Tuesday, September 22, 2009

പണം വാരാനുള്ള അവസരങ്ങള്‍...



"എണീച്ചേ..നിങ്ങളെ ഫോണ്‍ ബെല്ലടിക്കുന്നാ.."
"ഇതാരാ ഈ നട്ടപ്പാതിരക്ക്...ശല്യം..."
"ഹലോ...സുഗുണന്‍ മാഷല്ലേ..ഹലോ.."
"അല്ല...ബാരക്ക് ഒബാമയാ..എന്റെ മൊബൈലില് വിളിച്ചിട്ട് ഞാനല്ലേന്ന്..."
"എടാ സുഗൂ..ഞാനാടാ രമേശന്‍...കള്ളിക്കണ്ടീലേ...എടാ നാളെ നിനക്ക് ലീവല്ലേ..വൈകുന്നേരം  മൂന്ന് മണിക്ക് ഹോട്ടല്‍ റോയല്‍ പാലസില്‍ ഒരു പാര്‍ട്ടി വെച്ചിട്ടുണ്ട്..നീ എന്തായാലും വരണം..."
"ആ വരാം... വരാം.."...നാശം മനുഷ്യനെ മെനക്കെടുത്താന്‍...

"ആരാ വിളിച്ചത്..."
"ഏതോ ഒരു രമേശന്‍..."
" ഏത് രമേശന്‍...."
" ആ..?ഞാന്‍ കാള്‍ കട്ട് ചെയ്തു..ഫോണ്‍ സ്വിച്ച് ഓഫും ആക്കി.. നീ ഉറങ്ങാന്‍ നോക്കുന്നുണ്ടോ ബിന്ദൂ..."

"അച്ഛാ...ഒരാള് കാറില് വന്നിട്ടാ...."
"ആരാ മോളേ?..."
"ഒരു തടിയനാ..."

"ഹലോ... സുഗുണന്‍... "
"നമസ്കാരം..എനിക്ക് ആളെ മനസ്സിലായില്ല..."
"ഞാന്‍ ഇന്നലെ വിളിച്ചിരുന്നു...കള്ളിക്കണ്ടീലെ രമേശന്‍....നമ്മള് പത്തു വരെ ഒരു ബെഞ്ചിലിരുന്നു പഠിച്ചതല്ലേടാ...."
"ആ...മനസ്സിലായി...പത്തില് തോറ്റിട്ട് നാട് വിട്ട...കൊള്ളി രമേശന്‍...! നീയായിരുന്നോ ഇന്നലെ നട്ടപ്പാതിരക്ക് വിളിച്ചത്... നീയങ്ങ് തടിച്ചു കൊഴുത്തല്ലോ.."
"കഥയൊക്കെ നമുക്ക്‌ പിന്നെ വിശദമായിപ്പറയാം..നീ വണ്ടീക്കേര്..ഈ ലുങ്കിയൊക്കെ മാറ്റി,ഒരു ഷര്‍ട്ടും പാന്റും എടുത്തിട്ടിറ്റ് വന്നേ..പാര്‍ട്ടിക്ക് സമയമായി"

അങ്ങനെ ഒരു സുപ്രഭാതത്തില്‍ പൊട്ടി മുളച്ച രമേശന്റെ നിര്‍ബന്ധത്തിന് വഴങ്ങി ഹോട്ടല്‍ റോയല്‍ പാലസിലേക്ക്...ചീറിപ്പായുന്ന കാറില്‍ വെച്ച്, എന്ത് വകയാടാ പാര്‍ട്ടി എന്ന് ചോദിച്ചപ്പോള്‍ അവന്‍ ഒരു നോട്ടീസ് എടുത്തു തന്നു."സാമ്പത്തിക മാന്ദ്യം നേരിടാന്‍ പുതുവഴികള്‍..സെമിനാറും ചര്‍ച്ചയും..ഹോട്ടല്‍ റോയല്‍ പാലസ് ഓഡിറ്റോറിയം."
"ഇതാണോ നിന്റെ പാര്‍ട്ടി?"
"നിനക്ക് എന്തായാലും ഉപകാരമുള്ള പരിപാടിയാണ്..കഴിഞ്ഞിട്ട് നമ്മക്ക് സംസാരിക്കാം.."

തിവിശാലമായ ഹാളില്‍ ജനസാഗരം..റിയാലിറ്റി ഷോയെ വെല്ലുന്ന സ്റ്റേജില്‍ അതാ വരുന്നു..കൊട്ടും സൂട്ടും ഇട്ട് രമേശന്‍..!" ഗുഡീവിനിംഗ് എവെരി ബഡി..ഐ ആം രമേശന്‍ കള്ളിക്കണ്ടി..ലേഡീസ്. ആന്‍ഡ്‌ ജെന്റില്‍മാന്‍...പത്തു കൊല്ലം മുമ്പ്‌ പത്തു ഉറുപ്പിക  കയ്യിലുണ്ടായിരുന്നെങ്കില്‍ ഒരു ദിവസം മൊത്തം ഹോട്ടലില്‍ നിന്ന് ശാപ്പാടടിക്കാമായിരുന്നു.ഇന്ന് അതാണോ സ്ഥിതി? പത്തിന്റെ സ്ഥാനത്ത് നൂറു പോലും തികയില്ല.രണ്ടു കൊല്ലം കഴിയുമ്പോഴേക്കും  നൂറിനു പകരം ആയിരം.പൈസക്ക്‌ വിലയില്ലാതായിരിക്കുന്നു.ഈ മാന്ദ്യത്തിനിടയിലും എന്നെ ഈ നിലയില്‍ എത്തിച്ചത്..ഐ മീന്‍...കാറും ബംഗ്ലാവും ഫ്ലാറ്റും തന്നത് ...'മില്യണേഴ്സ്‌  ഇന്റര്‍നാഷണല്‍'..."
പറഞ്ഞു തീരലും പുരുഷാരത്തിന്റെ വമ്പന്‍ കൈയ്യടി...പിന്നീടങ്ങോട്ട് ഉത്സവമായിരുന്നു. 'മില്യണേഴ്സ്‌  ഇന്റര്‍നാഷണല്‍' വഴി ഓട്,പിച്ചള,വെള്ളി,സ്വര്‍ണം,പ്ലാറ്റിനം,ഡയമണ്ട് കോടീശ്വരന്‍മാരായ ആക്രിക്കാരന്‍, തെങ്ങ് കയറ്റുകാരന്‍,പിച്ചക്കാരന്‍  തുടങ്ങി ഒരു വന്‍നിര അവരുടെ അനുഭവങ്ങള്‍ വിവരിച്ചു.ചിലര്‍ തങ്ങള്‍ എങ്ങനെ പണം വാരി എന്ന് ചാര്‍ട്ടുകളുടെയും പ്രൊജെക്ടറുകളുടെയും സഹായത്താല്‍ വിവരിച്ചു.

"എടാ സുഗൂ ..എങ്ങനെയുണ്ട്? എല്ലാം മനസ്സിലായോ?" എല്ലാം കഴിഞ്ഞപ്പോള്‍ രമേശന്റെ ചോദ്യം.
"മില്യണേഴ്സ്‌  ഇന്റര്‍നാഷണല്‍ എന്ന് പറയുമ്പോള്‍ സുവിശേഷത്തിനു മുട്ടിപ്പാടുന്നത് പോലെ   ആര്‍ത്തു വിളിച്ചു കൈയ്യടിക്കണം എന്നല്ലാതെ ഒരു ചുക്കും മനസ്സിലായില്ല."എനിക്ക് മനസ്സിലാവാനായി ആറക്കശമ്പള ജോലി ഉപേക്ഷിച്ച് 'മില്യണറാ'യ ഒരുത്തന്‍ സ്റ്റേജില്‍ വിവരിച്ചത് തന്നെ രമേശന്‍ ആവര്‍ത്തിച്ചു.

"ഇലക്ട്രിക്‌ ചീനച്ചട്ടി തൊട്ട് ലാപ്‌ടോപ്‌ വരെയുള്ള പ്രൊഡക്ടുകളില്‍ ഏതെങ്കിലും വാങ്ങി മില്യണേഴ്സില്‍ ചേരുക.ദാ ഇത് നീ..( 'ട്രീ ഡയഗ്രം' വരച്ച്‌ തുടര്‍ന്നുള്ള വിശദീകരണം..)നിന്റെ റൈറ്റ് സൈഡിലും ലെഫ്റ്റ് സൈഡിലും നീ ഓരോ ആളുകളെക്കൂടി ചേര്‍ക്കുന്നു.അപ്പോള്‍ നിനക്ക് കിട്ടുന്നു കമ്പനി വക ബോണസ്‌...രണ്ടായിരം..പിന്നെ അവര്‍ വേറെ ആളുകളെ ചേര്‍ക്കുന്നു..അവരും വേറെ ആളുകളെ ചേര്‍ക്കുന്നു..അങ്ങനെയങ്ങനെ... അങ്ങനെ ഒരാഴ്ച്ചക്കുള്ളില്‍ നിനക്ക്‌ വരുമാനം ഒന്നര ലക്ഷം..!പോരാത്തതിന് മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ കമ്പനി വക ഒരു 'സാന്‍ട്രോ സ്വിംഗ്' ഫ്രീ..
എന്റെ സുഗുണാ,ഈ അവസരം കളഞ്ഞു കുളിക്കരുത്‌ ... ഇന്നത്തെക്കാലത്ത് വെറും അധ്യാപകരായ നിനക്കും നിന്റെ ഭാര്യക്കും എന്ത് ശമ്പളമാ ഉള്ളത്..ഒരു പത്തുകൊല്ലം കഴിഞ്ഞാലുള്ള സ്ഥിതി ആലോചിച്ചു നോക്കിയേ...ഒരു പെണ്‍ കൊച്ചല്ലേ വളര്‍ന്നു വരുന്നത്...?"

മേശന്റെ 'ബ്രെയിന്‍ വാഷി'ങ്ങില്‍ ഞാന്‍ വീഴാതിരുന്നാലേ അത്ഭുതമുള്ളൂ.സാധനങ്ങള്‍ക്കൊക്കെ ഇപ്പോള്‍ എന്താ വില..?പിന്നെ ഈ സംഭവത്തില്‍ തട്ടിപ്പൊന്നും ഉണ്ടാകാനും വഴിയില്ല.ഓരോ 'ട്രാന്‍സ്ആക്ഷനും' കമ്പനി വെബ്‌സൈറ്റിലും,നമ്മുടെ സ്വന്തം മൊബൈലിലും വന്നു കൊണ്ടേയിരിക്കും.പോരാത്തതിന് നാട്ടുകാര് മൊത്തം 'മില്യണേഴ്സ്‌' അല്ലേ ?
അടുത്ത ദിവസം തന്നെ 9999  രൂപ മുടക്കി ചീനച്ചട്ടി വീട്ടിലെത്തിച്ചു."കറന്റ് ബില്‍ കൂടിക്കൂടി വരുമ്പോള്‍ ഇതെന്തിനാ ഈ കുന്ത്രാണ്ടം..?"എന്ന് ബിന്ദു ആവലാതിപ്പെട്ടെങ്കിലും അത് വെറും ചീനച്ചട്ടിയല്ല പൊന്‍മുട്ടയിടുന്ന ചട്ടിയാണെന്ന കാര്യവും ബിസിനസ് വശങ്ങളും സവിസ്തരം പഠിപ്പിച്ചു കൊടുത്തതോടെ അവള്‍ക്കും സന്തോഷമായി.

ക്ഷങ്ങളും,കാറും സ്വപ്നം കണ്ട് ദിവസങ്ങള്‍ തള്ളി നീക്കവേ ഒരു ദിവസം അത്താഴം കഴിച്ചു കൊണ്ടിരിക്കേ ഒരു സംഭവമുണ്ടായി.
"ഇതെന്നാ ബിന്ദൂ,..സാമ്പാറിന് ഒരു കരിഞ്ഞ മണം?ആ ഇലക്ട്രിക്‌ ചീനച്ചട്ടിയിലാണോ ഉണ്ടാക്കിയത്?"
"അതിന്... നിങ്ങളെ ആ താറാവ് ,അടുപ്പത്ത് വെച്ച അന്ന് തന്നെ ഫ്യൂസായില്ലേ?"
" ഇതാ കുറേ കല്ലും... നീ റേഷനരി കൊണ്ടാണോ സാമ്പാറുണ്ടാക്കുന്നത്?"
"ഓ അതാണോ കാര്യം?അത് കുറച്ചു 'നാനോ കല്ല്‌ 'ഇട്ടതാ.."
"എന്തോന്ന്?"

ചോറ് തിന്ന് കൈ കഴുകിയ ശേഷം ബിന്ദു അകത്തു പോയി കുറച്ചു സാധന സാമഗ്രികളുമായി തിരിച്ചു വന്നു.
"ഇതാണ് അത്യാധുനിക നാനോ ടെക്നോളജിയാല്‍ തയ്യാറാക്കിയ,ഇറക്കുമതി ചെയ്ത നാനോ കല്ലുകള്‍..ഇവ കുടിക്കുന്ന വെള്ളത്തിലോ,കറിയിലോ ഇട്ട് വേവിച്ചാല്‍ ഒരു രോഗവും വരില്ല..ഈ കാര്‍ഡ് കണ്ടോ..(താലിക്കു പകരം അവളുടെ കഴുത്തില്‍ ഒരു വിസിറ്റിംഗ് കാര്‍ഡ്‌ ചരടില്‍ തൂക്കിയിട്ടിരിക്കുന്നു..)ഇതാണ് നാനോ കാര്‍ഡ്..തടിയും കുറയും,പ്രഷര്‍,ഷുഗര്‍ തുടങ്ങി ഒരു അസുഖവും ഉണ്ടാവില്ല."

"എടീ മന്ദബുന്ദീ...ഇതിനൊക്കെ ശാസ്ത്രീയമായ അടിത്തറ വല്ലതും ഉണ്ടോ?"

"ഫലം അറിയാന്‍ രണ്ടു മിനുറ്റ് മുതല്‍ രണ്ടു മാസം വരെയെടുക്കും...ഇനി തട്ടിപ്പാണെങ്കില്‍ ഒരു കുന്തവുമില്ല..അഞ്ചാറു ആളെക്കൂടി ഞങ്ങളുടെ കമ്പനിയില്‍ ചേര്‍ത്താല്‍ മുടക്കിയ പൈസ കിട്ടും..
നിങ്ങളെ ചീനച്ചട്ടി പോലെയല്ല..ബെന്‍സ്‌ കാറാ കിട്ടാന്‍ പോകുന്നത്..സ്കൂളില് എല്ലാ മാഷമ്മാരും ചേര്‍ന്നു..ഞാനും ചേര്‍ന്നു..പി.എഫില്‍ നിന്ന് എടുത്തു കൊടുത്താ മതിയല്ലോ..."

സംഭവത്തോടെ കാര്യങ്ങളുടെ കിടപ്പും ഇരിപ്പുവശവും എനിക്ക് മനസ്സിലായി. നാലു കുട്ടികളെ നാലക്ഷരം പഠിപ്പിക്കുന്ന ഇത്രയും പഠിപ്പും വിവരവും ഉള്ള ഞങ്ങള്‍ക്ക് പറ്റിയ അമളി ആരും അറിയണ്ട എന്ന് കരുതി ബിന്ദുവിനോട് കയര്‍ത്തില്ല.മകന്റെ വീട്ടില്‍ വിശ്രമ ജീവിതം നയിക്കുന്ന വൃദ്ധരായ മാതാപിതാക്കളും അറിയേണ്ട എന്നും കരുതി.

ങ്ങനെയിരിക്കെ ഒരു ദിവസം രാവിലെ സ്കൂളിലേക്ക് പോകാന്‍ ഇറങ്ങവേ,അച്ഛന്‍ കുറച്ചു കടലാസ് കെട്ടുമായി വന്നു.
" എടാ സ്ഥലത്തിന്റെ കുറച്ചു രേഖയാ..നീ ആ വെബ്‌ സൈറ്റില്‍ ഒന്ന് നോക്കണം..മുളകിനൊക്കെ എന്ത് വില കിട്ടി എന്ന് അറിയാമല്ലോ..."

"അച്ഛനെവിടയാ മുളക് പാടം..?അതും വെബ്സൈറ്റില്‍....?"

ഞാന്‍ കടലാസില്‍ നോക്കി. 'അപ്പീസ്‌ (അഗ്രികള്‍ച്ചറല്‍ പ്രൊപ്പര്‍ട്ടി ഇന്‍കം ഏനിംഗ് സര്‍വീസസ്)പ്രൈവറ്റ് ലിമിറ്റഡ്..ഹെഡ് ഓഫീസ്‌, രാജസ്ഥാന്‍'.

വൈകുന്നേരം ഞാന്‍ വരുന്നതും കാത്ത് അച്ഛന്‍ ഏറേത്ത് തന്നെയുണ്ടായിരുന്നു..
"എന്തായെടാ..?"
"എന്താവാന്‍ ..?വെള്ളപ്പൊക്കത്തില്‍ മുളക് മൊത്തം ഒലിച്ചു പോയി...അച്ഛന് വേറെ പണിയൊന്നും ഉണ്ടായിരുന്നില്ലേ? ഈടെ ഈ മുറ്റത്ത്‌ ഏക്കറു കണക്കിന് വയല് തരിശായി ഇട്ടിട്ട്,ഉള്ള പൈസയും കളഞ്ഞ് കര്‍ണാടകത്തിലും,രാജസ്ഥാനിലും,കണ്ട പട്ടിക്കാട്ടിലും ഓരോ 'സ്ക്വയര്‍ ഫീറ്റ്‌ ' സ്ഥലം വാങ്ങാന്‍ ..."

"എടാ..ആ ആക്സിഡന്റായി മരിച്ച പാപ്പച്ചന്റെ മോന്‍ വന്നു പറഞ്ഞപ്പോ..പേയ്പ്പറിലും,പണപ്പെട്ടി മാസികയിലും എല്ലാം വന്ന വാര്‍ത്തയൊക്കെ ഓന്‍ കാണിച്ചിരുന്നു.നമ്മളെ ഭാസ്കരനും, വിജയനും എല്ലാം പൈസ കൊടുത്തിട്ടും ഉണ്ട്..പിന്നെ ഓനെ എങ്ങനെയാ വിശ്വസിക്കാതിരിക്കുക."

ബഹളം കേട്ടിട്ട് അകത്തു നിന്നും അച്ചുവും മിന്നുവും ഓടി വന്നു..
"വിശ്വാസം...അതല്ലേ എല്ലാം അച്ചാച്ചാ....."

"പ്പോ ...അവിടുന്ന്....മൂത്തവര് വര്‍ത്താനം പറയുന്നതിനിടക്ക് ഓരോന്നും പറഞ്ഞു വരും..ഏത് നേരവും ടീ വീന്റെ മുന്നിലിരുന്നോ..അസത്ത് .."
എന്റെ ദേഷ്യം മൊത്തം ഞാന്‍  അച്ചുവിന്റെ ചന്തിക്കിട്ട് തീര്‍ത്തു.








12 comments:

ആദര്‍ശ് | Adarsh said...

വീണ്ടും സുഗുണന്‍ മാഷ് & ഫാമിലിയുടെ വിശേഷങ്ങള്‍...!

Senu Eapen Thomas, Poovathoor said...

കള്ളിക്കണ്ടിലെ രമേശന്‍ ആ പാതി രാത്രിയില്‍ വിളിച്ചപ്പോള്‍ ഒറ്റ കാര്യം, പണ്ട്‌ ആ രാജു മോന്‍ ചോദിച്ചത്‌ പോലെ ഒന്ന് ചോദിക്കണ്ടായിരുന്നോ?? രമേശന്റെ [അങ്കിളിന്റെ ഫാദര്‍ ആരാണെന്ന്?] പണ്ട്‌ സ്വന്തമായി പത്തിന്റെ നോട്ട്‌ കൈയിലെടുക്കാണിത്തവന്‍ ഇന്ന് റോയല്‍ പാലസില്‍ പാര്‍ട്ടിക്ക്‌ വിളിച്ചാല്‍...
ആരാ സംശയിക്കാതിരിക്കുന്നത്‌???

പിന്നെ അമേരിക്കകാരുടെ സാമ്പത്തിക മാന്ദ്യം, ബാരക്ക്‌ ഒബാമ കയറി ആദ്യത്തെ ആഴ്ച്ച തന്നെ നമ്മുടെ മന്മോഹന്‍ സിങ്ങ്‌ജിയുടെ സാന്നിധ്യത്തില്‍ പ്രതിരോധ മന്ത്രിയുടെ റെക്കമെന്‍ഡേഷനില്‍ ഒരാളെ പരിചയപ്പെടുത്തി, ഒറ്റ സാധനം ആ ഒബാമ അണ്ണന്റെ ആ വലതു കൈയുടെ മസ്സിലിന്റെ അവിടെ കെട്ടി കൊടുത്തതെ, കണ്ടില്ലെ.. മാറ്റം. ഇപ്പോള്‍ അമേരിക്ക സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറി കൊണ്ടിരിക്കുന്നു. ഇതൊക്കെ കണ്ടിട്ടും കേട്ടിട്ടും വിശ്വസിക്കാതെ ഇത്തരം രമേശന്മാരുടെ പുറകെ പോകുന്ന് കുറേ മണ്ടന്മാര്‍. [ ഇനിയും ഒബാമാ അണ്ണന്റെ കൈയില്‍ കെട്ടിയത്‌ നമ്മുടെ ആറ്റുകാല്‍ അണ്ണന്റെ ധനാഗമന യന്ത്രമാണെന്ന് ഇനിയും ഞാന്‍ പറഞ്ഞു തരണോ?]

സസ്നേഹം,
സെനു, പഴമ്പുരാണംസ്‌.

ചിന്തകന്‍ said...

സുഗുണന്‍ മഷെ പോലെ എന്റെ ഒരു പാട് സുഹൃത്തുക്കള്‍ ഇങ്ങനെ പെട്ടു പോയിട്ടുണ്ട്.

ഇത്തവണ നാട്ടില്‍ പോയപ്പോള്‍ പോലും എന്റെ അയല്‍ വാസി കൂടിയയാ അടുത്ത സുഹൃത്തു ഒരു പാട് നിര്‍ബന്ധിച്ചു ഒരു പ്രത്യേക തരം ജൂസ് എടുക്കാന്‍.. ആ ഫ്രൂട്ടിന്റെ പേര് ഞാന്‍ മറന്നു പോയി. .. അത് കുടിച്ചാല്‍ പിന്നെ ഒരു കുഴപ്പവുമുണ്ടാവില്ലെന്നൊക്കെ സുഹൃത്ത് പറഞ്ഞു. തന്ത്രപൂര്‍വ്വം പിന്മാറുകയായിരുന്നു.

ലക്ഷക്കണക്കിന് സുഗുണന്‍ മാഷുമാര്‍ നമ്മുടെ നാട്ടിലുണ്ട്. മാനക്കേടു കൊണ്ട് പലരും പുറത്ത് പറയാറില്ല. എന്നാലും ആര്‍ത്തി വീണ്ടും ആളുകളെ കെണിയില്‍ ചാടിക്കും.

കണ്ടാലും കൊണ്ടാലും ഒന്നും പഠിക്കില്ല ചില ആളുകള്‍!

പെട്ടെന്ന് പണക്കാരനാവാന്‍ മോഹമില്ലാത്താതിനാല്‍ ഇങ്ങനെയൊരബദ്ധത്തില്‍ ഇത് വരെ പെട്ടിട്ടില്ല :)

Anil cheleri kumaran said...

മനോഹരം..

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ha ha ha :)

പക്ഷെ നമുക്കു വേണ്ടി,ചെമ്മീന്‍ കുഞ്ഞുങ്ങളെ കടലിന്റെ നടൂക്കു നമുക്കായി പതിച്ചു തന്ന സ്ഥലത്തു വളര്‍ത്തി, അവ വലുതായാല്‍ നമുക്കു തന്നെ പിടിച്ചുവില്‍ക്കാന്‍ അനുവാദം തന്നു കാശടിച്ച വിദ്വാന്മാരുടെ അത്രയും വന്നോ?

ബിനോയ്//HariNav said...

ഹ ഹ ഈ നാനോ ഉഡായിപ്പില്‍ ഒരുപാടുപേര്‍ വീഴുന്നുണ്ട്.
നല്ല പോസ്റ്റ് ആദര്‍ശ് :)

ആദര്‍ശ് | Adarsh said...

@ Senu Eapen Thomas,

അച്ചായോ കഥയില്‍ ചോദ്യമില്ല...:)
ഒബാമ ഹനുമാന്‍ സേവയുടെ ആളാണെന്നാണ് കേള്‍ക്കുന്നത്..
ആദ്യ കമന്റിനു നന്ദി.

@ ചിന്തകന്‍ ,

വെള്ളരിക്കാപ്പട്ടണത്തിലേക്ക് സ്വാഗതം..
പലരെയും സുഹൃത്തുക്കള്‍ തന്നെയാണ് കെണിയില്‍ ചാടിക്കുന്നത്.ഇത്തരത്തിലുള്ള 'സൈഡ് ബിസിനസ്സുകള്‍' ഇല്ലാത്തവര്‍ ഇന്ന് നാട്ടില്‍ ചുരുക്കമാണ്..

@ കുമാരന്‍ | kumaran ,
നന്ദി.

@ ഇന്‍ഡ്യാഹെറിറ്റേജ്‌,

കഥകള്‍ എത്രയെത്ര...തേക്ക്,മാഞ്ചിയം,ആട്, കോഴി തൊട്ട്‌ കുറ്റിമുല്ല വരെ...ഓരോ കാലത്തും ഓരോ 'ട്രെന്‍ഡ് 'ആണെന്ന് തോന്നുന്നു..

@ ബിനോയ്//HariNav ,

പുതിയ ടെക്നോളജികള്‍ ഇറങ്ങുകയെ വേണ്ടൂ ..ഉഡായിപ്പുകളും പുറകെ വരും..

Areekkodan | അരീക്കോടന്‍ said...

ഇങനെയെത്ര എത്ര മാഷുമാര്‍ (അരീക്കോടന്‍ മാഷ് അത് വന്ന അന്നു തന്നെ തടിതപ്പി,കാരണം ഒരിക്കല്‍ പോസ്റ്റിടാം)

Unknown said...

ആദര്‍ശേ കലക്കുന്നുണ്ട് കേട്ടാ.. നിത്യന്‍ പനിയെ പറ്റി ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട്. ഞാന്‍ ആദര്‍ശിന്റെ ആ പനിപുരാണം നിത്യന് വായിക്കാനായി അവിടെ ലിങ്ക് കൊടുത്തു.

ആശംസകളോടെ,

ആദര്‍ശ് | Adarsh said...

@ Areekkodan | അരീക്കോടന്‍ ,
എങ്ങനെ തടിതപ്പിയെന്നു വേഗം പോസ്റ്റിടൂ മാഷേ..മാഷന്മാര്‍ രക്ഷപ്പെടട്ടെ ..:) നന്ദി..

@ K.P.S,
നന്ദി മാഷേ..നാട്ടുപച്ചയില്‍ ആ പോസ്റ്റ്‌ വായിച്ചിരുന്നു...

poor-me/പാവം-ഞാന്‍ said...

വരാം...

Prakash : പ്രകാശ്‌ said...

കൊള്ളാം.. ഞാന്‍ പഠിച്ചു കൊണ്ടിരുന്ന സമയത്ത് കുറേ പേര്‍ ഇങ്ങനെ ഉള്ള fraud പരിപാടിയുമായി അടുത്ത് കൂടിട്ടുണ്ട് ..നമ്മള്‍ ഒരു ചെവിയില്‍ കൂടി കേള്‍ക്കും മറ്റേ ചെവിയില്‍ കൂടി കളയും.