Saturday, June 14, 2014

ഹൌ ഓള്‍ഡ്‌ ആര്‍ യു? അഥവാ മഞ്ജു വാര്യരുടെ രണ്ടാം വരവ്.."ഹൌ ഓള്‍ഡ്‌ ആര്‍ യു? ..ടു .."
"നൈന്റീന്‍ "
"നൈന്റീന്‍ ? ഹാദാ ഇത്നീന്‍ മ്ഹജൂദ് ... വാഹദ് ഇത്നീന്‍ റിയാല്‍ നാ ?"
അറിയാവുന്ന അറബിയില്‍ പറഞ്ഞു നോക്കിയെങ്കിലും "കന്തൂറ വാല "പിന്നെയും പറയുന്നു "നൈന്റീന്‍.."അവസാനം അദ്ദേഹം ടിക്കെറ്റ് മുറിച്ചു കൈയ്യില്‍ തന്നപ്പോഴാണ്‌ സമാധാനമായത്.
രാവിലെ മുതല്‍ ഈ രീതിയില്‍ അദ്ദേഹം വയസ്സറിയിച്ചുകൊണ്ടിരിക്കയാണെന്ന് കൌണ്ടറിലെ മലയാളിച്ചേട്ടന്‍. ആദ്യമായിട്ടാണത്രേ വായില്‍ക്കൊള്ളുന്ന പേരുള്ള ഒരു മലബാറി സിനിമ വരുന്നേ!

സൈബര്‍ ലോകത്തെ സകലമാന നിരൂപണങ്ങളും  ആസ്ഥാന ഫേസ് ബുക്കി ഭുജികളുടെ അഭിപ്രായ ഗുളികകളും അരച്ചു കലക്കി കുടിച്ചാണ് തീയറ്ററിലേക്ക് കയറിയത്.പ്രതീക്ഷിച്ചത് പോലെ ഹൌസ്‌ ഫുള്‍ തന്നെ.തങ്ങളുടെ ഇഷ്ട നായികയുടെ രണ്ടാം വരവ് കാണാന്‍ പ്രവാസി  കുടുംബങ്ങള്‍ ഒഴുകിയെത്തിയിരിക്കുന്നു.പ്രതീക്ഷകള്‍ തെറ്റിച്ചു കൊണ്ട്  പ്രവാസി"ബാച്ചിലേര്‍സും"
കസേരകള്‍ കരസ്ഥമാക്കിയിട്ടുണ്ട്.

 "ഒരു റോഷന്‍ ആണ്ട്രൂസ് സിനിമ "എന്ന് ഓര്‍മ്മിപ്പിച്ചു കൊണ്ട് "കളര്‍ഫുള്‍ " ടൈറ്റിലുമായി സിനിമ തുടങ്ങി. പതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം ഒരു  മഞ്ജു വാര്യര്‍ സിനിമ തീയറ്ററില്‍ പോയി കാണുകയാണ് .നിരുപമ രാജീവും,രാജീവും മകള്‍ ലച്ചുവും കുടുംബാംഗങ്ങളും എല്ലാം സാവധാനമേ കണ്മുന്നിലേക്ക് വന്നുള്ളൂ.മഞ്ജു വാര്യര്‍ എന്ന അഭിനേത്രി എങ്ങനെ തന്റെ രണ്ടാം വരവ് ഉഷാറാക്കുന്നു?അതോ കുളമാക്കുമോ? എന്ന ചിന്തയില്‍ സ്ക്രീന്‍ മുഴുവന്‍ പരതുകയായിരുന്നു ഞാന്‍,ഒരു പക്ഷെ മറ്റുള്ളവരും.

ആദ്യപകുതിയില്‍ നിരുപമയുടെ ഓഫീസ് ജീവിതം എന്നും ഉറക്കം തൂങ്ങി,ആശകളും പ്രതീക്ഷകളും നശിച്ച് ഓഫീസ്സില്‍ കയറി വരുന്ന സഹപ്രവര്‍ത്തകയെ ഓര്‍മ്മിപ്പിച്ചു .വൈകി വന്ന്,ചീത്ത പറഞ്ഞാലും മുഖത്ത് ഒരു വികാരവും വരാത്ത സഹപ്രവര്‍ത്തക.അല്പം ബോറടിച്ചു ഇഴഞ്ഞു നീങ്ങിയ ആദ്യപകുതി നിരുപമയെ ഐ ജി ഓഫീസില്‍ വിളിപ്പിച്ചതിനു ശേഷം ശക്തി പ്രാപിച്ചു .പതിനാല് വര്‍ഷങ്ങള്‍ക്കു ശേഷം നിരുപമയുടെ രണ്ടാം വരവ് ,രണ്ടാം പകുതിയില്‍ തകര്‍ത്തോ എന്ന് ചോദിച്ചാല്‍ ,ഇല്ല എന്ന് പറയേണ്ടി വരുമെങ്കിലും പ്രതീക്ഷകള്‍ കുഴിച്ചു മൂടിയവര്‍ക്ക് ,സ്വപ്‌നങ്ങള്‍  കാണാന്‍ മറന്നവര്‍ക്ക് എന്തോ ഒരു പ്രചോദനം ,ആത്മവിശ്വാസം നിരുപമ തരുന്നുണ്ട്.

നിരുപമയുടെ സ്വപ്നങ്ങള്‍ക്ക് നിറം നല്‍കാനാണെങ്കിലും പറയതെ പറഞ്ഞ "പച്ചക്കറി "രൂപത്തില്‍ വരുന്ന വിഷങ്ങള്‍ ,ശരിക്കും കണ്ണ് തുറപ്പിച്ചു.ഓരോ കേരളീയനും ഇനിയുള്ള നാളുകളില്‍ ചെയ്യേണ്ട കാര്യം..അല്പം മണ്ണുള്ളവര്‍ അവിടെ ,അല്ലെങ്കില്‍ ടെറസ്സില്‍ ഒരു അടുക്കള ത്തോട്ടം  പരിപാലിച്ചാല്‍ ആരോഗ്യത്തോടെ ജീവിക്കാം എന്നുള്ളത് പൊങ്ങച്ചമല്ല ,ഒരു സത്യമാണ്.വീടുകളില്‍ ഒരു കാലത്ത് ചീരയുടെയും പയറിന്റെയും വെണ്ടയുടെയും ഒക്കെ വിത്തു പാകി ,ഇടവേളകളില്‍ ഒരു കുഞ്ഞു കൃഷി ഉണ്ടായിരുന്നു.ഇന്നാര്‍ക്കും കിളക്കാനും വെള്ളം കോരനും ഒന്നും സമയമില്ല,പകരം അസുഖങ്ങള്‍ വിരുന്നെത്തുകയും ചെയ്തു."നമ്മുടെ എല്ലാവരുടെയും ഒരു ബന്ധുവിനെങ്കിലും കാന്‍സര്‍ ഉണ്ട് "എന്ന് നിരുപമ പറയുന്നത് പരമമായ സത്യമാണ്,ചിന്തിക്കേണ്ട ഒരു വിഷയവും...

 ഇനി അല്പം നിരൂപിക്കയാണെങ്കില്‍,നിരുപമയായും രാജീവായും മഞ്ജു വാര്യരും കുഞ്ചാക്കോ ബോബനും മികച്ചു നിന്നെങ്കിലും ഒരു രസതന്ത്രമില്ലായ്മ്മ തോന്നി .ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള നോട്ടത്തിലും,സംസാരത്തിലും ,നില്പിലും ഒരു അകലം പാലിച്ച പോലെ ഒരു ശങ്ക..ക്ലൈമാക്സിലെ കരം പിടിക്കുന്ന രംഗം ഒഴിച്ചാല്‍ .ഒരു പക്ഷേ കഥ ആവശ്യപ്പെടുന്നതും ഈ അകല്ച്ച തന്നെയാണെന്നതിനാല്‍ അതത്ര കാര്യമാക്കാനും ഇല്ല . "ഫാഷന്‍ സെന്‍സ്"ഇല്ലാത്ത നിരുപമയ്ക്ക് മറ്റു ന്യൂ ജനറേഷന്‍ നായികമാരെപ്പോലെ മഞ്ജു അല്പം മേയ്ക്കപ്പ് കൂടുതല്‍ നല്കിയോ (കണ്‍ പോളകളില്‍ ചായം വാരി പൂശുന്നത് ഇപ്പോള്‍ ട്രണ്ടാണോ?)
എന്നും സംശയം ഇല്ലാതില്ല.

ഓഫീസ് രംഗങ്ങളിലെ ,വീട്ടു രംഗങ്ങളിലെ ,സ്വാഭാവികിതയില്ലയ്യ്മ്മ ഈ കഥ ബ്ലസ്സിക്ക് കിട്ടിയിരുന്നെങ്കില്‍ വേറൊരു രീതിയില്‍ എടുത്തേനെ എന്ന് ചിന്തിപ്പിച്ചു.തെസ്നിഖാന്‍,
കലാരഞ്ജിനി,സീതാലക്ഷ്മി എന്നിവരാണ് ഇടയ്ക്ക് സിനിമയ്ക്ക് പൊടിപ്പും തൊങ്ങലും നല്‍കിയത്.കഥയില്‍ പതിരുകള്‍ പലതും ഉണ്ടെങ്കിലും മഞ്ജു വാര്യര്‍ക്ക് മുന്‍പില്‍ അതെല്ലാം  ഒന്നുമല്ലാതെയാകുന്നുമുണ്ട്.

"യുവര്‍ ഡ്രീം ഈസ് യുവര്‍ സിഗ്നേച്ചര്‍ " എന്ന് പറഞ്ഞു സിനിമ അവസ്സാനിക്കുമ്പോള്‍ കൈയ്യടികള്‍ തനിയെ ഉയര്‍ന്നു .സ്വപ്‌നങ്ങള്‍ കാണാന്‍ മാത്രമല്ല അത് പ്രാവര്‍ത്തികമാക്കാനുമുള്ള ഒരു ആന്തരിക ഊര്‍ജ്ജം സിനിമ പരത്തുന്നുണ്ട്.അല്ലെങ്കില്‍ നാട്ടില്‍ അല്പമെങ്കിലും ഉള്ള മണ്ണില്‍ ജൈവരീതിയില്‍ കൃഷി നടത്തി ജൈവ പച്ചക്കറികള്‍ ചുറു ചുറുക്കോടെ ഉത്പാദിപ്പിക്കണം എന്ന് ഞാന്‍ ഉറച്ച തീരുമാനം എടുക്കില്ലോ .ഉറക്കം തൂങ്ങി സഹപ്രവര്‍ത്തകയോട് നാളെത്തന്നെ സിനിമ കാണാനും ഉത്തരവ് കൊടുത്തു കഴിഞ്ഞു .

പിന്‍ കുറിപ്പ് :
സകലമാന ഓണ്‍ലൈന്‍ ഭുജികളും എഴുതി ബെടക്കാക്കിയിട്ടും വീണ്ടും ഇങ്ങനൊരു  ക്ലീഷേ റിവ്യൂ  എന്തിനു എഴുതണം എന്നൊരു ചിന്ത ഉണ്ടായിരുന്നു .ദേ.. "മഞ്ജു വാര്യര്‍ മടങ്ങി വരുമോ?" ഇങ്ങനൊരു പോസ്റ്റ്‌ ഈ ബ്ലോഗില്‍ തന്നെ അഞ്ചു വര്‍ഷം മുന്പ് എഴുതിയതിനാല്‍ മാത്രമാണ് ,എന്ത് ക്ലീഷേ ആണെങ്കിലും എഴുതാന്‍ മുതിര്‍ന്നത് ..ക്ഷമി ..:)

8 comments:

അനില്‍@ബ്ലോഗ് // anil said...

സിനിമയെ സിനിമയായ് കാണുകയും വിലയിരുത്തുകയുമാണ് വേണ്ടത്. പക്ഷെ എന്തുകൊണ്ടോ നായികയെ മഞ്ജുവാര്യരായി എടുത്തുകാട്ടിയാണ് സിനിമ പ്രമോട്ട് ചെയ്യപ്പെടുന്നത്. ഒട്ടും ഉൾക്കൊള്ളാനാവത്ത ഒരു പ്രമോ എന്നതിനാൽ തത്ക്കാലം സിനിമ കാണാൻ ഉദ്ദേശിക്കുന്നില്ല.

ഫൈസല്‍ ബാബു said...

പതിവുപോലെ നല്ല രസകരമായ അവതരണം , സിനിമകണ്ടിട്ടില്ല .

ajith said...

ഹൌ ഓള്‍ഡ് ആര്‍ യൂ കണ്ടില്ല. കണ്ടിട്ട് പറയാം.

മാണിക്യം said...

"മഞ്ജു വാര്യര്‍ മടങ്ങി വരുമോ?"
വന്നു
.......മെല്ലെ പുറകോട്ടു നോക്കിയപ്പോഴുണ്ട് മഞ്ജു വാര്യരുടെ തൊട്ടടുത്ത് ഒരു കസേര ഒഴിഞ്ഞു കിടക്കുന്നു.മറ്റാരെങ്കിലും വന്നിരിക്കുന്നതിനു മുമ്പേ ഒരൊറ്റ ഓട്ടത്തിന് ഞാന്‍ ആ കസേര കരസ്ഥമാക്കി....."
അതെ 'സല്ലാപ'ത്തിലെ രാധയിലൂടെയാണ് മലയാളികളുടെ മനസ്സില്‍ ഒരു കസേര സ്വന്തമാക്കിയ നടിയാണ് മഞ്ചുവാര്യയര്‍.
ഹൌ ഓള്‍ഡ്‌ ആര്‍ യു? കണ്ടില്ല കാണണ൦......

Mubi said...

അവതരണം നന്നായി... സിനിമ കണ്ടിട്ടില്ല, കാണാം..

റോസാപ്പൂക്കള്‍ said...

സിനിമ കണ്ടു. മഞ്ജുവിന്‍റെ മേക്‌അപ്പ്‌ ശരിയായില്ല. പ്രായം കൂടുതല്‍ ആക്കാനാണെന്ന് തോന്നുന്നു കണ്ണിന്റെ ആ മേക്‌ അപ്. അഭിനയവും അത്ര ഇഷ്ടപ്പെട്ടില്ല. വിഷയം വളരെ ഇഷ്ടപ്പെട്ടു

ആദര്‍ശ് | Adarsh said...

@അനില്‍@ബ്ലോഗ് // anil

അനില്‍ജീ.. അപ്പറഞ്ഞതും ശരിയാണ്.മഞ്ജുവാര്യ രുടെ പേരില്‍ സിനിമയും സിനിമയുടെ പേരില്‍ മഞ്ജുവാര്യരും പ്രൊമോട്ട് ചെയ്യപ്പെടുന്നുണ്ട്.അത് ബോധപൂര്‍വ്വംഅല്ലെന്ന് പറയാനും വയ്യ.സോഷ്യല്‍-അച്ചടി-ദൃശ്യ മാധ്യമങ്ങളിലൂടെ"മഞ്ജു വാര്യര്‍"ഒരു "ബ്രാന്‍ഡ്‌" ആയി പ്രച്ചരിപ്പിക്കപ്പെടുന്നും ഉണ്ട്.ഈ ചിത്രത്തില്‍ മേയ്ക്കപ്പ് അല്പം "ഓവര്‍"ആയി എന്ന് പലരും പറയുന്ന പോലെ ബ്രാന്‍ഡ്‌ വാല്യൂവില്‍ കുടുങ്ങാതെ കലയ്ക്കും അഭിനയത്തിനും പ്രാധാന്യമുള്ള ചിത്രങ്ങളില്‍ ഭാഗവാക്കാകുകയാനെങ്കില്‍ മലയാളത്തിനു ഒരുപിടി നല്ല ചിത്രങ്ങള്‍ ലഭിക്കും എന്ന് പ്രതീക്ഷിക്കാം.
സന്ദര്‍ശനത്തിനു നന്ദി..

@ ഫൈസല്‍ ബാബു
ചായിപ്പില്‍ എത്തിയതിനു നന്ദി

@ ajith കണ്ടു നോക്കൂ അജിത്തേട്ടാ..

@ മാണിക്യം
വളരെ നാളുകള്‍ക്ക് ശേഷം ഇവിടെ കണ്ടത്തില്‍ സന്തോഷം ചേച്ചി.

@ Mubi
നന്ദി,സന്ദര്‍ശനത്തിന്..സിനിമ കണ്ടു അഭിപ്രായങ്ങള്‍ പങ്കുവെക്കൂ..

@ റോസാപ്പൂക്കള്‍

ഈയിടെയായി എല്ലാ സിനിമകളിലും നടിമാര്‍ക്ക് ഈ കണ്ണ് മേക്ക്അപ്പ്‌ കാണുന്നുണ്ട്.സിനിമ എന്നത് ജീവിതത്തിന്റെ ഒരു നേര്‍ കാഴ്ച എന്നാണ് എന്റെ ഒരു സങ്കല്പം.(മസാല-തട്ട് പൊളിപ്പന്‍ ചിത്രങ്ങളെ ഒഴിവാക്കാം )സാധാരണക്കാരികള്‍ ആരും കേരളത്തില്‍ മേക്ക്അപ്പ്‌ ധരിച്ചു ദിവസും നടക്കുന്നില്ല എന്നതിനാല്‍ പലപ്പോഴും ഇത് സിനിമയുടെ മൊത്തത്തിലുള്ള ആസ്വാദനത്തെ ബാധിക്കുന്നുണ്ട്.ഈയിടെ 'ദൃശ്യം'സിനിമയില്‍ മീനയുടെ മേക്കപ്പും ഇതേ രീതിയില്‍ ആയിരുന്നു. ചായിപ്പിലേക്ക് വന്നതില്‍ സന്തോഷം.:)

കല്യാണിക്കുട്ടി said...

:-)