Wednesday, September 02, 2009

ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റങ്ങള്‍....

മുത്താശ്ശിക്കുന്നിലേക്കുള്ള ഈ വഴി ഇപ്പോള്‍ കുറേ മാറിയിട്ടുണ്ട്.മഴ ചെറുതായി പെയ്യുന്നുണ്ടെങ്കിലും ചവിട്ടിത്തെറുപ്പിച്ച് ഒച്ചയുണ്ടാക്കാനോ,എഴുത്തച്ഛന്‍ പ്രാണിയുടെ എഴുത്തു കാണാനോ,കടലാസ് തോണി ഒഴുക്കാനോ അവിടവിടെയായി ചെളിക്കുളങ്ങള്‍ കാണുന്നില്ല.പരവതാനി പോലെ നീണ്ടു നിവര്‍ന്നു കിടക്കുന്ന ടാര്‍ റോഡില്‍ ചീറിപ്പായുന്ന വാഹനങ്ങളില്‍ നിന്നും തൂവുന്ന എണ്ണയില്‍ വിരിയുന്ന മഴവില്‍ രൂപങ്ങള്‍ മാത്രം.'പരസ്യം പതിക്കരുത്'എന്നെഴുതിയിരിക്കുന്ന ഈ മതിലുകളുടെ സ്ഥാനത്തായിരുന്നു മഷിച്ചപ്പും,പാമ്പിന്റെ ഉപ്പിളിയും ഇടയ്ക്കിടയ്ക്ക് തടിയന്‍ കീരികളും പ്രത്യക്ഷപ്പെട്ടിരുന്ന 'കെള'. മതിലുകള്‍ക്കപ്പുറത്ത് കുഞ്ഞു കുഞ്ഞു 'വില്ലകള്‍'ഉയര്‍ന്നു വരുന്ന ആ സ്ഥലത്തായിരുന്നു ,പണ്ട് ഞങ്ങള്‍ അണ്ടി ക്കള്ളന്മാരുടെ വിഹാര കേന്ദ്രമായിരുന്ന,അണ്ടിക്കാട്.മിക്കവാറും വിഷുവിനു 'ചടക്കം' വാങ്ങാനുള്ള ചില്ലറപ്പൈസ മുഴുവന്‍ അവിടുന്നായിരുന്നു.

മഴ പോയെങ്കിലും വഴിവക്കിലെ ഈ 'അലസി'യുടെ ചുവട്ടില്‍ നിന്നാല്‍ വീണ്ടും പെയ്യും.ഇതിപ്പോള്‍ കാറ്റുണ്ടായിട്ടും ഒറ്റത്തുള്ളി ഇല്ലല്ലോ..എങ്ങനെ പെയ്യാനാ? മുകളിലോട്ട് നോക്കിയപ്പോഴല്ലേ കാണുന്നത്..നാട്ടിലുള്ള മൊത്തം കമ്പ്യൂട്ടര്‍ സെന്ററുകളുടെയും പാരലല്‍ കോളേജുകളുടെയും ഫ്ലക്സ് ബോര്‍ഡുകളും..അവയെ താങ്ങി നിര്‍ത്തുന്ന കുറേ ഉണങ്ങിയ കൊമ്പുകളും...

ടാറിട്ടത് കൊണ്ടായിരിക്കും പണ്ട് ഓടിക്കയറിയിരുന്ന ആ കയറ്റം അത്രയുമില്ല.കയറ്റം കഴിഞ്ഞുള്ള ഈ വളവിലായിരുന്നു കിട്ടേട്ടന്റെ പെട്ടി പീടികയുംസഹദേവേട്ടന്റെ അനാദിപ്പീടികയും.ഉപ്പിലിട്ട നെല്ലിക്കയും മാങ്ങയും , ഉപ്പും മുളകും പെരക്കിയ നാരങ്ങയും കൈതച്ചക്കയും 'ബിണ്ടി' മുട്ടായിയും ഒക്കെയായിരുന്നു കിട്ടേട്ടന്റെ സ്പെഷ്യലുകള്‍. കുറച്ച് ഉപ്പ്‌ അധികം ചോദിച്ചാല്‍ കിട്ടേട്ടന്‍ തരില്ല.നീളന്‍ കുട കിട്ടേട്ടനു നേരെ ചൂണ്ടി "കിട്ടേട്ടന്‍ തോക്കെടു ത്താല്‍ ഠോ..ഠോ..ഠോ" എന്ന് പറഞ്ഞു കൂവലായിരുന്നു അതിനുള്ള പ്രതികാരം."പോടാ കഴുതകളെ ...."എന്ന് അലറിക്കൊണ്ട്‌ ഒരു മുട്ടന്‍ വടിയുമെടുത്ത് കിട്ടേട്ടന്‍ പിന്നെ നമ്മുടെ പിറകേ ഓടിക്കോളും.അരിയും മറ്റു സാധനങ്ങളും എല്ലാം ഉണ്ടെങ്കിലും ,ഒരു 'പായ് 'വരയുള്ള പെയ്പ്പറും വരയില്ലാത്ത പെയ്പ്പറും,നോട്ട് ബുക്കിന്റെ മുകളില്‍ ഒട്ടിക്കാന്‍ 'ലേബലും 'റബ്ബറിന്റെ ബോളും എല്ലാം വാങ്ങാനുള്ള ഏക ആശ്രയം സഹദേവേട്ടന്റെ പീടികയായിരുന്നു.കിട്ടേട്ടന്റെ പെട്ടിപ്പീടികയുടെ പൊടി പോലും ഇപ്പോള്‍ ഇവിടെയില്ല.സഹദേവേട്ടന്റെ പീടികയും അതിന്റെ അപ്പുറത്തെ ബീഡിക്കമ്പിനിയും പൊളിച്ചിട്ടാണ് ഈ കാണുന്ന രണ്ടു നിലയുള്ള ഷോപ്പിംഗ്‌ കംപ്ലെക്സ്‌ ഉണ്ടാക്കിയത്.താഴത്തെ നിലയില്‍ മൊബൈല്‍ സെന്ററും സി .ഡി ഷോപ്പും.മുകളില്‍ ലേഡീസ് 'ടെയിലറിംഗ് & ടെക്സ്റ്റയില്‍സും' പിന്നെ അക്ഷയ കേന്ദ്രവും.

കുന്നിന്റെ മുകളില്‍ എത്തിയിട്ടും ആ തണുത്ത കാറ്റിന്റെ സുഖം കിട്ടാത്തത് പോലെ.മുന്നിലാണെങ്കില്‍ മൂന്നാല് വഴികളും.'ഇത് പൊതു വഴിയല്ല 'എന്നെഴുതിയ വലിയ ഗേറ്റിന് അപ്പുറത്ത് രണ്ടു വലിയ ബില്‍ഡിങ്ങുകള്‍. കണ്ടിട്ട് വാടകയ്ക്ക് കൊടുക്കുന്ന ക്വാട്ടേഴ്സുകളാണെന്നു തോന്നുന്നു. മണ്ണിട്ട്‌ ഉയര്‍ത്തി ചുറ്റും മുള്ള് വേലി കെട്ടിത്തിരിച്ച,ഉഴുതു മറിച്ച സ്ഥലത്തേക്കാണ് വേറൊരു വഴി.
ഇത് മുത്താശ്ശിക്കുന്നല്ലേ? വിശാലമായി മൈതാനം പോലെ പരന്നു കിടന്നിരുന്ന ആ സ്ഥലമാണോ ഇത്? ചെറിയ ചെറിയ പാറക്കൂട്ടങ്ങള്‍ക്കിടയില്‍ പൊന്തിവന്നിരുന്ന മിനുമിനുത്ത ഉണങ്ങിയ വെള്ളപ്പുല്ല് കണ്ടാല്‍ ഏതോ ഒരു പല്ലില്ലാത്ത മുത്തശ്ശിയുടെ നരച്ച മുടി പോലെ തോന്നുമായിരുന്നു.അരിപ്പൂക്കാട്ടില്‍ ഓണത്തിന് പൊരിഞ്ഞ അടിയായിരിക്കും.ചുവപ്പും മഞ്ഞയും അരിപ്പൂ ഇവിടെ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എള്ളുമ്പൂവും,പെകോടയും,കാക്കപ്പൂവും എല്ലാം പറിച്ചു കഴിയുമ്പോഴേക്കും ആന മേഞ്ഞ കരിമ്പിന്‍ കാട് പോലെയായിരിക്കും ഇവിടെ മൊത്തം.ഇന്നിപ്പോള്‍ കക്ക് കളിക്കാന്‍ കളം വരഞ്ഞത് പോലെ കുന്നു മൊത്തം ഇടിച്ചു നിരത്തി,നാലു പാടും മതിലുകള്‍ കെട്ടിയിരിക്കുന്നു.

മഴ വെള്ളം ഒലിച്ചു പോകുന്ന,തോട് പോലുള്ള ഒരു ചാലു മാത്രമാണ് വഴിയായുള്ളത്.വാ ..അതിലെ നേരെ നടക്കാം.കാല് ചിലപ്പോള്‍ പൂണ്ടു പോകും.മൊത്തം ചെളിയാണ്.മെല്ലെ മെല്ലെനടന്ന് എത്തിയത് തുരുമ്പ്‌ പിടിച്ച ഒരു കൊടി മരത്തിനു മുമ്പില്‍..അതിന്റെ പിറകില്‍ ഓടിട്ട ഒരു പഴയകെട്ടിടം. സിമന്റ് തേക്കാത്ത ചെങ്കല്‍ ചുമരില്‍ തൂക്കിയിട്ടിരിക്കുന്ന ഒരു തകര ബോര്‍ഡില്‍ മഞ്ഞയില്‍ കറുപ്പ് നിറത്തില്‍ എഴുതിയിരിക്കുന്നു."മുത്താശ്ശിക്കുന്ന് എല്‍.പി.സ്കൂള്‍".

പെട്ടന്ന് മഴ പാറിയത് കൊണ്ടാണ് സ്കൂളിന് ഉള്ളിലേക്ക് കയറിയത്. 'ചാറല്‍' അടിച്ച് ബെഞ്ചും ഡസ്കും,ബോര്‍ഡും നനഞ്ഞിരിക്കുന്നു.വലിയ മഴ വന്നാല്‍ ഇപ്പോഴും 'ലോങ്ങ്‌ ബെല്ല'ടിച്ചു വിടുമായിരിക്കും.തീവണ്ടിയുടെ ടയര്‍ പോലുള്ള ബെല്ലും മുട്ടിയും തൂണിനടുത്ത്‌ തൂങ്ങുന്നുണ്ട്.പൊട്ടിപ്പൊളിഞ്ഞ സിമന്റ് തറയില്‍ ബീഡിക്കുറ്റികളും പാന്‍ മസാല പായ്ക്കറ്റുകളും...മേശപ്പുറത്തു പ്രാവിന്റെ കാഷ്ടം മനോഹരമായി കിടക്കുന്നുണ്ട്.'അടിച്ചു വാരല്‍ ഡ്യൂട്ടി 'ഉള്ളവര്‍ക്ക് പണിയായത്‌ തന്നെ.ജനലിന്റെ ഈ ദ്രവിച്ച മര അഴികല്‍ക്കിടയിലൂടെ 'ഉള്ള്' കാണാന്‍ ഒരു ശ്രമം നടത്തി നോക്കാം.അകത്ത് ഇരുട്ടാണെങ്കിലും ചുമരില്‍ കുറേ ചാര്‍ട്ടുകളും മറ്റും തൂക്കിയത്‌ കാണുന്നുണ്ട് .അടുത്തടുത്ത് തട്ടികള്‍ ഇട്ട് വേര്‍തിരിച്ച ക്ലാസ്സുകളൊന്നും കാണുന്നില്ല .ദൂരെ ദൂരെ മേശയ്ക്ക് ചുറ്റും മൂന്നാലു ബെഞ്ചുകള്‍ വട്ടത്തില്‍ ഇട്ടിരിക്കുന്നു.അങ്ങേയറ്റത്ത് ഉയരമുള്ള ബെഞ്ചുകള്‍ അടുപ്പിച്ച് സ്റ്റേജു പോലെ നിരത്തിയിട്ടുണ്ട്.ഇന്നലെ 'സാഹിത്യ സമാജം' നടന്നിട്ടുണ്ടാവും.


കൊടിമരത്തിന് ചുറ്റും അസെംബ്ലി കൂടാന്‍ കുറച്ചു സ്ഥലമുണ്ടെന്നല്ലാതെ പണ്ട് ഒടിക്കളിച്ച മൈതാനമൊന്നും ഇല്ല.അതുകൊണ്ട് പുറകിലോട്ടൊക്കെ ഒന്ന് നടന്നിട്ട് വരാം...ആഹാ..സ്കൂളില്‍ എനിക്ക് ഏറ്റവും ഇഷ്ടമല്ലാത്ത സ്ഥലം 'ഓവ് ചാല്‍-മൂത്രപ്പുര',കക്കൂസുകളായി മാറിയിട്ടുണ്ടല്ലോ..വെറുതെയല്ല എഴുതി വെച്ചിട്ട് കാണുന്നില്ലേ?
"പി.ടി.എ ഫണ്ട് -2000-01 വക.."
അഞ്ചാം ക്ലാസ്സിനു പുറകില്‍ കെട്ടിയുണ്ടാക്കിയ തിണ്ണയില്‍ തന്നെയാണ് കഞ്ഞിപ്പുര. ദേവലോകം പോലെ ക്ലാസ്സിലേക്ക് പുക അലയടിച്ചു വന്നിരുന്നെങ്കിലും ആദ്യം കഞ്ഞി കിട്ടിയിരുന്നത് അഞ്ചാം ക്ലാസ്സുകാര്‍ക്കയിരുന്നു. സ്റ്റാഫ്‌ റൂമിന് നേരെ പുറകിലുള്ള ഈ പാറപ്പുറത്തായിരിക്കും അറ്റ്‌ലസും ഗ്ലോബും എല്ലാം എടുത്ത്‌ നന്ദിനി ടീച്ചറുടെ സാമൂഹ്യപാഠം ക്ലാസ്സ്‌.ഇവിടെ നിന്ന് നോക്കിയാല്‍ അങ്ങ് താഴെ വയലും അതിന്റെ അപ്പുറം...ആ മൊബൈല്‍ ടവറിന്റെ അപ്പുറം ചെറിയ പുഴയും എല്ലാം കാണും.വെള്ളിയാഴ്ച ഉച്ചയ്ക്ക് കുപ്പിയും വാട്ടര്‍ ബോട്ടിലും എടുത്ത് വയലിലോട്ടു പോകലാണ് പ്രധാന പണി. രണ്ടരയ്ക്ക് മുമ്പ്‌ മടങ്ങുമ്പോള്‍ കുപ്പിയില്‍ മുശുവും കണ്ണിക്കുറിയനും,കയ്യില്‍ കുറേ ആമ്പലും എല്ലാം കാണും.

ഓഫീസ്‌ റൂമിന്റെ ജനല്‍ തുറന്നിട്ടിട്ടുണ്ടല്ലോ..ഇതൊന്നും പൂട്ടാതെയാണോ പോകുന്നത് ...
"ആരാ അത് ?"

അയ്യോ ..അകത്ത് ആളുണ്ട് ..ശനിയാഴ്ച ആയതുകൊണ്ട് ആരും ഉണ്ടാകില്ല എന്നാണ് കരുതിയത്‌ ..

അകത്ത് ചന്ദ്രിക ടീച്ചറാണ്.ടീച്ചറായിരിക്കും ഇപ്പൊ ഹെഡ് ടീച്ചര്‍.
"ഉസ്കൂള് ഒന്ന് കാണാന്‍ വന്നതാ.."

"ഇവിടെ പഠിച്ചതാണോ?"

"വാര്‍ഷികോത്സവത്തിന്‌ ആംഗ്യപ്പാട്ട് മുഴുവനും പാടാതെ കരഞ്ഞ്‌ ഇറങ്ങി വന്ന ഒരു കുട്ടിക്ക് ടീച്ചറ് കളര്‍ പെന്‍സില്‍ ...."

"ആ ..ഇപ്പൊ ഓര്‍മ്മ വന്നു ...എനിക്കെന്തിനാ കളര്‍ പെന്സില്... എനിക്ക് സ്ലേറ്റ് പെന്സില് മതി എന്ന് പറഞ്ഞ്‌ നിലവിളിച്ച കുട്ടി...ഇങ്ങനെ തടിയും വണ്ണവും മീശയും ഒക്കെ വെച്ചാ എങ്ങനെ മനസ്സിലാവാനാ?...."

"എന്നിട്ട് ഉസ്കൂളൊക്കെ കണ്ടോ...?"

"ആ ..ഒരു മാറ്റവുമില്ല...പഴയ പോലെ തന്നെ..പിന്നെ ടീച്ചറെ അഞ്ച് -ബി യൊന്നും ഇപ്പൊ ഇല്ലേ?"

"ബിയും ഇല്ല സീയുമില്ല...ആകെ പത്തു നാല്‍പ്പതു കുട്ട്യളുണ്ട്.ഒന്നാം ക്ലാസ്സിലിരുത്താന്‍ ആ ക്വാട്ടേഴ്സിലെ തമിഴന്‍മാരുടെ മൂന്നു പിള്ളറെ കിട്ടിയത് തന്നെ ഭാഗ്യം...മാനേജര് സ്കൂളും കൂടി 'ഗ്രാന്‍ഡ്‌ ടെക്സി'ന്‌ വിറ്റു എന്ന് അദാലത്തിനു മന്ത്രിയെ കാണാന്‍ പോകുന്നതിനു മുമ്പാണ് അറഞ്ഞത്‌.പൂട്ടിപ്പോവാതെ നിന്നാല്‍ നമ്മള് മൂന്നാല് പെണ്ണുങ്ങളുടെ കുടുംബം കുറച്ചു കാലം കൂടി പട്ടിണിയില്ലാതെ കഴിയും."

അല്ല.. ടീച്ചറ് പറഞ്ഞ ഈ 'ഗ്രാന്‍ഡ്‌ ടെക്സ് ' ഏതാ? പണ്ട് ബോര്‍ഡ്‌ മായിക്കാന്‍ 'പൊടേക്കര' വാങ്ങാന്‍ ഇടയ്ക്കിടയ്ക്ക് ക്ലാസ്സില്‍ നിന്നും പോയിരുന്ന ഒരു നെയ്ത്തുശാല ഉണ്ടായിരുന്നു.അവരിന്ന് വലിയ എക്സ്‌പോര്‍ട്ടിംഗ് കമ്പിനി ആയെന്ന് കേട്ടിരുന്നു.സ്കൂള്‍ പൂട്ടിപ്പോയാല്‍ ഗോഡൌണ്‍ ആക്കാമല്ലോ ...


നൊസ്ടാല്‍ജിയന്‍ പൈങ്കിളിക്കഥ ഇതു വരെ ....ഇനി അല്പം കാര്യങ്ങള്‍ ....

ഇതു പോലുള്ള സ്മാരകങ്ങള്‍ എങ്ങനെയുണ്ടാവുന്നു? കുട്ടികള്‍ ഇടയ്ക്ക് വെച്ച് പഠനം നിര്‍ത്തി പോകുന്നു എന്നാണ് വിദഗ്ദാഭിപ്രായം.നിര്‍ത്തി പോകാന്‍ ഒന്നാം ക്ലാസ്സില്‍ കുട്ടികള്‍ ചേരണ്ടേ?
പണ്ടൊക്കെയാണെങ്കില്‍ ചെറിയ കുട്ടികളെ നോക്കാന്‍ വീട്ടില്‍ അമ്മൂമ്മമാരും ചെറിയമ്മമാരുമൊക്കെ ഉണ്ടായിരുന്നു.ചോറും കറിയും വെച്ച് കളിച്ചു നടക്കുന്ന കുട്ടികളെ അഞ്ചാം വയസ്സില്‍ അരിയിലെഴുതിച്ച് ഒന്നാം ക്ലാസ്സില്‍ കൊണ്ടിരുത്തും.അണു കുടുംബങ്ങള്‍ പെരുകിയപ്പോള്‍ കുട്ടികളെ നോക്കാന്‍ സമയമില്ലാതെയായി.അവിടെയാണ് 'അംഗണ്‍ വാടികള്‍' പ്രചാരത്തിലായത്.രാവിലെ അവിടെ കൊണ്ടുചെന്നാക്കിയാല്‍ മതി.പാലും പൊടിയും ഒക്കെ കൊടുത്ത്‌ 'ആയ' കുട്ടിയെ നോക്കിക്കൊള്ളും.ഒന്നാം ക്ലാസില്‍ ചേര്‍ക്കാനായാല്‍ തൊട്ടടുത്തുള്ള സ്കൂളില്‍ ചേര്‍ക്കും.അല്പം കൂടി സാമ്പത്തിക
സ്ഥിതിയുള്ളവര്‍ക്ക് കുഞ്ഞു കുഞ്ഞു നഴ്സറികളും ഉണ്ടായിരുന്നു.
ഇന്നിപ്പോള്‍ അതാണോ സ്ഥിതി?മക്കളോട് സ്നേഹം ഉള്ള ഒരമ്മമാരും കുഞ്ഞിനെ അംഗണ്‍ വാടിയില്‍ അയക്കില്ല.ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ഒരു കുടുസുമുറിയും കുറേ പൊടിക്കുട്ടികളും..തിന്നലും കുടിക്കലും തൂറലും എല്ലാം അതില്‍ തന്നെ.പോരാത്തതിന് ഗര്‍ഭിണികളുടെ പരിശോധനയുംമരുന്ന് കൊടുക്കലും.അല്പം 'സ്റ്റാറ്റസ്' ഉള്ളവരാരും മക്കളെ അങ്ങോട്ടയക്കില്ല.അങ്ങനെയാണ് കാശ്‌ കടംവാങ്ങിയിട്ടാണെങ്കിലും കൂലിപ്പണിക്കാര് പോലും ഓമനകളെ ഓട്ടോറിക്ഷയില്‍ കുത്തിക്കയറ്റി
എല്‍ .കേ. ജീലോട്ട് അയക്കുന്നത്.ഇനി ഒന്നാം ക്ലാസ്സില്‍ മാറ്റി ചേര്‍ക്കാമെന്നു കരുതിയാല്‍ പാര്‍ക്കും, പാവകളെയും ഒക്കെ കണ്ടു സുഖം പിടിച്ച കുട്ടി അവിടെ ഇരിക്കുകയുമില്ല .ഇന്നത്തെ ലോകത്തു ജീവിക്കാന്‍ അല്‍പ സ്വല്‍പ്പം'കമ്യൂണിക്കേഷന്‍ 'ചെറുപ്പത്തില്‍ തന്നെ മക്കള് പഠിച്ചോട്ടേയെന്ന് മാതാപിതാക്കളും കരുതും.

ഇന്റര്‍നാഷണല്‍ സ്കൂളിന്റെ ഏസി ക്വാളിസ്‌ വണ്ടി ഏത് കാട്ടുമുക്കില്‍ പോലും എത്തും.കുട്ടികളെ ഭദ്രമായി പ്രീ-സ്കൂളില്‍ കൊണ്ടു വിടും ,തിരിച്ചു വീട്ടു പടിക്കല്‍ എത്തിക്കും. എഞ്ചിനീയറിംഗ് , എം . ബി .ബി എസ്, എം. ബി.എ ഏത് വരെ വേണമെങ്കിലും പഠിക്കാനുള്ള സൗകര്യം ഒറ്റ മതില്‍ക്കെട്ടിനുള്ളില്‍ ഉണ്ട്.അത് മാത്രവുമല്ല,ഓരോ മതക്കാര്‍ക്കും ,ജാതിക്കാര്‍ക്കും സ്വന്തം സ്വന്തം വിദ്യാലയങ്ങള്‍.ഭക്ഷണത്തിനു മുമ്പുള്ള പ്രാര്‍ത്ഥനയും,ഉറങ്ങാന്‍ പോകുന്നതിനു മുമ്പുള്ള പ്രാര്‍ത്ഥനയും,ധ്യാനവും,ശ്ലോകവും എല്ലാം പഠിപ്പിക്കും.

ഇത്രയൊക്കെ സൌകര്യം ലഭിക്കുമ്പോള്‍ ആരെങ്കിലും മക്കളെ പട്ടിക്കാട്ടിലെ പൊട്ടസ്കൂളില്‍ അയക്കുമോ?കാലം മാറിയിട്ടും കോലം മാറാത്ത ,ഒരു മഴ വന്നാല്‍ ബോര്‍ഡ്‌ കാണാത്ത ,അടിസ്ഥാന സൌകര്യങ്ങള്‍ ഉണ്ടാക്കാതെ നേരം നേരം പുസ്തകവും ,പഠന രീതിയും മാറ്റുന്ന മലയാലം മീഡിയങ്ങള്‍.... സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ അലഞ്ഞു തിരിയുന്ന കന്നു കാലികളും മനുഷ്യരും കയറിക്കിടക്കുമ്പോള്‍ ആദായമില്ലാത്ത സിനിമാ ടാക്കീസ് പൊളിച്ചു വില്‍ക്കുന്നത് പോലെ മാനേജര്‍മാര് സ്കൂളുകളും വില്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു.വിദ്യാഭ്യാസ ബിസ്സിനസ്സ്കാര്‍ ചിലതൊക്കെ കൂട്ടത്തോടെ വിലക്കെടുത്ത്‌ ട്രസ്റ്റുണ്ടാക്കി പച്ചപിടിപ്പിക്കാന്‍ ശ്രമിച്ചതായിരുന്നു.'ആദിവാസിക്കടത്ത്' വിവാദം കാരണം അതും പാളി .
ചോര്‍ന്നൊലിക്കുന്ന മുറിയില്‍ കമ്പ്യൂട്ടറും പ്രൊജെക്റ്ററും വാങ്ങി വെച്ചും എസ് എസ് എല്‍ സി ക്ക് വിജയ ശതമാനം കൂട്ടിയും ക്ലസ്റ്റര്‍ മീറ്റിങ്ങുകള്‍ നടത്തിയും സര്‍ക്കാറുകള്‍ വിദ്യാഭ്യാസത്തെ പുരോഗതിയിലേക്ക് നയിക്കുന്നു.ടാറ്റയുടെയും ബിര്‍ളയുടെയും,zee യുടെയും ഒക്കെ വന്‍കിട പ്രീ-സ്കൂളുകളും, ബോര്‍ഡിങ്ങുകളുമൊക്കെയേ ഇനി വ്യാപകമാകാനുള്ളൂ.

ഒരു 'ക്ലാസ്സ്‌മേറ്റ്സ്‌ ' ഇറങ്ങിയപ്പോള്‍ മുതല്‍ കോളേജുകളില്‍ 'അലുമിനി മീറ്റു'കളുടെ തിരക്കാണ്.പഴയ പള്ളിക്കൂടത്തെപ്പറ്റി ഇനി ഒരു സിനിമ ഇറങ്ങി,ആരെങ്കിലും അങ്ങോട്ട്‌ അന്വേഷിച്ചു ചെല്ലുമ്പോഴേക്കും,അറവുമാടുകളെപ്പോലെ അന്ത്യ ദിനവും കാത്തിരിക്കുന്ന ഈ സ്മാരകങ്ങള്‍ ഉണ്ടാകുമോ ?പഴയ നാലാം ക്ലാസ്സിലെ മലയാളം പദ്യത്തിലെ വരികള്‍ പോലെ ...

"തിങ്കളും താരങ്ങളും തൂവെള്ളി കതിര്‍ ചിന്നും
തുങ്കമാം വാനിന്‍ ചോട്ടിലാണെന്റെ വിദ്യാലയം .........."


Friday, August 21, 2009

ഋതുക്കാഴ്ചകള്‍


ഋതുക്കള്‍ മാറുമ്പോള്‍ കൂടെ നമ്മളും മാറുന്നുണ്ടോ?ചുറ്റുമുള്ളവര്‍ മാറിയാലും ചിലര്‍ അതൊന്നും അറിയാതെ പഴയ ഓര്‍മ്മകളും അതില്‍ നിന്നും പടുത്തുയര്‍ത്തിയ സ്വപ്നങ്ങളുമായി പഴയ കാലത്ത് തന്നെ ജീവിക്കും.കാലത്തിനും ഒരുപടി മുമ്പേ മാറുന്നവരും ഉണ്ട്.മറ്റു ചിലര്‍ക്കാകട്ടെ മാറ്റത്തിന്റെ കുത്തൊഴുക്കില്‍ നിസ്സാഹയരായി നോക്കി നില്ക്കാനേ കഴിയൂ.

ഋതുക്കള്‍ മാറിയപ്പോള്‍ അതിനൊപ്പം മാറിയ,സൗഹൃദത്തിന്റെ കാഴ്ചയുമായി എത്തിയ 'ഋതു'വിന്റെ വൈകിട്ടത്തെ ഷോയ്ക്കായി സാഗരയെന്ന കുട്ടി തീയറ്ററില്‍ ഇരിക്കുമ്പോള്‍ ചുറ്റും ഉണ്ടായിരുന്നത് പത്തിരുപതു പേര്‍‍. എല്ലാം ചെറുപ്പക്കാര്‍.കുടുംബങ്ങളോ സ്ത്രീകളോ അക്കൂട്ടത്തില്‍ ഉണ്ടായിരുന്നില്ല.

ഏസിയുടെ തണുപ്പറിയാന്‍ കുറച്ചു സമയം എടുത്തത് പോലെ ശരത്‌ വര്‍മ്മയോടും,സണ്ണി ഇമ്മട്ടിയോടും,വര്‍ഷയോടും അടുക്കാന്‍ കുറച്ചു സമയമെടുത്തു.അത്രയും സമയം സത്യം പറഞ്ഞാല്‍ വിശാലമായ സ്ക്രീനിലെ മനോഹരങ്ങളായ കാഴ്ചകള്‍ കണ്ടിരിക്കുകയായിരുന്നു. തടാകവും,പുല്‍മേടുകളും,ടെക്നോസിറ്റിയും എല്ലാം മനസ്സിന് കുളിര്‍മ നല്‍കുന്ന ദൃശ്യങ്ങളായിരുന്നു.ഇമ്പമാര്‍ന്ന പാശാത്തല ശബ്ദങ്ങളും ,സംഗീതവും ഒപ്പം ഈ കാഴ്ചകളും ചേരുമ്പോള്‍ 'സുഖം പകരുന്ന പുതുമ'എന്ന പരസ്യ വാചകം ശരിയാവുന്നുണ്ട്.

കാറിന്റെ മുന്‍ ഗ്ലാസില്‍ വീഴുന്ന മഴവെള്ളത്തിന്റെ ,പഴയ ഡയറിത്താളിന്റെ,തടാകത്തിലെ തണുത്ത വെള്ളത്തിന്റെ,കംപ്യൂ ‍ട്ടര്‍ സ്ക്രീനിന്റെ,മൊബൈല്‍ ഫോണിന്റെ അങ്ങനെ പലതിന്റെയും തൊട്ടടുത്തു നിന്നുള്ള കാഴ്ച ഓരോ ഫ്രെയിമിലും നിറയുമ്പോള്‍ ചെറിയ വിസ്മയവും ഉള്ളില്‍ നിറയും.

ഇടയ്ക്കെപ്പോഴോ കഥാപാത്രങ്ങളുടെ അടുത്ത് എത്തിയെങ്കിലും പിന്നണിയിലെ സംഗീതം പെട്ടന്ന് നിലച്ചപ്പോള്‍ തിരികെ വന്നു.വര്‍ഷങ്ങള്‍ക്കു ശേഷം വീട്ടിലെത്തിയ ശരത് അച്ഛന് പുസ്തകം സമ്മാനിച്ചപ്പോള്‍ ,'ചമന്തി ഇടട്ടെ' എന്ന് അമ്മ ചോദിച്ചപ്പോള്‍ ഒക്കെ പുറകില്‍ നിന്നും പലരും പിറുപിറുക്കുന്നുണ്ടായിരുന്നു.മൂന്നു കൂട്ടുകാരുടെയും തമാശകള്‍ കണ്ടപ്പോള്‍,പ്രത്യേകിച്ചും മെഡിക്കല്‍ സ്റ്റോറില്‍ ചെന്ന് വര്‍ഷ ചോദിച്ച ചോദ്യം കേട്ടപ്പോള്‍ തീയറ്ററില്‍ ആദ്യമായി ചിരിപൊട്ടി.

കൂട്ടുകാരനും കൂട്ടുകാരിക്കും സംഭവിച്ച മാറ്റത്തില്‍ ശരത് ഞെട്ടുമ്പോള്‍ ,എന്തോ അത് അത്ര വലിയ വേദനയായി തോന്നിയില്ല.ഒരു പക്ഷേ അവരുടെ കഴിഞ്ഞ കാലം ,ആ പഴയ സൗഹൃദം അത്രയ്ക്കങ്ങോട്ട് ഉള്ളില്‍ കയറാത്തത് കൊണ്ടാവാം. ഏറ്റവും വലിയ ഓഫര്‍ കിട്ടി എന്ന് പറഞ്ഞു സെറീന തുള്ളിച്ചാടിയപ്പോള്‍ ഒന്നും പ്രതികരിക്കാതെ നിന്ന ബാലുവിന് എല്ലാവരും കൈയടി കൊടുത്തപ്പോള്‍ എന്റെ കൈകളും അതില്‍ ചേര്‍ന്നു.

എഴുത്ത്‌ കൈവെടിയരുത്‌ എന്ന് വീണ്ടും വീണ്ടും പറയുന്ന അച്ഛന്‍ ,'ഓര്‍മ്മ അപകടമാണ്..സൂക്ഷിച്ചു കൈകാര്യം ചെയ്യണം' എന്ന് പറഞ്ഞ് തലയില്‍ തലോടി ഉപദേശിക്കുന്ന ചേട്ടന്‍ ,'എന്റെ പെര ദാ ..ഇവിടെയായിരുന്നു'എന്ന് വിതുമ്പുന്ന 'പ്രാഞ്ചി'അങ്ങനെ ചിലര്‍ തിരശ്ശീലയില്‍ മിന്നി മറിഞ്ഞിട്ടും കണ്ണിനു മുന്നില്‍ വീണ്ടും എത്തി.

നഷ്ടപെട്ട ഓര്‍മ്മകളും,പ്രണയവും ,സ്വപ്നങ്ങളും എല്ലാം ശരത് പുസ്തകമാക്കി വര്‍ഷയ്ക്കും സണ്ണിക്കും സമര്‍പ്പിക്കുമ്പോള്‍ 'ഋതു' അവിടെ തീരുന്നു.കടവിലെ വഞ്ചിക്കാരന്‍ കൂട്ടുകാരൊക്കെ എവിടെ? എന്ന് ചോദിക്കുമ്പോള്‍ ചിലപ്പോള്‍ നമ്മളോടു തന്നെ ചോദിച്ചു പോകും ..ആ പഴയ കൂട്ടുകാരൊക്കെ എവിടെ?

വളരെ രഹസ്യമായി നിര്‍മ്മിക്കുകയും ,പെട്ടന്നൊരു ദിവസം പരസ്യമാക്കുകയും ചെയ്ത 'ഋതു 'വിന്റെ വിശേഷങ്ങളും,ശ്യാമപ്രസാദും,മമ്മൂട്ടിയുടെ പ്ലേ ഹൌസും ഒക്കെയായിരുന്നു കഴിഞ്ഞ ഒരു മാസക്കാലം അച്ചടി ദൃശ്യ മാധ്യമങ്ങളിലെ വിനോദ വിഭാഗത്തില്‍ നിറഞ്ഞു നിന്നത്. അതുകൊണ്ട് തന്നെയായിരിക്കാം പലരും ശ്യാമപ്രസാദില്‍ നിന്ന് ഒരു ക്ലാസ്സിക്‌ പ്രതീക്ഷിച്ചത്.ശബ്ദ-സംഗീത പാശ്ചാത്താലം ഇല്ലാതെ ഇടക്കൊക്കെ വരുന്ന നീണ്ടസംഭാഷണങ്ങളും,അതില്‍ തന്നെ ചില 'മുറി'- ഇംഗ്ലീഷുകളും സാധാരണ പ്രേക്ഷകരെ അലോസരപ്പെടുത്തിയേക്കാം.ചില രംഗങ്ങളുടെ കൂട്ടി ചേര്‍ക്കല്‍ ഒരു ഒഴുക്കില്‍ അങ്ങനെ ആസ്വദിക്കാന്‍ പറ്റാത്തത് പോലെയും കാണാം.എങ്കിലും മനം കവരുന്ന ദൃശ്യങ്ങളും,'കുക്കു.. ക്കൂ ..കുക്കു.. ക്കൂ തീവണ്ടി 'എന്ന് പാടിപ്പിക്കുന്ന സംഗീതവും,ഒരു പറ്റം പുതിയ മുഖങ്ങളും ,അവരുടെ പുതിയ ശബ്ദങ്ങളും നിരാശപ്പെടുത്തില്ല .ഉടന്‍ തന്നെ തെലുങ്കിലേക്കും ഹിന്ദിയിലേക്കും മൊഴി മാറ്റുന്ന 'ഋതു'
ഇംഗ്ലീഷില്‍ കേട്ടാലായിരിക്കും അതിനേക്കാള്‍ ഭംഗി എന്ന് തോന്നുന്നു.


വാല്‍ക്കഷ്ണം:ലൈറ്റ് തെളിഞ്ഞപ്പോള്‍ ഉടന്‍ തന്നെ പുറത്തേക്ക് ഇറങ്ങാതെ എല്ലാവരും അഭിനേതാക്കളുടെ പേരൊക്കെ വായിച്ചു.'നിഷാന്‍ as ശരത് വര്‍മ്മ'..."ഇവന്‍ സൂപ്പറായിന് കെട്ടാ... പ്രിഥ്വിരാജിനും,ജയസൂര്യക്കും,കുഞ്ചാക്കോ ബോബനും ഒക്കെ.. പണി കിട്ടും.." എന്ന് ചിലരും,"കമ്പ്യൂട്ടര്‍ ഒക്കെ പഠിച്ചാ മതിയാരുന്നു ...ബാംഗ്ലൂരൊക്കെ നല്ല സെറ്റ്- അപ്പാടാ "എന്ന് ചില വിദ്വാന്‍മാരും അഭിപ്രായം പാസ്സാക്കുന്നത് കേട്ടു.

Sunday, August 09, 2009

പകര്‍ച്ചപ്പനി വിശേഷങ്ങള്‍

"ഇത് പനിയല്ല ..മഹാവ്യാധിയാണ് ...എന്റെയൊക്കെ കുട്ടിക്കാലത്ത്‌ പനി എന്ന് പറഞ്ഞാല്‍ ...ഹോ ഓര്‍ക്കുമ്പോള്‍ നാവില്‍ വെള്ളമൂറുന്നു..ചൂട് പൊടിയരിക്കഞ്ഞിയും ഉപ്പിലിട്ട മാങ്ങയും ,ചമന്തിയും അമ്മ പ്ലാവില കുമ്പിളില്‍ കോരിത്തരും ..മൂടിപ്പുതച്ചു കിടന്നുറങ്ങാം..പനി മാറിയാല്‍ അമ്മയുടെ വക വിശദമായ കുളിപ്പിക്കല്‍...ഇന്നോ..കഞ്ഞി പോയിട്ട് പച്ച വെള്ളം പോലും കുടിക്കാന്‍ കഴിയുന്നില്ല.നമ്മുടെ കുട്ടികള്‍ക്ക് പനി അനുഭവങ്ങള്‍ നഷ്ടമാകുന്നു.."
പകര്‍ച്ചപ്പനിയുടെ വിശേഷങ്ങളുമായി ഒരു പോസ്റ്റ്‌ ഇട്ടിരുന്നു .ദാ ഇവിടെ

Sunday, August 02, 2009

പനിയുടെ വികൃതികള്‍!


അങ്ങനെ മലബാറിലും പകര്‍ച്ചപ്പനി വന്നെത്തി .മലയോര മേഖലയില്‍ കഴിഞ്ഞ ഏപ്രിലില്‍ പൊട്ടിപ്പുറപ്പെട്ടു എന്നു പറയപ്പെടുന്ന പനി ഇപ്പോഴും സൂപ്പര്‍ മെഗാ ഹിറ്റായി തകര്‍ത്തോടുകയാണ്.
വര്‍ഷങ്ങള്‍ക്കു മുമ്പ്‌ 'പകര്‍ച്ചപ്പനി,ചിക്കുന്‍ ഗുനിയ 'എന്നൊക്കെ പത്രങ്ങളില്‍ വായിച്ച്‌"ഹി...ഹി..ചിക്കനോ ?മട്ടനില്ലേ?"എന്നൊക്കെ പറഞ്ഞു ചിരിച്ചവര്‍ ഇപ്പോള്‍ നിലവിളിക്കാന്‍ പോലും കഴിയാതെ ഉഴലുകയാണ്.ചിക്കുന്‍ ഗുനിയ, പന്നിപ്പനി,ഡെങ്കിപ്പനി,എലിപ്പനി, പക്ഷിപ്പനി,മലമ്പനി,വൈറല്‍ പനി, തക്കാളിപ്പനി തുടങ്ങിയ പനികളില്‍ തങ്ങളുടേത് ഏതാണ്‌ എന്നറിയാതെയും എന്ത് ചികിത്സ ചെയ്യണം എന്നും അറിയാതെ ജനം നട്ടം തിരിയുകയാണ്.
പലര്‍ക്കും ഈ പറയുന്നത് പോലെ ചൂടന്‍ പനിയൊന്നും ഇല്ല.രാത്രി ചിലപ്പോള്‍ ദേഹത്ത് ചെറിയ ചൂട് പോലെ തോന്നും രാവിലെ ഉറക്കം എഴുന്നേറ്റു കണ്ണാടി നോക്കിയാല്‍ ഞെട്ടും! മുഖമൊക്കെ തടിച്ചു വീര്‍ത്ത്‌,ശരീരം വീപ്പക്കുറ്റിപോലെ കാണാം ,അല്ലെങ്കില്‍ ചുവന്നു തുടുത്ത്‌ ചമ്പങ്ങയെ പ്പോലെയോ,തക്കാളി പോലെയോ കാണും ,അതുമല്ലെങ്കില്‍ മുടിയില്‍ മഞ്ഞു വീണത്‌ പോലെ താരന്‍ പ്രത്യക്ഷ പ്പെട്ടത് കാണാം .ചിലര്‍ക്ക് വസൂരി പോലെ പോലെ കലകള്‍ കാണാം.മറ്റു ചിലര്‍ക്ക് വായയില്‍ പുണ്ണ് പഴുത്ത്‌ നില്‍ക്കുന്നത് കാണാം.ഭാഗ്യമുള്ളവര്‍ക്ക് ഇതൊന്നും കാണില്ല,രാവിലത്തെ ചായകുടി കഴിഞ്ഞാല്‍ നോണ്‍ സ്റ്റോപ്പ്‌ ചര്‍ദ്ദി തുടങ്ങിക്കോളും .അതിനെക്കാള്‍ ഭാഗ്യം ഉള്ളവര്‍ക്ക് നിന്നനില്‍പ്പില്‍ ബോധം മറയും .പിന്നെ ഒന്നും അറിയേണ്ടതില്ലല്ലോ.
ഇനി ഒരു രണ്ടാഴ്ച കഴിഞ്ഞ് ക്ഷീണവും വേദനയും ഒക്കെ മാറി ഒന്ന് കുളിച്ചു കളയാം,എന്ന് കരുതിയാല്‍ കുഴഞ്ഞത് തന്നെ!വെള്ളം ദേഹത്ത് വീണാല്‍ ഉടന്‍ തുടങ്ങും ചൊറിച്ചലും വേദനയും ...പിന്നെ വീണ്ടും പനിയുടെ ദിനങ്ങള്‍..പനിയുടെ ഈ അനന്തരഫലങ്ങള്‍ കാരണം ഒന്നും ചെയ്യാന്‍ കഴിയാതെ വലയുകയാണ് ജനങ്ങള്‍ .
ഒരു അമ്മൂമ്മ പറയുന്നത് കേള്‍ക്കുക.

"എന്റെ മോനെ..ഈ പണ്ടാര പനീനെക്കൊണ്ട് ഒരടി നടക്കാന്‍ കയിന്നില്ല .ഈ കൈ കണ്ടോ?..വിരല് നിവര്‍ത്താന്‍ പോലും കയുന്നില്ല മീന്‍ മുറിക്കാനോ,

ചോറ് വാര്‍ക്കാനോ ഒന്നും കയിന്നില്ല .നമ്മക്ക് ഹോട്ടലിന്നെങ്കിലും ചോറ്വാങ്ങാം..ഈടെ രണ്ടു പൈ(പശു ) ഉള്ളതല്ലേ ..ആയിറ്റിങ്ങള്‍ക്ക് പുല്ലു ചെത്താനോ ഒന്ന് മാറ്റിക്കെട്ടാനോ ,എന്തിന്.. ഒന്ന് കറക്കാന്‍ പോലും കയ്യിന്നില്ല മോനേ..." -കൌസല്യ(വീട്ടമ്മ)


ഇനി എങ്ങനെ ഈ പനി വന്നു?ചിലര്‍ പറയുന്നു കൊതുക് പരത്തുന്നു എന്ന് .വൈറസ്‌ ആയതുകൊണ്ട് വായുവിലൂടെ എന്ന് മറ്റു ചിലര്‍.എന്തായാലും പരിസര മലിനീകരണം പനിയെ വിളിച്ചു വരുത്തിയെന്നു പലരും സമ്മതിക്കുന്നു.പക്ഷേ ചില ഭിന്നസ്വരങ്ങളും ഉയരുന്നുണ്ട്.
ഇതാ അത്തരത്തില്‍ ഒരു സ്വരം ..

"പഞ്ചായത്തുകള്‍ ചീഞ്ഞു നാറുന്നു എന്നാണ് പറയുന്നത്..ഞാന്‍ ഒരിക്കലും സമ്മതിക്കില്ല.തൊഴിലുറപ്പ് പദ്ധതി എന്നും പറഞ്ഞ് ഉള്ള കാടും ഓടയും ചപ്പും ചവറും മഴയ്ക്ക് മുമ്പേ വൃത്തിയാക്കിയത് നമ്മള് പെണ്ണുങ്ങളാ.പനി വരും എന്ന് ഇവര്‍ റിപ്പോര്‍ട്ട് ചെയ്തതിനു പോലും..എന്നിട്ട് എവിടെയായിരുന്നു?പണ്ടൊക്കെ ഒരു കക്കൂസ് ടാങ്ക് പൊട്ടിയാലോ ..കിണറ്റില് കാക്ക മീനിന്റെ മുള്ള് കൊത്തിക്കൊണ്ട് ഇട്ടാലോ,ഒരു തീപ്പെട്ടി കൂടില്‍ ബ്ലീച്ചുമായി,'ഹെല്‍ത്ത്‌ ..ഹെല്‍ത്ത്‌'

എന്ന് പറഞ്ഞ് അപ്പൊ വരും ..മന്ത് വരുന്നു എന്ന് പറഞ്ഞ്, പണ്ട്.. കഴിഞ്ഞ നൂറ്റാണ്ടില്‍ ഒരു കൊതുകിനു മരുന്നടിക്കല്‍ ഉണ്ടായിരുന്നു..പിന്നെ ആ കുന്ത്രാണ്ടം ഏതോ ഒരു സിനിമയില്‍ കോമഡി സീനില്‍ കണ്ടതല്ലാതെ ജീവനോടെ കണ്ടിട്ടില്ല "- പ്രീതാ കുമാരി (കുടുംബശ്രീ പ്രവര്‍ത്തക)



അതിനിടെ പനിയുടെ പിന്നിലുള്ള കറുത്ത കരങ്ങളെക്കുറിച്ച് പലര്‍ക്കും പലരെയും സംശയം ഉണ്ട് .രാഷ്ട്രീയ നിരീക്ഷകന്‍ ഉല്പ്പലാക്ഷ ശാസ്ത്രി പറയുന്നത് കേള്‍ക്കുക.


"പനിയെത്തുടര്‍ന്നു കുത്തക കമ്പിനികളുടെ 300 കോടിയിലധികം രൂപയുടെ മരുന്നുകളാണ് വിറ്റഴിച്ചത് .ഇതിനു പിന്നില്‍ അമേരിക്ക പോലുള്ള സാമ്രാജിത്യ ശക്തികള്‍ പ്രവൃത്തിക്കുന്നുണ്ട്.ഇന്ന് പനി പരത്തി മരുന്ന് വിറ്റഴിക്കുന്ന അവര്‍ നാളെ വാക്സിന്‍ ഉണ്ടാക്കി നമ്മുടെ മേലില്‍ തന്നെ പരീക്ഷിക്കും.."





കേണല്‍ കേളു നായര്‍ ഉറച്ചു വിശ്വസിക്കുന്നത്, ഈ മഹാമാരിക്കു പിറകില്‍ ഭീകര ,തീവ്രവാദ സംഘ ങ്ങള്‍ ആണെന്നാണ് ."മുമ്പ്‌ ആന്ത്രാക്സ് പൊടികള്‍ ജൈവായുധമായി ഉപയോഗിച്ച അവര്‍ പല മാരക വൈറസുകളെയും നുഴഞ്ഞു കയറ്റുന്നുണ്ട്.യുവാക്കളുടെയും കുട്ടികളെയും അങ്ങനെ

വളര്‍ന്നു വരുന്ന തലമുറയേയും തളര്‍ത്തുകയാണ് ഉദ്ദേശം. "
പനി വന്നതോടെ ചാകരയായത്‌ ആശുപത്രിക്കാര്‍ക്കാണ്.ഗവണ്‍മെന്റ് ആശുപത്രികളുടെ മുന്നില്‍ ക്യൂ നിന്ന് ബോധം കേടുന്നവരെ നേരെ സ്വകാര്യ ആശുപത്രികളിലേക്ക് കൊണ്ട് പോകും .പിന്നെ 'ഇന്‍ജെക്ഷന്‍,ഗ്ലൂക്കോസ് ,'ഇ സീ ജി ',എക്സ് റെ ',ബ്ലഡ്‌ ടെസ്റ്റ്‌ 'അങ്ങനെ അനവധി കടമ്പകള്‍ .നഴ്സിങ്ങിന് പഠിക്കുന്ന കുട്ടികള്‍ക്ക് ഇപ്പോള്‍ പ്രാക്ടിക്കല്‍ മാത്രമേ ഉള്ളു .എല്ലാവരും സൂചിവെച്ചും ,ഇ സീ ജി എടുത്തും പഠിക്കുന്നു.നഗരങ്ങളിലെ ആശുപത്രികളില്‍ മുറി കിട്ടാനേ ഇല്ല.
ഇതാ ഒരു അനുഭവകഥ: "ഞമ്മക്ക്‌ പെനി വന്നിറ്റ് കുറെ മസായി.അപ്പളെ ഈ മുറിയിലാ...ഒരാഴ്ച മുമ്പ് ബുക്ക്‌ ചെയ്തത് കൊണ്ടാണ് ഞമ്മന്റെ മോള് ഖദീജക്ക് അപ്പറം മുറി കിട്ടിയത്.ഒളെ കുട്ടിയോളെ

വാര്‍ഡില് നിലത്ത് കെടത്തണ്ട എന്ന് കെരുതി എ സീ മുറീല് ആക്കി .ജസീലയും കെട്ടിയോനും ദാ അബിടെ ആ മുറീലാ..വാപ്പക്ക് പനീന്റെ കൂടെ ശ്വാസം മുട്ടല് കൂടിയത് കാരണം ഐ സീ യൂവിലാ ,എളേ ചെക്കന് ചര്‍ദ്ദി തൊടങ്ങീറ്റ് ഇണ്ട്.ഓന് മുറി ഒപ്പിക്കാന്‍ ,മോള്ന്ന് വിളിപ്പിക്കാന്‍ പറഞ്ഞിട്ടുണ്ട്, നാസരോട് .." -ആയിശുമ്മ (റൂം നമ്പര്‍ 348 ,മോഡേണ്‍ ആശുപത്രി ).


ഈ പനി കാരണം നാട്ടില്‍ പുറത്തിറങ്ങി നടക്കാന്‍ പോലും കഴിയുന്നില്ല.കടകള്‍ അടച്ചിട്ടിരിക്കുന്നു.ഒരൊറ്റ പണിക്കും ഒരാളെയും കിട്ടാനില്ല .അര്‍ദ്ധരാത്രി ബോധം കെട്ട് ആശുപത്രിയില്‍ പോകാന്‍ ഓട്ടോറിക്ഷ വിളിച്ചാല്‍ ഓട്ടോക്കാരനും പനി പിടിച്ചു കിടപ്പിലായിരിക്കും. ആശുപത്രിയില്‍ രോഗിയുടെ കൂടെ നില്‍ക്കാനോ,ശുശ്രൂഷിക്കാനോ ബന്ധുക്കള്‍ പോലും തയ്യാറാവുന്നില്ല.
ഇങ്ങനെ മൊത്തം ഒരു സംഭവമായ പനിയുടെ പേരില്‍ നാട്ടുകാര്‍ സംഘടിച്ചതില്‍ യാതൊരു പുത്തരിയും ഇല്ല.ഓരോ താലൂക്കിലും ഓള്‍ കേരള പനി രോഗി അസോസിയേഷന്‍ യൂണിറ്റുകള്‍ ഉടന്‍ നിലവില്‍ വരും.ട്രെന്‍ഡ് മുതലെടുത്തു കൊണ്ട് പല സമുദായങ്ങളും ,സമിതികളും ആശ്വാസം പാഴ്സലായി നല്‍കുന്നുണ്ട്.ആലോപ്പതിക്കാരും ,ഹോമിയോക്കാരും ,ആയുര്‍വേദക്കാരും പനി ഉടന്‍ മാറ്റാന്‍ ഞങള്‍ക്ക് കഴിയും എന്നും പറഞ്ഞു തല്ലു കൂടുന്നു.കര്‍ക്കിടിക കഞ്ഞിയും ചികിത്സയും പനി കാരണം ചിലവാകാതെ വന്ന ആയുര്‍വേദ കച്ചവടക്കാര്‍ 'പനിയുടെ നീരും വേദനയും മാറ്റിക്കൊടുക്കപ്പെടും','രണ്ടു ദിവസം കൊണ്ട് പനി മറ്റും പനി- കിറ്റ് ഇവിടെ കിട്ടും 'എന്നൊക്കെ ബോര്‍ഡ്‌ തൂക്കിയിട്ടുണ്ട്.കമ്മ്യൂണിസ്റ്റു പച്ചയാണ് മറ്റൊരു താരം !വേദനയും നീരും മാറ്റുന്ന ഈ ദിവ്യ ഔഷധിക്ക് കിലോയ്ക്ക് 80 രൂപയാണ്‌ വില .കെട്ടിന് 20 രൂപ .ശീമക്കൊന്നയില ,കണിക്കൊന്നയില,തുളസിയില, പേരയില,പുളിയില,വേപ്പിലതുടങ്ങിയ പച്ച മരുന്നുകളും വിപണിയില്‍യില്‍ ലഭ്യം .അതിനിടെ പനി കാരണമല്ല, സൂപ്പര്‍ സ്റ്റാറിന്റെ റിയാലിറ്റി ഷോ കാരണമാണ് തീയറ്ററില്‍ ആള്‍ക്കാര്‍ വരാത്തത് എന്ന് സിനിമാക്കാരും പനി കാരണമാണ് സ്കൂളില്‍ കുട്ടികള്‍ ഇല്ലാത്തത് എന്ന് അടച്ചു പൂട്ടാന്‍ പോകുന്ന സ്കൂളുകാരും പ്രമേയം പാസ്സാക്കിയിട്ടുണ്ട്.


അടുത്ത ദിവസം തന്നെ നഗരങ്ങളില്‍ പനി മഹോത്സവം നടക്കുന്നുണ്ട് .പനി ഒരു ആഘോഷമാക്കുകയാണ് ഉദ്ദേശം .പനിപ്പാട്ട്,പനി ഡാന്‍സ്‌,പനി നാടകം ഇവ നടക്കും. അതിനെക്കുറിച്ച് പ്രശസ്ത സാംസ്കാരിക പ്രവര്‍ത്തകന്‍ കിട്ടുകുമാര്‍ കുറ്റിക്കാട് ഇങ്ങനെ പറയുന്നു.


"ഇത് പനിയല്ല ..മഹാവ്യാധിയാണ് ...എന്റെയൊക്കെ കുട്ടിക്കാലത്ത്‌ പനി എന്ന് പറഞ്ഞാല്‍ ...ഹോ ഓര്‍ക്കുമ്പോള്‍ നാവില്‍ വെള്ളമൂറുന്നു..ചൂട് പൊടിയരിക്കഞ്ഞിയും ഉപ്പിലിട്ട മാങ്ങയും ,ചമന്തിയും അമ്മ പ്ലാവില കുമ്പിളില്‍ കോരിത്തരും ..മൂടിപ്പുതച്ചു കിടന്നുറങ്ങാം..പനി മാറിയാല്‍ അമ്മയുടെ വക വിശദമായ കുളിപ്പിക്കല്‍...ഇന്നോ..കഞ്ഞി പോയിട്ട് പച്ച വെള്ളം പോലും കുടിക്കാന്‍ കഴിയുന്നില്ല.നമ്മുടെ കുട്ടികള്‍ക്ക് പനി അനുഭവങ്ങള്‍ നഷ്ടമാകുന്നു..പനി മഹോത്സവം അത് പരിഹരിക്കും .."

കോട്ടയം,പത്തനംതിട്ട ,ആലപ്പുഴ ,കോഴിക്കോട് ,കണ്ണൂര്‍ ..പനി പടരുകയാണ് .അടുത്ത വര്‍ഷവും ഇതേ സമയത്ത്‌ നെട്ടോട്ടം ഓടാം .കാടു പിടിച്ച്, ചോര്‍ന്നൊലിക്കുന്ന ഡിസ്പെന്സറികളിലും ആരോഗ്യ കേന്ദ്രങ്ങളിലും കാത്തുകിടക്കാം.പുതിയ തരം കൊതുകുകളെയും കൊതുക് തിരികളേയും പരിചയപ്പെടാം ,മരണങ്ങളുടെ കണക്കെടുക്കാം ,പനി സമരങ്ങള്‍ നടത്താം ,പനി മഹോത്സവങ്ങള്‍ ആചരിക്കാം.ജയ് ...ജയ് പനി....!