Tuesday, April 14, 2009

തിരഞ്ഞെടുപ്പ് ഫെസ്റ്റിവല്‍

"നിങ്ങളെന്താ മനുഷ്യാ ....ഉറക്കത്ത് തലയണ വലിച്ചെറിയുന്നത്?"
"അയ്യോ....ഇത് കസേരയല്ലേ...?തലയണ ആയിരുന്നോ ..ഛേ..!"

വെളുപ്പാന്‍ കാലത്ത് തന്നെ ഭാര്യയുടെ മുമ്പില്‍ നാണം കെട്ടു...എല്ലാം ഈ ചാനലുകാര് കാരണമാ..ഇടിപ്പട,അങ്കപ്പോര്,അടിക്കളം എന്നൊക്കെ പേരുമിട്ടു തമ്മില്‍ തല്ല് കാണിക്കും ..മനുഷ്യനെ മെനക്കെടുത്താന്‍ ....എന്നെ പറഞ്ഞാ മതി..സീമന്ത പുത്രി,അമ്മയുടെ മോള്..തുടങ്ങിയവരില്‍ നിന്ന് രക്ഷ നേടാനാണ് അവളുടെ കൈയ്യില്‍ നിന്നും റിമോട്ട് പിടിച്ചു വാങ്ങി ന്യൂസ് ചാനലുകളെ അഭയം പ്രാപിച്ചത് ...ഇതിനെക്കാള്‍ ഭേദം അതാ...


പല്ലു തേച്ചുകൊണ്ട് പത്രം ഒന്ന് വെറുതെ മറിച്ചു നോക്കിയതാ ..ദേ കിടക്കുന്നു..'ഇടതു ഭരണം കേരളം മുടിച്ചു-വലതന്‍ ","വലതന്റെ കേന്ദ്ര ഭരണം കേരളം മുടിച്ചു-ഇടതന്‍" ഉഗ്രന്‍ തലക്കെട്ടുകള്‍...!
മുറ്റത്തേക്ക്‌ നീട്ടി തുപ്പാന്‍ തുടങ്ങിയ്യപ്പോഴുണ്ട് പടിഞ്ഞാറെക്കണ്ടീലെ കുടുംബശ്രീ പ്രീതയും പാല്‍ക്കാരി ജാനുവും ഗേറ്റ് കടന്നു വരുന്നു..

"സുഗുണന്‍ മാഷെ ...നമസ്കാരം ... "

"നമസ്കാരം ..എന്താ രാവിലെത്തന്നെ...?"

"വിഷുവല്ലേ മഷേ...ഗ്രീറ്റിങ്ങ് കാര്‍ഡ് തരാന്‍ വന്നതാ..."
പ്രീത ഒരു കവര്‍ എന്റെ നേരെ നീട്ടി .
"ഗ്രീറ്റിങ്ങ് കാര്‍ഡോ ..എനിക്കോ...നമ്മള് കുറേ ക്കൊല്ലായില്ലേ കാണുന്ന് പ്രീതേ..പിന്നെ ഇപ്പൊ എന്താ ഒരു..."

സ്നേഹത്തോടെ അത് വാങ്ങി ,ആശംസകള്‍ നേര്‍ന്ന് അവരെ യാത്രയാക്കിയ ശേഷം ആരും കാണാതെ കവര്‍ പൊട്ടിക്കാന്‍ നോക്കിയതും ബിന്ദു അത് പിടിച്ചു വാങ്ങി.

"അവളുടെ ഒരു ഗ്രീറ്റിങ്ങ്സ്...എന്റെ ഭര്‍ത്താവിനെയെ കിട്ടിയുള്ളോ...കത്ത് കൊടുക്കാന്‍...അശ്രീകരം..."

ഒരു ഭൂകമ്പം നടക്കുമെന്ന് ഞാന്‍ കരുതിയെങ്കിലും ഒന്നും നടന്നില്ല. കവര്‍ പൊട്ടിച്ച് ഗ്രീറ്റിങ്ങ് കാര്‍ഡും വായിച്ച് പുലിയെ പോലെ വന്ന ബിന്ദു എലിയെ പോലെ അടുക്കളയിലേക്കു പോയി.എന്ത് പറ്റി?
അവള്‍ നിലത്തു കളഞ്ഞിട്ടു പോയ കാര്‍ഡ് ഞാന്‍ എടുത്തു നോക്കി.

"വിഷു ആശംസകളോടെ സ്വന്തം സ്ഥാനാര്‍ഥി...!"

എന്നാലും പ്രീതേ ..എന്ന് പറഞ്ഞതെ ഉള്ളൂ.... ഗേറ്റ് കടന്നു അടുത്ത പാര്‍ട്ടി എത്തി.

"അല്ല ലക്ഷ്മണെട്ടനോ?ഗ്രീറ്റിങ്ങ് കാര്‍ഡ് ആയിരിക്കും അല്ലേ...?"

ഉത്തരം പറഞ്ഞത് അന്‍സാറാണ്.

"ആ കുയുംബസ്രീക്കാര് വന്നിരുന്ന് അല്ലേ?അവളുമാര് പോലച്ചക്കന്നെ ഊര് തെണ്ട്ന്നത് ഞമ്മള് കണ്ടിന്...അതാ ഇപ്പം തന്നെ ഇറങ്ങിയത്‌...ഇന്നാ മസേ നമ്മളെ സ്ഥാനാര്‍ഥിയിടെ ഗീട്ടിങ്ങ്സ്..."

ലക്ഷമ്ണേട്ടന്‍ സഞ്ചിയില്‍ നിന്ന് ഒരു നോട്ടീസ് പുറത്തെടുത്ത് മോന്റെ കയ്യില്‍ കൊടുത്തു.

"അതെന്താ ലക്ഷ്മണേട്ടാ ...ഇന്നലെ തന്നെ അഞ്ചാറ് നോട്ടീസ് കൊണ്ട്ത്തന്നിരുന്നല്ലോ...?"

"ഇത് ഇന്നലെ രാത്രി അടിച്ചതാ...ഒരുത്തന്‍ ഇന്നലെ ടൌണില്‍ വന്ന് പ്രാസംഗിച്ചിരുന്നു...അതിന്റെ മറുപടിയാ.."

"അച്ഛാ ..ഇതെനിക്ക് എരോപ്ലൈന് ഇണ്ടാക്കാന്‍ വേണം ...."

അച്ചു ആ നോട്ടീസും എടുത്ത് പറമ്പിലേക്ക് ഓടി .


കുറേക്കാലത്തിനു ശേഷമാണ് ബിന്ദുവിനെയും മക്കളെയും കൂട്ടി ടൌണില്‍ പോകുന്നത്. വിഷുവൊക്കെ അല്ലെ..കോടിയൊക്കെ വാങ്ങുകയാണ് ഉദ്ദേശം.കഷ്ടകാലമെന്നു പറയട്ടെ മുക്കാല്‍ മണിക്കൂറാണ് ബസ് ട്രാഫിക്ക് ജാമില്‍ കുടുങ്ങിയത്. ഏതോ ഒരു കേന്ദ്ര നേതാവ് വരുന്നുണ്ടത്രേ..ഓടിക്കിതച്ചു വിഷു-എക്സിബിഷന്‍ നഗരിയില്‍ എത്തിയപ്പോഴുണ്ട് തൃശൂര്‍ പൂരത്തിന്റെ തിരക്ക്..നേതാവിന്റെ പ്രസംഗ നഗരിയില്‍ അതിന്റെ നാലിലൊന്ന് ആളില്ല.

എങ്കിലും നേതാവിന്റെ പാര്‍ട്ടി തന്നെ ജയിക്കും എന്നതില്‍ സംശയം ഇല്ല.ഓരോ ഷോപ്പിങ്ങ് സെന്ററിനും അടുത്ത് സ്ഥാനാര്‍ഥിയുടെ ചിരിക്കുന്ന മുഖവുമായി കൂറ്റന്‍ ഫ്ലക്സ് ബോര്‍ഡുകള്‍ ഉയര്‍ത്തി വച്ചിട്ടുണ്ടല്ലോ...

"അച്ഛാ വിഷുവിനും ഘോഷയാത്ര ഉണ്ടോ?"

മിന്നു ചോദിച്ചപ്പോഴാണ് റോഡിലേക്ക് ശ്രദ്ധിച്ചത്..ബാന്‍ഡ് മേളം ,കരകാട്ടം ,കാവടിയാട്ടം ,മുത്തുക്കുടകള്‍,ശിങ്കാരിമേളം എന്തൊക്കെയാണ്...?

"ഘോഷയാത്രയൊന്നും അല്ല മോളേ.. ഇവന്റ് മാനേജ്മെന്റ്കാര് സ്ഥാനാര്‍ഥിക്കുവേണ്ടി നടത്തുന്ന പ്രചരണമാ..."


"അതെന്താ അച്ഛാ ഇവന്റ് മാനേജ്മെന്റ്?"


മോളുടെ സംശയം തീര്‍ത്തു കൊടുക്കാന്‍ ഒരുങ്ങുമ്പോഴാണ് വീടിനടുത്തെ സതീശന്‍ റോഡിനു അപ്പുറത്തു നിന്നും ഓടിവന്നത്.
"മാഷേ ..പെട്ടന്ന് നാട് പിടിച്ചോ..നമ്മളെ അങ്ങോട്ട്‌ ബസ്സൊന്നും ഓടുന്നില്ല..ഏതോ ഒരു സ്ഥാനാര്‍ഥിയെ വഴിയില്‍ തടെഞ്ഞെന്നോ..ബോംബ് എറിഞ്ഞെന്നോ ഒക്കെ കേട്ടു.."

"മക്കളേ കോടി ,ഓണത്തിന് വാങ്ങാം കേട്ടോ.."എന്നും പറഞ്ഞു കൊണ്ട് ഭാഗ്യത്തിന് കിട്ടിയ ഒരു ഓട്ടോയില്‍ നാട് പിടിച്ചു.

ഓട്ടോക്കാരന് ജീവനില്‍ കൊതി ഉള്ളതിനാല്‍ പകുതി വഴിക്ക് ഞങ്ങളെ ഇറക്കി വിടുകയും ഞങ്ങള്‍ റോഡ് അരികിലെ മതിലുകളില്‍ ഒട്ടിച്ചിരിക്കുന്ന പോസ്ററുകള്‍ വായിച്ചു ആസ്വദിച്ച് വീട്ടിലേക്ക് സവാരി ചെയ്യുകയും ചെയ്തു.


വിഷുവോ കുളമായി ...മനസ്സ് കുളമാക്കാതെ ഒരു പാട്ടെങ്കിലും കേള്‍ക്കാമെന്ന് കരുതി റേഡിയോ ഓണാക്കി എഫ് എം ട്യൂണ്‍ ചെയ്തു , ഏറേത്തെ ചാരു കസേരയില്‍ അങ്ങനെ ഇരുന്നു .ഒരു പാട്ട് കഴിഞ്ഞതും..ദാ വരുന്നു.."ഞാന്‍ സ്ഥാനാര്‍ഥി ..നിങ്ങളെ കാണാന്‍ കഴിയാത്തതില്‍ വിഷമമുണ്ട്...എന്റെ ചിഹ്നം ...."
നാശം..മനുഷ്യനെ സ്വസ്ഥമായി പാട്ട് കേള്‍ക്കാനും സമ്മതിക്കില്ല...

"അച്ഛാ ..അച്ഛന്റെ മൊബൈല് കുറേ നേരമായി കീ ..കീ .. ന്നു അടിച്ചു കൊണ്ടിരിക്കയാ.."

"മെസ്സേജ് വന്നതായിരിക്കും മോളേ...അച്ഛന്റെ സ്കൂളിലെ മാഷന്‍മാര് ആശംസകള് അയക്കുന്നതായിരിക്കും.."

മോളുടെ കൈയ്യില്‍ നിന്നും മൊബൈല് വാങ്ങി നോക്കിയപ്പോള്‍ ഞെട്ടി ..."നോ സ്പേസ് ഫോര്‍ മെസ്സേജസ്.. മെമ്മറി ഫുള്‍ !ഇതാരാണപ്പാ എനിക്ക് ഇത്രേം മെസ്സേജ് അയക്കാന്‍...?നോക്കിയപ്പോഴല്ലേ കാര്യം പിടികിട്ടിയത്..

"ഡിയര്‍ സുഗുണന്‍ ..വോട്ട് ഫോര്‍ ഔവര്‍ കേണ്ടിഡേറ്റ് ...." മണ്ണാങ്കട്ട..ഇവന്‍മാര്‍ക്ക് എന്റെ നമ്പര്‍ എവിടുന്നു കിട്ടി ...?മെമ്മറി കാര്‍ഡ് നിറക്കാന്‍ ഓരോന്ന് ഇറങ്ങിക്കോളും ...

പെട്ടന്നാണ് വേറൊരു കാര്‍ഡിന്റെ ഓര്‍മ്മ വന്നത്. ഐഡന്റിറ്റി കാര്‍ഡ്..!കഴിഞ്ഞ തവണ വോട്ട് ചെയ്യാന്‍ പോയപ്പോള്‍ എടുത്തതാണ്.ഇപ്പോള്‍ ഏതു ഷെല്‍ഫില്‍ കിടക്കുന്നുവെന്ന് ആര്‍ക്കറിയാം? ബിന്ദുവിനാണെങ്കില്‍ യാതൊരു ശ്രദ്ധയും ഇല്ലാത്തതാണ്.

"ബിന്ദൂ...ആ ഇലക്‌ഷന്‍ ഐഡന്റിറ്റി കാര്‍ഡ് ഇങ്ങ് എടുത്തേ.."

"ഞാനാ കുന്ത്രാണ്ടം തന്നെയാ ഇവിടെക്കിടന്ന് പരതുന്നത്.."

അല്‍പ സമയത്തിന് ശേഷം അവള്‍ പുറത്തേക്ക് വന്നു

"ഇതാ നിങ്ങളുടെ കാര്‍ഡ് ...കാണുമ്പോള്‍ തന്നെ പേടിയാവുന്നു..."

ഞാനാ കാര്‍ഡിലോട്ടു നോക്കി ഒന്ന് നെടുവീര്‍പ്പെട്ടു.നീണ്ട അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും പോളിംഗ് ബൂത്തിലേക്ക് .ഹോ ....ഓര്‍ക്കുമ്പോള്‍ കുളിര് കോരുന്നു..!ജനാധിപത്യത്തിന്റെ കാവലാളായി ഞാനും എന്റെ ഒരു വോട്ടും...ഹോ..

"നിങ്ങള്‍ കുളിര് കോരി ഇരുന്നോ..ഞാന്‍ ഇപ്പോഴേ പറഞ്ഞില്ലാന്നു വേണ്ട ..നേരത്തെ കാലത്തേ പോയില്ലെങ്കില് വേറെ വല്ലവനും കുളിര് കോരി പോകും.ചിലപ്പോ ബൂത്തെന്നെ കാണില്ല.കഴിഞ്ഞ പ്രാവശ്യത്തെപ്പോലെ നാണം കെടാന്‍ എന്നെ കിട്ടില്ല "

ബിന്ദുവിന്റെ ഉപദേശം കേട്ടിട്ട് മുറ്റത്ത്‌ കളിച്ചു കൊണ്ടിരുന്ന അച്ചു ഉറക്കെ ചോദിച്ചു .

"ഈ ചിരിക്കുന്ന മാമന് വോട്ട് ചെയ്യണ്ട ഫോര്‍മാറ്റ് എന്താ അമ്മേ.. ?"

"അച്ഛന്‍ പറഞ്ഞു തരാം മോനെ ഉത്തരം ...പൊതുജനം സ്പേസ് കഴത...!"

Sunday, April 12, 2009

"മഞ്ജു വാര്യര്‍ മടങ്ങി വരുമോ?"

"പുതിയ ചിത്രഭൂമിയില്ലേ?"

"പുതിയത് നാളെയേ ഇറങ്ങൂ."

"അതല്ലാ...മഞ്ജു വാര്യരുടെ മുഖചിത്രം ഉള്ള.."


"ആ ...അത് ..ഇറങ്ങിയ അന്നെന്നെ മഴുവനും തീര്‍ന്നു.."


"അയ്യോ..എനി ഏടുന്നാ കിട്ട്വാ...ഈ പൊരിവെയിലത്ത് ഈടം വരെ നടന്നിട്ട് ഈടേം ഇല്ലാന്ന് .. "

"എല്ലെടുത്തും തീര്‍ന്നു കാണും ഏച്ചീ.."

പഴയ ബസ് സ്റ്റാന്റിനടുത്തുള്ള ബുക്ക് സ്റ്റാളിന് മുമ്പില്‍ നിന്ന് രണ്ടു സ്ത്രീകള്‍ വേവലാതിപ്പെടുകയാണ്.. സഹതാപം തോന്നിയ കടക്കാരന്‍ അടുത്തുള്ള മാതൃഭൂമി ഏജന്സിയില്‍ക്കൂടി അന്വേഷിക്കാന്‍ നിര്‍ദ്ദേശം കൊടുത്തു .കേട്ടപാതി കേള്‍ക്കാത്തപാതി രണ്ടു പേരും അങ്ങോട്ടേക്ക് ഓടി .അല്പസമയത്തിനു ശേഷം തിരിച്ചു വരുമ്പോള്‍ രണ്ടു പേര്‍ക്കും നിധി കിട്ടിയ സന്തോഷം !"കിട്ടി ...കിട്ടി ..."എന്ന് പറഞ്ഞ് ചിത്രഭൂമിയും ഉയര്‍ത്തിപ്പിടിച്ച് അവര്‍ നടന്നു നീങ്ങി .ഞാന്‍ ആ മുഖചിത്രത്തിലോട്ട് ഒന്ന് നോക്കി .ദിലീപും മഞ്ജു വാര്യരും ചിരിച്ചും കൊണ്ട് നില്‍ക്കുന്നു..കൂടെ ഒരു കാപ്ഷനും.."മഞ്ജു വാര്യര്‍ മടങ്ങി വരുമോ?"

കോലത്തുനാട്ടിലെ ജനങ്ങള്‍ക്ക് മഞ്ജു വാര്യര്‍ ഇന്നും ആ പഴയ കുട്ടിയാണ്.കസവു പാവാടയും കുപ്പിവളയും കണ്മഷിയും അണിഞ്ഞ് യുവജനോത്സവ വേദികളില്‍ ആടിത്തിമിര്‍ത്ത പഴയ മഞ്ജു വാര്യര്‍ .മതിവരാതെ കൈയ്യടിച്ചും ,സമ്മാനങ്ങള്‍ നല്‍കിയും അവര്‍ കൈപിടിച്ചു ഉയര്‍ത്തിയ കുട്ടി.മഞ്ജു പഠിച്ച ചൊവ്വ ഹൈസ്കൂളിലെ അധ്യാപകര്‍ ഞാന്‍ മഞ്ജുവിനെ പഠിപ്പിച്ചിരുന്നു എന്ന് പറഞ്ഞ് അഭിമാനം കൊള്ളുന്നു.
ഞാന്‍ മഞ്ജുവിന്റെ ക്ലാസ്മേറ്റ്‌ ആയിരുന്നു എന്ന് പറഞ്ഞ് ,പഴയ വീരസാഹസിക കഥകള്‍ പറഞ്ഞ് നടക്കുന്ന സഹപാഠികള്‍ .."ആ വീട്ടിലാണ്‌ മഞ്ജു വാര്യര്‍ താമസിച്ചിരുന്നത്‌ ..ഞങ്ങളുടെ തൊട്ടപ്പുറത്ത്...." എന്ന് പറഞ്ഞ് അഹങ്കരിക്കുന്ന എടച്ചൊവ്വയിലെ മഞ്ജുവിന്റെ പഴയ അയല്‍ക്കാര്‍..അങ്ങനെ അനവധി പേര്‍...

യുവജനോത്സവ വേദിയില്‍ തന്നെയാണ് ഞാന്‍ മഞ്ജു വാര്യരെ ആദ്യം കാണുന്നത്...അതും നാടോടി നൃത്തവേദിയില്‍ ഒരു കുറത്തിയായി..അന്ന് അവിടെ കൂടി നിന്നിരുന്ന ജനക്കൂട്ടം ആര്‍പ്പ് വിളിച്ചാണ് മഞ്ജുവിനെ പ്രോത്സാഹിപ്പിച്ചത്..95 ല്‍ ആണെന്ന് തോന്നുന്നു,കണ്ണൂരില്‍ വച്ച് നടന്ന സംസ്ഥാന യുവജനോത്സവത്തില്‍ മഞ്ജുവിന്റെ പ്രകടനം കാണാന്‍ അര്‍ദ്ധരാത്രി കഴിഞ്ഞും തെയ്യപ്പറമ്പിലെന്ന പോലെ സ്ത്രീകളും കുട്ടികളും അടങ്ങുന്ന വന്‍ ജനക്കൂട്ടം ഉണ്ടായിരുന്നു.ആ കലോല്ത്സവത്തില്‍ മഞ്ജു തിലകമാവുകയും ചെയ്തു.അങ്ങനെ സിനിമയില്‍ എത്തുന്നതിനു മുമ്പ് തന്നെ ആരാധകരെ സമ്പാദിച്ച മഞ്ജു വാര്യരെ തൊട്ടടുത്ത് കാണാന്‍ അതിയായ ആഗ്രഹവുമായി നടക്കുമ്പോഴാണ് നാട്ടിലെ 'ജവഹര്‍ -ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് 'മഞ്ജു വാര്യരെഅനുമോദിക്കാനും പുരസ്‌കാരം നല്‍കാനും തീരുമാനിച്ചത്.നേരത്തെ തന്നെ പോയി ഞാന്‍ അവിടെ മുന്‍ നിരയില്‍ സ്ഥാനം പിടിച്ചു.അല്പ സമയത്തിനകം മഞ്ജു വാര്യരും അച്ഛനും അമ്മയും സഹോദരനും സ്ഥലത്തെത്തി.പക്ഷേ എന്റെ പ്രതീക്ഷകള്‍ തെറ്റിച്ച് അവര്‍ മുന്‍നിരയില്‍ ഇരിക്കാതെ പിറകിലാണ് ഇരുന്നത്. മെല്ലെ പുറകോട്ടു നോക്കിയപ്പോഴുണ്ട് മഞ്ജു വാര്യരുടെ തൊട്ടടുത്ത് ഒരു കസേര ഒഴിഞ്ഞു കിടക്കുന്നു.മറ്റാരെങ്കിലും വന്നിരിക്കുന്നതിനു മുമ്പേ ഒരൊറ്റ ഓട്ടത്തിന് ഞാന്‍ ആ കസേര കരസ്ഥമാക്കി ."ഈ ചെക്കന് ഇതെന്തു പറ്റി ?"എന്ന മട്ടില്‍ മഞ്ജു വാര്യര്‍ പകച്ചു നോക്കിയെങ്കിലും,മുപ്പത്തി രണ്ട് പല്ലും കാട്ടി ഞാനൊരു തകര്‍പ്പന്‍ ചിരി പാസ്സാക്കിക്കൊടുത്തു. ആ ചടങ്ങില്‍ വച്ച് തന്നെ ,എസ്. എസ്. എല്‍. സി.പരീക്ഷയില്‍ ഡിസ്റ്റിങ്ങ്ഷനോടെ ഉന്നത വിജയം നേടിയവര്‍ക്കുള്ള കേഷ് അവാര്‍ഡും വാങ്ങിയാണ് മഞ്ജുവാര്യര്‍ മടങ്ങിയത്.

1995 ല്‍ മോഹന്‍ സംവിധാനം ചെയ്ത 'സാക്ഷ്യ' ത്തിലൂടെ വെള്ളിത്തിരയിലെത്തിയ മഞ്ജു വാര്യര്‍ 96 ലെ വിഷുവിനു പുറത്തിറങ്ങിയ 'സല്ലാപ'ത്തിലെ രാധയിലൂടെയാണ് മലയാളികളുടെ മനസ്സിലേക്ക് ചേക്കേറിയത് .തൊട്ടു പിന്നാലെ എത്തിയ 'തൂവല്‍ കൊട്ടാര 'ത്തിന്റെയും 'ദില്ലിവാല രാജകുമാര'ന്റെയും വിജയം മഞ്ജുവിന്റെ താരസിംഹാസനം ഉറപ്പിച്ചു.ആ വര്‍ഷം തന്നെ പുറത്തിറങ്ങിയ 'ഈ പുഴയും കടന്ന്' എന്ന ചിത്രത്തിലെ പ്രകടനം മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡിന് മഞ്ജുവിനെ അര്‍ഹയാക്കി. മോഹന്‍ലാലിന്റെ അഭിനയ വൈഭവത്തിനൊപ്പം പിടിച്ചു നിന്ന ആറാം തമ്പുരാനിലെ 'ഉണ്ണിമായ' ,കന്മദത്തിലെ 'ഭാനു ',ദയയിലെ 'ദയ'തുടങ്ങി വ്യത്യസ്ത വേഷങ്ങള്‍..'കണ്ണെഴുതി പൊട്ടും തൊട്ട്'എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശിയ അവാര്‍ഡ് ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് പാത്രമായ മഞ്ജു ആ ചിത്രത്തില്‍ പിന്നണി പാടുകയും ചെയ്തിട്ടുണ്ട്.എം. ജി .ശ്രീകുമാറിനൊപ്പം 'ചിങ്ങപ്പൂവ് 'എന്ന ഓണക്കാസറ്റിലും പാടിയ മഞ്ജു നല്ലൊരു ഗായിക കൂടിയായിരുന്നു.മൂന്നു വര്‍ഷം കൊണ്ട് ഇരുപതോളം ചിത്രങ്ങളിലും ഒരു ടി. വി.സീരിയലിലും അഭിനയിച്ച മഞ്ജു വാര്യര്‍ വിവാഹത്തോടെയാണ് അഭിനയം നിര്‍ത്തിയത്.




1998 ഒക്ടോബര്‍ 20...അന്ന് സായാഹ്ന പത്രങ്ങള്‍ പുറത്തിറങ്ങിയത് ചലച്ചിത്ര നടന്‍ ദിലീപും മഞ്ജു വാര്യരും വിവാഹിതരായി എന്ന വാര്‍ത്തയോടെ ആയിരുന്നു.പക്ഷേ ആ പത്രങ്ങളിലെ പ്രധാന തലക്കെട്ട്‌ 'മഞ്ജുവാര്യര്‍ ഇനി അഭിനയിക്കില്ല 'എന്നതായിരുന്നു എന്നതാണ് രസാവഹം.പലരും ആ വാര്‍ത്ത‍ വിശ്വസിക്കാന്‍ ദിവസങ്ങളെടുത്തു.മഞ്ജുവിനെ മനസ്സില്‍ കണ്ട് തയ്യാറാക്കിയ പല തിരക്കഥകളും വെറുതെയായി.കേരളത്തിലും പുറത്തുമുള്ള പല പ്രമുഖരും സാംസ്കാരിക പ്രവര്‍ത്തകരും മഞ്ജുവിനോട് അഭിനയം നിര്‍ത്തരുതെന്ന് ആവശ്യപ്പെട്ടു.എങ്കിലും വീട്ടമ്മയായി ഇനിയുള്ള ജീവിതം തുടരുമെന്ന് മഞ്ജു വ്യക്തമാക്കിയതോടെ എല്ലാ ചോദ്യങ്ങളും അവസാനിക്കുകയായിരുന്നു.

നൃത്തം തുടരുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒരു വേദിയിലും മഞ്ജുവിനെ കണ്ടില്ല.പൊതു വേദികളിലൊന്നും പ്രത്യക്ഷപ്പെടാതെ വീട്ടമ്മയായി തന്നെ അവര്‍ ഒതുങ്ങിക്കൂടി. 'മീനാക്ഷി 'യെന്ന കുഞ്ഞുകൂടി പിറന്നതോടെ മാധ്യമങ്ങള്‍ വീണ്ടും മഞ്ജുവിനു പിറകെ കൂടി .താര കുടുംബത്തിന്റെ മുഖചിത്രങ്ങളുമായി ധാരാളം ആനുകാലികങ്ങള്‍ പുറത്തിറങ്ങി.മീനാക്ഷി വലുതായതോട് കൂടി മഞ്ജു വീണ്ടും അഭിനയ രംഗത്തേക്ക്‌ വരുമോ എന്ന് പലരും ചോദിയ്ക്കാന്‍ തുടങ്ങി .മഞ്ജുവിന്റെ പേരില്‍ വെബ്സൈറ്റും ,സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ്‌ സൈറ്റുകളില്‍ കമ്മ്യൂണിറ്റികളും തുടങ്ങിയവര്‍ ഗൌരവമായി ചര്‍ച്ചകള്‍ ആരംഭിച്ചു. അതിനിടെ സൂപ്പര്‍താര പദവിയിലേക്കുയര്‍ന്ന ദിലീപിന്റെ ചില ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ ഇടം നേടാതായപ്പോള്‍ ചിലര്‍ "അങ്ങനെത്തന്നെ വേണം..നമ്മളെ മഞ്ജൂനെ അഭിനയിക്കാന്‍ വിടില്ലല്ലോ...അങ്ങനെ വേണം.."എന്ന് പ്ര്കാനും തുടങ്ങി. ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് ആ വാര്‍ത്ത‍ വന്നത് .ദിലീപ് നിര്‍മ്മിക്കുന്ന ' ട്വന്റി ട്വന്റി 'എന്ന ചിത്രത്തിലൂടെ മഞ്ജു വാര്യര്‍ അഭിനയ രംഗത്തേക്ക്‌ തിരിച്ചു വരുന്നു.അത് ചീറ്റിപ്പോയപ്പോള്‍ ദാ വരുന്നു അടുത്ത വാര്‍ത്ത‍.'ബോര്‍ഡി ഗാര്‍ഡ് 'എന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ ദിലീപിന്റെ നായികയാവുന്നു..!ആ സ്ഥാനത്ത് നയന്‍താര വന്നതോടെ അതും ചീറ്റിപ്പോയി .അതിനിടെ രഞ്ജിത്തിന്റെ 'പലേരി മാണിക്യം.. 'എന്ന ചിത്രത്തിന്റെ അഭിനയക്കളരി ഉത്ഘാടനം ചെയ്യാന്‍ ദിലീപിനൊപ്പം മഞ്ജുവും എത്തിയത് പലര്‍ക്കും പുത്തന്‍ പ്രതീക്ഷകള്‍ നല്‍കി . താരങ്ങളുടെ വിവാഹ സത്കാരങ്ങളിലും ദിലീപിന്റെ അവാര്‍ഡ് വാങ്ങാന്‍ താരനിശകളിലും മാത്രം പങ്കെടുത്തിരുന്ന മഞ്ജു ഇത്തരം പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടതോടെ അടുത്ത വാര്‍ത്തയും വന്നു കഴിഞ്ഞു .c. i . d മൂസയുടെ രണ്ടാം ഭാഗത്തില്‍ മഞ്ജുവായിരിക്കും ദിലീപിന്റെ നായിക.!പറയേണ്ടവര്‍ക്ക് പറഞ്ഞാല്‍ മതി .ഇവിടെ കോലത്തുനാട്ടിലെ മഞ്ജുവിന്റെ നാട്ടുകാരെ വെറുതെ ആശിപ്പിക്കരുത്.അവര്‍ സഹിക്കില്ല...!

വാല്‍ക്കഷ്ണം :കഴിഞ്ഞ ദിവസം ഒരു ചാനല്‍ അഭിമുഖത്തില്‍ നടന്‍ രാജന്‍ .പി.ദേവ് തന്റെ സിനിമാ ജീവിതത്തിലെ നികത്താനാവാത്ത മൂന്ന് നഷ്ടങ്ങളെക്കുറിച്ച് പറയുന്നത് കേട്ടു.ഒന്ന് :ഭരതനെ നേരിട്ട് കാണാന്‍ പറ്റിയില്ല .രണ്ട്:പദ്മരാജന്റെ സിനിമയില്‍ അഭിനയിക്കാന്‍ പറ്റിയില്ല.മൂന്ന് :മഞ്ജു വാര്യര്‍ എന്ന മഹാനടിയുടെ കൂടെ അഭിനയിക്കാന്‍ സാധിച്ചില്ല.
അദ്ദേഹം പറയുന്നതിലും കാര്യമുണ്ട്.അഭിനയശേഷിയും മലയാളിത്തവും ഒത്തിണങ്ങിയ ആ പ്രതിഭയുടെ കൂടെ അഭിനയിക്കാനും ഭാഗ്യം വേണം.

Tuesday, January 13, 2009

"മത്സരമല്ലിത് ....ഉത്സവം...!"

" നമസ്കാരം ..കോലത്തുനാട്ടില്‍ നടക്കുന്ന കൊലോത്സവ വാര്‍ത്തകളുമായി പ്രത്യേക വാര്‍ത്താ ബുള്ളറ്റിനിലേക്ക് സ്വാഗതം..കൊലോല്ത്സവ നഗരിയില്‍ തയ്യാറാക്കിയ പ്രത്യേക സ്റ്റുഡിയോയില്‍ ഞങ്ങളുടെ പ്രതിനിധി കത്തിമോള്‍ ഉണ്ട്..കത്തി മോളിലേക്ക് ....."

"കൊലേഷ് ..ഇവിടം ഉത്സവ ലഹരിയിലാണ്..വിപുലവും അതിഗംഭീരവുമായ ചടങ്ങുകളോടെയാണ് ഈ വര്‍ഷത്തെ കൊലോത്സവം കോലത്തുനാട്ടില്‍ ആരംഭിച്ചത്.കുടിപ്പകയുടെയും അങ്കക്കലിയുടെയും പോരാട്ടവീര്യം ഉറങ്ങുന്ന ഈ മണ്ണില്‍ ഇനി കൊലാ പ്രകടനങ്ങളുടെ നാളുകള്‍..പതിവിനു വിപരീതമായി വെട്ടിക്കുത്തോത്സവം ,ബോംബേറുത്സവം, ഹര്‍ത്താലോത്സവം എന്നിവ ഇത്തവണ ഒരുമിച്ചാണ് നടത്തുന്നത്. ചില മത്സര ഇനങ്ങള്‍ നിര്‍ത്തലാക്കുകയും പുതിയവ കൂട്ടിച്ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്.സമാധാനചര്‍ച്ചാ നാടകത്തില്‍ ഇനി മുതല്‍ മികച്ച നടനും നടിക്കും പുരസ്ക്കാരം നല്കും .ഏറ്റവും നല്ല പ്രതിഷേധ പ്രകടനത്തിന് റോളിംഗ് ട്രോഫി ഏര്‍പ്പെടുത്തിയിട്ടുമുണ്ട് .ഓരോ ടീമിനും അന്യനാട്ടില്‍ നിന്നും വാടകയ്ക്ക് കൊണ്ടു വരാവുന്ന മത്സരാര്‍ത്ഥികളുടെ എണ്ണം കൂട്ടിയിട്ടുണ്ട് ."

"കത്തിമോള്‍ അവിടെ പ്രശസ്തര്‍ ആരെങ്കിലും എത്തിയിട്ടുണ്ടോ?ഉണ്ടെങ്കില്‍ ഒരഭിമുഖം നടത്താമായിരുന്നു.."

" കൊലേഷ് ...ഇതുവരെ ആരും എത്തിയിട്ടില്ല ..സമാപന ശാന്തിയാത്രയില്‍ ഇക്കൊല്ലവും സിനിമ താരങ്ങളെ പങ്കെടുപ്പിക്കാന്‍ സംഘാടകര്‍ ശ്രമിക്കുന്നുണ്ട്."


"മത്സരാര്‍ത്ഥികള്‍ക്ക് എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടോ കത്തി മോളെ?"


"മത്സരാര്‍ത്ഥികളുടെ ദുരിതം കുറയ്ക്കാനായി എല്ലാ ഇനങ്ങളും പകല്‍ വരെ നീളാതെ രാത്രി തന്നെ നടത്താനാണ് തീരുമാനം.മത്സരത്തിനായി തങ്ങള്‍ തയ്യാറായെന്ന് എല്ലാ പ്രാദേശിക ,ദേശിയ ,അന്തര്‍ദേശീയ മത്സരാര്‍ത്ഥികളും അറിയിച്ചിട്ടുണ്ട്.എന്നാല്‍ ഈയിടെ നടന്ന 'തീവ്രവാദി ഫെസ്റിവല്‍' കൊലോല്ത്സവത്തിന്റെ മാറ്റ് കുറയ്ക്കുമോ എന്ന് പലര്‍ക്കും ശങ്കയുണ്ട്.

"അവിടെ മത്സരങ്ങള്‍ തുടങ്ങിയോ ?എന്തൊക്കെയാണ് ഏറ്റവും പുതിയ വിവരങ്ങള്‍..?"


"ഇപ്പോള്‍ വേദി ഒന്നില്‍ ഹര്‍ത്താല്‍ മത്സരം നടന്നുകൊണ്ടിരിക്കയാണ്..എല്ലാവരും ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നുണ്ട് എന്ന് വിധി കര്‍ത്താവില്‍ ഒരാളായ പൊതുജനം കഴുത സാര്‍ പറഞ്ഞു. രാവിലെ നടന്ന കൊലക്കളി മത്സരത്തില്‍ എല്ലാവര്ക്കും എ ഗ്രേഡ് ഉണ്ട്. മരിച്ച് മത്സരിക്കുന്ന മികച്ച മത്സരാര്‍ത്ഥികള്‍ക്ക് ഇത്തവണ പ്രൈസ് മണി സഹായധനം ഏര്‍പ്പെടുത്തിയിട്ടുണ്ട് .


" കൊലോല്ത്സവ നഗരിയില്‍ നിന്നും ഇപ്പോള്‍ ഇത്രമാത്രം ...കാമറമാന്‍ മൂകസാക്ഷിക്കൊപ്പം കത്തിമോള്‍ ,കലികാല വിഷന്‍...തിരിച്ച് സ്റ്റുഡിയോയിലേക്ക് ..."

ഇങ്ങനെയൊരു വാര്‍ത്താവതരണവുമായി , ഇങ്ങനെയൊരു ചാനല്‍ വൈകാതെ വന്നാല്‍ അത്ഭുതപ്പെടാനില്ല.അത്രയ്ക്ക് ഗുരുതരമാണ് അവസ്ഥ .വിശ്വാസം വരുന്നില്ലെന്കില്‍ ഇതാ ചില തത്സമയ ദൃശ്യങ്ങള്‍ ..


മത്സരാര്‍ത്ഥികള്‍ക്കുവേണ്ടി ജീവന്‍ ബലി നല്കിയ ചിന്നു എന്ന നായ.കൂട്ടിലെ ഭക്ഷണപ്പാത്രത്തില്‍ തളം കെട്ടിനില്‍ക്കുന്ന ബലിച്ചോര !


ശരീരത്തില്‍ നിന്നു വേര്‍പെട്ട നിലയില്‍ മനുഷ്യന്റെ തലയും വെട്ടിമാറ്റപ്പെട്ട നിലയില്‍ തൂങ്ങുന്ന കൈപ്പത്തിയും അടക്കം എന്തെല്ലാം ഭീകര ദൃശ്യങ്ങള്‍ കണ്ടിരിക്കുന്നു അല്ലെ? പിന്നെയാണോ ഈ നായ... എന്നാവും ചിന്ത അല്ലേ?

ചിന്നുവിനെപ്പോലെ രാഷ്ട്രീയക്കാരന്റെ വീട്ടില്‍ ജീവിച്ചു പോയി എന്ന ഒറ്റ കുറ്റത്തിന് ജീവന്‍ ബലി നല്‍കേണ്ടി വന്ന എത്ര നായകള്‍ ...ആലകളില്‍ കഴുത്തറക്കപ്പെട്ട എത്ര പശുക്കള്‍..ശ്വാസം മുട്ടി മരിച്ച എത്ര പ്രാവുകള്‍...മനുഷ്യനെ കൊന്നു മടുത്ത കാട്ടാളന്മാര്‍ ഇപ്പോള്‍ മിണ്ടാപ്രാണികള്‍ക്ക് നേരെയാണ് വാളോങ്ങുന്നത് . കല്ലേറും ,ബോംബേറും,തീവെപ്പും ഒക്കെ ഇപ്പോള്‍ ഉത്സവത്തിനു വെടിക്കെട്ട് നടത്തുന്ന ആവേശത്തിലാണ് നാട് മുഴുവന്‍ നടത്തുന്നത്.അന്യ നാട്ടുകാര്‍ പറയും "ഓ കണ്ണൂരൊക്കെ അങ്ങനാ .."പക്ഷേ എല്ലാവരും കരുതുന്നത് പോലെ കോലത്തുനാട്ടുകാര്‍ മുഴുവന്‍ കാട്ടാളന്മാരൊന്നും അല്ല.കുടിപ്പകയുടെ മനസ്സുമായി ചിലര്‍ നാടിനെ ചോരക്കളമാക്കുകയാണ്. കണക്കു തീര്‍ക്കുമെന്നും തിരിച്ചടിക്കാന്‍ മടിക്കില്ല എന്നും പറഞ്ഞ് നേതാക്കന്മാരും ...കലിയിളകിയ അണികളും...ഇതിനിടയില്‍ പാവം ജനങ്ങളും ...പുതുവര്‍ഷം പിറന്ന് ഒരാഴ്ചക്കുള്ളില്‍ രണ്ട് ഹര്‍ത്താലാണ് നടന്നത്.പണ്ടൊക്കെ നാളെ ഹര്‍ത്താലാണെന്ന് തലേന്ന്‍ എങ്കിലും അറിയുമായിരുന്നു.ഇന്നിപ്പോള്‍ രാവിലെ പുറത്തിറങ്ങിയാല്‍ "സര്‍പ്രൈസ് ഹര്‍ത്താല്‍ " കണ്ട് അന്തം വിടും ..വിജനമായ റോഡും പൂട്ടിയ കടകളും കണ്ട് വീട്ടിലേക്ക് തിരിച്ചു വരാം ...


വീടാക്രമണം പോലുള്ള ചീള് പരിപാടികള്‍ക്ക് ജില്ലയില്‍ നിന്നു തന്നെയാണ് മുഖം മൂടികള്‍ എത്തുന്നത്.ഏത് പഞ്ചായത്തിലാണോ അക്രമം നടത്തേണ്ടത് ആ പഞ്ചായത്തിനു കിലോമീറ്ററുകള്‍ അകലെയുള്ള പഞ്ചായത്തില്‍ നിന്നും ടെമ്പോ വാനുകളില്‍ മുഖംമൂടികളെ കയറ്റി അയക്കും .മനുഷ്യരെയും മൃഗങ്ങളെയും മറ്റും കൊല്ലാന്‍ കേരളത്തിന് അകത്തു നിന്നും പുറത്ത് നിന്നും ഇറക്കുമതി ചെയ്ത വാടക ഗുണ്ടകളുടെ സഹായവും ..!'പരസ്പരം കൊന്നുതീര്‍ക്കട്ടെ ' എന്ന് പോലീസും കുടുംബ വഴക്കാണെന്ന് സര്‍ക്കാരും പറയുമ്പോള്‍ വിഡ്ഢികളാകുന്നത് , സാധാരണ ജനങ്ങള്‍..

മത്സരാര്‍ത്ഥികള്‍ക്ക് എല്ലാവിധ ഒത്താശയും ചെയ്തു കൊടുക്കുന്ന ഗുരുക്കന്മാരും രക്ഷിതാക്കളുമായ നേതാക്കന്മാര്‍ മത്സര ശേഷം ഓരോ വേദിയിലും കയറിയിറങ്ങും .നാട്ടുകാരെ പറ്റിക്കാന്‍,കരഞ്ഞു നിലവിളിക്കുന്ന അമ്മ -പെങ്ങമാരുടെ കൂടെ നിന്നു കെട്ടി പ്പിടിച്ച് ഫോട്ടോയ്ക്ക് പോസും ചെയ്യും . പിന്നീടങ്ങോട്ട് അവര്‍ക്കും അണികള്‍ക്കും ചാകരയാണ് ..മത്സര വേദിയില്‍ നിന്നു ഉയര്‍ന്നു വരുന്ന ധീര രക്തസാക്ഷികളും ബലിദാനികളുമായ താരങ്ങള്‍..ആണ്ടു തോറും അനുസ്മരണ സമ്മേളനങ്ങള്‍..കുടുംബ സഹായ പിരിവുകള്‍ ...സ്മാരകങ്ങള്‍...
സമാധാന ചര്‍ച്ചകളില്‍ ,ആദ്യം തുടങ്ങിയത് അവരാണ് ..ഇവരാണ് എന്ന് പറഞ്ഞ് വാക്കേറ്റം നടത്തി കരാറുകള്‍ ഒപ്പിടുന്നു....സമാധാന യാത്രകള്‍ നടത്തി പരസ്പരം കുറ്റം പറഞ്ഞ് അടുത്ത അങ്കത്തിന് വിത്തുകള്‍ പാകുന്നു.. ഉള്ളിന്റെ ഉള്ളില്‍ ഇരു വശത്തും എണ്ണം തികക്കാനുള്ള പക മാത്രം...


"പലസ്തീനിലെ കൂട്ടക്കുരുതി അവസാനിപ്പിക്കുക ,ഇസ്രായേല്‍ പലസ്തീനില്‍ നിന്ന് പിന്മാറുക " തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് റാലികളും ,സായാഹ്നധര്‍ണകളും നടത്തുന്ന തിരക്കിലാണ് എല്ലാ നേതാക്കളും അണികളും ഇപ്പോള്‍..രാഷ്ട്രീയ കക്ഷികള്‍ എന്ന നിലയില്‍ അന്താരാഷ്ട്ര പ്രശ്നങ്ങളില്‍ പ്രതികരിക്കേണ്ടത് തന്നെ..എങ്കിലും ഗാസയിലെ അക്രമത്തില്‍ പ്രതിഷേധിച്ച് റാലികള്‍ നടത്തുന്നവരും , നാട് നീളെ അതി മനോഹരങ്ങളായ പോസ്റ്റര്‍ ഒട്ടിച്ച് ഇസ്രായേലിനോട് മടങ്ങി പ്പോകാന്‍ പറയുന്നവരും ,തീവ്രവാദികള്‍ക്കെതിരെ സംഗമങ്ങളും ക്ലാസ്സുകളും നടത്തുന്നവരും ,വീര ജവാന്‍മാര്‍ക്ക് ഫ്ലക്സ് ബോര്‍ഡ് തൂക്കി അഭിവാദ്യം അര്‍പ്പിക്കുന്നവരൊക്കെ സ്വന്തം നാട്ടില്‍ നടക്കുന്നത് കാണുന്നില്ലേ? ഇവിടെ നടക്കുന്നത് കൂട്ടക്കുരുതി അല്ലേ? ഓ ...മറന്നു പോയി ..ഇത് ആണ്ടു തോറും നടത്തുന്ന മത്സരമല്ലാത്ത ഉത്സവമല്ലേ .....

Thursday, January 01, 2009

നാട്ടില് മൊത്തം പാട്ടായി ...

"സംസ്കൃത വാര്‍ത്താഹ സുയന്താ ... പ്രവാചക ബല ദേവാനന്ദസാഗരാ ...."ഇത്രയും കേള്‍ക്കുമ്പോഴേക്കും പായയില്‍ നിന്നു ചാടി എഴുന്നേറ്റ് ഞാന്‍ റേഡിയോ ഓഫാക്കിയിരിക്കും.രാവിലെ ഉറക്കമുണരുന്നത് തന്നെ അച്ഛന്റെ ആ പഴയ റേഡിയോ (കട്ടപ്പെട്ടി എന്ന് അമ്മ വിളിക്കുന്ന)യില്‍ നിന്നുള്ള പ്രിന്‍സ് മൈദയുടെയും ഫാക്ടും ഫോസിന്റെയും ഉജാലയുടെയും പരസ്യങ്ങള്‍ കേട്ടിട്ടാണ് .പരസ്യങ്ങള്‍ മൊത്തം കഴിഞ്ഞ് "ക്രീം..."എന്നൊരു ശബ്ദം .ആറേ മുക്കാലിന് പ്രാദേശിക വാര്‍ത്ത‍..കോഴിക്കോട് റിലേ..അതും കേട്ട് പായയിലങ്ങനെ കിടക്കും.വാര്‍ത്ത‍ കഴിഞ്ഞു വീണ്ടും ഒരു "ക്രീം...."ശബ്ദവും ..സംസ്കൃത വാര്‍ത്താഹ എന്ന് തുടങ്ങുന്നതും ഒരുമിച്ചായിരിക്കും .എന്താണെന്ന് അറിയില്ല അത് കേള്‍ക്കുന്നത് എനിക്ക് ഒരുതരം അലര്‍ജിയായിരുന്നു.

അതിരാവിലെ ഓരോ വീടും ഉണര്‍ന്നെന്നു അറിയുന്നത് റേഡിയോ ശബ്ദത്തിലൂടെ ആയിരുന്നു.അന്നൊക്കെ ടേപ്പ് റെക്കോര്‍ഡര്‍ ഗള്‍ഫുകാരുടെ വീടുകളിലല്ലാതെ അത്ര സാധാരണമായിരുന്നില്ല.അതുകൊണ്ട് തന്നെ സിനിമാഗാനങ്ങള്‍ കേള്‍ക്കാന്‍ ആകാശവാണി തന്നെയായിരുന്നു ആശ്രയം .ഉച്ചയ്ക്ക് ചോറ് തിന്നാന്‍ സ്കൂളില്‍ നിന്നും വീട്ടിലേക്ക് വരുമ്പോഴും തിരിച്ച് പോകുമ്പോഴും റോഡിനിരുവശത്തു നിന്നുമുള്ള വീടുകളില്‍ നിന്നും ചലച്ചിത്രഗാനങ്ങള്‍ ഉച്ചത്തില്‍ കേള്‍ക്കുമായിരുന്നു.പ്രാദേശിക വാര്‍ത്തയും ,വയലും വീടും കഴിഞ്ഞാല്‍ ചലച്ചിത്രഗാനങ്ങള്‍ക്കായിരുന്നു കൂടുതല്‍ ശ്രോതാക്കള്‍.രാത്രിയില്‍ ചീവീടുകളുടെ ശബ്ദങ്ങള്‍ക്കിടയിലും അയല്‍പക്കത്തെ വീടുകളില്‍ നിന്നും പതിഞ്ഞ ശബ്ദത്തില്‍ റേഡിയോ നാടകങ്ങളും സംഗീത കച്ചേരികളും കേള്‍ക്കാമായിരുന്നു. അതും കേട്ടുകൊണ്ട് അങ്ങനെ ഉറങ്ങാന്‍...നല്ല രസമായിരുന്നു....

'കത്തിക്കുത്ത് ടൂര്‍ണമെന്റ് 'നടക്കുമ്പോള്‍ ഭയചകിതനായി 'ഗോള്‍ 'നിലവാരം അറിയാനും ,ദുഃഖം നിറഞ്ഞ ആഹ്ളാദത്തോടെ "കണ്ണൂര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും ജില്ലാ കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു " എന്ന് കേള്‍ക്കാനും ആകാംക്ഷയോടെ പ്രാദേശികവാര്‍ത്ത‍ക്കായി കാത്തിരിക്കലായിരുന്നു പണി.ചാനലുകളില്‍ ഫോണ്‍ -ഇന്‍ പരിപാടികള്‍ അരങ്ങു തകര്‍ത്തു തുടങ്ങിയപ്പോള്‍ ആകാശവാണിയും തുടങ്ങി.."ഹലോ പ്രിയഗീതം .."ആദ്യമൊക്കെ നേരത്തെ റെക്കോര്‍ഡ് ചെയ്ത് പിന്നീട് പ്രക്ഷേപണം ചെയ്യുകയായിരുന്നു.പതിയെ പതിയെ 'തല്‍സമയം 'ആയി പ്രക്ഷേപണം .

"ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടര്‍ സെന്റര്‍ ഹലോ പ്രിയഗീതം... ആരാണ്?"

"ഹലോ ..എനിക്കൊരു പാട്ടു വേണമായിരുന്നു...നീര്‍മിഴിപ്പീലിയില്‍ '...."പാട്ടു തരാം..അതിന് മുമ്പ് ആരാ വിളിക്കുന്നത് എന്ന് പറയൂ ..."

"മുള്ളേരിയയില്‍ നിന്നു സതീശനാണ് . ആകാശവാണിയുടെ ഒരു സ്ഥിരം ശ്രോതാവാണ് ..രാവിലെ തൊട്ട് രാത്രി വരെ റേഡിയോ കേള്‍ക്കുന്ന ഒരാളാണ് ."

"സതീശന്‍ ജോലിക്കൊന്നും പോകാറില്ലേ ? മുഴുവന്‍ സമയവും റേഡിയോ കേട്ട് ഇരിപ്പാണോ ?മടിയനാണല്ലേ ?"

" പണിക്കൊന്നും പോകാറില്ല ....ഞാനൊരു വികലാംഗനാണ് .. ജന്മനാ അല്പം കാഴ്ചക്കുറവുമുണ്ട് ..ഇങ്ങനെ റേഡിയോ കേട്ടിരിക്കും.."

"ആ അത് ശരി ..വിളിച്ചതില്‍ സന്തോഷം കെട്ടോ..എന്നാ നമുക്ക് പാട്ടു കേള്‍ക്കാം ..അല്ലേ.."
"അയ്യോ വെക്കല്ലേ ..എന്റെ ഏച്ചിക്കൊന്നു കൊടുക്കട്ടേ.."

"അലോ..വാസന്തിയേച്ചിയല്ലേ?ശോഭയാണേ...സതീശന്റെ ഏച്ചി...നമ്മള്‍ എത്ര നാളായീന്നറിയാ ട്രൈ ചെയ്ന്ന് .. ഇത് തൊടങ്ങിയ്യപ്പം തൊട്ടേ ഫോണെടുത്ത് കുത്താന്‍ തൊടങ്ങിയതാ ..ഇപ്പാ ഒന്നു കിട്ടിയത്..പിന്നെ ഈ പാട്ട് അച്ഛന്‍ നാരാണന്‍ ,അമ്മ കല്യാണി ഏച്ചി വനജ ,അനിയന്മാര് രമേശന്‍ ,സതീശന്‍ ..പിന്നെ അമ്മാവന്‍ കണ്ണന്‍ ,അമ്മാവന്റെ മോള് അനില...പിന്നെ അപ്പുറത്തെ വീട്ടിലെ ആശ..ഓള് കിട്ടിയാല് പേരു പറയണമെന്ന് പറഞ്ഞിരുന്നു... പിന്നെ കുടുംബശ്രീലെ ..."

"ശോഭേ... ഈ പാട്ട് ശോഭേനെ അറിയുന്ന എല്ലാവര്ക്കും,വീട്ടുകാര്‍ക്കും,നാട്ടുകാര്‍ക്കും എല്ലാവര്‍ക്കുമായി ഡെഡിക്കേറ്റ് ചെയ്യാം കേട്ടോ..എന്നാ ശരി ..പാട്ടു കേട്ടോളൂ..."

ശോഭേച്ചിയെ പോലെ ഞാനും ഒരുപാട് ട്രൈ ചെയ്തതാ ..സ്വന്തം ശബ്ദം റേഡിയോയിലൂടെ കേള്‍ക്കാന്‍ കൊതിക്കുന്ന അനവധിപേരില്‍ ഒരാളായി ..പക്ഷേ കേട്ടത് "ഈ ഭാഗത്തേക്കുള്ള എല്ലാ ലൈനുകളും തിരക്കിലാണ് " എന്ന ഫോണിനുള്ളില്‍ നിന്നുള്ള കിളിമൊഴി.സ്വന്തം ലൈനിന് ഒരു പാട്ടു ഡെഡിക്കേറ്റ് ചെയ്യാന്‍ പറ്റില്ല എന്ന് വച്ചാല്‍..?അങ്ങനെയിരിക്കെയാണ് കോഴിക്കോട് നിന്നും ആകാശവാണിയുടെ 'വിവിധ് ഭാരതി 'എന്ന എഫ് . എം റേഡിയോ നിലയം അടിപൊളി പരിപാടികളുമായി രംഗത്തെത്തി എന്ന് കേട്ടത്.റേഡിയോ ആന്റിനയില്‍ നീളമുള്ള ഒരു വയറിന്റെ ഒരറ്റം ഘടിപ്പിച്ച് അതിന്റെ മറ്റേ അറ്റം കല്ല്‌ കെട്ടി തെങ്ങിന്റെ ഓലയില്‍ കെട്ടി തൂക്കിയതോടെ സിഗ്നലുകള്‍ ലഭിച്ചു തുടങ്ങി ..പക്ഷേ വീണ്ടും ട്രൈ ചെയ്യല്‍ മാത്രം മിച്ചം.


ഒടുവിലതാ സന്തോഷ വാര്‍ത്ത..! കണ്ണൂരില്‍ സ്വകാര്യ എഫ് .എം റേഡിയോ നിലയങ്ങള്‍ വരുന്നു..എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു..!ഒന്നല്ല..രണ്ടല്ല ..നാലു പുതിയ സ്റ്റേഷനുകള്‍...മലയാള മനോരമയുടെ radio mango 91.9, മാതൃഭൂമിയുടെ club f.m 94.3 എന്നിവ ആദ്യം എത്തി .ഏഷ്യാനെറ്റിന്റെ best f.m 95 ,സണ്‍ നെറ്റ്വര്‍ക്കിന്റെ s f.m 93.5എന്നിവ തൊട്ടു പിറകെയും..2008 പിറന്നത് ഈ എഫ് .എം നിലയങ്ങളുടെ ആഘോഷങ്ങളോടെ ആയിരുന്നു.. നാടെങ്ങും കൂറ്റന്‍ ഫ്ലക്സ് ബോര്‍ഡുകളും തോരണങ്ങളും നിരന്നു.. റോഡ് ഷോയും ,കലാപരിപാടികളും ,മാജിക്കും ,മത്സരങ്ങളും അരങ്ങേറി..സമ്മാനങ്ങള്‍ വാരി വിതറി അവര്‍ ജനങ്ങളെ കൈയിലെടുത്തു.. അതുവരെ ശീലിച്ചു വന്ന റേഡിയോ ആസ്വാദനത്തില്‍ വന്ന മാറ്റം കോലത്തു നാട്ടുകാര്‍ പെട്ടന്ന് തന്നെ ഉള്‍ക്കൊണ്ടു..ദിവസങ്ങള്‍ക്കകം പുതിയ റേഡിയോ നിലയങ്ങള്‍ ജനഹൃദയങ്ങള്‍ കീഴടക്കി .s.m.s മത്സരങ്ങളായിരുന്നു എഫ് .എമ്മുകാരുടെ തുറുപ്പു ചീട്ട്‌. "അസൂയക്കും '-------- 'നും മരുന്നില്ല .ഓപ്ഷന്‍ a)ജലദോഷം b)കഷണ്ടി c)ചുമ "ടൈപ്പ് ചോദ്യങ്ങള്‍ മനോഹരങ്ങളായ 'ഗുഡി ബാഗുകള്‍ 'സ്വന്തമാക്കാനുള്ള ഓപ്ഷനുകളായി മാറി .24 മണിക്കൂറും പാട്ടുകള്‍..തമാശകള്‍..സമ്മാനങ്ങള്‍ ..അടുക്കളയിലും ,ഓഫീസുകളിലും,വാഹന ങ്ങളിലും ,കടകളിലും റേഡിയോ മയം.റേഡിയോ അലര്‍ജിയായിരുന്ന യുവാക്കള്‍ മൊബൈലില്‍ f m ട്യൂണ്‍ ചെയ്തു തുടങ്ങി..ജോക്കികളെ വിളിച്ചു സൊള്ളാന്‍ കൊച്ചു കുട്ടികള്‍ മുതല്‍ അപ്പൂപ്പന്‍മാര്‍ വരെ മത്സരിച്ചു..പക്ഷേ ഞാന്‍ വീണ്ടും തോറ്റു.വിളിച്ചിട്ടും വിളിച്ചിട്ടും ഒരൊറ്റ ജോക്കി പോലും ഫോണെടുത്തില്ല. ഒരൊറ്റ മെസ്സേജും വായിച്ചില്ല..എങ്കിലും എന്റെ മത്സരം തുടര്‍ന്നു കൊണ്ടേ ഇരുന്നു..


പരിപാടികളില്‍ വൈവിധ്യം നിലനിര്‍ത്താന്‍ എഫ് .എം നിലയങ്ങളും മത്സരിക്കുകയായിരുന്നു...ശ്രോതാക്കളെ മുഴുവന്‍ പരസ്പരം കൂട്ടുകാരാക്കി,ക്ളോസ് കൂട്ടുകാരന്‍ club f.m 'ക്ലബ്ബ് മേറ്റ്സ് 'എന്ന പരിപാടിയിലൂടെ..'ലവ് ബൈറ്റ്സി'ലെ രാകേഷിന്റെയും ലച്ചുവിന്റെയും ശബ്ദം കേള്‍ക്കാതെ പലരും ഉറങ്ങാതെയായി ..

'നാട്ടിലെ താരം 'എന്ന റേഡിയോ റിയാലിറ്റി ഷോയിലൂടെ radio mango നാട്ടിലെങ്ങും ഹിറ്റായി .. സവാദും സ്നിജയും 'രസപ്പീടികയില്‍' തല്ലു കൂടുന്നത് കേട്ടു സന്തോഷിച്ചവര്‍ ധാരാളം ...

ഗള്‍ഫ് നാട്ടില്‍ റേഡിയോ സ്റേഷന്‍ നടത്തി വിജയം വരിച്ച ആത്മവിശ്വാസവുമായി വന്ന ഏഷ്യനെറ്റിന്റെ best f.m കുടുംബ ശ്രോതാക്കളെ മുഴുവന്‍ കൈയിലെടുത്തു കഴിഞ്ഞു ..ശ്രീകണ്ഠന്‍നായരടക്കം ഏഷ്യാനെറ്റിലെ അവതാരകര്‍ മുഴുവന്‍ ,ശബ്ദവുമായി അണിയറയിലുണ്ട്..

ഇന്ത്യയില്‍ തന്നെ ഏറ്റവും അധികം എഫ് .എം നിലയങ്ങള്‍ സ്വന്തമായുള്ള സണ്‍ നെറ്റ് വര്‍ക്കിന്റെ s f. m കാമ്പസുകളില്‍ തരംഗമാണ്..രാത്രിയില്‍ 'ഹൃദയ സ്വരങ്ങളില്‍ 'വിളിച്ച് നാട്ടിന്റെ കൂട്ടുകാരനോട് വേദനകള്‍ പങ്കുവെക്കാത്തവര്‍ ചുരുക്കം..

വിനോദ പരിപാടികളില്‍ മാത്രം ഒതുങ്ങാതെ നാട്ടിലെ പൊതുവായ പ്രശ്നങ്ങള്‍ പരിഹരിക്കാനും,ബോധവത്കരണങ്ങള്‍ ,ചികിത്സാക്യാമ്പുകള്‍ എന്നിവ നടത്താനും ഈ എഫ് .എം നിലയങ്ങള്‍ രംഗത്തുണ്ട്. നാട്ടിലെങ്ങും പായസം വിതരണം ചെയ്താണ് കഴിഞ്ഞ ദിവസം club.f.m ഒന്നാം പിറന്നാള്‍ ആഘോഷിച്ചത് ....എന്തായാലും 2008 ലെ കോലത്തുനാട്ടിലെ താരം ഈ എഫ് .എം നിലയങ്ങള്‍ തന്നെയാണ്. കേരളത്തില്‍ ആകാശവാണിക്ക് ഏറ്റവും അധികം പരസ്യ വരുമാനം നേടിക്കൊടുത്തിരുന്ന കണ്ണൂര്‍ നിലയം ഈ f. m .സുനാമിയില്‍ ചെറുതായി ഒന്നു കുലുങ്ങി. സ്ഥിതി മെച്ചപ്പെടുത്താന്‍ 'പ്രിയ ഗീതം 'ആഴ്ചയില്‍ എല്ലാദിവസവും പ്രക്ഷേപണം തുടങ്ങി എന്ന് മാത്രമല്ല ,ശ്രോതാക്കളെ അങ്ങോട്ട് വിളിക്കാനും തുടങ്ങി ..കൂടെ s. m.s പരിപാടികളും ആരംഭിച്ചിട്ടുണ്ട്....വര്‍ഷങ്ങളായി വിളിച്ചിട്ടും കിട്ടാത്ത ശ്രോതാവാണെന്ന് പറഞ്ഞു ആകാശവാണീലേക്ക് ഒരു കത്തെഴുതാം..അവരിങ്ങോട്ട് വിളിക്കുമായിരിക്കും .ഇക്കൊല്ലമെങ്കിലും എന്റെ ശബ്ദം റേഡിയോയില്‍ വരും..!!