Thursday, May 01, 2014

"കില്ങ്ങ്ന്ന പാദ്സരം" - രണ്ട്

"കില്ങ്ങ്ന്ന പാദ്സരം" ....

ഇടവഴികളിൽ വീണ്ടും പാദസരം കിലുങ്ങുകയാണ് ,അഞ്ചാറു വർഷം  മുമ്പ്  കുത്തിവരച്ചിട്ട അക്ഷരങ്ങൾ വീണ്ടും പെറുക്കി ക്കൂട്ടുകയാണ് .പാതിവഴിവരെ കൂടെ വന്നവർ സദയം ക്ഷമിക്കുക ,മറ്റൊരു അർദ്ധ: വിരാമം ഇപ്രാവശ്യം ഉണ്ടാകില്ല എന്ന് കരുതാം .പതിനഞ്ചു  ദിവസങ്ങൾക്കുള്ളിൽ ഓരോ കിലുക്കവും പ്രതീക്ഷിക്കാം ,ഞാനൊരു സാഹിത്യകാരനോ ചിത്രകാരനോ അല്ലെന്നത് പരമമായ സത്യമാണ് ,വെറുമൊരു' ബ്ലോഗർ 'മാത്രം ,അതിനാൽ  അഭിപ്രായങ്ങളും, വിമർശനങ്ങളും ,പ്രോത്സാഹനങ്ങളും  അത്യാവശ്യം പ്രതീക്ഷിക്കുന്നു .പിന്നെ ഇതിലെ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്ക്ല്പികം മാത്രമാണ് ..അഥവാ എങ്ങോ എവിടെയോ സാമ്യം തോന്നുന്നുണ്ടെങ്കിൽ അത് മനസ്സിൽ വച്ചാൽ മതി,ആരോടും പറയണ്ട :)
ഇതുവരെ പാദസര കിലുക്കം കേള്‍ക്കാത്തവര്‍ക്കായി..."കില്ങ്ങ്ന്ന പാദ്സരം"-ഒന്ന്                                                        കിലുക്കം - രണ്ട് 

"തറവാട് മൊത്തോം പെങ്ങന്മാര് പൊന്നാങ്ങളക്ക് എയ്തി കൈയ്യിത്തരും എന്നും ബിചാരിച്ചു നടന്നോ.. നേരം ബെളുക്കും മുമ്പേ ബാഗും തൊക്കിലിറുക്കി ഓപ്പീസിലോട്ടു പോയിട്ട് മോന്തിയാവുമ്പം അരീം പച്ചമൊളകും കെട്ടി കൊണ്ടന്നാ ഈടെ എല്ലാം ആയില്ലെ?ബാക്കിയുള്ളോള് തൊണ്ടയലച്ചു ,എണ്ണി ചുട്ട അപ്പം പോലെ കിട്ടുന്ന നക്കാപ്പിച്ച മൊത്തം ആരാനു പൊറുക്കി കൊടുക്കാം .... "
"രാവിലെത്തന്നെ തൊടങ്ങി. നൊടിച്ചില് ... നിന്റെ നക്കാപ്പിച്ച കൊണ്ട് വാടക കൊടുക്കാന്‍ ആരെങ്കിലും പറഞ്ഞോ?.. കൊട്ടാരം കെട്ടിക്കോ... ഹും..."

അമ്മ അച്ഛനെയും അച്ഛന്‍ അമ്മയെയും കലമ്പുന്ന കേട്ടിട്ടാണ് ഞാന്‍ ഉറക്ക പായീന്നു എണീറ്റത്..പേടിച്ച് വെറച്ച് ഏറേത്ത് നിന്നും മിറ്റത്തെ ചെമ്പരത്തീന്റെ മെരട്ടിലേക്ക് നീട്ടി ഇച്ചി ബീത്തി..ലോട്ടറി കടലാസ് രണ്ടായി കീറി ഒന്നില് പല്പൊടി തട്ടി അച്ഛന്‍ മേശപ്പുറത്ത് വച്ചിട്ടുണ്ടാകും.ഞാന്‍ പല്പൊടി തിന്നു തീര്‍ക്കാതിരിക്കാനാണ് ഈ നടപടി .പല്ലു തേക്കുന്നതിന് ഇടയില്‍ പടിഞ്ഞെറ്റേല് നോക്കിയപ്പോളുണ്ട്‌ വെല്ലിമ്മ താടിക്ക് കൈയ്യും കൊടുത്തിരിക്കുന്നു.

"വെല്ലിമ്മേ... ആരിക്കാ വാടക കൊടുക്കേണ്ടെ?വാടകാന്നു പറഞ്ഞാലെന്താ?"

"നാണി ടീച്ചര്‍ക്ക്‌ ..നാണി ടീച്ചറിന്റെ അല്ലെ ഈ വീട് ...മാസാമാസം പൈസ കൊടുക്കണ്ടേ?"

"അയിന്..നാണി ടീച്ചര് നമ്മളെ അമ്മമ്മയല്ലേ?" "അമ്മമ്മയല്ല..കുമ്മമ്മ...രാവിലെത്തന്നെ..പെങ്ങന്മാരെ പ്പ് രാകുന്നത് കേട്ടില്ലേ?എനി ഞാനെന്തെങ്കിലും പറഞ്ഞാ അതാ ഉം കുറ്റം ..അല്ലെത്തന്നെ ആങ്ങളെന്റെ കുട്ടീനെ നോക്കാനെന്നും പറഞ്ഞു ചേണിച്ചേരിന്നു ഇങ്ങോട്ടു വന്നതേ കുറ്റാ ....""ഡിസംബര്‍ ആകുമ്പം മുത്ത് മൈസൂരിന്നു വരും ..ഈ കട്ട വീട് പൊളിച്ചു ഓക്ക് ഈടെ വീടെടുക്കണം ന്നാ നാണി ടീച്ചര്‍ ഇന്നലെപ്പറഞെ .. നിങ്ങക്കും ഇല്ലേ പുശു പോലത്തെ ഒന്ന് ?ചെക്കന് വയസ്സ് മൂന്നാല് ആകാറായി..ഓളും മക്കളും വേണ്ടാന്ന് പറഞ്ഞു നടന്ന ആള് പത്ത് നാപ്പത് വയസ്സില്‍ എന്നെ കെട്ടി വലിച്ചു കൊണ്ടന്നത്‌ എന്തിനാ? വയറ്റിലുള്ള സന്തതിക്കെങ്കിലും ആരാന്റെ തിണ്ണ നിരങ്ങണ്ടേ ഗതിയുണ്ടാവരുതെ... ഭഗവാനെ.." അടുക്കളപ്പൊറത്തുനിന്നും അമ്മ പിന്നേം ഒച്ചയാക്കുന്നു...കുംഹും.. കുംഹും എന്ന് ഒച്ചയാക്കി ദേഷ്യം പിടിച്ച് അച്ഛന്‍ ഇറങ്ങിപ്പോയി.അപ്പൊ ഈ വീട് നമ്മളെയല്ലേ?അമ്മമ്മ ..അച്ചാച്ചന്‍...മുത്തേച്ചി...

അവര് നമ്മളെ ആരും അല്ലേ ...?അപ്പൊ ശരിക്കും അമ്മമ്മ ഏടെയാ ?നമ്മക്ക് വേറെ നാടുണ്ടെങ്കില് അതേട്യാ ? മുത്തേച്ചിന്റെ അമ്മയല്ലേ അമ്മമ്മ?അമ്മമ്മേന്റെ വലിയ വാര്‍പ്പ് വീട്ടില് നിന്നാപ്പോരെ മുത്തേച്ചിക്ക് ? ഈ വീട് പോളിച്ചാല് ബൊമ്മാച്ചീനെ എട്യാ വെക്കുആ?ചായിപ്പും പോകും.. എല്ലാം പോകും..നമ്മള് എട്യാ കെടുക്ക്വാ? തോണി ഉണ്ടാക്കിയാ,മിറ്റത്ത് വെള്ളത്തില് ഇടാനും കയ്യില്ല ...


"ലയെടുത്ത് ആടെ ഇരുന്ന്, കഞ്ഞി മോന്തീട്ട് പോയ്ക്കോ.. എനിക്ക് ബെല്ലടിക്കുന്നെനു മുമ്പ് സ്കൂളില്‍ പോണം.."

ഓ...ഈടെ എന്നും അമ്മയും അച്ഛനും ..അടി..എന്നും ചെറുപയര് കഞ്ഞി..ഈ അമ്മക്ക് വേറെ ഒന്നും ഉണ്ടാക്കികൂടെ ? "പോണേ പൊട്ടത്തി...എനിക്ക് ബേണ്ടാ .."


"ചെക്കന്‍ ചീത്ത പറഞ്ഞു പഠിച്ചുപോയി .. കെറുപ്പക്കാരിത്തിയായ ഞാനിനി ആട്ടമ്മീല് അരച്ച് മോന് ..ദോശ ചുട്ടുതരാം. ... വേണേ കുടിച്ചിട്ട് പൊയ്ക്കോ..സെര്‍ലാക്കും..ഫാരക്സും എല്ലാം തിന്നു മുടിച്ചിറ്റില്ലേ?..ഇപ്പൊ ഇതേ ഉള്ളൂ .."ത്യേച്ചി..കുറ്റിക്കരേല് ...ദോശ ചുടുന്നുണ്ടാകും...! ഹാ ..അയിന് അമ്മ പോയിട്ടുവേണ്ടേ?

ഏറങ്ങാനായീന്ന് തോന്നുന്നു...

"ഞാന്‍ വൈന്നേരം വെരുംമ്പേക്ക് ക ,ഖ ഗ ..തൊട്ടു യ ര ല വാ .. വരെ..വെല്ലിമ്മയൂം മോനും കൂടി പടിച്ചോണം ...അല്ലാണ്ട് ആരാന്റെ അടുപ്പുംകുണ്ടില്‍ പോയി നെരങ്ങിക്കോ.."


ഹാവൂ ...അമ്മ പോയി...എനി കുറ്റിക്കരേല് പോവാം..ഇതു നമ്മളെ വീടല്ലേന്നു സത്യേച്ചീനോട് ചോദിക്കണം..ഇന്നാട്ടിന്റെ പേരെന്നാന്നും .... നമ്മളെ നാട് ഏട്യാന്നു സത്യേച്ചിക്ക് അറിയാരിക്കും..


ടേല് ഇണ്ട് സോപ്പുങ്കായി വീണു കെടക്കുന്നു...കീശേല് എടുത്തിടാം.സത്യേച്ചി ,പാദ്സരം കഴുകാന്‍ ഈ കായി അല്ലെ എടുക്കുന്നെ? ഒന്ന് ..രണ്ട്...മൂന്ന് ..നാല്..അഞ്ചെണ്ണം കിട്ടി.. ഇത് വെള്ളത്തില്‍ ഇട്ട് പാദ്സരം കഴുകിയാ..നല്ല തെളക്കം ഉണ്ടാകും."സത്യേച്ചീ ....സോപ്പുങ്കായീ ..."

ടുക്കളയിലൊന്നും ആരുമില്ല. ഈ സത്യേച്ചി ഏടെപ്പോയി? അടുപ്പില്‍ കത്തിച്ചിട്ട് പോലുമില്ല.ദോശക്കല്ല് അടുപ്പുംതണയില്‍ ചാരി വെച്ചിട്ടുണ്ട്‌ .തലേ ദിവസത്തെ ചട്ടികള്‍ കഴുകാതെ അവിടെത്തന്നെയുണ്ട്.പെട്ടന്നാണ് "അയ്യോ ..അമ്മേ അമ്മേ .." എന്ന് പറഞ്ഞു ആരോ കരയുന്നത് കേട്ടത് .അടുക്കളയില്‍ നിന്നും അകത്തെ ഏറേത്തുക്കുള്ള ഇടുങ്ങിയ വഴിയില്‍ നിലത്ത് പായയില്‍ സത്യേച്ചി പുതച്ചു മൂടി കിടക്കുന്നു."രാവിലെ ആയിട്ടും എഴുന്നേറ്റില്ലേ? "സത്യേച്ചി ഒന്നു നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല .ബാലന്‍ വൈദ്യരുടെ പീടികയില്‍ നിന്നും കിട്ടുന്ന അരിഷ്ടത്തിന്റെയും കഷായത്തിന്റെയും പഴയ കുപ്പിയില്‍ വെള്ളം നിറച്ച് അതുകൊണ്ട് വയറ്റത്ത് തടവുന്നുണ്ട്.വയറു വേദനയാണെന്ന് തോന്നുന്നു .
ഞാന്‍ ഒരു കുപ്പിയില്‍ തൊട്ടു നോക്കി ..നല്ല ചൂട് !

അകത്തൊന്നും ആരെയും കണ്ടില്ല .അച്ചമ്മ ഏറേത്ത് ബെഞ്ചില്‍ ഇരിക്കുന്നുണ്ട് .
"അച്ചമ്മേ സത്യേച്ചി ...ഇന്നലെ അമ്പലത്തില്‍ പോയോ ?എനി ഇന്നു പോവ്ഓ ? വയറു വേദന മാറൂലേ .."

"എന്റെ മോനേ ഓള് കെടക്കുന്നത് കാണുന്നില്ലേ ...അച്ചമ്മേന്റെ മക്കളെല്ലാം ബൗസ് കെട്ടവരാ മോനേ ..കൈക്കോട്ടു പണിക്കാരന്‍ ആണെങ്കിലും ഗൗരിക്ക് ഒരു പുര്വനുണ്ട് എന്ന സമാധാനം ഉണ്ട് .ലീലയും ജാനുവും കോലോത്തും ,സ്കൂളിലും അടിച്ചുവാരി ...എനി എത്ര കാലാ ?രാവിലത്തന്നെ കുളുത്തയും കുടിച്ചിട്ടാ രണ്ടാളും പോയെ ... ശ്രീദേവിക്കാണെങ്കില്‍ ..,ശ്വാസം മുട്ടലും കൊണ്ടല്ലേ ഓള് തുന്നാന്‍ പോവുന്നെ ?സത്യഭാമയാണെങ്കില് ഇങ്ങനെയും ..ദാമോദരന് വയസ്സ് പത്തു മുപ്പത്തഞ്ചായി ..പെങ്ങമാരെ പറഞ്ഞയച്ച് ഓനെനി എപ്പാ..?..എന്റെ കളരിവാതുക്കല്‍ ഭഗവതീ..അമ്മേ മഹാമായേ ...
...സത്യേച്ചിക്കിന്നു അമ്പലത്തില്‍ പോവാന്‍ പറ്റില മോനേ ..മോന്‍ അച്ഛന്റൊപ്പരം പോയ്ക്കോ .."

"അച്ഛന്‍ വരുമ്പോ രാത്രിയാവും ...ഞാനൊറങ്ങിയാലാ അച്ഛന്‍ വെരുവ്വാ.."

ലിയ കൊമ്പും തുമ്പിക്കൈയ്യും ഉള്ള ഒരാന.ഗുണകോഷ്ഠത്തിലെ ചിത്രത്തില്‍ കാണുന്ന അതുപോലെ തന്നെ .ഇരുട്ടത്ത്‌ അത് എന്റെ നേരെ തന്നെ വരികയാണ്‌ .തുമ്പിക്കൈ കൊണ്ട് അത് എന്റെ തലയില്‍ തൊട്ടു ."അമ്മേ ..." എന്ന് പറഞ്ഞു ഞാന്‍ ഒരൊറ്റ നിലവിളി !
ചുറ്റും നോക്കി ..ഞാന്‍ നിലത്ത് പായയിലാണ്.അടുത്ത് അച്ഛനെ കാണുന്നില്ല .കട്ടിലില്‍ അമ്മയുമില്ല .എല്ലാരും രാത്രി എവിടെപ്പോയി ?പടിഞ്ഞിറ്റേല് വെല്ലിമ്മയും ഇല്ല .പെട്ടന്ന് ലൈറ്റും പോയി .കൂരാ കൂരിരുട്ട്..പേടിച്ച് വിറച്ച് ഞാന്‍ നിലവിളിച്ചു. അടുക്കളയില്‍ നിന്നും ആരോ ചിമ്മിണി വിളക്കും കത്തിച്ചു വരുന്നുണ്ട് .എന്തോ കിലുങ്ങുന്ന ശബ്ദവും ..എന്റെ കരച്ചില്‍ ഉച്ചത്തിലായി.

"മോനേ കരയണ്ട കേട്ടോ ..അമ്മയും അച്ഛനും ഇപ്പൊ വരും കെട്ടോ ..."
അത് സത്യേച്ചി ആയിരുന്നു.

"അവരിപ്പോ വരും കേട്ടോ .. അയ്യേ ആണ്‍കുട്ടികള് കരയ്യോ" സത്യേച്ചി എന്നെ സമാധാനിപ്പിക്കാന്‍ തുടങ്ങി .
കുറച്ച് സമയം കഴിഞ്ഞപ്പോള്‍ എല്ലാവരും എത്തി .

"സത്യഭാമേ ..ചെക്കന്‍ ഞെട്ടി എഴുന്നേറ്റോ ?ബുദ്ധിമുട്ടായി അല്ലേ? ഓനെയും ഉക്കത്തു തട്ടി നടക്കാന്‍ കയ്യില്ല ..അതാ..തെടമ്പ് നൃത്തം കഴിഞ്ഞപ്പൊ വയലില് കഥകളി ഇണ്ടായിരുന്നു .കൊറച്ച് സമയം അതൊന്നു കണ്ടു ."
അമ്മ സത്യേച്ചിയോടു പറയുന്നതു കേട്ടു.

എല്ലാവരും അമ്പലത്തില്‍ പോയതാണെന്ന് അറിഞ്ഞതോടെ എന്റെ കരച്ചില്‍ വീണ്ടും തുടങ്ങി ..പൂര്‍വാധികം ശക്തിയോടെ..
അച്ഛന്‍ ഒരു 'കിലുക്കിട്ടം 'എന്റെ നേരെ നീട്ടി .ഞാനത് വാങ്ങി പൊട്ടിച്ച് മുറ്റത്തേക്ക് വലിച്ചെറിഞ്ഞു .

"നമ്മക്ക് നാളെ ഇവരെയൊന്നും കൂട്ടാതെ ഒറ്റക്ക് പോവാ കെട്ടോ .. നേരത്തെ പോയി ആന കുളിക്കുന്നെ എല്ലാം കാണാം..വൈന്നേരം ഓട്ടന്‍ തുള്ളലും കാണാം ..സത്യേച്ചി വരുമ്പോഴേക്ക് കുളിച്ച് കുട്ടപ്പനായി നിക്കണം കേട്ടോ .."

സത്യേച്ചിയുടെ ആ ഉറപ്പിന്മേല്‍ എന്റെ കരച്ചില്‍ നിന്നു .കരഞ്ഞു കലങ്ങിയ കണ്ണുമായി ഞാന്‍ ഒരു കള്ളച്ചിരി ചിരിച്ചു .കവിളില്‍ ഒരു ഉമ്മ തന്ന്.. ചിമ്മിണിക്കൂടുമായി സത്യേച്ചി ഇരുട്ടത്ത്‌ നടന്നകന്നു .എടേല് എത്തുന്നത്‌ വരെ പാദസരത്തിന്റെ കിലുക്കം കേള്‍ക്കാമായിരുന്നു .

(തുടരും ..)
ഒരു ഓർമ്മപ്പെടുത്തലിനായി ചായിപ്പിലെ  ഭരണിയിൽ ഉപ്പിലിട്ടു വച്ചിരുന്ന 
കമന്റു നെല്ലിക്കകൾ വീണ്ടും....ഒരല്പം പുളിക്കുമെങ്കിലും പിന്നെ മധുരിക്കും
,ഈ ഓർമ്മകൾ ...:)
ഏകാന്തതാരം said...
ഇനിയും ആ പാദസരം കിലുങ്ങാനായി കാത്തിരിക്കുന്നു....
ശ്രീ said...
എഴുത്ത് മനോഹരമാകുന്നു. ആ പാദസരത്തിന്റെ കിലുക്കം മനസ്സില്‍ ബാക്കി നില്‍ക്കുന്നു...
:)
മാണിക്യം said...
സ്വ്വന്തമായി ഒരു വീട്
അതെന്നും സ്വപ്നം ആയിരിക്കും,
എല്ലാവരുടെയും...

കഥ പറയുന്ന രീതി വളരെ ഹൃദ്യം
കുട്ടിയുടെ വീക്ഷണത്തില്‍ കഥ നന്നാവുന്നു
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു...
അനില്‍@ബ്ലോഗ് said...
നന്നായിരിക്കുന്നു .

ജീവിതത്തില്‍ നിന്നുമുള്ള ഒരു ഏടുപോലെ.

ചിത്രങ്ങള്‍ ആകര്‍ഷണീയം

ആശംസകള്‍.
എം. എസ്. രാജ്‌ said...
ആദ്യം കഥയല്ല കമന്റാണു വായിച്ചത്. നല്ല എഴുത്ത്. ലളിതം. വിശദമായി പിന്നീടു വായിച്ചോളാം.

ആശംസകള്‍.
മാളൂ said...
"നമ്മക്ക് നാളെ ഇവരെയൊന്നും
കൂട്ടാതെ ഒറ്റക്ക് പോവാ കെട്ടോ .. നേരത്തെ പോയി ആന കുളിക്കുന്നെ എല്ലാം കാണാം..
വൈന്നേരം ഓട്ടന്‍ തുള്ളലും കാണാം ..
സത്യേച്ചി വരുമ്പോഴേക്ക് കുളിച്ച് കുട്ടപ്പനായി നിക്കണം കേട്ടോ .."


ഇങ്ങനെ ഒരു സത്യേച്ചിയുണ്ടായിരുന്നെങ്കില്‍
എന്ന് ആശിച്ചുപോണു.... സത്യേച്ചിയുടെ പാദസരം കൂടുതല്‍ കിലുങ്ങട്ടേ
OAB said...
അനുഭവത്തിന്റെ പാദസരങ്ങള്, ജീവിതത്തിന്റെ സോപ്പുകായയാല് കൂടുതല് തിലങ്ങട്ടെ..
ആശംസകളോടെ.......
കുറ്റ്യാടിക്കാരന്‍ said...
very good... really really good.
മുരളിക... said...
നന്നായി, അടുത്ത ഭാഗം പോരട്ടെ വേഗം.
ചിത്രങ്ങളും ഹൃദ്യം
ഏറനാടന്‍ said...
ആദര്‍ശ്, തിരക്കിട്ട് എഴുതിയതല്ലാത്തയീ തിരക്കഥ രസമുണ്ട്.
Senu Eapen Thomas, Poovathoor said...
ആദര്‍ശെ..തിരക്കഥ ജോറാവുന്നുണ്ട്‌. പാദസരത്തിന്റെ കിലുക്കം കേള്‍ക്കാന്‍ കാത്തിരിക്കുന്നു
..
വരകള്‍ ഗംഭീരം... കുശുമ്പ്‌ ഉടലെടുക്കുന്നോയെന്ന് ലേശം സംശയമില്ലാതില്ല.

സസ്നേഹം,
പഴമ്പുരാണംസ്‌
യൂനുസ് വെളളികുളങ്ങര said...
ഒരു സംശയം തിരക്കഥ എന്ന്‌ വച്ചാല്‍ തിരക്ക്‌ പിടിച്ച്‌ എഴുതന്നതാണോ തിരക്കഥ
ആദര്‍ശ് said...
നന്നാവുന്നു എന്ന് ചിലര്‍ പറയുന്നു...
എന്തൊക്കെയോ അങ്ങനെ എഴുതിയതാ ...നന്നാവുന്നുണ്ടോ?

ഏകാന്തതാരം : ആദ്യമായി കമന്റിട്ടതിന് നന്ദി കേട്ടോ...

ശ്രീ :നന്ദി..:)

മാണിക്യം ചേച്ചി :കഥ പറയുന്ന രീതി ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം ..

അനില്‍ ഭായ് : ജീവിതത്തില്‍ നിന്നുള്ള ഒരേട്‌ തന്നെയാണീ കഥ..

എം .എസ് .രാജ് ഭായ് : വിശദമായി വായിച്ചിട്ട് അഭിപ്രായം പറയുമല്ലോ...

മാളു :

oab:

കുറ്റ്യാടിക്കാരന്‍ ചേട്ടന്‍ :

മുരളിക :

ഏറനാടന്‍ മാഷ് :

എല്ലാവര്‍ക്കും നന്ദി ..വീണ്ടും വരുമല്ലോ...

സെനുവേട്ടോ ,കുശുമ്പോ ? ഇത് വായിച്ചിട്ടോ ... !പഴമ്പുരാണം വായിച്ച് എനിക്ക് തോന്നിയ അത്രയും വരുമോ?

യൂനുസ് ജി,: സിനിമാ തിരക്കഥയും ഇതും തമ്മില്‍ യാതൊരു ബന്ധവും ഇല്ല കെട്ടോ..
'തിരക്കഥ ' എന്നത് ബ്ലോഗിന്റെ പേരു മാത്രം..

പാദസരത്തിന്റെ കിലുക്കം കേള്‍ക്കാന്‍ വീണ്ടും എത്തിയ എല്ലാവര്‍ക്കും ,ആദ്യമായി വന്നവര്‍ക്കും എല്ലാവര്‍ക്കും ഒരായിരം നന്ദി..
നിരക്ഷരന്‍ said...
വളരെ നന്നായി എഴുത്തിയിരിക്കുന്നു. അടുത്ത ഭാഗം എപ്പോഴിറങ്ങും ?
'കല്യാണി' said...
thirakkatha nannaayirikkunnu.....
ആദര്‍ശ് said...
നിരക്ഷരന്‍ ഭായ് ,നന്ദി ...
അടുത്തത് ഉടന്‍ ഇറങ്ങും കെട്ടോ..പക്ഷേ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു എന്ന് പറഞ്ഞ പലരെയും ഇങ്ങോട്ട് കാണാനേയില്ല...

കല്യാണി ചേച്ചി ,
നമ്മള്‍ ഒരു നാട്ടുകാരാണല്ലേ?നന്ദി ..വീണ്ടും വരണം ...
പിരിക്കുട്ടി said...
aadarsh,,,,,,,,,,

vaikippoyi ethaan........

ithum nannayittundu.....

chil chilum waiting for next...
പ്രിയ ഉണ്ണികൃഷ്ണന്‍ said...
പാദസരക്കിലുക്കം.... എറിപ്പന്‍!
smitha adharsh said...
കൂടുതല്‍ കൂടുതല്‍ നന്നായി വരുന്നു ഈ 'തിരക്കഥ'..
വേഗം,അടുത്തത് പോരട്ടെ..
കുട്ടിച്ചാത്തന്‍ said...
ചാത്തനേറ്:ഇങ്ങനെ ഒരു സാധനം കൂടി ഉണ്ടായിരുന്നു അല്ലേ ഇപ്പോഴാ കണ്ടത്. എല്ലാ പോസ്റ്റും വായിച്ചു. എന്റെ ചെറുപ്പത്തില്‍ തറവാട്ടില്‍ ഒത്തിരി ആളോളുണ്ടായിരുന്നു. അതോണ്ട് ഒരുപാട് പാദസരങ്ങള്‍ കിലുങ്ങുന്നു മനസ്സില്‍... തുടരൂ‍

തുടരുമ്പോള്‍ ഇതില്‍ ഒരു കമന്റിടൂ ട്രാക്കിംഗ് ചെയ്തവര്‍ക്കൊക്കെ അറിയാമല്ലോ.
കുട്ടിച്ചാത്തന്‍ said...
ഒരു കാര്യം വിട്ടുപോയി. അച്ചടിച്ച ഭാഷ പറഞ്ഞ് പറഞ്ഞ് എങ്ങോ കൈമോശം വന്ന സ്വന്തം സ്ല്ലാങ്ങ് ശക്തമായ ബാല്യകാല സ്‌മൃതികളുണര്‍ത്തുന്നു, നന്ദി...
ഷമ്മി :) said...
നല്ല എഴുത്ത്
ശ്രീ said...
ഇതെവിടെ പോയി? കാണാനേയില്ലല്ലോ
മാര്‍...ജാരന്‍ said...
നല്ലതാണീ ബ്ലോഗ്


4 comments:

Mubi said...

കഥ ഇഷ്ടായിട്ടോ...

ajith said...

രണ്ടാം ഭാഗം വായിക്കാന്‍ ഇന്നാണെത്തിയത്. അവധി കഴിഞ്ഞ് ഇന്നലെ തിരിച്ചുവന്നതേയുള്ളു.
ഇനി മൂന്നും നാലും ഭാഗങ്ങള്‍ വായിക്കട്ടെ

സുധി അറയ്ക്കൽ said...

രണ്ടാം അധ്യായം നിറഞ്ഞ മനസ്സോടെ വായിച്ചു.

ആദര്‍ശ് | Adarsh said...

സന്ദർശ്ശനത്തിനും,വായനയ്ക്കും നന്ദി..മുബി, അജിത്ത്‌ ഏട്ടൻ,സുധി..