Sunday, June 01, 2014

"കില്ങ്ങ്ന്ന പാദ്സരം" -നാല്


  ചെമ്പരത്തിയുടെ ചുവട്ടില്‍ നിറയെ ഉറുമ്പിന്റെ  വലിയ പുറ്റാണ്.അതിന്റെ ഉള്ളിലേക്ക് 'ഇച്ചി വീത്തുമ്പോള്‍' നല്ല രസമാണ് .... 'ഗുള്‍  ഗുളു  ഗുളുന്ന്' ഒച്ച കേള്‍ക്കാം..ചുവന്ന തരി മണ്ണ് കൊണ്ട് കെട്ടിയ ഉറുമ്പിന്റെ വീട് മുഴുവന്‍ അലിഞ്ഞു പോകുന്നത് കാണാന്‍ അതിലേറെ രസമാണ്.
നാളെ രാവിലെ വീണ്ടും അവിടെ തന്നെ ആ പുറ്റ് മുളച്ചു  വരും...അതെങ്ങനെയാ നടക്കുന്നേ?

"നാലാള് കേറി വര്ന്ന വയിക്ക്‌ മൂത്രം ഒയിച്ച് നാറ്റിക്കരുതെന്നു  ചെക്കനോട് നൂറു പ്രാവശ്യം പറഞ്ഞതാ ..ഇങ്ങോട്ട് കേറി വാടാ ...നിനക്ക് വെച്ചിറ്റിണ്ട്".

 പേടിച്ചു വെറച്ചു ,കരന്ന് കേറ്റിയ ട്രൌസര്‍ മുഴുവന്‍ നനഞ്ഞു. നേരെ ഇടയിലേക്ക് ഓടിയപ്പോഴുണ്ട് എതിരെ വേറൊരാള്‍ വരുന്നു. ചുമലില്‍ ഒരു തോര്‍ത്ത്‌ മുണ്ടും ,കയറ്റിയുടുത്ത കട്ടി മുണ്ടും,കൈയ്യില്‍ ഒരു നീളന്‍ കുടയുമായി കറുത്തിരുണ്ട ഒരാള്‍ ...

വീണ്ടും തിരിച്ചു വീട്ടിലേക്ക് തന്നെ ഓടി ചായിപ്പില്‍ ഒളിച്ചു.

"നീയെന്നാടാ കിട്ടന്‍ വെല്ലിച്ചനെ കണ്ടിട്ടില്ലേ ഇത് വരെ...അകത്തേക്ക് ഓട്ന്നെ?"

വെല്ലിമ്മ കട്ടന്‍ കാപ്പി കൊണ്ടു കൊടുത്തെങ്കിലും അയാള്‍ കുടിച്ചില്ല.
"ഞാന്‍ പല്ല് തേച്ചിറ്റില്ല... പസ്റ്റു ബസ്സിനു കേറിയതാ ...ദാമു ഇല്ലേ ?"

"ഓന്‍ കുളിക്കാന്‍ വെളിച്ചെണ്ണ തേച്ച് അപ്പറത്തുണ്ട്"

"എന്നാ ഇങ്ങോട്ട് വെരാന്‍ പറ...ടീച്ചര് സ്കൂളില്‍ പോയോ?"

"ഇല്ല..ഓള് അടുക്കളേല് ഇണ്ട്.."

കുറേ സമയം കഴിഞ്ഞാണ്  അച്ഛന്‍ ഇറയകത്ത് വന്നത്.

"ആ വെല്ലിച്ചന്‍ വന്നിട്ട് കുറെ നേരം ആയോ?"

"ഉം..ആങ്ങളയോടും പെങ്ങളോടും ആയിട്ടു പറയാം ..എടച്ചേരി തെയ്യം നിശ്ചയം ആണ്... അട്ത്ത ഞായറാഴ്ച,കുംഭം ഒന്നിനായിരിക്കും കൊടിയേറ്റം ...ആയില്യത്തിനു നാഗത്തില്‍ കൈയിക്കലും...
ആ ചെക്കനോട് ത്തു..? ഇപ്പം ഇങ്ങോട്ട് കേറിപ്പോന്നെ കണ്ടല്ലോ..?"

"എടാ നിന്നെ വെല്ലിച്ചന്‍ വിളിക്ക്ന്നാ ..ഇങ്ങു വാടാ.."

ടിയില്‍ നിന്ന്  എത്തി നോക്കിയപ്പോള്‍ തന്നെ പേടി വരുന്നു.. കാതില്‍ ഒരു വലിയ കടുക്കന്‍ ഇട്ടിട്ടുണ്ട്,കാതിനിടയില്‍ ഒരു തുളസിക്കതിരും തിരുകി വെച്ചിരിക്കുന്നു.മുടി ഒരു വശത്ത് കുടുമ കെട്ടിയിട്ടുണ്ട്. മടിക്കുത്തില്‍ നിന്നും ഒരു പൊതി എടുത്ത്‌ എന്റെ നേരെ നീട്ടി.

"ഇങ്ങു വാ നിന്നെ ഒന്ന് കാണട്ടെ ..തമ്പാച്ചീനെ കാണാന്‍ വെരണം കേട്ടാ..."

പരുപരുത്ത കൈ കൊണ്ടു എന്നെ തൊട്ടപ്പോഴാണ് അത് കണ്ടത്..രണ്ട് കൈയിലും ഒരു കുഞ്ഞു വിരല്‍ അധികം..എന്റെ കൈയ്യില്‍ നിന്നും കടലാസു പൊതി നിലത്ത് വീണു.
രണ്ട് 'പോപ്പിന്‍സ്‌ 'ഉരുണ്ടു കസേരയുടെ അടിയിലേക്ക് പോയി.
വെല്ലിച്ചന്‍ അത് പൊറുക്കി എന്റെ ട്രൌസറിന്റെ കീശയിലിട്ടു.

മ്മ അച്ഛനെ ആംഗ്യം കാണിച്ചു അകത്തേക്ക് വിളിച്ചു.
"നിങ്ങളിങ്ങു വന്നേ ..രാവിലെത്തന്നെ പല്ല് പോലും തേക്കാതെ വന്നതല്ലേ. ഭണ്ണ്ടാരത്തില്‍ ഇടാന്‍ ഇതാ എന്തെങ്കിലും കൊടുക്ക് .."

അമ്മ കൊടുത്ത പൈസ അവിടെ വച്ച് അച്ഛന്‍ ചുമരില്‍ തൂക്കിയിട്ടിരുന്ന ഷര്‍ട്ടിന്റെ പോക്കറ്റില്‍  നിന്നും കുറച്ച്  ചില്ലറയെടുത്ത് വെല്ലിച്ചന് കൊടുത്തു.
ഒന്നും മിണ്ടാതെ ചാരി വെച്ച കുടയും എടു ത്ത് വെല്ലിച്ചന്‍ മുറ്റത്തേക്ക് ഇറങ്ങി.മൂത്ര മൊഴിച്ചു നനഞ്ഞ മണ്ണില്‍ ചവിട്ടി  ചെരുപ്പിടാത്ത വെല്ലിച്ചന്‍ നടന്നകുന്നു..


"എന്തിനാ വെല്ലിമ്മേ ആ വെല്ലിച്ചന്‍ വന്നെ?"
"ഊരാളനായി കിട്ടന്‍ വെല്ലിച്ചനല്ലേ ഉള്ളൂ .തെയ്യം നിശ്ചയം പറയാന്‍ വന്നതാ.."

"തെയ്യോ? അതെന്ത്ന്നാ ?"

"അത് തമ്പാച്ചി ....നിന്റച്ഛനോട് കൂട്ടി ക്കൊണ്ട് പോകാന്‍ പറ...അച്ഛന്റെ തറവാടല്ലേ?"

"തമ്പാച്ചി എങ്ങനെയാ  തറവാട്ടില് വരുന്നേ?അച്ഛന്‍  കൂട്ടിക്കൊണ്ട് പോവൂലാ  ...അമ്പലത്തില്  പോലും കൂട്ടില്ല...പിന്ന്യാ..."


"വെല്ലിമ്മേ തെയ്യം ആകാറായോ?"

"തെയ്യം അടുത്താഴ്ചയാ,നീ ഇനി അതും നോറ്റ് ഇരിക്കണ്ട..നിന്‍റച്ഛനും അമ്മേം പോകാനൊന്നും പോന്നില്ല..ഹാ എനിക്കാണെങ്കില്‍ ഒറ്റയ്ക്ക് ബസ്സ് കേറി പോകാനൊന്നും കെല്പില്ല..."

"എനക്ക് തെയ്യം കാണണം..നമ്മക്ക് പോകാം വെല്ലിമ്മേ"

"അത് നല്ല കൂത്തായി... നിന്നേം കൂട്ടി ഞാന്‍ പോകാനോ..!ഒപ്പരം വേറെ വല്ലോരും ഉണ്ടെങ്കില്‍ പോകാരുന്നു ...പറഞ്ഞിട്ടെന്താ വേണ്ടെ..ഈ നാട്ടില്‍ വന്നിറ്റ് ഞാന്‍ ഇന്നേവരെ തെയ്യത്തിനു പോയിറ്റില്ല...നമ്മളെ കൂടെ വരാന്‍ അയിനു ആരാ ഉള്ളത്,?നമ്മക്ക് തെയ്യോ ഇല്ല...തെറയും ഇല്ലാ.."

"സത്യേച്ചി വരും..."

 "സത്യേച്ചി  അല്ല, കുച്ചേച്ചി വരും..ഓക്ക് കുറ്റിക്കരേലെ പണി കയിഞ്ഞിറ്റ്  നേരം ഇല്ലാ.. പിന്നാ .."

 "ഞാമ്പറഞ്ഞാല്‍ വെരും.."

"എന്നാ അതൊന്നു കാണണമല്ലോ"


ത്തി കാലില്‍ ഇറുക്കി പിടിച്ചു കൊണ്ട് സത്യേച്ചി മീന്‍ മുറിക്കുകയായിരുന്നു .രണ്ടു കൈ കൊണ്ടും മീനിനെ പിടിച്ചു ,കത്തിയില്‍ ഉരസി ചൂളി കളയുമ്പോള്‍ ,സത്യേച്ചി യുടെ ശ്രദ്ധ മുഴുവന്‍ അടുത്തിരിക്കുന്ന പൂച്ചയിലാണ്.

"കണ്ണ് തെറ്റിയാല്‍, അസത്ത് മീനെടുക്കും.. ശല്യം..."

മീനിന്റെ കുടല് പൊളിച്ച് ഇണറെടുത്തു ഉപ്പിലയിലാക്കി ദൂരെ എറിഞ്ഞപ്പോള്‍ പൂ ച്ച അതെടുക്കാന്‍ ഓടി.

"നീ ആ നാരകത്തിന്റെ ഒരു ചപ്പിങ്ങു പറിച്ചെ,ചീഞ്ഞ മീനാ.. നാറീറ്റു നിക്കാന്‍ വയ്യ."

ഞാന്‍ നാരകത്തിന്റെ രണ്ടില പറിച്ചു സത്യേച്ചിക്ക് കൊടുത്തു.

ചട്ടിയില്‍ മീന്‍ കഷണങ്ങള്‍ ഉപ്പിട്ട് ഇളക്കി,കത്തിയും കഴുകി നാരകത്തിന്റെ ഇല കയ്യിലും കത്തിയിലും ഉരച്ച് മണത്തു നോക്കി.

"സത്യേച്ചി തെയ്യം കണ്ടിറ്റുണ്ടോ?"

"അതെന്താ ഇപ്പം അങ്ങനൊരു ചോദ്യം?കളരി വാതുക്കല് ഉത്സവത്തിന് തെയ്യം ഇല്ലേ?"

"ഞാന്‍ കണ്ടിറ്റില്ല..നമ്മക്ക് തെയ്യം കാണാന്‍ പോകാ ..എടച്ചേരി തെയ്യം ഉണ്ട്..വെല്ലിച്ചന്‍ വന്ന് പറഞ്ഞിറ്റിണ്ട് ..നമ്മക്ക് പോകാം..വെല്ലിമ്മേം വെരും"

"ഏത് വെല്ലിച്ചന്‍?"

"വെല്ലിമ്മേന്റെ വെല്ലിച്ചന്‍.. വെല്ലിച്ചന്റെ കൈയ്യില് ഇല്ലേ,ഒരു കുഞ്ഞ് വെരല് കൂടി ഇണ്ട്"

 സത്യേച്ചി  തേങ്ങ  ചിരണ്ടുന്നതിനിടയില്‍  ഞാന്‍ ഒരു പിടി  കിണ്ണത്തില്‍ നിന്ന് വാരിയെടുത്തു .
"അടി കിട്ടും ആട്ന്ന്"

എന്റെ കൈ വിരലിന്റെ എല്ലു മുറിയെ ഒരടി കിട്ടി.

"ഇങ്ങനെ തേങ്ങ വാരിത്തിന്നാല്‍ നിന്റെ മങ്ങലത്തിന് മഴ പെയ്യും കേട്ടാ..."

തരിച്ച കൈ കുടഞ്ഞു  കൊണ്ട് ഞാന്‍ സത്യേ ച്ചി യെ തുറിച്ചു നോക്കി.

"അതെങ്ങ്നെ?"
"മഴ പെയ്യുമ്പോ കണ്ടാ മതി"

"ത്യേച്ചി തെയ്യം....."
"നിന്റെ ഒരു തെയ്യം..! അങ്ങോട്ട്‌ മാറി നിക്ക് മൊളക് കണ്ണില് തെറിക്കും.ഇത് പോലെ മൊകം  മൊത്തം ചോന്ന്... തെയ്യത്തിനെ,നീ കണ്ടാ തന്നെ പേടിക്കും.."

അമ്മിക്കുട്ടി കുത്തനെ വച്ച് വിരല് കൊണ്ട് അര വ് തുടച്ച് എടു ക്കു ന്നിതിനടയില്‍ അമ്മിക്കും കിട്ടി വഴക്ക്.
 "നാശം ഇതിന്റെ അരം ഒക്കെ പോയി ,ആരെങ്കിലും ഈ വഴിയാറ്റം വന്നാല്‍ കൊത്തിക്കണം "

ടുക്കളയില്‍ നിന്ന് അകത്തെ ഇറയകത്തേ ക്കുള്ള ഒരു ഇടുങ്ങിയ വഴിയിലാണ് സത്യേച്ചി യുടെ പായ.അതിനടുത്ത് ഒരു ചാക്ക് തുണി വിരിച്ച് അതൊരു പഴയ ഇരുമ്പു പെട്ടി.ആ പെട്ടി തുറന്നാല്‍ കൂറ മുട്ടായി യുടെ നല്ല മണമാണ്.
"നിന്റെ കൂടെ വെരാന്‍ സത്യേച്ചിക്ക് നല്ല സാരിയും കുപ്പായോന്നും ഇല്ലെടാ.."

ഒരു ചുവന്ന സാരിയെടുത്ത് സത്യേച്ചി നിവര്‍ത്തു നോക്കി.
"കൊട്ടാരത്ത് നിന്ന് തന്നതാ..ഇതിനു പറ്റിയ ബ്ലൌസ് ഒന്നും ഇല്ല..ആകെയുള്ള തൊന്ന് നരച്ചും പോയി..."
പഴയ ഒരു ബ്ലൌസ് എടുത്ത് ,സത്യേച്ചി കലണ്ടറില്‍ കോര്‍ത്ത്‌ വച്ചിരുന്ന സൂചിയും നൂലുമെടുത്തു തുന്നാനിരുന്നു.



"തെയ്യോം കുയ്യോംന്ന്‍ പറഞ്ഞ് വെല്ലിമ്മയും മോനും എങ്ങോട്ടാ ?,ഈ ചെക്കനേം കൊണ്ട്  ഒറ്റയ്ക്ക് പോയിറ്റ് വേറെ പണിയൊന്നും  ഇല്ലേ?"

"ഒറ്റക്കൊന്നും അല്ലാ....സത്യേച്ചീം  ഇണ്ട്.."

 "ആ ...ഒളേം കൂട്ടിറ്റാ പോക്ക് ...നന്നായി ..എന്തെങ്കിലും വെരുത്തി വെച്ചിട്ട്  മൂന്നും കൂടി വാ ....
തെയ്യത്തിനു കൊടി ഇറങ്ങിയിട്ടാണോ മടക്കം?"

"സത്യഭാമ  ഇല്ലേ.. ഇവനെ ഓള് നോക്കിക്കോളും,ജാനകി ഏ ട്ത്തിന്റെ  അടുത്ത് രാത്രി പായ വിരിച്ച് കെടക്കാം...ഞായറാഴ്ച ഉച്ചക്ക് 'കുരുതി' കഴിഞ്ഞു വരും .."

 തെയ്യത്തിനു പോകുന്നത് അമ്മയ്ക്ക് തീരെ ഇഷ്ടമില്ലായിരുന്നു.അതും സത്യേച്ചിയെ കൂടെ കൂട്ടുന്നത്‌... .വൈകുന്നേരം  അഞ്ചര മണിക്കാണ് 'മുത്തപ്പന്‍ ബസ്‌."'അതിനാണ് പോകുന്നത് .ബസ്സില്‍ നിന്നും ഇറങ്ങേണ്ട സ്ഥലം വല്യമ്മക്ക് അറിയാം.ഒരു ആശുപത്രി കഴിഞ്ഞുള്ള  സ്റ്റോപ്പ്‌ ആണ്.ഒരാള്‍ക്ക് നാലു രൂപയാണ് ടിക്കറ്റ്‌......

പെട്ടന്നാണ് ബസ്സ്‌  വന്നത്.സ്റ്റോപ്പില്‍ നിന്നും മാറി ദൂരെയാണ് നിര്‍ത്തിയത് .ഒന്ന് രണ്ടു പേര്‍ ഇറങ്ങാനുണ്ടായിരുന്നു.വല്യമ്മ ആദ്യം ഓടിക്കയറി.പിറകെ, സത്യേച്ചി എന്നെ ബസ്സില്‍ എടുത്ത് കയറ്റിയ ശേഷം കയറി.വൈകുന്നേരം ആയതു കൊണ്ട് നല്ല തിരക്കായിരുന്നു.

"ആ കുട്ടീനെ സൈഡില്‍ ആക്ക്..ടിക്കെറ്റ് ടിക്കെറ്റ് .."

"മൂന്ന്  നാല്.."വല്യമ്മ ടിക്കറ്റ്‌ കൊടുത്തു.

സ്‌ നല്ല വേഗത്തില്‍  ഓടിക്കൊണ്ടിരിക്കുമ്പോള്‍ മരങ്ങള്‍  പിറകോട്ട് പോകുന്നത് കാണാന്‍ നല്ല രസ മാണ്.ഞാന്‍ പുറത്തേക്കു എത്തി നോക്കുന്നത് കണ്ട് സീറ്റിലിരുന്ന ഒരു ചേച്ചി കൈ പിടിച്ചു.
"ഇങ്ങ് വാ മോനേ ..ഈടെ ഇരിക്ക് ...."

"പോയി ഇരുന്നോടാ.."

രണ്ടു ചേച്ചി മാരുടെ നടുവില്‍ ഞാനങ്ങനെ ഇരുന്നു..

പെട്ടന്ന് മുന്‍പിലെ സീറ്റില്‍ തല ഇടിച്ചപ്പോളാണ് ഉറക്കത്തില്‍ നിന്നും ഉണര്‍ന്നത് .
ബസ്‌ കുറേ പോയി എനിയും എത്തിയില്ലേ?"എത്തീലേ സത്യെച്ചീ ?"

"കാര്‍ത്തി ഏച്ചീ... എത്തീലെ?"സത്യേച്ചി വല്യമ്മയെ നോക്കി.

"ആസ്പത്രി കാണുന്നില്ല സത്യേ..സമയം.കുറേ ആയീം താനും" വല്യമ്മ  ആകെ പേടിച്ചു പോയിരുന്നു.

നേരം ഇരുട്ടി തുടങ്ങി, കുറേ പേര്‍ പല സ്റൊപ്പുകളിലായി  ഇറങ്ങി ..ബസ്സിലെ തിരക്കും കുറഞ്ഞു,

"നിങ്ങക്ക് ഏടിയാ ഏറ ങ്ങേണ്ടത് ?നാലുറു പ്പികക്ക് അല്ലേ ടിക്കറ്റ്‌ എടുത്തത്?"

"എടച്ചേരി ..എത്തീലേ?"

"എടച്ചേരിയോ? ഇത് വളപട്ടണം വരെയേ ഉള്ളൂ.."

"അപ്പൊ.. അഞ്ചരയുടെ മുത്തപ്പന്‍ അല്ലേ ഇത്?"

"ആ അത് ശരി...  അഞ്ചരയുടെ മുത്തപ്പന്‍ അങ്ങോട്ടാ ..ഇങ്ങോട്ടല്ല നിങ്ങള്  റയില്‍വേ ഗേറ്റിനടുത്ത് നിന്നല്ലേ കയറിയത്? ഇത് അഞ്ചേ കാലിന്റെ മുത്തപ്പനാ ..ഇന്ന് കുറച്ചു ലേറ്റായിപ്പോയി ..അഞ്ചരക്ക് അങ്ങോട്ടാ ..നിങ്ങക്ക് റോഡിന്റെ സൈഡ് മാറിപ്പോയി,എടച്ചേരി പോകാന്‍ അപ്പറത്തു നിന്നല്ലേ കേറെണ്ടത്?"

"സത്യഭാമേ ബസ്‌ മാറിപ്പോയി..!"

വല്ല്യമ്മ ആകെ വിയര്‍ത്തു കുളിച്ചു.ഞാന്‍ സീറ്റില്‍ നിന്നും എഴുന്നേറ്റു.."സത്യെച്ചീ ഇറങ്ങാം ..നമ്മക്ക് ഏറങ്ങാം "
"ബസ്‌  നിര്‍ത്ത്.... ബസ്‌  നിര്‍ത്ത്..."വല്യമ്മ എന്നെയും വലിച്ചു കൊണ്ട് പോയി ബസ്സില്‍ നിന്ന് ഇറങ്ങാന്‍ ഒരുങ്ങി.

"എടച്ചേരി പോകാന്‍ ഈടെ ഇറങ്ങേണ്ട...ഇനി വള പട്ടണത്ത് എറങ്ങിയാ മതി ,അവിടുന്ന് ആശുപത്രി ബസ്‌ കിട്ടും..."കണ്ടക്ടര്‍ തടഞ്ഞു നിര്‍ത്തി.

പുറത്ത് നേരം ഇരുട്ടായി തുടങ്ങിയിരുന്നു..റോഡിനു ഇരുവശവും നിറയെ വലിയ  വലിയ ലോറികള്‍ ,പീടികകള്‍ എല്ലാം അടച്ചിരിക്കുന്നു,എന്തൊക്കെയോ ശബ്ദങ്ങള്‍ ....
ബസില്‍ ,പിറകില്‍ ഒന്നോ രണ്ടോ ആള്‍ക്കാരും പിന്നെ ഞങ്ങളും മാത്രം.
"ആ... എറങ്ങിക്കോ ലാസ്റ്റ്‌ സ്റ്റോപ്പ്‌ എത്തി..."
സത്യേച്ചി എന്നെ മെല്ലെ പിടിച്ചിറക്കി .

"സത്യഭാമേ എനി എന്താ ചെയ്യാ...?" വെല്ല്യ മ്മക്ക് ഒരു എത്തും പിടിയും ഇല്ലായിരുന്നു.

എങ്ങും കൂരാ കൂരിരുട്ട് ..പെട്ടന്നാണ് ഞാനത് കണ്ടത്.
നീണ്ടു നിവര്‍ന്നു കിടക്കുന്ന ഒരു വലിയ സാധനം ..അതില്‍ ഒന്നില്‍ നിന്നും പുകയും  വരുന്നുണ്ട് . മെല്ലെ അത് അനങ്ങുന്നുമുണ്ട്.

"സത്യേച്ചി ...എന്നെ എടുക്ക്.."

"പേടിക്കണ്ട.. അത് ഗുഡ്സ് അല്ലേ ..ഇത് വളപട്ടണം റയില്‍വേ സ്റ്റേഷന് അടുത്താ..."

"എനി തെയ്യത്തിന് ഒന്നും പോണ്ട സത്യഭാമേ, നമ്മക്ക് എങ്ങനെങ്കിലും വീട്ടില് പോവാം.."

"ബേജാറാവല്ലേ, കാര്‍ത്തിയേച്ചി ഇവിടുന്ന് ആ കണ്ടക്ടര്‍ പറഞ്ഞ ബസ്‌ കിട്ട്വോന്നു നോക്കാം.."


റോഡില്‍ കുറെ നായകള്‍ ഓരിയിട്ടു കൊണ്ട് ഓടുന്നുണ്ട്,പിന്നെ 'വീട്ടില് പാട്ട  പെറുക്കാന്‍  വരുന്ന അണ്ണാച്ചികള്‍ ' കൂടാരങ്ങള്‍ കെട്ടി റോഡിനു ഇരുവശവും കൂടിയിരിക്കുന്നു.
എന്തൊക്കെയോ റോഡില്‍ തീയിട്ടത് കരിഞ്ഞു മണക്കുന്നുണ്ട്.

പെട്ടന്ന് ആ ഗുഡ്സ് വലിയ ഒച്ചയുണ്ടാക്കി  ചീറിപ്പാഞ്ഞു പോയി.
ഞാനാകെ പേടിച്ചു വിറച്ചു കരഞ്ഞു.


ദൂരെ ഒരു 'ഉന്ത് വണ്ടി'ക്കടുത്ത് കുറച്ചു പേര്‍ കൂടി നില്‍ക്കുന്നുണ്ട്.അവരില്‍ ചിലര്‍ ഞങ്ങളെ നോക്കുന്നുമുണ്ട്.

 "ഞാനൊന്നു ചോയിച്ച് നോക്കട്ടെ.."

സത്യേച്ചി എന്നെയും കൊണ്ട് അങ്ങോട്ട്‌ നടന്നു..

തെയ്യത്തിന് പോണ്ടായിരുന്നു. വീട്ടില് മടങ്ങിപ്പോയാല്....അമ്മ അറിഞ്ഞാല്‍ അടി കിട്ടും..പിന്നെ ഏടെയും വിടില്ല....
ബസ്‌ കിട്ടിയാ മതിയായിരുന്നു.. ശല്യം..

(തുടരും.. )




















5 comments:

ശ്രീ said...

തുടരൂ

ajith said...

അയ്യോ..എടങ്ങേറായല്ലോ!
ഇനിയിപ്പോള്‍ തെയ്യം കാണാന്‍ പോകുമോ അതോ തിരിയെ വീട്ടിലേയ്ക്ക് പോകുമോ?

Anonymous said...

Good one!

സുധി അറയ്ക്കൽ said...

ബാക്കി വായിയ്ക്കട്ടെ.

ആദര്‍ശ് | Adarsh said...

ചായിപ്പിൽ വന്നതിൽ സന്തോഷം ശ്രീ..,എടങ്ങേ റായി അജിത്തേട്ടാ
..😉..നന്ദി..സുധി..😊