലോകത്തിലെ മികച്ച ഡ്രൈവിംഗ് റോഡുകളിൽ ഇടം നേടിയ ഒന്നാണ് .അങ്ങോട്ടുള്ള റോഡ് രണ്ടുവരിയും തിരിച്ചുള്ള റോഡ് ഒറ്റവരിയും ആണ് .ജബൽ ഹഫീത് പരിസരത്തു ധാരാളം ടൂറിസ്റ്റ് സ്പോട്ടുകൾ ഉണ്ട്.ജബൽ ഹഫീത് ഡെസ്സേർട്ട് പാർക്ക് ഈയിടെ വീണ്ടും തുറന്നിരുന്നു .പുരാതന കാലത്തെ ശവകുടീരങ്ങളും ഫോസ്സിലുകളും എല്ലാം അവിടെ കാണം .പലതും 5000 വർഷങ്ങൾ പഴയതാണ് എന്നാണ് പറയുന്നത്.ഗ്രീൻ മുബസ്സാറാഹ് എന്ന് വിളിക്കുന്ന ഒരു ചൂട് ജല അരുവിയും ജബൽ ഹഫീത് താഴ്‌വരയിൽ ഉണ്ട്.

ഉദയാകാശം 

    
"ജെബേൽ ഹഫീത് ടോപ് "

                                 
ജിതിനും സംഗീതും  
മെല്ലെ വെളിച്ചം വന്നു തുടങ്ങി.കാത്തിരുന്ന പരിപാടി "കട്ടൻ ചായ "കുടിക്കൽ നമ്മൾ തുടങ്ങി .ഫ്ലാസ്‌കും ഉള്ളിവടയും കാറിന്റെ ബോണറ്റിൽ എടുത്തുവെച്ചു .ഗ്ലാസ്സുകളിൽ ചൂട് ചായ ഒഴിച്ച് ചിയേർസ് പറഞ്ഞു !.അവിടുത്തെ തണുപ്പിൽ നിമിഷ നേരം കൊണ്ട് ചായ തണുത്തു .ജിതിൻ പറഞ്ഞതിലും കാര്യമുണ്ട് .പണ്ട് മോഹൻ ലാൽ പറഞ്ഞ പോലെ ഉയരം കൂടും തോറും ചായയുടെ രുചി കൂടും ..ചുറ്റും തണുപ്പ് ഉണ്ടെങ്കിൽ വബഹുകേമം !

മലമുകളിലെ കട്ടൻ ചായയും ഉള്ളി പക്കാവടയും !


ഉള്ളി വട കഴിക്കുന്നതിനിടയിൽ ഒരു കണ്ടൻ  പൂച്ച അതുവഴി വന്നു .സംഗീത് ഒരു കഷണം കൊടുത്തെങ്കിലും അവൻ കഴിച്ചില്ല.പിന്നെ അതിനെ ഇണയ്ക്കാനായി അവന്റെ ശ്രമം."ഹായ് ..അർജുൻ !...ഇവിടെ വരൂ.."സംഗീത് അതിന്റെ  പുറകെ പോയി .പൂച്ചയ്ക്ക് ആരെങ്കിലും അർജുൻ എന്ന് പേരിടുമോ? ആവൊ ?

"ഹായ് അർജുൻ ! "...കണ്ടൻ പൂച്ചയും സംഗീതും 

എന്തായാലും കട്ടൻ ചായ ഉള്ളിൽ ചെന്നപ്പോൾ "ആ ...ശങ്ക "അകന്നു പോയി.കുറച്ചു സമയം കൂടി ജിതിൻ വ്ലോഗിനുള്ള ദൃശ്യങ്ങൾ പകർത്തി .അപ്പോഴേക്കും പാട്ടും ബഹളവുമൊക്കെയായി നേരത്തെ കണ്ട ബൈക്ക് റൈഡേഴ്‌സ് എത്തി.

മയം എട്ടു മണി ആകാറായി .എവിടുന്നെങ്കിലും പ്രഭാത കൃത്യങ്ങൾ കഴിച്ചു,പ്രഭാത ഭക്ഷണവും കഴിച്ചു അടുത്ത ലക്ഷ്യമായ "അൽ ഐൻ മൃഗ ശാല "യിലേക്ക് പോകണം .നമ്മുടെ കണ്ടൻ പൂച്ച കാറിന്റെ അടിയിൽ ചൂട് കൊള്ളൂന്നുണ്ടായിരുന്നു .അവനെ ഓടിച്ചു വണ്ടി മുന്നോട്ടു എടുത്തു .

"ഫ്രണ്ട്‌സ് "

ങ്ങനെ ഞങ്ങൾ മല ഇറങ്ങി.പിറകെ ബൈക്ക് റൈഡേഴ്സും ഉണ്ടായിരുന്നു.ചുരം ഇറങ്ങുന്ന വഴിയിൽ ഹോട്ടൽ കാണാം.മറ്റൊരു ഭാഗത്തു റഡാർ സ്റ്റേഷനും റെസ്റ്റോറന്റും ഉണ്ട്."റേസ് "എന്ന ബോളിവുഡ് സിനിമയുടെ ക്ലൈമാക്സിലെ ചില ചേസിംഗ് രംഗങ്ങൾ ഈ റോഡിലാണ് ചിത്രീകരിച്ചത്.

  

ഹോട്ടൽ

താഴെ നേരത്തെ പോയ 'അടിപൊളി ശൗചാലയ"ത്തിൽ നിന്ന് കാര്യങ്ങൾ സാധിച്ചു.നല്ല മലയാളി പ്രാതൽ കിട്ടുന്ന റെസ്റ്റോറന്റുകൾ ഉണ്ടോ എന്ന് ജിതിൻ "ഡിറ്റോ ബ്രോ"യെ വിളിച്ചു ചോദിച്ചു .മഖാം ഏരിയയിൽ കുറച്ചു നല്ല ഷോപ്പുകൾ ഉണ്ടെന്നുള്ള വിവരം കിട്ടി.

"ബീഫും പൊറോട്ടയും "കിട്ടില്ലേ എന്ന് സംഗീത് ..

"രാവിലെ തന്നെ നല്ല പുട്ടോ അപ്പമോ മറ്റോ കഴിക്കാൻ കിട്ടണേ.."എന്ന് ജിതിൻ പ്രാർത്ഥിച്ചു .


                                  



ല്പസമയത്തിനു ശേഷം 'ഡിറ്റോ ബ്രോ' താമസിക്കുന്ന മഖാം ഏരിയയിൽ ഞങ്ങളെത്തി.അൽ ഐനിലെ ചെറിയ ഒരു ടൌൺ ഏരിയ.ധാരാളം ബഖാലകളും മറ്റു കടകളും ഉണ്ട്.അടുത്തു ഒരു ഹെൽത്ത് സെന്ററും.അവസാനം ഒരു മലയാളി ഷോപ്പിൽ കയറി .സംഗീതിനു ബീഫും കിട്ടി,ജിതിനും എനിക്കും പുട്ടും കടലയും.വയറു നിറയെ തന്നെ കഴിച്ചു.അബുദാബിയിലെ പോലെ വലിയ വിലയും ഇല്ല . എന്തായാലും അൽ ഐനിലെ കാട് മുഴുവൻ അരിച്ചു പെറുക്കേണ്ടതല്ലേ..!ഗൂഗിൾ അമ്മച്ചിയോട് വീണ്ടും ചോദിച്ചു "അൽ ഐൻ സൂ ..ചീറ്റ പുലിയെ കാണാൻ നേരെ മൃഗ ശാലയിലേക്ക് ..


(തുടരും )ചീറ്റപ്പുലിയുടെ കഥ അടുത്ത ഭാഗത്തിൽ ....! 

ജിതിൻ തയ്യാറാക്കിയ വ്ലോഗ് കാണാൻ ,ദാ ..ഇതുവഴി പോകാം ..