ഇടവഴികളിൽ വീണ്ടും പാദസരം കിലുങ്ങുകയാണ് ,അഞ്ചാറു വർഷം മുമ്പ് കുത്തിവരച്ചിട്ട അക്ഷരങ്ങൾ വീണ്ടും പെറുക്കി ക്കൂട്ടുകയാണ് .പാതിവഴിവരെ കൂടെ വന്നവർ സദയം ക്ഷമിക്കുക ,മറ്റൊരു അർദ്ധ: വിരാമം ഇപ്രാവശ്യം ഉണ്ടാകില്ല എന്ന് കരുതാം .പതിനഞ്ചു ദിവസങ്ങൾക്കുള്ളിൽ ഓരോ കിലുക്കവും പ്രതീക്ഷിക്കാം ,ഞാനൊരു സാഹിത്യകാരനോ ചിത്രകാരനോ അല്ലെന്നത് പരമമായ സത്യമാണ് ,വെറുമൊരു' ബ്ലോഗർ 'മാത്രം ,അതിനാൽ അഭിപ്രായങ്ങളും, വിമർശനങ്ങളും ,പ്രോത്സാഹനങ്ങളും അത്യാവശ്യം പ്രതീക്ഷിക്കുന്നു .പിന്നെ ഇതിലെ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്ക്ല്പികം മാത്രമാണ് ..അഥവാ എങ്ങോ എവിടെയോ സാമ്യം തോന്നുന്നുണ്ടെങ്കിൽ അത് മനസ്സിൽ വച്ചാൽ മതി,ആരോടും പറയണ്ട :)
ഇതുവരെ പാദസര കിലുക്കം കേള്‍ക്കാത്തവര്‍ക്കായി...
"കില്ങ്ങ്ന്ന പാദ്സരം"-ഒന്ന്
"കില്ങ്ങ്ന്ന പാദ്സരം"-രണ്ട്
"എരിയുന്നുണ്ടെങ്കില്‍ ..ഈ തൈരും കൂട്ടി മുഴുവനും കൊഴച്ച് തിന്ന്..."
"മതി വെല്ലിമ്മേ.."
"നിന്നോടാ മുഴുവനും വാരിത്തിന്നാന്‍ പറഞ്ഞെ..സത്യേച്ചി അമ്പലത്തില്‍ പോവനോന്നും ആയിട്ടില്ല ..അല്ലേത്തന്നെ ..നട്ടുച്ചക്കല്ലേ ..അമ്പലത്തില്‍ പോക്ക്.."
"ഇത് കയക്ക്ന്ന് ...എനിക്ക് മതി .."
"മുഴുവനും തിന്നോ...അല്ലേ .. കേളിപാത്രം വരുന്നുണ്ട്..ചോറ് തിന്നാത്ത കുട്ടികളെ പിടിച്ചിട്ടങ്ങ് കൊണ്ടോകും .."
"അയിന്.. മണി മുട്ടുന്ന ഒച്ചയൊന്നും കേക്കുന്നില്ലല്ലോ..?"
"ആ എടേലൂട്ടെ അങ്ങോട്ട് പോയിട്ടിണ്ട്..കൊറച്ചു കഴിയുമ്പം ഇങ്ങോട്ട് വരും.."
ഈ കേളിപാത്രത്തിനെ കാണുമ്പോള്‍ തന്നെ പേടിയാവും.. ഒന്നും മിണ്ടാതെ ..മണിയും കിലുക്കി....ചുവന്ന മുണ്ടൊക്കെ ചുറ്റി ..തലയില്‍ പാമ്പിന്റെ കിരീടം വെച്ച്...അങ്ങനെ വരുന്നത് കാണുമ്പോള്‍ തന്നെ ഞാന്‍ ചായിപ്പിലോട്ട് ഓടും.കിരീടത്തില്‍ ഒരു തലയും ഉണ്ടാകും ..അത് ഗംഗാ ദേവിയെ പിടിച്ചു വച്ചതാണ് എന്നാണ് സത്യേച്ചി പറയുന്നെ..വെല്ലിമ്മ മുറത്തില്‍ അരി കൊടുക്കുമ്പോള്‍ ചായിപ്പില്‍ നിന്ന് എത്തി നോക്കുന്ന എന്നെത്തന്നെ കേളിപാത്രം തുറിച്ച് നോക്കും ...
"എനി ചോറ് തിന്നാഞ്ഞിട്ട് എന്നെ പിടിച്ച് കൊണ്ടോവ്യോ....?"
"ആ കരുയുന്ന ഷൂവൊന്നും വലിച്ചു കേറ്റണ്ട... അമ്പലത്തിന്ന് ആരെങ്കിലും എടുത്തു കൊണ്ടു പോകും കെട്ടാ.."
കീ ..കീ... എന്ന് കരയുന്ന ഷൂവും ഇട്ട് ഞാന്‍ മുറ്റത്തേക്ക് ഇറങ്ങി.
"വെല്ലിമ്മേ കേളിപാത്രം ഏടെപ്പോയി ? "
"വയലിന്റെ അങ്ങോട്ടാനം പോയെന്ന് തോന്നുന്നു..ഇങ്ങോട്ടെനി നാളെയാറ്റെ വരൂ.."
" ഞാമ്പോട്ടേ.."
"കുളിച്ചിറ്റ് മുടിവാരീറ്റില്ല..ഇങ്ങു വാ ..മുടി വാരീറ്റ് പോവാം .."
"സത്യേച്ചി വാരിത്തരും........."
സത്യേച്ചി എന്നെയും കൂട്ടാതെ പോയിക്കളയുമോ എന്ന പേടിയായിരുന്നു ഉള്ളില്‍ ..ഓടിക്കിതച്ച് കുറ്റിക്കരയില്‍ എത്തിയപ്പോഴുണ്ട് ,ഏറേത്ത് പ്രമോദേട്ടന് .
"നീ നടക്കുമ്പം ആരാടാ കരയുന്നത് ശിങ്കിടീ.."
" ഷൂന്റെ പീപ്പിയാ... സത്യേച്ചി പോയാ ..?"
"'സത്യേച്ചി അപ്പറത്ത് അടുക്കളേല് ചാണം തേക്കുന്നുണ്ട്...സത്യളേമ്മേ...ഇതാ ശിങ്കിടി വന്ന് കേട്ടാ..ആനയെല്ലാം പോന്നേനു മുമ്പ് വേം കൂട്ടീറ്റ് പോയ്ക്കോ.."
ഒരു പഴയ കലത്തില്‍ ചാണകം കലക്കി ,പഴന്തുണി കൊണ്ട് കലത്തില്‍ മുക്കി ,നിലത്ത് ഇരുന്ന് നിരങ്ങി ചാണകം തേക്കുകയാണ്, സത്യേച്ചി .അടുക്കളയിലെ മുഴുവന്‍ ചട്ടികളും ,കലങ്ങളും,കുപ്പികളും അടുക്കളപ്പുറത്ത് എടുത്ത് വച്ചിട്ടുണ്ട് .
"പ്രമോദേട്ടന് വെറുതെ പറയുന്നതാ കെട്ടാ ..ആനെയെല്ലാം ആടത്തന്നെ ഇണ്ടാവും ..ഇത് കയിഞ്ഞിട്ട് തലയും മേലും ഒന്നു കുളിക്കട്ടെ ...എന്നിറ്റ് നമ്മക്ക് പോവാം .."
അലക്ക് കല്ലിന്റെ അടുത്ത് നിന്ന് സത്യേച്ചി തല കുളിച്ച് തോര്‍ത്തി .തോര്‍ത്ത് തലയില്‍ കെട്ടി , സോപ്പുങ്കായി പിഴിഞ്ഞ വെള്ളത്തില്‍ ഇട്ടു വച്ച പാദസരങ്ങള്‍ ചകരി കൊണ്ട് നല്ലവണ്ണം ഉരച്ചു കഴുകി.
"ഇത് തയഞ്ഞ് തയഞ്ഞ് തീരാറായി ..എപ്പോളാ കാലിന്ന് ഊരിപ്പോന്നേന്ന് ആര്‍ക്കറിയാം .."
അലക്ക് കല്ലില്‍ കാലെടുത്ത് വച്ച് പാദസരം കാലിലേക്ക് ഇടുന്നതിനിടയില്‍ ഞാന്‍ നോക്കിയപ്പോഴുണ്ട് ...കാലിന്റെ വിരലില്‍ ഒരു വെള്ളി മോതിരം ..
"സത്യേച്ചി ഇതെന്തിനാ കാലില്‍ മോതിരം ഇടുന്നെ?"
പല്ലു കൊണ്ട് പാദസരത്തിന്റെ കൊളുത്ത് അമര്‍ത്തി ,ബക്കറ്റിലെ വെള്ളം കാന്താരിയുടെ മെരട്ടിലേക്ക് നീട്ടി ഒഴിച്ച് സത്യേച്ചി പറഞ്ഞു."കൈയ്യിലിടാനോന്നും മോതിരൊന്നും ഇല്ല ..സ്വര്‍ണം വെള്ളീം എല്ലെം ആയിറ്റ് സത്യേച്ചിക്ക് ഇതും ഈ പാദ്സരേ ഉള്ളൂ... ആ അത് പറഞ്ഞപ്പോഴാ ഓര്‍മ്മ വന്നെ.. നീ ആടെന്ന് ഒരു തുളസിത്തണ്ട് പറിച്ചേ...മൂക്കുത്തീന്റെ കല്ല് പോയിറ്റ് ഊരി വെച്ചിറ്റാ ഉള്ളെ..ഒന്നും ഇടാണ്ട് നിന്നാല്‍ തൊള അടഞ്ഞു പോവും .."
"സത്യേച്ചി ഇങ്ങോട്ടാ അമ്പലം.. ?"
"അമ്പലത്തിലേക്ക് നേരെയാ പോണ്ടേ ..നമ്മക്ക് ഈടെ ലീലേച്ചി പണിക്കു പോകുന്ന പടിഞ്ഞാറെ കൊട്ടരത്തിലൊന്നു കേരണം ..വീട്ടില്‍ അച്ചമ്മ ഒറ്റക്കല്ലേ ഉള്ളൂ ..ലീലേച്ചീനോട് ഒന്ന് നേരത്തെ പോവാന്‍ പറയണം ."
മരത്തിന്റെ വലിയ തൂണുകളും കൊത്തുപണികളും മിനുസമുള്ള തറയും എല്ലാം ഉള്ള വലിയ കൊട്ടാരം.മുറ്റത്ത് നിറയെ പൂച്ചെടികളും...എന്റെ ഷൂവിന്റെ കരച്ചില് കേട്ട് ഒരു തമ്പുരാട്ടി പുറത്തേക്ക് വന്നു.
"ആ സത്യഭാമയോ..നിന്നെ ഈ വഴിക്കൊക്കെ കണ്ടിട്ട് കുറച്ചായല്ലോ.... ഇത് ഏതാ ഈ കുട്ടി ?"
"ഇവന് നമ്മുടെ സ്വന്തം ആളാ..അപ്പുറത്തെ ടീച്ചറെ മോനാ .. നമ്മളൊന്ന് അമ്പലത്തിലേക്ക് ഇറങ്ങിയതാ ..പിന്നെ .. ലീലേച്ചീനെ ഇന്നു ഒന്ന് നേരത്തെ വിടണേ..അമ്മ വീട്ടില്‍ ഒറ്റക്കേ ഉള്ളൂ .. "
"ലീല അവിടെ അരി ഇടിച്ചു കൊണ്ടിരിക്കായാ.. അത് കഴിഞ്ഞാല്‍ പറഞ്ഞയക്കാം .."
ഞങ്ങളോട് അവിടെ നില്ക്കാന് പറഞ്ഞ് തമ്പുരാട്ടി ധൃതിപ്പെട്ടു അകത്തേക്ക് നടന്നു.ഒരു ഇല ചീന്തില്‍ രണ്ടു മൂന്ന് നെയ്യപ്പവുമായി അല്‍പ്പ സമയത്തിന് ശേഷം തിരിച്ചു വന്നു .തമ്പുരാട്ടി അത് എന്റെ നേരെ നീട്ടി .
"ഇന്നാ കുട്ടീ ..ഇവിടെ ആദ്യായിട്ട് വന്നതല്ലേ.."
"എനിക്ക് വേണ്ട ...അമ്മ പറഞ്ഞിന് ഏടുന്നും ഒന്നും വാങ്ങി തിന്നണ്ടാന്ന് ..."ഞാന്‍ സത്യേച്ചിയോട് മെല്ലെ പറഞ്ഞു.വാങ്ങിക്കോ എന്ന അര്‍ത്ഥത്തില്‍ സത്യേച്ചി കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു.
"ഇവനെന്താ ഒരു മടി..മധുരം ഇഷ്ടമല്ലേ.... "
"ഹേയ് ..ഇവന് മുട്ടായീന്റെ ആളല്ലേ... തമ്പുരാട്ടീ "
"വെറുതെ അല്ല പല്ലൊക്കെ പുഴു കൊണ്ടു പോയത് ..! അല്ലേ... സത്യഭാമേ..ഹാ ഞാന്‍ ലീലയുടെ പക്കല്‍ ഒന്ന് രണ്ട് സാരി കൊടുത്തുവിടാം കെട്ടോ..എടുത്ത് ഉടുക്കണം ..കുട്ടിയോള് കൊണ്ടു വന്നതൊക്കെ ഇവിടെ ധാരാളം ഉണ്ട്.. എനിക്ക് ഇതൊക്കെ ഉടുത്തൊരുങ്ങി നടക്കേണ്ടേ പ്രായൊക്കെ കഴിഞ്ഞൂ .."
നടക്കുന്നതിനടയില്‍ ഞാന്‍ ചോദിക്കാനിരുന്ന ആ ചോദ്യം ചോദിച്ചു.
"സത്യേച്ചി ,ഇത് നമ്മളെ നാടല്ലേ.."
"പിന്നെ ഇത് നമ്മളെ നാടല്ലാണ്ട്.."
"എന്നിറ്റ് അമ്മയും വെല്ലിമ്മയും പറയ്ന്ന്, ഇത് നമ്മള നാടല്ലാന്ന്..വീടും അല്ലാന്ന്.."
"അവര്‍ വെറുതെ പറയുന്നതാ..അവരിക്കൊന്നും അറിയില്ല.. "
ചിറയുടെ അടുത്ത് എത്തിയപ്പോഴുണ്ട് ,കൂര്‍ത്ത രണ്ടു കൊമ്പും .. നീണ്ട തുമ്പിക്കൈയ്യും ഉള്ള വലിയൊരാന!
"സത്യേച്ചി..ആനേനെ കുളിപ്പിക്കാന്‍ കൊണ്ടോയതാ?"
"ആനക്കും കുളിക്കേണ്ടടാ..ഉത്സവത്തിനു അമ്പലത്തില്‍ കേരുന്നേനു മുമ്പ് ആനേനെ കുളിപ്പിക്കണം ..നെറ്റിപ്പട്ടം എല്ലാം കെട്ടി ...തിടമ്പ് എടുക്കേണ്ടയല്ലേ..."
"എന്നിറ്റ് ആനേന്റെ മേത്ത് മണ്ണുണ്ടല്ലോ .."
"അത് നിന്നെപ്പോലെയെന്നയാ ..കുളിച്ചു കയിഞ്ഞിട്ടും മണ്ണില്‍ കളിക്കും .."
ആന അടുത്ത് എത്തിയപ്പോഴേക്കും എനിക്ക് പേടിയായി .സത്യേച്ചിയുടെ ചുമലില്‍ കണ്ണ് പൊത്തി ,രണ്ടു കൈയ്യും ആ കഴുത്തിന് മുറുകെ പിടിച്ച് ശ്വാസമടക്കി അങ്ങനെ കിടന്നു...
"നീ താഴെക്കീഞ്ഞാ ...ആനെയെല്ലാം അങ്ങ് പോയി ..എന്റെ കൈ കടയുന്നു.."
താഴെ ഇറങ്ങിയപ്പോഴേക്കും ആന മുമ്പോട്ടു പോയിരുന്നു..റോഡില്‍ നിറയെ ആനപ്പിണ്ടം.."ചില് ..ചില് ."എന്ന് ചങ്ങലയുടെ ശബ്ദം കേള്‍ക്കുന്നുണ്ടായിരുന്നു..
ആല്‍മരത്തിന്റെ ചുറ്റിലും ,മതിലിന്റെ അടുത്തും എല്ലാം നിറയെ ചന്തകള്‍...ബലൂണുകള്‍..പീപ്പികള്‍
..കരിമ്പ് ,മുട്ടപ്പൊരി,പുല്ലുമുട്ടായി,ബത്തക്ക........കുറേ ആളുണ്ട്...
"സത്യേച്ചീ ..ബലൂണ്‍ വേണം...""അതെല്ലാം നമ്മക്ക് പോവുമ്പം വാങ്ങാം..ഓട്ടന്‍ തുള്ളല്‍ കാണണ്ടേ ..വാ അകത്തു കയറാം..."
എന്റെ കരയുന്ന ഷൂവും ,സത്യേച്ചിയുടെ ചെരിപ്പും കൂടി ഒരു ഉപ്പിലയില് പൊതിഞ്ഞു ,അമ്പലത്തിന്റെ കുളത്തിനടുത്തുള്ള ഒരു കുറ്റിക്കാട്ടില്‍ ഒളിപ്പിച്ചു.
"ഇത് ഈടെ വെച്ചിറ്റില്ലേല് ശരിയാവൂല ..കയിഞ്ഞകൊല്ലം എന്റെ ആകെക്കൂടിയുള്ള ഒരു ബാറ്റേന്റെ ചെരുപ്പ് പോയതാ.."
ചന്ദനം നെറ്റിയില്‍ തൊട്ടു തന്ന്,ഷര്‍ട്ടിന്റെ 'കുടുക്ക് 'ഇട്ടു തന്ന ശേഷം സത്യേച്ചി എന്നെ മണ്ഡപത്തില്‍ ഇരുത്തി.അവിടെ എന്നെപ്പോലെ കുറെ കുട്ടികള്‍ ചമ്രം പടിഞ്ഞു ഇരിക്കുന്നുണ്ട്.കൂടെ കുറേ അമ്മൂമ്മമാരും.
"ഈടെ ഇരിക്ക് കെട്ടാ..സത്യേച്ചി താഴെ ഇണ്ട്.."
"എന്നെ ഒറ്റക്കാക്കീറ്റ് സത്യേച്ചി പോവ്യോ..?"പെട്ടന്ന് ഒരാള്‍ മണ്ഡപത്തിലേക്ക് ചാടിക്കയറി.പല നിറത്തിലുള്ള തുണി കഷണങ്ങള്‍ ചുറ്റി ,മുഖത്ത് ചുവന്ന ചായം തേച്ച്,കിരീടം വെച്ച ഒരാള്‍..അയാള്‍ എന്തൊക്കെയോ പാടി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു..പെട്ടന്ന് എന്റെ നേരെ കൈ ചൂണ്ടി ഒരു തുള്ളല്‍ തുള്ളി..ഞാനാകെ പേടിച്ചു കരഞ്ഞു.പക്ഷേ ചുറ്റും നിന്നവരൊക്കെ എന്നെ നോക്കി ചിരിക്കുന്നുണ്ട്..സത്യേച്ചിയും...ഞാന്‍ സത്യേച്ചിയുടെ അടുത്തേക്ക് പോകാനായി എഴുന്നേറ്റപ്പോഴുണ്ട് അയാള്‍ മുന്നില്‍ വന്നു കുരങ്ങനെപ്പോലെ കാണിക്കുന്നു..തല മാന്തുന്നു..

..പേനെടുക്കുന്നു..നഖം കടിക്കുന്നു...വീണ്ടും എല്ലാവരും ചിരിച്ചു.സത്യേച്ചിയും ചിരിച്ചു..കൂടെ ഞാനും...
പടിഞ്ഞാറെ നടയുടെ അടുത്താണ് കുഞ്ഞിയാന നില്‍ക്കുന്നത്.കഴുത്തില്‍ മണിയൊക്കെ കെട്ടി ,കുഞ്ഞിക്കൊമ്പും കുഞ്ഞി തുമ്പിക്കൈയ്യും ഉള്ള കുഞ്ഞി ആന .എല്ലാവരും അതിനു പഴവും ,വെള്ളവും തേങ്ങയും ഒക്കെ കൊടുക്കുന്നുണ്ട്.ചിലര്‍ അതിനെ തൊട്ടുനോക്കുന്നുമുണ്ട് .
"എനക്കും തൊടണം..."
"നീ പോയി തൊട്ടോ....
"തൊടാനായി അടുത്തേക്ക് പോയെങ്കിലും പേടി കാരണം പിന്നോട്ട് നടന്നു.ഒടുവില്‍ സത്യേച്ചി എന്നെ എടുത്ത് ആനയുടെ അടുത്തേക്ക് കൊണ്ടുപോയി തൊടീച്ചു. ഞാന്‍ തൊട്ടതും അത് "ശിറ് ശിറ് ...ന്ന് "മൂത്രം ഒഴിച്ചു അവിടെയാകെ വൃത്തികേടാക്കി.
"ഓട്ടന്‍ തുള്ളല്‍ ഓട്തു സത്യേച്ചി..?"
"നേരത്തെ മണ്ഡപത്തില്‍ കണ്ടത് പിന്നെ എന്നാ?"
"അപ്പൊ ആ കൊരങ്ങനെപ്പോലെ കളിക്കുന്നതാ ഓട്ടന്‍ തുള്ളല്‍..?"
"അത് കൊരങ്ങനൊന്നുമല്ല.. രാമായണത്തിലെ ഹനുമാനെയാ കാണിച്ചത്..."
"ആരാ ഹനുമാന് ..?"
"ആ അതെല്ലാം ഒരു കഥയാ..സത്യേച്ചി പിന്നെ പറഞ്ഞു തരാം കെട്ടോ.."
എഴുന്നള്ളത്തും തിടമ്പ് നൃത്തവും എല്ലാം കഴിയുമ്പോഴേക്കും രാത്രിയായി...
"ബലൂണ്‍..."
"ആ ...ബലൂണെല്ലാം വാങ്ങിത്തരാം..നിന്റെ പ്രമോദേട്ടനോട് ഇരുടാവുന്നേനുമുമ്പ് ടോര്‍ച്ചും എടുത്തിട്ട് വരാന്‍ പറഞ്ഞതാ...നേരം ഇത്രയായിറ്റും കാണുനില്ലല്ലോ..."
ഉണ്ട ബലൂണും വാങ്ങി ആലിന്റെ അടുത്ത് നില്ക്കുമ്പോഴുണ്ട് പ്രമോദേട്ടന് ഓടി വരുന്നു..
"ഇന്നാടാ ശിങ്കിടി ...തോക്ക് ..നമ്മക്ക് വിഷൂന് കാപ്സ് പൊട്ടിക്കേണ്ടേ..."
"നീ എടുന്നാടാ ഇപ്പം ഓടി വരുന്നേ..?"
" ഞാന്‍ ഈടെ തന്നെ ഇണ്ടായിരുന്നു..സത്യേളേമ്മേ ..ഒരു കളി കളിച്ചതാ..ഇത് കണ്ടാ...ഈ മോഹന്‍ലാലിന്റെ ഫോട്ടം അടിച്ചെടുത്തു..."
"കളിച്ചോ..കളിച്ചോ..പടിഞ്ഞറ്റേലെ ഭണ്ഡാരത്തില് ഇനി വല്ല ചില്ലറപൈസയും ബാക്കിയുണ്ടോ?"
"എനിക്ക് നിങ്ങളെ ഭണ്ഡാരത്തിലെ പൈസയൊന്നും വേണ്ട..ഇത് ഞാന്‍ അണ്ടി പൊറുക്കി വിറ്റ് ഉണ്ടാക്കിയ പൈസായ..ഹാ.."
രാത്രി കിടക്കുമ്പോള്‍ കൊതുക് വലയുടെ മുകളില്‍ ഉണ്ട ബലൂണ്‍ ഇടും .ജനല്‍ തുറന്നു വച്ചാല്‍ കാറ്റത്ത് അത് അവിടെക്കിടന്ന് തത്തിക്കളിക്കുന്നത് കാണാന്‍ നല്ല രസമാണ്..അതും കണ്ടു കൊണ്ട് ഉറങ്ങാനും ..പക്ഷേ രാവിലെ നോക്കുമ്പോള്‍ കാറ്റൊക്കെ പോയി അത് ചെറുതായിട്ടുണ്ടാവും.ഉടന്‍ തന്നെ കുറ്റിക്കരയിലേക്ക് ഓടും.
"സത്യേച്ചി ...ഇത് ചെറ്തായീ ...ഇപ്പം അമ്പലത്തില്‍ പോണം.. വേറെ ബലൂണ്‍ വേണം..."
(തുടരും..)
ഒരു ഓർമ്മപ്പെടുത്തലിനായി ചായിപ്പിലെ ഭരണിയിൽ ഉപ്പിലിട്ടു വച്ചിരുന്ന
കമന്റു നെല്ലിക്കകൾ വീണ്ടും....ഒരല്പം പുളിക്കുമെങ്കിലും പിന്നെ മധുരിക്കും
,ഈ ഓർമ്മകൾ ...:)
ഇടവേളയ്ക്കു ശേഷമുള്ള ഭാഗം നന്നായിട്ടുണ്ട്. നാടന്‍ ശൈലിയില്‍ നാടന്‍ കാഴ്ചകളുമായി... കൊള്ളാം... തുടരട്ടേ
Ente nattiloodeyulla oru thirichu nadatham... Valare manoharam.. Ashamsakal...!!!
ചാത്തനേറ്: ഇടവേള കൂടിപ്പോയി..
ഈ
ലിങ്ക് ഇവിടെ കിടന്നോട്ടെ അല്ലേ
മനോഹരം ചിന്താപരം നല്ല എഴുത്ത്
അഭിനന്ദനങ്ങള്‍
പാദസരത്തിന്റെ കിലുക്കത്തിനു കാതോര്‍ത്ത് എത്ര നാളായ് കാത്തിരിക്കുന്നു...
വലിയകാര്യങ്ങള്‍ കുട്ടിയുടെ കാഴ്ചപ്പാടില്‍ അതി മനോഹരമായി വരച്ചു കാട്ടി. ചിത്രങ്ങളും നന്നായി.
ഉത്സവക്കാഴ്ച കണ്മുന്നില് എത്തിച്ചതിനു നന്ദി..
സ്നേഹാശംസകളോടെ മാണിക്യം
വളരെ മനോഹരമായിരിക്കുന്നു ഈ നാടന്‍ ഭാഷാ പ്രയോഗങ്ങള്‍. ഒറ്റയിരുപ്പില്‍ ഒഴുക്കോടെ വായിച്ചു പോകാന്‍ സാധിച്ചു.
നല്ല ശൈലി. അല്പനേരത്തേക്ക് വിശാലമായ ലോകത്തെ അത്ഭുതത്തോടെ കണ്ടിരുന്ന പഴയ നിക്കറിട്ട കുട്ടിക്കാലത്തേക്ക് കൊണ്ടുപോയി.
പാദസരങ്ങളുടെ കിലുക്കങ്ങൾക്കായി കാത്തിരിക്കുന്നു.
നല്ല എഴുത്ത്,, കണ്ണൂര്‍ ഭാഷ എല്ലാവര്ക്കും മനസിലകുന്നുണ്ടോ എന്തോ.. എനിക്ക് എന്റെ കുട്ടിക്കാലം ഓര്മ വന്നു.
വളരെ നന്നായി.. അടുത്ത ഭാഗം വൈകിക്കരുതെ
കിലുങ്ങുന്ന പാദസരം വളരെ നന്നായിട്ടുണ്ട്
കുറെ നാളായി ഈ വഴി വന്നിട്ട്
ബാക്കി കൂടെ പോരട്ടെ
വീണ്ടും ഈ പാദസരത്തിന്റെ കിലുക്കം സഹിക്കാന്‍ എത്തിയ ...
ശ്രീ ,
സുരേഷ് കുമാര്‍ ,
കുട്ടിച്ചാത്തന് (ചാത്തോ..ആ ലിങ്ക് ബൂലോകര്‍ക്ക് പരിചയപ്പെടുത്തിയതിനു നന്ദി..ആ പോസ്റ്റ് കാരണമാണ് ഞാന്‍ ബ്ലോഗന് തുടങ്ങിയത് തന്നെ ..)
പാവപ്പെട്ടവന് ,
മാണിക്യം ചേച്ചി,
ശിവ ,
നരിക്കുന്നന്‍ ,
ഷമ്മി ,
പിരി ,
എല്ലാവര്ക്കും നന്ദി ..
അടുത്ത ഭാഗം അല്പം വൈകുമെങ്കിലും ഉടന്‍ ഉണ്ടാകും ..എല്ലാവരും വീണ്ടും വരണേ ..
സസ്നേഹം ,
ആദര്‍ശ്
ചിന്തയില്‍ നിന്ന് മരമാക്രി പുറത്ത്
പഴയ പോലെ കമന്റ് ബോക്സില്‍ കണ്ടു മുട്ടാം
ormakaliludea yulla ee thirichu pok athu sukamulla oru nombaram annu. ee nobaram post cheyunna adarsh-nu othiri abhinadhanaghal. valareayadikam nannayittund.
Blog aayittundu adarsh ithu.
ഇത്തിരി വൈകിയായാലും ഞാനിങ്ങ് വന്നു മൂന്നാം ഭാഗം വായിക്കാന്‍, എന്നിട്ട് നരിക്കുന്നന്റെ കൂടെ നിക്കറിട്ട്, മൂക്കളയും ഒലിപ്പിച്ച് പഴയ കാലത്തേക്ക് പോയി :)