Friday, March 25, 2016

"മഹേഷി"ന്റെ ചോദ്യം !

പെട്ടന്നു തട്ടിക്കൂട്ടിയ ഒരു "വീക്കൻഡ്" ദുബായ്‌ യാത്ര...അത്യാവശ്യമായ്‌ രണ്ടു മൂന്നു പാസ്പ്പോർട്ട്  സൈസ്‌ ഫോട്ടൊ,കോപ്പി എടുക്കണം .വെള്ളിയാഴ്ച രാവിലത്തന്നെ ആരെങ്കിലും സ്റ്റുഡിയോ തുറക്കുമോ എന്നു ആലോചിച്ചു വിഷമിച്ചാണു ഷഹാമയിൽ ഇറങ്ങിയത്‌.ഭാഗ്യത്തിനു ഒരു സ്റ്റുഡിയോ തുറന്നിരിക്കുന്നു!കൗണ്ടറിൽ പ്രതീക്ഷിച്ച  പോലെ മലയാളി തന്നെ.കമ്പ്യൂട്ടറിൽ ഏതോ ഒരു ആക്ഷൻ ഹിന്ദി സിനിമ കാണുകയാണു കക്ഷി.ഫൊട്ടോയുടെ  കോപ്പി എടുക്കണം എന്നു പറഞ്ഞു പെൻ ഡ്രൈവ്‌ കൊടുത്തു .
"പാസ്പ്പോർട്ട് " എന്ന ഫോൾഡറിൽ ഉണ്ട്‌."
ഒരു IT വിദഗ്ധനെപ്പോലെ മൊത്തത്തിൽ  ഒക്കെ നോക്കി കമ്പ്യൂട്ടറിൽ കണക്റ്റ്‌ ചെയ്തു,സെക്കന്റുകൾക്കുള്ളിൽ മറുപടി കിട്ടി .

"ഇതിൽ അങ്ങനെ ഒരു ഫോൾഡർ ഇല്ലല്ലോ?"

അടുത്തു പോയി നോക്കി.അക്കിടി പറ്റിയിരിക്കുന്നു.ആ പെൻ ഡ്രൈവിലെ ഡാറ്റ ഈയിടെ മാറ്റിയിരുന്നു.ഒരു ടൂറിനിടയിൽ പെട്ടന്നു കോപ്പി ചെയ്ത ഫോട്ടൊകൾ ആയിരുന്നു അതിൽ മുഴുവൻ.ബാഗിലുണ്ടായിരുന്ന ബാക്കി പെൻ ഡ്രൈവുകളും ഡാറ്റ കാർഡുകളും എല്ലാം പെറുക്കിക്കൊടുത്തു.പെട്ടന്നു പെട്ടന്നു തന്നെ റിസൽട്ടു വന്നു കൊണ്ടേയിരുന്നു.
"ഇതിൽ ഇല്ല",ഫോൾ ഡേഴ്‌സേ ഇല്ല..","ഡാറ്റ  ഇല്ല"..
ഒടുവിൽ അവസാനത്തെ ഡ്രൈവിൽ ഒരു "പാസ്സ്‌ പോർട്ട്‌ ഫോൾഡർ " കണ്ടെത്തി.ആവേശത്തോടെ  നോക്കിയപ്പോൾ  2013ലെ ഫോട്ടോ !

മെയിൽ ഒന്നും ഇല്ലേ ?എന്ന് കക്ഷി ..ശരിയാണല്ലോ..!അങ്ങനെ മൊബൈലിൽ ഡാറ്റ  പ്ലാൻ  ആക്റ്റീവ്  ചെയ്ത് മെയിൽ തപ്പാൻ തുടങ്ങി.ഇതിനിടയിൽ ഒരു അറബിക്കാരൻ  വന്നു ,മൊബൈൽ ഫോണിലെ ഒരു ഫോട്ടോ പ്രിന്റ്‌ എടുത്തു കൊടുക്കാൻ പറഞ്ഞു.ഞൊടിയിടയിൽ ഫോട്ടോഷോപ്പിൽ എഡിറ്റിംഗ്  ഒക്കെ നടത്തി ഫോട്ടോ കയ്യിൽ കൊടുത്തു. .അറബിച്ചേട്ടൻ  ഹാപ്പി  !

 മിനുട്ടുകൾ നീണ്ട  തിരച്ചിലുകൾക്ക്  ശേഷം മെയിലിൽ   നിന്നും ഫോട്ടോ കിട്ടി.
"പതിനഞ്ചു ദിർഹത്തിനു  എട്ടു കോപ്പി...എഡിറ്റിംഗ് ചെയ്യണോ ?"

"വേണ്ട ..ഇപ്പൊ തന്നെ ലേറ്റ് ആയി "

"എവിടെയാ പോകുന്നേ ?നാട്ടിൽ എവിടെയാ ?"

"ദുബായ് ..വീക്കൻഡ്  അല്ലേ ..   നാട്ടിൽ കണ്ണൂർ ..നിങ്ങൾ എവിടെയാ ?"

"ഞാൻ തിരുവനന്തപുരം ..നിങ്ങൾക്ക് ഇന്ന് ലീവ് ആണല്ലേ ?എനിക്ക് ആളു വന്നാലും ഇല്ലേലും എല്ലാ ദിവസവും തുറക്കണം "

"ക്യാമറ മാൻ അല്ലേ ?ഇവിടെ ഒറ്റക്കാണോ ?"

"ക്യാമറ ....മാൻ ഒന്നും അല്ല ,ഇവിടെ വന്നപ്പോൾ അങ്ങനെ സ്റ്റുഡിയോ
യിൽ കയറേണ്ടി വന്നു .ചെറിയ ഫോട്ടോസ്  ഒക്കെ  എടുക്കും.പിന്നെ ഈ നാട്ടുകാർക്ക് ഇപ്പോൾ ഫോട്ടോ ഒന്നും എടുക്കേണ്ട ആവശ്യം ഇല്ലല്ലോ ?എല്ലാം മൊബൈലിൽ തന്നെ ഉണ്ട്.കട പൂട്ടാൻ പോകുവാണ്. വേറെ എന്തെങ്കിലും ജോലി നോക്കുന്നുണ്ട്.ഒന്നും ആയില്ല .."

"അപ്പൊ ..മഹേഷ്‌ ആണല്ലേ ?..ഒരു പൊടിക്ക് ചിൻ  അപ്പ് ...എനിക്ക് ചിരി വന്നു ..സിനിമ കണ്ടോ ??"

"ആ സിനിമ കണ്ടു ..തീയ്യറ്ററിൽ തന്നെ പോയി കണ്ടു."

"വേറെ എന്തെങ്കിലും പഠിച്ചിട്ടുണ്ടോ?ടെക്നിക്കൽ ആയി ?"

"പ്ലസ്‌ ടു ..അത്രേ ഉള്ളൂ ..."

"അറബിയുടെ ആണോ ഷോപ്പ് ?"

"അല്ല ..മലയാളീസിന്റെ സെറ്റ് അപ്പ് തന്നെയാ ..ഏപ്രിൽ ലാസ്റ്റ് വരെ കാണുമായിരിക്കും.അപ്പോഴേക്ക് എന്തെങ്കിലും ആയാൽ  മതിയായിരുന്നു."

പാവം ..നല്ല ക്ഷമയോടെ പെൻ ഡ്രൈവുകൾ മൊത്തം നോക്കിയ  ആളാ,ഏതെങ്കിലും വേക്കൻസി ഉണ്ടെങ്കിൽ പറഞ്ഞു കൊടുക്കണം ..പേഴ്സിൽ നിന്നും നോട്ട് എടുത്തു കൊടുക്കുന്നതിനിടയിൽ ചോദിച്ചു .
"അല്ല പേര് ചോദിക്കാൻ മറന്നു ."

"പ്രവീൺ ..നിങ്ങളുടെ ?"

"ആദർശ് .."

"ഹിന്ദുവന്നെയല്ലേ .."
ആ ചോദ്യം തീരെ പ്രതീക്ഷിക്കാത്തതായിരുന്നു .മറുപടി വന്നില്ല .സ്റ്റുഡിയോയുടെ സ്റ്റെപ് പെട്ടന്നിറങ്ങി ,മുഖത്ത് വളിച്ച ചിരിയോടെ പറഞ്ഞു കൊടുത്തു ."അതേ ..."


ന്ത് കൊണ്ട് അയാൾ ആ ചോദ്യം ചോദിച്ചു?അതിന്റെ ആവശ്യം ?മെമ്മറിയിൽ  നിന്നും കഴിഞ്ഞ ഒരു മണിക്കൂർ നേരത്തെ ഡാറ്റ മുഴുവൻ ഡിലീറ്റ് ചെയ്യണം ." വേക്കൻസി...നോ വേക്കൻസി...!!"

6 comments:

ആദര്‍ശ് | Adarsh said...

ചായിപ്പ് വീണ്ടും തുറക്കുന്നു ..:)

ajith said...

ഹിന്ദു തന്നെ ആണല്ലോ അല്ലേ
(എന്നിട്ട് വേണം ബ്ലോഗ് വായിക്കണോ എന്ന് തീരുമാനിക്കാൻ. ഹഹഹ)

Mubi said...

"ജാതി ചോദിക്കരുത് പറയരുത്..." എന്ന് പഠിച്ചതൊക്കെ നമുക്ക് മറക്കാം.

ശ്രീ said...

അജിത്തേട്ടന്റെ ചോദ്യത്തിനു മറൂപടി പറയ്... എന്നിട്ടേ കമന്റും ഇടുന്നുള്ളൂ... ആഹാ ;)

[ശ്ശെടാ, ഇപ്പഴും ഇങ്ങനത്തെ ആള്‍ക്കാരോ] :(

ആദര്‍ശ് | Adarsh said...

@അജിത്തേട്ടന്‍
ആണോ? :)
@മുബി
എല്ലാം മറക്കാം.."ആദ്യം ജാതിയും മതവും പറയൂ "എന്നാണ് ഇപ്പോഴത്തെ ട്രെന്‍ഡ് :)

@ ശ്രീ
മറുപടി വേണോ??ഹ ..ഹ..:) ചായിപ്പിലേക്ക് വീണ്ടും വന്നതില്‍ സന്തോഷം ശ്രീ ...

സുധി അറയ്ക്കൽ said...

ഹാ .കൊള്ളാം...