Friday, July 03, 2020
സൂഫിയും സുജാതയും...
Saturday, June 27, 2020
കൊറോണക്കാലത്ത് ഒരു ഷോർട്ട് ഫിലിം ഉണ്ടാക്കിയ കഥ !
അബുദാബിയിലെ അത്യാവശ്യം തിരക്കുള്ള ഒരു ഗവൺമെന്റ് ആശുപത്രി..2020 ന്റെ തുടക്കത്തിൽ സാധാരണ ചികിത്സാ വിഭാഗങ്ങളെല്ലാം നിർത്തലാക്കി പകർച്ചവ്യാധി ചികിത്സകള്ക്കു മാത്രമായി നവീകരണം നടത്താൻ തീരുമാനിക്കുന്നു .അത് മുൻകൂട്ടി കണ്ടിട്ടെന്ന പോലെ ദാ വരുന്നു,കൊറോണ ..! നവീകരണ പ്രവർത്തനങ്ങൾ പിന്നെ യുദ്ധകാലാടിസ്ഥാനത്തിൽ ആയിരുന്നു .എല്ലാ വാർഡുകളും ഒന്നൊന്നായി അടക്കുന്നു,രോഗികളെ മറ്റു ആശുപത്രികളിലേക്ക് മാറ്റുന്നു ,ഇടിക്കുന്നു ,പൊളിക്കുന്നു ആകെ ബഹളം .ഇതിനിടയിൽ ലോകത്തു എല്ലായിടത്തും എന്ന പോലെ U.A .E യിലും കോവിഡ് രോഗികളുടെ എണ്ണം കൂടി .രാജ്യത്തിൻറെ പല ഭാഗങ്ങളിലും ഫീൽഡ് ആശുപത്രികൾ തുറന്നു ..അവയുടെ പ്രവർത്തനങ്ങളും ഇതേ ആശുപത്രിയുടെ മേൽനോട്ടത്തിൽ..ചുരുക്കി പറഞ്ഞാൽ ആശുപത്രിയിലെ എല്ലാ ജീവനക്കാർക്കും നല്ല പണി കിട്ടി ..കൂട്ടത്തിൽ ഞങ്ങൾ ബയോമെഡിക്കൽ എഞ്ചിനീയർമാർക്കും ..
![]() |
| ഒരു ഫീൽഡ് ആശുപത്രി സഞ്ജീകരണത്തിനിടയിൽ |
പുതിയ മെഡിക്കൽ ഉപകരണങ്ങളുടെ സഞ്ജീകരണങ്ങൾ ,പഴയവയുടെ പ്രവർത്തന പരിശോധന ,ഐസൊലേഷൻ വാർഡ് സഞ്ജീകരണം ,ഒപ്പം കോവിഡ് വാർഡുകളിലെ ഉപകരണങ്ങൾക്ക് എന്തെങ്കിലും തകരാറുകൾ പറ്റിയാൽ മറ്റു മുൻനിര പോരാളികളെപ്പോലെ സുരക്ഷാവസ്ത്രങ്ങൾ ധരിച്ചു അവരോടൊപ്പം വാർഡിലും..ആദ്യമാദ്യം ചെറിയ വിഷമവും പേടിയും ഉണ്ടായെങ്കിലും ഈ സമയത്തു നമ്മൾ നമ്മളാൽ കഴിയുന്നത് ചെയ്യുക ,എന്നൊരു ബോധ്യം വന്നു .അതൊരു സേവനമാണ് ,നമ്മുടെ കർത്തവ്യമാണ് എന്ന ചിന്തയായി..മാർച്ച് ...ഏപ്രിൽ...മെയ്... മാസങ്ങൾ കടന്നു പോയി. ഇതിനിടയിൽ എല്ലാ രണ്ടാഴ്ച കൂടുമ്പോഴും നമ്മൾക്ക് കോവിഡ് പരിശോധന നടക്കുന്നുണ്ട് .ടെസ്റ്റിന് സാമ്പിൾ എടുത്തു റിസൾട്ട് മൊബൈലിൽ വരുന്നത് വരെ ഒരു മരവിപ്പാണ് .ഒന്നും ഉണ്ടാകില്ല എന്ന് ഉറപ്പുണ്ടെങ്കിലും ഒരു ഉത്കണ്ഠ. ശാരീരികവും മാനസികവുമായി പരീക്ഷണങ്ങളുടെ ദിവസങ്ങൾ .ചിലപ്പോൾ ജോലിസമയം രാത്രിവരെ നീളും ,പതിവുള്ള വാരാന്ത്യ അവധികൾ ഇല്ലാതായി.സഹായത്തിനായി പുതിയ ആൾക്കാരും നിയമിക്കപ്പെട്ടു. നാട്ടിലുള്ള കുടുംബാംഗങ്ങളോട് ഇവിടുത്തെ കാര്യങ്ങൾ ഒന്നും അധികം പറയാതെ ,പേടിക്കാനില്ല എല്ലാം നല്ല രീതിയിൽ പോകുന്നു എന്ന് പറഞ്ഞു സമാധാനിപ്പിക്കും.
നാട്ടിൽ ഇതിനിടയിൽ ലോക്ക് ഡൌൺ കാലം എന്നൊരു കാലം രൂപപ്പെട്ടിരുന്നു .ഇടയ്ക്കു വീണു കിട്ടുന്ന സമയങ്ങളിൽ ഇന്റർനെറ്റിലും ടിവിയിലും കാണുന്നത് നാട്ടിലെ ലോക്ക് ഡൌൺ കലാപ്രകടനങ്ങൾ ആണ് . ഭീതിപ്പെടുത്തുന്ന കോവിഡ് രോഗികളുടെ കണക്ക് വിവരണങ്ങളെക്കാൾ അതൊരു ആശ്വാസമായിരുന്നു .അങ്ങനെയിരിക്കെ പെരുന്നാൾ അവധി ദിനങ്ങൾ വന്നെത്തി.ആളും ആരവങ്ങളും സമൂഹ നോമ്പുതുറയൊന്നും ഇല്ലാത്ത ഗൾഫിലെ ആദ്യ പെരുന്നാൾ.രണ്ടുദിവസം അടുപ്പിച്ചു മിക്കവാറും അവധി കിട്ടും;റൂമിൽ തന്നെ ഇരിക്കേണ്ടിയും വരും ,ആശുപത്രിയിൽ നിന്ന് വിളി ഒന്നും വന്നില്ലേൽ ...
അങ്ങനെ അവധിദിനത്തിന്റെ തലേ ദിവസം ..നമുക്കും എന്തെങ്കിലും ചെയ്താലോ എന്ന് ഒരു ആലോചന ..
"നമുക്കൊരു ഷോർട് ഫിലിം ചെയ്താലോ ?"
എഡിറ്റിംഗ് ക്രേസ് ഉള്ള ജിതിൻ ആണ് ആ വിഷയം എടുത്തിട്ടത് .
| ജിതിൻ (ജിതിൻ വർഗീസ് തോമസ് ) |
"എന്റെ കുറച്ചു പഴയ അൽ ഐൻ ജീവിത അനുഭവങ്ങൾ ഉണ്ട് ..നല്ല കോമഡിയാ " എന്ന് കുമാർ ഭായ്.
കോമഡി വർക്ക് ഔട്ട് ആകാൻ ബുദ്ധിമുട്ടാണ് .വേറെ കഥയൊന്നും പെട്ടന്ന് നടക്കില്ല .ഒടുവിൽ കൊറോണ തന്നെയായി വിഷയം.കൈ കഴുകുന്നതും മാസ്ക് ഇടുന്നതും എല്ലാം കുറേ പേർ ചെയ്തു കഴിഞ്ഞു ,പുതിയത് വല്ലതും വേണം.ജിതിന്റെ കൂട്ടുകാരന്റെ ഒരനുഭവം നേരത്തെ പറഞ്ഞിരുന്നു .
"രോഗം മാറിവരുന്ന സഹമുറിയനെ മറ്റുള്ളവർ പുറത്താക്കുന്നു "
ദിലീപിന്റെ ഭാവന ഉണർന്നു !
അങ്ങനെ ആ രണ്ടു ആശയങ്ങളും ഉൾക്കൊണ്ട് ഒരു കഥ രൂപപ്പെടുത്തണം.നായകനായി സംഗീത് മതി എന്ന് എല്ലാവരും പറഞ്ഞെങ്കിലും "കൊന്നാലും ഞാൻ അഭിനയിക്കൂല "എന്ന് സംഗീത്. (നേരത്തെ "നിനക്ക് ഭാവം വരുമോ എന്ന് നോക്കട്ടെ "എന്ന് പറഞ്ഞു അവന്റെ കുറച്ചു ഭാവങ്ങൾ മൊബൈലിൽ ഷൂട്ട് ചെയ്തിരുന്നു .സ്ക്രീൻ ടെസ്റ്റിൽ അവൻ വിജയിച്ച കാര്യം നമ്മൾക്കല്ലേ അറിയൂ )മൊബൈലിൽ തന്നെ മലയാളം ടൈപ്പി ,രാത്രി പന്ത്രണ്ടു മണി ആയപ്പോഴേക്കും സ്ക്രിപ്റ്റ് റെഡി ! വട്ടവട വിനോദയാത്ര പോയത് മൊബൈലിൽ ഷൂട്ട് ചെയ്തു സ്വന്തം യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്ത ആളാണ് ജിതിൻ .ആ ധൈര്യം ഉണ്ട് .പിറ്റേന്ന് രാവിലെ തന്നെ സാംസങ് s 9 പ്ലസ് മൊബൈലും ഗിമ്പലും റെഡിആയി.
![]() |
| സംഗീത് (സംഗീത് സുരേഷ് ) |
"എന്റെ പേരൊന്നും വിളിക്കേണ്ട ,പേര് വിളിച്ചാൽ ഞാൻ അഭിനയിക്കില്ല " എന്ന് ദിലീപ് .
കഥാപാത്രത്തിന്റെ പേര് മാറ്റിയപ്പോൾ എന്റെ പേര് തന്നെ മതി എന്നായി ആവശ്യം .തിരക്കഥാ ചർച്ചയൊന്നും നടക്കാത്തതിനാൽ എഴുതിയ സംഭാഷണങ്ങൾ പലതും പിന്നെ മാറി.അല്ലേലും അതൊക്കെ എഴുതാൻ നല്ല എളുപ്പമാണ് ,പറഞ്ഞു നോക്കിയാലല്ലേ അറിയൂ 😌.അവസാനം ആദ്യ ഷെഡ്യൂൾ അങ്ങനെ "പാക്ക് അപ്പ്" ചെയ്തു .
![]() |
| ദിലീപ് (ദിലീപ് കുമാർ ) |
ഈദ് അല്ലേ ?മുജീബ് ഭായിയും കൂട്ടരും സ്പെഷ്യൽ ബിരിയാണി ഉണ്ടാക്കുന്നുണ്ട് .അങ്ങനെയെങ്കിൽ കുറച്ചു ഫ്ലാഷ്ബാക്ക് രംഗങ്ങൾ അതിനിടയിൽ ഷൂട്ട് ചെയ്യാം.ഉച്ചയ്ക്ക് ബിരിയാണി തിന്നു തീരുമ്പോഴേക്കും കുറച്ചു രംഗങ്ങൾ ചിത്രീകരിച്ചു.നായകൻ മടങ്ങി പോകുന്ന രംഗങ്ങൾ പിന്നെ ചിത്രീകരിക്കപ്പെട്ടു.കുറച്ചു ഹിന്ദി സംഭാഷണങ്ങൾ ഉണ്ട് .മുഖത്തെ ഭാവങ്ങളും ഹിന്ദിയും ഒരുമിച്ചു വരുന്നില്ല .
"ഹും..ഹേ ഹൂം ..."സംഗീത് ആകെ പ്രശ്നത്തിലായി.ഒടുവിൽ ക്യാമറ പുറകിലേക്ക് മാറി.സംഭാഷണങ്ങൾ ഡബ്ബിങ്ങിൽ ശരിയാക്കാം എന്നായി.
വീണ്ടും ചിത്രീകരണം റൂമിലേക്ക് ..മൂന്നാമൊതൊരാൾ കൂടി വേണം,ഫ്ലാഷ് ബാക്കിൽ തന്റെ അഭിനയശേഷി പുറത്തെടുത്ത ഫഹദ് രംഗത്തിൽ എത്തി.സംഭവം അതോടെ "നാച്വറൽ " ആയി.ഇതുവരെ പേരില്ലാതിരുന്ന നായകന് ഈ രംഗത്തിലാണ് പേരിട്ടത് .ജിതിൻ രംഗത്ത് ഇല്ലാത്തതുകൊണ്ട് അവന്റെ പേര് തന്നെ നായകന് കൊടുത്തു "ജിത്തു! "
![]() |
| കുമാർ ഭായ് (കൃഷ്ണകുമാർ ) |
ഇനി ക്ലൈമാക്സ് രംഗങ്ങൾ മാത്രം ബാക്കി .അന്ന് പിരിയുന്നതിനു മുമ്പ് ജിതിനോട് ചോദിച്ചു
"നമുക്ക് ഒരു ട്വിസ്റ്റ് കൊണ്ടുവന്നാലോ ?'
"ഒരു "എൻഡ് പഞ്ച് " ഉണ്ടാകും...."പറഞ്ഞു വന്നപ്പോൾ അവനും അത് ഇഷ്ടമായി . അതോട് കൂടി ഷോർട്ട് ഫിലിമിന്റെ പേരും ഉറപ്പിച്ചു .."ബി പോസിറ്റീവ് ....!"വേറെ ആരോടും ട്വിസ്റ്റിന്റെ കാര്യം പറഞ്ഞില്ല.
അവധി ദിവസങ്ങൾ തീരാൻ പോകുന്നു , ഈദ് ഒരു ദിവസം നീണ്ടതിനാൽ ഒരു ദിവസം കൂടി കിട്ടി.ചിത്രീകരണം ഇതോട് കൂടി തീർക്കണം .കൃഷ്ണേട്ടന്റെ നീണ്ട സംഭാഷണ ഭാഗങ്ങൾ ആണ് ഇനി.റൂമിനു പുറത്തുള്ള രംഗങ്ങൾ ഒന്ന് കൂടി എടുത്തശേഷം അതിലേക്കു കടന്നു.ഉച്ചയുറക്കത്തിന്റെ ആലസ്യം കഴിഞ്ഞു ഫഹദും ദിലീപും എത്തി.എല്ലാവരും ഒരുമിച്ചിരുന്നു ആലോചനകൾ ഒന്നും ഇല്ലാതിരുന്നതിനാൽ (അതിനു സമയവും ഉണ്ടായിരുന്നില്ല ) പിന്നെയും തിരുത്തലുകൾ.ഒടുവിൽ നീണ്ടൻ സംഭാഷണങ്ങൾ ആറ്റിക്കുറുക്കി.എല്ലാം ഒറ്റ ടേക്കിൽ തീർന്നു .
ഇനി നായകന്റെ കുറച്ചു ദുഃഖ രംഗങ്ങൾ ഉണ്ട് ."ലൊക്കേഷൻ ബാത്റൂം ആയാൽ സംഗതി പെട്ടന്ന് തീരും."അങ്ങനെ ചായഗ്രാഹകനും നായകനും കുളിമുറിയിലേക്ക് .
" എനിക്ക് മുഴുവൻ ഇമോഷൻ പുറത്തെടുക്കാൻ പറ്റിയില്ല ,സംവിധായകനും കൂടി കുളിമുറിയിൽ ഉണ്ടായിരുന്നെങ്കിൽ അഭിപ്രായം പറഞ്ഞേനെ "(അങ്ങനെ ഒരു സ്ഥാനപ്പേരേ ഉള്ളൂ എന്ന് നമ്മൾക്കല്ലേ അറിയൂ 😜)സംഗീതിനു സംശയം.
നായകൻ തിരിച്ചു പോകുന്ന റൂമിലെ കുറച്ചു രംഗങ്ങൾ കഴിഞ്ഞു പിന്നെ ട്വിസ്റ്റിന്റെ ചിത്രീകരണം .സംഭവം അറിഞ്ഞപ്പോൾ ഫഹദിന് ഇഷ്ടപ്പെട്ടു .സംഭവം കുഴപ്പമില്ല എന്ന് അപ്പോൾ ബോധ്യം ആയി .മൊബൈലിൽ സന്ദേശം വരുമ്പോൾ എന്റെ മുഖത്തു "ഒരു ഞെട്ടലും "വരുന്നില്ല .ജിതിൻ പല ആംഗിളിലും ക്ഷമയോടെ കിട്ടുന്നതെല്ലാം എടുത്തു .ഷൂട്ടിങ്ങിന് അതോടെ "പായ്ക്ക് അപ്പ് "വിളിച്ചു .
![]() |
| ഫഹദ് (ഫഹദ് .പി.കെ ) |
അവധി കഴിഞ്ഞതോടെ വീണ്ടും ജോലി തിരക്കിലേക്ക്.. പലർക്കും ജോലി പല ഷിഫ്റ്റുകളിൽ ആണ് . ഡബ്ബിങ്ങും എഡിറ്റിംഗും അതിനിടയിൽ തീർക്കണം.'മനക്കോട്ട' (യൂട്യൂബ് ചാനൽ )കണ്ടു പഠിച്ച അടവുകളെല്ലാം ജിതിൻ പുറത്തെടുത്തു . മൊബൈലിൽ തന്നെ സംഭാഷണങ്ങൾ റെക്കോർഡ് ചെയ്തു ,ഇടയ്ക്കു കിളികൾ ഒക്കെ കൂടെ സംസാരിച്ചെങ്കിലും സംഭവം നന്നായി.ഹിന്ദി സംഭാഷണങ്ങളുടെ ആധികാരികത ഉറപ്പാക്കാൻ ഒരു ഹിന്ദിക്കാരന്റെ തന്നെ സഹായം തേടിയിരുന്നു .ജിതിൻ തന്നെ ഹിന്ദിക്കാരനായി ഡബ്ബ് ചെയ്തു .രാത്രിവരെയുള്ള ജോലിയും കഴിഞ്ഞു പുലർച്ചെ വരെയാണ് ജിതിന്റെ എഡിറ്റിംഗ് പണികൾ .പശ്ചാത്തല സംഗീതം സ്വന്തമായി ഉണ്ടാക്കാൻ യാതൊരു വഴിയും ഇല്ലാത്തതിനാൽ കോപ്പി റൈറ്റ് ഇല്ലാത്ത സംഗീതം ഇന്റർനെറ്റിൽ നിന്ന് തന്നെ പരതി എടുത്തു .വാതിൽ മുട്ടുക ,തുറക്കുക തുടങ്ങിയ ശബ്ദങ്ങൾ നേരിട്ട് തന്നെ റെക്കോർഡ് ചെയ്തു .രണ്ടാഴ്ച നീണ്ട എഡിറ്റിംഗ് പണികളിൽ ജിതിന്റെ ക്ഷമയാണ് താരം..അതൊന്നു കാരണം കൊണ്ട് മാത്രമാണ് ഇത് ഇങ്ങനെ സംഭവിച്ചതും. (പണ്ട് എഡിറ്റിംഗ് പഠിക്കാൻ വേണ്ടി പ്രീമിയർ പ്രൊ ഇൻസ്റ്റാൾ ചെയ്തു ,പിന്നെ വട്ടായി ആ വഴിക്കു പോകാത്തവനാണ് ഞാൻ 😆)
ഏകദേശം ഒരു രൂപം ആയപ്പോൾ മൊത്തത്തിൽ കുഴപ്പമില്ല എന്ന് തോന്നി. സുഹൃത്തുക്കൾക്ക് മാത്രം അയച്ചുകൊടുക്കാനേ പറ്റൂ ,എന്ന് കരുതിയ വീഡിയോ യൂട്യൂബിൽ ഇടാനുള്ള ഒരു ആത്മവിശ്വാസം വന്നു.പൊതുസമൂഹത്തിനു മുന്നിൽ അവതരിപ്പിക്കുമ്പോൾ,പറഞ്ഞു വെച്ച കാര്യങ്ങൾ കുറച്ചു കൂടി നന്നാക്കാം എന്ന് തോന്നിയെങ്കിലും വീണ്ടും ഒരു ചിത്രീകരണത്തിന് സാഹചര്യം ഉണ്ടായിരുന്നില്ല.
കൂടുതൽ പേരിലേക്ക് വീഡിയോ എത്താനായി ഇംഗ്ലീഷിൽ "സബ് ടൈറ്റിൽ " കൂടി ചേർക്കാൻ തീരുമാനിച്ചു.യൂട്യൂബിൽ ഇടാൻ thumbnail ചിത്രം വേണം;അഥവാ ഒരു പോസ്റ്റർ .എല്ലാവരുടെയും ഫോട്ടോ എടുത്തുവെങ്കിലും ഫോട്ടോഷോപ്പിൽ മാസ്കിങ് അങ്ങ് നടക്കുന്നില്ല,ഒടുവിൽ നാട്ടിൽ അളിയന്റെ സ്റ്റുഡിയോ സുഹൃത്തിന് ഫോട്ടോകൾ അയച്ചുകൊടുത്തു,"തലകൾ " എല്ലാം സെറ്റ് ചെയ്തു തന്നു .ബാക്കി ഡിസൈനിങ് "ഫോട്ടോസ്‌കേപ്പിൽ "ഇവിടെ നടത്തി.രണ്ടു പോസ്റ്ററുകൾ അങ്ങനെ റെഡിയാക്കി വെച്ചു.
"സബ്‌ടൈറ്റിൽ","എൻഡ് ടൈറ്റിൽ" ,"ക്രെഡിറ്റ്സ്" ....അവസാന രണ്ടു ദിവസങ്ങളിൽ ജിതിൻ ഉറങ്ങാൻ പോകുന്നത് പുലർച്ചെ മൂന്ന് മണി ആകുമ്പോഴാണ്.ഉറക്കം വരുന്നത് വരെ സംഗീതും,ഫഹദും ഞാനും കൂട്ടിരിക്കും.
"ഫൈനൽ പ്രോഡക്റ്റ് "കണ്ടപ്പോൾ ആരും "അയ്യേ "എന്ന് പറയില്ല എന്നൊരു വിശ്വാസം ഉണ്ടായെങ്കിലും പുറത്തു ഒരാളെ ഒന്ന് കാണിച്ചാലോ ആലോചന വന്നു.അഥവാ നെഗറ്റീവ് അഭിപ്രായങ്ങൾ വന്നാലോ ? അങ്ങനെ ആ ആലോചന ഉപേക്ഷിച്ചു.
"വെള്ളിയാഴ്ച വൈകുന്നേരം അപ്‌ലോഡ് ചെയ്യാം ,അതിനു തലേദിവസം പോസ്റ്റർ ഫേസ്‍ബുക്കിൽ ഇട്ടാൽ മതി "
പോസ്റ്റർ വന്നപ്പോൾ പലർക്കും അതിശയം ആയിരുന്നു.ഇവന്മാര് എന്താണ് കാണിക്കാൻ പോകുന്നത് എന്ന സംസാരം...
"ഇനിയിപ്പോൾ 'ഒടിയൻ 'പോലെ ,കഞ്ഞി എടുക്കട്ടേ ? എന്ന് ഡയലോഗ് വരുമോ ?"
ചിലരുടെയെങ്കിലും പ്രതീക്ഷകൾക്കൊപ്പം എത്തുമോ എന്ന പേടി ബാക്കിവെച്ചുകൊണ്ടു പറഞ്ഞപോലെ തന്നെ വീഡിയോ അപ്‌ലോഡ് ചെയ്തു.
"സംഭവം ...അടിപൊളി...ഞാനിപ്പോൾ തന്നെ ഷെയർ ചെയ്യാം .."
അങ്ങോട്ട് ഒന്നും അറിയിക്കാതെ തന്നെ ഞങ്ങളുടെ ആശുപത്രിയിലെ മേലധികാരിയുടെ ഫോൺ വിളി ഇങ്ങോട്ടു വന്നു.
അതോടെ ഉറപ്പിച്ചു "വല്യ മോശം ആയിട്ടില്ല ..!"ശ്വാസം നേരെ വീണു .
ചിത്രീകരണത്തിനിടയിലെ ചില രസകരമായ നിമിഷങ്ങൾ ....
ഇതിനുമാത്രം നീട്ടിവലിച്ചു എഴുതിക്കൂട്ടാൻ ഈ ഷോർട്ട് ഫിലിം എന്ത് തേങ്ങയാണ് ?ലോകത്തു ആരും ഇതുവരെ ഷോർട് ഫിലിം എടുത്തിട്ടില്ലേ ?എന്ന് പലർക്കും ഇത് വായിക്കുമ്പോൾ തോന്നിയേക്കാം.
പണ്ട് ഏഴാം ക്ലാസിൽ കൈയെഴുത്തു മാസികയ്ക്കു ചിത്രം വരയ്ക്കുമ്പോൾ ഉണ്ടാക്കിയ സ്വന്തം കമ്പനിയാണ് "ദർശ് മൾട്ടീമീഡിയ 😂!"വർഷങ്ങൾക്കിപ്പുറം ഇപ്പോഴാണ് നാലാൾ കാൺകെ അതൊന്നു എഴുതി വന്നത്. "ഒരു ഷോർട്ട് ഫിലിമിൽ ആണ് "ബേസിൽ ജോസഫ് "എല്ലാം തുടങ്ങിയത് "എന്ന് പറഞ്ഞു കൊണ്ട് സ്വപ്നം കണ്ടു നടക്കുന്ന ആളാണ് ജിതിൻ..! കാക്കയ്ക് തൻകുഞ്ഞു പൊൻകുഞ്ഞു തന്നെ എന്നല്ലേ ? 😃
വര്ഷങ്ങളായി ഷോർട്ട് ഫിലിം എന്ന സ്വപ്നം കണ്ടുനടക്കുന്നവർ വിളിച്ചു,സന്ദേശങ്ങൾ അയച്ചു,ചിലർ പുതിയ 'സ്ക്രിപ്റ്റു'കൾ അയച്ചു തന്നു,മറ്റുചിലർ നമുക്ക് പറ്റിയ പിഴവുകൾ ചൂണ്ടിക്കാണിച്ചു.ഇനിയും ചെയ്യണമെന്ന് കുറെ പേർ പറഞ്ഞു ..എല്ലാവർക്കും ഞങ്ങളുടെ സ്നേഹം💗 നിറഞ്ഞ നന്ദി.... 🙏
"ആദ്യപരിശ്രമം ആണെന്ന് കണ്ടാൽ പറയില്ല","ഒറിജിനാലിറ്റി ഉണ്ട്","മോശമായില്ല " എന്നൊക്കെ വെറും ഭംഗിവാക്കുകൾ അല്ല എന്ന് മനസ്സിൽ ഉറപ്പിച്ചു കൊണ്ട് അടുത്ത സ്വപ്നത്തിന്റെ പിറകെ...പൗളോ കൊയ്‌ലോ പറഞ്ഞ പോലെ ....
"When you want something; all the universe conspires in helping you to achieve it".
ഷോർട്ട് ഫിലിം ഇതുവരെ കാണാത്തവർക്ക്👉ഇവിടെ കാണാം.
Saturday, April 30, 2016
അകലങ്ങളിലെ ഇന്ത്യ ..!!!
| ഗ്രാമങ്ങൾക്ക് നടുവിലൂടെ ...... |
| ഇഷ്ടിക ചൂളകൾ .... |
| ബിടാന്നൂർ കോട്ടയുടെ ഒരു വശം.... |
| "ഫോട്ടോ എടുക്കരുത് ചേട്ടാ ...." |
![]() |
| ആട്ടിന്‍പറ്റം.... |
![]() |
| ആട്ടിടയനും ചങ്ങാതിമാരും .... |
| കണ്ണെത്താദൂരം സൂര്യകാന്തികള്‍ .... |
കാഴ്ചകൾ കണ്ടു കണ്ടു ഉച്ച ഭക്ഷണത്തിന്റെ കാര്യം പോലും മറന്നു പോയി."ഡാ ബത്തക്ക!" (തണ്ണി മത്തൻ )എന്ന് നിഖിൽ പറഞ്ഞപ്പോൾ ബത്തക്ക വിൽക്കാൻ വച്ചിട്ടുണ്ട് എന്നാണ് കരുതിയത് ,പക്ഷെ കണ്ടത് പരന്നു കിടക്കുന്ന ബത്തക്ക പാടമാണ് .നാവിലെ കൊതി തീരും മുമ്പ് ഒരു പഴക്കട റോഡ് സൈഡിൽ വന്നെത്തി .നിറയെ ബത്തക്കയും കൈതച്ചക്കയും കപ്പക്ക( പപ്പായ)യും കൂട്ടിയിരിക്കുന്നു .പത്തു രൂപയ്ക്ക് ഒരു ചെറിയ പ്ലേറ്റിൽ ,വാഴയിലയിൽ ബത്തക്കയുടെ ചെറിയ കഷണങ്ങള്‍ ഉപ്പും മുളകും വിതറിയത് വാങ്ങി .പിന്നെ കൈതച്ചക്ക ,കപ്പക്ക എല്ലാം രുചിച്ചു ,വയറും നിറഞ്ഞു.ദൂരെ ഒരു ഗ്രാമത്തില്‍ നിന്നും ഈ പഴങ്ങള്‍ വില്‍ക്കാനായി ഹൈവേയില്‍ തമ്പടിച്ചിരിക്കുകയാണ് പഴക്കട ഉടമസ്ഥന്‍ .രാത്രിയും പകലും ഈ താല്‍കാലിക പന്തലില്‍ തന്നെ താമസം .
| ജലാശയങ്ങൾ ...... |
| ഹംപിയിലെ വിറ്റാല ക്ഷേത്രം. |
കാറിൽ ഇന്ധനം നിറച്ചു,വീണ്ടും യാത്ര തുടർന്നു.ജി .പി എസ് ചേച്ചി ഞങ്ങളെ വീണ്ടും വഴി തെറ്റിച്ചു തെറിച്ചു ഉപദേശം തന്നുകൊണ്ടിരുന്നു. കറങ്ങി തിരിഞ്ഞു വീണ്ടും ഞങ്ങൾ ഹരിഹർ -ഷിമോഗ റൂട്ടിൽ തന്നെ എത്തി .ഇന്നലെ പകൽ വെളിച്ചത്തിൽ കണ്ട അതേ വഴികളിലൂടെ വീണ്ടും ഒരു യാത്ര .ഹോ ..ആ മനോഹര സ്ഥലങ്ങളി ലൂടെ വീണ്ടും ഒരു യാത്ര !അതിനു ഭാഗ്യം ചെയ്തിരിക്കുന്നു!
"ഡാ ..നാളെ കോപ്പി ചെയ്യാൻ ടൈമില്ല ..ഫോട്ടോസ് വൈ ഫൈ വഴി അയച്ചുതാടാ .."സാരഥി ശ്രീജിത്തിന്റെ ആവശ്യം നിഖിൽ നിരസിച്ചില്ല .തന്റെ പുത്തൻ s .l .r ന്റെ വൈ ഫൈ ഓപ്ഷൻ ഓണാക്കി,ശ്രീജിത്തിന്റെ മൊബൈലുമായി പെയർ ചെയ്യാൻ തുടങ്ങിയ നിഖിലിന്റെ ഒരനക്കവും ഇല്ല.പിൻ സീറ്റിലേക്ക് നോക്കിയപ്പോൾ നാളെ ജോലിക്ക് പോകേണ്ട അനൂപ് കൂർക്കം വലിച്ചു ഉറങ്ങുന്നു.നിഖിൽ "പ്ലിംഗനായി" വായ് പൊളിച്ചു ഇരിക്കുന്നു.
"എടാ എന്ത് പറ്റി ? പെയർ ആകുന്നില്ലേ ?"
എന്റെ ചോദ്യത്തിന് അവൻ നല്കിയ ഉത്തരം എന്റെയും ശ്രീജിത്തിനെയും മാനസികമായി പിടിച്ചുലച്ചു .ഞങ്ങൾ ആകെ തകർന്നു പോയി .ഉത്തരം ഇതായിരുന്നു."ഡാ വൈ ഫൈ ഇനാബിൾ ആക്കാൻ ചോദിച്ചതാണെന്ന് കരുതി ഞാൻ "do you want to format s .d card ?"ക്ളിക്കിപ്പോയി ..എല്ലാ ഫോട്ടോയും പോയെടാ ..."
"ഈ രാത്രി ഇവനൊക്കെ എന്ത് ചെയ്യുകാ ..ശല്യം .."
ശ്രീജിത്തിനു ദേഷ്യം അടക്കാനായില്ല .
"ഡാ ശ്രീജിത്തെ കാർഡിൽ നിന്നും ഡാറ്റ റിക്കവർ ചെയ്യാൻ പറ്റുമോ എന്ന് നോക്കാം ..ഭാഗ്യം ഉണ്ടെങ്കിൽ കിട്ടും .."
ഞാൻ പറഞ്ഞതും ശ്രീജിത്ത് ഫോണെടുത്തു ഒരു സ്റ്റുഡിയോ സുഹൃത്തിനെ വിളിച്ചു ."ഫോൺ എ ഫ്രണ്ട് ..!"ലൈഫ് കിട്ടി ..
"സോഫ്റ്റ്‌വെയർ ഉണ്ട്.ഭാഗ്യമുണ്ടെങ്കിൽ കിട്ടും..കാർഡ് ഇപ്പൊ തന്നെ ഊറി വെച്ചോ ..ഓവർ റൈറ്റ് ആക്കാതെ .."ശ്രീജിത്തിനു ആശ്വാസമായി ..എനിക്കും.
വീണ്ടും സന്തോഷത്തോടെ കാർ ചീറിപ്പാഞ്ഞു.കുറച്ചു ദൂരം പിന്നിട്ടപ്പോൾ വേറൊരുത്തനും റോഡിലോട്ടു കയറി സിഗരട്ട് വലിച്ചിരിക്കുന്നു .
"ശരിക്കും കണ്ടു ...!"ഉടുതുണിയും പൊക്കി പിടിച്ചു ഒരി കൈയ്യിൽ സിഗരറ്റും മറ്റേ കയ്യിൽ ഒരു മഗ് വെള്ളവുമായി സുഹൃത്തുക്കൾ അടുത്തടുത്തു വെളിക്കിരിക്കുന്നു .എത്ര മനോഹരമായ കാഴ്ച !വല്ല നാടോടികളും ആയിരിക്കും എന്ന ഞങ്ങളുടെ ചിന്ത അസ്ഥാനത്തായിരുന്നു.അത് ആ ഹൈവേയിലെ,റോഡിലെ,ഗ്രാമങ്ങളിലെ ഒരു സ്ഥിരം കാഴ്ചയായിരുന്നു.ഒരു ദൈനംദിന ശീലം.പണ്ട് നമ്മൾ അപ്പുറത്തെ വീട്ടിൽ ഒമ്പതരക്ക് 'ജയ് ഹനുമാൻ 'കാണാൻ പോയിരുന്നത് പോലെ രാത്രി ഒമ്പത് മണി കഴിഞ്ഞാൽ അവിടുത്തെ ഒരു പതിവ്.പുരുഷന്മാർ മാത്രമല്ല ,അടുത്ത ഒരു വളവു കഴിഞ്ഞപ്പോൾ സ്ത്രീകളും സാരിയും പൊക്കി ഇരിക്കുന്നു .ധൈര്യമുള്ള വനിതകൾ !!കവലകളിൽ 'വെളിക്കിരിക്കാൻ' വെള്ളം പാനിയിലും കുപ്പിയിലും ഉന്തുവണ്ടിയില്‍ കൊണ്ടുപോയി വിതരണം ചെയ്യുന്നുണ്ട് .നാട്ടുവർത്തമാനം ഒക്കെ പറഞ്ഞു അവർ അങ്ങനെ ഇരുട്ടിൽ ഇരിക്കുകയാണ് .റോഡിലൂടെ വാഹനങ്ങൾ ഇടയ്ക്കിടെ പോകുന്നുണ്ടെങ്കിലും ,വെളിച്ചം പരക്കുന്നുണ്ടെങ്കിലും ഒരു കൂസലുമില്ല .ഈയിടെ ആരോ ഫേസ്ബുക്കിൽ പറമ്പിൽ വെളിക്കിരിക്കുന്നതിന്റെ ഗൃഹാതുര ഓർമ്മകൾ പങ്കുവെച്ചത് ഓർത്തുപോയി.നല്ല രസമായിരിക്കും ഈ വെളിക്കിരിക്കൽ .എന്തായാലും നാണമില്ലാതെ അടുത്തു അടുത്തു ഇരിക്കുന്നല്ലോ !ഇവിടൊന്നും സദാചാര പോലീസ് ഇല്ലായിരിക്കും.
| "എത്ര മനോഹരമായ കാഴ്ച !!" |
പണ്ട് ചെറുപ്പത്തിൽ ഒന്ന് രണ്ടു പ്രാവശ്യം മുറ്റത്ത് അപ്പിയിട്ടിട്ടുണ്ടെങ്കിലും പിന്നീടങ്ങോട്ട് കക്കൂസിൽ തന്നെ ആയിരുന്നു,അമ്മ ചിലപ്പോൾ പുറത്തു കാവൽ നിൽക്കും .ഇന്ന് 'കിഡ്സ് ടോയ്ലെറ്റുകൾ 'സർവ സാധാരണം,ശീലങ്ങൾ നമ്മൾ ചെറുപ്പത്തിലേ പഠിപ്പിക്കുന്നു.ഹംപിയിലെ പുരാതന അവശിഷ്ടങ്ങളിൽ പോലും പുരാതന കക്കൂസുകളുടെ ശേഷിപ്പുകൾ ഉണ്ട്.വെറുതെ ടി.വിയിലും പത്രങ്ങളിലും പരസ്യം നല്കാതെ ജനങ്ങളിലേക്ക് നേരിട്ടിറങ്ങി ബോധവത്കരണം നടത്തേണ്ടിയിരിക്കുന്നു.അകലങ്ങളിലെ ഇന്ത്യയിലെ ജനങ്ങൾ ഇപ്പോഴും അകലെയാണ്.
ജലസ്രോതസ്സുകളിൽ നിന്നും നിശ്ചിത അകലത്തിൽ,വൃത്തിയുള്ള കക്കൂസുകളും സെപ്റ്റിക് ടാങ്കുകളും നിർമിച്ചു കൊടുത്താൽ പോരാ,അവ ഉപയോഗിക്കാനുള്ള വിവേകവും പറഞ്ഞു കൊടുക്കേണ്ടിയിരിക്കുന്നു.
(എഴുതി...എഴുതി പോസ്റ്റ് അല്പം നീണ്ടു പോയതിൽ ക്ഷമിക്കുക....
അഭിപ്രായങ്ങളും നിർദേശങ്ങളും താഴെ കമ്മന്റായി പങ്കുവെക്കുക..)
Saturday, April 02, 2016
"കില്ങ്ങ്ന്ന പാദ്സരം" -ആറ്
നല്ല തിക്കും തിരക്കും...നിറയെ ആളുകൾ വട്ടമിട്ടു നിൽക്കുന്നു.
നടുവിൽ നിന്ന് പുക ഉയരുന്നുണ്ട്.കുറേ ആളുകൾ മടഞ്ഞ ഓലയും ,ബക്കറ്റിൽ വെള്ളവുമായി ഓടുന്നുണ്ട് .
സത്യേച്ചി എന്നെ എടുത്തു പൊക്കി .ഒരു വലിയ കൂമ്പാരമായി കനൽ കൂട്ടിവെച്ചിരിക്കുന്നു.അതു അങ്ങനെ ചുവന്നു തുടുക്കുകയാണ്,പുകയും ഉയരുന്നുണ്ട്.കുറേ പേർ മടഞ്ഞ ഓല കൊണ്ട് വീശി ചൂട് തണുപ്പിക്കുന്നുണ്ട്.വീശുമ്പോൾ ചുവന്ന കനൽ 'മിന്നുളി 'പോലെ,'മേലോട്ട് 'പാറി പോകുന്നുണ്ട്.
സത്യേച്ചി എന്നെ താഴെ ഇറക്കി.
ഞാൻ ആൾക്കാരെ മെല്ലെ ഉന്തി ഉന്തി മുന്നിലേക്ക് പോയി,സത്യേച്ചിയെ പിടിച്ചു വലിച്ചു കൊണ്ടുപോയി,മുന്നിൽ എത്തിച്ചു.
നല്ല ചൂട് ..പുകയും ...
പിറകിൽ നിന്ന് തള്ളുന്നത് കണ്ടു സത്യേച്ചി എന്റെ കൈ മുറുകെ പിടിച്ചു.
അയ്യേ അമ്മിഞ്ഞ കാണിച്ചാ നടക്കുന്നേ !ചോന്ന അമ്മിഞ്ഞ !എനിക്ക് ചിരി വന്നു .
"എന്നാ ഇന്നലെ കണ്ട ഉച്ചിട്ട ഇങ്ങനല്ലല്ലോ ?"
"വിഷ്ണു മൂർത്തി കീഞ്ഞു സത്യേ "
"അപ്പൊ കാർത്യേച്ചി നരസിംഹ മൂർത്തിയാ ഈ തെയ്യം അല്ലേ ?..ഇന്നലെ വെള്ളാട്ടം തോറ്റം ചെല്ലുമ്പൊ പ്രഹ്ലാദന്റെ കഥയൊക്കെ പറഞ്ഞപോലെ തോന്നിയിരുന്നു ."
"എന്താ വെല്ലിമ്മേ കഥ ?"
"കഥയൊക്കെ സത്യേച്ചീനോട് നീ പിന്നെ ചോയിച്ചാ മതി"
"നീ ഇപ്പം തമ്പാച്ചീനെ കാണെടാ ..കഥയൊക്കെ പിന്നെ പറഞ്ഞു തരാം "
വിഷ്ണു മൂർത്തിയും ഭൂതവും മേലേരിക്കു ചുറ്റും വലം വെച്ച് ഒരു ഭാഗത്ത് മാറി നിന്നു .പെട്ടന്ന് ഉച്ചത്തിൽ അലറിക്കൊണ്ട് ഉച്ചിട്ട ഓടി വന്നു. കനൽ വീശി വീശി വിയർത്ത് തോർത്തു മുണ്ട് അരക്കു കെട്ടി കുറെ പേർ വലിയ "മട്ടലു "മായി നിൽക്കുന്നുണ്ട് .പെട്ടന്ന് ഉച്ചിട്ട കനലിൽ ഇരുന്നതും ,അവർ മട്ടൽ അടിയിൽ വച്ചു കൊടുത്തതും ഒരുമിച്ചായിരുന്നു .
ഉച്ചിട്ട തമ്പാച്ചി തീക്കട്ട കനലിൽ നിന്നും എഴുന്നെക്കുന്നേ ഇല്ല ..കുരുത്തോല കരിഞ്ഞു പുക വരാൻ തുടങ്ങി.
"വെല്ലിമ്മേ തമ്പാച്ചിക്ക് പൊള്ളൂലെ ?"
"പത്തു നാപ്പതു ദിവസം വ്രതം എടുത്തിട്ടാ തമ്പാച്ചി കെട്ടുന്നേ ...അങ്ങനൊന്നും പൊള്ളൂലാ "
ആൾക്കാർ തമ്പാച്ചിയെ പിടിച്ചു വലിച്ചു എഴുന്നേല്പ്പിച്ചു .വീണ്ടും "മേലേരി ക്ക് വട്ടത്തിൽ ഓടി വേറൊരു ഭാഗത്ത് ഇരുന്നു.കിണ്ണം മുട്ടി ക്കൊണ്ട് എന്തൊക്കെയോ അലറുന്നുമുണ്ട്.
"കുരുത്തോല നല്ലോണം കരിയുന്നാ സത്യേച്ചി "
ഉച്ചിട്ട എഴുന്നേറ്റപ്പോൾ പിറകിൽ മൊത്തം കരിഞ്ഞു !
"അയ്യേ അടീൽ തമ്പാച്ചി പാവാട ഉടിത്തിന്..."
പിന്നെയും രണ്ടു മൂന്ന് പ്രാവശ്യം ഉച്ചിട്ട തമ്പാച്ചി മേലെരിയിൽ ഇരുന്നു നില വിളിച്ചു.
കിലും കിലും എന്ന് ഒച്ചയുണ്ടാക്കി ഉച്ചിട്ട തമ്പാച്ചി പിന്നെ കോട്ടത്തിനു മുമ്പിലേക്ക് പോയി.
"തമ്പാച്ചി ക്ക് വല്യ പാദ് സരാ അല്ലേ സത്യേച്ചീ ?'
"അത് പാദ്സരം അല്ലെടാ ,ചെലംമ്പാ.."
കോട്ടത്തിന് ചുറ്റും ,വീട്ടിനു ചുറ്റും എല്ലാം ആൾക്കാരുടെ തിരക്ക് കൂടി വന്നു.ചെണ്ടയുടെ ഒച്ച കൂടി വരുന്നുണ്ട്.ചെമ്പകത്തിന്റെ കൊമ്പിന് മുട്ടുന്ന അത്രയും വലിപ്പമുള്ള വലിയ ഒരു സാധനം രണ്ടു മൂന്നു ആൾക്കാർ ചേർന്ന് വീട്ടിന്റെ മുറ്റത്തേക്ക് കൊണ്ട് പോകുന്നുണ്ട്.
"എന്തിന്നാ വെല്ലിമ്മേ അത് ?"
"പരദേവതേന്റെ മുടിയാ .."
"മുടി മോളിലോട്ടാണോ ?ഇത്രേം വല്യ മുടി?"
വിളക്ക് കത്തിച്ചു വെച്ച,വാളും പരിചയും എല്ലാം വെച്ചിട്ടുള്ള പടിഞ്ഞിറ്റ മുറിക്കു മുമ്പിൽ ,മുറ്റത്ത് പീഠത്തിൽ ഒരു തെയ്യം ഇരിക്കുന്നുണ്ട്.വലിയ മുടി കൊണ്ടുവന്നു ആ തെയ്യത്തിന്റെ പിറകിൽ വച്ചു.ചെണ്ടയുടെ ഒച്ച കൂടിവന്നു .തെയ്യം പീഠത്തിൽ നിന്നും എഴുന്നേറ്റു നിന്നു .എല്ലാവരും ചേർന്ന് "വലിയ മുടി "തെയ്യത്തിന്റെ ദേഹത്ത് കെട്ടിവച്ചു .ഒരു കണ്ണാടിയിൽ തെയ്യം മുഖം നോക്കുന്നുണ്ട് .
"അവരൊക്കെ വ്രതം എടുത്തു തുള്ളുന്നവരാടാ ..ഒന്നും പറ്റൂല "
പരദേവത തെയ്യം ആ വലിയ മുടിയും കെട്ടി മുറ്റത്ത് അങ്ങോട്ടും ഇങ്ങോട്ടും നടന്നു,കൂടെ വിഷ്ണു മൂർത്തിയും.ഉച്ചിട്ട തമ്പാച്ചി ഓടി വന്നു ഏറേകത്ത് ചമ്രം പടിഞ്ഞിരുന്നു.കുറെ പെണ്ണുങ്ങള് ഉച്ചിട്ട തമ്പാച്ചിന്റെ ചുവന്ന തൊപ്പിയിൽ വെള്ള മുണ്ടും ചുവന്ന തുണിയും ചുറ്റുന്നുണ്ട് .
" എന്തിനാ വെല്ലിമ്മേ തമ്പാച്ചിക്ക് മുണ്ടും തുണീം?"
"നല്ല കുഞ്ഞി വാവ ഉണ്ടായിട്ട് അമ്മമാര് നേരുന്നതാ .... ഉച്ചിട്ടക്ക് പൊടവ കൊടുക്കൽ ...നീയൊക്കെ അങ്ങനല്ലേ ഉണ്ടായേ ?നിന്റെ അമ്മ കൊടുത്തതാ ഉച്ചിട്ടേന്റെ കയ്യിലെ ആ രണ്ടു കുത്തു കിണ്ണവും .."
"അപ്പൊ ഞാൻ അങ്ങനെയാ ഉണ്ടായേ ?"സത്യേച്ചീം കുഞ്ഞിവാവ ഉണ്ടായാൽ പൊടവ കൊടുക്ക്വോ?"
"ആദ്യം സത്യേച്ചീന്റെ കല്യാണം കഴിയെട്ടെടാ ..ഓരോ ചോദ്യം ..."വെല്ലിമ്മ എന്റെ നേരെ നോക്കി കണ്ണുരുട്ടി .
"അവൻ ചോയിക്കട്ടെ കാർത്യേച്ചീ..അപ്പൊ നമ്മക്ക് ഒപ്പരം വന്നിറ്റ് പൊടവ കൊടുക്കാം കേട്ടാ ..."സത്യേച്ചി എന്റെ താടിക്കു പിടിച്ചു കൊണ്ടു ചിരിച്ചു .
"മാതാ പിതാ ഗുരു മൂർത്തി ..പൈതങ്ങളുടെ മാതാവ് എവിടെ ?പിതാവോ ?"
സത്യേച്ചി എന്നെയും 'തട്ടി'ക്കൊണ്ടാണ് പരദേവത യുടെ കുറി വാങ്ങാൻ പോയത് .
"വന്നിറ്റില്ല ..."സത്യേച്ചി പേടിച്ചു ഉത്തരം പറഞ്ഞു .
"പൈതങ്ങളെ കൊടുത്തു ...എല്ലാം ആയപ്പോൾ എന്നെ മറന്നു അല്ലേ ?ഒരു മാതാവിനെ പ്പോലെ നീ കൂടെ ഇല്ലേ ?അത് മതി ..അടിച്ചു തളിയും അന്തിത്തിരിയും ഇല്ലേ ....എന്നെയും വിചാരിച്ചാ മതി ..നിറപന്തലിൽ കയറണ്ടേ ..നിനക്കും മാതാവ് ആവണ്ടേ ??"
സത്യേച്ചി ഒന്നും പറഞ്ഞില്ല .തെയ്യം വീണ്ടും ഉച്ചത്തിൽ ചോദിച്ചു "വേണ്ടേ ???"
സത്യേച്ചി ആ.. എന്ന് തലയാട്ടി .
"വേണം .."മഞ്ഞ കുറി എന്റെ തലയിൽ ഇട്ടുകൊണ്ട് പരദേവത എന്റെ തലയിൽ തൊട്ടു അനുഗ്രഹിച്ചു .കുറച്ചു കുറി സത്യേച്ചി യുടെ കൈയ്യിലും കൊടുത്തു,തെയ്യം തലയിൽ തൊട്ടപ്പോൾ എനിക്ക് പേടിച്ചു കരച്ചിൽ വന്നു.നോക്കുമ്പോൾ സത്യേച്ചിയും കരയുന്നു!
"രണ്ടാളും തെയ്യത്തിനു പൈസ കൊടുത്തോ?ഞാൻ ചില്ലറ കിട്വോ എന്ന് നോക്കാൻ പോയതാ."
വെല്ലിമ്മ പേഴ്സിൽ നിന്നും ചില്ലറ പൈസ എടുത്തു സത്യേച്ചി ക്ക് നേരെ നീട്ടി .
"കൊടുത്തു കാർത്ത്യേച്ചീ .."സാരിയുടെ മുന്താണി കൊണ്ട് സത്യേച്ചി മുഖം തുടച്ചു.
"വെല്ലിമ്മേ വെശക്കുന്നു ..ചോറ് തിന്നാനായോ?"
"അതെന്താ ഇപ്പൊ ഏടേം ഇല്ലാത്ത ഒരു വിശപ്പ് ?വാരണ കയ്യട്ടെ ..എന്നിട്ട് ജാനകി വെല്ലിമ്മേന്‍റെ അടുത്ത്ന്ന് ചോറ് തിന്നാം .."
"വാരണയോ..എനിക്കു ചോറ് വേണം ..
"
"മിണ്ടാണ്ട് നിന്നാ അവിലും മലരും തരാം. ..വാരണ കഴിയട്ടെ .."
"ഏട്തൂ വാരണ ?"
"കിട്ടന്‍ വെല്ലിച്ചന്‍ ആടെ ഇലയും വട്ടളവും എല്ലാം എടുത്ത് വെക്ക്ന്ന കാണ്ന്നില്ലേ?"
മുറ്റത്ത് കിണറിന്റെ മൂലയില്‍ വാഴപ്പോളയില്‍ കുന്തം കുത്തിവെച്ചു തിരികൊളുത്തി വെച്ചിട്ടുണ്ട്.വഴയിലകള്‍ കൂട്ടിയിട്ട് അതില്‍ മലരും അവിലും കൂമ്പാരമായി വച്ചിരിക്കുന്നു .വലിയ വട്ടളത്തില്‍ എന്തോ കലക്കി വെച്ചിട്ടുണ്ട് .ആ വെള്ളത്തില്‍ പൂവും തുളസിയും എല്ലാം ഇട്ടിട്ടുണ്ട് .തേങ്ങ പൊട്ടിച്ചു വെച്ചിട്ടുണ്ട്.പഴവും വെല്ലവും എല്ലാം വേറെ ഒരു ഇലയില്‍ വെച്ചിട്ടുണ്ട്.
വിഷ്ണുമൂര്‍ത്തിയും പരദേവതയും ഉച്ചിട്ടയും എല്ലാം അതിനടുത്ത് വന്ന് നിന്നു.കിട്ടന്‍ വെല്ലിച്ചനും കുറേ ആളുകളും ചുറ്റുമുണ്ട് .വിഷ്ണു മൂര്‍ത്തി മലര് കൈകൊണ്ടു നാലുപാടും പാറ്റി.പരദേവത വട്ടളത്തിന് ചുറ്റും വലംവെച്ചു ഒച്ചയാക്കി .പെട്ടന്ന് വട്ടളത്തില്‍ കൈ തൊട്ടതും കിട്ടന്‍ വെല്ലിച്ചനും ആളുകളും ചേര്‍ന്ന് വട്ടളം കമഴ്ത്തി .എന്തൊക്കെയോ ചായം കലര്‍ന്ന വെള്ളം മുറ്റത്ത് നിറച്ചും പരന്നു.
"അങ്ങനെ ഇക്കൊല്ലത്തെ വാരണയും കുരുതിയും കഴിഞ്ഞു ..."വെല്ലിമ്മ തൊഴുതു നിന്നു .
കുറച്ചു സമയം കഴിഞ്ഞപ്പോള്‍ പരദേവത പിന്നെയും പടിഞ്ഞിറ്റക്ക് മുമ്പില്‍ പോയി പീഠത്തില്‍ ഇരുന്നു .ചെണ്ടയുടെ ഒച്ച കൂടി കൂടി വന്നു.ആള്‍ക്കാരെല്ലാം കൂടി ആ വലിയ മുടി അഴിച്ചു കൊണ്ടുപോയി .പിന്നെ തലയിലെ ചെറിയ കിരീടവും അഴിച്ചു .
"അയ്യേ ! വെല്ലിമ്മേ ആ തെയ്യത്തിനു നമ്മളെപ്പോലത്തെ മുടി !"
"മുടി അഴിച്ചാ പിന്നെ നമ്മളെപ്പോലെ ആളെന്നെയാ "
തലയില്‍ ചുവന്ന തുണിയും ചുറ്റി പരദേവത തെയ്യം "ച്ചിലും ..ച്ചിലും "എന്ന് ഒച്ചയാക്കി തെയ്യം കെട്ടുന്ന ഓലപ്പുരയിലേക്ക് ഓടി .
കോട്ടത്തിന്റെ മുമ്പില്‍ വെച്ചു ആദ്യം ഉച്ചിട്ടയും പിന്നെ വിഷ്ണുമൂര്‍ത്തിയും കിരീടം അഴിച്ചു ഓലപ്പുരയിലേക്ക് ഓടി .ഭൂതം തെയ്യത്തിനെ അപ്പോഴൊന്നും കാണാനില്ലായിരുന്നു .കിട്ടന്‍ വെല്ലിച്ചന്‍ ഓരോ ആള്‍ക്കും ഇലയില്‍ അവിലും മലരും കൊടുത്തു.
"വാ..സത്യേ ..ചെക്കന് ചോറും കൊടുത്തിട്ട് നമ്മക്ക് മൂന്നേ കാലിന്റെ 'വികാസി'നു പോകാം ..അയിനു പോയാല്‍ പന്നേരിമുക്കിലിറങ്ങി നടന്നാ മതി ."
"എനിക്കു ചോറ് വേണ്ട .."
"ഓ ..കൊറച്ചു മലര് തിന്നപ്പോ ചോറ് വേണ്ടാണ്ടായോ?"
"ഒരു പിടിയെങ്കിലും തിന്നില്ലേ ജാനകിയേച്ചി എന്നാ വിചാരിക്ക്വാ?"
"ആ ബാക്കി വെച്ചതും കൂടി തിന്നാല്‍ വ്വൈന്നേരം വേറെ തെയ്യത്തിനു പോകാം "
"വൈന്നേരം പൂതം തെയ്യം ഉണ്ടാവ്വോ ?"
"ആ പൂതം വൈന്നേരം വരും ..."
വയറു നിറഞ്ഞെങ്കിലും പൂതത്തെ കാണാന്‍ വേണ്ടി ബാക്കി ചോറ് മുഴുവന്‍ തിന്നു.കൈ കഴുകി വായില്‍ വെള്ളം നിറച്ചു വളപ്പിലേക്ക് ചീറ്റി !"ത്ഫൂ ...."
"ദാമോരേട്ടനെ കണ്ടു പഠിച്ചതാണോ ഈ ദുശ്ശീലം ?"
"വെയിലത്ത് ഇങ്ങനെ ചീറ്റിയാ മഴവില്ല് കാണും എന്നാ പ്രമോദ് ഏട്ടന്‍ പറയുന്നേ .."
"ഓ പ്രമോദാ ആള് അല്ലേ..? അങ്ങെത്തെട്ടെ... അവനു ഞാന്‍ വച്ചിട്ടുണ്ട് .."
സത്യേച്ചി പ്ലേറ്റുകള്‍ കഴുകി കൈ കൊണ്ട് വെള്ളം ആറ്റിക്കളഞ്ഞു ചാരിവെച്ചു.
"കാര്‍ത്തി എളേമ്മേ ..ചോറ് തിന്നോ ?"
"അല്ലാ ..മിനിയോ ?നീ ഈടെ ഇണ്ടായിരുന്നോ?"
"ഞാന്‍ ഇന്ന് രാവിലെ വന്നതാ..എന്ത് പറയാനാ.. എന്റെ കാതിലേന്റെ ഞ്ഞേറ്റം കാണാണ്ടായി..ഉച്ചിട്ട തീ തുള്ളുന്നെന്റെ ആടെയൊക്കെ പോയതാ ..ഏടെപ്പോയമ്മോ?"
"നീ വണ്ടിക്കാ വന്നേ ?വണ്ടീന്ന് എറങ്ങിയപ്പം ഇണ്ടായിരുന്നോ ?"
"ഞാന്‍ ഇപ്പാ കണ്ടത് എളെമ്മേ..ഈടെ മൊത്തം നോക്കി ..ആ പോയത് പോട്ടെ .."
"ഓട്തു നിന്റെ മോന്‍?"
"ഓന്‍ ആടെയാറ്റം കളിക്ക്ന്ന്ണ്ട്...ഞാന്‍ ഇവക്ക് ചോറ് കൊടുക്കാന്‍ വന്നതാ ...."
"സത്യേ ഇത് മിനി ..ശ്രീ ഏച്ചീന്റെ മോളാ..ബംഗ്ലൂരാ ....പിന്നെ ഈ മോള് സുഷമേന്റെയാ ..ഇവക്കൊരു ആണാ..ഈ ചെക്കനെക്കാട്ടും ഏളെത്...ഇവള് ഇവന്റെ മൂത്തയാ..സുഷമ ഇവളെ ജനുവരിയിൽ പെറ്റു ..അതുകഴിഞ്ഞ ജൂലായിലാ ഇവൻ .."
"മോളേ..ഇതെന്താ കൈയും ചുരുട്ടി പിടിച്ചു നടക്കുന്നെ ?"
സത്യേച്ചി ആ പാവാടയിട്ട ഏച്ചിക്കുട്ടിയോട് ചോദിച്ചു .
"ഷംനേ നിന്നോടാ ചോദിക്കുന്നേ?"മിനിയേച്ചി ആ കുട്ടിയുടെ ചുമലില്‍ തട്ടി .
ഏച്ചിക്കുട്ടി ഒന്നും മിണ്ടിയില്ല.
"എളേമ്മേ ..ഞാനും ഇവളും കൂടിയാ ..ഈടെ മൊത്തം പരതിയെ...അപ്പുറത്തെ പൊടി മണ്ണിന്റെ ഉള്ളുന്ന്‍ എന്തോ തെളങ്ങ്ന്നെ കണ്ട് നോക്കിയപ്പോ ..ഒരു പാദ്സരം!!അതും കൈയ്യില്‍ പിടിച്ചോണ്ട് നടപ്പാ ..അങ്ങനത്തെ ഓക്കും വേണം എന്ന് പറഞ്ഞിട്ട് ..ഇതേ പോലെ ആരെയെങ്കിലുടെയും കാല്മ്മുന്ന് പോയതാരിക്കും .."
" ഇങ്ങു വന്നേ ..നോക്കട്ടെ .."
വെല്ലിമ്മ ഷംനേച്ചിയുടെ വലത്തെ കൈ പിടിച്ചു നിവര്‍ത്തി ..
"സത്യേ ..നോക്യേ ..നിന്റെ പാദ്സരം ഇങ്ങനത്തെയാണോ ?"
അപ്പോഴേക്കും ഞാനാ പാദ്സരം തട്ടിപ്പറിച്ചു നോക്കി ."ഇത് സത്യേച്ചീന്റെയാ !!"
"ഒരു മണി കുറവുണ്ട് ..ഇത് പോയിന്നാ ഞാന്‍ വിചാരിച്ചേ ..."
സത്യേച്ചി പെട്ടന്ന് വിയര്‍ത്തു.സാരിയുടെ മുന്താണി കൊണ്ട് വിയര്‍പ്പു തുടച്ചു ,ആ പാദ്സരം ഷംനേച്ചിക്ക് തന്നെ കൊടുത്തു .
"ഇവക്കെന്തിനാ ഇത് ..കളിക്കാനോ..?"
മിനിയേച്ചി ദേഷ്യപ്പെട്ടു പാദ്സരം സത്യേച്ചിക്ക് തന്നെ തിരിച്ചു കൊടുത്തു .
"ഞാന്‍ അപ്പഴേ പറഞ്ഞില്ലേ ...സത്യേ... പരദേവതയെ വിചാരിച്ചാ മതീന്ന് "വെല്ലിമ്മക്ക് സന്തോഷമായി .
"എന്റെ കാതിലയുടെ കാര്യം പരദേവത വെറുതേ അല്ലാ...മറന്നേ .."
മിനിയേച്ചി നെടുവീര്‍പ്പെട്ടു.
"വീട്ടിലോട്ടു പോയിട്ട് പോകാം കാര്‍ത്തി എളേമ്മേ..സത്യക്ക് നിങ്ങളെ നാടൊക്കെ കാണിച്ചു കൊടുക്ക് .."
"നാടൊക്കെ പിന്നെ കാണിക്കാം ..ഇനി അതിരകത്തു പോയിട്ട് വേണം ഇവന്റെ അമ്മേന്റെ വായിന്ന് കേക്കാന്‍ ...മൂന്നേ കാലിന്റെ ബസ്സ് കിട്ടുമോ എന്തോ ?..ഇപ്പൊ തന്നെ രണ്ടരയായി ..നടന്നു ആടെ എത്തണ്ടേ ?"
"എന്നാ പിന്നെ ചെക്കനെ കൂട്ടി പിന്നെ വാ .."
മിനിയേച്ചിയുടെ ക്ഷണനം ഞാൻ അപ്പോഴേ സ്വീകരിച്ചെങ്കിലും വെല്ലിമ്മ ഞങ്ങളെയും കൂട്ടി നേരെ ബസ് സ്റ്റോപ്പിലേക്ക് നടന്നു.
"രാമചന്ദ്രന്‍ ഡോക്ടറുടെ ആസ്പത്രി ആയോ?അത് കഴിഞ്ഞു അടുത്ത സ്റ്റോപ്പ് .."വെല്ലിമ്മ ബസ്സിലിരുന്നു ബേജാറാകുന്നു.
"എനിക്കറിയാം കാര്‍ത്യേച്ചി ..അങ്ങോട്ട് പോയപ്പം അപ്പുറത്തെ വഴി പോയോണ്ടല്ലേ.."
"സത്യേ വഴി തെറ്റിപ്പോയ കാര്യം നീ ആരോടും പറയല്ലേ...എടാ ചെക്കാ നിന്നോടും കൂടിയാ..അമ്മയോട് പറഞ്ഞേക്കല്ലേ .. "ബസ്സിറങ്ങി നടക്കുമ്പോള്‍ വെല്ലിമ്മ പറഞ്ഞു കൊണ്ടേയിരുന്നു .
"വൈന്നേരം പൂതം തെയ്യത്തിനെ കാണാന്‍ പോണം എന്ന് പറഞ്ഞിട്ട് ?"
"പൂതം ഇനി അടുത്ത കൊല്ലം ....നീ അങ്ങോട്ട് നടക്ക്..."
"ഓ തെയ്യോം തെറയും ഓക്കെ നടത്തി വെല്ലിമ്മേം മോനും വന്നോ ?ഞാന്‍ വിചാരിച്ച് ആടെത്തന്നെ കൂടീന്ന് ..എന്തെ വരാന്‍ തോന്നിയെ ?"
"അമ്മേ ഉച്ചിട്ടക്ക് കുത്ത് കിണ്ണം കൊടുത്തിട്ടാ ഞാന്‍ ഉണ്ടായേ ?അമ്മ പൊടവ കൊടുത്തിട്ടുണ്ടോ ?ഉച്ചിട്ട തെയ്യത്തിനു ?"
"ഓ ആ വിവരം ഏടുന്നാ കിട്ടിയേ ? ഉള്ള നേര്‍ച്ചയും പാര്ച്ചയും എല്ലാം ചെയ്തിട്ടാ നിന്നെയൊക്കെ തീര്‍ത്തെ..ഇനിയും കൊടുത്തു തീര്‍ന്നിട്ടില്ല നേര്‍ച്ചയൊന്നും ..എന്താ കൊടുക്കുന്നോ?"
"എന്ത് ചോയിച്ചാലും ഈ അമ്മക്ക് ദേഷ്യം വരും...തെയ്യത്തിനു പോയിറ്റ് എന്ത് രസായിരുന്നു ?"
"നീയെന്തെടാ ട്രൌസറും കുപ്പായൊന്നും മാറ്റാണ്ട് ഇങ്ങോട്ട് ഓടി വന്നിന്?"
വിയര്‍ത്തു കുളിച്ചു ,കിണറ്റില്‍ നിന്നും വെള്ളം വലിക്കുകയാണ് സത്യേച്ചി .
"അയിന് സത്യേച്ചീം സാരി മാറ്റീലല്ലോ ?"
"ഇത് അലക്കാനുള്ളതല്ലേ..പഴയ സാരി .."
"ഈ പാനീല് എല്ലാം എന്തിനാ വെള്ളം സത്യേച്ചീ?"
"സത്യഭാമ ഇല്ലാത്തോണ്ട് കുറേ പേര് രണ്ടു ദിവസായി കുളിച്ചിറ്റ്..വെള്ളം ചൂടാക്കി കൊടുക്കട്ടെ ..."
സാരി മടിയിലേക്ക് കേറ്റിക്കുത്തി സത്യേച്ചി വളപ്പിലെ അടുപ്പില്‍ തീ കൂട്ടി.
വല്ലാത്തില്‍ നിന്നും കുറച്ചു ഉണങ്ങിയ ചപ്പ് അടുപ്പിലേക്ക് ഇട്ടു .
"ചപ്പും തീര്‍ന്നു ...കൊറച്ചു ചപ്പ് അടിച്ചു കൂട്ടിയാല്‍ എന്താ ?അതെങ്ങനാ ?സത്യഭാമക്കല്ലേ നടു
ഉള്ളൂ .."
ഒരു "കത്തിയാള്‍"എടുത്തു ഓല ചെത്തി മടലെടുത്ത് അടുപ്പിലേക്ക് ഇട്ടു സത്യേച്ചി .
"പച്ച മടലാന്ന് തോന്നുന്നു..ഏടെകത്താനാ?"
ചെമ്പിന്റെ അടിയില്‍ തീ കൂടി വന്നു.
"സത്യേച്ചി മേലേരി പോലെയായി ...!"
"മം..കത്തട്ടെ..."
"നീ ആ ചിരട്ട ഇങ്ങു എടുത്തേ "
"ഇന്നാ ...."അടുപ്പ് കല്ലിനു അപ്പുറം കമിഴ്ന്നു കിടന്ന ഒരു ചിരട്ട ഞാന്‍ സത്യേച്ചി ക്ക് കൊടുത്തു.
"ഇത് ..ഇതില് കെടക്കട്ടെ .."സോപ്പു ങ്കായ് പിഴിഞ്ഞ വെള്ളത്തില്‍ രണ്ടു പാദസരവും ഇട്ടുവെച്ചു,സത്യേച്ചി .
"സ്വര്‍ണവും വെള്ളിയുമായിട്ട് ആകെ
ഉള്ളതാ .."
"അപ്പൊ കയിത്തിലെ മാലയോ ?"
"അത് റോള്‍ഡ് ഗോള്‍ഡ് ആണെടാ ... തെയ്യത്തിനു പോകുമ്പോ ഇട്ടതല്ലേ ...എനിക്കെവിടുന്നാ സ്വര്‍ണമാല ?"
"റോള്‍ഡ് ഗോള്‍ഡ്‌ന്ന് പറഞ്ഞാ ..?"
"സ്വര്‍ണം അല്ലാ ..മുക്ക് ...."
"മുക്കോ..?"
"ആ... കഴുത്തില് കൊറേ നേരം ഇട്ടാ ചൊറിയും.അതാണ് മുക്ക് ..."
'എന്റെ അരേല് കെട്ടിയത് സ്വര്‍ണം തന്നെയാ ...അത് ചൊറിയുന്നൊന്നും ഇല്ല ..'ഞാൻ ട്രൌസറിന് അടിയിലൂടെ അരയിലിട്ടതു തൊട്ടുനോക്കി .
"വെളക്ക് വെക്കാറായ് ..ഞാൻ കുളിക്കട്ടെ .."ചിരട്ട അമ്മിത്തിണ്ണയിൽ വെച്ച് സത്യേച്ചി മുടി അഴിച്ചിട്ടു വെളിച്ചെണ്ണ പുരട്ടി .
"വന്ന് കേരീലാ ...കുറ്റിക്കര തെണ്ടാൻ പോയോ ?
"അമ്മയുടെ ഒച്ച കുറ്റിക്കര വരെ കേൾക്കാമായിരുന്നു .അവിടെക്കിടന്ന ഒരു ഓല 'വാള് 'പോലെ പിടിച്ചു ഞാൻ ഓടി ,വീട്ടിലേക്ക് ..
"ഹും ...ഹ്രീ ..പൈതങ്ങളെ കലമ്പുന്നോ ..."
എന്റെ ഓട്ടത്തിന് ശക്തി കൂട്ടിയത് അമ്മയോടുള്ള പേടിയേക്കാൾ തെയ്യത്തിന്റെ ആവേശമായിരുന്നു.ഓടുമ്പോൾ ചെണ്ടയുടെ ഒച്ചയും എന്റെ ചെവിയിൽ കേട്ട് കൊണ്ടേ ഇരുന്നു.കണ്ടിയും പടിയും എല്ലാം തുള്ളിക്കേറി.കാലിൽ വലിയ ചിലമ്പ് കുലുങ്ങുന്ന പോലെ ..
പാദസര കിലുക്കം തുടരും ....
ഇതുവരെ കിലുക്കം കേൾക്കാത്തവർക്കായ് ....
"കില്ങ്ങ്ന്ന പാദ്സരം"-രണ്ട് "
"കില്ങ്ങ്ന്ന പാദ്സരം"-മൂന്ന്
"കില്ങ്ങ്ന്ന പാദ്സരം"-നാല് "
"കില്ങ്ങ്ന്ന പാദ്സരം"-അഞ്ച്










