Monday, May 05, 2014

റെവല്യൂഷൻ 2020:എഴുത്ത്,വായന,ആഗ്രഹങ്ങൾ !

"ത്രീ ഇഡിയറ്റ്സ്" എന്ന സിനിമ കാണുന്നതിനു മുമ്പേ തന്നെ ചേതൻ ഭഗതിനെ പരിചയപ്പെട്ടിരുന്നു.മലയാളം പുസ്തകങ്ങൾ പോലും കൈ കൊണ്ട് തൊടാത്തവന് ഇംഗ്ലീഷ് പുസ്തകങ്ങൾ പണ്ടേ അലർജിയായിരുന്നു.ഒന്നാമത്  ഒരു മലയാളം മീഡിയംകാരന് ആ ഭാഷയിലുള്ള പാണ്ഡിത്യം നന്നേ കുറവ് ,പിന്നെ ഇംഗ്ലീഷ് പുസ്തകങ്ങൾ വായിക്കുന്നത് മിക്കവാറും "ജാട ടീമുകളാ,ഞാനാ ടീമല്ലോ?"അങ്ങനെയിരിക്കെയാണ് ചില തരുണീമണികളും കോമളന്മാരും " ചില ഇംഗ്ലീഷ് കൃതികൾ"പരസ്പരം കൈമാറുകയും പാഠപുസ്തകത്തേക്കാൾ ആത്മാർത്ഥതയോടെ  കുത്തിരുന്നു വായിക്കുന്നതും ശ്രദ്ധയിൽപ്പെട്ടത് ."ഇത് വായിക്കാൻ ഇംഗ്ലീഷ് പുലിയൊന്നും ആകെണ്ടാടാ,സിമ്പിളാ .."ഒരു "ലൈൻ മാൻ"ശുപാർശ  ചെയ്തു.  


സംഗതി സത്യമായിരുന്നു.ചേതൻ ഭഗത് എന്ന
(ക്ളാസ്സിലെ സുന്ദരിമാരുടെ  ഇഷ്ട എഴുത്തുകാരൻ)ഇന്ത്യൻ ഇംഗ്ലീഷ് നോവലിസ്റ്റിന്റെ "ഫൈവ് പോയന്റ് സംവണ്‍-വാട്ട്‌ നോട്ട് ടു ഡു അറ്റ് ഐ ഐ ടി " എന്ന "ബെസ്റ്റ് സെല്ലർ "നോവൽ ആയിരുന്നു ആ സത്യം ആദ്യം മനസ്സിലാക്കി തന്നത്.മുമ്പ് പല ഇംഗ്ലീഷ് പുസ്തകങ്ങൾ വലിയ അഹങ്കാരത്തോടെ തുറന്നു വച്ച് ഇരുന്നിട്ടുണ്ടെങ്കിലും പകുതി പോലും ആകാതെ ഉറങ്ങിപ്പോയിട്ടുണ്ട്(ഡിക്ഷ്ണറി മറിച്ചു മറിച്ചു മടുത്ത് ).ഇത് എന്തായാലും മുഴുവൻ വായിച്ചു തീർക്കണം,എന്ന അടങ്ങാത്ത ആവേശത്തോടെ വായിച്ചു തീർത്തു.

"ദ ത്രീ മിസ്റ്റേക്ക്സ് ഓഫ് മൈ ലൈഫ്","2 സ്റ്റേറ്റ്സ് - ദി സ്റ്റോറി ഓഫ് മൈ മാര്യേജ്" തുടങ്ങിയവയും ഇതുപോലെ തന്നെ വെള്ളം പോലെ  വായിച്ചു തീർത്തു.("വൺ നൈറ്റ് അറ്റ് ദി കോൾ സെന്റർ" അതിനിടയിൽ ഉണ്ടായിരുന്നെങ്കിലും ഇതുവരെ വായിച്ചിട്ടില്ല !).ഏതൊരു സാധാരണക്കാരനും ഒറ്റയിരിപ്പിനു വായിച്ചു പോകാൻ സാധിക്കുന്ന ഭാഷ,വരികൾക്കിടയിൽ ഒളിപ്പിക്കുന്ന ഹാസ്യ രംഗങ്ങൾ ,മനസ്സിൽ തട്ടുന്ന,ചിന്തിപ്പിക്കുന്ന മുഹൂർത്തങ്ങൾ,കഥാ പരിസരത്തിന്റെ വിസ്മയിപ്പിക്കുന്ന വർണന ഇവയൊക്കെ ചേതൻ ഭഗത് നോവലുകളെ ജനപ്രിയമാക്കിയിരുന്നു.പലപ്പോഴും ഒരു ബോളിവുഡ് സിനിമ തിരക്കഥയുടെ ഫോർമാറ്റ്‌ ചേതന്റെ നോവലുകൾക്ക് ഉള്ളതായി തോന്നിയിട്ടുണ്ട് .അത് കൊണ്ട് തന്നെയാവാം പിന്നീട് അവ സിനിമകൾ ആകുമ്പോൾ ബോക്സ്‌ ഓഫീസിൽ വിജയിക്കുന്നതും.

വായനാശീലം പൊടിതട്ടിയെടുക്കാൻ ചേതൻ നോവലുകൾ ഒരു നിമിത്തമായി."ധാരാളം വായിക്കണം,എന്തെങ്കിലുമൊക്കെ എഴുതണം" എന്നൊരു ചിന്ത പൊട്ടി മുളക്കാൻ തുടങ്ങിയത് ,"2 സ്റ്റേറ്റ്സ്"വായിച്ചു കഴിഞ്ഞപ്പോൾ പടർന്നു പന്തലിച്ചു."കൃഷി"നെപ്പോലെ ഒരു എഴുത്തുകാരൻ ആകണം എന്ന് ആഗ്രഹിക്കുന്നത് ഒരു തെറ്റല്ലല്ലോ? എഴുതാൻ വലിയ സാഹിത്യം അറിയണമെന്നില്ല എന്നൊരു അറിവും ചേതൻ  നോവലുകളും അവയുടെ ജനപ്രിയതയും തെളിയിക്കുന്നില്ലേ?

വിടെയും എന്നപോലെ ചേതൻ വിരോധികൾ ക്ലാസ്സിലും ഉണ്ടായിരുന്നു.പൈങ്കിളി നോവലുകളുടെ കുത്തക വത്കരണം അഥവാ "കോർപറെറ്റ് പൈങ്കിളി നോവലിസ്റ്റി"ന്റെ വിരോധികൾക്ക് പറയാൻ പല ന്യായങ്ങളും ഉണ്ടായിരുന്നു.പുട്ടിനു പീര എന്ന പോലെ അല്പം "മസാല" അഥവാ "ടച്ചിംഗ്സ് "ചേതന് ഒഴിച്ചു  കൂടാൻ വയ്യാത്തതാണ്.കഥയുടെ ഒഴുക്കിൽ എല്ലാം ഒരു ഓളത്തിൽ പോകുമെങ്കിലും പലപ്പോഴും സിനിമകളിലെ "കുളിസീൻ"പോലെ കുത്തി കയറ്റിയ സീനുകൾ ചേതൻ വിരോധികളെപ്പോലും നോവലുകൾ ഒന്നു വായിച്ചു നോക്കാൻ പ്രേരിപ്പിച്ചിട്ടുണ്ട് എന്നത് വേറൊരു കാര്യം.

"ത്രീ ഇഡിയറ്റ്സ്" ,"ഫൈവ് പോയന്റ് സംവണ്‍" എന്നതിന്റെ ഒരു മാറ്റിയെഴുത്തായിരുന്നു.കഥയും കഥാ പാത്രങ്ങളും മാറിമറിഞ്ഞെങ്കിലും ആ പുസ്തകം വായിച്ച അതേ  സുഖം സിനിമ കാണുമ്പോളും ഉണ്ടായിരുന്നു." ത്രീ മിസ്റ്റേക്ക്സ് ഓഫ് മൈ ലൈഫ്" ."കൈ പോ ഛെ "യായി,2 സ്റ്റേറ്റ്സ് വായിക്കുമ്പോൾ തന്നെ ഒരു പ്രിയദർശൻ  റൊമാന്റിക്‌ കോമഡി സിനിമയുടെ രൂപ ഭാവങ്ങൾ പ്രകടിപ്പിച്ചിരുന്നു .അങ്ങനെ കൃഷിന്റെയും അനന്യയുടെയും കല്യാണത്തിന്റെ കഥ ഈ 2014ൽ സിനിമയായി ഇറങ്ങി.എന്തായാലും നോവൽ വായിച്ച സുഖം(ഫീൽ എന്നാണ് ഉദ്ദേശിക്കുന്നത് !)സിനിമ തന്നില്ല .പക്ഷെ കാണാൻ തമിഴ് പെണ്‍കൊടിയെപ്പോലെ ഇല്ലെങ്കിലും അലിയ ഭട്ടിനെ അനന്യയായി അംഗീകരിക്കാൻ വലിയ ബുദ്ധിമുട്ടില്ല.ചേതൻ ഭഗത് വീണ്ടും ചർച്ചകളിൽ നിറഞ്ഞു,പഴയ പെണ്‍കൊടികളൊക്കെ ഇപ്പോൾ ഭാര്യമാരായി ,അവർ ഭർത്താക്കന്മാരെ നിർബന്ധിക്കാൻ തുടങ്ങി ," 2 സ്റ്റേറ്റ്സ്"കാണിക്കാൻ ..

പൈങ്കിളിയും സീനും കൂടുതൽ ആണെന്നും വലിയ "ഹിറ്റ്‌ "അല്ലെന്നും എന്നുള്ള റിവ്യൂ കേട്ടതിനാലാണ് "റെവല്യൂഷൻ 2020,ലവ് ,കറപ്ഷൻ ,അംബിഷൻ "എന്ന അവസാന ചേതൻ നോവൽ പണ്ട് വായിക്കേണ്ട എന്ന് തീരുമാനിച്ചത് . "2 സ്റ്റേറ്റ്സ്" "ഹാങ്ങ്‌ ഓവർ "വീണ്ടും ചേതൻ ഓർമ്മകൾ കൊണ്ടു വന്നു,റെവല്യൂഷൻ 2020 യും സിനിമയാക്കാൻ പോകുന്നു എന്ന വാർത്തയും എത്തി.എന്നാൽ അതിനു  മുമ്പ് വായിച്ചിട്ടു തന്നെ കാര്യം എന്ന വാശിയിൽ റെവല്യൂഷൻ 2020ക്കായി തിരച്ചിൽ ആരംഭിച്ചു .തേടിയ വള്ളി കാലിൽ ചുറ്റിയ പോലെ ഒരു "റിട്ടയേഡ് കോളേജ് കുമാരിയുടെ "ശേഖരത്തിൽ നിന്നും സംഭവം കിട്ടി.വീണ്ടും വായനയുടെ നാളുകൾ...

ഗോപാൽ,രാഘവ് ,ആരതി എന്ന മൂന്ന് ബാല്യകാല സുഹൃത്തുക്കളുടെ ജീവിത യാത്ര.ഒരു പണക്കാരൻ ആകാൻ ആഗ്രഹിക്കുന്ന ഗോപാൽ ,റെവല്യൂഷൻ 2020 എന്ന ആശയവുമായി രാഘവ് ,ഇവർ രണ്ടു പേരുടെയും പ്രണയിനിയായ് ആരതി.വാരണാസിയുടെ ഘട്ടുകൾ പാശ്ചാത്തലമാകുന്ന നോവലിൽ വിദ്യാഭ്യാസ കച്ചവടവും,രാഷ്ട്രീയക്കാരുടെ അഴിമതിയും വിഷയമാകുന്നു.അഞ്ചാം ക്ലാസ്സിൽ ഒരു കേക്ക് മോഷണത്തിൽ തുടങ്ങുന്ന മൂവരുടെയും സൗഹൃദം ,എന്നെയും  പഴയ അഞ്ചാം ക്ലാസ്സിലേക്ക് കൊണ്ടുപോയി.രാവിലെയും വൈകുന്നേരവും ഞങ്ങൾ മൂന്ന് പേരായിരുന്നു ,എന്നും  ഒരുമിച്ചു നടന്ന് പോയിരുന്നത് ,പൂവ് ആണോ പെണ്ണോ എന്ന് നോക്കിയും ,മുള്ളിക്ക പറിച്ചു തിന്നും ,പറമ്പുകളിൽ കയറി മാങ്ങ പെറുക്കിയും നടന്ന കാലം.

"ഫ്ളാഷ് ബാക്ക് സ്റ്റോറി "ആണെങ്കിലും പകുതി ആകുമ്പോഴേക്കും കഥയുടെ പോക്ക് മുൻകൂട്ടി കാണാം.അവസാനം പതിവ് പോലെ സീനുകളും..റെവല്യൂഷൻ 2020 എന്ന ആശയം ഒരു സന്ദേശമായൊന്നും വായനക്കാരിൽ എത്തുന്നുമില്ല.ആരതിയായി അലിയയെയും ഗോപാലായി അർജുൻ കപൂറിനെയും മനസ്സിൽ കണ്ടതിൽ എന്നെ തെറ്റ് പറയാനാവില്ല.റെവല്യൂഷൻ 2020 സിനിമയാകുമ്പോൾ ഇവർ രണ്ടു പേരും തന്നെയായിരിക്കും യഥാക്രമം ആരതിയും ഗോപാലും എന്നാണ് ഇപ്പോഴത്തെ ബോളിവുഡ് ഗോസിപ്പ് .

ർഷങ്ങളോളം നീണ്ടു നിൽക്കുന്ന ആണ്‍ പെണ്‍ സൗഹൃദവും ,അതിര് കവിഞ്ഞ സ്ത്രീ സ്വാതന്ത്ര്യവുമൊക്കെ ചേതൻ നോവലുകളിലെ സ്ഥിരം കാഴ്ചയാണ്.കോളേജുകളിലും ജോലി സ്ഥലങ്ങളിലും കാണുമെങ്കിലും കുടുംബങ്ങൾ സഹിഷ്ണുതയോടെ ഇത്തരം സൗഹൃദങ്ങളെ കാണുമോ എന്ന് ഒരു വടക്കെ ഇന്ത്യക്കാരൻ സുഹൃത്തിനോട് ചോദിച്ചപ്പോൾ "ഇല്ല"എന്ന് തന്നെയിയിരുന്നു ഉത്തരം.വടക്കെ ഇന്ത്യക്കാർ കൂടുതലും ജാതി -ആചാര-യാഥാസ്ഥികർ ആണെന്നാണ് അവന്റെ അഭിപ്രായം.അങ്ങനെയെങ്കിൽ ചേതന്റെ കഥാപാത്രങ്ങൾ വെറും "ഫിക്ഷൻ 'മാത്രം,പുസ്തകത്തിന്റെ ബാർ കോഡ് പറയുന്നത് പോലെ.

ന്തിന് വടക്കേ ഇന്ത്യ വരെ പോകണം ?അന്ന് അഞ്ചാം ക്ലാസ്സു മുതൽ ഏഴു വരെ ഞങ്ങൾ മൂന്ന് പേർ ,രണ്ടാണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും കൈ ചേർന്ന് പിടിച്ച് എന്നും സ്കൂളിൽ പോയി വരുമായിരുന്നു,ഇന്ന് അങ്ങനെയൊരു കാഴ്ച അപൂർവ്വമായിരിക്കും.അഥവാ ഉണ്ടെങ്കിൽ തന്നെ അതിനെ  കാഴ്ചക്കാർ വേറൊരു കണ്ണിലേ കാണൂ,അല്ലെങ്കിൽ ഒരു പെണ്‍കുട്ടിയെയും അച്ഛനമ്മമാർ അങ്ങനെ നടക്കാനും സമ്മതിക്കില്ല!

ചേതൻ ഭഗത് വീണ്ടും എന്റെ വായനയെ സ്വാധീനിച്ചിരിക്കുന്നു,മാസത്തിൽ ഒരു പുസ്തകമെങ്കിലും വായിക്കണമെന്ന് തീരുമാനമെടുത്തു കഴിഞ്ഞു.കൂട്ടത്തിൽ വായിക്കാതെ പോയ ചേതന്റെ "വണ്‍ നൈറ്റ്‌ അറ്റ്‌ ദി കാൾ സെന്റർ "കിട്ടിയെങ്കിൽ അതും..

ചിത്രങ്ങൾ :ഗൂഗിൾ ചായിപ്പിൽ നിന്നും തപ്പിയെടുത്തത് :)


4 comments:

ശ്രീ said...

ഇതൊന്നും ചായിപ്പില്‍ കിടന്ന് പൊടി പിടിയ്ക്കാനുള്ളതല്ല, ആദര്‍ശ്... ഇങ്ങനെ എഴുത് :)

ഫൈവ് പോയന്റ് സംവണ്‍, റ്റു സ്റ്റേറ്റ്സ്, ത്രീ മിസ്റ്റേക്ക്സ് ഓഫ് മൈ ലൈഫ്, വൺ നൈറ്റ് അറ്റ് ദി കോൾ സെന്റർ എന്നിവ വരെയേ എത്തിയിട്ടുള്ളൂ, ഞാനും.

ചേതന്‍ ഭഗത് ഒരു സംഭവം തന്നെയാണ്. സിമ്പിള്‍ ആയി ആര്‍ക്കും വായിച്ചു പോകാവുന്ന എഴുത്ത് തന്നെ ഹൈലൈറ്റ്. [ഒരൊറ്റ മലയാളം പുസ്തകം പോലും വായിയ്ക്കാത്ത തനിമലയാളിയായ (ഇംഗ്ലീഷ് വിരോധിയായിരുന്ന] എന്റെ ഒരു സുഹൃത്തു പോലും ഒരാഴ്ച കൊണ്ട് റ്റു സ്റ്റേറ്റ്സ് വായിച്ചു തീര്‍ത്തിട്ടുണ്ട് :)]


ഗൗരിനാഥന്‍ said...

ചേതന്‍ ഭഗതിനെ അധികം വായിച്ചിട്ടില്ല, കയ്യില്‍ കിട്ടിയാല്‍ വായിക്കും എന്നെ ഒള്ളൂ..തിരഞ്ഞ പിടിച്ച് പോയി വായിക്കാന്‍ തക്ക വണ്ണം ആകര്‍ഷണം തോന്നിയിട്ടില്ല....എന്നാല്‍ ടു സ്റ്റേറ്റ്സ് എന്ന പടം കണ്ടിരുന്നു അതു നന്നായിരുന്നു എന്നു തോന്നി... അത്തരത്തില്‍ മാതാപിതാക്കളെ കുപ്പിയിലാക്കാന്‍ പാടുപെടുകയും , അതു ഫലം കണ്ടെത്തി ഇത്തിരി വൈകി ആണെലും കല്യാണം കഴിച്ചവരാണ് ഞാനും എന്റെ കൂട്ടുകാരനും അതു കൊണ്ടാകാം ആ സിനിമ അത്ര നന്നായി തോന്നിയത്,... എഴുത്തിത്തിരി നിണ്ടെങ്കിലും വായിച്ചിരിക്കാന്‍ മാത്രം രസമുണ്ട്..എഴുത്തു തുടരു...

ajith said...

ചേതന്‍ ഭഗത്തിന്റെ പുസ്തകങ്ങള്‍ ഇതുവരെ വായിച്ചിട്ടില്ല. ഒന്നങ്ങട് വായിച്ചാലോ എന്നൊരു ചിന്ത ഉണ്ട് ഇപ്പോള്‍

ആദര്‍ശ് | Adarsh said...

സന്ദർശനത്തിനു നന്ദി ശ്രീ, എന്തെങ്കിലും എഴുതണം എന്നൊക്കെ ഉണ്ട്.നിങ്ങളെ പോലുള്ളവരുടെ പ്രോത്സാഹനങ്ങളും, ഒപ്പം വിമർശനങ്ങളും തിരുത്തലുകളും ഇനിയും പ്രതീക്ഷിക്കുന്നു.പിന്നെ ഇപ്പോൾ കുറച്ചൊക്കെ വായനാശീലം ഉണ്ട്..അത് എഴുത്തിനു സഹായിക്കും എന്ന് കരുതുന്നു.:)

ഗൌരി നാഥൻ ,സന്ദർശനത്തിനും അഭിപ്രായത്തിനും നന്ദി ,ചായിപ്പിൽ വീണ്ടും കാണും എന്ന് പ്രതീക്ഷിക്കുന്നു .

അജിത്‌ ചേട്ടോ ,വായിച്ചു നോക്കൂ ..:) സന്ദർശനത്തിനു നന്ദി.