Saturday, February 02, 2013

വികാരങ്ങള്‍ വ്രണപ്പെടുമ്പോള്‍...


രംഗം: ഒന്ന് 
സ്ഥലം:എന്റെ  വീട് 
സമയം :വൈകുന്നേരം  നാലു മണി 
വര്‍ഷം :2013
കഴിഞ്ഞ വിഷുവിന് വന്നതിനു ശേഷം മനുവേട്ടനും കുടുംബവും ഇന്നാണ് വീട്ടിലേക്കു വരുന്നത്.അച്ഛന്റെ ഇളയമ്മയുടെ വീട്ടില്‍ വന്നാല്‍ നന്ദയ്ക്കും ചിഞ്ചുവിനും പിന്നെ ആഘോഷമാണ്,അതിനു കൊഴുപ്പേകാന്‍ അമ്മ,"മനൂന്റെ മക്കള്‍ക്ക്"സ്പെഷ്യല്‍ ആയി ഉണ്ടാക്കുന്ന കലത്തപ്പവും ഇലയടയും എന്നും ഉണ്ടാകും.
പതിവു  പോലെ കലത്തപ്പവും ഇലയടയും കൂടെ ഞാന്‍ പാഴ്സല്‍ ആയി വരുത്തിയ 'ഐസ് ക്രീം ബോളു'കളും.ആദ്യമായി  സ്കൂളില്‍ പോയിത്തുടങ്ങിയ ചിഞ്ചുവിന്‌ ഞാന്‍ വേറൊരു സമ്മാനവും  കരുതിയിരുന്നു.
കസേരയില്‍ ചാടിക്കയറി,മേശപ്പുറത്ത് നിരന്ന പാത്രങ്ങളെ ആവാഹിച്ച് ,കൈകള്‍ കൂപ്പി  നന്ദയും ചിഞ്ചുവും കണ്ണുമടച്ച് എന്തൊക്കെയോ പിറു പിറുക്കുന്നു ."ചൂടുണ്ടോ മക്കളേ ..ഞാന്‍ തണിച്ചു തരാം"എന്നും പറഞ്ഞു വന്ന അമ്മ കണ്ടത് ആ കാഴ്ചയാണ് .
"എടാ മനൂ ,നിന്റെ പിള്ളര് എന്ത്ന്നാടാ കാണിക്ക്ന്നേ?"
"എളേമ്മേ അവര് പ്രാര്‍ത്ഥിക്കുന്നതല്ലേ?അന്ന പ്രാര്‍ത്ഥന...! സ്കൂളില്‍ നിന്ന് പഠിച്ചതാ ഈ നല്ല ശീലം .."
ഉത്തരം പറഞ്ഞത് പിള്ളാരുടെ അമ്മ വീണ.
"ഏതു സ്കൂളിലാ ഈ അന്ന പ്രാര്‍ത്ഥന പടിപ്പിക്കുന്നെ?" ഒരു വിരമിച്ച അധ്യാപികയായ അമ്മയുടെ ആകാംക്ഷ വര്‍ദ്ധിച്ചു.
"ആചാര്യാ ശങ്കര വിദ്യാ നികേതന്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍ "മനുവേട്ടനും വീണേച്ചിയും പ്രാസമൊപ്പിച്ചു ഉത്തരം പറഞ്ഞു.
കുട്ടികള്‍ അപ്പോഴും അന്ന പ്രാര്‍ത്ഥന തുടര്‍ന്നുകൊണ്ടേയിരുന്നു,അപ്പവും അടയും തണുത്തും കൊണ്ടേയിരുന്നു...എന്റെ വികാരം വ്രണപ്പെട്ടു. ചിഞ്ചുവിനുള്ള സമ്മാനപ്പൊതി ഞാന്‍ അലമാരയില്‍ വെച്ചു പൂട്ടി.

രംഗം: രണ്ട് 
സ്ഥലം:എന്റെ  സ്കൂള്‍ 
സമയം :രാവിലെ പത്തുമണി 
വര്‍ഷം :1994
ഇന്ന് ടീച്ചര്‍ പുതിയ പദ്യം പഠിപ്പിക്കും.നാലാം ക്ലാസ്സിലെ,മലയാളം പാഠപുസ്തകത്തിന്റെ നടുപ്പേജിലെ,പൌഡറും,നെയിം സ്ലിപ്പും,മയില്‍പീലിയും വെക്കുന്ന ആ പേജിലെ പദ്യം.
"എല്ലാരും ടെക്സ്റ്റ് എടുത്ത് ,ആദ്യം പദ്യം വായിച്ചു  നോക്കൂ "
ഞാന്‍ പുസ്തകം തുറന്ന് ,ആ പേജ് എടുത്തു.മായാവിയുടെ ഒരു സ്റ്റിക്കറും,ഒരു മയില്‍ പീലി തുണ്ടും ആ പേജിലുണ്ടായിരുന്നു."എടാ ജംഷീറെ  ഇതു കണ്ടോ ,നിന്റെ പേജില്‍ എന്താ ഉള്ളേ ?"
ആകാംക്ഷയോടെ ഞാന്‍ അവന്റെ പുസ്തകം നോക്കി .അവന്‍ പുസ്തകം തുറക്കാതെ ഇരിക്കുകയായിരുന്നു.ഞാന്‍ അത് പിടിച്ചു വാങ്ങി തുറന്നു നോക്കി .രണ്ടു പേജും പേന കൊണ്ട് കുത്തിവരച്ചിട്ടിരിക്കുന്നു."എടാ ഇതാരാടാ വരച്ചിട്ടെ ?"
"അത് ഉസ്താദ്‌ പറഞ്ഞിന് നിങ്ങളെ ദൈവത്തിന്റെ പാഠം ഒന്നും പഠിക്കണ്ട ,കീറിക്കളയണം ന്ന് "

എന്റെ വികാരം ആദ്യമായി വ്രണപ്പെട്ട സംഭവം .അത് ദൈവത്തിന്റെ പദ്യം ആണെന്നും,ഞങ്ങള്‍ക്കും അവര്‍ക്കും എല്ലാം വേറെ വേറെ ദൈവങ്ങള്‍ ആണെന്നും ആ ദൈവങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും "കൂച്ചില്ലാ"ത്തവരും ആണെന്ന് അന്നറിഞ്ഞു.


രംഗം: മൂന്ന് 
സ്ഥലം:എന്റെ വീട് 
സമയം :രാവിലെ ആറു മണി 
വര്‍ഷം :1995
ഞാന്‍ ഇറയകത്ത് ഇരുന്ന് കാപ്സ് പൊട്ടിച്ചു കൊണ്ടിരിക്കയായിരുന്നു."എന്താ കുഞ്ഞി മോനേ,ചടക്കം എല്ലാം  പൊട്ടിച്ചു തീര്‍ത്തോ ?"
ക്ലാസ്സില്‍ പുതിയതായി ചേര്‍ന്ന ഇംതിയാസ്സിന്റെ ഉപ്പാപ്പ !അവര്  ഓമനമ്മ വിറ്റ വലിയ വീട്ടിലാണ്  താമസിക്കുന്നത്‌ .
"നമ്മള് നിങ്ങളെ കണിയൊക്കെ ഒന്ന് കാണട്ടെ .."
ഉപ്പാപ്പ ഇറയകത്ത് കയറി പടിഞ്ഞറ്റയിലെ കണി നോക്കി .അമ്മ കൊടുത്ത അപ്പവും കഴിച്ചു.പോകുന്നതിനു മുമ്പ് എന്നെ അടുത്തു വിളിച്ചു ."കുഞ്ഞി മോനേ ,ഇതാ മുട്ടായി വാങ്ങിക്കോ .."
ഞാന്‍ അമ്മയെ നോക്കി 
"എന്തിനാ അമ്മാനെ നോക്ക്ന്നേ ?ഇന്ന് നിങ്ങള്  കൈനീട്ടം വാങ്ങ്ന്ന  ദിവസം അല്ലേ ?"

ആ കൈനീട്ടം ഞാന്‍ വാങ്ങി .എന്റെ ദുഷിച്ച വികാരങ്ങള്‍ വീണ്ടും വ്രണപ്പെട്ടു. അന്ന് വൈകുന്നേരം ആമിനുമ്മ നിര്‍ബന്ധിച്ച് എന്നെ അവരുടെ വീട്ടില്‍ കൊണ്ടുപോയി ,ഒരു മേശ മുഴുവന്‍ നിറയെ പലഹാരങ്ങള്‍ ആയിരുന്നു .പിന്നെ എല്ലാ ഓണവും ,വിഷുവും ,പെരുന്നാളും എല്ലാം ആ വീട്ടിലും കൂടിയായിരുന്നു.ഇംത്യാസിന്റെ കൂടെ ,ആ വീട്ടിലെ പത്തിരുപതുപേരുടെ കൂടെ .. 


രംഗം:നാല് 
സ്ഥലം:കൂട്ടുകാരന്റെ വീട് 
സമയം :വൈകുന്നേരം ആറുമണി 
വര്‍ഷം :2010
വിനീഷിന്റെ ഓപ്പറേഷന്  ഞങ്ങള്‍ കൂട്ടുകാര്‍ സ്വരൂപിച്ച കുറച്ചു പണം കൊടുക്കാനാണ്  ഞാന്‍ അവന്റെ വീട്ടില്‍ പോയത് .അത്യാവശ്യം സഹായങ്ങളുമായി ഞങ്ങള്‍ ആരെങ്കിലും എല്ലാ ആഴ്ചയും പോകാറുണ്ടായിരുന്നു.അമ്മയും അനിയത്തിയും വയസ്സായ അമ്മൂമ്മയും,അച്ഛാച്ചനും അടങ്ങിയ കുടുംബത്തിന്റെ ഏക ആശ്രയം വിനീഷ് ആയിരുന്നു .
"എനിക്ക് പേടിയൊന്നും ഇല്ല , അമ്മയുടെ കാര്യം ഓര്‍ത്തിട്ടാ,എനിക്ക് കിഡ്നി തന്നിട്ട് അമ്മയ്ക്ക് എന്തെങ്കിലും പറ്റിയാലോ ?"
"ഇതാ മോനെ ,ഇവന്റെ ഇപ്പോഴത്തെ പറച്ചില്.."വിനീഷിന്റെ അമ്മ പണം ഒരു പുസ്തകകൂട്ടത്തിലേക്ക് തിരുകി വെച്ച് ,സാരിത്തുമ്പ് കൊണ്ട് കണ്ണ് തുടച്ചു .ആ പുസ്തകങ്ങള്‍ ഞാന്‍ ശ്രദ്ധിച്ചു."അത്യുന്നതങ്ങളിലേക്ക് ഒരു യാത്ര",ഞാനുണ്ട് കൂടെ ","ആത്മാവില്‍ ഒരു സങ്കീര്‍ത്തനം "..
"ഏതാ വിനീഷേ ,ഈ പുസ്തകങ്ങള്‍ ?"

"അപ്പുറത്തെ റോസിയേച്ചി  കൊണ്ടുവെച്ചു പോയതാ ..ആപത്തു കാലത്ത് അവരുടെ ദൈവത്തിന്റെ കൂടെ കൂടിയാല്‍ ,അതിന്റെ  നല്ല ഫലം നമ്മക്ക് കിട്ടും..അമ്മേ ഇവന് ആ പള്ളീലെ വെള്ളം കൊടുക്കൂ .."
എന്റെ വികാരം വീണ്ടും വ്രണപ്പെട്ടു .കൈവെള്ളയിലൂടെ ആ വെള്ളം ഒലിച്ചിറങ്ങി.

രംഗം:അഞ്ച് 
സ്ഥലം:എന്റെ നാട് 
സമയം :വൈകുന്നേരം അഞ്ചു മണി 
വര്‍ഷം :1998

കനാലിന്റെ അടുത്ത് വലിയ കാറ്റാടി മരമുണ്ട് .താഴത്തെ കൊമ്പുകളെല്ലാം എല്ലാവരും വെട്ടി കൊണ്ടുപോയിരിക്കുന്നു.ഇനി ക്രിസ്മസ് ട്രീക്ക് പറ്റിയതു മുകളിലാണ്.അതെങ്ങനെ സംഘടിപ്പിക്കും എന്ന്  ആലോചിച്ച് ഞങ്ങള്‍ വിഷമിച്ചിരിക്കുമ്പോളാണ് ഫൈസല്‍ ആ വഴി വന്നത് .ഫൈസലിന്റെ മരം  കയറ്റം പണ്ടേ പ്രസിദ്ധമാണ്.മരത്തില്‍ നിന്നും വീണ് ഫൈസലിനു നിസ്സാര പരിക്കുകള്‍ പറ്റിയെങ്കിലും ആ പ്രാവശ്യം എല്ലാ വീട്ടിലും ,പിന്നെ ക്ലബ്ബിന്റെ പരിപാടിക്കും എല്ലാം ഫൈസല്‍ കഷ്ടപ്പെട്ട് വെട്ടിയ "ക്രിസ്മസ് ട്രീകള്‍ "ആയിരുന്നു.
അന്ന് രാത്രി ,അന്നമ്മ ചേച്ചി ക്ഷണിച്ചിട്ട് അവരുടെ വീട്ടില്‍ വന്ന പള്ളിയിലെ കരോള്‍ ,ക്രിസ്മസ് അപ്പൂപ്പന്‍ സംഘം ഞങ്ങളുടെ വീട്ടിലും കയറി.
"ക്രിസ്മസ് ട്രീയും ,പുല്‍ക്കൂടും ,നക്ഷത്രവും എല്ലാം നന്നായിരിക്കുന്നു കേട്ടോ..ഒന്ന് കാണാന്‍ കേറിയതാ .."കൂട്ടത്തിലുണ്ടായിരുന്ന ഒരു പള്ളീലച്ചന്‍ പറഞ്ഞു.
"ഇവന് പണ്ടേ നല്ല കലാവാസനയാ "അമ്മ എന്നെ പുകഴ്ത്തി.
ഫൈസലിനെ ഞാനും മനസ്സില്‍ പുകഴ്ത്തി.എന്റെ വികാരം വ്രണപ്പെട്ടു കണ്ണ് നിറഞ്ഞു .അന്നമ്മ ചേച്ചി പിറ്റേന്ന് കൊണ്ടുതന്ന കേക്കിന്റെ ഒരു കഷണം അമ്മ ഫൈസലിനു കൊടുക്കാനായി എന്നെ ഏല്പിക്കാനും മറന്നില്ല .

രംഗം:ആറ് 
സ്ഥലം:എന്റെ ഫേസ് ബുക്ക് 
സമയം :രാവിലെ എഴുമണി 
വര്‍ഷം :2013
പതിവ് പോലെ രാവിലത്തെ പുതിയ ശീലം,ഫേസ് ബുക്കില്‍ കയറി പുതിയ "അപ്ഡേറ്റുകള്‍ "നോക്കുക.ലോക വിവരങ്ങള്‍ അത്‌ വഴിയാണല്ലോ ആദ്യം അറിയുന്നത് .പെട്ടന്നാണ് ഗള്‍ഫില്‍ ജോലി ചെയ്യുന്ന ശ്രീമാന്‍ "വിജീഷ് തെക്കും ഭാഗത്തിന്റെ" അപ്ഡേറ്റുകളില്‍ ഞാന്‍ ടാഗ് ചെയ്യപ്പെട്ടിരിക്കുന്നത് ശ്രദ്ധിച്ചത്.ജയ് ജയ് വിളികളോടെ സര്‍വ്വ ദൈവങ്ങളുടെയും ചിത്രങ്ങള്‍ ,അവനു അര്‍ത്ഥം പോലും അറിയാത്ത ശ്ലോകങ്ങള്‍ ...!
ഉടന്‍ തന്നെ ,ഓണ്‍ലൈനില്‍ പിടച്ച് ചാറ്റി 
"എന്താടാ ഇത്? "
മറുപടിയില്ല ,ജയ് വിളികള്‍ മാത്രം ..
എന്റെ വികാരം വ്രണപ്പെട്ടു ,എന്ത് കൂട്ടുകാരന്‍ ആയാലും വേണ്ടില്ല ,"ബ്ലോക്ക്‌" "ചെയ്തു,ഫ്രണ്ട് ലിസ്റ്റില്‍ നിന്നും തുടച്ചു നീക്കിക്കളഞ്ഞു.

രംഗങ്ങള്‍ ഇങ്ങനെ അനവധി മാറിക്കൊണ്ടേയിരുന്നു.എന്റെ വികാരങ്ങള്‍  പലപ്പോഴും വ്രണപ്പെട്ടു കൊണ്ടേയിരുന്നു.അത് ഒന്നിന്റെയും പേരിലായിരുന്നില്ല,ഒരു മനുഷ്യന്റെ മാനസിക വികാരം,അത് വ്രണപ്പെട്ടു കൊണ്ടേയിരുന്നു,രംഗങ്ങള്‍ നല്ലതായാലും ചീത്തയായാലും ..  
"അവന്റെ കൂടെ ഞാന്‍ ആ റൂമില്‍ താമസിക്കില്ല ,""അവന്റെ കൂടെ ഞാന്‍ ഭക്ഷണം കഴിക്കില്ല ","അവന്റെ ആ സിനിമ ഞാന്‍ കാണില്ല ,കാണിക്കില്ല ",അവള്‍ അങ്ങനെ ആ വസ്ത്രം ധരിച്ചു നടക്കണ്ട ","ഞങ്ങള്‍ക്ക് മാത്രമായി മന്ത്രി വേണം","ഞങ്ങളുടെ ആള്‍ക്കാര്‍ക്ക്  മാത്രം ജോലി മതി ",അങ്ങനെ അങ്ങനെ സംഭാഷണങ്ങള്‍ നിറഞ്ഞ രംഗംങ്ങള്‍. ......  ഉത്സവങ്ങളും ,ഉറൂസുകളും ,പെരുന്നാളുകളും എല്ലാം ഒരു 'നാട് 'ആഘോഷിച്ചിരുന്ന കാലം ഉണ്ടായിരുന്നു.ജനങ്ങള്‍ക്ക് വേണ്ടി നേതാക്കള്‍ ഉണ്ടായിരുന്നു.രാജേഷും ,അലക്സും ,ബഷീറും ,രമ്യയും ,ജാന്സിയും ,സുഹറയും എല്ലാം ഒരുമിച്ച് ഒരു ബെഞ്ചില്‍ ഇരുന്നു പഠിച്ചിരുന്നു.ഇന്ന് നമ്മുടെ കുട്ടികളെ അവനവന്റെ ജാതിക്കാര്‍ അല്ലെങ്കില്‍ മതക്കാര്‍ മാത്രം പഠിക്കുന്ന സ്കൂളില്‍ അയക്കാം.ജാതിയുടെ ,മതത്തിന്റെ ഓരോ കമ്മിറ്റിയില്‍ ,സംഘടനയില്‍ ,പാര്‍ട്ടിയില്‍ ചേര്‍ക്കാം. അവനെ/അവളെ നമുക്ക് മനുഷ്യരാക്കേണ്ട,വികാരങ്ങള്‍ വ്രണപ്പെടുന്നവരാക്കി മാറ്റം,മതത്തിന്റെ,ജാതിയുടെ പേരില്‍ മാത്രം വികാരം വ്രണപ്പെടുന്നവര്‍ ...

Friday, January 11, 2013

സര്‍വ്വസുഗന്ധങ്ങള്‍ ...!


വേദിയില്‍ പ്രവാസികളുടെ കലാപരിപാടികളും വാചകമേളയും തകര്‍ത്തു നടക്കുമ്പോഴും  കൊച്ചു കുറുമ്പന്‍മാരുടെയും കുറുമ്പികളുടെയും ശ്രദ്ധ ഹാളില്‍ തൂക്കിയിട്ടിരിക്കുന്ന ബലൂണുകളില്‍ ആയിരുന്നു.കസേരകളില്‍ കയറിനിന്ന് അവര്‍ ബലൂണുകള്‍ എത്തിപ്പിടിച്ച്‌ പൊട്ടിക്കുന്നുണ്ടായിരുന്നു.അങ്ങനെയാണ് ഒരു ബലൂണ്‍ കഷണം എന്റെ കൈയിലെത്തിയത്.അത് ചവറ്റു കുട്ടയില്‍ കളയുന്നതിനു മുമ്പ് ചെറിയൊരു കൌതുകം തോന്നി.ബലൂണ്‍ കഷണം ചെറിയ ബോള്‍ പോലെയാക്കി കൈവെള്ളയില്‍ ഉരസിയാല്‍ സുഖമുള്ള ഒരു സംഗീതം കേള്‍ക്കുന്ന കൌതുകം.

പക്ഷെ പെട്ടന്നാണ് വേറൊരു കൌതുകം സംഭവിച്ചത്.ആ ബലൂണ്‍ കഷണത്തിന്റെ മണം മൂക്കിലേക്ക് ഇരച്ചു കയറിയതും കഥകളില്‍ കേട്ട' ടൈം മെഷീന്‍ 'പോലെ സ്ഥല കാലങ്ങള്‍ പിറകോട്ടു പാഞ്ഞു. വീണ്ടും വീണ്ടും മണക്കുമ്പോഴും കാലം പിറകോട്ടു പോയിക്കൊണ്ടിരുന്നു.ഒടുവില്‍  ചെന്നെത്തിയത് അമ്പലപ്പറമ്പിലാണ്.ആപ്പിള്‍ ബലൂണും കുരങ്ങന്‍ ബലൂണും കൂടി നില്‍ക്കുന്ന ഉത്സവ ചന്ത.അവിടെ നിന്നും നേരെ അരിപ്പൊടിയും മഞ്ഞള്‍ പ്രസാദവും മണക്കുന്ന തെയ്യപ്പറമ്പിലേക്ക്.ബലൂണ്‍ തട്ടിക്കളിച്ചു ഓടി നടന്ന തെയ്യപ്പറമ്പ്.. കാറ്റ് പോയ ബലൂണിനും പൊട്ടിയ ബലൂണിനും ഓരോ മണമാണ്.ഉത്സവ ചന്തയിലെ ഓരോന്നിനും ഓരോ മണമാണ്.'കാപ്സിനും 'അത് പൊട്ടിക്കുന്ന തോക്കിനും ഒരു മണം .മുട്ടപ്പൊരിക്ക് ഒരു മണം. .കരിമ്പിനും 'ബത്തക്ക 'കൂട്ടത്തിനും മറ്റൊരു മണം.കുരുത്തോലയും വിളക്കുകളും ജനത്തിരക്കും നിറഞ്ഞ പറമ്പിനു മൊത്തത്തില്‍ വേറൊരു മണം.

ഹോ...!!അതികഠിനമായ അത്തറിന്റെ മണവുമായി ഒരറബി ടാക്സിയില്‍ കയറിയപ്പോഴാണ് ഞാന്‍ ഉത്സവ പറമ്പില്‍ നിന്ന് മടങ്ങിയത്.ചില മണങ്ങള്‍ അഥവാ ഗന്ധങ്ങള്‍ അങ്ങനെയാണ്.സുഗന്ധമായാലും ദുര്‍ഗന്ധമായാലും നൊസ്റ്റാള്‍ജിയ മൊത്തമായും ചില്ലറയായും കൊണ്ടുവരും.പിന്നെ കുറെ സമയം ഭൂതകാലം അയവിറക്കി വേറൊരു ലോകത്ത് കറങ്ങി നടക്കാം..അതൊരു സുഖം തന്നെയാണ്.ഒരു തരം ലഹരി പോലെ.പലപ്പോഴും തോന്നിയിട്ടുണ്ട്,ഓര്‍മ്മയും ഗന്ധവും നല്ല കൂട്ടുകാരാണെന്ന്.പല ഓര്‍മ്മകളും ചെന്നെത്തുന്നത് ഏതെങ്കിലും ഗന്ധത്തിലായിരിക്കും.അല്ലെങ്കില്‍ ഏതെങ്കിലും ഒരു ഗന്ധം മതി ഓര്‍മ്മകള്‍ ഒന്നൊന്നായി പെയ്തിറങ്ങി വരാന്‍........

അമ്മിഞ്ഞപ്പാലിന്റെ രുചി ഓര്‍മ്മയിലെങ്കിലും 'അമ്മ'യുടെ മണം മൂക്കിന്‍ തുമ്പിലുണ്ട്.അന്നും ഇന്നും അമ്മയ്ക്ക് ഒരേ മണം തന്നെ.അമ്മമ്മ മുണ്ടും വേഷ്ടിയില്‍ കുഴമ്പു പുരണ്ട ഒരു മണമായി മനസ്സിലുണ്ട്. കാടും റോസ് നിറത്തിലുള്ള സിറപ്പിന്റെയും കൊതുക് കടിച്ചുള്ള തടിപ്പ് മാറാന്‍ പുരട്ടിത്തന്നിരുന്നഏതോ ഒരു  റോസ്  മരുന്നിന്റെയും ഗന്ധം,പൌഡര്‍ 'ഡബ്ബ'യില്‍ നിന്നും സ്പോഞ്ച് കൊണ്ട് മുഖത്തു തേച്ചു തന്നിരുന്ന പൌഡറിന്റെ മണം,'കതുകച്ചാറി'ല്‍ നനഞ്ഞ തലയിണയുടെ മണം,'കോപ്പ'യില്‍ കലക്കി തന്നിരുന്ന സെര്‍ലാക്കിന്റെയും ഫാരെക്സിന്റെയും മണം ഇതൊക്കെയാണ് എന്റെ പിച്ച വെച്ച കാലത്തിന്റെ ഓര്‍മ്മമണങ്ങള്‍ ..ഒരു പക്ഷെ ആദ്യമായി കാണുന്നതെല്ലാം ,വായയില്‍ വച്ചു തന്നതുള്‍പ്പടെ ആദ്യം മണത്തു നോക്കിയാതുകൊണ്ടാകാം, അല്ലെങ്കില്‍ മണത്തിനു രുചിയുമായും ഓര്‍മ്മയുമായുള്ള  നിഗൂഢ ബന്ധം കൊണ്ടാവാം ഓര്‍മ്മ മണമാകുന്നത്.


എന്നും രാവിലെ തോര്‍ത്തു മുണ്ടുടുത്ത് പച്ച വെളിച്ചെണ്ണ തേച്ചു നില്‍ക്കുന്ന അച്ഛന് പച്ച വെളിച്ചെണ്ണയുടെ മണമാണ്.വല്യമ്മയ്ക്ക് ഇന്നും ചൂട് കട്ടന്‍ 
കാപ്പിയില്‍ നെയ്യ്  ഉഴിക്കുമ്പോളുള്ള  ചൂട് മണമാണ് .ബാല്യത്തിന്റെ ബാലാരിഷ്ടതകളില്‍ ,മണ്ണില്‍ കളിക്കുമ്പോള്‍  മാത്രം കാലില്‍ വരുന്ന "പുണ്ണി"ന്റെ ഗന്ധവും അതിനു മറു മരുന്നായി ഔണ്‍സ് ഗ്ലാസ്സില്‍ അളന്നു തന്നിരുന്ന ബാലന്‍ വൈദ്യരുടെ മധുരമുള്ള അരിഷ്ടത്തിന്റെ ഗന്ധവും 'മൂക്ക് പൊത്തിയിട്ട് ഇറക്കിക്കോ 'എന്ന് പറഞ്ഞു തന്നിരുന്ന കഷായത്തിന്റെ കയ്പ്പുള്ള ഗന്ധവും ഓര്‍മ്മയായുണ്ട്.കുട്ടി  കുസൃതികള്‍ക്ക് പകരമായി കൈമുട്ടിലും കാല്‍മുട്ടിലും 'തോല് പെരങ്ങി 'ചോര പൊടിയുമ്പോളുളള മണവും,പെട്ടന്ന് ഉണങ്ങാനായി 'തുപ്പല്‍ 'പുരട്ടുമ്പോളുള്ള മണവും വേറെ വേറെയാണ് .ജലദോഷവും പനിയും പിടിച്ച് മൂടിപ്പുതച്ചുറങ്ങുമ്പോള്‍ മൂക്കിനു ചുറ്റും എന്തോ ഒരു വൃത്തി കെട്ട  മണമാണ്.ഉപ്പിലിട്ട മാങ്ങയും കൂട്ടി അമ്മ  ചൂട് കഞ്ഞി സ്പൂണില്‍ വായയില്‍ വച്ചു  തരുമ്പോളാണ് അത് പോകുന്നത്.പനിക്കാലത്തെ ഉറക്കത്തിനാണെങ്കില്‍  മൂക്കിലേക്ക് വലിച്ചു കേറ്റിയ 'വിക്സി'ന്റെ മണമാണ്.

ചിരട്ട പാത്രത്തില്‍ വിളമ്പി വെച്ച ചരല്‍ മണ്ണ് ചോറിനും ചെമ്പരത്തി താളി വെളിച്ചെണ്ണ ചാലിച്ച താളില കറിയുടേയും കൊതിയൂറുന്ന മണത്തിനു കൂട്ടായി കളിക്കൂട്ടുകാരിയുടെ 'പെറ്റി ക്കൊട്ടി'ന്റെ മണവും ഉണ്ടായിരുന്നു.അവളുടെ 'മേക്ക് അപ്പ്‌ കിറ്റി'ലെ ശിങ്കാര്‍ എന്ന കടും ചുവപ്പ് ചാന്തിന്റെ സുഗന്ധത്തിനു ചേരാതിരുന്നത് തലയിലെ പേനിന്റെയും ഈരിന്റെയും നാറ്റമായിരുന്നു.സന്ധ്യക്ക്‌ കഷ്ടപ്പെട്ട് പറിച്ചു കൊടുക്കന്ന മുല്ല മൊട്ടിന്റെ മണമല്ല,പിറ്റേന്ന് അവളുടെ മുടി കുടുങ്ങിക്കിടക്കുന്ന മുല്ലപ്പൂവിന്.. ഉറുമ്പ്‌ കടിച്ചാല്‍ ,ചുവന്നു വന്ന ഭാഗത്ത്‌ അവള്‍ തുളസിയില ഞെരടി തേച്ചു തരും.തടിപ്പ് പോയാലും തുളസിയുടെ മണം അവിടെ തന്നെ ഉണ്ടാകും .



അമ്മയുടെ പുതിയ വാവയെ കാണാനാണ് ആദ്യമായി ആശുപത്രിയില്‍ പോയത്.ആശുപത്രികള്‍ക്ക് ഇന്നും ആ  പേടിപ്പിക്കുന്ന മണം തന്നെ.കുഞ്ഞു വാവയ്ക്ക് കണ്മഷിയുടെ മണമാണെങ്കിലും അപ്പിയ്യിട്ടാലും ഇച്ചി വീത്തിയാലും ആ വെള്ളത്തുണിക്ക് വേറൊരു മണമാണ്.

മഴ പെയ്തു തോര്‍ന്ന രാവിലെ സ്കൂളിലെ ബഞ്ചിനും ഡസ്കിനും ബ്ലാക്ക് ബോര്‍ഡിനും നനഞ്ഞ 
ചോക്കിന്റെ മണമാണ്.അന്ന് ഉച്ചയ്ക്ക് ഉച്ചക്കഞ്ഞിക്കും ചെയുപയര്‍ കറിക്കും ആവി പറക്കുന്ന രുചിമണമാണ്.മെയ് രണ്ടിന് കിട്ടുന്ന പുതിയ ടെക്സ്റ്റ്‌ ബുക്കുകളും നോട്ട് ബുക്കുകളും കിട്ടിയാല്‍ ആദ്യം നടുപ്പേജാണ് തുറക്കുന്നത്,മണത്തു നോക്കാന്‍ ...അതെ നടുപ്പേജിലാണ് സിന്തോളിന്റെ കടലാസ് കവര്‍ വയ്ക്കുന്നത്.ചില സുന്ദരിമാര്‍ പൌഡര്‍ സൂക്ഷിച്ചു വെയ്ക്കുന്നതും ആ പേജില്‍ തന്നെ. 

പഴുത്ത് പഴുത്ത് നിലത്ത് അടിയുന്ന പഴം ചക്കയുടെ മണം ചെറിയ കാറ്റ് അടിക്കുമ്പോള്‍ പറമ്പ് മുഴുവന്‍ ഓടിക്കളിക്കും .കശുമാങ്ങയുടെ സുഗന്ധം തട്ടാതെ  രാവിലെ കുന്നിന്‍ പുറത്ത് നടക്കാന്‍ പറ്റില്ലായിരുന്നു .വെയിലത്ത്‌ ഉണങ്ങുന്നതു  വരെ കശുവണ്ടിയുടെ കറ മണം പൊറുക്കിക്കൂട്ടിയിടത്ത് കാത്തിരിക്കും.ചേന പൂത്തതായിരിക്കും എന്നു പറഞ്ഞാലും പ്രകൃതിയിലെ ഏറ്റവും  വൃത്തികെട്ട മണം തരുന്ന ചേനപ്പൂവിനെ പറമ്പിലെങ്ങും പരതിയാല്‍ കാണാറില്ല.രാത്രിയില്‍ ആഞ്ഞടിച്ച  കാറ്റില്‍ വീണു കിടക്കുന്ന 
പഞ്ചസാര മാങ്ങകളുടെ മധുര മണം കല്ലെറിഞ്ഞു വീഴ്ത്തുന്ന പച്ച മാങ്ങയുടെ'ചെന'മണം കവച്ചു വെയ്ക്കും.സവാള,കാരറ്റ്,വെണ്ട,മുരിങ്ങ,വഴുതന,തക്കാളി കൂടെ വെളുത്തുള്ളി, പച്ചമുളക് പിന്നെ ഇഞ്ചി ഇവ മുറിച്ചിട്ട് എവിടെ കൂട്ടിയിട്ടു കണ്ടാലും ('എക്സിബിഷന്‍ 'നഗരികളിലെ പ്രധാന വില്പന വസ്തുവായ' പച്ചക്കറി കട്ടര്‍ 'സ്റ്റാളിലും)ആ കൂട്ടമണം ഒന്ന് ഉള്ളിലേക്ക് ആവാഹിച്ചാല്‍ മതി,സദ്യ ഉണ്ട പ്രതീതിയാണ് അല്ലെങ്കില്‍ കല്യാണ പിറ്റേന്ന് കലവറയില്‍ നില്‍ക്കുന്ന പ്രതീതി.!!


വഴിമണങ്ങളുടെ യാത്ര ഇലഞ്ഞിപൂക്കള്‍ വീണുകിടക്കുന്ന കുറ്റിക്കരയിലേക്കുള്ള ഇടവഴിയില്‍ നിന്ന് തുടങ്ങുന്നു.എന്നും സ്കൂളിലേക്കുള്ള യാത്രയില്‍ ആദ്യം റബ്ബര്‍ ഫാക്ടറിയുടെ ചീഞ്ഞ ഫോം ഷീറ്റുകള്‍ ,പിന്നെ തുണിക്കമ്പിനിക്ക് മുമ്പിലെ ,ചായം മുക്കിയ വെള്ളംപോകുന്ന ഓട, സഹദേവേട്ടന്റെ പീടികക്ക് മുമ്പിലെ ബീഡി 'തെരപ്പ് -ചാപ്പ',മൊയ്തൂക്ക മീന്‍ കൊട്ടയിലെ വെള്ളം ഒഴിക്കുന്ന കാട്ടുമുക്ക്,തുടങ്ങി ഒരുപാട് കാഴ്ചകള്‍ ...

അച്ഛന്റെ കൈ പിടിച്ചു പോയ സ്ഥലങ്ങള്‍ അടയാളപ്പെടുത്തിയിരിക്കുന്നത് ഗന്ധങ്ങളുടെ മാപ്പിലാണ്.അന്ത്രുമാന്റെ പീടികക്ക് അരിച്ചാക്കു മണമാണ്.പഞ്ചായത്ത് കിണറിനു ചുറ്റും ലൈഫ് ബോയ്‌ സോപ്പിന്റെ മണം,റേഷന്‍ പീടികക്ക് മണ്ണണ്ണ മണം,ജാനകി ഹോട്ടലിലെ കണ്ണാടി കൂട്ടിനു ബോണ്ടയുടേയും പഴം പൊരിയുടെയും മെഴുക്കു മണം,ബാര്‍ബര്‍ ഷോപ്പിലെ സ്പ്രേ മണം,കര്‍പ്പൂരം കത്തിക്കുന്ന മാരിയമ്മന്‍ കോവിലിനു പുറകിലൂടെ പോയാല്‍ കാണുന്ന മീന്‍ മാര്‍ക്കറ്റിന്റെ മണം.. അങ്ങനെ മണമുള്ള യാത്രകള്‍ ..

ബസ്സില്‍ ഇരുന്നു കൊണ്ട് മണത്ത സ്ഥലങ്ങള്‍ നിരവധി.പടന്നപ്പാലത്ത് എത്തിയാല്‍ ,ആ കറുത്ത തോടു കാണുമ്പോഴേ മൂക്ക് പൊത്തും .പള്ളിക്കുളം ജംഗ്ഷനില്‍എത്തിയാല്‍ സ്വാമി സമാധിയിലെ ചന്ദനത്തിരി  മണമാണ്.കാണിക്ക കൊടുത്ത് ക്ലീനര്‍ ഒരു ചന്ദനതിരിയെയും ബസ്സില്‍ കൈ പിടിച്ചു കയറ്റും,ചിലപ്പോള്‍ നഗരസഭയുടെ ഔദ്യോഗിക വാഹനം ഓവര്‍ടേക്ക് ചയ്തു പോകും,അതൊരു ഒന്നൊന്നര മണമാണ്..!കൊപ്ര കമ്പനിയുടെ മുന്നില്‍ എത്തിയാല്‍ നല്ല തേങ്ങ വറുക്കുന്ന ഗന്ധം, വളപട്ടണം പാലം എത്തിയാല്‍ നല്ല ചെളിയുടെ ,കണ്ടല്‍ക്കാടിന്റെ ഗന്ധക്കാറ്റ്..അതില്‍ നാട്ടുകാരുടെ ഭാഷയില്‍ പറഞ്ഞാല്‍  'കോഴി വേസ്റ്റി'ന്‍റെ ഗന്ധവും അലിഞ്ഞു ചേര്‍ന്നിട്ടുണ്ടാകും.

തീവണ്ടി യാത്ര എന്നാല്‍ മലബാര്‍ /പരശുറാം  എക്സ്പ്രെസ്സിലെ ജനറല്‍ കമ്പാര്‍ട്ട്മെന്റിലെ ടോയ്ലെറ്റ് മണമാണ്.ചിലപ്പോള്‍ തോന്നും തീവണ്ടികള്‍ക്കെല്ലാം ആ  മണമാണെന്ന്.കഷ്ടപ്പെട്ട് സഹിച്ചു മണത്ത മണങ്ങളില്‍ ആദ്യം ഈ തീവണ്ടി മണവും വരും.എങ്ങനെയെങ്കിലും 'ഇറങ്ങേണ്ട സ്റ്റേഷന്‍ എത്തിയാല്‍ മതിയേ' എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ടുള്ള യാത്രകള്‍ .



എട്ടു മുതല്‍ പത്തു വരെ  തൊട്ടടുത്ത്‌ ഇരുന്നു പഠിച്ച കൂടുകാരന്റെ ,'ടിഫ്ഫിന്‍  ബോക്സ്‌ 'തുറക്കുമ്പോള്‍  വന്നിരുന്ന മണം  സഹിക്കാന്‍ പറ്റാത്ത മണങ്ങളില്‍ രണ്ടാമത്.. എന്നും കടലക്കറിയും ചോറും തൈരും,മീന്‍ പൊരിച്ചതും,പപ്പടവും,മുട്ട ബുള്‍സൈയും കുത്തി നിറച്ചു കൊണ്ടുവരുന്ന ആ ബോക്സ്‌  തുറന്ന ഉടനെ  നനഞ്ഞ  പപ്പടമെടുത്തു,സ്നേഹത്തോടെ ചോദിക്കും "വേണാടാ ?" തിരിച്ചു എനിക്കും സ്നേഹം ഉണ്ടായിരുന്നതിനാല്‍ "വേണ്ടെടാ .."എന്നു പറയും. ആ സ്നേഹം ഒന്ന് കൊണ്ട് മാത്രമാണ് മൂന്നു കൊല്ലവും അവന്റെ അടുത്തിരുന്നു ചോറ് തിന്നത്.

കണ്ണ് തട്ടാതിരിക്കാന്‍ ഉണക്കു മുളകും കടുകും പിന്നെ എന്തൊക്കെയോ  കൈയ്യിലെടുത്തു  ഉഴിഞ്ഞ ശേഷം അമ്മ അടുപ്പിലിടും .പിന്നെ ഒരു കടുത്ത മണമാണ് .തുമ്മല്‍ വരുത്തുന്ന മണം.കുട്ടിക്കാലത്ത് ഒരുപാട് സഹിച്ചിട്ടുണ്ട് ആ മണം.ദിവസവും കുളിച്ചാലും വസ്ത്രം മാറിയാലും ഒരു പ്രത്യേക ഗന്ധം ( വയറ്റില്‍ നിന്നോ ,അതോ ദേഹത്ത് നിന്നോ വന്നിരുന്ന )പരത്തി നടന്നിരുന്ന ഒരുത്തനെ ക്ലാസ്സ്‌ റൂമില്‍ മാത്രമല്ല ഹോസ്റ്റല്‍ റൂമിലും സഹിക്കേണ്ടി വന്നത് മറ്റൊരു കഥ.ഒരു 'ലിഫ്റ്റും'തന്ന് രണ്ടു മണിക്കൂര്‍ നേരത്തെ യാത്രയില്‍ രണ്ടു മണിക്കൂറും സംസാരിച്ചു കൊണ്ട്  കാറോടിച്ച ഒരു ഫിലിപ്പീനി സുഹൃത്ത് വായ തുറക്കുമ്പോഴെല്ലാം ഞാന്‍ മൂക്കും പൊത്തി , ഉറക്കം നടിച്ചു കിടക്കുമായിരുന്നു.അധികമായാല്‍ ഏതു ഗന്ധവും ദുര്‍ഗന്ധമാകും എന്ന് പറഞ്ഞ പോലെയാണ് മറ്റു ചിലര്‍ ..ഹോസ്റ്റല്‍ ആശ്രമത്തില്‍ രാസ്നാദി പൊടി തലയില്‍ വാരിയിട്ടു നടക്കുന്ന 'രാസ്നാദി സ്വാമിജി'എന്നൊരുത്തന്‍ ,ലോകത്തുള്ള മുഴുവന്‍ അത്തറും പെര്‍ഫ്യൂമും പുരട്ടി നടക്കുന്ന 'മണവാളന്‍',ദിവസവും രണ്ടുനേരംദ്രവ്യങ്ങള്‍ പുകച്ച് പൂജ ചെയുന്ന "പൂജാരി "എന്നിവര്‍ അവരില്‍ ചിലര്‍ മാത്രം. 

 എത്ര ദുര്‍ഗന്ധമായാലും അത് ചിലപ്പോള്‍ ചിലര്‍ക്ക്  സുഗന്ധമായി മാറും .'അമ്മാ. ടാങ്ക് വൃത്തിയാക്കാനുണ്ടോ?'എന്നും ചോദിച്ചു വീട്ടില്‍ വരുന്ന തമിഴനും ,വലിച്ചു വലിച്ചു പുകയില്‍ മറഞ്ഞു നടക്കുന്ന അച്ചായനും,പന്നിയുടെ നെയ്യ് ഉരുക്കുന്ന റോസി ചേച്ചിയും ആ സുഗന്ധം ഇഷ്ടപ്പെടുന്നവരാണ്.എന്നും രാവിലെ "കച്ചറ "പെറുക്കാന്‍ വരുന്ന പച്ച കുപ്പായക്കാരനും അങ്ങനെ തന്നെ.

വളവു തിരിഞ്ഞപ്പോള്‍ വലിയ 'കച്ചറ ഡബ്ബ'യുടെ മണം.അത് കഴിഞ്ഞു ഗ്രില്‍ ചിക്കന്റെയും..ഫ്ലാറ്റ് എത്തിക്കഴിഞ്ഞു.ടാക്സിക്ക് കാശു കൊടുത്ത്, ബാക്കി പേഴ്സില്‍ ഇടുന്നതിനു മുമ്പ്"നോട്ട് "മണത്തു നോക്കി.റിയാല്‍ ആയാലും ,ദിര്‍ഹം ആയാലും ,രൂപ ആയാലും നോട്ടുകള്‍ക്ക് ഒരേ മണമാണെന്നാണ് തോന്നുന്നത്...

ഫസ്റ്റ് ഫ്ലോറില്‍ ന്യൂ ഇയര്‍ ആഘോഷം തകര്‍ക്കുകയാണ്.ഉച്ചത്തില്‍ ആര്‍പ്പു വിളികള്‍ കേള്‍ക്കാം.ലിഫ്റ്റില്‍ കയറുന്നതിന് മുമ്പ് ആഘോഷക്കാരുടെ വാതില്‍ മെല്ലെ തുറന്നു നോക്കി..നല്ല 'വാളി'ന്റെ മണം..!!ഇതേ മണമാണ് പണ്ട്  കോളേജില്‍  ആര്‍ട്സ് ഫെസ്റ്റിവലിന്  ആലക്കോട്കാരന്‍  അച്ചായന്‍ ക്ലാസ് റൂമില്‍ സൃഷ്ടിച്ചത്.ലോകത്തുള്ള സ്പ്രേ മുഴുവന്‍ അടിച്ചിട്ടും രക്ഷയില്ലാതിരുന്നതിന്നാല്‍  അന്ന് അച്ചായനെയും ആ മുറിയെയും പൂട്ടിയിടുകയായിരുന്നു.മണങ്ങള്‍ വീണ്ടും ഓര്‍മ്മകളെ കൊണ്ടുവരികയാണ്.ഓര്‍മ്മകള്‍ മണങ്ങളെയും....!




Saturday, November 14, 2009

രോഗമില്ലാത്ത വീട്...?


ദേശീയ മന്ത് രോഗ പ്രതിരോധ പദ്ധതിയുടെ ഭാഗമായി കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍  മന്ത് രോഗ പ്രതിരോധ ഗുളികകള്‍ വിതരണം ചെയ്തു കൊണ്ടിരിക്കുകയാണ് ഇപ്പോള്‍ .മന്ത് ഗുളിക വിഷ ഗുളികയാണ് എന്നു പറഞ്ഞ് കുറേ പേര്‍ നേരത്തെ തന്നെ പദ്ധതി ബഹിഷ്കരിച്ചിരുന്നു.ഗുളിക കഴിച്ചവര്‍ തല കറങ്ങി വീഴുന്നു എന്ന വാര്‍ത്തകള്‍ കേള്‍ക്കാന്‍ തുടങ്ങിയതോടെ കുട്ടികളും സ്ത്രീകളും ഗുളികയെ പേടിച്ചു."പെടിക്കാനൊന്നുമില്ല,പാര്‍ശ്വ ഫലങ്ങള്‍ സാധാരണമാണ്" എന്ന്  ഡോക്ടര്‍മാര്‍ വ്യക്തമാക്കു ന്നുണ്ടെങ്കിലും  ഗുളിക കഴിക്കാന്‍ ധൈര്യപ്പെടുന്നവര്‍ ചുരുക്കം. ബാക്കിയുള്ളവരില്‍ ശിശുക്കള്‍,ഗര്‍ഭിണികള്‍,വൃദ്ധര്‍, ഗുരുതരരോഗികള്‍,നിത്യ രോഗികള്‍ എന്നിവരെ പദ്ധതിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ ഈ വിഭാഗത്തില്‍ ഒന്നും പെടാത്ത ചുറു ചുറുക്കുള്ളവരെത്തേടി  മന്ത് ഗുളികകളുമായി വീടുകള്‍ കയറിയിറങ്ങുന്ന പ്രവര്‍ത്തകര്‍ വൈകിയാണ് ആ ദുഃഖ സത്യം മനസ്സിലാക്കുന്നത്..നിത്യ രോഗികള്‍ ഇല്ലാത്ത ഒരൊറ്റ വീടും ഭൂമിമലയാളത്തിലില്ല..! ഗുളികയെ പേടിച്ചു രോഗികളാണെന്ന് കളവു പറയുന്നതൊന്നുമല്ല,ദിവസവും  ഏതെങ്കിലും ഒരു നേരം മരുന്ന് ഭക്ഷിക്കാത്തവരെ മരുന്നിനു പോലും കാണാനില്ല.തന്റെ മകന്റെ രോഗ ശാന്തിക്കായി സെന്‍ ഗുരുവിന്റെ ഉപദേശപ്രകാരം  രോഗമില്ലാത്ത വീട് അന്വേഷിച്ചിറങ്ങിയ അമ്മയെപ്പോലെ പ്രവര്‍ത്തകര്‍ മരുന്ന് കൊടുക്കുന്ന വീടിന്റെയും  വീട്ടുകാരുടെയും വിവരങ്ങള്‍ എഴുതാനുള്ള  ഇരുന്നൂറു പേജ് നോട്ട് ബുക്കില്‍ ഒന്നും എഴുതാന്‍ ഇല്ലാതെ നോട്ടീസും കൊടുത്ത്‌ മടങ്ങുകയാണ്...അവര്‍ അന്വേഷിക്കുന്നു..രോഗമില്ലാത്ത വീടുണ്ടോ?

നമ്മുടെ അയല്‍ക്കാര്‍,നാട്ടുകാര്‍ എല്ലാവരും ആരോഗ്യവാന്‍മാരാണോ?ഇക്കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിന് വോട്ടു ചെയ്യാന്‍ ബൂത്തില്‍ പോയപ്പോള്‍ അതിനുള്ള ഉത്തരം കിട്ടി.നേരം ഇരുട്ടും വരെ ക്യൂവില്‍ നിന്നു സമ്മതി ദാനാവകാശം വിനിയോഗിച്ച ജനങ്ങളെ സകലരും പുകഴ്ത്തിയെങ്കിലും കണ്ട കാഴ്ചകള്‍ ദയനീയ മായിരുന്നു.ലോകസഭാ തിരഞ്ഞെടുപ്പിന് നെഞ്ചും വിരിച്ച്,കൈയും വീശി നടന്നു വന്നിട്ടുണ്ടായിരുന്ന പലരും എത്തിയത് മക്കളുടെയും പേരക്കുട്ടികളുടെയും കൈ പിടിച്ചായിരുന്നു.'കസേര പല്ലക്കി'ല്‍ അനവധി പേര്‍..മറ്റു ചിലര്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഏര്‍പ്പാടാക്കിയ,വിശ്രമമില്ലാതെ തലങ്ങും വിലങ്ങും ഓടിയ ഓട്ടോറിക്ഷയില്‍..കാലില്‍ നീരുമായി,സന്ധികളില്‍ വേദനയുമായി കുറേ പേര്‍.ഒരു ദിവസം ജോലി ചെയ്താല്‍ അടുത്ത ദിവസം പോകാന്‍ കഴിയാതെ വിഷമിക്കുന്ന കൂലിപ്പണിക്കാര്‍,ആശാരിമാര്‍,കല്‍പ്പണിക്കാര്‍... അല്‍പ സ്വല്പം പ്രഷറും ഷുഗറും ഒക്കെയായി വാര്‍ധക്യം ആഘോഷിച്ചിരുന്ന പലരും തീരെ കിടപ്പിലായി.ചിലര്‍ക്ക് കേള്‍വി ശക്തിയും മറ്റു ചിലര്‍ക്ക് കാഴ്ചശക്തിയും പൊടുന്നനെ അപ്രത്യക്ഷമായി  .ഇതെല്ലാം വരുത്തി വെച്ചത് പകര്‍ച്ചപ്പനിയെന്ന ദുഷ്ടനായിരുന്നു. ആ പരമ ദുഷ്ടന്റെ ആക്രമണം ഇപ്പോഴും തുടരുന്നു.


പകര്‍ച്ചപ്പനി സര്‍വസാധാരണമാണെന്നും, നാടും നഗരവും മലീമസമാക്കിയതു കൊണ്ടാണ് ദുഷ്ടന്‍ രംഗ പ്രവേശം ചെയ്തതെന്നും പറഞ്ഞ് കുറച്ചെങ്കിലും ആശ്വസിക്കാം.പക്ഷേ മറ്റു രാക്ഷസന്മാര്‍ എവിടെ നിന്നു വന്നു?വാര്‍ത്തമാന പത്രങ്ങളുടെ പ്രാദേശിക പേജില്‍ ചികിത്സാ സഹായം അഭ്യര്‍ത്ഥിച്ചു  കൊണ്ടുള്ള വാര്‍ത്തകള്‍ ദിനം പ്രതി പെരുകുകയാണ്.ചികിത്സാ സഹായ കമ്മറ്റികള്‍ ഇല്ലാത്ത ഒരു വാര്‍ഡ് പോലും ഇല്ല. മുന്‍ കാലങ്ങളില്‍ അര്‍ബുദമായിരുന്നു വില്ലനെങ്കില്‍ കേട്ട് കേള്‍വി പോലും ഇല്ലാത്ത അജ്ഞാത രോഗങ്ങളാണ് ഇപ്പോള്‍ അരങ്ങു വാഴുന്നത്.നവജാത ശിശുക്കളും,യുവാക്കളും,സ്ത്രീകളും എന്ന് വേണ്ട സകലരും  പെട്ടന്നൊരു ദിവസം രോഗികളാവുകയാണ്.ഇരു വൃക്കകളും തകരാറിലായി,മാറ്റി വെക്കാന്‍ പണമില്ലാതെ ഡയാലിസിസ് വഴി ജീവന്‍ നില നിര്‍ത്തുന്നവര്‍ അനവധി.തൈറോയിഡിന്റെയും കരളിന്റെയും അസുഖങ്ങളും സര്‍വസാധാരണമായി.ജില്ലാ ടി.ബി സെന്ററില്‍ മരുന്ന് കഴിക്കാന്‍ രാവിലെ എത്തുന്നവരുടെ എണ്ണം അറിയാന്‍ ചവറ്റു കുട്ടയില്‍ കളയുന്ന പ്ലാസ്റ്റിക്‌ ഗ്ലാസ്സുകളുടെ  എണ്ണം നോക്കിയാല്‍ മതി. ഒരു പ്രസവത്തിനോ,വീണ് കൈയോ കാലോ പൊട്ടിയാലോ മറ്റോ കയറിപ്പോയിരുന്ന ആശുപത്രികള്‍ മറ്റൊരു വീട് തന്നെയായി. ഭയപ്പെടുത്തിയിരുന്ന 'ആശുപത്രി  മണം'ഒന്നുമല്ലാതായി. കുടുംബാംഗങ്ങളുടെ രോഗം കാരണം മനസ്സ് തകര്‍ന്നു ജീവിതത്തോടു വിരക്തിയുമായി നടക്കുന്നവരെ നാട്ടിടവഴികളില്‍ എപ്പോള്‍ വേണമെങ്കിലും കണ്ടുമുട്ടാം.അകന്ന ബന്ധുക്കളുടേയോ 
പരിചയക്കാരുടേയോ മരണ വാര്‍ത്തകള്‍ കേള്‍ക്കാത്ത ദിവസങ്ങള്‍ നന്നേ കുറവാണ്.


രോഗത്തിന്  പക്ഷപാതം  ഇല്ലെങ്കിലും ഗ്ലൂക്കോ മീറ്ററും,പ്രഷര്‍ മോണിട്ടറും,ആരോഗ്യ ആനുകാലികങ്ങളും,ഹോം നഴ്സും ഒക്കെ ഉള്ളവര്‍ രോഗങ്ങളെ വരുതിക്ക് നിര്‍ത്തുമ്പോള്‍ എല്ലാം അറിയാന്‍ വൈകിപ്പോയി എന്ന് പറഞ്ഞ് കരയുന്നവരാണ് ധാരാളം.ചിക്കന്‍ ബിരിയാണിയും,ഷവര്‍മ്മയും,ബീഫ് റോളും,കോളയും അത്താഴത്തിന് 'മസ്റ്റ്റ്‌' ആകുമ്പോള്‍,വീട്ടിലിട്ടു വളര്‍ത്തുന്ന കുട്ടിയെ കയറ്റിക്കൊണ്ടു പോകാന്‍ 'ഏസി  ക്വാളിസ്‌' പടിക്കലെത്തുമ്പോള്‍,നട്ടുച്ച തൊട്ട് നട്ടപ്പാതിര വരെ ചാനലുകള്‍ മാറ്റി രസിക്കുമ്പോള്‍ "ഓ അതൊന്നും കാര്യ മാക്കാനില്ല...പരസ്യം ഒക്കെ കാണുന്നില്ലേ? എത്ര മരുന്നുണ്ട്? ഹോസ്പിറ്റല്‍സ് ദാ തൊട്ടപ്പുറത്തുണ്ട്.."എന്ന് മേനി പറയാം.


എന്നാല്‍ അന്നന്ന് കിട്ടുന്ന കാശിനു റേഷനരിയും വാങ്ങി, മുണ്ട് മുറുക്കിയുടുത്ത്,കടം വാങ്ങി മക്കളെ പഠിപ്പിക്കുന്ന വീട്ടില്‍ രോഗമെത്തുമ്പോള്‍,അങ്ങനെ ഒരു പ്രദേശത്തു മുഴുവന്‍ വിരുന്നിനെത്തുമ്പോള്‍ ദോഷ പരിഹാരമായി അമ്പലങ്ങള്‍ പുതുക്കി പണിയുകയോ,പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തുകയോ ഒക്കെ ചെയ്യുകയേ 
നിവൃത്തിയുള്ളൂ.പദ്ധതികളും,സെമിനാറുകളും,സൌജന്യ  ക്യാമ്പുകളും എല്ലാം വരും പോകും. നല്ല ആരോഗ്യ മെന്നാല്‍  രോഗം വന്നാല്‍ മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കലാണ്,മരണം വരെ മരുന്ന് തിന്നലാണ്,പരീക്ഷണ വസ്തുവായി മാറലാണ്. പന്നിപ്പനി തടയണമെങ്കില്‍ പരസ്യത്തില്‍ കാണുന്ന സോപ്പിട്ടു കൈ കഴുകാം.ഏതു സമയത്തും രോഗങ്ങള്‍ ആക്രമിച്ചേക്കാം,അതുകൊണ്ട്‌ 'ഹെല്‍ത്ത്‌ കാര്‍ഡ്'എടുക്കാം."അച്ഛനും അമ്മയ്ക്കും പ്രശറും ശുഗരും ഉണ്ട്..എനക്ക് വര്വോ.. ?"എന്ന് ചോദിക്കുന്ന കുട്ടികളോട് അവരുടെ പ്രായത്തിലുള്ള മറ്റു കുട്ടികള്‍ ചെയ്യന്നത്  പോലെ ഏതെങ്കിലും ചാനലിലെ 'മെഡിക്കല്‍ ടോക്കിലെ'ഡോക്ടറോട് ചോദിക്കാന്‍ പറയാം.

Wednesday, November 11, 2009

ബ്ലോഗനയില്‍ വെള്ളരിക്കാപ്പട്ടണം..



വെള്ളരിക്കാപ്പട്ടണത്തിലെ "മറഞ്ഞു പോകുന്ന തനി നാടന്‍ വേഷങ്ങള്‍" എന്ന പോസ്റ്റ്‌ മാതൃഭൂമി ആഴ്ചപ്പതിപ്പ് ഈ ആഴ്ചയിലെ ബ്ലോഗനയിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നു.ഈ വിവരം അറിയിക്കാന്‍  ഇങ്ങനെയൊരു പോസ്റ്റിടുന്നത് അല്പം പൊങ്ങച്ചമല്ലേ എന്ന് എനിക്കു തന്നെ സംശയം ഉണ്ട്.എന്നാലും... വെറുതെ കുത്തിക്കുറിച്ച അക്ഷരങ്ങള്‍ക്ക്, ജീവിതത്തില്‍ ആദ്യമായി അച്ചടി മഷി പുരളുമ്പോള്‍ ചെറിയൊരു സന്തോഷം...അതിന് നിമിത്തമായത് ഈ ബൂലോകത്ത് എത്തിയതും...ഇതുവരെ, ഈ നിമിഷം വരെ ഈ കൊച്ചു പട്ടണത്തില്‍ എത്തിയ എല്ലാവര്‍ക്കും,എല്ലാ ബൂലോകര്‍ക്കും,ഒപ്പം മാതൃഭൂമിക്കും സ്നേഹം നിറഞ്ഞ നന്ദി..