മുത്താശ്ശിക്കുന്നിലേക്കുള്ള ഈ വഴി ഇപ്പോള്‍ കുറേ മാറിയിട്ടുണ്ട്.മഴ ചെറുതായി പെയ്യുന്നുണ്ടെങ്കിലും ചവിട്ടിത്തെറുപ്പിച്ച് ഒച്ചയുണ്ടാക്കാനോ,എഴുത്തച്ഛന് പ്രാണിയുടെ എഴുത്തു കാണാനോ,കടലാസ് തോണി ഒഴുക്കാനോ അവിടവിടെയായി ചെളിക്കുളങ്ങള്‍ കാണുന്നില്ല.പരവതാനി പോലെ നീണ്ടു നിവര്‍ന്നു കിടക്കുന്ന ടാര്‍ റോഡില്‍ ചീറിപ്പായുന്ന വാഹനങ്ങളില്‍ നിന്നും തൂവുന്ന എണ്ണയില്‍ വിരിയുന്ന മഴവില്‍ രൂപങ്ങള്‍ മാത്രം.'പരസ്യം പതിക്കരുത്'എന്നെഴുതിയിരിക്കുന്ന ഈ മതിലുകളുടെ സ്ഥാനത്തായിരുന്നു മഷിച്ചപ്പും,പാമ്പിന്റെ ഉപ്പിളിയും ഇടയ്ക്കിടയ്ക്ക് തടിയന് കീരികളും പ്രത്യക്ഷപ്പെട്ടിരുന്ന 'കെള'. മതിലുകള്‍ക്കപ്പുറത്ത് കുഞ്ഞു കുഞ്ഞു 'വില്ലകള്‍'ഉയര്‍ന്നു വരുന്ന ആ സ്ഥലത്തായിരുന്നു ,പണ്ട് ഞങ്ങള്‍ അണ്ടി ക്കള്ളന്മാരുടെ വിഹാര കേന്ദ്രമായിരുന്ന,അണ്ടിക്കാട്.മിക്കവാറും വിഷുവിനു 'ചടക്കം' വാങ്ങാനുള്ള ചില്ലറപ്പൈസ മുഴുവന്‍ അവിടുന്നായിരുന്നു.
മഴ പോയെങ്കിലും വഴിവക്കിലെ ഈ 'അലസി'യുടെ ചുവട്ടില്‍ നിന്നാല്‍ വീണ്ടും പെയ്യും.ഇതിപ്പോള്‍ കാറ്റുണ്ടായിട്ടും ഒറ്റത്തുള്ളി ഇല്ലല്ലോ..എങ്ങനെ പെയ്യാനാ? മുകളിലോട്ട് നോക്കിയപ്പോഴല്ലേ കാണുന്നത്..നാട്ടിലുള്ള മൊത്തം കമ്പ്യൂട്ടര്‍ സെന്ററുകളുടെയും പാരലല്‍ കോളേജുകളുടെയും ഫ്ലക്സ് ബോര്‍ഡുകളും..അവയെ താങ്ങി നിര്‍ത്തുന്ന കുറേ ഉണങ്ങിയ കൊമ്പുകളും...
ടാറിട്ടത് കൊണ്ടായിരിക്കും പണ്ട് ഓടിക്കയറിയിരുന്ന ആ കയറ്റം അത്രയുമില്ല.കയറ്റം കഴിഞ്ഞുള്ള ഈ വളവിലായിരുന്നു കിട്ടേട്ടന്റെ പെട്ടി പീടികയുംസഹദേവേട്ടന്റെ അനാദിപ്പീടികയും.ഉപ്പിലിട്ട നെല്ലിക്കയും മാങ്ങയും , ഉപ്പും മുളകും പെരക്കിയ നാരങ്ങയും കൈതച്ചക്കയും 'ബിണ്ടി' മുട്ടായിയും ഒക്കെയായിരുന്നു കിട്ടേട്ടന്റെ സ്പെഷ്യലുകള്‍. കുറച്ച് ഉപ്പ് അധികം ചോദിച്ചാല്‍ കിട്ടേട്ടന് തരില്ല.നീളന്‍ കുട കിട്ടേട്ടനു നേരെ ചൂണ്ടി "കിട്ടേട്ടന് തോക്കെടു ത്താല്‍ ഠോ..ഠോ..ഠോ" എന്ന് പറഞ്ഞു കൂവലായിരുന്നു അതിനുള്ള പ്രതികാരം."പോടാ കഴുതകളെ ...."എന്ന് അലറിക്കൊണ്ട് ഒരു മുട്ടന്‍ വടിയുമെടുത്ത് കിട്ടേട്ടന് പിന്നെ നമ്മുടെ പിറകേ ഓടിക്കോളും.അരിയും മറ്റു സാധനങ്ങളും എല്ലാം ഉണ്ടെങ്കിലും ,ഒരു 'പായ് 'വരയുള്ള പെയ്പ്പറും വരയില്ലാത്ത പെയ്പ്പറും,നോട്ട് ബുക്കിന്റെ മുകളില്‍ ഒട്ടിക്കാന്‍ 'ലേബലും 'റബ്ബറിന്റെ ബോളും എല്ലാം വാങ്ങാനുള്ള ഏക ആശ്രയം സഹദേവേട്ടന്റെ പീടികയായിരുന്നു.കിട്ടേട്ടന്റെ പെട്ടിപ്പീടികയുടെ പൊടി പോലും ഇപ്പോള്‍ ഇവിടെയില്ല.സഹദേവേട്ടന്റെ പീടികയും അതിന്റെ അപ്പുറത്തെ ബീഡിക്കമ്പിനിയും പൊളിച്ചിട്ടാണ് ഈ കാണുന്ന രണ്ടു നിലയുള്ള ഷോപ്പിംഗ് കംപ്ലെക്സ് ഉണ്ടാക്കിയത്.താഴത്തെ നിലയില്‍ മൊബൈല്‍ സെന്ററും സി .ഡി ഷോപ്പും.മുകളില്‍ ലേഡീസ് 'ടെയിലറിംഗ് & ടെക്സ്റ്റയില്‍സും' പിന്നെ അക്ഷയ കേന്ദ്രവും.
കുന്നിന്റെ മുകളില്‍ എത്തിയിട്ടും ആ തണുത്ത കാറ്റിന്റെ സുഖം കിട്ടാത്തത് പോലെ.മുന്നിലാണെങ്കില്‍ മൂന്നാല് വഴികളും.'ഇത് പൊതു വഴിയല്ല 'എന്നെഴുതിയ വലിയ ഗേറ്റിന് അപ്പുറത്ത് രണ്ടു വലിയ ബില്‍ഡിങ്ങുകള്‍. കണ്ടിട്ട് വാടകയ്ക്ക് കൊടുക്കുന്ന ക്വാട്ടേഴ്സുകളാണെന്നു തോന്നുന്നു. മണ്ണിട്ട് ഉയര്‍ത്തി ചുറ്റും മുള്ള് വേലി കെട്ടിത്തിരിച്ച,ഉഴുതു മറിച്ച സ്ഥലത്തേക്കാണ് വേറൊരു വഴി.
ഇത് മുത്താശ്ശിക്കുന്നല്ലേ? വിശാലമായി മൈതാനം പോലെ പരന്നു കിടന്നിരുന്ന ആ സ്ഥലമാണോ ഇത്? ചെറിയ ചെറിയ പാറക്കൂട്ടങ്ങള്‍ക്കിടയില്‍ പൊന്തിവന്നിരുന്ന മിനുമിനുത്ത ഉണങ്ങിയ വെള്ളപ്പുല്ല് കണ്ടാല്‍ ഏതോ ഒരു പല്ലില്ലാത്ത മുത്തശ്ശിയുടെ നരച്ച മുടി പോലെ തോന്നുമായിരുന്നു.അരിപ്പൂക്കാട്ടില്‍ ഓണത്തിന് പൊരിഞ്ഞ അടിയായിരിക്കും.ചുവപ്പും മഞ്ഞയും അരിപ്പൂ ഇവിടെ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എള്ളുമ്പൂവും,പെകോടയും,കാക്കപ്പൂവും എല്ലാം പറിച്ചു കഴിയുമ്പോഴേക്കും ആന മേഞ്ഞ കരിമ്പിന് കാട് പോലെയായിരിക്കും ഇവിടെ മൊത്തം.ഇന്നിപ്പോള്‍ കക്ക് കളിക്കാന്‍ കളം വരഞ്ഞത് പോലെ കുന്നു മൊത്തം ഇടിച്ചു നിരത്തി,നാലു പാടും മതിലുകള്‍ കെട്ടിയിരിക്കുന്നു.
മഴ വെള്ളം ഒലിച്ചു പോകുന്ന,തോട് പോലുള്ള ഒരു ചാലു മാത്രമാണ് വഴിയായുള്ളത്.വാ ..അതിലെ നേരെ നടക്കാം.കാല് ചിലപ്പോള്‍ പൂണ്ടു പോകും.മൊത്തം ചെളിയാണ്.മെല്ലെ മെല്ലെനടന്ന് എത്തിയത് തുരുമ്പ് പിടിച്ച ഒരു കൊടി മരത്തിനു മുമ്പില്‍..അതിന്റെ പിറകില്‍ ഓടിട്ട ഒരു പഴയകെട്ടിടം. സിമന്റ് തേക്കാത്ത ചെങ്കല്‍ ചുമരില്‍ തൂക്കിയിട്ടിരിക്കുന്ന ഒരു തകര ബോര്‍ഡില്‍ മഞ്ഞയില്‍ കറുപ്പ് നിറത്തില്‍ എഴുതിയിരിക്കുന്നു."മുത്താശ്ശിക്കുന്ന് എല്‍.പി.സ്കൂള്‍".
പെട്ടന്ന് മഴ പാറിയത് കൊണ്ടാണ് സ്കൂളിന് ഉള്ളിലേക്ക് കയറിയത്. 'ചാറല്‍' അടിച്ച് ബെഞ്ചും ഡസ്കും,ബോര്‍ഡും നനഞ്ഞിരിക്കുന്നു.വലിയ മഴ വന്നാല്‍ ഇപ്പോഴും 'ലോങ്ങ് ബെല്ല'ടിച്ചു വിടുമായിരിക്കും.തീവണ്ടിയുടെ ടയര്‍ പോലുള്ള ബെല്ലും മുട്ടിയും തൂണിനടുത്ത് തൂങ്ങുന്നുണ്ട്.പൊട്ടിപ്പൊളിഞ്ഞ സിമന്റ് തറയില്‍ ബീഡിക്കുറ്റികളും പാന്‍ മസാല പായ്ക്കറ്റുകളും...മേശപ്പുറത്തു പ്രാവിന്റെ കാഷ്ടം മനോഹരമായി കിടക്കുന്നുണ്ട്.'അടിച്ചു വാരല്‍ ഡ്യൂട്ടി 'ഉള്ളവര്‍ക്ക് പണിയായത് തന്നെ.ജനലിന്റെ ഈ ദ്രവിച്ച മര അഴികല്‍ക്കിടയിലൂടെ 'ഉള്ള്' കാണാന്‍ ഒരു ശ്രമം നടത്തി നോക്കാം.അകത്ത് ഇരുട്ടാണെങ്കിലും ചുമരില്‍ കുറേ ചാര്‍ട്ടുകളും മറ്റും തൂക്കിയത് കാണുന്നുണ്ട് .അടുത്തടുത്ത് തട്ടികള്‍ ഇട്ട് വേര്‍തിരിച്ച ക്ലാസ്സുകളൊന്നും കാണുന്നില്ല .ദൂരെ ദൂരെ മേശയ്ക്ക് ചുറ്റും മൂന്നാലു ബെഞ്ചുകള്‍ വട്ടത്തില്‍ ഇട്ടിരിക്കുന്നു.അങ്ങേയറ്റത്ത് ഉയരമുള്ള ബെഞ്ചുകള്‍ അടുപ്പിച്ച് സ്റ്റേജു പോലെ നിരത്തിയിട്ടുണ്ട്.ഇന്നലെ 'സാഹിത്യ സമാജം' നടന്നിട്ടുണ്ടാവും.
കൊടിമരത്തിന് ചുറ്റും അസെംബ്ലി കൂടാന്‍ കുറച്ചു സ്ഥലമുണ്ടെന്നല്ലാതെ പണ്ട് ഒടിക്കളിച്ച മൈതാനമൊന്നും ഇല്ല.അതുകൊണ്ട് പുറകിലോട്ടൊക്കെ ഒന്ന് നടന്നിട്ട് വരാം...ആഹാ..സ്കൂളില്‍ എനിക്ക് ഏറ്റവും ഇഷ്ടമല്ലാത്ത സ്ഥലം 'ഓവ് ചാല്-മൂത്രപ്പുര',കക്കൂസുകളായി മാറിയിട്ടുണ്ടല്ലോ..വെറുതെയല്ല എഴുതി വെച്ചിട്ട് കാണുന്നില്ലേ?
"പി.ടി.എ ഫണ്ട് -2000-01 വക.."
അഞ്ചാം ക്ലാസ്സിനു പുറകില്‍ കെട്ടിയുണ്ടാക്കിയ തിണ്ണയില്‍ തന്നെയാണ് കഞ്ഞിപ്പുര. ദേവലോകം പോലെ ക്ലാസ്സിലേക്ക് പുക അലയടിച്ചു വന്നിരുന്നെങ്കിലും ആദ്യം കഞ്ഞി കിട്ടിയിരുന്നത് അഞ്ചാം ക്ലാസ്സുകാര്‍ക്കയിരുന്നു. സ്റ്റാഫ് റൂമിന് നേരെ പുറകിലുള്ള ഈ പാറപ്പുറത്തായിരിക്കും അറ്റ്ലസും ഗ്ലോബും എല്ലാം എടുത്ത് നന്ദിനി ടീച്ചറുടെ സാമൂഹ്യപാഠം ക്ലാസ്സ്.ഇവിടെ നിന്ന് നോക്കിയാല്‍ അങ്ങ് താഴെ വയലും അതിന്റെ അപ്പുറം...ആ മൊബൈല്‍ ടവറിന്റെ അപ്പുറം ചെറിയ പുഴയും എല്ലാം കാണും.വെള്ളിയാഴ്ച ഉച്ചയ്ക്ക് കുപ്പിയും വാട്ടര്‍ ബോട്ടിലും എടുത്ത് വയലിലോട്ടു പോകലാണ് പ്രധാന പണി. രണ്ടരയ്ക്ക് മുമ്പ് മടങ്ങുമ്പോള്‍ കുപ്പിയില്‍ മുശുവും കണ്ണിക്കുറിയനും,കയ്യില്‍ കുറേ ആമ്പലും എല്ലാം കാണും.
ഓഫീസ് റൂമിന്റെ ജനല്‍ തുറന്നിട്ടിട്ടുണ്ടല്ലോ..ഇതൊന്നും പൂട്ടാതെയാണോ പോകുന്നത് ...
"ആരാ അത് ?"
അയ്യോ ..അകത്ത് ആളുണ്ട് ..ശനിയാഴ്ച ആയതുകൊണ്ട് ആരും ഉണ്ടാകില്ല എന്നാണ് കരുതിയത് ..
അകത്ത് ചന്ദ്രിക ടീച്ചറാണ്.ടീച്ചറായിരിക്കും ഇപ്പൊ ഹെഡ് ടീച്ചര്‍.
"ഉസ്കൂള് ഒന്ന് കാണാന്‍ വന്നതാ.."
"ഇവിടെ പഠിച്ചതാണോ?"
"വാര്‍ഷികോത്സവത്തിന് ആംഗ്യപ്പാട്ട് മുഴുവനും പാടാതെ കരഞ്ഞ് ഇറങ്ങി വന്ന ഒരു കുട്ടിക്ക് ടീച്ചറ് കളര്‍ പെന്‍സില്‍ ...."
"ആ ..ഇപ്പൊ ഓര്‍മ്മ വന്നു ...എനിക്കെന്തിനാ കളര്‍ പെന്‍സില്‍... എനിക്ക് സ്ലേറ്റ് പെന്‍സില്‍ മതി എന്ന് പറഞ്ഞ് നിലവിളിച്ച കുട്ടി...ഇങ്ങനെ തടിയും വണ്ണവും മീശയും ഒക്കെ വെച്ചാ എങ്ങനെ മനസ്സിലാവാനാ?...."
"എന്നിട്ട് ഉസ്കൂളൊക്കെ കണ്ടോ...?"
"ആ ..ഒരു മാറ്റവുമില്ല...പഴയ പോലെ തന്നെ..പിന്നെ ടീച്ചറെ അഞ്ച് -ബി യൊന്നും ഇപ്പൊ ഇല്ലേ?"
"ബിയും ഇല്ല സീയുമില്ല...ആകെ പത്തു നാല്‍പ്പതു കുട്ട്യളുണ്ട്.ഒന്നാം ക്ലാസ്സിലിരുത്താന്‍ ആ ക്വാട്ടേഴ്സിലെ തമിഴന്മാരുടെ മൂന്നു പിള്ളറെ കിട്ടിയത് തന്നെ ഭാഗ്യം...മാനേജര്‍ സ്കൂളും കൂടി 'ഗ്രാന്‍ഡ് ടെക്സി'ന് വിറ്റു എന്ന് അദാലത്തിനു മന്ത്രിയെ കാണാന്‍ പോകുന്നതിനു മുമ്പാണ് അറഞ്ഞത്.പൂട്ടിപ്പോവാതെ നിന്നാല്‍ നമ്മള് മൂന്നാല് പെണ്ണുങ്ങളുടെ കുടുംബം കുറച്ചു കാലം കൂടി പട്ടിണിയില്ലാതെ കഴിയും."
അല്ല.. ടീച്ചറ് പറഞ്ഞ ഈ 'ഗ്രാന്‍ഡ് ടെക്സ് ' ഏതാ? പണ്ട് ബോര്‍ഡ് മായിക്കാന്‍ 'പൊടേക്കര' വാങ്ങാന്‍ ഇടയ്ക്കിടയ്ക്ക് ക്ലാസ്സില്‍ നിന്നും പോയിരുന്ന ഒരു നെയ്ത്തുശാല ഉണ്ടായിരുന്നു.അവരിന്ന് വലിയ എക്സ്പോര്‍ട്ടിംഗ് കമ്പിനി ആയെന്ന് കേട്ടിരുന്നു.സ്കൂള്‍ പൂട്ടിപ്പോയാല്‍ ഗോഡൌണ്‍ ആക്കാമല്ലോ ...
നൊസ്ടാല്‍ജിയന്‍ പൈങ്കിളിക്കഥ ഇതു വരെ ....ഇനി അല്പം കാര്യങ്ങള്‍ ....
ഇതു പോലുള്ള സ്മാരകങ്ങള്‍ എങ്ങനെയുണ്ടാവുന്നു? കുട്ടികള്‍ ഇടയ്ക്ക് വെച്ച് പഠനം നിര്‍ത്തി പോകുന്നു എന്നാണ് വിദഗ്ദാഭിപ്രായം.നിര്‍ത്തി പോകാന്‍ ഒന്നാം ക്ലാസ്സില്‍ കുട്ടികള്‍ ചേരണ്ടേ?
പണ്ടൊക്കെയാണെങ്കില്‍ ചെറിയ കുട്ടികളെ നോക്കാന്‍ വീട്ടില്‍ അമ്മൂമ്മമാരും ചെറിയമ്മമാരുമൊക്കെ ഉണ്ടായിരുന്നു.ചോറും കറിയും വെച്ച് കളിച്ചു നടക്കുന്ന കുട്ടികളെ അഞ്ചാം വയസ്സില്‍ അരിയിലെഴുതിച്ച് ഒന്നാം ക്ലാസ്സില്‍ കൊണ്ടിരുത്തും.അണു കുടുംബങ്ങള്‍ പെരുകിയപ്പോള്‍ കുട്ടികളെ നോക്കാന്‍ സമയമില്ലാതെയായി.അവിടെയാണ് 'അംഗണ്‍ വാടികള്‍' പ്രചാരത്തിലായത്.രാവിലെ അവിടെ കൊണ്ടുചെന്നാക്കിയാല്‍ മതി.പാലും പൊടിയും ഒക്കെ കൊടുത്ത് 'ആയ' കുട്ടിയെ നോക്കിക്കൊള്ളും.ഒന്നാം ക്ലാസില്‍ ചേര്‍ക്കാനായാല്‍ തൊട്ടടുത്തുള്ള സ്കൂളില്‍ ചേര്‍ക്കും.അല്പം കൂടി സാമ്പത്തിക
സ്ഥിതിയുള്ളവര്‍ക്ക് കുഞ്ഞു കുഞ്ഞു നഴ്സറികളും ഉണ്ടായിരുന്നു.
ഇന്നിപ്പോള്‍ അതാണോ സ്ഥിതി?മക്കളോട് സ്നേഹം ഉള്ള ഒരമ്മമാരും കുഞ്ഞിനെ അംഗണ്‍ വാടിയില്‍ അയക്കില്ല.ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ഒരു കുടുസുമുറിയും കുറേ പൊടിക്കുട്ടികളും..തിന്നലും കുടിക്കലും തൂറലും എല്ലാം അതില്‍ തന്നെ.പോരാത്തതിന് ഗര്‍ഭിണികളുടെ പരിശോധനയുംമരുന്ന് കൊടുക്കലും.അല്പം 'സ്റ്റാറ്റസ്' ഉള്ളവരാരും മക്കളെ അങ്ങോട്ടയക്കില്ല.അങ്ങനെയാണ് കാശ് കടംവാങ്ങിയിട്ടാണെങ്കിലും കൂലിപ്പണിക്കാര്‍ പോലും ഓമനകളെ ഓട്ടോറിക്ഷയില്‍ കുത്തിക്കയറ്റി
എല്‍ .കേ. ജീലോട്ട് അയക്കുന്നത്.ഇനി ഒന്നാം ക്ലാസ്സില്‍ മാറ്റി ചേര്‍ക്കാമെന്നു കരുതിയാല്‍ പാര്‍ക്കും, പാവകളെയും ഒക്കെ കണ്ടു സുഖം പിടിച്ച കുട്ടി അവിടെ ഇരിക്കുകയുമില്ല .ഇന്നത്തെ ലോകത്തു ജീവിക്കാന്‍ അല്പ സ്വല്പ്പം'കമ്യൂണിക്കേഷന്‍ 'ചെറുപ്പത്തില്‍ തന്നെ മക്കള്‍ പഠിച്ചോട്ടേയെന്ന് മാതാപിതാക്കളും കരുതും.
ഇന്റര്‍നാഷണല്‍ സ്കൂളിന്റെ ഏസി ക്വാളിസ് വണ്ടി ഏത് കാട്ടുമുക്കില് പോലും എത്തും.കുട്ടികളെ ഭദ്രമായി പ്രീ-സ്കൂളില്‍ കൊണ്ടു വിടും ,തിരിച്ചു വീട്ടു പടിക്കല്‍ എത്തിക്കും. എഞ്ചിനീയറിംഗ് , എം . ബി .ബി എസ്, എം. ബി.എ ഏത് വരെ വേണമെങ്കിലും പഠിക്കാനുള്ള സൗകര്യം ഒറ്റ മതില്‍ക്കെട്ടിനുള്ളില്‍ ഉണ്ട്.അത് മാത്രവുമല്ല,ഓരോ മതക്കാര്‍ക്കും ,ജാതിക്കാര്‍ക്കും സ്വന്തം സ്വന്തം വിദ്യാലയങ്ങള്‍.ഭക്ഷണത്തിനു മുമ്പുള്ള പ്രാര്‍ത്ഥനയും,ഉറങ്ങാന്‍ പോകുന്നതിനു മുമ്പുള്ള പ്രാര്‍ത്ഥനയും,ധ്യാനവും,ശ്ലോകവും എല്ലാം പഠിപ്പിക്കും.
ഇത്രയൊക്കെ സൌകര്യം ലഭിക്കുമ്പോള്‍ ആരെങ്കിലും മക്കളെ പട്ടിക്കാട്ടിലെ പൊട്ടസ്കൂളില്‍ അയക്കുമോ?കാലം മാറിയിട്ടും കോലം മാറാത്ത ,ഒരു മഴ വന്നാല്‍ ബോര്‍ഡ് കാണാത്ത ,അടിസ്ഥാന സൌകര്യങ്ങള്‍ ഉണ്ടാക്കാതെ നേരം നേരം പുസ്തകവും ,പഠന രീതിയും മാറ്റുന്ന മലയാലം മീഡിയങ്ങള്‍.... സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ അലഞ്ഞു തിരിയുന്ന കന്നു കാലികളും മനുഷ്യരും കയറിക്കിടക്കുമ്പോള്‍ ആദായമില്ലാത്ത സിനിമാ ടാക്കീസ് പൊളിച്ചു വില്‍ക്കുന്നത് പോലെ മാനേജര്‍മാര്‍ സ്കൂളുകളും വില്ക്കാന് തുടങ്ങിയിരിക്കുന്നു.വിദ്യാഭ്യാസ ബിസ്സിനസ്സ്കാര്‍ ചിലതൊക്കെ കൂട്ടത്തോടെ വിലക്കെടുത്ത് ട്രസ്റ്റുണ്ടാക്കി പച്ചപിടിപ്പിക്കാന്‍ ശ്രമിച്ചതായിരുന്നു.'ആദിവാസിക്കടത്ത്' വിവാദം കാരണം അതും പാളി .
ചോര്‍ന്നൊലിക്കുന്ന മുറിയില്‍ കമ്പ്യൂട്ടറും പ്രൊജെക്റ്ററും വാങ്ങി വെച്ചും എസ് എസ് എല്‍ സി ക്ക് വിജയ ശതമാനം കൂട്ടിയും ക്ലസ്റ്റര്‍ മീറ്റിങ്ങുകള്‍ നടത്തിയും സര്‍ക്കാറുകള്‍ വിദ്യാഭ്യാസത്തെ പുരോഗതിയിലേക്ക് നയിക്കുന്നു.ടാറ്റയുടെയും ബിര്‍ളയുടെയും,zee യുടെയും ഒക്കെ വന്‍കിട പ്രീ-സ്കൂളുകളും, ബോര്‍ഡിങ്ങുകളുമൊക്കെയേ ഇനി വ്യാപകമാകാനുള്ളൂ.
ഒരു 'ക്ലാസ്സ്മേറ്റ്സ് ' ഇറങ്ങിയപ്പോള്‍ മുതല്‍ കോളേജുകളില്‍ 'അലുമിനി മീറ്റു'കളുടെ തിരക്കാണ്.പഴയ പള്ളിക്കൂടത്തെപ്പറ്റി ഇനി ഒരു സിനിമ ഇറങ്ങി,ആരെങ്കിലും അങ്ങോട്ട് അന്വേഷിച്ചു ചെല്ലുമ്പോഴേക്കും,അറവുമാടുകളെപ്പോലെ അന്ത്യ ദിനവും കാത്തിരിക്കുന്ന ഈ സ്മാരകങ്ങള്‍ ഉണ്ടാകുമോ ?പഴയ നാലാം ക്ലാസ്സിലെ മലയാളം പദ്യത്തിലെ വരികള്‍ പോലെ ...
"തിങ്കളും താരങ്ങളും തൂവെള്ളി കതിര് ചിന്നും
തുങ്കമാം വാനിന് ചോട്ടിലാണെന്റെ വിദ്യാലയം .........."
16 comments:
ഓണത്തിനിടയ്ക്ക് ഒരു നീളന്‍ പോസ്റ്റ്...
എല്ലാവര്ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍ ..!( തിരുവോണം കഴിഞ്ഞെങ്കിലും മൂന്നും നാലും ഓണങ്ങള്‍ വരുന്നുണ്ടല്ലോ...)
അതിമനോഹരമായ പോസ്റ്റ്. ഒരു പാട് വായിക്കപ്പെടട്ടെ.
നന്നായിരിക്കുന്നു.
സുന്ദരം ഈ പോസ്റ്റ്....
വളരെ സത്യം. ഇത്തരം സ്കുളില്‍ കുട്ടികള്എങ്ങിനെ വരും? അവര്‍ ഏതെങ്കിലും നല്ല സ്കുളില്‍ പഠിച്ചു രക്ഷപ്പെടട്ടെ. നാടോടുമ്പോള്‍ നടുവേ വേണ്ടേ ഓടാന്‍?
ബി.എ കംപ്ലീറ്റ് ചെയ്യാതെ, "എം.എ ബേബിയായ" നമ്മുടെ സ്വന്തം വിദ്യാഭ്യാസ മന്ത്രിക്ക് കൂടി ഈ പോസ്റ്റ് ഒന്ന് അയയ്ച്ചേക്കുക..
നല്ല പോസ്റ്റ്:) ഇങ്ങനെയൊക്കെ എഴുതാന്‍ ഇതെന്താ വെള്ളരിക്കാ പട്ടണമോ?
സസ്നേഹം,
സെനു, പഴമ്പുരാണംസ്.
"തിങ്കളും താരങ്ങളും തൂവെള്ളി കതിര് ചിന്നും
തുങ്കമാം വാനിന് ചോട്ടിലാണെന്റെ വിദ്യാലയം .........."
Enikkum angine oru vidyalayamundu.. ( ippozum...)
Manoharam, Ashamsakal...!!!
"ഇത്രയൊക്കെ സൌകര്യം ലഭിക്കുമ്പോള്‍ ആരെങ്കിലും മക്കളെ പട്ടിക്കാട്ടിലെ പൊട്ടസ്കൂളില്‍ അയക്കുമോ?കാലം മാറിയിട്ടും കോലം മാറാത്ത ,ഒരു മഴ വന്നാല്‍ ബോര്‍ഡ് കാണാത്ത ,അടിസ്ഥാന സൌകര്യങ്ങള്‍ ഉണ്ടാക്കാതെ നേരം നേരം പുസ്തകവും ,പഠന രീതിയും മാറ്റുന്ന മലയാലം മീഡിയങ്ങള്‍.... "
അതിമനോഹരമായ പോസ്റ്റ്
@കുമാരന് | kumaran
ആദ്യ കമന്റിനു നന്ദി..
@കരീം മാഷ് ,
നന്ദി മാഷേ,
@siva // ശിവ,
നന്ദി.
@Seema മേനോന്,
ഇത്തരം സ്കൂളുകള്‍ ഇല്ലാതാകുന്നത് വഴി,നാനാ ജാതി മതസ്ഥരും, വിഭാഗങ്ങളും ഒരേ ബഞ്ചിലിരുന്നു പഠിക്കുന്നത് കൂടിയാണ് ഇല്ലാതാകുന്നത്.
@Senu Eapen Thomas,
അദ്ദേത്തിനു പോളിറ്റിക്കല്‍ സയന്‍സില്‍ ബി .എ ഇല്ലേ?പിന്നെ ഇത് വെള്ളരിക്കാപ്പട്ടണം തന്നെ കേട്ടോ :)
@Sureshkumar Punjhayil,
നന്ദി.
@ലീല എം ചന്ദ്രന്.,
നന്ദി ടീച്ചറേ...
ഓണത്തിനിടക്കായതോണ്ടോ എന്തോ , ഇപ്പഴാ ഈ പോസ്റ്റ് കണ്ടത്.
മൂന്നാലു ദിവസത്തെ ഊരു ചുറ്റല് കഴിഞ്ഞ് വന്ന് ആദ്യം വായിക്കുന്നത് ഇതായതില്‍ സന്തോഷമുണ്ട്, മനസ്സ് വീണ്ടും എഴുത്തിലേക്കും വായനയിലേക്കും വരുന്നു.
നന്നായെഴുതിയിരിക്കുന്നു..
ആശംസകൾ
ഒഹ്....അതിമനോഹരമായ ഒരു തിരിച്ചുപോക്ക്.. ഞാനും എണ്റ്റെ പഴയ സ്കൂളുകളിലൂടെ ഇതിണ്റ്റെ കൂടെ ഓടി!!!
:)
മനോഹരം
:)
വൈകി എങ്കിലും വായിക്കാന്‍ കഴിഞ്ഞതില്‍ അതിയയ സന്തോഷം... മനോഹരമായി എഴുതിയിരിക്കുന്നു.....
എന്റെ പേജുകളിലേക്കും സ്വാഗതം!!
http://neervilakan.blogspot.com
http://keralaperuma.blogspot.com
അനിൽ@ബ്ലൊഗ് ,
പള്ളിക്കരയില്‍,
Areekkodan | അരീക്കോടന്‍,
വേദ വ്യാസന്,
വയനാടന്‍ ,
നീര്വിളാകന്,
അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാവര്ക്കും നന്ദി....
Post a Comment