Wednesday, October 01, 2008

നവരാത്രി ദീപങ്ങള്‍....

ചേവായൂരിലെ ഒരു വീട്ടില്‍ ഒരുക്കിയ ബൊമ്മക്കൊലുവിന്റെ ചിത്രത്തിന് അടിക്കുറിപ്പായി 'നവരാത്രി ആഘോഷങ്ങള്‍ ഇന്നു തുടങ്ങുന്നു..'എന്ന് മാതൃഭൂമിയുടെ ഒന്നാം പേജില്‍ കണ്ടപ്പോഴാണ് ,' നവരാത്രി തുടങ്ങിയോ' എന്ന് ഓര്‍ത്തത്‌ .പണ്ടൊക്കെ ഒരുപാടു കാത്തിരിക്കുമായിരുന്നു, നവരാത്രിക്കാലത്തെ..പണ്ടെന്നു പറഞ്ഞാല്‍ ഓര്മ്മ വെച്ച നാള്‍ മുതല്‍..കലണ്ടറില്‍ വിജയദശമി എന്നാണെന്ന് നോക്കി പിറകോട്ട് ഒമ്പത് ,എട്ട് ,ഏഴ്..എന്ന് എണ്ണും..വ്രതം എന്നാണ് തുടങ്ങേണ്ടത് എന്നറിയാന്‍..പ്രതിപദം തൊട്ട് നവമി വരെ ഒമ്പത് ദിവസം മീനും ,മുട്ടയും ,ഇറച്ചിയും ഒന്നും കഴിക്കാതെ നവരാത്രി വ്രതം .പുലര്‍ച്ചയ്ക്ക് തന്നെ വല്യമ്മ വിളിച്ചുണര്‍ത്തും.പല്ലു തേച്ച് കാപ്പിപോലും കുടിക്കാതെ തണുത്ത വെള്ളത്തില്‍ കിണറ്റിന്റെ കരയില്‍ നിന്നു തന്നെ കുളിച്ച് ,കുപ്പായമിട്ട് ഏറേത്ത് ഇരിക്കും .ഇത്തിരി വെളിച്ചം വന്നു തുടങ്ങുമ്പോഴേക്കും എല്ലാവരും എത്തും.പറമ്പും,കണ്ടിയും,ഇടവഴികളും കടന്നു ,വയല്‍ വരമ്പിലൂടെ നമ്മള്‍ എഴെട്ട് പേരടങ്ങുന്ന സംഘം അങ്ങനെ പോകും.
കവിളില്‍
മഞ്ഞു തുള്ളികള്‍ വീണ പുല്‍നാമ്പുകള്‍ നോക്കി ചിരിക്കുന്നുണ്ടാകും..'ചില്‍ ചില്‍ 'ശബ്ദം ഉണ്ടാക്കി ചെറു കിളികളും ഞങ്ങളുടെ കൂടെ തന്നെയുണ്ടാകും .ചിറയുടെ കിഴക്കേ കരയില്ലുള്ള ദുര്‍ഗാ ക്ഷേത്രത്തിലേക്ക് ആണ് ഞങ്ങളുടെ യാത്ര.."നല്ല പഠിപ്പും ബുദ്ധിയും ഉണ്ടാകണേ 'എന്ന് പ്രാര്‍ത്ഥിച്ച്,നെറ്റിയില്‍ ചന്ദനത്തിനു നടുവില്‍ കുങ്കുമവും പരസ്പരം ചാര്‍ത്തി ,ചിറയില്‍ ഒന്നു കാല് മുക്കി ...ഒരു കല്ലെടുത്തിട്ട് ..ആടിപ്പാടി ,മടങ്ങും..പത്തു ദിവസവും ഇങ്ങനെ അമ്പലത്തില്‍ പോകും ..'ഹോ ഓര്‍ക്കുമ്പോള്‍ വഴികളിലൂടെയൊക്കെ ഒന്നുകൂടി പോകാന്‍ തോന്നുന്നു ...'
അമ്പലത്തില്‍ തന്നെയാണ് ഗ്രന്ഥം വെക്കുക.പുസ്തകങ്ങളൊക്കെ പൊതിഞ്ഞു വലിയൊരു കെട്ടാക്കി ,പേരും എഴുതി കൊടുക്കും.അല്പം ബുദ്ധിമുട്ടായിരുന്ന കണക്കിന്റെ പുസ്തകം കെട്ടില്‍ എല്ലാ വര്‍ഷവും ഉണ്ടാകും.ഗ്രന്ഥം വെച്ചാല്‍ പിന്നെ ഒന്നും വായിക്കാനോ എഴുതാനോ പാടില്ല . രണ്ടു ദിവസം രാത്രി അച്ഛനെ ഗുണനപ്പട്ടിക ചൊല്ലി കേള്‍പ്പിക്കണ്ടല്ലോ... പകലാണെങ്കില്‍ കളിയോ കളി...'പഠിക്കെടാ പഠിക്കെടാ'എന്ന് അമ്മയ്ക്ക് പറയാന്‍ കഴിയാത്ത അവസ്ഥ.ദശമി നാളില്‍ നമ്പൂതിരിക്ക് ദക്ഷിണ കൊടുത്ത് ഗ്രന്ഥം എടുത്താല്‍ നേരെ എല്ലാവരും ചുറ്റുമതിലിന് അടുത്ത് പോയിരുന്ന് പുസ്തകം തുറക്കും.ആദ്യം കിട്ടുന്ന പേജ് ഉറക്കെ വായിക്കും.പിന്നെ വീട്ടിലെത്തി വ്രതം മുറിക്കലാണ് .അന്ന് ചിലപ്പോ മീനൊക്കെ പൊരിച്ചു വെയ്ക്കും ..പക്ഷെ എന്തോ..തിന്നാന്‍ ഒരു മടിയാണ്.വിഷമത്തോടെ വല്ല ബിസ്കറ്റോ കേക്കോ ഇതില് മുട്ട ചേര്‍ത്തതാണ് എന്ന് പറഞ്ഞു ഒരു കഷ്ണം കഴിക്കും.

നവരാത്രിക്കാലത്ത്‌
മാത്രം നടക്കുന്ന പല കാര്യങ്ങളും ഉണ്ട്.അച്ഛന്‍ എന്നെയും കൂട്ടി ടൗണില്‍ പോകുന്നത് നവരാത്രിക്കാലത്ത്‌ ആണ് .ആദ്യമായി രാത്രിയില്‍ ടൗണ് കണ്ടതും ഒരു നവരാത്രിക്കാലത്താണ് .അച്ഛന്റെ ഓഫീസില്‍ പൂജയുണ്ടാകും .അലമാരയും മേശയും ഫയലും ഒക്കെ ചന്ദനവും തൊട്ട് നില്‍ക്കുന്നത് കാണാന്‍ നല്ല രസമാണ്.പൂജാരിയുടെ 'ആയുധ പൂജ' യൊക്കെ കഴിഞ്ഞാല്‍ തരുന്ന അവലും മലരും ,അതിലെ കരിമ്പും കല്‍ക്കണ്ടവും അതിലേറെ രസമാണ് ...മധുരമാണ് ..അമ്പലത്തിലെ ഉത്സവം കഴിഞ്ഞാല്‍ പിന്നെ കരിമ്പ്‌ കാണുന്നത് നവരാത്രിക്കാണ് .
നഗരത്തിലെ നവരാത്രികാഴ്ചകള്‍ ഒരുപാടാണ്‌ .എങ്ങും ദീപാലങ്കാരങ്ങള്‍, റോഡിലൊക്കെ തിക്കും തിരക്കും,കോളാമ്പി മൈക്കില്‍ നിന്നുയരുന്ന ഭക്തി ഗാനങ്ങള്‍..
രണ്ടാം ദസറ എന്ന്‍ പേരുകേട്ട കണ്ണൂരിലെ നവരാത്രി ആഘോഷങ്ങള്‍ പ്രധാനമായും നഗരത്തിലെയും പരിസരങ്ങളിലെയും കോവിലുകള്‍ കേന്ദ്രീകരിച്ചാണ് .പിള്ളയാര്‍ കോവില്‍ ,കാഞ്ചി കാമാക്ഷി അമ്മന്‍ കോവില്‍ ,താളിക്കവ് മുത്തുമാരിയമ്മന്‍ കോവില്‍ ,ശ്രീകൃഷ്ണന്‍ കോവില്‍ ,മുനീശ്വരന്‍ കോവില്‍ ,സ്വാമി മഠം തുടങ്ങി നവരാത്രി ദീപങ്ങള്‍ തെളിയുന്ന കോവിലുകള്‍ ..വര്‍ഷങ്ങള്‍ക്കു മുമ്പ് കണ്ണൂരിലെത്തിയ അന്യസംസ്ഥാനക്കാരുടെയും, കണ്ണൂരുകാരുടെയും സ്വന്തം ആരാധനാലയങ്ങള്‍. കച്ചേരികളും സംഗീതാര്‍ച്ചനകളും നൃത്ത നൃത്ത്യങ്ങളും അരങ്ങേറ്റങ്ങളുമൊക്കെയായി പത്ത് രാത്രികള്‍ .ആദ്യമായി കച്ചേരി കാണുന്നത് മുനീശ്വരന്‍ കോവിലില്‍ ഒരു നവരാത്രി സന്ധ്യക്കാണ്‌. ഒരിക്കല്‍ ആള്‍ക്കൂട്ടത്തിനു നടുവില്‍ നിന്നും എന്നെ എടുത്തുപൊക്കി അച്ഛന്‍ കാണിച്ചു തന്നു..' പാടുന്ന ആളാണ് യേശുദാസ് .. 'പള്ളിക്കുന്ന് മൂകാംബിക ക്ഷേത്രം ,തളാപ്പ് സുന്ദരേശ്വരക്ഷേത്രം ,കുന്നാവ് ദുര്‍ഗാക്ഷേത്രം എന്നിവിടങ്ങളി‌ലും മറ്റ് ദേവി സന്നിധികളിലും അമ്പലങ്ങളിലും നവരാത്രികാലം ആഘോഷമയമാണ് .'ഹരിശ്രീ ഗണപതയേ നമഹഃ'എന്ന് അരിയിലെഴുതിച്ചത് ഒരു വിജയ ദശമി നാളില്‍ പള്ളിക്കുന്ന് മൂകാംബിക ക്ഷേത്രത്തില്‍ വച്ചായിരുന്നു.അന്ന് കരഞ്ഞുകൊണ്ട് ', , 'എഴുതിയത് ,'മുട്ടായിയും'തിരിപ്പും വാങ്ങിത്തരാം എന്ന് പറഞ്ഞതു കൊണ്ടാണ് മിന്നുന്ന കടലാസ് കൊണ്ട് ഉണ്ടാക്കുന്ന തിരിപ്പ് (കാറ്റാടി ) വാങ്ങിത്തരണം എന്ന് മാത്രമായിരുന്നു ,ടൗണില്‍ പോയാല്‍ ഞാന്‍ അച്ഛനോട് ആവശ്യപ്പെടുക.തിരിപ്പ് കഴിഞ്ഞാല്‍ പിന്നെ തേര് കാണണം ..നവരാത്രി ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ചുകൊണ്ട് കൊവിലുകളില്‍ നിന്നും രാത്രി തേരുകള്‍ (രഥങ്ങള്‍ ) ഘോഷയാത്രയായി നഗരം വലം വെക്കും. കരകാട്ടം ,കാവടിയാട്ടം ,മയിലാട്ടം ,നിശ്ചല ദൃശ്യങ്ങള്‍ ,മുത്തുക്കുടകള്‍ ..കൂടെ വൈദ്യുത ദീപങ്ങളാല്‍ അലങ്കരിച്ച ,വെട്ടിത്തിളങ്ങുന്ന തേരുകള്‍...!വന്‍ ജനാവലിയുടെ കൂടെ തേരുകള്‍ കോട്ട മൈതാനം വരെ പോകും .രാത്രി ഒരു മണി കഴിഞ്ഞിട്ടാണത്രെ തിരിച്ചു കൊവിലുകളിലേക്ക് മടങ്ങുക. ഒരുപാടു സമയം തേരും നോക്കി അങ്ങനെ നിന്ന്,തിരിപ്പും മുട്ടപ്പൊരിയും വാങ്ങി ,അച്ഛന്റെ കൈയും പിടിച്ച് തിരികെ വീട്ടിലേക്ക് ..ലാസ്റ്റ് ബസ്സ് പോയെങ്കില്‍ ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ മുട്ടപ്പൊരിയും കൊറിച്ചു കൊണ്ട് നടക്കും..ദൂരെ നിന്ന് ചെണ്ടയുടെ ശബ്ദം അപ്പോഴും കേള്‍ക്കും...

15 comments:

നിരക്ഷരൻ said...

നാലരക്കൊല്ലം കണ്ണൂര് പഠിച്ചതുകൊണ്ട് ഇതില്‍പ്പറഞ്ഞ പല കാര്യങ്ങളും അറിയാമായിരുന്നു. മനസ്സ് ഒരു 20 കൊല്ലം പുറകോട്ട് കൊണ്ടുപോയതിന് നന്ദി.

ശ്രീ said...

നല്ല ഓര്‍മ്മകള്‍. മനസ്സിനെ ആ കാലത്തിലേയ്ക്ക് കൂട്ടിക്കൊണ്ടു പോകാന്‍ കഴിയുന്ന രീതിയില്‍ എഴുതിയിരിയ്ക്കുന്നു.

നവരാത്രി ആശംസകള്‍!

Vellayani Vijayan/വെള്ളായണിവിജയന്‍ said...

എന്റെ മനസ്സിനേയും ആദര്‍ശ് ഒരു 45-വര്‍ഷം പിന്നിലേയ്ക് പായിച്ചു.തിരുവനന്തപുരത്തെ നവരാത്രി ആഘോഷം മലബാറിലെ ആഘോഷങ്ങളുമായി കുറെ വ്യത്യാസമുള്ളതാണ്.ആഴ്ചകള്‍ക്ക് മുന്‍പേ തന്നെ ഇതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങുന്നു.കന്യാകുമാരി ജില്ലയിലെ പദ്മനാഭപുരം കൊട്ടാരത്തില്‍ നിന്നും ഘോഷയാത്രയായി ദേശീയ പാത വഴിയായി കൊണ്ട് വരുന്ന “കുണ്ടണിനങ്കയേ യും(സരസ്വതീദേവി) കുമാരസ്വാമിയേയും”കാണാന്‍ അച്ഛന്റെ കൈയില്‍ തൂങ്ങി പോയത് മനസ്സിലേക്കോടിയെത്തി.
നവരാത്രി ആശംസകള്‍........
വെള്ളായണി

Cartoonist said...

ഹഹഹ... സന്തോഷിപ്പിക്കുന്ന ഓര്‍മ്മകള്‍:)
ഇതിലെ വരയന്‍ ആരാണാവൊ ? :)

മാണിക്യം said...

വിജയ ദശമി ആശംസകള്‍ ..
പൂജാവധി രസായിരുന്നു
ഒത്തിരി മധുരപലഹാരങ്ങളും
പടക്കം പൊട്ടിയ്ക്കലും.....
ഉത്സവങ്ങളുടെ നാട്!
നവരാത്രി ആശംസകളോടെ

ബയാന്‍ said...

ആദര്‍ശ്: നാടിന്റെ ഓര്‍മ്മകളിലൂടെ വഴി നടത്തിച്ചതിനു നന്ദി.

krish | കൃഷ് said...

ഇവിടെ ദുര്‍ഗ്ഗാ പൂജാ ആഘോഷങ്ങള്‍ തുടങ്ങി കഴിഞ്ഞു. ഇനി വിജയദശമി നാള്‍ വരെയും ആഘോഷത്തിന്റെ നാളുകള്‍.

ഈ പോസ്റ്റ് നാട്ടിലെ നവരാത്രി/വിജയദശമി ആഘോഷങ്ങളുടെ ഓര്‍മ്മകള്‍ പുതുക്കി. ചെറുപ്പത്തില്‍ നവരാത്രിസന്ധ്യകളില്‍ പതിവായി അടുത്തുള്ള ഒരു അമ്മ്യാര്‍ ടീച്ചറുടെ വീട്ടില്‍ ബൊമ്മക്കൊലു കാണാന്‍ പോകുമായിരുന്നു. ബൊമ്മക്കൊലു കാണുകയും അതിനുപുറമെ രുചിയുള്ള പ്രസാദവും കിട്ടും.
വാഹനങ്ങളില്‍ കരിമ്പും വാഴക്കുലയുമെല്ലാം വെച്ച് കെട്ടി അലങ്കരിച്ചുള്ള കാഴ്ചയും ആ സമയങ്ങളിലെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്നു.

Anonymous said...

ഇവിടെ പേര് ചേര്‍ത്തിട്ടുണ്ട്.

smitha adharsh said...

Really, nostalgic...very interesting...sorry that I couldn't comment in malayalam...

ആദര്‍ശ്║Adarsh said...

നിരക്ഷരന്‍
ശ്രീ
വിജയന്‍മാഷ് ,
എന്റെ ഓര്‍മ്മകള്‍ വായിച്ചതിനു നന്ദി ..എല്ലാവരുടയൂം മനസ്സിനെ പിറകോട്ട് കൊണ്ടുപോകാന്‍ കഴിഞ്ഞതില്‍ സന്തോഷം..ഞാന്‍ ജീവിതത്തില്‍ തന്നെ ആദ്യമായി എഴുതിയ ('ടൈപ്പ് ചെയ്ത ' എന്ന് പറയുന്നതാവും ശരി .)ഒരു കുറിപ്പാണ് ഇത്..
കാര്‍ട്ടൂണിസ്റ്റ് :ഹി ഹി ഹി ...വരയന്‍ ഞാനാണേ ...വായിച്ചതിനു ഒരുപാട് നന്ദി ..
മാണിക്യം
യരലവ ,
കോലത്തുനാട്ടിലേക്ക് വന്നതിനു നന്ദി ..
കൃഷ്:അവിടുത്തെ വിശേഷങ്ങളും ചിത്രങ്ങളും കണ്ടു...ഇന്നാട്ടിലെക്ക് വന്നതിനു നന്ദി ...
കേരള ഫാര്‍മര്‍ :അവിടെ പേരു ചേര്‍ത്തതിനു ഒരുപാട് നന്ദി...
സ്മിത ചേച്ചി :കോലത്തു നാട്ടിലേക്ക് വീണ്ടും വന്നതിനു നന്ദി ..ഇനിയും വരണേ ..

അപർണ said...

നവരാത്രിക്കാലം എനിക്കും ഒരുപാട് ഓര്‍മ്മകള്‍ സമ്മാനിച്ചിട്ടുണ്ട്....
വളരെ നന്നായിട്ടുണ്ട്....
:)

മാളൂ said...

പുജാവധിയും കഴിഞ്ഞു കോലത്തുനാട്ടില്‍ ഇപ്പൊഴേ എത്താനായുള്ളു വായിച്ചൂ നല്ല പോസ്റ്റ്
ആശംസകള്‍.
ചിത്രങ്ങള്‍ നന്നായിരിക്കുന്നു .
എല്ലാ വിധ നന്മകളും നേരുന്നു!

ആദര്‍ശ്║Adarsh said...

അപര്‍ണ, 'നവരാത്രി ഓര്‍മ്മകള്‍ 'വായിച്ചതിനു നന്ദി ..
പൂജാവധി കഴിഞ്ഞെങ്കിലും കോലത്തുനാട്ടില്‍ വന്നല്ലോ ..നന്ദി മാളു ..

പിരിക്കുട്ടി said...

GUD

rnambiar said...

Lovely .. feeling nostalgic.. thanks so much