Showing posts with label സിനിമ. Show all posts
Showing posts with label സിനിമ. Show all posts

Friday, July 03, 2020

സൂഫിയും സുജാതയും...


OTT ( Over The Top ) പ്ലാറ്റ്ഫോർമിൽ റിലീസ് ചെയ്യാൻ പോകുന്ന ആദ്യ മലയാള സിനിമ എന്ന വാർത്തയിലൂടെയാണ് " സൂഫിയും സുജാതയും " എന്ന സിനിമയെക്കുറിച്ചു കേൾക്കുന്നത് .ജൂലായ്‌ 3 ന് ആമസോൺ ( അതായത് ഇന്നലെ രാത്രി 12 മണി കഴിഞ്ഞു ) പ്രൈമിൽ റിലീസ് ചെയ്തതിനു ശേഷവും സൂഫിയും സുജാതയും ടൈം ലൈനിൽ ഉണ്ട് .കോവിഡ് കാലത്തു മലയാളത്തിൽ റിലീസുകൾ ഇല്ലാതിരുന്നതു പോലെ തന്നെ ഈയിടെയായി ഓൺലൈനിൽ ഒന്നും സിനിമകൾ കണ്ടിരുന്നില്ല , അതിനുള്ള സമയവും ഇല്ലായിരുന്നു,മാനസികാവസ്ഥയും.രോഗപ്രതിരോധശേഷിക്കു ഉറക്കം ആണ് ആവശ്യം എന്നുള്ളതിനാൽ രാത്രി ഉറക്കമൊഴിഞ്ഞും അധികം ഇരിക്കാറില്ല .


അവധി ദിനമായ വെള്ളിയാഴ്ചയിലെ ഉച്ചയൂണ് കഴിഞ്ഞുള്ള പതിവ് മയക്കത്തിലേക്ക് പോകാൻ ഒരുങ്ങുമ്പോഴാണ് വീണ്ടും ഫേസ്ബുക് ടൈം ലൈനിൽ  "സൂഫിയും സുജാതയും ".. !എന്നാൽ ഒന്ന് കണ്ടു കളയാം എന്ന് തോന്നി .
നേരത്തെ പുറത്തിറിങ്ങിയിരുന്ന ഗാനങ്ങളിലെ ( ട്രെയിലർ കണ്ടിരുന്നില്ല )അതേ ദൃശ്യ ചാരുത തുടക്കം മുതലേ ഉണ്ടായിരുന്നു .കാസർകോട് പോലെ കർണാടകയുമായി അതിർത്തി പങ്കിടുന്ന ഒരു ഗ്രാമം പോലെ ( ഇടയ്ക്കു രാവിലെ കോലം ഇടുന്നതും കണ്ടു .. ഇനി പാലക്കാട് പരിസരം ആണോ ?)തോന്നിച്ചു,കഥാ പരിസരം .പുഴ കടന്നുള്ള വഴിയും,പടവുകളും,ജിന്നു പളളിയും,മുല്ലാ ബസാറും എല്ലാം  മനോഹരം! ഈയിടെയായി സിനിമ കാണുമ്പോൾ  സൂക്ഷ്മ നിരീക്ഷണം ആണ് എന്റെ ഒരു 'ഹോബി '.അങ്ങനെയുള്ള നിരീക്ഷണത്തിൽ പള്ളിയും ബസാറിന്റെ ചില ഭാഗങ്ങളും സുജാതയുടെ വീടിന്റെ പടിപ്പുരയും ,വിമാനത്തിന്റെ ഉൾവശം ഒക്കെ 'സെറ്റ് 'ഇട്ടതാണ് എന്ന് വേഗം തിരിച്ചറിയാൻ സാധിക്കുന്നുണ്ട് .മലയാളിത്തമുള്ള അച്ഛനമ്മമാർക്ക് ഉണ്ടായ സുജാതയിൽ മലയാളിത്തം അല്പം കുറവായിരുന്നു. കേൾവി ഉണ്ടെങ്കിലും സംസാരശേഷി ഇല്ലാത്ത, ഉൾനാടൻ ഗ്രാമത്തിൽ വളർന്ന സുജാത എങ്ങനെ  കഥക് പഠിച്ചു എന്നൊന്നും എവിടെയും പറയുന്നില്ല .കുട്ടികൾക്ക് ക്‌ളാസ് എടുക്കുന്നു എന്ന് പറയുന്നുണ്ടെങ്കിലും അത്തരം രംഗങ്ങൾ കണ്ടുമില്ല .

ഒരു നിഗൂഢതയുമായി വന്ന സൂഫി ,ആ ബാങ്ക് വിളിയിലെ മാസ്മരികത തീരും മുമ്പേ , സുബഹ് നമസ്കാരത്തിന്റെ ഇടയിൽ , സുജാതയുടെ ഉറക്കം ഞെട്ടിയ പോലെ പ്രേക്ഷർക്കും ഒരു ഞെട്ടൽ തരുന്നു .കഥ  ഇനി ആരു പറയും എന്ന് ആലോചിക്കുമ്പോൾ കുഴി കുഴിക്കാൻ വന്ന കുമാരൻ ആ കഥ പറഞ്ഞു തുടങ്ങുന്നു .

ബാങ്ക്  വിളിയുടെ സംഗീതം സുജാതയുടെ ചുവടുകളുമായി ലയിച്ചു ചേരുമ്പോൾ ,വീട്ടിൽ നിന്നും അവൾ ഇടയ്ക്കിടെ ഓടിയെത്തുന്ന ജിന്നു പള്ളി പരിസരങ്ങൾ മറ്റൊരു
മാന്ത്രിക ലോകം പോലെ തോന്നി.കണ്ണുകളിലൂടെയും,ആംഗ്യങ്ങളിലൂടെയും പ്രണയം സംസാരിച്ച സുജാതയും ഒറ്റവിലരിൽ വായുവിൽ നൃത്തം ചെയ്യുന്ന സൂഫിയും ,അവരുടെ വളപ്പൊട്ടുകളും ,വരകളും,എഴുത്തുകളും ഒപ്പം സംഗീതവും ഒരു കവിത പോലെ കാഴ്ചയ്ക്കു കുളിർമ തരുന്നുണ്ട് .

എല്ലാ സ്വാതന്ത്ര്യത്തോടെയും കൂടി നാട്ടിലും പള്ളിയിലും എല്ലാം കറങ്ങി നടന്നിരുന്ന ഒരു ഇരുപത്തിരണ്ടുകാരിക്ക് പ്രണയം വന്നപ്പോൾ ജിഹാദ് ആണെന്ന് സ്വന്തം അച്ഛൻ തന്നെ പറഞ്ഞത് എന്തോ അത്ര ചേർന്ന് പോയില്ല .

ഒടുവിൽ സുജാതയെ കൂട്ടി വരുന്ന രാജീവിനെ സംശയത്തോടെ ആദ്യമേ കണ്ടിരുന്നതിനാൽ കുഴിയിലേക്ക് മണ്ണിടുന്നതിനു എന്തിനാണ് ഇത്ര പ്രാധാന്യം കൊടുത്തു കാണിച്ചത് എന്ന് അപ്പോഴേ ചിന്തിച്ചിരുന്നു .പിന്നീട് പേഴ്‌സ് കാണാതെ പോയി എന്ന് പറഞ്ഞപ്പോഴേ 'മണ്ണിട്ട 'രംഗത്തിന്റെ ഉദ്ദേശം പിടികിട്ടി .അങ്ങനെ പ്രതീക്ഷിച്ച പോലെ അവസാനരംഗങ്ങൾ ..

സുജാതയുടെ സൂഫിയായും വർഷങ്ങൾക്കു ശേഷം ഉസ്താദിന്റെ ശിഷ്യനായി വരുന്ന സൂഫിയായും ദേവ്മോഹൻ പുതിയ ഒരു കാഴ്ച ആയിരുന്നു .ഒരു ഉള്ളുറപ്പ് ആ കഥാപാത്രത്തിന് ഇല്ലെങ്കിലും തന്റെ ഒരു സൂഫി സാന്നിധ്യം ദേവ് തരുന്നുണ്ട് .ഓടിച്ചാടി , പറന്നു നടക്കുന്ന സുജാതയായി അദിതി റാവു ഹൈദിരി നിറയുന്നുണ്ട്.സുജാതയുടെ വേദന മുഖത്തുണ്ടെങ്കിലും വർഷങ്ങൾക്കിപ്പുറം ഒരു കുട്ടിയുടെ അമ്മയായ സുജാതയിൽ പ്രകടമായ ഒരു മാറ്റവും കാണുന്നില്ല .രാജീവായി വന്ന ജയസൂര്യയെ നേരത്തെ പറഞ്ഞ പോലെ സംശയത്തോടെ ആണ് കണ്ടത് .എന്താണ് അയാളുടെ ഉദ്ദേശം എന്നത് അവസാനം വരെ സംശയിച്ചിരുന്നു .മണികണ്ഠൻ പട്ടാമ്പിയുടെ 'കുമാരൻ ',സിദിഖിന്റെ അച്ഛൻ (നെഞ്ചത്തടിക്കുന്ന രംഗവും ഉസ്താദുമായി 'ജിഹാദ് 'സംസാരിക്കുന്ന രംഗവും എന്തോ നാടകീയമായി തോന്നി ),ഹരീഷ് കണാരന്റെ ടാക്സി ഡ്രൈവർ ,സ്വാമി ശൂന്യയുടെ 'ഉസ്താദ്' ,കലാരഞ്ജിനിയുടെ 'അമ്മ '(എല്ലാ സിനിമയിലും എന്ന പോലെ കലാരഞ്ജിനിയുടെ ശബ്ദമാണ് ശ്രദ്‌ധിച്ചത്‌ ,പക്ഷെ ഇതിൽ സീമ ജി നായരുടെ ശബ്ദം പോലെ തോന്നി ), വത്സല മേനോന്റെ 'അമ്മൂമ്മ 'എല്ലാവരും മനസ്സിലുണ്ട്‌ .


നാറാണിപുഴ ഷാനവാസ് എഴുതി സംവിധാനം ചെയ്ത ഈ ചിത്രം ഇപ്പോഴത്തെ റിയലിസ്റ്റിക് ചിത്രങ്ങളുടെ ബഹളത്തിൽ കവിത പോലെ ആസ്വദിക്കാൻ പറ്റിയ ഒരു ചെറുചിത്രമാണ് .അനു മൂത്തേടത്തിന്റെ ഛായാഗ്രഹണവും എം ജയചന്ദ്രന്റെ സംഗീതവും ആ കവിതയിൽ നമ്മളെ ലയിപ്പിക്കും .മലയാള സിനിമാ ചരിത്രത്തിൽ പേര് ചേർക്കാൻ,ഈ കോവിഡ് കാലത്തു വിജയ് ബാബുവിനും സാധിച്ചു .തീയറ്ററിലെ ഇരുണ്ട വെളിച്ചത്തിൽ,വലിയ സ്‌ക്രീനിൽ കാണാൻ നല്ലതായിരുന്നേനെ ,പക്ഷെ കൊറോണക്കൊപ്പം നമ്മൾക്ക് ജീവിച്ചല്ലേ പറ്റൂ .ഉസ്താദ് പറഞ്ഞ പോലെ “ഉറങ്ങുക, പടച്ചവൻ കൂടെയുണ്ടാകും ..അതാണ് ശ്വാസം ..!”

ചിത്രങ്ങൾ : ഗൂഗിളിൽ നിന്നും എടുത്തതാണ് .
വായിച്ചവർ താഴെ കമന്റ് ബോക്സിൽ അഭിപ്രായങ്ങൾ സംഭാവനയായി ഇട്ടിട്ടു പോകുക !😆

Saturday, June 27, 2020

കൊറോണക്കാലത്ത്‌ ഒരു ഷോർട്ട് ഫിലിം ഉണ്ടാക്കിയ കഥ !


അബുദാബിയിലെ അത്യാവശ്യം തിരക്കുള്ള ഒരു ഗവൺമെന്റ്  ആശുപത്രി..2020 ന്റെ തുടക്കത്തിൽ സാധാരണ ചികിത്സാ വിഭാഗങ്ങളെല്ലാം നിർത്തലാക്കി പകർച്ചവ്യാധി ചികിത്സകള്ക്കു മാത്രമായി നവീകരണം നടത്താൻ തീരുമാനിക്കുന്നു .അത് മുൻകൂട്ടി കണ്ടിട്ടെന്ന പോലെ ദാ വരുന്നു,കൊറോണ ..! നവീകരണ പ്രവർത്തനങ്ങൾ പിന്നെ യുദ്ധകാലാടിസ്ഥാനത്തിൽ ആയിരുന്നു .എല്ലാ വാർഡുകളും ഒന്നൊന്നായി അടക്കുന്നു,രോഗികളെ മറ്റു ആശുപത്രികളിലേക്ക് മാറ്റുന്നു ,ഇടിക്കുന്നു ,പൊളിക്കുന്നു ആകെ ബഹളം .ഇതിനിടയിൽ ലോകത്തു എല്ലായിടത്തും എന്ന പോലെ U.A .E യിലും കോവിഡ് രോഗികളുടെ എണ്ണം കൂടി .രാജ്യത്തിൻറെ പല ഭാഗങ്ങളിലും ഫീൽഡ് ആശുപത്രികൾ തുറന്നു ..അവയുടെ പ്രവർത്തനങ്ങളും ഇതേ ആശുപത്രിയുടെ മേൽനോട്ടത്തിൽ..ചുരുക്കി പറഞ്ഞാൽ ആശുപത്രിയിലെ എല്ലാ ജീവനക്കാർക്കും നല്ല പണി കിട്ടി ..കൂട്ടത്തിൽ ഞങ്ങൾ ബയോമെഡിക്കൽ എഞ്ചിനീയർമാർക്കും ..

ഒരു ഫീൽഡ് ആശുപത്രി സഞ്ജീകരണത്തിനിടയിൽ 


പുതിയ മെഡിക്കൽ ഉപകരണങ്ങളുടെ സഞ്ജീകരണങ്ങൾ ,പഴയവയുടെ പ്രവർത്തന പരിശോധന ,ഐസൊലേഷൻ വാർഡ്  സഞ്ജീകരണം ,ഒപ്പം കോവിഡ് വാർഡുകളിലെ ഉപകരണങ്ങൾക്ക് എന്തെങ്കിലും തകരാറുകൾ പറ്റിയാൽ മറ്റു മുൻനിര പോരാളികളെപ്പോലെ സുരക്ഷാവസ്ത്രങ്ങൾ ധരിച്ചു അവരോടൊപ്പം വാർഡിലും..ആദ്യമാദ്യം ചെറിയ വിഷമവും പേടിയും ഉണ്ടായെങ്കിലും ഈ സമയത്തു നമ്മൾ നമ്മളാൽ കഴിയുന്നത് ചെയ്യുക ,എന്നൊരു ബോധ്യം  വന്നു .അതൊരു സേവനമാണ് ,നമ്മുടെ കർത്തവ്യമാണ് എന്ന ചിന്തയായി..മാർച്ച് ...ഏപ്രിൽ...മെയ്... മാസങ്ങൾ കടന്നു  പോയി. ഇതിനിടയിൽ എല്ലാ രണ്ടാഴ്ച കൂടുമ്പോഴും നമ്മൾക്ക് കോവിഡ് പരിശോധന നടക്കുന്നുണ്ട് .ടെസ്റ്റിന് സാമ്പിൾ എടുത്തു റിസൾട്ട് മൊബൈലിൽ വരുന്നത് വരെ ഒരു മരവിപ്പാണ് .ഒന്നും ഉണ്ടാകില്ല എന്ന് ഉറപ്പുണ്ടെങ്കിലും ഒരു ഉത്കണ്ഠ. ശാരീരികവും മാനസികവുമായി പരീക്ഷണങ്ങളുടെ ദിവസങ്ങൾ .ചിലപ്പോൾ ജോലിസമയം രാത്രിവരെ നീളും ,പതിവുള്ള വാരാന്ത്യ അവധികൾ ഇല്ലാതായി.സഹായത്തിനായി പുതിയ ആൾക്കാരും നിയമിക്കപ്പെട്ടു. നാട്ടിലുള്ള കുടുംബാംഗങ്ങളോട് ഇവിടുത്തെ കാര്യങ്ങൾ ഒന്നും അധികം പറയാതെ ,പേടിക്കാനില്ല എല്ലാം നല്ല രീതിയിൽ പോകുന്നു എന്ന് പറഞ്ഞു സമാധാനിപ്പിക്കും.

നാട്ടിൽ ഇതിനിടയിൽ ലോക്ക് ഡൌൺ കാലം എന്നൊരു കാലം രൂപപ്പെട്ടിരുന്നു .ഇടയ്ക്കു വീണു കിട്ടുന്ന സമയങ്ങളിൽ ഇന്റർനെറ്റിലും ടിവിയിലും കാണുന്നത് നാട്ടിലെ ലോക്ക് ഡൌൺ കലാപ്രകടനങ്ങൾ ആണ് . ഭീതിപ്പെടുത്തുന്ന കോവിഡ് രോഗികളുടെ കണക്ക് വിവരണങ്ങളെക്കാൾ അതൊരു ആശ്വാസമായിരുന്നു .അങ്ങനെയിരിക്കെ പെരുന്നാൾ അവധി ദിനങ്ങൾ വന്നെത്തി.ആളും ആരവങ്ങളും സമൂഹ നോമ്പുതുറയൊന്നും ഇല്ലാത്ത ഗൾഫിലെ ആദ്യ പെരുന്നാൾ.രണ്ടുദിവസം അടുപ്പിച്ചു മിക്കവാറും അവധി കിട്ടും;റൂമിൽ തന്നെ ഇരിക്കേണ്ടിയും വരും ,ആശുപത്രിയിൽ നിന്ന് വിളി ഒന്നും വന്നില്ലേൽ ...

അങ്ങനെ അവധിദിനത്തിന്റെ തലേ ദിവസം ..നമുക്കും എന്തെങ്കിലും ചെയ്താലോ എന്ന് ഒരു ആലോചന ..
"നമുക്കൊരു ഷോർട് ഫിലിം ചെയ്താലോ ?" 

എഡിറ്റിംഗ് ക്രേസ് ഉള്ള ജിതിൻ ആണ് ആ വിഷയം എടുത്തിട്ടത് .

ജിതിൻ (ജിതിൻ  വർഗീസ് തോമസ് )
"അഡോബ് പ്രീമിയർ പ്രൊ കിട്ടിയിട്ടുണ്ട് ..കൂട്ടത്തിൽ എനിക്ക് പഠിക്കുകേം ചെയ്യാം "

"എന്റെ കുറച്ചു പഴയ അൽ  ഐൻ ജീവിത അനുഭവങ്ങൾ ഉണ്ട് ..നല്ല കോമഡിയാ "  എന്ന് കുമാർ  ഭായ്.

കോമഡി വർക്ക് ഔട്ട് ആകാൻ ബുദ്ധിമുട്ടാണ് .വേറെ കഥയൊന്നും പെട്ടന്ന് നടക്കില്ല .ഒടുവിൽ കൊറോണ തന്നെയായി വിഷയം.കൈ കഴുകുന്നതും മാസ്ക് ഇടുന്നതും എല്ലാം കുറേ പേർ ചെയ്തു കഴിഞ്ഞു ,പുതിയത് വല്ലതും വേണം.ജിതിന്റെ  കൂട്ടുകാരന്റെ ഒരനുഭവം നേരത്തെ പറഞ്ഞിരുന്നു .

"രോഗം മാറിവരുന്ന സഹമുറിയനെ മറ്റുള്ളവർ പുറത്താക്കുന്നു "

ദിലീപിന്റെ ഭാവന ഉണർന്നു !

അങ്ങനെ ആ രണ്ടു ആശയങ്ങളും ഉൾക്കൊണ്ട് ഒരു കഥ രൂപപ്പെടുത്തണം.നായകനായി സംഗീത് മതി എന്ന് എല്ലാവരും പറഞ്ഞെങ്കിലും "കൊന്നാലും ഞാൻ അഭിനയിക്കൂല "എന്ന് സംഗീത്. (നേരത്തെ "നിനക്ക് ഭാവം വരുമോ എന്ന് നോക്കട്ടെ "എന്ന് പറഞ്ഞു അവന്റെ കുറച്ചു ഭാവങ്ങൾ മൊബൈലിൽ ഷൂട്ട് ചെയ്തിരുന്നു .സ്ക്രീൻ ടെസ്റ്റിൽ അവൻ വിജയിച്ച കാര്യം നമ്മൾക്കല്ലേ അറിയൂ )മൊബൈലിൽ തന്നെ മലയാളം ടൈപ്പി ,രാത്രി പന്ത്രണ്ടു മണി ആയപ്പോഴേക്കും സ്ക്രിപ്റ്റ് റെഡി ! വട്ടവട വിനോദയാത്ര പോയത് മൊബൈലിൽ ഷൂട്ട് ചെയ്തു സ്വന്തം യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്ത ആളാണ് ജിതിൻ .ആ ധൈര്യം ഉണ്ട് .പിറ്റേന്ന് രാവിലെ തന്നെ സാംസങ് s 9 പ്ലസ് മൊബൈലും ഗിമ്പലും റെഡിആയി.

സംഗീത് (സംഗീത് സുരേഷ് )
സംഗീത് (സംഗീത് സുരേഷ് )
"ആദർശ് ബ്രോ  രോഗിയാകണം അല്ലേൽ വേറെ ആളെ വിളിക്കണം "എന്ന് സംഗീത് .
അത് സമ്മതിപ്പിച്ചു കൊടുത്തില്ല,സംഗീതിനെകൊണ്ടു അഭിനയിപ്പിച്ചേ അടങ്ങൂ എന്ന് നമ്മളും. നമ്മുടെ കമ്പനി വില്ല തന്നെ ലൊക്കേഷൻ ആയി .നായകൻ  റൂമിലേക്ക് നടന്നു വരുന്ന രംഗങ്ങൾ ആദ്യം ഷൂട്ട് ചെയ്തു.ക്യാമറ ആംഗിളുകൾ എങ്ങനെ വരണം എന്ന് "ക്യാമറമാൻ "ജിതിന് നല്ല ബോധ്യം ഉണ്ടായിരുന്നു.ഷൂ റാക്കും  സാനിറ്റൈസറും ഒക്കെയായി  അല്ലറ ചില്ലറ ആർട്ട് പണികൾ .മിനുട്ടുകൾക്കുളിൽ ആദ്യ ഭാഗം പൂർത്തിയാക്കി.അടുത്ത രംഗത്തിൽ സംഭാഷണങ്ങൾ ഉണ്ട് .റൂം മേറ്റ്സ് ആയി ഞാനും ദിലീപും  തട്ടിൽ കയറി.ഒരു സ്കൂൾ നാടകത്തിലോ (പ്ലസ് ടു വിനു സംഭാഷണം ഇല്ലാത്ത "കപ്യാർ " ആയി പള്ളീൽ അച്ചന്റെ കൂടെ നടന്നത് ഒഴിച്ച്  ) സ്കിറ്റിലോ പങ്കെടുക്കാത്ത നമ്മൾക്കുണ്ടോ അഭിനയം വരുന്നു ?

"എന്റെ പേരൊന്നും വിളിക്കേണ്ട ,പേര് വിളിച്ചാൽ ഞാൻ അഭിനയിക്കില്ല " എന്ന് ദിലീപ് .

കഥാപാത്രത്തിന്റെ പേര് മാറ്റിയപ്പോൾ എന്റെ പേര് തന്നെ മതി എന്നായി ആവശ്യം .തിരക്കഥാ ചർച്ചയൊന്നും നടക്കാത്തതിനാൽ എഴുതിയ സംഭാഷണങ്ങൾ പലതും പിന്നെ മാറി.അല്ലേലും അതൊക്കെ എഴുതാൻ നല്ല എളുപ്പമാണ് ,പറഞ്ഞു നോക്കിയാലല്ലേ അറിയൂ 😌.അവസാനം ആദ്യ ഷെഡ്യൂൾ അങ്ങനെ "പാക്ക് അപ്പ്" ചെയ്തു .

ദിലീപ് (ദിലീപ് കുമാർ )

ഈദ് അല്ലേ ?മുജീബ് ഭായിയും കൂട്ടരും സ്പെഷ്യൽ ബിരിയാണി ഉണ്ടാക്കുന്നുണ്ട് .അങ്ങനെയെങ്കിൽ കുറച്ചു ഫ്ലാഷ്ബാക്ക് രംഗങ്ങൾ അതിനിടയിൽ ഷൂട്ട് ചെയ്യാം.ഉച്ചയ്ക്ക് ബിരിയാണി തിന്നു തീരുമ്പോഴേക്കും കുറച്ചു രംഗങ്ങൾ ചിത്രീകരിച്ചു.നായകൻ മടങ്ങി പോകുന്ന രംഗങ്ങൾ പിന്നെ ചിത്രീകരിക്കപ്പെട്ടു.കുറച്ചു ഹിന്ദി സംഭാഷണങ്ങൾ ഉണ്ട് .മുഖത്തെ ഭാവങ്ങളും ഹിന്ദിയും ഒരുമിച്ചു വരുന്നില്ല .

"ഹും..ഹേ  ഹൂം ..."സംഗീത് ആകെ പ്രശ്നത്തിലായി.ഒടുവിൽ ക്യാമറ പുറകിലേക്ക് മാറി.സംഭാഷണങ്ങൾ ഡബ്ബിങ്ങിൽ ശരിയാക്കാം എന്നായി.

വീണ്ടും ചിത്രീകരണം റൂമിലേക്ക് ..മൂന്നാമൊതൊരാൾ കൂടി വേണം,ഫ്ലാഷ് ബാക്കിൽ തന്റെ അഭിനയശേഷി പുറത്തെടുത്ത ഫഹദ് രംഗത്തിൽ എത്തി.സംഭവം അതോടെ "നാച്വറൽ " ആയി.ഇതുവരെ പേരില്ലാതിരുന്ന നായകന് ഈ രംഗത്തിലാണ് പേരിട്ടത് .ജിതിൻ രംഗത്ത് ഇല്ലാത്തതുകൊണ്ട് അവന്റെ പേര് തന്നെ നായകന് കൊടുത്തു "ജിത്തു! "

കൃഷ്ണേട്ടനായി കുമാർ ഭായിയെ തന്നെ മനസ്സിൽ കണ്ടിരുന്നു .പുറത്തെ വെയിൽ വെളിച്ചം മങ്ങിയതിനാൽ ചിത്രീകരണം അടുത്ത ദിവസത്തേക്ക് മാറ്റി .നായകന്റെ മടക്കയാത്ര രംഗങ്ങൾ പ്രതീക്ഷിച്ച പോലെ വന്നില്ല ,അത് വീണ്ടും എടുക്കണം.രണ്ടാം ദിവസം അങ്ങനെ അതിൽ തുടങ്ങി,ഒപ്പം കൃഷ്ണേട്ടന്റെ രംഗപ്രവേശവും.മീശയും താടിയും ഒക്കെ കറുപ്പിച്ചു സുന്ദരക്കുട്ടപ്പനായി കുമാർ ഭായ് ഒരുങ്ങി.സ്ലോ മോഷൻ രംഗങ്ങൾ കുമാർ ഭായ് അഭിനയിച്ചു തകർത്തു.നല്ല "ഫ്രെയിംസ് "കിട്ടിയ സന്തോഷത്തിൽ ജിതിനും ..
കുമാർ ഭായ് (കൃഷ്ണകുമാർ )

ഇനി ക്ലൈമാക്സ് രംഗങ്ങൾ മാത്രം ബാക്കി .അന്ന് പിരിയുന്നതിനു മുമ്പ് ജിതിനോട് ചോദിച്ചു 

 "നമുക്ക് ഒരു ട്വിസ്റ്റ് കൊണ്ടുവന്നാലോ ?' 

"ഒരു "എൻഡ്  പഞ്ച് " ഉണ്ടാകും...."പറഞ്ഞു വന്നപ്പോൾ അവനും അത് ഇഷ്ടമായി . അതോട് കൂടി ഷോർട്ട് ഫിലിമിന്റെ പേരും ഉറപ്പിച്ചു .."ബി പോസിറ്റീവ് ....!"വേറെ ആരോടും ട്വിസ്റ്റിന്റെ   കാര്യം പറഞ്ഞില്ല.

അവധി ദിവസങ്ങൾ തീരാൻ പോകുന്നു , ഈദ് ഒരു ദിവസം നീണ്ടതിനാൽ ഒരു ദിവസം കൂടി കിട്ടി.ചിത്രീകരണം ഇതോട് കൂടി തീർക്കണം .കൃഷ്ണേട്ടന്റെ നീണ്ട സംഭാഷണ ഭാഗങ്ങൾ ആണ് ഇനി.റൂമിനു പുറത്തുള്ള രംഗങ്ങൾ ഒന്ന് കൂടി എടുത്തശേഷം അതിലേക്കു കടന്നു.ഉച്ചയുറക്കത്തിന്റെ ആലസ്യം കഴിഞ്ഞു ഫഹദും ദിലീപും എത്തി.എല്ലാവരും ഒരുമിച്ചിരുന്നു ആലോചനകൾ ഒന്നും ഇല്ലാതിരുന്നതിനാൽ (അതിനു സമയവും ഉണ്ടായിരുന്നില്ല ) പിന്നെയും തിരുത്തലുകൾ.ഒടുവിൽ നീണ്ടൻ സംഭാഷണങ്ങൾ ആറ്റിക്കുറുക്കി.എല്ലാം ഒറ്റ ടേക്കിൽ തീർന്നു .

ഇനി നായകന്റെ കുറച്ചു ദുഃഖ രംഗങ്ങൾ ഉണ്ട് ."ലൊക്കേഷൻ ബാത്റൂം  ആയാൽ സംഗതി പെട്ടന്ന് തീരും."അങ്ങനെ ചായഗ്രാഹകനും നായകനും കുളിമുറിയിലേക്ക് .

" എനിക്ക് മുഴുവൻ ഇമോഷൻ പുറത്തെടുക്കാൻ പറ്റിയില്ല ,സംവിധായകനും കൂടി  കുളിമുറിയിൽ ഉണ്ടായിരുന്നെങ്കിൽ അഭിപ്രായം പറഞ്ഞേനെ "(അങ്ങനെ ഒരു സ്ഥാനപ്പേരേ ഉള്ളൂ എന്ന് നമ്മൾക്കല്ലേ അറിയൂ 😜)സംഗീതിനു സംശയം.

നായകൻ തിരിച്ചു പോകുന്ന റൂമിലെ  കുറച്ചു രംഗങ്ങൾ കഴിഞ്ഞു പിന്നെ ട്വിസ്റ്റിന്റെ ചിത്രീകരണം .സംഭവം അറിഞ്ഞപ്പോൾ ഫഹദിന് ഇഷ്ടപ്പെട്ടു .സംഭവം കുഴപ്പമില്ല എന്ന് അപ്പോൾ ബോധ്യം ആയി .മൊബൈലിൽ സന്ദേശം വരുമ്പോൾ എന്റെ മുഖത്തു "ഒരു ഞെട്ടലും "വരുന്നില്ല .ജിതിൻ പല ആംഗിളിലും ക്ഷമയോടെ കിട്ടുന്നതെല്ലാം എടുത്തു .ഷൂട്ടിങ്ങിന് അതോടെ "പായ്ക്ക് അപ്പ് "വിളിച്ചു .

ഫഹദ് (ഫഹദ് .പി.കെ )

അവധി കഴിഞ്ഞതോടെ വീണ്ടും ജോലി തിരക്കിലേക്ക്.. പലർക്കും ജോലി പല ഷിഫ്റ്റുകളിൽ ആണ് . ഡബ്ബിങ്ങും എഡിറ്റിംഗും അതിനിടയിൽ തീർക്കണം.'മനക്കോട്ട' (യൂട്യൂബ് ചാനൽ )കണ്ടു പഠിച്ച അടവുകളെല്ലാം ജിതിൻ പുറത്തെടുത്തു . മൊബൈലിൽ തന്നെ സംഭാഷണങ്ങൾ റെക്കോർഡ് ചെയ്തു ,ഇടയ്ക്കു കിളികൾ ഒക്കെ കൂടെ സംസാരിച്ചെങ്കിലും സംഭവം നന്നായി.ഹിന്ദി സംഭാഷണങ്ങളുടെ ആധികാരികത ഉറപ്പാക്കാൻ ഒരു ഹിന്ദിക്കാരന്റെ തന്നെ സഹായം തേടിയിരുന്നു .ജിതിൻ തന്നെ ഹിന്ദിക്കാരനായി ഡബ്ബ് ചെയ്തു .രാത്രിവരെയുള്ള ജോലിയും കഴിഞ്ഞു പുലർച്ചെ വരെയാണ് ജിതിന്റെ എഡിറ്റിംഗ് പണികൾ .പശ്ചാത്തല സംഗീതം സ്വന്തമായി ഉണ്ടാക്കാൻ യാതൊരു വഴിയും ഇല്ലാത്തതിനാൽ കോപ്പി റൈറ്റ് ഇല്ലാത്ത സംഗീതം ഇന്റർനെറ്റിൽ നിന്ന് തന്നെ പരതി എടുത്തു .വാതിൽ മുട്ടുക ,തുറക്കുക തുടങ്ങിയ ശബ്ദങ്ങൾ നേരിട്ട് തന്നെ റെക്കോർഡ് ചെയ്തു .രണ്ടാഴ്ച നീണ്ട എഡിറ്റിംഗ് പണികളിൽ ജിതിന്റെ ക്ഷമയാണ് താരം..അതൊന്നു കാരണം കൊണ്ട് മാത്രമാണ് ഇത് ഇങ്ങനെ സംഭവിച്ചതും. (പണ്ട് എഡിറ്റിംഗ് പഠിക്കാൻ വേണ്ടി പ്രീമിയർ പ്രൊ ഇൻസ്റ്റാൾ ചെയ്തു ,പിന്നെ വട്ടായി ആ വഴിക്കു പോകാത്തവനാണ് ഞാൻ 😆) 

ഏകദേശം ഒരു രൂപം ആയപ്പോൾ മൊത്തത്തിൽ കുഴപ്പമില്ല എന്ന് തോന്നി. സുഹൃത്തുക്കൾക്ക് മാത്രം അയച്ചുകൊടുക്കാനേ പറ്റൂ ,എന്ന് കരുതിയ വീഡിയോ യൂട്യൂബിൽ ഇടാനുള്ള ഒരു ആത്മവിശ്വാസം വന്നു.പൊതുസമൂഹത്തിനു മുന്നിൽ അവതരിപ്പിക്കുമ്പോൾ,പറഞ്ഞു വെച്ച കാര്യങ്ങൾ കുറച്ചു കൂടി നന്നാക്കാം എന്ന് തോന്നിയെങ്കിലും വീണ്ടും ഒരു ചിത്രീകരണത്തിന് സാഹചര്യം ഉണ്ടായിരുന്നില്ല.

കൂടുതൽ പേരിലേക്ക് വീഡിയോ എത്താനായി ഇംഗ്ലീഷിൽ "സബ് ടൈറ്റിൽ " കൂടി ചേർക്കാൻ തീരുമാനിച്ചു.യൂട്യൂബിൽ ഇടാൻ thumbnail ചിത്രം വേണം;അഥവാ ഒരു പോസ്റ്റർ .എല്ലാവരുടെയും ഫോട്ടോ എടുത്തുവെങ്കിലും ഫോട്ടോഷോപ്പിൽ മാസ്കിങ് അങ്ങ് നടക്കുന്നില്ല,ഒടുവിൽ നാട്ടിൽ അളിയന്റെ സ്റ്റുഡിയോ സുഹൃത്തിന് ഫോട്ടോകൾ അയച്ചുകൊടുത്തു,"തലകൾ " എല്ലാം സെറ്റ് ചെയ്തു തന്നു .ബാക്കി ഡിസൈനിങ് "ഫോട്ടോസ്‌കേപ്പിൽ "ഇവിടെ നടത്തി.രണ്ടു പോസ്റ്ററുകൾ അങ്ങനെ റെഡിയാക്കി വെച്ചു.

"സബ്‌ടൈറ്റിൽ","എൻഡ് ടൈറ്റിൽ" ,"ക്രെഡിറ്റ്സ്" ....അവസാന രണ്ടു ദിവസങ്ങളിൽ ജിതിൻ ഉറങ്ങാൻ പോകുന്നത്‌ പുലർച്ചെ മൂന്ന് മണി ആകുമ്പോഴാണ്.ഉറക്കം വരുന്നത് വരെ സംഗീതും,ഫഹദും  ഞാനും കൂട്ടിരിക്കും.

"ഫൈനൽ പ്രോഡക്റ്റ് "കണ്ടപ്പോൾ ആരും "അയ്യേ "എന്ന് പറയില്ല എന്നൊരു വിശ്വാസം ഉണ്ടായെങ്കിലും പുറത്തു ഒരാളെ ഒന്ന് കാണിച്ചാലോ ആലോചന  വന്നു.അഥവാ നെഗറ്റീവ് അഭിപ്രായങ്ങൾ വന്നാലോ ? അങ്ങനെ ആ ആലോചന ഉപേക്ഷിച്ചു.

"വെള്ളിയാഴ്ച വൈകുന്നേരം അപ്‌ലോഡ് ചെയ്യാം ,അതിനു തലേദിവസം പോസ്റ്റർ ഫേസ്‍ബുക്കിൽ ഇട്ടാൽ മതി "

പോസ്റ്റർ വന്നപ്പോൾ പലർക്കും അതിശയം ആയിരുന്നു.ഇവന്മാര് എന്താണ് കാണിക്കാൻ പോകുന്നത് എന്ന സംസാരം...

 "ഇനിയിപ്പോൾ 'ഒടിയൻ 'പോലെ ,കഞ്ഞി എടുക്കട്ടേ ? എന്ന് ഡയലോഗ് വരുമോ ?" 

ചിലരുടെയെങ്കിലും പ്രതീക്ഷകൾക്കൊപ്പം എത്തുമോ എന്ന പേടി ബാക്കിവെച്ചുകൊണ്ടു പറഞ്ഞപോലെ തന്നെ  വീഡിയോ അപ്‌ലോഡ് ചെയ്തു.

"സംഭവം ...അടിപൊളി...ഞാനിപ്പോൾ തന്നെ ഷെയർ ചെയ്യാം .."

അങ്ങോട്ട്  ഒന്നും അറിയിക്കാതെ  തന്നെ ഞങ്ങളുടെ ആശുപത്രിയിലെ മേലധികാരിയുടെ ഫോൺ വിളി ഇങ്ങോട്ടു വന്നു.

അതോടെ ഉറപ്പിച്ചു "വല്യ മോശം  ആയിട്ടില്ല ..!"ശ്വാസം നേരെ വീണു .



                            ചിത്രീകരണത്തിനിടയിലെ ചില രസകരമായ നിമിഷങ്ങൾ ....

ഇതിനുമാത്രം നീട്ടിവലിച്ചു എഴുതിക്കൂട്ടാൻ ഈ ഷോർട്ട്  ഫിലിം എന്ത് തേങ്ങയാണ് ?ലോകത്തു ആരും  ഇതുവരെ  ഷോർട് ഫിലിം എടുത്തിട്ടില്ലേ ?എന്ന് പലർക്കും ഇത് വായിക്കുമ്പോൾ തോന്നിയേക്കാം.

പണ്ട് ഏഴാം ക്ലാസിൽ കൈയെഴുത്തു മാസികയ്ക്കു ചിത്രം വരയ്ക്കുമ്പോൾ ഉണ്ടാക്കിയ സ്വന്തം കമ്പനിയാണ് "ദർശ് മൾട്ടീമീഡിയ 😂!"വർഷങ്ങൾക്കിപ്പുറം ഇപ്പോഴാണ് നാലാൾ കാൺകെ അതൊന്നു എഴുതി വന്നത്. "ഒരു ഷോർട്ട് ഫിലിമിൽ ആണ് "ബേസിൽ ജോസഫ് "എല്ലാം തുടങ്ങിയത് "എന്ന് പറഞ്ഞു കൊണ്ട് സ്വപ്നം കണ്ടു നടക്കുന്ന ആളാണ് ജിതിൻ..! കാക്കയ്ക് തൻകുഞ്ഞു പൊൻകുഞ്ഞു തന്നെ എന്നല്ലേ ? 😃

വര്ഷങ്ങളായി ഷോർട്ട് ഫിലിം എന്ന സ്വപ്നം കണ്ടുനടക്കുന്നവർ വിളിച്ചു,സന്ദേശങ്ങൾ അയച്ചു,ചിലർ പുതിയ 'സ്ക്രിപ്റ്റു'കൾ അയച്ചു തന്നു,മറ്റുചിലർ നമുക്ക് പറ്റിയ പിഴവുകൾ ചൂണ്ടിക്കാണിച്ചു.ഇനിയും ചെയ്യണമെന്ന് കുറെ പേർ പറഞ്ഞു ..എല്ലാവർക്കും ഞങ്ങളുടെ സ്നേഹം💗 നിറഞ്ഞ നന്ദി.... 🙏

"ആദ്യപരിശ്രമം ആണെന്ന് കണ്ടാൽ പറയില്ല","ഒറിജിനാലിറ്റി ഉണ്ട്","മോശമായില്ല " എന്നൊക്കെ വെറും ഭംഗിവാക്കുകൾ അല്ല എന്ന് മനസ്സിൽ ഉറപ്പിച്ചു കൊണ്ട് അടുത്ത സ്വപ്നത്തിന്റെ പിറകെ...പൗളോ കൊയ്‌ലോ  പറഞ്ഞ പോലെ ....

"When you want something; all the universe conspires in helping you to achieve it".


ഷോർട്ട്  ഫിലിം ഇതുവരെ കാണാത്തവർക്ക്👉ഇവിടെ കാണാം.



Saturday, June 14, 2014

ഹൌ ഓള്‍ഡ്‌ ആര്‍ യു? അഥവാ മഞ്ജു വാര്യരുടെ രണ്ടാം വരവ്..



"ഹൌ ഓള്‍ഡ്‌ ആര്‍ യു? ..ടു .."
"നൈന്റീന്‍ "
"നൈന്റീന്‍ ? ഹാദാ ഇത്നീന്‍ മ്ഹജൂദ് ... വാഹദ് ഇത്നീന്‍ റിയാല്‍ നാ ?"
അറിയാവുന്ന അറബിയില്‍ പറഞ്ഞു നോക്കിയെങ്കിലും "കന്തൂറ വാല "പിന്നെയും പറയുന്നു "നൈന്റീന്‍.."അവസാനം അദ്ദേഹം ടിക്കെറ്റ് മുറിച്ചു കൈയ്യില്‍ തന്നപ്പോഴാണ്‌ സമാധാനമായത്.
രാവിലെ മുതല്‍ ഈ രീതിയില്‍ അദ്ദേഹം വയസ്സറിയിച്ചുകൊണ്ടിരിക്കയാണെന്ന് കൌണ്ടറിലെ മലയാളിച്ചേട്ടന്‍. ആദ്യമായിട്ടാണത്രേ വായില്‍ക്കൊള്ളുന്ന പേരുള്ള ഒരു മലബാറി സിനിമ വരുന്നേ!

സൈബര്‍ ലോകത്തെ സകലമാന നിരൂപണങ്ങളും  ആസ്ഥാന ഫേസ് ബുക്കി ഭുജികളുടെ അഭിപ്രായ ഗുളികകളും അരച്ചു കലക്കി കുടിച്ചാണ് തീയറ്ററിലേക്ക് കയറിയത്.പ്രതീക്ഷിച്ചത് പോലെ ഹൌസ്‌ ഫുള്‍ തന്നെ.തങ്ങളുടെ ഇഷ്ട നായികയുടെ രണ്ടാം വരവ് കാണാന്‍ പ്രവാസി  കുടുംബങ്ങള്‍ ഒഴുകിയെത്തിയിരിക്കുന്നു.പ്രതീക്ഷകള്‍ തെറ്റിച്ചു കൊണ്ട്  പ്രവാസി"ബാച്ചിലേര്‍സും"
കസേരകള്‍ കരസ്ഥമാക്കിയിട്ടുണ്ട്.

 "ഒരു റോഷന്‍ ആണ്ട്രൂസ് സിനിമ "എന്ന് ഓര്‍മ്മിപ്പിച്ചു കൊണ്ട് "കളര്‍ഫുള്‍ " ടൈറ്റിലുമായി സിനിമ തുടങ്ങി. പതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം ഒരു  മഞ്ജു വാര്യര്‍ സിനിമ തീയറ്ററില്‍ പോയി കാണുകയാണ് .നിരുപമ രാജീവും,രാജീവും മകള്‍ ലച്ചുവും കുടുംബാംഗങ്ങളും എല്ലാം സാവധാനമേ കണ്മുന്നിലേക്ക് വന്നുള്ളൂ.മഞ്ജു വാര്യര്‍ എന്ന അഭിനേത്രി എങ്ങനെ തന്റെ രണ്ടാം വരവ് ഉഷാറാക്കുന്നു?അതോ കുളമാക്കുമോ? എന്ന ചിന്തയില്‍ സ്ക്രീന്‍ മുഴുവന്‍ പരതുകയായിരുന്നു ഞാന്‍,ഒരു പക്ഷെ മറ്റുള്ളവരും.

ആദ്യപകുതിയില്‍ നിരുപമയുടെ ഓഫീസ് ജീവിതം എന്നും ഉറക്കം തൂങ്ങി,ആശകളും പ്രതീക്ഷകളും നശിച്ച് ഓഫീസ്സില്‍ കയറി വരുന്ന സഹപ്രവര്‍ത്തകയെ ഓര്‍മ്മിപ്പിച്ചു .വൈകി വന്ന്,ചീത്ത പറഞ്ഞാലും മുഖത്ത് ഒരു വികാരവും വരാത്ത സഹപ്രവര്‍ത്തക.അല്പം ബോറടിച്ചു ഇഴഞ്ഞു നീങ്ങിയ ആദ്യപകുതി നിരുപമയെ ഐ ജി ഓഫീസില്‍ വിളിപ്പിച്ചതിനു ശേഷം ശക്തി പ്രാപിച്ചു .പതിനാല് വര്‍ഷങ്ങള്‍ക്കു ശേഷം നിരുപമയുടെ രണ്ടാം വരവ് ,രണ്ടാം പകുതിയില്‍ തകര്‍ത്തോ എന്ന് ചോദിച്ചാല്‍ ,ഇല്ല എന്ന് പറയേണ്ടി വരുമെങ്കിലും പ്രതീക്ഷകള്‍ കുഴിച്ചു മൂടിയവര്‍ക്ക് ,സ്വപ്‌നങ്ങള്‍  കാണാന്‍ മറന്നവര്‍ക്ക് എന്തോ ഒരു പ്രചോദനം ,ആത്മവിശ്വാസം നിരുപമ തരുന്നുണ്ട്.

നിരുപമയുടെ സ്വപ്നങ്ങള്‍ക്ക് നിറം നല്‍കാനാണെങ്കിലും പറയതെ പറഞ്ഞ "പച്ചക്കറി "രൂപത്തില്‍ വരുന്ന വിഷങ്ങള്‍ ,ശരിക്കും കണ്ണ് തുറപ്പിച്ചു.ഓരോ കേരളീയനും ഇനിയുള്ള നാളുകളില്‍ ചെയ്യേണ്ട കാര്യം..അല്പം മണ്ണുള്ളവര്‍ അവിടെ ,അല്ലെങ്കില്‍ ടെറസ്സില്‍ ഒരു അടുക്കള ത്തോട്ടം  പരിപാലിച്ചാല്‍ ആരോഗ്യത്തോടെ ജീവിക്കാം എന്നുള്ളത് പൊങ്ങച്ചമല്ല ,ഒരു സത്യമാണ്.വീടുകളില്‍ ഒരു കാലത്ത് ചീരയുടെയും പയറിന്റെയും വെണ്ടയുടെയും ഒക്കെ വിത്തു പാകി ,ഇടവേളകളില്‍ ഒരു കുഞ്ഞു കൃഷി ഉണ്ടായിരുന്നു.ഇന്നാര്‍ക്കും കിളക്കാനും വെള്ളം കോരനും ഒന്നും സമയമില്ല,പകരം അസുഖങ്ങള്‍ വിരുന്നെത്തുകയും ചെയ്തു."നമ്മുടെ എല്ലാവരുടെയും ഒരു ബന്ധുവിനെങ്കിലും കാന്‍സര്‍ ഉണ്ട് "എന്ന് നിരുപമ പറയുന്നത് പരമമായ സത്യമാണ്,ചിന്തിക്കേണ്ട ഒരു വിഷയവും...





 ഇനി അല്പം നിരൂപിക്കയാണെങ്കില്‍,നിരുപമയായും രാജീവായും മഞ്ജു വാര്യരും കുഞ്ചാക്കോ ബോബനും മികച്ചു നിന്നെങ്കിലും ഒരു രസതന്ത്രമില്ലായ്മ്മ തോന്നി .ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള നോട്ടത്തിലും,സംസാരത്തിലും ,നില്പിലും ഒരു അകലം പാലിച്ച പോലെ ഒരു ശങ്ക..ക്ലൈമാക്സിലെ കരം പിടിക്കുന്ന രംഗം ഒഴിച്ചാല്‍ .ഒരു പക്ഷേ കഥ ആവശ്യപ്പെടുന്നതും ഈ അകല്ച്ച തന്നെയാണെന്നതിനാല്‍ അതത്ര കാര്യമാക്കാനും ഇല്ല . "ഫാഷന്‍ സെന്‍സ്"ഇല്ലാത്ത നിരുപമയ്ക്ക് മറ്റു ന്യൂ ജനറേഷന്‍ നായികമാരെപ്പോലെ മഞ്ജു അല്പം മേയ്ക്കപ്പ് കൂടുതല്‍ നല്കിയോ (കണ്‍ പോളകളില്‍ ചായം വാരി പൂശുന്നത് ഇപ്പോള്‍ ട്രണ്ടാണോ?)
എന്നും സംശയം ഇല്ലാതില്ല.

ഓഫീസ് രംഗങ്ങളിലെ ,വീട്ടു രംഗങ്ങളിലെ ,സ്വാഭാവികിതയില്ലയ്യ്മ്മ ഈ കഥ ബ്ലസ്സിക്ക് കിട്ടിയിരുന്നെങ്കില്‍ വേറൊരു രീതിയില്‍ എടുത്തേനെ എന്ന് ചിന്തിപ്പിച്ചു.തെസ്നിഖാന്‍,
കലാരഞ്ജിനി,സീതാലക്ഷ്മി എന്നിവരാണ് ഇടയ്ക്ക് സിനിമയ്ക്ക് പൊടിപ്പും തൊങ്ങലും നല്‍കിയത്.കഥയില്‍ പതിരുകള്‍ പലതും ഉണ്ടെങ്കിലും മഞ്ജു വാര്യര്‍ക്ക് മുന്‍പില്‍ അതെല്ലാം  ഒന്നുമല്ലാതെയാകുന്നുമുണ്ട്.

"യുവര്‍ ഡ്രീം ഈസ് യുവര്‍ സിഗ്നേച്ചര്‍ " എന്ന് പറഞ്ഞു സിനിമ അവസ്സാനിക്കുമ്പോള്‍ കൈയ്യടികള്‍ തനിയെ ഉയര്‍ന്നു .സ്വപ്‌നങ്ങള്‍ കാണാന്‍ മാത്രമല്ല അത് പ്രാവര്‍ത്തികമാക്കാനുമുള്ള ഒരു ആന്തരിക ഊര്‍ജ്ജം സിനിമ പരത്തുന്നുണ്ട്.അല്ലെങ്കില്‍ നാട്ടില്‍ അല്പമെങ്കിലും ഉള്ള മണ്ണില്‍ ജൈവരീതിയില്‍ കൃഷി നടത്തി ജൈവ പച്ചക്കറികള്‍ ചുറു ചുറുക്കോടെ ഉത്പാദിപ്പിക്കണം എന്ന് ഞാന്‍ ഉറച്ച തീരുമാനം എടുക്കില്ലോ .ഉറക്കം തൂങ്ങി സഹപ്രവര്‍ത്തകയോട് നാളെത്തന്നെ സിനിമ കാണാനും ഉത്തരവ് കൊടുത്തു കഴിഞ്ഞു .

പിന്‍ കുറിപ്പ് :
സകലമാന ഓണ്‍ലൈന്‍ ഭുജികളും എഴുതി ബെടക്കാക്കിയിട്ടും വീണ്ടും ഇങ്ങനൊരു  ക്ലീഷേ റിവ്യൂ  എന്തിനു എഴുതണം എന്നൊരു ചിന്ത ഉണ്ടായിരുന്നു .ദേ.. "മഞ്ജു വാര്യര്‍ മടങ്ങി വരുമോ?" ഇങ്ങനൊരു പോസ്റ്റ്‌ ഈ ബ്ലോഗില്‍ തന്നെ അഞ്ചു വര്‍ഷം മുന്പ് എഴുതിയതിനാല്‍ മാത്രമാണ് ,എന്ത് ക്ലീഷേ ആണെങ്കിലും എഴുതാന്‍ മുതിര്‍ന്നത് ..ക്ഷമി ..:)

Tuesday, October 27, 2009

മറഞ്ഞു പോകുന്ന തനി നാടന്‍ വേഷങ്ങള്‍....



ഒടുവില്‍ അടൂര്‍ ഭവാനിയും ഓര്‍മ്മയായി. കര്‍ക്കശക്കാരിയായ  അമ്മയായും,അയല്‍പ്പക്കത്തെ കുശുമ്പിത്തള്ളയായും,ലഹളക്കാരിയായ  അമ്മായി അമ്മയായും, എപ്പോഴും പിറു പിറുത്തുകൊണ്ടിരിക്കുന്ന  വാശിക്കാരിയായ  അമ്മൂമ്മയായുമൊക്കെ  കുറേക്കാലം അവര്‍  മലയാളത്തിന്റെ വെള്ളിത്തിരയില്‍ ജീവിച്ചിരുന്നു.ഒരിക്കലും അവരുടെ ഭാവ ചലനങ്ങളോ പെരുമാറ്റങ്ങളോ അവര്‍ അഭിനയിക്കുകയാണ് എന്ന് തോന്നിപ്പിച്ചിരുന്നില്ല.പലപ്പോഴും അവരെ തിരശ്ശീലയില്‍ കണ്ടാല്‍ ചീത്ത വിളിക്കാനോ, 'ഓ നാശം വന്നോ...'എന്ന് പറയാനോ തോന്നിയിരുന്നു.ചിലരൊക്കെ രാമായണത്തിലെ മന്ഥരയോടാണ് അവരെ താരതമ്യം ചെയ്തത്.അത്രയും മികച്ച രീതിയില്‍ തനിക്കു കിട്ടിയ ഓരോ വേഷത്തോടും അവര്‍ നീതി പുലര്‍ത്തിയിരുന്നു.അടൂര്‍ ഭവാനിയോടൊപ്പം അത്തരം വേഷങ്ങളും ഓര്‍മ്മയാകുന്നു എന്നതാണ് വേറൊരു കാര്യം.ഒരു പക്ഷേ  അവരുടെ മരണത്തിനു മുമ്പേ,  അവര്‍ അസുഖ ബാധിത ആകുന്നതിനു മുമ്പേ തന്നെ അത്തരം  തനി നാടന്‍ വേഷങ്ങള്‍ മലയാള സിനിമയില്‍ ഓര്‍മ്മയായിക്കഴിഞ്ഞിരുന്നു.


നമ്മളുടെ വീട്ടിലെ,തറവാട്ടിലെ ഒരാളെപ്പോലെ,നാട്ടിന്‍ പുറത്തെ ഇടവഴിയില്‍ ഉച്ചത്തില്‍ വര്‍ത്തമാനം പറഞ്ഞു നടന്നു പോകുന്ന,ചായപ്പീടികയില്‍ ഇരുന്ന് സൊറ പറയുന്ന,അയല്‍പക്കക്കാരോട് വഴക്ക് കൂടുന്ന,  നാട്ടിലെ ഏതു പ്രശ്നത്തിലും ഇടപെടുന്ന,ആള്‍ക്കാരെ തമ്മില്‍ തല്ലിക്കുന്ന,അങ്ങനെ പല വിശേഷണങ്ങളോടും കൂടിയ ഒരു കൂട്ടം കഥാപാത്രങ്ങള്‍ പണ്ട് നമ്മള്‍ക്കുണ്ടായിരുന്നു.ശങ്കരാടി,ഒടുവില്‍ ഉണ്ണികൃഷ്ണന്‍,കുതിരവട്ടം പപ്പു,കരമന ജനാര്‍ദ്ദനന്‍ നായര്‍,അടൂര്‍ ഭവാനി,അടൂര്‍ പങ്കജം,മീന,ഫിലോമിന,മാവേലിക്കര പൊന്നമ്മ,കുട്ട്യേടത്തി വിലാസിനി  എന്നിവരൊക്കെ ജീവന്‍ നല്‍കിയ പച്ച മനുഷ്യനെ  മണക്കുന്ന ഒരുപാട് കഥാപാത്രങ്ങള്‍.. ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത  ഒരു പാട് അഭിനയ മുഹൂര്‍ത്തങ്ങളും..




                                        




അഭിനയത്തില്‍ മാത്രമായിരുന്നില്ല,വേഷത്തിലും,രൂപത്തിലും അതിലുപരി ശബ്ദത്തിലും,സംഭാഷണത്തിലും മറ്റുള്ളവരില്‍ നിന്നും വേറിട്ട ഒരു ശൈലി ഇത്തരം നടീ നടന്മാര്‍ക്ക് ഉണ്ടായിരുന്നു.സൌന്ദര്യവും ആകാരവും ഒന്നും അവര്‍ക്ക് പ്രശ്നമായിരുന്നില്ല.കുഞ്ഞാണ്ടി, ആലം മൂടന്‍,കൃഷ്ണന്‍ കുട്ടി നായര്‍,'വാത്സല്യ'ത്തില്‍ അമ്മാവനായ അബൂബക്കര്‍,എം.എസ്.തൃപ്പൂണ്ണിത്തറ തുടങ്ങിയവരുടെ വേഷങ്ങള്‍ ഒരേ സമയം നമ്മളെ ചിരിപ്പിച്ചതും കരയിപ്പിച്ചതുമാണ്.കഥയും തിരക്കഥയും എഴുതി  അനുയോജ്യമായ അഭിനേതാക്കളെ  തിരഞ്ഞെടുക്കുന്നതിനു പകരം അഭിനേതാക്കള്‍ക്ക് വേണ്ടി കഥ എഴുതാന്‍ തുടങ്ങിയതോടെ പലരും വഴിയാധാരമായി.കൈയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്നു പറഞ്ഞത് പോലെ ചിലര്‍ പിടിച്ചു നിന്നു. അവര്‍ക്ക് വേണ്ടി മാത്രം ചില വേഷങ്ങളും സൃഷ്ടിക്കപ്പെട്ടു.സിനിമ  ഗ്രാമാന്തരീക്ഷത്തില്‍ നിന്നും അകന്നതോടെ ഇത്തരം വേഷങ്ങള്‍ക്ക്  പ്രസക്തിയേ ഇല്ലാതായി.
ഇനി അഥവാ ഗ്രാമം ഒരു ഘടകം ആണെങ്കില്‍പ്പോലും അതു മിക്കവാറും പൊള്ളാച്ചിയോ,തെങ്കാശിയോ പോലെ ഏതെങ്കിലും ഒരു സാങ്കല്പിക അതിര്‍ത്തി ഗ്രാമമായിരിക്കും. പക്ഷേ അവിടെയും മേല്‍ക്കൈ കോപ്രായങ്ങള്‍ കാട്ടിക്കൂട്ടുന്ന ചില സാങ്കല്പിക കോമാളി കഥാപാത്രങ്ങള്‍ക്കാണ്.


പാതിവഴിയില്‍ അഭിനയം നിര്‍ത്തി പലരും കാല യവനികയ്ക്കുള്ളില്‍ മറഞ്ഞു കഴിഞ്ഞു.അവരില്‍ പലര്‍ക്കും അവസാന കാലത്ത്‌ കൊതി തീരും വരെ അഭിനയിക്കാന്‍ വേഷങ്ങള്‍ ഉണ്ടായിരുന്നില്ല. പറവൂര്‍ ഭരതന്‍,പൂജപ്പുര രവി,ആറന്മുള പൊന്നമ്മ,ടി.ആര്‍.ഓമന, 'ഈ പുഴയും കടന്ന്' മുത്തശ്ശി   ലക്ഷ്മി കൃഷ്ണ മൂര്‍ത്തി,കോഴിക്കോട് ശാന്താദേവി, ശാന്താകുമാരി,കാലടി ഓമന,തൊടുപുഴ വാസന്തി,ഫയല്‍വാന്‍ എന്‍.എല്‍.ബാലകൃഷ്ണന്‍,പല്ലില്ലാതെ ചിരിപ്പിക്കുന്ന  K.T.S.പടന്നയില്‍,തുടങ്ങിയവരൊക്കെ സിനിമയില്‍ കണ്ടിട്ട് കാലങ്ങളായി.ഇപ്പോള്‍ രംഗത്തുള്ളവരില്‍ തന്നെ മാമുക്കോയ,മാള അരവിന്ദന്‍ ,കൊച്ചു പ്രേമന്‍,കുഞ്ചന്‍, 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും'എന്ന ചിത്രത്തില്‍ മണിയുടെ അമ്മയായി അഭിനയിച്ച മീന ഗണേഷ്‌,ശ്രീലത നമ്പൂതിരി,കുളപ്പുള്ളി ലീല തുടങ്ങിയവര്‍ക്കൊക്കെ അവരവരുടെ മികവ് പ്രകടിപ്പിക്കാന്‍ പറ്റുന്ന വേഷങ്ങള്‍ ലഭിക്കുന്നുണ്ടോ എന്നു പോലും സംശയമാണ്.


ഇത്തരം വേഷങ്ങള്‍ ചെയ്യാന്‍ അഭിനേതാക്കള്‍ ഇല്ലാത്തത് കൊണ്ടാണ് തങ്ങള്‍ കഥാപാത്രങ്ങളെ സൃഷ്ടിക്കാത്തതെന്നാണ് തിരക്കഥാകൃത്തുക്കളും സംവിധായകരും പറയുന്നത്.ഒരു അഭിനേതാവ് ചെയ്യുന്നത്  പോലെ മറ്റൊരാള്‍ക്ക് ചെയ്യാന്‍ പറ്റില്ല എന്നത് സത്യമാണ്.അദ്ദേഹത്തിന്റെ മരണ ശേഷം ആ വിടവ്  നികത്താനാകാതെ  നിലനില്‍ക്കുകയും ചെയ്യും.പക്ഷേ കേരളം മുഴുവനും നഗരമായി മാറിയിട്ടില്ലല്ലോ..നന്മകളാല്‍ സമൃദ്ധമായ നാട്ടിന്‍പുറങ്ങളും നാട്ടുകാരും ഇപ്പോഴുമുണ്ട്.മറ്റു പല ഭാഷകളിലും ഗ്രാമങ്ങളിലേക്കും ജീവിതത്തിലേക്കും സിനിമ മടങ്ങുമ്പോള്‍ ഇവിടെ നേരെ തിരിച്ചാണ് കാര്യങ്ങള്‍. ഈയിടെ സത്യന്‍ അന്തിക്കാട്‌ 'ഭാഗ്യദേവത'യില്‍ ചെമ്പില്‍ അശോകനയെയും 'പൂവാലി'യായി ലക്ഷമി പ്രിയയെയും കണ്ടെത്തിയത് 'അരനാഴിക നേരം 'എന്ന സീരിയലില്‍ നിന്നായിരുന്നു.രണ്ടു പേരുടെയും പ്രകടനം പ്രശംസ പിടിച്ചു പറ്റുകയും ചെയ്തു.  അതുപോലെ ധാരാളം പുതിയ മുഖങ്ങള്‍ പുറത്തുണ്ടെങ്കിലും ആരും അറിയുന്നില്ല,കണ്ടെത്തുന്നില്ല.മുമ്പ്‌  നാടക വേദികളുടെ അനുഭവ  പരിചയത്തോടെയാണ് പലരും രംഗത്തെത്തിയതെങ്കില്‍,അഭിനേതാക്കളെ പരുവപ്പെടുത്തിയെടുക്കുന്ന നല്ല നാടകങ്ങളോ,കലാ മൂല്യമുള്ള സീരിയലുകളോ ഇന്ന് കാണുന്നുമില്ല.നൂറു ശതമാനം കുടുംബ ചിത്രം,മണ്ണിന്റെ മണമുള്ള ചിത്രം എന്നൊക്കെ പറഞ്ഞു വരുന്ന ചിത്രങ്ങളില്‍ കാണുന്ന കാഴ്ചകള്‍ രസകരമാണ്. 'straighten' ചെയ്ത മുടിയിലും,കണ്‍ പോളകളിലും,ചുണ്ടിലും,നഖങ്ങളിലും,ചായം പൂശി ഇസ്തിരിയിട്ട പുത്തന്‍ വസ്ത്രങ്ങളണിഞ്ഞു ചെറ്റക്കുടിലില്‍ ചോറും കറിയും പാചകം ചെയ്യുന്ന അമ്മമാരും,ലിപ്സ്റ്റിക്ക് പൂശി കണ്ണെഴുതി,കോടി ലുങ്കിയും തൂവെള്ള ബനിയനും ധരിച്ച് മണ്ണ് കിളക്കുന്ന കൃഷിക്കാരനും ഒപ്പം അമാനുഷികമായ സംഭാഷണങ്ങളും എല്ലാം അവയില്‍ ചിലത് മാത്രം.


ചില മക്കളുണ്ട്..അല്പം പ്രായമായി മുടി നരച്ച അച്ഛനമ്മമ്മാരെ കൂടെ കൊണ്ട് നടക്കുന്നത് കുറച്ചിലായി കരുതുന്നവര്‍.അത് പോലെ മലയാള സിനിമ ഈ തനി നാടന്‍ വേഷങ്ങളെ കൈവിടുമ്പോള്‍ ഓര്‍ക്കുക, പഴയ പല ചിത്രങ്ങളും പ്രേക്ഷകരുടെ മനസ്സില്‍ ഇന്നും ജീവിക്കുന്നത് നായകന്‍റെയോ നായികയുടെയോ മിന്നുന്ന പ്രകടനം കൊണ്ട് മാത്രമല്ല,തങ്ങളില്‍ ഒരാളാണെന്ന് അവര്‍ കരുതുന്ന ഒരു കൂട്ടം പച്ച മനുഷ്യരുടെ സാന്നിധ്യം കൊണ്ടുകൂടിയാണ്.


Sunday, October 18, 2009

അങ്ങനെ പഴശ്ശിരാജ കണ്ടു..!



ചിലപ്പോള്‍ അങ്ങനെയാണ്,സമയവും സന്ദര്‍ഭവും ഒത്തുവരുന്നത് എപ്പോഴാണെന്ന് പറയാന്‍ പറ്റില്ല.ഒക്ടോബര്‍ പതിനാറിന് സംഭവിച്ചത് അതാണ്‌.അതിരാവിലെ തന്നെ ടി വിയില്‍ പഴശ്ശിരാജയുടെ റിലീസിംഗ് തത്സമയം കാണാന്‍ ഭാഗ്യം കിട്ടി.ചാനലുകളായ ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെല്ലാം തീയറ്ററുകള്‍ക്ക് മുമ്പില്‍..ആര്‍പ്പുവിളികള്‍ക്കും, ജയ്‌ വിളികള്‍ക്കും,ശിങ്കാരി മേളക്കാര്‍ക്കും,തിടമ്പേറ്റിയ ആനയ്ക്കും അമ്പാരിക്കും,മുത്തുക്കുടകള്‍ക്കും നടുവില്‍ മൈക്കും കൈയ്യിലേന്തി  അവര്‍ ആവേശങ്ങള്‍  ചൂടോടെ ജനങ്ങളിലേക്ക് എത്തിച്ചു കൊണ്ടിരിക്കുന്നു.മാനം മുട്ടേ തലയുയര്‍ത്തി നില്‍ക്കുന്ന കൂറ്റന്‍ രൂപങ്ങളിലും ഫ്ലെക്സ്‌ ബോര്‍ഡുകളിലും അഭിഷേകങ്ങള്‍ ..പൂത്തിരി,കമ്പിത്തിരി,ഓലപ്പടക്കം,മാലപ്പടക്കം... നൃത്തനൃത്ത്യങ്ങള്‍,വാദ്യഘോഷങ്ങള്‍..പായസ വിതരണം,മിഠായി വിതരണം..എങ്ങും ആവേശം..ആഹ്ലാദം..ചരിത്രം സിനിമയാകുന്നു...സിനിമ ചരിത്രമാകുന്നു...ചരിത്രം കുറിക്കുന്ന നിമിഷങ്ങള്‍....!





ഛേ...സ്വന്തം നാട്ടില്‍ ചിത്രീകരിച്ച,സ്വന്തം നാടിനെക്കുറിച്ചുള്ള സിനിമ,നാട്ടിലുണ്ടായിട്ടും ആദ്യ ദിവസം തന്നെ കാണാതിരിക്കുന്നത് മോശമല്ലേ?അല്ല..ഈ പ്രത്യേക അന്തരീക്ഷത്തില്‍ അങ്ങോട്ട്‌ പോയിട്ടും ഒരു കാര്യവുമില്ല.
 പക്ഷേ ടി വിയില്‍ ആദ്യ പ്രദര്‍ശനം 'ഇപ്പോള്‍ കഴിഞ്ഞു കൊണ്ടിരിക്കുന്നു..'എന്ന് ബ്രേക്കിംഗ് ന്യൂസ്‌ വന്നപ്പോഴാണ് പ്രതീക്ഷിക്കാതെ ആ 'വിളി' വന്നത്.


"എടാ..നീ..നാട്ടിലുണ്ടോ? പഴശ്ശിരാജയെ  കാണാന്‍ വെരുന്നോ?"


"അതിന്.. ഇപ്പൊ പോയാ ടിക്കറ്റ് വല്ലതും കിട്ടുമോ?..നീ ഇപ്പൊ ഏടയാ?"


" ഞാന്‍ ടാക്കീസിലുണ്ട്..ഈടെ നമ്മളെ പിള്ളേരെല്ലാം ക്യൂവിലുണ്ട്..നീ വെരുന്നുണ്ടെങ്കില്‍ വാ.."


ഉച്ചകഴിഞ്ഞെങ്കിലും നഗരത്തില്‍ നല്ല വെയില്‍..കൂടെ തിരഞ്ഞെടുപ്പിന്റെ ചൂടും.'താലൂക്ക്‌ ആപ്പീസില്‍' പതിവ് പോലെ നല്ല ആള്‍ക്കൂട്ടം.സ്റ്റേഡിയം കോര്‍ണറില്‍ യു ഡി എഫിന്റെ കണ്‍വെന്‍ഷനുള്ള ഒരുക്കങ്ങള്‍ നടക്കുന്നു. റോഡിന് ഇരുവശവും  പഴശ്ശിരാജയുടെ പോസ്റ്ററുകള്‍ വല്ലതും ഉണ്ടൊ എന്ന് നോക്കി.കാള്‍ടെക്സ് 
ജംക്ഷനിലെ വലിയ ഫ്ലെക്സ്‌ ഒഴിച്ചാല്‍ വളരെ കുറച്ച് പോസ്റ്ററുകള്‍.തീയറ്ററുകളുടെ സ്ഥിരം മതിലുകളില്‍  അരിവാള്‍ ചുറ്റികയും കൈപ്പത്തിയും.ചില മതിലുകള്‍ വെള്ള പൂശി ബുക്ക്‌ ചെയ്തിരിക്കുന്നു.പക്ഷേ ആ കുറവെല്ലാം തീയറ്റര്‍ പരിസരത്ത് പരിഹരിച്ചിട്ടുണ്ട്. കൊടി തോരണങ്ങള്‍, ഫ്ലെക്സ്‌ ബോര്‍ഡുകള്‍, അലങ്കരിച്ച ബൈക്കുകള്‍,കാറുകള്‍,ജീപ്പുകള്‍..ഒരു തെയ്യപ്പറമ്പു പോലെ...


ടിക്കറ്റ് കൌണ്ടറിനു മുമ്പില്‍ ആര്‍പ്പുവിളികള്‍, ജയ്‌ വിളികള്‍..ചിലര്‍ കമ്പി വേലി പൊളിച്ചു ഉള്ളില്‍ കടക്കുന്നു.വെറുതെ നോക്കി നില്‍ക്കുന്ന പോലീസുകാര്‍ തെറികള്‍ കേള്‍ക്കുന്നു.ചില വളണ്ടിയര്‍മാര്‍ ഓടിവരുന്നു.തല്ലു തുടങ്ങുന്നു.ഉന്തും തള്ളും..സര്‍വം ബഹളമയം..അതിനിടയില്‍ ഓട്ടോയില്‍ വന്ന ചില സ്ത്രീകള്‍ പുറത്തു ഇറങ്ങാന്‍ കഴിയാതെ മടങ്ങിപ്പോയി.ക്യൂവില്‍ തള്ളിക്കയറാന്‍ ശ്രമിക്കുന്ന ചില വിദ്വാന്‍ മാരെ ചിലര്‍ ശരിക്ക് പെരുമാറുന്നു.നേരത്തെ തുടങ്ങിയ ഷോ തീരുന്നുമില്ല.ടിക്കറ്റ് കൊടുക്കാനും തുടങ്ങിയില്ല.
സമയമാണെങ്കില്‍ അതിക്രമിക്കുന്നു.  അവസാനം അതിരാവിലെ  തന്നെ വന്ന് ക്യൂവില്‍ നിന്ന കൂട്ടുകാരന്‍  ടിക്കറ്റ് എടുത്ത്‌ കൈയ്യില്‍ തരുന്നു..നേരെ ഡയമണ്ട് സര്‍ക്കിളിലേക്ക് .വാതിലിനു മുമ്പില്‍ സെക്യൂരിറ്റി ചിലരെ തടഞ്ഞു വെച്ചിരിക്കുന്നു.. അവിടെയും വാക്കേറ്റവും ബഹളവും.


കാത്തിരിപ്പിനൊടുവില്‍  ഉള്ളില്‍ കടന്നപ്പോള്‍ അവിടെ ബ്രിട്ടീഷുകാര്‍ മീറ്റിംഗ് തുടങ്ങിയിരുന്നു.മുഴുവന്‍ പേരും ഹാളിനുള്ളില്‍ കയറുന്നതിനു മുമ്പ്‌ സിനിമ തുടങ്ങിയിരിക്കുന്നു.!


"കുറേ നേരമായോ തുടങ്ങിയിട്ട്? മോഹന്‍ലാലിന്റെ  ഇന്‍ട്രോഡക്ഷന്‍ കഴിഞ്ഞോ?" പുറകിലിരിക്കുന്നവരോട് ചോദിച്ചു.
"ഏയ്‌ ..ഇപ്പൊ തുടങ്ങിയതെ ഉള്ളൂ..ടൈറ്റില് കണിച്ചിനില്ല..."


ഹാളിനുള്ളിലെ  ലൈറ്റുകള്‍ ഒന്നും അണച്ചിട്ടുമില്ല..ആളുകള്‍ കയറിക്കൊണ്ടിരിക്കുന്നു.കൂവലുകളും ഓരിയിടലുകളും അരങ്ങു തകര്‍ക്കുന്നു.അരമണിക്കൂര്‍ കഴിഞ്ഞിട്ടും 'ടൈറ്റില്' വന്നില്ല..പഴശ്ശിരാജ രംഗപ്രവേശം  ചെയ്യുകയും ചെയ്തു.സ്ഥിതി ഒരു നിമിഷം ശാന്തമായി.കൈയ്യടികള്‍ ഉയര്‍ന്നു.അല്ല പഴശ്ശിയുടെ  കുട്ടിക്കാലവും മറ്റും കഴിഞ്ഞോ എന്തോ? ഒരു എത്തും പിടിയും കിട്ടുന്നില്ല.രാവിലെ ചായയും പത്രവും ഇല്ലാത്ത ദിവസം പോലെ ടൈറ്റില്‍ കാണാതെ സിനിമ കണ്ടിട്ട് എന്ത് കാര്യം?എല്ലാ രസവും പോയില്ലേ?


ഏസിയിട്ടിട്ടില്ല..! ആ ദുഃഖ സത്യം കാണികള്‍ മനസ്സിലാക്കിയത് കുറച്ചു വൈകിയാണ്.തുടങ്ങിയില്ലേ പൂരം..
കള്ളുഷാപ്പുകളില്‍ പോലും വംശനാശം നേരിട്ട് കൊണ്ടിരിക്കുന്ന തെറികള്‍ പ്രവഹിക്കുകയായി. മിണ്ടാതിരിയെടാ എന്ന് പറഞ്ഞ് വേറൊരു കൂട്ടരും.ചെവി പൊത്താനും വയ്യ..തിരിച്ചു രണ്ടു പറയാനും വയ്യ.
തീയറ്ററുകാര്‍ അവരുടെ ലീലകള്‍ തുടര്‍ന്നു കൊണ്ടേ ഇരുന്നു.ശബ്ദം പോകുന്നു. ചിത്രം പോകുന്നു.ചിലപ്പോള്‍ 'ഏന്‍ഡ് ഓഫ് പാര്‍ട്ട്‌ 3 ' എന്ന് മാത്രം.പുറകില്‍ ലൈറ്റ് ഇടുന്നു.വാതില്‍ തുറക്കുന്നു.സീനുകള്‍ കട്ട് ചെയ്യുന്നു.


വെള്ളിത്തിരയില്‍ പഴശ്ശിയുടെ പടയോട്ടം തുടര്‍ന്നു കൊണ്ടേ ഇരുന്നു.ഇടയ്ക്കിടയ്ക്ക് കൈയടികള്‍ ഉയര്‍ന്നു പൊങ്ങുന്നുണ്ട്.പദ്മപ്രിയയുടെ നീലിക്ക് കിട്ടിയ കൈയ്യടി പറയേണ്ടത് തന്നെയാണ്.മലയാള സിനിമയില്‍ ഒരു സ്ത്രീ കഥാപാത്രത്തിന്  ഇതുപോലൊരു കൈയ്യടി ഇതിനു മുമ്പ്‌ കിട്ടിയിട്ടുണ്ടാവില്ല.എടച്ചന കുങ്കനും,തലയ്ക്കല്‍ ചന്തുവിനും ആര്‍പ്പുവിളികളോട് കൂടിയ കൈയ്യടികള്‍..


കണ്ണൂര്‍ കോട്ട വെള്ളിത്തിരയില്‍ നിറഞ്ഞു നിന്നപ്പോള്‍ ,"എടാ കോട്ട .. കോട്ടയില്‍ കയറാന്‍  ടിക്കറ്റെടുത്തോടോ  ബ്രിട്ടീഷുകാരാ എന്ന് ഒരുത്തന്‍ കൂക്കി വിളിച്ചു. ഇംഗ്ലീഷ്കാരെ കാണുമ്പോള്‍ 'വാട്ട്‌ ഈസ്‌ ദിസ്‌ ..'വേര്‍ ആര്‍ യു ..'തുടങ്ങിയ പ്രയോഗങ്ങള്‍..സ്ത്രീകള്‍ സ്ക്രീനിലെത്തിയാല്‍ അംഗവര്‍ണനകള്‍..തലശ്ശേരി ,മട്ടന്നൂര്‍,ചിറക്കല്‍ തുടങ്ങിയ സ്ഥല നാമങ്ങള്‍  കേട്ടപ്പോള്‍ കൂത്തുപറമ്പില്ലേ..പയ്യന്നൂരില്ലേ..തുടങ്ങിയ ചോദ്യങ്ങള്‍..സമയം പോയത് അറിഞ്ഞേ ഇല്ല ...


ഇതിനിടയില്‍ സിനിമ കണ്ടോ എന്ന് ചോദിച്ചാല്‍ ..ഇല്ല.സമയം കിട്ടുമ്പോള്‍ ഇനി ഒന്ന് കൂടെ കാണണം.മൂന്നു മണിക്കൂറില്‍ കൂടുതലുള്ള സിനിമ റിലീസ് ദിവസം തന്നെ കട്ട് ചെയ്യുകയാണെങ്കില്‍ ഇനി മുഴുവനും കാണാന്‍ പറ്റുമെന്ന് തോന്നുന്നില്ല.ഒരു യുദ്ധം കഴിഞ്ഞപ്പോള്‍  നീലിയെവിടെ? നീലിയെവിടെ? എന്ന് ചോദിച്ച പോലെ പല ചോദ്യവും ചോദിക്കേണ്ടി വരും.കാണികളുടെ പ്രത്യേക സഹകരണം റിലീസ് ദിവസം മാത്രമല്ല, തുടര്‍ന്നങ്ങോട്ട്‌ എല്ലാ ദിവസവും ഉണ്ട് താനും.കണ്ണൂരില്‍ മാത്രമല്ല ഈ സഹകരണം..കേരളത്തില്‍ എമ്പാടും,എല്ലാ  സൂപ്പര്‍ താര സിനിമകള്‍ക്കും ഇപ്പോള്‍ ഇതാണത്രേ കീഴ്വഴക്കം.അതിനിടെ താലൂക്ക്‌ ആപ്പീസില്‍ വോട്ടുകള്‍ ഇറക്കുമതി ചെയ്തു എന്ന് പറയുന്നത് പോലെ ചിലരെ ജീപ്പില്‍ ഇറക്കുമതി ചെയ്യുന്നതാണാത്രേ ഇതിനൊക്കെ കാരണം എന്നും പറയുന്നു.എന്തായാലും തീയറ്ററുകള്‍ പൊളിക്കുന്ന പരിപാടിയും തുടങ്ങിയിട്ടുണ്ട്.തീയറ്റര്‍കാരും  എല്ലാ താരഫാനുകളും ടി വികളും എല്ലാം കണക്കുതന്നെ.സിനിമ കാണേണ്ടതും കാണിക്കേണ്ടതും എങ്ങനെയെന്ന്  മാത്രം അറിയില്ല.പഴശ്ശിരാജയുടെ തന്നെ  വാക്കുകള്‍ അല്പം മാറ്റിപ്പറഞ്ഞാല്‍..
"മലയാള സിനിമയെ ഓര്‍ത്ത് ആരും കരയേണ്ട...ഈ കാണികളെ,നാട്ടുകാരെ, കേരളനാടിനെ  ഓര്‍ത്ത് കരഞ്ഞാ മതി.."






 ഇതു കൂടി ഒന്ന് നോക്കിക്കോളൂ..
പഴശ്ശി നാട്ടിലെ പഴശ്ശിസ്മാരകങ്ങള്‍ക്ക് കഷ്ടകാലം.. 





Saturday, October 03, 2009

പഴശ്ശിരാജയുടെ നാട്ടില്‍...



ഒടുവില്‍ 'പഴശ്ശിരാജ' ഗാന്ധിജയന്തി ദിനത്തിലും വെള്ളിത്തിരയില്‍ എത്തിയില്ല.കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി നിര്‍മ്മാണപ്രവൃത്തികള്‍ നടന്നു കൊണ്ടിരിക്കുന്ന ഇരുപത്തിയേഴ് കോടിയിലധികം രൂപ മുതല്‍ മുടക്കി വിവിധ ഭാഷകളില്‍ ഒരുക്കുന്ന ഈ വമ്പന്‍ ചലച്ചിത്രം കാണാന്‍ ഇനിയും കാത്തിരിക്കേണ്ടിവരും.





ബ്രിട്ടീഷ്‌ സാമ്രാജ്യത്തിനെതിരെ പോരാടിയ കേരളത്തിലെ ആദ്യ നാട്ടുരാജാക്കന്മാരില്‍ ഒരാളായായ കേരള വര്‍മ്മ പഴശ്ശിരാജയുടെ ചരിത്രം പറയുന്ന 'പഴശ്ശിരാജ'യുടെ ചിത്രീകരണ സമയത്ത്‌ നേരിട്ട തടസ്സങ്ങളും,സംഭവിച്ച  അപകടങ്ങളും മാധ്യമങ്ങള്‍ ഒന്നൊന്നായി റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ നിര്‍ഭാഗ്യം ഈ സംരഭത്തെ വിടാതെ പിന്തുടരുന്നു എന്ന് പലരും വിധിയെഴുതി.റിലീസിങ്ങും നീണ്ടു നീണ്ടു പോകുമ്പൊള്‍ തമാശയാണെങ്കിലും ചിലരെങ്കിലും പറഞ്ഞു തുടങ്ങി..."ഇനി ഇത് കണ്ടാല്‍ വല്ല നിര്‍ഭാഗ്യവും വരുമോ"

കേരളത്തിനു വടക്ക് പഴശ്ശിരാജാവിന്റെ നാട്ടിലെ ജനങ്ങളും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്,കേട്ടറിഞ്ഞ രാജാവിന്റെ ചരിത്രം,നാടിന്റെ ചരിത്രം വെള്ളിത്തിരയില്‍ കാണാന്‍.കാത്തിരിപ്പ്‌ അവര്‍ക്ക് ഒരു പുത്തരിയല്ല.പതിറ്റാണ്ടുകള്‍ക്ക് മുമ്പേ  'പഴശ്ശി' ക്കായി കാത്തിരിപ്പ് തുടങ്ങിയതാണ്‌.ഒരു പക്ഷേ കോലത്തു നാട്ടിലെ ജനങ്ങള്‍ക്ക് 'പഴശ്ശി' എന്ന് കേട്ടാല്‍,പഴശ്ശിരാജാവിനെക്കാളും  ആദ്യം ഓര്‍മ്മ വരുന്നത് അതാണ്‌.

ഉത്തര മലബാറിലെ കൃഷിയിടങ്ങളില്‍ ജലസമൃദ്ധിയിലൂടെ പൊന്ന് വിളയിക്കാന്‍ ലക്ഷ്യമിട്ട്,കോടികള്‍ തന്നെ മുതല്‍ മുടക്കി 1959 ല്‍ നിര്‍മ്മാണം ആരംഭിച്ച് 1979 ജനുവരി ഒന്നിന് മൊറാര്‍ജി ദേശായി തുടക്കമിട്ട 'പഴശ്ശി ജലസേചന പദ്ധതി'..!കണ്ണൂര്‍ നഗരത്തില്‍ നിന്നും 37 കിലോമീറ്റര്‍ അകലെ മട്ടന്നൂരിനടുത്ത് വെളിയമ്പ്രയില്‍ വളപട്ടണം പുഴയുടെ കൈവഴിയായ കുയിലൂര്‍ പുഴയ്ക്കു കുറുകെ അണക്കെട്ട് നിര്‍മ്മിച്ച് തുടങ്ങിയ പദ്ധതി ഇനിയും അതിന്റെ ലക്‌ഷ്യം കണ്ടിട്ടില്ല.നാട് നീളെ കനാലുകള്‍ ഇന്നും വേഴാമ്പലുകളെ പോലെ ദാഹിച്ചു കാത്തിരിക്കുന്നു,ഒരിറ്റ് വെള്ളത്തിനായി.


                                                                  പഴശ്ശി അണക്കെട്ട് 
'ജലസേചനം'  താറുമാറായെങ്കിലും 'പഴശ്ശി പദ്ധതി' പിന്നീട് ടൂറിസം പദ്ധതിയായി മാറി.അണക്കെട്ടിനു മുകളില്‍ നിന്നുള്ള കാഴ്ചകള്‍ കാണാനും ഉദ്യാനത്തില്‍ ഉലാത്താനും എന്നും തിരക്കായിരുന്നു.ഉത്തരമലബാറിലെ വൃന്ദാവനം എന്ന് പോലും ഉദ്യാനം അറിയപ്പെട്ടു.കല്യാണക്കാസറ്റുകളിലെ ക്ലൈമാക്സ്  ഇനമായ പെണ്ണും ചെക്കനും മരം  ചുറ്റി ഓടുന്ന  ഔട്ട്‌ ഡോര്‍ ഷൂട്ടിങ്ങിന്റെ പ്രധാന ലൊക്കേഷനായിരുന്നു പഴശ്ശി അണക്കെട്ട് പരിസരം.ദൈവത്തിന്റെ സ്വന്തം നാട്ടിലെ മറ്റേതു സ്ഥലത്തെപ്പോലെ ,കാലത്തിന്റെ കുത്തൊഴുക്കില്‍ പഴശ്ശി ഉദ്യാനവും അണക്കെട്ട് പരിസരവും കാടുകയറുകയും സാമൂഹ്യ വിരുദ്ധര്‍ താവളമാക്കുകയും ചെയ്തു.നാട്ടുകാര്‍ പോലും അങ്ങോട്ട്‌ തിരിഞ്ഞു നോക്കാതെയായി.'പഴശ്ശി പ്രൊജക്റ്റ്‌ 'എന്ന് ബോര്‍ഡും വെച്ച് കണ്ണൂര്‍ ബസ്സ് സ്റ്റാന്‍ഡില്‍ നിന്നും സര്‍വീസ്‌ നടത്തിയിരുന്ന ബസ്സുകളും ഇല്ലാതായി.




കുറേ വര്‍ഷങ്ങള്‍ നീണ്ടു നിന്ന ഒറ്റപ്പെടലില്‍  നിന്നും ഈ അടുത്താണ് പഴശ്ശി പദ്ധതി ഉയര്‍ത്തെഴുന്നേറ്റത്.ജലസേചനം ഫലപ്രദമായില്ലെങ്കിലും കണ്ണൂര്‍ ജില്ലയിലും പരിസര പ്രദേശങ്ങളിലും കുടിവെള്ളം എത്തിക്കാനുള്ള കുടിവെള്ള സംഭരണിയായി അണക്കെട്ടിന്റെ സംഭരണി മാറിക്കഴിഞ്ഞു. ജപ്പാന്‍ കുടിവെള്ള പദ്ധതിയടക്കം 440 കോടി രൂപയുടെ പദ്ധതികളാണ്  ഒരുങ്ങുന്നത്. മുഖം മിനുക്കലിന്റെ ഭാഗമായി  ഒരു കോടി രൂപ ചിലവഴിച്ചു ഉദ്യാനവും പാര്‍ക്കും മാസങ്ങള്‍ക്കു മുമ്പാണ് നവീകരിച്ചത്‌.നടവഴികളില്‍ ടൈലുകള്‍ പാകുകയും സ്റ്റേജും മറ്റും  നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും കാര്യങ്ങള്‍ പഴയ പടിക്കു തന്നെയാണ് നീങ്ങുന്നത്‌.ഡോര്‍മെറ്ററിയും,ഇന്‍ഫര്‍മേഷന്‍ സെന്ററും,മൂത്രപ്പുരയും,കാന്റീനും ഒന്നും ഉത്ഘാടനത്തിനു ശേഷം തുറക്കുന്നില്ല എന്ന് പരാതി ഉയര്‍ന്നു കഴിഞ്ഞു. അങ്ങോട്ടേക്കുള്ള റോഡാണെങ്കില്‍ തകര്‍ന്നിട്ടു വര്‍ഷങ്ങളായി.

കുടിവെള്ള പദ്ധതികള്‍ തകൃതിയായി ആസൂത്രണം ചെയ്യുന്നുണ്ടെങ്കിലും കുടിവെള്ളക്ഷാമം രൂക്ഷമാകുന്ന വേനല്‍ക്കാലത്ത് സംഭരണിയിലെ  ജലവിതാനം താഴുന്നതും പ്രശ്നമായിട്ടുണ്ട്.ഷട്ടറുകളുടെ ചോര്‍ച്ച,മണല്‍ വാരല്‍ ,കൈയേറ്റം,തുരുത്ത് നശീകരണം,മാലിന്യ നിക്ഷേപം എന്നിവ സംഭരണിക്ക്  മരണ മണി മുഴക്കുകയാണ്.കൈത്തോടുകളും പ്രധാന ജലസ്രോതസ്സുകളായ ആറളം,ബാവലി തുടങ്ങിയ പുഴകളും നീര്‍ച്ചാലുകളായി മാറി. കുടിവെള്ള പദ്ധതികള്‍ക്കായി നിര്‍മ്മിക്കുന്ന കിണറുകളില്‍ നിന്നും നീക്കം ചെയുന്ന മണ്ണ് സംഭരണിയില്‍ തന്നെ തള്ളുന്നതും പ്രതികൂലമായി തീര്‍ന്നിട്ടുണ്ട്.


പഴശ്ശി പദ്ധതി പ്രദേശത്തു നിന്നും പത്തു കിലോമീറ്റര്‍ ചുറ്റളവില്‍ തന്നെയാണ് കോട്ടയം രാജവംശത്തില്‍  പ്പെട്ട പഴശ്ശിരാജാവിന്റെ ജന്മ സ്ഥലവും കോവിലകവും മറ്റും.യുദ്ധ കാലത്തു തന്നെ തകര്‍ന്ന കുടുംബ ക്ഷേത്രങ്ങളുടെയും കോവിലകത്തിന്റെയും അവശേഷിക്കുന്ന ഭാഗങ്ങള്‍  ജീര്‍ണാവസ്ഥയിലാണ് .പുരളി മലയിലെ ഹരിശ്ചന്ദ്രക്കോട്ടയിലെ,പഴശ്ശിരാജാവ്  ആരാധിച്ചിരുന്ന മഹാദേവ ക്ഷേത്രം ഈയിടെ സാമൂഹ്യ വിരുദ്ധര്‍ തകര്‍ത്തിരുന്നു. പഴശ്ശിയുടെ യുദ്ധഭൂമിയായിരുന്ന സമീപ പ്രദേശമായ കണ്ണവം വനത്തിലും പരിസര ങ്ങളിലും  ചരിത്രമുറങ്ങുന്ന ഒരുപാട്  ഇടങ്ങളുണ്ട്.കണ്ണവം പെരുവയലിലെ പടക്കളം,കുറിച്യപ്പട ബ്രിട്ടീഷുകാരെ അമ്പെയ്തു തുരത്തിയ പടമടക്കിപ്പാറ,പുരാതന ക്ഷേത്രാവശിഷ്ടങ്ങള്‍,കണ്ണവത്തു നമ്പ്യാരെ തൂക്കിലേറ്റിയ സ്ഥലം, പഴശ്ശി രാജാവിന്റെ പടത്തലവനായ കൈതേരി അമ്പുവിന്റെ വീട്‌, ഇടം ക്ഷേത്രം, മാനന്തേരിസത്രം തുടങ്ങി നിരവധി സ്ഥലങ്ങള്‍..പഴശ്ശിരാജാവ്  അന്ത്യവിശ്രമം കൊള്ളുന്ന,വയനാട് ജില്ലയിലെ  മാനന്തവാടിയില്‍ ഇന്ന് പഴശ്ശി സ്മാരകം ഉണ്ടെങ്കിലും ജന്മനാട്ടില്‍ ഒരു സ്മൃതി മണ്ഡപം നിര്‍മ്മിക്കണമെന്ന ആവശ്യവും കുറേ നാളായുണ്ട്.കാടു പിടിച്ച്  കിടക്കാന്‍ കോടികള്‍ ചിലവിട്ട്  ഒരു സ്മാരകത്തിന് പകരം ചരിത്രത്തിന്റെ ശേഷിപ്പുകള്‍ തച്ചുടക്കാതെ സംരക്ഷിച്ചാല്‍ അതു തന്നെ വരും തലമുറയ്ക്ക് പഠിക്കാനുള്ള ഒരു സ്മാരകമായിരിക്കും.

പഴശ്ശിരാജ'യിലെ ദൃശ്യങ്ങള്‍ ടി വി യില്‍ കണ്ട്  കുട്ടികള്‍ ഇപ്പോള്‍ ചോദിക്കാന്‍ തുടങ്ങിയിട്ടുണ്ട്.."ഈ രാജാവ് തിരുവിതാംകൂര്‍ ഭരിച്ചിരുന്ന ആളായിരുന്നോ?" എന്ന്.കേരളസിംഹം എന്നറിയപ്പെട്ടിരുന്ന നാട്ടു രാജാവ് ആരാണെന്ന് ഒരു പക്ഷേ അവരുടെ സാമൂഹ്യപാഠം പുസ്തകത്തില്‍ ഇല്ലായിരിക്കാം.നമ്മുടെ പുതിയ തലമുറയും, ഭാരതത്തിലും പുറത്തും ഉള്ളവവരും പഴശ്ശിരാജാവിനെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാനും അതുവഴി പഴശ്ശി പടനയിച്ച വഴികള്‍ തേടി വരാനും 'പഴശ്ശിരാജ'എന്ന ചിത്രം ഒരു നിമിത്തമാകുമെന്ന് കരുതാം. മനോഹരങ്ങളായ കാഴ്ചകളും ചരിത്രവും കൈ കോര്‍ക്കുന്ന പഴശ്ശിനാട്ടിലെ പ്രകൃതിയും ഒളി മങ്ങാതെ ഉണ്ടാകും എന്നും പ്രത്യാശിക്കാം.

അപ്ഡേറ്റ്:5.10.2009
യാദൃശ്ചികം എന്ന് തന്നെ പറയട്ടെ ഇന്നത്തെ മാതൃഭൂമി കണ്ണൂര്‍ എഡിഷനില്‍ സംരക്ഷിക്കപ്പെടാതെ നശിക്കുന്ന പഴശ്ശി സ്മാരകങ്ങളെക്കുറിച്ച് വിശദമായ ഒരു വാര്‍ത്ത വന്നിരിക്കുന്നു.വാര്‍ത്ത പ്രകാരമുള്ള കൂടുതല്‍ വിവരങ്ങള്‍ ഇപ്രകാരമാണ്:കണ്ണൂര്‍,വയനാട് ജില്ലകളിലായി മുഴക്കുന്ന്,പുരളിമല, കണ്ണവം,ആറളം,പേരിയ,തലപ്പുഴ,മാനന്തവാടി,പനമരം,പുല്‍പ്പള്ളി,താമരശ്ശേരി,
കമ്പളക്കാട്,തെണ്ടര്‍നാട്,കതിരൂര്‍ കുങ്കിച്ചിറ തുടങ്ങി അമ്പതിലധികം സ്ഥലങ്ങളില്‍ പഴശ്ശിയുദ്ധ സ്മാരകങ്ങള്‍ ഉണ്ട്.ഇതില്‍  മാനന്തവാടിയിലെ ശവകുടീരം ഒഴിച്ച് ബാക്കിയെല്ലാം നശിച്ചു കൊണ്ടിരിക്കുന്നു.പഴശ്ശിരാജാവിന്റെ  പഴശ്ശിയിലുള്ള ജന്മഗൃഹം ഇടിച്ചു നിരത്തിയാണ് ബ്രിട്ടീഷ്‌ പട്ടാളം തലശ്ശേരി-കുടക് പാത നിര്‍മ്മിച്ചത്.അവശേഷിച്ചത് കിണറും കുളവും മാത്രമായിരുന്നു.സ്മാരക സംരക്ഷ ണത്തിന്റെ പേരില്‍ കിണര്‍ മൂടി അധികൃതര്‍ ഗ്രൌണ്ട് നിര്‍മ്മിച്ചു.ശേഷിച്ച കുളത്തിനു മുകളില്‍ തൂണുകള്‍ നിര്‍മിച്ചതോടെ ( പോസ്റ്റിലെ ചിത്രത്തില്‍ കാണാം) അതും നശിച്ചു.മുഴക്കുന്നിലെ മൃദംഗശൈലേശ്വരി  ക്ഷേത്രത്തിനു സമീപത്തെ കോവിലകത്തിന്റെ അവശിഷ്ടങ്ങള്‍ പലരും കടത്തിക്കൊണ്ടു പോയി.കോട്ടയം രാജവംശത്തിന്റെ  പുരളിമലയിലെ കോട്ടയായിരുന്ന ഹരിശ്ചന്ദ്രക്കോട്ട പൂര്‍ണമായും നശിച്ചു കഴിഞ്ഞു.കോട്ടയുടെ ഭാഗമായുള്ള കല്ലുകള്‍ വ്യാജവാറ്റുകാര്‍ അടുപ്പ് നിര്‍മ്മിക്കാന്‍ കൊണ്ടുപോയി.കോട്ടയിലെ ശിവക്ഷേത്രത്തിലെ ശിവലിംഗം കഴിഞ്ഞയാഴ്ച സാമൂഹ്യവിരുദ്ധര്‍ പിഴുതെടുത്ത്‌ നശിപ്പിച്ചിരുന്നു.അനാഥ മായിക്കിടക്കുന്ന പുരാവസ്തുക്കളും മറ്റും ചരിത്രാന്വേഷികള്‍ ശേഖരിച്ചു സൂക്ഷിച്ചു വയ്ക്കുകയാണ് ഇപ്പോള്‍.
(പുരാവസ്തുക്കളും ഹരിശ്ചന്ദ്രക്കോട്ടയിലെ നാമാവശേഷമായിക്കൊണ്ടിരിക്കുന്ന കുളവുമാണ്  വാര്‍ത്തയുടെ ഭാഗമായുള്ള ചിത്രത്തില്‍..)


വിവരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും കടപ്പാട്:ഗൂഗിള്‍,ഫ്ലിക്കര്‍,വിക്കിപീഡിയ,മാതൃഭൂമി.  

Friday, August 21, 2009

ഋതുക്കാഴ്ചകള്‍


ഋതുക്കള്‍ മാറുമ്പോള്‍ കൂടെ നമ്മളും മാറുന്നുണ്ടോ?ചുറ്റുമുള്ളവര്‍ മാറിയാലും ചിലര്‍ അതൊന്നും അറിയാതെ പഴയ ഓര്‍മ്മകളും അതില്‍ നിന്നും പടുത്തുയര്‍ത്തിയ സ്വപ്നങ്ങളുമായി പഴയ കാലത്ത് തന്നെ ജീവിക്കും.കാലത്തിനും ഒരുപടി മുമ്പേ മാറുന്നവരും ഉണ്ട്.മറ്റു ചിലര്‍ക്കാകട്ടെ മാറ്റത്തിന്റെ കുത്തൊഴുക്കില്‍ നിസ്സാഹയരായി നോക്കി നില്ക്കാനേ കഴിയൂ.

ഋതുക്കള്‍ മാറിയപ്പോള്‍ അതിനൊപ്പം മാറിയ,സൗഹൃദത്തിന്റെ കാഴ്ചയുമായി എത്തിയ 'ഋതു'വിന്റെ വൈകിട്ടത്തെ ഷോയ്ക്കായി സാഗരയെന്ന കുട്ടി തീയറ്ററില്‍ ഇരിക്കുമ്പോള്‍ ചുറ്റും ഉണ്ടായിരുന്നത് പത്തിരുപതു പേര്‍‍. എല്ലാം ചെറുപ്പക്കാര്‍.കുടുംബങ്ങളോ സ്ത്രീകളോ അക്കൂട്ടത്തില്‍ ഉണ്ടായിരുന്നില്ല.

ഏസിയുടെ തണുപ്പറിയാന്‍ കുറച്ചു സമയം എടുത്തത് പോലെ ശരത്‌ വര്‍മ്മയോടും,സണ്ണി ഇമ്മട്ടിയോടും,വര്‍ഷയോടും അടുക്കാന്‍ കുറച്ചു സമയമെടുത്തു.അത്രയും സമയം സത്യം പറഞ്ഞാല്‍ വിശാലമായ സ്ക്രീനിലെ മനോഹരങ്ങളായ കാഴ്ചകള്‍ കണ്ടിരിക്കുകയായിരുന്നു. തടാകവും,പുല്‍മേടുകളും,ടെക്നോസിറ്റിയും എല്ലാം മനസ്സിന് കുളിര്‍മ നല്‍കുന്ന ദൃശ്യങ്ങളായിരുന്നു.ഇമ്പമാര്‍ന്ന പാശാത്തല ശബ്ദങ്ങളും ,സംഗീതവും ഒപ്പം ഈ കാഴ്ചകളും ചേരുമ്പോള്‍ 'സുഖം പകരുന്ന പുതുമ'എന്ന പരസ്യ വാചകം ശരിയാവുന്നുണ്ട്.

കാറിന്റെ മുന്‍ ഗ്ലാസില്‍ വീഴുന്ന മഴവെള്ളത്തിന്റെ ,പഴയ ഡയറിത്താളിന്റെ,തടാകത്തിലെ തണുത്ത വെള്ളത്തിന്റെ,കംപ്യൂ ‍ട്ടര്‍ സ്ക്രീനിന്റെ,മൊബൈല്‍ ഫോണിന്റെ അങ്ങനെ പലതിന്റെയും തൊട്ടടുത്തു നിന്നുള്ള കാഴ്ച ഓരോ ഫ്രെയിമിലും നിറയുമ്പോള്‍ ചെറിയ വിസ്മയവും ഉള്ളില്‍ നിറയും.

ഇടയ്ക്കെപ്പോഴോ കഥാപാത്രങ്ങളുടെ അടുത്ത് എത്തിയെങ്കിലും പിന്നണിയിലെ സംഗീതം പെട്ടന്ന് നിലച്ചപ്പോള്‍ തിരികെ വന്നു.വര്‍ഷങ്ങള്‍ക്കു ശേഷം വീട്ടിലെത്തിയ ശരത് അച്ഛന് പുസ്തകം സമ്മാനിച്ചപ്പോള്‍ ,'ചമന്തി ഇടട്ടെ' എന്ന് അമ്മ ചോദിച്ചപ്പോള്‍ ഒക്കെ പുറകില്‍ നിന്നും പലരും പിറുപിറുക്കുന്നുണ്ടായിരുന്നു.മൂന്നു കൂട്ടുകാരുടെയും തമാശകള്‍ കണ്ടപ്പോള്‍,പ്രത്യേകിച്ചും മെഡിക്കല്‍ സ്റ്റോറില്‍ ചെന്ന് വര്‍ഷ ചോദിച്ച ചോദ്യം കേട്ടപ്പോള്‍ തീയറ്ററില്‍ ആദ്യമായി ചിരിപൊട്ടി.

കൂട്ടുകാരനും കൂട്ടുകാരിക്കും സംഭവിച്ച മാറ്റത്തില്‍ ശരത് ഞെട്ടുമ്പോള്‍ ,എന്തോ അത് അത്ര വലിയ വേദനയായി തോന്നിയില്ല.ഒരു പക്ഷേ അവരുടെ കഴിഞ്ഞ കാലം ,ആ പഴയ സൗഹൃദം അത്രയ്ക്കങ്ങോട്ട് ഉള്ളില്‍ കയറാത്തത് കൊണ്ടാവാം. ഏറ്റവും വലിയ ഓഫര്‍ കിട്ടി എന്ന് പറഞ്ഞു സെറീന തുള്ളിച്ചാടിയപ്പോള്‍ ഒന്നും പ്രതികരിക്കാതെ നിന്ന ബാലുവിന് എല്ലാവരും കൈയടി കൊടുത്തപ്പോള്‍ എന്റെ കൈകളും അതില്‍ ചേര്‍ന്നു.

എഴുത്ത്‌ കൈവെടിയരുത്‌ എന്ന് വീണ്ടും വീണ്ടും പറയുന്ന അച്ഛന്‍ ,'ഓര്‍മ്മ അപകടമാണ്..സൂക്ഷിച്ചു കൈകാര്യം ചെയ്യണം' എന്ന് പറഞ്ഞ് തലയില്‍ തലോടി ഉപദേശിക്കുന്ന ചേട്ടന്‍ ,'എന്റെ പെര ദാ ..ഇവിടെയായിരുന്നു'എന്ന് വിതുമ്പുന്ന 'പ്രാഞ്ചി'അങ്ങനെ ചിലര്‍ തിരശ്ശീലയില്‍ മിന്നി മറിഞ്ഞിട്ടും കണ്ണിനു മുന്നില്‍ വീണ്ടും എത്തി.

നഷ്ടപെട്ട ഓര്‍മ്മകളും,പ്രണയവും ,സ്വപ്നങ്ങളും എല്ലാം ശരത് പുസ്തകമാക്കി വര്‍ഷയ്ക്കും സണ്ണിക്കും സമര്‍പ്പിക്കുമ്പോള്‍ 'ഋതു' അവിടെ തീരുന്നു.കടവിലെ വഞ്ചിക്കാരന്‍ കൂട്ടുകാരൊക്കെ എവിടെ? എന്ന് ചോദിക്കുമ്പോള്‍ ചിലപ്പോള്‍ നമ്മളോടു തന്നെ ചോദിച്ചു പോകും ..ആ പഴയ കൂട്ടുകാരൊക്കെ എവിടെ?

വളരെ രഹസ്യമായി നിര്‍മ്മിക്കുകയും ,പെട്ടന്നൊരു ദിവസം പരസ്യമാക്കുകയും ചെയ്ത 'ഋതു 'വിന്റെ വിശേഷങ്ങളും,ശ്യാമപ്രസാദും,മമ്മൂട്ടിയുടെ പ്ലേ ഹൌസും ഒക്കെയായിരുന്നു കഴിഞ്ഞ ഒരു മാസക്കാലം അച്ചടി ദൃശ്യ മാധ്യമങ്ങളിലെ വിനോദ വിഭാഗത്തില്‍ നിറഞ്ഞു നിന്നത്. അതുകൊണ്ട് തന്നെയായിരിക്കാം പലരും ശ്യാമപ്രസാദില്‍ നിന്ന് ഒരു ക്ലാസ്സിക്‌ പ്രതീക്ഷിച്ചത്.ശബ്ദ-സംഗീത പാശ്ചാത്താലം ഇല്ലാതെ ഇടക്കൊക്കെ വരുന്ന നീണ്ടസംഭാഷണങ്ങളും,അതില്‍ തന്നെ ചില 'മുറി'- ഇംഗ്ലീഷുകളും സാധാരണ പ്രേക്ഷകരെ അലോസരപ്പെടുത്തിയേക്കാം.ചില രംഗങ്ങളുടെ കൂട്ടി ചേര്‍ക്കല്‍ ഒരു ഒഴുക്കില്‍ അങ്ങനെ ആസ്വദിക്കാന്‍ പറ്റാത്തത് പോലെയും കാണാം.എങ്കിലും മനം കവരുന്ന ദൃശ്യങ്ങളും,'കുക്കു.. ക്കൂ ..കുക്കു.. ക്കൂ തീവണ്ടി 'എന്ന് പാടിപ്പിക്കുന്ന സംഗീതവും,ഒരു പറ്റം പുതിയ മുഖങ്ങളും ,അവരുടെ പുതിയ ശബ്ദങ്ങളും നിരാശപ്പെടുത്തില്ല .ഉടന്‍ തന്നെ തെലുങ്കിലേക്കും ഹിന്ദിയിലേക്കും മൊഴി മാറ്റുന്ന 'ഋതു'
ഇംഗ്ലീഷില്‍ കേട്ടാലായിരിക്കും അതിനേക്കാള്‍ ഭംഗി എന്ന് തോന്നുന്നു.


വാല്‍ക്കഷ്ണം:ലൈറ്റ് തെളിഞ്ഞപ്പോള്‍ ഉടന്‍ തന്നെ പുറത്തേക്ക് ഇറങ്ങാതെ എല്ലാവരും അഭിനേതാക്കളുടെ പേരൊക്കെ വായിച്ചു.'നിഷാന്‍ as ശരത് വര്‍മ്മ'..."ഇവന്‍ സൂപ്പറായിന് കെട്ടാ... പ്രിഥ്വിരാജിനും,ജയസൂര്യക്കും,കുഞ്ചാക്കോ ബോബനും ഒക്കെ.. പണി കിട്ടും.." എന്ന് ചിലരും,"കമ്പ്യൂട്ടര്‍ ഒക്കെ പഠിച്ചാ മതിയാരുന്നു ...ബാംഗ്ലൂരൊക്കെ നല്ല സെറ്റ്- അപ്പാടാ "എന്ന് ചില വിദ്വാന്‍മാരും അഭിപ്രായം പാസ്സാക്കുന്നത് കേട്ടു.