Tuesday, January 13, 2009

"മത്സരമല്ലിത് ....ഉത്സവം...!"

" നമസ്കാരം ..കോലത്തുനാട്ടില്‍ നടക്കുന്ന കൊലോത്സവ വാര്‍ത്തകളുമായി പ്രത്യേക വാര്‍ത്താ ബുള്ളറ്റിനിലേക്ക് സ്വാഗതം..കൊലോല്ത്സവ നഗരിയില്‍ തയ്യാറാക്കിയ പ്രത്യേക സ്റ്റുഡിയോയില്‍ ഞങ്ങളുടെ പ്രതിനിധി കത്തിമോള്‍ ഉണ്ട്..കത്തി മോളിലേക്ക് ....."

"കൊലേഷ് ..ഇവിടം ഉത്സവ ലഹരിയിലാണ്..വിപുലവും അതിഗംഭീരവുമായ ചടങ്ങുകളോടെയാണ് ഈ വര്‍ഷത്തെ കൊലോത്സവം കോലത്തുനാട്ടില്‍ ആരംഭിച്ചത്.കുടിപ്പകയുടെയും അങ്കക്കലിയുടെയും പോരാട്ടവീര്യം ഉറങ്ങുന്ന ഈ മണ്ണില്‍ ഇനി കൊലാ പ്രകടനങ്ങളുടെ നാളുകള്‍..പതിവിനു വിപരീതമായി വെട്ടിക്കുത്തോത്സവം ,ബോംബേറുത്സവം, ഹര്‍ത്താലോത്സവം എന്നിവ ഇത്തവണ ഒരുമിച്ചാണ് നടത്തുന്നത്. ചില മത്സര ഇനങ്ങള്‍ നിര്‍ത്തലാക്കുകയും പുതിയവ കൂട്ടിച്ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്.സമാധാനചര്‍ച്ചാ നാടകത്തില്‍ ഇനി മുതല്‍ മികച്ച നടനും നടിക്കും പുരസ്ക്കാരം നല്കും .ഏറ്റവും നല്ല പ്രതിഷേധ പ്രകടനത്തിന് റോളിംഗ് ട്രോഫി ഏര്‍പ്പെടുത്തിയിട്ടുമുണ്ട് .ഓരോ ടീമിനും അന്യനാട്ടില്‍ നിന്നും വാടകയ്ക്ക് കൊണ്ടു വരാവുന്ന മത്സരാര്‍ത്ഥികളുടെ എണ്ണം കൂട്ടിയിട്ടുണ്ട് ."

"കത്തിമോള്‍ അവിടെ പ്രശസ്തര്‍ ആരെങ്കിലും എത്തിയിട്ടുണ്ടോ?ഉണ്ടെങ്കില്‍ ഒരഭിമുഖം നടത്താമായിരുന്നു.."

" കൊലേഷ് ...ഇതുവരെ ആരും എത്തിയിട്ടില്ല ..സമാപന ശാന്തിയാത്രയില്‍ ഇക്കൊല്ലവും സിനിമ താരങ്ങളെ പങ്കെടുപ്പിക്കാന്‍ സംഘാടകര്‍ ശ്രമിക്കുന്നുണ്ട്."


"മത്സരാര്‍ത്ഥികള്‍ക്ക് എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടോ കത്തി മോളെ?"


"മത്സരാര്‍ത്ഥികളുടെ ദുരിതം കുറയ്ക്കാനായി എല്ലാ ഇനങ്ങളും പകല്‍ വരെ നീളാതെ രാത്രി തന്നെ നടത്താനാണ് തീരുമാനം.മത്സരത്തിനായി തങ്ങള്‍ തയ്യാറായെന്ന് എല്ലാ പ്രാദേശിക ,ദേശിയ ,അന്തര്‍ദേശീയ മത്സരാര്‍ത്ഥികളും അറിയിച്ചിട്ടുണ്ട്.എന്നാല്‍ ഈയിടെ നടന്ന 'തീവ്രവാദി ഫെസ്റിവല്‍' കൊലോല്ത്സവത്തിന്റെ മാറ്റ് കുറയ്ക്കുമോ എന്ന് പലര്‍ക്കും ശങ്കയുണ്ട്.

"അവിടെ മത്സരങ്ങള്‍ തുടങ്ങിയോ ?എന്തൊക്കെയാണ് ഏറ്റവും പുതിയ വിവരങ്ങള്‍..?"


"ഇപ്പോള്‍ വേദി ഒന്നില്‍ ഹര്‍ത്താല്‍ മത്സരം നടന്നുകൊണ്ടിരിക്കയാണ്..എല്ലാവരും ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നുണ്ട് എന്ന് വിധി കര്‍ത്താവില്‍ ഒരാളായ പൊതുജനം കഴുത സാര്‍ പറഞ്ഞു. രാവിലെ നടന്ന കൊലക്കളി മത്സരത്തില്‍ എല്ലാവര്ക്കും എ ഗ്രേഡ് ഉണ്ട്. മരിച്ച് മത്സരിക്കുന്ന മികച്ച മത്സരാര്‍ത്ഥികള്‍ക്ക് ഇത്തവണ പ്രൈസ് മണി സഹായധനം ഏര്‍പ്പെടുത്തിയിട്ടുണ്ട് .


" കൊലോല്ത്സവ നഗരിയില്‍ നിന്നും ഇപ്പോള്‍ ഇത്രമാത്രം ...കാമറമാന്‍ മൂകസാക്ഷിക്കൊപ്പം കത്തിമോള്‍ ,കലികാല വിഷന്‍...തിരിച്ച് സ്റ്റുഡിയോയിലേക്ക് ..."

ഇങ്ങനെയൊരു വാര്‍ത്താവതരണവുമായി , ഇങ്ങനെയൊരു ചാനല്‍ വൈകാതെ വന്നാല്‍ അത്ഭുതപ്പെടാനില്ല.അത്രയ്ക്ക് ഗുരുതരമാണ് അവസ്ഥ .വിശ്വാസം വരുന്നില്ലെന്കില്‍ ഇതാ ചില തത്സമയ ദൃശ്യങ്ങള്‍ ..


മത്സരാര്‍ത്ഥികള്‍ക്കുവേണ്ടി ജീവന്‍ ബലി നല്കിയ ചിന്നു എന്ന നായ.കൂട്ടിലെ ഭക്ഷണപ്പാത്രത്തില്‍ തളം കെട്ടിനില്‍ക്കുന്ന ബലിച്ചോര !


ശരീരത്തില്‍ നിന്നു വേര്‍പെട്ട നിലയില്‍ മനുഷ്യന്റെ തലയും വെട്ടിമാറ്റപ്പെട്ട നിലയില്‍ തൂങ്ങുന്ന കൈപ്പത്തിയും അടക്കം എന്തെല്ലാം ഭീകര ദൃശ്യങ്ങള്‍ കണ്ടിരിക്കുന്നു അല്ലെ? പിന്നെയാണോ ഈ നായ... എന്നാവും ചിന്ത അല്ലേ?

ചിന്നുവിനെപ്പോലെ രാഷ്ട്രീയക്കാരന്റെ വീട്ടില്‍ ജീവിച്ചു പോയി എന്ന ഒറ്റ കുറ്റത്തിന് ജീവന്‍ ബലി നല്‍കേണ്ടി വന്ന എത്ര നായകള്‍ ...ആലകളില്‍ കഴുത്തറക്കപ്പെട്ട എത്ര പശുക്കള്‍..ശ്വാസം മുട്ടി മരിച്ച എത്ര പ്രാവുകള്‍...മനുഷ്യനെ കൊന്നു മടുത്ത കാട്ടാളന്മാര്‍ ഇപ്പോള്‍ മിണ്ടാപ്രാണികള്‍ക്ക് നേരെയാണ് വാളോങ്ങുന്നത് . കല്ലേറും ,ബോംബേറും,തീവെപ്പും ഒക്കെ ഇപ്പോള്‍ ഉത്സവത്തിനു വെടിക്കെട്ട് നടത്തുന്ന ആവേശത്തിലാണ് നാട് മുഴുവന്‍ നടത്തുന്നത്.അന്യ നാട്ടുകാര്‍ പറയും "ഓ കണ്ണൂരൊക്കെ അങ്ങനാ .."പക്ഷേ എല്ലാവരും കരുതുന്നത് പോലെ കോലത്തുനാട്ടുകാര്‍ മുഴുവന്‍ കാട്ടാളന്മാരൊന്നും അല്ല.കുടിപ്പകയുടെ മനസ്സുമായി ചിലര്‍ നാടിനെ ചോരക്കളമാക്കുകയാണ്. കണക്കു തീര്‍ക്കുമെന്നും തിരിച്ചടിക്കാന്‍ മടിക്കില്ല എന്നും പറഞ്ഞ് നേതാക്കന്മാരും ...കലിയിളകിയ അണികളും...ഇതിനിടയില്‍ പാവം ജനങ്ങളും ...പുതുവര്‍ഷം പിറന്ന് ഒരാഴ്ചക്കുള്ളില്‍ രണ്ട് ഹര്‍ത്താലാണ് നടന്നത്.പണ്ടൊക്കെ നാളെ ഹര്‍ത്താലാണെന്ന് തലേന്ന്‍ എങ്കിലും അറിയുമായിരുന്നു.ഇന്നിപ്പോള്‍ രാവിലെ പുറത്തിറങ്ങിയാല്‍ "സര്‍പ്രൈസ് ഹര്‍ത്താല്‍ " കണ്ട് അന്തം വിടും ..വിജനമായ റോഡും പൂട്ടിയ കടകളും കണ്ട് വീട്ടിലേക്ക് തിരിച്ചു വരാം ...


വീടാക്രമണം പോലുള്ള ചീള് പരിപാടികള്‍ക്ക് ജില്ലയില്‍ നിന്നു തന്നെയാണ് മുഖം മൂടികള്‍ എത്തുന്നത്.ഏത് പഞ്ചായത്തിലാണോ അക്രമം നടത്തേണ്ടത് ആ പഞ്ചായത്തിനു കിലോമീറ്ററുകള്‍ അകലെയുള്ള പഞ്ചായത്തില്‍ നിന്നും ടെമ്പോ വാനുകളില്‍ മുഖംമൂടികളെ കയറ്റി അയക്കും .മനുഷ്യരെയും മൃഗങ്ങളെയും മറ്റും കൊല്ലാന്‍ കേരളത്തിന് അകത്തു നിന്നും പുറത്ത് നിന്നും ഇറക്കുമതി ചെയ്ത വാടക ഗുണ്ടകളുടെ സഹായവും ..!'പരസ്പരം കൊന്നുതീര്‍ക്കട്ടെ ' എന്ന് പോലീസും കുടുംബ വഴക്കാണെന്ന് സര്‍ക്കാരും പറയുമ്പോള്‍ വിഡ്ഢികളാകുന്നത് , സാധാരണ ജനങ്ങള്‍..

മത്സരാര്‍ത്ഥികള്‍ക്ക് എല്ലാവിധ ഒത്താശയും ചെയ്തു കൊടുക്കുന്ന ഗുരുക്കന്മാരും രക്ഷിതാക്കളുമായ നേതാക്കന്മാര്‍ മത്സര ശേഷം ഓരോ വേദിയിലും കയറിയിറങ്ങും .നാട്ടുകാരെ പറ്റിക്കാന്‍,കരഞ്ഞു നിലവിളിക്കുന്ന അമ്മ -പെങ്ങമാരുടെ കൂടെ നിന്നു കെട്ടി പ്പിടിച്ച് ഫോട്ടോയ്ക്ക് പോസും ചെയ്യും . പിന്നീടങ്ങോട്ട് അവര്‍ക്കും അണികള്‍ക്കും ചാകരയാണ് ..മത്സര വേദിയില്‍ നിന്നു ഉയര്‍ന്നു വരുന്ന ധീര രക്തസാക്ഷികളും ബലിദാനികളുമായ താരങ്ങള്‍..ആണ്ടു തോറും അനുസ്മരണ സമ്മേളനങ്ങള്‍..കുടുംബ സഹായ പിരിവുകള്‍ ...സ്മാരകങ്ങള്‍...
സമാധാന ചര്‍ച്ചകളില്‍ ,ആദ്യം തുടങ്ങിയത് അവരാണ് ..ഇവരാണ് എന്ന് പറഞ്ഞ് വാക്കേറ്റം നടത്തി കരാറുകള്‍ ഒപ്പിടുന്നു....സമാധാന യാത്രകള്‍ നടത്തി പരസ്പരം കുറ്റം പറഞ്ഞ് അടുത്ത അങ്കത്തിന് വിത്തുകള്‍ പാകുന്നു.. ഉള്ളിന്റെ ഉള്ളില്‍ ഇരു വശത്തും എണ്ണം തികക്കാനുള്ള പക മാത്രം...


"പലസ്തീനിലെ കൂട്ടക്കുരുതി അവസാനിപ്പിക്കുക ,ഇസ്രായേല്‍ പലസ്തീനില്‍ നിന്ന് പിന്മാറുക " തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് റാലികളും ,സായാഹ്നധര്‍ണകളും നടത്തുന്ന തിരക്കിലാണ് എല്ലാ നേതാക്കളും അണികളും ഇപ്പോള്‍..രാഷ്ട്രീയ കക്ഷികള്‍ എന്ന നിലയില്‍ അന്താരാഷ്ട്ര പ്രശ്നങ്ങളില്‍ പ്രതികരിക്കേണ്ടത് തന്നെ..എങ്കിലും ഗാസയിലെ അക്രമത്തില്‍ പ്രതിഷേധിച്ച് റാലികള്‍ നടത്തുന്നവരും , നാട് നീളെ അതി മനോഹരങ്ങളായ പോസ്റ്റര്‍ ഒട്ടിച്ച് ഇസ്രായേലിനോട് മടങ്ങി പ്പോകാന്‍ പറയുന്നവരും ,തീവ്രവാദികള്‍ക്കെതിരെ സംഗമങ്ങളും ക്ലാസ്സുകളും നടത്തുന്നവരും ,വീര ജവാന്‍മാര്‍ക്ക് ഫ്ലക്സ് ബോര്‍ഡ് തൂക്കി അഭിവാദ്യം അര്‍പ്പിക്കുന്നവരൊക്കെ സ്വന്തം നാട്ടില്‍ നടക്കുന്നത് കാണുന്നില്ലേ? ഇവിടെ നടക്കുന്നത് കൂട്ടക്കുരുതി അല്ലേ? ഓ ...മറന്നു പോയി ..ഇത് ആണ്ടു തോറും നടത്തുന്ന മത്സരമല്ലാത്ത ഉത്സവമല്ലേ .....

Thursday, January 01, 2009

നാട്ടില് മൊത്തം പാട്ടായി ...

"സംസ്കൃത വാര്‍ത്താഹ സുയന്താ ... പ്രവാചക ബല ദേവാനന്ദസാഗരാ ...."ഇത്രയും കേള്‍ക്കുമ്പോഴേക്കും പായയില്‍ നിന്നു ചാടി എഴുന്നേറ്റ് ഞാന്‍ റേഡിയോ ഓഫാക്കിയിരിക്കും.രാവിലെ ഉറക്കമുണരുന്നത് തന്നെ അച്ഛന്റെ ആ പഴയ റേഡിയോ (കട്ടപ്പെട്ടി എന്ന് അമ്മ വിളിക്കുന്ന)യില്‍ നിന്നുള്ള പ്രിന്‍സ് മൈദയുടെയും ഫാക്ടും ഫോസിന്റെയും ഉജാലയുടെയും പരസ്യങ്ങള്‍ കേട്ടിട്ടാണ് .പരസ്യങ്ങള്‍ മൊത്തം കഴിഞ്ഞ് "ക്രീം..."എന്നൊരു ശബ്ദം .ആറേ മുക്കാലിന് പ്രാദേശിക വാര്‍ത്ത‍..കോഴിക്കോട് റിലേ..അതും കേട്ട് പായയിലങ്ങനെ കിടക്കും.വാര്‍ത്ത‍ കഴിഞ്ഞു വീണ്ടും ഒരു "ക്രീം...."ശബ്ദവും ..സംസ്കൃത വാര്‍ത്താഹ എന്ന് തുടങ്ങുന്നതും ഒരുമിച്ചായിരിക്കും .എന്താണെന്ന് അറിയില്ല അത് കേള്‍ക്കുന്നത് എനിക്ക് ഒരുതരം അലര്‍ജിയായിരുന്നു.

അതിരാവിലെ ഓരോ വീടും ഉണര്‍ന്നെന്നു അറിയുന്നത് റേഡിയോ ശബ്ദത്തിലൂടെ ആയിരുന്നു.അന്നൊക്കെ ടേപ്പ് റെക്കോര്‍ഡര്‍ ഗള്‍ഫുകാരുടെ വീടുകളിലല്ലാതെ അത്ര സാധാരണമായിരുന്നില്ല.അതുകൊണ്ട് തന്നെ സിനിമാഗാനങ്ങള്‍ കേള്‍ക്കാന്‍ ആകാശവാണി തന്നെയായിരുന്നു ആശ്രയം .ഉച്ചയ്ക്ക് ചോറ് തിന്നാന്‍ സ്കൂളില്‍ നിന്നും വീട്ടിലേക്ക് വരുമ്പോഴും തിരിച്ച് പോകുമ്പോഴും റോഡിനിരുവശത്തു നിന്നുമുള്ള വീടുകളില്‍ നിന്നും ചലച്ചിത്രഗാനങ്ങള്‍ ഉച്ചത്തില്‍ കേള്‍ക്കുമായിരുന്നു.പ്രാദേശിക വാര്‍ത്തയും ,വയലും വീടും കഴിഞ്ഞാല്‍ ചലച്ചിത്രഗാനങ്ങള്‍ക്കായിരുന്നു കൂടുതല്‍ ശ്രോതാക്കള്‍.രാത്രിയില്‍ ചീവീടുകളുടെ ശബ്ദങ്ങള്‍ക്കിടയിലും അയല്‍പക്കത്തെ വീടുകളില്‍ നിന്നും പതിഞ്ഞ ശബ്ദത്തില്‍ റേഡിയോ നാടകങ്ങളും സംഗീത കച്ചേരികളും കേള്‍ക്കാമായിരുന്നു. അതും കേട്ടുകൊണ്ട് അങ്ങനെ ഉറങ്ങാന്‍...നല്ല രസമായിരുന്നു....

'കത്തിക്കുത്ത് ടൂര്‍ണമെന്റ് 'നടക്കുമ്പോള്‍ ഭയചകിതനായി 'ഗോള്‍ 'നിലവാരം അറിയാനും ,ദുഃഖം നിറഞ്ഞ ആഹ്ളാദത്തോടെ "കണ്ണൂര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും ജില്ലാ കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു " എന്ന് കേള്‍ക്കാനും ആകാംക്ഷയോടെ പ്രാദേശികവാര്‍ത്ത‍ക്കായി കാത്തിരിക്കലായിരുന്നു പണി.ചാനലുകളില്‍ ഫോണ്‍ -ഇന്‍ പരിപാടികള്‍ അരങ്ങു തകര്‍ത്തു തുടങ്ങിയപ്പോള്‍ ആകാശവാണിയും തുടങ്ങി.."ഹലോ പ്രിയഗീതം .."ആദ്യമൊക്കെ നേരത്തെ റെക്കോര്‍ഡ് ചെയ്ത് പിന്നീട് പ്രക്ഷേപണം ചെയ്യുകയായിരുന്നു.പതിയെ പതിയെ 'തല്‍സമയം 'ആയി പ്രക്ഷേപണം .

"ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടര്‍ സെന്റര്‍ ഹലോ പ്രിയഗീതം... ആരാണ്?"

"ഹലോ ..എനിക്കൊരു പാട്ടു വേണമായിരുന്നു...നീര്‍മിഴിപ്പീലിയില്‍ '...."പാട്ടു തരാം..അതിന് മുമ്പ് ആരാ വിളിക്കുന്നത് എന്ന് പറയൂ ..."

"മുള്ളേരിയയില്‍ നിന്നു സതീശനാണ് . ആകാശവാണിയുടെ ഒരു സ്ഥിരം ശ്രോതാവാണ് ..രാവിലെ തൊട്ട് രാത്രി വരെ റേഡിയോ കേള്‍ക്കുന്ന ഒരാളാണ് ."

"സതീശന്‍ ജോലിക്കൊന്നും പോകാറില്ലേ ? മുഴുവന്‍ സമയവും റേഡിയോ കേട്ട് ഇരിപ്പാണോ ?മടിയനാണല്ലേ ?"

" പണിക്കൊന്നും പോകാറില്ല ....ഞാനൊരു വികലാംഗനാണ് .. ജന്മനാ അല്പം കാഴ്ചക്കുറവുമുണ്ട് ..ഇങ്ങനെ റേഡിയോ കേട്ടിരിക്കും.."

"ആ അത് ശരി ..വിളിച്ചതില്‍ സന്തോഷം കെട്ടോ..എന്നാ നമുക്ക് പാട്ടു കേള്‍ക്കാം ..അല്ലേ.."
"അയ്യോ വെക്കല്ലേ ..എന്റെ ഏച്ചിക്കൊന്നു കൊടുക്കട്ടേ.."

"അലോ..വാസന്തിയേച്ചിയല്ലേ?ശോഭയാണേ...സതീശന്റെ ഏച്ചി...നമ്മള്‍ എത്ര നാളായീന്നറിയാ ട്രൈ ചെയ്ന്ന് .. ഇത് തൊടങ്ങിയ്യപ്പം തൊട്ടേ ഫോണെടുത്ത് കുത്താന്‍ തൊടങ്ങിയതാ ..ഇപ്പാ ഒന്നു കിട്ടിയത്..പിന്നെ ഈ പാട്ട് അച്ഛന്‍ നാരാണന്‍ ,അമ്മ കല്യാണി ഏച്ചി വനജ ,അനിയന്മാര് രമേശന്‍ ,സതീശന്‍ ..പിന്നെ അമ്മാവന്‍ കണ്ണന്‍ ,അമ്മാവന്റെ മോള് അനില...പിന്നെ അപ്പുറത്തെ വീട്ടിലെ ആശ..ഓള് കിട്ടിയാല് പേരു പറയണമെന്ന് പറഞ്ഞിരുന്നു... പിന്നെ കുടുംബശ്രീലെ ..."

"ശോഭേ... ഈ പാട്ട് ശോഭേനെ അറിയുന്ന എല്ലാവര്ക്കും,വീട്ടുകാര്‍ക്കും,നാട്ടുകാര്‍ക്കും എല്ലാവര്‍ക്കുമായി ഡെഡിക്കേറ്റ് ചെയ്യാം കേട്ടോ..എന്നാ ശരി ..പാട്ടു കേട്ടോളൂ..."

ശോഭേച്ചിയെ പോലെ ഞാനും ഒരുപാട് ട്രൈ ചെയ്തതാ ..സ്വന്തം ശബ്ദം റേഡിയോയിലൂടെ കേള്‍ക്കാന്‍ കൊതിക്കുന്ന അനവധിപേരില്‍ ഒരാളായി ..പക്ഷേ കേട്ടത് "ഈ ഭാഗത്തേക്കുള്ള എല്ലാ ലൈനുകളും തിരക്കിലാണ് " എന്ന ഫോണിനുള്ളില്‍ നിന്നുള്ള കിളിമൊഴി.സ്വന്തം ലൈനിന് ഒരു പാട്ടു ഡെഡിക്കേറ്റ് ചെയ്യാന്‍ പറ്റില്ല എന്ന് വച്ചാല്‍..?അങ്ങനെയിരിക്കെയാണ് കോഴിക്കോട് നിന്നും ആകാശവാണിയുടെ 'വിവിധ് ഭാരതി 'എന്ന എഫ് . എം റേഡിയോ നിലയം അടിപൊളി പരിപാടികളുമായി രംഗത്തെത്തി എന്ന് കേട്ടത്.റേഡിയോ ആന്റിനയില്‍ നീളമുള്ള ഒരു വയറിന്റെ ഒരറ്റം ഘടിപ്പിച്ച് അതിന്റെ മറ്റേ അറ്റം കല്ല്‌ കെട്ടി തെങ്ങിന്റെ ഓലയില്‍ കെട്ടി തൂക്കിയതോടെ സിഗ്നലുകള്‍ ലഭിച്ചു തുടങ്ങി ..പക്ഷേ വീണ്ടും ട്രൈ ചെയ്യല്‍ മാത്രം മിച്ചം.


ഒടുവിലതാ സന്തോഷ വാര്‍ത്ത..! കണ്ണൂരില്‍ സ്വകാര്യ എഫ് .എം റേഡിയോ നിലയങ്ങള്‍ വരുന്നു..എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു..!ഒന്നല്ല..രണ്ടല്ല ..നാലു പുതിയ സ്റ്റേഷനുകള്‍...മലയാള മനോരമയുടെ radio mango 91.9, മാതൃഭൂമിയുടെ club f.m 94.3 എന്നിവ ആദ്യം എത്തി .ഏഷ്യാനെറ്റിന്റെ best f.m 95 ,സണ്‍ നെറ്റ്വര്‍ക്കിന്റെ s f.m 93.5എന്നിവ തൊട്ടു പിറകെയും..2008 പിറന്നത് ഈ എഫ് .എം നിലയങ്ങളുടെ ആഘോഷങ്ങളോടെ ആയിരുന്നു.. നാടെങ്ങും കൂറ്റന്‍ ഫ്ലക്സ് ബോര്‍ഡുകളും തോരണങ്ങളും നിരന്നു.. റോഡ് ഷോയും ,കലാപരിപാടികളും ,മാജിക്കും ,മത്സരങ്ങളും അരങ്ങേറി..സമ്മാനങ്ങള്‍ വാരി വിതറി അവര്‍ ജനങ്ങളെ കൈയിലെടുത്തു.. അതുവരെ ശീലിച്ചു വന്ന റേഡിയോ ആസ്വാദനത്തില്‍ വന്ന മാറ്റം കോലത്തു നാട്ടുകാര്‍ പെട്ടന്ന് തന്നെ ഉള്‍ക്കൊണ്ടു..ദിവസങ്ങള്‍ക്കകം പുതിയ റേഡിയോ നിലയങ്ങള്‍ ജനഹൃദയങ്ങള്‍ കീഴടക്കി .s.m.s മത്സരങ്ങളായിരുന്നു എഫ് .എമ്മുകാരുടെ തുറുപ്പു ചീട്ട്‌. "അസൂയക്കും '-------- 'നും മരുന്നില്ല .ഓപ്ഷന്‍ a)ജലദോഷം b)കഷണ്ടി c)ചുമ "ടൈപ്പ് ചോദ്യങ്ങള്‍ മനോഹരങ്ങളായ 'ഗുഡി ബാഗുകള്‍ 'സ്വന്തമാക്കാനുള്ള ഓപ്ഷനുകളായി മാറി .24 മണിക്കൂറും പാട്ടുകള്‍..തമാശകള്‍..സമ്മാനങ്ങള്‍ ..അടുക്കളയിലും ,ഓഫീസുകളിലും,വാഹന ങ്ങളിലും ,കടകളിലും റേഡിയോ മയം.റേഡിയോ അലര്‍ജിയായിരുന്ന യുവാക്കള്‍ മൊബൈലില്‍ f m ട്യൂണ്‍ ചെയ്തു തുടങ്ങി..ജോക്കികളെ വിളിച്ചു സൊള്ളാന്‍ കൊച്ചു കുട്ടികള്‍ മുതല്‍ അപ്പൂപ്പന്‍മാര്‍ വരെ മത്സരിച്ചു..പക്ഷേ ഞാന്‍ വീണ്ടും തോറ്റു.വിളിച്ചിട്ടും വിളിച്ചിട്ടും ഒരൊറ്റ ജോക്കി പോലും ഫോണെടുത്തില്ല. ഒരൊറ്റ മെസ്സേജും വായിച്ചില്ല..എങ്കിലും എന്റെ മത്സരം തുടര്‍ന്നു കൊണ്ടേ ഇരുന്നു..


പരിപാടികളില്‍ വൈവിധ്യം നിലനിര്‍ത്താന്‍ എഫ് .എം നിലയങ്ങളും മത്സരിക്കുകയായിരുന്നു...ശ്രോതാക്കളെ മുഴുവന്‍ പരസ്പരം കൂട്ടുകാരാക്കി,ക്ളോസ് കൂട്ടുകാരന്‍ club f.m 'ക്ലബ്ബ് മേറ്റ്സ് 'എന്ന പരിപാടിയിലൂടെ..'ലവ് ബൈറ്റ്സി'ലെ രാകേഷിന്റെയും ലച്ചുവിന്റെയും ശബ്ദം കേള്‍ക്കാതെ പലരും ഉറങ്ങാതെയായി ..

'നാട്ടിലെ താരം 'എന്ന റേഡിയോ റിയാലിറ്റി ഷോയിലൂടെ radio mango നാട്ടിലെങ്ങും ഹിറ്റായി .. സവാദും സ്നിജയും 'രസപ്പീടികയില്‍' തല്ലു കൂടുന്നത് കേട്ടു സന്തോഷിച്ചവര്‍ ധാരാളം ...

ഗള്‍ഫ് നാട്ടില്‍ റേഡിയോ സ്റേഷന്‍ നടത്തി വിജയം വരിച്ച ആത്മവിശ്വാസവുമായി വന്ന ഏഷ്യനെറ്റിന്റെ best f.m കുടുംബ ശ്രോതാക്കളെ മുഴുവന്‍ കൈയിലെടുത്തു കഴിഞ്ഞു ..ശ്രീകണ്ഠന്‍നായരടക്കം ഏഷ്യാനെറ്റിലെ അവതാരകര്‍ മുഴുവന്‍ ,ശബ്ദവുമായി അണിയറയിലുണ്ട്..

ഇന്ത്യയില്‍ തന്നെ ഏറ്റവും അധികം എഫ് .എം നിലയങ്ങള്‍ സ്വന്തമായുള്ള സണ്‍ നെറ്റ് വര്‍ക്കിന്റെ s f. m കാമ്പസുകളില്‍ തരംഗമാണ്..രാത്രിയില്‍ 'ഹൃദയ സ്വരങ്ങളില്‍ 'വിളിച്ച് നാട്ടിന്റെ കൂട്ടുകാരനോട് വേദനകള്‍ പങ്കുവെക്കാത്തവര്‍ ചുരുക്കം..

വിനോദ പരിപാടികളില്‍ മാത്രം ഒതുങ്ങാതെ നാട്ടിലെ പൊതുവായ പ്രശ്നങ്ങള്‍ പരിഹരിക്കാനും,ബോധവത്കരണങ്ങള്‍ ,ചികിത്സാക്യാമ്പുകള്‍ എന്നിവ നടത്താനും ഈ എഫ് .എം നിലയങ്ങള്‍ രംഗത്തുണ്ട്. നാട്ടിലെങ്ങും പായസം വിതരണം ചെയ്താണ് കഴിഞ്ഞ ദിവസം club.f.m ഒന്നാം പിറന്നാള്‍ ആഘോഷിച്ചത് ....എന്തായാലും 2008 ലെ കോലത്തുനാട്ടിലെ താരം ഈ എഫ് .എം നിലയങ്ങള്‍ തന്നെയാണ്. കേരളത്തില്‍ ആകാശവാണിക്ക് ഏറ്റവും അധികം പരസ്യ വരുമാനം നേടിക്കൊടുത്തിരുന്ന കണ്ണൂര്‍ നിലയം ഈ f. m .സുനാമിയില്‍ ചെറുതായി ഒന്നു കുലുങ്ങി. സ്ഥിതി മെച്ചപ്പെടുത്താന്‍ 'പ്രിയ ഗീതം 'ആഴ്ചയില്‍ എല്ലാദിവസവും പ്രക്ഷേപണം തുടങ്ങി എന്ന് മാത്രമല്ല ,ശ്രോതാക്കളെ അങ്ങോട്ട് വിളിക്കാനും തുടങ്ങി ..കൂടെ s. m.s പരിപാടികളും ആരംഭിച്ചിട്ടുണ്ട്....വര്‍ഷങ്ങളായി വിളിച്ചിട്ടും കിട്ടാത്ത ശ്രോതാവാണെന്ന് പറഞ്ഞു ആകാശവാണീലേക്ക് ഒരു കത്തെഴുതാം..അവരിങ്ങോട്ട് വിളിക്കുമായിരിക്കും .ഇക്കൊല്ലമെങ്കിലും എന്റെ ശബ്ദം റേഡിയോയില്‍ വരും..!!



Tuesday, October 14, 2008

സര്‍ക്കസ്സ് ..സര്‍ക്കസ്സ് ..!


"പോലീസ് മൈതാനിയില്‍ ഗ്രേറ്റ്‌ ഭാരത് സര്‍ക്കസ് ...വരുവിന്‍..കാണുവിന്‍....പ്രിയപ്പെട്ട നാട്ടുകാരെ..."സ്കൂള്‍ ഗ്രൗണ്ടില്‍ ഓടിത്തിമിര്‍ത്തു കൊണ്ടിരിക്കുമ്പോഴായിരിക്കും,റോഡിലാകെ നോട്ടീസും വിതറിക്കൊണ്ട് കോളാമ്പി മൈക്ക് കെട്ടിയ ആ ജീപ്പ് പോകുന്നത്.നോട്ടീസ് പെറുക്കാന്‍ വേണ്ടി പിന്നെ റോഡിലേക്ക് ഓട്ടമത്സരമാണ് .ഓടി അവിടെ എത്തുമ്പോഴേക്കും ഹേമന്തും ,ശരത്തും ,ഇംത്യാസുമൊക്കെ രണ്ടുമൂന്നെണ്ണം ട്രൌസറിന്റെ കീശയിലാക്കിക്കാണും .ങ് ഹാ..അങ്ങനെ വിട്ടാ പറ്റുമോ?ജീപ്പിന്റെ പിറകെ ഓടും.. നോട്ടീസ് കിട്ടുന്നത് വരെ ....
അതി മനോഹരമായ ആ നോട്ടീസില്‍ നിറയെ ചിത്രങ്ങളായിരിക്കും .ബോള് കളിക്കുന്ന ആന ,സൈക്കിള്‍ ഓടിക്കുന്ന തത്ത,കയറിലൂടെ നടക്കുന്ന കരിമ്പുലി ,തീയിലൂടെ ചാടുന്ന സിംഹം,കോമാളി ...അങ്ങനെയങ്ങനെ..നോട്ടീസ് ഭദ്രമായി മടക്കി പുസ്തകത്തിനുള്ളില്‍ വച്ച് വീട്ടിലേക്ക് കൊണ്ടുവരും .രാത്രി അച്ഛന്‍ വന്നാല്‍ കാര്യം അവതരിപ്പിക്കും ."നാളെത്തന്നെ പോണം നാളെത്തന്നെ പോണം " എന്ന് ഞാന്‍ വാശി പിടിക്കുന്നത് അല്ലാതെ അച്ഛന്‍ ഒരക്ഷരം മിണ്ടില്ല.അടുത്ത ദിവസങ്ങളില്‍ ക്ലാസ്സില്‍ മുഴുവന്‍ സര്‍ക്കസ് വര്‍ണന ആയിരിക്കും."എടാ പ്രാര്‍ത്ഥിക്കുന്ന ആനയുണ്ട്..മരണക്കിണറില്‍ ബൈക്ക് ഓടിക്കും..പറക്കുന്ന ജീപ്പുണ്ട് .."എന്നൊക്കെ പറയുക മാത്രമല്ല ,ബെഞ്ചിന്റെ മുകളില്‍ കയറി നിന്നു വന്‍ സര്‍ക്കസ്സും കാണിക്കും ചില വിരുതന്മാര്‍.

രാത്രി വീടിന്റെ മുറ്റത്ത്‌ നിന്നാല്‍ ആകാശത്ത് സര്‍ക്കസ്സിന്റെ ലൈറ്റ് കാണാം.മരങ്ങള്‍ക്കിടയിലൂടെ നോക്കിയാല്‍ ആ വെള്ളി വെളിച്ചം ടാറ്റ പറയുന്നുണ്ടാവും .ദിവസവും മുറ്റത്തിറങ്ങി നോക്കും ..സര്‍ക്കസ്സ് പോയോ ഇല്ലയോ എന്ന് അറിയാല്ലോ.. ഓരോ ദിവസം കഴിയും തോറും എന്റെ നിലവിളി കൂടി കൂടിക്കൂടി വരും എന്നല്ലാതെ പിശുക്കനായ അച്ഛന് യതൊരു കുലുക്കവും ഇല്ല.അങ്ങനെയിരിക്കെ ഒരു ദിവസം അച്ഛന് സര്‍ക്കസ്സ് കാണാനുള്ള ഒരു ഫാമിലി പാസ്സ് കിട്ടി .എന്റെ പരമ ഭാഗ്യം..!
കുടിക്കാന്‍ വെള്ളവും ,നാരങ്ങയും ,ഇഞ്ചി മുട്ടായിയുമൊക്കെ എടുത്ത് അങ്ങനെ സര്‍ക്കസ്സ് കൂടാരത്തിലേക്ക് ..പോലീസ് മൈതാനത്ത് ആദ്യം കണ്ടത് മരുഭൂമിയിലെ ഒട്ടകത്തെ..പിന്നെ കുതിര,ആന,കഴുത,സീബ്ര..മുന്‍പില്‍ കസേരയില്‍ത്തന്നെ ഇരുന്നു..ആദ്യം ട്രിപ്പീസായിരിന്നു,ടെന്റിന്റെ ഏറ്റവും മുകളില്‍ കെട്ടിയ കയറുകളില്‍ നിന്ന് അങ്ങോട്ടും ഇങ്ങോട്ടും ചാടുന്നത് ശ്വാസം അടക്കിപ്പിടിച്ചാണ് കണ്ടത്..അതിനിടയില്‍ ഒരു കോമാളി താഴേക്ക് എടുത്തു ചാടി .പാന്റും ഊരി വലയില്‍ വീണത്‌ കൊണ്ടാണ് പാവം രക്ഷപ്പെട്ടത്.മാര്‍ച്ച് പാസ്റ്റില്‍ കൊടിയും പിടിച്ച് പക്ഷികളും ,പട്ടികളും ,ആനയുടെ തുമ്പിക്കൈയ്യില്‍ ഇരുന്ന് ഒരു പെണ്‍കുട്ടിയും..!ഭസ്മക്കുറിയൊക്കെ തൊട്ട് ഒരു കട്ടിയാന,ബോള് കളിക്കുന്നു..പിറകെ വാലും പിടിച്ച് ഒരു ചിമ്പാന്‍സിയും..കൈയ്യടികളുടെ ബഹളത്തിനു ഇടയില്‍ ദാ വരുന്നു മലക്കുത്തം മറിഞ്ഞു ഒരു കരടി .. രണ്ട് കുള്ളന്‍ കോമാളിമാര്‍ ഒരു കുട്ടിസൈക്കിളിനായി അടിപിടി കൂടുന്നു... അവസാനം സൈക്കിളും പൊട്ടിച്ച് രണ്ടും, ടയറില്‍ വട്ടം കറങ്ങുന്നു.സാഹസിക പ്രകടനങ്ങളും, മാജിക്കും എല്ലാം കണ്ട് മണിക്കൂറുകള്‍ പോയതറിഞ്ഞില്ല.അവസാനം,നമ്മള്‍ ഇരിക്കുന്നതിനു മുമ്പിലായി ചുറ്റും കമ്പികള്‍ കൊണ്ട് വലിയ കൂട് ഉണ്ടാക്കി..പുലിയെ തുറന്നു വിടാന്‍ ആണ് കൂട് ഉണ്ടാക്കുന്നത്..അതാ ഒരു വലിയ കൂട് അങ്ങോട്ട തള്ളി കൊണ്ടുവന്നു..അതില്‍ നിന്നും പുലികളും കടുവകളും പുറത്തിറങ്ങി..ചാട്ടവാറുമായി ഒരാള്‍ കൂട്ടിനുള്ളില്‍..!പുലികളെ അയാള്‍ സ്ടൂളില്‍ കയറ്റി ഇരുത്തി. അതിനിടയില്‍ രണ്ട് സിംഹങ്ങളും കൂട്ടിലേക്ക് വന്നു.തീ പിടിപ്പിച്ച വളയത്തിനു ഉള്ളിലൂടെ അവ ചാടുകയാണ്.പരസ്പരം അടികൂടാന്‍ തുടങ്ങിയ രണ്ട് കടുവകള്‍ക്ക് ചാട്ട കൊണ്ട് നല്ല അടി കിട്ടി .അലറിക്കൊണ്ട് എല്ലാം കൂട്ടിലേക്ക് തിരിച്ചു പോയതോടെ സര്‍ക്കസ്സ് കഴിഞ്ഞു ..രണ്ടു രൂപ കൊടുത്ത് സ്കൂളില്‍ നിന്ന് വീണ്ടും ഇതേ സര്‍ക്കസ്സിനു പോയി..അന്ന് ഗാലറിയില്‍ ഇരുന്ന് കണ്ടതിനാല്‍ പേടി അല്പം കുറവായിരുന്നു.

ഇതാ..വീണ്ടും പോലീസ് മൈതാനത്ത് സര്‍ക്കസ്സ് എത്തിയിരിക്കുകയാണ്.'കാന്‍ഡി മാന്‍ ജമിനി സര്‍ക്കസ്സ്‌..'നിയമങ്ങള്‍ പിടിമുറുക്കിയപ്പോള്‍ പുലിയും ,സിംഹവും ഒന്നും ഇല്ല ,ചാട്ടയുടെ അടി കൊള്ളാന്‍ ..20-20 കളിക്കുന്ന ആനയും ,ഡോക്ടര്‍ ആനയും ,ഫുട്ബോള്‍ കളിയ്ക്കാന്‍ ബോക്സര്‍ നായ്ക്കളും..കൂട്ടിനു സുന്ദരിമാരുടെ നൃത്തങ്ങളും.കോളാമ്പി മൈക്കുമായി ജീപ്പ് നാടുചുറ്റുന്നില്ല ..പകരം FM റേഡിയോകള്‍ നാടെങ്ങും വിളിച്ചറിയിക്കുന്നു...സര്‍ക്കസ്സിനെ സ്നേഹിക്കുന്ന കോലത്തുനാട്ടിലെ ജനങ്ങള്‍ വീണ്ടും വിസ്മയങ്ങളുടെ കൂടാരത്തിലേക്ക് ...

Wednesday, October 01, 2008

നവരാത്രി ദീപങ്ങള്‍....

ചേവായൂരിലെ ഒരു വീട്ടില്‍ ഒരുക്കിയ ബൊമ്മക്കൊലുവിന്റെ ചിത്രത്തിന് അടിക്കുറിപ്പായി 'നവരാത്രി ആഘോഷങ്ങള്‍ ഇന്നു തുടങ്ങുന്നു..'എന്ന് മാതൃഭൂമിയുടെ ഒന്നാം പേജില്‍ കണ്ടപ്പോഴാണ് ,'ഓ നവരാത്രി തുടങ്ങിയോ' എന്ന് ഓര്‍ത്തത്‌ .പണ്ടൊക്കെ ഒരുപാടു കാത്തിരിക്കുമായിരുന്നു, നവരാത്രിക്കാലത്തെ..പണ്ടെന്നു പറഞ്ഞാല്‍ ഓര്മ്മ വെച്ച നാള്‍ മുതല്‍..കലണ്ടറില്‍ വിജയദശമി എന്നാണെന്ന് നോക്കി പിറകോട്ട് ഒമ്പത് ,എട്ട് ,ഏഴ്..എന്ന് എണ്ണും..വ്രതം എന്നാണ് തുടങ്ങേണ്ടത് എന്നറിയാന്‍..പ്രതിപദം തൊട്ട് നവമി വരെ ഒമ്പത് ദിവസം മീനും ,മുട്ടയും ,ഇറച്ചിയും ഒന്നും കഴിക്കാതെ നവരാത്രി വ്രതം .പുലര്‍ച്ചയ്ക്ക് തന്നെ വല്യമ്മ വിളിച്ചുണര്‍ത്തും.പല്ലു തേച്ച് കാപ്പിപോലും കുടിക്കാതെ തണുത്ത വെള്ളത്തില്‍ കിണറ്റിന്റെ കരയില്‍ നിന്നു തന്നെ കുളിച്ച് ,കുപ്പായമിട്ട് ഏറേത്ത് ഇരിക്കും .ഇത്തിരി വെളിച്ചം വന്നു തുടങ്ങുമ്പോഴേക്കും എല്ലാവരും എത്തും.പറമ്പും,കണ്ടിയും,ഇടവഴികളും കടന്നു ,വയല്‍ വരമ്പിലൂടെ നമ്മള്‍ എഴെട്ട് പേരടങ്ങുന്ന സംഘം അങ്ങനെ പോകും.
കവിളില്‍
മഞ്ഞു തുള്ളികള്‍ വീണ പുല്‍നാമ്പുകള്‍ നോക്കി ചിരിക്കുന്നുണ്ടാകും..'ചില്‍ ചില്‍ 'ശബ്ദം ഉണ്ടാക്കി ചെറു കിളികളും ഞങ്ങളുടെ കൂടെ തന്നെയുണ്ടാകും .ചിറയുടെ കിഴക്കേ കരയില്ലുള്ള ദുര്‍ഗാ ക്ഷേത്രത്തിലേക്ക് ആണ് ഞങ്ങളുടെ ഈ യാത്ര.."നല്ല പഠിപ്പും ബുദ്ധിയും ഉണ്ടാകണേ 'എന്ന് പ്രാര്‍ത്ഥിച്ച്,നെറ്റിയില്‍ ചന്ദനത്തിനു നടുവില്‍ കുങ്കുമവും പരസ്പരം ചാര്‍ത്തി ,ചിറയില്‍ ഒന്നു കാല് മുക്കി ...ഒരു കല്ലെടുത്തിട്ട് ..ആടിപ്പാടി ,മടങ്ങും..പത്തു ദിവസവും ഇങ്ങനെ അമ്പലത്തില്‍ പോകും ..'ഹോ ഓര്‍ക്കുമ്പോള്‍ ആ വഴികളിലൂടെയൊക്കെ ഒന്നുകൂടി പോകാന്‍ തോന്നുന്നു ...'
അമ്പലത്തില്‍ തന്നെയാണ് ഗ്രന്ഥം വെക്കുക.പുസ്തകങ്ങളൊക്കെ പൊതിഞ്ഞു വലിയൊരു കെട്ടാക്കി ,പേരും എഴുതി കൊടുക്കും.അല്പം ബുദ്ധിമുട്ടായിരുന്ന കണക്കിന്റെ പുസ്തകം ആ കെട്ടില്‍ എല്ലാ വര്‍ഷവും ഉണ്ടാകും.ഗ്രന്ഥം വെച്ചാല്‍ പിന്നെ ഒന്നും വായിക്കാനോ എഴുതാനോ പാടില്ല . രണ്ടു ദിവസം രാത്രി അച്ഛനെ ഗുണനപ്പട്ടിക ചൊല്ലി കേള്‍പ്പിക്കണ്ടല്ലോ... പകലാണെങ്കില്‍ കളിയോ കളി...'പഠിക്കെടാ പഠിക്കെടാ'എന്ന് അമ്മയ്ക്ക് പറയാന്‍ കഴിയാത്ത അവസ്ഥ.ദശമി നാളില്‍ നമ്പൂതിരിക്ക് ദക്ഷിണ കൊടുത്ത് ഗ്രന്ഥം എടുത്താല്‍ നേരെ എല്ലാവരും ചുറ്റുമതിലിന് അടുത്ത് പോയിരുന്ന് പുസ്തകം തുറക്കും.ആദ്യം കിട്ടുന്ന പേജ് ഉറക്കെ വായിക്കും.പിന്നെ വീട്ടിലെത്തി വ്രതം മുറിക്കലാണ് .അന്ന് ചിലപ്പോ മീനൊക്കെ പൊരിച്ചു വെയ്ക്കും ..പക്ഷെ എന്തോ..തിന്നാന്‍ ഒരു മടിയാണ്.വിഷമത്തോടെ വല്ല ബിസ്കറ്റോ കേക്കോ ഇതില് മുട്ട ചേര്‍ത്തതാണ് എന്ന് പറഞ്ഞു ഒരു കഷ്ണം കഴിക്കും.

നവരാത്രിക്കാലത്ത്‌
മാത്രം നടക്കുന്ന പല കാര്യങ്ങളും ഉണ്ട്.അച്ഛന്‍ എന്നെയും കൂട്ടി ടൗണില്‍ പോകുന്നത് നവരാത്രിക്കാലത്ത്‌ ആണ് .ആദ്യമായി രാത്രിയില്‍ ടൗണ് കണ്ടതും ഒരു നവരാത്രിക്കാലത്താണ് .അച്ഛന്റെ ഓഫീസില്‍ പൂജയുണ്ടാകും .അലമാരയും മേശയും ഫയലും ഒക്കെ ചന്ദനവും തൊട്ട് നില്‍ക്കുന്നത് കാണാന്‍ നല്ല രസമാണ്.പൂജാരിയുടെ 'ആയുധ പൂജ' യൊക്കെ കഴിഞ്ഞാല്‍ തരുന്ന അവലും മലരും ,അതിലെ കരിമ്പും കല്‍ക്കണ്ടവും അതിലേറെ രസമാണ് ...മധുരമാണ് ..അമ്പലത്തിലെ ഉത്സവം കഴിഞ്ഞാല്‍ പിന്നെ കരിമ്പ്‌ കാണുന്നത് നവരാത്രിക്കാണ് .
നഗരത്തിലെ നവരാത്രികാഴ്ചകള്‍ ഒരുപാടാണ്‌ .എങ്ങും ദീപാലങ്കാരങ്ങള്‍, റോഡിലൊക്കെ തിക്കും തിരക്കും,കോളാമ്പി മൈക്കില്‍ നിന്നുയരുന്ന ഭക്തി ഗാനങ്ങള്‍..
രണ്ടാം ദസറ എന്ന്‍ പേരുകേട്ട കണ്ണൂരിലെ നവരാത്രി ആഘോഷങ്ങള്‍ പ്രധാനമായും നഗരത്തിലെയും പരിസരങ്ങളിലെയും കോവിലുകള്‍ കേന്ദ്രീകരിച്ചാണ് .പിള്ളയാര്‍ കോവില്‍ ,കാഞ്ചി കാമാക്ഷി അമ്മന്‍ കോവില്‍ ,താളിക്കവ് മുത്തുമാരിയമ്മന്‍ കോവില്‍ ,ശ്രീകൃഷ്ണന്‍ കോവില്‍ ,മുനീശ്വരന്‍ കോവില്‍ ,സ്വാമി മഠം തുടങ്ങി നവരാത്രി ദീപങ്ങള്‍ തെളിയുന്ന കോവിലുകള്‍ ..വര്‍ഷങ്ങള്‍ക്കു മുമ്പ് കണ്ണൂരിലെത്തിയ അന്യസംസ്ഥാനക്കാരുടെയും, കണ്ണൂരുകാരുടെയും സ്വന്തം ആരാധനാലയങ്ങള്‍. കച്ചേരികളും സംഗീതാര്‍ച്ചനകളും നൃത്ത നൃത്ത്യങ്ങളും അരങ്ങേറ്റങ്ങളുമൊക്കെയായി പത്ത് രാത്രികള്‍ .ആദ്യമായി കച്ചേരി കാണുന്നത് മുനീശ്വരന്‍ കോവിലില്‍ ഒരു നവരാത്രി സന്ധ്യക്കാണ്‌. ഒരിക്കല്‍ ആള്‍ക്കൂട്ടത്തിനു നടുവില്‍ നിന്നും എന്നെ എടുത്തുപൊക്കി അച്ഛന്‍ കാണിച്ചു തന്നു..'ആ പാടുന്ന ആളാണ് യേശുദാസ് .. 'പള്ളിക്കുന്ന് മൂകാംബിക ക്ഷേത്രം ,തളാപ്പ് സുന്ദരേശ്വരക്ഷേത്രം ,കുന്നാവ് ദുര്‍ഗാക്ഷേത്രം എന്നിവിടങ്ങളി‌ലും മറ്റ് ദേവി സന്നിധികളിലും അമ്പലങ്ങളിലും നവരാത്രികാലം ആഘോഷമയമാണ് .'ഹരിശ്രീ ഗണപതയേ നമഹഃ'എന്ന് അരിയിലെഴുതിച്ചത് ഒരു വിജയ ദശമി നാളില്‍ പള്ളിക്കുന്ന് മൂകാംബിക ക്ഷേത്രത്തില്‍ വച്ചായിരുന്നു.അന്ന് കരഞ്ഞുകൊണ്ട് 'അ,ആ ,ഇ ഈ'എഴുതിയത് ,'മുട്ടായിയും'തിരിപ്പും വാങ്ങിത്തരാം എന്ന് പറഞ്ഞതു കൊണ്ടാണ് മിന്നുന്ന കടലാസ് കൊണ്ട് ഉണ്ടാക്കുന്ന ആ തിരിപ്പ് (കാറ്റാടി ) വാങ്ങിത്തരണം എന്ന് മാത്രമായിരുന്നു ,ടൗണില്‍ പോയാല്‍ ഞാന്‍ അച്ഛനോട് ആവശ്യപ്പെടുക.തിരിപ്പ് കഴിഞ്ഞാല്‍ പിന്നെ തേര് കാണണം ..നവരാത്രി ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ചുകൊണ്ട് കൊവിലുകളില്‍ നിന്നും രാത്രി തേരുകള്‍ (രഥങ്ങള്‍ ) ഘോഷയാത്രയായി നഗരം വലം വെക്കും. കരകാട്ടം ,കാവടിയാട്ടം ,മയിലാട്ടം ,നിശ്ചല ദൃശ്യങ്ങള്‍ ,മുത്തുക്കുടകള്‍ ..കൂടെ വൈദ്യുത ദീപങ്ങളാല്‍ അലങ്കരിച്ച ,വെട്ടിത്തിളങ്ങുന്ന തേരുകള്‍...!വന്‍ ജനാവലിയുടെ കൂടെ തേരുകള്‍ കോട്ട മൈതാനം വരെ പോകും .രാത്രി ഒരു മണി കഴിഞ്ഞിട്ടാണത്രെ തിരിച്ചു കൊവിലുകളിലേക്ക് മടങ്ങുക. ഒരുപാടു സമയം തേരും നോക്കി അങ്ങനെ നിന്ന്,തിരിപ്പും മുട്ടപ്പൊരിയും വാങ്ങി ,അച്ഛന്റെ കൈയും പിടിച്ച് തിരികെ വീട്ടിലേക്ക് ..ലാസ്റ്റ് ബസ്സ് പോയെങ്കില്‍ ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ മുട്ടപ്പൊരിയും കൊറിച്ചു കൊണ്ട് നടക്കും..ദൂരെ നിന്ന് ചെണ്ടയുടെ ശബ്ദം അപ്പോഴും കേള്‍ക്കും...