Saturday, September 20, 2008

ശീവോതിപ്പൂക്കളം

പിരിക്കുട്ടിയാ ചോദിച്ചത് ,ഓണം കഴിഞ്ഞിട്ടും പൂവിടുന്നത്‌ ഏത് സ്ഥലത്താ എന്ന് ...അപ്പൊ കരുതി എനിക്കറിയാവുന്ന കാര്യം പിരിക്കുട്ടിക്ക്‌ പറഞ്ഞു കൊടുക്കാമെന്ന്....ഇതാ പിരിക്കുട്ടീ കണ്ടോളൂ ....ഓണം കഴിഞ്ഞിട്ടും ഇട്ട പൂക്കളം ...


എന്റെ നാട്ടില് അതായത് കണ്ണൂരില്‍, ചില ഭാഗങ്ങളില്‍ തിരുവോണം കഴിഞ്ഞാലും പൂവിടും ..പക്ഷേ പൂക്കളുടെ കൂടെ 'ശീവോതി ' എന്ന ചെടിയും പറിച്ചിട്ട്‌ ഇടണം .പൂക്കള്‍ കിട്ടിയില്ലെങ്കിലും ശീവോതി നിര്‍ബന്ധമാണ്‌ .. തിരുവോണ ദിവസം പുലര്‍ച്ചെ ,പൂജാ മുറിയില്‍ വിളക്കുവെച്ച് അരിമാവ് കൊണ്ട് കളം വരച്ച് ശീവോതി കളത്തിലിടും .പിന്നീട് മകം വരെ പതിനാറു ദിവസം മുറ്റത്ത്‌ ശീവോതി കൊണ്ട് പൂക്കളം തീര്‍ക്കണം .
ദാ....ഇതാണ് ശീവോതി എന്ന ചെടി ..മുറ്റത്തും പറമ്പിലും ഒക്കെ ചെടി കാണും.. ഇതിന്റെ ബോട്ടാണിക്കല്‍ പേരൊന്നും എനിക്കറിയില്ല. ശ്രീ ഭഗവതിയുടെ അതായത് മഹാലക്ഷ്മിയുടെ നാളാണ് മകം ,എന്നാണ് പറയുന്നത്.ഭഗവതിയുടെ പ്രീതിക്കായിട്ടാണ് മകം വരെ ശീവോതിക്കളം തീര്‍ക്കുന്നത് ."ശ്രീ ഭഗവതി "എന്ന പേരില്‍ നിന്നാണ് 'ശീവോതി 'യുണ്ടായത്..ചിലര്‍ ചെടിയെ 'ശീവോതി കൈത്ത് 'എന്നും 'ചീവോതി' എന്നും വിളിക്കാറുണ്ട്. മകം നാളിനു മുമ്പേ വീടും പരിസരവും ..വാതിലും പടിയും എല്ലാം കഴുകി വൃത്തിയാക്കി ,ഭസ്മം പൂശും ...
മകത്തിനു രാവിലെ അരിമാവുകൊണ്ട് വാതിലുകളിലും കട്ടിലയിലും കൈയുടെ പാട് വരക്കും..തറയിലൊക്കെ കാല്പ്പാടും ..ഭഗവതി വീട്ടില്‍ കയറി എന്ന് കാണിക്കാനാണ് ഇങ്ങനെ ,വീടിന്റെ എല്ലാ ഭാഗത്തും ചെയ്യുന്നത്.ഉച്ചയ്ക്ക് അരിയും തേങ്ങയും പഴവും എല്ലാം ചേര്‍ത്ത് മകക്കഞ്ഞി ഉണ്ടാക്കും..ഭഗവതിക്ക് നിവേദിച്ച ശേഷം ,എല്ലാവര്‍ക്കും കഞ്ഞി കുടിക്കാം..ഇത്രെയൊക്കെ എനിക്ക് അറിയൂ..

കേരളത്തിന്റെ
മറ്റു ചില ഭാഗങ്ങളിലും ,മലബാറിലും തന്നെ ,കര്‍ക്കിടകത്തിനു മുമ്പും ശേഷവും 'ചേട്ട പുറത്ത് ശീവോതി അകത്ത് ' എന്ന് പറഞ്ഞ് സമാനമായ ആചാരം ഉണ്ട്.പക്ഷെ ചിങ്ങത്തിലും കന്നിയിലും ആയിട്ടാണ്‌ 'ശീവോതിക്കളം 'തീര്‍ക്കുന്നത് . പണ്ടൊക്കെ ചിങ്ങം ഒന്ന് തൊട്ട് മുറ്റത്ത്‌ പൂക്കളം തീര്‍ക്കുന്നവര്‍ ധാരാളം ഉണ്ടായിരുന്നു.ഇന്ന് അത്തം തൊട്ട് തിരുവോണം വരെ പോലും
നേരാംവണ്ണം പൂക്കളം തീര്‍ക്കാത്തവരാണ് അധികവും ഉള്ളത് .എന്നിട്ടുവേണ്ടേ മകം വരെ വീണ്ടും പൂവിടാന്‍?