Sunday, August 02, 2009

പനിയുടെ വികൃതികള്‍!


അങ്ങനെ മലബാറിലും പകര്‍ച്ചപ്പനി വന്നെത്തി .മലയോര മേഖലയില്‍ കഴിഞ്ഞ ഏപ്രിലില്‍ പൊട്ടിപ്പുറപ്പെട്ടു എന്നു പറയപ്പെടുന്ന പനി ഇപ്പോഴും സൂപ്പര്‍ മെഗാ ഹിറ്റായി തകര്‍ത്തോടുകയാണ്.
വര്‍ഷങ്ങള്‍ക്കു മുമ്പ്‌ 'പകര്‍ച്ചപ്പനി,ചിക്കുന്‍ ഗുനിയ 'എന്നൊക്കെ പത്രങ്ങളില്‍ വായിച്ച്‌"ഹി...ഹി..ചിക്കനോ ?മട്ടനില്ലേ?"എന്നൊക്കെ പറഞ്ഞു ചിരിച്ചവര്‍ ഇപ്പോള്‍ നിലവിളിക്കാന്‍ പോലും കഴിയാതെ ഉഴലുകയാണ്.ചിക്കുന്‍ ഗുനിയ, പന്നിപ്പനി,ഡെങ്കിപ്പനി,എലിപ്പനി, പക്ഷിപ്പനി,മലമ്പനി,വൈറല്‍ പനി, തക്കാളിപ്പനി തുടങ്ങിയ പനികളില്‍ തങ്ങളുടേത് ഏതാണ്‌ എന്നറിയാതെയും എന്ത് ചികിത്സ ചെയ്യണം എന്നും അറിയാതെ ജനം നട്ടം തിരിയുകയാണ്.
പലര്‍ക്കും ഈ പറയുന്നത് പോലെ ചൂടന്‍ പനിയൊന്നും ഇല്ല.രാത്രി ചിലപ്പോള്‍ ദേഹത്ത് ചെറിയ ചൂട് പോലെ തോന്നും രാവിലെ ഉറക്കം എഴുന്നേറ്റു കണ്ണാടി നോക്കിയാല്‍ ഞെട്ടും! മുഖമൊക്കെ തടിച്ചു വീര്‍ത്ത്‌,ശരീരം വീപ്പക്കുറ്റിപോലെ കാണാം ,അല്ലെങ്കില്‍ ചുവന്നു തുടുത്ത്‌ ചമ്പങ്ങയെ പ്പോലെയോ,തക്കാളി പോലെയോ കാണും ,അതുമല്ലെങ്കില്‍ മുടിയില്‍ മഞ്ഞു വീണത്‌ പോലെ താരന്‍ പ്രത്യക്ഷ പ്പെട്ടത് കാണാം .ചിലര്‍ക്ക് വസൂരി പോലെ പോലെ കലകള്‍ കാണാം.മറ്റു ചിലര്‍ക്ക് വായയില്‍ പുണ്ണ് പഴുത്ത്‌ നില്‍ക്കുന്നത് കാണാം.ഭാഗ്യമുള്ളവര്‍ക്ക് ഇതൊന്നും കാണില്ല,രാവിലത്തെ ചായകുടി കഴിഞ്ഞാല്‍ നോണ്‍ സ്റ്റോപ്പ്‌ ചര്‍ദ്ദി തുടങ്ങിക്കോളും .അതിനെക്കാള്‍ ഭാഗ്യം ഉള്ളവര്‍ക്ക് നിന്നനില്‍പ്പില്‍ ബോധം മറയും .പിന്നെ ഒന്നും അറിയേണ്ടതില്ലല്ലോ.
ഇനി ഒരു രണ്ടാഴ്ച കഴിഞ്ഞ് ക്ഷീണവും വേദനയും ഒക്കെ മാറി ഒന്ന് കുളിച്ചു കളയാം,എന്ന് കരുതിയാല്‍ കുഴഞ്ഞത് തന്നെ!വെള്ളം ദേഹത്ത് വീണാല്‍ ഉടന്‍ തുടങ്ങും ചൊറിച്ചലും വേദനയും ...പിന്നെ വീണ്ടും പനിയുടെ ദിനങ്ങള്‍..പനിയുടെ ഈ അനന്തരഫലങ്ങള്‍ കാരണം ഒന്നും ചെയ്യാന്‍ കഴിയാതെ വലയുകയാണ് ജനങ്ങള്‍ .
ഒരു അമ്മൂമ്മ പറയുന്നത് കേള്‍ക്കുക.

"എന്റെ മോനെ..ഈ പണ്ടാര പനീനെക്കൊണ്ട് ഒരടി നടക്കാന്‍ കയിന്നില്ല .ഈ കൈ കണ്ടോ?..വിരല് നിവര്‍ത്താന്‍ പോലും കയുന്നില്ല മീന്‍ മുറിക്കാനോ,

ചോറ് വാര്‍ക്കാനോ ഒന്നും കയിന്നില്ല .നമ്മക്ക് ഹോട്ടലിന്നെങ്കിലും ചോറ്വാങ്ങാം..ഈടെ രണ്ടു പൈ(പശു ) ഉള്ളതല്ലേ ..ആയിറ്റിങ്ങള്‍ക്ക് പുല്ലു ചെത്താനോ ഒന്ന് മാറ്റിക്കെട്ടാനോ ,എന്തിന്.. ഒന്ന് കറക്കാന്‍ പോലും കയ്യിന്നില്ല മോനേ..." -കൌസല്യ(വീട്ടമ്മ)


ഇനി എങ്ങനെ ഈ പനി വന്നു?ചിലര്‍ പറയുന്നു കൊതുക് പരത്തുന്നു എന്ന് .വൈറസ്‌ ആയതുകൊണ്ട് വായുവിലൂടെ എന്ന് മറ്റു ചിലര്‍.എന്തായാലും പരിസര മലിനീകരണം പനിയെ വിളിച്ചു വരുത്തിയെന്നു പലരും സമ്മതിക്കുന്നു.പക്ഷേ ചില ഭിന്നസ്വരങ്ങളും ഉയരുന്നുണ്ട്.
ഇതാ അത്തരത്തില്‍ ഒരു സ്വരം ..

"പഞ്ചായത്തുകള്‍ ചീഞ്ഞു നാറുന്നു എന്നാണ് പറയുന്നത്..ഞാന്‍ ഒരിക്കലും സമ്മതിക്കില്ല.തൊഴിലുറപ്പ് പദ്ധതി എന്നും പറഞ്ഞ് ഉള്ള കാടും ഓടയും ചപ്പും ചവറും മഴയ്ക്ക് മുമ്പേ വൃത്തിയാക്കിയത് നമ്മള് പെണ്ണുങ്ങളാ.പനി വരും എന്ന് ഇവര്‍ റിപ്പോര്‍ട്ട് ചെയ്തതിനു പോലും..എന്നിട്ട് എവിടെയായിരുന്നു?പണ്ടൊക്കെ ഒരു കക്കൂസ് ടാങ്ക് പൊട്ടിയാലോ ..കിണറ്റില് കാക്ക മീനിന്റെ മുള്ള് കൊത്തിക്കൊണ്ട് ഇട്ടാലോ,ഒരു തീപ്പെട്ടി കൂടില്‍ ബ്ലീച്ചുമായി,'ഹെല്‍ത്ത്‌ ..ഹെല്‍ത്ത്‌'

എന്ന് പറഞ്ഞ് അപ്പൊ വരും ..മന്ത് വരുന്നു എന്ന് പറഞ്ഞ്, പണ്ട്.. കഴിഞ്ഞ നൂറ്റാണ്ടില്‍ ഒരു കൊതുകിനു മരുന്നടിക്കല്‍ ഉണ്ടായിരുന്നു..പിന്നെ ആ കുന്ത്രാണ്ടം ഏതോ ഒരു സിനിമയില്‍ കോമഡി സീനില്‍ കണ്ടതല്ലാതെ ജീവനോടെ കണ്ടിട്ടില്ല "- പ്രീതാ കുമാരി (കുടുംബശ്രീ പ്രവര്‍ത്തക)



അതിനിടെ പനിയുടെ പിന്നിലുള്ള കറുത്ത കരങ്ങളെക്കുറിച്ച് പലര്‍ക്കും പലരെയും സംശയം ഉണ്ട് .രാഷ്ട്രീയ നിരീക്ഷകന്‍ ഉല്പ്പലാക്ഷ ശാസ്ത്രി പറയുന്നത് കേള്‍ക്കുക.


"പനിയെത്തുടര്‍ന്നു കുത്തക കമ്പിനികളുടെ 300 കോടിയിലധികം രൂപയുടെ മരുന്നുകളാണ് വിറ്റഴിച്ചത് .ഇതിനു പിന്നില്‍ അമേരിക്ക പോലുള്ള സാമ്രാജിത്യ ശക്തികള്‍ പ്രവൃത്തിക്കുന്നുണ്ട്.ഇന്ന് പനി പരത്തി മരുന്ന് വിറ്റഴിക്കുന്ന അവര്‍ നാളെ വാക്സിന്‍ ഉണ്ടാക്കി നമ്മുടെ മേലില്‍ തന്നെ പരീക്ഷിക്കും.."





കേണല്‍ കേളു നായര്‍ ഉറച്ചു വിശ്വസിക്കുന്നത്, ഈ മഹാമാരിക്കു പിറകില്‍ ഭീകര ,തീവ്രവാദ സംഘ ങ്ങള്‍ ആണെന്നാണ് ."മുമ്പ്‌ ആന്ത്രാക്സ് പൊടികള്‍ ജൈവായുധമായി ഉപയോഗിച്ച അവര്‍ പല മാരക വൈറസുകളെയും നുഴഞ്ഞു കയറ്റുന്നുണ്ട്.യുവാക്കളുടെയും കുട്ടികളെയും അങ്ങനെ

വളര്‍ന്നു വരുന്ന തലമുറയേയും തളര്‍ത്തുകയാണ് ഉദ്ദേശം. "
പനി വന്നതോടെ ചാകരയായത്‌ ആശുപത്രിക്കാര്‍ക്കാണ്.ഗവണ്‍മെന്റ് ആശുപത്രികളുടെ മുന്നില്‍ ക്യൂ നിന്ന് ബോധം കേടുന്നവരെ നേരെ സ്വകാര്യ ആശുപത്രികളിലേക്ക് കൊണ്ട് പോകും .പിന്നെ 'ഇന്‍ജെക്ഷന്‍,ഗ്ലൂക്കോസ് ,'ഇ സീ ജി ',എക്സ് റെ ',ബ്ലഡ്‌ ടെസ്റ്റ്‌ 'അങ്ങനെ അനവധി കടമ്പകള്‍ .നഴ്സിങ്ങിന് പഠിക്കുന്ന കുട്ടികള്‍ക്ക് ഇപ്പോള്‍ പ്രാക്ടിക്കല്‍ മാത്രമേ ഉള്ളു .എല്ലാവരും സൂചിവെച്ചും ,ഇ സീ ജി എടുത്തും പഠിക്കുന്നു.നഗരങ്ങളിലെ ആശുപത്രികളില്‍ മുറി കിട്ടാനേ ഇല്ല.
ഇതാ ഒരു അനുഭവകഥ: "ഞമ്മക്ക്‌ പെനി വന്നിറ്റ് കുറെ മസായി.അപ്പളെ ഈ മുറിയിലാ...ഒരാഴ്ച മുമ്പ് ബുക്ക്‌ ചെയ്തത് കൊണ്ടാണ് ഞമ്മന്റെ മോള് ഖദീജക്ക് അപ്പറം മുറി കിട്ടിയത്.ഒളെ കുട്ടിയോളെ

വാര്‍ഡില് നിലത്ത് കെടത്തണ്ട എന്ന് കെരുതി എ സീ മുറീല് ആക്കി .ജസീലയും കെട്ടിയോനും ദാ അബിടെ ആ മുറീലാ..വാപ്പക്ക് പനീന്റെ കൂടെ ശ്വാസം മുട്ടല് കൂടിയത് കാരണം ഐ സീ യൂവിലാ ,എളേ ചെക്കന് ചര്‍ദ്ദി തൊടങ്ങീറ്റ് ഇണ്ട്.ഓന് മുറി ഒപ്പിക്കാന്‍ ,മോള്ന്ന് വിളിപ്പിക്കാന്‍ പറഞ്ഞിട്ടുണ്ട്, നാസരോട് .." -ആയിശുമ്മ (റൂം നമ്പര്‍ 348 ,മോഡേണ്‍ ആശുപത്രി ).


ഈ പനി കാരണം നാട്ടില്‍ പുറത്തിറങ്ങി നടക്കാന്‍ പോലും കഴിയുന്നില്ല.കടകള്‍ അടച്ചിട്ടിരിക്കുന്നു.ഒരൊറ്റ പണിക്കും ഒരാളെയും കിട്ടാനില്ല .അര്‍ദ്ധരാത്രി ബോധം കെട്ട് ആശുപത്രിയില്‍ പോകാന്‍ ഓട്ടോറിക്ഷ വിളിച്ചാല്‍ ഓട്ടോക്കാരനും പനി പിടിച്ചു കിടപ്പിലായിരിക്കും. ആശുപത്രിയില്‍ രോഗിയുടെ കൂടെ നില്‍ക്കാനോ,ശുശ്രൂഷിക്കാനോ ബന്ധുക്കള്‍ പോലും തയ്യാറാവുന്നില്ല.
ഇങ്ങനെ മൊത്തം ഒരു സംഭവമായ പനിയുടെ പേരില്‍ നാട്ടുകാര്‍ സംഘടിച്ചതില്‍ യാതൊരു പുത്തരിയും ഇല്ല.ഓരോ താലൂക്കിലും ഓള്‍ കേരള പനി രോഗി അസോസിയേഷന്‍ യൂണിറ്റുകള്‍ ഉടന്‍ നിലവില്‍ വരും.ട്രെന്‍ഡ് മുതലെടുത്തു കൊണ്ട് പല സമുദായങ്ങളും ,സമിതികളും ആശ്വാസം പാഴ്സലായി നല്‍കുന്നുണ്ട്.ആലോപ്പതിക്കാരും ,ഹോമിയോക്കാരും ,ആയുര്‍വേദക്കാരും പനി ഉടന്‍ മാറ്റാന്‍ ഞങള്‍ക്ക് കഴിയും എന്നും പറഞ്ഞു തല്ലു കൂടുന്നു.കര്‍ക്കിടിക കഞ്ഞിയും ചികിത്സയും പനി കാരണം ചിലവാകാതെ വന്ന ആയുര്‍വേദ കച്ചവടക്കാര്‍ 'പനിയുടെ നീരും വേദനയും മാറ്റിക്കൊടുക്കപ്പെടും','രണ്ടു ദിവസം കൊണ്ട് പനി മറ്റും പനി- കിറ്റ് ഇവിടെ കിട്ടും 'എന്നൊക്കെ ബോര്‍ഡ്‌ തൂക്കിയിട്ടുണ്ട്.കമ്മ്യൂണിസ്റ്റു പച്ചയാണ് മറ്റൊരു താരം !വേദനയും നീരും മാറ്റുന്ന ഈ ദിവ്യ ഔഷധിക്ക് കിലോയ്ക്ക് 80 രൂപയാണ്‌ വില .കെട്ടിന് 20 രൂപ .ശീമക്കൊന്നയില ,കണിക്കൊന്നയില,തുളസിയില, പേരയില,പുളിയില,വേപ്പിലതുടങ്ങിയ പച്ച മരുന്നുകളും വിപണിയില്‍യില്‍ ലഭ്യം .അതിനിടെ പനി കാരണമല്ല, സൂപ്പര്‍ സ്റ്റാറിന്റെ റിയാലിറ്റി ഷോ കാരണമാണ് തീയറ്ററില്‍ ആള്‍ക്കാര്‍ വരാത്തത് എന്ന് സിനിമാക്കാരും പനി കാരണമാണ് സ്കൂളില്‍ കുട്ടികള്‍ ഇല്ലാത്തത് എന്ന് അടച്ചു പൂട്ടാന്‍ പോകുന്ന സ്കൂളുകാരും പ്രമേയം പാസ്സാക്കിയിട്ടുണ്ട്.


അടുത്ത ദിവസം തന്നെ നഗരങ്ങളില്‍ പനി മഹോത്സവം നടക്കുന്നുണ്ട് .പനി ഒരു ആഘോഷമാക്കുകയാണ് ഉദ്ദേശം .പനിപ്പാട്ട്,പനി ഡാന്‍സ്‌,പനി നാടകം ഇവ നടക്കും. അതിനെക്കുറിച്ച് പ്രശസ്ത സാംസ്കാരിക പ്രവര്‍ത്തകന്‍ കിട്ടുകുമാര്‍ കുറ്റിക്കാട് ഇങ്ങനെ പറയുന്നു.


"ഇത് പനിയല്ല ..മഹാവ്യാധിയാണ് ...എന്റെയൊക്കെ കുട്ടിക്കാലത്ത്‌ പനി എന്ന് പറഞ്ഞാല്‍ ...ഹോ ഓര്‍ക്കുമ്പോള്‍ നാവില്‍ വെള്ളമൂറുന്നു..ചൂട് പൊടിയരിക്കഞ്ഞിയും ഉപ്പിലിട്ട മാങ്ങയും ,ചമന്തിയും അമ്മ പ്ലാവില കുമ്പിളില്‍ കോരിത്തരും ..മൂടിപ്പുതച്ചു കിടന്നുറങ്ങാം..പനി മാറിയാല്‍ അമ്മയുടെ വക വിശദമായ കുളിപ്പിക്കല്‍...ഇന്നോ..കഞ്ഞി പോയിട്ട് പച്ച വെള്ളം പോലും കുടിക്കാന്‍ കഴിയുന്നില്ല.നമ്മുടെ കുട്ടികള്‍ക്ക് പനി അനുഭവങ്ങള്‍ നഷ്ടമാകുന്നു..പനി മഹോത്സവം അത് പരിഹരിക്കും .."

കോട്ടയം,പത്തനംതിട്ട ,ആലപ്പുഴ ,കോഴിക്കോട് ,കണ്ണൂര്‍ ..പനി പടരുകയാണ് .അടുത്ത വര്‍ഷവും ഇതേ സമയത്ത്‌ നെട്ടോട്ടം ഓടാം .കാടു പിടിച്ച്, ചോര്‍ന്നൊലിക്കുന്ന ഡിസ്പെന്സറികളിലും ആരോഗ്യ കേന്ദ്രങ്ങളിലും കാത്തുകിടക്കാം.പുതിയ തരം കൊതുകുകളെയും കൊതുക് തിരികളേയും പരിചയപ്പെടാം ,മരണങ്ങളുടെ കണക്കെടുക്കാം ,പനി സമരങ്ങള്‍ നടത്താം ,പനി മഹോത്സവങ്ങള്‍ ആചരിക്കാം.ജയ് ...ജയ് പനി....!




Monday, July 20, 2009

"ഈ പേയ്പ്പറിനെന്തു പറ്റി?"






നേരം വെളുക്കുന്നതിന് മുമ്പേ തന്നെ എഴുന്നേറ്റ് പല്ല് പോലും തേക്കാതെ അയല്പക്കത്തെ വീടിന്റെ ഗേറ്റിനു മുമ്പില്‍ സൈക്കിളിന്റെ മണിയടിയൊച്ചയും കാതോര്‍ത്തു നില്‍ക്കുമായിരുന്നു.ഗേറ്റിനു മുകളിലൂടെ മുറ്റത്തേക്ക് വലിച്ചെറിയുന്ന "പെയ്പ്പറ്"(നമ്മള് കണ്ണൂരുകാര്‍ക്ക് വര്‍ത്തമാന

പത്രം പേയ്പ്പറാണ്) വീട്ടുകാര്‍ എഴുന്നേല്ക്കുന്നതിനു മുമ്പ് വായിച്ചു തീര്‍ക്കുകയാണ് ഉദ്ദേശം.വീടിനടുത്ത് പേപ്പര്‍ വരുത്തിയിരുന്നത് അച്ചാച്ചന്‍ എന്ന് ഞാന്‍ വിളിച്ചിരുന്ന റിട്ട.ഹെഡ് മാസ്റ്റര്‍ കൃഷ്ണന്‍ മാസ്റ്ററുടെ ആ വീട്ടില്‍ മാത്രമായിരുന്നു.ഇനി അഥവാ അച്ചാച്ചന്‍ നേരത്തെ എഴുന്നേറ്റാല്‍ തന്നെ ഒന്നാമത്തെ പേജ് എടുത്തിട്ട് "ഇന്നാ വായിച്ചോ"എന്ന് പറഞ്ഞു ബാക്കി പേജുകള്‍എനിക്ക് തരും .അന്നൊക്കെ "പെയ്പ്പറ് "എന്നാല്‍ അച്ചാച്ചന്റെ വീട്ടില്‍ വരുത്തിയിരുന്ന മാതൃഭൂമിയായിരുന്നു.രാത്രി ഓഫീസില്‍ നിന്നും വരുമ്പോള്‍ അച്ഛന്‍ കൊണ്ടു വന്നിരുന്ന സുദിനം ,സ്ഫോടനം തുടങ്ങിയ സായാഹ്ന പത്രങ്ങളല്ലാതെ മറ്റൊരു പത്രവും ഞാന്‍ കണ്ടിട്ടുമില്ലായിരുന്നു.



പക്ഷേ പിന്നീട് അല്പ്പം ബുദ്ധിയും വിവരവും ഒക്കെ വന്ന് പുറത്തേക്കൊക്കെ ഇറങ്ങി തുടങ്ങിയപ്പോള്‍ മലയാള നാട്ടില്‍ മാതൃഭൂമി മാത്രമല്ല "പേയ്പ്പറാ"യി ഉള്ളത് എന്ന് മനസ്സിലായി.എങ്കിലും കുട്ടിക്കാലത്തെ ആ ശീലം ഒരു ശീലമായിത്തന്നെ തുടര്‍ന്നു. കാലം മാറുന്നതിനു അനുസരിച്ച് മറ്റു പല പത്രങ്ങളും കോലം മാറ്റിത്തടങ്ങിയപ്പോഴാണ് മാതൃഭൂമിയും മാറുന്നുണ്ടോ എന്ന് ശ്രദ്ധിച്ച് തുടങ്ങിയത്.'ചെവികള്‍ ' മുറിച്ച് ഒട്ടുമിക്ക പത്രങ്ങളും സുന്ദരക്കുട്ടപ്പന്മാരായപ്പോള്‍ കറുപ്പും വെളുപ്പും മാത്രം നിറഞ്ഞ പത്രത്താളുകള്‍ക്ക് ആദ്യമായി നിറങ്ങള്‍ നല്കിയ മാതൃഭൂമി മാത്രം ചെവിപ്പരസ്യങ്ങള്‍ മുറിച്ചില്ല.ലേ ഔട്ടിലും ഡിസൈനിലും ചില പത്രങ്ങളെങ്കിലും മുന്നേറിയപ്പോള്‍ ,എന്ത് ഭംഗിയുണ്ടായാലെന്താ? പേജ് മുഴുവന്‍ പരസ്യം പതിച്ചാല്‍ പത്രം ആകുമോ? ഉള്ളടക്കത്തിലല്ലേ കാര്യം എന്ന് ആശ്വസിച്ചു. എങ്കിലും അനിവാര്യമായ ചില മോടികൂട്ടലൊക്കെ മാതൃഭൂമി ഇടയ്ക്കിടെ നടത്തുന്നും ഉണ്ടായിരുന്നു.




കേരളത്തിലെ എല്ലാ പത്രങ്ങളുടെയും എല്ലാ എഡിഷനിലെയും കോപ്പികള്‍ വായിക്കാനുള്ള ഒരു അവസരമാണ് പരശുറാം എക്സ്പ്രസ്സ് പോലുള്ള ട്രെയിനിലൂടെയുള്ള യാത്രകള്‍. അടുത്തിരിക്കുന്ന സഹയാത്രികരില്‍ നിന്നും പത്രങ്ങള്‍ ചോദിച്ചു വാങ്ങി വായിക്കുന്ന ഒരു ഹോബി എനിക്കും ഉണ്ടായിരുന്നു. അങ്ങനെ ഒരു യാത്രക്കിടെ എറണാകുളത്ത് വെച്ച് കൊച്ചി എഡിഷന്‍ മാതൃഭൂമി കിട്ടി.മറിച്ചു നോക്കിയപ്പോള് ആശ്ചര്യപ്പെട്ടു.കെട്ടിലും മട്ടിലും ഒരു മാറ്റം..കൂടെ ഒരു സപ്പ്ളിമെന്റും ഉണ്ട്.."അല്ലപ്പാ ...നമ്മളെ നാട്ടിലൊന്നും ഈ സപ്പ്ളിമെന്റ്റ് കാണറില്ലലോ.."

ഷോര്ണൂര് എത്തിയപ്പോള്‍ പാലക്കാട് എഡിഷനും മലപ്പുറം എഡിഷനും കൈയ്യില്‍ കിട്ടി.രണ്ടിലും പ്രാദേശിക വാര്ത്തകളും ചിത്രങ്ങളും ഒക്കെ ബഹുവര്‍ണ്ണങ്ങളില്‍ ..കൂടുതല്‍ പജുകള്‍ ,പലതരം പംക്തികള്‍ ,പരമ്പരകള്‍..!കോഴിക്കോടെത്തിയപ്പോള്‍ അവിടെയും ഉണ്ട് ബഹുവര്‍ണ സപ്പ്ളിമെന്റും ചില മാറ്റങ്ങളും."അല്ല എനി നമ്മളെ നാട്ടില് വേറെ വല്ല മാതൃഭൂമിയാണോ?അവിടെയേം ഇവിടെയേം പെയ്പ്പറിന്റെ പൈസ ഒന്നാണല്ലോ.."എന്ന് ശങ്കിച്ചു നില്ക്കുമ്പോഴാണ് അടുത്തിരുന്ന ഒരാള്‍ സംഗതിയുടെ ഗുട്ടന്സ് പറഞ്ഞത്.കൊച്ചിയും കോഴിക്കോടും പോലുള്ള വന് നഗരങ്ങളില് മറ്റൊരു പത്രം ഇത് പോലെ സപ്പ്ളിമെന്റ്റ് ഇറക്കുന്നുണ്ട്,അതുകൊണ്ട് മാതൃഭൂമിയും..പിന്നെ പാലക്കാടും മലപ്പുറവും പോലുള്ള പുതിയ എഡിഷനുകളില്‍ വരിക്കാരെ ആകര്‍ഷിക്കാന്‍ ചില പൊടിക്കൈകള്‍ നടത്തുന്നതാണത്രേ.



എന്തായാലും ഇന്നത്തെക്കാലത്ത് അല്പ്പം കച്ചവട തന്ത്രം ഒന്നും പയറ്റാതെ നിലനില്ക്കാന്‍ പറ്റില്ലല്ലോ...നമ്മളെ പ്പോലുള്ള അള്ളിനാട്ടുകാര്ക്ക് പഴയ മാതൃഭൂമി തന്നെ മതി എന്നും പറഞ്ഞു നെടുവീര്‍പ്പോടെ ഇരിക്കുമ്പോഴാണ് അടുത്ത കഥ ആരംഭിക്കുന്നത്.രാവിലെ വന്നു കൊണ്ടിരുന്ന പത്രം കോളത്തോട് കോളം ചുരുങ്ങാന്‍ തുടങ്ങി.തിങ്കളാഴ്ചതോറും വന്നു കൊണ്ടിരുന്ന ധനകാര്യം ടാബ്ലോയ്ഡ് ഒരു പേജിലൊതുങ്ങി.മലയാള ദിനപ്പത്രങ്ങളില്‍ നര്‍മ്മത്തിന് പുതിയ മാനം നല്കിയ നര്‍മ്മഭൂമി, വാരാന്തപ്പതിപ്പിലെ അരപ്പേജിലൊതുങ്ങി.വാരാന്തപതിപ്പിന്റെ കാര്യമാണെങ്കില്‍ കൂടുതല്‍ കഷ്ടമായി.മുമ്പൊക്കെ വരാന്തപ്പതിപ്പ് കിട്ടിയാല്‍ ഞായറാഴ്ച മുഴുവനിരുന്ന് വായിക്കാനുള്ളത് ഉണ്ടായിരുന്നു. പല പ്രശസ്തരുടെയും ആത്മ കഥകളും നോവലുകളും കഥകളും ഒക്കെ വന്നിരുന്ന പതിപ്പില്‍ ഇപ്പോള്‍ പേരിനു ചില ലേഖനങ്ങള്‍ മാത്രം.താരാപഥം എന്ന പേരില്‍ മുമ്പ് സിനിമക്കായി ഒരു പേജ് നീക്കി വച്ചിരുന്നതില്‍ ഇപ്പോള്‍ അരപ്പേജില്‍ ഒന്നിടവിട്ട ആഴ്ചകളില്‍ ചലച്ചിത്ര വിശേഷവും ചാനല്‍ വിശേഷവും.അതില്‍ തന്നെ ചാനല്‍ വിശേഷത്തിന്റെ കൂടെ വന്നിരുന്ന പിന്നമ്പുറത്തെ ഇപ്പോള്‍ കാണാനുമില്ല.അമ്മൂമ്മമാരുടെ പ്രിയപ്പെട്ട പംക്തിയായ നക്ഷത്രഫലം ഒറ്റക്കൊളത്തില്‍ നീട്ടിക്കൊള്ളിക്കുന്നു. ഇനി പത്രത്തിനുള്ളിലേക്ക് കടന്നാല്‍

എഡിറ്റോറിയല്‍ പേജില്‍ 'ഗീതാദര്‍ശനം'ചുരുങ്ങി തീരാറായി.അതേ പേജില്‍
വന്നു കൊണ്ടിരുന്ന പല പ്രതിവാര പംക്തികളും വിശകലനങ്ങളുംകാണാതായി .ആഴ്ച്ച തോറും മുടങ്ങാതെ ചിരിപ്പിച്ചു കൊണ്ടിരുന്ന ഇന്ദ്രന്റെ വിശേഷാല്‍
പ്രതി വല്ലപ്പോഴുമായി.തൊട്ടടുത്ത പേജില്‍ ഇടക്കാലത്ത് പ്രത്യക്ഷപ്പെട്ട സാമൂഹിക വിമര്‍ശന പംക്തി 'സ്വകാര്യം' അപ്രത്യക്ഷമായി.ഐ ടി പംക്തി 'നെറ്റ് വര്‍ക്ക്‌ 'കാണാനില്ല .വിദേശത്തെയും സ്വദേശത്തെയും തൊഴിലവസരങ്ങള്‍ പരിചയപ്പെടുത്തിയിരുന്ന പേജിനെയും കാണാനില്ല. വിദേശ വാര്‍ത്തകള്‍ പേരിനു മാത്രമായി.ഇനിയും എത്രയോ ചുരുങ്ങലുകള്‍..



ഇനി പരസ്യം കൂടിയത് കൊണ്ടാണോ ഈ ചുരുങ്ങല്‍ എന്ന് ചോദിച്ചാല്‍ അതും മറ്റു പത്രങ്ങളെ അപേക്ഷിച്ച് കുറവേ ഉള്ളൂ.മാത്രുഭുമിക്ക് വേണ്ടി പരസ്യങ്ങള്‍ തയ്യാറാക്കുന്ന കമ്പനികള്‍ അവാര്‍ഡുകള്‍ വരിക്കൂട്ടുന്നുന്ടെന്കിലും 'ക്ലാസ്സിഫൈഡ്സ്'കൂടുന്നുമില്ല. അതിനിടെ പരസ്യതന്ത്രത്തിന്റെ ഭാഗമായി 'കുട്ടി .കോം'പരിഷ്കരിച്ച് 'വിദ്യ 'എന്നാക്കി മാറ്റിയിട്ടുണ്ട് വര്ഷങ്ങള്ക്കു മുമ്പ് പ്രോഫിറ്റ് കാര്ഡ് എന്ന പേരില് ഒരു പദ്ധതി തുടങ്ങിയി രുന്നെന്കിലും ഇപ്പോള്‍ യാതൊരു വിവരവും ഇല്ല.ഇനി ഈ സങ്കടമൊക്കെ പത്രാധിപരുമായി പങ്കുവെക്കാം എന്ന് കരുതിയാല്‍ വായനക്കാരുടെ ദിവസങ്ങള്‍ നീണ്ടു നിന്ന പല ചര്‍ച്ചകള്‍ക്കും വേദിയായിരുന്ന 'ആക്ഷേപങ്ങളും അഭിപ്രായങ്ങളും'എന്ന പംക്തിയും രണ്ടു വരി അഭിപ്രായങ്ങളുമായി നന്നേ ശോഷിച്ചു.ആഴ്ച്ച്ചപതിപ്പിലും ആരോഗ്യമാസികയിലും ഗൃഹലക്ഷ്മിയിലും ഒക്കെ കാലത്തിനൊത്ത മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുന്ന മാതൃഭൂമി ,ദിനപത്രം കാണുന്നില്ലേ?




തലേ ദിവസം വാര്‍ത്താ ചാനലിലെ ഒരു മണിക്കൂര്‍ വാര്‍ത്തയിലും ചര്‍ച്ച കളിലും കണ്ടതും കേട്ടതും ആയ കാര്യങ്ങളല്ലാതെ മറ്റൊന്നും മലയാളി ഇന്ന് പ്രഭാതത്തില്‍ എത്തുന്ന പത്രത്തില്‍ കാണുന്നില്ല.മാതൃഭൂമിയിലെ ത്തന്നെ രാജന്‍ പൊതുവാളിന്റെ കാലത്തൊക്കെ ഉണ്ടായിരുന്നതു പോലുള്ള ഫോട്ടോ ജേര്‍ണലിസവും,അന്വേഷണാത്മക പത്രപ്രവര്‍ത്തനവും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. പത്രങ്ങള്‍ എഴുതുന്നത് കള്ളമാണെന്ന് ചിലര്‍ മുറവിളി കൂട്ടുന്നു.മറ്റു സാധങ്ങള്‍ക്കെന്ന പോലെ തന്നെ പത്രങ്ങളുടെ വില നിലവാരം കൂടിക്കൂടി 5 രൂപ കടക്കാറായി.മാന്ദ്യത്തിന്റെ ഇക്കാലത്ത് അച്ചടി മാധ്യമങ്ങളും പ്രതിസന്ധി നേരിടുന്നു എന്നതും ശരി തന്നെ .എങ്കിലും ഒരു മടിയും കൂടാതെ കുട്ടിക്കാലത്തേ ശീലിച്ചു പോയ പത്രവും കാത്ത് പൂമുഖപ്പടിയില്‍ നില്‍ക്കുന്ന മലയാളി വീണ്ടും പറ്റിക്കപ്പെടുകയല്ലേ?

Tuesday, April 14, 2009

തിരഞ്ഞെടുപ്പ് ഫെസ്റ്റിവല്‍

"നിങ്ങളെന്താ മനുഷ്യാ ....ഉറക്കത്ത് തലയണ വലിച്ചെറിയുന്നത്?"
"അയ്യോ....ഇത് കസേരയല്ലേ...?തലയണ ആയിരുന്നോ ..ഛേ..!"

വെളുപ്പാന്‍ കാലത്ത് തന്നെ ഭാര്യയുടെ മുമ്പില്‍ നാണം കെട്ടു...എല്ലാം ഈ ചാനലുകാര് കാരണമാ..ഇടിപ്പട,അങ്കപ്പോര്,അടിക്കളം എന്നൊക്കെ പേരുമിട്ടു തമ്മില്‍ തല്ല് കാണിക്കും ..മനുഷ്യനെ മെനക്കെടുത്താന്‍ ....എന്നെ പറഞ്ഞാ മതി..സീമന്ത പുത്രി,അമ്മയുടെ മോള്..തുടങ്ങിയവരില്‍ നിന്ന് രക്ഷ നേടാനാണ് അവളുടെ കൈയ്യില്‍ നിന്നും റിമോട്ട് പിടിച്ചു വാങ്ങി ന്യൂസ് ചാനലുകളെ അഭയം പ്രാപിച്ചത് ...ഇതിനെക്കാള്‍ ഭേദം അതാ...


പല്ലു തേച്ചുകൊണ്ട് പത്രം ഒന്ന് വെറുതെ മറിച്ചു നോക്കിയതാ ..ദേ കിടക്കുന്നു..'ഇടതു ഭരണം കേരളം മുടിച്ചു-വലതന്‍ ","വലതന്റെ കേന്ദ്ര ഭരണം കേരളം മുടിച്ചു-ഇടതന്‍" ഉഗ്രന്‍ തലക്കെട്ടുകള്‍...!
മുറ്റത്തേക്ക്‌ നീട്ടി തുപ്പാന്‍ തുടങ്ങിയ്യപ്പോഴുണ്ട് പടിഞ്ഞാറെക്കണ്ടീലെ കുടുംബശ്രീ പ്രീതയും പാല്‍ക്കാരി ജാനുവും ഗേറ്റ് കടന്നു വരുന്നു..

"സുഗുണന്‍ മാഷെ ...നമസ്കാരം ... "

"നമസ്കാരം ..എന്താ രാവിലെത്തന്നെ...?"

"വിഷുവല്ലേ മഷേ...ഗ്രീറ്റിങ്ങ് കാര്‍ഡ് തരാന്‍ വന്നതാ..."
പ്രീത ഒരു കവര്‍ എന്റെ നേരെ നീട്ടി .
"ഗ്രീറ്റിങ്ങ് കാര്‍ഡോ ..എനിക്കോ...നമ്മള് കുറേ ക്കൊല്ലായില്ലേ കാണുന്ന് പ്രീതേ..പിന്നെ ഇപ്പൊ എന്താ ഒരു..."

സ്നേഹത്തോടെ അത് വാങ്ങി ,ആശംസകള്‍ നേര്‍ന്ന് അവരെ യാത്രയാക്കിയ ശേഷം ആരും കാണാതെ കവര്‍ പൊട്ടിക്കാന്‍ നോക്കിയതും ബിന്ദു അത് പിടിച്ചു വാങ്ങി.

"അവളുടെ ഒരു ഗ്രീറ്റിങ്ങ്സ്...എന്റെ ഭര്‍ത്താവിനെയെ കിട്ടിയുള്ളോ...കത്ത് കൊടുക്കാന്‍...അശ്രീകരം..."

ഒരു ഭൂകമ്പം നടക്കുമെന്ന് ഞാന്‍ കരുതിയെങ്കിലും ഒന്നും നടന്നില്ല. കവര്‍ പൊട്ടിച്ച് ഗ്രീറ്റിങ്ങ് കാര്‍ഡും വായിച്ച് പുലിയെ പോലെ വന്ന ബിന്ദു എലിയെ പോലെ അടുക്കളയിലേക്കു പോയി.എന്ത് പറ്റി?
അവള്‍ നിലത്തു കളഞ്ഞിട്ടു പോയ കാര്‍ഡ് ഞാന്‍ എടുത്തു നോക്കി.

"വിഷു ആശംസകളോടെ സ്വന്തം സ്ഥാനാര്‍ഥി...!"

എന്നാലും പ്രീതേ ..എന്ന് പറഞ്ഞതെ ഉള്ളൂ.... ഗേറ്റ് കടന്നു അടുത്ത പാര്‍ട്ടി എത്തി.

"അല്ല ലക്ഷ്മണെട്ടനോ?ഗ്രീറ്റിങ്ങ് കാര്‍ഡ് ആയിരിക്കും അല്ലേ...?"

ഉത്തരം പറഞ്ഞത് അന്‍സാറാണ്.

"ആ കുയുംബസ്രീക്കാര് വന്നിരുന്ന് അല്ലേ?അവളുമാര് പോലച്ചക്കന്നെ ഊര് തെണ്ട്ന്നത് ഞമ്മള് കണ്ടിന്...അതാ ഇപ്പം തന്നെ ഇറങ്ങിയത്‌...ഇന്നാ മസേ നമ്മളെ സ്ഥാനാര്‍ഥിയിടെ ഗീട്ടിങ്ങ്സ്..."

ലക്ഷമ്ണേട്ടന്‍ സഞ്ചിയില്‍ നിന്ന് ഒരു നോട്ടീസ് പുറത്തെടുത്ത് മോന്റെ കയ്യില്‍ കൊടുത്തു.

"അതെന്താ ലക്ഷ്മണേട്ടാ ...ഇന്നലെ തന്നെ അഞ്ചാറ് നോട്ടീസ് കൊണ്ട്ത്തന്നിരുന്നല്ലോ...?"

"ഇത് ഇന്നലെ രാത്രി അടിച്ചതാ...ഒരുത്തന്‍ ഇന്നലെ ടൌണില്‍ വന്ന് പ്രാസംഗിച്ചിരുന്നു...അതിന്റെ മറുപടിയാ.."

"അച്ഛാ ..ഇതെനിക്ക് എരോപ്ലൈന് ഇണ്ടാക്കാന്‍ വേണം ...."

അച്ചു ആ നോട്ടീസും എടുത്ത് പറമ്പിലേക്ക് ഓടി .


കുറേക്കാലത്തിനു ശേഷമാണ് ബിന്ദുവിനെയും മക്കളെയും കൂട്ടി ടൌണില്‍ പോകുന്നത്. വിഷുവൊക്കെ അല്ലെ..കോടിയൊക്കെ വാങ്ങുകയാണ് ഉദ്ദേശം.കഷ്ടകാലമെന്നു പറയട്ടെ മുക്കാല്‍ മണിക്കൂറാണ് ബസ് ട്രാഫിക്ക് ജാമില്‍ കുടുങ്ങിയത്. ഏതോ ഒരു കേന്ദ്ര നേതാവ് വരുന്നുണ്ടത്രേ..ഓടിക്കിതച്ചു വിഷു-എക്സിബിഷന്‍ നഗരിയില്‍ എത്തിയപ്പോഴുണ്ട് തൃശൂര്‍ പൂരത്തിന്റെ തിരക്ക്..നേതാവിന്റെ പ്രസംഗ നഗരിയില്‍ അതിന്റെ നാലിലൊന്ന് ആളില്ല.

എങ്കിലും നേതാവിന്റെ പാര്‍ട്ടി തന്നെ ജയിക്കും എന്നതില്‍ സംശയം ഇല്ല.ഓരോ ഷോപ്പിങ്ങ് സെന്ററിനും അടുത്ത് സ്ഥാനാര്‍ഥിയുടെ ചിരിക്കുന്ന മുഖവുമായി കൂറ്റന്‍ ഫ്ലക്സ് ബോര്‍ഡുകള്‍ ഉയര്‍ത്തി വച്ചിട്ടുണ്ടല്ലോ...

"അച്ഛാ വിഷുവിനും ഘോഷയാത്ര ഉണ്ടോ?"

മിന്നു ചോദിച്ചപ്പോഴാണ് റോഡിലേക്ക് ശ്രദ്ധിച്ചത്..ബാന്‍ഡ് മേളം ,കരകാട്ടം ,കാവടിയാട്ടം ,മുത്തുക്കുടകള്‍,ശിങ്കാരിമേളം എന്തൊക്കെയാണ്...?

"ഘോഷയാത്രയൊന്നും അല്ല മോളേ.. ഇവന്റ് മാനേജ്മെന്റ്കാര് സ്ഥാനാര്‍ഥിക്കുവേണ്ടി നടത്തുന്ന പ്രചരണമാ..."


"അതെന്താ അച്ഛാ ഇവന്റ് മാനേജ്മെന്റ്?"


മോളുടെ സംശയം തീര്‍ത്തു കൊടുക്കാന്‍ ഒരുങ്ങുമ്പോഴാണ് വീടിനടുത്തെ സതീശന്‍ റോഡിനു അപ്പുറത്തു നിന്നും ഓടിവന്നത്.
"മാഷേ ..പെട്ടന്ന് നാട് പിടിച്ചോ..നമ്മളെ അങ്ങോട്ട്‌ ബസ്സൊന്നും ഓടുന്നില്ല..ഏതോ ഒരു സ്ഥാനാര്‍ഥിയെ വഴിയില്‍ തടെഞ്ഞെന്നോ..ബോംബ് എറിഞ്ഞെന്നോ ഒക്കെ കേട്ടു.."

"മക്കളേ കോടി ,ഓണത്തിന് വാങ്ങാം കേട്ടോ.."എന്നും പറഞ്ഞു കൊണ്ട് ഭാഗ്യത്തിന് കിട്ടിയ ഒരു ഓട്ടോയില്‍ നാട് പിടിച്ചു.

ഓട്ടോക്കാരന് ജീവനില്‍ കൊതി ഉള്ളതിനാല്‍ പകുതി വഴിക്ക് ഞങ്ങളെ ഇറക്കി വിടുകയും ഞങ്ങള്‍ റോഡ് അരികിലെ മതിലുകളില്‍ ഒട്ടിച്ചിരിക്കുന്ന പോസ്ററുകള്‍ വായിച്ചു ആസ്വദിച്ച് വീട്ടിലേക്ക് സവാരി ചെയ്യുകയും ചെയ്തു.


വിഷുവോ കുളമായി ...മനസ്സ് കുളമാക്കാതെ ഒരു പാട്ടെങ്കിലും കേള്‍ക്കാമെന്ന് കരുതി റേഡിയോ ഓണാക്കി എഫ് എം ട്യൂണ്‍ ചെയ്തു , ഏറേത്തെ ചാരു കസേരയില്‍ അങ്ങനെ ഇരുന്നു .ഒരു പാട്ട് കഴിഞ്ഞതും..ദാ വരുന്നു.."ഞാന്‍ സ്ഥാനാര്‍ഥി ..നിങ്ങളെ കാണാന്‍ കഴിയാത്തതില്‍ വിഷമമുണ്ട്...എന്റെ ചിഹ്നം ...."
നാശം..മനുഷ്യനെ സ്വസ്ഥമായി പാട്ട് കേള്‍ക്കാനും സമ്മതിക്കില്ല...

"അച്ഛാ ..അച്ഛന്റെ മൊബൈല് കുറേ നേരമായി കീ ..കീ .. ന്നു അടിച്ചു കൊണ്ടിരിക്കയാ.."

"മെസ്സേജ് വന്നതായിരിക്കും മോളേ...അച്ഛന്റെ സ്കൂളിലെ മാഷന്‍മാര് ആശംസകള് അയക്കുന്നതായിരിക്കും.."

മോളുടെ കൈയ്യില്‍ നിന്നും മൊബൈല് വാങ്ങി നോക്കിയപ്പോള്‍ ഞെട്ടി ..."നോ സ്പേസ് ഫോര്‍ മെസ്സേജസ്.. മെമ്മറി ഫുള്‍ !ഇതാരാണപ്പാ എനിക്ക് ഇത്രേം മെസ്സേജ് അയക്കാന്‍...?നോക്കിയപ്പോഴല്ലേ കാര്യം പിടികിട്ടിയത്..

"ഡിയര്‍ സുഗുണന്‍ ..വോട്ട് ഫോര്‍ ഔവര്‍ കേണ്ടിഡേറ്റ് ...." മണ്ണാങ്കട്ട..ഇവന്‍മാര്‍ക്ക് എന്റെ നമ്പര്‍ എവിടുന്നു കിട്ടി ...?മെമ്മറി കാര്‍ഡ് നിറക്കാന്‍ ഓരോന്ന് ഇറങ്ങിക്കോളും ...

പെട്ടന്നാണ് വേറൊരു കാര്‍ഡിന്റെ ഓര്‍മ്മ വന്നത്. ഐഡന്റിറ്റി കാര്‍ഡ്..!കഴിഞ്ഞ തവണ വോട്ട് ചെയ്യാന്‍ പോയപ്പോള്‍ എടുത്തതാണ്.ഇപ്പോള്‍ ഏതു ഷെല്‍ഫില്‍ കിടക്കുന്നുവെന്ന് ആര്‍ക്കറിയാം? ബിന്ദുവിനാണെങ്കില്‍ യാതൊരു ശ്രദ്ധയും ഇല്ലാത്തതാണ്.

"ബിന്ദൂ...ആ ഇലക്‌ഷന്‍ ഐഡന്റിറ്റി കാര്‍ഡ് ഇങ്ങ് എടുത്തേ.."

"ഞാനാ കുന്ത്രാണ്ടം തന്നെയാ ഇവിടെക്കിടന്ന് പരതുന്നത്.."

അല്‍പ സമയത്തിന് ശേഷം അവള്‍ പുറത്തേക്ക് വന്നു

"ഇതാ നിങ്ങളുടെ കാര്‍ഡ് ...കാണുമ്പോള്‍ തന്നെ പേടിയാവുന്നു..."

ഞാനാ കാര്‍ഡിലോട്ടു നോക്കി ഒന്ന് നെടുവീര്‍പ്പെട്ടു.നീണ്ട അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും പോളിംഗ് ബൂത്തിലേക്ക് .ഹോ ....ഓര്‍ക്കുമ്പോള്‍ കുളിര് കോരുന്നു..!ജനാധിപത്യത്തിന്റെ കാവലാളായി ഞാനും എന്റെ ഒരു വോട്ടും...ഹോ..

"നിങ്ങള്‍ കുളിര് കോരി ഇരുന്നോ..ഞാന്‍ ഇപ്പോഴേ പറഞ്ഞില്ലാന്നു വേണ്ട ..നേരത്തെ കാലത്തേ പോയില്ലെങ്കില് വേറെ വല്ലവനും കുളിര് കോരി പോകും.ചിലപ്പോ ബൂത്തെന്നെ കാണില്ല.കഴിഞ്ഞ പ്രാവശ്യത്തെപ്പോലെ നാണം കെടാന്‍ എന്നെ കിട്ടില്ല "

ബിന്ദുവിന്റെ ഉപദേശം കേട്ടിട്ട് മുറ്റത്ത്‌ കളിച്ചു കൊണ്ടിരുന്ന അച്ചു ഉറക്കെ ചോദിച്ചു .

"ഈ ചിരിക്കുന്ന മാമന് വോട്ട് ചെയ്യണ്ട ഫോര്‍മാറ്റ് എന്താ അമ്മേ.. ?"

"അച്ഛന്‍ പറഞ്ഞു തരാം മോനെ ഉത്തരം ...പൊതുജനം സ്പേസ് കഴത...!"

Sunday, April 12, 2009

"മഞ്ജു വാര്യര്‍ മടങ്ങി വരുമോ?"

"പുതിയ ചിത്രഭൂമിയില്ലേ?"

"പുതിയത് നാളെയേ ഇറങ്ങൂ."

"അതല്ലാ...മഞ്ജു വാര്യരുടെ മുഖചിത്രം ഉള്ള.."


"ആ ...അത് ..ഇറങ്ങിയ അന്നെന്നെ മഴുവനും തീര്‍ന്നു.."


"അയ്യോ..എനി ഏടുന്നാ കിട്ട്വാ...ഈ പൊരിവെയിലത്ത് ഈടം വരെ നടന്നിട്ട് ഈടേം ഇല്ലാന്ന് .. "

"എല്ലെടുത്തും തീര്‍ന്നു കാണും ഏച്ചീ.."

പഴയ ബസ് സ്റ്റാന്റിനടുത്തുള്ള ബുക്ക് സ്റ്റാളിന് മുമ്പില്‍ നിന്ന് രണ്ടു സ്ത്രീകള്‍ വേവലാതിപ്പെടുകയാണ്.. സഹതാപം തോന്നിയ കടക്കാരന്‍ അടുത്തുള്ള മാതൃഭൂമി ഏജന്സിയില്‍ക്കൂടി അന്വേഷിക്കാന്‍ നിര്‍ദ്ദേശം കൊടുത്തു .കേട്ടപാതി കേള്‍ക്കാത്തപാതി രണ്ടു പേരും അങ്ങോട്ടേക്ക് ഓടി .അല്പസമയത്തിനു ശേഷം തിരിച്ചു വരുമ്പോള്‍ രണ്ടു പേര്‍ക്കും നിധി കിട്ടിയ സന്തോഷം !"കിട്ടി ...കിട്ടി ..."എന്ന് പറഞ്ഞ് ചിത്രഭൂമിയും ഉയര്‍ത്തിപ്പിടിച്ച് അവര്‍ നടന്നു നീങ്ങി .ഞാന്‍ ആ മുഖചിത്രത്തിലോട്ട് ഒന്ന് നോക്കി .ദിലീപും മഞ്ജു വാര്യരും ചിരിച്ചും കൊണ്ട് നില്‍ക്കുന്നു..കൂടെ ഒരു കാപ്ഷനും.."മഞ്ജു വാര്യര്‍ മടങ്ങി വരുമോ?"

കോലത്തുനാട്ടിലെ ജനങ്ങള്‍ക്ക് മഞ്ജു വാര്യര്‍ ഇന്നും ആ പഴയ കുട്ടിയാണ്.കസവു പാവാടയും കുപ്പിവളയും കണ്മഷിയും അണിഞ്ഞ് യുവജനോത്സവ വേദികളില്‍ ആടിത്തിമിര്‍ത്ത പഴയ മഞ്ജു വാര്യര്‍ .മതിവരാതെ കൈയ്യടിച്ചും ,സമ്മാനങ്ങള്‍ നല്‍കിയും അവര്‍ കൈപിടിച്ചു ഉയര്‍ത്തിയ കുട്ടി.മഞ്ജു പഠിച്ച ചൊവ്വ ഹൈസ്കൂളിലെ അധ്യാപകര്‍ ഞാന്‍ മഞ്ജുവിനെ പഠിപ്പിച്ചിരുന്നു എന്ന് പറഞ്ഞ് അഭിമാനം കൊള്ളുന്നു.
ഞാന്‍ മഞ്ജുവിന്റെ ക്ലാസ്മേറ്റ്‌ ആയിരുന്നു എന്ന് പറഞ്ഞ് ,പഴയ വീരസാഹസിക കഥകള്‍ പറഞ്ഞ് നടക്കുന്ന സഹപാഠികള്‍ .."ആ വീട്ടിലാണ്‌ മഞ്ജു വാര്യര്‍ താമസിച്ചിരുന്നത്‌ ..ഞങ്ങളുടെ തൊട്ടപ്പുറത്ത്...." എന്ന് പറഞ്ഞ് അഹങ്കരിക്കുന്ന എടച്ചൊവ്വയിലെ മഞ്ജുവിന്റെ പഴയ അയല്‍ക്കാര്‍..അങ്ങനെ അനവധി പേര്‍...

യുവജനോത്സവ വേദിയില്‍ തന്നെയാണ് ഞാന്‍ മഞ്ജു വാര്യരെ ആദ്യം കാണുന്നത്...അതും നാടോടി നൃത്തവേദിയില്‍ ഒരു കുറത്തിയായി..അന്ന് അവിടെ കൂടി നിന്നിരുന്ന ജനക്കൂട്ടം ആര്‍പ്പ് വിളിച്ചാണ് മഞ്ജുവിനെ പ്രോത്സാഹിപ്പിച്ചത്..95 ല്‍ ആണെന്ന് തോന്നുന്നു,കണ്ണൂരില്‍ വച്ച് നടന്ന സംസ്ഥാന യുവജനോത്സവത്തില്‍ മഞ്ജുവിന്റെ പ്രകടനം കാണാന്‍ അര്‍ദ്ധരാത്രി കഴിഞ്ഞും തെയ്യപ്പറമ്പിലെന്ന പോലെ സ്ത്രീകളും കുട്ടികളും അടങ്ങുന്ന വന്‍ ജനക്കൂട്ടം ഉണ്ടായിരുന്നു.ആ കലോല്ത്സവത്തില്‍ മഞ്ജു തിലകമാവുകയും ചെയ്തു.അങ്ങനെ സിനിമയില്‍ എത്തുന്നതിനു മുമ്പ് തന്നെ ആരാധകരെ സമ്പാദിച്ച മഞ്ജു വാര്യരെ തൊട്ടടുത്ത് കാണാന്‍ അതിയായ ആഗ്രഹവുമായി നടക്കുമ്പോഴാണ് നാട്ടിലെ 'ജവഹര്‍ -ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് 'മഞ്ജു വാര്യരെഅനുമോദിക്കാനും പുരസ്‌കാരം നല്‍കാനും തീരുമാനിച്ചത്.നേരത്തെ തന്നെ പോയി ഞാന്‍ അവിടെ മുന്‍ നിരയില്‍ സ്ഥാനം പിടിച്ചു.അല്പ സമയത്തിനകം മഞ്ജു വാര്യരും അച്ഛനും അമ്മയും സഹോദരനും സ്ഥലത്തെത്തി.പക്ഷേ എന്റെ പ്രതീക്ഷകള്‍ തെറ്റിച്ച് അവര്‍ മുന്‍നിരയില്‍ ഇരിക്കാതെ പിറകിലാണ് ഇരുന്നത്. മെല്ലെ പുറകോട്ടു നോക്കിയപ്പോഴുണ്ട് മഞ്ജു വാര്യരുടെ തൊട്ടടുത്ത് ഒരു കസേര ഒഴിഞ്ഞു കിടക്കുന്നു.മറ്റാരെങ്കിലും വന്നിരിക്കുന്നതിനു മുമ്പേ ഒരൊറ്റ ഓട്ടത്തിന് ഞാന്‍ ആ കസേര കരസ്ഥമാക്കി ."ഈ ചെക്കന് ഇതെന്തു പറ്റി ?"എന്ന മട്ടില്‍ മഞ്ജു വാര്യര്‍ പകച്ചു നോക്കിയെങ്കിലും,മുപ്പത്തി രണ്ട് പല്ലും കാട്ടി ഞാനൊരു തകര്‍പ്പന്‍ ചിരി പാസ്സാക്കിക്കൊടുത്തു. ആ ചടങ്ങില്‍ വച്ച് തന്നെ ,എസ്. എസ്. എല്‍. സി.പരീക്ഷയില്‍ ഡിസ്റ്റിങ്ങ്ഷനോടെ ഉന്നത വിജയം നേടിയവര്‍ക്കുള്ള കേഷ് അവാര്‍ഡും വാങ്ങിയാണ് മഞ്ജുവാര്യര്‍ മടങ്ങിയത്.

1995 ല്‍ മോഹന്‍ സംവിധാനം ചെയ്ത 'സാക്ഷ്യ' ത്തിലൂടെ വെള്ളിത്തിരയിലെത്തിയ മഞ്ജു വാര്യര്‍ 96 ലെ വിഷുവിനു പുറത്തിറങ്ങിയ 'സല്ലാപ'ത്തിലെ രാധയിലൂടെയാണ് മലയാളികളുടെ മനസ്സിലേക്ക് ചേക്കേറിയത് .തൊട്ടു പിന്നാലെ എത്തിയ 'തൂവല്‍ കൊട്ടാര 'ത്തിന്റെയും 'ദില്ലിവാല രാജകുമാര'ന്റെയും വിജയം മഞ്ജുവിന്റെ താരസിംഹാസനം ഉറപ്പിച്ചു.ആ വര്‍ഷം തന്നെ പുറത്തിറങ്ങിയ 'ഈ പുഴയും കടന്ന്' എന്ന ചിത്രത്തിലെ പ്രകടനം മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡിന് മഞ്ജുവിനെ അര്‍ഹയാക്കി. മോഹന്‍ലാലിന്റെ അഭിനയ വൈഭവത്തിനൊപ്പം പിടിച്ചു നിന്ന ആറാം തമ്പുരാനിലെ 'ഉണ്ണിമായ' ,കന്മദത്തിലെ 'ഭാനു ',ദയയിലെ 'ദയ'തുടങ്ങി വ്യത്യസ്ത വേഷങ്ങള്‍..'കണ്ണെഴുതി പൊട്ടും തൊട്ട്'എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശിയ അവാര്‍ഡ് ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് പാത്രമായ മഞ്ജു ആ ചിത്രത്തില്‍ പിന്നണി പാടുകയും ചെയ്തിട്ടുണ്ട്.എം. ജി .ശ്രീകുമാറിനൊപ്പം 'ചിങ്ങപ്പൂവ് 'എന്ന ഓണക്കാസറ്റിലും പാടിയ മഞ്ജു നല്ലൊരു ഗായിക കൂടിയായിരുന്നു.മൂന്നു വര്‍ഷം കൊണ്ട് ഇരുപതോളം ചിത്രങ്ങളിലും ഒരു ടി. വി.സീരിയലിലും അഭിനയിച്ച മഞ്ജു വാര്യര്‍ വിവാഹത്തോടെയാണ് അഭിനയം നിര്‍ത്തിയത്.




1998 ഒക്ടോബര്‍ 20...അന്ന് സായാഹ്ന പത്രങ്ങള്‍ പുറത്തിറങ്ങിയത് ചലച്ചിത്ര നടന്‍ ദിലീപും മഞ്ജു വാര്യരും വിവാഹിതരായി എന്ന വാര്‍ത്തയോടെ ആയിരുന്നു.പക്ഷേ ആ പത്രങ്ങളിലെ പ്രധാന തലക്കെട്ട്‌ 'മഞ്ജുവാര്യര്‍ ഇനി അഭിനയിക്കില്ല 'എന്നതായിരുന്നു എന്നതാണ് രസാവഹം.പലരും ആ വാര്‍ത്ത‍ വിശ്വസിക്കാന്‍ ദിവസങ്ങളെടുത്തു.മഞ്ജുവിനെ മനസ്സില്‍ കണ്ട് തയ്യാറാക്കിയ പല തിരക്കഥകളും വെറുതെയായി.കേരളത്തിലും പുറത്തുമുള്ള പല പ്രമുഖരും സാംസ്കാരിക പ്രവര്‍ത്തകരും മഞ്ജുവിനോട് അഭിനയം നിര്‍ത്തരുതെന്ന് ആവശ്യപ്പെട്ടു.എങ്കിലും വീട്ടമ്മയായി ഇനിയുള്ള ജീവിതം തുടരുമെന്ന് മഞ്ജു വ്യക്തമാക്കിയതോടെ എല്ലാ ചോദ്യങ്ങളും അവസാനിക്കുകയായിരുന്നു.

നൃത്തം തുടരുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒരു വേദിയിലും മഞ്ജുവിനെ കണ്ടില്ല.പൊതു വേദികളിലൊന്നും പ്രത്യക്ഷപ്പെടാതെ വീട്ടമ്മയായി തന്നെ അവര്‍ ഒതുങ്ങിക്കൂടി. 'മീനാക്ഷി 'യെന്ന കുഞ്ഞുകൂടി പിറന്നതോടെ മാധ്യമങ്ങള്‍ വീണ്ടും മഞ്ജുവിനു പിറകെ കൂടി .താര കുടുംബത്തിന്റെ മുഖചിത്രങ്ങളുമായി ധാരാളം ആനുകാലികങ്ങള്‍ പുറത്തിറങ്ങി.മീനാക്ഷി വലുതായതോട് കൂടി മഞ്ജു വീണ്ടും അഭിനയ രംഗത്തേക്ക്‌ വരുമോ എന്ന് പലരും ചോദിയ്ക്കാന്‍ തുടങ്ങി .മഞ്ജുവിന്റെ പേരില്‍ വെബ്സൈറ്റും ,സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ്‌ സൈറ്റുകളില്‍ കമ്മ്യൂണിറ്റികളും തുടങ്ങിയവര്‍ ഗൌരവമായി ചര്‍ച്ചകള്‍ ആരംഭിച്ചു. അതിനിടെ സൂപ്പര്‍താര പദവിയിലേക്കുയര്‍ന്ന ദിലീപിന്റെ ചില ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ ഇടം നേടാതായപ്പോള്‍ ചിലര്‍ "അങ്ങനെത്തന്നെ വേണം..നമ്മളെ മഞ്ജൂനെ അഭിനയിക്കാന്‍ വിടില്ലല്ലോ...അങ്ങനെ വേണം.."എന്ന് പ്ര്കാനും തുടങ്ങി. ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് ആ വാര്‍ത്ത‍ വന്നത് .ദിലീപ് നിര്‍മ്മിക്കുന്ന ' ട്വന്റി ട്വന്റി 'എന്ന ചിത്രത്തിലൂടെ മഞ്ജു വാര്യര്‍ അഭിനയ രംഗത്തേക്ക്‌ തിരിച്ചു വരുന്നു.അത് ചീറ്റിപ്പോയപ്പോള്‍ ദാ വരുന്നു അടുത്ത വാര്‍ത്ത‍.'ബോര്‍ഡി ഗാര്‍ഡ് 'എന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ ദിലീപിന്റെ നായികയാവുന്നു..!ആ സ്ഥാനത്ത് നയന്‍താര വന്നതോടെ അതും ചീറ്റിപ്പോയി .അതിനിടെ രഞ്ജിത്തിന്റെ 'പലേരി മാണിക്യം.. 'എന്ന ചിത്രത്തിന്റെ അഭിനയക്കളരി ഉത്ഘാടനം ചെയ്യാന്‍ ദിലീപിനൊപ്പം മഞ്ജുവും എത്തിയത് പലര്‍ക്കും പുത്തന്‍ പ്രതീക്ഷകള്‍ നല്‍കി . താരങ്ങളുടെ വിവാഹ സത്കാരങ്ങളിലും ദിലീപിന്റെ അവാര്‍ഡ് വാങ്ങാന്‍ താരനിശകളിലും മാത്രം പങ്കെടുത്തിരുന്ന മഞ്ജു ഇത്തരം പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടതോടെ അടുത്ത വാര്‍ത്തയും വന്നു കഴിഞ്ഞു .c. i . d മൂസയുടെ രണ്ടാം ഭാഗത്തില്‍ മഞ്ജുവായിരിക്കും ദിലീപിന്റെ നായിക.!പറയേണ്ടവര്‍ക്ക് പറഞ്ഞാല്‍ മതി .ഇവിടെ കോലത്തുനാട്ടിലെ മഞ്ജുവിന്റെ നാട്ടുകാരെ വെറുതെ ആശിപ്പിക്കരുത്.അവര്‍ സഹിക്കില്ല...!

വാല്‍ക്കഷ്ണം :കഴിഞ്ഞ ദിവസം ഒരു ചാനല്‍ അഭിമുഖത്തില്‍ നടന്‍ രാജന്‍ .പി.ദേവ് തന്റെ സിനിമാ ജീവിതത്തിലെ നികത്താനാവാത്ത മൂന്ന് നഷ്ടങ്ങളെക്കുറിച്ച് പറയുന്നത് കേട്ടു.ഒന്ന് :ഭരതനെ നേരിട്ട് കാണാന്‍ പറ്റിയില്ല .രണ്ട്:പദ്മരാജന്റെ സിനിമയില്‍ അഭിനയിക്കാന്‍ പറ്റിയില്ല.മൂന്ന് :മഞ്ജു വാര്യര്‍ എന്ന മഹാനടിയുടെ കൂടെ അഭിനയിക്കാന്‍ സാധിച്ചില്ല.
അദ്ദേഹം പറയുന്നതിലും കാര്യമുണ്ട്.അഭിനയശേഷിയും മലയാളിത്തവും ഒത്തിണങ്ങിയ ആ പ്രതിഭയുടെ കൂടെ അഭിനയിക്കാനും ഭാഗ്യം വേണം.