ഋതുക്കള്‍ മാറുമ്പോള്‍ കൂടെ നമ്മളും മാറുന്നുണ്ടോ?ചുറ്റുമുള്ളവര്‍ മാറിയാലും ചിലര്‍ അതൊന്നും അറിയാതെ പഴയ ഓര്‍മ്മകളും അതില്‍ നിന്നും പടുത്തുയര്‍ത്തിയ സ്വപ്നങ്ങളുമായി പഴയ കാലത്ത് തന്നെ ജീവിക്കും.കാലത്തിനും ഒരുപടി മുമ്പേ മാറുന്നവരും ഉണ്ട്.മറ്റു ചിലര്‍ക്കാകട്ടെ മാറ്റത്തിന്റെ കുത്തൊഴുക്കില്‍ നിസ്സാഹയരായി നോക്കി നില്ക്കാനേ കഴിയൂ.
ഋതുക്കള്‍ മാറിയപ്പോള്‍ അതിനൊപ്പം മാറിയ,സൗഹൃദത്തിന്റെ കാഴ്ചയുമായി എത്തിയ 'ഋതു'വിന്റെ വൈകിട്ടത്തെ ഷോയ്ക്കായി സാഗരയെന്ന കുട്ടി തീയറ്ററില്‍ ഇരിക്കുമ്പോള്‍ ചുറ്റും ഉണ്ടായിരുന്നത് പത്തിരുപതു പേര്‍. എല്ലാം ചെറുപ്പക്കാര്‍.കുടുംബങ്ങളോ സ്ത്രീകളോ അക്കൂട്ടത്തില്‍ ഉണ്ടായിരുന്നില്ല.
ഏസിയുടെ തണുപ്പറിയാന്‍ കുറച്ചു സമയം എടുത്തത് പോലെ ശരത് വര്‍മ്മയോടും,സണ്ണി ഇമ്മട്ടിയോടും,വര്‍ഷയോടും അടുക്കാന്‍ കുറച്ചു സമയമെടുത്തു.അത്രയും സമയം സത്യം പറഞ്ഞാല്‍ വിശാലമായ സ്ക്രീനിലെ മനോഹരങ്ങളായ കാഴ്ചകള്‍ കണ്ടിരിക്കുകയായിരുന്നു. തടാകവും,പുല്‍മേടുകളും,ടെക്നോസിറ്റിയും എല്ലാം മനസ്സിന് കുളിര്‍മ നല്‍കുന്ന ദൃശ്യങ്ങളായിരുന്നു.ഇമ്പമാര്‍ന്ന പാശാത്തല ശബ്ദങ്ങളും ,സംഗീതവും ഒപ്പം ഈ കാഴ്ചകളും ചേരുമ്പോള്‍ 'സുഖം പകരുന്ന പുതുമ'എന്ന പരസ്യ വാചകം ശരിയാവുന്നുണ്ട്.
കാറിന്റെ മുന്‍ ഗ്ലാസില്‍ വീഴുന്ന മഴവെള്ളത്തിന്റെ ,പഴയ ഡയറിത്താളിന്റെ,തടാകത്തിലെ തണുത്ത വെള്ളത്തിന്റെ,കംപ്യൂ ട്ടര്‍ സ്ക്രീനിന്റെ,മൊബൈല്‍ ഫോണിന്റെ അങ്ങനെ പലതിന്റെയും തൊട്ടടുത്തു നിന്നുള്ള കാഴ്ച ഓരോ ഫ്രെയിമിലും നിറയുമ്പോള്‍ ചെറിയ വിസ്മയവും ഉള്ളില്‍ നിറയും.
ഇടയ്ക്കെപ്പോഴോ കഥാപാത്രങ്ങളുടെ അടുത്ത് എത്തിയെങ്കിലും പിന്നണിയിലെ സംഗീതം പെട്ടന്ന് നിലച്ചപ്പോള്‍ തിരികെ വന്നു.വര്‍ഷങ്ങള്‍ക്കു ശേഷം വീട്ടിലെത്തിയ ശരത് അച്ഛന് പുസ്തകം സമ്മാനിച്ചപ്പോള്‍ ,'ചമന്തി ഇടട്ടെ' എന്ന് അമ്മ ചോദിച്ചപ്പോള്‍ ഒക്കെ പുറകില്‍ നിന്നും പലരും പിറുപിറുക്കുന്നുണ്ടായിരുന്നു.മൂന്നു കൂട്ടുകാരുടെയും തമാശകള്‍ കണ്ടപ്പോള്‍,പ്രത്യേകിച്ചും മെഡിക്കല്‍ സ്റ്റോറില്‍ ചെന്ന് വര്‍ഷ ചോദിച്ച ചോദ്യം കേട്ടപ്പോള്‍ തീയറ്ററില്‍ ആദ്യമായി ചിരിപൊട്ടി.
കൂട്ടുകാരനും കൂട്ടുകാരിക്കും സംഭവിച്ച മാറ്റത്തില്‍ ശരത് ഞെട്ടുമ്പോള്‍ ,എന്തോ അത് അത്ര വലിയ വേദനയായി തോന്നിയില്ല.ഒരു പക്ഷേ അവരുടെ കഴിഞ്ഞ കാലം ,ആ പഴയ സൗഹൃദം അത്രയ്ക്കങ്ങോട്ട് ഉള്ളില്‍ കയറാത്തത് കൊണ്ടാവാം. ഏറ്റവും വലിയ ഓഫര്‍ കിട്ടി എന്ന് പറഞ്ഞു സെറീന തുള്ളിച്ചാടിയപ്പോള്‍ ഒന്നും പ്രതികരിക്കാതെ നിന്ന ബാലുവിന് എല്ലാവരും കൈയടി കൊടുത്തപ്പോള്‍ എന്റെ കൈകളും അതില്‍ ചേര്‍ന്നു.
എഴുത്ത് കൈവെടിയരുത് എന്ന് വീണ്ടും വീണ്ടും പറയുന്ന അച്ഛന്‍ ,'ഓര്‍മ്മ അപകടമാണ്..സൂക്ഷിച്ചു കൈകാര്യം ചെയ്യണം' എന്ന് പറഞ്ഞ് തലയില്‍ തലോടി ഉപദേശിക്കുന്ന ചേട്ടന്‍ ,'എന്റെ പെര ദാ ..ഇവിടെയായിരുന്നു'എന്ന് വിതുമ്പുന്ന 'പ്രാഞ്ചി'അങ്ങനെ ചിലര്‍ തിരശ്ശീലയില്‍ മിന്നി മറിഞ്ഞിട്ടും കണ്ണിനു മുന്നില്‍ വീണ്ടും എത്തി.
നഷ്ടപെട്ട ഓര്‍മ്മകളും,പ്രണയവും ,സ്വപ്നങ്ങളും എല്ലാം ശരത് പുസ്തകമാക്കി വര്‍ഷയ്ക്കും സണ്ണിക്കും സമര്‍പ്പിക്കുമ്പോള്‍ 'ഋതു' അവിടെ തീരുന്നു.കടവിലെ വഞ്ചിക്കാരന്‍ കൂട്ടുകാരൊക്കെ എവിടെ? എന്ന് ചോദിക്കുമ്പോള്‍ ചിലപ്പോള്‍ നമ്മളോടു തന്നെ ചോദിച്ചു പോകും ..ആ പഴയ കൂട്ടുകാരൊക്കെ എവിടെ?
വളരെ രഹസ്യമായി നിര്‍മ്മിക്കുകയും ,പെട്ടന്നൊരു ദിവസം പരസ്യമാക്കുകയും ചെയ്ത 'ഋതു 'വിന്റെ വിശേഷങ്ങളും,ശ്യാമപ്രസാദും,മമ്മൂട്ടിയുടെ പ്ലേ ഹൌസും ഒക്കെയായിരുന്നു കഴിഞ്ഞ ഒരു മാസക്കാലം അച്ചടി ദൃശ്യ മാധ്യമങ്ങളിലെ വിനോദ വിഭാഗത്തില്‍ നിറഞ്ഞു നിന്നത്. അതുകൊണ്ട് തന്നെയായിരിക്കാം പലരും ശ്യാമപ്രസാദില്‍ നിന്ന് ഒരു ക്ലാസ്സിക് പ്രതീക്ഷിച്ചത്.ശബ്ദ-സംഗീത പാശ്ചാത്താലം ഇല്ലാതെ ഇടക്കൊക്കെ വരുന്ന നീണ്ടസംഭാഷണങ്ങളും,അതില്‍ തന്നെ ചില 'മുറി'- ഇംഗ്ലീഷുകളും സാധാരണ പ്രേക്ഷകരെ അലോസരപ്പെടുത്തിയേക്കാം.ചില രംഗങ്ങളുടെ കൂട്ടി ചേര്‍ക്കല്‍ ഒരു ഒഴുക്കില്‍ അങ്ങനെ ആസ്വദിക്കാന്‍ പറ്റാത്തത് പോലെയും കാണാം.എങ്കിലും മനം കവരുന്ന ദൃശ്യങ്ങളും,'കുക്കു.. ക്കൂ ..കുക്കു.. ക്കൂ തീവണ്ടി 'എന്ന് പാടിപ്പിക്കുന്ന സംഗീതവും,ഒരു പറ്റം പുതിയ മുഖങ്ങളും ,അവരുടെ പുതിയ ശബ്ദങ്ങളും നിരാശപ്പെടുത്തില്ല .ഉടന്‍ തന്നെ തെലുങ്കിലേക്കും ഹിന്ദിയിലേക്കും മൊഴി മാറ്റുന്ന 'ഋതു'
ഇംഗ്ലീഷില്‍ കേട്ടാലായിരിക്കും അതിനേക്കാള്‍ ഭംഗി എന്ന് തോന്നുന്നു.
വാല്‍ക്കഷ്ണം:ലൈറ്റ് തെളിഞ്ഞപ്പോള്‍ ഉടന്‍ തന്നെ പുറത്തേക്ക് ഇറങ്ങാതെ എല്ലാവരും അഭിനേതാക്കളുടെ പേരൊക്കെ വായിച്ചു.'നിഷാന്‍ as ശരത് വര്‍മ്മ'..."ഇവന്‍ സൂപ്പറായിന് കെട്ടാ... പ്രിഥ്വിരാജിനും,ജയസൂര്യക്കും,കുഞ്ചാക്കോ ബോബനും ഒക്കെ.. പണി കിട്ടും.." എന്ന് ചിലരും,"കമ്പ്യൂട്ടര്‍ ഒക്കെ പഠിച്ചാ മതിയാരുന്നു ...ബാംഗ്ലൂരൊക്കെ നല്ല സെറ്റ്- അപ്പാടാ "എന്ന് ചില വിദ്വാന്‍മാരും അഭിപ്രായം പാസ്സാക്കുന്നത് കേട്ടു.