Tuesday, October 14, 2008
സര്‍ക്കസ്സ് ..സര്‍ക്കസ്സ് ..!
"പോലീസ് മൈതാനിയില്‍ ഗ്രേറ്റ് ഭാരത് സര്‍ക്കസ് ...വരുവിന്‍..കാണുവിന്‍....പ്രിയപ്പെട്ട നാട്ടുകാരെ..."സ്കൂള്‍ ഗ്രൗണ്ടില്‍ ഓടിത്തിമിര്‍ത്തു കൊണ്ടിരിക്കുമ്പോഴായിരിക്കും,റോഡിലാകെ നോട്ടീസും വിതറിക്കൊണ്ട് കോളാമ്പി മൈക്ക് കെട്ടിയ ആ ജീപ്പ് പോകുന്നത്.നോട്ടീസ് പെറുക്കാന്‍ വേണ്ടി പിന്നെ റോഡിലേക്ക് ഓട്ടമത്സരമാണ് .ഓടി അവിടെ എത്തുമ്പോഴേക്കും ഹേമന്തും ,ശരത്തും ,ഇംത്യാസുമൊക്കെ രണ്ടുമൂന്നെണ്ണം ട്രൌസറിന്റെ കീശയിലാക്കിക്കാണും .ങ് ഹാ..അങ്ങനെ വിട്ടാ പറ്റുമോ?ജീപ്പിന്റെ പിറകെ ഓടും.. നോട്ടീസ് കിട്ടുന്നത് വരെ ....
അതി മനോഹരമായ ആ നോട്ടീസില്‍ നിറയെ ചിത്രങ്ങളായിരിക്കും .ബോള്‍ കളിക്കുന്ന ആന ,സൈക്കിള്‍ ഓടിക്കുന്ന തത്ത,കയറിലൂടെ നടക്കുന്ന കരിമ്പുലി ,തീയിലൂടെ ചാടുന്ന സിംഹം,കോമാളി ...അങ്ങനെയങ്ങനെ..നോട്ടീസ് ഭദ്രമായി മടക്കി പുസ്തകത്തിനുള്ളില്‍ വച്ച് വീട്ടിലേക്ക് കൊണ്ടുവരും .രാത്രി അച്ഛന് വന്നാല്‍ കാര്യം അവതരിപ്പിക്കും ."നാളെത്തന്നെ പോണം നാളെത്തന്നെ പോണം " എന്ന് ഞാന്‍ വാശി പിടിക്കുന്നത് അല്ലാതെ അച്ഛന് ഒരക്ഷരം മിണ്ടില്ല.അടുത്ത ദിവസങ്ങളില്‍ ക്ലാസ്സില്‍ മുഴുവന്‍ സര്‍ക്കസ് വര്‍ണന ആയിരിക്കും."എടാ പ്രാര്‍ത്ഥിക്കുന്ന ആനയുണ്ട്..മരണക്കിണറില്‍ ബൈക്ക് ഓടിക്കും..പറക്കുന്ന ജീപ്പുണ്ട് .."എന്നൊക്കെ പറയുക മാത്രമല്ല ,ബെഞ്ചിന്റെ മുകളില്‍ കയറി നിന്നു വന്‍ സര്‍ക്കസ്സും കാണിക്കും ചില വിരുതന്മാര്.
രാത്രി വീടിന്റെ മുറ്റത്ത് നിന്നാല്‍ ആകാശത്ത് സര്‍ക്കസ്സിന്റെ ലൈറ്റ് കാണാം.മരങ്ങള്‍ക്കിടയിലൂടെ നോക്കിയാല്‍ ആ വെള്ളി വെളിച്ചം ടാറ്റ പറയുന്നുണ്ടാവും .ദിവസവും മുറ്റത്തിറങ്ങി നോക്കും ..സര്‍ക്കസ്സ് പോയോ ഇല്ലയോ എന്ന് അറിയാല്ലോ.. ഓരോ ദിവസം കഴിയും തോറും എന്റെ നിലവിളി കൂടി കൂടിക്കൂടി വരും എന്നല്ലാതെ പിശുക്കനായ അച്ഛന് യതൊരു കുലുക്കവും ഇല്ല.അങ്ങനെയിരിക്കെ ഒരു ദിവസം അച്ഛന് സര്‍ക്കസ്സ് കാണാനുള്ള ഒരു ഫാമിലി പാസ്സ് കിട്ടി .എന്റെ പരമ ഭാഗ്യം..!
കുടിക്കാന്‍ വെള്ളവും ,നാരങ്ങയും ,ഇഞ്ചി മുട്ടായിയുമൊക്കെ എടുത്ത് അങ്ങനെ സര്‍ക്കസ്സ് കൂടാരത്തിലേക്ക് ..പോലീസ് മൈതാനത്ത് ആദ്യം കണ്ടത് മരുഭൂമിയിലെ ഒട്ടകത്തെ..പിന്നെ കുതിര,ആന,കഴുത,സീബ്ര..മുന്പില് കസേരയില്‍ത്തന്നെ ഇരുന്നു..ആദ്യം ട്രിപ്പീസായിരിന്നു,ടെന്റിന്റെ ഏറ്റവും മുകളില്‍ കെട്ടിയ കയറുകളില്‍ നിന്ന് അങ്ങോട്ടും ഇങ്ങോട്ടും ചാടുന്നത് ശ്വാസം അടക്കിപ്പിടിച്ചാണ് കണ്ടത്..അതിനിടയില്‍ ഒരു കോമാളി താഴേക്ക് എടുത്തു ചാടി .പാന്റും ഊരി വലയില്‍ വീണത് കൊണ്ടാണ് പാവം രക്ഷപ്പെട്ടത്.മാര്‍ച്ച് പാസ്റ്റില്‍ കൊടിയും പിടിച്ച് പക്ഷികളും ,പട്ടികളും ,ആനയുടെ തുമ്പിക്കൈയ്യില്‍ ഇരുന്ന് ഒരു പെണ്‍കുട്ടിയും..!ഭസ്മക്കുറിയൊക്കെ തൊട്ട് ഒരു കട്ടിയാന,ബോള്‍ കളിക്കുന്നു..പിറകെ വാലും പിടിച്ച് ഒരു ചിമ്പാന്‍സിയും..കൈയ്യടികളുടെ ബഹളത്തിനു ഇടയില്‍ ദാ വരുന്നു മലക്കുത്തം മറിഞ്ഞു ഒരു കരടി .. രണ്ട് കുള്ളന്‍ കോമാളിമാര്‍ ഒരു കുട്ടിസൈക്കിളിനായി അടിപിടി കൂടുന്നു... അവസാനം സൈക്കിളും പൊട്ടിച്ച് രണ്ടും, ടയറില്‍ വട്ടം കറങ്ങുന്നു.സാഹസിക പ്രകടനങ്ങളും, മാജിക്കും എല്ലാം കണ്ട് മണിക്കൂറുകള്‍ പോയതറിഞ്ഞില്ല.അവസാനം,നമ്മള് ഇരിക്കുന്നതിനു മുമ്പിലായി ചുറ്റും കമ്പികള്‍ കൊണ്ട് വലിയ കൂട് ഉണ്ടാക്കി..പുലിയെ തുറന്നു വിടാന്‍ ആണ് കൂട് ഉണ്ടാക്കുന്നത്..അതാ ഒരു വലിയ കൂട് അങ്ങോട്ട തള്ളി കൊണ്ടുവന്നു..അതില്‍ നിന്നും പുലികളും കടുവകളും പുറത്തിറങ്ങി..ചാട്ടവാറുമായി ഒരാള്‍ കൂട്ടിനുള്ളില്‍..!പുലികളെ അയാള്‍ സ്ടൂളില്‍ കയറ്റി ഇരുത്തി. അതിനിടയില്‍ രണ്ട് സിംഹങ്ങളും കൂട്ടിലേക്ക് വന്നു.തീ പിടിപ്പിച്ച വളയത്തിനു ഉള്ളിലൂടെ അവ ചാടുകയാണ്.പരസ്പരം അടികൂടാന് തുടങ്ങിയ രണ്ട് കടുവകള്‍ക്ക് ചാട്ട കൊണ്ട് നല്ല അടി കിട്ടി .അലറിക്കൊണ്ട് എല്ലാം കൂട്ടിലേക്ക് തിരിച്ചു പോയതോടെ സര്‍ക്കസ്സ് കഴിഞ്ഞു ..രണ്ടു രൂപ കൊടുത്ത് സ്കൂളില്‍ നിന്ന് വീണ്ടും ഇതേ സര്ക്കസ്സിനു പോയി..അന്ന് ഗാലറിയില്‍ ഇരുന്ന് കണ്ടതിനാല്‍ പേടി അല്പം കുറവായിരുന്നു.
ഇതാ..വീണ്ടും പോലീസ് മൈതാനത്ത് സര്‍ക്കസ്സ് എത്തിയിരിക്കുകയാണ്.'കാന്‍ഡി മാന്‍ ജമിനി സര്‍ക്കസ്സ്..'നിയമങ്ങള്‍ പിടിമുറുക്കിയപ്പോള്‍ പുലിയും ,സിംഹവും ഒന്നും ഇല്ല ,ചാട്ടയുടെ അടി കൊള്ളാന്‍ ..20-20 കളിക്കുന്ന ആനയും ,ഡോക്ടര്‍ ആനയും ,ഫുട്ബോള്‍ കളിയ്ക്കാന്‍ ബോക്സര്‍ നായ്ക്കളും..കൂട്ടിനു സുന്ദരിമാരുടെ നൃത്തങ്ങളും.കോളാമ്പി മൈക്കുമായി ജീപ്പ് നാടുചുറ്റുന്നില്ല ..പകരം FM റേഡിയോകള്‍ നാടെങ്ങും വിളിച്ചറിയിക്കുന്നു...സര്‍ക്കസ്സിനെ സ്നേഹിക്കുന്ന കോലത്തുനാട്ടിലെ ജനങ്ങള്‍ വീണ്ടും വിസ്മയങ്ങളുടെ കൂടാരത്തിലേക്ക് ...
Subscribe to:
Post Comments (Atom)
27 comments:
നന്നായിട്ടുണ്ട്.
:)
നന്നായിരിക്കുന്നു
Good Memories
ഈ പോസ്റ്റ് വളരെ നന്നായിരിക്കുന്നു...
തീര്‍ച്ചയായും കോലത്ത്നാട്ടിലേക്ക് ഇനിയും വരാം.
നന്നായിരിക്കുന്നു.
പിന്നെ കാലത്തിനൊത്ത് കോലം മാറാതെ പറ്റുമോ?
കലക്കന്‍, ചങ്ങാതി :)
ഈ ചെറിയ മനോഹരങ്ങളായ വരകള്‍ ആരുട്യാ ?
സര്‍ക്കസ് പണ്ടൊക്കെ നാട്ടില്‍ വരുമ്പോള്‍ എന്തായിരുന്നു എല്ലാവരുടെയും ഉത്സാഹം!
സിനിമായ്ക്ക് കോണ്ടു പോകുന്നത് വല്ല കാലത്തും പക്ഷെ, സര്‍ക്കസ് എല്ലാവര്‍ഷവും കണ്ടിരുന്നു,എറ്റവും ഒടുവില്‍ സര്‍ക്കസ് കണ്ടപ്പോള്‍ ട്രപ്പീസിയത്തില്‍ പ്രകടനം കാണിച്ച ഒരാള്‍ വന്നു താഴെ വീണു
ഞങ്ങളുടെ ഇരിപ്പിടത്തിനു മുന്നില്‍ രക്തത്തില്‍ കുളിച്ച് അതു ഇന്നും മറക്കാന്‍ പറ്റിയിട്ടില്ലാ,
പിന്നെ ഞാന്‍ പോകതായി ..ഇന്ന് ഇതു വായിച്ചപ്പോള്‍ സര്‍ക്കസ് കൂടാരത്തില്‍ എത്തിയപോലെ ..
നല്ല രചന.
നല്ല ചിത്രങ്ങള്‍.
ആശംസളോടെ മാണിക്യം ....
ഓര്‍മ്മകള്‍ വരച്ച ചിത്രങ്ങള്‍ പോലെ തന്നെ മനോഹരം .... തുടരു
നന്നായിരിക്കുന്നു
ഒരുപാടു ഓര്‍മ്മകള്‍ ഉണര്‍ത്തിയ പോസ്റ്റ്... എനിക്ക് ഈ പറഞ്ഞ സര്‍ക്കസ് എന്തുകൊണ്ടോ,ഒട്ടും ഇഷ്ടപ്പെട്ടിട്ടില്ല.സര്‍ക്കസ് ഒന്നോ,രണ്ടോ തവണയെ കണ്ട ഓര്‍മ്മ ഉള്ളൂ..അതില്‍ തന്നെ ഭയമാണ് കൂടുതല്‍ തോന്നിയിട്ടുള്ളത്...
ഈ പോസ്റ്റ് ഒരുപാടു ഇഷ്ടപ്പെട്ടു.
ഓര്‍മ്മകളിലെ സര്‍ക്കസ് കാഴ്ചകള്‍ നന്നായി.
ആരുടെ വരായ ഇതൊക്കെ, ആദര്‍ശ് വരച്ചതാണൊ? അടീ പൊളിയായിരിക്കുന്നു..:)
കോലത്ത്നാടിന്ന് കടത്തനാടിന്റെ ആശംസകൾ
ഓര്മ്മകളുണര്ത്തിയ പോസ്റ്റ്.
നല്ല പൊസ്റ്റ്! വിശദമായി എഴുതിയിരിക്കുന്നു,
ഇനിയും വരാം.
സര്‍ക്കസ്സ് കന്നുര്ക്കാരുടെ രക്തത്തില്‍ അലിഞ്ഞു ചേര്്നത
സര്‍ക്കസിന്റെ ഓര്മ ഇല്ലാത്ത ഒരു കന്നുര്കാര്നും ഉണ്ടാവില്ല
സര്‍ക്കസ് കാണാന്‍ കോലത്ത് നാട്ടിലേക്ക് വരാന്‍ പ്ലാന്‍ ചെയ്യുന്നു.
മനോരമ വിഷനില്‍ ദേ സിനിമാ വണ്ടി വരുന്നേ സിനിമാ വണ്ടി വരുന്നേ എന്നൊരു പരസ്യം ഉണ്ട്. ആ പരസ്യം ശരിക്കും ഒരു ഓര്‍മ്മ പുതുക്കലായിരുന്നു...അതു പോലെ ആദര്‍ശിന്റെ സര്‍ക്കസ്സ് വണ്ടിയും....
ഞാന്‍ ചെവി കൂര്‍പ്പിച്ചിരിക്കുന്നു...സര്‍ക്കസ്സ് വണ്ടി വന്നേ എന്ന ശബ്ദം കേള്‍ക്കാന്‍.
സസ്നേഹം.
പഴമ്പുരാണംസ്
പണ്ട് എന്റെ വീടിന്റെ അടുത്തും ഒരു രാജാ സർക്കസ് വന്നിരുന്നു. ഒരു മാസത്തോളം ഞങ്ങളുടെ നാട്ടിൽ സർക്ക്സ്സ് നടത്തി അവർ പിരിഞ്ഞ് പോകുമ്പോൾ കുട്ടികളായ ഞങ്ങൾക്ക് ഒരുപാട് സങ്കടമായിരുന്നു. ഈ പോസ്റ്റ് മറന്ന് തുടങ്ങിയ ചില മുഖങ്ങളെ ഒന്നുകൂടി പൊടിതട്ടിയെടുക്കാൻ സഹായിച്ചു. നന്ദി.
എഴുത്തും പടങ്ങളും ഇഷ്ടായി.
കോലത്തുനാട്ടില്‍ വന്ന് സര്‍ക്കസ്സ് കണ്ട ..
ഉഗ്രന്‍,സരിജ,അരീക്കോടന്‍ മാഷ് ,
കുറ്റ്യാടിക്കാരന്‍ ,അനില്‍ ഭായ് ,കാര്‍ട്ടൂണിസ്റ്റ് ,
മാണിക്യം ചേച്ചി ,നവരുചിയന്‍ ,ഫസല്‍ ,
സ്മിത ചേച്ചി ,ശ്രീ ,യാരിദ് ,കടത്തനാടന്‍ ,കൃഷ് ചേട്ടന് ,
മാളു ,my dreams,സെനുവേട്ടന് ,നരിക്കുന്നന്‍ ,
മുസാഫിര്‍ ,
എല്ലാവര്ക്കും നന്ദി ...ആദ്യമായി കോലത്തുനാട്ടില്‍ വന്നവര്‍ക്ക് ഊഷ്മളമായ സ്വാഗതം..ഇനിയും വരണം ...പിന്നെ പടങ്ങളൊക്കെ ഞാന്‍ തന്നെ വരച്ചതാ കെട്ടോ.അപ്പൊ ..ഫ്രീ പാസ്സ് കിട്ടിയും അല്ലാതെയും സര്‍ക്കസ്സ് കാണാന്‍ വന്ന എല്ലാവര്ക്കും വരാത്തവര്‍ക്കും ഒരിക്കല്‍ക്കൂടി നന്ദി ...
എനിക്കെന്തോ ഈ സര്‍ക്കസ് തീരെ ഇഷ്ടമല്ല....
കൊള്ളാം കേട്ടോ ഈ ഓര്‍മ്മകള്‍
എന്തേ.. സര്‍ക്കസ്സ് കാണാന്‍ നല്ല രസമല്ലേ പിരീ? പിന്നെ കോലത്തുനാട്ടില്‍ വന്നതില്‍ സന്തോഷം കേട്ടോ ..
ചാത്തനേറ്: ചിത്രങ്ങള്‍ പോസ്റ്റിനു മിഴിവേകുന്നു. ഇനിയും എഴുതൂ -- മറ്റൊരു കോലത്തു നാട്ടുകാരന്
കോലത്ത്നാടിന്റെ സചിത്ര വിവരണം കലക്കനാണല്ലോ!
മരണക്കിണരും ട്രിപ്പീസും കൌതുകം പകര്‍ന്നിരുന്നു.മൃഗങ്ങളെ കൊണ്ടുല്ല അഭ്യാസങ്ങല്‍ കാണുമ്പോല്‍ നേരിയ വേദനയായിരുന്നു.
കാറിനുപിന്നാലെ ധാരാളം ഓടിയിട്ടുണ്ട് ഞാനും. സിനിമാ നോട്ടീസിനു വേണ്ടിയായിരുന്നു എന്നുമാത്രം.ടിവി യിലെ ചാനലുകള്‍ കാണുന്ന ഇന്നത്തെ കുട്ടികള്‍ക്ക് സര്‍ക്കസ്സില്‍ താല്പര്യമുണ്ടോ ആവോ?..
വര ഇനിയും ധാരാളം ഉള്‍പ്പെടുത്തുക .അതു നല്ല ഒരു ഭാവം തരുന്നു
ചാത്തോ..,
നമ്മളെ നാട്ടുകാരനാണല്ലേ? പരിചയപ്പെട്ടതില്‍ സന്തോഷം ..എടക്ക് വരണം കേട്ടോ ...
ചിത്രകാരന് മാഷേ.., നന്ദി..
മേഘമല്‍ഹാര്‍ ഭായ് ...,
മലബാറില്‍ സര്ക്കസ്സിനു ഇപ്പോഴും നല്ല ജനപ്രീതി ഉണ്ട്..അവസാന ദിവസങ്ങളിലൊക്കെ സ്ത്രീകളുടെയും കുട്ടികളുടെയും തിരക്ക് കാണാമായിരുന്നു..
കോലത്തു നാട്ടിലേക്ക് വന്നതിനു നന്ദി കെട്ടോ...
Post a Comment