Saturday, February 02, 2013

വികാരങ്ങള്‍ വ്രണപ്പെടുമ്പോള്‍...


രംഗം: ഒന്ന് 
സ്ഥലം:എന്റെ  വീട് 
സമയം :വൈകുന്നേരം  നാലു മണി 
വര്‍ഷം :2013
കഴിഞ്ഞ വിഷുവിന് വന്നതിനു ശേഷം മനുവേട്ടനും കുടുംബവും ഇന്നാണ് വീട്ടിലേക്കു വരുന്നത്.അച്ഛന്റെ ഇളയമ്മയുടെ വീട്ടില്‍ വന്നാല്‍ നന്ദയ്ക്കും ചിഞ്ചുവിനും പിന്നെ ആഘോഷമാണ്,അതിനു കൊഴുപ്പേകാന്‍ അമ്മ,"മനൂന്റെ മക്കള്‍ക്ക്"സ്പെഷ്യല്‍ ആയി ഉണ്ടാക്കുന്ന കലത്തപ്പവും ഇലയടയും എന്നും ഉണ്ടാകും.
പതിവു  പോലെ കലത്തപ്പവും ഇലയടയും കൂടെ ഞാന്‍ പാഴ്സല്‍ ആയി വരുത്തിയ 'ഐസ് ക്രീം ബോളു'കളും.ആദ്യമായി  സ്കൂളില്‍ പോയിത്തുടങ്ങിയ ചിഞ്ചുവിന്‌ ഞാന്‍ വേറൊരു സമ്മാനവും  കരുതിയിരുന്നു.
കസേരയില്‍ ചാടിക്കയറി,മേശപ്പുറത്ത് നിരന്ന പാത്രങ്ങളെ ആവാഹിച്ച് ,കൈകള്‍ കൂപ്പി  നന്ദയും ചിഞ്ചുവും കണ്ണുമടച്ച് എന്തൊക്കെയോ പിറു പിറുക്കുന്നു ."ചൂടുണ്ടോ മക്കളേ ..ഞാന്‍ തണിച്ചു തരാം"എന്നും പറഞ്ഞു വന്ന അമ്മ കണ്ടത് ആ കാഴ്ചയാണ് .
"എടാ മനൂ ,നിന്റെ പിള്ളര് എന്ത്ന്നാടാ കാണിക്ക്ന്നേ?"
"എളേമ്മേ അവര് പ്രാര്‍ത്ഥിക്കുന്നതല്ലേ?അന്ന പ്രാര്‍ത്ഥന...! സ്കൂളില്‍ നിന്ന് പഠിച്ചതാ ഈ നല്ല ശീലം .."
ഉത്തരം പറഞ്ഞത് പിള്ളാരുടെ അമ്മ വീണ.
"ഏതു സ്കൂളിലാ ഈ അന്ന പ്രാര്‍ത്ഥന പടിപ്പിക്കുന്നെ?" ഒരു വിരമിച്ച അധ്യാപികയായ അമ്മയുടെ ആകാംക്ഷ വര്‍ദ്ധിച്ചു.
"ആചാര്യാ ശങ്കര വിദ്യാ നികേതന്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍ "മനുവേട്ടനും വീണേച്ചിയും പ്രാസമൊപ്പിച്ചു ഉത്തരം പറഞ്ഞു.
കുട്ടികള്‍ അപ്പോഴും അന്ന പ്രാര്‍ത്ഥന തുടര്‍ന്നുകൊണ്ടേയിരുന്നു,അപ്പവും അടയും തണുത്തും കൊണ്ടേയിരുന്നു...എന്റെ വികാരം വ്രണപ്പെട്ടു. ചിഞ്ചുവിനുള്ള സമ്മാനപ്പൊതി ഞാന്‍ അലമാരയില്‍ വെച്ചു പൂട്ടി.

രംഗം: രണ്ട് 
സ്ഥലം:എന്റെ  സ്കൂള്‍ 
സമയം :രാവിലെ പത്തുമണി 
വര്‍ഷം :1994
ഇന്ന് ടീച്ചര്‍ പുതിയ പദ്യം പഠിപ്പിക്കും.നാലാം ക്ലാസ്സിലെ,മലയാളം പാഠപുസ്തകത്തിന്റെ നടുപ്പേജിലെ,പൌഡറും,നെയിം സ്ലിപ്പും,മയില്‍പീലിയും വെക്കുന്ന ആ പേജിലെ പദ്യം.
"എല്ലാരും ടെക്സ്റ്റ് എടുത്ത് ,ആദ്യം പദ്യം വായിച്ചു  നോക്കൂ "
ഞാന്‍ പുസ്തകം തുറന്ന് ,ആ പേജ് എടുത്തു.മായാവിയുടെ ഒരു സ്റ്റിക്കറും,ഒരു മയില്‍ പീലി തുണ്ടും ആ പേജിലുണ്ടായിരുന്നു."എടാ ജംഷീറെ  ഇതു കണ്ടോ ,നിന്റെ പേജില്‍ എന്താ ഉള്ളേ ?"
ആകാംക്ഷയോടെ ഞാന്‍ അവന്റെ പുസ്തകം നോക്കി .അവന്‍ പുസ്തകം തുറക്കാതെ ഇരിക്കുകയായിരുന്നു.ഞാന്‍ അത് പിടിച്ചു വാങ്ങി തുറന്നു നോക്കി .രണ്ടു പേജും പേന കൊണ്ട് കുത്തിവരച്ചിട്ടിരിക്കുന്നു."എടാ ഇതാരാടാ വരച്ചിട്ടെ ?"
"അത് ഉസ്താദ്‌ പറഞ്ഞിന് നിങ്ങളെ ദൈവത്തിന്റെ പാഠം ഒന്നും പഠിക്കണ്ട ,കീറിക്കളയണം ന്ന് "

എന്റെ വികാരം ആദ്യമായി വ്രണപ്പെട്ട സംഭവം .അത് ദൈവത്തിന്റെ പദ്യം ആണെന്നും,ഞങ്ങള്‍ക്കും അവര്‍ക്കും എല്ലാം വേറെ വേറെ ദൈവങ്ങള്‍ ആണെന്നും ആ ദൈവങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും "കൂച്ചില്ലാ"ത്തവരും ആണെന്ന് അന്നറിഞ്ഞു.


രംഗം: മൂന്ന് 
സ്ഥലം:എന്റെ വീട് 
സമയം :രാവിലെ ആറു മണി 
വര്‍ഷം :1995
ഞാന്‍ ഇറയകത്ത് ഇരുന്ന് കാപ്സ് പൊട്ടിച്ചു കൊണ്ടിരിക്കയായിരുന്നു."എന്താ കുഞ്ഞി മോനേ,ചടക്കം എല്ലാം  പൊട്ടിച്ചു തീര്‍ത്തോ ?"
ക്ലാസ്സില്‍ പുതിയതായി ചേര്‍ന്ന ഇംതിയാസ്സിന്റെ ഉപ്പാപ്പ !അവര്  ഓമനമ്മ വിറ്റ വലിയ വീട്ടിലാണ്  താമസിക്കുന്നത്‌ .
"നമ്മള് നിങ്ങളെ കണിയൊക്കെ ഒന്ന് കാണട്ടെ .."
ഉപ്പാപ്പ ഇറയകത്ത് കയറി പടിഞ്ഞറ്റയിലെ കണി നോക്കി .അമ്മ കൊടുത്ത അപ്പവും കഴിച്ചു.പോകുന്നതിനു മുമ്പ് എന്നെ അടുത്തു വിളിച്ചു ."കുഞ്ഞി മോനേ ,ഇതാ മുട്ടായി വാങ്ങിക്കോ .."
ഞാന്‍ അമ്മയെ നോക്കി 
"എന്തിനാ അമ്മാനെ നോക്ക്ന്നേ ?ഇന്ന് നിങ്ങള്  കൈനീട്ടം വാങ്ങ്ന്ന  ദിവസം അല്ലേ ?"

ആ കൈനീട്ടം ഞാന്‍ വാങ്ങി .എന്റെ ദുഷിച്ച വികാരങ്ങള്‍ വീണ്ടും വ്രണപ്പെട്ടു. അന്ന് വൈകുന്നേരം ആമിനുമ്മ നിര്‍ബന്ധിച്ച് എന്നെ അവരുടെ വീട്ടില്‍ കൊണ്ടുപോയി ,ഒരു മേശ മുഴുവന്‍ നിറയെ പലഹാരങ്ങള്‍ ആയിരുന്നു .പിന്നെ എല്ലാ ഓണവും ,വിഷുവും ,പെരുന്നാളും എല്ലാം ആ വീട്ടിലും കൂടിയായിരുന്നു.ഇംത്യാസിന്റെ കൂടെ ,ആ വീട്ടിലെ പത്തിരുപതുപേരുടെ കൂടെ .. 


രംഗം:നാല് 
സ്ഥലം:കൂട്ടുകാരന്റെ വീട് 
സമയം :വൈകുന്നേരം ആറുമണി 
വര്‍ഷം :2010
വിനീഷിന്റെ ഓപ്പറേഷന്  ഞങ്ങള്‍ കൂട്ടുകാര്‍ സ്വരൂപിച്ച കുറച്ചു പണം കൊടുക്കാനാണ്  ഞാന്‍ അവന്റെ വീട്ടില്‍ പോയത് .അത്യാവശ്യം സഹായങ്ങളുമായി ഞങ്ങള്‍ ആരെങ്കിലും എല്ലാ ആഴ്ചയും പോകാറുണ്ടായിരുന്നു.അമ്മയും അനിയത്തിയും വയസ്സായ അമ്മൂമ്മയും,അച്ഛാച്ചനും അടങ്ങിയ കുടുംബത്തിന്റെ ഏക ആശ്രയം വിനീഷ് ആയിരുന്നു .
"എനിക്ക് പേടിയൊന്നും ഇല്ല , അമ്മയുടെ കാര്യം ഓര്‍ത്തിട്ടാ,എനിക്ക് കിഡ്നി തന്നിട്ട് അമ്മയ്ക്ക് എന്തെങ്കിലും പറ്റിയാലോ ?"
"ഇതാ മോനെ ,ഇവന്റെ ഇപ്പോഴത്തെ പറച്ചില്.."വിനീഷിന്റെ അമ്മ പണം ഒരു പുസ്തകകൂട്ടത്തിലേക്ക് തിരുകി വെച്ച് ,സാരിത്തുമ്പ് കൊണ്ട് കണ്ണ് തുടച്ചു .ആ പുസ്തകങ്ങള്‍ ഞാന്‍ ശ്രദ്ധിച്ചു."അത്യുന്നതങ്ങളിലേക്ക് ഒരു യാത്ര",ഞാനുണ്ട് കൂടെ ","ആത്മാവില്‍ ഒരു സങ്കീര്‍ത്തനം "..
"ഏതാ വിനീഷേ ,ഈ പുസ്തകങ്ങള്‍ ?"

"അപ്പുറത്തെ റോസിയേച്ചി  കൊണ്ടുവെച്ചു പോയതാ ..ആപത്തു കാലത്ത് അവരുടെ ദൈവത്തിന്റെ കൂടെ കൂടിയാല്‍ ,അതിന്റെ  നല്ല ഫലം നമ്മക്ക് കിട്ടും..അമ്മേ ഇവന് ആ പള്ളീലെ വെള്ളം കൊടുക്കൂ .."
എന്റെ വികാരം വീണ്ടും വ്രണപ്പെട്ടു .കൈവെള്ളയിലൂടെ ആ വെള്ളം ഒലിച്ചിറങ്ങി.

രംഗം:അഞ്ച് 
സ്ഥലം:എന്റെ നാട് 
സമയം :വൈകുന്നേരം അഞ്ചു മണി 
വര്‍ഷം :1998

കനാലിന്റെ അടുത്ത് വലിയ കാറ്റാടി മരമുണ്ട് .താഴത്തെ കൊമ്പുകളെല്ലാം എല്ലാവരും വെട്ടി കൊണ്ടുപോയിരിക്കുന്നു.ഇനി ക്രിസ്മസ് ട്രീക്ക് പറ്റിയതു മുകളിലാണ്.അതെങ്ങനെ സംഘടിപ്പിക്കും എന്ന്  ആലോചിച്ച് ഞങ്ങള്‍ വിഷമിച്ചിരിക്കുമ്പോളാണ് ഫൈസല്‍ ആ വഴി വന്നത് .ഫൈസലിന്റെ മരം  കയറ്റം പണ്ടേ പ്രസിദ്ധമാണ്.മരത്തില്‍ നിന്നും വീണ് ഫൈസലിനു നിസ്സാര പരിക്കുകള്‍ പറ്റിയെങ്കിലും ആ പ്രാവശ്യം എല്ലാ വീട്ടിലും ,പിന്നെ ക്ലബ്ബിന്റെ പരിപാടിക്കും എല്ലാം ഫൈസല്‍ കഷ്ടപ്പെട്ട് വെട്ടിയ "ക്രിസ്മസ് ട്രീകള്‍ "ആയിരുന്നു.
അന്ന് രാത്രി ,അന്നമ്മ ചേച്ചി ക്ഷണിച്ചിട്ട് അവരുടെ വീട്ടില്‍ വന്ന പള്ളിയിലെ കരോള്‍ ,ക്രിസ്മസ് അപ്പൂപ്പന്‍ സംഘം ഞങ്ങളുടെ വീട്ടിലും കയറി.
"ക്രിസ്മസ് ട്രീയും ,പുല്‍ക്കൂടും ,നക്ഷത്രവും എല്ലാം നന്നായിരിക്കുന്നു കേട്ടോ..ഒന്ന് കാണാന്‍ കേറിയതാ .."കൂട്ടത്തിലുണ്ടായിരുന്ന ഒരു പള്ളീലച്ചന്‍ പറഞ്ഞു.
"ഇവന് പണ്ടേ നല്ല കലാവാസനയാ "അമ്മ എന്നെ പുകഴ്ത്തി.
ഫൈസലിനെ ഞാനും മനസ്സില്‍ പുകഴ്ത്തി.എന്റെ വികാരം വ്രണപ്പെട്ടു കണ്ണ് നിറഞ്ഞു .അന്നമ്മ ചേച്ചി പിറ്റേന്ന് കൊണ്ടുതന്ന കേക്കിന്റെ ഒരു കഷണം അമ്മ ഫൈസലിനു കൊടുക്കാനായി എന്നെ ഏല്പിക്കാനും മറന്നില്ല .

രംഗം:ആറ് 
സ്ഥലം:എന്റെ ഫേസ് ബുക്ക് 
സമയം :രാവിലെ എഴുമണി 
വര്‍ഷം :2013
പതിവ് പോലെ രാവിലത്തെ പുതിയ ശീലം,ഫേസ് ബുക്കില്‍ കയറി പുതിയ "അപ്ഡേറ്റുകള്‍ "നോക്കുക.ലോക വിവരങ്ങള്‍ അത്‌ വഴിയാണല്ലോ ആദ്യം അറിയുന്നത് .പെട്ടന്നാണ് ഗള്‍ഫില്‍ ജോലി ചെയ്യുന്ന ശ്രീമാന്‍ "വിജീഷ് തെക്കും ഭാഗത്തിന്റെ" അപ്ഡേറ്റുകളില്‍ ഞാന്‍ ടാഗ് ചെയ്യപ്പെട്ടിരിക്കുന്നത് ശ്രദ്ധിച്ചത്.ജയ് ജയ് വിളികളോടെ സര്‍വ്വ ദൈവങ്ങളുടെയും ചിത്രങ്ങള്‍ ,അവനു അര്‍ത്ഥം പോലും അറിയാത്ത ശ്ലോകങ്ങള്‍ ...!
ഉടന്‍ തന്നെ ,ഓണ്‍ലൈനില്‍ പിടച്ച് ചാറ്റി 
"എന്താടാ ഇത്? "
മറുപടിയില്ല ,ജയ് വിളികള്‍ മാത്രം ..
എന്റെ വികാരം വ്രണപ്പെട്ടു ,എന്ത് കൂട്ടുകാരന്‍ ആയാലും വേണ്ടില്ല ,"ബ്ലോക്ക്‌" "ചെയ്തു,ഫ്രണ്ട് ലിസ്റ്റില്‍ നിന്നും തുടച്ചു നീക്കിക്കളഞ്ഞു.

രംഗങ്ങള്‍ ഇങ്ങനെ അനവധി മാറിക്കൊണ്ടേയിരുന്നു.എന്റെ വികാരങ്ങള്‍  പലപ്പോഴും വ്രണപ്പെട്ടു കൊണ്ടേയിരുന്നു.അത് ഒന്നിന്റെയും പേരിലായിരുന്നില്ല,ഒരു മനുഷ്യന്റെ മാനസിക വികാരം,അത് വ്രണപ്പെട്ടു കൊണ്ടേയിരുന്നു,രംഗങ്ങള്‍ നല്ലതായാലും ചീത്തയായാലും ..  
"അവന്റെ കൂടെ ഞാന്‍ ആ റൂമില്‍ താമസിക്കില്ല ,""അവന്റെ കൂടെ ഞാന്‍ ഭക്ഷണം കഴിക്കില്ല ","അവന്റെ ആ സിനിമ ഞാന്‍ കാണില്ല ,കാണിക്കില്ല ",അവള്‍ അങ്ങനെ ആ വസ്ത്രം ധരിച്ചു നടക്കണ്ട ","ഞങ്ങള്‍ക്ക് മാത്രമായി മന്ത്രി വേണം","ഞങ്ങളുടെ ആള്‍ക്കാര്‍ക്ക്  മാത്രം ജോലി മതി ",അങ്ങനെ അങ്ങനെ സംഭാഷണങ്ങള്‍ നിറഞ്ഞ രംഗംങ്ങള്‍. ......  ഉത്സവങ്ങളും ,ഉറൂസുകളും ,പെരുന്നാളുകളും എല്ലാം ഒരു 'നാട് 'ആഘോഷിച്ചിരുന്ന കാലം ഉണ്ടായിരുന്നു.ജനങ്ങള്‍ക്ക് വേണ്ടി നേതാക്കള്‍ ഉണ്ടായിരുന്നു.രാജേഷും ,അലക്സും ,ബഷീറും ,രമ്യയും ,ജാന്സിയും ,സുഹറയും എല്ലാം ഒരുമിച്ച് ഒരു ബെഞ്ചില്‍ ഇരുന്നു പഠിച്ചിരുന്നു.ഇന്ന് നമ്മുടെ കുട്ടികളെ അവനവന്റെ ജാതിക്കാര്‍ അല്ലെങ്കില്‍ മതക്കാര്‍ മാത്രം പഠിക്കുന്ന സ്കൂളില്‍ അയക്കാം.ജാതിയുടെ ,മതത്തിന്റെ ഓരോ കമ്മിറ്റിയില്‍ ,സംഘടനയില്‍ ,പാര്‍ട്ടിയില്‍ ചേര്‍ക്കാം. അവനെ/അവളെ നമുക്ക് മനുഷ്യരാക്കേണ്ട,വികാരങ്ങള്‍ വ്രണപ്പെടുന്നവരാക്കി മാറ്റം,മതത്തിന്റെ,ജാതിയുടെ പേരില്‍ മാത്രം വികാരം വ്രണപ്പെടുന്നവര്‍ ...

8 comments:

ആദര്‍ശ് | Adarsh said...

ചായിപ്പില്‍ പുതിയ പോസ്റ്റ്‌ "
"വികാരങ്ങള്‍ വ്രണപ്പെടുമ്പോള്‍. "....
ഇനി ഇത് വായിച്ചിട്ട് ആരുടെയെങ്കിലും മാനുഷിക വികാരം വ്രണപ്പെടുന്നു എങ്കില്‍ കമന്റിടാം , വേറെ എന്തെങ്കിലും വികാരം വ്രണപ്പെട്ടാല്‍ ഞാന്‍ ഉത്തരവാദിയല്ല ..:)

ajith said...

വികാരം വ്രണപ്പെടുകതന്നെ ചെയ്യും

Mubi said...

നന്നായിട്ടുണ്ട്...

പടിപ്പുര said...

സന്തോഷിച്ച് കണ്ണ് നിറഞ്ഞ് വൃണപ്പെട്ട വികാരങ്ങൾക്കൊപ്പം നിൽക്കാം. ഇനിയുമെല്ലാം അങ്ങിനെ തന്നെ സംഭവിക്കുമെന്ന് പ്രതീക്ഷിക്കുക.

K.P. Sukumaran said...

എഴുത്തിന്റെ ക്രാഫ്റ്റ് കൊള്ളാം, നന്നായിട്ടുണ്ട്..

ശ്രീ said...

കുറേക്കാലം കൂടിയാണ് ഇവിടേയ്ക്ക് വരുന്നത്.

നല്ല ചിന്തകള്‍ തന്നെ. മാനുഷിക വികാരങ്ങള്‍ക്ക് തന്നെ ആയിരിയ്ക്കണം എപ്പോഴും മുന്‍തൂക്കം. ജാതിമത വ്യത്യാസങ്ങള്‍ കാര്യമാക്കാനില്ല.


ഇനിയുമെഴുതുക... ആശംസകള്‍!

മാണിക്യം said...

ഒരു ചെറിയ ജീവിതം.

ഇവിടെ ചെയ്യുന്ന കര്‍മ്മങ്ങള്‍ക്ക്‌ ഇവിടെ കിട്ടും പ്രതിഫലം...

നന്നായി ജീവിതം ജീവിച്ചു തീരട്ടെ എന്ന്‍ കരുതി മുന്‍പേ പോയവര്‍ നല്ലത് ചൊല്ലി തന്നു. ഇന്ന് അവയെ വളച്ചൊടിച്ച് കച്ചവടച്ചരക്കാക്കി...

"ഇതൊക്കെ കണ്ട് അങ്ങേവിടെയോ ഇരുന്ന് ദൈവം തലതല്ലിചിരിക്കുന്നു."

ആദര്‍ശ് | Adarsh said...

നന്ദി...
അജിത്‌ ,
മുബി ,
പടിപ്പുര,
കെ .പി .സുകുമാരാൻ ,
ശ്രീ ,
മാണിക്യം ചേച്ചി ,
സന്ദർശനങ്ങൾക്ക് നന്ദി ...:)