Friday, September 18, 2020

പറയാതെ പോയൊരാൾ ......

ഒന്നും പറയാതെ ഒരാൾ പോയിട്ട് ഇന്നേക്ക് മൂന്ന് വർഷം തികയുന്നു.ഒന്ന് ഞെട്ടി എഴുന്നേറ്റാൽ തീരുന്ന സ്വപ്നം ആയിരുന്നു എന്ന് കുറെ നാൾ വിശ്വസിപ്പിച്ചു .ചിലപ്പോൾ പല്ലുകടിച്ചും കാല്പാദങ്ങൾ പരസ്പരം ചവിട്ടിയും ദേഷ്യം തീർക്കും.നെഞ്ചിന്റെ ഇടതു ഭാഗത്തു  ഒരു ഭാരം 
ഇപ്പോഴും ഉണ്ട്ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന ദുബായ് എന്ന നഗരം ഈയിടെയായി ദുർമന്ത്രവാദ കഥയിലെ ഭൂതത്താൻ കെട്ടു പോലെ തോന്നുന്നു."ഗാങ്സ് ഓഫ് dxb "യിലെ 
ആരും ഇപ്പോൾപരസ്പരം അങ്ങനെ അധികം ചാറ്റ് 
ചെയ്യാറില്ല , മിണ്ടാറില്ല..ദൈവം എന്ന് പറയുന്ന ആൾ 
ഉണ്ടോ എന്ന് ചിലപ്പോൾആലോചിക്കുംചിലപ്പോൾ അന്ന് കരഞ്ഞ  പോലെ പുതപ്പിനടിയിൽ കിടന്നു തലയിണ 
നനയുന്നത് വരെ മുഖംഅമർത്തിക്കരയും..ഫോണിന്റെ ഗാലറി നോക്കുമ്പോൾ കണ്ണിൽ നിന്നും തനിയെ വെള്ളം ഒഴുകും ...whatsapp ചാറ്റുകളും കോൺടാക്ട് നമ്പറും അവിടെത്തന്നെയുണ്ട്..ഡിലീറ്റ് ചെയ്യാൻ പോകുമ്പോൾ
 കൈ വിരലുകൾ തനിയെ മടങ്ങി പുറകോട്ടു വരുന്നു...





കണ്ണൂർ ബസ്റ്റാൻഡ് മുതൽ കല്യാശ്ശേരി വരെയും 
തിരിച്ചും ചിലപ്പോൾ ബസ്സിൽ ഒരുമിച്ചുണ്ടാകുംഅധികം 
ഭംഗിയില്ലാത്ത കൈയക്ഷരവും ,ടെക്നിക്കൽ സ്കൂളിൽ പഠിച്ചതിനാൽ ചില പൊടിക്കൈകളും ശരാശരി 
പഠനവുമായി ക്‌ളാസ്സിലെ മധ്യഭാഗത്തായി ഇരുന്നിരുന്ന 
ഒരു പോളിടെക്‌നിക്‌ സഹപാഠി."ലജ്ജാവതിയെ " എന്ന 
പാട്ട് പോളിയിൽ ആദ്യമായി കൊണ്ടുവന്നത് ഉച്ചത്തിൽ പാടിക്കൊണ്ട് അവനായിരുന്നു.നിഖിൽ.എം നെ അങ്ങനെഞങ്ങൾ നിഖി ഗിഫ്റ്റ്  എന്ന് കളിയാക്കി 
വിളിക്കാൻ തുടങ്ങി.




ഒരു ദിവസം ക്ലാസ്സിൽ ഇരിക്കുമ്പോഴാണെന്നു തോന്നുന്നുഒരു ഫോൺ കാൾ വന്നിട്ട് അവനെവിളിച്ചുകൊണ്ടുപോയത്.പിന്നാലെ ഞങ്ങളും ചൊക്ലിയിലെ പണി നടന്നു കൊണ്ടിരുന്ന അവന്റെ വീട്ടിലേക്കുപോയി.വീടിന്റെ ടൈൽസ് പണിക്കായി മെഷീൻ ഒരുക്കുന്നതിനിടയിൽ അവന്റെ അച്ഛനെ അവനു നഷ്ടപ്പെട്ടു.എപ്പൊഴും ചിരിച്ചു കൊണ്ടിരുന്ന അവന്റെ മുഖത്തിന്റെ ഒരു ഭാഗത്തു സ്ഥായിയായ ഒരു വിഷമം 
വന്നത് അതിനു ശേഷമായിരുന്നു എന്ന് തോന്നുന്നു.
അച്ഛനെ അത്രയ്ക്ക് ഇഷ്ടമായിരുന്നു,പേഴ്സിൽ 
അച്ഛന്റെയും അമ്മയുടെയും ഒരു പഴയ ബ്ലാക്ക് ആൻഡ്
 വൈറ്റ് കല്യാണ ഫോട്ടോ എപ്പോഴും കാണുമായിരുന്നു.

 ഡിപ്ലോമ കൈയ്യിൽ കിട്ടിയപ്പോൾ വേഗം തന്നെ ജോലിക്കു കയറിയവരുടെ കൂട്ടത്തിൽ അവനും ഉണ്ടായിരുന്നു.ഞാനും കുറച്ചു പേരും എഞ്ചിനീയറിംഗ് പഠിക്കണം എന്ന് പറഞ്ഞു വേറെ വഴിക്കുംകുറച്ചുകമ്പനികളിലും പരിയാരം മെഡിക്കൽ കോളേജിലും അവൻ ജോലി ചെയ്തു.എൻജിനീയറിങ് കഴിഞ്ഞു മറ്റുവഴികൾ ഒന്നും ഇല്ലാതെ ഡിപ്രഷൻ ആയി വീട്ടിൽ ഇരിക്കുമ്പോഴാണ് പിന്നെ അവനെ കാണുന്നത്.ആദ്യമായിഞങ്ങൾ മൂകാംബികയിലേക്കു ഒരു യാത്ര പോയി .ഞാനും , അക്കിനവും പ്രനീഷും അവനും ..




ഓർമ്മയിലെ ആദ്യ മൂകാംബിക  യാത്ര..അന്ന് കുടജാദ്രിയും കയറി ..സൗപര്ണികയിൽ ഇറങ്ങി കുളിച്ചു..പിന്നീടങ്ങോട്ട് നാട്ടിൽ പോയാലൊക്കെ മൂകാംബികയിൽ പോകാനായി മനസ്സിനെ പിടിച്ചു വലിക്കുന്നത് യാത്രയിലെ തണുത്ത ഓർമ്മകളാണ് .

പകുതിക്കായിപ്പോയ വീടിന്റെ പണി,മറ്റു പ്രാരാബ്ധങ്ങൾ .. നല്ല ഒരു അവസരം വന്നപ്പോൾ അവൻ മസ്കറ്റിലേക്കുഫ്ലൈറ്റ് കയറിഎങ്കിലും ദിവസവും ഫോർവേഡ് മെയിലുകൾ അയക്കും .ഗൂഗിൾ ചാറ്റിൽ "കൂയ് " എന്ന് മെസ്സേജ്അയക്കും . ഇടയ്ക്കു വിളിക്കും .
മറ്റൊരു കൂട്ടുകാരന്റെ ചികിത്സക്കായി എറണാകുളം ലേക്ഷോർ ആശുപത്രിയിലും അതിനടുത്തു തന്നെ എടുത്ത വാടകവീട്ടിലും ഞങ്ങൾ കുറച്ചു പേർ ഒരു മാസത്തോളം മാറി മാറി താമസിച്ചു.കൂട്ടത്തിൽ പണിയൊന്നും ഇല്ലാതെ നടക്കുന്ന ഞാനും .ദിവസവും നിഖിൽ വിളിക്കും ,വിവരങ്ങൾ അന്വേഷിക്കും , പൈസ അയച്ചു തരും .. ബയോമെഡിക്കലുമായി പിണങ്ങി നിന്നിരുന്ന എന്റെ മനസ്സ് ,ആ ആശുപത്രി വാസത്തോടെ വീണ്ടുംഅടുത്തുകൊണ്ടിരിക്കുന്ന സമയം..അക്കിനത്തോട് അവൻ ഒമാനിലെ ഒരു ഒഴിവിനെപ്പറ്റി പറഞ്ഞപ്പോൾ എന്തോ അസൗകര്യം.ഒടുവിൽ എന്നോട് ചോദിച്ചു നിനക്ക് വന്നൂടെ ? "എനിക്ക് അധികം Experience ഒന്നും ഇല്ലല്ലോ"എന്ന് പറഞ്ഞപ്പോൾ "അതൊക്കെ ഉണ്ടാക്കാമെടാ ,നീ ഇങ്ങോട്ടല്ലേ വരുന്നേ ..."എന്നാണവൻ പറഞ്ഞത് .

പാസ്പോർട്ട് പോലും അതിനു ശേഷമാണ് എടുക്കുന്നത് .എല്ലാ കടലാസു പണികളും അവൻ തന്നെ ശരിയാക്കിത്തന്നു.ഒരു ജൂൺ മാസത്തിൽ അങ്ങനെ ആദ്യമായി വിമാനത്തിൽ കയറി ഒമാനിലെ മസ്കറ്റിൽഎത്തി.എയർപോർട്ടിൽ അവനും എനിക്കും എല്ലാം അവസരം കിട്ടാൻ കാരണക്കാരനായ സുകുമാർ സാറിന്റെ കൂടെ അവനും എത്തി.അടുത്ത ദിവസം തന്നെ ജോലി ചെയ്തിരുന്ന ഖൗള ഹോസ്പിറ്റലിൽ കൊണ്ടുപോയി എല്ലാഉപകരണങ്ങളെയും പരിചയപ്പെടുത്തി, പഠിപ്പിച്ചു തന്നു.അവന്റെ ജോലിത്തിരക്കൊക്കെ  മാറ്റിവെച്ചു ഓടി നടന്നു ,ഇന്റർവ്യൂവിനുചോദിക്കാൻ സാധ്യതയുള്ള ചോദ്യോത്തരങ്ങൾ എല്ലാം പറഞ്ഞു തന്നു.

നാട്ടിൽ നിന്ന് വിട്ടു നിൽക്കുന്ന വിഷമവും വീട്ടിൽ ആയിടയ്ക്കു ഉണ്ടായ ചില പ്രശ്നങ്ങളും എല്ലാം കൂടിയായപ്പോൾ ഞാൻ ആകെ പ്രശ്നത്തിൽ ആയിരുന്നു .ഒരു പക്ഷെ എന്നെ സന്തോഷിപ്പിക്കാൻ ആയിരിക്കണം ആദ്യദിവസം തന്നെ കമ്പനി ബസിൽ നിന്നു വഴിയിൽ ഇറക്കി ,മത്ര കോർണിഷും ,റിയാം പാർക്കും എല്ലാം കാണിച്ചു തന്നു ,ഫോട്ടോകൾ എടുത്തു ..







ഫോട്ടോ എടുത്തും ,യാത്രകൾ ചെയ്തും ,ഒരുമിച്ചു പാചകം ചെയ്തും ,അങ്ങനെ മൂന്നു നാല് വർഷങ്ങൾ ..സാലറി കിട്ടിയാൽ മാസത്തിൽ ഒരു ദിവസം റൂവിയിൽ ഫാന്റസി റെസ്റ്റോറന്റിൽ പോയി ഭക്ഷണം കഴിക്കും.വേണ്ട എന്ന് എത്ര നിർബന്ധിച്ചാലും മിക്കവാറും അവൻ തന്നെ ആയിരിക്കും  ബില്ല് കൊടുക്കുക. കൈകോർത്തു പിടിച്ചു റൂവിയിലെ കറക്കങ്ങൾ ,snow white ഇൽ പോയി ഷർട്ട് പരതൽ ...അറബി മാത്രം അറിയുന്ന അറബിയുടെ ടാക്സിയിൽ പേടിച്ചു വിറച്ചു തനുഫ്‌ വരെ പോയത് ..ആദ്യമായി നിസ്വ വരെ പോയത് ..മറക്കാനാവാത്ത സലാല യാത്ര ..ഒമാൻ ഡ്രൈവിംഗ് ലൈസെൻസിനായി അവൻ കുറെ കഷ്ടപ്പെട്ടു.ഒടുവിൽ അവൻ തന്നെ പരിചയപ്പെടുത്തിയ ഒരു ഉസ്താദ് തന്നെ എനിക്കും ഉസ്താദായി.പലപ്പോഴും ഷോപ്പിങ്ങിനു പോയാൽ selection അവനു വിടും.മറ്റുള്ളവർക്ക് കണ്ണ് കടിയെന്നു ചിലപ്പോൾ തോന്നുമെങ്കിലും അവന്റെ അതെ ടൈറ്റാൻ വാച്ച് തന്നെയാണ് ഞാൻ ആദ്യം വാങ്ങിയത്..അത് പോലെ തന്നെ സോണി എറിക്സൺ ഫോണും ..CAT ന്റെ ഷൂവും ..ലാപ്ടോപ്പും ...





ജീവിത യാത്രയിൽ അവൻ ദുബായിലെത്തി .ദുബായിലെ മെഡിക്ലിനിക്കിൽ ജോലി.ഒമാനിലേക്കാളും ജീവിത സൗകര്യവും തിരക്കും ഉണ്ടായിരുന്നെങ്കിലും ഞങ്ങളെ ആരെയും മറന്നില്ല.നല്ല ജോലി നോക്കാൻ ഉപദേശിക്കും.U.A.E യിലേക്ക് ഒരവസരം വന്നപ്പോൾ അതിയായ ആവേശത്തോടെ സ്വീകരിച്ചതിനു പിന്നിൽ ദുബായിൽ അവനുണ്ടല്ലോ എന്ന ആശ്വാസമായിരുന്നു .






നല്ല പിരിമുറക്കവും മാനസിക സംഘർഷവും ഉണ്ടായിരുന്ന അബുദാബിയിലെ ആദ്യനാളുകളിൽ വ്യാഴാഴ്ച വരാൻ എണ്ണിയെണ്ണി കാത്തിരിക്കും.അഞ്ചു മണിക്ക് "ഔട്ട് "പഞ്ചു ചെയ്തു കഴിഞ്ഞാൽ ഓടും , കള്ള ടാക്സി പിടിച്ചു നേരെ ദുബായിലേക്ക് ..ഖിസൈസിലെ , എയർ പോർട്ട് ഫ്രീ സോൺ മെട്രോ സ്റ്റേഷനു  അടുത്തു അൽ ജാബ്രി എ ബ്ലോക്ക് ..റൂം No :105 .അതായിരുന്നു ഞങ്ങളുടെ ലോകം ..നിഖിൽ , വികേഷ് ,ദിവേഷ് ,വിനിൽ പിന്നെ ഞാനും ഇടയ്ക്കു വരുന്ന ഷിജുവും ....റൂമിൽ എത്തിയാൽ  കണ്ണ് നേരെ ടേബിളിലേക്ക് ആണ് പോകുക നാട്ടിൽ നിന്ന് നിഖിലിന്റെ വീട്ടിൽ നിന്നും മൂത്തമ്മയും ഒക്കെ കൊടുത്തുവിട്ട പലഹാരങ്ങൾ ടേബിളിൽ കാണും.വികേഷ് അപ്പോഴേക്കും ചായ ഉണ്ടാക്കും.ചായ തയ്യാറായാൽ നിഖിൽ ,സ്പെഷ്യൽ കേക്ക് പുറത്തെടുക്കും .മധുരമുള്ള വലിയ കേക്ക് അവനു ഭയങ്കര ഇഷ്ടമായിരുന്നു .രാത്രി മിക്കവാറും പുറത്തിറങ്ങും ,സിലോൺ ,സൽക്കാര ,നോട്ട്ബുക്ക് ,പാനൂർ ഇവിടങ്ങളിൽ എവിടെയെങ്കിലും ആയിരിക്കും ഭക്ഷണം .ഭക്ഷണം കഴിഞ്ഞു റോഡരികിലൂടെ വർത്തമാനം പറഞ്ഞു നടക്കും. ചിലപ്പോൾ അൽ നാദ - സ്റ്റേഡിയം മുതൽ റൂം വരെ മെല്ലെ മെല്ലെ നടന്നു വരും..സ്വപ്നങ്ങൾ ...ആഗ്രഹങ്ങൾ ...ഇഷ്ടങ്ങൾ ....വിഷമങ്ങൾ ...പരസ്പരം പങ്കുവെക്കും ...സ്വന്തമായി ഒരു വീട് , കുടുംബം , കുട്ടികൾ .. എന്തായാലും നമ്മൾ പിരിയില്ല എന്ന് ചട്ടം കെട്ടി..അങ്ങനെ “Gangs ഓഫ് DXB” 
ഉണ്ടായി.






വ്യാഴം , വെള്ളി ,ശനി കഴിഞ്ഞു ഞായറാഴ്ച രാവിലെയാണ് അബുദാബിയിലേക്ക് മടങ്ങുക .പ്രോജെക്ടറിൽ സിനിമ കണ്ടും ,വർത്തമാനം പറഞ്ഞും വ്യഴാഴ്ച  നേരം വെളുപ്പിക്കും.എനിക്ക് ഉടുക്കാനായി മുണ്ടും , പുതക്കാൻ പുതപ്പും എല്ലാം അവൻ അലക്കി എടുത്തു വെക്കും .കട്ടിലുകൾ കൂട്ടിയിട്ടു ഒരുമിച്ചാണ് ഞങ്ങൾ കിടക്കുക.കൊച്ചു കുട്ടികളെ പോലെ കിടക്കയിൽ കിടന്നു അടിയുണ്ടാക്കാൻ ആള് മിടുക്കനാണ്.

വെള്ളിയും ശനിയും ദുബായിൽ കറങ്ങാൻ പ്ലാൻ ഉണ്ടാക്കും .അങ്ങനെ ഓരോ സ്ഥലങ്ങളും കണ്ടു..ചിലപ്പോൾ vox ൽ സിനിമ ,വെള്ളിയാഴ്ച വൈകി എഴുന്നേറ്റാൽ പ്രാതലും ഉച്ചയൂണും എല്ലാം പാർസൽ വാങ്ങും.ദുബായിലെ എന്റെ ചിലവ് മിക്കവാറും അവനാണ് എടുക്കുക.കണക്കു പറഞ്ഞു കൊടുത്താലും വാങ്ങില്ല.നിനക്ക് ഇങ്ങോട്ടു വരാൻ ചിലവില്ലേ ..സാലറിയൊക്കെ കുറച്ചല്ലേ ഉള്ളൂ എന്ന് പറയും.






വികേഷ് ആദ്യം കുടുംബസ്ഥനായി , പിന്നാലെ വിനിലും ..നിഖിലിന് വേണ്ടി ബന്ധുക്കൾ തകൃതിയായി ആലോചന നടത്തി .അവസാനം നല്ലൊരു കൂട്ട് തന്നെ കിട്ടി.അധികം പെൺകുട്ടികളോട് ഒന്നും ആ രീതിയിൽ സംസാരിച്ചു ശീലം ഇല്ലാതിരുന്ന അവനു ഫോൺ വിളിക്കാൻ ഭയങ്കര നാണമായിരുന്നു.വേണമെങ്കിൽ കോച്ചിങ് തരാം എന്ന് ദിവേഷ് പറയുമായിരുന്നു.ഒരു ഡിസംബർ അവസാനം കല്യാണം കഴിഞ്ഞു .ജനുവരി അവസാനം ലീവ് കഴിഞ്ഞു തിരിച്ചു ദുബായിൽ എത്തി .അതേ മാർച്ചിൽ എനിക്കും ഒരാളെ കൂട്ടായി കിട്ടി."ഓഗസ്റ്റിൽ എന്തായാലും നാട്ടിൽ ഉണ്ടാകും കല്യാണം അപ്പോൾ നടത്തിയാൽ മതി "എന്ന് അവൻ പറഞ്ഞു.ഷിജുവിന്റെ കല്യാണവും ഓഗസ്റ്റ് മാസം ഒരേ തീയതിയിൽ ഉറപ്പിച്ചു." നമുക്ക്  മൂന്നാൾക്കും ഒരുമിച്ചു ഹണി മൂണിന് പോകാമെടാ ..എന്റെ ഹണി മൂൺ പെൻഡിങ്ങിൽ ഉണ്ട് ..." അങ്ങനെ ഓഗസ്റ്റ് മാസത്തിൽ നാട്ടിലേക്കു പോകാൻ തീരുമാനിച്ചു.

വിനിൽ ജോലി മാറി നാട്ടിലേക്ക് പോയി .വികേഷ് ഭാര്യയെയും കുട്ടിയേയും ദുബായിലേക്ക് കൂട്ടിക്കൊണ്ടുവരാൻ തീരുമാനിച്ചു ,ഒപ്പം ഭാര്യമാരെ കൊണ്ടുവരാൻ ഞാനും നിഖിലും ..നാട്ടിൽ പോകുന്നതിനു മുമ്പേ തന്നെ ഏതോ ഒരു പാകിസ്താനിയിൽ നിന്നും ഒരു നിസ്സാൻ സെൻട്ര നിഖിൽ വാങ്ങി.ഇനി ഒരു റൂം വേണം .അവസാനം ചുരുങ്ങിയ വാടകയിൽ ഒരു റൂം എടുത്തു അഡ്വാൻസും കൊടുത്തു.അല്ലറ ചില്ലറ വീട്ടു സാധനങ്ങളും വാങ്ങി.

നാട്ടിൽ എത്തിയപ്പോൾ എന്നും ചൊക്ലിയിൽ നിന്നും കണ്ണൂര് വരും ."വാ എവിടെങ്കിലും കറങ്ങാൻ പോകാം "എന്നും പറഞ്ഞു കൊണ്ട് .അഞ്ജുവും ഞാനും നിഖിലും ഭാര്യയും അങ്ങനെ കുറച്ചു സ്ഥലത്തൊക്കെ പോയി.വികേഷിന്റെ കുട്ടിയെ കാണാൻ ഒരു ദിവസം പോയി..ചെറിയ സമ്മാനങ്ങളുമായി ...ചില ദിവസങ്ങളിൽ ഷിജുവും ഭാര്യയും ആയിരിക്കും അവരുടെ കൂടെ..കാത്തിരുന്ന ഹണിമൂൺ യാത്ര അങ്ങനെ വന്നെത്തി.പോകുന്ന വഴി രാത്രിയിൽ നിഖിലിന്റെ വീട്ടിൽ ചെറിയ സൽക്കാരം..ഗുരുവായൂർ വഴി മൂന്നാറിലേക്ക്....കളിച്ചും  ചിരിച്ചും എല്ലാവരും സന്തോഷിച്ച ദിവസങ്ങൾ .ഒരു വെള്ളച്ചാട്ടത്തിനു അടുത്തു എത്തിയപ്പോൾ അവൻ എല്ലാവരെയും നിർത്തി ഗ്രൂപ്പ് ഫോട്ടോ എടുപ്പിച്ചു.കുന്നും മലയും എല്ലാം മുന്നിൽ ഓടിക്കയറി..ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത നിമിഷങ്ങൾ ....രണ്ടു മൂന്നു ദിവസങ്ങൾക്കു ശേഷം , ജീവിതത്തിൽ ഏറ്റവും മറക്കാൻ ആഗ്രഹിക്കുന്ന നിമിഷങ്ങളായി മാറി.






മൂന്നാർ യാത്ര കഴിഞ്ഞു മൂന്നു ദമ്പതിമാരും മൂന്ന് വഴിക്കു പിരിഞ്ഞു.ഞാൻ അഞ്ജുവിന്റെ പഠനസംബന്ധമായ ചിലകാര്യങ്ങൾക്കും അല്പം കറക്കത്തിനുമായി ബംഗളരുവിലേക്കു പോയി.കൊലാർ ,കോടിലിങ്കേശ്വര ക്ഷേത്രത്തിൽ നിന്നും വൈകുന്നേരം മടങ്ങുന്നതിനിടയിൽ നിഖിലിന്റെ ഏട്ടന്റെ ഒരു മിസ്സ്‌ കാൾ.ഫോണിൽ മാപ്പ് ഇട്ടിരിക്കുകയായിരുന്നു.മാപ്പ് മാറ്റി തിരിച്ചു വിളിച്ചു."നിഖില് പോയെടാ "എന്ന് പറഞ്ഞു.
"നാളെയല്ലേ ടിക്കറ്റ് ?ഫ്ലൈറ്റ് നേരത്തെയാക്കിയോ ?"എന്ന് സംശയത്തോടെ തിരിച്ചു  ചോദിച്ചു.

ഒന്നും പറയായതെ അവൻ പോയി .പിന്നെ നടന്നത് എല്ലാം യാന്ത്രികമായിരുന്നു.ബംഗളരുവിൽ നിന്ന് അപ്പോൾ തന്നെ കിട്ടിയ ബസ്സിൽ കയറി എങ്ങനെയോ കണ്ണൂരിലെത്തി.ആരൊക്കെയോ വിളിച്ചു ..എന്തൊക്കെയോ പറഞ്ഞു..കുറെ കരഞ്ഞു....
വീട്ടിലെ  മണ്ണിൽ എരിഞ്ഞടങ്ങുമ്പോൾ നമ്മൾ കാത്തുവെച്ചതും പറഞ്ഞുവെച്ചതുമായ ഒരു പാട്‌ സ്വപ്നങ്ങൾ എരിഞ്ഞു തീർന്നു.ചില പേപ്പറുകൾ നോക്കാൻ അവന്റെ റൂമിൽ കയറിയപ്പോൾ നാളെ ദുബായിലേക്ക് പോകാനായി പായ്ക്കു ചെയ്ത വീട്ടുസാധനങ്ങൾ ..ഒരു പുതിയ ജീവിതം തുടങ്ങും മുമ്പേ അവിടെ അവസാനിച്ചു.
എയർലൈൻസിനെ വിളിച്ചു ടിക്കറ്റ് റദ്ദാക്കി.മരണ സർട്ടിഫിക്കറ്റിനായി അപേക്ഷ കൊടുത്തു.എല്ലാം തകർന്നിരിക്കുകയായിരുന്നു അവന്റെ ഏട്ടൻ.ദുബായിലെ കീഴ് വഴക്കങ്ങൾക്കായ്‌ പലതും വേണ്ടി വന്നു.ആശിച്ചു അവൻ വാങ്ങിയ കാർ പല നൂലാമാലകളും കഴിഞ്ഞു വളരെ ചെറിയ തുകയ്ക്ക് വിൽക്കാൻ പറ്റി.അവന്റെ മണമുള്ള തുണികളും സാധനങ്ങളും എല്ലാം പൊറുക്കി കൂട്ടി കാർഗോയിൽ അയച്ചു.അൽ ജാബ്രിയിലെ ആ മുറിയിൽ കയറാൻ പിന്നെ വല്ലാത്ത വീർപ്പുമുട്ടലായിരുന്നു.

വികേഷിന്റെ മോൾക്ക് മൂന്ന് വയസ്സ് കഴിഞ്ഞു.വിനിലിനും എനിക്കും പെൺകുട്ടികൾ ...ഷിജുവിന് ആൺകുട്ടി.ദിവേഷിൻറെ കല്യാണം കഴിഞ്ഞു.നിഖിലിന്റെ ഏട്ടനു രണ്ടു കുട്ടികൾ നിഖാതും നിഖയും ..ഏട്ടൻ അവനെ വിളിച്ച പോലെ "നിക്കു " എന്ന് വിളിക്കാമല്ലോ..

ഒരു പക്ഷെ ഞാൻ ഇന്നിവിടെ ഇങ്ങനെയാവാൻ കാരണക്കാരനായ ഒരാൾ ....എത്ര മറക്കാൻ ശ്രമിച്ചാലും എന്നും ഓരോ സ്വപ്നത്തിലും പറയാതെ വരും ...ഒരു വാക്കു പോലും പറയാതെ ..ഒന്നും പറയാനാകാതെ ... പോയ ആ ഒരേ ഒരാൾ ...