Tuesday, May 26, 2015

"കില്ങ്ങ്ന്ന പാദ്സരം" - അഞ്ച്

 
"ഇതെന്നെ അല്ലെ,കാർത്ത്യേച്ചീ  വഴി ? ചെണ്ടേന്റെ ഒച്ച കേക്കുന്നുണ്ട് .."
"ഇരുടായതോണ്ട് ഒന്നും തിരിയുന്നില്ല സത്യേ ...ഇതിലെയെന്നെന്നാ തോന്നുന്നേ..
ഒരൊറ്റ സ്ട്രീറ്റ് ലൈറ്റും കത്തുന്നും ഇല്ല ..നീയുള്ളുണ്ടോണ്ട് എങ്ങനെയോ ഈടെ എത്തി,
അല്ലെ ഈ ചെക്കനേം കൊണ്ട് ...."
വെല്യമ്മ ആകെ വിയർത്തു കുളിച്ചിരുന്നു.ഏതൊക്കെയോ ഇടവഴികളിലൂടെ സത്യേച്ചി എന്റെ കയ്യും പിടിച്ചു വേഗത്തിൽ നടന്നു.
"നീയിതൊന്നും ചെന്ന് അമ്മേനോട് പറഞ്ഞെക്കല്ല ചെക്കാ ...ഓക്ക് പിന്നെ അത് മതി ...."
വെല്യമ്മ സാരിത്തുമ്പ് കൊണ്ട് മുഖം ആകെ ഒന്ന് തുടച്ചു.
ചെണ്ടയുടെ ഒച്ച കൂടി കൂടി വരുന്നുണ്ട് .കുറേ ദൂരം ചെന്നപ്പോൾ കുറച്ചു ആൾക്കാരൊക്കെ എതിരെ വരുന്നുണ്ട് .ബലൂണൊക്കെ പിടിച്ചു കൊണ്ട് എന്നെപ്പോലെയുള്ള കുട്ടികളും ഉണ്ട്.
"സത്യേച്ചീ ബലൂണ് ഉണ്ടാവ്വോ ,തെയ്യത്തിന്റെ അട്ത്ത് ?"
"എല്ലാം ഉണ്ടാവും ...നീ ഇങ്ങോട്ട് നടക്ക് ..."
"ട്യൂബിന്റെ വെളിച്ചം കാണുന്നുണ്ട് ,സത്യേ ...ഈലെ അങ്ങ് കേറിക്കോ ..സരസ്വതീന്റെ വീട്ടിന്റെ അയിലെ പോയാൽ വളപ്പിലോട്ടു എത്തി .."

ചെണ്ടയുടെ ഒച്ച കൂടി കൂടി വന്നു.അമ്പലത്തിലെ ഉത്സവത്തിന്റെ ആ ഒച്ചയല്ല.ഭയങ്കര ഒച്ച.ചിലപ്പോൾ എന്തൊക്കെയോ കിലുങ്ങുന്ന ഒച്ചയും ഉണ്ട്.കുരുത്തോലയും കടലാസ് പൂവും ഒക്കെ കെട്ടിത്തൂക്കിയ പറമ്പ്.നിറയെ ആൾക്കാരുണ്ട് .അവിടെയും ഇവിടെയും ഒക്കെ തീയും പുകയും എല്ലാം ഉണ്ട്. ഒരു വലിയ തറയ്ക്ക് മുൻപിൽ തീപന്തങ്ങൾ കത്തിച്ചു വെച്ചിരിക്കുന്നു .അതിന്റെ അടുത്ത് ഒരു വലിയ "സ്ടൂളിൽ " വെളുത്ത നീളമുള്ള മുടിയൊക്കെ ഉള്ള ,ചുവന്ന കുപ്പായമിട്ട  ഒരു രൂപം കയറി നില്ക്കുന്നു.ഒരു കയ്യിൽ കണ്ണാടി ഉണ്ട് .മറ്റേ കയ്യിൽ ആ കുപ്പായത്തിന്റെ വെളുത്ത പൂവുള്ള വാൽ ..'സ്ടൂളി'ന്റെ മുകളിൽ നിന്ന് അയാൾ തുള്ളുകയാണ്.ചുറ്റും നിറയെ ആൾക്കാരും .
"സത്യേച്ചീ...."ഞാൻ പേടിച്ചു, സത്യേച്ചിയുടെ സാരി പിടിച്ചു.
"എന്ത്ന്നാ ടാ കളിക്കുന്നെ ?"
 സത്യേച്ചീ എന്നെ എടുത്തു "ഉക്കത്തു തട്ടി ".


"സത്യേ ..ഗുളികന്റെ വെള്ളാട്ടം തൊടങ്ങി,നമ്മള്  കൊറേ  നേരം ബൈകി "
"വെല്ലിമ്മേ ആ പെണ്ണുങ്ങള് എന്തിനാ സ്ടൂലിന്റെ മോളില് കേറി നില്‍ക്കുന്നേ"
"അത് പെണ്ണുങ്ങളൊന്നും അല്ലാ..'തംബാച്ചി'യാ...നാളെ പൊലച്ചക്കുള്ള ഗുളികന്‍ തെയ്യത്തിന്റെ വെള്ളാട്ടമാ,പീഠത്തില്‍ കേറി നിന്നിട്ടാ തോറ്റം ചൊല്ലുന്നേ"
വെള്ളാട്ടം കുറേ നേരം പീഠത്തില്‍ നിന്ന് തുള്ളി.പിന്നെ താഴെ ഇറങ്ങി പന്തം കൊളുത്തി വെച്ച വാഴ പ്പോളകള്‍ക്ക് മുന്നിലിരുന്ന് എന്തൊക്കെയോ ചെയ്തു.ഒരുപാടു നേരം തറയ്ക്ക് ചുറ്റും വട്ടം കറങ്ങി,അമ്പലത്തിലെ തിടമ്പ് നൃത്തം പോലെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു . ചെണ്ടയുടെ ഒച്ച കൂടിയും കുറഞ്ഞും കൊണ്ടേ ഇരുന്നു.

"വാ..സത്യേ..കുറി വാങ്ങീട്ടു വരാം.."
"വാടാ ..'തംബാച്ചീ'ന്റെ കുറി വാങ്ങീട്ടു വരാം "
"ഞാംബരൂലാ ....പേടിയാ ...."
"നിന്നെ ഒന്നും ചെയ്യില്ലേടാ..ഇങ്ങു വാ.. ഞാന്‍ എടുക്കാം ..."
അങ്ങനെ സത്യേച്ചിയുടെ "ഉക്കത്ത് "കയറി ഞാന്‍ തംബാച്ചിയുടെ അടുത്തേക്ക് പോയി .വെല്ലിമ്മ 'റോസ് ടവ്വലി'ല്‍ കെട്ടി വെച്ചിരുന്ന ചില്ലറ പൈസകളില്‍ നിന്നും അമ്പതു പൈസ എടുത്തു എനിക്കു തന്നു."ഇന്നാ..ഇത് 'തംബാച്ചി'ക്ക് കൊടുക്കണം കേട്ടോ...."

മുഖത്ത് മുഴുവന്‍ ചായം പൂശി,കണ്ണെഴുതി,തുറിച്ചു നോക്കുന്ന തംബാച്ചി!

"അടിച്ചു താളിയും.... അന്തിത്തിരിയും ഇല്ല്യേ ...നാമങ്ങള്‍ ഒരുവിടാറില്ലേ...പൈതങ്ങള്‍ അടുത്തു വന്നേ..."
ചുവന്ന ചായം തേച്ച കൈ കൊണ്ട്  'തംബാച്ചി' മെല്ലെ എന്റെ തലയില്‍ തലോടി.സത്യേച്ചി പെട്ടന്ന് എന്നെ താഴേക്ക്‌ ഇറക്കി .
"കണ്ണും കാതുമായി കൂടെത്തന്നെ കാണും പോരേ "
തംബാച്ചി മഞ്ഞ കുറിയും ഒരു പിടി അരിയും എന്റെ തലയില്‍ ഇട്ടു .
"മോനെ..പൈസ കൊടുക്ക് .."
പേടിച്ചു വിറച്ച ഞാന്‍ അമ്പതു പൈസാ നാണയം കൈയ്യില്‍ മുറുകെ പിടിച്ചിരുന്നു.വിറച്ചു വിറച്ചു അത് തംബാച്ചിയുടെ കൈയ്യില്‍ കൊടുത്തു .പകരം മഞ്ഞ കുറിയും അരിമണിയും എന്റെ കൈയ്യില്‍ വച്ചു തന്നു.
ഞാന്‍ കരയാന്‍ വിതുമ്പി നില്‍ക്കുകയായിരുന്നു.
"സത്യെച്ചീ നമ്മക്ക് പോകാം.."
"തംബാച്ചിയുടെ അടുത്തു വന്ന് ആണ്‍കുട്ടികള് കരയരുത് കേട്ടോ..വാ നമ്മക്ക് ബലൂണ് വാങ്ങാം..."

പറമ്പിന്റെ ഒരു ഭാഗത്ത്‌ നിറയെ ചന്തയാണ്.നിറയെ ബലൂണ്‍ പീടികകള്‍,വളകള്‍,മാലകള്‍..
ബത്തക്കയും കരിമ്പും  മുട്ടപ്പൊരി ചാക്കുകളുമൊക്കെ കൂട്ടിയിട്ടിരിക്കുന്നു.
"ഏതാടാ നിനിക്ക് വേണ്ടെ?കൊരങ്ങനെ വേണോ?ആപ്പിള് ബലൂണ്‍ വേണോ?"
"ആപ്പിള് മതി "

"ഇന്നാ ഈ കൊയലപ്പം തിന്നു നോക്ക്യേ "മഞ്ഞ നിറമുള്ള കുറേ കുഴലപ്പങ്ങൾ കടലാസിൽ ചുരുട്ടി  വാങ്ങി ,വെല്യമ്മ.ഒന്നെടുത്ത്  എന്റെ വായിൽ വയ്ക്കുന്നതിനിടയിൽ ആപ്പിള് ബലൂണ്‍ പറന്നു പോയി.മെല്ലെ മെല്ലെ പാറി പാറി അത് പോയി.പിറകെ ഞാനും ഓടി.
"ഓടെല്ലെടാ ,ആടെ  നിക്ക്..സത്യേച്ചി എടുത്ത് തെരാം "
എന്റെ പിറകെ സത്യേച്ചിയും  ഓടി.

 നിലത്തുനിന്ന്  ബലൂണും എടുത്തു മുന്നോട്ടു നോക്കിയ ഞാൻ പേടിച്ചു പോയി .ഒരു വലിയ വീട്ടിന്റെ
"മിറ്റ"ത്തിന്റെ നടുവിലാണ് ഞാൻ.ഇറയകത്ത്  കുറേ അമ്മമ്മമാരും 'ഏച്ചി' മാരും നിരന്നിരുന്നിട്ടുണ്ട് .എല്ലാവരും എന്നെതന്നെയാണ് നോക്കുന്നത്.
"സത്യേച്ചീ ..."എന്ന് വിളിച്ചതും സത്യേച്ചി എന്നെ തട്ടി "ഉക്കത്തു" വെച്ചു .
"കാർത്തീന്റെ ഒപ്പരം ആരാപ്പാ ഒരുത്തി ?ഓളെ  കുട്ടിയാ ഇത് ?"
"ഓളെ കുട്ടിയൊന്നും അല്ലാ ,ദാമൂന്റെ ചെക്കനാ "വെല്ലിമ്മക്ക് ദേഷ്യം വന്നു.
"അതെങ്ങെനെയാ  നമ്മക്കറിയിന്നേ? നമ്മളിവനെ കണ്ടിട്ടില്ലല്ലോ ?"
"ഇങ്ങു വാ മോനേ "ഒരമ്മമ്മ എന്നെ പിടിച്ചു ഇറയകത്ത് ഇരുത്തി.സത്യേച്ചിയും വെല്ലിമ്മയും ഇറയകത്ത് ഇരുന്നു.വാതിലിനു നേരെ പടിഞ്ഞിറ്റയിൽ വിളക്ക് കത്തിച്ചു വച്ചിട്ടുണ്ട്.അതിനു നേരെ ആരും ഇരുന്നിട്ടില്ല.എല്ലാവരും എന്തോ കാത്തു നിൽക്കുകയാണ്.പെട്ടന്ന് കുറേ ചെണ്ടക്കാർ ചെണ്ട കൊട്ടിക്കൊണ്ട് "മിറ്റ"ത്തേക്ക് വന്നു.പിറകെ ഒരു 'തംബാച്ചി 'ഓടി വന്നു.

ചുവന്ന ഉടുപ്പിട്ട് ,തലയിൽ ചുവന്ന  കിരീടം  വെച്ച്, നീളത്തിൽ ഇളം ചുവപ്പ് മുടിയും വച്ച് ,രണ്ടു "കൈയ്യിലും വെളിച്ചെണ്ണ കുത്തു കിണ്ണ"വുമായി ഒരു സുന്ദരി തമ്പാച്ചി!മിറ്റത്തു  രണ്ടു പ്രാവശ്യം വട്ടത്തിൽ ഓടി ,വിളക്കു കത്തിക്കുന്ന മുറിക്കു മുമ്പിൽ നിന്നു എന്തൊക്കെയോ പറയുന്നു.

"സത്യേ ,ഉച്ചിട്ടേയുടെ വെള്ളട്ടാ ..വിളിച്ചാ വിളി കേക്കുന്ന ദൈവാ .."
"വെല്ലിമ്മേ ,ഈ തമ്പാച്ചി പെണ്ണുങ്ങളാ ?"
"ശ് ...ദൈവ ദോഷം പറയെല്ലെടാ...നിന്റെ അമ്മ  ഉച്ചിട്ടക്ക് പട്ടും കിണ്ണോം  ഒക്കെ കൊടുത്തിട്ടാ  നീയൊക്കെ ഉണ്ടായേ "

ഉച്ചിട്ട തമ്പാച്ചിയെ കാണാൻ നല്ല രസമുണ്ട് .മുഖത്ത് നല്ല തിളങ്ങുന്ന "ചൊട്ട"തൊട്ടിട്ടുണ്ട്.
കഴുത്തിൽ നല്ല മാല ഇട്ടിട്ടുണ്ട്."ചെവിടി"ന്റെ അവിടെ നല്ല "കാതില "ഉണ്ട്.കണ്ണിനു ചുറ്റും കണ്മഷിയും ഉണ്ട്.
'തുണി മുടി' കൈ കൊണ്ട് ചീകി പേൻ എടുക്കുന്നു!.പെട്ടന്ന് ഓടി സത്യേച്ചിയുടെ അടുത്ത് വന്ന് പേനെടുത്തു
 കൊടുക്കാൻ ആംഗ്യം കാണിച്ചു.സത്യേച്ചി പേടിച്ചു ഇറയകത്തേക്ക് കയറിയിരുന്നു."മിണ്ടൂല "എന്ന് മുഖം കൊണ്ട് ആംഗ്യം കാണിച്ചു വീണ്ടും ഓടിപ്പോയി. മിറ്റത്തെ ഒരു മൂലക്കിരുന്ന് ,കിണറ്റിൽ നിന്ന് വെള്ളം "വലി"ക്കുന്നത് പോലെയും ,തല കുളിച്ച്  തോർത്തുന്നത് പോലെയുമൊക്കെ കാണിക്കുന്നു.
അടുപ്പ് കത്തിച്ചു,പാലു ചൂടാക്കി കുട്ടിക്ക് കൊടുക്കുന്നു,അമ്മിഞ്ഞ കൊടുക്കുന്നു,ഉറക്കുന്നു..ഇതെല്ലാം കണ്ട് എല്ലാ പെണ്ണുങ്ങളും ചിരിക്കുന്നുമുണ്ട്.

പീഠത്തിന് അടുത്തു നിന്ന് കുറേ 'തോറ്റം'ചൊല്ലി,ഉച്ചിട്ട തമ്പാച്ചി.ചെണ്ടയുടെ ഒച്ച കൂടിയപ്പോഴേക്കും കടലായി അമ്പലത്തിലെ കൃഷ്ണനെപ്പോലെ നീലയും പച്ചയും ചുവപ്പും പൂക്കളുള്ള മാലയിട്ട വേറൊരു തമ്പാച്ചി മിറ്റത്തേക്ക് വന്നു.തലയിൽ വലിയ കിരീടം ഉണ്ട്,കൈയ്യിൽ ഓട്ടൻ തുള്ളലിന്റെ പോലെ 'കെട്ടുകളും' ഉണ്ട്.അരയ്ക്കു ചെറിയ ചെണ്ട കെട്ടി പീഠത്തിന് അടുത്തു നിന്ന് പുതിയ തമ്പാച്ചിയും തോറ്റം ചൊല്ലാൻ തുടങ്ങി.
"വെല്ലിമ്മേ ..ഇത് അമ്പലത്തിലെ കൃഷ്‌നൻ ആണോ?"
"കാർത്തീ ചെക്കനു എല്ലാം തിരിയുന്നുണ്ടല്ലോ ? അതെ മോനേ വിഷ്ണു മൂർത്തിയുടെ വെള്ളാട്ടമാ .."
ഒരമ്മമ്മ എന്റെ തലയിൽ തടവിക്കൊണ്ട് പറഞ്ഞു .
രണ്ടു വെള്ളാട്ടവും പടിഞ്ഞിറ്റയിലെ ,വാതിലിനു നേരെ വന്നു 'മണങ്ങി'യപ്പോൾ വീടിന്റെ അകത്തു നിന്നും രണ്ടു അമ്മമ്മാർ വന്നു അറിയെരിഞ്ഞു,തൊഴുതു.വാതിലിനു നേരെ നിന്ന് രണ്ടു വെള്ളാട്ടവും കുറേ നേരം "തുള്ളി ."അതുവരെ രണ്ടു അമ്മമ്മമാരും തൊഴുതു കൊണ്ട് നിന്നു.അതിലൊരു അമ്മമ്മ എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു.


"ഉയ്യ് ..എന്റെ കുഞ്ഞി മോനല്ലേ ...പെറ്റിട്ടു നാലഞ്ചു ദിവസൊം ഞാനല്ലേ എന്റെ കുഞ്ഞിമോനെ കുളിപ്പിച്ചേ ...മോന് വെല്ലിമ്മേനെ അറിയാ ?"ആ അമ്മമ്മ എന്റെ തോളിൽ പിടിച്ചു എടുക്കാൻ നോക്കി.പേടിച്ചു ഞാൻ കുതറി മാറി.
"അയ്യൊ ..മോന് ജാനകി വെല്ലിമ്മേനെ അറീലേ ?ഇങ്ങു വന്നേ ..കാണട്ടെ "
എന്റെ കവിളിൽ ബലത്തിൽ ഒരു  ഉമ്മ തന്നു,ജാനകി വെല്ലിമ്മ എന്ന ആ അമ്മമ്മ.
"കുഞ്ഞും മോന് എങ്ങനെ അറിയാനാ അല്ലേ?ഈ വെല്ലിമ്മേനെ? വാ വെല്ലിമ്മേന്റെ വീട്ടിന്ന് നെയ്യപ്പം തരാം"

മിറ്റത്ത്‌  രണ്ടു വെള്ളാട്ടവും കൈ പിടിച്ചു തുള്ളുന്നു.കുറ്റിക്കാരെലെ പ്രിയേച്ചി "പൂ പറിക്കാൻ പോരുമോ "കളിക്കുന്ന പോലെ രണ്ടാളും കളിക്കുകയാണ് .വീടിന്റെ പിറകിലൂടെ ജാനകി വെല്ലിമ്മ 'നമ്മളെ'കൂട്ടി ജാനകി വെല്ലിമ്മയുടെ വീട്ടിലേക്കു നടന്നു.

"സത്യേ ..ആടെയാ പോട്ടക്കൊളം..പാതിരാത്രി ഭൂതം തെയ്യം,അയില് തുള്ളാൻ വെരും "
"തുള്ളുന്ന ഒന്നും അല്ല കാർത്തീ ,ചൂട്ടും കത്തിച്ച് പിള്ളേര് ഓടിക്ക്ന്നെല്ലേ..ഭൂതം പേടിച്ച് കൊളത്തിൽ പാഞ്ഞും വെര്ന്നതാ ..."ജാനകി വെല്ലിമ്മ പറഞ്ഞത് വെല്ലിമ്മക്കു അത്ര ഇഷ്ടപ്പെട്ടില്ല.
ഒരു ചെറിയ വിളക്ക് കത്തിച്ചു വെച്ചിട്ടുണ്ട്,പൊട്ടക്കുളത്തിന്റെ കരയിൽ,തവള കരയുന്ന ഒച്ചയും കേൾക്കാം.

"രാത്രി ചോറ് തിന്നണ്ട സമയാ..എന്നാലും ഈ നെയ്യപ്പം തിന്ന് ..."
ജാനകി വെല്ലിമ്മ ഒരു നെയ്യപ്പം എന്റെ വായിൽ വെച്ച് തന്നു.
"നിങ്ങക്ക് രണ്ടാക്കും ഞാൻ ചോറ് വെളമ്പാം ,അടുക്കളപ്പെറത്തുന്ന് കൈ കഴുകീട്ടു വാ "ജാനകി വെല്ലിമ്മ മേശപ്പുറത്തു ഇല വിരിച്ചു.
"സാമ്പാറും കൂട്ടി,കുറച്ചു തിന്നെടാ.."
സത്യേച്ചി എനിക്കൊരു ഒരുള വാരിത്തന്നു .അങ്ങനെ അഞ്ചാറ് ഉരുള ഞാൻ അകത്താക്കി.
കിണറ്റിന്റെ  കരയിലെ അലൂമിനിയം ബക്കറ്റിൽ നിന്നും വെള്ളം കോരി ,സത്യേച്ചി എന്റെ കൈയും വായയും കഴുകിപ്പിച്ചു .
"നന്നായി വായിക്കൊള്ളി തുപ്പെടാ ..."
"ത്ഫൂൂ ....."
പതിവ് പോലെ ഞാൻ വെള്ളം ചീറ്റിച്ചു.

"സത്യേ ,നിനക്ക് ഒറക്കം വെരുന്നിണ്ടെങ്കില് ഞാലീല് പായ വിരിച്ചു തരാം "
ജാനകി വെല്ലിമ്മ മൂലയ്ക്ക് ചാരിവെച്ച പായ ഞാലീല് നീട്ടി വിരിച്ചു.
"എനക്ക് പൂതം കാണണം ..കൊളത്തില് തുള്ളുന്നെ ..."
"കുഞ്ഞും മോൻ ഒറക്കം ഒഴിയണ്ടാ ,കെടക്ക്‌ ..ഭൂതം വരുമ്പോ വെല്ലിമ്മ വിളിക്കാം,എന്റെ മോനെ..."
ജാനകി വെല്ലിമ്മ ഒരു 'പുതപ്പെ'ടുത്തു സത്യേച്ചിക്ക് കൊടുത്തു."പൊതച്ചോ..കൊതു കുറേ ഇണ്ട് ".

'സ്റ്റിക്കർ ചൊട്ട 'പറിച്ച്  കണ്ണാടിയിൽ  ഒട്ടിച്ച് ,മുടി 'കൊണ്ട 'കെട്ടിവെച്ച് സത്യേച്ചി എന്നെയും കെട്ടിപ്പിടിച്ചു കിടന്നു .
"പൊലച്ചക്ക് മുമ്പ് 'നാഗകന്നി 'ഉണ്ട് സത്യേ ,എണീറ്റെനെങ്കില് കാണാം .."
"നാഗകന്നി മുടി വാരുന്നെ വെള്ളട്ടാ വെല്ലിമ്മേ "
"കെടന്നാട്ടെ ,,ആട്ന്ന്.."
"പൂതം വെരുമ്പം വിളിക്കണേ ..."
"ഞാൻ "ഒറക്കം വരരുതേ  തമ്പാച്ചീ" എന്ന്  പ്രാർത്ഥിച്ചു  കിടന്നു.

"അയ്യോ ..പൂതം "എന്നും പറഞ്ഞു ഞെട്ടി എഴുന്നേറ്റപ്പോൾ കണ്ണിലേക്കു എന്തോ ഒരു വെളിച്ചം മിന്നി.
"പൂതം ഒന്നും അല്ലെടാ ,ടോർച്ചിന്റെ ലൈറ്റാ "
സത്യേച്ചിയും വെല്ലിമ്മയും പായ തട്ടിക്കുടഞ്ഞ് എന്തോ പരതുകയാണ്.
"അപ്പൊ പൂതം..കൊളത്തില് തുള്ളീലെ ?"
"കാർത്യേച്ചീ ..എന്നാലും അതേടപ്പോയി ?.."
"എന്തുന്നാ സത്യേച്ചീ  പോയേ ?"
"ഈ ചെക്കന് ഒറക്കോം ഇല്ലേ?"
രണ്ടാളും എന്നെ ദേഷ്യത്തോടെ നോക്കി .


"ഇനി ഇതായിട്ടു എന്തിനാ? "
സത്യേച്ചി  നിലത്തിരുന്ന് ,വലത്തെ കാൽ നീട്ടി ,പല്ലു കൊണ്ട് "കൊളുത്ത്" കടിച്ച്  പാദസരം ഊരി,"ടവ്വലിൽ "കെട്ടി പേഴ്സിൽ ഇട്ടു .

"നീ ഭേജാറാകല്ലേ..സത്യേ ..അതിവിടെ ഏടെയെങ്കിലും കാണും ..പരദേവതയെ മനസ്സില് വിളിക്ക് .."വെല്ലിമ്മ ഓരോ മൂലയിലും ടോർച്ചടിച്ചു  നോക്കി."പണ്ടാരം എന്റെ കണ്ണൊട്ട് പിടിക്കുന്നില്ലല്ലോ ?ഒരു 'മാച്ചില്'കിട്ടീനെങ്കില് മേശേന്റെ അടീല് അടിച്ചു നോക്കാരുന്നു ..."

എന്റെ കൈയും പിടിച്ചു സത്യേച്ചി പൊട്ടക്കുളത്തിന്റെ കരയിലൂടെ നടന്നു.ആദ്യമായി സത്യേച്ചി യുടെ നടത്തത്തിനു ഒച്ചയില്ല.
"രാവിലെ ആയിനില്ലേ  സത്യേച്ചി...ഇരുട് .."
"മൂന്നു മൂന്നര ആയിക്കാണും സത്യേ ..'നാഗ കന്നി'കെട്ടിക്കീഞ്ഞു കാണും .ഇന്നാ ഈ ഒരുറിപ്പിക ഉഴിഞ്ഞിട്ടു കൈയില് വെക്ക് ..പരദേവതയുടെ കുറി വാങ്ങുമ്പം കൊടുക്കണം..എടത്തെ കാലുന്ന് പോയ പാദ്സരം തമ്പുരാട്ടി കൊണ്ടുത്തരും .."
വെല്ലിമ്മ ഒരുറുപ്പിക എടുത്ത് സത്യേച്ചിക്ക് കൊടുത്തു.

(പാദസര കിലുക്കം തുടരും .....)

ഇതുവരെ കിലുക്കം കേൾക്കാത്തവർക്കായ് ....

"കില്ങ്ങ്ന്ന പാദ്സരം"-ഒന്ന് "
കില്ങ്ങ്ന്ന പാദ്സരം"-രണ്ട് "
കില്ങ്ങ്ന്ന പാദ്സരം"-മൂന്ന് "
കില്ങ്ങ്ന്ന പാദ്സരം"-നാല്

Saturday, June 14, 2014

ഹൌ ഓള്‍ഡ്‌ ആര്‍ യു? അഥവാ മഞ്ജു വാര്യരുടെ രണ്ടാം വരവ്..



"ഹൌ ഓള്‍ഡ്‌ ആര്‍ യു? ..ടു .."
"നൈന്റീന്‍ "
"നൈന്റീന്‍ ? ഹാദാ ഇത്നീന്‍ മ്ഹജൂദ് ... വാഹദ് ഇത്നീന്‍ റിയാല്‍ നാ ?"
അറിയാവുന്ന അറബിയില്‍ പറഞ്ഞു നോക്കിയെങ്കിലും "കന്തൂറ വാല "പിന്നെയും പറയുന്നു "നൈന്റീന്‍.."അവസാനം അദ്ദേഹം ടിക്കെറ്റ് മുറിച്ചു കൈയ്യില്‍ തന്നപ്പോഴാണ്‌ സമാധാനമായത്.
രാവിലെ മുതല്‍ ഈ രീതിയില്‍ അദ്ദേഹം വയസ്സറിയിച്ചുകൊണ്ടിരിക്കയാണെന്ന് കൌണ്ടറിലെ മലയാളിച്ചേട്ടന്‍. ആദ്യമായിട്ടാണത്രേ വായില്‍ക്കൊള്ളുന്ന പേരുള്ള ഒരു മലബാറി സിനിമ വരുന്നേ!

സൈബര്‍ ലോകത്തെ സകലമാന നിരൂപണങ്ങളും  ആസ്ഥാന ഫേസ് ബുക്കി ഭുജികളുടെ അഭിപ്രായ ഗുളികകളും അരച്ചു കലക്കി കുടിച്ചാണ് തീയറ്ററിലേക്ക് കയറിയത്.പ്രതീക്ഷിച്ചത് പോലെ ഹൌസ്‌ ഫുള്‍ തന്നെ.തങ്ങളുടെ ഇഷ്ട നായികയുടെ രണ്ടാം വരവ് കാണാന്‍ പ്രവാസി  കുടുംബങ്ങള്‍ ഒഴുകിയെത്തിയിരിക്കുന്നു.പ്രതീക്ഷകള്‍ തെറ്റിച്ചു കൊണ്ട്  പ്രവാസി"ബാച്ചിലേര്‍സും"
കസേരകള്‍ കരസ്ഥമാക്കിയിട്ടുണ്ട്.

 "ഒരു റോഷന്‍ ആണ്ട്രൂസ് സിനിമ "എന്ന് ഓര്‍മ്മിപ്പിച്ചു കൊണ്ട് "കളര്‍ഫുള്‍ " ടൈറ്റിലുമായി സിനിമ തുടങ്ങി. പതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം ഒരു  മഞ്ജു വാര്യര്‍ സിനിമ തീയറ്ററില്‍ പോയി കാണുകയാണ് .നിരുപമ രാജീവും,രാജീവും മകള്‍ ലച്ചുവും കുടുംബാംഗങ്ങളും എല്ലാം സാവധാനമേ കണ്മുന്നിലേക്ക് വന്നുള്ളൂ.മഞ്ജു വാര്യര്‍ എന്ന അഭിനേത്രി എങ്ങനെ തന്റെ രണ്ടാം വരവ് ഉഷാറാക്കുന്നു?അതോ കുളമാക്കുമോ? എന്ന ചിന്തയില്‍ സ്ക്രീന്‍ മുഴുവന്‍ പരതുകയായിരുന്നു ഞാന്‍,ഒരു പക്ഷെ മറ്റുള്ളവരും.

ആദ്യപകുതിയില്‍ നിരുപമയുടെ ഓഫീസ് ജീവിതം എന്നും ഉറക്കം തൂങ്ങി,ആശകളും പ്രതീക്ഷകളും നശിച്ച് ഓഫീസ്സില്‍ കയറി വരുന്ന സഹപ്രവര്‍ത്തകയെ ഓര്‍മ്മിപ്പിച്ചു .വൈകി വന്ന്,ചീത്ത പറഞ്ഞാലും മുഖത്ത് ഒരു വികാരവും വരാത്ത സഹപ്രവര്‍ത്തക.അല്പം ബോറടിച്ചു ഇഴഞ്ഞു നീങ്ങിയ ആദ്യപകുതി നിരുപമയെ ഐ ജി ഓഫീസില്‍ വിളിപ്പിച്ചതിനു ശേഷം ശക്തി പ്രാപിച്ചു .പതിനാല് വര്‍ഷങ്ങള്‍ക്കു ശേഷം നിരുപമയുടെ രണ്ടാം വരവ് ,രണ്ടാം പകുതിയില്‍ തകര്‍ത്തോ എന്ന് ചോദിച്ചാല്‍ ,ഇല്ല എന്ന് പറയേണ്ടി വരുമെങ്കിലും പ്രതീക്ഷകള്‍ കുഴിച്ചു മൂടിയവര്‍ക്ക് ,സ്വപ്‌നങ്ങള്‍  കാണാന്‍ മറന്നവര്‍ക്ക് എന്തോ ഒരു പ്രചോദനം ,ആത്മവിശ്വാസം നിരുപമ തരുന്നുണ്ട്.

നിരുപമയുടെ സ്വപ്നങ്ങള്‍ക്ക് നിറം നല്‍കാനാണെങ്കിലും പറയതെ പറഞ്ഞ "പച്ചക്കറി "രൂപത്തില്‍ വരുന്ന വിഷങ്ങള്‍ ,ശരിക്കും കണ്ണ് തുറപ്പിച്ചു.ഓരോ കേരളീയനും ഇനിയുള്ള നാളുകളില്‍ ചെയ്യേണ്ട കാര്യം..അല്പം മണ്ണുള്ളവര്‍ അവിടെ ,അല്ലെങ്കില്‍ ടെറസ്സില്‍ ഒരു അടുക്കള ത്തോട്ടം  പരിപാലിച്ചാല്‍ ആരോഗ്യത്തോടെ ജീവിക്കാം എന്നുള്ളത് പൊങ്ങച്ചമല്ല ,ഒരു സത്യമാണ്.വീടുകളില്‍ ഒരു കാലത്ത് ചീരയുടെയും പയറിന്റെയും വെണ്ടയുടെയും ഒക്കെ വിത്തു പാകി ,ഇടവേളകളില്‍ ഒരു കുഞ്ഞു കൃഷി ഉണ്ടായിരുന്നു.ഇന്നാര്‍ക്കും കിളക്കാനും വെള്ളം കോരനും ഒന്നും സമയമില്ല,പകരം അസുഖങ്ങള്‍ വിരുന്നെത്തുകയും ചെയ്തു."നമ്മുടെ എല്ലാവരുടെയും ഒരു ബന്ധുവിനെങ്കിലും കാന്‍സര്‍ ഉണ്ട് "എന്ന് നിരുപമ പറയുന്നത് പരമമായ സത്യമാണ്,ചിന്തിക്കേണ്ട ഒരു വിഷയവും...





 ഇനി അല്പം നിരൂപിക്കയാണെങ്കില്‍,നിരുപമയായും രാജീവായും മഞ്ജു വാര്യരും കുഞ്ചാക്കോ ബോബനും മികച്ചു നിന്നെങ്കിലും ഒരു രസതന്ത്രമില്ലായ്മ്മ തോന്നി .ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള നോട്ടത്തിലും,സംസാരത്തിലും ,നില്പിലും ഒരു അകലം പാലിച്ച പോലെ ഒരു ശങ്ക..ക്ലൈമാക്സിലെ കരം പിടിക്കുന്ന രംഗം ഒഴിച്ചാല്‍ .ഒരു പക്ഷേ കഥ ആവശ്യപ്പെടുന്നതും ഈ അകല്ച്ച തന്നെയാണെന്നതിനാല്‍ അതത്ര കാര്യമാക്കാനും ഇല്ല . "ഫാഷന്‍ സെന്‍സ്"ഇല്ലാത്ത നിരുപമയ്ക്ക് മറ്റു ന്യൂ ജനറേഷന്‍ നായികമാരെപ്പോലെ മഞ്ജു അല്പം മേയ്ക്കപ്പ് കൂടുതല്‍ നല്കിയോ (കണ്‍ പോളകളില്‍ ചായം വാരി പൂശുന്നത് ഇപ്പോള്‍ ട്രണ്ടാണോ?)
എന്നും സംശയം ഇല്ലാതില്ല.

ഓഫീസ് രംഗങ്ങളിലെ ,വീട്ടു രംഗങ്ങളിലെ ,സ്വാഭാവികിതയില്ലയ്യ്മ്മ ഈ കഥ ബ്ലസ്സിക്ക് കിട്ടിയിരുന്നെങ്കില്‍ വേറൊരു രീതിയില്‍ എടുത്തേനെ എന്ന് ചിന്തിപ്പിച്ചു.തെസ്നിഖാന്‍,
കലാരഞ്ജിനി,സീതാലക്ഷ്മി എന്നിവരാണ് ഇടയ്ക്ക് സിനിമയ്ക്ക് പൊടിപ്പും തൊങ്ങലും നല്‍കിയത്.കഥയില്‍ പതിരുകള്‍ പലതും ഉണ്ടെങ്കിലും മഞ്ജു വാര്യര്‍ക്ക് മുന്‍പില്‍ അതെല്ലാം  ഒന്നുമല്ലാതെയാകുന്നുമുണ്ട്.

"യുവര്‍ ഡ്രീം ഈസ് യുവര്‍ സിഗ്നേച്ചര്‍ " എന്ന് പറഞ്ഞു സിനിമ അവസ്സാനിക്കുമ്പോള്‍ കൈയ്യടികള്‍ തനിയെ ഉയര്‍ന്നു .സ്വപ്‌നങ്ങള്‍ കാണാന്‍ മാത്രമല്ല അത് പ്രാവര്‍ത്തികമാക്കാനുമുള്ള ഒരു ആന്തരിക ഊര്‍ജ്ജം സിനിമ പരത്തുന്നുണ്ട്.അല്ലെങ്കില്‍ നാട്ടില്‍ അല്പമെങ്കിലും ഉള്ള മണ്ണില്‍ ജൈവരീതിയില്‍ കൃഷി നടത്തി ജൈവ പച്ചക്കറികള്‍ ചുറു ചുറുക്കോടെ ഉത്പാദിപ്പിക്കണം എന്ന് ഞാന്‍ ഉറച്ച തീരുമാനം എടുക്കില്ലോ .ഉറക്കം തൂങ്ങി സഹപ്രവര്‍ത്തകയോട് നാളെത്തന്നെ സിനിമ കാണാനും ഉത്തരവ് കൊടുത്തു കഴിഞ്ഞു .

പിന്‍ കുറിപ്പ് :
സകലമാന ഓണ്‍ലൈന്‍ ഭുജികളും എഴുതി ബെടക്കാക്കിയിട്ടും വീണ്ടും ഇങ്ങനൊരു  ക്ലീഷേ റിവ്യൂ  എന്തിനു എഴുതണം എന്നൊരു ചിന്ത ഉണ്ടായിരുന്നു .ദേ.. "മഞ്ജു വാര്യര്‍ മടങ്ങി വരുമോ?" ഇങ്ങനൊരു പോസ്റ്റ്‌ ഈ ബ്ലോഗില്‍ തന്നെ അഞ്ചു വര്‍ഷം മുന്പ് എഴുതിയതിനാല്‍ മാത്രമാണ് ,എന്ത് ക്ലീഷേ ആണെങ്കിലും എഴുതാന്‍ മുതിര്‍ന്നത് ..ക്ഷമി ..:)

Sunday, June 01, 2014

"കില്ങ്ങ്ന്ന പാദ്സരം" -നാല്


  ചെമ്പരത്തിയുടെ ചുവട്ടില്‍ നിറയെ ഉറുമ്പിന്റെ  വലിയ പുറ്റാണ്.അതിന്റെ ഉള്ളിലേക്ക് 'ഇച്ചി വീത്തുമ്പോള്‍' നല്ല രസമാണ് .... 'ഗുള്‍  ഗുളു  ഗുളുന്ന്' ഒച്ച കേള്‍ക്കാം..ചുവന്ന തരി മണ്ണ് കൊണ്ട് കെട്ടിയ ഉറുമ്പിന്റെ വീട് മുഴുവന്‍ അലിഞ്ഞു പോകുന്നത് കാണാന്‍ അതിലേറെ രസമാണ്.
നാളെ രാവിലെ വീണ്ടും അവിടെ തന്നെ ആ പുറ്റ് മുളച്ചു  വരും...അതെങ്ങനെയാ നടക്കുന്നേ?

"നാലാള് കേറി വര്ന്ന വയിക്ക്‌ മൂത്രം ഒയിച്ച് നാറ്റിക്കരുതെന്നു  ചെക്കനോട് നൂറു പ്രാവശ്യം പറഞ്ഞതാ ..ഇങ്ങോട്ട് കേറി വാടാ ...നിനക്ക് വെച്ചിറ്റിണ്ട്".

 പേടിച്ചു വെറച്ചു ,കരന്ന് കേറ്റിയ ട്രൌസര്‍ മുഴുവന്‍ നനഞ്ഞു. നേരെ ഇടയിലേക്ക് ഓടിയപ്പോഴുണ്ട് എതിരെ വേറൊരാള്‍ വരുന്നു. ചുമലില്‍ ഒരു തോര്‍ത്ത്‌ മുണ്ടും ,കയറ്റിയുടുത്ത കട്ടി മുണ്ടും,കൈയ്യില്‍ ഒരു നീളന്‍ കുടയുമായി കറുത്തിരുണ്ട ഒരാള്‍ ...

വീണ്ടും തിരിച്ചു വീട്ടിലേക്ക് തന്നെ ഓടി ചായിപ്പില്‍ ഒളിച്ചു.

"നീയെന്നാടാ കിട്ടന്‍ വെല്ലിച്ചനെ കണ്ടിട്ടില്ലേ ഇത് വരെ...അകത്തേക്ക് ഓട്ന്നെ?"

വെല്ലിമ്മ കട്ടന്‍ കാപ്പി കൊണ്ടു കൊടുത്തെങ്കിലും അയാള്‍ കുടിച്ചില്ല.
"ഞാന്‍ പല്ല് തേച്ചിറ്റില്ല... പസ്റ്റു ബസ്സിനു കേറിയതാ ...ദാമു ഇല്ലേ ?"

"ഓന്‍ കുളിക്കാന്‍ വെളിച്ചെണ്ണ തേച്ച് അപ്പറത്തുണ്ട്"

"എന്നാ ഇങ്ങോട്ട് വെരാന്‍ പറ...ടീച്ചര് സ്കൂളില്‍ പോയോ?"

"ഇല്ല..ഓള് അടുക്കളേല് ഇണ്ട്.."

കുറേ സമയം കഴിഞ്ഞാണ്  അച്ഛന്‍ ഇറയകത്ത് വന്നത്.

"ആ വെല്ലിച്ചന്‍ വന്നിട്ട് കുറെ നേരം ആയോ?"

"ഉം..ആങ്ങളയോടും പെങ്ങളോടും ആയിട്ടു പറയാം ..എടച്ചേരി തെയ്യം നിശ്ചയം ആണ്... അട്ത്ത ഞായറാഴ്ച,കുംഭം ഒന്നിനായിരിക്കും കൊടിയേറ്റം ...ആയില്യത്തിനു നാഗത്തില്‍ കൈയിക്കലും...
ആ ചെക്കനോട് ത്തു..? ഇപ്പം ഇങ്ങോട്ട് കേറിപ്പോന്നെ കണ്ടല്ലോ..?"

"എടാ നിന്നെ വെല്ലിച്ചന്‍ വിളിക്ക്ന്നാ ..ഇങ്ങു വാടാ.."

പടിയില്‍ നിന്ന്  എത്തി നോക്കിയപ്പോള്‍ തന്നെ പേടി വരുന്നു.. കാതില്‍ ഒരു വലിയ കടുക്കന്‍ ഇട്ടിട്ടുണ്ട്,കാതിനിടയില്‍ ഒരു തുളസിക്കതിരും തിരുകി വെച്ചിരിക്കുന്നു.മുടി ഒരു വശത്ത് കുടുമ കെട്ടിയിട്ടുണ്ട്. മടിക്കുത്തില്‍ നിന്നും ഒരു പൊതി എടുത്ത്‌ എന്റെ നേരെ നീട്ടി.

"ഇങ്ങു വാ നിന്നെ ഒന്ന് കാണട്ടെ ..തമ്പാച്ചീനെ കാണാന്‍ വെരണം കേട്ടാ..."

പരുപരുത്ത കൈ കൊണ്ടു എന്നെ തൊട്ടപ്പോഴാണ് അത് കണ്ടത്..രണ്ട് കൈയിലും ഒരു കുഞ്ഞു വിരല്‍ അധികം..എന്റെ കൈയ്യില്‍ നിന്നും കടലാസു പൊതി നിലത്ത് വീണു.
രണ്ട് 'പോപ്പിന്‍സ്‌ 'ഉരുണ്ടു കസേരയുടെ അടിയിലേക്ക് പോയി.
വെല്ലിച്ചന്‍ അത് പൊറുക്കി എന്റെ ട്രൌസറിന്റെ കീശയിലിട്ടു.

അമ്മ അച്ഛനെ ആംഗ്യം കാണിച്ചു അകത്തേക്ക് വിളിച്ചു.
"നിങ്ങളിങ്ങു വന്നേ ..രാവിലെത്തന്നെ പല്ല് പോലും തേക്കാതെ വന്നതല്ലേ. ഭണ്ണ്ടാരത്തില്‍ ഇടാന്‍ ഇതാ എന്തെങ്കിലും കൊടുക്ക് .."

അമ്മ കൊടുത്ത പൈസ അവിടെ വച്ച് അച്ഛന്‍ ചുമരില്‍ തൂക്കിയിട്ടിരുന്ന ഷര്‍ട്ടിന്റെ പോക്കറ്റില്‍  നിന്നും കുറച്ച്  ചില്ലറയെടുത്ത് വെല്ലിച്ചന് കൊടുത്തു.
ഒന്നും മിണ്ടാതെ ചാരി വെച്ച കുടയും എടു ത്ത് വെല്ലിച്ചന്‍ മുറ്റത്തേക്ക് ഇറങ്ങി.മൂത്ര മൊഴിച്ചു നനഞ്ഞ മണ്ണില്‍ ചവിട്ടി  ചെരുപ്പിടാത്ത വെല്ലിച്ചന്‍ നടന്നകുന്നു..


"എന്തിനാ വെല്ലിമ്മേ ആ വെല്ലിച്ചന്‍ വന്നെ?"
"ഊരാളനായി കിട്ടന്‍ വെല്ലിച്ചനല്ലേ ഉള്ളൂ .തെയ്യം നിശ്ചയം പറയാന്‍ വന്നതാ.."

"തെയ്യോ? അതെന്ത്ന്നാ ?"

"അത് തമ്പാച്ചി ....നിന്റച്ഛനോട് കൂട്ടി ക്കൊണ്ട് പോകാന്‍ പറ...അച്ഛന്റെ തറവാടല്ലേ?"

"തമ്പാച്ചി എങ്ങനെയാ  തറവാട്ടില് വരുന്നേ?അച്ഛന്‍  കൂട്ടിക്കൊണ്ട് പോവൂലാ  ...അമ്പലത്തില്  പോലും കൂട്ടില്ല...പിന്ന്യാ..."


"വെല്ലിമ്മേ തെയ്യം ആകാറായോ?"

"തെയ്യം അടുത്താഴ്ചയാ,നീ ഇനി അതും നോറ്റ് ഇരിക്കണ്ട..നിന്‍റച്ഛനും അമ്മേം പോകാനൊന്നും പോന്നില്ല..ഹാ എനിക്കാണെങ്കില്‍ ഒറ്റയ്ക്ക് ബസ്സ് കേറി പോകാനൊന്നും കെല്പില്ല..."

"എനക്ക് തെയ്യം കാണണം..നമ്മക്ക് പോകാം വെല്ലിമ്മേ"

"അത് നല്ല കൂത്തായി... നിന്നേം കൂട്ടി ഞാന്‍ പോകാനോ..!ഒപ്പരം വേറെ വല്ലോരും ഉണ്ടെങ്കില്‍ പോകാരുന്നു ...പറഞ്ഞിട്ടെന്താ വേണ്ടെ..ഈ നാട്ടില്‍ വന്നിറ്റ് ഞാന്‍ ഇന്നേവരെ തെയ്യത്തിനു പോയിറ്റില്ല...നമ്മളെ കൂടെ വരാന്‍ അയിനു ആരാ ഉള്ളത്,?നമ്മക്ക് തെയ്യോ ഇല്ല...തെറയും ഇല്ലാ.."

"സത്യേച്ചി വരും..."

 "സത്യേച്ചി  അല്ല, കുച്ചേച്ചി വരും..ഓക്ക് കുറ്റിക്കരേലെ പണി കയിഞ്ഞിറ്റ്  നേരം ഇല്ലാ.. പിന്നാ .."

 "ഞാമ്പറഞ്ഞാല്‍ വെരും.."

"എന്നാ അതൊന്നു കാണണമല്ലോ"


കത്തി കാലില്‍ ഇറുക്കി പിടിച്ചു കൊണ്ട് സത്യേച്ചി മീന്‍ മുറിക്കുകയായിരുന്നു .രണ്ടു കൈ കൊണ്ടും മീനിനെ പിടിച്ചു ,കത്തിയില്‍ ഉരസി ചൂളി കളയുമ്പോള്‍ ,സത്യേച്ചി യുടെ ശ്രദ്ധ മുഴുവന്‍ അടുത്തിരിക്കുന്ന പൂച്ചയിലാണ്.

"കണ്ണ് തെറ്റിയാല്‍, അസത്ത് മീനെടുക്കും.. ശല്യം..."

മീനിന്റെ കുടല് പൊളിച്ച് ഇണറെടുത്തു ഉപ്പിലയിലാക്കി ദൂരെ എറിഞ്ഞപ്പോള്‍ പൂ ച്ച അതെടുക്കാന്‍ ഓടി.

"നീ ആ നാരകത്തിന്റെ ഒരു ചപ്പിങ്ങു പറിച്ചെ,ചീഞ്ഞ മീനാ.. നാറീറ്റു നിക്കാന്‍ വയ്യ."

ഞാന്‍ നാരകത്തിന്റെ രണ്ടില പറിച്ചു സത്യേച്ചിക്ക് കൊടുത്തു.

ചട്ടിയില്‍ മീന്‍ കഷണങ്ങള്‍ ഉപ്പിട്ട് ഇളക്കി,കത്തിയും കഴുകി നാരകത്തിന്റെ ഇല കയ്യിലും കത്തിയിലും ഉരച്ച് മണത്തു നോക്കി.

"സത്യേച്ചി തെയ്യം കണ്ടിറ്റുണ്ടോ?"

"അതെന്താ ഇപ്പം അങ്ങനൊരു ചോദ്യം?കളരി വാതുക്കല് ഉത്സവത്തിന് തെയ്യം ഇല്ലേ?"

"ഞാന്‍ കണ്ടിറ്റില്ല..നമ്മക്ക് തെയ്യം കാണാന്‍ പോകാ ..എടച്ചേരി തെയ്യം ഉണ്ട്..വെല്ലിച്ചന്‍ വന്ന് പറഞ്ഞിറ്റിണ്ട് ..നമ്മക്ക് പോകാം..വെല്ലിമ്മേം വെരും"

"ഏത് വെല്ലിച്ചന്‍?"

"വെല്ലിമ്മേന്റെ വെല്ലിച്ചന്‍.. വെല്ലിച്ചന്റെ കൈയ്യില് ഇല്ലേ,ഒരു കുഞ്ഞ് വെരല് കൂടി ഇണ്ട്"

 സത്യേച്ചി  തേങ്ങ  ചിരണ്ടുന്നതിനിടയില്‍  ഞാന്‍ ഒരു പിടി  കിണ്ണത്തില്‍ നിന്ന് വാരിയെടുത്തു .
"അടി കിട്ടും ആട്ന്ന്"

എന്റെ കൈ വിരലിന്റെ എല്ലു മുറിയെ ഒരടി കിട്ടി.

"ഇങ്ങനെ തേങ്ങ വാരിത്തിന്നാല്‍ നിന്റെ മങ്ങലത്തിന് മഴ പെയ്യും കേട്ടാ..."

തരിച്ച കൈ കുടഞ്ഞു  കൊണ്ട് ഞാന്‍ സത്യേ ച്ചി യെ തുറിച്ചു നോക്കി.

"അതെങ്ങ്നെ?"
"മഴ പെയ്യുമ്പോ കണ്ടാ മതി"

"സത്യേച്ചി തെയ്യം....."
"നിന്റെ ഒരു തെയ്യം..! അങ്ങോട്ട്‌ മാറി നിക്ക് മൊളക് കണ്ണില് തെറിക്കും.ഇത് പോലെ മൊകം  മൊത്തം ചോന്ന്... തെയ്യത്തിനെ,നീ കണ്ടാ തന്നെ പേടിക്കും.."

അമ്മിക്കുട്ടി കുത്തനെ വച്ച് വിരല് കൊണ്ട് അര വ് തുടച്ച് എടു ക്കു ന്നിതിനടയില്‍ അമ്മിക്കും കിട്ടി വഴക്ക്.
 "നാശം ഇതിന്റെ അരം ഒക്കെ പോയി ,ആരെങ്കിലും ഈ വഴിയാറ്റം വന്നാല്‍ കൊത്തിക്കണം "

അടുക്കളയില്‍ നിന്ന് അകത്തെ ഇറയകത്തേ ക്കുള്ള ഒരു ഇടുങ്ങിയ വഴിയിലാണ് സത്യേച്ചി യുടെ പായ.അതിനടുത്ത് ഒരു ചാക്ക് തുണി വിരിച്ച് അതൊരു പഴയ ഇരുമ്പു പെട്ടി.ആ പെട്ടി തുറന്നാല്‍ കൂറ മുട്ടായി യുടെ നല്ല മണമാണ്.
"നിന്റെ കൂടെ വെരാന്‍ സത്യേച്ചിക്ക് നല്ല സാരിയും കുപ്പായോന്നും ഇല്ലെടാ.."

ഒരു ചുവന്ന സാരിയെടുത്ത് സത്യേച്ചി നിവര്‍ത്തു നോക്കി.
"കൊട്ടാരത്ത് നിന്ന് തന്നതാ..ഇതിനു പറ്റിയ ബ്ലൌസ് ഒന്നും ഇല്ല..ആകെയുള്ള തൊന്ന് നരച്ചും പോയി..."
പഴയ ഒരു ബ്ലൌസ് എടുത്ത് ,സത്യേച്ചി കലണ്ടറില്‍ കോര്‍ത്ത്‌ വച്ചിരുന്ന സൂചിയും നൂലുമെടുത്തു തുന്നാനിരുന്നു.



"തെയ്യോം കുയ്യോംന്ന്‍ പറഞ്ഞ് വെല്ലിമ്മയും മോനും എങ്ങോട്ടാ ?,ഈ ചെക്കനേം കൊണ്ട്  ഒറ്റയ്ക്ക് പോയിറ്റ് വേറെ പണിയൊന്നും  ഇല്ലേ?"

"ഒറ്റക്കൊന്നും അല്ലാ....സത്യേച്ചീം  ഇണ്ട്.."

 "ആ ...ഒളേം കൂട്ടിറ്റാ പോക്ക് ...നന്നായി ..എന്തെങ്കിലും വെരുത്തി വെച്ചിട്ട്  മൂന്നും കൂടി വാ ....
തെയ്യത്തിനു കൊടി ഇറങ്ങിയിട്ടാണോ മടക്കം?"

"സത്യഭാമ  ഇല്ലേ.. ഇവനെ ഓള് നോക്കിക്കോളും,ജാനകി ഏ ട്ത്തിന്റെ  അടുത്ത് രാത്രി പായ വിരിച്ച് കെടക്കാം...ഞായറാഴ്ച ഉച്ചക്ക് 'കുരുതി' കഴിഞ്ഞു വരും .."

 തെയ്യത്തിനു പോകുന്നത് അമ്മയ്ക്ക് തീരെ ഇഷ്ടമില്ലായിരുന്നു.അതും സത്യേച്ചിയെ കൂടെ കൂട്ടുന്നത്‌... .വൈകുന്നേരം  അഞ്ചര മണിക്കാണ് 'മുത്തപ്പന്‍ ബസ്‌."'അതിനാണ് പോകുന്നത് .ബസ്സില്‍ നിന്നും ഇറങ്ങേണ്ട സ്ഥലം വല്യമ്മക്ക് അറിയാം.ഒരു ആശുപത്രി കഴിഞ്ഞുള്ള  സ്റ്റോപ്പ്‌ ആണ്.ഒരാള്‍ക്ക് നാലു രൂപയാണ് ടിക്കറ്റ്‌......

പെട്ടന്നാണ് ബസ്സ്‌  വന്നത്.സ്റ്റോപ്പില്‍ നിന്നും മാറി ദൂരെയാണ് നിര്‍ത്തിയത് .ഒന്ന് രണ്ടു പേര്‍ ഇറങ്ങാനുണ്ടായിരുന്നു.വല്യമ്മ ആദ്യം ഓടിക്കയറി.പിറകെ, സത്യേച്ചി എന്നെ ബസ്സില്‍ എടുത്ത് കയറ്റിയ ശേഷം കയറി.വൈകുന്നേരം ആയതു കൊണ്ട് നല്ല തിരക്കായിരുന്നു.

"ആ കുട്ടീനെ സൈഡില്‍ ആക്ക്..ടിക്കെറ്റ് ടിക്കെറ്റ് .."

"മൂന്ന്  നാല്.."വല്യമ്മ ടിക്കറ്റ്‌ കൊടുത്തു.

ബസ്‌ നല്ല വേഗത്തില്‍  ഓടിക്കൊണ്ടിരിക്കുമ്പോള്‍ മരങ്ങള്‍  പിറകോട്ട് പോകുന്നത് കാണാന്‍ നല്ല രസ മാണ്.ഞാന്‍ പുറത്തേക്കു എത്തി നോക്കുന്നത് കണ്ട് സീറ്റിലിരുന്ന ഒരു ചേച്ചി കൈ പിടിച്ചു.
"ഇങ്ങ് വാ മോനേ ..ഈടെ ഇരിക്ക് ...."

"പോയി ഇരുന്നോടാ.."

രണ്ടു ചേച്ചി മാരുടെ നടുവില്‍ ഞാനങ്ങനെ ഇരുന്നു..

പെട്ടന്ന് മുന്‍പിലെ സീറ്റില്‍ തല ഇടിച്ചപ്പോളാണ് ഉറക്കത്തില്‍ നിന്നും ഉണര്‍ന്നത് .
ബസ്‌ കുറേ പോയി എനിയും എത്തിയില്ലേ?"എത്തീലേ സത്യെച്ചീ ?"

"കാര്‍ത്തി ഏച്ചീ... എത്തീലെ?"സത്യേച്ചി വല്യമ്മയെ നോക്കി.

"ആസ്പത്രി കാണുന്നില്ല സത്യേ..സമയം.കുറേ ആയീം താനും" വല്യമ്മ  ആകെ പേടിച്ചു പോയിരുന്നു.

നേരം ഇരുട്ടി തുടങ്ങി, കുറേ പേര്‍ പല സ്റൊപ്പുകളിലായി  ഇറങ്ങി ..ബസ്സിലെ തിരക്കും കുറഞ്ഞു,

"നിങ്ങക്ക് ഏടിയാ ഏറ ങ്ങേണ്ടത് ?നാലുറു പ്പികക്ക് അല്ലേ ടിക്കറ്റ്‌ എടുത്തത്?"

"എടച്ചേരി ..എത്തീലേ?"

"എടച്ചേരിയോ? ഇത് വളപട്ടണം വരെയേ ഉള്ളൂ.."

"അപ്പൊ.. അഞ്ചരയുടെ മുത്തപ്പന്‍ അല്ലേ ഇത്?"

"ആ അത് ശരി...  അഞ്ചരയുടെ മുത്തപ്പന്‍ അങ്ങോട്ടാ ..ഇങ്ങോട്ടല്ല നിങ്ങള്  റയില്‍വേ ഗേറ്റിനടുത്ത് നിന്നല്ലേ കയറിയത്? ഇത് അഞ്ചേ കാലിന്റെ മുത്തപ്പനാ ..ഇന്ന് കുറച്ചു ലേറ്റായിപ്പോയി ..അഞ്ചരക്ക് അങ്ങോട്ടാ ..നിങ്ങക്ക് റോഡിന്റെ സൈഡ് മാറിപ്പോയി,എടച്ചേരി പോകാന്‍ അപ്പറത്തു നിന്നല്ലേ കേറെണ്ടത്?"

"സത്യഭാമേ ബസ്‌ മാറിപ്പോയി..!"

വല്ല്യമ്മ ആകെ വിയര്‍ത്തു കുളിച്ചു.ഞാന്‍ സീറ്റില്‍ നിന്നും എഴുന്നേറ്റു.."സത്യെച്ചീ ഇറങ്ങാം ..നമ്മക്ക് ഏറങ്ങാം "
"ബസ്‌  നിര്‍ത്ത്.... ബസ്‌  നിര്‍ത്ത്..."വല്യമ്മ എന്നെയും വലിച്ചു കൊണ്ട് പോയി ബസ്സില്‍ നിന്ന് ഇറങ്ങാന്‍ ഒരുങ്ങി.

"എടച്ചേരി പോകാന്‍ ഈടെ ഇറങ്ങേണ്ട...ഇനി വള പട്ടണത്ത് എറങ്ങിയാ മതി ,അവിടുന്ന് ആശുപത്രി ബസ്‌ കിട്ടും..."കണ്ടക്ടര്‍ തടഞ്ഞു നിര്‍ത്തി.

പുറത്ത് നേരം ഇരുട്ടായി തുടങ്ങിയിരുന്നു..റോഡിനു ഇരുവശവും നിറയെ വലിയ  വലിയ ലോറികള്‍ ,പീടികകള്‍ എല്ലാം അടച്ചിരിക്കുന്നു,എന്തൊക്കെയോ ശബ്ദങ്ങള്‍ ....
ബസില്‍ ,പിറകില്‍ ഒന്നോ രണ്ടോ ആള്‍ക്കാരും പിന്നെ ഞങ്ങളും മാത്രം.
"ആ... എറങ്ങിക്കോ ലാസ്റ്റ്‌ സ്റ്റോപ്പ്‌ എത്തി..."
സത്യേച്ചി എന്നെ മെല്ലെ പിടിച്ചിറക്കി .

"സത്യഭാമേ എനി എന്താ ചെയ്യാ...?" വെല്ല്യ മ്മക്ക് ഒരു എത്തും പിടിയും ഇല്ലായിരുന്നു.

എങ്ങും കൂരാ കൂരിരുട്ട് ..പെട്ടന്നാണ് ഞാനത് കണ്ടത്.
നീണ്ടു നിവര്‍ന്നു കിടക്കുന്ന ഒരു വലിയ സാധനം ..അതില്‍ ഒന്നില്‍ നിന്നും പുകയും  വരുന്നുണ്ട് . മെല്ലെ അത് അനങ്ങുന്നുമുണ്ട്.

"സത്യേച്ചി ...എന്നെ എടുക്ക്.."

"പേടിക്കണ്ട.. അത് ഗുഡ്സ് അല്ലേ ..ഇത് വളപട്ടണം റയില്‍വേ സ്റ്റേഷന് അടുത്താ..."

"എനി തെയ്യത്തിന് ഒന്നും പോണ്ട സത്യഭാമേ, നമ്മക്ക് എങ്ങനെങ്കിലും വീട്ടില് പോവാം.."

"ബേജാറാവല്ലേ, കാര്‍ത്തിയേച്ചി ഇവിടുന്ന് ആ കണ്ടക്ടര്‍ പറഞ്ഞ ബസ്‌ കിട്ട്വോന്നു നോക്കാം.."


റോഡില്‍ കുറെ നായകള്‍ ഓരിയിട്ടു കൊണ്ട് ഓടുന്നുണ്ട്,പിന്നെ 'വീട്ടില് പാട്ട  പെറുക്കാന്‍  വരുന്ന അണ്ണാച്ചികള്‍ ' കൂടാരങ്ങള്‍ കെട്ടി റോഡിനു ഇരുവശവും കൂടിയിരിക്കുന്നു.
എന്തൊക്കെയോ റോഡില്‍ തീയിട്ടത് കരിഞ്ഞു മണക്കുന്നുണ്ട്.

പെട്ടന്ന് ആ ഗുഡ്സ് വലിയ ഒച്ചയുണ്ടാക്കി  ചീറിപ്പാഞ്ഞു പോയി.
ഞാനാകെ പേടിച്ചു വിറച്ചു കരഞ്ഞു.


ദൂരെ ഒരു 'ഉന്ത് വണ്ടി'ക്കടുത്ത് കുറച്ചു പേര്‍ കൂടി നില്‍ക്കുന്നുണ്ട്.അവരില്‍ ചിലര്‍ ഞങ്ങളെ നോക്കുന്നുമുണ്ട്.

 "ഞാനൊന്നു ചോയിച്ച് നോക്കട്ടെ.."

സത്യേച്ചി എന്നെയും കൊണ്ട് അങ്ങോട്ട്‌ നടന്നു..

തെയ്യത്തിന് പോണ്ടായിരുന്നു. വീട്ടില് മടങ്ങിപ്പോയാല്....അമ്മ അറിഞ്ഞാല്‍ അടി കിട്ടും..പിന്നെ ഏടെയും വിടില്ല....
ബസ്‌ കിട്ടിയാ മതിയായിരുന്നു.. ശല്യം..

(തുടരും.. )




















Friday, May 16, 2014

"കില്ങ്ങ്ന്ന പാദ്സരം "- മൂന്ന്

ഇടവഴികളിൽ വീണ്ടും പാദസരം കിലുങ്ങുകയാണ് ,അഞ്ചാറു വർഷം  മുമ്പ്  കുത്തിവരച്ചിട്ട അക്ഷരങ്ങൾ വീണ്ടും പെറുക്കി ക്കൂട്ടുകയാണ് .പാതിവഴിവരെ കൂടെ വന്നവർ സദയം ക്ഷമിക്കുക ,മറ്റൊരു അർദ്ധ: വിരാമം ഇപ്രാവശ്യം ഉണ്ടാകില്ല എന്ന് കരുതാം .പതിനഞ്ചു  ദിവസങ്ങൾക്കുള്ളിൽ ഓരോ കിലുക്കവും പ്രതീക്ഷിക്കാം ,ഞാനൊരു സാഹിത്യകാരനോ ചിത്രകാരനോ അല്ലെന്നത് പരമമായ സത്യമാണ് ,വെറുമൊരു' ബ്ലോഗർ 'മാത്രം ,അതിനാൽ  അഭിപ്രായങ്ങളും, വിമർശനങ്ങളും ,പ്രോത്സാഹനങ്ങളും  അത്യാവശ്യം പ്രതീക്ഷിക്കുന്നു .പിന്നെ ഇതിലെ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്ക്ല്പികം മാത്രമാണ് ..അഥവാ എങ്ങോ എവിടെയോ സാമ്യം തോന്നുന്നുണ്ടെങ്കിൽ അത് മനസ്സിൽ വച്ചാൽ മതി,ആരോടും പറയണ്ട :) ഇതുവരെ പാദസര കിലുക്കം കേള്‍ക്കാത്തവര്‍ക്കായി... 
"കില്ങ്ങ്ന്ന പാദ്സരം"-ഒന്ന്
"കില്ങ്ങ്ന്ന പാദ്സരം"-രണ്ട്



"എരിയുന്നുണ്ടെങ്കില് ..ഈ തൈരും കൂട്ടി മുഴുവനും കൊഴച്ച് തിന്ന്..."
"മതി വെല്ലിമ്മേ.."
"നിന്നോടാ മുഴുവനും വാരിത്തിന്നാന്‍ പറഞ്ഞെ..സത്യേച്ചി അമ്പലത്തില് പോവനോന്നും ആയിട്ടില്ല ..അല്ലേത്തന്നെ ..നട്ടുച്ചക്കല്ലേ ..അമ്പലത്തില്‍ പോക്ക്.."
"ഇത് കയക്ക്ന്ന് ...എനിക്ക് മതി .."

"മുഴുവനും തിന്നോ...അല്ലേ .. കേളിപാത്രം വരുന്നുണ്ട്..ചോറ് തിന്നാത്ത കുട്ടികളെ പിടിച്ചിട്ടങ്ങ് കൊണ്ടോകും .."

"അയിന്.. മണി മുട്ടുന്ന ഒച്ചയൊന്നും കേക്കുന്നില്ലല്ലോ..?"

"ആ എടേലൂട്ടെ അങ്ങോട്ട് പോയിട്ടിണ്ട്..കൊറച്ചു കഴിയുമ്പം ഇങ്ങോട്ട് വരും.."

ഈ കേളിപാത്രത്തിനെ കാണുമ്പോള്‍ തന്നെ പേടിയാവും.. ഒന്നും മിണ്ടാതെ ..മണിയും കിലുക്കി....ചുവന്ന മുണ്ടൊക്കെ ചുറ്റി ..തലയില്‍ പാമ്പിന്റെ കിരീടം വെച്ച്...അങ്ങനെ വരുന്നത് കാണുമ്പോള്‍ തന്നെ ഞാന്‍ ചായിപ്പിലോട്ട് ഓടും.കിരീടത്തില്‍ ഒരു തലയും ഉണ്ടാകും ..അത് ഗംഗാ ദേവിയെ പിടിച്ചു വച്ചതാണ് എന്നാണ് സത്യേച്ചി പറയുന്നെ..വെല്ലിമ്മ മുറത്തില്‍ അരി കൊടുക്കുമ്പോള്‍ ചായിപ്പില്‍ നിന്ന് എത്തി നോക്കുന്ന എന്നെത്തന്നെ കേളിപാത്രം തുറിച്ച് നോക്കും ...
"എനി ചോറ് തിന്നാഞ്ഞിട്ട് എന്നെ പിടിച്ച് കൊണ്ടോവ്യോ....?"



"ആ കരുയുന്ന ഷൂവൊന്നും വലിച്ചു കേറ്റണ്ട... അമ്പലത്തിന്ന് ആരെങ്കിലും എടുത്തു കൊണ്ടു പോകും കെട്ടാ.."
കീ ..കീ... എന്ന് കരയുന്ന ഷൂവും ഇട്ട് ഞാന്‍ മുറ്റത്തേക്ക് ഇറങ്ങി.

"വെല്ലിമ്മേ കേളിപാത്രം ഏടെപ്പോയി ? "

"വയലിന്റെ അങ്ങോട്ടാനം പോയെന്ന് തോന്നുന്നു..ഇങ്ങോട്ടെനി നാളെയാറ്റെ വരൂ.."

" ഞാമ്പോട്ടേ.."

"കുളിച്ചിറ്റ് മുടിവാരീറ്റില്ല..ഇങ്ങു വാ ..മുടി വാരീറ്റ് പോവാം .."

"സത്യേച്ചി വാരിത്തരും........."

സത്യേച്ചി എന്നെയും കൂട്ടാതെ പോയിക്കളയുമോ എന്ന പേടിയായിരുന്നു ഉള്ളില്‍ ..ഓടിക്കിതച്ച് കുറ്റിക്കരയില്‍ എത്തിയപ്പോഴുണ്ട് ,ഏറേത്ത് പ്രമോദേട്ടന്‍ .

"നീ നടക്കുമ്പം ആരാടാ കരയുന്നത് ശിങ്കിടീ.."

" ഷൂന്റെ പീപ്പിയാ... സത്യേച്ചി പോയാ ..?"

"'സത്യേച്ചി അപ്പറത്ത് അടുക്കളേല് ചാണം തേക്കുന്നുണ്ട്...സത്യളേമ്മേ...ഇതാ ശിങ്കിടി വന്ന് കേട്ടാ..ആനയെല്ലാം പോന്നേനു മുമ്പ് വേം കൂട്ടീറ്റ് പോയ്ക്കോ.."


ഒരു പഴയ കലത്തില്‍ ചാണകം കലക്കി ,പഴന്തുണി കൊണ്ട് കലത്തില്‍ മുക്കി ,നിലത്ത് ഇരുന്ന് നിരങ്ങി ചാണകം തേക്കുകയാണ്, സത്യേച്ചി .അടുക്കളയിലെ മുഴുവന്‍ ചട്ടികളും ,കലങ്ങളും,കുപ്പികളും അടുക്കളപ്പുറത്ത് എടുത്ത് വച്ചിട്ടുണ്ട് .

"പ്രമോദേട്ടന്‍ വെറുതെ പറയുന്നതാ കെട്ടാ ..ആനെയെല്ലാം ആടത്തന്നെ ഇണ്ടാവും ..ഇത് കയിഞ്ഞിട്ട്‌ തലയും മേലും ഒന്നു കുളിക്കട്ടെ ...എന്നിറ്റ് നമ്മക്ക് പോവാം .."

അലക്ക് കല്ലിന്റെ അടുത്ത് നിന്ന് സത്യേച്ചി തല കുളിച്ച് തോര്‍ത്തി .തോര്‍ത്ത് തലയില്‍ കെട്ടി , സോപ്പുങ്കായി പിഴിഞ്ഞ വെള്ളത്തില്‍ ഇട്ടു വച്ച പാദസരങ്ങള്‍ ചകരി കൊണ്ട് നല്ലവണ്ണം ഉരച്ചു കഴുകി.
"ഇത് തയഞ്ഞ് തയഞ്ഞ് തീരാറായി ..എപ്പോളാ കാലിന്ന് ഊരിപ്പോന്നേന്ന് ആര്‍ക്കറിയാം .."
അലക്ക് കല്ലില്‍ കാലെടുത്ത് വച്ച് പാദസരം കാലിലേക്ക് ഇടുന്നതിനിടയില്‍ ഞാന്‍ നോക്കിയപ്പോഴുണ്ട് ...കാലിന്റെ വിരലില്‍ ഒരു വെള്ളി മോതിരം ..

"സത്യേച്ചി ഇതെന്തിനാ കാലില് മോതിരം ഇടുന്നെ?"

പല്ലു കൊണ്ട് പാദസരത്തിന്റെ കൊളുത്ത് അമര്‍ത്തി ,ബക്കറ്റിലെ വെള്ളം കാന്താരിയുടെ മെരട്ടിലേക്ക് നീട്ടി ഒഴിച്ച് സത്യേച്ചി പറഞ്ഞു."കൈയ്യിലിടാനോന്നും മോതിരൊന്നും ഇല്ല ..സ്വര്‍ണം വെള്ളീം എല്ലെം ആയിറ്റ് സത്യേച്ചിക്ക് ഇതും ഈ പാദ്സരേ ഉള്ളൂ... ആ അത് പറഞ്ഞപ്പോഴാ ഓര്മ്മ വന്നെ.. നീ ആടെന്ന് ഒരു തുളസിത്തണ്ട് പറിച്ചേ...മൂക്കുത്തീന്റെ കല്ല്‌ പോയിറ്റ് ഊരി വെച്ചിറ്റാ ഉള്ളെ..ഒന്നും ഇടാണ്ട്‌ നിന്നാല്‍ തൊള അടഞ്ഞു പോവും .."



"സത്യേച്ചി ഇങ്ങോട്ടാ അമ്പലം.. ?"
"അമ്പലത്തിലേക്ക് നേരെയാ പോണ്ടേ ..നമ്മക്ക് ഈടെ ലീലേച്ചി പണിക്കു പോകുന്ന പടിഞ്ഞാറെ കൊട്ടരത്തിലൊന്നു കേരണം ..വീട്ടില് അച്ചമ്മ ഒറ്റക്കല്ലേ ഉള്ളൂ ..ലീലേച്ചീനോട് ഒന്ന് നേരത്തെ പോവാന്‍ പറയണം ."

മരത്തിന്റെ വലിയ തൂണുകളും കൊത്തുപണികളും മിനുസമുള്ള തറയും എല്ലാം ഉള്ള വലിയ കൊട്ടാരം.മുറ്റത്ത് നിറയെ പൂച്ചെടികളും...എന്റെ ഷൂവിന്റെ കരച്ചില്‍ കേട്ട് ഒരു തമ്പുരാട്ടി പുറത്തേക്ക് വന്നു.

"ആ സത്യഭാമയോ..നിന്നെ ഈ വഴിക്കൊക്കെ കണ്ടിട്ട് കുറച്ചായല്ലോ.... ഇത് ഏതാ ഈ കുട്ടി ?"

"ഇവന്‍ നമ്മുടെ സ്വന്തം ആളാ..അപ്പുറത്തെ ടീച്ചറെ മോനാ .. നമ്മളൊന്ന് അമ്പലത്തിലേക്ക് ഇറങ്ങിയതാ ..പിന്നെ .. ലീലേച്ചീനെ ഇന്നു ഒന്ന് നേരത്തെ വിടണേ..അമ്മ വീട്ടില് ഒറ്റക്കേ ഉള്ളൂ .. "

"ലീല അവിടെ അരി ഇടിച്ചു കൊണ്ടിരിക്കായാ.. അത് കഴിഞ്ഞാല്‍ പറഞ്ഞയക്കാം .."

ഞങ്ങളോട് അവിടെ നില്ക്കാന്‍ പറഞ്ഞ് തമ്പുരാട്ടി ധൃതിപ്പെട്ടു അകത്തേക്ക് നടന്നു.ഒരു ഇല ചീന്തില്‍ രണ്ടു മൂന്ന് നെയ്യപ്പവുമായി അല്‍പ്പ സമയത്തിന് ശേഷം തിരിച്ചു വന്നു .തമ്പുരാട്ടി അത് എന്റെ നേരെ നീട്ടി .

"ഇന്നാ കുട്ടീ ..ഇവിടെ ആദ്യായിട്ട് വന്നതല്ലേ.."

"എനിക്ക് വേണ്ട ...അമ്മ പറഞ്ഞിന് ഏടുന്നും ഒന്നും വാങ്ങി തിന്നണ്ടാന്ന് ..."ഞാന്‍ സത്യേച്ചിയോട് മെല്ലെ പറഞ്ഞു.വാങ്ങിക്കോ എന്ന അര്‍ത്ഥത്തില്‍ സത്യേച്ചി കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു.

"ഇവനെന്താ ഒരു മടി..മധുരം ഇഷ്ടമല്ലേ.... "

"ഹേയ് ..ഇവന്‍ മുട്ടായീന്റെ ആളല്ലേ... തമ്പുരാട്ടീ "

"വെറുതെ അല്ല പല്ലൊക്കെ പുഴു കൊണ്ടു പോയത് ..! അല്ലേ... സത്യഭാമേ..ഹാ ഞാന്‍ ലീലയുടെ പക്കല്‍ ഒന്ന് രണ്ട് സാരി കൊടുത്തുവിടാം കെട്ടോ..എടുത്ത് ഉടുക്കണം ..കുട്ടിയോള് കൊണ്ടു വന്നതൊക്കെ ഇവിടെ ധാരാളം ഉണ്ട്.. എനിക്ക് ഇതൊക്കെ ഉടുത്തൊരുങ്ങി നടക്കേണ്ടേ പ്രായൊക്കെ കഴിഞ്ഞൂ .."



നടക്കുന്നതിനടയില്‍ ഞാന്‍ ചോദിക്കാനിരുന്ന ആ ചോദ്യം ചോദിച്ചു.
"സത്യേച്ചി ,ഇത് നമ്മളെ നാടല്ലേ.."
"പിന്നെ ഇത് നമ്മളെ നാടല്ലാണ്ട്.."
"എന്നിറ്റ് അമ്മയും വെല്ലിമ്മയും പറയ്ന്ന്‌, ഇത് നമ്മള നാടല്ലാന്ന്..വീടും അല്ലാന്ന്.."
"അവര് വെറുതെ പറയുന്നതാ..അവരിക്കൊന്നും അറിയില്ല.. "

ചിറയുടെ അടുത്ത് എത്തിയപ്പോഴുണ്ട് ,കൂര്‍ത്ത രണ്ടു കൊമ്പും .. നീണ്ട തുമ്പിക്കൈയ്യും ഉള്ള വലിയൊരാന!

"സത്യേച്ചി..ആനേനെ കുളിപ്പിക്കാന്‍ കൊണ്ടോയതാ?"

"ആനക്കും കുളിക്കേണ്ടടാ..ഉത്സവത്തിനു അമ്പലത്തില് കേരുന്നേനു മുമ്പ് ആനേനെ കുളിപ്പിക്കണം ..നെറ്റിപ്പട്ടം എല്ലാം കെട്ടി ...തിടമ്പ് എടുക്കേണ്ടയല്ലേ..."

"എന്നിറ്റ് ആനേന്റെ മേത്ത് മണ്ണുണ്ടല്ലോ .."

"അത് നിന്നെപ്പോലെയെന്നയാ ..കുളിച്ചു കയിഞ്ഞിട്ടും മണ്ണില് കളിക്കും .."

ആന അടുത്ത് എത്തിയപ്പോഴേക്കും എനിക്ക് പേടിയായി .സത്യേച്ചിയുടെ ചുമലില്‍ കണ്ണ് പൊത്തി ,രണ്ടു കൈയ്യും ആ കഴുത്തിന്‌ മുറുകെ പിടിച്ച് ശ്വാസമടക്കി അങ്ങനെ കിടന്നു...

"നീ താഴെക്കീഞ്ഞാ ...ആനെയെല്ലാം അങ്ങ് പോയി ..എന്റെ കൈ കടയുന്നു.."

താഴെ ഇറങ്ങിയപ്പോഴേക്കും ആന മുമ്പോട്ടു പോയിരുന്നു..റോഡില്‍ നിറയെ ആനപ്പിണ്ടം.."ചില്‍ ..ചില്‍ ."എന്ന് ചങ്ങലയുടെ ശബ്ദം കേള്‍ക്കുന്നുണ്ടായിരുന്നു..



ആല്‍മരത്തിന്റെ ചുറ്റിലും ,മതിലിന്റെ അടുത്തും എല്ലാം നിറയെ ചന്തകള്‍...ബലൂണുകള്‍..പീപ്പികള്‍

..കരിമ്പ് ,മുട്ടപ്പൊരി,പുല്ലുമുട്ടായി,ബത്തക്ക........കുറേ ആളുണ്ട്...

"സത്യേച്ചീ ..ബലൂണ് വേണം...""അതെല്ലാം നമ്മക്ക് പോവുമ്പം വാങ്ങാം..ഓട്ടന്‍ തുള്ളല് കാണണ്ടേ ..വാ അകത്തു കയറാം..."

എന്റെ കരയുന്ന ഷൂവും ,സത്യേച്ചിയുടെ ചെരിപ്പും കൂടി ഒരു ഉപ്പിലയില്‍ പൊതിഞ്ഞു ,അമ്പലത്തിന്റെ കുളത്തിനടുത്തുള്ള ഒരു കുറ്റിക്കാട്ടില്‍ ഒളിപ്പിച്ചു.

"ഇത് ഈടെ വെച്ചിറ്റില്ലേല് ശരിയാവൂല ..കയിഞ്ഞകൊല്ലം എന്റെ ആകെക്കൂടിയുള്ള ഒരു ബാറ്റേന്റെ ചെരുപ്പ് പോയതാ.."

ചന്ദനം നെറ്റിയില്‍ തൊട്ടു തന്ന്,ഷര്‍ട്ടിന്റെ 'കുടുക്ക് 'ഇട്ടു തന്ന ശേഷം സത്യേച്ചി എന്നെ മണ്ഡപത്തില്‍ ഇരുത്തി.അവിടെ എന്നെപ്പോലെ കുറെ കുട്ടികള്‍ ചമ്രം പടിഞ്ഞു ഇരിക്കുന്നുണ്ട്.കൂടെ കുറേ അമ്മൂമ്മമാരും.

"ഈടെ ഇരിക്ക് കെട്ടാ..സത്യേച്ചി താഴെ ഇണ്ട്.."

"എന്നെ ഒറ്റക്കാക്കീറ്റ് സത്യേച്ചി പോവ്യോ..?"പെട്ടന്ന്‍ ഒരാള്‍ മണ്ഡപത്തിലേക്ക് ചാടിക്കയറി.പല നിറത്തിലുള്ള തുണി കഷണങ്ങള്‍ ചുറ്റി ,മുഖത്ത് ചുവന്ന ചായം തേച്ച്,കിരീടം വെച്ച ഒരാള്‍..അയാള്‍ എന്തൊക്കെയോ പാടി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു..പെട്ടന്ന് എന്റെ നേരെ കൈ ചൂണ്ടി ഒരു തുള്ളല് തുള്ളി..ഞാനാകെ പേടിച്ചു കരഞ്ഞു.പക്ഷേ ചുറ്റും നിന്നവരൊക്കെ എന്നെ നോക്കി ചിരിക്കുന്നുണ്ട്..സത്യേച്ചിയും...ഞാന്‍ സത്യേച്ചിയുടെ അടുത്തേക്ക് പോകാനായി എഴുന്നേറ്റപ്പോഴുണ്ട് അയാള്‍ മുന്നില്‍ വന്നു കുരങ്ങനെപ്പോലെ കാണിക്കുന്നു..തല മാന്തുന്നു..





..പേനെടുക്കുന്നു..നഖം കടിക്കുന്നു...വീണ്ടും എല്ലാവരും ചിരിച്ചു.സത്യേച്ചിയും ചിരിച്ചു..കൂടെ ഞാനും...

പടിഞ്ഞാറെ നടയുടെ അടുത്താണ് കുഞ്ഞിയാന നില്‍ക്കുന്നത്.കഴുത്തില്‍ മണിയൊക്കെ കെട്ടി ,കുഞ്ഞിക്കൊമ്പും കുഞ്ഞി തുമ്പിക്കൈയ്യും ഉള്ള കുഞ്ഞി ആന .എല്ലാവരും അതിനു പഴവും ,വെള്ളവും തേങ്ങയും ഒക്കെ കൊടുക്കുന്നുണ്ട്.ചിലര്‍ അതിനെ തൊട്ടുനോക്കുന്നുമുണ്ട് .
"എനക്കും തൊടണം..."
"നീ പോയി തൊട്ടോ....
"തൊടാനായി അടുത്തേക്ക് പോയെങ്കിലും പേടി കാരണം പിന്നോട്ട് നടന്നു.ഒടുവില്‍ സത്യേച്ചി എന്നെ എടുത്ത് ആനയുടെ അടുത്തേക്ക് കൊണ്ടുപോയി തൊടീച്ചു. ഞാന്‍ തൊട്ടതും അത് "ശിറ് ശിറ് ...ന്ന് "മൂത്രം ഒഴിച്ചു അവിടെയാകെ വൃത്തികേടാക്കി.



"ഓട്ടന്‍ തുള്ളല് ഓട്തു സത്യേച്ചി..?"
"നേരത്തെ മണ്ഡപത്തില് കണ്ടത് പിന്നെ എന്നാ?"
"അപ്പൊ ആ കൊരങ്ങനെപ്പോലെ കളിക്കുന്നതാ ഓട്ടന്‍ തുള്ളല്..?"
"അത് കൊരങ്ങനൊന്നുമല്ല.. രാമായണത്തിലെ ഹനുമാനെയാ കാണിച്ചത്..."
"ആരാ ഹനുമാന്‍ ..?"
"ആ അതെല്ലാം ഒരു കഥയാ..സത്യേച്ചി പിന്നെ പറഞ്ഞു തരാം കെട്ടോ.."



എഴുന്നള്ളത്തും തിടമ്പ് നൃത്തവും എല്ലാം കഴിയുമ്പോഴേക്കും രാത്രിയായി...
"ബലൂണ്..."
"ആ ...ബലൂണെല്ലാം വാങ്ങിത്തരാം..നിന്റെ പ്രമോദേട്ടനോട് ഇരുടാവുന്നേനുമുമ്പ് ടോര്‍ച്ചും എടുത്തിട്ട് വരാന്‍ പറഞ്ഞതാ...നേരം ഇത്രയായിറ്റും കാണുനില്ലല്ലോ..."
ഉണ്ട ബലൂണും വാങ്ങി ആലിന്റെ അടുത്ത് നില്‍ക്കുമ്പോഴുണ്ട് പ്രമോദേട്ടന്‍ ഓടി വരുന്നു..
"ഇന്നാടാ ശിങ്കിടി ...തോക്ക് ..നമ്മക്ക് വിഷൂന് കാപ്സ് പൊട്ടിക്കേണ്ടേ..."
"നീ എടുന്നാടാ ഇപ്പം ഓടി വരുന്നേ..?"
" ഞാന്‍ ഈടെ തന്നെ ഇണ്ടായിരുന്നു..സത്യേളേമ്മേ ..ഒരു കളി കളിച്ചതാ..ഇത് കണ്ടാ...ഈ മോഹന്‍ലാലിന്റെ ഫോട്ടം അടിച്ചെടുത്തു..."
"കളിച്ചോ..കളിച്ചോ..പടിഞ്ഞറ്റേലെ ഭണ്ഡാരത്തില് ഇനി വല്ല ചില്ലറപൈസയും ബാക്കിയുണ്ടോ?"
"എനിക്ക് നിങ്ങളെ ഭണ്ഡാരത്തിലെ പൈസയൊന്നും വേണ്ട..ഇത് ഞാന്‍ അണ്ടി പൊറുക്കി വിറ്റ് ഉണ്ടാക്കിയ പൈസായ..ഹാ.."


രാത്രി കിടക്കുമ്പോള്‍ കൊതുക് വലയുടെ മുകളില്‍ ഉണ്ട ബലൂണ്‍ ഇടും .ജനല് തുറന്നു വച്ചാല്‍ കാറ്റത്ത്‌ അത് അവിടെക്കിടന്ന് തത്തിക്കളിക്കുന്നത് കാണാന്‍ നല്ല രസമാണ്..അതും കണ്ടു കൊണ്ട് ഉറങ്ങാനും ..പക്ഷേ രാവിലെ നോക്കുമ്പോള്‍ കാറ്റൊക്കെ പോയി അത് ചെറുതായിട്ടുണ്ടാവും.ഉടന്‍ തന്നെ കുറ്റിക്കരയിലേക്ക് ഓടും.
"സത്യേച്ചി ...ഇത് ചെറ്തായീ ...ഇപ്പം അമ്പലത്തില് പോണം.. വേറെ ബലൂണ് വേണം..."


(തുടരും..)




ഒരു ഓർമ്മപ്പെടുത്തലിനായി ചായിപ്പിലെ  ഭരണിയിൽ ഉപ്പിലിട്ടു വച്ചിരുന്ന 
കമന്റു നെല്ലിക്കകൾ വീണ്ടും....ഒരല്പം പുളിക്കുമെങ്കിലും പിന്നെ മധുരിക്കും
,ഈ ഓർമ്മകൾ ...:)
ശ്രീ said...
ഇടവേളയ്ക്കു ശേഷമുള്ള ഭാഗം നന്നായിട്ടുണ്ട്. നാടന്‍ ശൈലിയില്‍ നാടന്‍ കാഴ്ചകളുമായി... കൊള്ളാം... തുടരട്ടേ
Sureshkumar Punjhayil said...
Ente nattiloodeyulla oru thirichu nadatham... Valare manoharam.. Ashamsakal...!!!
കുട്ടിച്ചാത്തന്‍ said...
ചാത്തനേറ്: ഇടവേള കൂടിപ്പോയി..
ഈ ലിങ്ക് ഇവിടെ കിടന്നോട്ടെ അല്ലേ
പാവപ്പെട്ടവന്‍ said...
മനോഹരം ചിന്താപരം നല്ല എഴുത്ത്
അഭിനന്ദനങ്ങള്‍
മാണിക്യം said...
പാദസരത്തിന്റെ കിലുക്കത്തിനു കാതോര്‍ത്ത് എത്ര നാളായ് കാത്തിരിക്കുന്നു...
വലിയകാര്യങ്ങള്‍ കുട്ടിയുടെ കാഴ്ചപ്പാടില്‍ അതി മനോഹരമായി വരച്ചു കാട്ടി. ചിത്രങ്ങളും നന്നായി.
ഉത്സവക്കാഴ്ച കണ്മുന്നില്‍ എത്തിച്ചതിനു നന്ദി..
സ്നേഹാശംസകളോടെ മാണിക്യം
ശിവ said...
വളരെ മനോഹരമായിരിക്കുന്നു ഈ നാടന്‍ ഭാഷാ പ്രയോഗങ്ങള്‍. ഒറ്റയിരുപ്പില്‍ ഒഴുക്കോടെ വായിച്ചു പോകാന്‍ സാധിച്ചു.
നരിക്കുന്നൻ said...
നല്ല ശൈലി. അല്പനേരത്തേക്ക് വിശാലമായ ലോകത്തെ അത്ഭുതത്തോടെ കണ്ടിരുന്ന പഴയ നിക്കറിട്ട കുട്ടിക്കാലത്തേക്ക് കൊണ്ടുപോയി.

പാദസരങ്ങളുടെ കിലുക്കങ്ങൾക്കായി കാത്തിരിക്കുന്നു.
ഷമ്മി :) said...
നല്ല എഴുത്ത്,, കണ്ണൂര്‍ ഭാഷ എല്ലാവര്ക്കും മനസിലകുന്നുണ്ടോ എന്തോ.. എനിക്ക് എന്റെ കുട്ടിക്കാലം ഓര്മ വന്നു.
വളരെ നന്നായി.. അടുത്ത ഭാഗം വൈകിക്കരുതെ
പിരിക്കുട്ടി said...
കിലുങ്ങുന്ന പാദസരം വളരെ നന്നായിട്ടുണ്ട്
കുറെ നാളായി ഈ വഴി വന്നിട്ട്
ബാക്കി കൂടെ പോരട്ടെ
ആദര്‍ശ് ║ Adarsh said...
വീണ്ടും ഈ പാദസരത്തിന്റെ കിലുക്കം സഹിക്കാന്‍ എത്തിയ ...
ശ്രീ ,
സുരേഷ് കുമാര്‍ ,
കുട്ടിച്ചാത്തന്‍ (ചാത്തോ..ആ ലിങ്ക് ബൂലോകര്‍ക്ക് പരിചയപ്പെടുത്തിയതിനു നന്ദി..ആ പോസ്റ്റ് കാരണമാണ് ഞാന്‍ ബ്ലോഗന്‍ തുടങ്ങിയത് തന്നെ ..)
പാവപ്പെട്ടവന്‍ ,
മാണിക്യം ചേച്ചി,
ശിവ ,
നരിക്കുന്നന്‍ ,
ഷമ്മി ,
പിരി ,
എല്ലാവര്ക്കും നന്ദി ..
അടുത്ത ഭാഗം അല്പം വൈകുമെങ്കിലും ഉടന്‍ ഉണ്ടാകും ..എല്ലാവരും വീണ്ടും വരണേ ..
സസ്നേഹം ,
ആദര്‍ശ്
maramaakri said...
ചിന്തയില്‍ നിന്ന് മരമാക്രി പുറത്ത്
പഴയ പോലെ കമന്‍റ് ബോക്സില്‍ കണ്ടു മുട്ടാം
indulekha said...
ormakaliludea yulla ee thirichu pok athu sukamulla oru nombaram annu. ee nobaram post cheyunna adarsh-nu othiri abhinadhanaghal. valareayadikam nannayittund.
Raman said...
Blog aayittundu adarsh ithu.
നിരക്ഷരന്‍ said...
ഇത്തിരി വൈകിയായാലും ഞാനിങ്ങ് വന്നു മൂന്നാം ഭാഗം വായിക്കാന്‍, എന്നിട്ട് നരിക്കുന്നന്റെ കൂടെ നിക്കറിട്ട്, മൂക്കളയും ഒലിപ്പിച്ച് പഴയ കാലത്തേക്ക് പോയി :)