Sunday, October 18, 2009

അങ്ങനെ പഴശ്ശിരാജ കണ്ടു..!



ചിലപ്പോള്‍ അങ്ങനെയാണ്,സമയവും സന്ദര്‍ഭവും ഒത്തുവരുന്നത് എപ്പോഴാണെന്ന് പറയാന്‍ പറ്റില്ല.ഒക്ടോബര്‍ പതിനാറിന് സംഭവിച്ചത് അതാണ്‌.അതിരാവിലെ തന്നെ ടി വിയില്‍ പഴശ്ശിരാജയുടെ റിലീസിംഗ് തത്സമയം കാണാന്‍ ഭാഗ്യം കിട്ടി.ചാനലുകളായ ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെല്ലാം തീയറ്ററുകള്‍ക്ക് മുമ്പില്‍..ആര്‍പ്പുവിളികള്‍ക്കും, ജയ്‌ വിളികള്‍ക്കും,ശിങ്കാരി മേളക്കാര്‍ക്കും,തിടമ്പേറ്റിയ ആനയ്ക്കും അമ്പാരിക്കും,മുത്തുക്കുടകള്‍ക്കും നടുവില്‍ മൈക്കും കൈയ്യിലേന്തി  അവര്‍ ആവേശങ്ങള്‍  ചൂടോടെ ജനങ്ങളിലേക്ക് എത്തിച്ചു കൊണ്ടിരിക്കുന്നു.മാനം മുട്ടേ തലയുയര്‍ത്തി നില്‍ക്കുന്ന കൂറ്റന്‍ രൂപങ്ങളിലും ഫ്ലെക്സ്‌ ബോര്‍ഡുകളിലും അഭിഷേകങ്ങള്‍ ..പൂത്തിരി,കമ്പിത്തിരി,ഓലപ്പടക്കം,മാലപ്പടക്കം... നൃത്തനൃത്ത്യങ്ങള്‍,വാദ്യഘോഷങ്ങള്‍..പായസ വിതരണം,മിഠായി വിതരണം..എങ്ങും ആവേശം..ആഹ്ലാദം..ചരിത്രം സിനിമയാകുന്നു...സിനിമ ചരിത്രമാകുന്നു...ചരിത്രം കുറിക്കുന്ന നിമിഷങ്ങള്‍....!





ഛേ...സ്വന്തം നാട്ടില്‍ ചിത്രീകരിച്ച,സ്വന്തം നാടിനെക്കുറിച്ചുള്ള സിനിമ,നാട്ടിലുണ്ടായിട്ടും ആദ്യ ദിവസം തന്നെ കാണാതിരിക്കുന്നത് മോശമല്ലേ?അല്ല..ഈ പ്രത്യേക അന്തരീക്ഷത്തില്‍ അങ്ങോട്ട്‌ പോയിട്ടും ഒരു കാര്യവുമില്ല.
 പക്ഷേ ടി വിയില്‍ ആദ്യ പ്രദര്‍ശനം 'ഇപ്പോള്‍ കഴിഞ്ഞു കൊണ്ടിരിക്കുന്നു..'എന്ന് ബ്രേക്കിംഗ് ന്യൂസ്‌ വന്നപ്പോഴാണ് പ്രതീക്ഷിക്കാതെ ആ 'വിളി' വന്നത്.


"എടാ..നീ..നാട്ടിലുണ്ടോ? പഴശ്ശിരാജയെ  കാണാന്‍ വെരുന്നോ?"


"അതിന്.. ഇപ്പൊ പോയാ ടിക്കറ്റ് വല്ലതും കിട്ടുമോ?..നീ ഇപ്പൊ ഏടയാ?"


" ഞാന്‍ ടാക്കീസിലുണ്ട്..ഈടെ നമ്മളെ പിള്ളേരെല്ലാം ക്യൂവിലുണ്ട്..നീ വെരുന്നുണ്ടെങ്കില്‍ വാ.."


ച്ചകഴിഞ്ഞെങ്കിലും നഗരത്തില്‍ നല്ല വെയില്‍..കൂടെ തിരഞ്ഞെടുപ്പിന്റെ ചൂടും.'താലൂക്ക്‌ ആപ്പീസില്‍' പതിവ് പോലെ നല്ല ആള്‍ക്കൂട്ടം.സ്റ്റേഡിയം കോര്‍ണറില്‍ യു ഡി എഫിന്റെ കണ്‍വെന്‍ഷനുള്ള ഒരുക്കങ്ങള്‍ നടക്കുന്നു. റോഡിന് ഇരുവശവും  പഴശ്ശിരാജയുടെ പോസ്റ്ററുകള്‍ വല്ലതും ഉണ്ടൊ എന്ന് നോക്കി.കാള്‍ടെക്സ് 
ജംക്ഷനിലെ വലിയ ഫ്ലെക്സ്‌ ഒഴിച്ചാല്‍ വളരെ കുറച്ച് പോസ്റ്ററുകള്‍.തീയറ്ററുകളുടെ സ്ഥിരം മതിലുകളില്‍  അരിവാള്‍ ചുറ്റികയും കൈപ്പത്തിയും.ചില മതിലുകള്‍ വെള്ള പൂശി ബുക്ക്‌ ചെയ്തിരിക്കുന്നു.പക്ഷേ ആ കുറവെല്ലാം തീയറ്റര്‍ പരിസരത്ത് പരിഹരിച്ചിട്ടുണ്ട്. കൊടി തോരണങ്ങള്‍, ഫ്ലെക്സ്‌ ബോര്‍ഡുകള്‍, അലങ്കരിച്ച ബൈക്കുകള്‍,കാറുകള്‍,ജീപ്പുകള്‍..ഒരു തെയ്യപ്പറമ്പു പോലെ...


ടിക്കറ്റ് കൌണ്ടറിനു മുമ്പില്‍ ആര്‍പ്പുവിളികള്‍, ജയ്‌ വിളികള്‍..ചിലര്‍ കമ്പി വേലി പൊളിച്ചു ഉള്ളില്‍ കടക്കുന്നു.വെറുതെ നോക്കി നില്‍ക്കുന്ന പോലീസുകാര്‍ തെറികള്‍ കേള്‍ക്കുന്നു.ചില വളണ്ടിയര്‍മാര്‍ ഓടിവരുന്നു.തല്ലു തുടങ്ങുന്നു.ഉന്തും തള്ളും..സര്‍വം ബഹളമയം..അതിനിടയില്‍ ഓട്ടോയില്‍ വന്ന ചില സ്ത്രീകള്‍ പുറത്തു ഇറങ്ങാന്‍ കഴിയാതെ മടങ്ങിപ്പോയി.ക്യൂവില്‍ തള്ളിക്കയറാന്‍ ശ്രമിക്കുന്ന ചില വിദ്വാന്‍ മാരെ ചിലര്‍ ശരിക്ക് പെരുമാറുന്നു.നേരത്തെ തുടങ്ങിയ ഷോ തീരുന്നുമില്ല.ടിക്കറ്റ് കൊടുക്കാനും തുടങ്ങിയില്ല.
സമയമാണെങ്കില്‍ അതിക്രമിക്കുന്നു.  അവസാനം അതിരാവിലെ  തന്നെ വന്ന് ക്യൂവില്‍ നിന്ന കൂട്ടുകാരന്‍  ടിക്കറ്റ് എടുത്ത്‌ കൈയ്യില്‍ തരുന്നു..നേരെ ഡയമണ്ട് സര്‍ക്കിളിലേക്ക് .വാതിലിനു മുമ്പില്‍ സെക്യൂരിറ്റി ചിലരെ തടഞ്ഞു വെച്ചിരിക്കുന്നു.. അവിടെയും വാക്കേറ്റവും ബഹളവും.


കാത്തിരിപ്പിനൊടുവില്‍  ഉള്ളില്‍ കടന്നപ്പോള്‍ അവിടെ ബ്രിട്ടീഷുകാര്‍ മീറ്റിംഗ് തുടങ്ങിയിരുന്നു.മുഴുവന്‍ പേരും ഹാളിനുള്ളില്‍ കയറുന്നതിനു മുമ്പ്‌ സിനിമ തുടങ്ങിയിരിക്കുന്നു.!


"കുറേ നേരമായോ തുടങ്ങിയിട്ട്? മോഹന്‍ലാലിന്റെ  ഇന്‍ട്രോഡക്ഷന്‍ കഴിഞ്ഞോ?" പുറകിലിരിക്കുന്നവരോട് ചോദിച്ചു.
"ഏയ്‌ ..ഇപ്പൊ തുടങ്ങിയതെ ഉള്ളൂ..ടൈറ്റില് കണിച്ചിനില്ല..."


ഹാളിനുള്ളിലെ  ലൈറ്റുകള്‍ ഒന്നും അണച്ചിട്ടുമില്ല..ആളുകള്‍ കയറിക്കൊണ്ടിരിക്കുന്നു.കൂവലുകളും ഓരിയിടലുകളും അരങ്ങു തകര്‍ക്കുന്നു.അരമണിക്കൂര്‍ കഴിഞ്ഞിട്ടും 'ടൈറ്റില്' വന്നില്ല..പഴശ്ശിരാജ രംഗപ്രവേശം  ചെയ്യുകയും ചെയ്തു.സ്ഥിതി ഒരു നിമിഷം ശാന്തമായി.കൈയ്യടികള്‍ ഉയര്‍ന്നു.അല്ല പഴശ്ശിയുടെ  കുട്ടിക്കാലവും മറ്റും കഴിഞ്ഞോ എന്തോ? ഒരു എത്തും പിടിയും കിട്ടുന്നില്ല.രാവിലെ ചായയും പത്രവും ഇല്ലാത്ത ദിവസം പോലെ ടൈറ്റില്‍ കാണാതെ സിനിമ കണ്ടിട്ട് എന്ത് കാര്യം?എല്ലാ രസവും പോയില്ലേ?


സിയിട്ടിട്ടില്ല..! ആ ദുഃഖ സത്യം കാണികള്‍ മനസ്സിലാക്കിയത് കുറച്ചു വൈകിയാണ്.തുടങ്ങിയില്ലേ പൂരം..
കള്ളുഷാപ്പുകളില്‍ പോലും വംശനാശം നേരിട്ട് കൊണ്ടിരിക്കുന്ന തെറികള്‍ പ്രവഹിക്കുകയായി. മിണ്ടാതിരിയെടാ എന്ന് പറഞ്ഞ് വേറൊരു കൂട്ടരും.ചെവി പൊത്താനും വയ്യ..തിരിച്ചു രണ്ടു പറയാനും വയ്യ.
തീയറ്ററുകാര്‍ അവരുടെ ലീലകള്‍ തുടര്‍ന്നു കൊണ്ടേ ഇരുന്നു.ശബ്ദം പോകുന്നു. ചിത്രം പോകുന്നു.ചിലപ്പോള്‍ 'ഏന്‍ഡ് ഓഫ് പാര്‍ട്ട്‌ 3 ' എന്ന് മാത്രം.പുറകില്‍ ലൈറ്റ് ഇടുന്നു.വാതില്‍ തുറക്കുന്നു.സീനുകള്‍ കട്ട് ചെയ്യുന്നു.


വെള്ളിത്തിരയില്‍ പഴശ്ശിയുടെ പടയോട്ടം തുടര്‍ന്നു കൊണ്ടേ ഇരുന്നു.ഇടയ്ക്കിടയ്ക്ക് കൈയടികള്‍ ഉയര്‍ന്നു പൊങ്ങുന്നുണ്ട്.പദ്മപ്രിയയുടെ നീലിക്ക് കിട്ടിയ കൈയ്യടി പറയേണ്ടത് തന്നെയാണ്.മലയാള സിനിമയില്‍ ഒരു സ്ത്രീ കഥാപാത്രത്തിന്  ഇതുപോലൊരു കൈയ്യടി ഇതിനു മുമ്പ്‌ കിട്ടിയിട്ടുണ്ടാവില്ല.എടച്ചന കുങ്കനും,തലയ്ക്കല്‍ ചന്തുവിനും ആര്‍പ്പുവിളികളോട് കൂടിയ കൈയ്യടികള്‍..


ണ്ണൂര്‍ കോട്ട വെള്ളിത്തിരയില്‍ നിറഞ്ഞു നിന്നപ്പോള്‍ ,"എടാ കോട്ട .. കോട്ടയില്‍ കയറാന്‍  ടിക്കറ്റെടുത്തോടോ  ബ്രിട്ടീഷുകാരാ എന്ന് ഒരുത്തന്‍ കൂക്കി വിളിച്ചു. ഇംഗ്ലീഷ്കാരെ കാണുമ്പോള്‍ 'വാട്ട്‌ ഈസ്‌ ദിസ്‌ ..'വേര്‍ ആര്‍ യു ..'തുടങ്ങിയ പ്രയോഗങ്ങള്‍..സ്ത്രീകള്‍ സ്ക്രീനിലെത്തിയാല്‍ അംഗവര്‍ണനകള്‍..തലശ്ശേരി ,മട്ടന്നൂര്‍,ചിറക്കല്‍ തുടങ്ങിയ സ്ഥല നാമങ്ങള്‍  കേട്ടപ്പോള്‍ കൂത്തുപറമ്പില്ലേ..പയ്യന്നൂരില്ലേ..തുടങ്ങിയ ചോദ്യങ്ങള്‍..സമയം പോയത് അറിഞ്ഞേ ഇല്ല ...


തിനിടയില്‍ സിനിമ കണ്ടോ എന്ന് ചോദിച്ചാല്‍ ..ഇല്ല.സമയം കിട്ടുമ്പോള്‍ ഇനി ഒന്ന് കൂടെ കാണണം.മൂന്നു മണിക്കൂറില്‍ കൂടുതലുള്ള സിനിമ റിലീസ് ദിവസം തന്നെ കട്ട് ചെയ്യുകയാണെങ്കില്‍ ഇനി മുഴുവനും കാണാന്‍ പറ്റുമെന്ന് തോന്നുന്നില്ല.ഒരു യുദ്ധം കഴിഞ്ഞപ്പോള്‍  നീലിയെവിടെ? നീലിയെവിടെ? എന്ന് ചോദിച്ച പോലെ പല ചോദ്യവും ചോദിക്കേണ്ടി വരും.കാണികളുടെ പ്രത്യേക സഹകരണം റിലീസ് ദിവസം മാത്രമല്ല, തുടര്‍ന്നങ്ങോട്ട്‌ എല്ലാ ദിവസവും ഉണ്ട് താനും.കണ്ണൂരില്‍ മാത്രമല്ല ഈ സഹകരണം..കേരളത്തില്‍ എമ്പാടും,എല്ലാ  സൂപ്പര്‍ താര സിനിമകള്‍ക്കും ഇപ്പോള്‍ ഇതാണത്രേ കീഴ്വഴക്കം.അതിനിടെ താലൂക്ക്‌ ആപ്പീസില്‍ വോട്ടുകള്‍ ഇറക്കുമതി ചെയ്തു എന്ന് പറയുന്നത് പോലെ ചിലരെ ജീപ്പില്‍ ഇറക്കുമതി ചെയ്യുന്നതാണാത്രേ ഇതിനൊക്കെ കാരണം എന്നും പറയുന്നു.എന്തായാലും തീയറ്ററുകള്‍ പൊളിക്കുന്ന പരിപാടിയും തുടങ്ങിയിട്ടുണ്ട്.തീയറ്റര്‍കാരും  എല്ലാ താരഫാനുകളും ടി വികളും എല്ലാം കണക്കുതന്നെ.സിനിമ കാണേണ്ടതും കാണിക്കേണ്ടതും എങ്ങനെയെന്ന്  മാത്രം അറിയില്ല.പഴശ്ശിരാജയുടെ തന്നെ  വാക്കുകള്‍ അല്പം മാറ്റിപ്പറഞ്ഞാല്‍..
"മലയാള സിനിമയെ ഓര്‍ത്ത് ആരും കരയേണ്ട...ഈ കാണികളെ,നാട്ടുകാരെ, കേരളനാടിനെ  ഓര്‍ത്ത് കരഞ്ഞാ മതി.."






 ഇതു കൂടി ഒന്ന് നോക്കിക്കോളൂ..
പഴശ്ശി നാട്ടിലെ പഴശ്ശിസ്മാരകങ്ങള്‍ക്ക് കഷ്ടകാലം.. 





23 comments:

ദീപു said...

:)
ആദ്യദിവസം കാണുമ്പോള്‍ ഇത് തന്നെ അവസ്ഥ...

ഭായി said...

അയ്യോ.........ഓര്‍ത്തിട്ട് പേടിയാകുന്നേ.....

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

"മലയാള സിനിമയെ ഓര്‍ത്ത് ആരും കരയേണ്ട...ഈ കാണികളെ,നാട്ടുകാരെ, കേരളനാടിനെ ഓര്‍ത്ത് കരഞ്ഞാ മതി.."


അതന്നെ...

നാട്ടുകാരന്‍ said...

ഞാനെന്തായാലും ഈ പുകിലൊക്കെ കഴിഞു മാത്രമെ കാണുന്നുള്ളൂ...

ഞാന്‍ ആചാര്യന്‍ said...

ചരിത്രത്തോടുള്ള ആര്‍ത്തി കൊണ്ട്, ആവേശ പൂര്‍വ്വം വായിക്കുകയാണ്..പഴശ്ശി ചരിത്രം നെറ്റില്‍ അത്ര വിശദമായിട്ടില്ല. പണ്ട് കൈവശമുണ്ടായിരുന്ന പഴശ്ശിരാജ എന്ന ഒരു ചിത്രകഥയിലെ രംഗങ്ങള്‍ ഇന്നും മനസില്‍ മിടിക്കുന്നു. പടം കാണാന്‍ ഇനിയും കാക്കണം. ആദര്‍ശിന്‍റെ കഴിഞ്ഞ പോസ്റ്റ് ശ്വാസമടക്കിപ്പിടിച്ചാണു വായിച്ചത്. "പഴശ്ശി പദ്ധതി പ്രദേശത്തു നിന്നും പത്തു കിലോമീറ്റര്‍ ചുറ്റളവില്‍ തന്നെയാണ് കോട്ടയം രാജവംശത്തില്‍ പ്പെട്ട പഴശ്ശിരാജാവിന്റെ ജന്മ സ്ഥലവും കോവിലകവും മറ്റും.യുദ്ധ കാലത്തു തന്നെ തകര്‍ന്ന കുടുംബ ക്ഷേത്രങ്ങളുടെയും കോവിലകത്തിന്റെയും അവശേഷിക്കുന്ന ഭാഗങ്ങള്‍ ജീര്‍ണാവസ്ഥയിലാണ് .പുരളി മലയിലെ ഹരിശ്ചന്ദ്രക്കോട്ടയിലെ,പഴശ്ശിരാജാവ് ആരാധിച്ചിരുന്ന മഹാദേവ ക്ഷേത്രം .... പഴശ്ശിയുടെ യുദ്ധഭൂമിയായിരുന്ന സമീപ പ്രദേശമായ കണ്ണവം വനത്തിലും പരിസര ങ്ങളിലും ചരിത്രമുറങ്ങുന്ന ഒരുപാട് ഇടങ്ങളുണ്ട്.കണ്ണവം പെരുവയലിലെ പടക്കളം,കുറിച്യപ്പട ബ്രിട്ടീഷുകാരെ അമ്പെയ്തു തുരത്തിയ പടമടക്കിപ്പാറ,പുരാതന ക്ഷേത്രാവശിഷ്ടങ്ങള്‍,കണ്ണവത്തു നമ്പ്യാരെ തൂക്കിലേറ്റിയ സ്ഥലം, പഴശ്ശി രാജാവിന്റെ പടത്തലവനായ കൈതേരി അമ്പുവിന്റെ വീട്‌, ഇടം ക്ഷേത്രം, മാനന്തേരിസത്രം തുടങ്ങി നിരവധി സ്ഥലങ്ങള്‍.." ആദര്‍ശ് പരാമര്‍ശിച്ച ഈ സ്ഥലങ്ങളോട് ബന്ധപ്പെടുത്തി അവിടെയുള്ളവര്‍ക്ക് പറയാനുള്ള പഴശ്ശി ബന്ധമുള്ള പഴംകഥകള്‍ ഒന്നു തപ്പി ബ്ലോഗിലിട്ടുകൂടെ, സമയമുണ്ടെങ്കില്‍. വാമൊഴിക്കഥകള്‍ക്ക് വലിയ ശക്തിയാണ്. (എഴുതപ്പെട്ട ചരിത്രം അവിടെ നില്‍ക്കട്ടെ). ആ കഥകള്‍ ബ്ലോഗില്‍ വായിച്ച്, സങ്കല്പ്പങ്ങളിലൂടെയും ഭാവനകളിലൂടെയും ഒട്ടൊന്ന് സ്ഞ്ചരിച്ച്, ഒരു മുത്തശ്ശിക്കഥ കേട്ടതു പോലെ ഒന്നു മയങ്ങാന്‍..

hi said...

"കുറേ നേരമായോ തുടങ്ങിയിട്ട്? മോഹന്‍ലാലിന്റെ ഇന്‍ട്രോഡക്ഷന്‍ കഴിഞ്ഞോ?" പുറകിലിരിക്കുന്നവരോട് ചോദിച്ചു.
"ഏയ്‌ ..ഇപ്പൊ തുടങ്ങിയതെ ഉള്ളൂ..ടൈറ്റില് കണിച്ചിനില്ല..."?

''മോഹന്‍ലാലിന്റെ'' എന്ന് മനപൂര്‍വം ചോദിച്ചതാണോ അതോ തെറ്റിയതോ ??

മാണിക്യം said...

നാട്ടില്‍ വന്നിട്ട്,എന്നു പറഞ്ഞ് അക്കമിട്ടലിസ്റ്റ് ചെയ്തതില്‍ ഒന്നാണ് "പഴശ്ശിരാജയും"....
കാണാന്‍ പറ്റുമോ മൂന്നു മണിക്കുര് കഥ മുറിച്ച് ര‍ണ്ടേകാല്‍ മണിക്കൂര്‍ ആക്കിയാല്‍ അതു സങ്കടം എന്നു മാത്രമല്ല മഹാപരാധവും കൂടിയാണ്.

ആചാര്യന്‍ പറഞ്ഞത് വളരെ നല്ല ഒരു കാര്യമാകും കുറെ ഫോട്ടോയും ഒക്കെ ആക്കി നല്ലൊരു ബ്ലൊഗ് ആവും അത്,ആദര്‍ശ് ഒന്ന് ശ്രമിച്ചു കൂടെ?
എഴുതാനുള്ള ഭാഷയും ശൈലിയും നന്നായി കയ്യിലുണ്ടല്ലോ.!

Anil cheleri kumaran said...

ഇതൊരു വ്യ്ത്യസ്തമായ കാഴ്ചയാണല്ലോ. നന്നായിട്ടുണ്ട്.

Unknown said...

:)

ശ്രീ said...

:)

Typist | എഴുത്തുകാരി said...

ഒട്ടും പ്രതീക്ഷിക്കാതെ ഇന്നലെ ഞാനും കണ്ടു ഈ സിനിമ. മൂന്നാം ദിവസമായിട്ടും ബഹളത്തിനൊരു കുറവുമില്ല.

ബിന്ദു കെ പി said...

ബഹളങ്ങളൊക്കെ അടങ്ങിയിട്ടേ ഞാനും കാണുന്നുള്ളൂ...
സിനിമയുടെ ശബ്ദത്തിനെന്തോ കുഴപ്പം സംഭവിച്ചെന്നും പറഞ്ഞ് ആലുവയിലെ മാതാ തിയേറ്റർ ആരാധകർ തല്ലിത്തകർത്തെന്നു പേപ്പറിൽ വാർത്ത കണ്ടു.

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

നല്ല വിവരണം. ഒരു കാര്യം കൂടെ പ്രതീക്ഷിച്ചിരുന്നു. മുന്‍പ്‌ ഒരു സിനിമ കണ്ടപ്പോള്‍ ഉണ്ടായ അനുഭവം. കൊലപാതകിയെ അറസ്റ്റ്‌ ചെയ്തു ജയിലില്‍ ഇട്ടു കുറച്ചു കഴിഞ്ഞപ്പോഴുണ്ട്‌ അതേ പോലീസുകാരന്‍ കൊലപാതകിയെ അന്വ്ഷിച്ചു നടക്കുന്നു. റീല്‍ മാറി ഇട്ടതയിരുന്നത്രെ. (ഒടുക്കത്തെ റീല്‍ ഇടയ്ക്കു കയറിയത്‌). അതു കൂടി ആയാല്‍ പരമ രസമായേനേ സിനിമ.

VEERU said...

സത്യം പറയാലോ..സിനിമ കണ്ടില്ലേലും സിനിമ കാണാൻ പോയ ഒരു ഫീലിംഗ് കിട്ടി..അതും റിലീസിംഗിന്റെ അന്ന് തന്നെ !!
എഴുതിയ ശൈലി ഇഷ്ടായി..
പടം പിന്നെ കാണാം !!

Senu Eapen Thomas, Poovathoor said...

മമ്മൂക്കായുടെ പോസ്റ്ററില്‍ പാലഭിഷേകം നടത്തിയപ്പോള്‍ വായും പൊളിച്ച്‌ നില്‍ക്കുന്ന ആദര്‍ശിനെ ഞാനും കണ്ടേ!!!!

നിങ്ങള്‍ ഒക്കെ കാണു. ഞങ്ങള്‍ വല്ല വ്യാജ സിഡി ഒക്കെ വെച്ച്‌ ഇവനെ കാണാം..അല്ലാതെ എന്തു ചെയ്യാന്‍.

കാണാതെ ഈ പടം ഞങ്ങളെയും ആദ്യ ഷോ തന്നെ കാട്ടിയതിനു നന്‍റി.

തമിഴ്‌നാട്ടിലെ ഈ ഫാന്‍സ്‌ ജ്വരം കേരളത്തിലും ജപ്പാന്‍ ജ്വരം പോലെയങ്ങ്‌ പടര്‍ന്ന് പിടിക്കുകയാണല്ലോ. ഞാനും ഒരു പടം കണ്ടതിന്റെ ഓര്‍മ്മ ദേ ഇവിടെയുണ്ട്‌...പഴമ്പുരാണംസ്‌.

സെനു, പഴമ്പുരാണംസ്‌.

ആദര്‍ശ് | Adarsh said...

@ ദീപു,
റിലീസ് ദിവസം തീയറ്ററിനു പുറത്തുള്ള ആഘോഷവും ബഹളവും ഒരു രസം തന്നെ..എന്നാല്‍ തീയറ്ററിനുള്ളില്‍
അന്ന് മാത്രമല്ല,എല്ലാ ദിവസവും എന്തെല്ലാം കോലാഹലങ്ങളാണ് നടക്കുന്നത്..ഈയിടെ'ഋതു' കാണാന്‍ പോയപ്പോഴുണ്ട്...മൊബൈലില്‍ ഉറക്കെ സംസാരിക്കുന്നു,ഉച്ചത്തില്‍ പാട്ട് വെക്കുന്നു..അശ്ലീല സംഭാഷണങ്ങള്‍ പറയുന്നു..കുടുംബവുമായി പോകാന്‍ പറ്റാത്ത അവസ്ഥ...

@ ഭായി,
പേടിക്കാനൊന്നുമില്ല...കേരളമല്ലേ...:)

@ രാമചന്ദ്രന്‍ വെട്ടിക്കാട്ട്,
ആ അതെന്നെ ..:)

@ നാട്ടുകാരന്‍,
പുകിലൊക്കെ കഴിഞ്ഞു എനിക്കും ഒന്നു കൂടെ കാണണം..ഏകദേശം മൂന്നര മണിക്കൂറിനടുത്തുള്ള പടം അപ്പോഴേക്കും തീയറ്റര്‍കാര് വെട്ടിമുറിക്കുമോ എന്നാ പേടി.

@ ആചാര്യന്‍ ,
ശരിയാണ്.വിവരങ്ങള്‍ വളരെ കുറവാണ്.അയല്‍പ്പക്കത്താണെങ്കിലും ഞാനും ഈ കഥകളൊക്കെ ഇപ്പോഴാണ് അന്വേഷിച്ചു തുടങ്ങിയത്‌..പാഠ്യ പദ്ധതിയുടെ ഭാഗമായി ആ പ്രദേശത്തെ സ്കൂള്‍ കുട്ടികളൊക്കെ അവിടം
സന്ദര്‍ശിക്കുകയും,മട്ടന്നൂര്‍ പഴശ്ശി സ്മാരക n.s.s കോളേജിലെ ചരിത്ര വിഭാഗം ഗവേഷണം നടത്തുകയും ഒക്കെ ചെയ്യുന്നുണ്ട്.തീര്ച്ചയായും സമയം കിട്ടുമ്പോള്‍ വിവരങ്ങള്‍ ശേഖരിച്ചു പോസ്റ്റാം.

@ അബ്‌കാരി,
ഉദ്ദേശിച്ചത് മനസ്സിലായില്ല:) മോഹന്‍ലാലിന്റെ അവതരണത്തോടെയാണ് സിനിമ തുടങ്ങുക എന്ന് നേരത്തെ കേട്ടിരുന്നു. അതാണ്‌ ചോദിച്ചത്.

@ മാണിക്യം,
ചേച്ചി ,പഴശ്ശിരാജ ഇംഗ്ലീഷില്‍ അങ്ങോട്ടൊക്കെ റിലീസ് ചെയ്യുമെന്നാണല്ലോ കേട്ടത്..
പഴയ 'കോലത്തുനാട്' സമയം കിട്ടുമ്പോള്‍ ഒന്ന് പൊടി തട്ടി എടുക്കാന്‍ ശ്രമിച്ചു നോക്കട്ടെ ..:)

ബയാന്‍ said...

പടത്തിന്റെ റിസല്‍റ്റ് എന്തുമാവട്ടെ, ആദ്യ ദിവസം പടം കാണാന്‍പോയ പെടാപാടിന്റെ വിവരണം നന്നായി.

‘നീ ഇപ്പൊ ഏടയാ?‘ നമ്മളെ പറച്ചിലാ പറച്ചില്‍,

hi said...

adarsh,
enikku ariyillayirunnu mohanlal undenna karyam . athu konda chodichathu. sorry. my mistake
ini fans kizhanganmarude shalyam kazhinjittu padam kanam ennu karuthi
sorry for typing in manglish :P

നരിക്കുന്നൻ said...

ഷൂട്ട് ചെയ്ത് പെട്ടിയിലാക്കി കൊടുക്കുന്ന സിനിമ മുഴുവനും കാണിക്കാതെ കട്ട് ചെയ്ത് സമയം കുറക്കാനാണെങ്കിൽ എന്തിനാ ഇത് ഷൂട്ട് ചെയ്യുന്നത്? കാണികളെ വെറും വിഢികളാക്കാൻ വേണ്ടി.. ചിലപ്പോഴൊക്കെ കട്ട് ചെയ്യുന്ന ഭാഗങ്ങൾ കഥയുമായി വളരെ ബന്ധമുള്ള ഒഴിവാക്കാൻ പറ്റാത്ത രംഗങ്ങളാകും. കണ്ടിരിക്കുന്നവൻ എല്ലാം മനസ്സിലാക്കിക്കോണം.

ഒരു മോഹൻലാൽ ഫാനിന്റെ പഴശ്ശിരാജ അനുഭവം പോലെ തോന്നി.

വികടശിരോമണി said...

ഞാനും കണ്ടു എന്നു പറയാം.മര്യാദയ്ക്ക് കാണണമെങ്കിൽ രണ്ടാഴ്ച്ച കഴിഞ്ഞ് ഒന്നൂടി പോണമ്മ്.
എന്തായാലും,മലയാളിയുടെ ഭാവന പ്രവർത്തിക്കുന്ന സ്ഥലം ഇപ്പോൾ തീയറ്ററുകൾക്കകത്താണെന്നു തോന്നുന്ന്നു.എത്ര സർഗ്ഗാത്മകമായ കമന്റുകളാണ് ഇരുട്ടത്തുണരുന്നത്!

ആദര്‍ശ് | Adarsh said...

@ കുമാരന്‍,
തീയറ്ററില്‍ സിനിമ കാണല്‍ ഇപ്പോള്‍ വ്യത്യസ്തമായ അനുഭവമാണ്,മാഷേ...നന്ദി.

@ K.P.S.,
നന്ദി...

@ ശ്രീ ,
നന്ദി....

@ Typist | എഴുത്തുകാരി ,
ബഹളത്തിനു ഇപ്പോഴും കുറവില്ല ,ചേച്ചി..

@ ബിന്ദു കെ പി ,
വാര്‍ത്ത കണ്ടിരുന്നു.ഇത് പോലെ കാണികള്‍ വലിയ പ്രതീക്ഷകളുമായി വരുമ്പോള്‍ തീയറ്റര്കാര്‍ യാതൊരു മുന്നൊരുക്കങ്ങളും നടത്താത്തതാണ് പ്രശ്നമെന്ന് തോന്നുന്നു.

@ ജിതേന്ദ്രകുമാര്‍,
ഹ..ഹ..നല്ല അനുഭവം മാഷേ..പണ്ട് സ്കൂളില്‍ പഠിക്കുമ്പോള്‍ സിനിമ കാണിക്കാറുണ്ടായിരുന്നു. അപ്പോള്‍ 'ചില രംഗങ്ങള്‍' ഓപ്പറേറ്റര്‍ മുറിച്ചു മാറ്റുമ്പോള്‍ അതുപോലൊക്കെ സംഭവിക്കാറുണ്ടായിരുന്നു.

@ VEERU,
നന്ദി..മാഷേ...

@ Senu Eapen Thomas,
അച്ചായോ...വ്യാജ സി. ഡി ഒന്നിനും ഒരു പരിഹാരമല്ല കേട്ടോ..രജനി ഫാന്‍സിന്റെ 'കൊണ്ടാട്ടം കോലാഹലം 'വായിച്ചു കെട്ടോ..നന്ദി..

Sureshkumar Punjhayil said...

Kanikalude Cinema...!

Manoharam, Ashamsakal...!!!

ആദര്‍ശ് | Adarsh said...

@ യരലവ‌,
നന്ദി...

@ അബ്‌കാരി,
സോറി പറയാന്‍ എന്തിരിക്കുന്നു..:) നന്ദി മാഷേ...

@ നരിക്കുന്നൻ,
അങ്ങനെ തോന്നിയോ ..?.ഞാനൊരു ഫാനുമല്ലേ....:)

@ വികടശിരോമണി,
ഞാനും ഒന്ന് കൂടി കാണണമെന്നു വിചാരിച്ചിരിക്കുകയാണ്.പക്ഷെ എന്ത് ചെയ്യാം ഇന്നലെയും കേട്ടു..തീയറ്റര്‍ തല്ലി ത്തകര്‍ത്തെന്ന്..

@ Sureshkumar Punjhayil ,
നന്ദി..

അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാവര്ക്കും നന്ദി.