Saturday, November 14, 2009

രോഗമില്ലാത്ത വീട്...?


ദേശീയ മന്ത് രോഗ പ്രതിരോധ പദ്ധതിയുടെ ഭാഗമായി കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍  മന്ത് രോഗ പ്രതിരോധ ഗുളികകള്‍ വിതരണം ചെയ്തു കൊണ്ടിരിക്കുകയാണ് ഇപ്പോള്‍ .മന്ത് ഗുളിക വിഷ ഗുളികയാണ് എന്നു പറഞ്ഞ് കുറേ പേര്‍ നേരത്തെ തന്നെ പദ്ധതി ബഹിഷ്കരിച്ചിരുന്നു.ഗുളിക കഴിച്ചവര്‍ തല കറങ്ങി വീഴുന്നു എന്ന വാര്‍ത്തകള്‍ കേള്‍ക്കാന്‍ തുടങ്ങിയതോടെ കുട്ടികളും സ്ത്രീകളും ഗുളികയെ പേടിച്ചു."പെടിക്കാനൊന്നുമില്ല,പാര്‍ശ്വ ഫലങ്ങള്‍ സാധാരണമാണ്" എന്ന്  ഡോക്ടര്‍മാര്‍ വ്യക്തമാക്കു ന്നുണ്ടെങ്കിലും  ഗുളിക കഴിക്കാന്‍ ധൈര്യപ്പെടുന്നവര്‍ ചുരുക്കം. ബാക്കിയുള്ളവരില്‍ ശിശുക്കള്‍,ഗര്‍ഭിണികള്‍,വൃദ്ധര്‍, ഗുരുതരരോഗികള്‍,നിത്യ രോഗികള്‍ എന്നിവരെ പദ്ധതിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ ഈ വിഭാഗത്തില്‍ ഒന്നും പെടാത്ത ചുറു ചുറുക്കുള്ളവരെത്തേടി  മന്ത് ഗുളികകളുമായി വീടുകള്‍ കയറിയിറങ്ങുന്ന പ്രവര്‍ത്തകര്‍ വൈകിയാണ് ആ ദുഃഖ സത്യം മനസ്സിലാക്കുന്നത്..നിത്യ രോഗികള്‍ ഇല്ലാത്ത ഒരൊറ്റ വീടും ഭൂമിമലയാളത്തിലില്ല..! ഗുളികയെ പേടിച്ചു രോഗികളാണെന്ന് കളവു പറയുന്നതൊന്നുമല്ല,ദിവസവും  ഏതെങ്കിലും ഒരു നേരം മരുന്ന് ഭക്ഷിക്കാത്തവരെ മരുന്നിനു പോലും കാണാനില്ല.തന്റെ മകന്റെ രോഗ ശാന്തിക്കായി സെന്‍ ഗുരുവിന്റെ ഉപദേശപ്രകാരം  രോഗമില്ലാത്ത വീട് അന്വേഷിച്ചിറങ്ങിയ അമ്മയെപ്പോലെ പ്രവര്‍ത്തകര്‍ മരുന്ന് കൊടുക്കുന്ന വീടിന്റെയും  വീട്ടുകാരുടെയും വിവരങ്ങള്‍ എഴുതാനുള്ള  ഇരുന്നൂറു പേജ് നോട്ട് ബുക്കില്‍ ഒന്നും എഴുതാന്‍ ഇല്ലാതെ നോട്ടീസും കൊടുത്ത്‌ മടങ്ങുകയാണ്...അവര്‍ അന്വേഷിക്കുന്നു..രോഗമില്ലാത്ത വീടുണ്ടോ?

മ്മുടെ അയല്‍ക്കാര്‍,നാട്ടുകാര്‍ എല്ലാവരും ആരോഗ്യവാന്‍മാരാണോ?ഇക്കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിന് വോട്ടു ചെയ്യാന്‍ ബൂത്തില്‍ പോയപ്പോള്‍ അതിനുള്ള ഉത്തരം കിട്ടി.നേരം ഇരുട്ടും വരെ ക്യൂവില്‍ നിന്നു സമ്മതി ദാനാവകാശം വിനിയോഗിച്ച ജനങ്ങളെ സകലരും പുകഴ്ത്തിയെങ്കിലും കണ്ട കാഴ്ചകള്‍ ദയനീയ മായിരുന്നു.ലോകസഭാ തിരഞ്ഞെടുപ്പിന് നെഞ്ചും വിരിച്ച്,കൈയും വീശി നടന്നു വന്നിട്ടുണ്ടായിരുന്ന പലരും എത്തിയത് മക്കളുടെയും പേരക്കുട്ടികളുടെയും കൈ പിടിച്ചായിരുന്നു.'കസേര പല്ലക്കി'ല്‍ അനവധി പേര്‍..മറ്റു ചിലര്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഏര്‍പ്പാടാക്കിയ,വിശ്രമമില്ലാതെ തലങ്ങും വിലങ്ങും ഓടിയ ഓട്ടോറിക്ഷയില്‍..കാലില്‍ നീരുമായി,സന്ധികളില്‍ വേദനയുമായി കുറേ പേര്‍.ഒരു ദിവസം ജോലി ചെയ്താല്‍ അടുത്ത ദിവസം പോകാന്‍ കഴിയാതെ വിഷമിക്കുന്ന കൂലിപ്പണിക്കാര്‍,ആശാരിമാര്‍,കല്‍പ്പണിക്കാര്‍... അല്‍പ സ്വല്പം പ്രഷറും ഷുഗറും ഒക്കെയായി വാര്‍ധക്യം ആഘോഷിച്ചിരുന്ന പലരും തീരെ കിടപ്പിലായി.ചിലര്‍ക്ക് കേള്‍വി ശക്തിയും മറ്റു ചിലര്‍ക്ക് കാഴ്ചശക്തിയും പൊടുന്നനെ അപ്രത്യക്ഷമായി  .ഇതെല്ലാം വരുത്തി വെച്ചത് പകര്‍ച്ചപ്പനിയെന്ന ദുഷ്ടനായിരുന്നു. ആ പരമ ദുഷ്ടന്റെ ആക്രമണം ഇപ്പോഴും തുടരുന്നു.


കര്‍ച്ചപ്പനി സര്‍വസാധാരണമാണെന്നും, നാടും നഗരവും മലീമസമാക്കിയതു കൊണ്ടാണ് ദുഷ്ടന്‍ രംഗ പ്രവേശം ചെയ്തതെന്നും പറഞ്ഞ് കുറച്ചെങ്കിലും ആശ്വസിക്കാം.പക്ഷേ മറ്റു രാക്ഷസന്മാര്‍ എവിടെ നിന്നു വന്നു?വാര്‍ത്തമാന പത്രങ്ങളുടെ പ്രാദേശിക പേജില്‍ ചികിത്സാ സഹായം അഭ്യര്‍ത്ഥിച്ചു  കൊണ്ടുള്ള വാര്‍ത്തകള്‍ ദിനം പ്രതി പെരുകുകയാണ്.ചികിത്സാ സഹായ കമ്മറ്റികള്‍ ഇല്ലാത്ത ഒരു വാര്‍ഡ് പോലും ഇല്ല. മുന്‍ കാലങ്ങളില്‍ അര്‍ബുദമായിരുന്നു വില്ലനെങ്കില്‍ കേട്ട് കേള്‍വി പോലും ഇല്ലാത്ത അജ്ഞാത രോഗങ്ങളാണ് ഇപ്പോള്‍ അരങ്ങു വാഴുന്നത്.നവജാത ശിശുക്കളും,യുവാക്കളും,സ്ത്രീകളും എന്ന് വേണ്ട സകലരും  പെട്ടന്നൊരു ദിവസം രോഗികളാവുകയാണ്.ഇരു വൃക്കകളും തകരാറിലായി,മാറ്റി വെക്കാന്‍ പണമില്ലാതെ ഡയാലിസിസ് വഴി ജീവന്‍ നില നിര്‍ത്തുന്നവര്‍ അനവധി.തൈറോയിഡിന്റെയും കരളിന്റെയും അസുഖങ്ങളും സര്‍വസാധാരണമായി.ജില്ലാ ടി.ബി സെന്ററില്‍ മരുന്ന് കഴിക്കാന്‍ രാവിലെ എത്തുന്നവരുടെ എണ്ണം അറിയാന്‍ ചവറ്റു കുട്ടയില്‍ കളയുന്ന പ്ലാസ്റ്റിക്‌ ഗ്ലാസ്സുകളുടെ  എണ്ണം നോക്കിയാല്‍ മതി. ഒരു പ്രസവത്തിനോ,വീണ് കൈയോ കാലോ പൊട്ടിയാലോ മറ്റോ കയറിപ്പോയിരുന്ന ആശുപത്രികള്‍ മറ്റൊരു വീട് തന്നെയായി. ഭയപ്പെടുത്തിയിരുന്ന 'ആശുപത്രി  മണം'ഒന്നുമല്ലാതായി. കുടുംബാംഗങ്ങളുടെ രോഗം കാരണം മനസ്സ് തകര്‍ന്നു ജീവിതത്തോടു വിരക്തിയുമായി നടക്കുന്നവരെ നാട്ടിടവഴികളില്‍ എപ്പോള്‍ വേണമെങ്കിലും കണ്ടുമുട്ടാം.അകന്ന ബന്ധുക്കളുടേയോ 
പരിചയക്കാരുടേയോ മരണ വാര്‍ത്തകള്‍ കേള്‍ക്കാത്ത ദിവസങ്ങള്‍ നന്നേ കുറവാണ്.


രോഗത്തിന്  പക്ഷപാതം  ഇല്ലെങ്കിലും ഗ്ലൂക്കോ മീറ്ററും,പ്രഷര്‍ മോണിട്ടറും,ആരോഗ്യ ആനുകാലികങ്ങളും,ഹോം നഴ്സും ഒക്കെ ഉള്ളവര്‍ രോഗങ്ങളെ വരുതിക്ക് നിര്‍ത്തുമ്പോള്‍ എല്ലാം അറിയാന്‍ വൈകിപ്പോയി എന്ന് പറഞ്ഞ് കരയുന്നവരാണ് ധാരാളം.ചിക്കന്‍ ബിരിയാണിയും,ഷവര്‍മ്മയും,ബീഫ് റോളും,കോളയും അത്താഴത്തിന് 'മസ്റ്റ്റ്‌' ആകുമ്പോള്‍,വീട്ടിലിട്ടു വളര്‍ത്തുന്ന കുട്ടിയെ കയറ്റിക്കൊണ്ടു പോകാന്‍ 'ഏസി  ക്വാളിസ്‌' പടിക്കലെത്തുമ്പോള്‍,നട്ടുച്ച തൊട്ട് നട്ടപ്പാതിര വരെ ചാനലുകള്‍ മാറ്റി രസിക്കുമ്പോള്‍ "ഓ അതൊന്നും കാര്യ മാക്കാനില്ല...പരസ്യം ഒക്കെ കാണുന്നില്ലേ? എത്ര മരുന്നുണ്ട്? ഹോസ്പിറ്റല്‍സ് ദാ തൊട്ടപ്പുറത്തുണ്ട്.."എന്ന് മേനി പറയാം.


ന്നാല്‍ അന്നന്ന് കിട്ടുന്ന കാശിനു റേഷനരിയും വാങ്ങി, മുണ്ട് മുറുക്കിയുടുത്ത്,കടം വാങ്ങി മക്കളെ പഠിപ്പിക്കുന്ന വീട്ടില്‍ രോഗമെത്തുമ്പോള്‍,അങ്ങനെ ഒരു പ്രദേശത്തു മുഴുവന്‍ വിരുന്നിനെത്തുമ്പോള്‍ ദോഷ പരിഹാരമായി അമ്പലങ്ങള്‍ പുതുക്കി പണിയുകയോ,പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തുകയോ ഒക്കെ ചെയ്യുകയേ 
നിവൃത്തിയുള്ളൂ.പദ്ധതികളും,സെമിനാറുകളും,സൌജന്യ  ക്യാമ്പുകളും എല്ലാം വരും പോകും. നല്ല ആരോഗ്യ മെന്നാല്‍  രോഗം വന്നാല്‍ മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കലാണ്,മരണം വരെ മരുന്ന് തിന്നലാണ്,പരീക്ഷണ വസ്തുവായി മാറലാണ്. പന്നിപ്പനി തടയണമെങ്കില്‍ പരസ്യത്തില്‍ കാണുന്ന സോപ്പിട്ടു കൈ കഴുകാം.ഏതു സമയത്തും രോഗങ്ങള്‍ ആക്രമിച്ചേക്കാം,അതുകൊണ്ട്‌ 'ഹെല്‍ത്ത്‌ കാര്‍ഡ്'എടുക്കാം."അച്ഛനും അമ്മയ്ക്കും പ്രശറും ശുഗരും ഉണ്ട്..എനക്ക് വര്വോ.. ?"എന്ന് ചോദിക്കുന്ന കുട്ടികളോട് അവരുടെ പ്രായത്തിലുള്ള മറ്റു കുട്ടികള്‍ ചെയ്യന്നത്  പോലെ ഏതെങ്കിലും ചാനലിലെ 'മെഡിക്കല്‍ ടോക്കിലെ'ഡോക്ടറോട് ചോദിക്കാന്‍ പറയാം.

Wednesday, November 11, 2009

ബ്ലോഗനയില്‍ വെള്ളരിക്കാപ്പട്ടണം..വെള്ളരിക്കാപ്പട്ടണത്തിലെ "മറഞ്ഞു പോകുന്ന തനി നാടന്‍ വേഷങ്ങള്‍" എന്ന പോസ്റ്റ്‌ മാതൃഭൂമി ആഴ്ചപ്പതിപ്പ് ഈ ആഴ്ചയിലെ ബ്ലോഗനയിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നു.ഈ വിവരം അറിയിക്കാന്‍  ഇങ്ങനെയൊരു പോസ്റ്റിടുന്നത് അല്പം പൊങ്ങച്ചമല്ലേ എന്ന് എനിക്കു തന്നെ സംശയം ഉണ്ട്.എന്നാലും... വെറുതെ കുത്തിക്കുറിച്ച അക്ഷരങ്ങള്‍ക്ക്, ജീവിതത്തില്‍ ആദ്യമായി അച്ചടി മഷി പുരളുമ്പോള്‍ ചെറിയൊരു സന്തോഷം...അതിന് നിമിത്തമായത് ഈ ബൂലോകത്ത് എത്തിയതും...ഇതുവരെ, ഈ നിമിഷം വരെ ഈ കൊച്ചു പട്ടണത്തില്‍ എത്തിയ എല്ലാവര്‍ക്കും,എല്ലാ ബൂലോകര്‍ക്കും,ഒപ്പം മാതൃഭൂമിക്കും സ്നേഹം നിറഞ്ഞ നന്ദി..